'പെണ്ണിനപ്പുറത്തൊരു ധൈര്യവും ജീവിതത്തില്‍ വേണ്ടതില്ല'

ഒരു വര്‍ഷം മുന്‍പത്തെ നിപ കാലത്തെ ഒരതിജീവന കഥ
തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുൻപിലെ അമ്മയും കുഞ്ഞും
തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുൻപിലെ അമ്മയും കുഞ്ഞും

''ആയിരം രാമന്മാര്‍ ലോകത്ത് ഉണ്ടാകാം. പക്ഷേ, സീത ഒന്നേയുള്ളൂ.''
- സ്വാമി വിവേകാനന്ദന്‍

രുള്‍മൂടിയ നടവഴികളിലേക്ക് എപ്പോഴാണ് വെളിച്ചം കയറിവരികയെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. മുന്നിലിരുട്ടാണെന്നു കരുതി തിരിഞ്ഞു നടന്നാല്‍ പിന്നെ നോക്കുകയേ വേണ്ട. എന്നത്തേക്കുമുള്ള തിരിഞ്ഞു നടത്തം അവിടെയാകും ആരംഭിക്കുക. പരാജയപ്പെടുന്തോറും മുന്നോട്ട് നടക്കാനും അതിജീവനത്തിനായി പോരാടാനും തുനിയുന്നവര്‍ക്ക് എപ്പോള്‍ എവിടെ വച്ച് ഏതു നിമിഷത്തിലും ജീവിതം ആസ്വാദ്യകരമായിത്തീരാം. കാരണം അവര്‍ക്ക് അതൊരു ഞാണിന്മേല്‍ക്കളിയാണ്. എല്ലാ മനുഷ്യനേയും പോലെ ഞാനുമൊരു ഞാണിന്മേല്‍ കളിക്കാരനാണല്ലോ. ഈ കൊവിഡ് കാലത്ത് ഓര്‍ത്തുപോകുകയാണ്. ഒരു വര്‍ഷം മുന്‍പത്തെ നിപ്പാ കാലത്തെ ഒരതിജീവന കഥ. നിപ്പയുടെ തുടക്കത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയായ ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയില്‍ ഒരു പെണ്ണിന്റെ പിറവിക്കുവേണ്ടി കാത്തുകിടന്ന നാളുകളെ കുറിച്ച്.

1
സൗമ്യയും മകള്‍ തേജസ്വിനിയും ഞാനുമടങ്ങിയ കൂട്ടത്തിലേക്ക് ഒരു കുഞ്ഞുവാവയെക്കൂടി വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍.  അങ്ങനെയാണ് ഞങ്ങളൊടുവിലെത്തപ്പെട്ട വട്ടിയൂര്‍ക്കാവിനടുത്തുള്ള പാണങ്കരയിലെ ക്ലായിക്കോട് വീട്ടില്‍നിന്ന് ഞാണിന്മേല്‍ നടത്തത്തിന്റെ മറ്റൊരു ഘട്ടം രൂപപ്പെട്ടത്. വയറ്റില്‍ കുഞ്ഞിനേയും വച്ച് തിരുവനന്തപുരത്തുനിന്നും പത്ത് നാല്‍പ്പത് കിലോമീറ്റര്‍ അപ്പുറത്ത് കല്ലറ വരെ ജോലിക്കു പോയി വന്നുകൊണ്ടിരിക്കുകയായിരുന്നു സൗമ്യ. മാക്സിമം കാലം ജോലിക്കു പോയാല്‍ മെറ്റേര്‍ണിറ്റി ലീവ് പ്രസവാനന്തരം അങ്ങോട്ടേക്ക് നീട്ടിക്കിട്ടുമല്ലോ, അതു കുഞ്ഞിന്റെ കാര്യം നോക്കുന്നതില്‍ സൗകര്യമാകുമല്ലോയെന്ന് കരുതിയാണ് ഓരോ ദിവസവും തള്ളിവിട്ടത്. കാര്യങ്ങള്‍ അങ്ങനെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് എട്ടാം മാസത്തില്‍ ഒരു സെമിക്കോളന്‍ വീണത്.

2
എട്ടാം മാസത്തിലെ പതിവ് സ്‌കാനിംഗിനും പരിശോധനയ്ക്കുമായി മെയ് 25-ന് ശനിയാഴ്ച ഞങ്ങള്‍ ആശുപത്രിയിലെത്തി. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ കുഴപ്പമുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. ഹൈഡ്രോപ്സ് എന്ന പേരിലൊരു സംഭവം. ഡെയ്ഞ്ചര്‍ ഫ്‌ലൂയിഡ്! സാധാരണ ആദ്യഘട്ടത്തില്‍ മാത്രം ഉണ്ടാകുന്ന അപകടമാണത്. അപ്പോള്‍ തന്നെ കണ്ടുപിടിക്കുകയും ചെയ്യും. എന്നാല്‍, കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയോടടുക്കുമ്പോള്‍ അങ്ങനെയുണ്ടാകുന്നത് അസാധാരണമാണത്രെ.

ഏതു നിമിഷവും കുഞ്ഞിനെ വലയം ചെയ്തിരിക്കുന്ന സംരക്ഷിത കവചം മറികടന്ന് അതകത്തുകയറി കുഴപ്പമുണ്ടാക്കും. ആ വലയത്തെ കീറിമുറിച്ച് ജലാംശം അകത്തുകടന്ന് ശ്വാസതടസ്സം വരെ സംഭവിക്കാം. ഹൃദയം സ്തംഭിപ്പിക്കുന്നതുള്‍പ്പെടെ അത് എന്തും ചെയ്യും.

ഇനിയീ ആശുപത്രിയില്‍നിന്ന് ഒന്നും ചെയ്യാനില്ല. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുത്ത് എന്‍.ഐ.സി.യുവിലേക്ക് മാറ്റേണ്ടിവരും എന്ന് ഡോക്ടര്‍ പറഞ്ഞു. എന്തായാലും ഒരു സ്‌കാനിംഗ് കൂടി നടത്താം ചിലപ്പോള്‍ റിസള്‍ട്ടിലുള്ള കുഴപ്പമായിരിക്കാമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. അങ്ങനെ തിങ്കളാഴ്ച വീണ്ടും വരാനായി മടങ്ങി. കുഴപ്പമൊന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തി. പ്രശ്നമില്ല എന്ന ഡോക്ടറുടെ പ്രഖ്യാപനമുണ്ടാകുകയും അങ്ങനെ ഞങ്ങള്‍ പതിവുപോലെ മറ്റു ജീവിതത്തിരക്കുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന ഭാവിയാണ് സ്വപ്നം കണ്ടത്. സ്‌കാനിംഗിനു മുന്‍പ് പതിവുപോലെ പ്രതിസന്ധിഘട്ടങ്ങളില്‍ അതിഭയങ്കരമായ ആത്മധൈര്യം പ്രകടിപ്പിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്ന അസാധാരണത്വം സൗമ്യ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ വീണ്ടും നടന്ന സ്‌കാനിംഗിലും അപകടം ഉറപ്പിച്ചു. അങ്ങനെ അപ്പോ തന്നെ ആശുപത്രിയല്‍ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം കൂടി കാത്തുനില്‍ക്കാമെന്ന ഡോക്ടറുടെ ഉറപ്പിന്മേല്‍ സൗമ്യയെ മുറിയിലാക്കി ഞാന്‍ ഓഫീസിലേക്കു പോയി.  ഉള്ളുനിറയെ അസ്വസ്ഥതയുമായി ജോലിയിലേക്കു കടന്നു. ജോലിയൊക്കെ തീര്‍ത്ത് രാത്രി സൗമ്യയുടെ അടുത്തേക്ക് മടങ്ങി.

വീട്ടില്‍നിന്ന് തേജൂട്ടിയും അമ്മയും അസ്വസ്ഥമായി വിളിക്കുന്നുണ്ടായിരുന്നു. അവരെ പറഞ്ഞ് മനസ്സിലാക്കി. എന്നാല്‍ അടുത്ത ദിവസം ഡോക്ടറുടെ പ്രതികരണം ഉള്ളു തകര്‍ക്കുന്നതായിരുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കണം. അതുകൊണ്ട് എന്‍.ഐ.സി.യു സംവിധാനം ശക്തമായ ആശുപത്രിയിലേക്ക് മാറ്റണം. എട്ടാം മാസത്തില്‍ കുഞ്ഞിനെ പുറത്തെടുത്താല്‍ സ്വാഭാവികമായ വളര്‍ച്ച നേടുന്നതിന് ബാക്കി ദിവസങ്ങള്‍ എന്‍.ഐ.സി.യുവില്‍ കിടത്തേണ്ടി വരും. ഒടുവില്‍ തലസ്ഥാനത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഡോക്ടര്‍ റഫര്‍ ചെയ്തു. എന്നിട്ട് നിയോ നാറ്റോളജിസ്റ്റിന്റടുത്തേക്ക് എന്നെ പറഞ്ഞയച്ചു.

നിയോ നാറ്റോളജിസ്റ്റ് എല്ലാം വിശദീകരിച്ചു. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച്.

''ഞങ്ങളുടെ ആശുപത്രിയില്‍ അത്ര വിപുലമായ സൗകര്യങ്ങളില്ല. അതുകൊണ്ടാണ് മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. മാത്രമല്ല, നിങ്ങള്‍ മാനസികമായി ഒരുങ്ങുകയും വേണം.''

''അവിടെ ചെന്നാലോ.''

''അവര്‍ ഉടനെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കും. പിന്നീട് പൂര്‍ണ്ണ വളര്‍ച്ചയെത്തുംവരെ എന്‍.ഐ.സി.യുവില്‍ കിടത്തും. ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ ചെലവാണ്.  ദിവസം ചുരുങ്ങിയത് അറുപതിനായിരം രൂപയെങ്കിലും ചെലവാകും.''

''വേറെ എവിടെയും ഈ സംവിധാനമില്ലേ?''

''മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയിലും ഇതേ സംവിധാനമുണ്ട്. അവിടെ ഇതിനേക്കാള്‍ എന്‍.ഐ.സി.യു വെന്റിലേറ്ററുകളും ഉണ്ട്. തിരക്കുണ്ടാകുമെന്നു മാത്രം.''

എന്തുചെയ്യും ഒടുവില്‍ ഞാനിക്കാര്യം സൗമ്യയോട് പറഞ്ഞു. എസ്.എ.ടിയിലാണെങ്കില്‍ കൂട്ടുകിടപ്പിനായി ആണുങ്ങളെ അനുവദിക്കില്ല. പ്രസവം സ്വകാര്യ ആശുപത്രിയിലാക്കാന്‍ കാരണം തന്നെ കമ്പനിയുടെ ഇന്‍ഷുറന്‍സ്  ഉണ്ട് എന്നത് മാത്രമല്ല,  സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആണുങ്ങളെ അനുവദിക്കില്ല എന്ന മുഖ്യപ്രശ്നംകൊണ്ട് കൂടിയാണ്. കാസര്‍കോട്ട് നിന്ന് പലായനപ്പെട്ട് ഇവിടെയെത്തിയവന് പിന്നെ എന്തുചെയ്യാന്‍ കഴിയും? അതുകൊണ്ട് അവിടെ പോയാല്‍ നമ്മള്‍ ഉറപ്പായും പ്രതിസന്ധിയിലാകും. എന്നാല്‍ റഫര്‍ ചെയ്യപ്പെട്ട ആശുപത്രിയില്‍ പോയാലോ. ഇന്‍ഷുറന്‍സിനപ്പുറത്ത് കാര്യങ്ങളെത്തും. കുത്തുപാളയെടുക്കും. മുഴുമിക്കാന്‍ കഴിയുമോ എന്നതിനൊരുറപ്പുമില്ല. അങ്ങനെ സൗമ്യ തന്നെ ആ തീരുമാനം പറഞ്ഞു:

''ടെന്‍ഷനടിക്കണ്ട. നമുക്കൊരു റിസ്‌കെടുക്കാം. എസ്.എ.ടിയിലേക്ക് പോകാം. സര്‍ക്കാര്‍ ഈ സംവിധാനമൊക്കെ ഒരുക്കിയത് നമുക്കൊക്കെ വേണ്ടിയല്ലേ? അവിടെയെത്തിയാല്‍ എന്തെങ്കിലും വഴി കാണും.''

അങ്ങനെ ഉള്ളുനിറയെ ആശങ്കയോടെ റഫറല്‍ ലെറ്റര്‍ മാറ്റിയെഴുതിച്ച് മെഡിക്കല്‍ കോളേജിലെ എസ്.എ.ടിയിലേക്ക് യാത്രതിരിച്ചു. ഊബര്‍ വിളിച്ച് നിറഗര്‍ഭിണിയേയും കൂട്ടി എസ്.എ.ടിയിലേക്ക്.

എസ്.എ.ടിയിലെ കാഷ്വാലിറ്റിയില്‍ ഒരു സായംസന്ധ്യയില്‍ ഞങ്ങളെത്തിപ്പെട്ടു. സ്‌കാനിംഗ് ഡീറ്റെയില്‍സും മറ്റുമെല്ലാം നോക്കി അതീവ ഗൗരവതരമായ കേസായി പരിഗണിച്ച് ഡോക്ടര്‍മാര്‍ വെളുത്ത യൂണിഫോമണിയിച്ച് സൗമ്യയെ വീല്‍ച്ചെയറില്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഫോണും മറ്റു വസ്ത്രങ്ങളുമെല്ലാം എന്റെ കൈയില്‍. സമയം ഇരുട്ടിത്തുടങ്ങി. ഇനി എന്തുചെയ്യുമെന്നറിയാതെ ഞാന്‍ നിന്നു.  എസ്.എ.ടിയുടെ ലേബര്‍ റൂമിനു താഴെ, മരങ്ങള്‍ക്കു മുകളില്‍നിന്ന് ചിതറിത്തെറിക്കുന്ന കാക്കക്കരച്ചിലുകളും വവ്വാല്‍ കലമ്പലുകളും എന്നെ തേടി മാത്രം വന്നുകൊണ്ടേയിരുന്നു.

ഒടുക്കം രാത്രി മൈക്കിലൂടെ സൗമ്യയുടെ കൂട്ടിരിപ്പുകാരനെ വിളിപ്പിച്ചു. അപ്പോ എനിക്കുണ്ടായ ആശ്വാസമുണ്ടല്ലോ. അത് അതിനു മുന്‍പോ പിന്‍പോ എന്നെ തേടിയെത്തിയിട്ടില്ല. സൗമ്യയെ ഇപ്പോള്‍ കാണാമല്ലോയെന്ന ആശ്വാസത്തില്‍ ഞാന്‍ ലേബര്‍ റൂമിനു മുന്നില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു. എസ്.എ.ടിയിലെ ലേബര്‍ റൂമിന് മുന്നില്‍നിന്ന് ഡോ. ഷൈലാ ഷറഫുദ്ദീന്‍ എന്നോട് പറഞ്ഞു:

''കൂടുതലായി ഒന്നും പ്രതീക്ഷിക്കണ്ട, പ്രശ്‌നമാണ്. ഇത്രകാലമായിട്ടും ഇതൊന്നും അവര്‍ തിരിച്ചറിഞ്ഞില്ലേ.''

ഞാന്‍ അസ്തപ്രജ്ഞനായി നില്‍ക്കവേ അവര്‍ തുടര്‍ന്നു:

''ഇപ്പോ ഒരു കുഞ്ഞുണ്ടല്ലോ അതുവിചാരിച്ചാശ്വസിക്കുക.''

സൗമ്യ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രതിസന്ധിയില്‍ ലേബര്‍ റൂമിനു പുറത്തിരുന്ന് ഞാനും അലിഞ്ഞുചേര്‍ന്നു. നിസ്സഹായതയില്‍ കണ്ണുനിറഞ്ഞ് പ്രതിരോധിക്കുക എന്ന തന്ത്രം പതിവുപോലെ മനസ്സ് കൈക്കൊണ്ടു. ഡോക്ടര്‍ അപ്പോഴും കടുപ്പിച്ചു പറഞ്ഞു:

''നമുക്ക് നോക്കാം എന്നേയുള്ളൂ. ഇത് അറിഞ്ഞിരിക്കണം, അതിനുവേണ്ടി നേരത്തെ പറയുന്നതാണ്.''

സൗമ്യ അവളുടെ ഇഷ്ടദൈവമായ കൃഷ്ണനെ വിളിച്ചുകൊണ്ടിരിക്കുകയായിരിക്കും. എന്നാല്‍, എനിക്കങ്ങനെയല്ലല്ലോ. വാസ്തവബോധം ഉള്ളില്‍ നിറയുകയും പരിഹാരത്തിനായി പ്രയത്‌നിക്കുകയും ചെയ്യുമ്പോള്‍ സകല ശൂന്യതകളേയും മറികടക്കാമെന്ന പതിവു മാര്‍ഗ്ഗത്തില്‍ ഞാനഭയം പ്രാപിച്ചു. ഈ ഞാണിന്മേല്‍ കളി തുടരുകയെന്നതാണ് എന്റെ മോചനത്തിനുള്ള വഴിയെന്ന് തിരിച്ചറിഞ്ഞു.
അതിനിടെ ലേബര്‍ റൂമില്‍നിന്ന് സൗമ്യ വന്നു. അവളോടും ഡോക്ടര്‍മാര്‍ എല്ലാം പറഞ്ഞിരുന്നു. അതിന്റെ ആഘാതം എത്രയാണ് എന്ന് അവളുടെ മുഖം വിളിച്ചുപറഞ്ഞു. ലേബര്‍ റൂമിലെ കാഴ്ചകള്‍ അവളെ തളര്‍ത്തിയിരുന്നു. എന്നാലും അവള്‍ക്ക് അതിജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ''വാവയ്ക്കൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് പറയുമ്പോഴും ആ ക്ഷീണം മുഖത്തുണ്ടായിരുന്നു. ഈ ഒരു രാത്രി ധൈര്യമായി ഇരിക്കണം. എങ്ങനെയെങ്കിലും പുലരും വരെയിരിക്കാം. അപ്പോ ഡോക്ടര്‍ പറയുമല്ലോ എന്താണ് ചെയ്യേണ്ടത് എന്ന്.''

അങ്ങനെ അവള്‍ ലേബര്‍ റൂമിലേക്ക് മടങ്ങി. ഞാന്‍ പുറത്തേക്കു പോയി. ഓരോരോ ആവശ്യത്തിന് മൈക്കിലൂടെ വിളി തുടങ്ങി. നിരന്തരം ഒരു പുരുഷനായ ഞാന്‍ കയറിച്ചെല്ലുന്നത് കണ്ട് സെക്യൂരിറ്റിച്ചുമതലയുള്ളവരും ചില നഴ്സുമാരും ദേഷ്യത്തോടെ ചോദിക്കാന്‍ തുടങ്ങി: പെണ്ണുങ്ങളാരുമില്ലേ എന്ന്. അങ്ങനെ താഴ്ന്നും ഉയര്‍ന്നും ഉള്ള പല ഭാവങ്ങളിലൂടെ എന്റെ ആ രാത്രി വെളുപ്പിക്കാന്‍ ഞാന്‍ നന്നായി പാടുപെട്ടു.

അത്യാവശ്യ പണികളൊക്കെ കഴിഞ്ഞപ്പോള്‍ അര്‍ദ്ധരാത്രി കടന്നിരുന്നു. ആശുപത്രിക്കു പുറത്തെ മരത്തറകളിലൊന്നില്‍ ഞാന്‍ കിടന്നു. വവ്വാലും കാക്കകളുമടക്കം ഏതൊക്കെയോ പറവകള്‍ എന്റെ പുതപ്പിനുമേല്‍ കണക്കില്ലാതെ കാഷ്ടിച്ചു. അപ്പുറത്തെ മെഡിക്കല്‍ കോളേജില്‍ നിപ്പ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് ഞാനോര്‍ത്തു. നിപ്പയെക്കുറിച്ചുള്ള ഭീതി നാടെങ്ങും പരക്കുന്ന ദിവസങ്ങളായിരുന്നു അതെല്ലാം. മാത്രമല്ല, വവ്വാലാണ് നിപ്പ പരത്തുന്നത് എന്നാണ് അതുവരെ ഉണ്ടായിരുന്ന നിഗമനം. എന്തായാലും വവ്വാല്‍ കാഷ്ടം ശരീരത്ത് പതിക്കാതിരിക്കാന്‍ പുതയ്ക്കാനെടുത്ത ലുങ്കികൊണ്ട് എന്നെ സമ്പൂര്‍ണ്ണമായി മൂടാന്‍ ഞാന്‍ പാടുപെട്ടു.

രാത്രിയില്‍ വവ്വാല്‍ക്കരച്ചിലുകള്‍ക്ക് കീഴെ ഉറക്കമില്ലാതെ കിടക്കുമ്പോള്‍ തൊട്ടടുത്ത് കിടന്ന മറ്റൊരാള്‍ എഴുന്നേറ്റിരുന്ന് ഞാനുറങ്ങിയില്ല എന്നുറപ്പുവരുത്തിയിട്ട് എന്നോട് ചോദിച്ചു:

''നിപ്പ പകരുന്നത് വവ്വാലില്‍ നിന്നാണ് എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ സാറേ?''

ഞാന്‍ തമാശയായി പറഞ്ഞു. ''വവ്വാല്‍ ഒരു പാവം ജീവിയല്ലേ ചേട്ടാ, അതു നമ്മളെയൊന്നും ദ്രോഹിക്കില്ല.''

അപ്പോഴും വെറുതെ ഒരാശങ്ക ഉള്ളിലുണ്ടായിരുന്നു. നാളെ രാവിലെ വല്ല നിരീക്ഷണത്തിലുമാക്കിയാല്‍ പിന്നെ സൗമ്യയുടെ കാര്യങ്ങളെന്താകും എന്ന്. പലപല ആവശ്യങ്ങള്‍ക്ക് മൈക്കിലൂടെ വിളി വരികയും ഓടിപ്പോകേണ്ടിവരികയും ചെയ്തതിനാല്‍ അമ്മാതിരി ആലോചനകള്‍ക്ക് കൂടുതല്‍ ഇട ലഭിച്ചില്ല. അങ്ങനെ ആശുപത്രിയിലെ ആദ്യ രാത്രി ഗംഭീരമായി.

3
കടന്നുപോയ രാത്രി വല്ലാത്ത അനുഭവമായിരുന്നു. ജീവിതത്തില്‍ ഇത്രമാത്രം അലഞ്ഞ ഒരു രാത്രിയുമില്ല. നേരം പുലരവേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആശ്വാസത്തിനോരോരോ വഴികള്‍ രൂപപ്പെട്ടു. സൗമ്യയ്‌ക്കൊപ്പം ഞാന്‍ മാത്രമായി പ്രവേശിച്ച, കൂട്ടിരിപ്പിനായി ആണുങ്ങള്‍ക്ക് സ്ഥിരപ്രവേശനമില്ലാത്ത എസ്.എ.ടിയിലേക്ക് ആവശ്യത്തിന് പെണ്ണുങ്ങളെത്തി. അതിരുകളില്ലാത്ത സ്‌നേഹവുമായി നമ്മളോട് പ്രിയമുള്ളവര്‍. ആരൊക്കെ, എവിടുന്നൊക്കെ സ്‌നേഹസഹായങ്ങളുമായി എത്തിയെന്ന് പറഞ്ഞാല്‍ തീരില്ല. ആ കണക്കെടുപ്പിന്റെ പരസ്യപ്പറച്ചില്‍പോലും നന്ദികേടാകും.

അതിനിടെ തലേന്നു രാത്രി എന്റെയപ്പുറത്ത് കൂട്ടുകിടന്ന മനുഷ്യന്‍ പിറ്റേന്ന് പുലര്‍ച്ചെ അനുഭവിച്ച സന്തോഷം കണ്ട് ഞാനന്തം വിട്ടു. എനിക്ക് ആശ്വസിക്കാന്‍ അതിലും കൂടുതല്‍ എന്തുവേണമെന്ന തോന്നലായി. ഒന്‍പത് മാസമായി ആശുപത്രിയില്‍ കാത്തിരിക്കുകയായിരുന്നു ആ മനുഷ്യന്‍. നാല് തവണ അബോര്‍ഷനായതിനുശേഷം അഞ്ചാം തവണ ഗര്‍ഭിണിയായപ്പോള്‍ ഇത്തവണ എസ്.എ.ടിയില്‍ കാണിക്കാമെന്നും പറഞ്ഞ് നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയതാണ്. ഗര്‍ഭം സ്ഥിരീകരിച്ച ഉടനെ അവിടെ അഡ്മിറ്റ് ചെയ്തു. പിന്നീടുള്ള ഇത്രയും ദിവസങ്ങള്‍ കാത്തിരുന്നതിനുശേഷം ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷവുമായി നേരം വെളുക്കുമ്പോള്‍ത്തന്നെ അയാളെന്റെ അടുത്തെത്തി. അപ്പോള്‍ ലേബര്‍ റൂമിലിരിക്കുന്ന ആ അമ്മയുടെ ആഹ്ലാദത്തെക്കുറിച്ചാണ് ഞാനോര്‍ത്തത്. എനിക്ക് ആത്മവിശ്വാസത്തിനു പിന്നെവിടെ പോണം.

അവസാനം ഡോക്ടര്‍ വന്നു. എന്നെ മുകളിലേക്ക് വിളിപ്പിച്ചു. ഒരു നിഗമനം അവര്‍ അവതരിപ്പിച്ചു. തല്‍ക്കാലം അടിയന്തരമായി കുഞ്ഞിനെ പുറത്തെടുക്കേണ്ട സാഹചര്യമില്ല. മൂന്നു ദിവസം തോറും സ്‌കാന്‍ ചെയ്യാം. നില അപകടകരമായി തുടരുകയാണെങ്കില്‍ സിസേറിയന്‍ ചെയ്ത് കുഞ്ഞിനെ എന്‍.ഐ.സി.യു.വിലേക്ക് മാറ്റാം. തല്‍ക്കാലം അടിയന്തരമായി ഒന്നും ചെയ്യാനില്ല. അങ്ങനെ ഒരു നീണ്ട ആശുപത്രി വാസത്തിനു തുടക്കമായി. സകല തമാശകളും ഒരു ആശുപത്രിയിലേക്ക് ഒതുങ്ങി.

4
നീണ്ട ആശുപത്രി ജീവിതം. ഒരുപക്ഷേ, ഈ ജീവിതത്തില്‍ സ്വരുക്കൂട്ടിയ സകല ആത്മവിശ്വാസവും ഒരുപോലെ ഉപയോഗിക്കപ്പെട്ട കാലം. ഞങ്ങളുടെ അഭാവത്തിലും സംയമനത്തോടെ അതിജീവിക്കാന്‍ ഒരുങ്ങിയ തേജൂട്ടിയാണ് അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിച്ചത്. ആശുപത്രിയില്‍നിന്ന് ഇടയ്ക്കിടെ വീട്ടിലേക്ക് പോകുമ്പോള്‍ കോലുമിട്ടായിയും ഐസ്‌ക്രീമും വാങ്ങിക്കൊണ്ടുപോയി കഴിപ്പിച്ച് ആശ്വസിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തും ഞാന്‍. എന്നത്തേയും പോലെ സങ്കടം ഉള്ളിലൊതുക്കി ആശങ്കയോടെ ഇരിക്കുകയെന്ന പതിവു രീതിയിലായിരുന്നു അവളുടെ അതിജീവനം. അമ്മമ്മ പറഞ്ഞ കുഞ്ഞമ്മാമന്‍ കഥകളില്‍ തല്‍ക്കാലത്തേക്ക് രക്ഷ കണ്ടെത്തി. അവള്‍ക്കൊരു കൂട്ട് വരുന്നുവെന്ന പ്രതീക്ഷ കാത്തിരിക്കാന്‍ പ്രേരണയുമായി. ഒടുക്കം കുഞ്ഞുവാവയ്ക്ക് കുഴപ്പമുണ്ടാകില്ല എന്ന പ്രതീക്ഷയില്‍ പ്രസവത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ സൗമ്യയെ ഡിസ്ചാര്‍ജ് ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം അടുത്ത അധ്യായം. പിന്നെ പ്രസവത്തിനായുള്ള കാത്തിരിപ്പ്. അവസാന നിമിഷവും എന്തും സംഭവിക്കാമെന്ന ഡോക്ടറുടെ മുന്നറിയിപ്പ് മനസ്സിനെ ആശങ്കപ്പെടുത്തിക്കൊണ്ടേയിരുന്നു. തേജൂട്ടിയും അമ്മമ്മയും വീട്ടില്‍. ആശുപത്രിയില്‍ ഞാന്‍ കൂട്ടിരുന്നു.

ജൂലൈ അഞ്ച് ഉച്ച. തേജൂട്ടിയുടെ ഒന്നാം ക്ലാസ്സിലെ ആദ്യത്തെ അധ്യയന ദിവസവും അന്നായിരുന്നു. രാവിലെ ആരംഭിച്ച പ്രസവമുറിയുടെ മുന്നിലെ കാത്തിരിപ്പിനിടെ ഇടയ്ക്ക് സ്‌കൂളില്‍ പോയി തേജൂട്ടിയേയും കൂട്ടി മടങ്ങിവന്നു. അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.

വാവ ഈ ലോകത്തിലേക്ക് വന്നു. സകല സ്‌നേഹത്തിന്റേയും പ്രയത്‌നത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഫലമായി അവള്‍ വന്നു. അതിജീവനത്തിന്റെ ഒരു പുതിയ കഥയെഴുതിച്ചേര്‍ത്തുകൊണ്ട് അവള്‍ പിറന്നു. മിഥുനമാസമഴ തകര്‍ത്തുപെയ്യേണ്ട നേരത്ത്, വെയില്‍ ചൂടില്‍ നാടുരുകി നില്‍ക്കുമ്പോള്‍ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് അവളുടെ അതിജീവനത്തിന്റെ ഭൗമഘട്ടം ആരംഭിച്ചു. ഈ ലോകജന്മത്തെ അതിജീവിക്കാന്‍ അവള്‍ പിറന്നു. കടന്നുവന്ന വഴികളുടെ അതേ തീവ്രതയുള്ള അന്തരീക്ഷത്തിലേക്ക്, ഞങ്ങളുടെ ഞാണിന്മേല്‍ നടത്തത്തില്‍ ഒപ്പം കൂടാന്‍. തേജൂട്ടിക്കൊരു അനിയത്തിയായി. ഇനിയുള്ള അതിജീവനത്തിന് നമുക്കൊപ്പം പങ്കാളിയാകാന്‍, പ്രസവദിവസം മുതല്‍ അടുത്ത ഓട്ടവും ആരംഭിച്ചു. എന്‍.ഐ.സി.യുവില്‍ കാത്തുനിന്ന ദിവസങ്ങള്‍. എസ്.എ.ടിക്കകത്തെ വിശാലമായ കെട്ടിടത്തില്‍ നിയമം തെറ്റിച്ച് കടന്നുകൂടി ഞാനോടിയ ഓട്ടങ്ങള്‍. ഒടുവില്‍ സിസേറിയന്റെ വിവരണാതീതമായ വേദനകള്‍ സഹിച്ച് അതിജീവനം നല്‍കിയ ആവേശത്തില്‍ സൗമ്യ മുറിയിലേക്കെത്തി. നിരര്‍ത്ഥകമായ ഉപകരണതുല്യമായ ആണ്‍ജീവിതത്തിന്റെ വ്യര്‍ത്ഥമായ ഓട്ടം മാത്രം കൈമുതലാക്കി ഞാന്‍ ഒപ്പം നിന്നു. എന്‍.ഐ.സി.യുവിലെ രണ്ടു ദിവസത്തെ വാസത്തിനുശേഷം വാവയും മുറിയിലേക്കു വന്നു.  
സൗമ്യയും വാവയും ഒരു കട്ടിലില്‍ കിടന്നു. തൊട്ടടുത്ത് തേജൂട്ടിയും പിന്നെ പ്രിയപ്പെട്ടവരെല്ലാവരും. സൗമ്യ വാവയെ നോക്കി പിന്നെ എന്നെയും നോക്കി ഒരു ചിരി ചിരിച്ചു. ഇതേത് ജീവിതം എന്ന് ഞാന്‍ അതിശയിച്ചു. ഒടുക്കം എല്ലാം പൂര്‍ത്തിയാക്കി. എസ്.എ.ടിയുടെ മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ മടങ്ങി.

5
തെന്നലിന്റെ ഒന്നാം വാര്‍ഷികത്തിലും മനസ്സിനെ ആര്‍ദ്രമാക്കുന്ന, ആവേശകരമാക്കുന്ന, അതിജീവനത്തിനു പ്രേരണയാകുന്ന ആ ഓര്‍മ്മകള്‍ തിരതള്ളിവരുന്നുണ്ട്.  അവളുടെ അതിജീവനത്തിന്റെ അടയാളങ്ങള്‍...

ഒന്നര മാസം മുന്‍പ് ലേബര്‍ റൂമില്‍ ഉള്ളുരുകി കിടന്ന സൗമ്യയ്ക്ക് കൂട്ടായി എസ്.എ.ടിയുടെ മുറ്റത്തെ മരത്തറയില്‍ കിടക്കുമ്പോള്‍ എനിക്ക് പുതപ്പുതന്നു സഹായിച്ച അജ്ഞാതനായ ആ കൂട്ടിരിപ്പുകാരന്‍, നാല് നഷ്ടപ്പെടലുകള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി രൂപപ്പെട്ട കുരുന്നിനെ നഷ്ടപ്പെടാതിരിക്കാനായി ഒന്‍പതു മാസത്തെ ആശുപത്രി ജീവിതം നയിച്ച് ഒടുവില്‍ ഭാര്യ പ്രസവിച്ചതിന്റെ സന്തോഷത്തില്‍ അന്ന് പാതിരാത്രിയില്‍ എനിക്ക് ധൈര്യം പകര്‍ന്ന നെയ്യാറ്റിന്‍കരക്കാരന്‍. നാടെങ്ങും നിപ്പ ഭീതി പരന്നൊഴുകുമ്പോഴും തൊട്ടടുത്ത് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗി നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പരക്കുമ്പോഴും ആ രാത്രികളില്‍ എന്റെ മേല്‍ നിപ്പ വൈറസ്സില്ലാത്ത കാഷ്ഠം വര്‍ഷിച്ച വവ്വാലുകള്‍.

വാര്‍ഡില്‍ നിറവയറുമായി വെറും നിലത്ത് കിടക്കേണ്ടിവന്നപ്പോള്‍ കട്ടിലില്‍ ഒരു ഓരം നല്‍കി സൗമ്യയെ സഹായിച്ച അജ്ഞാതയായ ആ ഗര്‍ഭിണിക്ക്, സാധാരണ മനുഷ്യനുവേണ്ടി ഇങ്ങനെയൊരു ചികില്‍സാ സംവിധാനം നമുക്കായി ഒരുക്കി വച്ച നമ്മുടെ ഭരണകൂടങ്ങള്‍, നല്ലതിനുവേണ്ടി മാത്രം എല്ലാം ചെയ്ത എസ്.എ.ടി യൂണിറ്റ് ഒ ടുവിലെ ഷൈലാ ഷെറഫുദ്ദീന്‍ മുതലുള്ള ഡോക്ടര്‍മാര്‍, നിയമം ലംഘിച്ച് അകത്തു കടക്കുമ്പോഴും കണ്ടിട്ടും കണ്ടില്ലെന്നു ഭാവിച്ചു നിന്ന ആശുപത്രിയിലെ മറ്റു സെക്യൂരിറ്റി ജീവനക്കാര്‍, തിരക്കുകൂട്ടുമ്പോഴും ചിലപ്പോള്‍ അനിഷ്ടവും ചിലപ്പോള്‍ ക്ഷമയും കാണിച്ച് പെരുമാറിയ മറ്റു ജീവനക്കാര്‍, പിന്നെ ഈ ഞാണിന്മേല്‍ കളിക്ക് താങ്ങായി നിന്ന, നിന്നുകൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍, എല്ലാത്തിനും കൂട്ടായി നിന്ന പ്രിയപ്പെട്ടവര്‍, ആശങ്കയ്ക്കിടയിലും എല്ലാമൊരു ചിരിയോടെ നേരിട്ട സൗമ്യ, എന്റെ ഓട്ടത്തിനിടയില്‍ വാവയ്ക്കെന്താ അച്ഛാ പ്രശ്നം എന്ന് ചോദിച്ച് ഒന്നുമില്ലെന്ന എന്റെ മറുപടി കേട്ട് തല്‍ക്കാലത്തേക്ക് ആശ്വസിച്ച തേജൂട്ടി. എല്ലാത്തിനുമുപരി പ്രയത്‌നിക്കുമ്പോള്‍ പരിഹാരം ഉണ്ടാക്കാമെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ജീവിക്കുന്ന ഈ കാലം...

6
ഇപ്പോള്‍ ഒരു വര്‍ഷം. അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച അവള്‍ ഭൗമജീവിതത്തില്‍ തെന്നല്‍ എന്നു വിളിക്കപ്പെട്ടു. ഇന്ന് കൊവിഡ് വാര്‍ത്തകളാല്‍ ലോകം ഇളകി മറിയുമ്പോള്‍ കൂടെക്കൂടെ ഓര്‍ത്തുപോകുന്ന ഒരു കാര്യമുണ്ട്. ആശുപത്രി വരാന്തയില്‍ നിലം കുഴിഞ്ഞുപോകുന്നതുപോലെ ഒരു ഭീതിയില്‍, യുദ്ധക്കളത്തില്‍ സകല ആയുധവും നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ നിസ്സഹായനായി നിന്ന ഒരു നിമിഷമുണ്ട്. അന്ന് എന്നോട് ഡോക്ടര്‍ കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് സൗമ്യക്കെങ്കിലും ഒന്നും സംഭവിക്കരുത് എന്നാണ്. അപ്പോഴും അതു ഞങ്ങള്‍ മാക്സിമം നോക്കും എന്ന ഡോക്ടറുടെ മറുപടിയും ഉള്ളില്‍ പേറി ഞാന്‍ ലേബര്‍ റൂമിനു താഴെയുള്ള കോണിപ്പടികള്‍ ഇറങ്ങിപ്പോയപ്പോള്‍ എങ്ങനെയോ എന്നിലൊരാത്മവിശ്വാസം നിറഞ്ഞു.

പിന്നീട് ആദ്യഘട്ടം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജാകുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഒരു ഉറപ്പെന്താന്ന് വച്ചാല്‍ വയറ്റില്‍ പെണ്‍കുട്ടിയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളെ ലളിതമായി അതിജീവിക്കും എന്ന്. പ്രസവാനന്തരം പെണ്‍കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ സൗമ്യയും പറഞ്ഞു: വെറുതെയല്ല കുഴപ്പമില്ലാതിരുന്നത് എന്ന്. ഇത്തരം സാഹചര്യങ്ങളില്‍ അതിജീവനത്തിനു പെണ്‍കുട്ടികള്‍ക്ക് ആണിനെക്കാള്‍ കരുത്താണത്രെ. പറഞ്ഞുവന്നത് അതാണ്. കൊവിഡ് കാലത്ത് അതിജീവനത്തിന്റെ നേതൃപാഠങ്ങള്‍ ലോകം പഠിക്കുമ്പോള്‍ പെണ്ണുങ്ങളെക്കുറിച്ചാണ് സകലരും പറയുന്നത്.

യാദൃച്ഛികമായി അപ്പോഴും ഞാന്‍ എസ്.എ.ടിയുടെ മുന്നിലേക്ക് പോകുകയാണ്. അവിടെ ആ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ കരുത്തിന്റെ ആത്മവിശ്വാസമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഓര്‍മ്മവരും. എല്ലാം അനുഭവിച്ചറിഞ്ഞ സൗമ്യയെ ഓര്‍മ്മവരും. ഇതൊക്കെ എന്ത് എന്നു പറഞ്ഞ് ഇപ്പോഴും ഞങ്ങളുടെ മുന്നില്‍നിന്ന് ചിരിക്കുന്ന തെന്നലിനെ ഓര്‍മ്മവരും. അതുകൊണ്ട് പെണ്ണിന്റെ ദൗര്‍ബ്ബല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ ഞാന്‍ പറയും, നിങ്ങള്‍ ഇടയ്ക്ക് വൈകുന്നേരം പാസ്സെടുത്ത് എസ്.എ.ടി ആശുപത്രിയില്‍ കയറി നാലു ഭാഗവും നടക്കുക. അവിടെ ജീവിതയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ കാണും. പ്രസവിക്കാനെത്തിയവര്‍ മാത്രമല്ല ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു പരിചാരകര്‍ അങ്ങനെയങ്ങനെ കുറേ സ്ത്രീകളെ. എല്ലാം കണ്ട് അറിഞ്ഞ് മടങ്ങിവന്നാല്‍ ഒരു ചര്‍ച്ചയ്ക്കും ഒരു പ്രസക്തിയും കാണില്ല എന്ന്.
 
ഈ കൊവിഡ് കാലത്ത് പെണ്ണിനപ്പുറത്തൊരു ധൈര്യവും ജീവിതത്തില്‍ വേണ്ടതില്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് പെണ്ണാണ് അതിജീവനം എന്ന പാഠം തെന്നലിന്റെ ഒന്നാം പിറന്നാളില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com