പെരുമ്പുഴ ഗോപാലകൃഷ്ണന്‍- ഇടപെട്ട ഇടങ്ങളെ തെളിമയുടെ മാതൃകയാക്കിയ മനുഷ്യന്‍

പെരുമ്പുഴ ഗോപാലകൃഷ്ണന്‍- ഇടപെട്ട ഇടങ്ങളെ തെളിമയുടെ മാതൃകയാക്കിയ മനുഷ്യന്‍

സ്‌നേഹത്തിന്റേയും സംഗീതത്തിന്റേയും സ്വച്ഛശാന്തമായൊഴുകിയ പുഴയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ജീവിതം

പെരുമ്പുഴ ഗോപാലകൃഷ്ണന്‍. സ്‌നേഹത്തിന്റേയും സംഗീതത്തിന്റേയും സ്വച്ഛശാന്തമായൊഴുകിയ പുഴയായിരുന്നു ആ ജീവിതം. നൈര്‍മ്മല്യം ഒട്ടും നഷ്ടമാകാത്തൊരു തെളിനീരരുവി. ഉടുപ്പിലും നടപ്പിലും എന്നതുപോലെ ഇടപെട്ട ഇടങ്ങളെയെല്ലാം തെളിമയുടെ മാതൃകയാക്കിയ മനുഷ്യന്‍. അനുസ്മരണക്കുറിപ്പില്‍ സി. രാധാകൃഷ്ണന്‍ കുറിച്ചതുപോലെ, ''ഉയര്‍ച്ചതാഴ്ചകള്‍ ഇല്ലാത്ത അലയിളകാത്ത ശാന്തസുന്ദരമായ സമതലം തേടുകയായിരുന്നു തരളമായ ആ പ്രവാഹം. പ്രതീക്ഷാനിര്‍ഭരമായിരുന്നു എന്നും ആ ഹൃദയം. അതു നിറയെ സുഗമസംഗീതവും.''

ജൂലൈ ഏഴ് ചൊവ്വ തൈക്കാട് ശാന്തികവാടത്തില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ഭൗതികശരീരത്തോടൊപ്പം എരിഞ്ഞില്ലാതായത് സമര്‍പ്പിത കമ്യൂണിസ്റ്റ് ജീവിതമാതൃകകളിലെ അവസാന കണ്ണികളില്‍ ഒന്നുകൂടിയാണ്. എനിക്ക് പല കൈവഴിയായ പുഴയറിവുകള്‍ ചേര്‍ന്നൊഴുകിയൊരു പുഴയായിരുന്നു പെരുമ്പുഴ.

പുഴയൊഴുകിയ വഴികള്‍

സി.പി.ഐ നേതാവ്, ജീവചരിത്രകാരന്‍, ഗാനരചയിതാവ്, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ മരണംവരെ കര്‍മ്മനിരതമായിരുന്നു ഇടപ്പഴിഞ്ഞി സി.എസ്.എം നഗര്‍ അമ്മുവിലെ സൗമ്യവും ലളിതവുമായ ആ ജീവിതം.

ജനനം കൊല്ലം ജില്ലയിലെ പെരുമ്പുഴയില്‍. പെരുമ്പുഴ എല്‍.പി.എസ്., എസ്.ജി.വി സംസ്‌കൃത ഹൈസ്‌കൂള്‍, കുണ്ടറ എം.ജി.ഡി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം എസ്.എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പുതുശ്ശേരി രാമചന്ദ്രന്‍, ഒ.എന്‍.വി., ഒ. മാധവന്‍ ഇവര്‍ക്കൊപ്പം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതൃനിരയില്‍ എത്തി.

ബി.എ ബിരുദധാരിയായി വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായതോടെ കര്‍മ്മരംഗം തിരുവനന്തപുരം ആയി. കമ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ട അദ്ദേഹം ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ജോലിയില്‍ തിരികെയെത്തുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ഇ. ബലറാം, പി.കെ. വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, പി.എസ്. ശ്രീനിവാസന്‍ ഇവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അച്യുതമേനോന്‍ മന്ത്രിസഭയില്‍ എന്‍.ഇ. ബല്‍റാമിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എന്‍.ജി.ഒ യൂണിയനിലും ജോയിന്റ് കൗണ്‍സിലിലും പ്രവര്‍ത്തിച്ച അദ്ദേഹം 'കേരള സര്‍വ്വീസ്' മാസികയുടെ ആദ്യ പത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്തു.

ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, യുവകലാസാഹിതി പ്രസിഡണ്ട്, ഐ.പി.ടി.എ പ്രസിഡന്റ്, ദേശീയ ഉപദേശകന്‍, എ.ഐ.പി.എസ്.ഒ ജനറല്‍ സെക്രട്ടറി, ശക്തിഗാഥ സംഗീത ഗ്രൂപ്പ് ചെയര്‍മാന്‍, ദേവരാജന്‍ ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്നവയായിരുന്നു കര്‍മ്മമണ്ഡലങ്ങള്‍. പാര്‍ട്ടി മുഖപത്രമായ നവയുഗത്തിന്റെ പത്രാധിപസമിതി അംഗമെന്ന നിലയില്‍ 89-ാം വയസ്സില്‍ രോഗിയാകുന്നതുവരെയും ഇദ്ദേഹം എം.എന്‍. സ്മാരകത്തിലെത്തുമായിരുന്നു.

കുവൈറ്റ് കലാ അവാര്‍ഡ് (2001), അബുദാബി ശക്തി അവാര്‍ഡ്, പി.കെ. പരമേശ്വരന്‍ നായര്‍ അവാര്‍ഡ് (2006), എന്‍.സി. മമ്മൂട്ടി സ്മാരക അവാര്‍ഡ് (2011) ഇവയൊക്കെ നേടിയ പ്രധാന പുരസ്‌കാരങ്ങള്‍. 2018 സെപ്റ്റംബറില്‍ ജി. ദേവരാജന്‍ ശക്തിഗാഥ തിരുവനന്തപുരത്ത് ഇദ്ദേഹത്തെ ആദരിച്ചു.

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ദേവരാജന്‍ മാസ്റ്ററോടൊപ്പം
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ദേവരാജന്‍ മാസ്റ്ററോടൊപ്പം

സംഗീതത്തിന്റെ രാജശില്പിയായ ദേവരാജന്‍

പാട്ടില്‍ അനുഭവിച്ചറിഞ്ഞ ദേവരാജ സംഗീതത്തേയും ആ ജീവിതത്തേയും മലയാളി വായിച്ചറിഞ്ഞത് ആദ്യം കലാകൗമുദിയില്‍ ഖണ്ഡശ്ശയായും പിന്നീട് 2005-ല്‍ പുസ്തകമായും പുറത്തുവന്ന പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ജി. ദേവരാജന്‍; സംഗീതത്തിന്റെ രാജശില്പി എന്ന പുസ്തകത്തിലൂടെയാണ്. എഴുതിയ കാലത്തുതന്നെ ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ചുള്ള രചന എന്ന നിലയില്‍ ചരിത്രാഖ്യാനശൈലിയും സംഗീതം വാക്കില്‍ ചേര്‍ത്ത ഭാഷയും സമന്വയിപ്പിച്ച ഈ പുസ്തകം വ്യത്യസ്തമായ വായനാനുഭവമായിരുന്നു.

ദേവരാജന്‍ മാസ്റ്ററുടെ ആത്മകഥാംശത്തോടൊപ്പം ഗ്രന്ഥകാരന്‍ കണ്ടെത്തിയ കഥാകഥനത്തിന്റെ നവീനഭാവവും കോര്‍ത്തിണക്കിയ ആഖ്യാനശൈലിയിലൂടെ പുതിയ അറിവുകള്‍ക്കൊപ്പം ഒരു കാലഘട്ടത്തിലെ സാമൂഹിക, സാംസ്‌കാരിക ചരിത്രത്തിന്റെ പ്രതിധ്വനികള്‍ ഈ പുസ്തകം നല്‍കുന്നു. വിവിധ പ്രസാധകരിലൂടെ വിവിധ എഡീഷനുകള്‍ ഈ പുസ്തകത്തിന്റെ പൊതുസ്വീകാര്യത കാട്ടിത്തരുന്നു.

പുഴയോരത്തെ സൗഹൃദക്കൂട്ടങ്ങള്‍  

സംഗീതവും സൗഹൃദവുമായിരുന്നു പെരുമ്പുഴയുടെ ശക്തിയും ദൗര്‍ബ്ബല്യവും. ചുണ്ടില്‍ തളിര്‍ത്ത ചില്ലയുമായെത്തുന്ന വെള്ളരിപ്രാവുകള്‍പോലെ ആ സ്‌നേഹസൗഹൃദം ജീവചരിത്രങ്ങളായി, ഓര്‍മ്മക്കുറിപ്പുകളായി, കത്തുകളായി കൂട്ടിടങ്ങളില്‍ പറന്നിറങ്ങി.

സംഗീതം ഇഴപാകിയതായിരുന്നു ജി. ദേവരാജനും പെരുമ്പുഴ ഗോപാലകൃഷ്ണനുമായ ആത്മസൗഹൃദം. 1953 മദ്രാസിലെ അഖിലേന്ത്യ സമാധാന സമ്മേളനം, മണ്ടേല വിമോചന സംഗീതസന്ധ്യ, ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാസ്റ്ററുടെ സംഗീത പര്യടനം, വയലാര്‍ ദിനാചരണം, ചലച്ചിത്ര ഗാനശാഖയുടെ അറുപതാം വാര്‍ഷികം, സി.പി.ഐയുടെ സമ്മേളനങ്ങള്‍, സിനിമയ്ക്കായി ഇരുവരും ചേര്‍ന്ന് ഒരുക്കിയ ഏതാനും പാട്ടുകള്‍, ആല്‍ബം ഗാനങ്ങള്‍ ഇങ്ങനെ ആ ബന്ധം വളര്‍ന്നു. പിന്നെ 18 വര്‍ഷക്കാലം തിരുവനന്തപുരത്ത് കരമനയില്‍ താമസിക്കുമ്പോഴുള്ള നിരന്തര സമ്പര്‍ക്കം, ദേവരാജന്‍ സംഘടിപ്പിച്ച ശക്തിഗാഥയുമായുള്ള തുടക്കം മുതല്‍ ഈ ബന്ധം വളര്‍ന്നു. ''ഒരേ ജീവിതവീക്ഷണത്തിന്റെ സാന്ദ്രസാനുക്കളില്‍ സഞ്ചരിക്കുന്നതാണ്'' തങ്ങള്‍ക്കിടയിലെ വൈകാരികസമാനത എന്ന് പെരുമ്പുഴ ദേവരാജനെക്കുറിച്ചുള്ള പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട്.

ദേവരാജനെക്കൂടാതെ പി. ഭാസ്‌കരനും ഒ.എന്‍.വി കുറുപ്പുമായിരുന്നു ഈ സംഗീതോപാസകന്‍ ആരാധനയോടെ അടുത്ത് ഇടപഴകിയവരെങ്കില്‍ സാംസ്‌കാരികരംഗത്ത് സി. ഉണ്ണിരാജയും ശര്‍മ്മാജിയും കെ. ഗോവിന്ദപ്പിള്ളയുമൊക്കെ ആയിരുന്നു ഇസ്‌ക്കസ് (പിന്നീട് ഇസ്‌ക്കഫ്) സജീവകാല സഹപ്രവര്‍ത്തകര്‍. ഭാസ്‌കരന്‍ മാഷും ഒ.എന്‍.വിയുമായുള്ള ആത്മബന്ധത്തിന്റെ അടിക്കുറിപ്പായിരുന്നു അവരെക്കുറിച്ചുള്ള പെരുമ്പുഴക്കുറിപ്പുകള്‍.

ദേവരാജന്റെ ജീവചരിത്രം മാത്രമല്ല, ഗാനരചനയിലും സംഗീതസംവിധാനത്തിലും തനിക്കു പ്രിയപ്പെട്ടവരെപ്പറ്റിയും ഇദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു. ജി. ദേവരാജനെ സംഗീതത്തിലെ രാജശില്പി ആക്കിയ പെരുമ്പുഴ കേരളീയത പ്രകൃതിയില്‍ പാറിപ്പറന്ന പി. ഭാസ്‌കരന്റെ പാട്ടുകളെ ഉറങ്ങാത്ത തംബുരുവില്‍ ഉണര്‍ത്തിയപ്പോള്‍ ആ പുസ്തകത്തിനു അവതാരിക എഴുതിയത് എം.ടി. വാസുദേവന്‍ നായരായിരുന്നു. ജി. ദേവരാജന്‍ ശക്തിഗാഥക്കായി പെരുമ്പുഴ തയ്യാറാക്കിയ ഒ.എന്‍.വി സ്മൃതിയാണ് 'ഒ.എന്‍.വി; ഓര്‍മ്മകളില്‍ സുഗന്ധം' എന്ന ഗ്രന്ഥം.

പി. ഭാസ്‌കരനും ദേവരാജനും ഒ.എന്‍.വിയും പോലെ തന്റെ വലിയ ഇഷ്ടങ്ങള്‍ ജീവചരിതങ്ങളായപ്പോള്‍ ജോണ്‍സണ്‍, പുകഴേന്തി, എം.കെ. അര്‍ജ്ജുനന്‍, എം.ജി. രാധാകൃഷ്ണന്‍, കെ.പി. ഉദയഭാനു, വി.ടി. മുരളി, പണ്ഡിറ്റ് രവിശങ്കര്‍ എന്നിവരുടെ സംഗീതജീവിത കുറിപ്പുകളായിരുന്നു 'സംഗീതത്തിന്റെ നാട്ടുവഴി' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. സംഗീതം വിനോദത്തിനു മാത്രമല്ല, സമൂഹത്തിലെ സാംസ്‌കാരികത തൊട്ടുണര്‍ത്തുന്നതിനുകൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ പാട്ടെഴുത്തിന്റെ ജനകീയവഴി.
'ഉയരുന്ന മാറ്റൊലികള്‍', 'ഞാറപ്പഴങ്ങള്‍', 'മുത്തുകള്‍', 'തുടി', 'വൃശ്ചികക്കാറ്റ്' (കവിതാസമാഹാരങ്ങള്‍), 'റോസാപ്പൂക്കളുടെ നാട്ടില്‍' (ബള്‍ഗേറിയ യാത്രാവിവരണം), 'പ്രതിരൂപങ്ങളുടെ സംഗീതം' (ചലച്ചിത്രപഠനം) ഇവ പെരുമ്പുഴയുടെ പ്രസിദ്ധീകൃതമായ മറ്റു കൃതികള്‍.

പെരുമ്പുഴ ​ഗോപാലകൃഷ്ണൻ കുടുംബത്തോടൊപ്പം
പെരുമ്പുഴ ​ഗോപാലകൃഷ്ണൻ കുടുംബത്തോടൊപ്പം

പാട്ടിന്റെ പെരുമ്പുഴയോരം

1977-'93 കാലത്ത് ആറ് സിനിമകള്‍ക്കായി എഴുതിയ 16 ഗാനങ്ങളാണ് ഗാനരചയിതാവായ പെരുമ്പുഴയുടെ പ്രധാന സംഭാവന. ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന 'ശ്രീദേവി' (1977), 'കെണി' (1982), 'തീരം തേടുന്ന തിരകള്‍' (1993), എം.ബി. ശ്രീനിവാസന്‍ ഈണം പകര്‍ന്ന 'ശിവതാണ്ഡവം' (1977), ജിതിന്‍ ശ്യാമിന്റെ 'പൊന്മുടി' (1982), മൊഹമ്മദ് സുബൈര്‍ സംഗീതം ചെയ്ത 'ഒരു വാക്കു പറഞ്ഞെങ്കില്‍' (1990) ഇവയായിരുന്നു ആ ചിത്രങ്ങള്‍. പെരുമ്പുഴ എഴുതിയ എട്ട് പാട്ടുകള്‍ക്കു ജി. ദേവരാജന്‍ ഈണം പകര്‍ന്നപ്പോള്‍ എം.ബി. ശ്രീനിവാസന്‍ നാല് പാട്ടുകള്‍ക്കും മൊഹമ്മദ് സുബൈര്‍ മൂന്നിനും ജിതിന്‍ ശ്യാം ഒരു പാട്ടിനും സംഗീതം നല്‍കി.

സതീഷ് രാമചന്ദ്രന്‍ (8 പാട്ടുകള്‍), ജി. ദേവരാജന്‍ (2), പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, കെ.പി. ഉദയഭാനു, മുരളി സിതാര (ഓരോന്ന്) ഇവര്‍ സംഗീതം പകര്‍ന്ന 13 ആകാശവാണി/ആല്‍ബം ഗാനങ്ങളും പെരുമ്പുഴ രചിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com