എന്റിക്കാ ലെക്‌സി കേസ്; ഇറ്റാലിയന്‍ നാവികരെ കുറ്റവിമുക്തരാക്കിയ വിധി നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് നിരായുധരായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ രണ്ടു സുരക്ഷാ നാവികര്‍ 2012 ഫെബ്രുവരി 15-നാണ് വെടിവെച്ചു കൊന്നത്
ഇറ്റാലിയൻ കപ്പൽ എൻറിക്കാ ലെക്സി
ഇറ്റാലിയൻ കപ്പൽ എൻറിക്കാ ലെക്സി

ന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് നിരായുധരായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലിലെ രണ്ടു സുരക്ഷാ നാവികര്‍ 2012 ഫെബ്രുവരി 15-നാണ് വെടിവെച്ചു കൊന്നത്. ഈ കേസിലെ പ്രതികള്‍ക്ക് കുറ്റവിചാരണയില്‍നിന്നും നിരുപാധിക മുക്തി നല്‍കിക്കൊണ്ടുള്ള അന്താരാഷ്ട്ര കടല്‍ നിയമ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിയും വന്നുകഴിഞ്ഞു. രാജ്യാന്തരതലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഇരട്ട കടല്‍ കൊലപാതക കേസിന് ഇതുപോലൊരു അന്ത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊലപാതക കുറ്റമുള്‍പ്പെടെ മറ്റു ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്തതും കേരളാ പൊലീസും എന്‍.ഐ.എയും വളരെ ഫലപ്രദമായി അന്വേഷിച്ചതുമാണ് ഈ കേസ്. 

വിവിധങ്ങളായ വാദഗതികള്‍ ഉന്നയിച്ച് കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരവധി ഹര്‍ജികള്‍ ബോധിപ്പിച്ച് കേസ് റദ്ദ് ചെയ്യാന്‍ പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും ഒരുമിച്ച് പല നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടും ജയം കണ്ടിട്ടില്ലായിരുന്നു. എന്നാല്‍, നാവികര്‍ക്കെതിരെയുള്ള ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിയോടെ ഇല്ലാതാവുകയും പ്രതികള്‍ക്ക് പരിപൂര്‍ണ്ണ കുറ്റമുക്തിയുണ്ടാവുകയും ചെയ്തത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരമാധികാരത്തെയാണ് ഫലത്തില്‍ ചോദ്യം ചെയ്യാനിരിക്കുന്നത്. പ്രതികള്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ ഉന്നയിച്ച എല്ലാ വാദങ്ങളും കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ച് നിരാകരിക്കപ്പെട്ടതാണ്. 

പ്രതികളെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക എന്‍.ഐ.എ കോടതിപോലും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സുപ്രീംകോടതി വിധി അന്തിമമാണ്. ആ വിധിയെ ദുര്‍ബ്ബലപ്പെടുത്തുന്ന വിധി പുറപ്പെടുവിക്കാന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ സുപ്രീംകോടതിക്കു മുകളിലുള്ള അപ്പീല്‍ കോടതിയുമല്ല. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ പ്രതികളെ കുറ്റമുക്തമാക്കിക്കൊണ്ടുള്ള വിധി ഇരകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരെയുള്ള നഗ്‌നമായ കടന്നാക്രമണമാണ്. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിലെ നടപടികളില്‍ കക്ഷികളല്ലാത്ത ഇരകളുടെ അവകാശം ഇനി ആരു സംരക്ഷിക്കും? ഇറ്റലി നടത്തിയ വന്‍ ഗൂഢാലോചനയുടെ ഫലമായി സമ്പാദിച്ച ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി ഡല്‍ഹിയിലെ എന്‍.ഐ.എ കോടതിയില്‍ വിചാരണയിലിരിക്കുന്ന നാവികര്‍ക്കെതിരെയുള്ള കേസിനെ എങ്ങനെ ബാധിക്കും? സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുള്ള കുറ്റവിചാരണ റദ്ദ് ചെയ്യാന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിക്ക് സാധിക്കുമോ? 

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ മാസിമിലിയാനോ ലെത്തോറെയും സാൽവത്തോർ ​ഗിറോണിയും (ഫയൽ ചിത്രം)
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ മാസിമിലിയാനോ ലെത്തോറെയും സാൽവത്തോർ ​ഗിറോണിയും (ഫയൽ ചിത്രം)

നിയമനടപടികളുടെ നാള്‍വഴികള്‍

2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്ക് സെയ്ന്റ് ആന്റണി എന്നു പേരായ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു മത്സ്യബന്ധന ബോട്ടിനു നേരെ സമുദ്രാതിര്‍ത്തിക്ക് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നും എന്റിക്ക ലെക്‌സി എന്നു പേരായ, എണ്ണ ടാങ്കര്‍ വഹിച്ചുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഇറ്റാലിയന്‍ കപ്പലില്‍നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെയുണ്ടായ 20 തവണ തുരുതുരാ വെടിയുതിര്‍ന്നതിനെ തുടര്‍ന്നതാണ് ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളില്‍ ജെലിസ്റ്റിന്‍ (44), അജീഷ് പിങ്ക് (20) എന്നിവര്‍ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം ബോട്ട് നീണ്ടകര തീരത്തേക്കെത്തുകയും ബോട്ടുടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി ചുമത്തി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, പോലീസും ഇന്ത്യന്‍ നാവികസേനയും നടത്തിയ തിരച്ചിലിലാണ് എന്റിക്ക ലെക്‌സി എന്നു പേരായ ഇറ്റാലിയന്‍ കപ്പലില്‍നിന്നാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞത്.  കേസന്വേഷണ ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായി ഇറ്റാലിയന്‍ കപ്പലിനെ കൊച്ചി തീരത്തെത്തിക്കുകയും പിന്നീടുണ്ടായ അന്വേഷണത്തില്‍ സിംഗപ്പൂരില്‍നിന്നും ഈജിപ്തിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു സംഭവമുണ്ടായതെന്നും മനസ്സിലായി. 

എണ്ണ ടാങ്കറിനു സുരക്ഷാഭടന്മാരായി ജോലി ചെയ്തിരുന്ന മാസിമിലിയാനോ ലെത്തോറെ എന്നും സല്‍വത്തോര്‍ ഗിറോണി എന്നും പേരുള്ള രണ്ട് ഇറ്റാലിയന്‍ മിലിട്ടറി നാവികരാണ് വെടിവെച്ചതെന്നും തിരിച്ചറിഞ്ഞു. കേരള പൊലീസ് പിന്നീട് രണ്ട് നാവികരേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടുപേരേയും റിമാന്റ് ചെയ്യുകയും ചെയ്തു. പ്രതികള്‍ വെടിവെച്ചത് സമുദ്രാതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനപ്പുറത്തുള്ള 20.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തുള്ള കോണ്ടിനന്റല്‍ ഷെല്‍ഫിനുള്ളിലായതിനാല്‍ ഇന്ത്യന്‍ പൊലീസിന് കേസന്വേഷിക്കാനോ പ്രതികളെ ഇന്ത്യന്‍ നിയമം ചുമത്തി കുറ്റവിചാരണ ചെയ്യാനോ അവകാശമില്ലെന്നും ഇന്ത്യ ഒപ്പിട്ട ഐക്യരാഷ്ട്ര സമുദ്ര നിയമ ഉടമ്പടി(യുന്‍ക്ലോസ്)ലെ അനുഛേദം 58, 92, 97 അനുസരിച്ച് പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടി ഇറ്റലിയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും ആയതിനാല്‍ സംഭവത്തെ തുടര്‍ന്ന് റോമിലെ ഇറ്റലി മിലിറ്ററി പ്രോസിക്യൂഷന്‍ ആഫിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാദിച്ച് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. 

ആ കാരണത്താല്‍  ഇന്ത്യന്‍ കോടതിയില്‍ പ്രതികള്‍ക്കെതിരെ സംഭവത്തോടനുബന്ധിച്ച് ഒരു നിയമ നടപടിയും നിലനില്‍ക്കില്ലെന്ന് കാണിച്ച് പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും ചേര്‍ന്ന് കേരള ഹൈക്കോടതിയില്‍ പ്രതികള്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഹര്‍ജി നല്‍കി. പ്രതികള്‍ രണ്ടുപേരും ഇറ്റലി മിലിട്ടറി സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരാണെന്നും ആയതിനാല്‍ പ്രതികള്‍ക്ക് മിലിട്ടറി നാവികരെന്ന നിലയില്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്നും പരമാധികാര പരിരക്ഷ ലഭിക്കണമെന്നുമാണ് ഹൈക്കോടതി മുന്‍പാകെയുണ്ടായ പ്രതികളുടെ മറ്റൊരു വാദം, മത്സ്യത്തൊഴിലാളികളെ വെടിവെച്ചത് കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണെന്നും വാദമുണ്ടായി. ഇതെല്ലാം ഉന്നയിച്ചെങ്കിലും പ്രതികളുടെ മുഴുവന്‍ വാദങ്ങളും നിരാകരിച്ചുകൊണ്ടും കേരള പൊലീസിന്റെ നടപടി ശരിവെച്ചുകൊണ്ടുമാണ് ഹൈക്കോടതി പ്രതികളുടെ ഹര്‍ജി തള്ളിയത്. പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും ഹൈക്കോടതിയില്‍ ബോധിപ്പിച്ച ഹര്‍ജിയില്‍ വിധി വരുന്നതിനു മുന്‍പേത്തന്നെ പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും ചേര്‍ന്ന് സമാനമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദ് ചെയ്യാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ബോധിപ്പിച്ച അപ്പീലും സുപ്രീംകോടതിയില്‍ ബോധിപ്പിച്ച റിട്ട് ഹര്‍ജിയും ഒരുമിച്ച് വാദം കേട്ട സുപ്രീംകോടതി പ്രതികളുടേയും ഇറ്റാലിയന്‍ സര്‍ക്കാരിന്റേയും വാദങ്ങള്‍ പാടെ നിരാകരിച്ചുകൊണ്ട് പിന്നീട് തള്ളുകയുണ്ടായി. സംഭവം സമുദ്രാതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനപ്പുറത്തുള്ള കൊണ്ടിനന്റല്‍ ഷെല്‍ഫിനകത്തായതുകൊണ്ടും, കേരളം രാജ്യത്തെ ഒരു ഫെഡറല്‍ യൂണിറ്റ് മാത്രമായതുകൊണ്ടും കേസ് ഡല്‍ഹിയില്‍ എന്‍.ഐ.എ കേസ് അന്വേഷിക്കാനും  പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു. പ്രതികളെ കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കെത്തിക്കാനും പ്രതികള്‍ സുപ്രീംകോടതിയുടെ അനുമതി കൂടാതെ ഡല്‍ഹി വിടാന്‍ പാടില്ലെന്നും, അവര്‍ ചാണക്യപുരി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുന്‍പാകെ ആഴ്ചയിലൊരിക്കല്‍ ഒപ്പിടണമെന്നും ഇറ്റാലിയന്‍ അംബാസഡറുടെ മേല്‍നോട്ട ചുമതലയില്‍ കഴിയണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞു. പ്രതികളുടെ പാസ്പോര്‍ട്ട് കൊല്ലത്തെ കേസ് പരിഗണിക്കുന്ന വിചാരണ കോടതിയില്‍നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശത്തില്‍ സൂക്ഷിക്കാനും കോടതി വിധിയുണ്ടായി.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുക്കുകയും ഏഴ് മാസങ്ങള്‍കൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ നാവികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന 5.56 എം.എം. ഓട്ടോമാറ്റിക്ക് ബെറിറ്റ റൈഫിളില്‍നിന്നും 20 തവണ വെടിവെച്ചുവെന്നും വൈകിട്ട് നാലര മണിക്കു തെളിഞ്ഞ ചക്രവാളമായിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തി. കപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചുവെന്നും മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി വെടിവെച്ചുവെന്നുമൊക്കെയുള്ള പ്രതികളുടേയും ഇറ്റാലിയന്‍ സര്‍ക്കാരിന്റേയും മുടന്തന്‍ വാദങ്ങളുടെ മുന ഇതോടെ ഒടിഞ്ഞു.

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അന്നത്തെ യു.ഡി.എഫ് ഗവണ്‍മെന്റും കേന്ദ്രത്തിലെ യു.പി.എ ഗവണ്‍മെന്റും ഏറെ കര്‍ക്കശമായ രീതിയിലായിരുന്നു കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഒരു സാഹചര്യത്തിലും വിചാരണ പൂര്‍ത്തിയാവുന്നതിന് മുന്‍പ് ജാമ്യം ലഭിക്കരുതെന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ടു തന്നെ കേരള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. 

പിന്നീട് സുപ്രീംകോടതി വിധിയോടെ തുടരന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കായി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിക്കായി 2013 നവംബര്‍ മാസത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കുറ്റപത്രം അയക്കുകയും ചെയ്തു. എന്‍.ഐ.എയുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ പ്രതികള്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികളോടൊത്ത് ചരക്കു കപ്പലിലുണ്ടായിരുന്ന മറ്റ് നാവികര്‍ക്ക് നിരന്തരം സമന്‍സയച്ചിട്ടും എന്‍.ഐ.എ മുന്‍പാകെ ഹാജരാകാതെ കേസന്വേഷണവുമായി നിസ്സഹകരിച്ച് അന്വേഷണം സ്തംഭിപ്പിക്കാനും നീക്കമുണ്ടായിരുന്നു. 

പിന്നീട് എന്‍.ഐ.എയുടെ കേസന്വേഷണത്തെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതിയുടെ അനുമതിയോടെ വോട്ട് ചെയ്യാന്‍ ഇറ്റലിയില്‍ പോയ പ്രതികള്‍ ഇനി ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന് ഇറ്റലിയിലെ വിദേശ മന്ത്രാലയം 2013 മാര്‍ച്ച് 10 പരസ്യ പ്രഖ്യാപനം നടത്തി. തുടര്‍ന്നു പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും സുപ്രീംകോടതിയുടെ ശാസന ഏറ്റുവാങ്ങി. പ്രതികള്‍ ഇന്ത്യയിലേക്ക് തിരികെ വരുന്നതുവരെ ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്നുവരെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കേന്ദ്രസമീപനം സംശയാസ്പദം

കേസന്വേഷണത്തേയും വിചാരണയേയും അട്ടിമറിക്കാന്‍ പ്രതികളും ഇറ്റാലിയന്‍ സര്‍ക്കാരും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനുശേഷം ഇന്ത്യന്‍ നിയമത്തിന്റെ പിടിയില്‍നിന്നും ഇനി രക്ഷപ്പെടാനാകില്ലെന്ന് പ്രതികള്‍ക്കും അവരുടെ രാജ്യത്തെ ഗവണ്മെന്റിനും ബോധ്യമായി. അതിനുശേഷം ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്രതലത്തില്‍ നടത്തിയ ഒരു നീക്കമായിരുന്നു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത് കടല്‍ക്കൊള്ള തടയാനാണെന്നും കപ്പലും ബോട്ടും കൂട്ടിമുട്ടിയതാണെന്നൊക്കെയുള്ള വാദങ്ങള്‍ ഉന്നയിച്ച് അന്താരാഷ്ട്ര കടല്‍ നിയമ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ച നടപടി. അതിനിടയിലാണ് ഇന്ത്യയില്‍ ഭരണമാറ്റം സംഭവിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറി. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു പ്രതികള്‍ക്കും ഇറ്റാലിയന്‍ സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ കേസിലെ നടപടികളെ സംശയാസ്പദമാക്കുന്നു.

2014 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഭരണമാറ്റം ഉണ്ടായതോടെ ഇറ്റാലിയന്‍ നാവികരുടെ കേസിന്റെ ഗതി പാടേ തകിടം മറിഞ്ഞു. യു.പി.എ ഭരണ കാലത്ത് 2012 ഡിസംബറില്‍ ക്രിസ്തുമസ്സ് ആഘോഷത്തിനായി ഹൈക്കോടതിയുടെ അനുമതിയോടെ ഇറ്റലിയില്‍ പോയ നാവികര്‍ നിശ്ചിത തീയതിക്ക് ആറ് ദിവസം മുന്‍പെ തിരിച്ചുവന്ന് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. 2014 ഡിസംബറില്‍ നാവികര്‍ ഇറ്റലിയില്‍ പോകാന്‍ അനുമതി ചോദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. അതോടുകൂടി പ്രതികള്‍ ഇറ്റലിയിലേക്കു പോയി. 

ഡല്‍ഹി എന്‍.ഐ.എ കോടതിയിലെ വിചാരണ സ്റ്റേ ആരംഭിക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടായി. ഈയൊരു അവസരം മുതലെടുത്താണ് ഇറ്റലി ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര കടല്‍ നിയമ ഉടമ്പടി (യുന്‍ക്ലോസ്) അനുസരിച്ച് രൂപീകൃതമായ കടല്‍ നിയമ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടുകൂടിയാണ് നാവികരുടെ കേസിന്റെ അട്ടിമറിയുടെ തുടക്കം. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിലെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ എന്‍.ഐ.എ കോടതിയിലെ വിചാരണ സംബന്ധിച്ച്  ഇറ്റലി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മൃദുസമീപനം കൈക്കൊണ്ടു. വിചാരണ സ്റ്റേ ചെയ്യപ്പെട്ടു.

കടല്‍ നിയമ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ കക്ഷിരാഷ്ട്രങ്ങള്‍ തമ്മില്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ സംബന്ധിച്ച നിര്‍വ്വചനങ്ങളെ തുടര്‍ന്നുണ്ടാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഒരു സ്വതന്ത്ര തര്‍ക്കപരിഹാര സ്ഥാപനമാണ്. ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച് കക്ഷിരാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി നാല് വ്യത്യസ്ത തലങ്ങളിലായാണ് തര്‍ക്കപരിഹാരങ്ങള്‍ക്കായി വ്യവസ്ഥ. അന്താരാഷ്ട്ര കടല്‍ നിയമ ട്രൈബ്യൂണല്‍, അന്താരാഷ്ട്ര നീതിന്യായ കോടതി, ഉടമ്പടിയിലെ ഏഴും എട്ടും അനുബന്ധങ്ങള്‍ അനുസരിച്ചുള്ള ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലുകള്‍ എന്നിവയാണ് അവ. അനുബന്ധം ഏഴ് അനുസരിച്ചുള്ള ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെയാണ് ഇറ്റലി ഇന്ത്യക്കെതിരെ നീങ്ങിയത്. ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച് ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രം ഒരു അവകാശപത്രിക ബോധിപ്പിച്ചാല്‍ എതിര്‍ കക്ഷിരാഷ്ട്രം തങ്ങള്‍ക്കും സ്വീകാര്യമായ ആര്‍ബിട്രേറ്റര്‍മാരുടെ പേരു വിവരം നല്‍കിക്കൊണ്ട് ഭൂരിപക്ഷമനുസരിച്ചാണ് തീര്‍പ്പ് കല്പിക്കുക. ആര്‍ബിട്രേറ്റര്‍മാരുടെ മുഴുവന്‍ ചെലവുകളും ഇരുരാഷ്ട്രങ്ങളും തുല്യമായി വഹിക്കണമെന്നാണ് അനുബന്ധം ഏഴിലെ ഏഴാം അനുഛേദപ്രകാരമുള്ള വ്യവസ്ഥ.

നാവികര്‍ക്കെതിരെ കൊലക്കുറ്റം തുടങ്ങി  വിവിധ വകുപ്പുകളനുസരിച്ച് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തതും എന്‍.ഐ.എ തുടരന്വേഷണം പൂര്‍ത്തിയാക്കിയതുമായ കേസിന്റെ നിയമ സാധുത രാജ്യത്തെ പരമോന്നത നീതിപീഠം പോലും ശരിവെച്ചപ്പോള്‍, ഒരു നാവിക തര്‍ക്കം എന്ന നിലയില്‍ സംഭവത്തെ നിസ്സാരവല്‍ക്കരിച്ച് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ കേസ് എത്തി എന്നതാണ് ഏറെ വിചിത്രം. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ എത്തണമെങ്കില്‍ ഇരുരാഷ്ട്രങ്ങളും സമ്മതിക്കണമെന്നാണ് യുന്‍ക്ലോസ് ഉടമ്പടിയിലെ അനുഛേദം 22 വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇരട്ട കടല്‍ കൊലപാതക കേസിനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറ്റാന്‍ ഇറ്റലിക്കു സാധിക്കുമാറ് ഇന്ത്യ എന്തുകൊണ്ട് ആര്‍ബിട്രേഷന്‍ നടപടികള്‍ക്ക് സമ്മതിച്ചുവെന്നതാണ് ചോദ്യം. ഇറ്റലിയുടെ ചതിക്കുഴിയില്‍ ഇന്ത്യ വീണതോ, അതോ ഇറ്റലിയുടെ ചതിയില്‍ ഇന്ത്യ പങ്കാളിയായോ എന്നതാണ് പരിശോധിക്കേണ്ടത്. 

തങ്കശേരി സ്വ​ദേശിയായ ജെലിസ്റ്റിന്റെ സംസ്കാര ചടങ്ങ്. ഭാര്യ ഡോറയും മകൻ ഡെറിക്കുമാണ് ചിത്രത്തിൽ (ഫയൽ ചിത്രം)
തങ്കശേരി സ്വ​ദേശിയായ ജെലിസ്റ്റിന്റെ സംസ്കാര ചടങ്ങ്. ഭാര്യ ഡോറയും മകൻ ഡെറിക്കുമാണ് ചിത്രത്തിൽ (ഫയൽ ചിത്രം)

നാവിക തര്‍ക്കമാകുന്ന കൊലപാതകക്കുറ്റം

യുന്‍ക്ലോസ് 97-ാം അനുഛേദമനുസരിച്ചുള്ള നടപടി വെറും നാവികത്തര്‍ക്കം മാത്രമാണ്. അല്ലാതെ ഡല്‍ഹി എന്‍.ഐ.എ കോടതിയുടെ പരിഗണനയിലുള്ള കൊലപാതക കുറ്റം സംബന്ധിച്ച 'തര്‍ക്ക'മല്ല. യുന്‍ക്ലോസ് അനുസരിച്ചുള്ള നാവികത്തര്‍ക്കമാണ് കേസിനാസ്പദമായ സംഭവമെന്നും പ്രതികള്‍ ഇറ്റലി മിലിട്ടറിയുടെ നാവിക വിഭാഗത്തില്‍പ്പെട്ടവരെന്ന നിലയില്‍ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്നും പരമാധികാര പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന പ്രതികളുടെ മുഴുവന്‍ വാദങ്ങളും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പാടെ നിരാകരിച്ചതാണ്. 

ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള സുരക്ഷാജോലിയാണെന്ന ഇറ്റലിയുടേയും പ്രതികളുടേയും വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചതുമാണ്. കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതികളെ കൊലക്കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യാനും ഉത്തരവിട്ടു. സംഭവം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കപ്പുറത്തായതിനാല്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ പാടില്ലെന്ന പ്രതികളുടേയും ഇറ്റലിയുടേയും വാദവും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും നിരാകരിച്ചിരുന്നു. 

1976-ലെ 40-ാം ഭരണഘടനാ ഭേദഗതി നിയമമനുസരിച്ച് അനുഛേദം 292(3) മാറ്റിയെഴുതുകയും ഇന്ത്യയുടെ പ്രാദേശിക ജലാതിര്‍ത്തിയുടേയും കോണ്ടിനെന്റല്‍ ഷെല്‍ഫിന്റേയും അനന്യ സാമ്പത്തിക മേഖലയുടേയും അതിര്‍ത്തികള്‍ പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന ഏതെങ്കിലും നിയമത്താല്‍ അപ്പോഴപ്പോള്‍ നിര്‍ദ്ദേശിക്കും വിധം ആയിരിക്കുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതി ചെയ്യപ്പെട്ട ഈ അനുഛേദമനുസരിച്ച് പാര്‍ലമെന്റ് പാസ്സാക്കിയ 1976-ലെ ടെറിട്ടോറിയല്‍ വാട്ടേഴ്‌സ്, കോണ്ടിനെന്റല്‍ ഷെല്‍ഫ്, അനന്യ സാമ്പത്തിക സോണ്‍ ആന്റ് അദര്‍ മാരിറ്റൈം സോണ്‍ ആക്ട്  1976 ആഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തിലായതാണ്. ഈ നിയമത്തിലെ 7(7) ഉപവകുപ്പനുസരിച്ച് ഇന്ത്യാ ഗവണ്‍മെന്റ് 1981 ആഗസ്റ്റ് 27-ന് പുറപ്പെടുവിച്ച എസ്.ഒ. 671 (ഇ) നമ്പര്‍ വിജ്ഞാപനമനുസരിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം ഇന്ത്യയുടെ സമുദ്ര തീരത്തുനിന്നും 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവരെ വ്യാപിച്ചു കിടക്കുന്ന അനന്യ സാമ്പത്തിക മേഖലവരെ ബാധകമാക്കിയിട്ടുണ്ടായിരുന്നു. 

മേല്‍ കേസിനാസ്പദമായ സംഭവം 20.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തു സംഭവിച്ചതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റിന് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കൊലക്കുറ്റം ചുമത്താന്‍ അധികാരമുണ്ടെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാദങ്ങള്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചുകൊണ്ടായിരുന്നു പ്രതികളുടേയും ഇറ്റലിയുടേയും ഹര്‍ജികള്‍ തള്ളി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുനയൊടിഞ്ഞ ഇറ്റലിയുടെ വാദങ്ങള്‍ -നാവിക തര്‍ക്കമണെന്നും, കടല്‍ക്കൊള്ള തടയുന്നതിന്റെ ഭാഗമായുള്ള നടപടിയുടെ ഭാഗത്ത് വെടിവെച്ചതെന്നൊക്കെയുള്ള കാര്യങ്ങള്‍- അവലംബിച്ച് അന്താരാഷ്ട്ര കടല്‍ നിയമ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെയുള്ള ഒരു നാവിക തര്‍ക്കമാക്കിത്തീര്‍ത്ത്, കേസ് അട്ടിമറിക്കാനുള്ള ആര്‍ബിട്രേഷന്‍ നടപടിയില്‍ ഇരകളുടെ താല്പര്യത്തിനെതിരായി കേന്ദ്ര ഗവണ്‍മെന്റ് പ്രവൃത്തിച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. തെളിഞ്ഞ ചക്രവാളമുള്ള ഒരു സായാഹ്നത്തില്‍ ഇറ്റാലിയന്‍ കപ്പലില്‍നിന്നും നൂറു മീറ്റര്‍ ദൂരത്തു കൂടി സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിലുള്ള കൂട്ടിയിടിയായിരുന്നെന്ന് ഇറ്റലി മെനഞ്ഞ കള്ളക്കഥ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചു? സത്യത്തില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ഇന്ത്യയിലെ എന്‍.ഐ.എ കോടതിയില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റവിചാരണ അട്ടിമറിക്കാനും  ഇറ്റലിയിലെ സര്‍ക്കാര്‍ സൃഷ്ടിച്ച ചതിക്കുഴിയില്‍ കേന്ദ്ര സര്‍ക്കാര്‍ വീണതാണോ അല്ലെങ്കില്‍ ഇറ്റലി നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായതാണോ എന്നതാണ് അന്വേഷിക്കേണ്ട വിഷയം.

'യുന്‍ക്ലോസ്' ഉടമ്പടിയനുസരിച്ചുള്ള ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ സുപ്രീംകോടതിയുടെ മുകളിലുള്ള അപ്പീല്‍ക്കോടതിയല്ല. ഇന്ത്യയില്‍ പ്രാബല്യത്തിലുള്ള നിയമമനുസരിച്ച് വിചാരണയിലിരിക്കുന്ന നാവികര്‍ക്കെതിരെ സുപ്രീംകോടതി ശരിവെച്ച കേസിന്റെ നിയമ സാധുത പുനഃപരിശോധിക്കാന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന് അധികാരമില്ല. 

ഇരകളുടെ വാദം കേള്‍ക്കാതെ നാവികര്‍ക്കെതിരെ ഡല്‍ഹി എന്‍.ഐ.എ കോടതിയുടെ പരിഗണനയിലിരിക്കുന്ന കുറ്റവിചാരണ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ല. കേസിനാസ്പദമായ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി കൊണ്ട് ഇരകള്‍ക്ക് കാര്യമായ യാതൊരു ഫലവും ലഭിക്കില്ല. സംഭവത്തിനുശേഷം നാവികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ ഇരകള്‍ക്ക് തുച്ഛമായ പണം നല്‍കി ഇറ്റാലിയന്‍ അധികൃതര്‍ ലക്ഷ്യം വാങ്ങിയിട്ടുണ്ടായിരുന്നു. ആ ലക്ഷ്യരേഖകള്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ മുന്‍പാകെ ഹാജരാക്കി ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്നും ഒഴിഞ്ഞുമാറാനും ഇടയുണ്ട്. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധിക്കനുസരിച്ച്, ഇറ്റലി സര്‍ക്കാരും പ്രതികളും ചേര്‍ന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹര്‍ജികളില്‍ തീര്‍പ്പ് കല്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് 2020 ജൂലൈ രണ്ടിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഫലത്തില്‍ ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ നാവികര്‍ക്കെതിരെയുള്ള കുറ്റവിചാരണ അവസാനിപ്പിക്കാന്‍ കേന്ദ്രത്തിനാണ് കൂടുതല്‍ താല്പര്യമെന്നര്‍ത്ഥം. കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനത്തില്‍നിന്നും മനസ്സിലാക്കാനാകുന്നത് നാവികര്‍ക്ക് കുറ്റമുക്തി നേടിക്കൊണ്ട് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലില്‍നിന്നും വിധി സമ്പാദിക്കുന്ന നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു എന്നാണ്.

ഭരണഘടനാപ്രശ്‌നവും ദേശസുരക്ഷയും

ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യനതിര്‍ത്തിയില്‍ ജീവിക്കുന്ന സ്വദേശിയുടേയും വിദേശിയുടേയും ജീവനും വ്യക്തിസ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ ഭരണഘടന അനുഛേദം 21 അനുസരിച്ച് ബാദ്ധ്യസ്ഥമായ കേന്ദ്ര ഗവണ്‍മെന്റ്, മറ്റൊരു വിദേശരാജ്യവുമായി ചേര്‍ന്ന് സുപ്രീംകോടതി വിധിപോലും പാടെ വിസ്മരിച്ച് ഇരകളുടെ അവകാശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കേസിലെ പ്രതികളെ കുറ്റവിചാരണ ചെയ്തു കിട്ടണമെന്ന ആവശ്യവുമായി ഇരകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ സാധിക്കുമോയെന്ന ഭരണഘടനാ പ്രശ്‌നമാണ് നിയമവൃത്തങ്ങളിലെ സജീവ ചര്‍ച്ച. ഇരട്ട കടല്‍ കൊലക്കേസിലെ ഇറ്റാലിയന്‍ നാവികരെ വിചാരണ കൂടാതെ കുറ്റമുക്തമാക്കിയ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന്റെ വിധി നിയമമായി അംഗീകരിച്ചാല്‍ ഭാവിയില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ  ഒരു ദേശസുരക്ഷാ പ്രശ്‌നമായി അതു മാറും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പരമാധികാരത്തേയും രാജ്യസുരക്ഷയേയും മുന്‍നിര്‍ത്തി ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധി പുനഃപരിശോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതാണ്.

(ലേഖകന്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍കേരള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com