മലയാളത്തിന്റെ അംബാസിഡര്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ തമിഴ് വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ കെ.വി.  ജയശ്രീയെക്കുറിച്ച്
മലയാളത്തിന്റെ അംബാസിഡര്‍

ലയാള ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു കുടുംബം തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉണ്ട്. സമകാലിക മലയാള കൃതികള്‍ തമിഴിലേക്കു മൊഴിമാറ്റി ലോകമെമ്പാടും എത്തിക്കുക എന്നതാണ് അവരുടെ  ഇപ്പോഴത്തെ ലക്ഷ്യം.

മലയാള കൃതികള്‍ ചെന്നെത്താത്തിടത്തുപോലും അവരുടെ തമിഴ് പരിഭാഷകള്‍ എത്തുന്നു. തമിഴ്നാട്ടിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങള്‍ ആവുന്നു. മലയാളി എഴുത്തുകാര്‍ സ്വപ്നം കാണാത്ത തലങ്ങളിലേക്ക് അവരുടെ പുസ്തകങ്ങള്‍ ഉയരുന്നു. കെ.വി. ജയശ്രീ, കെ.വി. ശൈലജ എന്നീ സഹോദരിമാരാണ് ഈ വിവര്‍ത്തന യജ്ഞം നടത്തുന്നത്. ജയശ്രീയുടെ ഭര്‍ത്താവും മകളും ഇതില്‍ പങ്കാളികളാണ്. ഇവര്‍  നടത്തുന്ന പരിഭാഷകള്‍ പ്രസിദ്ധീകരിക്കാനായി സ്വന്തമായൊരു പ്രസാധനശാലയും ഉണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ  ഇത്തവണത്തെ തമിഴ് വിവര്‍ത്തന പുരസ്‌കാരം കെ.വി. ജയശ്രീക്ക് ലഭിച്ചു.  സഹോദരി  കെ.വി.  ശൈലജ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു.

പാലക്കാട്ടുകാരന്‍ വാസുദേവന്‍ തൊഴില്‍തേടി ചെറുപ്പത്തില്‍ത്തന്നെ നാടുവിട്ടു. സഹോദരീ ഭര്‍ത്താവ് സേലത്തു നടത്തുന്ന ഇലക്ട്രിക്ക് കടയില്‍ ജോലിക്കാരനായി ചേര്‍ന്നു. അപ്പോള്‍ വാസുദേവന് പത്തുവയസ്സ്. യൗവ്വനകാലം മുഴുവന്‍ അവിടെ കഴിഞ്ഞു. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ വിവാഹിതനായി. പാലക്കാട്ടുകാരിതന്നെയായ മാധവിയാണ് വധു. മാധവിക്കു വയസ്സ് പതിനഞ്ച്. അക്കാലത്താണ് സ്വന്തമായി ഒരു ഇലക്ട്രിക്ക് കട തുടങ്ങണമെന്ന ആഗ്രഹം ഉണ്ടാവുന്നത്. അതിനുവേണ്ടി തമിഴ്നാട്ടിലൂടെ യാത്രചെയ്തു. ഒടുവില്‍ എത്തിച്ചേര്‍ന്നത് തിരുവണ്ണാമലയിലാണ്. തിരുവണ്ണാമലയിലെ ആദ്യത്തെ ഇലക്ട്രിക്ക് കട വാസുദേവന്റേതാണ്. വാസുദേവനും  മാധവിക്കും മൂന്നു പെണ്‍കുട്ടികള്‍. സുജാത, ജയശ്രീ, ശൈലജ. മൂന്നുപേരെയും തിരുവണ്ണാമലയിലെ തമിഴ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. അതിനിടെ അച്ഛന്‍ വാസുദേവന്‍ അന്തരിച്ചു. അമ്മയാണ് പിന്നീട് വളര്‍ത്തിയത്. അമ്മ മാധവിക്ക് തമിഴ് വായിക്കാനും എഴുതാനും അറിയില്ലായിരുന്നു. അമ്മയും മക്കളും വീട്ടില്‍ സംസാരിക്കുന്നത് മലയാളം. മക്കള്‍ സ്‌കൂളില്‍ പോയി പഠിച്ച തമിഴ്  വൈകിട്ട് അവര്‍ അമ്മയെ പഠിപ്പിക്കും. പാഠപുസ്തകങ്ങള്‍ക്കു പുറമെ  അടുത്ത വീടുകളില്‍ പോയി തമിഴ് പുസ്തകങ്ങള്‍  വാങ്ങി വായിക്കും. അമ്മയും മക്കളും വായനയിലാണ് അന്ന് സന്തോഷം കണ്ടെത്തിയിരുന്നത്. ജയശ്രീ മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അമ്മ നന്നായി തമിഴ് പഠിച്ചുകഴിഞ്ഞു. അക്കാലം ജയശ്രീ ഓര്‍ത്തു: ''തമിഴിലെ സമകാലികരായ എല്ലാ എഴുത്തുകാരേയും ഞങ്ങള്‍ വായിച്ചു. വാസന്തി, ശിവശങ്കരി, ഇന്ദുമതി തുടങ്ങിയവരുടെ കൃതികള്‍ പരിചയപ്പെട്ടു. കോളേജ് പഠനത്തിനു പോയപ്പോഴാണ് ആധുനിക തമിഴ് സാഹിത്യം വായിച്ചത്. അത് വായനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.''

ജയശ്രീ മലയാളം വായിക്കാനും എഴുതാനും പഠിച്ചത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാണ്. നാട്ടില്‍നിന്നു വരുന്നവര്‍ കൊണ്ടുവരുന്ന മാസികകള്‍ തപ്പിത്തടഞ്ഞു വായിക്കാന്‍ തുടങ്ങി. പ്രയാസമുള്ള വാക്കുകള്‍ അമ്മ പഠിപ്പിച്ചു. മലയാളം പഠനത്തില്‍ ജയശ്രീക്ക് ഹരം കയറി. ബി  എക്ക് തമിഴാണ് മുഖ്യവിഷയമായി തെരഞ്ഞെടുത്തത്. ആദ്യ മലയാള വിവര്‍ത്തനം പരീക്ഷിച്ചത് ആ സമയത്താണ്. ജയശ്രീ പറയുന്നു: ''കോളേജ് മാഗസിനിലേക്ക് കഥ അയക്കണമെന്നു തോന്നി. അന്ന് കയ്യിലുണ്ടായിരുന്ന പഴയൊരു മലയാളം പുസ്തകത്തിലെ 'തച്ചോളി അമ്പു' എന്ന കഥ തമിഴിലേക്ക് വിവര്‍ത്തനം നടത്തി. അത് കുറേക്കൂടി വിപുലമാക്കി ഒരു നാടകമാക്കി മാറ്റി. 1989-ല്‍ പുറത്തുവന്ന മാഗസിനില്‍ ആ  രചന അച്ചടിച്ചു വന്നു.  അതാണ് ആദ്യ വിവര്‍ത്തനം. ആ രചനയ്ക്കു കിട്ടിയ പ്രോത്സാഹനമാണ് പിന്നീടുള്ള വിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്.''

തുടക്കം സക്കറിയ കഥയില്‍

ജയശ്രീ ആദ്യം വിവര്‍ത്തനം നടത്തിയത് സക്കറിയയുടെ ഒരു രചനയാണ്. 'മനശ്ശാസ്ത്രജ്ഞനോട് ചോദിക്കാം'  എന്ന കഥ 'ഇരണ്ടാം കുടിയേറ്റം'  എന്ന പേരില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനു വലിയ പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് നിരവധി കഥകള്‍ പരിഭാഷപ്പെടുത്തി. ജയശ്രീ 12 പരിഭാഷ പുസ്തകങ്ങള്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ 5 എണ്ണം സക്കറിയയുടേതാണ്. 'ഇത് താന്‍ പേര്‍', 'ഇരണ്ടാം കുടിയേറ്റം',  'യേശുകഥകള്‍ അല്‍ഫോണ്‍സാവിന്‍ മരണവും ഇരുദി ചടങ്ങും', 'സക്കറിയയുടെ തിരഞ്ഞെടുത്ത കഥകള്‍' എന്നിവയാണ് പുസ്തകങ്ങള്‍. സക്കറിയയുടെ കഥകള്‍ക്ക് വലിയ സ്വീകരണമാണ് തമിഴില്‍ ലഭിച്ചത്. ജയശ്രീ ഒരു അനുഭവം പറഞ്ഞു: '84 വയസ്സുള്ള പദ്മനാഭന്‍ എന്നൊരു വായനക്കാരന്‍ എന്നെ വിളിച്ചു സക്കറിയയുടെ കഥകളുടെ മജ്ജയും മാംസവും ഈ പരിഭാഷകളില്‍ ഉണ്ടെന്നു പറഞ്ഞു. കഥകളുടെ ഓരോ വരിയിലൂടെയും കടന്നുപോകുമ്പോള്‍ ഞാന്‍ ജയശ്രീയെ കാണുന്നു. നിങ്ങള്‍ സക്കറിയയായിത്തന്നെ മാറുന്നു. എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്. തമിഴിലെ വലിയ എഴുത്തുകാരനായ പ്രപഞ്ചന്‍ ആണ് ആദ്യകാലം മുതല്‍ പ്രോത്സാഹനം നല്‍കിയത്. സക്കറിയ കഥകളുടെ പരിഭാഷ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. സുന്ദര രാമസ്വാമിയെപ്പോലുള്ള വലിയ എഴുത്തുകാരും പ്രോത്സാഹിപ്പിച്ചു. ഇത്തരം പ്രോത്സാഹനങ്ങളാണ് ജയശ്രീക്ക് ഊര്‍ജ്ജം നല്‍കിയത്. രണ്ടു കവിതാസമാഹാരങ്ങള്‍ വിവര്‍ത്തനം നടത്തി. ശ്യാമള ശശികുമാറിന്റെ നിശ്ശബ്ദം ആണ് ആദ്യം വിവര്‍ത്തനം ചെയ്തത്.''

ജയശ്രീ കുറേക്കാലം അടിമാലിയില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നത് അവിടെവെച്ചായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് അവിടെ വന്നിരുന്നു. അദ്ദേഹമാണ് ഈ കവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ ജയശ്രീയെ പ്രേരിപ്പിച്ചത്. പിന്നീട് എ. അയ്യപ്പന്റെ കവിതകള്‍ പരിഭാഷപ്പെടുത്തി. 'വാര്‍ത്തകള്‍ കടക്കാത്ത തീവില്‍' എന്ന പേരില്‍ അത് പുറത്തുവന്നു. പരിഭാഷ പുറത്തുവരും മുന്‍പ് അയ്യപ്പന്‍ യാത്രയായി. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ഒറ്റവാതില്‍' എന്ന കഥാസമാഹാരത്തിന്റെ വിവര്‍ത്തനം ജയശ്രീ വളരെ ആസ്വദിച്ചു ചെയ്ത വിവര്‍ത്തനമാണ്. സമകാല മലയാള സാഹിത്യത്തിലെ ജ്വലിക്കുന്ന മുഖമാണ് സന്തോഷിന്റെ കഥകള്‍ എന്ന് ജയശ്രീ പറയുന്നു. 'ഒട്രൈകതവ്' എന്ന പേരിലാണ് പുസ്തകം ഇറങ്ങിയത്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ബിരിയാണി' എന്ന കഥയും പിന്നീട് പരിഭാഷപ്പെടുത്തി. ജയശ്രീക്ക് യാത്രയോട് വലിയ താല്പര്യം ഉണ്ട്.  ഹിമാലയത്തില്‍ പോകണമെന്ന് ആഗ്രഹിച്ചു. പക്ഷേ, നടന്നില്ല. ഷൗക്കത്തിന്റെ ഹിമാലയ സഞ്ചാര പുസ്തകം വിവര്‍ത്തനം ചെയ്താണ് ആ ആഗ്രഹം നിറവേറ്റിയത്. വിവര്‍ത്തനം ചെയ്യുന്ന കാലത്ത് ഷൗക്കത്ത് തിരുവണ്ണാമലയില്‍ അയല്‍വാസിയായി താമസിച്ചിരുന്നു.

മനോജ് കുറൂരിന്റെ 'നിലം പൂത്തു മലര്‍ന്ന നാള്‍' എന്ന നോവലിന്റെ പരിഭാഷ ജയശ്രീയുടെ പരിഭാഷയിലെ ഒരു വഴിത്തിരിവായി. ''ഞങ്ങള്‍ കുടുംബസമേതം കുറ്റാലത്തേക്ക് യാത്രപോയി. ആ യാത്രയ്ക്കിടയിലാണ് തമിഴ് എഴുത്തുകാരന്‍ ജയമോഹനനെ കാണുന്നത്. അദ്ദേഹമാണ് മനോജിന്റെ നോവലിനെക്കുറിച്ച് പറയുന്നത്. തമിഴ് പാരമ്പര്യവുമായി ബന്ധമുള്ള നോവല്‍ വായിച്ചെന്നും അതിന് അവതാരിക എഴുതിക്കൊടുത്തുവെന്നും പറഞ്ഞു. ഈ പ്രത്യേകത മനസ്സിലാക്കിയ ഞാന്‍ മനോജിനെ വിളിച്ചു. എനിക്ക് മാനുസ്‌ക്രിപ്റ്റ് അയച്ചുതന്നു. അപ്പോള്‍ നോവല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. നോവലില്‍ പറയുന്ന തമിഴ് സംഘകാലവുമൊക്ക ഞാന്‍ പഠിച്ചിട്ടുള്ളതാണ്  ഈ നോവലിന്റെ പരിഭാഷ തമിഴ് വായനക്കാര്‍ സ്വീകരിക്കുമോ എന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു. മലയാളത്തില്‍ പുസ്തകം ഇറങ്ങി ആറുമാസത്തിനകം പരിഭാഷ പൂര്‍ത്തിയാക്കി.'' 2016-ല്‍ പ്രസിദ്ധീകരിച്ചു. ജയശ്രീയുടെ ആശങ്കകള്‍ അസ്ഥാനത്തായി. തമിഴില്‍ നോവലിനു വലിയ സ്വീകരണം ലഭിച്ചു. മലയാളത്തേക്കാള്‍ ഏറെ  ചര്‍ച്ചചെയ്യപ്പെട്ടത് തമിഴില്‍ ആയിരുന്നുവെന്ന് ജയശ്രീ പറയുന്നു. നിരവധി വായനക്കാര്‍ എന്നെ വിളിച്ചു ഒറ്റയിരുപ്പില്‍ വായിക്കാന്‍ കഴിയുമെന്ന് പലരും പറഞ്ഞു. പുസ്തകം ഇറങ്ങിക്കഴിഞ്ഞ് ദിവസവും ഏതെങ്കിലും ഒരു വായനക്കാരന്‍ എന്നെ വിളിക്കും. ''ലോകത്ത് തമിഴ് ഭാഷ സംസാരിക്കുന്നിടത്തെല്ലാം നോവല്‍ എത്തി. ജര്‍മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വായനക്കാര്‍ നോവല്‍ വരുത്തി വായിച്ചു. തമിഴ്നാട്ടിലെ കോളേജുകളില്‍ പാഠപുസ്തകമായി. സിംഗപ്പൂര്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ കോപ്പികള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഈ പരിഭാഷയ്ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

ജയശ്രിയും ശൈലജയും
ജയശ്രിയും ശൈലജയും

ശൈലജയുടെ വിവര്‍ത്തനങ്ങള്‍

സമകാലിക മലയാള സാഹിത്യത്തിലെ നിരവധി കൃതികള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തി വരുന്നു. പക്ഷേ, എന്തുകൊണ്ട് തമിഴ് കൃതികള്‍ അധികമായി മലയാളത്തിലേക്ക് വരുന്നില്ല? ജയശ്രീ ചോദിക്കുന്നു. ''മലയാളത്തിലെപ്പോലെതന്നെ തമിഴ് സാഹിത്യത്തിലും വലിയ രചനകള്‍ ഉണ്ടാവുന്നുണ്ട്. വളരെ കുറച്ചു തമിഴ് എഴുത്തുകാരെ മാത്രമേ മലയാളികള്‍ക്ക് അറിയൂ. അതും പഴയകാലത്തെ പോപ്പുലര്‍ എഴുത്തുകാര്‍. പുതിയ എഴുത്തുകാരില്‍ പലരേയും മലയാളികള്‍ വായിച്ചിട്ടില്ല. ഉദാഹരണത്തിന് 100 ഓളം പുസ്തകങ്ങള്‍ എഴുതിയ സാഹിത്യകാരനാണ് എസ്.  രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ എത്ര കൃതികള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്? സുതമിഴ് സെല്‍വി, കണ്‍മണി, ഗുണശേഖരന്‍, അഴഗിരിസ്വാമി തുടങ്ങിയ സമകാലിക എഴുത്തുകാരുടെ രചനകളൊന്നും മലയാളത്തില്‍ വന്നിട്ടില്ല. ഉയര്‍ന്ന രാഷ്ട്രീയബോധവും  സാമൂഹിക കാഴ്ചപ്പാടും ഉള്ളവരാണ് മലയാളികള്‍. എന്നാല്‍, അവര്‍ മാറിവരുന്ന തമിഴ് രാഷ്ട്രീയത്തേയും  സംസ്‌കാരത്തേയും കുറിച്ച് വേണ്ട രീതിയില്‍ മനസ്സിലാക്കുന്നില്ല. ഞങ്ങള്‍ തകഴിയേയും ബഷീറിനേയുമൊക്ക ആദരിക്കുന്നവരാണ്. പക്ഷേ, എത്ര തമിഴ് എഴുത്തുകാരെ മലയാളികള്‍ ആദരിക്കുന്നു? ലോകസാഹിത്യത്തിലെ തന്നെ മികച്ച കൃതികള്‍ തമിഴിലുണ്ട്.'' ജയശ്രീയുടെ സാഹിത്യജീവിതം പരിഭാഷയില്‍ മാത്രം ഒതുങ്ങുന്നു. സ്വന്തം രചനകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ജയശ്രീയുടെ സഹോദരി ശൈലജ വിവര്‍ത്തകയായത് യാദൃച്ഛികമായാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണകളുടെ ഒരു അദ്ധ്യായത്തിന്റെ തമിഴ് പരിഭാഷ വായിച്ചു  അത് വളരെ ആകര്‍ഷിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ബാലചന്ദ്രന്‍ തിരുവണ്ണാമലയില്‍ എത്തി. അന്ന് വൈകിട്ട് ശൈലജയുടെ വീട്ടില്‍ കൂടിയ സ്വകാര്യ സദസ്സില്‍ ബാലചന്ദ്രന്‍ ചിദംബര സ്മരണകള്‍ തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ വായിച്ചു കേള്‍പ്പിച്ചു.  ഒരു കോപ്പി ഒപ്പിട്ടുനല്‍കി. ശൈലജ മലയാളം വായിക്കാന്‍ തുടങ്ങിയത് അവിടെനിന്നാണ്. ആദ്യം തപ്പിത്തടഞ്ഞു വായിച്ചു. പിന്നീട് വിവര്‍ത്തനം ചെയ്യണമെന്നു തോന്നി. ശൈലജ പറയുന്നു: ''ഈ പുസ്തകം വായിച്ചു തുടങ്ങിയതോടെ ഒരു അത്ഭുതലോകത്തില്‍ എത്തിയതുപോലെ തോന്നി. എല്ലാ കാര്യങ്ങളും തുറന്ന് എഴുതിയിരിക്കുന്നു. ഒന്നും മറച്ചുവെക്കുന്നില്ല. തമിഴില്‍ ഇത്തരമൊരു കൃതി വായിച്ചിട്ടില്ല. ചിദംബര സ്മരണകള്‍ എന്നെ വല്ലാതെ വേട്ടയാടി. അങ്ങനെ ആണ് ആ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയത്. ജയശ്രീയുടെ മകള്‍ സഹാനയാണ് പരിഭാഷയില്‍ സഹായിച്ചത്. ഒരു അദ്ധ്യായം വിവര്‍ത്തനം ചെയ്ത് ഭര്‍ത്താവ് ബവ ചെല്ലദുരൈയെ കാണിച്ചു. അദ്ദേഹം കൃത്യമായി അഭിപ്രായം പറയുന്നയാളാണ്. വിവര്‍ത്തനം നന്നായി എന്ന് ബവ പറഞ്ഞു:  അങ്ങനെ എല്ലാ അദ്ധ്യായങ്ങളും വിവര്‍ത്തനം നടത്തി.'' കെ.വി. ശൈലജ എന്ന വിവര്‍ത്തകയുടെ തുടക്കം അങ്ങനെ ആയിരുന്നു. 'ചിദംബരനിനൈവുകള്‍' എന്ന പുസ്തകം പെട്ടെന്ന് ജനപ്രിയമായി. പരിഭാഷ പുറത്തിറങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് ആവുന്നു. ഇപ്പോഴും ദിവസം ഒരു വായനക്കാരനെങ്കിലും വിളിക്കുകയോ  മെയില്‍ അയക്കുകയോ ചെയ്യും.

ചിദംബര സ്മരണകളുടെ വിവര്‍ത്തനം ശൈലജയുടെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടാക്കി. പുസ്തക പ്രകാശനം നടന്നത് ചെന്നൈയില്‍ ആയിരുന്നു. ആ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് വിവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്നു. ശൈലജയെ പരിചയപ്പെട്ട്  അഭിനന്ദിച്ചു. തന്റെ  കാഴ്ചപ്പാട് എന്ന പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ഏല്പിച്ചു. 'മൂന്നാംപിറൈ' എന്ന പേരില്‍ അത് വിവര്‍ത്തനം ചെയ്തു. അതോടെ മമ്മൂട്ടി അടുത്ത സുഹൃത്തായി മാറി. എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ വായിച്ചതോടെ അത് വിവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ കലാം ആസാദ് വഴി മാധവനെ പരിചയപ്പെട്ടു. അങ്ങനെയാണ് മാധവന്റെ പര്യായകഥകള്‍ വിവര്‍ത്തനം ചെയ്തത്. ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍', കെ.ആര്‍.  മീരയുടെ 'മോഹമഞ്ഞ', ഉമാപ്രേമന്റെ 'നിലാചോര്‍' എന്നിവയും വിവര്‍ത്തനം നടത്തി. ശൈലജ ഇപ്പോള്‍ രണ്ടു പുസ്തകങ്ങള്‍ ഒരേസമയം വിവര്‍ത്തനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അജയ് പി. മാങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, എം. മുകുന്ദന്റെ കഥകളുമാണ് ആ പുസ്തകങ്ങള്‍. ആത്മകഥാപരമായ കുറിപ്പുകള്‍ അടങ്ങിയ രണ്ട് പുസ്തകങ്ങള്‍ ശൈലജ തമിഴില്‍ എഴുതിയിട്ടുണ്ട്.

മലയാളത്തില്‍നിന്നും തമിഴിലേക്കുള്ള വിവര്‍ത്തനം അത്ര ലളിതം അല്ലെന്ന് ജയശ്രീയും ശൈലജയും പറയുന്നു. അവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി മലയാളത്തിലെ ഭാഷാഭേദം ആണ്. ഓരോ ജില്ലയ്ക്കും ഓരോ തരം ഭാഷയാണ് മലയാളത്തില്‍ ഉള്ളത്. തമിഴ്നാട്ടിലെ ഏതു പ്രദേശത്തിന്റെ ഭാഷയിലേക്ക് അതു മാറ്റും എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. സന്തോഷ് ഏച്ചിക്കാനത്തിനു കഥ വിവര്‍ത്തനം ചെയ്യുമ്പോള്‍ കണ്ണൂര്‍ ഭാഷയെ തമിഴ്നാടിന് ഏത് സ്ഥലവുമായി ബന്ധിപ്പിക്കും? എഴുത്തുകാരന്‍ ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ തമിഴില്‍ അതേപോലെ സൃഷ്ടിക്കണം. സംഭാഷണങ്ങളില്‍ അതിന്റെ ശക്തി ഉണ്ടാവണം. അതൊരു വെല്ലുവിളിയാണ്. ജയശ്രീ പറഞ്ഞു. ഈ ഭാഷാപ്രശ്നം മൂലം എനിക്ക് ഏറെ താല്പര്യമുള്ള നിരവധി കൃതികള്‍ പരിഭാഷപ്പെടുത്താതെ  മാറ്റിവെക്കേണ്ടിവന്നു. ശൈലിയും ഇക്കാര്യം ശരിവെയ്ക്കുന്നു.

തമിഴ്നാട്ടിലെ പുരോഗമന സാഹിത്യപ്രസ്ഥാനമായ മുര്‍പോക്ക് എഴുത്താളര്‍ സംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ ആയിരുന്നു ജയശ്രീയും ശൈലജയും. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളികളെ കണ്ടുപിടിച്ചതും. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ്സുകാരനായ ഉത്തിരം കുമാറിനെയാണ് ജയശ്രീ വിവാഹം ചെയ്തത്. ജാതിവ്യതാസം മൂലം ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായി. പക്ഷേ, ജയശ്രീ ഉറച്ചുനിന്നു. ഉത്തിരം കുമാര്‍ അടിമാലിയില്‍ വസ്ത്രവ്യാപാരം നടത്തിയിരുന്നു. അദ്ദേഹവും മലയാളം പഠിച്ചു വിവര്‍ത്തനങ്ങള്‍ നടത്തുന്നു. മകള്‍ സുഹാനയും പരിഭാഷ നടത്താറുണ്ട്.

ശൈലജ വിവാഹം ചെയ്തതും പ്രസ്ഥാനത്തിലെ പ്രധാന പ്രവര്‍ത്തകനായിരുന്ന ബവ ചെല്ലദുരൈയെയാണ്. തമിഴിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് അദ്ദേഹം. പത്തു വര്‍ഷം മുന്‍പ് എല്ലാവരും സജീവ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറി. ''സര്‍ഗ്ഗപ്രക്രിയയെ ആക്ടിവിസം ബാധിക്കുമെന്ന് അവര്‍ കണ്ടെത്തി. ആക്ടിവിസം ക്രിയേറ്റിവിറ്റിയെ ബാധിക്കുന്നു എന്ന് കണ്ടപ്പോഴാണ് അത് നിര്‍ത്തിയത്. പ്രസ്ഥാനം വിട്ടശേഷം ഞാന്‍ പത്തു പുസ്തകങ്ങളും  ബവ 13 പുസ്തകങ്ങളും എഴുതി.'' ശൈലജ പറഞ്ഞു. വിവര്‍ത്തന പുസ്തകങ്ങളും തമിഴ് പുസ്തകങ്ങളും പ്രസിദ്ധീകരിക്കാനായി വംശി ബുക്ക്സ് സ്ഥാപിച്ചു. കോളേജ് അദ്ധ്യാപകജോലി ഉപേക്ഷിച്ചാണ് പ്രസാധന ശാലയുടെ ചുമതല ശൈലജ ഏറ്റെടുത്തത്. നാന്നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മികച്ച പ്രസാധനത്തിനുള്ള സംസ്ഥാന പുരസ്‌കാരം നിരവധി തവണ നേടി. ഇത്തവണത്തെ വിവര്‍ത്തന പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ശൈലജയുടെ പേരും ഉണ്ടായിരുന്നു. കല്പറ്റ നാരായണന്റെ 'അഗ്രിമം' എന്ന കൃതിയുടെ പരിഭാഷയാണ് തിരഞ്ഞെടുത്തത്. ''എനിക്ക് അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ സന്തോഷം ജയശ്രീക്ക് കിട്ടുന്നതാണ്. ചിദംബര സ്മരണകള്‍ വായിച്ചു ദിവസവും ഒരാളെങ്കിലും വിളിക്കും. അതാണ് എനിക്കു കിട്ടുന്ന പുരസ്‌കാരം''- ശൈലജ പറഞ്ഞു.

ജയശ്രീയും ശൈലജയും ഉത്തിരം കുമാറും സഹാനയും മലയാളിയുടെ സമകാല സാഹിത്യത്തെ തമിഴിലാക്കാനുള്ള യജ്ഞം തുടരുകയാണ്. ഈ പുരസ്‌കാരം അവര്‍ക്കൊരു പാഥേയം മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com