കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഇവര്‍ ചെയ്യുന്നതെന്താണ്? കരാറുകള്‍ വിവാദമാകുമ്പോള്‍ 

എങ്ങനെയാണ് ഈ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികള്‍ നവ ഉദാരവികസനത്തിന്റെ വക്താക്കളാകുന്നത്? നമ്മുടെ വികസന നയത്തെ നിര്‍ണ്ണയിക്കുന്നതില്‍ എത്രമാത്രം സ്വാധീനം ഇവര്‍ക്കുണ്ട്?
കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഇവര്‍ ചെയ്യുന്നതെന്താണ്? കരാറുകള്‍ വിവാദമാകുമ്പോള്‍ 

കെ.പി.എം.ജി, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, ലൂയി ബര്‍ഗര്‍, സിസ്ട്ര തുടങ്ങിയ പേരുകള്‍ സംസ്ഥാനത്തെ വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം വിവാദങ്ങളിലും ചേര്‍ത്തു വായിച്ചു പരിചിതമാണ്. സ്വപ്നങ്ങളെന്ന് വികസന നടത്തിപ്പുകാര്‍ വിശേഷിപ്പിക്കുന്ന പദ്ധതികള്‍ക്കൊപ്പം വിവാദങ്ങളിലും ഈ കണ്‍സള്‍ട്ടന്‍സികള്‍ സ്ഥാനംപിടിച്ചിരുന്നു. പ്രളയദുരന്താനന്തരമുള്ള പുനര്‍നിര്‍മ്മാണത്തിന്റെ ബൗദ്ധിക ഉപദേശകര്‍ നെതര്‍ലാന്‍ഡ് ആസ്ഥാനമായ കെ.പി.എം.ജിയാണ്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ബ്രിട്ടീഷ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനാണ്. ചെറുവള്ളി എസ്റ്റേറ്റില്‍ തുടങ്ങാന്‍ പോകുന്ന വിമാനത്താവളത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ലൂയി ബര്‍ഗര്‍ എന്ന അമേരിക്കന്‍ കമ്പനിയും. കാസര്‍ഗോഡ്- തിരുവനന്തപുരം അതിവേഗ റെയില്‍പ്പാതയുടെ കണ്‍സള്‍ട്ടന്റ് സിസ്ട്ര എന്ന ഫ്രെഞ്ച് കമ്പനിയാണ്. എങ്ങനെയാണ് ഈ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികള്‍ നവ ഉദാരവികസനത്തിന്റെ വക്താക്കളാകുന്നത്? കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഇവര്‍ ചെയ്യുന്നതെന്താണ്? നമ്മുടെ വികസന നയത്തെ നിര്‍ണ്ണയിക്കുന്നതില്‍ എത്രമാത്രം സ്വാധീനം ഇവര്‍ക്കുണ്ട്? 

പാരിസ്ഥിതികവും ജനദ്രോഹവും സാമ്പത്തിക നഷ്ടവുമായ പദ്ധതികള്‍ക്ക് പിന്‍വാതില്‍ തുറന്നുനല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ആഗോള സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ പുതിയ നിക്ഷേപസാധ്യതയുള്ള മേഖലകള്‍ തേടുന്ന കോര്‍പ്പറേറ്റുകള്‍ക്ക് അതിനനുസൃതമായ പദ്ധതികളും പരിപാടികളും ഇവര്‍ തയ്യാറാക്കും. പാരിസ്ഥിതികമായും സാമ്പത്തികമായും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതികള്‍പോലും ലാഭകരമാണെന്ന തരത്തിലുള്ള പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കലാണ് അതിന്റെ ആദ്യപടി. ലോബിയിങ് വഴി അത് ഭരണാധികാരികളെക്കൊണ്ട് സമ്മതിപ്പിക്കലാണ് രണ്ടാംഘട്ടം ഘട്ടം. വികലമായ വികസന കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയനേതൃത്വത്തെ സ്വാധീനിക്കാനും സമ്മതിപ്പിക്കാനും താരതമ്യേന  എളുപ്പമാണ്. അതിനായി നടത്തുന്ന അവിഹിത ഇടപെടലുകളാണ് വിവാദങ്ങളായി പുറത്തുവരുക. അതായത്, കോര്‍പ്പറേറ്റ് മൂലധന സമാഹരണത്തിന് അനുസൃതമായി ആഗോള നിക്ഷേപ പദ്ധതികളെ വിലയിരുത്തുന്നതും മേല്‍നോട്ടം നടത്തുന്നതും ഈ കണ്‍സള്‍ട്ടന്‍സികളാണ്. ലോകബാങ്കിന്റേയും എ.ഡി.ബിയുടേയും ജപ്പാനിലെ ബാങ്കുകളുടേയും വായ്പകള്‍ക്ക് ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു.

മൂലമ്പിള്ളിയിലെ ജനങ്ങൾ കുടിയിറക്കപ്പെട്ടിട്ട് 12 വർഷം പിന്നിടുന്നു. എന്നിട്ടും പുനരധിവാസം പൂർത്തിയായിട്ടില്ല. നാടിന്റെ വികസന സ്വപ്നങ്ങൾക്കുള്ള നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച് തുടങ്ങിയ വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുടെ ടെർമിനലിന് വേണ്ടി മൂലമ്പള്ളിയിലെ 316 കുടും​ബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. അതിൽ 76 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിച്ചത്. വല്ലാർപാടം ടെർമിനലിലേക്ക് നിർമിച്ച റെയിൽപ്പാതയാണ് ചിത്രത്തിൽ
മൂലമ്പിള്ളിയിലെ ജനങ്ങൾ കുടിയിറക്കപ്പെട്ടിട്ട് 12 വർഷം പിന്നിടുന്നു. എന്നിട്ടും പുനരധിവാസം പൂർത്തിയായിട്ടില്ല. നാടിന്റെ വികസന സ്വപ്നങ്ങൾക്കുള്ള നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച് തുടങ്ങിയ വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുടെ ടെർമിനലിന് വേണ്ടി മൂലമ്പള്ളിയിലെ 316 കുടും​ബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. അതിൽ 76 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിച്ചത്. വല്ലാർപാടം ടെർമിനലിലേക്ക് നിർമിച്ച റെയിൽപ്പാതയാണ് ചിത്രത്തിൽ

ആഗോള വായ്പാ മൂലധനം ദേശരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിലേക്ക് ഒഴുകിയെത്തുന്നതാണ് ആഗോളവല്‍ക്കരണകാലത്തെ സവിശേഷതയെങ്കില്‍ ധനകാര്യസ്ഥാപനങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ക്ക് വികസനഫണ്ട് അനുവദിക്കുന്നത് ഇതിന് അനുബന്ധമായ പ്രക്രിയയാണ്. മുന്‍പ് അത് പശ്ചാത്തല സൗകര്യവികസനത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ ഇപ്പോഴത് വികസന ആഡംബരങ്ങള്‍ക്ക് വേണ്ടിയായി. ആഗോളവിപണി വ്യാപനത്തിന്റെ മുന്നുപാധിയായി ഈ പദ്ധതികളും വായ്പകളും മാറുകയും ചെയ്തു. 1966-ല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഏഷ്യന്‍ രാജ്യങ്ങളില്‍ നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനായി കണ്ടുപിടിച്ച ഒറ്റമൂലിയായ എ.ഡി.ബി(ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക്)ക്ക് കളമൊരുക്കിയതും പിന്നീട് അതിനെ എതിര്‍ത്തതും ഇടതുപക്ഷമായിരുന്നു. 2001-ല്‍ അധികാരത്തില്‍ വന്നയുടന്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് എ.ഡി.ബിയുടെ ഭരണനവീകരണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍, അതിന് കളമൊരുക്കിയത് അതിനു മുന്‍പ് അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാരിന്റെ നടപടികളായിരുന്നു. 1996-2001 കാലഘട്ടത്തില്‍ എ.ഡി.ബിയുമായി നായനാര്‍ സര്‍ക്കാര്‍ ഒപ്പുവച്ച കണ്‍സെപ്റ്റ് പേപ്പറുകള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി വെളിപ്പെടുത്തിയിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, എ.ഡി.ബി മുന്നോട്ടുവച്ച നവലിബറല്‍ ആഗോളവല്‍ക്കരണ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള ധാരണകളാണ് ഇടതുനേതൃത്വവും എ.ഡി.ബിയും തമ്മിലുണ്ടാക്കിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ വലതുപക്ഷത്തിനൊപ്പം ആഗോളവല്‍ക്കരണ ഉദാരീകരണ പരിപാടികളുടെ നടത്തിപ്പുകാരായി ഇടതുമുന്നണിയും സി.പി.എമ്മും മാറുകയായിരുന്നു.  കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇടതു വലതു മുന്നണിയോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ ആ മൂലധനം വായ്പയായി ഒഴുകുന്നു. രണ്ട് മുന്നണികളും പ്രകടനപത്രികകളില്‍ വികസനത്തെക്കുറിച്ച് ധാരാളം പറയുന്നു. അവര്‍ പിന്തുടര്‍ന്ന വികസന നയത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. കാസര്‍ഗോഡും പെരുമാട്ടിയിലും മൂലമ്പള്ളിയിലും വിളപ്പില്‍ശാലയിലുമൊക്കെ ആവര്‍ത്തിക്കപ്പെട്ടു. ഏഴു പതിറ്റാണ്ടുകാലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിനെ എവിടെ എത്തിച്ചുവെന്ന്  എല്ലാ മുന്നണികളോടും ഭരണകര്‍ത്താക്കളോടും തിരിച്ചുചോദിക്കേണ്ട സാഹചര്യമാണ് ഇന്ന്. ഒരു ദശാബ്ദം മുന്‍പ് സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍. അന്ന് കുടിയൊഴിപ്പിക്കപ്പെട്ട 326 കുടുംബങ്ങളില്‍ 76 കുടുംബങ്ങള്‍ മാത്രമാണ് പുനരധിവസിക്കപ്പെട്ടത്, അതും തീര്‍ത്തും പരാധീനതകളുടെ നടുവില്‍.

കേരളത്തിലെ വിദഗ്ദ്ധരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ സംസ്ഥാനത്തെ വികേന്ദ്രീകരണവും പ്രാദേശികതലത്തിലുള്ള വികസനവും മാത്രമാണ് കാണുന്നതെന്ന് സാമൂഹ്യശാസ്ത്രജ്ഞനായ കെ.ടി. റാംമോഹന്‍ പറയുന്നു. തീര്‍ച്ചയായും ഇവയുണ്ടാക്കിയ  ഗുണഫലങ്ങള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല. എന്നാല്‍, രാഷ്ട്രീയ നേതൃത്വവുമായി ചേര്‍ന്നുകൊണ്ട് ഉദ്യോഗസ്ഥ വരേണ്യ വിഭാഗമാണ് കേരളത്തിലെ ഭരണത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുകയെന്ന അടിയന്തര ആവശ്യം നിവര്‍ത്തിക്കാന്‍ ഈ കൂട്ടുകെട്ടിനു  താല്പര്യമില്ലെന്ന കാര്യം നിരവധി തവണ തെളിയിക്കപ്പെട്ടതാണ്. വലിയ മൂലധനം ആവശ്യമുള്ള, വിദേശ സഹകരണത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന, ഒട്ടേറെ പ്രത്യാഘാതങ്ങളുള്ളതും വന്‍തോതില്‍ അഴിമതി നടത്താന്‍ സാധ്യതയുള്ളതുമായ  അതിവേഗ റെയില്‍ പോലെയുള്ള പദ്ധതികളിലാണ്  ഈ വരേണ്യ വിഭാഗത്തിന് താല്പര്യം. ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒട്ടേറെ പേര്‍ - അതില്‍ ഏറെയും ദരിദ്രരായിരിക്കും-കുടിയൊഴിപ്പിക്കപ്പെടുകയും പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഭരണ സംവിധാനത്തില്‍ താഴെ തട്ടില്‍പോലും അഴിമതി സാധ്യമാകുന്നതാണ് പ്രകൃതിവിഭവങ്ങളുടെ കൊള്ള. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളും വരെ നിയന്ത്രിക്കുകയും ചെയ്തതോടെ ഇത്തരം ദുരൂഹമായ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകളും പ്രതിപക്ഷ പാര്‍ട്ടികളും ചില വ്യക്തികളുടെ പ്രവൃത്തികളെ കേന്ദ്രീകരിച്ച് മസാല ചേര്‍ത്തുള്ള ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്നാണ് സങ്കടകരം. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗൗരവതരമായ അന്വേഷണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. 

സ്പ്രിംങ്ക്‌ളര്‍, കെ.പി.എം.ജി, പി.ഡബ്ല്യു.സി ഇവരുടെ പങ്കാളിത്തങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനിടയുള്ള കണ്‍സള്‍ട്ടന്‍സി സമ്പ്രദായത്തിലൂടെ മാത്രമല്ല, മറിച്ച്  എംപാനല്‍മെന്റ്, ഔട്ട്‌സോഴ്‌സിങ്, ടോട്ടല്‍ സൊലൂഷ്യന്‍സ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിലൂടെയാണ് ഇവരുടെ പങ്കാളിത്തങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതു വഴി ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കാന്‍ കഴിയും. ചില ഘട്ടങ്ങളില്‍ വിമര്‍ശനം ഒഴിവാക്കാന്‍ കരാറുകള്‍ ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിക്കും. അവര്‍ മറ്റുള്ളവര്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യും. സി-ഡിറ്റ്, ഐ.ഐ.ഐ.ടി-എം പോലുള്ള പൊതുസ്ഥാപനങ്ങള്‍ക്ക്, ആഗോള കമ്പനികളെ ഏല്പിച്ച ജോലികള്‍ ചെയ്യാന്‍ കഴിയാമെന്നിരിക്കെയാണ് ഇത് സംഭവിക്കുന്നത്. അവരെ ഏല്പിച്ച ജോലികള്‍ ഇന്‍ഫോപാര്‍ക്കിലുള്ള സ്വകാര്യ സ്റ്റാര്‍ട്ട് അപ്പുകളെ ഏല്പിച്ചിരുന്നുവെങ്കില്‍ അവരുടെ ശേഷിയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകുമായിരുന്നു. കണ്‍സള്‍ട്ടന്‍സി വിദേശ കമ്പനികള്‍ക്ക് ഏല്പിക്കുന്നതുവഴി നഷ്ടമാകുന്ന വിദേശനാണയ ശോഷണവും അവഗണിക്കാന്‍ കഴിയുന്നതല്ല- അദ്ദേഹം പറയുന്നു. 

സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ടപ്പോൾ. വീട് നഷ്ടപ്പെട്ട കുട്ടികളാണ് ചിത്രത്തിൽ
സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ടപ്പോൾ. വീട് നഷ്ടപ്പെട്ട കുട്ടികളാണ് ചിത്രത്തിൽ

കെ.പി.എം.ജിയുടെ റീബില്‍ഡ് കേരള

നവകേരള നിര്‍മ്മാണ പദ്ധതി നടത്തിപ്പിനു സാങ്കേതികസഹായമൊരുക്കാന്‍ രാജ്യാന്തര കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെ.പി.എം.ജിയുമായി സംസ്ഥാന സര്‍ക്കാര്‍ 6.82 കോടി രൂപയ്ക്കാണ് കരാറിലൊപ്പിട്ടത്. വായ്പയായി ലോകബാങ്ക് അനുവദിച്ച തുകയില്‍നിന്നാണ് കെ.പി.എം.ജിക്ക് പണം നല്‍കുക. സ്വന്തം ഇടപാടുകാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നയങ്ങളെ മാറ്റിത്തീര്‍ക്കുന്ന, അതിനുവേണ്ടി ബ്യൂറോക്രസിയുടെ ഭാഗമായി നില്‍ക്കുന്ന ഉന്നതരെ സ്വാധീനിക്കുന്ന പിന്‍വാതില്‍ പരിപാടികളാണ് കെ.പി.എം.ജി നടത്തുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും മുഖ്യമന്ത്രി അവരുടെ ബൗദ്ധിക സേവനം ഉപയോഗിക്കാനാണ് തീരുമാനമെടുത്തത്. സൗജന്യസേവനമാണ് അവര്‍ നല്‍കുന്നതെന്നായിരുന്നു അതിന് അദ്ദേഹം കണ്ടെത്തിയ ന്യായം. പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കാന്‍പോകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏതെല്ലാം ആഗോള ഭീമന്‍മാര്‍ക്ക് നല്‍കണം എന്നതായിരിക്കും കെ.പി.എം.ജിയുടെ സൗജന്യ ഉപദേശം. അത്തരം ഒരു ഉപദേശം സൗജന്യമായി നല്‍കിയാലും കരാര്‍ നേടിയെടുക്കുന്ന കോര്‍പ്പറേറ്റ് കമ്പനി കെ.പി.എം.ജിക്ക് അതിലൊരു വിഹിതം കൈമാറുമെന്നുറപ്പാണ്. 

ആഗോള സമൂഹത്തിന്റെ സാമ്പത്തിക പിന്തുണ തേടി മുഖ്യമന്ത്രി യാത്രകള്‍ നടത്തിയെങ്കിലും കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായി രംഗത്തെത്തിയ പ്രധാന സ്ഥാപനം ലോകബാങ്കാണ്. ലോകബാങ്ക് പ്രതിനിധികള്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. സഹായം എന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ അത് വായ്പയാണ്. മുഖ്യമായും വരാന്‍ പോകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണ പരിപാടികളിലേക്കാണ്. അതായത് നിര്‍മ്മാണ മേഖലയിലേക്ക്. ഉപജീവനമാര്‍ഗ്ഗങ്ങള്‍ വീണ്ടെടുക്കുന്നതിന് ജനങ്ങളെ സഹായിക്കുക എന്നത് ലോകബാങ്കിനെ സംബന്ധിച്ച് അത്ര ലാഭകരമായ പരിപാടിയല്ല. വിപണി മുതലാളിത്തത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് ഗുണകരമായ നവലിബറല്‍ പരിഷ്‌കരണങ്ങള്‍ വരുത്തുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ അവസ്ഥയില്‍ അതും ഒരു ആശ്വാസമായി തോന്നുമെങ്കിലും വായ്പകള്‍ കണ്ണടച്ച് സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സാമ്പത്തികാവസ്ഥയിലല്ല കേരളം. 

റീബിൽഡ് കേരള പദ്ധതിയുടെ ഭാ​ഗമായി ഡിപി വേൾഡ് നിർമിച്ച ഭവനങ്ങളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഹൈബി ഈഡൻ എംപി എന്നിവർ സമീപം
റീബിൽഡ് കേരള പദ്ധതിയുടെ ഭാ​ഗമായി ഡിപി വേൾഡ് നിർമിച്ച ഭവനങ്ങളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഹൈബി ഈഡൻ എംപി എന്നിവർ സമീപം

ഇ-മൊബിലിറ്റിയും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സും

4500 കോടി മുടക്കി സംസ്ഥാനത്ത് 3000 ഇലക്ട്രിക് ബസ് നിര്‍മ്മാണം ഉള്‍പ്പെടെ വരുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായിരുന്നു പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്. വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും കണ്‍സള്‍ട്ടന്‍സിക്കുമായി 80 ലക്ഷം രൂപയാണ് നല്‍കാന്‍ തീരുമാനിച്ചത്. 2019 നവംബര്‍ ഏഴിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ച് ഉത്തരവിറങ്ങിയെങ്കിലും ധാരണാപത്രം ഒപ്പിട്ടിരുന്നില്ല. ഇതിനിടെയാണ് കരാര്‍ കമ്പനിക്ക് നല്‍കിയതില്‍ ഗുരുതര അഴിമതിയെന്ന ആരോപണം ഉയരുന്നത്. സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്‍പതു കേസുകളില്‍ ഈ കണ്‍സള്‍ട്ടന്‍സി കമ്പനി ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് 'സെബി'യുടെ വിലക്കുമുണ്ട്. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോണ്‍ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി നല്‍കിയത് ഇതേ കമ്പനിക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലും പോര്‍ച്ചുഗലിലും ഇ-ബസ് നിര്‍മ്മിക്കുന്ന ഇ-ബസ് കിറ്റ് മാനുഫാക്ചര്‍ ഹെസ് ആന്‍ഡ് കെയ്റ്റനോ എന്ന സ്വിസ് കമ്പനി കേരളത്തില്‍ ഇ-ബസ് നിര്‍മ്മിക്കാന്‍ താല്പര്യപ്പെട്ടിരുന്നു. ഇങ്ങനെ ഇ-ബസ് നിര്‍മ്മിച്ചാലുള്ള ഗുണം, ജോലിസാധ്യത, കേരളത്തിന്റെ വികസന സാധ്യത തുടങ്ങിയവയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി പഠിക്കേണ്ടത്.
 
ഇ-ബസ് പോലെ ഇ-മൊബിലിറ്റി പദ്ധതിയില്‍ വേറെയും പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. ഇതിനെല്ലാം കണ്‍സള്‍ട്ടന്‍സിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് വരും. കേരള ഓട്ടമൊബൈല്‍സുമായി ചേര്‍ന്നു സംയുക്ത സംരംഭമെന്ന പദ്ധതിയാണ് സ്വിസ് കമ്പനി മുന്നോട്ടു വച്ചത്. 74 ശതമാനം ഓഹരി കമ്പനിക്കായിരിക്കും. ഈ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമെന്ന് പറഞ്ഞ് തള്ളിയ മുഖ്യമന്ത്രി പി.ഡബ്ല്യു.സിയെ ന്യായീകരിക്കുകയാണുണ്ടായത്. 2020 ഫെബ്രുവരിയില്‍ ഗതാഗത വകുപ്പ് ഉത്തരവ്പ്രകാരം മൂന്നു കമ്പനികള്‍ക്ക് ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റി കര്‍മ്മപദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പി.ഡബ്ല്യു.സി, കെ.പി.എം.ജി, ഏണ്‍സ്റ്റ് ആന്‍ഡ് യങ് ഗ്ലോബല്‍ എന്നിവയാണ് ഈ കണ്‍സള്‍ട്ടന്‍സികള്‍. ബസ് പോര്‍ട്ടലുകള്‍ക്കും 2.15 കോടി, ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.09 കോടി, ഇ-മൊബിലിറ്റിക്ക് 82 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക നല്‍കിയത്. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് പി.ഡബ്ല്യു.സിക്ക് സെബിയുടെ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. സെബിയുടെ വിലക്കുണ്ടെന്ന് പറയുന്ന കമ്പനി ബെംഗളൂരുവിലെ എല്‍.എല്‍.പി എന്ന ഓഡിറ്റ് സ്ഥാപനമാണ്. ഈ സ്ഥാപനമാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകള്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. ഒന്ന്, ഓഡിറ്റ് കമ്പനി, മറ്റേതു കണ്‍സള്‍ട്ടന്‍സി സ്ഥാപനം എന്ന നിലയിലാണെന്നു പറഞ്ഞാണ് അഴിമതി ആരോപണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടത്. 

വിമാനത്താവളത്തിന് ലൂയി ബര്‍ഗര്‍

കഴിഞ്ഞ ദശാബ്ദങ്ങളായി നടന്നുവരുന്ന ഭൂസമരങ്ങളെ അവഗണിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഒരു ന്യായമുണ്ടായിരുന്നു- ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയില്ല. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ലംഘിച്ചും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചും ഹാരിസണ്‍സ് എന്ന ബ്രിട്ടീഷ് കമ്പനി കേരളത്തിലെ വിവിധ ജില്ലകളിലായി നിയമവിരുദ്ധമായി കൈവശം വെച്ചു പോരുന്ന ഒരു ലക്ഷത്തോളം ഏക്കര്‍ തോട്ടഭൂമിയില്‍നിന്നാണ് ചെറുവള്ളിയില്‍ 2263.18 ഏക്കര്‍ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിനു വ്യാജരേഖയുണ്ടാക്കി മുറിച്ചു വിറ്റത്. 2005-ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് ഈ കൈമാറ്റം നടന്നത്. തുടര്‍ന്ന്, 2006 മുതല്‍ ഇതു സര്‍ക്കാര്‍ ഭൂമിയാണെന്നും കൈമാറ്റം നിയമവിരുദ്ധമാണെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു പോരുകയായിരുന്നു. എന്നാലിപ്പോള്‍, സര്‍ക്കാരിന്റെ ഈ ഉടമസ്ഥാവകാശം കയ്യൊഴിഞ്ഞ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ച് ബിലീവേഴ്സ് ചര്‍ച്ചില്‍നിന്നും വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനാണ് നീക്കം. എന്നാല്‍, ഈ പദ്ധതിക്ക് അനിവാര്യമായ പരിസ്ഥിതി -സാമൂഹ്യ ആഘാത പഠനങ്ങളൊന്നും നടന്നിട്ടില്ല. 

ചെറുവള്ളിയില്‍ ബിലീവേഴ്സ് ചര്‍ച്ച് കൈവശം വയ്ക്കുന്ന ഭൂമിയില്‍ തുടങ്ങാന്‍ പോകുന്ന വിമാനത്താവളത്തിന് സാധ്യതാപഠനം നടത്തിയത് ലൂയിസ് ബെര്‍ഗര്‍ എന്ന കണ്‍സള്‍ട്ടന്‍സിയാണ്. 2019-ല്‍ ലഭിച്ച വിവരാവകാശരേഖ പ്രകാരം 4.67 കോടി രൂപയാണ് ലൂയിസ് ബെര്‍ഗറിനു സര്‍ക്കാര്‍ നല്‍കിയത്. അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബെര്‍ഗറിനൊപ്പം കെ.പി.എം.ജി കണ്‍സോര്‍ഷ്യവും ഈ കണ്‍സള്‍ട്ടന്‍സി കണ്‍സള്‍ട്ടിങ്ങ് കരാറിനായി വന്നിരുന്നു. ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് (എഫ്.സി.പി.എ) ആക്ട് പ്രകാരം 2015-ല്‍ അമേരിക്കയില്‍ 17.1 ദശലക്ഷം ഡോളര്‍ (25.65 കോടി രൂപ) പിഴയടക്കേണ്ടിവന്ന സ്ഥാപനമാണ് ലൂയി ബര്‍ഗര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാനേജ്മെന്റ് നേടിയെടുക്കാന്‍ കൈക്കൂലി കൊടുത്തതിന് ഇന്ത്യയിലും ഇന്തോനേഷ്യ, വിയറ്റ്നാം, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഈ സ്ഥാപനം നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഗോവയിലും ഗോഹട്ടിയിലും തട്ടിപ്പുകളുടെ പേരില്‍ ലൂയി ബര്‍ഗറിനെതിരെ സി.ബി.ഐ അന്വേഷണവും നടക്കുന്നു.

ചെറുവള്ളി എസ്റ്റേറ്റ് . ശബരിമല ​ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ഈ എസ്റ്റേറ്റിൽ നിന്ന് 2263.18 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ സർക്കാർ നടപടി തുടങ്ങിയത്
ചെറുവള്ളി എസ്റ്റേറ്റ് . ശബരിമല ​ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ഈ എസ്റ്റേറ്റിൽ നിന്ന് 2263.18 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ സർക്കാർ നടപടി തുടങ്ങിയത്

അതിവേഗ പാതയ്ക്ക് സിസ്ട്ര

67000 കോടിയാണ് സില്‍വര്‍ ലൈന്‍ അതിവേഗ പാതയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഫ്രെഞ്ച് കമ്പനിയായ സിസ്ട്രയാണ് പാതയുടെ വിശദമായ പഠനറിപ്പോര്‍ട്ടും അലൈന്‍മെന്റും വരെ തീരുമാനിച്ചത്. ആ അലൈമെന്റിന് സംസ്ഥാന മന്ത്രിസഭ അനുമതിയും നല്‍കി. 6395 കുടുംബങ്ങളെയാണ് പദ്ധതിക്കായി ഒഴിപ്പിക്കേണ്ടിവരുകയെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, 20000 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ഇ. ശ്രീധരനടക്കമുള്ളവര്‍ പറയുന്നത്. 132 കിലോമീറ്റര്‍ വയല്‍ നികത്തേണ്ടിവരും. 532 കിലോമീറ്റര്‍ നീളം വരുന്ന ട്രാക്കില്‍ ആയിരം മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കേണ്ടിവരും. അതായത് ഓരോ 500 മീറ്ററിനും പാലങ്ങള്‍. ഇതൊക്കെ സൃഷ്ടിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സിസ്ട്രയുടെ പഠനറിപ്പോര്‍ട്ടിലെങ്ങുമില്ല. ഇനി, ടാന്‍സാനിയയിലും മൊസംബിക്കിലും ഘാനയിലും മൂന്നു അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നടത്തിപ്പിനായി സിസ്ട്ര നടത്തിയ അവിഹിത ഇടപെടലുകളുടെ പേരില്‍ ലോകബാങ്ക് തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സായി കണ്‍സള്‍ട്ടിങ്ങ് എന്‍ജിനീയറിങ്ങ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിക്കാണ് വിലക്ക്. പക്ഷേ, 2014ല്‍ സായിയുടെ 65 ശതമാനം ഓഹരി സിസ്ട്ര വാങ്ങിയിരുന്നു. പൂനെ മെട്രോയുടെ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് നേടിയ സിസ്ട്രയ്‌ക്കെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന സംയുക്ത സംരംഭത്തിന്റെ 11420 കോടി രൂപയുടെ പ്രൊജക്ടാണ് ടെണ്ടര്‍ നടപടികള്‍ പോലുമില്ലാതെ സിസ്ട്ര നേടിയതായാണ് അന്ന് ആരോപണമുയര്‍ന്നത്.

അവഗണിക്കപ്പെടുന്ന തദ്ദേശസ്ഥാപനങ്ങള്‍

പുനര്‍നിര്‍മ്മാണത്തിലും വികസനപ്രക്രിയകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. തദ്ദേശീയ ജനാധിപത്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഗ്രാമസഭകള്‍ നവലിബറല്‍ ജനക്ഷേമത്തിന്റെ വായ്പാ വിതരണ സംവിധാനം മാത്രമായി അധഃപതിക്കുന്ന അവസ്ഥയിലാണ്. ജനപങ്കാളിത്തത്തോടെയുള്ള വിഭവാധിഷ്ഠിത ആസൂത്രണ പ്രക്രിയയുടെ ഏകോപനത്തില്‍നിന്നും വഴിമാറി ലോകബാങ്ക് എ.ഡി.ബി പദ്ധതികളുടെ നടത്തിപ്പുകാരായി പ്രാദേശിക ഭരണസംവിധാനങ്ങള്‍ തുടരും. 2019-'20 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യ മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്നീ വിഷയങ്ങളില്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ ഗ്രൂപ്പിന്റെ ഉത്തരവ് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയിരുന്നു. കാലവര്‍ഷക്കെടുതികളെത്തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്വമേധയാ സേവനം നല്‍കാന്‍ സന്നദ്ധമായ യുവജനങ്ങളേയും പ്രസ്തുത വിഷയങ്ങളില്‍ വൈദഗ്ദ്ധ്യവും പ്രവര്‍ത്തന പരിചയവുമുള്ളവരേയും വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ച തീരുമാനങ്ങളില്‍ ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശങ്ങളും ഉള്‍ച്ചേര്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അങ്ങനെ തയ്യാറാക്കുന്ന പദ്ധതിരേഖ നവംബറില്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്നും ഡിസംബറോടെ അന്തിമരൂപം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, ഭരണസമിതികളില്‍ പ്രാതിനിധ്യമുള്ള കേരളത്തിലെ മുഖ്യ രാഷ്ട്രീയകക്ഷികള്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയോട് പുലര്‍ത്തുന്ന രാഷ്ട്രീയമായ സത്യസന്ധതക്കുറവും പങ്കാളിത്ത ജനാധിപത്യത്തെ നിര്‍ജ്ജീവമാക്കിയെന്നതാണ്  വാസ്തവം. 

സ്‌പേസ് പാര്‍ക്ക് പിഡബ്ല്യുസി സംശയനിഴലില്‍

സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തെ നീക്കുമെന്നാണ് സൂചന. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ ഓപ്പറേഷന്‍ മാനേജര്‍ പദവിയില്‍ നിയമിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും, അവരുടെ യോഗ്യതയടക്കം പരിശോധിച്ചതെങ്ങനെയെന്നും കാണിച്ച് പി.ഡബ്ല്യു.സി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.സിക്ക് കെഎസ്‌ഐടിഎല്‍ ലീഗല്‍ നോട്ടീസും നല്‍കി. കരാറിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്. ഇതില്‍ പി.ഡബ്ല്യു.സി വിശദീകരണം നല്‍കിയാലും സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ല. സ്വപ്നയുടെ നിയമനം വിഷന്‍ ടെക്‌നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷന്‍ ടെക്നോളജിയാണെന്നുമാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് വിശദീകരണമായി നല്‍കിയത്. 


കെ.പി.എം.ജി (വീട്)
റീബില്‍ഡ് കേരള
6.82 കോടി രൂപ
സൗജന്യ ഉപദേശത്തിന് 

ചെറുവള്ളി വിമാനത്താവളം (വിമാനം)
ലൂയിസ് ബെര്‍ഗര്‍
4.67 കോടി രൂപ
സാധ്യതാപഠന റിപ്പോര്‍ട്ടിന്

ഇ - മൊബിലിറ്റി പദ്ധതി (ബസ്)
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്
80 ലക്ഷം
പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്

അതിവേഗ റെയില്‍പ്പാത (ട്രെയിന്‍)
സിസ്ട്ര
27 കോടി രൂപ
പദ്ധതിരേഖ തയ്യാറാക്കല്‍, അലൈന്‍മെന്റ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com