'മത്തി മക്കളെപ്പോറ്റി'- ഈ ചൊല്ലിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ 

കേരളതീരത്ത് അയലയും മത്തിയും ഈ വര്‍ഷം ഗണ്യമായി കുറഞ്ഞെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മത്സ്യവരള്‍ച്ച തീരത്തെയും ജനതയുടെ തൊഴിലിനെയും ബാധിക്കുന്നു
'മത്തി മക്കളെപ്പോറ്റി'- ഈ ചൊല്ലിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ 

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ പ്രത്യാഘാതം ഏറെ അനുഭവിക്കുന്ന ഒരു സംസ്ഥാനമായി കേരളവും മാറിക്കൊണ്ടിരിക്കുകയാണ്. 2017-ലെ ഓഖി, 2018-ലേയും 2019-ലേയും പ്രളയങ്ങള്‍ എന്നിവ നമ്മുടെ ഭാവിയെ സംബന്ധിച്ച് ആശങ്കാജനകമായ പ്രശ്‌നങ്ങളാണ് മുന്നോട്ടുവച്ചത്. വരള്‍ച്ച, കൊടുങ്കാറ്റ്, പ്രളയം എന്നിവ ഒറ്റയ്‌ക്കോ അതല്ലെങ്കില്‍ ഒരു വര്‍ഷത്തിനിടയില്‍ത്തന്നെയോ സംഭവിക്കാവുന്ന ഒരിടമായി നമ്മുടെ സംസ്ഥാനവും മാറി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അധികം ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ഒരു വിഷയം മത്സ്യവരള്‍ച്ചയുടേതാണ്. കഴിഞ്ഞദിവസം കൊച്ചിയിലെ കേന്ദ്രസമുദ്ര മത്സ്യഗവേഷണസ്ഥാപനം പുറത്തുവിട്ട ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യോല്പാദനത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഭീഷണമായ ഈ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്ത്യയിലെ മത്സ്യോല്പാദനം 2018-ലെ 3.49 ദശലക്ഷം ടണ്ണില്‍നിന്നും 2.1 ശതമാനം വര്‍ദ്ധിച്ച് 2019-ല്‍ 3.56 ദശലക്ഷം ടണ്ണിലെത്തിയതായി ഈ കണക്കുകള്‍ പറയുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ ഉല്പാദനം തലേവര്‍ഷത്തെ 6.43 ലക്ഷം ടണ്ണില്‍നിന്നും 15 ശതമാനം ഇടിഞ്ഞ് 2019-ല്‍ 5.44 ലക്ഷം ടണ്ണായി. ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന അയലയുടേയും ചാളയുടേയും ഉല്പാദനത്തിലാണ്. മത്തി എന്നറിയപ്പെടുന്ന ചാള 2012-ല്‍ 3.99 ലക്ഷം ടണ്‍ പിടിച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് കേവലം 44,320 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്പാദനമാണിത്. സാധാരണ ചാള കുറയുമ്പോള്‍ രക്ഷയ്‌ക്കെത്തുന്ന അയലയും ഇത്തവണ തുണച്ചിട്ടില്ല. അതിന്റെ ഉല്പാദനത്തിലും മുന്‍വര്‍ഷത്തേക്കാള്‍ 50% കുറവുണ്ടായിരിക്കുകയാണ്. കേരളത്തിലെ കടുത്ത മത്സ്യവരള്‍ച്ചയുടേയും തൊഴിലില്ലായ്മയുടേയും ഭീഷണമായ സൂചനകളാണിത് നല്‍കുന്നത്. 

ഈ രണ്ടു മത്സ്യങ്ങളുടേയും ഇടിവ് മത്സ്യത്തൊഴിലാളി സമൂഹത്തിനുമപ്പുറത്തുള്ള ജനസാമാന്യത്തിനും പ്രധാനപ്പെട്ടതാണ്. കേരളീയരാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്നവര്‍; എന്നുവെച്ചാല്‍ പ്രോട്ടീന്‍ ലഭ്യത ഉറപ്പുവരുത്തപ്പെട്ടവര്‍. ശരാശരി കേരളീയന്‍ ഒരു വര്‍ഷം 25 മുതല്‍ 30 കിലോഗ്രാം വരെ മത്സ്യം കഴിക്കുന്നുണ്ട്. ശരാശരി ഇന്ത്യക്കാരന്റെ നാലിരട്ടി. ഇതില്‍ത്തന്നെ 30 ശതമാനവും മത്തിയാണ്. അടുത്തത് അയലയും. ഹൃദ്രോഗത്തിനുള്ള പ്രതിവിധിയും തലച്ചോറിന്റെ വളര്‍ച്ചയ്ക്കാവശ്യവുമായ ഒമേഗ-3 എന്ന ഫാറ്റി ആസിഡ് ഏറ്റവും കൂടുതലുള്ള രണ്ട് മത്സ്യങ്ങളാണിത്. ഈ കോവിഡ് പ്രതിരോധത്തിന്റെ കാലത്ത് ഇവയുടെ പ്രാധാന്യം വിശദീകരിക്കേണ്ടതില്ലല്ലോ. (കുറിപ്പ് -3)

മുനമ്പം മത്തിയും പുറക്കാട്ട് ചാളയും തമിഴ്നാട്ടില്‍നിന്ന്

ഈ വര്‍ഷമാകട്ടെ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശപ്പെട്ട അവസ്ഥയാണുണ്ടാവുക എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരിക്കുന്നു. ജൂണ്‍ ഒന്നിനുതന്നെ മുറതെറ്റാതെ കാലവര്‍ഷം വന്നെത്തിയ ഒരു കൊല്ലമാണിത്. പക്ഷേ, സാധാരണ മഴമേഘങ്ങളോടൊപ്പം തീരക്കടലിലെത്തുന്ന ചാളക്കൂട്ടത്തില്‍ ഒന്നുപോലും ഒന്നരമാസമായിട്ടും എത്തിനോക്കിയിട്ടില്ല. സാധാരണ ഫെബ്രുവരി മാസത്തോടെ ആദ്യത്തെ ഒരു ബാച്ച് തീരത്തെത്തുന്നതാണ്. ഇത്തവണ അതുമുണ്ടായിട്ടില്ല. ജനുവരി ഒന്നുമുതല്‍ കഴിഞ്ഞ ഏഴ് മാസമായിട്ടും എറണാകുളം ജില്ലയിലെ വലിയ വള്ളങ്ങള്‍ (ഇന്‍-ബോര്‍ഡ് വള്ളങ്ങള്‍) ഒന്നുപോലം തള്ളിയിട്ടില്ല. അപൂര്‍വ്വമായി പ്രത്യക്ഷപ്പെട്ട മത്തിയുടെ മുട്ടസഞ്ചിയില്‍ മുട്ടയുമുണ്ടായില്ല. അടുത്ത വര്‍ഷത്തേക്കുള്ള ഒരു സൂചനയുമാണിത്. വിഴിഞ്ഞം ഭാഗത്ത് മെയ് അവസാനം മാത്രം ഏകദേശം 200 ടണ്‍ മത്തി കിട്ടിയതായാണ് വിവരം.

മത്സ്യത്തൊഴിലാളികള്‍ക്ക് മത്തി കിട്ടിയില്ലെങ്കിലും കേരളീയര്‍ക്ക് അതു ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷമായി നാം കഴിക്കുന്ന മത്തി തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍, തൂത്തുക്കുടി, പുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു വരുന്നതാണ്. തമിഴര്‍ അതിനെ വിളിക്കുന്നത് പേയ് ചാള എന്നാണ്. അവരത് കഴിക്കാറില്ല. അതു മുഴുവന്‍ കേരളത്തിലേക്ക് ഐസ് ചെയ്ത് കയറ്റി അയക്കുകയാണ്. കഴിഞ്ഞ വര്‍ഷം കേവലം 30 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന അവിടത്തെ മത്തിക്ക് ഇപ്പോള്‍ 100 രൂപ മുതല്‍ 120 രൂപ വരെ അവിടെ വിലയുണ്ട്. മുനമ്പം മത്തി, പുറക്കാട് ചാള എന്നൊക്കെ പേരില്‍ നാം അത് 250-300 രൂപ കൊടുത്ത് വാങ്ങിക്കഴിക്കുന്നു. 2015 മുതല്‍ ഒമാനില്‍നിന്നു തടിച്ചതും രുചികുറഞ്ഞതുമായ മത്തിയും നാം ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ ഗുജറാത്തില്‍ അഞ്ചു രൂപ മാത്രം വിലയുള്ള മത്തി ഇവിടെ കൊണ്ടുവന്ന് വലിയ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. മത്സ്യത്തിന് വിലകൂടിയെങ്കിലും ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തപ്പെട്ടു! പക്ഷേ, തൊഴിലാളിയുടെ തൊഴില്‍ സുരക്ഷ അപകടത്തിലാണുതാനും!

തകര്‍ച്ചയുടെ ചരിത്രപശ്ചാത്തലം 

ചരിത്രപരവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ മത്തിക്ക് ഇത്തരത്തിലുള്ള തകര്‍ച്ച സ്വാഭാവികമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ മത്സ്യങ്ങളെ സംബന്ധിച്ച വര്‍ഗ്ഗീകരണം നടത്തി ആധികാരികമായി ആദ്യം പ്രസിദ്ധീകരിച്ചത് ഫ്രാന്‍സീസ് ഡേ എന്ന സായിപ്പാണ്. 1865-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'മലബാറിലെ മത്സ്യങ്ങള്‍' എന്ന കൃതി ഈ മേഖലയെ സംബന്ധിച്ച ആധികാരിക വിവരണമാണ്. ചാളയുടെ തകര്‍ച്ചയെ സംബന്ധിച്ച സൂചനകളും അന്നേ അദ്ദേഹം നല്‍കിയിരുന്നു. 1320-ല്‍ സിലോണ്‍ തീരത്ത് കപ്പലില്‍ വന്ന ഫ്രീയോ ഓഡോറിക്കിന് തീരക്കടലില്‍ കുമിഞ്ഞുകൂടിയ മത്തിക്കൂട്ടം കാരണം തീരത്തേക്ക് കപ്പലടുപ്പിക്കാനാവാതെ ദിവസങ്ങളോളും കഴിയേണ്ടിവന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 1856-ല്‍ മലബാറില്‍നിന്നും 150 'കണ്ടി' മത്തിനെയ്യ് കയറ്റുമതി ചെയ്‌തെങ്കില്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മീനെണ്ണ കൂടുതല്‍ വിറ്റാല്‍ അടുത്തഘട്ടത്തില്‍ മത്സ്യത്തൊഴിലാളിയുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നര നൂറ്റാണ്ടുമുന്‍പ് അദ്ദേഹം എഴുതിയ കാര്യങ്ങള്‍ ഇപ്പോഴും സംഗതമാണ്. 1940-കളുടെ ആരംഭത്തില്‍ മലബാറിലെ മീനെണ്ണ ഫാക്ടറികളുടെ എണ്ണം 203-ല്‍ നിന്ന് 603 ആയി വര്‍ദ്ധിച്ചു. അവര്‍ക്കുവേണ്ടിയുള്ള മത്തിപിടുത്തം രാപകലില്ലാതെ നടന്നു. അതോടെ മത്തിയുടെ ഉല്പാദനം പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന് 1942 മുതല്‍ 'മത്തിക്കൊല്ലി വലയും', 'ചാളക്കൊല്ലി വല'യും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. 1943-ല്‍ മദ്രാസ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന റാവു സാഹിബ് ദേവനേശനെ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചു. വലകളുടെ നിരോധനത്തോടൊപ്പം ഒരു തവണ ഒരു വള്ളം ഒരു 'മന്നി'ല്‍ (37 കിലോ) കൂടുതല്‍ മീന്‍ പിടിക്കരുത്, പിടിക്കുന്ന മത്തിയുടെ കുറഞ്ഞ വലുപ്പം 15 സെന്റീമീറ്ററാക്കണം തുടങ്ങിയ ശുപാര്‍ശകള്‍ അദ്ദേഹം നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു. 1947-ല്‍ ബ്രിട്ടീഷുകാര്‍ പോയതിനുശേഷമാണ് ഇന്ത്യാസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്. പക്ഷേ, 1952-ല്‍ മാത്രമാണ് മത്തി പഴയപോലെ തിരിച്ചുവന്നത്.

1964-ലും 1994-ലും മത്തിക്ക് ഇന്നത്തേപ്പോലെ ഒരു തകര്‍ച്ചയുണ്ടായിട്ടുണ്ട്. മീന്‍ കൂടുതല്‍ പിടിക്കുന്നതുമൂലം (ഓവര്‍ ഫിഷിംഗ്) അല്ല ഈ തകര്‍ച്ചയെന്നതും പാരിസ്ഥിതിക ഘടകങ്ങളാണ് ഇതില്‍ പ്രധാനമെന്നതും ആയ വാദം ഇപ്പോള്‍ പ്രബലമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് ഇപ്പോള്‍ നേരിടുന്നത്. 2012-ലെ അധിക ഉല്പാദനത്തിനുശേഷം 2013-ല്‍ തീരക്കടലിന്റെ ചൂട് വര്‍ദ്ധിച്ചതും 2014-ല്‍ അധികം മഴ ലഭിച്ചതിനേത്തുടര്‍ന്ന് തീരക്കടലിലെ ഉപ്പിന്റെ അംശം താണുപോയതും ഓക്‌സിജന്റെ അളവ് കുറഞ്ഞതും മത്തിയുടെ തീരത്തേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചു. 2015-ലാകട്ടെ, പസഫിക്കില്‍ പ്രത്യേക്ഷപ്പെട്ട എല്‍-നീനോ പ്രതിഭാസം മൂലം കേരളതീരത്ത് പതിവായി ഉണ്ടാകാറുള്ള അപ്വെല്ലിംഗ് (താര്, കിറവ്) ക്രമംതെറ്റിയതും ചാളയുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെള്ളത്തെ ചൂടുപിടിപ്പിക്കുന്ന എല്‍-നീനോ പ്രഭാവം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അത് ലാനീനോ (തണുക്കല്‍) പ്രക്രിയയിലേക്ക് മാറിയിട്ടില്ല എന്നത് ഉല്പാദനം പുനരാരംഭിക്കാത്തതിന് ഇടയാക്കിയിട്ടുണ്ട്. കടലിലെ 'ഭക്ഷ്യശൃംഖല'യിലെ പ്രധാനിയാണ് മത്തിയെന്നതിനാല്‍ അതിന്റെ കുറവ് ചില ഇനങ്ങളുടെ ആധിക്യത്തിലേക്കോ കുറവിലേക്കോ നയിച്ചിട്ടുണ്ട്. കടല്‍ച്ചൊറി എന്നറിയപ്പെടുന്ന ജെല്ലിഫിഷ് ക്രമാതീതമായി വര്‍ദ്ധിച്ചതും കഴിഞ്ഞവര്‍ഷം ക്ലാത്തി എന്ന മത്സ്യം കൂടുതല്‍ പിടിച്ചതും ഉദാഹരണം. (ഭക്ഷ്യയോഗ്യമാണെങ്കിലും ആരും അത് കഴിക്കാറില്ല.) മത്സ്യത്തീറ്റ ഫാക്ടറികളിലേക്കാണ് അത് കൈമാറ്റം ചെയ്യപ്പെടുന്നത്. ചാളയെ ഭക്ഷിക്കുന്ന സംരക്ഷിത ഇനത്തില്‍പ്പെട്ട കടല്‍പ്പന്നികള്‍ (ഡോള്‍ഫിനുകള്‍) കൂട്ടത്തോടെ തീരക്കടലിലേക്ക് വരികയും മീന്‍പിടിക്കുന്ന സമയത്ത് വലകള്‍ കടിച്ചുകീറി നശിപ്പിക്കുന്നതും ഇപ്പോള്‍ സാധാരണമാണ്. (കുറിപ്പ് 4)

കാലാവസ്ഥാ മാറ്റത്തിന്റെ പ്രഭാവം കേരളത്തിലെ മത്സ്യങ്ങളെ മാത്രമല്ല, ലോകമൊട്ടാകെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയില്‍ ധാരാളമായി പിടിക്കുന്ന കാലിഫോര്‍ണിയന്‍ മത്തിയുടെ ഉല്പാദനം പത്ത് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ടണ്ണില്‍നിന്നും കേവലം 86,000 ടണ്ണായി കുറഞ്ഞു. മത്തി ഇനത്തില്‍പ്പെട്ട (ക്ലൂപ്പിഡ്) ഹെറിംഗ്, പില്‍ചാഡ്, ഷാഡ് മത്സ്യങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ സമാനമായ തകര്‍ച്ചയുണ്ടായിട്ടുണ്ട്. കാലാവസ്ഥാ മാറ്റം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന (ക്ലൈമറ്റ് സെന്‍സിറ്റീവ്) ഒരു ഇനമാണ് മത്തി എന്ന് ചുരുക്കം.

സാമൂഹികങ്ങള്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ 

കേരളത്തില്‍ കടലില്‍പ്പോയി മത്സ്യം പിടിക്കുന്ന സജീവ മത്സ്യത്തൊഴിലാളികള്‍ ഒന്നര ലക്ഷം പേരുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒന്നേകാല്‍ ലക്ഷം പേരും അയല, ചാള, നെത്തോലി, വറ്റ തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ(പെലാജിക്)യാണ് പിടിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഒരാള്‍മാത്രം പ്രവര്‍ത്തിക്കുന്ന പൊന്ത് (തെര്‍മോക്കോള്‍) വള്ളം മുതല്‍ അമ്പത് പേര്‍ വരെ കയറുന്ന ഇന്‍-ബോര്‍ഡ് വള്ളങ്ങളിലും ആയിരക്കണക്കായ ഔട്ട്-ബോര്‍ഡ് വള്ളങ്ങള്‍ വരെയുള്ളതിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്. കയറ്റുമതി പ്രധാനമായ മത്സ്യങ്ങളെ പിടിക്കുന്ന ട്രോളിംഗ് ബോട്ടുകളിലേയും വിദൂര മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചൂണ്ട, ഗില്‍നെറ്റ് ബോട്ടുകളിലേയും തൊഴിലാളികളില്‍ തൊണ്ണൂറു ശതമാനവും കുളച്ചല്‍, തൂത്തൂര്‍ ഭാഗങ്ങളില്‍നിന്നും വരുന്ന തമിഴ് തൊഴിലാളികളാണ്. സമീപകാലത്ത് 'ഭായി'മാരും പണിയെടുക്കാനുണ്ട്. പക്ഷേ, 'മക്കളെപ്പോറ്റി മത്സ്യം' പിടിക്കുന്നവരാണ് ഇവിടത്തെ പരമ്പരാഗത തൊഴിലാളികള്‍. ഈ മത്സ്യങ്ങളുടെ തകര്‍ച്ച ഏഴര ലക്ഷം മത്സ്യത്തൊഴിലാളികളുടേയും കുടുംബങ്ങളെയാണ് ബാധിക്കുന്നത്. (കുറിപ്പ് 5)

മാറ്റമില്ലാതെ തുടരുന്ന മത്സ്യവറുതി തൊഴിലാളികളുടെ വരുമാനത്തേയും ഉപജീവനത്തേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 2012-ല്‍ മീന്‍ കൂടുതല്‍ ലഭിച്ച വര്‍ഷം ഒരു തൊഴിലാളിക്ക് 120 തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ കേവലം 40 ദിവസമായി കുറഞ്ഞു. ആ വര്‍ഷം ഇന്‍-ബോര്‍ഡ് വള്ളത്തിലെ ഒരു സജീവ മത്സ്യത്തൊഴിലാളിക്ക് പ്രതിവര്‍ഷം 89000 രൂപ ലഭിച്ചപ്പോള്‍ 2018-ല്‍ അത് കേവലം 48,000 രൂപയായി കുറഞ്ഞു. തൊഴിലുറപ്പു പദ്ധതിക്കാര്‍ക്ക് ഇതിലും മെച്ചമാണ് അവസ്ഥ. 
മത്സ്യവരള്‍ച്ചയ്ക്കു പുറമേ പല കാലത്തുമായുള്ള മത്സ്യബന്ധന നിരോധനവും പ്രശ്നമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എട്ട് തീവ്ര ന്യൂനമര്‍ദ്ദങ്ങളും കൊടുങ്കാറ്റുകളും അതിന്റെ ഭാഗമായ മത്സ്യബന്ധന നിരോധനവും ഉണ്ടായിട്ടുണ്ട്. 

നിരോധനവും വരുമാനത്തകര്‍ച്ചയും

മുന്‍കാലത്തെ ഉല്പാദനരംഗത്തെ തകര്‍ച്ചയേക്കാള്‍ സമീപകാലത്തെ തകര്‍ച്ചയുടെ ആഘാതം കൂടുതല്‍ ഗൗരവമുള്ളതാണ്. വലിയ പേഴ്സീന്‍ ബോട്ടുകളോടും ട്രോള്‍ ബോട്ടുകളോടും മത്സരിച്ച് വലിയ വള്ളങ്ങള്‍ വെയ്ക്കാന്‍ മത്സ്യത്തൊഴിലാളി സമൂഹവും നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ഇത്തരമൊരു ഇന്‍-ബോര്‍ഡ് വള്ളം നിര്‍മ്മിക്കുന്നതിന് 60 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ ചെലവാകും. സഹകരണസംഘങ്ങളില്‍നിന്നും കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്ന സ്വകാര്യ പണമിടപാടുകാരില്‍നിന്നും തരകന്മാരില്‍നിന്നുമാണ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റുകള്‍ കടം വാങ്ങി പ്രവര്‍ത്തിക്കുന്നത്. ഈ മധ്യവര്‍ത്തികളുടെ ചൂഷണം വള്ളം പ്രവര്‍ത്തിക്കുന്ന കാലത്തോളം തുടരും. മീന്‍ കിട്ടിയാലുമില്ലെങ്കിലും പലിശ, തേയ്മാനം ഇനത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപയെങ്കിലും അധികച്ചെലവ് വരും. മീനില്ലാത്തതിനാല്‍ പകുതിയോളം മത്സ്യബന്ധന യൂണിറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞിരിക്കുന്നു. പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്കാകട്ടെ, ഇടിത്തീപോലെ ഉയരുന്ന ഇന്ധനവിലയും തടസ്സമാണ്.

സാമ്പത്തിക പാക്കേജ് അനുവദിക്കുക 

ഇത്തരം തകര്‍ച്ചയുടെ ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ആശ്വാസ പദ്ധതികള്‍ മേഖലയ്ക്ക് വളരെ അടിയന്തരമായിത്തീര്‍ന്നിരിക്കുകയാണ്. മത്സ്യമേഖലയ്ക്ക് നല്‍കുന്ന സബ്സിഡികള്‍ അമിത മത്സ്യചൂഷണത്തിനു വഴിവെയ്ക്കുമെന്ന ന്യായം വികസിത രാജ്യങ്ങള്‍ സാര്‍വ്വദേശീയ സ്ഥാപനങ്ങളില്‍ ഉന്നയിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് നേതൃത്വം നല്‍കുന്ന അമേരിക്കപോലും മത്സ്യത്തകര്‍ച്ചയുടെ ഘട്ടത്തില്‍ സ്വന്തം രാജ്യത്ത് വലിയ സാമ്പത്തിക ആനുകൂല്യ പാക്കേജ് പ്രഖ്യാപിക്കാറുമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഉത്തര-പൂര്‍വ്വ ദേശത്തെ ചില മത്സ്യങ്ങളുടേയും മിസ്സിസ്സിപ്പിയിലെ സൗണ്ട് ഫിഷറിയുടേയും അലാസ്‌കചിനൂക്കിലെ സാല്‍മണ്‍ മത്സ്യത്തിന്റേയും തകര്‍ച്ചയെത്തുടര്‍ന്ന് 840 ദശലക്ഷം ഡോളറാണ് (5880 കോടി രൂപ) ആശ്വാസ നടപടിക്കായി നല്‍കിയത്. അവരുടെ ഫിഷറി നിയമങ്ങളില്‍ത്തന്നെ ഇതിനുള്ള വകുപ്പുകളുമുണ്ട്. 1994-ലെ മത്തിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് സമീപ സംസ്ഥാനമായ കര്‍ണാടകയും ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുകയുണ്ടായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ മത്സ്യമേഖലയിലെ വരള്‍ച്ച കണക്കിലെടുത്ത് സംസ്ഥാനത്തെ മത്സ്യവറുതി മേഖലയായി അടിയന്തരമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു മത്സ്യവറുതി രക്ഷാ പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്. നാണ്യവിള മേഖലയിലെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും വയനാട്ടിലും പ്രഖ്യാപിച്ച പാക്കേജുകളുടെ രൂപത്തില്‍ തീരപ്രദേശത്തും പാക്കേജ് അനുവദിക്കേണ്ടതുണ്ട്. 

മീനുള്ളപ്പോള്‍ വിലയില്ല, വിലയുള്ളപ്പോള്‍ മീനുമില്ല 

സുസ്ഥിരത, ഉപജീവനം, ഉടമസ്ഥാവകാശം എന്നിവപോലെ തന്നെ മത്സ്യമേഖലയിലെ കേന്ദ്ര പ്രശ്നങ്ങളിലൊന്ന് വിപണിയുടേതുമാണ്. സമ്പദ്വ്യവസ്ഥയിലെ ചോദന, പ്രദാന (ഡിമാന്റ്, സപ്ലൈ) നിയമം ഏറ്റവും പ്രകടമാകുന്ന ഒരു മേഖലയുമാണിത്. രണ്ടാഴ്ച മുന്‍പ് ചെല്ലാനം മിനി ഹാര്‍ബറില്‍ ഒരു കിലോ നത്തോലി കേവലം 17 രൂപയ്ക്കാണ് തൊഴിലാളികള്‍ വിറ്റത് (ലാന്റിംഗ് പ്രൈസ്). എന്നാല്‍, കേവലം നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള എരമല്ലൂരിലെ പാതയോരത്തെ വിപണിയില്‍ അതിന്റെ വില 150 രൂപയായിരുന്നു. (മാര്‍ക്കറ്റ് പ്രൈസ്). മത്തിക്ക് വരള്‍ച്ച നേരിടുന്ന ഇക്കാലത്ത് നാം 280-300 രൂപ നല്‍കിയാണ് അത് വാങ്ങിക്കുന്നത്. യഥാര്‍ത്ഥ ഉല്പാദകന് അര്‍ഹമായ വില ലഭിക്കണമെന്നതും, ആദ്യവില്പന അവകാശം (ഫസ്റ്റ് സെയില്‍ റൈറ്റ്) ഉറപ്പാക്കണമെന്നതും മേഖലയില്‍ പതിറ്റാണ്ടുകളായി ഉയരുന്ന മുറവിളിയാണ്. 

കൊവിഡ് കാലത്ത് സംസ്ഥാന ഫിഷറീസ് വകുപ്പും സഹകരണ പ്രസ്ഥാനമായ മത്സ്യഫെഡും നടത്തിയ സുപ്രധാനമായ ഒരു ചുവട്ഞവെയ്പ് വിപണിയിലിടപെടാന്‍ തീരുമാനിച്ചതാണ്. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുമായി ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന ലേലം ഒഴിവാക്കാനും പകരം മീന്‍ തൂക്കി വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. കേവലം മൂന്നുദിവസം ഇങ്ങനെ വിറ്റപ്പോള്‍ അഞ്ച് കോടി രൂപ അധികം ലഭിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണവും നടത്തുകയാണ്. 

മത്സ്യഫെഡ്, ബാധ്യതയും സാധ്യതയും  

1983-ല്‍ അന്നത്തെ ഫിഷറീസ് ഡയറക്ടറായിരുന്ന എം.കെ. ചന്ദ്രശേഖരനാണ്, മേഖലയിലെ മധ്യവര്‍ത്തികളുടെ ആധിപത്യവും ചൂഷണവും ഒഴിവാക്കുന്നതിന് ഗുജറാത്തിലെ അമുലിന്റെ മാതൃകയില്‍ മത്സ്യഫെഡ് എന്ന സ്ഥാപനം രൂപീകരിക്കുന്നതിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച മത്സ്യഫെഡ്, ഈ മേഖലയില്‍ ശ്രദ്ധേയമായ പല സംരംഭങ്ങളും നടപടികളും സ്വീകരിച്ചെങ്കിലും വിപണി ഇടപെടല്‍ എന്ന കേന്ദ്രദൗത്യം ഏറ്റെടുക്കുന്നതില്‍ വിജയിച്ചില്ല. കേരളത്തെപ്പോലെതന്നെ ഇന്ത്യയെമ്പാടും മത്സ്യബന്ധന-വിപണനമേഖലകള്‍ ഇപ്പോഴും ചില മധ്യവര്‍ത്തികളുടെ കയ്യിലാണ്. ആദ്യ വില്പന അവകാശം, അക്വേറിയം പരിഷ്‌കാരം തുടങ്ങിയവയെ സംബന്ധിച്ച കമ്മിറ്റികളുടെ ശുപാര്‍ശ ഒരു ദശകമായും വിപണിയേയും മത്സ്യഫെഡിനേയും സംബന്ധിച്ച എം.എം. മോനായി കമ്മിറ്റി ശുപാര്‍ശ അഞ്ചുവര്‍ഷമായും പൊടിതട്ടിയോ സാങ്കേതികക്കുരുക്കില്‍പ്പെട്ടോ കിടക്കുകയുമാണ്. മത്സ്യത്തിന്റെ ലാന്റിംഗ് വിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് സി.എം.എഫ്.ആര്‍.ഐയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ സഹായകമാണ്. 2019-ലെ കണക്കുകളില്‍ വില കാലാനുസൃതമായി കൂടിയെങ്കിലും മത്സ്യബന്ധന വിഭാഗത്തിനു ലഭിക്കുന്ന ശതമാനത്തില്‍ വലിയ മാറ്റങ്ങളില്ല. (കുറിപ്പ്-6)

ഈ കണക്കുകളുടെ പൊതുസ്വഭാവം നോക്കിയാല്‍ ധാരാളമായി ലഭിക്കുകയും ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യുന്ന മീനുകളുടെ വില കുറവാണെന്നതും അതിലെ തൊഴിലാളി വിഹിത അനുപാതം കുറവുമാണെന്നതാണ്. എന്നാല്‍ വിലകൂടിയ മത്സ്യങ്ങള്‍ക്കും കയറ്റുമതി പ്രധാനമായ മത്സ്യങ്ങള്‍ക്കും ലഭിക്കുന്ന മത്സ്യത്തൊഴിലാളി വിഹിതം കൂടുതലാണെന്നും കാണാം. ലാന്റിംഗ് സെന്ററുകളില്‍നിന്നും പല കൈ മറിയാതെ നേരിട്ട് കമ്പനികളിലേക്കെത്തുന്നതാണ് ഇതിലെ പ്രധാന കാരണം. 

വലയില്‍ നിന്ന് ചട്ടിയിലേക്ക്

സാധാരണ വിപണിയിലേക്കെത്തുമ്പോള്‍ പല ഇടനിലക്കാരും കച്ചവടക്കാരും ഇടപെടുന്നതാണ് തൊഴിലാളി വിഹിതം കുറയാന്‍ കാരണമെന്നും നമുക്കറിയാം. മറ്റു ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ വലയില്‍നിന്നും ചട്ടിയിലേക്ക് (from Catch to eat) പ്രക്രിയയില്‍ പലതട്ടുകളെ ഒഴിവാക്കി, ലാന്റിംഗ് സെന്ററുകളില്‍നിന്നും വിപണിയിലേക്ക് നേരിട്ട് എത്തുന്ന ഒരു സംവിധാനത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സമയം അധികരിച്ചിരിക്കുന്നു. കോവിഡ്-19 ലോക്ഡൗണ്‍ കാലത്തെ ഇതിനുള്ള പ്രധാന അവസരമായി കണ്ടുകൊണ്ടുള്ള നയനടപടികള്‍ക്കാണ് നാം അടിയന്തര ഊന്നല്‍ നല്‍കേണ്ടത്. 

മത്സ്യം കരയ്ക്കടുപ്പിക്കുന്ന ഘട്ടത്തില്‍ത്തന്നെ മത്സ്യത്തൊഴിലാളിക്ക് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി അതിന്റെ വില നിശ്ചയിക്കുക. ഓരോ ഹാര്‍ബറുമായും ലാന്റിംഗ് സെന്ററുമായും ബന്ധപ്പെട്ട് മത്സ്യം ശേഖരിക്കുന്ന സംഭരണകേന്ദ്രങ്ങളും ചില്‍ റൂമുകളും സജജീകരിക്കുക. വന്‍കിട കച്ചവടക്കാര്‍ക്കും ചെറുകിട വിതരണക്കാര്‍ക്കും വിറ്റു ബാക്കി വരുന്ന മത്സ്യം അതത് സഹകരണസംഘങ്ങളോ മത്സ്യഫെഡോ ഏറ്റെടുത്ത് ഈ സ്റ്റോറുകളിലേക്ക് മാറ്റാം. ഐസ് ചെയ്യുന്ന മത്സ്യം 72 മണിക്കൂര്‍വരെ കേടുകൂടാതെ സൂക്ഷിക്കാനാവും. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നല്ലപാതി വരുന്ന സ്ത്രീകളുടെ വിഭാഗങ്ങളേയും സ്വയംസഹായ സംഘങ്ങളേയും ഈ മത്സ്യങ്ങളെ വൃത്തിയാക്കാനും 'റെഡി-ടു-ഈറ്റ്', 'റെഡി ടു കുക്ക്' ഇനങ്ങളാക്കി വൃത്തിയായി പായ്ക്ക് ചെയ്യാനാവും. ഉപ്പിലിട്ട മത്സ്യം, പാകം ചെയ്ത മത്സ്യം, ഉണക്കിയ മത്സ്യം തുടങ്ങിയവയ്ക്ക് കേരളത്തിലെ പച്ചമത്സ്യത്തെപ്പോലെതന്നെ ഡിമാന്റുണ്ട്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ ഉല്പന്നങ്ങളുണ്ടാക്കാനും മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് കോള്‍ഡ് ചെയിനിലൂടെ ഓരോ ഉപഭോക്താവിന്റേയും വീട്ടിലുമെത്തിക്കാനാവും.

മേഖലയെ പൊതുവില്‍ ഒരു ഇ-പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയും ഇ-മാര്‍ക്കറ്റിംഗിനുള്ള ഒരു ആപ്പ് വികസിപ്പിച്ചെടുക്കുകയും ചെയ്യുക. ഇത് ബുദ്ധിമുട്ടില്ലാത്ത കാര്യവുമാണ്. ഉപഭോക്താവിന് വീട്ടിലിരുന്നുതന്നെ കടലില്‍ വഞ്ചിയില്‍ മീന്‍ പിടിക്കുന്നതും കയറ്റുന്നതും കാണാവുന്ന സാഹചര്യമാണിന്നുള്ളത്. ഇതു പ്രയോജനപ്പെടുത്തി സഹകരണപ്രസ്ഥാനങ്ങളേയും മേഖലയെത്തന്നെയും ആധുനീകരിക്കുന്നതിനുള്ള ബൃഹദ്സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. ഇതിനാവശ്യമായ ബജറ്റ് സഹായമടക്കം നീക്കിവെക്കണം. കേന്ദ്രസര്‍ക്കാര്‍ പിന്‍പറ്റുന്ന കുത്തകവല്‍ക്കരണനയത്തിനു പകരം മേഖലയുടെ സഹകരണവല്‍ക്കരണവും ആധുനിക  വല്‍ക്കരണവും എന്ന നിലയിലേക്ക് തൊഴില്‍ സാന്ദ്രമായ ഈ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. തൊഴിലാളിപ്രസ്ഥാനത്തിന്റെ കരുത്തിനോടൊപ്പം സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ഇതിനാവശ്യമാണ്. 

തീരത്തിന്റെ 45% നഷ്ടമായി

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ നമ്മുടെ കടല്‍ത്തീരത്തിന്റെ 45 ശതമാനം നഷ്ടമായി. ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം ഇതിന്റെ ഫലമായി 80 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കോയിസിന്റെ വിലിയിരുത്തല്‍ പ്രകാരം പ്രതിവര്‍ഷം 0.33 മില്ലീമീറ്റര്‍ മുതല്‍ 5.16 മില്ലീമീറ്റര്‍ വരെ കടല്‍നിരപ്പില്‍ വര്‍ദ്ധനയുണ്ട്. കേരളത്തില്‍ കടല്‍കയറ്റം (ആക്രമണം) തുടര്‍ച്ചയായി സംഭവിക്കുന്ന വലിയതുറ, ആലപ്പാട്, ചെല്ലാനം-വൈപ്പിന്‍ പ്രദേശങ്ങളും അവിടെ നടക്കുന്ന സമരങ്ങളും നമ്മുടെ വികസനത്തിന്റെ നിഷേധഫലങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. 'സാഗര്‍മാല' പദ്ധതിയുടേയും തീരദേശ റോഡിന്റേയും ടൂറിസം സര്‍ക്യൂട്ടുകളുടേയും കോസ്റ്റല്‍ ഡെവലപ്പ്മെന്റ് സോണുകളുടേയും ഫലമായ കുടിയൊഴിപ്പിക്കലുകള്‍ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നുമുണ്ട്. ചെകുത്താനും കടലിനുമിടയിലെന്നതാണ് മത്സ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥ. 

കുറിപ്പ് 1

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ തീരത്ത് ആഞ്ഞടിച്ച തീവ്ര ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് 8 കൊടുങ്കാറ്റുകളില്‍ ആറെണ്ണവും അറബിക്കടലിലായിരുന്നു. ഈ വര്‍ഷം പ്രത്യക്ഷപ്പെട്ട ഉംപുന്‍, നിസര്‍ഗ്ഗ കൊടുങ്കാറ്റുകള്‍ കനത്ത നാശനഷ്ടം വരുത്തിയെങ്കിലും കേരളതീരത്തെ അതു ബാധിച്ചില്ല.
2019    ഏപ്രില്‍    -    ഫാനി
2019    ജൂണ്‍    -    വായു
2019    സെപ്റ്റംബര്‍    -    ഹിക്കോ
2019    ഒക്ടോബര്‍    -    ക്യാര്‍
2019    ഒക്ടോബര്‍-നവംബര്‍    -    മഹാ
2019    ഒക്ടോബര്‍-നവംബര്‍    -    ബുള്‍ബുള്‍

കുറിപ്പ് 2

സി.എം.എഫ്.ആര്‍.ഐ.യുടെ നിരീക്ഷണങ്ങള്‍

* 2019-ല്‍ ഇന്ത്യയുടെ മൊത്തം സമുദ്ര മത്സ്യോല്പാദനം മുന്‍വര്‍ഷത്തെ ഉല്പാദനമായ 3.53 ദശലക്ഷം ടണ്ണില്‍നിന്നും 2.1 ശതമാനം വര്‍ധിച്ച് 3.56 ലക്ഷം ടണ്ണായി.
* 2012-ല്‍ മത്സ്യോല്പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തെ പിന്തള്ളി തുടര്‍വര്‍ഷങ്ങളില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. 2019-ല്‍ 7.75 ലക്ഷം ടണ്‍ മീന്‍ പിടിച്ച് ഗുജറാത്തിനെ മറികടന്ന് തമിഴ്നാട് ഒന്നാം സ്ഥാനത്ത്.
* ക്ലാത്തി എന്നും കാക്കക്ലാത്തി എന്നും കേരളത്തിലറിയപ്പെടുന്ന ട്രിഗര്‍ഫിഷ് (ഒഡോണസ് നിഗര്‍) 2018ല്‍ 72,580 ടണ്‍ പിടിച്ച സ്ഥാനത്ത് മറ്റു മത്സ്യങ്ങളെ പിന്തള്ളി 2019-ല്‍ 2.74 ലക്ഷം ടണ്‍ പിടിച്ചു.
* അയലയുടെ ഉല്പാദനത്തില്‍ ദേശീയ തലത്തില്‍ത്തന്നെ 50 ശതമാനം ഇടിവുണ്ടായി.
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിടിക്കുന്ന നെയ്ചാളയുടെ ഉല്പാദനത്തിലും ഈ വര്‍ഷം ആറ് ശതമാനം ഇടിവുണ്ടായി.
* ഇന്ത്യയില്‍ 2018-ലുണ്ടായ എട്ട് കൊടുങ്കാറ്റുകള്‍ മത്സ്യബന്ധന പ്രവര്‍ത്തനത്തിനു സാരമായ തടസ്സമായി.

കുറിപ്പ് 3

സംസ്ഥാനത്തിലെ മത്സ്യോല്പാദനത്തിലെ ഏറ്റിറക്കങ്ങള്‍

വര്‍ഷം, മൊത്തം മത്സ്യോല്പാദനം (ലക്ഷം ടണ്‍), മത്തിയുടെ ഉല്പാദനം
2012    8.39    3.99 ലക്ഷം
2013    6.71    2.10 ലക്ഷം
2014    5.76    1.60 ലക്ഷം
2015    4.82    68,431
2016    5.22    45,950
2017    5.84    1.27 ലക്ഷം
2018    6.43    77,099
2019    5.44    44,320

കുറിപ്പ് 4

എല്‍-നീനോയും ലാനീനയും 

പസഫിക് സമുദ്രത്തില്‍ അമേരിക്കയുടെ പടിഞ്ഞാറ് മുതല്‍ ആസ്ട്രേലിയ വരെയുള്ള ഭാഗത്ത് അസാധാരണമായ രീതിയില്‍ ചൂടുകൂടുന്ന പ്രതിഭാസത്തെ എല്‍-നീനോ തെക്കന്‍ ചാഞ്ചാട്ടം എന്നു വിളിക്കുന്നു. ചൂടു കുറയുന്ന ഘട്ടത്തെ ലാനീന എന്നു വിളിക്കുന്നു.
ശാന്തസമുദ്രത്തിലെ ചൂട് വര്‍ദ്ധിക്കുന്നതുമൂലം അവിടെയുള്ള സമുദ്രജല പ്രവാഹങ്ങളുടേയും ചൂട് വര്‍ദ്ധിക്കും. പ്രധാനമായും ഉപരിതല മത്സ്യങ്ങളുടെ ഭക്ഷണത്തിന് ദൗര്‍ലഭ്യം കൂടും. ഉപരിതലത്തിലെ വായുപ്രവാഹത്തിനും മാറ്റം വരും. പെറുവിലെ 1971-'72 കാലത്തെ നത്തോലിയുടെ ഭീമമായ തകര്‍ച്ചയും ഇന്തോനേഷ്യയിലെ വരള്‍ച്ചയും കാട്ടുതീയും അമേരിക്കയിലെ സമീപകാല കൊടുങ്കാറ്റുകളും ഇതിന്റെ ഫലമാണ്. മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്നും കേരള തീരത്ത് കടലിലെ ചൂര(ട്യൂണ)മത്സ്യങ്ങളുടെ തകര്‍ച്ചയ്ക്കും ഇതിടയാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

2018-ലെ എല്‍-നീനോയുടെ പ്രഭാവം 2019 വരെ തുടര്‍ന്നുവെന്നും ഉപരിതല മത്സ്യലഭ്യതയില്‍ അത് പ്രതിഫലിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമുദ്ര ഉപരിതലം തണുക്കുന്ന ലാനീന പ്രഭാവം മത്തിയുടെ വളര്‍ച്ചയ്ക്കും പ്രത്യുല്പാദനത്തിനും അനുകൂലമാണ്. ഈ രണ്ടു പ്രതിഭാസങ്ങളും മാറിമാറി പ്രത്യക്ഷപ്പെടാറുണ്ട്.

കുറിപ്പ് 5

മത്സ്യത്തൊഴിലാളികളുടെ സ്വയം നിയന്ത്രണം, കൊച്ചിയിലെ മാതൃക 

മത്തിയുടെ ഉല്പാദനത്തകര്‍ച്ചയ്ക്ക് അമിത മത്സ്യോല്പാദനവും കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നതുമാണ് കാരണമെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍, കൊച്ചിയിലെ മത്സ്യത്തൊഴിലാളികളുടെ യോഗം 2016-ല്‍ വിളിച്ചുചേര്‍ത്തു. മത്സ്യമേഖലയിലെ ഗവേഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വള്ളങ്ങളിലെ ലീഡര്‍മാരും പങ്കെടുത്ത യോഗത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കപ്പെട്ടു.
* ചെറിയ ചാളയെ (കുഞ്ഞുമത്തി) യാതൊരു കാരണവശാലും പിടിക്കില്ല. അവയുടെ വിപണനും അനുവദിക്കില്ല. അയല്‍ സംസ്ഥാനങ്ങളിലെ മത്സ്യ, കോഴിത്തീറ്റ ഫാക്ടറികളിലേക്ക് പൊടിക്കാനായി അവയെ കയറ്റിവിടില്ല.
* രാത്രികാല മത്സ്യബന്ധനം നടത്തില്ല, മത്സ്യബന്ധനം പ്രഭാതം മുതല്‍ പ്രദോഷം വരെ
* ലൈറ്റുപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തില്ല.
* ഒരു വല വള്ളത്തിന് മൂന്നും നാലും അനുബന്ധ വള്ളങ്ങള്‍ - കാരിയര്‍ വള്ളങ്ങള്‍ എന്നതിനു പകരം ഒരു കാരിയര്‍ മാത്രം ഉപയോഗിക്കും.
ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണവും നടത്തി. സ്വയം നിര്‍ണ്ണയിച്ച ഈ ക്രമീകരണം ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്.   


കുറിപ്പ് - 6

2010-ലെ ലാന്റിംഗ് വില (Rs./Kg), 2010-ലെ റീടെയില്‍ വില (Rs./Kg), മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കുന്ന വിഹിതം (%)    

സ്രാവ്    107    142    86.07
തിരണ്ടി     46    62    70.40
മത്തി    34    47    46.63
മുള്ളന്‍     19    43    39.20
പാമ്പാട    39    87    56.03
ചെമ്പല്ലി    57    98    62.57
പല്ലിമീന്‍    24    43    55.03
ചൂര    40    66    62.13
അയല    52    76    71.67
ശീലാവ്     53    87    67.43
വറ്റകള്‍     57    87    63.42
കണമ്പ്    67    118    62.24
ചെമ്മീനുകള്‍ 
(മുന്തിയ ഇനം)     320    468    75.16
ലോബ്സ്റ്റര്‍    472    552    85.63
കണവ, കൂന്തല്‍    129    175    70.56
നെയ്മീന്‍    33    63    58.41

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(TUCI)യുടെ പ്രസിഡന്റാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com