'വിയർപ്പൊഴുക്കിയത് കോൺ​ഗ്രസിന് വേണ്ടി, ഇന്ന് അവർക്ക് എന്നെ വേണ്ട; ഇടതുപക്ഷം കാണിക്കുന്ന സ്നേഹവും ബഹുമാനവും വളരെ വലുത്'

അദ്ദേഹത്തിന്റെതന്നെ ശൈലിയില്‍ പറഞ്ഞാല്‍ 'സംഭവബഹുലമായിരുന്നു സര്‍ എന്റെ ജീവിതം!'
'വിയർപ്പൊഴുക്കിയത് കോൺ​ഗ്രസിന് വേണ്ടി, ഇന്ന് അവർക്ക് എന്നെ വേണ്ട; ഇടതുപക്ഷം കാണിക്കുന്ന സ്നേഹവും ബഹുമാനവും വളരെ വലുത്'


തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ് ജി.കെ. പിള്ള ജനിച്ചത്. ബാല്യകാലത്താണ് സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത്. പതിനാലാം വയസ്സില്‍ സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. പ്രതാപിയായ അച്ഛന്റേയും വീട്ടുകാരുടേയും എതിര്‍പ്പിനേത്തുടര്‍ന്ന് നാടുവിട്ട് പട്ടാളത്തില്‍ ചേര്‍ന്നു. യുദ്ധം കണ്ടും യുദ്ധം ചെയ്തും ജീവിതം മുന്നോട്ടോടിച്ചു. സ്വാതന്ത്ര്യാനന്തര ലഹളകളില്‍ ഇന്ത്യയിലെ നഗരവീഥികളിലും തെരുവിലും മരിച്ചുവീണ മനുഷ്യരെ മരവിച്ച മനസ്സോടെ എടുത്തു സംസ്‌കരിച്ച ഓര്‍മകളും അദ്ദേഹത്തിനുണ്ട്. 1954 മുതല്‍ ചലച്ചിത്രരംഗത്ത് അഭിനേതാവായി ആരംഭിച്ച ജീവിതപര്‍വ്വം ഇന്നും തുടരുന്നു. ചലച്ചിത്ര-സീരിയല്‍ രംഗത്തു സജീവമാണ് ജി.കെ. ലോകസിനിമയില്‍ത്തന്നെ 65 വര്‍ഷത്തെ അഭിനയപരിചയമുള്ള മറ്റൊരു നടന്‍ ഇന്നു ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെതന്നെ ശൈലിയില്‍ പറഞ്ഞാല്‍ 'സംഭവബഹുലമായിരുന്നു സര്‍ എന്റെ ജീവിതം!' 

തിക്കുറിശ്ശി, സത്യന്‍, നസീര്‍, കൊട്ടാരക്കര തുടങ്ങിയ നടന്മാര്‍, രണ്ടാംഘട്ടത്തിലെ നായകന്മാരായ മധു, സുകുമാരന്‍, സോമന്‍, ജയന്‍ മുതലായവര്‍, ഇന്നത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് വരെയുള്ള താരങ്ങളോടൊത്ത് അഭിനയിച്ച ജി.കെ. പിള്ളയ്ക്ക് 95 വയസ്സ് കഴിഞ്ഞു. 

മഹാത്മാഗാന്ധി വധിക്കപ്പെടുമ്പോള്‍ കശ്മീരിലായിരുന്നു ജി.കെ. പിള്ള. പാകിസ്താനുമായിട്ടുണ്ടായ യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത പിള്ള നൂറിലധികം സഹപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കുന്നത് കണ്ടിട്ടുണ്ട്. എത്ര കൂട്ടുകാരുടെ ജീവച്ഛവങ്ങളാണ് എടുത്തുയര്‍ത്തേണ്ടിവന്നത്. ഒരിക്കല്‍ ഒരു പരിചയവുമില്ലാത്ത പാകിസ്താന്‍കാരനെ വെടിവച്ച് കൊന്നപ്പോഴും ഉള്ളില്‍ വേദന നിറഞ്ഞെന്നു അദ്ദേഹം പറയുന്നു. ഹിന്ദു-മുസ്ലിം ലഹള സമയത്ത് ഒരു പട്ടാളക്കാരന്‍ കണ്ട കാഴ്ചകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇപ്പോഴും വാക്കുകള്‍ പൂര്‍ത്തിയാക്കാനാവുന്നില്ല. 

സ്‌നേഹസീമ, ഹരിശ്ചന്ദ്ര, ഉമ്മിണിത്തങ്ക, വേലുത്തമ്പി ദളവ, കൂടപ്പിറപ്പ് തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ നായകനൊത്ത പ്രതിനായകവേഷത്തില്‍ ജ്വലിച്ചുനിന്ന നടനാണ് ജി.കെ. പിള്ള. സീമന്തപുത്രന്‍, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം തുടങ്ങിയ വടക്കന്‍പാട്ട്/ചരിത്രസിനിമകള്‍ക്കുവേണ്ടി ജനിച്ച നടനായിരുന്നു ജി.കെ. പിള്ള. തന്റെ രൂപവും ശബ്ദവും അജാനുബാഹുക്കളായ വീരന്മാര്‍ക്ക് യോജിച്ചതും ജി.കെ. പിള്ളയ്ക്ക് തുണ നല്‍കി. 'കാര്യസ്ഥന്‍' എന്ന സിനിമയില്‍ മധുവിനൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. കൂടാതെ പൊരുത്തം, സ്വപ്നം, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി ജനപ്രിയ സീരിയലുകളിലും അഭിനയിച്ചു. 1954-ല്‍ തുടങ്ങിയ അഭിനയ ജീവിതത്തിനിടയില്‍ 300 സിനിമകളില്‍ വേഷമിട്ടു. 

തിരുവനന്തപുരത്തെ അതിര്‍ത്തി പഞ്ചായത്തായ ഇടവയിലെ വീട്ടിലിരുന്ന് ജി.കെ. പിള്ള സംസാരിച്ചുതുടങ്ങി.

അഭിനയമുഹൂർത്തം
അഭിനയമുഹൂർത്തം

മലയാളത്തിലെ നടന്‍മാരില്‍ സീനിയറായ താങ്കള്‍ വേണ്ടുന്ന തരത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
 
ഞാന്‍ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ എല്ലാം എനിക്ക് താല്പര്യമുള്ളവയായിരുന്നു. വളരെ വിശേഷപ്പെട്ടതും കൂട്ടത്തില്‍ ഉണ്ടായിരുന്നു. നായകവേഷം ഒഴിച്ച് ബാക്കിയെല്ലാ വേഷങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരനായ ഞാന്‍ ആദ്യം അഭിനയിച്ചത് വയസ്സനായിട്ടായിരുന്നു. പിന്നെ അനവധി വൃദ്ധവേഷങ്ങള്‍. വില്ലനായും രാജാവായും മന്ത്രിയായും സേനാധിപനായും റൗഡിയായും മഹര്‍ഷിയായും ഒക്കെയുള്ള വേഷങ്ങള്‍. എനിക്ക് അക്കാലത്തെ പത്രങ്ങളൊക്കെ വലിയ പിന്തുണ നല്‍കിയിരുന്നു. എങ്കിലും എനിക്ക് കിട്ടേണ്ട അംഗീകാരം, അതു പൂര്‍ണ്ണമായും കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ഒരു സംശയം. ഞാന്‍ ആ സംശയത്തില്‍ തീര്‍ച്ചയായും ഉറച്ച് നില്‍ക്കുന്നു. എന്നെക്കാളും പിറകെവന്ന പലര്‍ക്കും കിട്ടിയ അംഗീകാരങ്ങള്‍ വെച്ചുനോക്കിയാല്‍ എനിക്കെന്തുകൊണ്ട് ലഭിച്ചില്ല എന്നു ചിന്തിച്ചാല്‍ വ്യക്തിതാല്പര്യങ്ങളും മറ്റും അനുസരിച്ചാണോ എന്നറിയില്ല. പക്ഷേ, ഞാന്‍ അതൊന്നും ചിന്തിച്ചു നടക്കാറില്ല.

1953-ല്‍ ആണ് ഞാന്‍ സിനിമാരംഗത്ത് വരുന്നത്. 29 വയസ്സ്. ആദ്യം അഭിനയിച്ചത് 65 വയസ്സുകാരനായിട്ടാണ്. 'സ്‌നേഹസീമ' എന്ന ചിത്രം. അന്നത്തെ ഏറ്റവും വലിയ ബാനര്‍ ആയ അസ്സോസിയേറ്റ് പിക്ചേഴ്സ് ആയിരുന്നു നിര്‍മ്മാണം. അസോസിയേറ്റ് റ്റി.ഇ. വാസുദേവന്‍ സാര്‍ ഏവരും ആദരിക്കുന്ന വ്യക്തിത്വം. സത്യനും പത്മിനിയുമായിരുന്നു നായകനും നായികയും.

1953-ല്‍ ഷൂട്ടിംഗ് തുടങ്ങി 1954-ല്‍ ചിത്രം റിലീസ് ചെയ്തു. പല തരത്തിലും അവര്‍ എന്നെ ടെസ്റ്റ് ചെയ്തു. ഒടുവില്‍ സ്റ്റുഡിയോയില്‍ കൊണ്ടുപോയി വയസ്സന്‍ വേഷം മേക്കപ്പിട്ട് ഷൂട്ട് ചെയ്ത് നോക്കി കണ്ടിട്ടാണ് എനിക്കങ്ങനെ ഒരവസരം ലഭിച്ചത്. പത്മിനിയുടെ അച്ഛനായിട്ട്. 'സ്‌നേഹസീമ' വിജയമായത് എനിക്ക് ഗുണമായി. പിന്നെ ആ വേഷം കണ്ട് ഇഷ്ടപ്പെട്ടാണ് 'ഹരിശ്ചന്ദ്ര'യില്‍ അഭിനയിക്കാന്‍ സുബ്രഹ്മണ്യം മുതലാളി വിളിക്കുന്നത്. ഞാന്‍ പട്ടാളത്തില്‍നിന്നു വന്നിട്ട് സിനിമയില്‍ അഭിനയിക്കാന്‍ അലഞ്ഞുനടന്നിരുന്നു. ഒരിക്കല്‍ നടന്‍ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ് 500 രൂപയും ചോദിച്ചു മേടിച്ചു. അതൊക്കെ പണം പിടിക്കാനുള്ള പറ്റിക്കലായിരുന്നു.

അക്കാലത്ത് സുബ്രഹ്മണ്യം മുതലാളിയേയും കണ്ടിരുന്നു. പക്ഷേ, ഞാന്‍ സിനിമയ്‌ക്കൊന്നും പറ്റിയ വ്യക്തിയല്ലായെന്ന് എന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു. അതു കേട്ടൊന്നും ഞാന്‍ തളര്‍ന്നില്ല. 'സ്‌നേഹസീമ' തിരുവനന്തപുരത്ത് സുബ്രഹ്മണ്യം മുതലാളിയുടെ 'ന്യൂ' തിയേറ്ററിലാണ് റിലീസ് ചെയ്തത്. മദ്രാസില്‍ അടുത്ത പരിപാടികളെപ്പറ്റി വ്യക്തതയില്ലാതെ, പ്രതീക്ഷകളില്ലാതെ താമസിക്കുന്ന സമയത്ത് എനിക്ക് ഒരു ടെലിഗ്രാം വരുന്നു. 'സ്റ്റാര്‍ട്ട് ഇംമീഡിയറ്റ്ലി ഫോര്‍ ഷൂട്ടിംഗ്' - മെരിലാന്‍ഡില്‍നിന്ന്. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. സന്തോഷത്തോടെ ഞാന്‍ ചിറയിന്‍കീഴിലേയ്ക്ക് വണ്ടികയറി. സുബ്രഹ്മണ്യം മുതലാളിയെ മെരിലാന്‍ഡില്‍ ചെന്നു കണ്ടു.

''നിങ്ങളഭിനയിച്ച സിനിമ കണ്ടപ്പോള്‍ നിങ്ങളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മുന്‍പ് നേരിട്ട് കണ്ടപ്പോള്‍ എനിക്കത്ര ബോദ്ധ്യപ്പെടാത്തതുകൊണ്ടാണ് അന്നു താങ്കള്‍ക്ക് ചാന്‍സ് തരാതിരുന്നത്. ഞാന്‍ എടുക്കുന്ന 'ഹരിശ്ചന്ദ്ര' എന്ന പുതിയ പുരാണപടത്തില്‍ നിങ്ങള്‍ക്കൊരു മികച്ച വേഷം നല്‍കുകയാണ്. വിശ്വാമിത്രന്റെ വേഷം. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ഹരിശ്ചന്ദ്രന്‍.''

തിക്കുറിശ്ശി അന്ന് മലയാളത്തിലെ നമ്പര്‍വണ്‍ താരം. ആ വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പിന്നീട് എനിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പലരും വിളിച്ചു. പടങ്ങളുടെ എണ്ണം കൂടിവന്നു.

ചരിത്രസിനിമകള്‍, വടക്കന്‍പാട്ട് കഥകള്‍, വില്ലനായും വയസ്സനായും കൊള്ളത്തലവനായും വിടനായും നിരവധി കഥാപാത്രങ്ങള്‍. ഏതു വേഷം നല്‍കിയാലും അതെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഒരു വേഷവും ഞാന്‍ വേണ്ടെന്നു വെച്ചിട്ടില്ല. പ്രേം നസീറുമൊത്താണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. വാള്‍പ്പയറ്റ് രംഗങ്ങളില്‍ ഞാനും നസീറുമായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്. യാതൊരു ഭയവുമില്ലാതെ ഞങ്ങള്‍ ആ രംഗങ്ങളില്‍ ചടുലതയോടെ അഭിനയിച്ചു. രണ്ടു കയ്യിലും വാളുപയോഗിച്ച് പയറ്റുന്നതില്‍ എനിക്ക് പ്രത്യേക പാടവം ഉണ്ടായിരുന്നു. 'ഉമ്മിണിത്തങ്ക'യിലേയും 'വേലുത്തമ്പി ദളവയി'ലേയും ദീര്‍ഘമേറിയ വാള്‍പ്പയറ്റ് ഷോട്ടുകളില്‍നിന്നു നിങ്ങള്‍ക്കത് മനസ്സിലാക്കാം. ഭാഗ്യത്തിന് അപകടങ്ങള്‍ അധികമുണ്ടായില്ല.

ഏകദേശം മുന്നൂറില്‍പ്പരം സിനിമകള്‍, 14 സീരിയലുകള്‍ - ഇതൊക്കെയായിട്ട് ഞാന്‍ ഇന്നും ഇവിടൊക്കെത്തന്നെയുണ്ട്. സിനിമയില്‍ എനിക്കിതിലും കൂടുതല്‍ വേഷങ്ങള്‍ ലഭിക്കുമായിരുന്നു. പിന്നെ ഞാനാരോടും അഭ്യര്‍ത്ഥനകളൊന്നും നടത്തിയിട്ടില്ല. പ്രത്യേക ടീമുകളിലും പെട്ടിട്ടില്ല.
എന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്തു മടങ്ങി വീട്ടില്‍ വരും. മറ്റെവിടെയെങ്കിലും ചുറ്റിത്തിരിയാറില്ല. വീട്ടുകാര്യങ്ങള്‍ നോക്കിയിരിക്കാന്‍ എനിക്ക് വലിയ ഉത്സാഹമാണ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും എന്റെ പറമ്പിലും മറ്റും വെട്ടിക്കിളക്കാന്‍ സമയവും കണ്ടെത്തി.

ഇന്നത്തെ നടന്മാര്‍, താരങ്ങളും മറ്റ് മേജര്‍ നടന്മാരും അവരുടെ മേല്‍നോട്ടത്തില്‍ത്തന്നെ  സിനിമകള്‍ക്കായി കഥ കണ്ടെത്തുന്നു. അവരുടെ സുഹൃത്തുക്കളായ തിരക്കഥാകൃത്തുക്കള്‍/സംവിധായകര്‍ അവരുടെ മാനറിസങ്ങള്‍ മനസ്സില്‍ക്കണ്ട് കഥാപാത്രങ്ങളെ സൃഷ്ടിച്ച് സിനിമയാക്കുന്നുണ്ട്. താങ്കള്‍ക്ക് അങ്ങനെ ഒരു എഴുത്തുകാരന്റെ/സംവിധായകന്റെ പ്രത്യേക സഹായം ലഭ്യമായിട്ടുണ്ടോ? 

ഇല്ല. എന്നാല്‍, ഇവരൊക്കെ ചെയ്ത കഥാപാത്രങ്ങളൊക്കെ ഞാനും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സിനിമയുടെ സാങ്കേതികതയും ബഡ്ജറ്റും  അന്നില്ലായിരുന്നു. അതിന്റെയൊക്കെ അപര്യാപ്തത അന്നത്തെ പ്രകടനത്തില്‍ കുറഞ്ഞും ഇഴഞ്ഞും പ്രതിഫലിച്ചേക്കാം എന്നുമാത്രം.

താങ്കളുടെ 'സീമന്തപുത്രന്‍' എന്ന സിനിമ ആദ്യദിനം തന്നെ കണ്ടിട്ടുണ്ട്. വളരെ ശക്തമായ ഒരു വേഷം. കടത്തനാട്ട് മാക്കത്തിലെ മൂത്ത ജ്യേഷ്ഠന്റെ വേഷവും ശ്രദ്ധയമായ മുഴുനീള കഥാപാത്രമായിരുന്നു. അതേപോലെയുള്ള കഥാപാത്രങ്ങള്‍ പിന്നീട് താങ്കള്‍ക്ക് കൂടുതല്‍ ലഭിച്ചില്ല. അങ്ങയുടെ കാലഘട്ടത്തിലെ കൊട്ടാരക്കര, ജോസ് പ്രകാശ് തുടങ്ങിയ നടന്മാര്‍ക്ക് മികച്ച ചില വേഷങ്ങള്‍ ലഭിച്ചിട്ടുമുണ്ട്.
 
ശരിയാണ്. അങ്ങനെ വേഷങ്ങള്‍ പലതും പ്രതീക്ഷിച്ചിരുന്നു ഞാന്‍. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ അങ്ങനെയുള്ള വേഷങ്ങള്‍ എനിക്ക് തന്നിട്ട് പിന്നെ വീണ്ടും ഒരു വലിയ നടനാക്കി എന്നെ മാറ്റിയെടുക്കാന്‍ ഇതിനകത്തുള്ള ചില ആളുകള്‍ക്ക് താല്പര്യമില്ലായിരുന്നു. ആ ചില ആളുകള്‍ അവര്‍ക്ക് കൂടുതല്‍ താല്പര്യമുള്ളവര്‍ക്ക് അത്തരം വേഷങ്ങള്‍ കൊടുത്തു. ബാക്കിയുള്ളതൊക്കെ ഞങ്ങള്‍ക്കു വീതിച്ചു നല്‍കും.

ആ ചില ആളുകള്‍ എന്നു പറയുമ്പോള്‍?

അതു പറയാതിരിക്കുന്നതാ നല്ലത്. ഞാനത് ഇപ്പോള്‍ പറയുന്നത് ശരിയല്ലല്ലോ? വലിയ നടന്മാരും സംവിധായകരും ആ കൂട്ടത്തിലുണ്ട്. പക്ഷേ, ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറം ചില സഹകരണങ്ങളും സിനിമാരംഗത്തുനിന്ന് എനിക്കു ലഭിച്ചിട്ടുണ്ട്. വ്യക്തിതാല്പര്യമാണ് അവിടെയൊക്കെ സംരക്ഷിക്കപ്പെടുന്നത്. ഉദാഹരണത്തിനു ഞാന്‍ നായകനായി അഭിനയിക്കുമ്പോള്‍ എന്റെ കൂടെ അഭിനയിക്കേണ്ടത് ആരാണെന്നു തീരുമാനിക്കുന്നതു ഞാനാണ്. അല്ലെങ്കില്‍ എന്റെ അംഗീകാരത്തോടെയാണ്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന നിര്‍മ്മാതാക്കളാണ് അവിടെയുള്ളത്. പ്രത്യേകിച്ചും പുതിയ നിര്‍മ്മാതാക്കള്‍. പല വേഷങ്ങളിലും ഞാന്‍ അസാധാരണമായി വിജയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അതൊക്കെ എടുത്തു പറയാനോ പ്രശംസിക്കാനോ അംഗീകരിക്കാനോ അവരാരും തയ്യാറല്ല. അതാണീ സിനിമയുടെ അകത്തുള്ള ഏറ്റവും വലിയ നിര്‍ഭാഗ്യം. എങ്കിലും ഇന്നും ഞാന്‍ ഈ രംഗത്ത് ചുവടുറച്ചു നില്‍ക്കുന്നു. 96-ാം വയസ്സില്‍ കടക്കുമ്പോഴും. ആരോഗ്യത്തിനു കാര്യമായ കുഴപ്പമില്ല. ശബ്ദത്തിനു കോട്ടംതട്ടിയിട്ടില്ല. ഓര്‍മ്മയ്ക്കും വലിയ കുറവ് വന്നിട്ടില്ല. അപ്പോള്‍ എന്താണ് സര്‍ പ്രശ്‌നം? എന്റെ അഹങ്കാരമാണോ? ഞാന്‍ അഹങ്കാരിയാണോ? എന്റെ മനുഷ്യത്വമില്ലായ്മയാണോ? അല്ല സര്‍. അങ്ങനെയൊന്നും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍. ആര്‍ക്കും അറിഞ്ഞുകൊണ്ട് ദ്രോഹവും ചെയ്തിട്ടില്ല. 

ആദ്യമായി  താങ്കള്‍ക്ക് ഒരു അംഗീകാരം ലഭിക്കുന്നത്?

എന്റെ ആറാമത്തെ ചിത്രമായ 'കൂടെപ്പിറപ്പി'ലെ അഭിനയത്തിനാണ്. പഴയ അംബികയും പ്രേംനസീറിന്റെ അനുജന്‍ വഹാബു(പ്രേംനവാസ്)മായിരുന്നു നായികാ നായകര്‍. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്. അവര്‍ ഇന്നും തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ നാലുഭാഷകളില്‍ അവാര്‍ഡ് കൊടുത്തുവരുന്നുണ്ട്. അന്നത്തെ അവാര്‍ഡിനു വലിയ വിലയാണ്. ഇന്നിപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും ഒട്ടനവധി അവാര്‍ഡുകള്‍ പല പേരുകളില്‍ നല്‍കുന്നുണ്ട്. അന്ന് അതൊന്നുമില്ല.

സിനിമയിലെ സൗഹൃദം? 

ജോസ് പ്രകാശുമായി നല്ല അടുപ്പമുണ്ടായിരുന്നു. ബാക്കിയുള്ളവരെയെല്ലാം കൃത്യമായി ഓര്‍ത്ത് പറയാന്‍ സമയമെടുക്കും.

തിക്കുറിശ്ശി, കൊട്ടാരക്കര, ഗോവിന്ദന്‍ കുട്ടി, ഉമ്മര്‍? 

കൊട്ടാരക്കരയുമായി അങ്ങനെ വലിയ അടുപ്പമുണ്ടായിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും വില്ലന്മാരായിരുന്നുവല്ലോ? ഒരേതരം വേഷങ്ങളായിരുന്നുവല്ലോ ചെയ്തിരുന്നത്. തിക്കുറിശ്ശിയും എന്നെ ആദ്യം കണ്ടപ്പോള്‍ എന്നെക്കുറിച്ച് അനുകൂലമായിട്ടല്ല സംസാരിച്ചത്. പിന്നീട് സൗഹൃദമായി.

സത്യന്‍, നസീര്‍...? സാറിന്റെ നാട്ടുകാരന്‍ കൂടിയാണല്ലോ പ്രേംനസീര്‍...? 

അതു വെളിയില്‍ പറയാതിരിക്കുന്നതാ നല്ലത്. എനിക്ക് നഷ്ടങ്ങളുണ്ടായെന്നു പറഞ്ഞത് അവിടെയൊക്കെയാണ്. ഒരുപാട് സിനിമകളിലും വേഷങ്ങളിലും നഷ്ടം വന്നത് അവിടെയാണ്. അദ്ദേഹം ആത്മാര്‍ത്ഥമായിട്ട് സഹായിച്ചിരുന്നുവെങ്കില്‍ എന്നാണ് ഞാനുദ്ദേശിച്ചത്. അദ്ദേഹം എതിരൊന്നും പറയില്ല.

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍പാട്ടുകളില്‍ നസീറിനൊപ്പം സാറുമുണ്ടായിരുന്നല്ലോ? 

അതേ. വാള്‍പ്പയറ്റും സ്റ്റണ്ടും കുതിരസവാരിയുമൊക്കെ ഞാന്‍ കൂടുതല്‍ നടത്തിയിട്ടുള്ള നായകന്‍ നസീറിനൊപ്പംതന്നെ.

പ്രേംനസീര്‍ എന്ന വ്യക്തി വളരെ വിശാലമായി എല്ലാം നോക്കിക്കണ്ടിരുന്ന ഒരാളായിരുന്നല്ലോ? 

നാട്ടുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ചില നീക്കങ്ങള്‍ യഥാസമയത്ത് ഉണ്ടായില്ല. അത്രമാത്രം. കൂടെ അഭിനയിക്കാന്‍ വരുമ്പോള്‍ വലിയ സൗഹൃദത്തില്‍ പെരുമാറിയിരുന്നു. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറയും. ശാര്‍ക്കര ക്ഷേത്രത്തില്‍ നസീര്‍ ആനയെ മേടിച്ചുകൊടുത്തപ്പോള്‍ എന്റെ നിര്‍ദ്ദേശവും അദ്ദേഹം ഉള്‍ക്കൊണ്ടിട്ടുണ്ട്. 

ചിറയിന്‍കീഴുകാരനായ പ്രഗത്ഭ നടന്‍ ഭരത് ഗോപിയോടൊപ്പം അഭിനയിച്ചിട്ടുണ്ടോ?

അദ്ദേഹം കുറച്ചു കാലമല്ലേ അഭിനയരംഗത്ത് സജീവമായിട്ടുണ്ടായിരുന്നുള്ളൂ. ആ സമയങ്ങളില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വലിയ ബന്ധങ്ങളുമില്ലായിരുന്നു. പിണക്കങ്ങളൊന്നുമില്ല. കാണുമ്പോള്‍ വലിയ സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്നു. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ഗോപിയുടെ അഭാവം. നാട്ടുകാരനെന്ന നിലയില്‍ വലിയ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ഞാന്‍ ഒരു സിനിമയിലുണ്ടായിരുന്നു. അദ്ദേഹം നല്ല എഴുത്തുകാരന്‍ കൂടിയാണ്.

14-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ദേശീയ സ്വാതന്ത്യസമര പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന് കൊടിപിടിച്ചു ജാഥയിലും മറ്റും പങ്കെടുത്തിരുന്നു എന്ന്  അഭിമുഖത്തില്‍ കേട്ടറിഞ്ഞിട്ടുണ്ട്. പ്രതാപിയായ അച്ഛന്റേയും വീട്ടുകാരുടേയും എതിര്‍പ്പ് സഹിക്കാന്‍ വയ്യാതെ നാടുവിടുകയായിരുന്നുവെന്നും.. സ്വയം പട്ടാളത്തില്‍ ചേര്‍ന്ന് 13 കൊല്ലം രാജ്യസേവനം നടത്തി. സുദീര്‍ഘമായ സിനിമാ ജീവിതത്തിനിടയിലും താങ്കള്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനവുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിച്ചു.

സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് ഞാന്‍. പ്രത്യേകിച്ച് ഇലക്ഷന്‍ സമയത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുവേണ്ടിയും കാസര്‍ഗോഡ് മുതല്‍ മലപ്പുറം ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രസംഗിച്ചിട്ടുണ്ട്. 

പക്ഷേ, പറഞ്ഞാല്‍ പലരും പ്രകോപിക്കും. 2012-ല്‍ വി.എം. സുധീരന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എന്റെ പേര് 'പത്മശ്രീ' നല്‍കാന്‍ കേന്ദ്രത്തിന് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ, ആ വര്‍ഷം എനിക്ക് കിട്ടിയില്ല. പാലോട് രവി എന്നു പറയുന്ന എം.എല്‍.എ ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് എന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിനു കൊടുത്തു.

മധുസാര്‍ അതിനര്‍ഹനാണല്ലോ? 

തീര്‍ച്ചയായും. മധു പ്രഗത്ഭനാണ്. പക്ഷേ, എന്റെ പേര് വെട്ടിയിട്ട് വേണമായിരുന്നോ മധുവിനു നല്‍കേണ്ടിയിരുന്നത്. അതും എന്റെ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ തന്നെ അതു ചെയ്യുമ്പോള്‍ എങ്ങനെ വേദനിക്കാതിരിക്കും?

ഇന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെയാണല്ലോ? ഇന്നേ തീയതിവരെ അവരൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. എന്നെയൊന്നു വിളിക്കുകപോലും ചെയ്തിട്ടില്ല.

രമേശ് ചെന്നിത്തലയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഹരിപ്പാട് പോയി പ്രസംഗിച്ചിട്ടുള്ളവനാണ് ഞാന്‍. അന്നയാള്‍ക്ക് ഇരുപത്തിയഞ്ച് വയസ്സ് പ്രായം. ഇന്നുവരെ ഇവരാരും എനിക്കുവേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല. പതിനഞ്ചു വര്‍ഷം എക്‌സ് സര്‍വ്വീസ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്നു ഞാന്‍. പട്ടാള പെന്‍ഷന് മിനിമം 15 വര്‍ഷം വേണമെന്നാണ് അന്നത്തെ ചട്ടം. എത്രയോ ചട്ടങ്ങള്‍ നമ്മള്‍ മാറ്റി. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഇരട്ടി ശമ്പളം കൂട്ടി. അവരുടെ ശിങ്കിടിയായ സ്റ്റാഫിന് ഒരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവനായാലും ഒരു കൊല്ലം കഴിഞ്ഞാല്‍ പെന്‍ഷന്‍. നിയമങ്ങള്‍ അവരവര്‍ക്കുവേണ്ടി അവര്‍തന്നെ മാറ്റിയെടുത്തു. ഇതിനപ്പുറം നമ്മുടെ ജനാധിപത്യം വളര്‍ന്നിട്ടില്ല. ഞങ്ങളെപ്പോലുള്ളവരുടെ പെന്‍ഷന്‍ കാര്യങ്ങള്‍ക്കുവേണ്ടി ഇവരുടെയൊക്കെ ഓഫീസില്‍ കേറിയിറങ്ങിയിട്ടും ''നോക്കാം'', ''ശരിയാക്കാം'' എന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍പ്പോലും ''നോക്കാം'' എന്ന മറുപടിയായിരുന്നു.

കുറച്ചധികം നേതാക്കന്മാരുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടുള്ള ആളാണ് ഞാന്‍. സുധീരന്‍, വയലാര്‍ രവി, കെ. കരുണാകരന്‍, എ.കെ. ആന്റണി, തെന്നല ബാലകൃഷ്ണന്‍ അങ്ങനെ അനവധി പേര്‍. എന്നാല്‍, ഇവരാരും ആര്‍ക്കുവേണ്ടിയും ശുപാര്‍ശ നടത്താത്തവരല്ല. അവരുടെ മക്കളേയും സില്‍ബന്ധികളേയുമൊക്കെ ഓരോയിടത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭരണകാലങ്ങളില്‍ സ്ഥാനമാനങ്ങള്‍ പലര്‍ക്കും കൊടുത്തു. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും. അതാണ് എനിക്ക് പരാതിയുള്ളത്. വേദനയുള്ളത്. രാഷ്ട്രീയത്തിലെ എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും വേദനയോടുകൂടി മാത്രമേ എനിക്കിത് പറയാന്‍ സാധിക്കുകയുള്ളൂ.

ഇന്ന് ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് അവരെയാണ്. പക്ഷേ, അവര്‍ എന്നോട് കാണിക്കുന്ന സ്‌നേഹവും ബഹുമാനവും വളരെ വലുതാണ്. തെരഞ്ഞെടുപ്പിന്റെ സമയത്താണ് കോണ്‍ഗ്രസുകാര്‍ എന്നെപ്പോലുള്ളവരെയൊക്കെ തിരക്കുന്നത്. ഇവിടെ എന്തെങ്കിലും സംഭവം നടന്നാല്‍പ്പോലും അവര്‍ തിരിഞ്ഞുനോക്കില്ല. ഇപ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ടതാണ്.

എന്റെ 95-ാം ജന്മദിനം ഇവിടെ വലിയ ആഘോഷമായി നടത്തി. നാട്ടുകാര്‍, ബന്ധുജനങ്ങള്‍, സിനിമാ-സീരിയല്‍ രംഗത്തുള്ളവര്‍, രാഷ്ട്രീയക്കാര്‍ ഒക്കെയുണ്ടായിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സുകാരെ ആരെയും വിളിച്ചില്ല. കലാരംഗം കഴിഞ്ഞാല്‍ ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത്, വിയര്‍പ്പൊഴുക്കിയത് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലാണ്... ഇന്ന് അവര്‍ക്കാര്‍ക്കും എന്നെ വേണ്ട. പിന്നെ ഞാനെന്തിന് അവരെ വിളിക്കണം?

സിനിമയില്‍ തുടരുമ്പോഴും ഒരു സൈനീകന്റെ സ്വഭാവസവിശേഷത താങ്കള്‍ സൂക്ഷിച്ചിരുന്നു

ഒരു പട്ടാളക്കാരനായിരുന്ന ഞാന്‍ ഇന്നുവരെ ലഹരിസാധനങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടുകെട്ടുകളിലൊന്നും പോവാറും ഇല്ല. 

75 വയസ്സിനുശേഷമാണ്  സീരിയല്‍ അഭിനയം തുടങ്ങുന്നത്? 'പൊരുത്തം' എന്ന സീരിയലിലായിരുന്നു തുടക്കം

കെ.കെ. രാജീവിന്റെ 'പൊരുത്ത'ത്തില്‍ ഉഗ്രന്‍ വേഷമായിരുന്നു. മിടുക്കനായ ആ സംവിധായകന്റെ പല സീരിയലുകളിലൂടെ ഞാന്‍ മികച്ച പല വേഷങ്ങളും ചെയ്തു. ഇപ്പോള്‍ 'കുങ്കുമപ്പൂവ്' എന്ന സീരിയലിന്റെ നിര്‍മ്മാതാവ് ജയകുമാറിന്റെ പേരിടാത്ത പുതിയ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊറോണ കാരണം എല്ലാം നിലച്ചത്.

ചലച്ചിത്ര നടന്‍ എന്ന നിലയില്‍ പ്രശസ്തനായ ശേഷമാണല്ലോ പ്രൊഫഷണല്‍ നാടകവേദിയില്‍ എത്തിയത്? 

സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് നാടകത്തില്‍ അഭിനയിച്ചത്. പിന്നെ സിനിമയില്‍ തിരക്ക് കുറവുള്ള കാലവും ആയിരുന്നു. നാടകരംഗത്തും ഞാന്‍ ആസ്വദിച്ചുതന്നെ ജോലിചെയ്തു. ഏട്ട് കൊല്ലത്തോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. നമ്മുടെ വെട്ടൂര്‍ പുരുഷനും ഒന്നുരണ്ട് നാടകങ്ങളില്‍ ഉണ്ടായിരുന്നു. സിനിമ, നാടകം, രാഷ്ട്രീയപ്രവര്‍ത്തനം, സമുദായ പ്രവര്‍ത്തനം. പിന്നെ പട്ടാള ജീവിതം ഇവിടെയൊക്കെ ഇത്രയുംകാലം സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലേ? ഇതൊക്കെ ഒരു ഭാഗ്യമല്ലേ?

കുടുംബജീവിതം

മൂന്ന് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും 14 ചെറുമക്കളും. ഭാര്യ മരിച്ചിട്ട് എട്ട് കൊല്ലം കഴിഞ്ഞു. മൂത്തമകനും കുടുംബവും ഇംഗ്ലണ്ടിലാണ്. ബാക്കിയുള്ളവരെല്ലാം നാട്ടില്‍ തന്നെയുണ്ട്.

ആത്മകഥ ആലോചനയിലുണ്ടോ?

ആഗ്രഹമുണ്ട്. പക്ഷേ, ഞാന്‍ ഒരു എഴുത്തുകാരനല്ല. ആരുടെയെങ്കിലും സഹായം വേണ്ടിവരും. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സംഭവബഹുലമായ ചരിത്രങ്ങള്‍. ഇപ്പോള്‍ ഞാന്‍ താമസിക്കുന്നയിടം കിരീടമില്ലാത്ത ഒരു രാജാവ് കഴിഞ്ഞ സ്ഥലമാണ്. മാന്തറ രാഘവന്‍പിള്ള. എന്റെ ഭാര്യാപിതാവ്. ഇവിടത്തെ പുരാതനമായ മാന്തറ കൃഷ്ണസ്വാമി ക്ഷേത്രം മൂപ്പരുടെ അധീനതയിലായിരുന്നു. ഒത്തിരി സ്വത്തുക്കളും മറ്റും ഉണ്ടായിരുന്നു. അതൊക്കെ നശിച്ചു. ബന്ധുക്കള്‍ തന്നെ കയ്യടക്കി. അപ്രതീക്ഷിതമായി അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ മക്കളെല്ലാം ചെറിയ കുട്ടികളായിരുന്നു. മൂത്ത മരുമകന്‍ എന്ന നിലയില്‍ എന്റെ ഉത്തരാവാദിത്വം വളരെയുണ്ടായിരുന്നു. ഒട്ടേറെ വെല്ലുവിളികള്‍ ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളില്‍ ഞാനും നേരിട്ടു. അത് സംബന്ധിച്ച് കേസും വഴക്കും ഒരുപാടുണ്ടായി. ഈ മുറ്റത്ത് കാണുന്നത് ക്ഷേത്രമാണ്. ഞങ്ങള്‍ക്ക് തുറക്കാനും മറ്റും പാടില്ല. പോറ്റിയാണ് വന്ന് പൂജ ചെയ്യുന്നത്.

മറ്റൊരാളെ വേദനിപ്പിക്കാതിരിക്കുകയെന്നതാണ് ഞാന്‍ ജീവിതത്തില്‍ പുലര്‍ത്തിയ പാഠം. പറ്റുമെങ്കില്‍ സഹായിക്കുക. ഇതു ഞാന്‍ എന്റെ ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് ഈ പ്രായത്തിലും ഇങ്ങനെ സംസാരിച്ചിരിക്കുന്നത്. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്യുകയോ അക്രമം പ്രവര്‍ത്തിക്കുകയോ അനീതി കാട്ടുകയോ ചെയ്താണ് ജീവിച്ചിരുന്നതെങ്കില്‍ എനിക്കിങ്ങനെ ആരോഗ്യത്തോടുകൂടിയ ഒരു ദീര്‍ഘായുസ്സ് കിട്ടുകയില്ല സര്‍. ഇതു ഞാന്‍ പലയിടത്തും പോകുമ്പോള്‍ പ്രസംഗിച്ചിട്ടുള്ളതാണ്. ഈ ശബ്ദം ഞാന്‍ നേടിയെടുത്തതാണോ? അല്ല, ദൈവം തന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com