ഹാഗിയ സോഫിയ തുർക്കിയിലെ അയോധ്യ

ഈ ജനാധിപത്യ യുഗത്തിലും ആരാധനാലയങ്ങള്‍ രാഷ്ട്രീയാധികാരത്തെ നിര്‍ണ്ണയിക്കുന്ന ഘടകമായിത്തീരുന്നത് ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് ഭീഷണിയാണ്
ഇസ്താംബുളിലെ ഹാ​ഗിയ സോഫിയയിൽ എർദോ​ഗാൻ
ഇസ്താംബുളിലെ ഹാ​ഗിയ സോഫിയയിൽ എർദോ​ഗാൻ

ധ്യകാലഘട്ടം വരെ ആരാധനാലയങ്ങള്‍ രാഷ്ട്രീയ അധികാരത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന സ്ഥാപനങ്ങളായിരുന്നു. പക്ഷേ, ഈ ജനാധിപത്യ യുഗത്തിലും ആരാധനാലയങ്ങള്‍ രാഷ്ട്രീയാധികാരത്തെ നിര്‍ണ്ണയിക്കുന്ന ഘടകമായിത്തീരുന്നത് ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് ഭീഷണിയാണ്. അയോധ്യയിലെ രാമക്ഷേത്രം, ഇപ്പോള്‍ തുര്‍ക്കിയിലെ 'അയാ സോഫിയ' ഈ കാലഘട്ടത്തിലെ ഉദാഹരണങ്ങളാകുന്നു. 1500 വര്‍ഷം പഴക്കമുള്ള, 1934 മുതല്‍ മ്യൂസിയമായി ഉപയോഗിച്ചുവരുന്ന 'അയാ സോഫിയ' തുര്‍ക്കിയില്‍ റജബ് തയ്യിബ് എര്‍ദോഗാന്റെ അധികാര അതിജീവനത്തിന്റെ ഭാഗമായി മാറുകയാണ് 2020 ജൂലൈ 24 മുതല്‍. ഈ നടപടിയിലെ ജനാധിപത്യവും നീതിയും വിശകലനം ചെയ്യുവാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

'അയാ സോഫിയ' എന്ന രാഷ്ട്രീയമന്ദിരം
 
കിഴക്കന്‍ റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റിനിയന്‍ ഒന്നാമന്‍ എ.ഡി 530-കളിലാണ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പള്ളിയായി 'അയാ സോഫിയ' (ദിവ്യജ്ഞാനം) നിര്‍മ്മിക്കുന്നത്. 900 വര്‍ഷത്തോളം ഓര്‍ത്തഡോക്‌സ് പള്ളിയായി തുടര്‍ന്ന ഈ ദേവാലയം 1204-ല്‍ കുരിശുയുദ്ധാനന്തരം റോമന്‍ കത്തോലിക്ക പള്ളിയായി മാറി. 1261-ല്‍ ബൈസാന്റിയന്‍ തിരിച്ചുവരവില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സ് പള്ളിയായി മാറി. 1453-ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ ഈ പള്ളി നിലനില്‍ക്കുന്ന ചരിത്രനഗരമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ അതിനെ ഒരു മുസ്ലിം പള്ളിയായി പരിവര്‍ത്തിപ്പിച്ചു. നഗരത്തിന്റെ പേര്‍ ഇസ്താംബുള്‍ എന്നാക്കി പുനര്‍നാമകരണം നടത്തി. തുടര്‍ന്ന് 1931 വരെ  മുസ്ലിം പള്ളിയായി തുടര്‍ന്നു. ആ വര്‍ഷം ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് ഒരു മ്യൂസിയമാക്കി മാറ്റുകയുണ്ടായി.

പുരാതനകാലം മുതല്‍ തന്നെ 'അയാ സോഫിയ' കേവലമൊരു ആരാധനാലയത്തിനപ്പുറം വലിയ രാഷ്ട്രീയ അധികാരചിഹ്നം കൂടിയാണ്. ''ഇസ്താംബുള്‍ നഗരം ഭരിക്കുന്നവര്‍ തുര്‍ക്കി ഭരിക്കും'' എന്ന സങ്കല്പം തുര്‍ക്കിയില്‍ ഏറെക്കാലമായുണ്ട്. ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ മത-രാഷ്ട്രീയ കല്പനകള്‍ പുറപ്പെടുവിച്ചിരുന്നത് 'അയാ സോഫിയ'യില്‍നിന്നായിരുന്നു. യേശുക്രിസ്തുവിന്റെ ദിവ്യദര്‍ശനം ലഭിക്കുന്ന ദേവാലയം എന്ന സങ്കല്പം യൂറോപ്പിലും ക്രൈസ്തവലോകത്തും ഉണ്ടായിരുന്നു. ഇന്നും ആ സങ്കല്പം നിലനില്‍ക്കുന്നു എന്നതാണ് മസ്ജിദായി മാറ്റുന്നു എന്ന തീരുമാനം വന്നയുടന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതൃത്വങ്ങള്‍ പ്രതിഷേധിച്ചതില്‍നിന്നും മനസ്സിലാക്കേണ്ടത്. തുര്‍ക്കി, തീരുമാനത്തെ സംബന്ധിച്ച് പ്രതികരിച്ചത് ''രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ വിഷയം'' മാത്രം എന്നതായിരുന്നു എങ്കിലും ഇതിനു രാഷ്ട്രീയ വിവക്ഷ വേറെയുണ്ട്.

മത-രാഷ്ട്രീയ അധികാര സ്വരൂപമെന്ന സങ്കല്പം ഓട്ടോമന്‍ സുല്‍ത്താന്‍മാര്‍ക്കും ഈ ഗേഹത്തെക്കുറിച്ച് ഉള്ളതിനാല്‍ത്തന്നെയാണ് 'അയാ സോഫിയ'യെ മസ്ജിദാക്കി മാറ്റിയത്. ശ്രദ്ധിക്കേണ്ട വസ്തുത, തുര്‍ക്കിയില്‍ നിരവധി ചര്‍ച്ചുകളുണ്ട്, ഇപ്പോഴും. അവയെ രാഷ്ട്രീയ സ്വാധീനം കൂടിയുള്ളതായിട്ട് കരുതപ്പെടുന്നില്ല. 'അയാ സോഫിയ' കീഴടക്കിയശേഷം അതിനെ ഏകപക്ഷീയമായി മുസ്ലിം പള്ളിയാക്കുകയായിരുന്നില്ല ഓട്ടോമന്‍കാര്‍. ക്രൈസ്തവര്‍ക്കു കൂടി പ്രാര്‍ത്ഥനാ അവകാശം തുടര്‍ന്നുപോന്നു. എ.ഡി. 1600-ല്‍ 'അയാ സോഫിയ'യുടെ എതിര്‍ഭാഗത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്കു പുതിയ ആസ്ഥാനം നിര്‍മ്മിക്കാന്‍ അവസരം നല്‍കിയതിലൂടെ പൂര്‍ണ്ണമായും മസ്ജിദായി മാറുകയായിരുന്നു.

ക്രൈസ്തവര്‍ക്കും പ്രത്യേകിച്ച് യൂറോപ്പില്‍നിന്നും പീഡനത്താല്‍ പുറത്താക്കപ്പെട്ടിരുന്ന ജൂതര്‍ക്കും സുരക്ഷിതമായി ഓട്ടോമന്‍ നാടുകളില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നു എന്നതും ചരിത്ര വസ്തുതയാണ്.

ഹാ​ഗിയ സോഫിയ മസ്ജി​ദാക്കാനുള്ള തീരുമാനം പുറത്തുവന്നപ്പോൾ
ഹാ​ഗിയ സോഫിയ മസ്ജി​ദാക്കാനുള്ള തീരുമാനം പുറത്തുവന്നപ്പോൾ

തുര്‍ക്കിയും എര്‍ദോഗാനും: രാഷ്ട്രീയ പരീക്ഷണങ്ങള്‍ 

എര്‍ദോഗാന്‍ 1994 മുതല്‍ 1998 വരെ ഇസ്താംബുള്‍ മേയറായിട്ടാണ് ശ്രദ്ധേയമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. തുടര്‍ന്ന് 2003-2014 കാലഘട്ടത്തില്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കയറിവന്നു. പ്രധാനമന്ത്രിയായ കാലഘട്ടം ശ്രദ്ധേയമായ പ്രകടനമാണ് എര്‍ദോഗാന്‍ കാഴ്ചവെച്ചത്. തന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി(എ.കെ. പാര്‍ട്ടി)യാണ് തുര്‍ക്കിയുടെ പരിണാമത്തിനു വാഹകരായത്. കമായിസം-തീവ്ര ദേശീയതയും തീവ്രമതേതരത്വവും മിലിട്ടറി സ്വേച്ഛാധിപത്യവും ക്രമേണ ലഘൂകരിച്ച് ജനാധിപത്യവല്‍ക്കരണത്തിന് വിധേയമാക്കുകയുണ്ടായി. 'തുര്‍ക്കി: യൂറോപ്പിലെ രോഗി' എന്ന ദുഷ്പേര് തന്നെ മാറ്റിയെടുക്കുകയുണ്ടായി എര്‍ദോഗാന്‍. കാരണം തുര്‍ക്കിയുടെ സാമ്പത്തിക-സാമൂഹിക വികസന സൂചിക 2000 മുതല്‍ മികച്ച വളര്‍ച്ച കാണിക്കുകയുണ്ടായി. തന്റെ വികസന നയപരിപാടികളിലൂടെയും തൊഴില്‍ ലഭ്യതയിലൂടെയും ജനങ്ങളുടെ വരുമാന വര്‍ദ്ധനവിലൂടെയും ഒരു അപ്പര്‍ മിഡില്‍ ക്ലാസ്സ് വരുമാന സമൂഹമായി തുര്‍ക്കിഷ് ജനതയെ വികസിപ്പിക്കുകയും ഇത് ലോകരാഷ്ട്രങ്ങളെ അതിശയിപ്പിക്കുകയുമുണ്ടായി. ലോകബാങ്ക് തുര്‍ക്കിയുടെ ഈ പുരോഗതിയുടെ സൂചികകള്‍ എടുത്ത് പറഞ്ഞിട്ടുള്ളതാണ്.

എ.കെ. പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ ചില പരിണാമങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ വളരെ വ്യക്തമായി ദര്‍ശിക്കുവാനാകും. അതായത്, പാര്‍ട്ടിത്തലവനായ എര്‍ദോഗാന്‍ രാഷ്ട്രത്തിന്റെ അധികാരം മിലിട്ടറിയില്‍നിന്നും പതിയെ അടര്‍ത്തിമാറ്റി, ജനങ്ങളാണ് അഥവാ ജനകീയ പരമാധികാര (Popular Sovereignty)  ആണ് തുര്‍ക്കിയില്‍ ഉള്ളതെന്ന് തോന്നിപ്പിക്കുകയും പക്ഷേ, അത് എര്‍ദോഗാന്‍ എന്ന ഒരൊറ്റ രൂപത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി മനസ്സിലാക്കാം. അതിനായി മതചിഹ്നങ്ങള്‍ വികസന ചിഹ്നങ്ങളില്‍നിന്നും മാറ്റിക്കൊണ്ട് വരുന്നത് സൂചിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ ഉദയചിഹ്നങ്ങളും താമസിയാതെയുള്ള അസ്തമയ ദൃശ്യങ്ങളും തന്നെയാണ്. ഇന്ന് ഇന്ത്യയില്‍ മോദി നടപ്പിലാക്കുന്നതിനേക്കാള്‍ ദ്രുതഗതിയിലാണ് തുര്‍ക്കിയിലെ അധികാര കേന്ദ്രീകരണം. അധികാര വികേന്ദ്രീകരണത്തിന്റെ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത് ഈ സന്ദര്‍ഭത്തിലാണ്.

അതിന്റെ മറ്റൊരു ആവിഷ്‌കാരം നടന്നത് 2017-ലാണ്. നീണ്ടകാലം പാര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ചിരുന്ന തുര്‍ക്കിയില്‍ എര്‍ദോഗാന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു റഫറണ്ടത്തിലൂടെ നേരിയ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്ററി വ്യവസ്ഥ പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയാക്കിയതായിരുന്നു അത്. പ്രസിഡന്റായി എര്‍ദോഗാന്‍ മത്സരിക്കുകയും ജയിച്ച് തന്റെ ഭരണകാലാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രീയ ചരിത്രത്തില്‍ ഒരു ജനാധിപത്യ രാഷ്ട്രം പാര്‍ലമെന്ററിയില്‍നിന്നും ഇടക്കാലത്ത് പ്രസിഡന്‍ഷ്യല്‍ ആയി മാറുന്നത് അപൂര്‍വ്വമാണ്. ഇതിനിടയില്‍ ജുഡീഷ്യറിയുടെ സുതാര്യത നഷ്ടപ്പെടുത്തിയ സംഭവം-പരമോന്നത നീതിന്യായ വ്യവസ്ഥയുടെ മുഖ്യ ന്യായാധിപനേയും പ്രോസിക്യൂട്ടര്‍മാരേയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റ് കൈക്കലാക്കിയതാണ്. ഇന്ത്യയില്‍ ബി.ജെ.പിക്ക് പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥ കൊണ്ടു വരാനുള്ള ഗൂഢ അജന്‍ഡയുണ്ട്.

1924-ല്‍ അത്താതുര്‍ക്ക് തുര്‍ക്കിഷ് റിപ്പബ്ലിക്ക് സ്ഥാപിച്ച് പ്രസിഡന്റായശേഷം തുര്‍ക്കിയുടെ അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് 2018-ലെ എര്‍ദോഗാന്റെ പ്രസിഡന്റായിട്ടുള്ള ആരോഹണത്തിലൂടെയാണ്. ഈ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നിഷ്പക്ഷവും അല്ലായിരുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യവും സമ്മേളന സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തുര്‍ക്കിയെ പഴയ ഖിലാഫത്തിലേക്ക് കൊണ്ടുപോകുന്നു, ഇസ്ലാമിസം കൊണ്ടുവരുന്നു എന്നിങ്ങനെ പല ആരോപണങ്ങള്‍ എര്‍ദോഗാനെതിരെയുണ്ട്. എന്നാല്‍, ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളായ ഇഖ്വാഹുല്‍ മുസ്ലി മൂന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുടെ സൈദ്ധാന്തിക പശ്ചാത്തലം എ.കെ. പാര്‍ട്ടിക്കില്ല. കാരണം തുര്‍ക്കിയുടെ പാരമ്പര്യം സൂഫി ധാരയിലൂടെയാണ് വികസിച്ചിട്ടുള്ളത്.

എര്‍ദോഗാന്‍ സ്വാധീനിക്കപ്പെടുന്നു 

'അയാ സോഫിയ' മസ്ജിദാക്കി മാറ്റിയെടുക്കുക എന്നത് ദശകങ്ങള്‍ പഴക്കമുള്ള യാഥാസ്ഥിതികരുടെ ആവശ്യം തന്നെയാണ്. അത് ആദ്യം മുന്നോട്ട് വയ്ക്കുന്നതും എര്‍ദോഗാനല്ല. ഇവിടെ എര്‍ദോഗാന്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത തുര്‍ക്കിഷ് കവിയും എഴുത്തുകാരനുമായിരുന്ന നെസിപ് ഫാസില്‍ കിസാ കുറേക്ക് (1904-1983)-ല്‍നിന്നുമാണ്. 1965-ല്‍ 'അയാ സോഫിയ'യില്‍ വെച്ചു നടന്ന ഒരു സമ്മേളനത്തില്‍ മ്യൂസിയമാക്കി മാറ്റിയതിനെ വിമര്‍ശിച്ചത് ''തുര്‍ക്കിയുടെ യഥാര്‍ത്ഥ ആത്മാവിനെ മ്യൂസിയമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്'' എന്നായിരുന്നു. ഒരിക്കലും ഗ്രീക്കുകാര്‍ക്കോ കുരിശുയുദ്ധക്കാര്‍ക്കോ സോവിയറ്റ്കാര്‍ക്കോ ചെയ്യാനാവാത്തത് അത്താതുര്‍ക്ക് ചെയ്തു എന്ന് അദ്ദേഹം വിലപിക്കുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നീ രാഷ്ട്രങ്ങളുടെ സൈന്യം ഇസ്താംബൂള്‍ വരെ അധിനിവേശം നടത്തിയപ്പോള്‍ ഓട്ടോമന്‍ സൈനികര്‍ ശക്തമായി പ്രതിരോധിച്ചു. ഓട്ടോമന്‍ ഭരണകൂടത്തിനുവേണ്ടി അന്നത്തെ ആ അധിനിവേശ സൈനികരെ മുന്നില്‍നിന്ന് പ്രതിരോധിച്ചത് ഫീല്‍ഡ് മാര്‍ഷല്‍ മുസ്തഫാ കമാല്‍ അത്താതുര്‍ക്ക് ആയിരുന്നു എന്നത് വിസ്മരിക്കാവുന്ന ഒന്നല്ല. അത്താതുര്‍ക്ക് പില്‍ക്കാലത്ത് പ്രസിഡന്റായി അധികാരത്തില്‍ എത്തിയപ്പോള്‍ രാഷ്ട്രീയ സ്വാധീനശേഷിയുള്ള 'അയാ സോഫിയ' ഒരു രാഷ്ട്രീയപ്രശ്‌നമാകുന്നത് മുന്നില്‍ കണ്ടായിരിക്കാം ഒരു മ്യൂസിയമാക്കി മാറ്റിയത്. 1948-ല്‍ തന്നെ ബാബറി മസ്ജിദ് വന്‍ദുരന്ത സാധ്യതയുള്ളതെന്ന് മുന്നില്‍ കണ്ട് നെഹ്‌റു അടച്ചിടുകയായിരുന്നു എന്നത് ഓര്‍ക്കണം.

കെമൽ അത്താതുർക്ക്
കെമൽ അത്താതുർക്ക്

തുര്‍ക്കിയെ പാശ്ചാത്യ രാജ്യങ്ങള്‍ മ്യൂസിയത്തിലാക്കാന്‍ ശ്രമിച്ച് വിജയിച്ചതാണ്, 'അയാ സോഫിയ' മ്യൂസിയമാക്കി മാറ്റിയതിലൂടെ സംഭവിച്ചത് എന്ന കിസാ കുറേക്കിന്റെ വാദങ്ങള്‍ക്ക് ചരിത്രവസ്തുതകളുടെ പിന്തുണയില്ലായെന്ന് തിരിച്ചറിയണം. കാരണം, തുര്‍ക്കിയുമായി ദീര്‍ഘമായി അതിര്‍ത്തി പങ്കിട്ടിരുന്ന യൂറോപ്പില്‍ 18-ാം നൂറ്റാണ്ടു മുതല്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരുന്ന സാമൂഹ്യ വൈജ്ഞാനിക-വ്യവസായിക വിപ്ലവങ്ങളോട് പുറന്തിരിഞ്ഞുനിന്ന് സ്വയം മ്യൂസിയത്തിലാകുകയായിരുന്നു തുര്‍ക്കി എന്നത് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ മാറ്റങ്ങള്‍, ദേശരാഷ്ട്ര രൂപീകരണം എന്നിവ ഇവിടെ നിര്‍ണ്ണായകമാണ്. 'അയാ സോഫിയ' മ്യൂസിയമാക്കിയതിന്റെ പേരില്‍ ആക്ഷേപങ്ങള്‍ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന അത്താതുര്‍ക്ക്, താന്‍ നടപ്പിലാക്കിയ വ്യവസായവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഇന്നത്തെ എര്‍ദോഗാന്‍ സര്‍ക്കാരും ഉണ്ടെന്നത് ഓര്‍ക്കേണ്ടതാണ്. മതത്തേയും മതചിഹ്നങ്ങളേയും ബലപ്രയോഗത്തിലൂടെ പുറത്താക്കാനും ഭാഷയിലും വേഷത്തിലും ദ്രുതഗതിയില്‍ എടുത്ത നടപടികളും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു എന്നത് നിഷേധിക്കാനാവില്ല. ദേശീയത എന്നത് ഇന്ന് എടുത്ത് അലങ്കരിക്കാത്ത രാഷ്ട്രങ്ങള്‍ ലോകത്തില്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തുര്‍ക്കിയെ ഒരു ദേശരാഷ്ട്രമാക്കി യോജിപ്പിച്ചെടുത്തത് അത്താതുര്‍ക്ക് തന്നെയാണ്.

കഴിഞ്ഞ ജൂലൈ പത്തിനു കോടതിവിധി വന്നശേഷം കിസാ കുറേക്കിന്റെ വാക്കുകള്‍ എര്‍ദോഗാന്‍ ഉദ്ധരിക്കുകയുണ്ടായി. 'അയാ സോഫിയ'യെ മ്യൂസിയമായി മാറ്റിയതിലൂടെ ദൈവത്തിന്റേയും പ്രവാചകന്റേയും മാലാഖമാരുടേയും ശാപം ഭരണാധികാരികളുടേയും മേലുണ്ടാകും എന്ന് അത്താതുര്‍ക്കിനേയും പിന്‍ഗാമികളേയും പരോക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി ഈ സന്ദര്‍ഭത്തില്‍. ഇതിലൂടെ മനസ്സിലാകുന്നത് കേവല അനുഷ്ഠാനാധിഷ്ഠിത ഇസ്ലാമിനെയാണ് എര്‍ദോഗാന്‍ പിന്തുണയ്ക്കുന്നത് എന്നാണ്. യഥാര്‍ത്ഥത്തില്‍ വര്‍ത്തമാനകാല തുര്‍ക്കി ജനത കൂടുതലും മതേതര ജീവിതം നയിക്കുന്നവരും ഭരണകൂടം കൂടുതലായി മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് എന്ന് ഒരു നിരീക്ഷണം, കഴിഞ്ഞ ദശകത്തിലെ പ്രതിഭാസമാണ്. അതോടൊപ്പം മനസ്സിലാക്കേണ്ടതാണ് ജനങ്ങളുടെ ഭക്തി കുറയുകയും മതപഠനം വര്‍ദ്ധിച്ചു വരികയുമാണ് എന്നുള്ളത്. ഭരണകൂടത്തിനു ജനസമ്മിതിയില്‍ ഇടിവുവന്നുകൊണ്ടിരിക്കുന്നു എന്നതും വസ്തുതയാണ്.

നെസിപ് ഫാസിൽ കിസാ കറേക്ക്
നെസിപ് ഫാസിൽ കിസാ കറേക്ക്

തുര്‍ക്കിയുടേത് ആത്മനിന്ദ 

ജൂലൈ 24-ന് മുസ്ലിം പ്രാര്‍ത്ഥനയ്ക്കായി 'അയാ സോഫിയ' തുറക്കുമ്പോള്‍ അതിനു നിരവധി വിവക്ഷിതാര്‍ത്ഥങ്ങളുണ്ട്. പലതും കാലാന്തരത്തില്‍ തുര്‍ക്കിക്ക് ദോഷകരമായിട്ടായിരിക്കും ഭവിക്കുക. കാരണം പല രാഷ്ട്രീയ നേതൃത്വങ്ങളും നടപടിയോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അമേരിക്കയും റഷ്യയും ഗ്രീസും സൈപ്രസ്സും യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അക്കൂട്ടത്തിലുണ്ട്. യുനെസ്‌കോയുടെ ലോകപൈതൃക മന്ദിരമാണ് ഒന്നു സഹസ്രാബ്ദം അതിജീവിച്ച 'അയാ സോഫിയ'.

ഇവയില്‍നിന്നെല്ലാം ശ്രദ്ധേയമായ പ്രതികരണം ലോകപ്രശസ്ത തുര്‍ക്കിഷ് സാഹിത്യകാരനായ ഒര്‍ഹാന്‍ പാമുക്കിന്റേതാണ്. ''നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മതേതര രാഷ്ട്രമല്ലാതാകുകയാണ്. എന്നെപ്പോലുള്ള ദശലക്ഷക്കണക്കിനു മതേതര തുര്‍ക്കികള്‍ ഇപ്പോള്‍ കരയുകയാണ്, അവരുടെ ശബ്ദം പക്ഷേ, കേള്‍ക്കുന്നില്ല.'' 2019-ല്‍ ഇന്ത്യന്‍ സുപ്രീംകോടതി രാമക്ഷേത്ര നിര്‍മ്മിതിക്കും ബാബറി മസ്ജിദിന്റെ സ്ഥലം അനുവദിച്ചതുമായി ഈ തുര്‍ക്കിഷ് നടപടിക്ക് സമാനതകളുണ്ട്. ഈ മാറ്റങ്ങള്‍ക്കെല്ലാം ജനാധിപത്യത്തെ തകര്‍ക്കാനുള്ള പ്രാപ്തിയുണ്ട്.

ഇന്ത്യയുള്‍പ്പെടെ പലഭാഗത്തും ചില മുസ്ലിം വിഭാഗങ്ങള്‍ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. അത് അവസരവാദപരമാണ്. ബാബറി മസ്ജിദിനുവേണ്ടി നീതി ചോദിക്കുമ്പോള്‍, 'അയാ സോഫിയ'യുടെ നീതി പള്ളിയാക്കുന്നതിലല്ല, നിലവിലെ പദവി നിലനിര്‍ത്തുന്നതിലാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ആഴ്ചകള്‍ക്കു മുന്‍പ് തുര്‍ക്കിയില്‍ പുതിയൊരു നിയമ നിര്‍മ്മാണം നടന്നത് വന്‍ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ദേശീയ തലത്തില്‍ പുതിയൊരു ബാര്‍ അസോസിയേഷന്‍ രൂപീകരിക്കുകയുണ്ടായി. നിലിവിലുള്ള ബാര്‍ അസോസിയേഷന്റെ പല വ്യവസ്ഥകളിലും ഭേദഗതികള്‍ വരുത്തുകയുണ്ടായി. തുര്‍ക്കിയുടെ നീതനിന്യായ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന നപടിയാണത്. ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും എര്‍ദോഗാന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകാതെ വരുന്നു. ജുഡീഷ്യറിയുടെ സുതാര്യതയും കാര്യക്ഷമതയും ഇല്ലാതാകുന്നു. ബാര്‍ അസോസിയേഷനെ നിശ്ശബ്ദമാക്കി. രാഷ്ട്രീയപരമായി അഭിപ്രായം പറയുന്ന സകലരേയും എര്‍ദോഗാന്‍ വേട്ടയാടുന്നുണ്ട്. നിരവധി എഴുത്തുകാരും ആക്ടിവിസ്റ്റുകളും ആ ഗണത്തില്‍പ്പെടുന്നുണ്ട്.

ക്രിസ്ത്യന്‍-മുസ്ലിം ഐക്യത്തിന്റെ ലോകോത്തര കേന്ദ്രങ്ങളിലൊന്നിലാണ് 'അയാ സോഫിയ'യിലെ നടപടിയിലൂടെ കരിനിഴല്‍ വീഴുന്നത്. തുര്‍ക്കിയുടെ സുരക്ഷിതമായിരുന്ന സാമ്പത്തികസ്ഥിതി മോശമാകുന്നതും ഇസ്താംബുള്‍ തദ്ദേശീയ തെരഞ്ഞെടുപ്പില്‍ തന്റെ ജനപ്രീതി നഷ്ടപ്പെട്ടതും എര്‍ദോഗാനെ മതചിഹ്നങ്ങളില്‍ കൈവെയ്ക്കാന്‍ കാരണമാക്കിയിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥയുടെ പലവിധ തകര്‍ച്ചയ്ക്ക് വര്‍ത്തമാനകാലം ദൃക്സാക്ഷിയാകുന്നു. കറന്‍സി-ലിറാ ദുര്‍ബ്ബലമായിരിക്കുന്നു. 2020 തുടക്കത്തില്‍ ലിറയ്‌ക്കെതിരെ 13 ശതമാനം നേട്ടമാണ് ഡോളര്‍ കൈവരിച്ചത്. വിദേശനാണ്യ നിക്ഷേപം കുറഞ്ഞുവരികയും തൊഴിലില്ലായ്മ 13.4 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തത് വലിയ തിരിച്ചടിയാണ്. യൂറോപ്യന്‍ യൂണിയന്റെ പ്രതിഷേധവും സാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം.

ഹാ​ഗിയ സോഫിയയിലെത്തിയ വിദേശ സഞ്ചാരി
ഹാ​ഗിയ സോഫിയയിലെത്തിയ വിദേശ സഞ്ചാരി

തുര്‍ക്കിയുടെ അധികാരം ഏകദേശം സമ്പൂര്‍ണ്ണമായിത്തന്നെ എര്‍ദോഗാന്‍ കയ്യടക്കിയിരിക്കുന്നു. സമ്പൂര്‍ണ്ണാധികാരം സമ്പൂര്‍ണ്ണ  അഴിമതിക്ക് കാരണമാകുമെന്ന സിദ്ധാന്തം ഇവിടെ ശരിയായി വരുന്നുണ്ട്. ഇസ്ലാമിനേയും തുര്‍ക്കിഷ് ദേശീയതയേയും അധികാര കേന്ദ്രീകരണത്തിനുള്ള കേവല മാര്‍ഗ്ഗമായി പരിഗണിക്കുകയാണ് എര്‍ദോഗാന്‍.

സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന എര്‍ദോഗാനെ ഇസ്ലാമിക സ്വത്വത്തിന്റെ ഭാഗമായി കാണുന്ന പ്രവണത കേരളത്തിലുമുണ്ട്. സ്‌പെയിനിലേയും പോര്‍ച്ചുഗലിലേയും പതിന്നാല്, പതിനഞ്ച് നൂറ്റാണ്ടുകളിലെ മുസ്ലിം പള്ളികള്‍ ചര്‍ച്ചുകളാക്കി മാറ്റിയ നടപടികള്‍ ഈ സന്ദര്‍ഭത്തിലെ ചര്‍ച്ചയാക്കുന്നത് ചരിത്രപരമായി ശരിയായ നിലപാടല്ല. കാരണം മധ്യകാലഘട്ടത്തിലെ പടയോട്ടത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ദേശരാഷ്ട്ര രൂപീകരണാനന്തരം അപ്രസക്തമായി.
തുര്‍ക്കിയിലെ, വര്‍ഷത്തില്‍ ദശലക്ഷക്കണക്കിനു വിനോദ സഞ്ചാരികളെ സ്വീകരിച്ചിരുന്ന ഏറ്റവും ജനകീയമായ മ്യൂസിയമായ 'അയാ സോഫിയ' കൊവിഡ് ദുരന്തകാലത്ത് മസ്ജിദാക്കി മാറ്റുന്നത് ഇസ്ലാമിനക ധര്‍മ്മപ്രകാരം തന്നെ തെറ്റാണ്. അതിന്റെ അടിസ്ഥാനപരമായ ഒരു കാരണം ചരിത്രപരമായി കൂടുതല്‍ കാലം ചര്‍ച്ച് ആയിരുന്ന സ്ഥാപനമാണത്. ലോകത്തെ ഭൂരിപക്ഷം മസ്ജിദുകളും കൊറോണ ഭീതിയില്‍ അടച്ചിട്ടിരിക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കുന്ന ഈ നടപടി എര്‍ദോഗാന്റെ ദുഷ്പ്രഭുത്വത്തിന്റെ പേരിലാകും ചരിത്രം രേഖപ്പെടുത്തുക. ഈ സന്ദര്‍ഭത്തിലായിരിക്കും തുര്‍ക്കിയുടെ പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റേയും ആരംഭം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com