ഈ യുദ്ധത്തിലെ അവസാനത്തെ ചാവേർപ്പടയാളിയാണ് കൊറോണ വൈറസ്

ഇന്നും വൈറസുകൾ അവരുടേതു മാത്രമായിരുന്ന അവർ മാത്രമുണ്ടായിരുന്ന ആദിമ ഭൂമിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നു
ഈ യുദ്ധത്തിലെ അവസാനത്തെ ചാവേർപ്പടയാളിയാണ് കൊറോണ വൈറസ്

കൊറോണ വൈറസ് മരണം വിതച്ചുകൊണ്ട് ലോകമാകെ പടരുമ്പോൾ, അതിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു സിദ്ധാന്തം തന്നെ പിറവിയെടുത്തിരിക്കുന്നു. ജ്യോതിർജീവ ശാസ്ത്രം അഥവാ അസ്‌ട്രോബയോളജി (Astrobiology) എന്ന ശാസ്ത്രശാഖയിലെ തന്റെ നിരീക്ഷണങ്ങളുടെ പേരിൽ പ്രശസ്തിയാർജ്ജിച്ച ചന്ദ്ര വിക്രമസിംഗെ എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ കൊറോണ വൈറസ് വന്നത് ഭൂമിക്കു പുറത്തുനിന്നാണ്. ഒരു ധൂമകേതുവായിരുന്നു വൈറസിന്റെ പ്രഭവകേന്ദ്രമെന്നും അതു ഭൂമിയിലെത്തിയത് ഒരു ഉൽക്കാപതനത്തിലൂടെ ആയിരുന്നുവെന്നും വിക്രമസിംഗെ പറയുന്നു. ഇത് ആദ്യമായല്ല ബ്രിട്ടീഷ് പൗരത്വം ലഭിച്ച ശ്രീലങ്കൻ ശാസ്ത്രജ്ഞനായ വിക്രമസിംഗെ പകർച്ചാശേഷി അധികരിച്ച മഹാമാരികളുടെ ഉത്ഭവം ഭൗമേതരമായ സ്ഥാനങ്ങളിൽനിന്നാണെന്നു പ്രസ്താവിക്കുന്നത്. 1918-ൽ 500 ദശലക്ഷത്തിലേറെ ആൾക്കാരെ ബാധിക്കുകയും 50 ദശലക്ഷത്തോളം പേരുടെ ജീവനപഹരിക്കുകയും ചെയ്ത ‘സ്പാനിഷ് ഫ്ലൂ’ (Spanish Flu) അന്യഗ്രഹത്തിൽനിന്നും വന്ന ഒരു സൂക്ഷ്മജീവിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം സിദ്ധാന്തിച്ചിരുന്നു. ബഹിരാകാശത്ത് വൈറസിനു നിലനിൽക്കാൻ കഴിയുമോ എന്ന ചോദ്യത്തിനു നക്ഷത്രാന്തരധൂളികളിൽ കാർബണികവും ജൈവികവുമായ തന്മാത്രകൾ നിലനിൽക്കാൻ കഴിയും എന്ന പ്രസ്താവനയോടെയാണ് അദ്ദേഹം നേരിട്ടത്. 1974-ൽ മുന്നോട്ടു വയ്ക്കപ്പെട്ട ഈ സാധ്യതാ നിർദ്ദേശം പിൽക്കാലത്തു നടന്ന ചില വികിരണാടിസ്ഥിത പഠനങ്ങൾ (Absorption Spectra Studies) ശരിവെക്കുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ ഗവേഷണോപദേശകൻ മഹാവിസ്‌ഫോടനത്തിനെതിരായുള്ള ബദൽസിദ്ധാന്തത്തിലൂടെ ശ്രദ്ധേയനായ ഫ്രെഡ് ഹോയൽ ആയിരുന്നു. 1974-ൽ ഫ്രെഡ് ഹോയ്‌ലിനൊപ്പം ‘ബഹിരാകാശത്തു നിന്നുള്ള രോഗങ്ങൾ’ (Diseases from Space) എന്ന പേരിൽ ഒരു പുസ്തകം രചിച്ച അദ്ദേഹം, പതിറ്റാണ്ടുകളായി മാനവരാശിയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഇൻഫ്ലുവൻസയും സമാനമായ ശ്വാസകോശരോഗങ്ങളും ഭൂമിക്കുപുറത്തു നിന്നുള്ള ഉറവിടങ്ങളിൽനിന്നും പുറപ്പെട്ടവയാണെന്നു സമർത്ഥിക്കാൻ ശ്രമിച്ചിരുന്നു. 2013-ൽ പരക്കെ ചർച്ചചെയ്യപ്പെട്ട ചുവന്ന മഴ എന്ന പ്രതിഭാസത്തേയും ഭൂമിക്കുപുറത്തുനിന്നുള്ള ഒരു ജീവസാന്നിധ്യത്തിൽനിന്നുള്ള വർണ്ണപ്പകർച്ചയായി വിലയിരുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതൊക്കെയും ശക്തമായി എതിർക്കപ്പെട്ട ആശയങ്ങളായിരുന്നുവെങ്കിലും കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം ശാസ്ത്രസമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെയെങ്കിലും അംഗീകാരം നേടാൻ പാത്രമായിട്ടുണ്ട്. 2019 ഒക്ടോബറിൽ ചൈനയിൽ പതിച്ച ഒരു ഉൽക്കയിൽനിന്നുമാണ് കൊറോണ വൈറസ് പുറപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രാഥമികമായ വിലയിരുത്തൽ. ഒറ്റനോട്ടത്തിൽ ഒരു ശാസ്ത്രകൽപ്പിതകഥയുടെ പശ്ചാത്തലവിവരണം എന്നു തോന്നാമെങ്കിലും ഇതൊരു കപടശാസ്ത്രപരികൽപ്പന (Pseudo Science) അല്ലെന്ന തരത്തിലുള്ള നിലപാടുകൾ ഒറ്റപ്പെട്ട കോണുകളിൽനിന്നെങ്കിലും ഉയരുന്നുണ്ട്. സാർസ് (SARS) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘സിവിയർ അക്യൂട്ട് റെസ്‌പിരേറ്ററി സിൻഡ്രോം’ (Severe Acute Respiratory Syndrome) ബഹിരാകാശത്തുനിന്നു വന്ന രോഗാണുവിൽ നിന്നുളവായതാണെന്നു മുൻകാലങ്ങളിൽ വിക്രമസിംഗെ വാദിച്ചിരുന്നു. ഭൗമേതരമായ ഉത്ഭവം എന്ന ആശയത്തെ ശരിവെച്ചാലും ബഹിരാകാശത്തിലൂടെയുള്ള അതിദീർഘമായ യാത്രയേയും ജീവന്റെ നിലനിൽപ്പ് അസാധ്യമാക്കുന്ന ഭൗതികസാഹചര്യങ്ങളേയും സാർസ് വൈറസ് എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാവുകയെന്നു വ്യക്തമാക്കാൻ വിക്രമസിംഗെയ്ക്ക് കഴിയുന്നില്ല എന്നു ശാസ്ത്രജ്ഞരിലെ ഒരു വിഭാഗം വാദിച്ചു. ഭൂമിയിലേക്കുള്ള യാത്രയെ അതിജീവിക്കാൻ കഴിഞ്ഞാലും ഭൂമിയിലെ മനുഷ്യർക്കുനേരെയുള്ള ആക്രമണശേഷി നിലനിർത്താൻ സാർസ് വൈറസിന് എങ്ങനെ കഴിഞ്ഞിട്ടുണ്ടാവുമെന്നു സാങ്കേതികമായ തെളിവുകളുടെ പിൻബലത്തോടെ അവർ ചോദിച്ചു. വിക്രമസിംഗെ മൗനം പാലിക്കുകയാണ് ചെയ്തതെങ്കിലും അറിയപ്പെടുന്ന അസ്‌ട്രോബയോളജിസ്റ്റായ ഗ്രഹാം ലൗ (Graham Lau) വിമർശകർക്കുള്ള മറുപടി ശാസ്ത്രീയമായിത്തന്നെ നൽകുകയുണ്ടായി. ‘അസ്‌ട്രോബയോളജിസ്റ്റിനോട് ചോദിക്കാം’ എന്ന ടെലിവിഷൻ പരിപാടിയിൽ നാസയുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്കിലും ഇതൊരു അസാധാരണ സംഭവമായേ ഇപ്പോഴും കരുതാൻ കഴിയൂ. അസാധാരണമായ തെളിവുകളെയാണ് അത് ആവശ്യപ്പെടുന്നത്. ഇതു സത്യമാണെങ്കിൽക്കൂടി ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കണമെങ്കിൽ ശാസ്ത്രജ്ഞൻ എന്ന പരിധിവിട്ട് ഞാൻ ബഹുദൂരം മുന്നോട്ടു പോകേണ്ടിവരും.” അദ്ദേഹം പറഞ്ഞു. “ഭൂമിയിലെ ജീവതന്മാത്രകളിൽനിന്നും വ്യത്യസ്തമായ എന്തെങ്കിലും ജൈവതന്മാത്രകൾ കൊറോണ വൈറസിൽ ഉണ്ടായിരുന്നെങ്കിൽ അതിന്റെ അന്യഗ്രഹ ഉത്ഭവസാധ്യത പരിശോധിക്കപ്പെടേണ്ടതാണ്. പ്രോട്ടീനുകളുടെ അടിസ്ഥാനഘടകങ്ങളായ അമിനോ ആസിഡുകളുടെ സാന്നിധ്യം ഉൽക്കകളിൽ കണ്ടെത്തിയിട്ടുണ്ട്. ജൈവതന്മാത്രകൾക്ക് ധൂമകേതുക്കളിൽ നിലനിൽക്കാൻ കഴിയുമെന്നും ഒരുപക്ഷേ, വൈറസിനെപ്പോലെ ‘ജീവരഹിതമായ ഒരു ജൈവവസ്തു’വായി നിലനിൽക്കാൻ കഴിയുമെന്നും ബഹിരാകാശ വികിരണങ്ങളിൽനിന്നു നിന്നും സ്വയം സംരക്ഷിക്കാൻ കഴിയുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്ര വിക്രമസിംഗെ
ചന്ദ്ര വിക്രമസിംഗെ

ആൻഡ്രോമേഡയിൽ നിന്നുള്ള രോഗാണു
 
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കും യൂറോപ്യൻ ബഹിരാകാശ ഏജൻസിക്കും സമീപഭാവിയിൽ ചൊവ്വാഗ്രഹ പര്യവേഷണങ്ങൾ വിപുലപ്പെടുത്താൻ പദ്ധതിയുണ്ട്. 2030-ൽ അവിടെ നിന്നും മണ്ണും പാറയും മറ്റു ഖനനസാമ്പിളുകളും ഭൂമിയിലേക്കെത്തിക്കാനാണ് പരിപാടി. ചൊവ്വയിൽ ജീവന്റെ സ്പന്ദനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും ചുവന്ന ഗ്രഹത്തിൽനിന്നുള്ള ഏതൊരു തരത്തിലുള്ള സാമ്പിളുകളും ഭൂമിയിലേക്കെത്തിക്കുന്നത് പാരിസ്ഥിതിക അപകടസാധ്യത പൂജ്യമായ ഒന്നാണെന്നു സംഗതിയാണെന്നു കരുതാനാവില്ല. നാസയുടെ പെർസെവെറൻസ് (Perseverance Rover) എന്ന പര്യവേഷണവാഹനം ശേഖരിക്കുന്ന ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ അവരുടെ പരീക്ഷണശാലകളിൽ പഠനവിധേയമാക്കും. ഇവ ചൈനയിലെ വുഹാൻ ലാബിൽ നിന്നുള്ളതെന്നതുപോലെയുള്ള രോഗാണുപ്പടർച്ചയ്ക്ക് കാരണമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിക്രമസിംഗെയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ പക്ഷം. ചൊവ്വാഗ്രഹത്തിൽനിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ജുറാസിക് പാർക്കിന്റെ സൃഷ്ടാവായ മൈക്കൽ ക്രിക്റ്റൻ 1969-ൽ പുറത്തിറങ്ങിയ തന്റെ നോവലുകളൊന്നിൽ പരാമർശിച്ചിട്ടുണ്ട്. ദ ആൻഡ്രോമിഡ സ്‌ട്രെയിൻ (The Andromeda Strain) എന്ന നോവലിൽ ന്യൂമെക്സിക്കോയിൽ തകർന്നുവീഴുന്ന ഒരു മിലിട്ടറി സാറ്റലൈറ്റിന്റെ അവശിഷ്ടങ്ങളിൽനിന്നുള്ള രോഗാണുബാധയെക്കുറിച്ചാണ് പറയുന്നത്. ഒരു ഉൽക്കയുമായുള്ള കൂട്ടിയിടിയിൽപ്പെട്ടാണ് ഉപഗ്രഹം തകർന്നത്. അതിൽനിന്നുമാണ് സൂക്ഷ്മജീവി ഉപഗ്രഹത്തിലേക്ക് കടന്നത്. ഊർജ്ജത്തെ നേരിട്ട് ദ്രവ്യമാക്കി മാറ്റാൻ കഴിയുന്ന ഈ സൂക്ഷ്മജീവിക്ക് ആ പ്രക്രിയ ഉപോൽപ്പന്നങ്ങളൊന്നും തന്നെ സൃഷ്ടിക്കാതെ നിർവ്വഹിക്കാനാവും. എന്നാൽ, അതിന് ഒരു പരിമിതിയുമുണ്ട്: അമ്ലതയോ ക്ഷാരഗുണമോ അധികരിച്ചു നിൽക്കുന്ന ഒരു മാധ്യമത്തിലും അതിനു വളരാനാവില്ല. അതായത് സാധാരണവും സമതുലിതവുമായ പി.എച്ച്. മൂല്യമുള്ള ദ്രാവകങ്ങളാണ് അതിന്റെ ഏറ്റവും അനുയോജ്യമായ വളർച്ചാമാധ്യമം. അതിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ജീവദ്രവമാകട്ടെ മനുഷ്യരക്തവും! എന്നാൽ, സൂക്ഷ്മാണു രക്തത്തിൽ കടന്നാൽ രക്തം കട്ടപിടിക്കും. ആൾ മരിക്കും. അങ്ങനെയാണ് തകർന്നുവീണ പര്യവേക്ഷണ പേടകത്തിലെ യാത്രികർ മരിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ ഉയർന്ന വിതാനങ്ങളിൽ നിലനിൽക്കുന്ന സൂക്ഷ്മജീവികളെ ശേഖരിച്ച് അവയിൽനിന്നും ജൈവായുധമായി ഉപയോഗിക്കാൻ കഴിയുന്നവയെ കണ്ടെത്തുകയായിരുന്നു സൈനികസാറ്റലൈറ്റ് പദ്ധതിയുടെ ലക്ഷ്യം. എന്തായാലും സൂക്ഷ്മജീവി നഗരത്തിലെ ജനങ്ങളെയാകെ കൊന്നൊടുക്കുന്നതോടെ അത് ഒരു ദേശീയ അടിയന്തിരാവസ്ഥയിലേക്ക് നയിക്കുന്നു. സൂക്ഷ്മജീവിയുടെ സാന്നിധ്യമുള്ള ഉപഗ്രഹാവശിഷ്ടങ്ങൾ ഒരു ഭൂഗർഭ ലബോറട്ടറിയിലേക്ക് മാറ്റുന്നു. എന്നാൽ, സൂക്ഷ്മജീവി പരീക്ഷണശാലയിലെ സ്ഫടികക്കൂടുകളുടേയും സുരക്ഷാവായനങ്ങളുടേയും സിലീങ് റബറിനെ ദ്രവിപ്പിച്ചുകൊണ്ട് പുറത്തുകടക്കുന്നു. അത്തരം അപായകരമായ സാഹചര്യങ്ങളുണ്ടായാൽ സ്വയം പ്രവർത്തനക്ഷമമാവുന്ന തരത്തിലുള്ള ആണവായുധം അവിടെ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. പക്ഷേ, അപ്പോഴാണ് അതിനെക്കാൻ ഭീകരമായേക്കാവുന്ന ഒരപകടം തിരിച്ചറിയപ്പെട്ടത്. ഊർജ്ജത്തെ നേരിട്ട് ദ്രവ്യമാക്കി മാറ്റാൻ കഴിയുന്ന സവിശേഷ സ്വഭാവമുള്ള സൂക്ഷ്മാണു ആറ്റംബോബു വിസ്‌ഫോടനത്തിലൂടെ പുറത്തുവരുന്ന അതിഭീമമായ ഊർജ്ജം ഉപയോഗിച്ച് അതിവിസ്തൃതമായ ഒരു ജൈവപാളിയെ സൃഷ്ടിച്ചേക്കാം. അതൊരുപക്ഷേ സൂര്യനെത്തന്നെ മറച്ചു പിടിച്ചുകൊണ്ട് ലോകത്തെ ഇരുട്ടിലാഴ്ത്തുകയും പ്രകാശസംശ്ലേഷണത്തെ തടയുകയും ചെയ്തേക്കാം. അതിലൂടെ കാർഷികവിളകൾ നശിക്കുകയും ലോകജനതയാകെ പട്ടിണി മൂലം മരിക്കുകയും ചെയ്യാം. തുടർന്ന് ഇതര മാർഗ്ഗങ്ങളിലൂടെ സൂക്ഷ്മജീവിയെ നശിപ്പിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നതിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്. 1971-ൽ അതേപേരിൽ പുറത്തിറങ്ങിയ സിനിമയും പക്ഷേ, ഒരേ ചോദ്യം തന്നെയാണ് ഉയർത്തുന്നത്. ക്രിക്ക്റ്റന്റെ ഈ ഭാവന എന്നെന്നേക്കുമായി സയൻസ് ഫിക്ഷനായി തുടരുമോ അതോ യഥാർത്ഥ ജീവിതത്തിലും അത് സംഭവിക്കുമോ? ചൊവ്വയിൽ ജീവന്റെ ഉൾത്തുടിപ്പുകൾ സ്വയമുടലെടുത്തിട്ടില്ലെങ്കിൽപ്പോലും അന്യഗ്രഹജീവികൾക്ക് ആതിഥേയത്വം വഹിക്കാൻ ആ ഗ്രഹം ഇനിയും പര്യാപ്തമായിട്ടില്ല എന്നു കരുതാനാവുമോ? അത്തരമൊരു സാഹചര്യമുണ്ടായാൽ എന്തു നടപടി സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള മുന്നൊരുക്കങ്ങൾക്കായി ഇപ്പോഴുള്ള കൊറോണാ വൈറസ് ബാധയെ പ്രയോജനപ്പെടുത്തിക്കൂടേ എന്നും വിക്രമസിംഗെ പക്ഷക്കാർ ചോദിക്കുന്നു.

ചൊവ്വാഗ്രഹത്തിൽനിന്നും സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന തരത്തിലുള്ള പര്യവേഷണ പദ്ധതികളെക്കുറിച്ച് പൊതുജനം ബോധവാന്മാരാകേണ്ടതുണ്ടെന്നും അതിലെ അപകടങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും നാസയിലെ മുൻ ഗ്രഹപര്യവേക്ഷകനായിരുന്ന കാസി കോൺലി (Cassie Conley) പറയുന്നു. ഭൗമേതരഗ്രഹ പര്യവേഷണത്തിന്റെ തുടക്കകാലം മുതൽക്കേ ചൊവ്വാഗ്രഹത്തിൽനിന്നുള്ള സാമ്പിളുകൾ അതീവസുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമേ (Restricted Earth Return) കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നു നിഷ്‌കർഷയുള്ളതായി കോൺലി ചൂണ്ടിക്കാട്ടുന്നു. സാമ്പിളുകളുടെ സുരക്ഷയ്ക്കും ഭൂമിയിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ സുരക്ഷയ്ക്കും ഇത്തരം പ്രോട്ടോകോളുകൾ കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, 2019-ൽ നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷൻ ഇൻഡിപെൻഡന്റ് റിവ്യൂ ബോർഡ് ചൊവ്വാഗ്രഹത്തിൽനിന്നുള്ള സാമ്പിളുകൾക്കുള്ള സുരക്ഷാക്രമീകരണങ്ങളെ കാറ്റഗറി-II ആയി തരംതാഴ്ത്താൻ ശുപാർശ ചെയ്യുകയുണ്ടായി. ഇതു വളരെ അപക്വമായ ഒരു തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “നമുക്ക് ഭൂമിയിലെ ജീവൻ എന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ നിലനിൽപ്പിനെക്കുറിച്ചും പൂർണ്ണമായ വസ്തുതകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വയെക്കുറിച്ച് അത്രപോലും കാര്യങ്ങൾ നമുക്കറിയില്ല. അതിനാൽ, ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ ജീവാപായങ്ങൾ (Biohaards) സൃഷ്ടിക്കുകയില്ല എന്ന് ഉറപ്പിച്ചു പറയാൻ ഇപ്പോഴും നമുക്കാവില്ല” കോൺലി പറയുന്നു.

ഫ്രെഡ് ഹോയൽ
ഫ്രെഡ് ഹോയൽ

തന്മാത്രാതലത്തിലെ താക്കോലുകൾ

ചൊവ്വാഗ്രഹത്തിൽനിന്നും സാമ്പിളുകൾ ഭൂമിയിലെത്തിക്കാനുള്ള പദ്ധതി, കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമായിത്തീരുന്നതായി നാസ ശാസ്ത്രജ്ഞനായ ജെ. ആൻഡി സ്പ്രി (J. Andy Spry) പറയുന്നു. ഭൗമേതരജീവനെ കണ്ടെത്തുന്നതിനായുള്ള ഗവേഷണപദ്ധതിയായ സേറ്റിയിലെ (സെർച്ച് ഫോർ എക്‌സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്) മുതിർന്ന ശാസ്ത്രജ്ഞനാണ് ആൻഡി സ്പ്രി. ഒരു നാസ പ്ലാനറ്ററി പ്രൊട്ടക്ഷൻ കൺസൾട്ടന്റ്. “കൊവിഡ് പകർച്ചവ്യാധി മൂലമുള്ള മരണനിരക്കിനെ ഒരു വിധത്തിലെങ്കിലും മയപ്പെടുത്താൻ മിക്ക ഏഷ്യൻ രാജ്യങ്ങൾക്കും കഴിഞ്ഞത് കൊറോണയ്ക്കു മുന്നോടിയായി വന്ന SARS വൈറസിനെതിരെ സ്വീകരിക്കപ്പെട്ട നടപടികളിൽനിന്നും പാഠങ്ങളുൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ്. അപകടകാരികളായ സൂക്ഷ്മജീവികൾ ഭൂമിയിലെ ജീവികളുമായി സഹസ്രാബ്ദങ്ങളായി സഹജീവനം നടത്തുന്നവയാണ്. ആക്രമണത്തിനുള്ള അവസരങ്ങൾക്കായി അവ സ്വയം തയ്യാറെടുത്തു കൊണ്ടേയിരിക്കുന്നു. അനുയോജ്യമായ ഒരു അനുകൂലനം ജനിതക പരിവർത്തനത്തിലൂടെ കൈവരുന്ന നിമിഷം അവ ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. രോഗാണുബാധ (Pathogenicity) വളരെ സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്. തന്മാത്രാതലത്തിലാണ് അതുമായി ബന്ധപ്പെട്ട പ്രർത്തനങ്ങൾ നടക്കുന്നത്. ഒരു താക്കോൽ ഉപയോഗിച്ച് ഒരു പൂട്ടുമാത്രം തുറക്കാൻ കഴിയുന്നതിനു സമാനമായ പ്രവർത്തനമാണത്. താക്കോലിന്റെ അറ്റത്തുള്ള ചില വെട്ടുകളും മുനകളും അതുമായി ചേർന്നുവരുന്ന മുനകളിലും വെട്ടുകളിലും ചെന്നുറയ്ക്കുമ്പോഴാണ് പൂട്ടു തിരിയുന്നതും വാതിൽ തുറക്കുന്നതും. ഇതുപോലെ ജീവകോശത്തിനുള്ളിലേക്ക് കടക്കുന്നതിനും ഇതുപോലെയുള്ള ഒരു ചിത്രത്താക്കോൽ രോഗകാരിയായ സൂക്ഷ്മാണു സ്വയം സൃഷ്ടിക്കേണ്ടതുണ്ട്. മിക്കപ്പോഴും എൻസൈമുകൾ (Enzymes) എന്നു വിളിക്കപ്പെടുന്ന രാസാഗ്നികളാണ് തന്മാത്രാതലത്തിലുള്ള താക്കോലുകളായി പ്രവർത്തിക്കുന്നത്. ലോക്ക് ആന്റ് കീ മോഡൽ എന്ന പേരിൽ പ്രശസ്തമായ ഒരു സങ്കൽപ്പനമാണിത്. ശരീരകോശവുമായുള്ള ആവർത്തിച്ചുള്ള സമ്പർക്കത്തിലൂടെയാണ് ഒരു രോഗകാരിയായ സൂക്ഷ്മാണു തന്മാത്രാതലത്തിൽ ഉപയോഗിക്കേണ്ട താക്കോലുകൾ രൂപകൽപ്പന ചെയ്യുന്നത്. ഇതൊരുപക്ഷേ, ദശലക്ഷക്കണക്കിനു ശ്രമങ്ങൾക്കൊടുവിലായിരിക്കും സാധ്യമാവുന്നത്. അതിനായി വർഷങ്ങളോളം അല്ലെങ്കിൽ നൂറ്റാണ്ടുകളോളം പരസ്പരം സമ്പർക്കത്തിൽ നിലനിന്നതിനുശേഷമായിരിക്കും കോശശരീരത്തിനുള്ളിലേക്ക് ആക്രമിച്ച് കടക്കാനുള്ള അനുകൂലന സവിശേഷതകൾ (Adaptive Features) നേടുന്നത്. തീർച്ചയായും ഇത് സഹപരിണാമം (CoEvolution) എന്ന ഡാർവീനിയൻ സങ്കൽപ്പനവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഒരു അന്യഗ്രഹ പരിസ്ഥിതിയിൽ പരിണാമത്തിനു വിധേയമായതും അതിനനു ഗുണമായ അനുകൂലന സവിശേഷതകൾ ആർജ്ജിക്കുകയും ചെയ്ത ഒരു ‘ജൈവികവസ്തു’വിന് ഭൂമിയിലെ ജീവികളെ അത്ര എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ല”, ആൻഡി സ്പ്രി അസന്ദിഗ്ദ്ധമായി പറയുന്നു. ചൊവ്വാഗ്രഹത്തിൽനിന്നും എത്തിക്കുന്ന സാമ്പിളുകൾ സൂക്ഷിക്കുയും പഠനം നടത്തുകയും ചെയ്യേണ്ട പരീക്ഷണശാലകൾ അനുവർത്തിക്കേണ്ടുന്ന സുരക്ഷാമാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കണം അവയുടെ ബയോസേഫ്റ്റി ലെവൽ എന്തായിരിക്കണം എന്നതിനെയൊക്കെ സംബന്ധിച്ചുള്ള വ്യക്തമായ മാർഗ്ഗരേഖകൾപോലും തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. അതേസമയം ഇക്കാര്യത്തിൽ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ചു ലോകത്തിലെ ബഹിരാകാശശക്തികളായ രാജ്യങ്ങളെല്ലാം ഒരു പൊതുധാരണയിൽ എത്തിയിരുന്ന സാഹചര്യം ഉണ്ടായിരുന്നു. ചൊവ്വാഗ്രഹവുമായി നേരിട്ടോ നേരിട്ടല്ലാതേയോ സമ്പർക്കത്തിലെത്തപ്പെട്ട ഏതൊരു വസ്തുവും ഭൂമിയിലേക്ക് എത്തിക്കപ്പെടാൻ പാടില്ല എന്ന ഒരു നിർദ്ദേശം നിലനിന്നിരുന്നതായി ആൻഡി സ്പ്രി ഓർക്കുന്നു. ‘കൊസ്പാർ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റർനാഷണൽ കമ്മിറ്റി ഓൺ സ്‌പെയ്‌സ് റിസർച്ച് (International Committee on Space Research: COSPAR) നിഷ്‌കർഷിക്കുന്ന ഇത് ‘അടച്ചു സൂക്ഷിക്കപ്പെട്ട സാമ്പിളു’(Contained Sample)കളുടെ കാര്യത്തിൽ എങ്ങനെ പരിഷ്‌കരിക്കപ്പെടണം എന്നാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. നാസയും യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയും ഇക്കാര്യത്തിൽ നടത്തുന്ന നീക്കങ്ങൾ അപായസാധ്യതയില്ലാതെ പൂർണ്ണരൂപം പ്രാപിക്കാൻ ഇനിയും 15 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും ആൻഡി സ്പ്രി പറയുന്നു.

പരീക്ഷണങ്ങൾ ഭൂമിയിൽ നടത്തരുത്

വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസ്‌ട്രോബയോളജിസ്റ്റായ ഡിർക്ക് ഷുൾസ‌്‌മകുച്ച് (Dirk Schulze-Makuch) ചൊവ്വാഗ്രഹത്തിൽനിന്നും എന്തെങ്കിലും സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുമുൻപ്, ചൊവ്വയിൽ നിലനൽക്കാൻ സാധ്യതയുള്ള ജീവനെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തേണ്ടതാണെന്നു തുടക്കം മുതൽക്കേ വാദിച്ചിരുന്നു. “അത് അത്യന്താപേക്ഷിതമാണ്” അദ്ദേഹം പറയുന്നു: “അത് സാധ്യമാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമ്മുടെ കൈവശമുണ്ട്. അത് ചെയ്യുന്നതിലൂടെ തങ്ങൾ എന്താണ് ഭൂമിയിലേക്ക് കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണയെങ്കിലും നമുക്കുണ്ടാവും.” 2020 ജൂലൈ 17-നായിരിക്കും ചൊവ്വാഗ്രഹത്തിൽനിന്നും എന്തൊക്കെ സാമ്പിളുകൾ ശേഖരിക്കണം എന്നു തീരുമാനിക്കുന്നതിനുള്ള പെർസെവെറൻസ് റോവർ വിക്ഷേപിക്കപ്പെടുന്നത്. 2021 ഫെബ്രുവരി 18-ന് ചൊവ്വയിലെ ജെസീറൊ ക്രേറ്ററി(Jezero Crater)ലിറങ്ങുന്ന പെർസെവെറൻസ് ചൊവ്വയിൽ ഖനനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ചൊവ്വയിൽ ജീവനുണ്ടോ എന്ന് അന്വേഷിക്കുകയല്ല പെർസെവെറൻസിന്റെ ദൗത്യം എന്നതാണ് ശ്രദ്ധേയം. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ, ഉണ്ടെങ്കിൽ അത് എത്രകാലം മുൻപാണ് ജീവന്റെ കയ്യൊപ്പുകളെന്ന തരത്തിൽ അവിടെ എന്തെങ്കിലും ശേഷിക്കുന്നുണ്ടോ, ഇതൊക്കെയാണ് പെർസെവെറൻസ് തിരക്കുക. അതിനുശേഷം സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സ്ഥാനങ്ങൾ തീരുമാനിക്കുകയും ഇതുവരേയ്ക്കും തീയതി തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത മാർസ് സാമ്പിൾ റിട്ടേൺ ദൗത്യ(Mars Sample Return Mission)ത്തിനായി കളമൊഴിയുകയും ചെയ്യും. അതിനുമുൻപ് പക്ഷേ, അമേരിക്കയ്ക്ക് അതിന്റെ പരിസ്ഥിതി സംരക്ഷണ നയരേഖകൾ പരിഷ്‌കരിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ സാമ്പിൾ റിട്ടേൺ അസാധ്യമാവും. മാത്രമല്ല, 1967-ൽ ഒപ്പുവെച്ച ഔട്ടർ സ്‌പെയ്‌സ് ട്രീറ്റി അനുസരിച്ച് ഏതൊരു രാജ്യമാണോ ഭൂമിക്കു പുറത്തുനിന്നുള്ള ജൈവവസ്തുക്കളേയോ അജൈവവസ്തുക്കളേയോ ഭൂമിയിലെത്തിക്കുന്നത്, ആ രാജ്യം തന്നെയാവും അവയിൽനിന്നും പിറവിയെടുക്കാൻ സാധ്യതയുള്ള അപകടങ്ങളിൽനിന്ന് ലോകജനതയെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ടിരിക്കുക. അതുകൊണ്ട് ബാരി ഡി ഗ്രിഗോറിയോ(Barry DiGregorio)വിനെപ്പോലുള്ള ചിലർ സാമ്പിൾ റിട്ടേൺ മിഷനെ ശക്തിയായി എതിർക്കുന്നത്. 1976-ലെ വൈക്കിങ് ദൗത്യങ്ങൾ (Viking Missions) തന്നെ ചൊവ്വാഗ്രഹത്തിൽ ജീവസാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും എന്നാൽ, അതിൽനിന്നും നിർമ്മിക്കാവുന്ന ജൈവായുധ സാധ്യതകൾ കണക്കിലെടുത്ത് നാസ അത് മൂടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ബാരിയും കൂട്ടാളികളും വിശ്വസിക്കുന്നത്. അന്നുതന്നെ അമേരിക്കയിലെ രഹസ്യലബോറട്ടറികളിൽ അവ എത്തിക്കപ്പെട്ടിരുന്നുവെന്നും അവയിൽ നിന്നുമുള്ള സൂക്ഷ്മജീവികളാണ് പിൽക്കാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്നുപിടിച്ച പകർച്ചവ്യാധികൾക്ക് കാരണമായതെന്നും അവർ കരുതുന്നു. തങ്ങളുടെ ശബ്ദം ശ്രദ്ധേയമാവാൻ ‘ഇകാമ്‌സർ’ എന്നൊരു സംഘടന(International Committee Against Mars Sample Return Mission: ICAMSR)യ്ക്കും അവർ രൂപംനൽകിയിട്ടുണ്ട്. എന്നാൽ, ചൊവ്വയിൽനിന്നുള്ള ഏതെങ്കിലും സൂക്ഷ്മാണു ഭൂമിയിലെ ജീവന് ഹാനികരമാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡിർക്ക് ഷുൾസ‌്‌മകുച്ച് കരുതുന്നു. അപായസാധ്യത ഒരു ശതമാനത്തിനേക്കാൾ കുറവാണെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ, ആശങ്കകളെ പൂർണ്ണമായും ഒഴിവാക്കാനുമാവില്ല. ഏറ്റവും കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന പരീക്ഷണശാലകൾ ഇതിനായി സജ്ജമാക്കേണ്ടതുണ്ട്. അത്തരം മുന്നൊരുക്കങ്ങൾ എത്രകണ്ട് വൈകുന്നുവോ അത്രയും കാലത്തോളം സാമ്പിൾ റിട്ടേൺ മിഷൻ നീട്ടിവെയ്ക്കുകയും വേണം. കഴിയുമെങ്കിൽ പരീക്ഷണങ്ങൾ രജ്യാന്തര ബഹിരാകാശനിലയത്തിൽ നടത്തണം. സാമ്പിളുകളെല്ലാം പുതുതായി ശേഖരിച്ചവയാകണം. പെർസെവെറൻസ് ദൗത്യം പേടകത്തിലാക്കി അടച്ചുസൂക്ഷിക്കുന്ന സാമ്പിളുകളെ വർഷങ്ങൾക്കുശേഷം മറ്റൊരു ദൗത്യത്തെ അയയ്ക്കുന്നതിലൂടെ ഭൂമിയിലെത്തിക്കാൻ ശ്രമിക്കുന്നത് അപായസാധ്യതകളുടെ ശരിയായ വിലയിരുത്തലുകളെ തകിടംമറിക്കുമെന്നും ഡിർക്ക് ഷുൾസ്‌മകുച്ച് കരുതുന്നു.

പാൻസ്‌പെർമിയ സിദ്ധാന്തം

ഭൂമിയിലെ ജീവൻ ഭൂമിയിൽ ഉടലെടുത്തതല്ലെന്നും അത് വിദൂരസൗരയൂഥങ്ങളിൽ എങ്ങുനിന്നോ ഉൽക്കകളിലൂടെ വന്നെത്തിയതാണെന്നുമുള്ള ചിന്തയാണ് പാൻസ്‌പെർമിയ സിദ്ധാന്തം (Theory of Panspermia). ശാസ്ത്രസിദ്ധാന്തം എന്നതിലുപരിയായി ഇതൊരു സങ്കൽപ്പവും ശുഭാപ്തിവിശ്വാസവുമൊക്കെയാണെന്ന് കരുതുന്നവരുണ്ട്. ഉൽക്കാശിലകൾ കൊണ്ടുണ്ടാക്കിയ ആരാധനാബിംബങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ഉൽക്കാശിലകളിലൂടെ അന്യലോകങ്ങളിൽനിന്നുള്ള ജീവരേണുക്കൾ വന്നെത്തുന്നത് ലിത്തോപാൻസ്‌പെർമിയ (Lithopanspermia) എന്നാണറിയപ്പെടുന്നത്. ഭൂമിയുടെ അന്തരീക്ഷം കടന്ന് ഉപരിതലത്തിൽ വന്നിടിക്കുന്ന ഉൽക്കാശിലകൾ ധൂമകേതു(Comets)ക്കളുടെ ഭാഗങ്ങളോ ഛിന്നഗ്രഹ(Asteroid)ങ്ങളോ ആവാം. ഇടിയുടെ ആഘാതത്തിൽ, ഒരു വലിയ ഗർത്തം (Impact Crater) രൂപപ്പെട്ടു എന്നുവരാം. ഇത് വലിയൊരു മർദ്ദവിക്ഷോഭം സൃഷ്ടിക്കുകയും അതിലൂടെ ഉൽക്കാശിലയുടെ ഭാഗങ്ങൾ ഭൗമോപരിതലത്തിൽ ഇടിച്ചുതെറിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ആകർഷണശക്തിക്ക് പിടിച്ചുനിറുത്താൻ കഴിയാത്ത തരത്തിലുള്ള പ്രവേഗ(Escape Veloctiy)ത്തിലാണ് ഇവ ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചു കുതിക്കുന്നത്. ഉൽക്കാപതനം നടക്കുന്ന ഭൂമേഖലയിൽ അവിടുത്തെ ജീവജാലങ്ങൾക്കും അത് കടുത്ത നാശം വരുത്തുമെങ്കിലും ഭൗമാന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലേക്കെത്തപ്പെടുന്ന ഉൽക്കാശിലാധൂളികൾ ജീവസ്പന്ദനങ്ങൾ നശിച്ചുപോവാത്ത തരത്തിലുള്ള ജീവപരിസരമായിരിക്കും ഒരുക്കുന്നത്. അമിനോ ആസിഡുകൾ പോലെയുള്ള ലഘുഘടനയുള്ള ജൈവതന്മാത്രകളുടേയും സൂക്ഷ്മജീവികളുടേയും നിലനിൽപ്പ് സാധ്യമാക്കുന്ന തരത്തിലുള്ള താപനിലയും മർദ്ദവും അന്തരീക്ഷത്തിന്റെ ഈ ഉയർന്ന മേഖലകളിലുണ്ട്. കോസ്‌മിക് കിരണങ്ങൾ, സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവയെ അതിജീവിക്കാനുള്ള അനുകൂലനങ്ങൾ സ്വയമാർജ്ജിക്കുന്ന ഇവ പിന്നീട് അവിടെത്തന്നെ നിലനിൽക്കുകയോ മഴജലത്തോടൊപ്പം ഭൂമിയിലെത്തുകയോ ചെയ്യാം. ഭൂമിയിൽ ഇന്നുള്ള ചില ജീവികൾക്ക് ബഹിരാകാശത്തെ വികിരണാന്നിധ്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ടാർഡിഗ്രേഡുകൾ (Tardigrades) എന്ന പേരിലറിയപ്പെടുന്ന ജീവികൾ ബഹിരാകാശ വികിരണങ്ങളെ അതിജീവിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വലിപ്പമേറിയ ഉൽക്കാശിലകൾക്കുള്ളിലുള്ള സൂക്ഷ്മജീവികൾ ജീവന്റെ നിലനിൽപ്പ് അസാധ്യമാക്കുന്ന സാഹചര്യങ്ങളെ അതിജീവിച്ച് ഭൂമിയിലെത്താനുള്ള സാധ്യത ഏറെയാണ്. ബാക്ടീരിയകൾപോലെയുള്ള സൂക്ഷ്മജീവികൾക്ക് പ്രതികൂലസാഹചര്യങ്ങളിൽ ഒരു കംപ്യൂട്ടർ സ്വയം ഷട്ട്ഡൗൺ ചെയ്യുന്നതുപോലെ കട്ടിയുള്ള ഒരു പുറംപാളി സൃഷ്ടിച്ച് അതിനുള്ളിൽ നിശ്ചേഷ്ടമായി നിലനിൽക്കാനാവും. ദശലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും ഇവയ്ക്ക് ജീവാവസ്ഥയിൽത്തന്നെ തുടരാനാവും. അതിലൂടെ മറ്റൊരു ഗ്രഹസ്ഥിതിയിലെത്തപ്പെട്ടാൽ അവിടെ ജീവിക്കാനും. നക്ഷത്രാന്തര യാത്രകൾക്ക് ചിലപ്പോൾ ലക്ഷം വർഷങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ, അവ ഒരിക്കലും ജീവന്റെ കളിത്തൊട്ടിലാകാവുന്ന പുതിയ ഇടങ്ങളിലേക്ക് എത്തിച്ചേരുകയില്ല എന്ന് ആർക്കും പറയാനാവില്ല. പഴയകാലത്ത് പുതിയ ഭൂഖണ്ഡങ്ങൾ തേടി പായ്‌ക്കപ്പലുകൾ യാത്ര തിരിച്ചിരുന്നതുപോലെയാണ്. മനുഷ്യവാസമില്ലാത്ത ദ്വീപുകളിൽ അവ നങ്കൂരമിട്ടിട്ടില്ലേ? അതുപോലെ ഭുമിയെന്ന ജീവഗ്രഹത്തെത്തേടിയും ബഹിരാകാശ യാനങ്ങൾ വന്നെത്തിയിരിക്കാം. പക്ഷേ, അവയിൽനിന്നും പുറത്തുകടക്കുന്നവ മനുഷ്യരുടെ തന്നെ ഒരു വികല പ്രതിബിംബങ്ങളായിരിക്കും എന്ന ചിന്തയാണ് നമ്മുടെ ഏറ്റവും വലിയ പരിമിതി. നക്ഷത്രങ്ങൾക്കിടയിൽ വളരെയധികം ദൂരമുണ്ട്. ഒരു നക്ഷത്രാന്തര യാത്രയ്ക്ക് പതിനായിരക്കണക്കിനു വർഷങ്ങങ്ങൾ വേണ്ടിവന്നേക്കാം. അതുകൊണ്ടാണ് സ്വന്തം സൗരയൂഥം വിട്ടുപോവാതെ നമ്മൾ ഇപ്പോഴും അവയെക്കുറിച്ചാലോചിച്ച് അത്ഭുതപ്പെടുന്നത്.

ഭൂമിയിലെ ജീവൻ ചൊവ്വയിൽനിന്നോ?

പാൻസ്‌പെർമിയയിലൂടെ പ്രപഞ്ചത്തിലുടനീളം, അല്ലെങ്കിൽ നമ്മുടെ സ്വന്തം താരാപഥമായ ആകാശഗംഗയിലുടനീളം ജീവൻ വിത്തുണ്ടാവുമെന്നാണോ ഇതിനർത്ഥം? അല്ല. പക്ഷേ, അത്തരമൊരു സാധ്യത നാം പ്രതീക്ഷിക്കുന്നതിനെക്കാൾ വളരെ അടുത്താണ്. കൊളംബിയ സർവ്വകലാശാലയിലെ മൾട്ടിഡിസിപ്ലിനറി ആസ്‌ട്രോബയോളജി സെന്ററിന്റെ ഡയറക്ടർ കാലെബ് ഷാർഫ് (Caleb Scharf) ആണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. നിങ്ങൾ ഉത്തരങ്ങൾ തിരയേണ്ട അന്യലോകങ്ങൾ പ്രകാശവർഷങ്ങൾ അകലെയല്ല. ആകാശത്ത് പരിചിതമായ ചുവന്ന ഡോട്ടിൽ. ജീവൻ ചൊവ്വയിൽനിന്നു ഭൂമിയിലേക്കുള്ള ഒരു യാത്രയെ ബാധിക്കുമെന്ന ആശയം, അല്ലെങ്കിൽ തിരിച്ചും, മറ്റുള്ളവയേക്കാൾ വളരെ വിശ്വസനീയമായ ഒരു പ്രതിഭാസമാണെന്നു കരുതപ്പെടുന്നു. ആ ചുവന്ന ബിന്ദു എന്നും നിങ്ങളുടെ തൊട്ടരികിൽത്തന്നെ ഉണ്ടായിരുന്നു. ആദിമ ഭൂമിയിൽ ഒരു ജീവരേണു വന്നുവീണാൽ അതിനു വളരാനുള്ള ഭൗതിക രാസഘടകങ്ങൾ സമന്വയിച്ചിരുന്ന ഒരു ജീവോന്മുഖദ്രവ സംഘാതം (‘Primordial Soup’) നിലനിന്നിരുന്നു. 1924-ൽ സോവിയറ്റ് രസതന്ത്രജ്ഞനായ അലക്സാണ്ടർ ഒപ്പാരിൻ (Alexander Oparin, 1894-1980) ഇതു പറഞ്ഞെങ്കിലും 1929-ൽ ജെ.ബി.എസ്. ഹാൾഡേൻ (J.B.S. Haldane, 1892-1964) റാഷണലിസ്റ്റ് ആന്വലിൽ അതേക്കുറിച്ച് ഒരു ലേഖനമെഴുതിയതോടെയാണ് അതിനു പ്രചാരം ലഭിക്കുന്നത്. 2013 ഓഗസ്റ്റ് 28-ന് ഇറ്റലിയിൽ നടന്ന ഭൗമരസതന്ത്രജ്ഞരുടെ രാജ്യാന്തര സമ്മേളനവേദിയായ ഗോൾഡ്ഷിമിഡിറ്റ് കോൺഫറൻസിൽ, ചൊവ്വയിൽനിന്നും ഭൂമിയിലേക്കുള്ള ജീവരേണൂപതനത്തെ പിന്താങ്ങുന്ന പുതിയൊരു തെളിവ് അവതരിപ്പിക്കപ്പെടുകയുണ്ടായി. മോളിബ്ഡിനം (Molybdenum) എന്ന മൂലകത്തിന്റെ ഓക്സീകൃതധാതുരൂപം ആദിമ ഭൂമിയിൽ ഇല്ലായിരുന്നു എന്ന വസ്തുതയും ചൊവ്വയിൽ അതുണ്ടായിരുന്നു എന്ന കണ്ടെത്തലും തമ്മിലുള്ള ബന്ധമാണ് വെസ്റ്റ്‌ഹൈമർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലെ സ്റ്റീവെൻ ബെണ്ണർ (Steven Benner) തന്റെ പ്രബന്ധത്തിലൂടെ വരച്ചുകാട്ടിയത്. മൂന്നുശതകോടി (3 Billion) വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ മോളിബ്‌ഡെനത്തിന്റെ ഓക്സീകരണം (Oxidation) സാധ്യമാക്കാനുള്ള ഓക്സിജൻ അല്പമായേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ചൊവ്വയുടെ അന്തരീക്ഷത്തിൽ അധികമായ അളവിൽ അതുണ്ടായിരുന്നു. അതുപോലെതന്നെ ബോറോൺ എന്ന മൂലകം ഭൂമിയിൽ ദുർലഭമായിരുന്ന കാലത്തും ചൊവ്വയിൽ അതുണ്ടായിരുന്നു. ചൊവ്വയിൽനിന്നും ഭൂമിയിലെത്തിയതായി കരുതപ്പെടുന്ന ഉൽക്കാശിലകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത് (Reference: tthp://goldshmidt.info/2013/).

മൈക്കൽ ക്രിക്റ്റൻ
മൈക്കൽ ക്രിക്റ്റൻ

ലളിതമായ രാസസമവാക്യങ്ങൾക്ക് വിധേയമാവുന്ന ഒന്നല്ല ജീവന്റെ ഉത്ഭവം. ജീവനുള്ള എന്തും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ജൈവതന്മാത്രകൾ കൊണ്ടാണെങ്കിലും ജൈവതന്മാത്രകൾ കൂട്ടിച്ചേർത്ത ഒരു സ്ഫടികപ്പാത്രത്തിലേക്ക് ഊർജ്ജത്തെ കടത്തിവിട്ടാൽ ജീവൻ ഉടലെടുക്കുകയില്ല. കുറച്ചുകൂടി സങ്കീർണ്ണമായ ജൈവതന്മാത്രകൾ ഉടലെടുത്തുവെന്നു വരാം, പക്ഷേ, ജീവൻ സൃഷ്ടിക്കപ്പെടുകയില്ല. ടാർ പാരഡോക്സ് (Tar Paradox) എന്നാണ് അസ്‌ട്രോബയോളജിസ്റ്റുകൾ ഇതിനെ വിളിക്കുന്നത്. അതുപോലെ ഭൂമിയിലും ജീവൻ ഉടലെടുക്കുന്നതിനാവശ്യമായ ദ്രവമാധ്യമം സൃഷ്ടിക്കപ്പെട്ടിരുന്നിരിക്കാം. പക്ഷേ, അതിൽനിന്നും ജീവൻ ഉയിർക്കാൻ ഒരു ജീവരേണു ഭൂമിക്കു പുറത്തുനിന്നും എത്തേണ്ടിവന്നു. അതുവന്നെത്തിയതോ ശതകോടി വർഷങ്ങളൊന്നും കഴിഞ്ഞായിരുന്നില്ല.

ഭൗമകാലചക്രം അധികം ചുറ്റിത്തിരിയുന്നതിനുമുൻപേ, ബാക്കിവെച്ച റൊട്ടിക്കഷണത്തിലേക്ക് വന്നുവീഴുന്ന പൂപ്പൽരേണുവിനെപ്പോലെ ചൊവ്വയിൽനിന്നും ഒരു ഉൽക്കാശിലയുടെ ഉള്ളിലൊളിച്ചുകൊണ്ട് അതു വന്നു വീണു. വൈകാതെ ഭൂമിയിൽ ജീവൻ സ്പന്ദിച്ചു. ചൊവ്വയാണ് ഭൗമജീവന്റെ മാതാവ് എന്നു കരുതുന്നതിനു മറ്റൊരു സാധുതയും പ്രൊഫസർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദിമ ഭൂമിയിൽ ആദ്യം ഉരുത്തിരിഞ്ഞ ജീവസ്വഭാവമുള്ള, അതായത്, സ്വന്തം പകർപ്പ് സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ജൈവതന്മാത്ര ആർ.എൻ.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന (Ribo Nucleic Acid: RNA) റൈബോ ന്യൂക്ലിക് ആസിഡ് ആയിരുന്നു. എന്നാൽ, രാസപരിണാമകാലം പിന്നിട്ട് ജീവപരിണാമത്തിലേക്കെത്താൻ വെമ്പിനിന്നിരുന്ന ഭൂമി ജലമയമായിരുന്നു. ജലത്താൽ ആകെ മുങ്ങിനിൽക്കുന്ന അവസ്ഥ. എന്നാൽ, ജലത്തിനു നാം കരുതിയിരിക്കുന്നതിനു വിരുദ്ധമായ ഒരു രാസസ്വഭാവം അന്നും ഇന്നുമുണ്ട്. ദ്രവീകരണക്ഷമതയാണത്, ആർ.എൻ.എയോടുള്ള. അതുകൊണ്ട് ആദ്യം പിറന്ന ആർ.എൻ.എകളെയെല്ലാം ബൈബിളിലെ ശൗലിനെപ്പോലെ അത് നശിപ്പിച്ചുകളഞ്ഞു. എന്നാൽ, സമകാലികമായ അന്യഗ്രഹ പരിസ്ഥിതികളിലൊന്നിൽ അതായത് ചൊവ്വയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ മിക്കയിടങ്ങളും വരണ്ടുകിടക്കുകയായിരുന്നു. അതിനാൽ അവിടെ രൂപംകൊണ്ട ജനിതക തന്മാത്രയായ ആർ.എൻ.എ അതിജീവിച്ചു. അത് ചൊവ്വയുടെ ഉപരിതലമാകെ പടർന്നു. പിന്നെ ഏതോ ഒരു ഭീമാകാരമായ ഛിന്നഗ്രഹത്തിന്റെ കൂട്ടിയിടിയിൽപ്പെട്ടു ചിതറിയ ചൊവ്വാശിലകളുടെ പെയ്ത്തിൽപ്പെട്ട് ഭൂമിയിൽ വന്നുവീണു. ഭൂമിയിലെ ജൈവകന്യകമാർ അതിനെ മാംസ്യത്തിന്റേതായ പഴന്തുണിയിൽ പൊതിഞ്ഞു. ആദ്യജീവൻ ചലിച്ചു പിന്നെ അനാദിയായ കാലത്തിലേക്ക് സുഷുപ്തികൊണ്ടു. ഭൂമിയിലെ ആദ്യജീവന്റെ ഈ പ്രതിരൂപം, പ്രോട്ടീൻകൊണ്ടുള്ള കുപ്പായമിട്ട ജനിതകതന്മാത്രയെ ജീവപരിണാമത്തിന്റെ അവസാനകണ്ണികളിലൊന്നായ മനുഷ്യൻ പിൽക്കാലത്ത് വൈറസ് എന്നു പേർവിളിച്ചതിൽ അതിനോടുള്ള ശത്രുഭാവമല്ലാതെ മറ്റു ശാസ്ത്രീയമായ വിശദീകരണങ്ങളേതുമില്ല.

ഇന്നും വൈറസുകൾ അവരുടേതു മാത്രമായിരുന്ന അവർ മാത്രമുണ്ടായിരുന്ന ആദിമ ഭൂമിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നു. ഈ യുദ്ധത്തിലെ സഹസ്രാബ്ദങ്ങളായി തുടരുന്ന ഈ യുദ്ധത്തിലെ അവസാനത്തെ ചാവേർപ്പടയാളിയാണ് ജനിതകതന്മാത്രയായ ആർ.എൻ.എയെ ഉള്ളിലൊതുക്കുന്ന കൊറോണ വൈറസ് എന്നറിയുമ്പോൾ നാമറിയുന്ന ലോകങ്ങൾ വീണ്ടും ചെറുതാവുകയാണോ? അതോ അത് ഗ്രഹാന്തരസീമകളേയും അതിലംഘിച്ചുകൊണ്ട് വികസിക്കുകയാണോ? എന്തായാലും ഇത് ‘ദ ലാസ്റ്റ് ഓഫ് ദ മോഹിക്കൻസ്’ എന്ന നോവൽ പറയുന്നതുപോലെ ദ ലാസ്റ്റ് ഓഫ് ദ വൈറസ് ആവില്ല തന്നെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com