കൊറോണയെ തുരത്താന്‍​ ഗോമൂത്രം അല്ല വേണ്ടത്

കൊറോണയെ നിര്‍വ്വീര്യമാക്കാന്‍ ഉപയോഗപ്പെടുത്തേണ്ടത് മാന്ത്രികമായ ഒരു സമീപനമോ, ഗോമൂത്രം പോലുള്ള പ്രാകൃതരീതികളോ അല്ല
കൊറോണയെ തുരത്താന്‍​ ഗോമൂത്രം അല്ല വേണ്ടത്

രു പുതിയ വൈറസ് ലോകത്ത് അവതരിക്കുമ്പോള്‍ അതിന്റെ ആക്രമണരീതിയും ജനിതക സവിശേഷതകളും വ്യാപനഗതിയും അവയുണ്ടാക്കുന്ന രോഗതീവ്രതയും ലക്ഷണങ്ങളുമെല്ലാം ഇന്ന് വേഗത്തില്‍ അറിയാനാകും. എങ്കിലും അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുകയെന്നത് എത്ര ശാസ്ത്ര സാങ്കേതിക മേന്മ അവകാശപ്പെടുന്ന രാജ്യത്തിനും കടുത്ത വെല്ലുവിളിയാണ്. ശാസ്ത്ര തീരുമാനങ്ങളിലുള്ള അനാവശ്യമായ രാഷ്ട്രീയ കൈകടത്തലുകള്‍, രോഗവാഹിയെ നിസ്സാരവല്‍ക്കരിക്കുക, വൈറസ് വ്യക്തിസ്വാതന്ത്ര്യം മാനിക്കുമെന്ന അഹങ്കാരം ഇവയെല്ലാം ഈ വെല്ലുവിളിയെ സങ്കീര്‍ണ്ണമാക്കുന്ന കാര്യങ്ങളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം അമേരിക്ക തന്നെയാണ്. ഇതെഴുതുമ്പോള്‍ അമേരിക്കയിലെ  രോഗികളുടെ എണ്ണം പത്തുലക്ഷത്തിലധികം കടന്നിരിക്കുന്നു. എങ്കിലും ഇവിടെ ശാസ്ത്രജ്ഞരും ഗവേഷണ സ്ഥാപനങ്ങളും ഈ വൈറസിനെ നേരിടാനുള്ള തീവ്ര ശ്രമത്തിലാണ്. മറ്റു പല രാജ്യങ്ങളിലും സമാനശ്രമങ്ങള്‍ നടക്കുന്നു. അവയുടെ വിജയ സാധ്യതയും അവ ലക്ഷ്യത്തോട് എത്രമാത്രം അടുത്തിരിക്കുന്നു എന്ന ശാസ്ത്രീയമായ അവലോകനമാണ് അടുത്തത്.
 
ജീവനും രാസവസ്തുവിനും ഇടയിലുള്ള ഒരു പ്രഹേളികയാണ് എല്ലാ വൈറസുകളും. നിര്‍ജ്ജീവതയില്‍നിന്ന് ജീവനിലേക്കുള്ള ദൂരം വൈറസിന്റെ പ്രതലത്തിലുള്ള ഒരു രാസതന്മാത്രയും (corona protein) ജീവശരീരത്തിലെ ഒരു കോശപ്രതല ഗ്രാഹിയും (ACE2 receptor) തമ്മിലുള്ള കൈകൊടുക്കലില്‍ (chemical handshake) ഒളിഞ്ഞിരിക്കുന്നു. നിര്‍ജ്ജീവമെന്നു കരുതിയ ഒന്നിന് ജീവന്‍ വന്നിരിക്കുന്നു. ഒരേ സമയം സൃഷ്ടിയിലെ അത്ഭുതമായിരിക്കുമ്പോഴും വൈറസുകള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ കാട്ടാറുണ്ട്. ഈ പാളിച്ചകളെ മുതലെടുത്തു വൈറസുകള്‍ക്കു എതിരെ മരുന്നുകള്‍ കണ്ടെത്തുന്നു. ഒരു രീതിയും ശരീരത്തിന്റെ തന്നെ രോഗപ്രതിരോധ സംവിധാനത്തെ ക്രമപ്പെടുത്തിയും വൈറസിന്റെ തന്നെ ചില പ്രത്യേക രാസഘടനയെ അടിസ്ഥാനമാക്കി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു രീതിയും SARS-Cov-2 വിനെതിരെ ആവശ്യമായി വന്നിരിക്കുന്നു.

പ്രതിരോധവും രോഗചികിത്സയും

ഒരു മരുന്ന് വികസിപ്പിക്കുക എന്നത് അത്യന്തം പ്രയാസമേറിയ പ്രക്രിയയാണ്. അതുകൊണ്ടുതന്നെയാണ്, പ്രയത്‌നമുണ്ടെങ്കിലും ഈ വൈറസിനെതിരെ ഒരു കുത്തിവയ്പ് (vaccine) ഇന്നും 1218 മാസം വരെ അകലെ ആയിരിക്കുന്നത്. എന്നാല്‍, മരുന്നിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രത്യാശയ്ക്കു വകയുണ്ട്. പരമ്പരാഗത ചികിത്സാ വികസനം രണ്ട് തരത്തിലുള്ളതാണ്. ഒന്ന്, രോഗപ്രതിരോധശക്തി (immuntiy) ഉണ്ടാക്കുക. ഇതിനെ Prophylaxis എന്നു പറയുന്നു. കുത്തിവയ്പ് (vaccine) ഇതിന്റെ ഉദാഹരണമാണ്. ഇത് നമ്മളെ രോഗം വരാതിരിക്കാന്‍ സഹായിക്കും. മറ്റൊന്ന്, രോഗം വന്നതിനുശേഷം രോഗത്തേയോ അതിന്റെ ലക്ഷണങ്ങളേയോ ഇല്ലാതാക്കാന്‍ ചെയ്യുന്ന രോഗചികിത്സ (therapeutics). ആന്റിവൈറലുകള്‍ ഈ ഗണത്തില്‍പ്പെടുന്നതാണ്.

കുത്തിവയ്പ് വികസിപ്പിക്കുന്നതിന്റെ ആദ്യപടി, വൈറസിന്റെ നിര്‍ജ്ജീവഘടനാഭാഗത്തെ (non-active component) തിരിച്ചറിയലാണ്. Non-active component എന്നു പറയുമ്പോള്‍ അതിന്റെ പ്രതലത്തില്‍ ഉള്ള ചില പ്രോട്ടീനുകള്‍ എന്നു മനസ്സിലാക്കുക. വൈറസിന്റെ active component അതിന്റെ ജനിതക വസ്തുവും). ഇതിനെയോ, നിര്‍വ്വീര്യമാക്കിയ വൈറസിനെത്തന്നെയോ, ശരീരത്തില്‍ കടത്തി (കുത്തിവയ്പിലൂടെ അല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ) അതിനെ പ്രതിരക്ഷോത്തേജക വസ്തു (antigen) ആക്കികൊണ്ട് പ്രതിദ്രവ്യം (antibodies) ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് അടുത്തപടി. ഈ ആന്റിബോഡീസ് ആണ് പിന്നീട് വൈറസിനെ തടയാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ രോഗമില്ലാത്തവരില്‍ പരീക്ഷിക്കണമെന്നുള്ളതുകൊണ്ട് വാക്‌സിനുകള്‍ പൊതുവെ ജീവികളില്‍ പരിശോധിച്ചു പ്രയോജനപ്രദമാണെന്നും പാര്‍ശ്വഫലങ്ങളില്ല എന്നും തെളിഞ്ഞതിനുശേഷമേ മനുഷ്യരില്‍ പ്രയോഗിക്കാറുള്ളൂ. എന്നാല്‍, കൊവിഡ് 19നെതിരെ വികസിപ്പിക്കുന്ന വാക്‌സിനുകള്‍ പലതും ആവശ്യത്തിന്റെ തീവ്രതകൊണ്ടും സമയക്കുറവുകൊണ്ടും ഈ നിര്‍ണ്ണായകഘട്ടത്തെ ഒഴിവാക്കി നേരിട്ട് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങുകയാണ്. അതുകൊണ്ടുതന്നെ പാളിച്ചകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

സാധാരണ 1520 വര്‍ഷം വരെ എടുക്കാവുന്ന വാക്‌സിന്‍ വികസനം ഇത്ര ദ്രുതഗതിയിലാക്കാന്‍ സഹായിക്കുന്ന രണ്ട് സാങ്കേതിക വിദ്യകളാണ് ഡി.എല്‍.എ വാക്‌സിനും ആര്‍.എന്‍.എ വാക്‌സിനും. ഡി.എന്‍.എ എന്നത് ഒരു ജീവിയുടെ ജനിതക വിവരങ്ങളുടെ ശേഖരമാണ്. ഈ വിവരമനുസരിച്ചാണ് ഓരോ ജീവിയുടേയും രൂപമാതൃകയും ഗുണസ്വഭാവ സവിശേഷതകളും (gentoype) നിര്‍ണ്ണയിക്കപ്പെടുന്നത്. എന്നാല്‍, ഇതു സാധ്യമാകണമെങ്കില്‍ ഈ ഡി.എന്‍.എ ആദ്യം അതിന്റെ പകര്‍പ്പെഴുത്തു നടത്തി ആര്‍.എന്‍.എ (mRNA) ആയിത്തീരണം. ഇങ്ങനെ ഉണ്ടാകുന്ന mRNA ആണ് ഓരോ കോശത്തിലുമിരിക്കുന്ന ribosome എന്ന സംവിധാനം ഉപയോഗിച്ച് അമിനോ ആസിഡുകളെ കോര്‍ത്തിണക്കി പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നത്. ഈ പ്രക്രിയയെ ട്രാന്‍സ്‌ലേഷന്‍ എന്നു പറയുന്നു. ഈ ജൈവപ്രക്രിയയുടെ അടിസ്ഥാനത്തില്‍ വൈറസ്സിന്റെ മേല്പറഞ്ഞ നോണ്‍ ആക്ടീവ് പ്രോട്ടീന്‍ കംപോണന്റിനെ എന്‍കോഡ് ചെയ്തിരിക്കുന്ന ഡി.എന്‍.എ സീക്വന്‍സ് പരീക്ഷണശാലയില്‍ ഉണ്ടാക്കി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തില്‍ കടത്തിയാല്‍ പ്രസ്തുത ഡി.എന്‍.എ ഈ പറഞ്ഞ പ്രോട്ടീന്‍ ഉണ്ടാക്കും. അങ്ങനെ ഉണ്ടാക്കിയ വൈറല്‍ പ്രോട്ടീന്‍ വൈറസ് ഉള്ളില്‍ കടന്നു എന്ന ബോധം ശരീരത്തിനുണ്ടാക്കി, അതിനെ നിര്‍വ്വീര്യമാകാനുള്ള പ്രതിരോധകം (antibodies) ശരീരത്തില്‍ ഉണ്ടാക്കും.

രോഗനിവാരണം തത്വവും സ്ഥിതിയും

ഡി.എന്‍.എ വാക്‌സിനില്‍, ആദ്യ പടിയായി കൊവിഡ് 19നു കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ ചില പ്രോട്ടീനുകളെ എന്‍കോഡു ചെയ്യുന്ന ഡി.എന്‍.എ കാസറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നു. വാക്‌സിന്‍ രൂപകല്‍പ്പനയ്ക്കുള്ള അവരുടെ അടിസ്ഥാന സമീപനം, ഈ ജീനുകളുടെ ന്യൂക്ലിയോടൈഡ് സീക്വന്‍സുകള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തി, മനുഷ്യരുടെ ഉള്ളില്‍ ഈ ജീനുകളുടെ (DNA) പരിപൂരകങ്ങളായ (complementary) mRNA പരമാവധി ഉണ്ടാക്കുക എന്നതാണ്. ഡി.എന്‍.എയില്‍ അടങ്ങിയിരിക്കുന്ന ജനിതക വിവരണത്തിന് അനുസരിച്ച് mRNA-യാണ് പ്രോട്ടീനുകളെ ഉണ്ടാക്കുന്നത്. അങ്ങനെ ഈ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ (mRNA) ധാരാളം മിശേഴലി െഉത്പാദിപ്പിക്കുന്നു. ഈ വസ്തുക്കള്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചു പ്രതിദ്രവ്യങ്ങളെ (antibodies) ഉണ്ടാക്കി, അവയുടെ രാസഘടനയെ immunological memory ഭാഗമാക്കി, ഇനി ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വൈറസിന്റെ ആക്രമണത്തെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്യമാക്കുന്നു. പ്രയോഗത്തില്‍, ഈ ഡി.എന്‍.എ കാസറ്റുകള്‍ മാംസപേശികളില്‍ കൂടി  കുത്തിവയ്ക്കുന്നു, തുടര്‍ന്ന് ചെറിയ സൂചികള്‍  വഴി ഇന്‍ജെക്ഷന്‍ സൈറ്റിലേക്ക് ഹ്രസ്വമായ വൈദ്യുത പള്‍സുകള്‍ പ്രയോഗിച്ചു കോശസ്തരങ്ങളെ വികസിപ്പിച്ചു ജനിതക വസ്തു (DNA) കൂടുതല്‍ പേശികള്‍ക്കുള്ളിലേക്കു പ്രവേശിക്കാന്‍ സഹായിക്കുന്നു. ഈ ഡി.എന്‍.എയുടെ transcription വഴി ശരീരകോശങ്ങള്‍ വൈറല്‍ mRNAയും തദ്വാരാ mRNAt ranslation എന്ന പ്രക്രിയ വഴി പ്രോട്ടീനും ഉണ്ടാക്കുന്നു. ഈ പ്രോട്ടീനുകള്‍ ആണ് പ്രതിരക്ഷോത്തേജക വസ്തുവായി പ്രവര്‍ത്തിക്കുന്നത്. അതുവഴി രോഗപ്രതിരോധ വ്യവസ്ഥ വൈറസിനെതിരെ പോരാടുന്നു. ഏതൊക്കെ വൈറല്‍ പ്രോട്ടീനുകളാണ് ഏറ്റവും മികച്ച രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതെന്ന് തിരഞ്ഞെടുക്കുമ്പോള്‍, എന്താണ് ഏറ്റവും പ്രവര്‍ത്തനക്ഷമത ഉള്ളതെന്ന് ആര്‍ക്കും ശരിക്കും ഉറപ്പാക്കാന്‍ കഴിയില്ല. പക്ഷേ, വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നതിനു സഹായകമാകുന്ന (virus etnry) പ്രോട്ടീനുകളെയാണ് പ്രധാനമായും പ്രതിരക്ഷോത്തേജക വസ്തുവായി കാണുന്നത്. SARS-Cov-2 വിന്റെ കോറോണയിലുള്ള സ്‌പൈക് പ്രോട്ടീന്‍സ് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയുള്ള ഡി.എന്‍.എ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത് Inovio എന്ന കമ്പനിയുടെ Johnson & Johnson-ണുമാണ്. ഇതില്‍ Inovio ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനു അവരുടെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. 40 ആരോഗ്യമുള്ള ആളുകളില്‍ INO-4800 എന്ന ഈ വാക്‌സിന്‍ എത്രമാത്രം പ്രതിരോധം തീര്‍ക്കുന്നുണ്ടെന്നും കാര്യമായ പാര്‍ശ്വഫലങ്ങളില്ല എന്ന് ഉറപ്പാക്കിയും അടുത്ത ഘട്ടത്തിലേക്ക് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരീക്ഷണം വിപുലപ്പെടുത്തുക എന്നതാണ് അടുത്ത പടി. അതും കഴിഞ്ഞു, ചികിത്സാവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പൊതുജനങ്ങളില്‍ പ്രയോഗക്ഷമമാണോ എന്നു തീരുമാനിക്കണം. ഇതു വിദഗ്ദ്ധ വൈദ്യസംഘം എടുക്കേണ്ട തീരുമാനവും അതാത് സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിക്കേണ്ടതുമാണ്. Johnosn & Johnosn-ന്റെ വാക്‌സിന്‍ നിര്‍ജ്ജീവവും നിര്‍ദ്ദോഷമെന്നും കരുതുന്ന Adenovirus vector ഉപയോഗിച്ച് കോശങ്ങള്‍ക്കുള്ളില്‍ എത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടേയും പ്രതിരക്ഷോത്തേജക വസ്തു ഏതാണ്ട് Inoviaയുടേതിന് സമാനമാണ്. സാങ്കേതികമായി മികവുള്ള ഒരു രോഗാണുവാഹകം (ഇവ രോഗമുണ്ടാക്കുന്നതല്ല) ഉപയോഗിക്കുക എന്നതാണ് ഇവിടെ പ്രധാനം. തങ്ങളുടെ അസാമാന്യ നിര്‍മ്മാണമികവും സാങ്കേതികതയും ഉപയോഗിച്ച് 100 കോടി ഡോസ് ഒരു വര്‍ഷം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് 100 കോടി ഡോളറിന്റെ വിപുലമായ ശ്രമമാണ് ഇത്.

ആന്റിജന്‍ വസ്തുവിനെ code ചെയ്യുന്ന ഡി.എന്‍.എ ഉപയോഗിച്ച് mRNA ഉണ്ടാക്കി അതിനെ ട്രാന്‍സ്‌ലേറ്റ് ചെയ്തു പ്രോടീന്‍ ആക്കുന്ന ത്രിതല സമീപനത്തിനുപകരം, അല്പം ലളിതമായിട്ടുള്ള രീതിയാണ് ആന്റിജന്‍ വസ്തുവിനെ ഉണ്ടാക്കാന്‍ സഹായിക്കുന്ന mRNA നേരിട്ട് ശരീരത്തില്‍ കുത്തിവയ്ക്കുക എന്നത്. കേള്‍വിയില്‍ എളുപ്പമാണെങ്കിലും വളരെയധികം സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ട ഒന്നാണ് ഈ രീതി. ഒന്നാമതായി, mRNA എന്നത് വളരെ സ്ഥിരത (stabiltiy) ഇല്ലാത്ത ഒരു രാസവസ്തുവാണ്. അതു കൊണ്ടുതന്നെ അവയെ ഏതെങ്കിലും രീതിയില്‍ പൊതിഞ്ഞു വെച്ചിട്ടുവേണം ശരീരകോശങ്ങളില്‍ എത്തിക്കാന്‍. ഇതിനു പ്രധാനമായും ഉപയോഗിക്കുന്ന സാങ്കേതികത Lipid Nanoparticles (LNP) എന്നതാണ്. പ്രത്യേക ചേരുവകകള്‍ ചേര്‍ന്ന കൊഴുപ്പു തന്‍മാത്രകള്‍ (lipid molecules) ഉപയോഗിച്ച് അവയുണ്ടാക്കുന്ന കൂട്ടിനുള്ളില്‍ mRNAയെ അകപ്പെടുത്തി കോശങ്ങളിലെത്തിക്കുക. കോശങ്ങളിലെത്തുമ്പോള്‍ കോശത്തിന്റെ രാസപ്രവര്‍ത്തനഫലമായി ഈ കൂട് അഴിഞ്ഞു പോരുകയും mRNA പുറത്തുവന്നു ആന്റിജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

mRNA വാക്‌സിന്‍ വികസനത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് MODERNA എന്ന കമ്പനി ആണ്. Zika sshdkv cytomegalo വൈറസ് എന്നീ വൈറസുകള്‍ക്കെതിരെ mRNA വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ള ഈ കമ്പനി അതിവേഗമാണ് SARS-CoV-2 വാക്‌സിന്‍ വികസനം നടത്തി കൊണ്ടിരിക്കുന്നത്. ഇവരുടെ വാക്‌സിന്‍ Phase 1 ചികിത്സാപരീക്ഷണ ഘട്ടത്തിലാണ്. ഉടനെ തന്നെ Phase 2-വിലേക്ക് കടക്കാനുള്ള ശ്രമത്തിലുമാണ്. മറ്റു പ്രധാന കമ്പനികള്‍ ജര്‍മ്മന്‍  കമ്പനികളായ CureVac-Dw BioNTechഉം ആണ്. ഇവയും മറ്റു വലിയ കമ്പനികളുമായി ചേര്‍ന്ന് mRNA വാക്‌സിന്‍സ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഈ ലേഖകന്‍ ജോലി ചെയ്യുന്ന Arcturus Therapeutics സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റുമായി ചേര്‍ന്നു മറ്റൊരു വാക്‌സിന്‍ ഒരു മൂന്നു മാസത്തിനുള്ളില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു. ചൈനയിലും ഇന്ത്യയിലും ഉള്ള കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും വാക്‌സിന്‍ രംഗത്ത് അവരുടേതായ രീതിയില്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഇവയില്‍ തീര്‍ച്ചയായും ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലോകജനതയ്ക്ക് ഉപയോഗപ്രദമാകൂ എന്ന പ്രത്യാശയും വിശ്വാസവുമുണ്ട്.

ഇനി മരുന്നുകളിലേക്കു വന്നാല്‍, ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് hydroxychloroquin എന്ന antimalarial മരുന്നും Gilead എന്ന കമ്പനിയുടെ Remdesivir എന്ന വിഷാണു നിര്‍വ്വീര്യകവും ആണ്. ഇതില്‍ ആദ്യത്തേത് വളരെ ചെലവ് കുറഞ്ഞതും ഇന്ത്യ വളരെയധികം ഉത്പാദിപ്പിക്കുന്നതുമായ ഒരു മരുന്നാണ്. ഇത് പൊതുവെ anti-parasite ഗണത്തില്‍ പെടുന്നതാണെങ്കിലും ഇതിന്റെ immune suppression എന്ന ഗുണം കൊവിഡ് 19ന്റെ ഫലമായി ശരീരത്തിലുണ്ടാകുന്ന പ്രതിരോധ സംവിധാനത്തിന്റെ അതിശക്തമായ പ്രവര്‍ത്തനത്തെ മയപ്പെടുത്തുമെന്നുള്ളതുകൊണ്ട് ഈ മരുന്ന് പലര്‍ക്കും സ്വീകാര്യമാണ്. കൃത്യമായ ചികിത്സാപരീക്ഷണ മാനദണ്ഡങ്ങളില്ലാതെ ഫ്രാന്‍സില്‍ പരീക്ഷിച്ചതുകൊണ്ടും ചൈനയില്‍നിന്നുള്ള ഒരു പഠനം വ്യക്തമായ ഗുണമേന്മ  കാണിക്കാത്തതുകൊണ്ടും മാത്രമല്ല, ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നല്ലതല്ലാത്തതുകൊണ്ടും ശാസ്ത്രലോകത്തെ പലരും ഇതിന്റെ ഉപയോഗം ഉടനെ വേണ്ട എന്നു കരുതുന്നവരാണ്. എങ്കിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന clinicalt rials-ന്റെ ഫലങ്ങള്‍ ഈ മരുന്നിന്റെ ഗുണത്തെ സാധൂകരിക്കുമെന്നു പ്രത്യാശിക്കാം. അങ്ങനെ വന്നാല്‍, ഇന്ത്യപോലുള്ള ഒരു രാജ്യത്തിനു അത് മഹത്തായ ഒരു നേട്ടമായിരിക്കും. രോഗസംക്രമം മൂലമുണ്ടാകുന്ന cytokine storm തടയാന്‍ കഴിയുന്ന കോര്‍ട്ടികോസ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളുണ്ടെങ്കിലും അവ കാര്യമായി പലരിലും ഫലിക്കുന്നില്ല. ഈ ഫലങ്ങള്‍ ഉടനെ തന്നെ പുറത്തു വരുമെന്നാണ് കരുതുന്നത്.

Remdesivir എന്നത് polymerase inhibitor എന്ന ഗണത്തില്‍പ്പെട്ട മരുന്നാണ്. എല്ലാ വൈറസുകളും അവയുടെ പ്രജനനം (replication) നടത്തുന്നത് polymerase എന്ന ദീപനരസം (enzymes) ഉപയോഗിച്ച് ആണ്. ഇവയാണ് ഒരു വൈറല്‍ mRNA-യില്‍നിന്നും മറ്റു വൈറല്‍ mRNA ഉണ്ടാക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ട് ഇവയുടെ പ്രവര്‍ത്തനം തടഞ്ഞാല്‍ വൈറസിന്റെ പ്രജനനം തടയാം. Remdesivir ഇബോള, മാര്‍ബര്‍ഗ് മുതലായ വൈറസുകള്‍ക്കെതിരെ വികസിപ്പിച്ച nucleoside analogue എന്ന വിഭാഗത്തില്‍പ്പെട്ട മരുന്നാണ്. പ്രജനന പ്രവര്‍ത്തനത്തില്‍ ഉണ്ടായി വരുന്ന പുതിയ വൈറല്‍ mRNA-യില്‍ വൈറസിന്റെ തന്നെ ബുദ്ധി മോശംകൊണ്ട് ഈ മരുന്നിനെ തിരുകി കയറ്റുന്നു. ഇങ്ങനെ ഈ മരുന്ന് പിന്നീടുള്ള പ്രജനനത്തെ തടയുന്നു. ഇതിന്റെ മനുഷ്യനിലുള്ള പരീക്ഷണങ്ങള്‍ പല കേന്ദ്രങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മിലിറ്ററി ഈ മരുന്നിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ ശേഖരിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നു എന്നറിയുമ്പോള്‍ ഈ മരുന്നിനു കൊടുക്കുന്ന പരിഗണന ഊഹിക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, ഈ മരുന്നിന്റേയും ഈ വിഭാഗത്തിലുള്ള അനേകം മിശേ്ശൃമഹെന്റേയും സുരക്ഷിതത്ത്വം നന്നായിഅറിയാവുന്നതുകൊണ്ട്  ഈ മരുന്നിലാണ് വളരെ പ്രതീക്ഷ ഉള്ളത്.

മറ്റ് അനേകം മരുന്നുകള്‍, വൈറസിനെതിരെ ഉള്ളതും പ്രതിരോധ സംവിധാനത്തിന്റെ ചില വശങ്ങളെ മാത്രം, ഉദാഹരണത്തിന് IL-6, IL-1 മുതലായവ, നിയന്ത്രിക്കുന്നതുമായ, ഈ മഹാമാരിക്കെതിരെ പരീക്ഷിച്ചു വരുന്നുണ്ട്. Gates,Welcome ഫൗണ്ടേഷനുകള്‍ അവരുടെ വൈദഗ്ദ്ധ്യവും പണവും മരുന്നുകളും വാക്‌സിനുകളും വികസ്വര രാജ്യങ്ങളിലെ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടി വിനിയോഗിക്കുന്നുണ്ട്. എങ്കിലും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം നിന്ന് അവരുടെ മുഴുവന്‍ പ്രാഗല്‍ഭ്യത്തേയും ഉപയോഗിച്ച് പുതിയ വാക്‌സിനും മരുന്നുകളും ഉണ്ടാക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു ശ്രമം നടക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലോകത്തിലേക്കു വേണ്ടുന്ന പലവിധത്തിലുള്ള വാക്‌സിനുകളുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഉല്‍പ്പാദന മേഖലയില്‍ പ്രാഗല്‍ഭ്യം രാജ്യത്തിനുണ്ട്. അതിന്റെ കൂടെ നൂതനമായ സാങ്കേതികത കൂടി വികസിപ്പിക്കുന്നതില്‍ രാജ്യം മുന്‍കയ്യെടുക്കണം.

(കാലിഫോര്‍ണിയയില്‍ മരുന്നു ഗവേഷണരംഗത്തെ ശാസ്ത്രജ്ഞനാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com