ആത്മനിര്‍ഭര്‍ അഭിയാന്‍ അഥവാ കൊവിഡ് ക്യാപ്പിറ്റലിസം 

ആവശ്യത്തിന് വെന്റിലേറ്റര്‍ സമയത്തുണ്ടാക്കാനാവാതെപോയ  അമേരിക്കന്‍ അനുഭവത്തിനു കാരണം ലാഭം മാത്രം ലാക്കാക്കുന്ന സ്വകാര്യമേഖലയുടെ മേധാവിത്വമാണെന്ന ലളിതസത്യം ഇന്ത്യന്‍ ഭരണകൂടം ഗൗനിക്കുന്നില്ല
എംബി രാജേഷ്
എംബി രാജേഷ്

ഹാത്മാഗാന്ധിയില്‍നിന്ന് മില്‍ട്ടണ്‍ ഫ്രീഡ്മാനിലേക്കുള്ള ദൂരം മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടന്നു തീര്‍ന്നിരിക്കുന്നു. വരിയില്‍ അവസാനം നില്‍ക്കുന്ന മനുഷ്യന്റെ കണ്ണീരിനെക്കുറിച്ചാണ് ഗാന്ധിജി ഓര്‍മ്മിപ്പിച്ചത്. ദുരന്തങ്ങളും മനുഷ്യരുടെ കണ്ണീരും വിപണികളും മൂലധനത്തിനും തുറന്നു തരുന്ന സുവര്‍ണ്ണാവസരത്തെക്കുറിച്ചാണ് നവ ഉദാര മുതലാളിത്തത്തിന്റെ ആചാര്യനായ  മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നത്. ഓര്‍മ്മിപ്പിക്കുക മാത്രമല്ല കണ്ണില്‍ ചോരയില്ലാതെ പ്രയോഗിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുക്കുകയും ചെയ്തു. 

നിർമല സീതാരാമൻ
നിർമല സീതാരാമൻ

ഇന്ന് പാതകളില്‍ നിറയെ കണ്ണീരുണങ്ങാത്ത മനുഷ്യരാണ്. കരള്‍ പിളരുന്ന വേദനക്കാഴ്ചകളാണ്. അസുഖബാധിതയായ അമ്മയെ കാളവണ്ടിയിലിരുത്തി, ഒരറ്റത്ത് കാളക്കൊപ്പം നുകത്തിന്റെ മറ്റേ അറ്റം സ്വന്തം കഴുത്തില്‍ താണ്ടി 800 കിലോമീറ്റര്‍ തിളച്ച വെയിലില്‍ വലിച്ചുകൊണ്ടുപോയ കൗമാരക്കാരന്റെ ദൃശ്യം കാണിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി പറഞ്ഞത് ഈ കാഴ്ചകള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ്. ചെരുപ്പില്ലാതെ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന കുടിയേറ്റതൊഴിലാളിക്ക് സ്വന്തം ഷൂസ് ഊരിക്കെടുത്ത ബി.ബി.സി റിപ്പോര്‍ട്ടറുടെ ദൃശ്യം നാം കണ്ടു. പൊള്ളുന്ന പാതകളിലൂടെ ഉരുട്ടിക്കൊണ്ടുപോകുന്ന ട്രോളി ബാഗിനു മുകളിലും സൈക്കിളിലെ ഭാണ്ഡക്കെട്ടുകള്‍ക്കു മുകളിലുമൊക്കെയായി വിശന്ന് തളര്‍ന്നുറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ  കാഴ്ചകളും കണ്ടു. ഈ പലായനത്തിനിടയില്‍ ദേശീയപാതകളിലും റെയില്‍വേ ട്രാക്കിലുമായ 119 ദരിദ്ര തൊഴിലാളികള്‍ ചതഞ്ഞരഞ്ഞു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ആരും നടന്നു പോകുന്നില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലം വിശ്വസിച്ച് ഹര്‍ജി തള്ളുകയും വീണ്ടും ഹര്‍ജി കൊടുത്തപ്പോള്‍ ''ആരെല്ലം നടക്കുന്നു, നടക്കുന്നില്ല എന്നു നോക്കുകയല്ല ഞങ്ങളുടെ പണി'' എന്ന് ഹൃദയശൂന്യമായി പറഞ്ഞൊഴിയുകയും ചെയ്ത ഉന്നത നീതിപീഠവും നമ്മുടെ മുന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും അഗാധമായ ഒരു മാനുഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജുഡീഷ്യറിയും സര്‍ക്കാരുമെല്ലാമടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും എങ്ങനെ പെരുമാറി എന്നത് നമ്മെ ലജ്ജിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യേണ്ടതാണ്. 

കൊവിഡ്-19 ഒരു ആരോഗ്യ പ്രതിസന്ധിയായും പിന്നീട് ഉപജീവന പ്രതിസന്ധിയായും ഒടുവില്‍ അഭൂതപൂര്‍വ്വമായ ഒരു മാനുഷിക പ്രതിസന്ധിയായും പരിണമിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഈ പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും മോദി സര്‍ക്കാര്‍ ഇടപെട്ടതും കൈകാര്യം ചെയ്തതും? ജനുവരി 30-ന് ആദ്യത്തെ വൈറസ് ബാധ ഇന്ത്യയില്‍ (കേരളത്തില്‍) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ച മാര്‍ച്ച് 24 വരെയുള്ള 54 ദിവസം ഒരു തയ്യാറെടുപ്പും നടത്താതെ നിഷ്‌ക്രിയമായിരുന്ന ശേഷം വെറും നാല് മണിക്കൂര്‍ മുന്‍പ് രാജ്യമാകെ ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചു. ദരിദ്രരും നിത്യകൂലിക്കാരുമായ മനുഷ്യര്‍ എങ്ങനെ ജീവിക്കുമെന്ന ഒരു ഉറപ്പും നല്‍കാതെ, അശേഷം ഉത്തരവാദിത്തമില്ലാത്ത അടച്ചിടല്‍. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതുപോലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 36 മണിക്കൂര്‍ കഴിഞ്ഞ്. അപ്പോഴേയ്ക്കും പരിഭ്രാന്തരായ മനുഷ്യര്‍ പലായനം ആരംഭിച്ചു. കൊറോണയ്ക്കും പട്ടിണിക്കുമിടയിലൂടെയുള്ള ഒരു ആര്‍ത്തനാദമായി ആ പലായനം ഇപ്പോഴും തുടരുന്നു. ലോക്ക്ഡൗണ്‍ എന്ന ഒറ്റമൂലിയല്ലാതെ മറ്റൊന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ മൂന്നു തവണ അത് നീട്ടിയിട്ടും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. അടച്ചിടല്‍ രണ്ടു മാസമാകുമ്പോള്‍ തൊഴിലും വരുമാനവും ഉപജീവനമാര്‍ഗ്ഗങ്ങളുമില്ലാതായി പാവപ്പെട്ടവരും സാധാരണക്കാരും മഹാദാരിദ്ര്യത്തിന്റേയും ആസന്നമായ പട്ടിണിമരണങ്ങളുടേയും മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. അവരുടെ മുന്നിലാണ് പതിവ് നാടകീയതയുമായി മോദി പ്രത്യക്ഷപ്പെട്ട് ഇരുപതു ലക്ഷം കോടി രൂപയുടെ കാതടപ്പിക്കുന്ന പാക്കേജ് പ്രഖ്യാപിക്കുന്നത്. മോദിയുടെ വിമര്‍ശകര്‍ പോലും ആശ്വസിച്ചു. ഇപ്രാവശ്യം എന്തായാലും മോദി ഗവണ്‍മെന്റിന് വിവേകമുദിച്ചുവെന്നും ശരിയായ ദിശയില്‍ ചിലതെങ്കിലുമുണ്ടാവുമെന്നും പ്രതീക്ഷിച്ചു.

രഘുറാം രാജൻ
രഘുറാം രാജൻ

പൊള്ളയായ പാക്കേജ്

ഇരുപതുലക്ഷം കോടി രൂപയുടെ അഥവാ ജി.ഡി.പിയുടെ 10 ശതമാനത്തിന്റെ മെഗാപാക്കേജിന്റെ വിശദാംശങ്ങള്‍ പഞ്ചദിന പത്ര സമ്മേളനത്തിനൊടുവില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിശദീകരിച്ചു തീര്‍ന്നപ്പോള്‍ വിമര്‍ശകര്‍ മാത്രമല്ല അനുയായികളും അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. ആ നടുക്കമാണ് സംഘപരിവാര്‍ സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ കടുത്ത ഭാഷയിലുള്ള പ്രതിഷേധത്തില്‍  വായിക്കാനാവുന്നത്. കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ രാജ്യതാല്പര്യത്തിന് എതിരാണ്, പരാജയപ്പെട്ട ആശയങ്ങളാണ്, സ്വന്തം നയങ്ങളില്‍ സര്‍ക്കാരിനു തന്നെ ആത്മവിശ്വാസമില്ല, അങ്ങേയറ്റം അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഒരു സംഘപരിവാര്‍ സംഘടനയില്‍ നിന്നുണ്ടാകുന്നത് അസാധാരണമാണല്ലോ. സംഘപരിവാറിനു മാത്രമല്ല, മോദി സര്‍ക്കാരിന്റെ നയപരമായ വിവേകരാഹിത്യം ഓഹരി വിപണിക്കു പോലും ഞെട്ടലുണ്ടാക്കി. അതുകൊണ്ടാണ് പാക്കേജിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവുണ്ടായത്. അടിയന്തര പ്രശ്‌നങ്ങളൊന്നും അഭിസംബോധന ചെയ്യാതിരുന്ന ഈ പാക്കേജ് ജനങ്ങളുടെ ദുരിതമകറ്റുന്നതിലും സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിലും ദയനീയമായ പരാജയമാണെന്ന തിരിച്ചറിവാണ് നിരാശാജനകമായ ഈ പ്രതികരണങ്ങള്‍ക്ക് കാരണം. 

ലോക്ക്ഡൗണും തൊഴിലില്ലായ്മയും മൂലം കയ്യില്‍ കാല്‍കാശില്ലാതെ ദുരിതത്തിലായ മനുഷ്യരുടെ കയ്യില്‍ പണമെത്തിക്കലാണ് ഈ മാന്ദ്യദുരിതകാലത്തെ ഏതൊരു രക്ഷാപാക്കേജിന്റേയും അടിയന്തര ലക്ഷ്യമാകേണ്ടത്. അതിന് നേരിട്ടുള്ള പണകൈമാറ്റം, സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കല്‍, തൊഴില്‍ദാന പദ്ധതികള്‍ എന്നിവ നടപ്പാക്കേണ്ടിയിരുന്നു. ഈ പാക്കേജില്‍ ഇത്തരം നടപടികള്‍ അങ്ങേയറ്റം അപര്യാപ്തമാണ്. ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 500 രൂപ വീതം മൂന്നുമാസത്തേക്ക് നല്‍കിയ തുച്ഛമായ സഹായത്തിലൊതുങ്ങി നേരിട്ടുള്ള പണകൈമാറ്റം. ഇതുതന്നെ 36 ശതമാനം പേരില്‍ എത്തിയിട്ടില്ല എന്നാണ് പ്രമുഖ വികസന ധനശാസ്ത്രജ്ഞനായ ജീന്‍ഡ്രേസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അവസാനം നടന്ന സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സി.പി.ഐ(എം) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെട്ടത് പ്രതിമാസം 7500 രൂപ വീതം മൂന്നു മാസത്തേക്ക് ആദായനികുതിദായകരല്ലാത്ത എല്ലാവരുടേയും അക്കൗണ്ടിലേക്ക് പണമായി കൈമാറണമെന്നായിരുന്നു. 7500 രൂപ കൈമാറണമെന്ന ആവശ്യം ഉയര്‍ത്തിയവരില്‍ നവ ഉദാരനയങ്ങളുടെ ശക്തരായ വക്താക്കളായ രഘുറാം രാജന്‍ മുതല്‍ പ്രമുഖ കോര്‍പ്പറേറ്റ് മേധാവിയായ അസീം പ്രേംജി വരെയുണ്ടെന്നോര്‍ക്കണം. ജനങ്ങളുടെ കയ്യില്‍ പണമെത്തുക എന്നത് സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് രഘുറാം രാജനും അസീം പ്രേംജിയുമെല്ലാം ഇതിനെ പിന്തുണയ്ക്കുന്നതും. ലോകത്തെ മിക്ക രാജ്യങ്ങളും പ്രഖ്യാപിച്ച പാക്കേജുകളില്‍ ഗണ്യമായ പണകൈമാറ്റ പദ്ധതികള്‍ ഉള്‍പ്പെടുന്നതും അതുകൊണ്ടാണ്. ഇന്ത്യയിലെ പ്രമുഖ ധനശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുനരുജ്ജീവന പദ്ധതിയില്‍ പ്രതിമാസം 7500 രൂപ പണകൈമാറ്റം, 10 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കല്‍, തൊഴിലുറപ്പില്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം തൊഴില്‍ എന്നീ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ജി.ഡി.പിയുടെ 3 ശതമാനം മാത്രം ചെലവാണ് കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ജി.ഡി.പിയുടെ 10 ശതമാനം കൊട്ടിഘോഷിച്ച മോദിയുടെ പാക്കേജില്‍ ഇവയില്‍ പലതും ഉള്‍പ്പെടാത്തത്? അവിടെയാണ് ഇരുപതു ലക്ഷം കോടി അഥവാ ജി.ഡി.പിയുടെ 10 ശതമാനം എന്ന വ്യാജ അവകാശവാദത്തിന്റെ കള്ളി വെളിച്ചത്താവുന്നത്. റിസര്‍വ്വ് ബാങ്ക് പണനയത്തിലൂടെ ബാങ്കുകള്‍ക്ക് അധികം ലഭ്യമാക്കുന്ന പണവും ബാങ്കുകള്‍ വായ്പയായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതുമെല്ലാം ചേര്‍ത്താണ് ഇരുപതുലക്ഷമെന്ന കബളിപ്പിക്കല്‍ നടത്തുന്നത്. ഇതില്‍ സര്‍ക്കാരിന് നേരിട്ടുവരുന്ന അധിക ചെലവ് കേവലം 1.75 ലക്ഷം കോടി മാത്രമാണെന്നും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. അതായത് ധനപരമായ ഉത്തേജനം എന്നത് തീര്‍ത്തും അപര്യാപ്തവും നിസ്സാരവുമാണെന്നര്‍ത്ഥം. മോര്‍ഗന്‍ സ്റ്റാന്‍ലി മുതല്‍ കെയര്‍ വരെയുള്ള 14 അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ കണക്കനുസരിച്ച് ജി.ഡി.പിയുടെ 0.7 മുതല്‍ 1.3 ശതമാനം വരെ മാത്രമാണ് യഥാര്‍ത്ഥ പാക്കേജ്. ബാങ്ക് ഓഫ് അമേരിക്ക കണക്കാക്കുന്നത് ജി.ഡി.പിയുടെ 1.1 ശതമാനം മാത്രമാണ്. ഇതിനെയാണ് പത്തിരട്ടിയിലേറെ പെരുപ്പിച്ച് ജി.ഡി.പിയുടെ 10 ശതമാനം വരുന്ന വമ്പന്‍ പാക്കേജ് എന്ന നിലയില്‍ മോദി അവതരിപ്പിച്ചിരിക്കുന്നത്. ഊതിപ്പെരുപ്പിച്ച കണക്കിലെ വഞ്ചനകൊണ്ട് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവില്ല എന്ന് ലോകം മുഴുവന്‍ ഇന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര ഇന്‍വസ്റ്റ്‌മെന്റ് ബാങ്കായ ബേണ്‍സ്റ്റീന്‍ ഉല്പാദനത്തേയും ഉപഭോഗത്തേയും പിന്തുണയ്ക്കുന്ന അടിയന്തര/ഇടക്കാല നടപടികളൊന്നുമില്ലാത്ത പാക്കേജ് സമ്പദ്വ്യവസ്ഥയ്ക്ക് സഹായകരമാവില്ല എന്നാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ 7 ശതമാനം എന്ന ഞെട്ടിപ്പിക്കുന്ന വളര്‍ച്ചാ ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം - 0.1 ശതമാനമായി ഇടിയുമെന്നാണ്. പ്രമുഖ അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സും വളര്‍ച്ച 2020-21-ല്‍ അഞ്ച് ശതമാനം ഇടിഞ്ഞ് 0.4-ല്‍ എത്തുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. 

അസീം പ്രേംജി
അസീം പ്രേംജി

മോദി സര്‍ക്കാരിന്റെ പൊള്ളയായ പാക്കേജ് വിവരണാതീതമായ ദുരിതങ്ങളിലേക്കാണ് രാജ്യത്തെ നയിക്കാന്‍ പോകുന്നതാണ് എന്നാണ് ഈ മുന്നറിയിപ്പുകളെല്ലാം നല്‍കുന്ന ഭീതിദമായ സന്ദേശം. യഥാര്‍ത്ഥത്തില്‍ വിനാശകരമായ നയങ്ങളുടെ ഫലമായി കൊവിഡിനു മുന്‍പേ ആരംഭിച്ചതാണ് പ്രതിസന്ധി. കൊവിഡിനു മുന്‍പുതന്നെ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും നാലുപതിറ്റാണ്ടിലാദ്യമായി ഇടിഞ്ഞ ഉപഭോഗചെലവുകളും കുറഞ്ഞുകൊണ്ടിരിക്കുന്ന നിക്ഷേപനിരക്കുമെല്ലാമായി പ്രതിസന്ധി വഷളായിരുന്നു. കൊവിഡും ലോക്ക്ഡൗണും അതിനോടുള്ള ചിന്താശൂന്യമായ പ്രതികരണവും ചേര്‍ന്ന് സമ്പദ്ഘടന കൈവിട്ട നിലയിലേക്ക് പതിക്കുന്നു എന്നതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭങ്ങള്‍ (എം.എസ്.എം.ഇ)ക്കുള്ള മൂന്ന് ലക്ഷം കോടിയുടെ വായ്പകളാണ് പാക്കേജിന്റെ പ്രധാന സവിശേഷതകളിലൊന്നായി ഉയര്‍ത്തിക്കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപ വരുമെന്നാണ് കണക്ക്. അത് നല്‍കുക എന്നതായിരുന്നു അടിയന്തരമായി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ബാങ്കുകള്‍ വായ്പ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ മാത്രം പിന്തുണ ഒതുക്കുകയാണ് ചെയ്തത്. വായ്പയുടെ പലിശ ബാദ്ധ്യത പോലും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. രാജ്യത്ത് 6.30 കോടി എം.എസ്.എം.ഇ ഉള്ളതില്‍ ധനമന്ത്രിതന്നെ പറയുന്നത് 45 ലക്ഷം സംരംഭങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നു മാത്രമാണ്. അതായത് ഇക്കൂട്ടത്തിലെ വലിയവരൊഴിച്ച് ബഹുഭൂരിപക്ഷത്തിനും പ്രയോജനമില്ലെന്നര്‍ത്ഥം. മാത്രമല്ല. കിട്ടാക്കടം മൂലവും വരാനിരിക്കുന്ന  സാമ്പത്തിക അനിശ്ചിതാവസ്ഥയെക്കുറിച്ചുമുള്ള ആശങ്കമൂലവും ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ അങ്ങേയറ്റം മടികാണിക്കുമെന്നും ഉറപ്പാണ് അതായത് സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണയുടെ അഭാവത്തില്‍ ഈ സംരംഭങ്ങളുടെ പ്രതിസന്ധി വിവരണാതീതമായിത്തീരുകയും ഗണ്യമായ തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്യുമെന്നര്‍ത്ഥം. എം.എസ്.എം.ഇകളുടെ പ്രതിസന്ധിയും കൊവിഡിനു മുന്‍പേ ആരംഭിച്ചതാണ്. നോട്ട് നിരോധനത്തിന്റേയും ജി.എസ്.ടിയുടേയും കെടുതികളാണ് ആ മേഖലയെ ഗ്രസിച്ചിരിക്കുന്നത്. അതിനുമേല്‍ കൊവിഡ് കൂടി ബാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി, ഈ വായ്പാ പാക്കേജുകൊണ്ട് പുനരുജ്ജീവിക്കപ്പെടുമെന്ന വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും ഇവയുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ എങ്ങനെ കരകയറും? ഉല്പന്നങ്ങള്‍ വിറ്റഴിക്കപ്പെടണമെങ്കില്‍ തൊഴിലും വരുമാനവും സൃഷ്ടിക്കണം. 

തൊഴിലും വരുമാനവും സൃഷ്ടിക്കാനുതകുന്ന അടിയന്തര ഇടക്കാല നടപടികളൊന്നും പാക്കേജിലില്ല. ഏക പ്രഖ്യാപനം തൊഴിലുറപ്പിന് അധികമായി 40,000 കോടി അനുവദിക്കുമെന്നതാണ്. ബജറ്റില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10,000 കോടി കുറച്ചതു കണക്കിലെടുത്താല്‍ യഥാര്‍ത്ഥ വര്‍ദ്ധന 30,000 കോടിയായി ചുരുങ്ങും. ഈ വര്‍ദ്ധിപ്പിച്ച തുക പോലും 65 ദിവസം തൊഴില്‍ നല്‍കാന്‍ മാത്രമേ പര്യാപ്തമാവൂ. നിയമപ്രകാരം 100 ദിവസം തൊഴില്‍ അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. 100 ദിവസം എന്ന പരിധി തന്നെ എടുത്തുകളഞ്ഞ് ആവശ്യാനുസരണം തൊഴില്‍ ലഭ്യമാക്കുകയും കഴിയാതെ വന്നാല്‍ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യേണ്ട അടിയന്തര ഘട്ടമാണിത്. മാത്രമല്ല, കൂലിയുടെ ഒരു വിഹിതം ഇപ്പോള്‍ മുന്‍കൂറായി കൊടുക്കുന്നത് ദുരിതകാലത്ത് അടിയന്തരമായി പണം ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ല. നഗരങ്ങളിലെ ദരിദ്രര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ മാതൃകയില്‍ നഗര തൊഴിലുറപ്പു പദ്ധതി നടപ്പാക്കണമെന്ന് സി.പി.ഐ.(എം) എത്രയോ കാലമായി ആവശ്യപ്പെടുന്നതാണ്. വിചിത്രമെന്നു പറയട്ടെ ഈ പാക്കേജില്‍ ആ ആശയം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ത്തിയത് അസീം പ്രേംജി എന്ന കോര്‍പ്പറേറ്റ് മേധാവിയാണ്. മോദിക്കും നിര്‍മ്മലയ്ക്കുമറിയാത്ത കെയ്ന്‍സിനെ അസീം പ്രേംജി ഓര്‍ക്കുന്നുണ്ടാവണം. മുപ്പതുകളിലെ മഹാമാന്ദ്യത്തില്‍നിന്ന് ലോക മുതലാളിത്തത്തിനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിച്ച് ഡിമാന്റ് സൃഷ്ടിക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത് ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് ആയിരുന്നല്ലോ. അന്ന് കെയ്ന്‍സ് പറഞ്ഞു ''സര്‍ക്കാരുകള്‍ മറ്റൊന്നും ചെയ്തില്ലെങ്കിലും നാടുനീളെ കുഴികുഴിക്കാനുള്ള തൊഴില്‍ ആളുകള്‍ക്ക് കൊടുക്കുക, അതിന് കൂലിയും കൊടുക്കുക. അതു കഴിഞ്ഞാല്‍ അത് മുഴുവന്‍ മണ്ണിട്ട് മൂടാന്‍ വീണ്ടും തൊഴിലും കൂലിയും കൊടുക്കുക.'' ജനങ്ങളില്‍ പണമെത്തും ഡിമാന്റ് ഉയരും സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കപ്പെടും എന്നതാണ് പാഠം. ഈ ബാലപാഠമാണ് മോദിയും സംഘവും മറക്കുന്നത്. 

അനാരോഗ്യ പാക്കേജ്

ഈ പാക്കേജ് അമ്പരപ്പിക്കും വിധം അവഗണിക്കുന്നത് ആരോഗ്യമേഖലയെയാണ്. കൊവിഡ്-19 അനാവരണം ചെയ്തത് ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയമായ സ്ഥിതിയാണ്. ആരോഗ്യമേഖലയിലെ പൊതു ചെലവ് ഇന്ത്യയില്‍ ജി.ഡി.പിയുടെ 1.1 ശതമാനം മാത്രമാണ്. ആഗോള ശരാശരിയുടെ വെറും അഞ്ചിലൊന്ന്. അതിന്റെ പകുതിയെങ്കിലും എത്തിക്കണമെന്ന ദീര്‍ഘകാല ആവശ്യം ഈ മഹാമാരിയുടെ ഘട്ടത്തില്‍പോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നാണ് പാക്കേജ് തെളിയിച്ചത്. ജില്ലകളില്‍ പകര്‍ച്ചവ്യാധി വാര്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ പൊതുജനാരോഗ്യ ലാബുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും പൊതുജനാരോഗ്യരംഗത്തെ പൊതുചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഒരു നീക്കവുമില്ല! ആരോഗ്യം, വിദ്യാഭ്യാസം എന്നീ സാമൂഹിക മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് പാക്കേജില്‍ ഊന്നല്‍ നല്‍കിയിരുന്നുവെങ്കില്‍ ഭാവിയില്‍ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ മാത്രമല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുമായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ സ്ഥിരം ജീവനക്കാരാക്കി മാറ്റുന്നതും ഇപ്പോഴത്തെ അപര്യാപ്തമായ ഓണറ്റേറിയത്തിനു പകരം മാന്യമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതടക്കമുള്ള സുപ്രധാന നടപടികള്‍ പാക്കേജില്‍ സ്വീകരിക്കേണ്ടിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം ഗണ്യമായ കുറവ് ഇന്ത്യയിലെ പൊതുജനാരോഗ്യരംഗത്തിന്റെ ശോചനീയാവസ്ഥയുടെ കാരണങ്ങളില്‍ പ്രധാനമാണ്. അതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാനുള്ള അവസരവും കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചില്ല. 

കര്‍ഷകരുടെ കടാശ്വാസം, കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിക്കല്‍, കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്താനുള്ള ഫലപ്രദമായ നടപടികള്‍, കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കല്‍ എന്നിവയും പാക്കേജില്‍ ഇടം കണ്ടില്ല. കര്‍ഷകരെ പിന്തുണയ്ക്കുന്ന നടപടികള്‍ ഗ്രാമീണമേഖലയിലെ വാങ്ങല്‍ കഴിവ് ഉയര്‍ത്താനും അതുവഴി സമ്പദ്ഘടനയെ ഉണര്‍വ്വിലേക്ക് നയിക്കാനും അനിവാര്യമായിരുന്നു. 

‍മിൽട്ടൻ ഫ്രീഡ്മാൻ
‍മിൽട്ടൻ ഫ്രീഡ്മാൻ

ഡിസാസ്റ്റര്‍ ക്യാപ്പിറ്റലിസം

ജനങ്ങളെ സഹായിച്ചുകൊണ്ട് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം പാഴാക്കിയ മോദിഭരണം പക്ഷേ വന്‍കിട മൂലധനത്തിന് ഇതുവരെ തുറന്നുകിട്ടാതിരുന്ന സുപ്രധാന മേഖലകളെല്ലാം ചൂഷണം ചെയ്യാനായി തുറന്നിട്ടുകൊടുത്തിട്ടുണ്ട്. ഭൂമിക്കടിയിലുള്ള കല്‍ക്കരി മുതല്‍ ആണവോര്‍ജ്ജ മേഖലയും ബഹിരാകാശവും വരെ സ്വകാര്യ മൂലധനത്തിനായി വിട്ടുകൊടുത്തിരിക്കുന്നു. പ്രതിരോധമടക്കമുള്ള മേഖലകളില്‍ വിദേശനിക്ഷേപ പരിധി കുത്തനെ ഉയര്‍ത്തിയും പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചുമാണ് സ്വയം പര്യാപ്തതയെ(ആത്മനിര്‍ഭരത)ക്കുറിച്ച് വാചകമടിക്കുന്നത് എന്നോര്‍ക്കണം. തന്ത്രപ്രധാന മേഖലകളില്‍ മാത്രം മതി പൊതുമേഖലയെന്നും അതുതന്നെ പരമാവധി നാലുമതിയെന്നുമാണ് പാക്കേജിന്റെ മറവിലുള്ള പ്രഖ്യാപനം. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന്റേയും സ്വാശ്രയകത്വത്തിന്റേയും അടിത്തറ പൊതുമേഖലയാണെന്ന് വിസ്മരിച്ചുള്ള വിറ്റഴിക്കല്‍ വിനാശകരമാവും. കൊവിഡ് ലോകത്തെയാകെ പഠിപ്പിച്ച പാഠങ്ങളിലൊന്ന് പൊതുമേഖലയുടെ നിര്‍ണായക പ്രധാന്യമാണ്. പൊതു ആരോഗ്യ സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ് കേരളമുള്‍പ്പെടെ കൊവിഡിനെ വിജയകരമായി നേരിട്ട എല്ലാവരും അത് സാദ്ധ്യമാക്കിയത്. സ്പെയിനും ഫ്രാന്‍സുമെല്ലാം ദുരന്തകാലത്ത് ദേശസാല്‍ക്കരണ നടപടികളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമായപ്പോഴാണ് ആ പാഠമെന്നും തിരിച്ചറിയാതെ പൊതുസ്വത്തിന്റെ വില്പനമേളയാക്കി കൊവിഡ് പാക്കേജിനെ മാറ്റുന്നത്. 

ആയുധക്കൂമ്പാരമുണ്ടായിട്ടും ആവശ്യത്തിന് വെന്റിലേറ്റര്‍ സമയത്തിനുണ്ടാക്കാനാവാതെപോയ  അമേരിക്കന്‍ അനുഭവത്തിനു കാരണം ലാഭം മാത്രം ലാക്കാക്കുന്ന സ്വകാര്യമേഖലയുടെ മേധാവിത്വമാണെന്ന ലളിതസത്യവും ഇന്ത്യന്‍ ഭരണകൂടം ഗൗനിക്കുന്നില്ല. 

തങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന്റേയും വിറ്റുതുലക്കലിന്റേയും നയം ബദല്‍നയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഈ ദുരന്തപാക്കേജിനെ ഉപയോഗിക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങളുടെ വായ്പാപരിധി സംസ്ഥാന ജി.ഡി.പിയുടെ മുന്നില്‍നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത് അല്പം ആശ്വാസം തന്നെ. എന്നാല്‍, ഈ പരിധി ഉയര്‍ത്തല്‍, മൂന്നര ശതമാനത്തിനപ്പുറം ഉപാധികള്‍ക്ക് വിധേയമാണെന്നോര്‍ക്കണം. അതിലൊന്ന് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കലാണ്. ഇന്ത്യയില്‍ കേരളം മാത്രമാണ് അതിന് വഴങ്ങാത്തതെന്നും ഓര്‍ക്കണം. അത് നടപ്പാക്കിയ ഇടങ്ങളിലെല്ലാം താരിഫ് വര്‍ദ്ധനയും മോശം സേവനവുമടക്കമുള്ള തിക്തഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളം വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് സ്വകാര്യവല്‍ക്കരിക്കുന്നതിന് കൂട്ടാക്കാത്ത സാഹചര്യത്തില്‍ വായ്പയ്ക്ക് ഉപാധിയായി അത് അടിച്ചേല്പിക്കാനാണ് ശ്രമം. സംസ്ഥാനം പലിശയും മുതലും തിരിച്ചടക്കുന്ന, വിപണിയില്‍ നിന്നെടുക്കുന്ന വായ്പയില്‍ കേന്ദ്രത്തിന് ഒരു പങ്കുമില്ലെന്നിരിക്കേ ഉപാധി നിശ്ചയിക്കാന്‍ എന്ത് അധികാരം? ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനം മാത്രമല്ല, അങ്ങേയറ്റം സ്വേച്ഛാധിപത്യപരവുമാണ്. വ്യത്യസ്തനയം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ച്, അതിന് വോട്ട് നേടി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് കേന്ദ്രത്തിന്റെ നയം നടപ്പിലാക്കിക്കാന്‍ ശ്രമിക്കുന്നത് വളരെ അപകടകരമായ ഒരു പ്രവണതയുടെ സൂചനയാണ്. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നയവും എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ നടപ്പാക്കിയേ തീരൂ എന്ന മനോഭാവം അംഗീകരിക്കാനാവില്ല. 

ജീൻ ഡ്രേസ്
ജീൻ ഡ്രേസ്

ചുരുക്കത്തില്‍ രാജ്യത്തിന്റെ പൊതുസ്വത്തുമുഴുവനും വന്‍കിട മൂലധനത്തിന് വില്‍ക്കാനും സ്വകാര്യവല്‍ക്കരണം രാജ്യം മുഴുവന്‍ അടിച്ചേല്പിക്കാനുമുള്ള അവസരമായി, അമിതാധികാര പ്രവണതകള്‍ പ്രകടിപ്പിക്കുന്ന മോദിഭരണം ഈ മഹാദുരന്തത്തേയും മാനുഷിക പ്രതിസന്ധിയേയും ഉപയോഗിക്കുകയാണ്. (അത് സമ്പദ്ഘടനയ്ക്ക് അടിയന്തരമായി ഗുണം ചെയ്യില്ലെന്ന് കോര്‍പ്പറേറ്റ് അനുകൂല നയത്തിന്റെ വക്താക്കളില്‍ ചിലര്‍ തിരിച്ചറിയുന്നുണ്ട്.) ദുരന്തങ്ങളെ മൂലധനത്തിന്റേയും വിപണിയുടേയും സുവര്‍ണ്ണാവസരമാക്കുക എന്ന മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ കുടിലയുക്തിയെ പുല്‍കുകയാണ് മോദി ചെയ്യുന്നത്. ഫ്രീഡ്മാന്റെ അമേരിക്ക പോലും അതിന് ധൈര്യപ്പെടാതിരിക്കുമ്പോള്‍. യുദ്ധം, പട്ടാള അട്ടിമറി, പ്രകൃതി ദുരന്തം തുടങ്ങിയ ഏത് ആഘാതങ്ങളും മൂലധന താല്പര്യങ്ങളെ അക്രമാസക്തമായി അടിച്ചേല്പിക്കാന്‍ പറ്റിയ സന്ദര്‍ഭമായിട്ടാണ് ഫ്രീഡ്മാന്‍ കാണുന്നത്. 

ന്യൂ ഓര്‍ലിയന്‍സില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തകര്‍ന്നുപോയ പൊതുവിദ്യാലയങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിനു പകരം സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പണംകൊടുത്തു പ്രോത്സാഹിപ്പിക്കാന്‍ ഫ്രീഡ്മാന്‍ നിര്‍ദ്ദേശിച്ചു. അവിടുത്തെ പൊതുവിദ്യാഭ്യാസം അവസാനിപ്പിക്കുകയും 4700 ഓളം അദ്ധ്യാപകരെ പിരിച്ചുവിടുകയും ചെയ്തു. ഫ്രീഡ്മാന്റെ കുറിപ്പടിയെ നൗമിക്ലീന്‍ വിശേഷിപ്പിക്കുന്നത് ഡിസാസ്റ്റര്‍ ക്യാപിറ്റലിസം എന്നാണ്. ഗാന്ധിജിയെ അവസാനിപ്പിച്ച പ്രത്യയശാസ്ത്രം ഫ്രീഡ്മാന്റെ ഡിസാസ്റ്റര്‍ ക്യാപിറ്റലിസത്തെ പുല്‍കുന്ന സന്ദര്‍ഭത്തേയാണ് നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ അടയാളപ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com