ചോരയിലും കണ്ണീരിലും മുക്കി അവളെഴുതിയ വാക്കുകള്‍ ഇന്നു ലോകം കേള്‍ക്കുന്നുണ്ട്

ഒരു ജനതയുടെ ജീവിതം ഇത്രമേല്‍ ഭീതിദമാക്കുന്ന സ്വേച്ഛാധിപതിയുടെ ആസന്നപതനത്തിന്റെ സുഗന്ധം പേറുന്നതാണ് ഇന്‍ ഓര്‍ഡര്‍ റ്റു ലിവ്
ചോരയിലും കണ്ണീരിലും മുക്കി അവളെഴുതിയ വാക്കുകള്‍ ഇന്നു ലോകം കേള്‍ക്കുന്നുണ്ട്

ണ്ടാം ലോകമഹായുദ്ധത്തില്‍ പസഫിക് മേഖലകളില്‍ വര്‍ഷിച്ച മൊത്തം ബോംബുകളേക്കാള്‍ കൂടുതല്‍ അമേരിക്ക വര്‍ഷിച്ചത് വടക്കന്‍ കൊറിയയിലായിരുന്നു. കൊറിയ വടക്കും തെക്കുമായത് അതിനു ശേഷമല്ലേയെന്ന വാദമുണ്ടാവാം. ഭൂമിശാസ്ത്രപരമായി എടുക്കുകയാവും നല്ലത്. ഒന്നൊഴിയാതെ മുഴുവന്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും നിര്‍മ്മിതികളത്രയും കല്ലിന്മേല്‍ കല്ലവശേഷിക്കാതെ അമേരിക്ക ബോബ് വര്‍ഷിച്ച് തകര്‍ത്തു. വിളകളത്രയും വെള്ളപ്പൊക്കം കൊണ്ടുപോകാനായി ഡാമുകളത്രയും ബോംബിട്ടു തകര്‍ത്തു. ഭാവനയില്‍ക്കൂടി കാണുക സാധ്യമല്ലാത്തത്രയും നാശനഷ്ടങ്ങളുടെ വ്യാപ്തിയും ജീവഹാനിയും രാജ്യം നേരിട്ടു. അംഗഭംഗം വന്നു മൃതപ്രായരായവര്‍ ദുരിതക്കാഴ്ചയായി. ജാപ്പ് സാമ്രാജ്യത്വം സാംസ്‌കാരികമായി നശിപ്പിക്കാന്‍ പരമാവധി ശ്രമിച്ച് സ്വന്തം രാജ്യത്ത് അതിന്റെ പൗരന്മാരെ രണ്ടാംകിടക്കാരാക്കിയ ഭൂതകാല ദുരന്തത്തിനു മീതെയാണ് അമേരിക്കന്‍ ബോംബുകള്‍ തീമഴയായി പെയ്തത്.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നു തരിപ്പണമായ ഒരു ജനതയുടെ പ്രതീക്ഷയായാണ് കിം അധികാരത്തിലേറുന്നത്. ശേഷം കിം കുടുംബവാഴ്ച എന്ന ദുരന്തം. തന്റെ സാമ്രാജ്യത്വ മോഹം ബോധത്തെ മറികടന്നപ്പോള്‍ കൊറിയന്‍ ഏകീകരണത്തിനായി സോവിയറ്റ് ടാങ്കുകളുമായി 1950-ല്‍ തെക്കന്‍ കൊറിയയിലേക്കു കിം സൈന്യം പാഞ്ഞുകയറി. തെക്കരാവട്ടെ അമേരിക്കന്‍ പിന്തുണ തേടി. അമേരിക്ക യു.എന്‍ ബാനറില്‍ കിട്ടിയ അവസരം മുതലാക്കി. കിമ്മിന്റെ സൈന്യത്തെ ആക്രമിച്ച് ചൈനീസ് അതിര്‍ത്തി വരെ തുരത്തിയപ്പോള്‍ അപകടം മണത്ത ചൈന കിമ്മിനൊപ്പം ചേര്‍ന്നതോടെ സമവാക്യങ്ങള്‍ മാറ്റിയെഴുതപ്പെട്ടു. കിമ്മിനു മാനം പോയില്ലെങ്കിലും 1953-ല്‍ യുദ്ധം അവസാനിക്കുമ്പോഴേയ്ക്ക് 30 ലക്ഷം ജീവന്‍ പൊലിഞ്ഞു.

അങ്ങനെ ജപ്പാനും അമേരിക്കയും റഷ്യയും കിം കുടുംബവും അവരുടെ സ്വകാര്യ സ്വത്തായ ഒരു പാര്‍ട്ടിയും ചേര്‍ന്നു നശിപ്പിച്ചതും നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ദരിദ്ര ജനതയുടെ ദാരുണ ചിത്രമാണ് യോന്‍മി പാര്‍ക്കിന്റെ ഇന്‍ ഓര്‍ഡര്‍ റ്റു ലിവ്. ജീവിക്കാന്‍ വേണ്ടി രാജ്യത്തു നിന്നും ഓടി രക്ഷപ്പെട്ട, ആ ശ്രമത്തിനിടെ ചൈനീസ് ഇടനിലക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഒരു പതിമൂന്നുകാരിയുടെ, മകളെ രക്ഷിച്ചെടുക്കാന്‍ റേപ്പിസ്റ്റുകള്‍ക്ക് തന്നെത്താന്‍ സമര്‍പ്പിച്ച ഒരമ്മയെ ഒക്കെ കാണുമ്പോഴാണ് സോഷ്യലിസം, ജനാധിപത്യം എന്നതൊക്കെയും ഏകാധിപതികളുടെ കൈകളിലെത്തിയാല്‍ ഒരു രാജ്യത്തിന്റെ അവസ്ഥ, അവരുടെ പെണ്‍മക്കളുടെ ജീവിതം ഒക്കെ എങ്ങനെയാണെന്നറിയുക. അരനൂറ്റാണ്ടോളം ഒരു രാജ്യത്തെ തന്റെ ഉരുക്കുമുഷ്ടിയാല്‍ ഭരിച്ചുമുടിച്ച കിം ഇല്‍ സുങ് 1994-ല്‍ 82-ാം വയസ്സില്‍ മരിക്കുമ്പോള്‍ യോന്‍മി പാര്‍ക്കിനു വയസ്സ് ഒന്‍പത്. അതിനകം സ്വയം ഒരു കള്‍ട്ട് ഫിഗറാക്കി ഭരിക്കാനായി ജനിച്ച വിമോചനത്തിന്റെ പ്രവാചക പരിവേഷം ഏതൊരു സ്വേച്ഛാധിപതിയേയും പോലെ അയാളും എടുത്തണിഞ്ഞു. അതിനേറ്റവും എളുപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. അവിടെ കുട്ടികള്‍ കിം സൂക്തങ്ങള്‍ കാണാപാഠം പഠിച്ചു. വളരെ കഴിവുള്ളവളും സംസ്‌കാര സമ്പന്നയുമായ തന്റെ അമ്മയടക്കം ജനതയെ വടക്കന്‍ കൊറിയ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും കിം അമാനുഷ സിദ്ധികളുള്ള ആളാണെന്നും ചിരഞ്ജീവിയാണെന്നും ഒക്കെ വിശ്വസിപ്പിച്ചിക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിരുന്നു എന്ന് അവള്‍ കുറിച്ചിടുന്നു. രാഷ്ട്രം എന്നാല്‍ കിം രാജ്യസ്‌നേഹം എന്നാല്‍ കിമ്മിനോടുള്ള സ്‌നേഹം എന്ന ഒരു സമവാക്യത്തിലേക്ക് താമസിയാതെ രാജ്യത്തെ പറിച്ചുനട്ടു.

അമേരിക്ക അതിനകം നശിപ്പിച്ച ആ രാജ്യത്തെ പിന്നീട് വെടക്കാക്കി തനിക്കാക്കുക ഒരു ഏകാധിപതിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അമേരിക്കന്‍ ബാസ്റ്റാര്‍ഡ്സില്‍ നിന്നും വിപ്ലവ സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ന ന്യായത്തില്‍ രഹസ്യപൊലീസ് ഭീകരത അഴിച്ചുവിട്ട് വാണു. ആരെയും എപ്പോഴും അറസ്റ്റു ചെയ്യാം. പിന്നീടുള്ള പീഡനങ്ങളെ അതിജീവിച്ച് ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അതു ശൂന്യമായൊരു ഭാവിയിലേക്കുള്ള വീഴ്ച മാത്രമാവാം. ഒരിടത്ത് അമ്മ മകളോടു പറയുന്നത് നമ്മള്‍ മാത്രമേ ഉള്ളൂ എന്നു തോന്നിയാലും ശരി, ചുറ്റുലുമുള്ള പക്ഷികളേയും മൃഗങ്ങളേയും ഭയക്കണമെന്നാണ്, പറയുന്നത് അവ കൂടി കേള്‍ക്കരുത്.

യോൻമി പാർക്ക്
യോൻമി പാർക്ക്

ഗ്രാമങ്ങളിലെ നരകജീവിതങ്ങള്‍

വടക്കന്‍ കൊറിയയുടെ പാരമ്പരാഗതമായ വിശ്വാസപ്രമാണങ്ങള്‍ വെച്ച് വിശുദ്ധിയും കന്യകാത്വവുമൊക്കെയാണ് ഒരു സ്ത്രീയുടെ എല്ലാമെല്ലാം. തനിക്കു സംഭവിക്കുന്ന മോശമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ അവള്‍ക്കു കഴിയില്ല. അതിനാല്‍ ഇത് എഴുതുന്നത് എനിക്ക് ലോകാവസാനംപോലെ തോന്നി-തന്റെ ആത്മകഥയെക്കുറിച്ച് യോന്‍മി പാര്‍ക്ക് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അലക്‌സ് പ്രിസ്റ്റണോട് പറഞ്ഞത് അങ്ങനെയാണ്. താനിന്നു ജീവിക്കുന്ന ആധുനികലോകത്ത് ഇല്ലാത്തതായി യോന്‍മി കാണുന്നത് വ്യക്തിബന്ധനങ്ങളിലെ ചൂരും ചൂടുമാണ്. ഇല്ലായ്മകളുടെ ലോകത്ത്, വറുതിയുടെ നാളുകളില്‍ മനുഷ്യരെ മരിക്കാതെ ലോകത്തെവിടെയും നിലനിര്‍ത്തിയത് വ്യക്തിബന്ധങ്ങളുടെ ധാരാളിത്തവും ഊഷ്മളതയുമായിരുന്നു. മാസങ്ങളോളം അമ്മയുടേയും അച്ഛന്റേയും സാമീപ്യമില്ലാതെ കഴിയേണ്ടിവന്ന കുരുന്നുകളുടെ ജീവന്‍ ബാക്കിയായത് തന്നെ അതുകൊണ്ടുതന്നെയാവണം. വരികളിലൂടെ വരികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചാല്‍ യോന്‍മിയുടെ അമ്മ ബുദ്ധിമതിയും വിവേകശാലിയുമാണ് എന്നു കാണാം. ലോകത്തില്‍ നേരും നെറിയുമുള്ള, സ്വന്തം കഴിവുകള്‍ പ്രയോഗിക്കാനുമുള്ള അവസരം നല്‍കുന്ന മറ്റേതെങ്കിലും ഇടത്തായിരുന്നെങ്കില്‍, എവിടെയോ എത്തേണ്ട ഒരു വനിത. തന്റെ രണ്ട് മക്കളെ പോറ്റാന്‍ എത്രയെത്ര ജോലികളാണ് അവര്‍ ചെയ്തത്? അതിനിടയില്‍ ദിവസങ്ങളോളം മക്കളെ തനിച്ചാക്കി നൊട്ടിപ്പെറുക്കിയും കടംവാങ്ങിയും അവര്‍ക്കു കഷ്ടിച്ചു ജീവിക്കാനുള്ള കാശും ഏല്‍പ്പിച്ച് പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാന്‍ നേട്ടോട്ടമോടുകയും ചെയ്തു. ഫേഷ്യല്‍ മസാജിനും പച്ചകുത്തിനും സമാന്തരമായി വീഡിയോ കാസറ്റുകളുടേയും ടെലിവിഷനുകളുടേയും വില്പന ബ്ലാക് മാര്‍ക്കറ്റിലും നടത്തിയതാണ് അവര്‍ മുന്നോട്ടു പോകുന്നത്. ഇത്രയൊക്കെ ആയിട്ടും രണ്ടുനേരം അരി ഭക്ഷണം കഴിക്കാനുള്ള ഗതി വടക്കന്‍ കൊറിയ ഗ്രാമത്തില്‍ അവര്‍ക്കില്ല. വല്ലപ്പോഴും വന്നുപോവുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷണോ ഫോണ്‍ സൗകര്യമോ ഇല്ലാത്ത കാലാവസ്ഥാ പ്രവചനങ്ങള്‍ വരെ ഇന്നും പഴമയുടെ ആറാമിന്ദ്രിയത്തെ ആശ്രയിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളാണെങ്ങും.
 
തൊണ്ണൂറുകളിലെ റഷ്യയുടെ പതനത്തോടെ സബ്സിഡിയില്‍ കിട്ടിയിരുന്ന വളം നിലച്ചു, ഇന്ധനങ്ങളുടെ ലഭ്യത ഇല്ലാതായി ഗ്രാമങ്ങളിലെ ഏറ്റവും ആകര്‍ഷകമായ വാഹനം കാളവണ്ടി മാത്രമായി. ഇറക്കുമതി ചെയ്യുന്ന വളങ്ങളും കീടനാശിനികളും ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ മാര്‍ഗ്ഗം ഇല്ലാതായപ്പോള്‍ മൃഗ മനുഷ്യ വിസര്‍ജ്യങ്ങള്‍ വിലപിടിപ്പുള്ള വളങ്ങള്‍ ആയി. ഓരോ കുടുംബത്തിനും ശേഖരിക്കാന്‍ നല്‍കിയ വിസര്‍ജ്യത്തിന്റെ അളവ് മലം മോഷ്ടാക്കളെ സൃഷ്ടിച്ച നാടാണ് വടക്കന്‍ കൊറിയ എന്നു നാം ഞെട്ടലോടെ വായിക്കും. ഉച്ചയ്ക്കുശേഷം മലം ശേഖരിച്ച് വിദ്യാലയത്തിലേക്ക് എത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ്  വിദ്യാര്‍ത്ഥികള്‍.

കിം ജോങ് ഉന്നും കിം യോ ജാങും
കിം ജോങ് ഉന്നും കിം യോ ജാങും

തികച്ചും പ്രതികൂലമായ പരിസ്ഥിതികളോടു ഏറ്റുമുട്ടി ജീവിതം നയിക്കേണ്ടിവരുന്ന കുട്ടികള്‍ എളുപ്പം പക്വമതികളായി കാണുന്നു. വിവേകം കൊണ്ടല്ല, അവരുടെ ബാല്യം അവരില്‍നിന്നും അപഹരിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന അനിവാര്യത മാത്രമാണത്. ഇന്നുതന്നെ വെറും 26-കാരിയായ എഴുത്തുകാരിക്കു 11 വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ അവള്‍ക്കൊരു സീഡ് മണി നല്‍കുന്നത്. നോക്കണം, ആ പതിനൊന്നുകാരി കൊച്ചു പെണ്‍കുട്ടി ആദ്യം വാങ്ങിയത് അത് ഒരു കുപ്പി നെല്ലിന്‍ ചാരായമാണ്. എന്തിനെന്നോ? ഒരു തോട്ടം കാവല്‍ക്കാരന് അതു കൊടുത്താല്‍ അവള്‍ക്ക് ഒരു ഇരുമ്പ് ബക്കറ്റില്‍ പഴങ്ങള്‍ പെറുക്കിയെടുത്ത് ചേച്ചിയേയും കൂട്ടി മാര്‍ക്കറ്റിലേക്കു നീങ്ങാം. അടുത്ത ദിവസത്തെ കൈക്കൂലിക്കായി മറക്കാതെ മറ്റൊരു കുപ്പി ചാരായം വാങ്ങി തിരിക്കാം. തന്റെ അമ്മയേയും കൂട്ടി 13-ാം വയസ്സില്‍ അതിര്‍ത്തി കടന്നു പുറംലോകത്തേയ്ക്ക് രക്ഷപ്പെട്ടതാണ് ആ കുട്ടി. ജീവിതത്തിനും മരണത്തിനുമിടയില്‍ നിരവധി നിമിഷങ്ങളെ മുഖാമുഖം കണ്ടു തകര്‍ന്നിട്ടും തളരാതെ നീങ്ങിയവള്‍. അതിനു സാധിക്കാതെ വരുന്ന മഹാഭൂരിപക്ഷം ഏകാധിപതികളുടെ നുകങ്ങള്‍ക്കു കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ഒടുങ്ങുന്നു.

സ്വന്തം ജോലികൊണ്ടു മാത്രം വടക്കന്‍ കൊറിയയില്‍ ആര്‍ക്കും ജീവിക്കുക സാധ്യമല്ല. 2002-ലെ ഒരു ശരാശരി തൊഴിലാളിയുടെ ശമ്പളം 2400 വോണ്‍ അഥവാ രണ്ട് ഡോളറായിരുന്നു എന്നവള്‍ പറയുന്നു. സോഷ്യലിസവും ജനാധിപത്യവും എന്ന വ്യാജേന കിം കുടുംബം നടപ്പാക്കിയ കരിനിയമങ്ങള്‍ നിയമങ്ങളത്രയും ഒരു കാര്യം ഉറപ്പാക്കി - നേരായ മാര്‍ഗ്ഗത്തില്‍ ഒരു ജീവിതോപാധിയും സാധ്യമല്ലാത്ത തരത്തില്‍ അങ്ങേയറ്റം നിഷ്‌കളങ്കരായ ജനതയെ ആ ഭരണകൂടം അധപതിപ്പിച്ചു. വീട്ടില്‍ മുയലുകളെ വളര്‍ത്തുക നിര്‍ബ്ബന്ധമാണ്, തൊലിയുരിഞ്ഞു വിദ്യാലയങ്ങളില്‍ എത്തിക്കുക കുട്ടികളുടെ ഉത്തരവാദിത്വവും. മുയലിന്റെ തോലുകളത്രയും പട്ടാളക്കാരുടെ തണുപ്പുകാല യൂണിഫോമിനായാണ് ശേഖരിക്കപ്പെടുന്നത്. അതു ചെയ്യേണ്ട പണി സ്‌കൂളധികൃതരുടേതാണ്. വിദ്യാര്‍ത്ഥികള്‍ എത്തിക്കുന്നത് മുഴുവനായും കൈമാറാതെ ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റു കാശുണ്ടാക്കാന്‍ നിര്‍ബ്ബന്ധിതരാവുകയാണ് സ്‌കൂള്‍ അധികൃതര്‍. കാരണം അവര്‍ക്കു ജീവിക്കാനുള്ള മാര്‍ഗ്ഗം അതൊക്കെയാണ്. മോഷണം അല്ലെങ്കില്‍ പിടിച്ചുപറി എന്നത് വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

എല്ലാം പൊതുമേഖലയില്‍ ആയതിനാല്‍ വീട് വില്‍പ്പന സാധ്യമല്ല. കാരണം ഭൂമി പൊതുസ്വത്താണ്. എന്നാല്‍, വില്പന സര്‍വ്വസാധാരണവുമാണ്, ഒരു രേഖയുടെ പിന്‍ബലവും ഇല്ലാതെ എന്നുമാത്രം. യോന്‍മിയുടെ അമ്മ വീട് വിറ്റ് കിട്ടാവുന്നിടത്തോളം പണവുമായി പോവുന്നതു വായിക്കാം. ഒരു രേഖയിലും ഒപ്പു വെക്കാതെ, വില്‍പ്പനയ്ക്കു സാക്ഷികള്‍ ഇല്ലാതെ, രജിസ്ട്രേഷനില്ലാതെ. വാക്കും കോഴയും മാത്രം കൈമാറുന്ന ഒരിടപാടാണത്. വീട് വിറ്റു കിട്ടിയ കാശുമായി അവര്‍ തെരുവില്‍ ഇറങ്ങുകയാണ്, എങ്ങനെയെങ്കിലും തടവറയിലെ പീഡനങ്ങളില്‍നിന്നും തന്റെ ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാന്‍. പിന്നെ തന്റെ കുട്ടികളെ ജീവിപ്പിച്ചെടുക്കാന്‍ വല്ല കച്ചവടവും ചെയ്യാന്‍ മാര്‍ക്കറ്റില്‍ ഒരു ചെറിയ ഇടം. അവിടെ വേണ്ടതും കൈക്കൂലിയാണ്, കാരണം അതും പൊതുവിടമാണ് കാശിനു കൈമാറേണ്ട സ്വകാര്യസ്വത്തല്ല. കൈക്കൂലി മാത്രം വാങ്ങി കൈമാറ്റം ചെയ്യപ്പെടുന്ന കണ്ണായ ഇടങ്ങള്‍ക്ക് വിലകൂടും.

ഗ്രാമങ്ങളിലെ മികച്ച ഗതാഗതമാര്‍ഗ്ഗം കാളവണ്ടി തന്നെ, പൂവന്‍കോഴിക്ക് തെറ്റിയാല്‍ ദിവസം തീര്‍ന്നുപോകുന്ന കാലഗണനയാണ് ഗ്രാമങ്ങളില്‍ ഈ നൂറ്റാണ്ടിലും. ഒരു ഏകാധിപതിയുടെ കീഴിലുള്ള പൊതുവിതരണ സമ്പ്രദായം കൂടുതല്‍ അപകടകരമാണ് എന്നു തെളിയിക്കുകയാണ് പുസ്തകം. പൊതുവിതരണ സമ്പ്രദായത്തെ കൈപ്പിടിയില്‍ ഒതുക്കുന്ന ഭരണകൂടത്തിന് ആരു മരിക്കണം ആരു ജീവിക്കണം എന്നു തീരുമാനിക്കാനുള്ള ശേഷി ഉണ്ടാവുന്നു. പൊതുവിപണി നശിച്ചു, ആ സ്ഥാനം ബ്ലാക് മാര്‍ക്കറ്റ് എങ്കിലും പേരിനൊരു മാര്‍ക്കറ്റ് ഇക്കണോമി ഏറ്റെടുത്തപ്പോഴാണ് പലര്‍ക്കും എങ്ങനെയെങ്കിലും അതിജീവിക്കാമെന്ന മോഹം തന്നെ വന്നത്. ഇല്ലായ്മയുടെ നരകത്തില്‍നിന്നാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ രുചിഭേദം പലരും അറിയുന്നത് അപ്പോഴാണ്.

മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്തു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറക്കേറി സഞ്ചരിക്കുന്ന കിം ജോങ് ഉന്നും സംഘവും
മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്തു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറക്കേറി സഞ്ചരിക്കുന്ന കിം ജോങ് ഉന്നും സംഘവും

സ്വേച്ഛാധിപതികളും നശിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസരീതികളും

ഒരു ജനതയെ നരകതുല്യമായ അവസ്ഥയിലേയ്ക്കു തള്ളിവിട്ട് ഗ്രാമങ്ങള്‍ക്ക് മൂരിവണ്ടിയും തനിക്കു ആഡംബരകാറുകളും രാജകീയ ജീവിതവുമായി കഴിയുന്ന ഒരു ഏകാധിപതിയുടെ നാട്ടിലെ വിദ്യാഭ്യാസരീതിയാവട്ടെ ബോധത്തെ മുളയിലേ നുള്ളുന്നതും. അച്ഛന്‍, മുത്തച്ഛന്‍ കിമ്മുമാരുടെ ഭക്തിവിപ്ലവഗാനങ്ങളിലും സൂക്തങ്ങളിലും സ്‌കൂള്‍ പാതി ദിവസം, ബാക്കിയത്രയും ബാലവേലയും എന്നാണ് അവിടുന്നു രക്ഷപ്പെട്ടവളുടെ തുറന്നെഴുത്ത്. മൃഗം - മനുഷ്യ മാലിന്യം ശേഖരിക്കാന്‍കൂടി കുട്ടികള്‍. ഗ്രാമങ്ങള്‍ അങ്ങനെയാവുമ്പോള്‍ സന്ദര്‍ശകര്‍ കാണുക പോങ്ങ്യാങ്ങ് പോലുള്ള ബ്രാന്‍ഡഡ് നഗരങ്ങളാണ്. ഇങ്ങനെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ കൂറുമാറി എങ്ങനെയെങ്കിലും തെക്കന്‍ കൊറിയയിലെത്തിയാല്‍ അവരുടെ സിലബസിനോടു ഒപ്പമെത്താന്‍ കഴിയില്ല. പലരും പാതിയില്‍ പാടി നിര്‍ത്തുമ്പോള്‍ യോന്‍മിക്ക് മുഴുമിപ്പിക്കാനായത് അറിവുനേടി ഉയരാനുള്ള അദമ്യമായ ആഗ്രഹവും അതിനായുള്ള അക്ഷീണമായ പരിശ്രമവും നിരന്തരമായ വായനയും കൊണ്ടാണ്.

സ്വതന്ത്ര്യം കുട്ടികള്‍ക്കു സ്വപ്നങ്ങള്‍ സമ്മാനിക്കും. ഭാവിയില്‍ അവരുടെ അറിവും കഴിവുകളും ലോക താല്‍പ്പര്യങ്ങളുമായി ഐക്യപ്പെടുന്ന ഇടം കണ്ടെത്താന്‍ സ്വതന്ത്രലോകം അവരെ സഹായിക്കും. നിറയെ റൊട്ടി വാങ്ങിക്കൊണ്ടുവന്നു മതിയാവുന്നതുവരെ തിന്നുന്നതായിരുന്നു യോന്‍മിയുടെ ബാല്യകാല സ്വപ്നം. ഇന്നു ലോകത്ത് എത്രയോ രാജ്യങ്ങളില്‍ പലപല വേദികളില്‍ ഒരു ഭരണകൂടം അതിന്റെ ജനതയോടു ചെയ്യുന്നതു വിളിച്ചുപറഞ്ഞ പ്രതിഭാശാലിയായ പെണ്‍കുട്ടിയുടെ പഠനസാഹചര്യവും അവളുടെ സ്വപ്നങ്ങളും ഇങ്ങനെ ആയിരുന്നെങ്കില്‍ ആ സ്വേച്ഛാധിപതിയുടെ കീഴില്‍ കഴിയുന്ന ഒരു ജനതയുടെ ദുരവസ്ഥ ബോധമുള്ളവര്‍ക്ക് ഊഹിക്കാവുന്നതാണ്.

ഒരു ഹെവി ഡോസ് കിം ഇല്ലാതെ സിലബസില്ലാത്ത പഠനരീതിയാണവിടെ എന്നവള്‍ പറയുന്നു. സ്‌കൂളില്‍ അവളുടെ ഇഷ്ട പുസ്തകം കിമ്മിന്റെ ജീവചരിത്രം ആയിരുന്നു. ജീവന്‍ പണയം വെച്ച് ജാപ്പനീസ് സാമ്രാജ്യസേനയുമായി എറ്റുമുട്ടി തവളകളെ പിടിച്ചു ഭക്ഷിച്ച് മഞ്ഞുമലയില്‍ ഉറങ്ങിയ, സ്വന്തം ചിന്തകളാല്‍ കാലാവസ്ഥയെ നിയന്ത്രിച്ച, അതിമാനുഷനായ കിം. കണക്കു പുസ്തകത്തിലെ ഉദാഹരണങ്ങളില്‍ വരെ കൊറിയന്‍ ധീരരും അമേരിക്കന്‍ ബാസ്റ്റാര്‍ഡ്സും പ്രത്യക്ഷമാവുമെന്നു പറയുമ്പോള്‍ പഠനനിലവാരത്തെപ്പറ്റി കൂടുതല്‍ ആലോചിക്കണമെന്നില്ല. 1500 പുസ്തകങ്ങളാണ് കിം ഉല്‍ സുങ്ങ് യൂണിവേഴ്സിറ്റിയില്‍ മൂന്ന് വര്‍ഷത്തിനിടെ കിം എഴുതിയത് എന്നും ആ ജീവചരിത്രത്തില്‍ ഉണ്ടെന്ന് എഴുത്തുകാരി.

പാര്‍ട്ടി മതവും ശ്രേണികള്‍ ജാതിയും

ഇന്‍മിന്‍ബാന്‍, വടക്കന്‍ കൊറിയയില്‍ അയല്‍ കൂട്ടം, നമ്മുടെ കുടുംബശ്രീ മാതൃകയിലെ ഒരു വീടുകളുടെ സഹകരണ സംഘമാണത്. അതിനുള്ളിലല്ലാതെ വെളിയില്‍ ഒരു കുടുംബത്തിനു കഴിയുക സാധ്യമല്ല. അതുകൊണ്ടുതന്നെ എല്ലാവരും അതിന്റെ ഭാഗമാവുകയും ചെയ്യും. യോന്‍മിയുടെ അമ്മാവന്‍ പാര്‍ട്ടി മെമ്പറും അമ്മായി ഇന്‍മിന്‍ബാന്‍ യൂണിറ്റിന്റെ തലൈവിയും ആയിരുന്നു എന്നതു കാരണമാണ് വീടും ഗ്രാമവും മാറുന്നതു നിയമവിരുദ്ധമായിട്ടു കൂടി അവര്‍ക്കു കുറച്ചുകാലത്തേയ്ക്ക് നാടുമാറി താമസം സാദ്ധ്യമായത്. ഇടയ്ക്ക് പൊലീസുകാര്‍ വന്ന് അവളുടെ അമ്മയോട് പൊലീസ് സ്റ്റേഷനില്‍ വരണമെന്നു പറഞ്ഞയക്കും. ഇനി കൈക്കൂലി കിട്ടായിലേ അവിടെ തങ്ങാന്‍ അനുവദിക്കുകയുള്ളൂ എന്നതിന്റെ സൂചനയായിരുന്നു അത്. അകപ്പെട്ട കുരുക്കുകള്‍ അവരെ ഒന്നിനും അനുവദിക്കുന്നില്ല, ഒടുവില്‍ കീഴടങ്ങി, ഒരു മാസത്തേയ്ക്കു തൊഴില്‍ പരിശീലനമെന്ന ശിക്ഷ ഉദാരമായി നല്‍കപ്പെട്ടു. മാടിനെപ്പോലെ മനുഷ്യനെ പണിയെടുപ്പിക്കുന്ന, ശാരീരികമായി അത്രയും അവശരായി നല്‍കിയ ജോലി മുഴുമിപ്പിക്കാനാവാതെ വന്നാല്‍ രാത്രി ഉറക്കം നിഷേധിച്ച് കാമ്പിനു ചുറ്റും ഓടിപ്പിച്ചു രസിക്കുന്ന പ്രാകൃതരായ ഗാര്‍ഡുകള്‍. ആ കൊടുംതണുപ്പില്‍ മതിയായ വസ്ത്രമോ കൈകാലുറകളോ ഒന്നുമില്ലാതെ തന്റെ രണ്ടു മക്കളേയും പിന്നെ മരണത്തേയും മാത്രമോര്‍ക്കാന്‍ വിധിക്കപ്പെട്ട് ആ യുവതി ദിവസങ്ങള്‍ ചത്തുജീവിച്ചു. കാമ്പില്‍ ആ അമ്മയെ കാണാന്‍ പുറപ്പെടുന്ന മകള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് തന്റെ പ്രിയപ്പെട്ട അമ്മയ്ക്കു കൊടുക്കാന്‍ ഭക്ഷണം ഉണ്ടാക്കുന്നു. ആ മകളുടെ പ്രായം 12 വയസ്സാണ്. അവള്‍ അനുഭവിച്ചുതീര്‍ത്ത ദുരന്തജീവിതപാഠങ്ങളും നീന്തിക്കടന്ന കണ്ണീര്‍ക്കടലുകളും എത്രമാത്രമാവണം! ഭക്ഷണം പൊതിഞ്ഞുകെട്ടി അമ്മയെ കാണാന്‍ ക്യാമ്പിലേയ്ക്കു നടക്കുന്ന കുഞ്ഞ് വഴിതെറ്റി ഏറെനേരം നടന്നപ്പോഴേയ്ക്കും വിശന്നുവലഞ്ഞു. ഒടുവില്‍ ആ ഭക്ഷണപ്പൊതി അഴിച്ച് അതെടുത്തു കഴിച്ചുപോവുകയാണ്. അമ്മയുടെ അരികില്‍ അവള്‍ എത്തുമ്പോഴേയ്ക്കും അമ്മയ്ക്കു നല്‍കാനായി കുഞ്ഞുകൈകളില്‍ ഒന്നുമില്ലാതെ അവള്‍ വിഷമിക്കുന്നു. സ്വന്തം ജീവനേക്കാള്‍ ഉപരിയായി മക്കളെ ഓര്‍ത്ത് വിഷമിക്കുന്ന ഒരമ്മയുടെ ചിത്രം ആ കുട്ടി വരച്ചിടുന്നത് ആരുടേയും കണ്ണുകള്‍ നനയിക്കുന്നതാണ്. അമ്മയ്ക്ക് മകളെ കാണാന്‍ അനുവദിക്കപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളില്‍ എവിടെനിന്നോ തേടിക്കൊണ്ടുവന്ന ഒരു ഗ്ലാസ് പച്ചവെള്ളം നല്‍കി ദാഹം തീര്‍ത്താണ് അമ്മ മകളെ തിരിച്ചയക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലെ ആര്‍ക്കോ കൈക്കൂലി കൊടുത്ത് 16 ദിവസത്തെ നരകജീവിതത്തിനുശേഷം ശേഷം അമ്മ രക്ഷപ്പെടുകയാണ്.

ഒരാളുടെ ഭാവി അവസരങ്ങള്‍ വ്യക്തിയുടെ സോങ്ബന്‍ അഥവാ ജാതിയെ ആശ്രയിച്ചിരിക്കും. ജാതി എന്നാല്‍, ഭരണകൂടത്തിനോടുള്ള കൂറിനെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്നു തട്ടാണ്. ഏറ്റവും മുന്തിയത് ബഹുമാന്യരായ വിപ്ലവകാരികള്‍, കര്‍ഷകര്‍, രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവര്‍, പിന്നെ കിം കുടുംബത്തോട് അചഞ്ചലമായ ഭക്തി കാത്തുസൂക്ഷിക്കുന്നവര്‍. രണ്ടാമതായി വ്യാപാരികള്‍, ബുദ്ധിജീവികള്‍ പിന്നെ ഭരണത്തോട് പൂര്‍ണ്ണമായ കൂറ് ഇല്ലാത്ത സാധാരണക്കാരും. ഏറ്റവും താണതട്ടാണ് അടുത്തത് - പഴയ ഭൂവുടമകള്‍, അവരുടെ സന്തതി പരമ്പരകള്‍, മുതലാളിമാര്‍, പഴയ തെക്കന്‍ കൊറിയന്‍ പട്ടാളക്കാര്‍, ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ മറ്റു മതവിഭാഗങ്ങള്‍, രാഷ്ട്രീയത്തടവുകാര്‍, ഭരണകൂടത്തിന്റെ ബാക്കി ശത്രുക്കളുമടങ്ങുന്ന മൊത്തം വര്‍ഗ്ഗശത്രുക്കളുടേതാണ് മൂന്നാമത്തെ ശ്രേണി.

ജങ്മാദങ്ങ് ജനറേഷന്‍ അഥവാ മാര്‍ക്കറ്റ് ഇക്കണോമിയെ പ്രണയിക്കുന്നവര്‍

ഭരണകൂടത്തിന്റെ പ്രോപഗാണ്ട അത്രയും വിശ്വസിച്ചു വളര്‍ന്ന കിം കുടുംബത്തെ രാജരക്തമായി കണ്ട തലമുറയില്‍നിന്നും ഏറെ വ്യത്യസ്തമാണ് പുതുതലമുറ. വിപണി തുറന്നുകൊടുത്ത ചൈനയുമായുള്ള സമീപ്യം, ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ടു എങ്കിലും പുറത്തുനിന്ന് എത്തുന്ന സിഡികളിലൂടേയും മറ്റും കാണുന്ന ലോകത്തിന്റെ നിറമുള്ള ജീവിതചിത്രങ്ങള്‍ ഒക്കെയും അവരെ പുതിയൊരു ജീവിതക്രമത്തിലേക്കു അടുപ്പിക്കുകയാണ്. വിപണി ആഭിമുഖ്യമുള്ള പുതുതലമുറ എന്ന അര്‍ത്ഥത്തിലാണ് ജങ്മാദങ്ങ് ജനറേഷന്‍ എന്ന ഒരു പ്രയോഗം അടുത്തകാലത്തായി വന്നത്. അതിര്‍ത്തി കടന്നെത്തിയ സംഗീത ആല്‍ബങ്ങളുടെ സിഡികള്‍ കണ്ടില്ലായിരുന്നുവെങ്കില്‍ കിം പിതാക്കന്മാരെ സ്തുതിക്കുന്ന ഭക്തിഗാനങ്ങള്‍ മാത്രമാവുമായിരുന്നു അവളുടെ സംഗീതം എന്നവള്‍ എഴുതുന്നു.  അതിര്‍ത്തി കടന്നെത്തിയ ഹോളിവുഡ് മൂവി ടൈറ്റാനികിന്റെ വ്യാജ പകര്‍പ്പ് കണ്ട ശേഷമാണ് ലോകത്ത് സ്വതന്ത്ര്യം പ്രണയം എന്നൊക്കെ പറയുന്ന സംഗതികള്‍ ഉണ്ടെന്നവള്‍ അറിയുന്നത്. ആ ദൃശ്യങ്ങളും സംഗീതവുമാണ് അവരെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് എടുത്തുയര്‍ത്തിയത് എന്നുപറയുമ്പോള്‍ എന്തുകൊണ്ടാണ് അസഹിഷ്ണുതയുടെ ആരാധകര്‍ എവിടേയും കലയേയും സാഹിത്യത്തേയും ആദ്യമേ ഇല്ലായ്മ ചെയ്യുന്നത് എന്നു നമുക്കു മനസ്സിലാക്കാം. തങ്ങളുടെ അന്ത്യംകുറിക്കാന്‍ തത്വചിന്തകളോ നീതിശാസ്ത്രങ്ങളോ വേണ്ട, കലയും സംഗീതവും ഒക്കെ മതി എന്ന തിരിച്ചറില്‍നിന്നുമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ അവര്‍ ആദ്യം കത്തിവെയ്ക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിന് അപകടകരമായ മനുഷ്യന്റെ ഭാവനയെ, സ്വാതന്ത്ര്യബോധത്തെ ഒന്നും തുറന്നു വിടരുത് എന്ന ചിന്തയാണത്.

ജനാധിപത്യം ആവശ്യപ്പെടുന്നത് കൂടുതല്‍ ചോദ്യങ്ങള്‍ ആണെങ്കില്‍ സ്വേച്ഛാധിപത്യം ചോദ്യങ്ങള്‍ ഇല്ലാതിരിക്കലാണ്. സോഷ്യലിസം എന്ന പേരില്‍ പിടിച്ചുപറിക്കലല്ലാതെ എന്തെങ്കിലും തങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ തന്നതായി അവര്‍ക്കറിയില്ല. അവര്‍ കണ്ടുവളര്‍ന്നതത്രയും നിയമവിരുദ്ധ വ്യാപാരങ്ങളും അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തും അതു നടത്താനുള്ള കോഴയിടപാടുകളും മാത്രമാണ്. ആ പുതിയ തലമുറയുടെ ജീവിതാഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി തുടരാന്‍ ഏകാധിപതികള്‍ക്ക് എത്രനാള്‍ കഴിയും എന്ന ചോദ്യത്തിനുത്തരം സമീപഭാവിയില്‍ത്തന്നെ എന്നതിന്റെ തെളിവാണ് യോന്‍മിയും അവളെപ്പോലുള്ള മറ്റു പലരും, അവര്‍ പൊളിച്ചടുക്കുന്ന ഭരണകൂടത്തിന്റെ നുണകളും. വടക്കന്‍ കൊറിയയില്‍ ജനിച്ചു എന്നതിലും വടക്കന്‍ കൊറിയയില്‍നിന്നു പുറത്തുകടന്നു എന്നതിലും അഭിമാനംകൊള്ളുന്നു എന്ന ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കൃത്യമാണ്.

എന്തിലുമുപരിയാണ് മനുഷ്യനു സ്വാതന്ത്ര്യം. ഭരണകൂടം ജീന്‍സിനെ കാണുന്നത് ഒരു അമേരിക്കന്‍ സാധനമായിട്ടാണ്. ഒരു ജീന്‍സ് ധാരിയെ കണ്ടാല്‍ പൊലീസ് ദേഹത്തില്‍നിന്നും യാങ്കിക്കുപ്പായത്തെ അറുത്തുമാറ്റി ദേഹിയെ മോചിപ്പിക്കുകയായിരുന്നു പതിവ്. അതു വകവയ്ക്കാതെയാണ് ഇന്നു യുവാക്കള്‍ ജീന്‍സ് ആഘോഷമാക്കുന്നത്. എന്തുകൊണ്ട് അത്തരം നടപടികളില്‍നിന്നും പിന്നോട്ട് പോയി എന്നു ശ്രദ്ധിച്ചു നോക്കിയാല്‍ നേതൃത്വം ഒരു വലിയ പ്രക്ഷോഭം ഭയക്കുന്നുണ്ട്. അതിനു മറുമരുന്നായി അവര്‍ കാണുന്നത് ഒരു പരിധിവരെ നിയമവിരുദ്ധമായ കള്ളക്കടത്തടക്കം വിപണി ഇടപാടുകളില്‍ ഇടപെടാതിരിക്കുകയാണ്, ഒരര്‍ത്ഥത്തില്‍ അലിഖിതമായ അനുമതി. പ്രതിവിപ്ലവം തടയാനുള്ള ഒരു സേഫ്റ്റി വാള്‍വ് അതാണെന്ന് കിമ്മിനും കൂട്ടര്‍ക്കും അറിയാം. ആ സേഫ്റ്റിവാള്‍വ് തന്നെ ഒരു വരുമാന ഉപാധിയാക്കി ഉദ്യോഗസ്ഥവൃന്ദവും പൊലീസും മാറുമ്പോള്‍ അഴിമതിയുടെ കൂത്തരങ്ങായി സമൂഹം അധഃപതിക്കുന്നു. വടക്കന്‍ കൊറിയയില്‍ സംഭവിക്കുന്നത് അതാണ്.

ഉത്തര കൊറിയയിലെ വാങ്ഹേ പ്രവിശ്യയിലെ ഫാം സന്ദർശിക്കുന്ന കിം
ഉത്തര കൊറിയയിലെ വാങ്ഹേ പ്രവിശ്യയിലെ ഫാം സന്ദർശിക്കുന്ന കിം

കൊറിയന്‍ പെണ്‍കുട്ടികളെ വേട്ടയാടുന്ന ചൈനീസ് വ്യാളികള്‍

തന്റെ എതിര്‍പ്പിനെ അവഗണിച്ചും മനുഷ്യക്കടത്തിലൂടെ മൂത്തമകള്‍ യൂന്‍മി ചൈനയിലേക്കു കടന്നു എന്നറിയുന്നതോടെ അമ്മയും തടവറകള്‍ മാറാരോഗിയാക്കിയ അച്ഛനും ഇളയമകളും അടങ്ങുന്ന ആ കുടുംബം തകര്‍ന്നുപോവുകയാണ്. വെറുതെ പറയുകയേ ഉള്ളൂ, അവള്‍ തന്നെ ധിക്കരിച്ചു പോവില്ലെന്നു വിശ്വസിച്ചുപോയ അമ്മ അവസാനമായി ആ മകളെ ഒന്നു കെട്ടിപ്പിടിക്കാതിരുന്നതില്‍, ഒരു സ്‌നേഹചുംബനം അവള്‍ക്കു നല്‍കാതെ പോയതില്‍ വിലപിക്കുകയാണ്. തണുത്തുറഞ്ഞ നദിയില്‍, അല്ലെങ്കില്‍ ആരുടെയെങ്കിലും കൈകളാല്‍ തന്റെ മകള്‍ക്കെന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്നു വിലപിക്കുമ്പോഴും തന്റെ ശബ്ദം തൊട്ടപ്പുറത്തുള്ള കുടുംബം കേള്‍ക്കാതിരിക്കാനും കൂടി ശ്രദ്ധിക്കേണ്ടിവരികയാണ് ആ പാവത്തിന്. അങ്ങനെയൊരു സംഭവം നടന്നുവെന്നു പുറത്തറിഞ്ഞാല്‍ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിക്കും എന്നതു പ്രവചനാതീതമാണ്, അവരനുഭവിക്കേണ്ടി വരുന്ന പീഡനപര്‍വ്വങ്ങളും. ഇയൂന്‍മി എഴുതിവച്ച കത്തില്‍ പരാമര്‍ശിച്ച, അവളെ ചൈനയിലേക്കു നദീമാര്‍ഗ്ഗം കടത്തിവിട്ട സ്ത്രീയില്‍നിന്നും മകളുടെ വിവരമറിയാന്‍ പോയി പരാജയപ്പെട്ടപ്പോള്‍, ആ അമ്മ ഇളയ മകളെ അയക്കുന്നു, ചൈനയിലേക്കു കടത്തിവിടണമെന്ന ആഗ്രഹമുണ്ടെന്നു പറഞ്ഞ് അവരെ സമീപിച്ചു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍. ചേച്ചിയെ അവര്‍ ചൈനയിലേക്ക് കടത്തി എന്നറിയുന്ന നിമിഷം, ആ 13കാരി എവിടുത്തേക്കായാലും ശരി, ഈ നരകത്തില്‍നിന്നു കരകയറണം എന്നു തീരുമാനിക്കുന്നു. അവള്‍ അമ്മയെ നിര്‍ബ്ബന്ധിച്ചു സമ്മതിപ്പിക്കുന്നു. അപ്പോഴും യാതൊരു പ്രതിഫലവുമില്ലാതെ ആ സ്ത്രീ, തങ്ങളെ എന്തിനു സഹായിക്കുന്നു എന്നൊരു ചിന്ത അവരിലുണ്ടായില്ല എന്നവള്‍ എഴുതുന്നു. എവിടെയെങ്കിലും എന്തെങ്കിലും ഒരു ചതിക്കുഴി അവര്‍ പ്രതീക്ഷിച്ചില്ല. ഒരുപക്ഷേ, ഇതിലും വലുത് എന്തുവരാനിരിക്കുന്നു എന്ന ചിന്തയുമാവാം. മറ്റെല്ലാവരേയും പോലെ അവരും എല്ലാം കണ്ണടച്ചു വിശ്വസിച്ചു പോയെന്നും അതെന്തുകൊണ്ടെന്നു തനിക്കറിയില്ലെന്നും യോന്‍മി എഴുതുന്നു.

പതിമൂന്നുകാരി മകളും നാല്പത്തിരണ്ടുകാരി അമ്മയും രാജ്യം വിടാനുള്ള നിര്‍ണ്ണായകമായ തീരുമാനത്തിലേക്ക് നീങ്ങുന്നു. തങ്ങളെത്തിപ്പെട്ട ചൈനീസ് അതിര്‍ത്തിയിലെ ചൈനീസ് ബ്രോക്കര്‍മാരില്‍നിന്നും അവര്‍ നേരിട്ട അനുഭവം അവളുടെ തന്നെ വാക്കുകളില്‍ വായിക്കുക.
''അയാള്‍ എന്നെ വേണമെന്ന് അമ്മയോട് പറഞ്ഞു. എനിക്ക് 13 വയസ്സ് മാത്രമേ ഉള്ളൂവെന്നോ ഞാന്‍ മകളാണെന്നോ അയാളറിയില്ല എന്ന കാര്യം അമ്മയുടെ മനസ്സിലോടി. സമ്മതിച്ചില്ലെങ്കില്‍ അയാള്‍ ഞങ്ങളെ തിരിച്ചു കൊറിയന്‍ ഗാര്‍ഡുകള്‍ക്കു കൈമാറും. അതുകൊണ്ട് എനിക്ക് തീരെ സുഖമില്ലെന്നും, അടുത്തായി ഒരു ഓപ്പറേഷന്‍ കഴിഞ്ഞുള്ള തയ്യലുള്ളതാണെന്നും ഉപദ്രവിച്ചാല്‍ തുന്നലു പൊട്ടിപ്പോവുമെന്നും അയാളോട് പറഞ്ഞു...''

''ഞാന്‍ കരുതലോടെ ചെയ്‌തോളും'' അയാള്‍ പറഞ്ഞു.
''ഇല്ല, പറ്റില്ല'' എന്റെ അമ്മ നിലവിളിച്ചു.
''അതിനു നിനക്കെന്താണ്? നീയെന്തിനാണ് അവളെപ്പറ്റി വേവലാതിപ്പെടുന്നത്?'' അയാള്‍ ചോദിച്ചു.
''ഞാന്‍ അവളുടെ ആന്റിയാണ്'' എന്റെ അമ്മ പറഞ്ഞു. ''ശരിക്കും ഞാനത് വെളിപ്പെടുത്താന്‍ പാടില്ലെങ്കിലും.''
''പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍, ഞങ്ങള്‍ക്കു നിങ്ങളെ തിരിച്ചയക്കേണ്ടിവരും. അവര്‍ അറസ്റ്റ് ചെയ്തു കോണ്ടുപോയിക്കോളും.''
''ഞങ്ങള്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല'' അമ്മ പറഞ്ഞു. ''പകരം എന്നെ എടുത്തോളൂ.''
കുറച്ചുസമയ ശേഷം അയാള്‍ അമ്മയുമായി തിരിച്ചെത്തി ഒരു വാഹനത്തില്‍ അവരെ കയറ്റിവിട്ടു.
പോകുന്ന വഴിയില്‍ മകള്‍ അമ്മയോട്...
''ഉമ്മാ, എന്താ സംഭവിച്ചത്?'' ഞാന്‍ ചോദിച്ചു. അങ്ങനെ വിളിക്കരുതെന്ന ബ്രോക്കറുടെ ഉപദേശം ഞാന്‍ തല്‍ക്കാലം മറന്നുപോയി.
''ഏയ്, ഒന്നും പറ്റിയില്ല, മോള് വിഷമിക്കണ്ട'' അമ്മ പറഞ്ഞു. പക്ഷേ, അമ്മയുടെ ശബ്ദത്തിലെ ആ വിറയല്‍ എനിക്കനുഭവപ്പെട്ടു.

ദിവസങ്ങളായി മുഴുവന്‍ വിശന്നുവലഞ്ഞ മകള്‍ എന്തെങ്കിലും കഴിക്കാന്‍ കിട്ടിയെങ്കില്‍ എന്നു ചിന്തിച്ചു, ആ അമ്മ മകളുടേയും തന്റേയും ഭീതിദമായ അവസ്ഥയില്‍നിന്നൊരു മോചനത്തെപ്പറ്റിയും. അവരെ വിലപേശി വില്‍ക്കാനാണ് എത്തിച്ചത് എന്ന തിരിച്ചറിവുണ്ടാകുന്നത് ആ യാത്രയ്‌ക്കൊടുവിലാണ്. വില്‍പ്പന കഴിഞ്ഞ് അടുത്ത ബ്രോക്കര്‍ അവരെ കൊണ്ടുപോവാന്‍ പുലര്‍ച്ചെ എത്തി.

ഇനി യോന്‍മിയുടെ വാക്കുകളില്‍.

''ഞങ്ങള്‍ പുറത്തേയ്ക്ക് നടന്നു. കഷണ്ടിക്കാരനായ ബ്രോക്കര്‍ എന്നോട് ഗെയ്റ്റിനടുത്ത് നില്‍ക്കാന്‍ പറഞ്ഞു. അയാള്‍ എന്റെ അമ്മയെ നിലത്തേയ്ക്ക് തള്ളിയിട്ടു, എന്റെ കണ്‍മുന്നില്‍ ബലാത്സംഗം ചെയ്തു, ഒരു വന്യമൃഗത്തെപ്പോലെ. ഞാന്‍ അമ്മയുടെ കണ്ണുകളില്‍ അത്രമേല്‍ പേടി ഒരിക്കലും കണ്ടിരുന്നില്ല. അവിടെനിന്നു പേടിച്ചുവിറയ്ക്കാനല്ലാതെ മറ്റൊന്നിനും എനിക്കായില്ല, ഒന്നു നിര്‍ത്താന്‍ ഞാന്‍ അയാളോട് നിശ്ശബ്ദമായി യാചിക്കുകയായിരുന്നു. സെക്‌സിന് ഒരു അവതാരികയായി എനിക്കത്.''
''എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളെ ഒരു ടാക്‌സിയുടെ പിന്‍സീറ്റിലേക്ക് തള്ളി. ആ ഞെട്ടല്‍ ഞങ്ങളെ വിട്ടുപോയില്ല, നാവു താണുപോയതുപോലെ നിശ്ശബ്ദത ഞങ്ങളെ മൂടി... ഞാനും അമ്മയും ഒട്ടിച്ചേര്‍ന്നിരുന്നു, മനസ്സിന് ഒരിത്തിരി ശാന്തത കൈവരുത്താന്‍ വൃഥാ ശ്രമിച്ചു നോക്കി.''

ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയും മകളും വേര്‍പെട്ടു പോവുന്നു, ചൈനീസ് ഭാര്യമാരായി. കുഞ്ഞുമകളെ വാങ്ങിയവര്‍ അമ്മയ്ക്ക് നല്‍കിയ വാക്കിനു പുല്ലുവിലപോലും കല്പിച്ചില്ല. ആ 13കാരിക്ക് എങ്ങനെയെങ്കിലും തന്റെ അമ്മയെ കാണണമെന്നും അച്ഛനെ കൂടെകൂട്ടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവളെ കൈവശം വെച്ചയാള്‍ മനസ്സിലാക്കുന്നു. പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഭീഷണിയും പരാജയപ്പെട്ടപ്പോഴുള്ള ബലാത്സംഗ ശ്രമങ്ങളില്‍നിന്നും അവള്‍ അലറിക്കരഞ്ഞും കുതറിമാറിയും രക്ഷപ്പെട്ടുകൊണ്ടിരുന്നു. കണ്ടവരെല്ലാം തന്നെ ബലാത്സംഗം ചെയ്യാന്‍ മാത്രമാണ് ആഗ്രഹിച്ചത് എന്നൊരു കുഞ്ഞു പറയുമ്പോള്‍ ആ ഭീതിദമായ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികള്‍? ഒടുവില്‍ അമ്മയെ കണ്ടത്താമെന്നും അച്ഛനെ കണ്ടെത്തി ചൈനയിലേയ്ക്കു കൊണ്ടുവരാമെന്നും അയാള്‍ വാഗ്ദാനം ചെയ്യുന്നു, പ്രതിഫലം അവളെ ഭോഗിക്കണം എന്നുമാവുമ്പോള്‍ ഒരു പതിമൂന്നുകാരി മറ്റെന്തു ചെയ്യാന്‍? യോന്‍മിയുടെ വാക്കുകളിലേയ്ക്ക്.

''ജീവിതത്തില്‍ കൂടുതലും ഞാന്‍ എന്നെപ്പറ്റി മാത്രമേ ആലോചിച്ചിരുന്നുള്ളൂ. എന്റെ മാത്രമായ മാനത്തിലുപരിയായി എന്റെ കുടുംബത്തെ തെരഞ്ഞെടുക്കാനുള്ള ഒരവസരമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ബലാത്സംഗം ചെയ്യപ്പെടുന്നതിനെക്കാള്‍ മരണമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ഒന്നുകില്‍ എനിക്കു മാത്രം വേണ്ടി മരണം തിരിഞ്ഞെടുക്കുക അല്ലെങ്കില്‍ കുടുംബത്തെ കൂടി രക്ഷിക്കുക.''

''അതൊരു ബിസിനസ് ഇടപാടാണ് ബലാത്സംഗമല്ലല്ലോ. എന്നു ഞാന്‍ ഏറെ നേരം സ്വയം ആലോചിച്ചു. പതിമൂന്നര വയസ്സ് മാത്രം പ്രായവും പ്രായത്തിന്റെ വളര്‍ച്ചയുമില്ലാത്ത ഒരു കുട്ടിയുമായിരുന്നു ഞാന്‍. ഹോങ്ങ്വൈ എനിക്കുമേല്‍ അമര്‍ന്നപ്പോള്‍ ഞാന്‍ രണ്ടായി പിളരുന്നതായാണ് തോന്നിയത്. ഭയം വന്നെന്നെ മൂടി. അത്രമേല്‍ വേദനയോടെ വെറുപ്പോടെ ആ ഹിംസാത്മകത മുഴുവനായും ഞാന്‍ സഹിച്ചു, ഇതൊരിക്കലും എനിക്കു സംഭവിക്കരുതായിരുന്നു എന്ന ദുഃഖചിന്തയോടെ.''

ആ സംഭവം നല്‍കിയ ശാരീരികമായ വേദന ഒരു പരിധി വരെ അവളുടെ മനോവേദനകളെ കുറച്ചതായി അവള്‍ എഴുതുന്നു, അവളിലെ ബാല്യം അതോടുകൂടി അപ്രത്യക്ഷമായെന്നും. താനൊന്നും പറയാതെ തന്നെ തന്റെ അമ്മയ്ക്കും അച്ഛനും തനിക്കു സംഭവിച്ചത് മനസ്സിലായെന്നും.

അയാള്‍ പക്ഷേ, വാക്കുപാലിച്ചു. മരണാസന്നനായ അച്ഛനേയും അമ്മയേയും അവള്‍ക്കു തിരിച്ചുകിട്ടിയെങ്കിലും അച്ഛന്‍ ചൈനയില്‍ മരിച്ചു. ഹോങ്ങ്വൈയുടെ സഹായത്തോടെ അച്ഛനെ രഹസ്യമായി മറവു ചെയ്യേണ്ടി വന്നു. അകാലത്തില്‍ ഭരണകൂടം ചവച്ചുതുപ്പിയ തന്റെ പ്രിയപ്പെട്ട അച്ഛന്റെ ഓര്‍മ്മകളുമായി അമ്മയേയും കൂട്ടി മംഗോളിയ വഴി അതിസാഹസികമായി അവള്‍ തെക്കന്‍ കൊറിയയിലേക്ക് രക്ഷപ്പെട്ടു. ഇന്നു ലോകം അവളുടെ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്, ഒരു ജനതയുടെ ജീവിതം ഇത്രമേല്‍ ഭീതിദമാക്കുന്ന സ്വേച്ഛാധിപതിയുടെ ആസന്നപതനത്തിന്റെ സുഗന്ധം പേറുന്നതാണ് ചോരയിലും കണ്ണീരിലും മുക്കിയെഴുതിയ ഇന്‍ ഓര്‍ഡര്‍ റ്റു ലിവ്. അതിനുവേണ്ടി തന്നെയാണ് സകലഭീഷണികളേയും അതിജീവിച്ചുള്ള അവളുടെ ഇനിയങ്ങോട്ടുള്ള പോരാട്ടങ്ങളും.

എല്ലാ ദുരന്തങ്ങളേയും പ്രതികൂലമായ സാഹചര്യങ്ങളേയും മാത്രമല്ല, നേരിടേണ്ടി വരുന്ന പീഡനങ്ങളെയത്രയും അതിജീവിക്കാനുള്ള കരുത്ത് പുരുഷനേക്കാള്‍ ഏറെയാണ് സ്ത്രീക്ക് എന്നു തോന്നുന്നു, യോന്‍മിയുടെ ജീവിതം നമ്മെ അതു പഠിപ്പിക്കുന്നു.
-----
 Reference: In Order to Live: A North Korean Girl's Journey to Freedom by Yeonmi Park

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com