നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്‍ക്കുന്നത്

രണ്ട് പ്രളയങ്ങള്‍ക്കും നവകേരളമെന്ന ഭാവനാസൃഷ്ടിക്കും ശേഷം മറ്റൊരു ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നമുക്ക് ദുരന്താനന്തരമുള്ള പാഠങ്ങള്‍ പഠിക്കുന്നതില്‍ പിഴവ് ഉണ്ടായോ?
നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്‍ക്കുന്നത്

ണ്ട് പ്രളയങ്ങള്‍ക്കും ഭാവനാസൃഷ്ടിയായ നവകേരള നിര്‍മിതിക്കും ശേഷം പുതിയൊരു ദുരന്തമുഖത്താണ് നമ്മള്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെയും പോലെ ഇത്തവണയും അതിവര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വന്നു കഴിഞ്ഞു. ദുരന്തം പകര്‍ന്ന ഗുണപാഠങ്ങളെ ഉള്‍ക്കൊണ്ട് ജീവിതശൈലി മുതല്‍ ഭരണനയങ്ങള്‍ വരെ ശുദ്ധീകരിക്കപ്പെടുമെന്ന ധാരണയാണ് കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ തെറ്റിയത്. എല്ലാം നമ്മള്‍ അതിജീവിച്ചെന്ന ആത്മവിശ്വാസം കലര്‍ന്ന അഹങ്കാരത്തോടെ നാം നമ്മുടെ പഴയ വ്യവസ്ഥകളിലേക്ക് തിരിച്ചുപോയി. കൂടുതല്‍ ഉറപ്പുള്ള മതിലുകള്‍ കെട്ടി, ചായംകൊണ്ട് പ്രളയരേഖകള്‍ മായ്ച്ച് അസുഖകരമായ ആ ദുരന്തത്തെ മറക്കാന്‍ ശ്രമിച്ചു. ഉരുള്‍പൊട്ടലുകളുടെ സംഹാരതാണ്ഡവം മറന്ന് മലഞ്ചെരിവുകളില്‍ ക്വാറികള്‍ സജീവമായി. പുത്തുമലയും കവളപ്പാറയും ദുരന്തങ്ങളുടെ ചരിത്രരേഖകളിലൊന്നായി.

ചെറിയൊരിടവേളയ്ക്കു ശേഷം മലയിടിച്ച് കെട്ടിപ്പൊക്കിയ റിസോര്‍ട്ടുകള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി. പുനര്‍ചിന്തയുണ്ടാകുമെന്ന് കരുതിയ വികസനപദ്ധതികള്‍ക്ക് വേഗംവച്ചു. കേരളത്തിന്റെ വികസന സ്വപ്നങ്ങളുടെ പട്ടികയില്‍ അതിവേഗ റെയില്‍പാത പോലുള്ള പദ്ധതികള്‍ വീണ്ടും സ്ഥാനംപിടിച്ചു. നവകേരളമെന്ന പുതുമയുടെ ഭാവനാസൃഷ്ടിയായിരുന്നു ഭരണസംവിധാനങ്ങളും അവതരിപ്പിച്ചത്. ദുരന്തത്തില്‍ കൈകോര്‍ത്ത പൗരസമൂഹം  യാഥാസ്ഥിതികതയിലേക്കും വിഘടിച്ച് മടങ്ങുകയും ചെയ്തു. പ്രത്യാശാരഹിതമായ പിന്‍മടക്കങ്ങളായിരുന്നു എവിടെയും. വീണ്ടുമൊരു പ്രളയസാധ്യതയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദുരന്തങ്ങളുടെ പേരില്‍ വ്യത്യസ്ത നിഗമനങ്ങളിലെത്തിച്ചേര്‍ന്ന നാം പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിച്ച നയങ്ങളിലുണ്ടാകേണ്ട കാതലായ മാറ്റങ്ങളെ ബോധപൂര്‍വം വിസ്മരിച്ചു.

പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുന്ന നയങ്ങളും പുനര്‍നിര്‍മാണവും ഒരേ കേന്ദ്രത്തില്‍നിന്ന് തന്നെ രൂപപ്പെടുന്നതിന്റെ അയുക്തി ആദ്യം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുകയും പിന്നെ അത് പരിഹരിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നവരുടെ രീതിശാസ്ത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. 2018-ലെ പ്രളയത്തിന് ശേഷം ഇനി പുതിയ തുടക്കം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വികസനനയമായിരിക്കും ആവിഷ്‌കരിക്കുക. അതിന്റെ അടിസ്ഥാനത്തിലാകും പുനര്‍നിര്‍മാണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, നവകേരളം എന്ന പ്രയോഗമല്ലാത്ത, ഒട്ടും പുതുമയില്ലാത്ത പുനര്‍നിര്‍മാണ പരിപാടികളാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നതെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബോധ്യപ്പെട്ടു.

പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നെങ്കിലും കേരളത്തിന്റെ വീണ്ടെടുക്കലിനെക്കുറിച്ച് ദുരന്തലഘൂകരണത്തെക്കുറിച്ചും വ്യക്തമായ ദിശാസൂചനകളൊന്നും നല്‍കാത്ത പ്രമേയമാണ് മുഖ്യമന്ത്രി അന്ന് അവതരിപ്പിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദിപ്രകാശം എന്നതില്‍ മാത്രം അത് ഒതുങ്ങി. ഓഗസ്റ്റ് 30-ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിലും പുനര്‍നിര്‍മാണം സംബന്ധിച്ച നയരൂപീകരണത്തിന് വ്യക്തത വന്നില്ല. എട്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മഴക്കെടുതികളുടെ ഉത്തരവാദിത്വം സര്‍ക്കാരില്‍ ആരോപിക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഭരണപക്ഷ അംഗങ്ങളും വീറോടെ ശ്രമിച്ചു. വിഡ്ഢിത്തങ്ങള്‍ പുലമ്പി സ്വന്തം ചെയ്തികളെ ന്യായീകരിക്കുകയായിരുന്നു ഭരണപക്ഷത്തെ പ്രതിനിധികളായ പി.വി. അന്‍വറും തോമസ് ചാണ്ടിയും എസ്. രാജേന്ദ്രനുമൊക്കെ. പരിസ്ഥിതി നിയമലംഘനത്തിന് അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനം ഉപയോഗിക്കുന്നവരുടെയും കൈയേറ്റക്കാരുടെ ശബ്ദമായി മാറിയവരുടെയും പുലമ്പലുകളാണ് അന്നു മുഴങ്ങിക്കേട്ടത്.

2018ലെ പ്രളയത്തിൽ ആലുവ- പറവൂർ ഭാ​ഗം മുഴുവൻ വെള്ളത്തിനിടയിലായപ്പോൾ
2018ലെ പ്രളയത്തിൽ ആലുവ- പറവൂർ ഭാ​ഗം മുഴുവൻ വെള്ളത്തിനിടയിലായപ്പോൾ

വികസനത്തിന്റെ ഒനൗചിത്യം

അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നം. കഴമ്പില്ലാത്ത വാഗ്വാദങ്ങളില്‍ ചര്‍ച്ച ചുറ്റിത്തിരിഞ്ഞപ്പോള്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി എങ്ങനെ പരിഗണിക്കപ്പെടണം എന്ന് ആരും പറഞ്ഞില്ല. മാഗവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ 2012-ലെ ഐകകണ്ഠേന പ്രമേയം പാസാക്കിയ നിയമസഭാസമ്മേളനത്തിന്റെ ആവര്‍ത്തനം തന്നെയാണ് 2018-ലുമുണ്ടായത്. കേരളം പിന്തുടരുന്ന വികസനമാതൃകയുടെ പ്രശ്നങ്ങള്‍ വ്യക്തമാക്കിയ ഒരു ദുരന്തകാലം കടന്നുപോയിട്ടും നയപരമായ തിരുത്തലുകള്‍ക്ക് നിയമസഭയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറായില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. തുടക്കത്തിലെ ഈ അനൗചിത്യം തുടര്‍ന്നങ്ങോട്ടും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഉപദേശി സ്ഥാനം കെ.പി.എം.ജി എന്ന കോര്‍പ്പറേറ്റ് ഓഡിറ്റിങ് ഭീമന്‍ ഏറ്റെടുത്തു. സൗജന്യസേവനമാണ് അവര്‍ നല്‍കുന്നതെന്നായിരുന്നു ന്യായീകരണം. പിന്നീട്, നവകേരളത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരിന്റെ ചര്‍ച്ചകളിലും സുസ്ഥിരവികസന സങ്കല്‍പ്പങ്ങളായിരുന്നില്ല പറഞ്ഞുകേട്ടത്.

പരിസ്ഥിതിക്ക് ഭ്രംശം നല്‍കുന്ന പതിവ് വികസന സങ്കല്‍പ്പങ്ങള്‍ തന്നെയാണ് പിന്നീടങ്ങോട്ടും അവതരിപ്പിക്കപ്പെട്ടത്. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ആദ്യം തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനം പുനര്‍നിര്‍മാണവുമായി ബന്ധമുള്ളതായിരുന്നില്ല. അത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള നിര്‍മാണങ്ങളായിരുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ കൃഷിയിടങ്ങളും റോഡുകളുമെല്ലാം പൈപ്പ് ലൈന്‍ പദ്ധതിക്കായി തുരന്നു. പൊലീസ് സന്നാഹത്തോടെ ദേശീയപാത 45 മീറ്ററാക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. പുതുവൈപ്പ് എല്‍.എന്‍.ജി പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കി. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവുകളിലും അതിന്റെ തുടര്‍ച്ചയായ ഇടനാടന്‍ കുന്നുകളിലും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടായിട്ടും ഒരു വികസനപദ്ധതിയും സര്‍ക്കാര്‍ വേണ്ടെന്ന് വച്ചില്ല. മലയോര ഹൈവേയും തീരദേശ ഹൈവേ പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. പുനര്‍നിര്‍മാണത്തിന് ആഗോള സമൂഹത്തിന്റെ സാമ്പത്തികപിന്തുണ തേടിയസര്‍ക്കാര്‍ ഒടുവില്‍ പതിവുപോലെ എത്തിയത് ലോകബാങ്കിന്റെ ആശ്രയത്വത്തിലാണ്. വിപണി മുതലാളിത്തത്തിന്റെ നിക്ഷിപത് താല്പര്യങ്ങള്‍ക്ക് ഗുണകരമായ നവലിബറല്‍ പരിഷ്‌കരണങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ആ അവസ്ഥയില്‍ ആശ്വാസമായി വ്യഖ്യാനിക്കപ്പെട്ടു.

പൗര സമൂഹത്തിന്റെ ഇടപെടൽ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ തേടുന്ന വിദ്യാർത്ഥികൾ. ക്ലബുകളും കമ്മിറ്റികളും സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മയും റസിഡന്റ്സ് അസോസിയേഷനുകളും ജാതി, മത, ദേശ, രാഷ്ട്രീയ കൂട്ടായ്മകളുമായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്
പൗര സമൂഹത്തിന്റെ ഇടപെടൽ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ തേടുന്ന വിദ്യാർത്ഥികൾ. ക്ലബുകളും കമ്മിറ്റികളും സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മയും റസിഡന്റ്സ് അസോസിയേഷനുകളും ജാതി, മത, ദേശ, രാഷ്ട്രീയ കൂട്ടായ്മകളുമായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്

ദുരന്തത്തിന്റെ മൂന്നാംപക്കം

കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും ഈ വര്‍ഷം കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറം (സാസ്‌കോഫ്) വ്യക്തമാക്കിയിട്ടുണ്ട്. 104 ശതമാനം വരെ അധികമഴ ലഭിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുനോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചു വരികയാണെന്നു ഭൗമശാസ്ത്ര മന്ത്രാലയവും പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, പ്രവാസി-ഇതരസംസ്ഥാന മലയാളികളുടെ തിരിച്ചുവരവ് വെല്ലുവിളികള്‍ക്കിടെയാണ് തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷം ഈ ജൂണില്‍ എത്തുന്നത്. ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. 2018-ലേതു പോലെ മഴ കനത്താല്‍ ഇത്തവണ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളിത്തിനടിയിലാകുമെന്ന ആശങ്ക ജല മാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ക്കുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്കും സുരക്ഷിതമായ പ്രദേശങ്ങളിലേക്കും മാറ്റുന്നത് വെല്ലുവിളിയാണ്.

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രളയബാധ സാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് വെളിയിലാണെന്ന് ഉറപ്പുവരുത്തേണ്ടി വരും. ഇടുക്കിയിലടക്കമുള്ള അണക്കെട്ടുകളില്‍ നിലവില്‍ ഉയര്‍ന്ന ജലനിരപ്പാണ്. കാലവര്‍ഷത്തിനു മുമ്പേ ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ പെയ്യുന്ന മഴയില്‍ അണക്കെട്ട് നിറയും. 2018-ല്‍  സംഭവിച്ചത് അതാണ്. ഇടുക്കിയിലെ ജലനിരപ്പ് 15 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ഇതടക്കമുള്ള സ്ഥിതിവിവരക്കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ചീഫ് സെക്രട്ടറിക്ക് കേരള നദീ സംരക്ഷണ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും ചേര്‍ന്ന് കത്തുനല്‍കിയിട്ടുണ്ട്.  തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള നാല് അണക്കെട്ടുകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും ഈ കത്തില്‍ പറയുന്നുണ്ട്. മുല്ലപ്പെരിയാറില്‍നിന്നും പറമ്പിക്കുളത്ത് നിന്നും തമിഴ്നാട് 2018-ല്‍ വന്‍തോതില്‍ വെള്ളം തുറന്നുവിട്ടിരുന്നു. തമിഴ്നാട്ടിലെ ഷോളയാറില്‍നിന്നും കേരള ഷോളയാറിലേക്കും വെള്ളം ഒഴുക്കി. ചാലക്കുടി പുഴയുടെ നദീതടങ്ങളില്‍ വന്‍വെള്ളപ്പൊക്കത്തിന് കാരണമായത് ഈ നടപടികളായിരുന്നു.

പ്രളയ കാലത്ത് കോട്ടയം കുമരകത്തു നിന്നുള്ള ജനങ്ങളെ ലോറിയിൽ ഒഴിപ്പിക്കുന്നു
പ്രളയ കാലത്ത് കോട്ടയം കുമരകത്തു നിന്നുള്ള ജനങ്ങളെ ലോറിയിൽ ഒഴിപ്പിക്കുന്നു

പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കെപ്പെട്ടില്ല എന്ന് ഈ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ വാദങ്ങളൊന്നും സര്‍ക്കാരും കെ.എസ്.ഇ.ബിയും കണക്കിലെടുത്തിരുന്നില്ല. ഡാം മാനേജ്മെന്റിലെ പരാജയത്തെ മറയ്ക്കാന്‍ അപ്രതീക്ഷിതമായുണ്ടായ തീവ്രമഴയെ മാത്രം പഴിക്കുകയായിരുന്നു ഭരണസംവിധാനങ്ങള്‍. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്റ് വിദഗ്ദ്ധരും വേണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറെ ഗൗരവത്തോടെ തന്നെ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറി പറഞ്ഞിരുന്നു.

വെല്ലുവിളിയാകുന്ന ഡാം മാനേജ്‌മെന്റ്

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ കൂടി നോക്കാം. 2018-ല്‍ പ്രധാന റിസര്‍വോയറുകളില്‍ ഭൂരിഭാഗവും ഓഗസ്റ്റ് 14 മുതല്‍ 16 വരെയുണ്ടായ അതിശക്തമായ മഴയ്ക്ക് മുന്‍പ് തന്നെ ഏതാണ്ട് നിറഞ്ഞ നിലയിലായിരുന്നു, കുടുതല്‍ മഴ ലഭിക്കുമ്പോള്‍ ആ വെള്ളം സംഭരിക്കാനുള്ള ശേഷി ഈ ഡാമുകള്‍ക്ക് ഉണ്ടായിരുന്നില്ല. ഒരു ഡാമും വെള്ളപ്പൊക്കത്തെ നേരിടാന്‍ പാകത്തില്‍ റൂള്‍ കര്‍വ്സ് അപ്ഡേറ്റ് ചെയ്തില്ല, ദേശീയ ഡാം മാനേജ്മെന്റ് അതോറിറ്റിയുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ അനുസരിച്ചല്ല കേരളത്തിലെ ഒരു ഡാമും പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പ്രളയകാലത്ത് സ്വീകരിച്ച അതേ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ടിനെ തള്ളികളയുന്നതിനാണ് സര്‍ക്കാരും കെ.എസ്.ഇ.ബിയും ശ്രമിച്ചത്. ഡാം മാനേജ്മെന്റിന്റെ പരാജയം അവര്‍ ഇപ്പോഴും അംഗീകരിക്കാന്‍ സന്നദ്ധമല്ല. പ്രളയം മനുഷ്യനിര്‍മിതമല്ലെന്നും പ്രകൃതി ദുരന്തമാണെന്നുമുള്ള പല്ലവി അവര്‍ ആവര്‍ത്തിക്കുകയാണ്. കേന്ദ്ര ജലകമ്മീഷന്റെയും ഡാം സുരക്ഷാ അതോറിറ്റിയുടെയും റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ അവരുടെ വാദത്തെ സമര്‍ത്ഥിക്കുന്നതിനായി മുന്നോട്ടുവച്ചത്. അതിതീവ്ര മഴയാണ് പ്രളയകാരണം എന്ന നിഗമനത്തിലാണ് ഈ രണ്ട് ഏജന്‍സികളും.

കാലവര്‍ഷത്തിനു മുന്‍പു തന്നെ മുന്‍വര്‍ഷം സംഭരിച്ചിരുന്നതിനേക്കാള്‍ ഇരട്ടി ജലം അണക്കെട്ടുകളില്‍ സംഭരിച്ചിരുന്നു എന്ന കെ.എസ്.ഇ.ബിയുടെ രേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വാദത്തിന് വീണ്ടും തിരിച്ചടിയേറ്റു. സാധാരണഗതിയില്‍ മണ്‍സൂണ്‍ മഴയ്ക്ക് മുന്‍പ്, അതായത് മെയ് 31-ന് സംഭരണശേഷിയുടെ 10 ശതമാനം വെള്ളം മാത്രമേ അണക്കെട്ടുകളില്‍ സംഭരിക്കാറുള്ളൂ. എന്നാല്‍ 2018 മെയ് 31-ന് കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് 23.77 ശതമാനമായിരുന്നു. 2017 മെയ് 31-ന് 12.11 ശതമാനം മാത്രമായിരുന്നു ഇതെന്ന് കെ.എസ്.ഇ.ബി മറച്ചുവച്ച ലോഡ് ഡെസ്പാച്ച് സെന്ററിലെ കണക്കുകള്‍ തന്നെ കാണിക്കുന്നു. (ഇടുക്കി ഡാമില്‍ 2017 മെയ് 31-ന് 11.06 ശതമാനം ജലമാണ് സംഭരിച്ചിരുന്നതെങ്കില്‍ 2018 മെയ് 31-ന് അത് 25.22 ശതമാനം ആയിരുന്നു). പ്രളയജലം സംഭരിക്കാന്‍ കഴിയാതെ പോയതിന് പ്രധാന കാരണം ഇതുതന്നെയായിരുന്നു. സമാനമായ സാഹചര്യമാണ് ഈ വര്‍ഷവും. കെ.എസ്.ഇ.ബിയുടെയും ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ളതുമായ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിയാറില്‍ 97 ശതമാനമാണ് നിലവിലെ മൊത്ത സംഭരണശതമാനം. 2018-ലെ പ്രളയകാലത്ത് മണിയാര്‍ ഡാമിന് കേടുപാട് സംഭവിച്ചിരുന്നു. മണിയാറടക്കമുള്ള ഡാമുകളിലെ വെള്ളം തുറന്നുവിട്ടതോടെയാണ് പത്തനംതിട്ട ജില്ലയിലെ മിക്ക പ്രദേശങ്ങളും മുങ്ങിയത്.

2018-ല്‍ ഇടുക്കി അണക്കെട്ടിന്റെ മാനേജ്മെന്റ് ദുരന്തങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. പരമാവധി സംഭരണശേഷിയുടെ അടുത്ത് അതായത് 2399 അടിയായി ജലനിരപ്പ് ഉയര്‍ന്നപ്പോഴാണ് ആഗസ്റ്റ് 9-ന് ഉച്ചയ്ക്ക് 12 മണിക്ക് ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ കെ.എസ്.ഇ.ബി സന്നദ്ധമായത്. നാല് മണിക്കൂര്‍ നേരത്തേക്കാണ് ഡാം തുറന്നതെങ്കിലും പിന്നീട് ഷട്ടര്‍ അടയ്ക്കേണ്ടി വന്നില്ല. കൂടുതല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വന്നു. റിസര്‍വോയറിലേക്ക് ഒഴുകിയെത്താന്‍ പോകുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചോ, പെരിയാറിലേക്ക് ഒഴുക്കാന്‍ പോകുന്ന വെള്ളത്തെക്കുറിച്ചോ ഒരു ധാരണയും കെ.എസ്.ഇ.ബിക്ക് ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്നിട്ടും പരമാവധി സംഭരണശേഷിയില്‍ ഡാം നിറച്ചുനിര്‍ത്തുകയായിരുന്നു.

ജൂലായ് 26-ന് ആണ് ദുരന്തനിവാരണ അതോറിറ്റി കെ.എസ്.ഇ.ബിക്ക് ആദ്യ മുന്നറിയിപ്പ് നല്‍കുന്നത്. ജൂലായ് 30-ന് 2395 അടിയായി ജലനിര് ഉയര്‍ന്നപ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കി. പിന്നീടുള്ള ദിവസങ്ങളില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് നേരിയ തോതില്‍ കൂടിക്കൊണ്ടിരുന്നെങ്കിലും ആഗസ്റ്റ് ഒമ്പത് വരെ കെ.എസ്.ഇ.ബി നീട്ടിക്കൊണ്ടുപോയി. ഡാം തുറന്നുവിടുന്നത് സാമ്പത്തിക നഷ്ടമായാണ് കെ.എസ്.ഇ.ബി കണ്ടത്. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ തന്നെ 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് തുറന്നുവിടുന്നതെന്നും അതുകാരണം ഉണ്ടാകാന്‍ പോകുന്നത് 40 ലക്ഷം രൂപയുടെ നഷ്ടമാണെന്നുമായിരുന്നു കെ.എസ്.ഇ.ബി പറഞ്ഞിരുന്നത്.

ചെറുതോണി അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായതിനേക്കാള്‍ മോശമായിരുന്നു ഇടമലയാര്‍, കല്ലാര്‍കുട്ടി, ചെങ്കളം, പള്ളിവാസല്‍, പന്നിയാര്‍ എന്നിവയുടെ അവസ്ഥ. ഇടമലയാര്‍ തുറക്കുന്നതിന് മുന്‍പ് എറണാകുളം കളക്ടര്‍ പോലും അറിഞ്ഞിരുന്നില്ല. വയനാട്ടിലെ ബാണാസുര സാഗര്‍ തുറന്നത് വയനാട് കളക്ടര്‍ അറിഞ്ഞില്ല. ചാലക്കുടിപ്പുഴയിലും പമ്പയിലും ഭാരതപ്പുഴയിലും ഇത് തന്നെയാണ് സംഭവിച്ചത്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ആനയിറങ്കല്‍, കുണ്ടള ഡാമുകള്‍ ഒഴികെ എല്ലാം തുറന്നിരുന്നു. മുന്‍ അനുഭവങ്ങള്‍ കൊണ്ടാകാം ഇത്തവണ കെ.എസ്.ഇ.ബിയുടെ പുതിയ റൂള്‍ കര്‍വ് അനുസരിച്ച് മഴവര്‍ഷം തുടങ്ങുന്ന ജൂണ്‍ 1 മുതല്‍ നവംബര്‍ 30 വരെ അണക്കെട്ടില്‍ സംഭരിക്കേണ്ട വെള്ളത്തിന്റെ അളവു നിശ്ചയിച്ചതെന്ന് വാദിക്കുന്നു. ഈ അളവില്‍ കൂടുതല്‍ വെള്ളം അണക്കെട്ടില്‍ എത്തിയാല്‍ ജലനിരപ്പു ക്രമീകരിച്ച് പ്രളയസാധ്യത കുറയ്ക്കാനാണ് നടപടി.

ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുമാണ് കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്. വയനാട്ടിലെ പുത്തുമലയിൽ നിന്നുള്ള ​ദൃശ്യം
ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുമാണ് കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്. വയനാട്ടിലെ പുത്തുമലയിൽ നിന്നുള്ള ​ദൃശ്യം

പൗരസമൂഹത്തിന്റെ പരിമിതികള്‍

2018-ല്‍ ആഗസ്റ്റ് 15-ന് മഴ കനത്തതോടെ ഓരോ പ്രദേശത്ത് നിന്നും ദുരന്തവാര്‍ത്തകള്‍ വന്നുതുടങ്ങി. പ്രവചനത്തിനും 'റെഡ് അലര്‍ട്ട്' മുന്നറിയിപ്പിനും ഇടയില്‍ നിര്‍ജ്ജീവമായി നില്‍ക്കുകയായിരുന്നു അന്ന് ദുരന്തനിവാരണ-ഭരണസംവിധാനങ്ങള്‍. ദുരന്തസ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് ജനങ്ങളുടെ കൂട്ടായ്മകള്‍ തന്നെയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളിലും പ്രളയജലത്താല്‍ മുങ്ങിപ്പോയ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം നടന്നത് അവരുടെ നേതൃത്വകൂട്ടായ്മയിലാണ്. പൊലീസും പട്ടാളവും ദുരന്തനിവാരണ സേനയുമടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരുടെ അറിവിനും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. കളക്ടര്‍ നിയന്ത്രിക്കുന്ന ദുരന്തനിവാരണ സംവിധാനങ്ങള്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ വരെയുള്ളവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദിശയും ഏകോപനവും നിര്‍വഹിച്ചത് അവരാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനും ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും എത്തിക്കുന്നതിനും മുന്‍കൈയെടുത്തതും ഇതേ സമൂഹം തന്നെയായിരുന്നു. അസാധാരണ ദുരന്തത്തിന് മുന്നില്‍ ഭരണകൂടവാഴ്ച നിഷ്‌ക്രിയമായപ്പോള്‍ സിവില്‍ സമൂഹം അതിന്റെ കടമ തിരിച്ചറിഞ്ഞുകൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് പിന്നെ കണ്ടത്. എന്നാല്‍,  രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും അവസാനിച്ചതോടെ പൗരസമൂഹത്തിന്റെ ഇടപെടലുകളെ പ്രശംസകള്‍ നല്‍കി പിരിച്ചുവിട്ട സര്‍ക്കാര്‍ പുനര്‍നിര്‍മാണത്തില്‍ പൗരസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രമിച്ചില്ല. ദുരന്തമൊഴിഞ്ഞപ്പോള്‍ പിരിഞ്ഞുപോയ ആള്‍ക്കൂട്ടമായി തീരാതിരിക്കുക എന്നതാണ് പൗരസമൂഹത്തിന് ചെയ്യാനുള്ളത്. എന്നാല്‍, 2018-നെ അപേക്ഷിച്ച് ഇത്തവണ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൗരസമൂഹത്തിന് പരിമിതികളേറെയുണ്ടാകും. സാമ്പത്തികമായും സാമൂഹ്യമായും വെല്ലുവിളികള്‍ നേരിടുന്ന കൊറോണക്കാലത്ത് പൗരസമൂഹത്തിന് എത്രമാത്രം രക്ഷാദൗത്യങ്ങളില്‍ പങ്കുചേരാനാകുമെന്നതാണ് പ്രശ്നം.  

ഏകോപനമല്ല തര്‍ക്കം

പ്രളയം ഉണ്ടായാല്‍ അണക്കെട്ടുകളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്ന പല റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രജല കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച പ്രകാരം തയ്യാറാക്കിയ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ ജലസേചന വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ആക്ഷന്‍ പ്ലാനില്‍ അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമതയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നാണ് ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യം മുന്‍കൂട്ടിക്കാണാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ വ്യക്തമാക്കുന്നു. പക്ഷേ, അടിയന്തര നടപടിക്രമങ്ങള്‍ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെട്ടതും ഏകോപനം ആവശ്യമുള്ളതുമാണ്. കൃത്യമായ കണക്കുകൂട്ടലും വിവിധ വകുപ്പുകളുടെ ഏകോപനവുമാണ് രക്ഷാപ്രവര്‍ത്തനത്തെ ഫലപ്രാപ്തിയിലെത്തിക്കുന്നത്. വീഴ്ചകള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഏറെയുണ്ട്. ദുരന്തത്തോട് എങ്ങനെ മികച്ച രീതിയില്‍ പ്രതികരിക്കാം എന്നതിനേക്കാള്‍ പ്രധാനം സാമൂഹ്യാധിഷ്ടിത ദുരന്ത ലഘൂകരണത്തിനാണ് ലഭിക്കേണ്ടത്. ദുരന്ത ലഘൂകരണത്തിന്, പ്രത്യേകിച്ച് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടത് പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിച്ച നയങ്ങളിലുണ്ടാകേണ്ട കാതലായ മാറ്റങ്ങളാണ്. ഭൂവിനിയോഗത്തെക്കുറിച്ചും വിഭവങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വന്‍കിട നിക്ഷേപങ്ങളെക്കുറിച്ചും ഡാമുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എല്ലാം ദുരന്ത ലഘൂകരണത്തെ മുന്‍നിര്‍ത്തി പുനരാലോചിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com