ഓണ്‍ലൈന്‍ പഠനം വിദ്യാഭ്യാസത്തിന്റെ കണ്ഠത്തിലാണ് കത്തിവെയ്ക്കാന്‍ പോകുന്നത്

അന്യോന്യം നിരന്തരം ഇടപഴകുകയും ആശയവിനിമയങ്ങളിലേര്‍പ്പെടുകയും ചെയ്യുക എന്നതുകൂടി ഉള്‍ച്ചേര്‍ന്ന ഒരു ജീവിതരീതിയുടെ പേരാണ് വിദ്യാര്‍ത്ഥിത്വം
ഓൺലൈൻ പഠനം ശ്രദ്ധിക്കുന്ന കുട്ടികൾ/ ഫോട്ടോ: ടിപി സൂരജ്/എക്സ്പ്രസ്
ഓൺലൈൻ പഠനം ശ്രദ്ധിക്കുന്ന കുട്ടികൾ/ ഫോട്ടോ: ടിപി സൂരജ്/എക്സ്പ്രസ്

ന്ത്യയില്‍ ആധുനിക സര്‍വ്വകലാശാലകള്‍ ഉയര്‍ന്നുവന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1857-ലാണ്. കൊല്‍ക്കത്തയിലും ബോംബെയിലും മദ്രാസിലുമാണ് ആദ്യമായി യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കപ്പെട്ടത്. ക്രമേണ മറ്റു നഗരങ്ങളിലും പാശ്ചാത്യ മാതൃകയിലുള്ള സര്‍വ്വകലാശാലകള്‍ നിലവില്‍ വന്നു. ഗുരുകുല വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത് സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടു തുടങ്ങിയതും പത്തൊന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ. പില്‍ക്കാലത്ത് സ്‌കൂളുകളുടേയും കോളേജുകളുടേയും സര്‍വ്വകലാശാലകളുടേയും എണ്ണത്തിലും വണ്ണത്തിലും വന്‍വര്‍ദ്ധനയുണ്ടായി. തന്നെയുമല്ല ആറു വയസ്സിനും 14 വയസ്സിനുമിടയ്ക്കുള്ള കുട്ടികള്‍ക്ക് സൗജന്യ, നിര്‍ബ്ബന്ധ വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കുക എന്ന മഹദ്കൃത്യവും നാം ചെയ്തു.

കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം എന്ന മൗലികാവകാശം പ്രയോഗവല്‍ക്കരിക്കുന്നതില്‍ നാം എത്രത്തോളം വിജയിച്ചു എന്നു പരിശോധിക്കേണ്ട വേളയല്ല ഇത്. ഒന്നര നൂറ്റാണ്ടായി നാം പിന്തുടര്‍ന്നുപോരുന്ന വിദ്യാഭ്യാസരീതി അതേപടി തുടരാന്‍ നമുക്കാവുമോ എന്നതത്രേ ഇപ്പോഴത്തെ ചിന്താവിഷയം. ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല ഇത്. കൊവിഡ് 19 എന്ന മഹാപകര്‍ച്ചവ്യാധി ആഗോളതലത്തില്‍ വിദ്യാഭ്യാസരംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതെഴുതുമ്പോള്‍ ഏതാണ്ട് എല്ലായിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. യുനെസ്‌കോയുടെ വിലയിരുത്തലനുസരിച്ച് സാര്‍വ്വദേശീയതലത്തില്‍ 130 കോടി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്താണിപ്പോള്‍. ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 70 ശതമാനവും കൊവിഡിനെത്തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ ലോക്ഡൗണിന്റെ ഇരകളാണ്.

നവ കൊറോണ വൈറസിന്റെ വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കെ ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയില്‍ കേരളമടക്കം പല സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ അധ്യയനരീതിയിലേക്ക് പാദമൂന്നിക്കഴിഞ്ഞു. പുതിയ അധ്യയനരീതി താണ ഇടത്തരക്കാര്‍ ഉള്‍പ്പെടെ ദരിദ്രജന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയത്തിനു വകയില്ല. ഡാറ്റയും സ്മാര്‍ട്ട്‌ഫോണും ലഭ്യമാവുക സാധ്യമല്ലാത്ത ദശലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ രാജ്യത്തുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അവരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ വിദ്യാഭ്യാസം കിട്ടാക്കനിയോ ബാലികേറാമലയോ ആയി മാറും. ഫലമോ? അത്തരം കുടുംബങ്ങളിലെ കുട്ടികള്‍ വിദ്യാഭ്യാസവൃത്തത്തില്‍നിന്നു പിന്തള്ളപ്പെടുകയോ പിന്‍വലിയുകയോ ചെയ്യും. പെണ്‍കുട്ടികളില്‍ പലരേയും പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ തുനിയുമെന്നതിനാല്‍ അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

വിസ്മരിക്കപ്പെടുന്ന സാമൂഹികമാനങ്ങള്‍

അന്താരാഷ്ട്രതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനസമ്പ്രദായത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന സാമൂഹിക പരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അഗമ്പന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. 'ഡയാലിയോ ഡെല ക്രിസി' എന്ന ബ്ലോഗിലാണ് അഗമ്പന്‍ തന്റെ വിചാരങ്ങള്‍ പങ്കിടുന്നത്. ഡിജിറ്റല്‍ ടെക്നോളജിയുടെ വര്‍ദ്ധമാനമായ തോതിലുള്ള കടന്നുകയറ്റത്തിനും സംക്രമണത്തിനും കൊവിഡ് എന്ന മഹാമാരിയെ തല്പരകക്ഷികള്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അധ്യാപനത്തിന്റേയും അധ്യയനത്തിന്റേയും രൂപാന്തരമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ സംഭവിക്കാന്‍ പോകുന്നത്.

പഠിക്കുന്നവരുടേയും പഠിപ്പിക്കുന്നവരുടേയും ശാരീരിക സാന്നിധ്യമില്ലാത്ത പഠനശൈലിയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റേത്. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം എന്ന മര്‍മ്മപ്രധാന ഘടകം വിദ്യാഭ്യാസമണ്ഡലത്തില്‍നിന്നു അപ്രത്യക്ഷമാകും. കോളേജ്-യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അരങ്ങേറുന്ന സെമിനാറുകളിലെ ഗ്രൂപ്പ് ചര്‍ച്ചകളാണ് അധ്യാപനത്തിന്റേയും അധ്യയനത്തിന്റേയും ഏറ്റവും സമുജ്ജ്വലമായ അംശം. മറ്റു പല തുറകളിലുമെന്നപോലെ 'ടെക്നോളജിക്കല്‍ ബാര്‍ബറിസം' (സാങ്കേതികജ്ഞാന പ്രാകൃതത്വം) വിദ്യാഭ്യാസ മേഖലയേയും വിഴുങ്ങാന്‍ പോവുകയാണെന്നു ജോര്‍ജിയോ അഗമ്പന്‍ എഴുതുന്നു. ഇന്ദ്രിയാനുഭവങ്ങള്‍ വെട്ടിമാറ്റപ്പെടുകയും കണ്ണുകള്‍ നിതാന്തമായി സ്‌പെക്ട്രല്‍ സ്‌ക്രീനില്‍ തടവിലിടപ്പെടുന്നതിനാല്‍ നോട്ടം (ഴമ്വല) എന്ന അവസ്ഥ ഇല്ലാതാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സാങ്കേതികജ്ഞാന പ്രാകൃതത്വം പ്രദാനം ചെയ്യുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതോടെ സംഭവിക്കാന്‍ പോകുന്ന മറ്റൊരു മഹാദുരന്തത്തെക്കുറിച്ച് ആരും സംസാരിക്കുകപോലും ചെയ്യുന്നില്ലെന്നു അഗമ്പന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജീവിതരൂപം എന്ന നിലയിലുള്ള വിദ്യാര്‍ത്ഥിത്വത്തിന് അന്ത്യം കുറിക്കപ്പെടും എന്നതാണ് ആ വന്‍ദുരന്തം. ആധുനിക യൂണിവേഴ്‌സിറ്റികള്‍ യൂറോപ്പിലും തുടര്‍ന്നു മറ്റിടങ്ങളിലും നിലവില്‍ വന്നത് വിദ്യാര്‍ത്ഥി കൂട്ടായ്മകളിലൂടെയാണ്. 'യൂണിവേഴ്‌സിറ്റെയ്റ്റ്‌സ്'എന്നറിയപ്പെട്ട ആ കൂട്ടായ്മകളില്‍ നിന്നത്രേ യൂണിവേഴ്‌സിറ്റി എന്ന പേരുപോലും ആവിര്‍ഭവിച്ചത്. അധ്യാപകരുടെ ക്ലാസ്സുകള്‍ (ലെക്ചറുകള്‍) ശ്രദ്ധിക്കുക എന്നതുപോലെത്തന്നെ വിദ്യാര്‍ത്ഥികള്‍ അന്യോന്യം നിരന്തരം ഇടപഴകുകയും ആശയവിനിമയങ്ങളിലേര്‍പ്പെടുകയും ചെയ്യുക എന്നതുകൂടി ഉള്‍ച്ചേര്‍ന്ന ഒരു ജീവിതരീതിയുടെ പേരുകൂടിയാണ് വിദ്യാര്‍ത്ഥിത്വം.

ഇപ്പറഞ്ഞ വിദ്യാര്‍ത്ഥികളാവട്ടെ, അടുത്തും അകലെയുമുള്ള വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നു വരുന്നവരായിരിക്കും. അവരുടെ ഒത്തുചേരലിലൂടെ രൂപപ്പെടുന്ന ജീവിതരീതി ശതകങ്ങളിലൂടെ പലമട്ടില്‍ പരിണമിച്ച് വികാസം കൊള്ളുന്നതാണ്. അതിന്റെ സാമൂഹികമാനം എല്ലാക്കാലത്തും നിലനിന്നു പോന്നിട്ടുണ്ട്. ക്ലാസ്സ്‌റൂമുകളില്‍ വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക, രാഷ്ട്രീയ അഭിരുചികള്‍ക്കനുസരിച്ച് സൗഹൃദം പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്നു. ക്ലാസ്സുകള്‍ കഴിഞ്ഞാലും ആ സൗഹൃദം വാടാതെ നിലനില്‍ക്കുകയും ചെയ്യും.

ദീര്‍ഘകാലമായി തുടരുന്ന ഇതൊക്കെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നാമാവശേഷമാകാന്‍ പോകുന്നത് എന്നത്രേ അഗമ്പന്‍ അഭിപ്രായപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന (നിലനിന്ന) പട്ടണങ്ങളിലോ നഗരങ്ങളിലോ ആവില്ല ഇനി വിദ്യാര്‍ത്ഥികള്‍ ജീവിക്കുന്നത്.

പകരം സ്വന്തം ഗൃഹഭിത്തികള്‍ക്കുള്ളില്‍ അധ്യാപകരുടെ ഓണ്‍ലൈന്‍ വാക്കുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കാതോര്‍ക്കണം അവര്‍. തങ്ങളുടെ സഹപാഠികളായിരുന്ന വിദ്യാര്‍ത്ഥികളില്‍നിന്നു അനേകം കിലോമീറ്റര്‍ അകലെനിന്നു വേണം അവരിനി പഠനവൃത്തിയിലേര്‍പ്പെടാന്‍. സുപ്രശസ്ത സര്‍വ്വകലാശാലകളും കോളേജുകളും തലയുയര്‍ത്തി നിന്ന പട്ടണങ്ങളിലെ തെരുവുകളില്‍ ഇനി വിദ്യാര്‍ത്ഥി സമൂഹങ്ങളോ അവരുടെ ഒച്ചയനക്കമോ ഉണ്ടാവില്ല. ചുരുക്കിപ്പറയുകയാണെങ്കില്‍, കൊവിഡിനെത്തുടര്‍ന്നു വിദ്യാഭ്യാസം ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറിയാല്‍ (ടെക്നോളജിക്കല്‍ ബാര്‍ബറിസത്തിലേക്ക്) അത് വിദ്യാര്‍ത്ഥിത്വത്തിന്റെ ചരമഗീതമായി ഭവിക്കുമെന്ന് ഇറ്റാലിയന്‍ ചിന്തകന്‍ പറഞ്ഞുവെയ്ക്കുന്നു.

വിദ്യാര്‍ത്ഥിത്വം എന്ന അവസ്ഥാവിശേഷം ഇല്ലാതാകുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യേതാക്കളുടെ ശാരീരിക സാന്നിദ്ധ്യമില്ലെങ്കില്‍പ്പിന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല.

'നവാഗതരെ സ്വാഗതം' ചെയ്യുന്ന ബാനറുകളും ലീഫ്ലെറ്റുകളും കലാലയ വളപ്പുകളിലെ കൊടിമരങ്ങളും ചുമരെഴുത്തും പ്രകടനങ്ങളും മുദ്രാവാക്യഘോഷങ്ങളുമൊക്കെ ചരിത്രത്തിന്റെ ഭാഗമായിത്തീരും. കോളേജ് യൂണിയനുകളോ യൂണിവേഴ്‌സിറ്റി യൂണിയനുകളോ ഒന്നും പിന്നെയുണ്ടായെന്നുവരില്ല. വിദ്യാര്‍ത്ഥി സംഘടനകളിലൂടെ കക്ഷിരാഷ്ട്രീയത്തിലേക്ക് വളരുന്ന 'യുവനേതാക്കളും' അപ്രത്യക്ഷരാകും. ടെലിമാറ്റിക്‌സിന്റെ നവസ്വേച്ഛാധിപത്യം എന്ന് ജോര്‍ജിയോ അഗമ്പന്‍ വ്യവഹരിക്കുന്ന ഓണ്‍ലൈന്‍ പഠനം വിദ്യാഭ്യാസത്തിന്റെ സാമൂഹികതയുടെ കണ്ഠത്തിലാണ് കത്തിവെയ്ക്കാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകരും പൊതുസമൂഹവും ഈ വെല്ലുവിളി തിരിച്ചറിയേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com