സൗഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്

രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവര്‍ കലിതുള്ളാനിരിക്കുന്ന കാലത്തെ എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിക്കുന്നത്. അദ്ദേഹം കടന്നുപോയി, കഥയും കലിയും കാലനും കാലവും തുടരുന്നു
സൗഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്

രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവര്‍ കലിതുള്ളാനിരിക്കുന്ന കാലത്തെ എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിക്കുന്നത്. അദ്ദേഹം കടന്നുപോയി, കഥയും കലിയും കാലനും കാലവും തുടരുന്നു. രാമന്റെ ദു:ഖം അടയാളപ്പെടുത്തുന്നത് അയോധ്യയിലെ പള്ളിപൊളി മാത്രമല്ല, അരനൂറ്റാണ്ടായിട്ടും കൗമാരാവസ്ഥയിലുള്ള ഇന്ത്യന്‍ ജനാധിപത്യത്തെ കൂടിയാണ്. ബഹുസ്വരതയുടേയും ദര്‍ശനസമന്വയങ്ങളുടേയും വിളനിലത്ത്, ബ്രഹ്മചര്യം തപസ്സിനെ അളന്ന കാലത്ത് കാമകലകളില്‍ ഗവേഷണം നടത്തിയ വാത്സ്യായനും ബലിമൃഗം സ്വര്‍ഗ്ഗത്തില്‍ പോവുമെങ്കില്‍ മടിയാതെ മാതാപിതാക്കളെ തട്ടി അവര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാക്കരുതോ എന്നു ചോദിച്ച ചര്‍വ്വാകനും മഹര്‍ഷി പദവി ഉറപ്പായിരുന്ന മണ്ണിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയം തകര്‍ന്നുവീണത്. ജനാധിപത്യത്തില്‍ നിയമവാഴ്ചയല്ലാതെ മനുഷ്യവാഴ്ച അനുവദനീയമല്ല എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അകാരണമായി വീര്യം പ്രദര്‍ശിപ്പിക്കാത്ത രാമനേയും സന്ന്യാസത്തെ ജ്ഞാനവൈരാഗ്യലക്ഷണമെന്നു നിര്‍വ്വചിച്ച ആദിശങ്കരനയെുമാണ് യഥാക്രമം കര്‍സേവകര്‍ക്കും അവരെ നയിച്ച സന്ന്യാസികള്‍ക്കുമെതിരെ അദ്ദേഹം പ്രയോഗിക്കുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളല്ല നമുക്കു വേണ്ടത് എന്ന് അദ്ദേഹം പറയുന്നത് സ്വയം അധ:പതിച്ച ഒരുവനല്ലാതെ മറ്റൊരുവനെ വെറുക്കാനാവില്ല എന്ന വിവേകാനന്ദസൂക്തത്തെ മുന്‍നിര്‍ത്തിയാണ്. എഴുത്തിലെ ആ സൂക്ഷ്മതയും കൃത്യമായ വാക്കുകളുടെ പ്രവാഹവും ഇതിഹാസങ്ങളിലുള്ള അറിവും കാലികമായ സ്വയം നവീകരണവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

ജനാധിപത്യത്തിന്റെ നന്മകളേറെയൊന്നും വളര്‍ന്നില്ല, തിന്മകളാവട്ടെ, പനപോല വളരുകയും ചെയ്തു. ജനാധിപത്യക്രമത്തില്‍ എളുപ്പവഴിയില്‍ ക്രിയചെയ്താല്‍ ലഭിക്കുന്ന സ്വേച്ഛാധികാരത്തിന്റെ അടവുനയ രാഷ്ട്രീയം പയറ്റുന്നവരുടെ ലോകത്ത് അദ്ദേഹം വ്യത്യസ്തനായത് അറിവുകൊണ്ടാണ്, അത് അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടാണ്, അതിനുള്ള ശേഷികൊണ്ടാണ്, അതിനുള്ള വിഭവങ്ങളത്രയും സ്വന്തമായി ഉണ്ടായിരുന്നതുകൊണ്ടുമാണ്. പലര്‍ക്കും ലഭ്യമല്ലാതിരുന്ന വിഭവങ്ങളത്രയും ചേരുംപടി ചേര്‍ന്നതിനു മീതെ പരന്ന വായനയും എഴുത്തും നിരന്തരം പ്രതിഭകളുമായുള്ള സംവാദങ്ങളും രൂപപ്പെടുത്തിയ മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല.  

രാഷ്ട്രീയ ജീവിതവും സൗഹൃദങ്ങളും

അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ മറുപുറം കാണാനാവുക ധിഷണയുടെ അതിപ്രസരം ഉള്ളവര്‍ക്കു മാത്രമാണ്. പ്രശ്‌നത്തെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതുതന്നെ പരിഹാരവുമാണ്. സംവരണത്തിലെ ക്രീമിലെയര്‍ സംവരണതത്ത്വങ്ങളുടെ ലംഘനമാണെന്ന് വീരേന്ദ്രകുമാറിനെ പോലുള്ള ഒരാള്‍ എഴുതുമ്പോഴാണ്, സംവരണത്തില്‍ എവിടെയെങ്കിലും സമ്പത്ത് വിഷയമായിരുന്നുവോ എന്നു പലരും ആലോചിക്കുക. സംവാദങ്ങള്‍ ആരംഭിക്കുക ധിഷണയുടെ ആയൊരു സ്ഫുലിംഗത്തില്‍നിന്നാണ്. അനുസ്മരണങ്ങള്‍ വ്യക്തിപരമായി ഒരാള്‍ എന്തായിരുന്നു എന്ന അന്വേഷണമാകുമ്പോള്‍ അതറിയാതെ ഒരു ഒളിഞ്ഞുനോട്ടമാവുന്നു. ചിലപ്പോഴെങ്കിലും പ്രതിഭകളുടെ വേര്‍പാട്‌പോലും ആത്മപ്രശംസയ്ക്കുള്ള അവസരമാവുന്നു. കോടാനുകോടി മനുഷ്യരില്‍നിന്നും വിരലിലെണ്ണാവുന്നവര്‍ വ്യത്യസ്തരാവുന്നത് ബയോമെട്രിക് വ്യതിയാനം കാരണമല്ല, അവരുടെ ഇടപെടല്‍ സമൂഹത്തിലുണ്ടാക്കിയ ചലനം കൊണ്ടാണ്.

സോഷ്യലിസ്റ്റ് പ്രസ്ഥാനം എത്രയോ നിസ്വാര്‍ത്ഥരായ നേതാക്കളേയും അപാരബുദ്ധിജീവികളേയും രാഷ്ട്രത്തിനു നല്‍കിയതാണ്. ഒരുപക്ഷേ, സ്വന്തം നിലയ്ക്കുതന്നെ ഒരോ പ്രസ്ഥാനങ്ങളായിരുന്നു അതിന്റെ മിക്ക നേതാക്കളും. ആ വലിയ നിരയിലെ കേരളത്തിലെ ശ്രദ്ധേയമായ ശബ്ദമായിരുന്നു വീരേന്ദ്രകുമാര്‍. പലപ്പോഴും ലിഖിത ചരിത്രത്തെ വിട്ട് മറ്റു കൃതികളില്‍ ചരിത്രം തിരയേണ്ട അവസരങ്ങളുണ്ടാവാം. അങ്ങനെയൊരു വേളയിലാണ് ആദ്യമായി വീരേന്ദ്രകുമാറിനെ വായിക്കുന്നത്. കെ. കുഞ്ഞിരാമക്കുറുപ്പിന്റെ ഒരു സോഷ്യലിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ആത്മകഥയ്ക്ക് അദ്ദേഹം എഴുതിയ സുദീര്‍ഘമായ അവതാരികയായിരുന്നു അത്. ചിലപ്പോഴെങ്കിലും ആത്മകഥ നോവലായും നോവല്‍ ആത്മകഥയായും വരുന്ന ലോകത്ത് അപൂര്‍വ്വമായ വായനാനുഭവം നല്‍കിയ ഒരു ആത്മകഥനം. ഒരു കാലഘട്ടത്തെ അനാവരണം ചെയ്യുന്ന, സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളേയും അതിന്റെ അമരത്തുണ്ടായ പ്രതിഭകളേയും തൊട്ടുതലോടി പോവുന്നതാണ് എം.പി. വീരേന്ദ്രകുമാറിന്റെ മികച്ച, ദീര്‍ഘമായ അവതാരിക.

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തേയും അതിനെ വഴിനടത്തിയ മഹാപ്രതിഭകളുടേയും വിവരണം അവിടെ അദ്ദേഹം നല്‍കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''കുഞ്ഞിരാമക്കുറുപ്പുമായി അടുത്തു ബന്ധപ്പെടാന്‍ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിലെ അപൂര്‍വ്വ സവിശേഷതകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അധികാരവും പദവികളുമൊന്നും അദ്ദേഹത്തിനു വലിയ കാര്യമായിരുന്നില്ല. അവയൊന്നിനും പിറകേ അദ്ദേഹം പോവുകയും ചെയ്തില്ല. രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹത്തോടുള്ള സമര്‍പ്പണമായാണ് കുഞ്ഞിരാമക്കുറുപ്പ് കണ്ടത്. എനിക്ക് അദ്ദേഹത്തോട് ഇണങ്ങിയും പിണങ്ങിയും പ്രവര്‍ത്തിക്കേണ്ട കാലം ഉണ്ടായിട്ടുണ്ട്. വിഭിന്ന ചേരികളില്‍ പ്രവര്‍ത്തിക്കേണ്ട കാലത്തും സ്‌നേഹത്തോടും ആദരവോടും കൂടിയല്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല. ആദര്‍ശനിഷ്ഠനായ ആ വലിയ മനുഷ്യനെക്കുറിച്ച് ധാരാളം ഓര്‍മ്മകള്‍ മനസ്സിലുണ്ട്. അതു മുഴുവന്‍ കുറിക്കാന്‍ സാധിക്കുകയില്ലല്ലോ. എന്നാല്‍, കെ. കുഞ്ഞിരാമക്കുറുപ്പ്, പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഡോ. കെ.ബി. മേനോന്‍, അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍. കുറുപ്പ്, കെ. ചന്ദ്രശേഖരന്‍, പി.ഐ. ഇട്ടൂപ്പ് തുടങ്ങിയ നിരവധി പ്രഗല്‍ഭരായ സോഷ്യലിസ്റ്റ് നേതാക്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ നേട്ടമായി ഞാന്‍ കരുതുന്നത്.''

തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനമായ വലിയ സൗഹൃദവലയത്തെ അദ്ദേഹം എടുത്തുപറയുന്നു. ആ മഹാപ്രതിഭകളെ നോക്കിയാല്‍ മുന്നേ പറഞ്ഞതുപോലെ ഓരോ വ്യക്തിയും സ്വന്തം നിലയ്ക്കു തന്നെ ഒരോ പ്രസ്ഥാനമാണ്. ഒരിടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു മാതൃസംഘടനയായ കോണ്‍ഗ്രസ്സിലേയ്ക്ക് പോയെങ്കിലും അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു പോവുകയും ചെയ്തു കുഞ്ഞിരാമക്കുറുപ്പ്. വിള നശിപ്പിക്കാന്‍ ഏന്തിത്തിന്നുന്ന പശുക്കളെ ഒന്നു കുറുക്കിക്കെട്ടിയതു മാത്രമാണ് അടിയന്തരാവസ്ഥ എന്ന ഒരു നേതാവിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയാണ് അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടത്. വാക്കുകളെ അളന്നുമുറിച്ച് എഴുതിയ കുഞ്ഞിരാമക്കുറുപ്പ് ആവട്ടെ, എം.പി. വീരേന്ദ്രകുമാറിനെ അടയാളപ്പെടുത്തുന്നു: ''അടിയന്തരാവസ്ഥ കഴിഞ്ഞു, കേന്ദ്രത്തില്‍ ജനതാസര്‍ക്കാര്‍ അധികാരമേറ്റു. ജനതാപാര്‍ട്ടി രൂപമെടുത്തു. എന്നെ ജനതയിലെത്തിക്കാന്‍ നേതാക്കള്‍ക്ക് താല്പര്യമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ചന്ദ്രശേഖരന്‍, വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍ എന്നിവര്‍ക്കെല്ലാം ഈ കാര്യത്തില്‍ ഒറ്റ മനസ്സാണെന്നും ഞാനറിഞ്ഞു.'' പിന്നീട് ഏറെ താമസിയാതെ ജനതയിലേക്ക് പി.ആറും എത്തുന്നു.
 
മലബാറിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പി.ആര്‍. കുറുപ്പ് എന്ന അതികായന്റെ സ്വാധീനം ചില്ലറയായിരുന്നില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.ആറിനുവേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായ അനുയായികളായി എത്രയോ പേരുണ്ടായിരുന്നു. ഒരു നേതാവും അനുയായിയും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പി.ആറും അനുയായികളും. ആ അവതാരികയില്‍ വീരേന്ദ്രകുമാര്‍ 1957-ലെ കാട്ടാമ്പള്ളി സമരം പരാമര്‍ശിക്കുന്നുണ്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലുള്ള കേരളത്തിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രമാണത്.  തല്ലുകൊണ്ട് നിലത്തുവീണ കുഞ്ഞിരാമക്കുറുപ്പിന്റേയും ശ്രീധരന്റേയും അടുത്തേക്ക് ഓടിയെത്തിയ പി.ആറിനെ പൊലീസ് നെഞ്ചത്തടിച്ച് കിടത്തി എന്ന് അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായിരുന്ന പ്രതിഭാശാലികളുടെ നേതൃനിരയും കേവലം ആള്‍ക്കൂട്ടമല്ലാത്ത അണികളുടെ ബലവും മറ്റാര്‍ക്കും അവകാശപ്പെടാനില്ല.  പ്രസ്ഥാനത്തിനകത്തും പുറത്തുമായി എല്ലാ നേതാക്കളുമായും അദ്ദേഹത്തിന് ഊഷ്മളമായ ബന്ധമായിരുന്നു. 1993-ല്‍ മാതൃഭൂമിയുടെ കണ്ണൂര്‍ എഡിഷന്‍ ഉദ്ഘാടനത്തിന് കെ. കരുണാകരനും ഇ.കെ. നായനാരും കെ.ജി. മാരാരുമൊക്കെ ഒരേ വേദിയില്‍ എത്തിയതിനു പിന്നില്‍ ആ സൗഹൃദമാവണം. രാമന്റെ ദു:ഖത്തിന് എന്‍.പി. എഴുതിയ അവതാരികയില്‍ കോഴിക്കോട് ബീച്ചിനു സമീപമുള്ള ഡോ. കെ.ബി. മേനോന്റെ വസതിയിലെ നിത്യ സന്ദര്‍ശകനായി വീരേന്ദ്രകുമാര്‍ എന്നൊരു ചെറുപ്പക്കാരനുണ്ട്. ആ ചെറുപ്പക്കാരന്‍ ഇറങ്ങിയപ്പോള്‍ അതാരാണെന്നു ചോദിച്ച എന്‍.പിയോട് കെ.ബി. പറഞ്ഞത് തത്ത്വശാസ്ത്രത്തില്‍ ഉന്നതബിരുദം നേടിയ ആളാണെന്നായിരുന്നു. മദിരാശി വിവേകാനന്ദ കോളേജില്‍നിന്നു തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം തന്റേതായ മേഖലകളില്‍ വ്യാപൃതനാവുന്നത്. ആവോളം സമ്പത്തിനുടമയായിരുന്നെങ്കിലും എല്ലാറ്റിലുമുപരിയായ സമ്പത്ത് തീര്‍ച്ചയായും പ്രതിഭകളുമായുള്ള സൗഹൃദമാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാവണം. വിപുലമായ സൗഹൃദവലയവും അതിലെ സോഷ്യലിസവും മരണാനന്തര എഴുത്തുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഒരു സ്പേസ് ഉണ്ട്, നഷ്ടമായത് അതിനെ സര്‍ഗ്ഗാത്മകമായി നയിക്കേണ്ട പ്രതിഭാശാലിയായ ഒരു നേതാവിനെത്തന്നെയാണ്.

വിരുദ്ധശക്തികളുടെ ഏറ്റുമുട്ടലിലൂടെയല്ല, മനുഷ്യരാശിയുടെ നിലനില്‍പ്പ്, പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലൂടെയും സാമൂഹിക മുന്നേറ്റം സര്‍വ്വദര്‍ശന സമന്വയത്തിലൂടെയും മാത്രമാവുന്ന സമകാലിക ലോകം ആവശ്യപ്പെടുന്നത് നിരന്തരമായി അവയെപ്പറ്റി എഴുതുകയും സംവദിക്കുകയും ചെയ്യുന്ന നേതാക്കളെയാണ്, സര്‍ഗ്ഗാത്മകമായ ഏകോപനം സാധ്യമാക്കാന്‍ കഴിവുറ്റവരെ. നീളമല്ല, ജീവിതത്തിനുവേണ്ടത് ആഴമാണെന്നു പറയുന്നുണ്ട് എമേഴ്സണ്‍. നാം മറക്കുന്നതുവരെ സത്യത്തില്‍ ആരും മരിക്കുന്നില്ല. മറവി തീരുമാനിക്കുന്നതാവട്ടെ, ജീവിതത്തിന്റെ ആഴവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com