ജനാധിപത്യത്തില്‍ സൂപ്പര്‍ ഹീറോകള്‍ക്ക് എന്തു കാര്യം?

34 വര്‍ഷത്തെ ഔദ്യോഗിക ഐ.പി.എസ് ജീവിതത്തിനുശേഷം വിരമിച്ച ഡി.ജി.പി എ. ഹേമചന്ദ്രന്‍ പറയുന്നു
എ ഹേമചന്ദ്രൻ ഐപിഎസ്/ഫോട്ടോ: വിന്‍സന്റ് പുളിക്കല്‍/എക്‌സ്പ്രസ്
എ ഹേമചന്ദ്രൻ ഐപിഎസ്/ഫോട്ടോ: വിന്‍സന്റ് പുളിക്കല്‍/എക്‌സ്പ്രസ്

പൊതുപണം വന്‍തോതില്‍ ചെലവഴിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാകണമെന്ന് അന്വേഷണ കമ്മിഷനുകളെ പരാമര്‍ശിച്ച് മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍. ''ഒരു മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ പേരില്‍ ആരോപണം വന്നാല്‍ അദ്ദേഹം മന്ത്രിയല്ലാതായി കഴിഞ്ഞ്, അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയേണ്ടിവരുന്നത് ഗൗരവമായി കാണേണ്ടതാണ്.'' 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ഫയര്‍ ആന്റ് റെസ്‌ക്യൂ മേധാവിയായി വിരമിച്ച അദ്ദേഹം പറയുന്നു. സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ഹേമചന്ദ്രന്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ആ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മറുപടി: ''ഹൈക്കോടതി ആ റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ അസ്ഥിരപ്പെടുത്തി. പ്രധാന ഭാഗങ്ങളൊന്നും ഇനി ആ റിപ്പോര്‍ട്ടിന്റെ ഭാഗമാകാന്‍ പാടില്ല എന്നാണ് വിധി. അതിനെതിരെ ആരും അപ്പീല്‍ പോവുകയോ ഒന്നും ചെയ്തിട്ടില്ല; ആ വിധി അന്തിമമാണ്. റിപ്പോര്‍ട്ട് അസ്ഥിരപ്പെട്ടതോടെ ഞാനായിട്ട് അതില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയിട്ട് കാര്യമില്ല. ആ കമ്മിഷനെ വിമര്‍ശിക്കാനൊന്നും ഉദ്ദേശിക്കുന്നുമില്ല. വിമര്‍ശിക്കേണ്ട സമയത്ത് അകത്തുതന്നെ അത് പറഞ്ഞിട്ടുണ്ട്.''

''കമ്മിഷനും അതിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുമുള്ള ശമ്പളത്തിന്റെ ചെലവു മാത്രമല്ല, ആയിരക്കണക്കിനാളുകള്‍ പോയി സാക്ഷി പറയുന്നുണ്ട്. ഞാന്‍ തന്നെ പല തവണ പോയിട്ടുണ്ട്. സര്‍ക്കാര്‍ ചെലവിലാണ് പോകുന്നത്. അതൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ വന്‍ ചെലവാണ്. നാലഞ്ചു കൊല്ലം വൈകി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തുടര്‍ നടപടികള്‍പോലും അപ്രസക്തമായിട്ടുണ്ടാകും. ഇന്ത്യയില്‍ വലിയൊരു സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ആദ്യം ആരോപണമുണ്ടായത് നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്; മുന്‍ദ്രാ കുംഭകോണം. ധനമന്ത്രിയായിരുന്ന ടി.ടി. കൃഷ്ണമാചാരിയുടെ പേരിലായിരുന്നു ആരോപണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എം.സി. ഛഗ്ല. 26 ദിവസംകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃഷ്ണമാചാരി പ്രധാനമന്ത്രി നെഹ്രുവിനു വളരെ വേണ്ടപ്പെട്ട ആളായിട്ടുപോലും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജിവയ്‌ക്കേണ്ടിവന്നു. കമ്മിഷനുകളും രാഷ്ട്രീയ നേതൃത്വവും കാണിക്കേണ്ട മാതൃകയാണ് അത്. എങ്കില്‍ മാത്രമല്ലേ ഇതിനു പ്രായോഗികമായ പ്രസക്തിയുള്ളൂ. ഛഗ്ലയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു, ഹരിദാസ് മുന്‍ദ്രയൊക്കെ എത്രയോ വര്‍ഷം ശിക്ഷിക്കപ്പെട്ടു. അതൊക്കെ സാധ്യമാണ്. പക്ഷേ, ഇത് അങ്ങനെയല്ല.''

എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം സമര്‍പ്പിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘത്തെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി മാറ്റി നിയമിച്ചിരുന്നു. ''കെ.എസ്.ആര്‍.ടി.സിയിലേക്കു മാറ്റിയത് തരംതാഴ്ത്തലൊന്നുമായിരുന്നില്ല, സ്ഥലം മാറ്റി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം എങ്ങോട്ടു സ്ഥലംമാറ്റുന്നു, എവിടെ നിയമിക്കുന്നു എന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ വിവേചനാധികാരമാണ്. ആ അര്‍ത്ഥത്തില്‍ മാത്രമേ കാണുന്നുള്ളൂ'' അതേക്കുറിച്ച് അദ്ദേഹം പറയുന്നു.

ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടെ അന്വേഷണസംഘം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് അന്നത്തെ പ്രതിപക്ഷ ആരോപണം. പിന്നീട് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആ വിരോധമോ ആ നിലപാടിന്റെ തുടര്‍ച്ചയോ സര്‍വ്വീസിലെ ബാക്കി കാലം അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ?

ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ സമീപനം വ്യക്തമാണ്. നമ്മള്‍ പല തസ്തികകളില്‍ വരികയും പോവുകയുമൊക്കെ ചെയ്യുന്നത് തീരുമാനമെടുക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്താണ്. ഒരു സ്ഥലത്ത് നിയമിക്കപ്പെട്ടാല്‍ അവിടെ എത്രകാലം തുടരുന്നു എന്നതുതന്നെ അവിടുത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. കെ.എസ്.ആര്‍.ടി.സിയില്‍ പോയി, പിന്നീട് ഫയര്‍ & റെസ്‌ക്യൂവില്‍ വന്നു. അവിടെ സാധ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് എന്റെ ചുമതല. കെ.എസ്.ആര്‍.ടി.സിയില്‍ ചുമതലയേല്‍ക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ ഒരു കാര്യം, ഇതുപോലെ ഒരുപാടു പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒരു കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് മുന്‍പരിചയമില്ല എന്നതു മാത്രമായിരുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്ന ഉല്‍ക്കണ്ഠ അറിയിക്കുകയും ചെയ്തു. പക്ഷേ, നിങ്ങള്‍ക്കതു കഴിയും എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അവിടെ നടക്കുന്ന കുറേ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു, ആ കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നു പറയുകയും ചെയ്തു. ആ വാക്ക് അദ്ദേഹം പാലിച്ചു. അല്ലാതെ അവിടെ കൊണ്ടിരുത്തിയിട്ട് എന്നെ ഏതെങ്കിലും വിധത്തില്‍ ശല്യം ചെയ്തിട്ടില്ല. ഗതാഗത മന്ത്രി ഇടയ്ക്ക് ചില പ്രശ്‌നങ്ങളെത്തുടര്‍ന്നു മാറേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് ചുമതല വഹിച്ചത്. അപ്പോഴെല്ലാം എനിക്കു നല്ല പിന്തുണയാണ് തന്നത്. അവിടെ ഉണ്ടായിരുന്ന വലിയ ഒരു പ്രശ്‌നം സാമ്പത്തിക പ്രതിസന്ധിയായിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് ആറു കോടി രൂപയോളം പ്രതിദിന വരുമാനമുണ്ട്. പക്ഷേ, അതില്‍ പകുതിയോളം വായ്പാ തിരിച്ചടവിനു മാറ്റിവയ്‌ക്കേണ്ടിയിരുന്നു. പിന്നെയുള്ള മൂന്നു കോടിയിലാണ് മറ്റു കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. ഇത് സംഘടിപ്പിക്കാന്‍ വേണ്ടി ഒരു ബാങ്ക് കണ്‍സോര്‍ഷ്യം വായ്പ സംഘടിപ്പിക്കണം എന്ന തീരുമാനം നേരത്തെ കെ.എസ്.ആര്‍.ടി.സി എടുത്തിരുന്നു. അത് സാധ്യമാക്കുന്നതിന് ഇന്ത്യയിലുള്ള പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളിലെല്ലാം ഞാന്‍ പോയി. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം പോയി അവയുടെ എം.ഡിമാരെ കണ്ടു. അങ്ങനെയാണ് മൂവായിരത്തില്‍പ്പരം കോടിയുടെ വായ്പ വന്നത്. ഈ വായ്പ എടുക്കണമെങ്കില്‍ നിലവിലുള്ള കടങ്ങളെല്ലാം ഗവണ്‍മെന്റ് കൊടുത്തു തീര്‍ത്തിട്ട് വായ്പ കിട്ടുമ്പോള്‍ അതില്‍നിന്ന് ഗവണ്‍മെന്റിന് എടുക്കാം. അതാണ് അറേഞ്ച്മെന്റ്. ഗവണ്‍മെന്റ് തിരിച്ചടയ്ക്കുകയും പുതിയ വായ്പ കിട്ടാതെ വരികയും ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇല്ലാത്ത അവസ്ഥ വരും. 2018 മാര്‍ച്ച് അവസാന ഘട്ടമായി. ഉദ്യോഗസ്ഥതലത്തില്‍ വലിയ ബുദ്ധിമുട്ട് പറഞ്ഞു. സ്വാഭാവികമാണത്, ആരെയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആ ഘട്ടത്തില്‍ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഒരു ഉന്നതതല യോഗം വിളിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ട് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു യോഗം. മൂന്നു ദിവസം മാത്രമാണ് ബാക്കി. എന്തു ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ ആലോചിക്കൂ, ഞാനൊന്നുകൂടി സഭയില്‍ കയറിയിട്ടു വരാം എന്നു പറഞ്ഞ് അദ്ദേഹം അകത്തേയ്ക്കു പോയി. ഞങ്ങള്‍ പല സാധ്യതകള്‍ ചര്‍ച്ച ചെയ്തു. സാധിക്കും എന്നൊരു ആത്മവിശ്വാസം വന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നിട്ട് ചര്‍ച്ച തുടര്‍ന്നു. അതില്‍ ഗവണ്‍മെന്റിനൊരു റിസ്‌ക്കുണ്ടെങ്കിലും ആ റിസ്‌ക് ഏറ്റെടുത്ത് വായ്പകള്‍ തിരിച്ചടയ്ക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പിന്തുണച്ചിട്ടുണ്ട്. അവശേഷിച്ച മൂന്നു ദിവസംകൊണ്ട് എല്ലാം ശരിയായി. പുതിയ വായ്പയ്ക്ക് പലിശ കുറവും തിരിച്ചടവു കാലാവധി കൂടുതലുമായിരുന്നു. ദിവസവും മൂന്നു കോടി തിരിച്ചടച്ചുകൊണ്ടിരുന്ന സ്ഥാനത്ത് 86 ലക്ഷമായി കുറഞ്ഞു. അതായത് രണ്ടു കോടിയിലധികം രൂപ ദിവസവും അധികമായി കെ.എസ്.ആര്‍.ടി.സിക്ക്. മാസം 60 കോടിയിലധികം രൂപ. പിന്നെയൊരു പത്തു കോടി കൂടിയുണ്ടെങ്കില്‍ ശമ്പളം കൊടുക്കാന്‍ അതുമതി. ആ നിലയില്‍ വളരെ സഹായകമായ നിലപാടാണ് മുഖ്യമന്ത്രിയും ഗവണ്‍മെന്റും സ്വീകരിച്ചത്.

പിന്നീട് ഫയര്‍ & റെസ്‌ക്യൂവില്‍ വന്നപ്പോഴും അവിടെ ആധുനികവല്‍ക്കരണം നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റും പ്ലാനിംഗ് ബോര്‍ഡുമൊക്കെ വലിയ രീതിയില്‍ സഹായിച്ചു. ആ വകുപ്പിന് കമ്യൂണിറ്റി ഔട്ട്റീച്ച് തീരെ ഇല്ലായിരുന്നു. അക്കാര്യം മുഖ്യമന്ത്രിതന്നെ എന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഒന്നു ശ്രദ്ധിക്കണമെന്നു പറഞ്ഞു. അതുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ 2018-ലെ പ്രളയകാലത്ത് വളരെ പ്രയോജനപ്പെട്ടു. സിവില്‍ ഡിഫന്‍സ് വിംഗ് രൂപീകരിക്കാനുള്ള പ്രപ്പോസല്‍ സമര്‍പ്പിച്ചപ്പോഴും ഗവണ്‍മെന്റിനു സാമ്പത്തിക ബുദ്ധിമുട്ടൊക്കെ ഉണ്ടായിട്ടും അത് അംഗീകരിക്കുകയാണ് ചെയ്തത്. 2019 ഡിസംബറിലാണ് അത് ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൊക്കെ ഫീല്‍ഡില്‍ സജീവമാണ്. ആറായിരത്തോളം വോളണ്ടിയര്‍മാരാണുള്ളത്.

ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോഴും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അതൊരു തിരിച്ചടിയാണ് എന്നു പ്രചരിച്ചു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

ശബരിമലയില്‍ മൂന്നംഗ മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി തീരുമാനമെടുത്തപ്പോള്‍ എനിക്ക് അതൊരു ആശ്ചര്യമായാണ് തോന്നിയത്. ഞനൊരു ദിവസം ഫയര്‍ സര്‍വ്വീസിന്റെ ഓഫീസില്‍നിന്നു വീട്ടിലേക്കു പോകാന്‍ കാറിലിരിക്കുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഹൈക്കോടതി തീരുമാനം ആദ്യം പറഞ്ഞത്. അത് അവിചാരിതമായിരുന്നു. രണ്ട് സീനിയര്‍ ജഡ്ജിമാര്‍ക്കൊപ്പം എന്നെക്കൂടി ഉള്‍പ്പെടുത്തി മൂന്നംഗ സമിതി രൂപീകരിക്കുകയും ഞങ്ങളുടെ ഉത്തരവാദിത്ത്വം എന്താണ് എന്നു വിശദമായ ഉത്തരവ് പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. ആ സമയത്ത് ശബരിമല എന്നത് സുപ്രീംകോടതിയുടെ സ്ത്രീപ്രവേശ വിധിയേത്തുടര്‍ന്ന് ഒരു ഹോട്ട് സബ്ജക്റ്റാണ്. കേരളസമൂഹത്തെ ആകെ ഇളക്കി മറിക്കുന്ന പല വാദപ്രതിവാദങ്ങളും പല സംഘടനകളുടേയും മൂവ്മെന്റുമൊക്കെ നടക്കുന്ന സമയം. പൊലീസിനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു സാഹചര്യമുണ്ടായി. കുറേ നടപടികള്‍ അവിടെ സ്വീകരിച്ചു. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പെറ്റീഷന്‍ കിട്ടി. അങ്ങനെയൊരു പശ്ചാത്തലമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ പബ്ലിക് ഡിസ്‌കോഴ്സിന്റെ ഒരു രീതിയനുസരിച്ച് അത്തരമൊരു സമിതിയെ വയ്ക്കുമ്പോള്‍ പല അഭ്യൂഹങ്ങളും സ്വാഭാവികമായി ഉണ്ടാകും. അതാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം മുതിര്‍ന്ന രണ്ട് ജഡ്ജിമാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം വ്യത്യസ്തമായ അനുഭവമായിരുന്നു. അവിടെ സാധ്യമായിട്ടുള്ളത് എന്താണ് എന്നു ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥരുമായൊക്കെ ആശയവിനിമയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ ചില അഭിപ്രായ രൂപീകരണങ്ങള്‍ നടത്തി. അങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ടു പോയത്. എന്നെ മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം ആദ്യം കണ്ടത് സംസ്ഥാന പൊലീസ് മേധാവിയേയും മുഖ്യമന്ത്രിയേയുമാണ്. സര്‍ക്കാരുമായോ മുഖ്യമന്ത്രിയുമായോ സംഘര്‍ഷം ഉണ്ടായില്ല. വിധിയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഭക്തജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ നിയമത്തിന്റെ അതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് ശ്രമിച്ചതും വലിയ അനുഭവമായി.

ഇത്രയും നീണ്ടകാലത്തെ സര്‍വ്വീസില്‍ സംതൃപ്തനാണോ?

ബര്‍ണാഡ് ഷായുടെ പ്രശസ്തമായ വാചകമുണ്ട്, ''നിങ്ങള്‍ അസംതൃപ്തനായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്കു ജീവിക്കാന്‍ ഒരു കാരണമുണ്ട്; പൂര്‍ണ്ണതൃപ്തി മരണതുല്യമാണ്.'' സംതൃപ്തി, അസംതൃപ്തി എന്നീ കാര്യങ്ങളെ ആ നിലയില്‍ നോക്കിക്കാണുകയാണെങ്കില്‍ സൃഷ്ടിപരമായ ഒരു അസംതൃപ്തി നമ്മളിലുള്ളതു നല്ലതാണ്. നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഊര്‍ജ്ജമായി അതു മാറും. ഏതു പദവിയിലിരുന്നാലും വിരമിക്കണം. അങ്ങനെ വിരമിക്കുന്നതിനു മുന്‍പ് ഏതെല്ലാം അവസരങ്ങള്‍ കൈവരുന്നു, അതെങ്ങനെ വിനിയോഗിക്കുന്നു എന്നതിനു വലിയ പ്രാധാന്യമുണ്ട്.

നീതി നിഷേധിക്കപ്പെട്ട ആളുകളുടെ വിഷയത്തില്‍ ഇടപെടാനും അവരെ സഹായിക്കാനും ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യൂവില്‍ വന്ന ശേഷംതന്നെ രണ്ടു പ്രളയങ്ങള്‍, കൊറോണ ഇതിലെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പങ്ക് നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. പൊലീസിലായാലും മറ്റൊരു മേഖലയിലായാലും അതിനകത്തുള്ള അവസ്ഥയില്‍ പല കാര്യങ്ങളും നമുക്ക് ഇഷ്ടപ്പെടുന്നതുണ്ടാകും, ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തതുണ്ടാകും. ചില കാര്യങ്ങള്‍ നമ്മള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ഇതൊരു നിരന്തര പ്രക്രിയയാണ്. അതില്‍ ചില കാര്യങ്ങളില്‍ വിജയിക്കും, ചിലതില്‍ വിജയിക്കില്ല.

34 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സേനയുടെ മാറ്റങ്ങളുടെ ഭാഗമായിക്കൂടി മാറുകയാണല്ലോ ചെയ്തത്. ജനമൈത്രി പൊലീസ് എന്ന ആശയവും പുതിയ പൊലീസ് നിയമ രൂപീകരണവും ഉള്‍പ്പെടെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളുണ്ട് അതില്‍. ആ പ്രവര്‍ത്തനങ്ങള്‍ പൊലീസിലെ പുതിയ തലമുറ ഉള്‍പ്പെടെ ഏതുവിധമാണ് മനസ്സിലാക്കേണ്ടത്?

നമ്മുടെ സംവിധാനത്തിനു കാലാകാലങ്ങളായി പല പരിമിതികളും പ്രശ്‌നങ്ങളുമൊക്കെയുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. അതെങ്ങനെ പരിഹരിക്കാം, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെട്ടതാക്കാം എന്നത് പ്രധാനമാണ്. ഇതെങ്ങനെ സാധിക്കാമെന്നത് ഞാന്‍ വളരെയേറെ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഒന്നാമതായി, ചുമതല വഹിച്ച സ്ഥലങ്ങളിലെല്ലാം തന്നെ പൊതുജനത്തിനു സമീപിക്കാവുന്ന ആളായിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരാള്‍ വന്നാല്‍ അയാള്‍ക്കു നമ്മളെ കാണാന്‍ കഴിയണം, പിന്നീട് വിളിക്കാന്‍ കഴിയണം; ഫോണ്‍ ചെയ്താല്‍ എടുക്കണം. എസ്.പി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നു കണ്ടാല്‍ മറ്റുദ്യോഗസ്ഥരും ക്രമേണയെങ്കിലും അതേ രീതി സ്വീകരിക്കാന്‍ തയ്യാറാകും.

മറ്റൊന്ന്, പൊലീസ് സംവിധാനത്തെ മെച്ചപ്പെടുത്തുക എന്നതാണ്. ഉദാഹരണം, കമ്യൂണിറ്റി പൊലീസിങും അതിന്റെ ആശയങ്ങളും തന്നെയാണ്. 1998-ലാണ്. തൃശൂരില്‍ ജോലി ചെയ്യുമ്പോള്‍, പൊലീസിനെ ജനങ്ങളുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പൊതുജനങ്ങളും പൊലീസും തമ്മില്‍ വലിയൊരു ആശയ വിനിമയം നടന്നു. അവിടെ സന്തോഷ് കുമാര്‍ എന്നൊരു ജനകീയ എസ്.ഐ ഉണ്ടായിരുന്നു. അദ്ദേഹം അതില്‍ വലിയ പങ്കുവഹിച്ചു. ഒരു മേഖലയിലെ ജനങ്ങളുടെ പ്രശ്‌നമെന്താണ്, പൊതുജനം പൊലീസില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ് എന്നു ജനങ്ങളോട് ആരും ചോദിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തു കുറവാണുള്ളത് എന്നു ജനങ്ങളോടു ചോദിക്കുകയും എങ്ങനെ മെച്ചപ്പെടുത്തണമെന്ന് അവരില്‍നിന്നു കേള്‍ക്കുകയും ചെയ്ത് അതില്‍നിന്ന് ആശയം രൂപീകരിക്കുക, ജനങ്ങളെക്കൂടി പൊലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ആശയം. ഏതു പ്രദേശത്തേയും ഭൂരിപക്ഷം ജനങ്ങളും നിയമം പാലിക്കുന്നവരാണ്. ലംഘിക്കുന്നവര്‍ വളരെക്കുറവാണ്. നിയമം പാലിക്കുന്നവരും നിയമം നടപ്പാക്കുന്നവരും തമ്മില്‍ നല്ല ബന്ധമുണ്ടെങ്കില്‍ ആ കൂട്ടായ്മ തന്നെ നിയമലംഘകരെ ഒറ്റപ്പെടുത്താന്‍ പലവിധത്തില്‍ സഹായിക്കും. ആ തരത്തിലുള്ള പ്രവര്‍ത്തനം നടന്നു. അത്തരത്തില്‍ ഒരു യോഗം കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചു. പൊലീസുദ്യോഗസ്ഥര്‍ ഇത് എങ്ങനെ കാണുന്നുവെന്ന് അറിയണമല്ലോ. സാറേ, പേടി തോന്നുന്നു എന്ന് ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നു. പത്രങ്ങള്‍ അതിനു വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.

പേടി തോന്നുന്നു എന്ന അദ്ദേഹത്തിന്റെ പ്രതികരണം എനിക്കൊരു വലിയ വെളിപ്പെടുത്തലായിരുന്നു. അന്നുവരെ അകറ്റിനിര്‍ത്തിയിരുന്ന ആളുകള്‍ വന്ന് ഇടപഴകുന്നതിലെ ആശങ്കയായിരുന്നു ആ പേടിക്കു പിന്നില്‍. പക്ഷേ, കൂടെയുള്ള ഉദ്യോഗസ്ഥരില്‍നിന്നു വലിയ സഹകരണമാണ് കിട്ടിയത്. തൃശൂര്‍ ജില്ലയില്‍ത്തന്നെ പല സ്ഥലങ്ങളിലും അതു നടത്തി. എല്ലായിടത്തും നല്ല വിജയമായിരുന്നു. രണ്ടുമൂന്നു സ്ഥലത്തു നടത്തിയപ്പോള്‍ ആത്മവിശ്വാസമായി, ആത്മവിശ്വാസം കുറച്ചധികമായി എന്നും പറയാം. വലപ്പാട് സ്റ്റേഷനില്‍ നടത്തിയപ്പോള്‍ ഉണ്ടായ ഒരു അനുഭവമുണ്ട്. ഒരാള്‍ ചില വിമര്‍ശനങ്ങളൊക്കെ ഉന്നയിച്ചു സംസാരിച്ചു, ചില ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ മറുപടിയും പറഞ്ഞു. പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൊതുവേ പോസിറ്റീവായിരുന്നു. പക്ഷേ, എസ്.പിയുടെ മറുപടി ധിക്കാരപരമായിരുന്നു എന്ന് ഒരു പത്രത്തില്‍ വന്നു. അത് വായിച്ചപ്പോള്‍ എനിക്കാദ്യം വിഷമം തോന്നി. അധികാര സ്ഥാനത്തിരിക്കുന്ന ആള്‍ എന്ന നിലയില്‍ ആ ആളുടെ ചോദ്യത്തിന്റെ രീതിയോടു കുറച്ചുകൂടി സഹിഷ്ണുതയോടെ പെരുമാറണമായിരുന്നു. വിമര്‍ശനം ഉള്‍ക്കൊള്ളണമായിരുന്നു. തൃശൂരില്‍ ചെയ്യുന്നതിനു മുന്‍പ് പല പൊലീസുദ്യോഗസ്ഥരും പല സ്ഥലങ്ങളിലും പലരീതികളില്‍ പല പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആ അനുഭവങ്ങളെല്ലാം കൂടി ഉള്‍പ്പെടുത്തിയാണ് കമ്യൂണിറ്റി പൊലീസിങ് കൊണ്ടുവന്നത്. ഇപ്പോള്‍ അത് ജനമൈത്രി പൊലീസ് എന്ന പേരില്‍ വളരെ ജനപ്രിയമായി.

പൊലീസ് പരിഷ്‌കരണ ശ്രമങ്ങളുടെ ഭാഗമാകാന്‍ സഹായിച്ച അക്കാദമിക അനുഭവങ്ങള്‍?

2002-ല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടേഷനില്‍ പോയി. പരിഷ്‌കരണം അക്കാദമിക അജന്‍ഡയുടെ ഭാഗമായിരുന്നു. ദേശീയതലത്തിലെ കമ്മിഷനുകളിലും കമ്മിറ്റികളിലുമൊക്കെ അക്കാദമി ഡയറക്ടര്‍ ഭാഗഭാക്കായിരുന്നതുകൊണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന നിലയില്‍ എനിക്കും അവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പൊലീസ് ആക്റ്റ് രൂപീകരണം മുതല്‍ നിരവധി കമ്മിഷനുകളുടേയും കമ്മിറ്റികളുടേയും റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ സാധിച്ചു. ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജസ്റ്റിസ് മളീമഠ് കമ്മിറ്റി, മോഡല്‍ പൊലീസ് ആക്റ്റ് രൂപീകരിക്കുന്നതിനു സോളി സൊറാബ്ജി അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റി എന്നിവയൊക്കെ ആ കാലത്തു പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. അതിന്റെ ഭാഗമായ അഭിപ്രായ രൂപീകരണ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളിയാകാന്‍ സാധിച്ചു. പൊലീസ് പരിഷ്‌കരണം എന്ന വിഷയം താത്ത്വികമായി പഠിക്കാന്‍ അങ്ങനെ ഒരു പശ്ചാത്തലം ഉണ്ടായി. അങ്ങനെയിരിക്കെയാണ് 2006-ല്‍ സുപ്രധാനമായ ഒരു സുപ്രീംകോടതി വിധി വരുന്നത്. പ്രകാശ് സിംഗ് എന്ന റിട്ടയേഡ് ഡി.ജി.പി പൊലീസ് പരിഷ്‌കരണം ആവശ്യപ്പെട്ട് 1996-ല്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. അതില്‍ ചില പ്രധാന കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഒരു പൊലീസ് നിയമം നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശവുമുണ്ടായി. കേരളത്തില്‍ ആ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചുവരുന്നത്. ജേക്കബ് പുന്നൂസ് സാറാണ് ആ ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. എന്നെയും പൊലീസ് ആക്റ്റ് തയ്യാറാക്കാനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വളരെ ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണ് ആ കമ്മിറ്റി കരടു നിയമം തയ്യാറാക്കിയത്. വ്യക്തിപരമായി അക്കാദമി ഡെപ്യൂട്ടേഷന്‍ കാലത്ത് എനിക്കു ലഭിച്ച അനുഭവങ്ങളൊക്കെ അതിന് ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ജില്ലകളിലൊക്കെ വലിയ ചര്‍ച്ചകള്‍ നടന്നു; അവയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പല തലങ്ങളിലുള്ളവര്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രിതന്നെ യോഗങ്ങള്‍ക്ക് എത്തി. ഒരുപാട് ആശയങ്ങള്‍ ആ യോഗങ്ങളില്‍നിന്നു ലഭിക്കുകയും അതു ഞങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ച കരടു നിയമം സഭയുടെ സെലക്റ്റ് കമ്മിറ്റിക്കു വിട്ടു. ആ കമ്മിറ്റി നടത്തിയത് അതിവിപുലമായ പ്രവര്‍ത്തനമാണ്. ആക്റ്റിലെ ഓരോ ആശയവും ഓരോ വരിയും സൂക്ഷ്മ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമായി. എം.എല്‍.എമാര്‍ എല്ലാവരും സങ്കുചിത രാഷ്ട്രീയത്തിന് അതീതമായി വിശാലമായ ജനപക്ഷ നിലപാടാണ് എടുത്തത്. കക്ഷി രാഷ്ട്രീയമൊന്നും ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. അവര്‍ ഉന്നയിച്ച ഓരോ ചോദ്യത്തിലും കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു. ഓര്‍ക്കുന്ന ഒരു ഉദാഹരണം: അറസ്റ്റുപോലെ തന്നെ കേരളത്തിലെ പൊലീസ് ആക്റ്റില്‍ സവിശേഷമായി ഉള്ള ഒരു വ്യവസ്ഥയാണ് നീക്കം ചെയ്യുക എന്നത്. പുതിയ പൊലീസ് നിയമത്തില്‍ അതു വേണോ എന്ന ചര്‍ച്ച വന്നപ്പോള്‍ അന്നത്തെ നിയമസെക്രട്ടറി ശശിധരന്‍ നായര്‍ പ്രസക്തമായ ഒരു വാദം ഉന്നയിച്ചു. അതായത്, റിമൂവല്‍ എന്നതും ഫലത്തില്‍ അറസ്റ്റ് തന്നെയാണ്; ഒരാള്‍ റോഡില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ പൊലീസ് അവിടെ നിന്ന് അയാളെ നീക്കം ചെയ്തു സ്റ്റേഷനില്‍ എത്തിക്കുന്നു. അറസ്റ്റു ചെയ്താലും ഇതുതന്നെയാണല്ലോ സംഭവിക്കുന്നത്. പക്ഷേ, ക്രിമിനല്‍ നടപടിക്രമത്തില്‍ അറസ്റ്റിനു ബാധകമായ പല നിബന്ധനകളും നീക്കം ചെയ്യുന്നതിനു ബാധകമാകുന്നുമില്ല. അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ക്കും അത് ശരിയാണല്ലോ എന്നു തോന്നുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍, അതിന്റെ തുടര്‍ച്ചയായി ജേക്കബ് പുന്നൂസ് സാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കേരളം മറ്റേതു സംസ്ഥാനത്തേക്കാള്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന ഇടമാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ 50 പേര്‍ ഉപരോധം നടത്തുന്നു എന്നു വയ്ക്കുക. അവരെ വേണമെങ്കില്‍ അറസ്റ്റു ചെയ്തു നീക്കാം, റിമൂവ് ചെയ്യുകയുമാകാം. അറസ്റ്റു ചെയ്താല്‍ അതിന്റെ തുടര്‍ച്ചയായ നിയമ നടപടികളുണ്ട്. അതൊരു പക്ഷേ, പിന്നീട് അവര്‍ക്കു ജോലിക്കു പോകുന്നതിലുള്‍പ്പെടെ പല ബുദ്ധിമുട്ടുകളും വരുത്തിയേക്കും. നീക്കം ചെയ്യുമ്പോള്‍ ആ പ്രശ്‌നമില്ല. എം.എല്‍.എമാര്‍ക്ക് ആ വിശദീകരണം ബോധ്യമായി. പക്ഷേ, അടുത്ത ചോദ്യം വന്നു. നീക്കം ചെയ്യുന്നവരെ അനന്തമായി കസ്റ്റഡിയില്‍ വയ്ക്കുന്ന വിധത്തില്‍ അതു ദുരുപയോഗം ചെയ്യാന്‍ പാടില്ല. അപ്പോള്‍ ഞാനൊരു നിര്‍ദ്ദേശം വെച്ചത്, നീക്കം ചെയ്യുന്നവരെ എത്രയും പെട്ടെന്നു വിട്ടയയ്ക്കുക എന്നാണ്; ഒരു കാരണവശാലും പരമാവധി ആറുമണിക്കൂറിലധികം നീളരുത്. അറസ്റ്റിന്റെ പല പ്രശ്‌നങ്ങളും മറികടക്കാന്‍ പറ്റും; പൊലീസിന് അമിത സ്വാതന്ത്ര്യം വരികയുമില്ല. അത് സ്വീകരിക്കാം എന്ന പൊതുധാരണയുണ്ടായി. അങ്ങനെ വളരെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആ നിയമത്തിന് അന്തിമ രൂപം നല്‍കിയത്. പൊലീസുദ്യോഗസ്ഥര്‍ തെറ്റു ചെയ്താല്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ട വിഷയം, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം, ഒരു ജനാധിപത്യക്രമത്തില്‍ പൊലീസിന്റെ അധികാരങ്ങളും നിയന്ത്രണങ്ങളും എന്നിവയൊക്കെ ഉള്‍പ്പെടുന്ന മാറ്റമാണ് അതില്‍ പ്രതിഫലിച്ചത്.

ഔദ്യോ​ഗിക ജീവിതത്തിൽ
ഔദ്യോ​ഗിക ജീവിതത്തിൽ

ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട പൊലീസിന് അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഏതാണ്?

ചില സംഭവങ്ങളുണ്ടാകുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍, പ്രത്യേകിച്ചും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ട സംഭവങ്ങളില്‍ ആരോപണം ഉണ്ടാകുമ്പോള്‍ അത് വസ്തുനിഷ്ഠമായി അന്വേഷിച്ച് അതിലെ സത്യമെന്താണ്, തെറ്റെന്താണ് എന്നു കണ്ടുപിടിച്ച് അതില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനു പകരം, ആരാണ് പരാതി ഉന്നയിച്ചത്, അതിനു പിന്നിലുള്ളത് ആരാണ് എന്ന പരിഗണന വെച്ച് നടപടികളുണ്ടാകുന്നത് വലിയ പ്രശ്‌നമാണ്. അങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ട്. അതു പാടില്ല. അതേസമയം, എന്ത് അതിക്രമം ചെയ്താലും അതിനെ ഏതെങ്കിലും ലേബലില്‍ പൊലീസിന്റെ ആത്മവീര്യം എന്നൊക്കെ പറഞ്ഞ് സംരക്ഷിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാനും പാടില്ല. ഇതിനു ധര്‍മ്മവീര അധ്യക്ഷനായ നാഷണല്‍ പൊലീസ് കമ്മിഷന്‍ നല്‍കിയ നിര്‍ദ്ദേശം എല്ലാ ജില്ലകളിലും പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി രൂപീകരിക്കുക എന്നതായിരുന്നു. അത്തരമൊരു സംവിധാനം സംസ്ഥാനതലത്തില്‍ രൂപീകരിക്കുന്നതിനു നമ്മള്‍ പൊലീസ് നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരികയും പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. പൊലീസ് അതിക്രമങ്ങളെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണ അധികാരമുള്ള അതോറിറ്റിയാണ് അത്. കേരളംപോലെ അവകാശബോധമുള്ള സമൂഹത്തില്‍പ്പോലും പൊലീസ് അധികാരപരിധി ലംഘിക്കുന്നുണ്ടോ എന്ന നിരന്തര നിരീക്ഷണം ആവശ്യമാണ്.

രാഷ്ട്രീയ ഇടപെടല്‍ ആണോ ഇത്തരം സന്ദര്‍ഭങ്ങളില്‍ നീതി നടപ്പാക്കാന്‍ തടസ്സമാകുന്നത്?

ഇര ആരാണ്, അയാളുടെ രാഷ്ട്രീയം എന്താണ് എന്നത് പലപ്പോഴും ആരോപണങ്ങളുടെ സ്വഭാവവും തീവ്രതയും നിശ്ചയിക്കുന്നതിലും പൊലീസിന് എതിരായ നടപടിയെ സ്വാധീനിക്കുന്നതിലും പലപ്പോഴും പങ്കുവഹിക്കാറുണ്ട്. നേരെമറിച്ച് യഥാര്‍ത്ഥത്തില്‍ പൊലീസ് അതിക്രമം ഉണ്ടായ സംഭവത്തില്‍ ശരിയായ നടപടിയെടുത്തില്ലെങ്കില്‍ എനിക്കെന്തുമാകാം, ഒന്നും സംഭവിക്കില്ല എന്ന ധാരണയും വരാം. ഇത് രണ്ടും അപകടമാണ്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

കാലമിത്ര കഴിഞ്ഞിട്ടും പൊലീസ് സ്ത്രീവിരുദ്ധമാകുന്നു എന്ന പരാതിയുണ്ടല്ലോ. എന്താണ് മാറാത്തത്, എങ്ങനെ മാറ്റും?

എന്റെ സര്‍വ്വീസിന്റെ ആരംഭകാലത്തുള്ള അനുഭവങ്ങളല്ല ഇപ്പോള്‍. സ്ത്രീകള്‍ ഇരകളായ കേസുകളില്‍ പൊലീസ് നടപടികളുടെ കാര്യത്തില്‍ പലവിധത്തിലുള്ള പരിമിതികള്‍ വരുന്നുണ്ട്. പലപ്പോഴും പരാതിയുമായി സ്ത്രീ എത്തുമ്പോള്‍ നിയമപരമായ പരിഹാരംകൊണ്ടു മാത്രം അവരുടെ പ്രശ്‌നം തീരണമെന്നില്ല. ഗാര്‍ഹിക പീഡനത്തില്‍നിന്നു സ്ത്രീയെ സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്. കേസെടുക്കാം, നടപടിയെടുക്കാം. പക്ഷേ, അത്തരം നടപടിയില്‍ പലപ്പോഴും സ്ത്രീകള്‍ക്കു ബുദ്ധിമുട്ടുണ്ട്. സര്‍വ്വീസിന്റെ തുടക്കകാലത്തെ ഒരു പരാതിക്കാരിയുടെ അനുഭവം ഓര്‍ക്കുന്നു. അവര്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഭര്‍ത്താവ് അവരുടെ പണം വാങ്ങി മദ്യപിച്ച് അവരെ ഉപദ്രവിക്കുന്നു. എന്നാല്‍പ്പിന്നെ ഇയാളെ ഒരു ദിവസം ചവിട്ടിപ്പുറത്താക്കിക്കൂടേ എന്നു ഞാന്‍ ചോദിച്ചു. പലപ്പോഴും ആലോചിച്ചിട്ടുണ്ടെങ്കിലും 13-14 വയസ്സുള്ള മോളുള്ള വീട്ടിലൊരു ആണ്‍തുണ വേണ്ടേ എന്നാണ് അവര്‍ പറഞ്ഞത്. സ്ഥിരമായി മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്ന പുരുഷനുപോലും കുടുംബത്തിനുള്ളില്‍ ഒരു വാല്യു കല്പിക്കുന്നു. സദാചാര പൊലീസിങ് വേണം എന്നാവശ്യപ്പെട്ടായിരുന്നു ഒരു കാലത്ത് ആളുകള്‍ പൊലീസിനെ സമീപിച്ചിരുന്നത്.

പൊലീസില്‍ സ്ത്രീകള്‍ വരുന്നത് വലിയ മാറ്റമുണ്ടാക്കും. പൊലീസ് എന്നത് പുരുഷന്മാര്‍ക്കു മാത്രം സാധ്യമാകുന്ന ജോലിയാണ് എന്ന ധാരണ പൂര്‍ണ്ണമായി മാറണം. 1930-ല്‍ ആദ്യമായി ട്രാവന്‍കൂര്‍ പൊലീസില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയ നാടാണ്. പക്ഷേ, പൊലീസിലെ സ്ത്രീപ്രാതിനിധ്യ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ നമ്മള്‍ പിന്നിലാണ്. ഫയര്‍ & റെസ്‌ക്യൂവില്‍ സ്ത്രീകള്‍ തീരെയില്ല. നൂറു സ്ത്രീകളെ നിയമിക്കാന്‍ ഇപ്പോള്‍ നടപടിയായിക്കഴിഞ്ഞു. ഇങ്ങനെ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് ചെയ്യേണ്ടത്. മുന്‍കാലങ്ങളില്‍ ഉണ്ടായ ഗതിവേഗം ഇക്കാര്യത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞോ എന്ന് സംശയമുണ്ട്.

ക്രിമിനല്‍വല്‍ക്കരണവും വര്‍ഗ്ഗീയവല്‍ക്കരണവും ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ പൊലീസ് വേണ്ടവിധം തിരിച്ചറിയുന്നുണ്ടോ?

പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം വളരെ ഗൗരവമായി എടുക്കേണ്ട വിഷയം തന്നെയാണ്. പക്ഷേ, പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് വരുന്ന സ്ഥിതിവിവരക്കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. കാരണം, ആ കേസുകളില്‍ ചിലപ്പോള്‍ ട്രാഫിക് കേസുകളുമൊക്കെ ഉണ്ടാകാം. കണക്കുകള്‍ക്കപ്പുറം, പൊലീസ് സേനയ്ക്കുള്ളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ ഉണ്ടാകുന്നത് അങ്ങേയറ്റം അപകടകരമാണ്. പ്രത്യേകിച്ചും ഒരു ജനാധിപത്യ സംവിധാനത്തില്‍. ആന്തരികമായ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനു പരിഹാരം. റിക്രൂട്ട്മെന്റും ട്രെയിനിങ്ങും തുടങ്ങി ഓരോ ഘട്ടത്തിലും ഇന്റേണലായി നല്ല ജാഗ്രത വേണം, മെക്കാനിസം വേണം. എല്ലാ അധികാര സ്ഥാനങ്ങളിലും അതിന്റെ ഇടപെടല്‍ വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ എടുക്കാന്‍ പാടില്ലെന്ന് കോടതി വിധികളുണ്ട്. അവര്‍ കുറ്റവിമുക്തരായവരാണെങ്കില്‍പ്പോലും ആ കേസിന്റെ പശ്ചാത്തലം ഇന്റലിജന്‍സ് മേധാവി പരിശോധിച്ചിട്ടേ തീരുമാനമെടുക്കാവൂ എന്നാണ് ഹൈക്കോടതി വിധി. അതുപോലെതന്നെ സര്‍വ്വീസിലിരിക്കെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നവരുടെ വിഷയം പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതി വേണം. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ ജാഗ്രത പുലര്‍ത്തുകയും ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനായാലും മാതൃകാപരമായ നടപടിയെടുക്കുകയും വേണം. അത്തരക്കാരെ പുറത്താക്കുകതന്നെ വേണം. കാരണം, മറ്റു മേഖലപോലെയല്ല ഇത്. ഒരുപാട് അധികാരമുള്ള ആള്‍ക്ക് അത് ദുരുപയോഗം ചെയ്യാനുള്ള പ്രവണത ഉണ്ടെങ്കില്‍ മാതൃകാപരമായി കൈകാര്യം ചെയ്യും എന്ന സന്ദേശം കൊടുക്കാന്‍ കഴിയണം. രാഷ്ട്രീയത്തിന് അതീതമായി, മറ്റു സങ്കുചിത പരിഗണനകള്‍ക്കപ്പുറം അത്തരം നിലപാടെടുക്കുന്നത് തുടര്‍ പ്രക്രിയ ആകണം.
 
പൊലീസിലെ വര്‍ഗ്ഗീയവല്‍ക്കരണവും വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ട കാര്യം തന്നെയാണ്. സംസ്ഥാനതലത്തിലായാലും ദേശീയ തലത്തിലായാലും പലവിധത്തിലുള്ള വര്‍ഗ്ഗീയ സ്വാധീനം വളര്‍ത്തിയെടുക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അത് കുറേ വര്‍ഷങ്ങളായി വര്‍ദ്ധിക്കുന്നു. അങ്ങനെ വരുമ്പോള്‍, ക്രമസമാധാനം പാലിക്കുന്ന, വര്‍ഗ്ഗീയ കലാപമൊക്കെ ഉണ്ടായാല്‍ അതു നേരിടാന്‍ ഉത്തരവാദപ്പെട്ട പൊലീസിനെ സ്വാധീനിക്കുന്നത് ഭരണഘടനാപരവും ജനാധിപത്യപരവും നിയമപരവുമായ മൂല്യങ്ങളാണോ എന്നത് വളരെ പ്രധാനമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാതിയും മതവുമെല്ലാം യൂണിഫോമാണ് എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. അതിനപ്പുറമുള്ള സ്വാധീനത്തിനു വഴങ്ങാന്‍ സാധ്യതയുണ്ട്. അതിനെ ആന്തരികമായ ജാഗ്രതയിലൂടെ മാറ്റിയെടുക്കേണ്ടതുണ്ട്.

സ്വാധീനമുള്ള ഏതെങ്കിലുമൊരു വ്യക്തിയോ ചെറിയ ഗ്രൂപ്പോ നിയമലംഘനം നടത്തുമ്പോള്‍ ഇതില്‍ ശരിയായവിധം, മാതൃകാപരമായി നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിയെടുക്കുന്നതിനു വീഴ്ചയുണ്ടായാല്‍ അത് മറ്റുദ്യോഗസ്ഥരെ സ്വാധീനിക്കും. ഇന്നയാള്‍ക്ക് ഇന്ന വിധത്തില്‍ സ്വാധീനമുള്ളതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത് എന്ന് ഒരു തോന്നല്‍, വ്യാഖ്യാനം വന്നുകഴിഞ്ഞാല്‍ അത് സ്വാധീനിക്കും. പൊലീസ് സംവിധാനത്തിനു സെലക്റ്റീവാകാന്‍ പറ്റില്ല. നിയമലംഘനം നടത്തുന്നത് ഏതു പാര്‍ട്ടിക്കാരനോ ജാതി, മത വിഭാഗത്തില്‍പ്പെട്ട ആളോ ആയാലും നിയമം നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള നടപടിയെടുക്കാന്‍ കഴിയണം. അങ്ങനെ അത് പ്രായോഗികമായി നടപ്പാക്കി കാണുമ്പോഴാണ് ജനാധിപത്യപരമായ പൊലീസിങ് ഉണ്ടാകുന്നത്. മറിച്ച്, കാലാകാലങ്ങളിലെ അവിഹിത രാഷ്ട്രീയ സ്വാധീനത്തിനനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ ഇങ്ങനെയാകാം എന്നു മറ്റുള്ളവര്‍ക്കും തോന്നും. തെറ്റായ രാഷ്ട്രീയ സ്വാധീനത്തിനു വിധേയമാകുന്ന പൊലീസ് വര്‍ഗ്ഗീയ സ്വാധീനത്തിനും വിധേയരാകാം. അത്തരം പല നിഷേധാത്മക ശക്തികളുണ്ട്. അവയില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വയം സംരക്ഷണ കവചമണിഞ്ഞ് ഭരണഘടനാ മൂല്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. അങ്ങനെയൊരു സംസ്‌കാരം നമുക്കു സൃഷ്ടിച്ചെടുക്കാന്‍ കഴിയണം.

കേരളത്തില്‍പ്പോലും വര്‍ഗ്ഗീയ മനോഭാവമുള്ളവര്‍ പൊലീസില്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണോ?

മനുഷ്യനെ ലോകത്ത് എവിടെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ കേരളത്തിലും സ്വാധീനിക്കും. പ്രൊഫഷണലായി ജനാധിപത്യപരമായ പൊലീസിങ് മൂല്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ നമുക്ക് ഇനിയും മുന്നോട്ടു പോകാനുണ്ട്. അത് സാധിക്കാത്തിടത്തോളം കാലം ഇങ്ങനെയുള്ള പലതരം സ്വാധീനങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോഴുള്ള ഒരു 'പ്രശ്‌നം' കാലാകാലങ്ങളില്‍ ചെലുത്തുന്ന തെറ്റായ രാഷ്ട്രീയ സ്വാധീനവും നടക്കാതെ വരും എന്നതാണ്. തെറ്റായ രാഷ്ട്രീയ സ്വാധീനം പോലുള്ള ദൗര്‍ബ്ബല്യങ്ങള്‍ക്ക് വഴങ്ങുന്ന സാഹചര്യം വളര്‍ത്തിയെടുത്താല്‍ വര്‍ഗ്ഗീയവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും പോലുള്ള ഏറ്റവും അപകടകരമായ സ്വാധീനങ്ങളും ബാധിക്കും. പ്രൊഫഷണലിസം വളര്‍ത്തിയെടുക്കുകയാണ് പരിഹാരം. എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്കു കൂടുതല്‍ സ്വാധീനം ഉണ്ടാകും. പക്ഷേ, മറ്റുള്ളവര്‍ക്ക് സ്വാധീനം ഇല്ലെന്നല്ല. പ്രാദേശികമായൊക്കെ പല വ്യത്യാസങ്ങളും വരും. കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നത് രാഷ്ട്രീയ അധികാരമുള്ളവര്‍ക്കാണ് എന്നു മാത്രമേയുള്ളു. ഉദ്യോഗസ്ഥ സമൂഹത്തില്‍ പ്രൊഫഷണലിസം വളര്‍ത്തിയെടുക്കണം; അതിനെ പിന്തുണയ്ക്കുന്ന അന്തരീക്ഷം രാഷ്ട്രീയ നേതൃത്വം സൃഷ്ടിക്കുകയും വേണം. അങ്ങനെ മാത്രമേ ആ ഒരു പ്രക്രിയയിലൂടെ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അല്ലാതെ നമുക്ക് അനുകൂലമായി തെറ്റായ ഒരു നടപടി സ്വീകരിക്കുമ്പോള്‍ അതു കൊള്ളാമെന്നു പറഞ്ഞാല്‍ നമുക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തും ഈ നടപടി ഉണ്ടാകും.

ശബരിമലയിൽ മേൽനോട്ടത്തിനായി ഹൈക്കോടതി രൂപീകരിച്ച സമിതിയിൽ അം​ഗമായതിന് ശേഷം ശബരിമലയിൽ എത്തിയ ഹേമചന്ദ്രൻ ഐപിഎസ് പൊലീസ് ബാരിക്കേഡ് മറികടക്കുന്നു
ശബരിമലയിൽ മേൽനോട്ടത്തിനായി ഹൈക്കോടതി രൂപീകരിച്ച സമിതിയിൽ അം​ഗമായതിന് ശേഷം ശബരിമലയിൽ എത്തിയ ഹേമചന്ദ്രൻ ഐപിഎസ് പൊലീസ് ബാരിക്കേഡ് മറികടക്കുന്നു

സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ ഉന്നത ഉദ്യോഗസ്ഥന്‍ പരസ്യവിമര്‍ശനം നടത്തുന്നത് ശരിയായ പ്രവണതയാണോ?

നിയമങ്ങളും ചട്ടങ്ങളുമൊക്കെ മാറ്റിവച്ചിട്ട്, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍, ഒരു സര്‍വ്വീസിന്റെ ഭാഗമായിരിക്കുമ്പോള്‍ അഭിപ്രായം പറയുന്നതിനുള്ള വേദി ഉണ്ടാകണം. അവിടെ പറയണം; സ്വതന്ത്രമായി ആ വേദിയില്‍ അഭിപ്രായപ്രകടനം നടത്തണം. പക്ഷേ, പലപ്പോഴും കണ്ടുവരുന്നത് ആ വേദിയില്‍ കാര്യങ്ങള്‍ വേണ്ടവിധം പറയുന്നില്ല എന്നാണ്. മന്ത്രിമാര്‍ നടത്തുന്ന യോഗങ്ങളെക്കുറിച്ചു മാത്രമല്ല ഞാനിതു പറയുന്നത്; ഉദ്യോഗസ്ഥ തലത്തില്‍ നടത്തുന്ന യോഗങ്ങളില്‍ സ്വതന്ത്രമായി, നേതൃത്വത്തിലിരിക്കുന്ന ആള്‍ക്ക് അല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ച് ഭയപ്പെടാതെ അപ്രിയ സത്യങ്ങളും പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. ഉള്ളില്‍നിന്ന് ഒരുമിച്ച് ഒരു തീരുമാനമെടുത്ത ശേഷം പുറത്തുവന്ന് എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു എന്നു പറയുന്ന രീതി സ്വീകരിച്ചാല്‍ ഏതു സംവിധാനമായാലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ വലിയ തോതില്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറാകുന്ന അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയുന്ന രീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുമുള്ളത്. അനാവശ്യ വിധേയത്വമില്ലാതെ, അനാവശ്യ വൈകാരികത ഒഴിവാക്കി വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറയുന്നതാണ് ആരോഗ്യകരമായ രീതി. കേള്‍ക്കുന്ന ആള്‍ക്ക് ഇഷ്ടമായാലും അല്ലെങ്കിലും. അങ്ങനെയൊരു രീതി വളര്‍ത്തിയെടുക്കണം. അല്ലാതെ ഒരു സംവിധാനത്തിന്റെ ഭാഗമായിരിക്കുകയും ഉള്ളില്‍നിന്നുകൊണ്ടുതന്നെ തീരുമാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നത് നല്ലതല്ല.

പൊലീസിലെ അഴിമതി എങ്ങനെയാണ് ഇല്ലാതാക്കുക?

പൊലീസുദ്യോഗസ്ഥരുടെ അഴിമതി മറ്റുദ്യോഗസ്ഥരുടെ അഴിമതിയേക്കാള്‍ ഗൗരവമായി കാണേണ്ട ഒന്നാണ്. കാരണം, പൊലീസിന്റെ മുന്നില്‍ വരുന്ന പ്രശ്‌നങ്ങള്‍ അങ്ങനെയുള്ളതാണ്. സാമൂഹിക തിന്മയാണ് കുറ്റകൃത്യത്തിന്റെ രൂപത്തില്‍ പൊലീസിന്റെ മുന്നില്‍ എത്തുന്നത്. അതിനെ കൈകാര്യം ചെയ്യാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൂടി ഇങ്ങനെയുള്ള തിന്മയ്ക്ക് വിധേയനാകുന്നുണ്ടെങ്കില്‍ അതിലെ അത്യാഹിതം വളരെ വലുതായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com