മനാല്‍ പലായനം ചെയ്തത് എങ്ങോട്ടാണ്? 

എല്ലാ മയക്കങ്ങളിലും അവര്‍ മരുഭൂമിയുടെ വന്യ വിജനതയിലൂടെ നടന്നുപോവുകയും പിന്നെ തിരികെ തന്റെ ഫ്‌ലാറ്റിലെ മുറിയിലെത്തുകയും പതിവാണ്. കിനാവിലൂടെയുള്ള യാത്ര നിലാവിലൂടെ ഒഴുകുന്നതുപോലെയാണ് മനാലിന്
മനാല്‍ പലായനം ചെയ്തത് എങ്ങോട്ടാണ്? 

രാകിനാവാനിന്റെ തിരശ്ശീലയില്‍ തെളിഞ്ഞ അറ്റം കാണാത്ത മരുഭൂമിയിലൂടെ പതുക്കെ നടക്കുകയാണ് ഇപ്പോള്‍ മനാല്‍. നടന്നുനടന്ന് അതിര്‍ത്തി കടന്ന് പുലരും മുന്‍പ് സിറിയയില്‍ എത്തണം. അവിടെ ഉമ്മയും ഉപ്പയുമുണ്ട്. അവരുടെ മടിയില്‍ കിടന്നു കുറെ കരയണം. മെല്ലിച്ച വെളുത്ത വിരലുകള്‍കൊണ്ട് ഉമ്മ മുടിയില്‍ തലോടുന്നതോടെ എല്ലാ വിഷമങ്ങളും ആ വിരലുകള്‍ ഒപ്പിയെടുക്കും. പെട്ടെന്നു മകന്‍ കരഞ്ഞു. അതോടെ മനാലിന്റെ സ്വാസ്ഥ്യം നിറഞ്ഞ ആ സ്വപ്നത്തിലേക്കും മരുക്കാറ്റടിച്ചു. എല്ലാ മയക്കങ്ങളിലും അവര്‍ മരുഭൂമിയുടെ വന്യ വിജനതയിലൂടെ നടന്നുപോവുകയും പിന്നെ തിരികെ തന്റെ ഫ്‌ലാറ്റിലെ മുറിയിലെത്തുകയും പതിവാണ്. കിനാവിലൂടെയുള്ള യാത്ര നിലാവിലൂടെ ഒഴുകുന്നതുപോലെയാണ് മനാലിന്. നക്ഷത്രങ്ങള്‍ പിന്തുടരുന്ന അപൂര്‍വ്വ സുന്ദരമായ യാത്ര. ഒരിക്കല്‍പ്പോലും ആ കിനാവ് പൂര്‍ത്തിയാകാറില്ല. ഒന്നുകില്‍ മകന്‍ കരയും. അല്ലെങ്കില്‍ എന്തെങ്കിലും ശബ്ദം കേട്ട് ഞെട്ടിയുണരും. ഉണര്‍ന്നാല്‍ പിന്നെ രാത്രി മകന് ഉറക്കുമുണ്ടാകില്ല. ടെലിവിഷന്‍ കാണണമെന്ന് അവന്‍ ഇന്നും മുദ്ര കാണിച്ചു. ഓട്ടിസം ബാധിച്ച കുട്ടിയാണ്. പക്ഷേ, സാധാരണ കുട്ടികളെ പോലെയേ കണ്ടാല്‍ തോന്നൂ. സംസാരിക്കുന്നിടത്താണ് പ്രശ്‌നം. മനാല്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടനെ ചെയ്തു കൊടുക്കണം. അല്ലെങ്കില്‍ നിര്‍ത്താതെ കരയും. ടെലിവിഷനില്‍ മനസ്സിനെ കണ്ണീരണിയിക്കുന്ന ദൃശ്യസാന്നിധ്യങ്ങളാണ് അധികവും. തുര്‍ക്കിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലിരുന്ന് ഒരു ബാല്യം കരയുന്നു. മനാലിനെ അതു വല്ലാതെ വിഷമിപ്പിച്ചു. തന്റെ മകന്റെ പ്രായമേ വരൂ. റമദാനാണ്. അവന്റെ ഉമ്മ വൃതമെടുത്തിരിക്കുകയാണ്. ഇനിയും കുറച്ചുസമയം കൂടിയുണ്ട് ബാങ്ക് വിളിക്കാന്‍. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എന്‍.എച്ച്.സി. ആറിന്റെ നിയന്ത്രണത്തിലാണ് ആ ക്യാമ്പ്. അവിടെ നിന്നുള്ള ദൃശ്യങ്ങളുടെ ഫയല്‍ വിഷ്വല്‍സാണ് ഒരു അറബി ചാനല്‍ കാണിക്കുന്നത്. ഒരുപക്ഷേ, ഇന്നലെയോ അതിനു മുന്‍പുള്ള ദിവസമോ എടുത്തതായിരിക്കണം. അഭയാര്‍ത്ഥിയെന്നു മുദ്ര കുത്തപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകുന്ന ജനങ്ങളെ നിങ്ങള്‍ ഏതു കണ്ണുകൊണ്ടാണ് കാണുന്നത്? മനാല്‍ സ്വയം ചോദിച്ചു. 

താനും അഭയാര്‍ത്ഥിയാകേണ്ടതായിരുന്നു. വിധി മറിച്ചായിരുന്നു. പഴയ കാനാന്‍ ദേശമായ ലബനനില്‍നിന്ന് സിറിയയിലേക്ക് നീണ്ടുകിടക്കുന്ന പാരമ്പര്യത്തിന്റെ വേരുകളിലാണ് മനാല്‍ തന്റെ അസ്തിത്വം നിലനിര്‍ത്തിയിരുത്. എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോകുന്നതു പോലെ തോന്നിയാലും മനാല്‍ ആത്മവിശ്വാസത്തോടെയേ സംസാരിക്കൂ. വിശ്വാസത്തിന്റെ തീവ്രതയില്‍ കഴുകിയെടുത്ത മനസ്സാണ് അവരുടേത്. എല്ലാം അള്ളാഹുവില്‍ സമര്‍പ്പിതമെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മനാലിന്റെ മനസ്സില്‍ വേദനയുടെ കടലിരമ്പുന്നുണ്ടെന്ന് ആദ്യകാഴ്ചയില്‍ത്തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. മുഖപടം മാറ്റിയ നിലയില്‍ ഞാന്‍ അവരെ കണ്ടിട്ടേയില്ല. രണ്ട് വര്‍ഷം മുന്‍പ് ഒരു റമദാന്‍ മാസക്കാലത്ത് ഞാന്‍ താമസിച്ചിരുന്ന ജിസാനിലെ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റില്‍ അവരുടെ മൂത്ത മകന്‍ ജോലി ചെയ്തിരുന്നു. അഹമ്മദ്. അവന് നോമ്പു തുറക്കാനുള്ള വിഭവങ്ങളുമായി എന്നും വൈകുന്നേരം മനാല്‍ എത്തും. ആ അപ്പാര്‍ട്ട്മെന്റിനു സമീപം മൂന്നു വലിയ കെട്ടിടങ്ങളില്‍ അഭയാര്‍ത്ഥികളായിരുന്നു. അവരില്‍ സിറിയന്‍ അഭയാര്‍ത്ഥികളും യെമനികളും പലസ്തീനികളും എല്ലാം ഉണ്ടായിരുന്നു. മനാലും രണ്ടു മക്കളും മൂത്ത മകന്റെ ഭാര്യ ഇമാനും ഈ കെട്ടിടങ്ങളോട് ഓരം ചേര്‍ന്നുനില്‍ക്കുന്ന ഒരു പുതിയ കെട്ടിടത്തിലെ രണ്ട് മുറികളുള്ള ഫ്‌ലാറ്റിലായിരുന്നു താമസം. മുഖപടം ധരിച്ചു മാത്രമേ ഞാന്‍ മനാലിനെ കണ്ടിട്ടുള്ളൂ. കാണുമ്പോഴെല്ലാം ആ കണ്ണുകളുടെ തിളക്കം എന്നെ വിസ്മയിപ്പിച്ചിരുന്നു. കണ്ണുകള്‍കൊണ്ടാണ് അവര്‍ എപ്പോഴും സംസാരിച്ചിരുന്നത്. അഹമ്മദിനു കൊണ്ടുവരുന്ന ഭക്ഷണം രണ്ടു മൂന്നു പേര്‍ക്ക് നോയമ്പു തുറക്കാനുണ്ടാകും. സിറിയന്‍, ലെബനന്‍ വിഭവങ്ങളാണ് കൊണ്ടുവരിക. റമദാനു മുന്‍പുതന്നെ ഞാന്‍ അവിടെ താമസക്കാരനായി എത്തിയിരുന്നു. റമദാനും കഴിഞ്ഞു പിന്നേയും 15 ദിവസം കഴിഞ്ഞാണ് ഞാന്‍ ജിസാനില്‍നിന്നു മടങ്ങുന്നത്. അഹമ്മദ് അന്ന് മനാലിന്റെ കഥയും പറഞ്ഞിരുന്നു.

ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ഇനി വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മനാല്‍. അന്ന് സിറിയയില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയിരുന്നില്ല. വര്‍ഷത്തില്‍ അധിക ദിവസവും മഞ്ഞുപെയ്തിരുന്ന അലിപ്പോയിലെ പൈന്‍മര കൊമ്പുകള്‍ ചോര വീണ് കുതിര്‍ന്നിരുന്നില്ല. ആദി പുരാതന ചരിത്രനഗരിയായ അലിപ്പോയിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ ആറു പെണ്‍മക്കളില്‍ ഇളയവളായിരുന്നു മനാല്‍. പിതാവ് ലബനന്‍ വംശജന്‍. മാതാവ് സിറിയക്കാരി. ഇരു രാജ്യക്കാരും തമ്മില്‍ വിവാഹബന്ധങ്ങള്‍ പതിവായിരുന്നു.  ഇന്നും ഈ പതിവുണ്ട്. ഭക്ഷണരീതിയിലും സംസ്‌കാരത്തിലുമൊക്കെ സാമ്യം. അറബ് സിറിയന്‍ പാരമ്പര്യത്തില്‍ ഊറ്റം കൊണ്ടിരുന്ന അബ്ദുല്‍ ഖാദര്‍ ഇമ്രാനായിരുന്നു ആദ്യ ഭര്‍ത്താവ്. ആ ബന്ധത്തില്‍ മനാലിനു രണ്ടു മക്കളുണ്ട്. ഒരാണും ഒരു പെണ്ണും. ആണ്‍കുട്ടി മനാലിനോടൊപ്പമുണ്ട്. അവനാണ് അഹമ്മദ്. പെണ്‍കുട്ടി സഹോദരിയോടൊപ്പം സിറിയയില്‍ത്തന്നെ ആയിരുന്നു. പിന്നെ തുര്‍ക്കിയിലേക്കും ഗ്രീസിലേക്കും കാനഡയിലേക്കും പലായനം ചെയ്‌തെന്നാണ് വിവരം. കൃത്യമായ വിവരമില്ല. സഹോദരിയെ ബന്ധപ്പെടാതായിട്ട് മാസങ്ങളാകുന്നു. മകള്‍ അവരോടൊപ്പമുണ്ടെന്ന വിശ്വസത്തിലാണ് മനാല്‍. അതോ ഏതോ യാത്രയില്‍ അവള്‍ സഹോദരിയില്‍നിന്നു വേര്‍പെട്ട് പോയിട്ടുണ്ടാകുമോ? 

മനാലിനെ രണ്ടാമത് വിവാഹം ചെയ്ത ഈജിപ്ഷ്യന്‍ പൗരനായ അബ്ദുറഹ്മാനും ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ആദ്യ ഭാര്യയോടൊപ്പം മകള്‍ ഓസ്ട്രേലിയയില്‍ ഉണ്ടെന്ന് അബ്ദുറഹ്മാന്‍ പറയും. മകളും ആദ്യ ഭാര്യയും എവിടെയാണെന്ന് അബ്ദുറഹ്മാന് അറിയില്ലെന്നതാണ് വാസ്തവം. സിറിയക്കാരിയായിരുന്ന അവരും പലായനം ചെയ്തവരുടെ കൂട്ടത്തിലാണ്. ലക്ഷക്കണക്കിനു വരുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നു. ജോര്‍ദ്ദാനില്‍, തുര്‍ക്കിയില്‍, ഗ്രീസില്‍, ജര്‍മനിയില്‍, കാനഡയില്‍, ഓസ്ട്രേലിയയില്‍ അങ്ങനെ വിശ്വപൗരന്മാരായി കഴിയുന്ന അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ എവിടെയോ മകളുണ്ടെന്നു വിശ്വസിക്കുകയും അതു മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുയും ചെയ്യുന്നതില്‍ അബ്ദുറഹ്മാന്‍ എപ്പോഴും വിജയിക്കുന്നു. സ്വകാര്യതയില്‍ അയാള്‍ പൊട്ടിക്കരയുന്നതും നരച്ച താടിരോമങ്ങളില്‍ കണ്ണീര് മഞ്ഞുതുള്ളികള്‍പോലെ തിളങ്ങുന്നതും മനാല്‍ മാത്രം കാണുന്ന നൊമ്പര കാഴ്ച. 

രണ്ടാമത്തെ വിവാഹത്തില്‍ പിറന്ന മകനാണ് ഇമാദ്. അവന്‍ സുന്ദരനാണ്. അവനു പക്ഷേ, ഈജിപ്തിന്റേയോ സിറിയയുടേയോ പാസ്പോര്‍ട്ടില്ല. ജനനം തന്നെ രജിസ്റ്റര്‍ചെയ്തിട്ടില്ല. ഇമാദിനു പാസ്പോര്‍ട്ട് എടുക്കാന്‍ അബ്ദുറഹ്മാന്‍ കുറെ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ആകപ്പാടെ കൈവശമുള്ളത് ആശുപത്രിയില്‍നിന്നുള്ള ഡിസ്ചാര്‍ജ് ഷീറ്റും ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റും മാത്രം. സൗദിയിലെ ജനന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മന്ത്രാലയത്തില്‍ ഇമാദിന്റെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇമാദ് ജനിക്കുമ്പോള്‍ അബ്ദുറഹ്മാന്റെ ഇഖാമയില്‍ ആറുമാസത്തെ കാലാവധി ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് അയാള്‍ക്ക് ഈ ജനനം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്നോ തന്റെ കരാറുകള്‍ നഷ്ടത്തില്‍ കലാശിക്കുമെന്നോ സ്പോണ്‍സറുമായി പ്രശ്‌നത്തിലാകുമെന്നോ അന്നു കരുതിയിരിക്കില്ല. സമയമുണ്ടല്ലോ ഇമാദിന്റെ ജനനം അല്‍പ്പം വൈകിയായാലും രജിസ്റ്റര്‍ ചെയ്യാമെന്നു കരുതിയിട്ടുണ്ടാകും. ബോധപൂര്‍വ്വം ഇങ്ങനെ ഒരു വീഴ്ച അയാള്‍ വരുത്തില്ല. ഇപ്പോള്‍ പൊലീസ് റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ചോദിച്ചാല്‍ എല്ലാവരും അകത്താകും. കുട്ടിയെ തട്ടിക്കൊണ്ടു പോവുകയാണെന്ന് ആരോപിച്ചാല്‍ അല്ല ഇതെന്റെ ബാബയും ഉമ്മിയുമാണെന്നു പറയാന്‍ ഇമാദിനാവില്ല. അവന്‍ സംസാരിക്കില്ല. അബ്ദുറഹ്മാന്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കിയിട്ട് നാലു വര്‍ഷമാകുന്നു. ഗുരുതരമായ തെറ്റാണ് ഇത്. ജോലി ചെയ്യുന്ന കമ്പനിയുടെ വിസയിലല്ല അബ്ദുറഹ്മാന്‍. മനുഷ്യത്വത്തിന്റെ പേരിലും നാട്ടുകാരനെന്ന പരിഗണനയിലുമാണ് ഈജിപ്ഷ്യന്‍ വംശജനായ ജനറല്‍ മാനേജര്‍ അബ്ദുറഹ്മാനെ തുടരാന്‍ അനുവദിക്കുന്നത്. ആ അബ്ദുറഹ്മാനെ ഞാന്‍ ജിസാനില്‍നിന്നു മടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ഒരു നാള്‍ കാണാതാകുന്നു. രാവിലെ ഓഫീസില്‍ പോയതാണ്. തിരിച്ചുവന്നില്ല. പല സ്ഥലത്തും അഹമ്മദ് അന്വേഷിച്ചു. അയാള്‍ക്ക് അബ്ദറഹ്മാനെ സ്വന്തം പിതാവിനേക്കാള്‍ ഇഷ്ടമായിരുന്നു. ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് അബ്ദുറഹ്മാന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് അറിയുന്നത്. ഇഖാമ പരിശോധനക്കിടയില്‍പ്പെട്ടു പോയതാണ്. നാലു വര്‍ഷമായി ഇഖാമ പുതുക്കാതിരുന്ന അബ്ദുറഹ്മാനെ പഴയ സ്പോണ്‍സര്‍ ഹുറൂബാക്കിയിരുന്നു (ഒളിച്ചോട്ടക്കാരന്‍). അതുകൊണ്ടാണ് പ്രധാനമായും കസ്റ്റഡിയിലെടുത്തത്. ഹുറൂബിന്റെ കാരണം എന്താണെന്നു കൃത്യമായി തിരക്കേണ്ടതുണ്ട്. 

ഞാന്‍ തിരിച്ചു ജിദ്ദയിലെത്തിയ ശേഷം ഒരാഴ്ച സ്ഥിരമായി അഹമ്മദിനെ വിളിച്ചിരുന്നു. അപ്പോഴൊക്കെ അവന്‍ പറയും, ഇല്ല ഹബീബി, ഒരു രക്ഷയും കാണുന്നില്ല. ഇപ്പോഴും കസ്റ്റഡിയിലാണ്. റിയാദിലേക്ക് കൊണ്ടുപോകുമെന്നും കേള്‍ക്കുന്നു. പഴയ സ്പോണ്‍സര്‍ റിയാദിലാണ്. പിന്നെ, പിന്നെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ അഹമ്മദിന്റെ കാര്യം മറന്നു. മനാലിനേയും ഇമാദിനേയും അബ്ദറഹ്മാനേയും മറന്നു. സ്വന്തം പ്രാരാബ്ദങ്ങള്‍ക്കിടയില്‍ മനഃപൂര്‍വ്വമല്ലാതെ സംഭവിക്കുന്നതാണ് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തേണ്ടവരെക്കുറിച്ചുള്ള മറവി. ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്നു സ്വയം പരിഭവിക്കുന്നു. പ്രതിസന്ധികളും ബാധ്യതകളും ഒരാളെ അയാളുടെ അതുവരെയുണ്ടായിരുന്ന വ്യക്തിത്വത്തില്‍നിന്ന് എന്തെല്ലാമാണ് തകര്‍ത്തെറിയുന്നത്. മനസ്സിന്റെ ആര്‍ദ്രതപോലും പ്രതിസന്ധികള്‍ നഷ്ടപ്പെടുത്തുന്നുവെന്നതാണ് സത്യം. രണ്ടു വര്‍ഷത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വീണ്ടും ജിസാനില്‍ എത്തിയപ്പോഴാണ് അഹമ്മദിനേയും മനാലിനേയുമൊക്കെ ഓര്‍മ്മ വന്നത്. അഹമ്മദിനെ വിളിച്ചു. അവന്‍ ഏറെ പരിഭവം പറഞ്ഞു. അഹൂയ(സഹോദര)ലേ അന്‍ത മാറദ്ദു ജവ്വാല്‍? എന്തുകൊണ്ട് ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു അവന്റെ ചോദ്യം. എന്റെ പഴയ നമ്പറിലാണ് അവന്‍ വിളിച്ചുകൊണ്ടിരുന്നത്. നമ്പര്‍ മാറിയ വിവരം അവന്‍ അറിഞ്ഞിരുന്നില്ല. അന്നു വെള്ളിയാഴ്ചയായിരുന്നു. ജുമാ നമസ്‌കാരത്തിനു ശേഷം ഞാനും അഹമ്മദും അവന്‍ ജോലി ചെയ്യുന്ന ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റിലെ കോഫി ഷോപ്പിലെത്തി. എന്തൊക്കെയാണ് വിശേഷം? അബ്ദുറഹ്മാന്‍ ജയില്‍ മോചിതനായോ? മനാലും ഇമാദും സുഖമായിരിക്കുന്നോ? ടര്‍ക്കിഷ് കോഫി കഴിക്കുന്നതിനിടെ അവന്റെ മൗനം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഏറെ നേരം നിശ്ശബ്ദനായിരുന്ന അഹമ്മദ് എന്നെ ഒരു ശബ്ദസന്ദേശം കേള്‍പ്പിച്ചു. മനാല്‍ പറയുകയാണ്, അഹമ്മദ്, മാഅസലാമ. അത് രണ്ടു മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. അതെ ഒരു വര്‍ഷം മുന്‍പ് മനാല്‍ യാത്ര പോയിരിക്കുന്നു. കൂടെ ഇമാദും. എന്താണ് സംഭവിച്ചതെന്നു ഞാന്‍ ചോദിച്ചില്ല. അഹമ്മദ് പറഞ്ഞുമില്ല. മനാല്‍ പലായനം ചെയ്തത് എങ്ങോട്ടാണ്? ഉത്തരം കിട്ടണമെന്ന് ഒരു ആഗ്രഹവുമില്ലാത്ത ഒരു ചോദ്യമായി അത് അങ്ങനെ നില്‍ക്കട്ടെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com