കൊറോണാ വാക്‌സിന്‍ പരീക്ഷണത്തിന് മനുഷ്യന്‍ ബലി മൃഗങ്ങളാവുമോ?

ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്‍ എന്ന നിലയില്‍ പ്രശസ്തമായ ബി.സി.ജി ഇന്ത്യയിലെ കൊവിഡ് രോഗ നിയന്ത്രണത്തിനായി ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്
കൊറോണാ വാക്‌സിന്‍ പരീക്ഷണത്തിന് മനുഷ്യന്‍ ബലി മൃഗങ്ങളാവുമോ?

ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്‍ എന്ന നിലയില്‍ പ്രശസ്തമായ ബി.സി.ജി ഇന്ത്യയിലെ കൊവിഡ് രോഗ നിയന്ത്രണത്തിനായി ഉപയോഗിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. മഹാരാഷ്ട്രയിലാണ് നൂറു വര്‍ഷത്തോളമായി ക്ഷയരോഗത്തിനെതിരെ ബി.സി.ജി വാക്‌സിന്‍ എന്ന ഡോണ്‍ ക്വിക്സോട്ടിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയാണ് ഇതിനായുള്ള ബി.സി.ജി വാക്‌സിന്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഈയവസരത്തില്‍, ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്‍  ഫലപ്രദമാണോ, അതിനു പിന്നില്‍ അപകടങ്ങളുണ്ടോ എന്ന അന്വേഷണമാണ് ഈ ലേഖനം.

കുത്തിവെയ്പിലൂടെ നല്‍കുന്ന ബി.സി.ജി വാക്‌സിനാണ് ഇന്നു കൂടുതല്‍ സാധാരണം. അമേരിക്കയില്‍ മാത്രമാണ് ബി.സി.ജി വാക്‌സിന്റെ പ്രയോഗം നിലവിലില്ലാത്തത്. എന്നാല്‍, ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുട്ടികള്‍ക്കെങ്കിലും ഇതു നല്‍കിവരുന്നു. ബി.സി.ജി നല്‍കപ്പെട്ട കുട്ടികള്‍ ക്ഷയരോഗത്തില്‍നിന്നും സമാനമായ ചില അസുഖങ്ങളില്‍നിന്നും രക്ഷനേടുന്നു. എന്നാല്‍, ഈ രോഗപ്രതിരോധശേഷി പൂര്‍ണ്ണമാണെന്നു പറയാനാവില്ല. ഇതു സംബന്ധമായ സാക്ഷ്യപത്രത്തില്‍ ലോകാരോഗ്യസംഘടന ഇങ്ങനെ പറയുന്നു:

''കുറവുകളുണ്ടെങ്കിലും വികസ്വരരാജ്യങ്ങളിലെ ക്ഷയരോഗനിയന്ത്രണ പരിപാടികളില്‍ ബി.സി.ജി വാക്‌സിനേഷനു വളരെ സുപ്രധാനമായ പങ്കുവഹിക്കാന്‍ കഴിയുന്നുണ്ട്.'' ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷയരോഗം മാനവരാശിയെ വിട്ട് എന്നന്നേയ്ക്കുമായി മടങ്ങിപ്പോയിട്ടില്ല. ഓരോ വര്‍ഷവും 9.4 ദശലക്ഷത്തിലധികം മനുഷ്യര്‍ ക്ഷയരോഗ ബാധിതരാവുന്നു. ലോകത്തിലെ മൂന്നുപേരിലൊരാള്‍ക്ക് ക്ഷയരോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്. 2009-ല്‍ മാത്രം 1.7 ദശലക്ഷം ആളുകള്‍ ക്ഷയരോഗം മൂലം മരിച്ചുവെന്നു കണക്കാക്കപ്പെടുന്നു. അതിനാല്‍ പുതിയതും കൂടുതല്‍ ഫലപ്രദവുമായ ക്ഷയരോഗ വാക്‌സിനുകള്‍ ഇപ്പോഴും പ്രസക്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു.

പ്രൈംബൂസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഇരട്ട വാക്‌സിനേഷന്‍ രീതിയാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെടുന്നത്. ആദ്യത്തെ വാക്‌സിന്‍ ക്ഷയരോഗാണുവിന്റെ പ്രതിരൂപത്തെ പ്രദര്‍ശിപ്പിച്ചുകൊണ്ട് ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയെ ഉണര്‍ത്തുന്നു. രണ്ടാമത്തെ വാക്‌സിന്‍ യഥാര്‍ത്ഥ ക്ഷയരോഗാണുവിനെ പ്രതിരോധിക്കാനായി ശ്വേതരക്താണുക്കളെ സജ്ജമാക്കുകയും ആന്റിബോഡികളെ സൃഷ്ടിക്കുകയും ചെയ്യുന്നു. എയ്ഡ്സിനെതിരെ ഇപ്പോള്‍ വികസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില വാക്‌സിനുകളുടെ കാര്യത്തിലും ഈ രീതി ഫലപ്രദമായി കണ്ടിട്ടുണ്ട്.

പുരാതന ഗ്രീക്കു ഭാഷയില്‍നിന്നും പിറവികൊണ്ട ഥൈസിസ് (Phthisis) എന്ന വാക്കാണ് മുന്‍കാലങ്ങളില്‍ ക്ഷയരോഗത്തെ വിവക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. ടുബെര്‍ക്കുലോസിസ് (Tuberculosis TB) എന്ന പേരു വന്നത് പിന്നീടാണ്. ബാസിലസ് കാല്‍മെറ്റ് ഗുറിന്‍ (Bacillus Calmttee-Guerin: B.C.G) എന്ന ബി.സി.ജിയാണ് ക്ഷയരോഗത്തിനെതിരെ അന്നുമിന്നും ഫലപ്രദമായ ഒരേയൊരു വാക്‌സിന്‍. കഴിഞ്ഞ 100 വര്‍ഷമായി അത്ഭുതകരമായ ഫലസിദ്ധിയെന്ന പ്രശസ്തിപത്രവുമായി അത് ചികിത്സാരംഗത്തുണ്ട്. എന്നിരുന്നാലും അതിന്റെ കാര്യക്ഷമത ഇപ്പോഴും വിവാദമായിത്തന്നെ തുടരുകയാണ്. ബി.സി.ജി വാക്‌സിനേഷന്‍ സംബന്ധമായി സാര്‍വ്വദേശീയമായ ശുപാര്‍ശകളൊന്നും ഇപ്പോഴും നിലവിലില്ല. ചില രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകള്‍ അതിന്റെ ഉപയോഗം നിയമപരമാക്കുകയും മറ്റു ചിലവ ബി.സി.ജി വാക്‌സിനേഷന്‍ നയപരിപാടികളുടെ ഭാഗമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതല്ലാതെ രാജ്യാന്തരമായ ഒരു അംഗീകാരം നേടിയെടുക്കാന്‍ ബി.സി.ജിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ആൽബെർട്ട് കാൽമെറ്റും ജീൻമാരി കാമിൽ ​ഗുറിനും. ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഇവരായിരുന്നു ബിസിജി വാക്സിൽ വികസിപ്പിച്ചെടുത്തത്
ആൽബെർട്ട് കാൽമെറ്റും ജീൻമാരി കാമിൽ ​ഗുറിനും. ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഇവരായിരുന്നു ബിസിജി വാക്സിൽ വികസിപ്പിച്ചെടുത്തത്

ദാരിദ്ര്യവും രോഗബാധയും

രോഗാണുവും മനുഷ്യശരീരവും തമ്മില്‍ തന്മാത്രതലത്തിലും കോശതലത്തിലുമായി നടക്കുന്ന അതിസങ്കീര്‍ണ്ണമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ടി.ബി ക്ഷയരോഗബാധയുടെ സവിശേഷത. ക്ഷയരോഗത്തിന്റെ ചികിത്സയും നിയന്ത്രണവും വിഷമമുള്ളതാക്കുന്നത് അന്യാദൃശമെന്നുതന്നെ പറയാവുന്ന ഈ ഇമ്മ്യൂണ്‍ ബന്ധിത പ്രതിപ്രവര്‍ത്തനങ്ങളാണ്. ദാരിദ്ര്യം എന്ന സാമൂഹ്യാവസ്ഥയുമായും അനുബന്ധ ദൈന്യങ്ങളുമായും ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ രോഗം.

മൈക്കോബാക്ടീരിയം ട്യൂബെര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിനു കാരണമാവുന്നതെന്ന് റോബര്‍ട്ട് കോച്ച് (Robert Koch) എന്ന ജര്‍മ്മന്‍ ഡോക്ടര്‍, 1882-ല്‍ കണ്ടെത്തുന്നതിലൂടെയാണ് ക്ഷയരോഗ ചികിത്സയുടെ ചരിത്രത്തിനു തുടക്കാവുന്നത്. 1921 ജൂലൈ 18-ന്, ഫ്രെഞ്ച് ശിശുരോഗവിദഗ്ദ്ധനും ബാക്ടീരിയോളജിസ്റ്റുമായ ബെഞ്ചമിന്‍ വെയില്‍ഹാള്‍ (Benjamin Weill-Halle, 1875-1958), പാരീസിലെ ഒരു ശിശുവിന് ആദ്യമായി ക്ഷയരോഗ വാക്‌സിന്‍ നല്‍കി. ഫ്രെഞ്ച് ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് കാല്‍മെറ്റും കാമില്‍ ഗുറിനും ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്റെ ചുരുക്കപ്പേരായിരുന്നു ബി.സി.ജി. പശുക്കളില്‍ സമാനമായ രോഗാവസ്ഥയ്ക്ക് കാരണമാവുന്ന ബാക്ടീരിയയുടെ ദുര്‍ബ്ബലരൂപമായിരുന്നു ഇത്. രോഗം ബാധിച്ച പശുവിന്റെ പാലില്‍നിന്നും മൈക്കോബാക്ടീരിയം ബോവിസ് എന്ന രോഗാണുവിനെ ആല്‍ബര്‍ട്ട് കാല്‍മെറ്റ് (Albert Calmette, 1863-1933) 1904ല്‍ത്തന്നെ വേര്‍തിരിച്ചിരുന്നു. 1908-ല്‍, കാല്‍മെറ്റും മൃഗഡോക്ടറായിരുന്ന ജീന്‍മാരി കാമില്‍ ഗുറിനും ചേര്‍ന്ന് (Jean-Marie Camille Guerin) ലില്ലെയിലുള്ള പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരീക്ഷണശാലയില്‍വെച്ച് ഈ ആവശ്യത്തിനായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു വളര്‍ച്ചാമാധ്യമത്തിലൂടെ കടത്തിവിടാന്‍ തുടങ്ങി. ഗിനിപ്പന്നികളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തില്‍, അവയുടെ ശരീരത്തിലേക്ക് കടത്തിവിട്ടാലും രോഗം വരുത്താന്‍ ശേഷിയില്ലാതെ ദുര്‍ബ്ബലമായി മാറിയ രോഗാണുക്കളെ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതിലൂടെ യഥാര്‍ത്ഥ ക്ഷയരോഗാണു കടന്നുചെന്നാലും ക്ഷയരോഗത്തിനു കീഴ്പെടാതെ, രോഗപ്രതിരോധശേഷി കൈവരിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പിന്നേയും 13 വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടതായി വന്നു.

1928-ല്‍, ഓറല്‍ ബി.സി.ജി വാക്‌സിന്‍, ഐക്യരാഷ്ട്രസഭയുടെ പൂര്‍വ്വരൂപമായ ലീഗ് ഓഫ് നേഷന്‍സ് അംഗീകരിച്ചു. കുത്തിവെയ്ക്കാന്‍ കഴിയുന്ന ഇന്‍ട്രാഡെര്‍മല്‍ ബി.സി.ജി വാക്‌സിന്‍ 1927 മുതല്‍ക്കേ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്താണ് ക്ഷയരോഗ ചികിത്സയില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന ഒരു കണ്ടെത്തല്‍ നടന്നത്. മൈക്കോബാക്ടീരിയം ട്യൂബെര്‍കുലോസിസ് എന്ന ക്ഷയരോഗാണുവിനെതിരെ സ്ട്രെപ്റ്റോമൈസിന്‍ എന്ന ആന്റിബയോട്ടിക് ഫലപ്രദമാവുമെന്ന് സെല്‍മാന്‍ വാക്സ്മാന്‍ (Selman Waksman, 1888-1973) എന്ന യുക്രേനിയന്‍ ജൈവരസതന്ത്രജ്ഞന്‍ നടത്തിയ കണ്ടെത്തലായിരുന്നു അത്. തുടക്കത്തില്‍, സ്ട്രെപ്റ്റോമൈസിന്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമായി കാണപ്പെട്ടു. എന്നാല്‍, വൈകാതെ ക്ഷയരോഗാണു ഇതിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ചു. അതിലൂടെ മറ്റൊരു കാര്യവും ശാസ്ത്രജ്ഞര്‍ക്കു മനസ്സിലായി: ഒരൊറ്റ ആന്റിബയോട്ടിക് മാത്രമുപയോഗിച്ചാല്‍ ക്ഷയരോഗത്തെ ചികിത്സിക്കാനാവില്ല. എങ്കിലും ഇതിനു മനഃശാസ്ത്രപരമായി മാത്രം നിലനില്‍പ്പുള്ള ഒരു മിഥ്യാബോധത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മനുഷ്യന്‍ ക്ഷയരോഗത്തെ കീഴടക്കിക്കഴിഞ്ഞൂ എന്ന്. വരാതിരിക്കാന്‍ ബി.സി.ജി! വന്നുകഴിഞ്ഞാല്‍ സ്ട്രെപ്റ്റോമൈസിന്‍! പതിറ്റാണ്ടുകളോളം നിലനിന്ന ഈ തെറ്റിദ്ധാരണ മാറിയത് വളരെ വൈകിയായിരുന്നു.

മനുഷ്യരിലെ പരീക്ഷണം

വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് 1921-ല്‍ കാല്‍മെറ്റ് തീരുമാനിച്ചു. പാരീസിലെ ചാരിറ്റെ ആശുപത്രിയിലാണ് അതിനു വേദിയൊരുക്കിയത്. ബെഞ്ചമിന്‍ വെയില്‍ഹാലെ, റെയ്മണ്ട് ടര്‍പിന്‍ എന്നിവരുടെ സഹായം ഇക്കാര്യത്തില്‍ കാല്‍മെറ്റിനുണ്ടായിരുന്നു. അവിടെ, ക്ഷയരോഗം ബാധിച്ച ഒരു സ്ത്രീ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം മരിച്ചുപോയിരുന്നു. 1921 ജൂലൈ 18-ന് കുഞ്ഞിന് വായിലൂടെയുള്ള വാക്‌സിന്‍ നല്‍കി. കുഞ്ഞ് അസ്വാഭാവികമായ പ്രതികരണങ്ങളൊന്നും കാണിച്ചില്ല. ക്ഷയരോഗാണു അന്നപഥത്തിലൂടെയാണ് ശരീരത്തില്‍ കടക്കുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. അതിനാലാണ് വാക്‌സിനേഷന്‍ വായിലൂടെ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, വെയില്‍ഹാലെ മറ്റു ശിശുക്കളില്‍ കുത്തിവെയ്പിലൂടെ വാക്‌സിന്‍ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും മാതാപിതാക്കളുടെ എതിര്‍പ്പുമൂലം ആ ശ്രമം ഉപേക്ഷിക്കേണ്ടതായി വന്നു. ആല്‍ഫ്രഡ് ബോക്വെറ്റും ലീപോള്‍ഡ് നെഗ്രെയും ചേര്‍ന്നു തയ്യാറാക്കിയ ബി.സി.ജി വാക്‌സിന്റെ എമല്‍ഷന്‍ രൂപമാണ് ഉപയോഗിച്ചത്. 1924 ആയപ്പോഴേക്കും അറുന്നൂറിലേറെ ശിശുക്കള്‍ക്ക് ക്ഷയരോഗ പ്രതിരോധ കുത്തിവയ്പുകള്‍ തന്നെ നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ലില്ലെ ആസ്ഥാനമായുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചികിത്സാവശ്യത്തിനായുള്ള ബി.സി.ജി വാക്‌സിന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങി. 1924 മുതല്‍ 1928 വരെ 11,40,00 നവജാതശിശുക്കള്‍ക്ക് ക്ഷയരോഗ വാക്‌സിന്‍ നല്‍കി. 1928 ആയപ്പോഴേക്കും ലില്ലില്‍ മൃഗങ്ങളില്‍ നടത്തിയിരുന്ന മറ്റു പരീക്ഷണങ്ങള്‍ തുടരേണ്ടതില്ല എന്നു തീരുമാനിക്കപ്പെട്ടതിനാല്‍ കാല്‍മെറ്റ്, ഗ്വെറിനെ പാരീസിലെ പരീക്ഷണശാലയില്‍ തന്നോടൊപ്പം ചേരാന്‍ വിളിച്ചു. 1931-ന്നോടെ ബി.സി.ജി വാക്‌സിന്‍ തയ്യാറാക്കുന്നതിനായി ഒരു പ്രത്യേക ലബോറട്ടറി സജ്ജമാവുകയും ഗുറിന്‍ അതിന്റെ മേധാവിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഫലപ്രാപ്തിയെക്കുറിച്ചുള്ള ചില സംശയങ്ങള്‍ ചില കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നുവെങ്കിലും ക്ഷയരോഗത്തിനെതിരെയുള്ള ഏറ്റവും സുരക്ഷിതമായ പ്രതിരോധമരുന്നെന്ന തരത്തില്‍ ബി.സി.ജി വാക്‌സിന്‍ പരക്കെ അംഗീകരിക്കപ്പെടുകയും പ്രശസ്തമാവുകയും ചെയ്തു. ബി.സി.ജി കുത്തിവയ്പ് എടുത്ത ശിശുക്കളില്‍ ക്ഷയരോഗം മൂലമുള്ള മരണനിരക്ക് കുറയുന്നതായി കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കാല്‍മെറ്റും ഗുറിനും പുറത്തുവിട്ടു. ഫ്രാന്‍സിനു പുറത്തും ബി.സി.ജി വാക്‌സിനേഷനായി അപ്പോസ്തലന്മാര്‍ ഉണ്ടായി. ബാഴ്സലോണയില്‍ ലൂയിസ് സെയ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ അരവിഡ് വാള്‍ഗ്രെന്‍, ഓസ്ലോയില്‍ ജോഹന്നാസ് ഹൈംബെക്ക് എന്നിവര്‍ ബി.സി.ജി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍, ബ്രിട്ടണില്‍ വൈദ്യശാസ്ത്രസമൂഹം എതിര്‍പ്പ് പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. 1928-ല്‍ത്തന്നെ പ്രശസ്ത സ്റ്റാറ്റിസ്റ്റീഷ്യനും പകര്‍ച്ചരോഗ വിദഗ്ദ്ധനുമായ പ്രൊഫസര്‍ മേജര്‍ ഗ്രീന്‍വുഡ് കാള്‍മെറ്റിന്റേയും ഗ്വെറിന്റേയും അവകാശവാദങ്ങളേയും സ്ഥിതിവിവരക്കണക്കുകളേയും ശക്തമായി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, അമേരിക്കന്‍ ഐക്യനാടുകളിലെ ട്രൂഡ്യൂ സാനിട്ടോറിയത്തില്‍ വെച്ച് റഷ്യന്‍ വംശജനായ ഡോക്ടര്‍ സ്ട്രാഷ്മിര്‍ അറ്റാനോസ് പെട്രോഫ് 1929ല്‍ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തി. കാള്‍മെറ്റ് നല്‍കിയ ബി.സി.ജി വാക്‌സിനുകളുടെ വലിയ ശേഖരത്തിനുള്ളില്‍ അദ്ദേഹവും സഹഗവേഷകരും ക്രിയാശേഷി നശിച്ചുപോയിട്ടില്ലാത്തതും ക്ഷയരോഗം വരുത്താന്‍ കഴിയുന്നതുമായ ട്യുബര്‍ക്കിള്‍ ബാസിലസ് ബാക്ടീരിയകളെ കണ്ടെത്തി. ബി.സി.ജി വാക്‌സിന്‍ രോഗാണുവിമുക്തമല്ലെന്ന് ഈ കണ്ടെത്തല്‍ തെളിയിച്ചെങ്കിലും 'ല്യൂബെക്ക് ദുരന്തം' സംഭവിക്കുന്നതുവരെ ബി.സി.ജി സുരക്ഷിതമാണെന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കാല്‍മെറ്റും ഗുറിനും.

ക്ഷയരോ​ഗം ബാധിച്ച കുട്ടികളാണ് ഈ കിടക്കകളിൽ. 1932ൽ സ്പ്രിങ്ഫീൽഡ് ഹൗസ് ഓപ്പൺ എയർ സ്കൂളിൽ നിന്നു പകർത്തിയ ചിത്രം. അന്ന് ക്ഷയരോ​ഗത്തിന് മികച്ച ചികിത്സ കിട്ടിയിരുന്ന സ്ഥലമായിരുന്നു ഇത്
ക്ഷയരോ​ഗം ബാധിച്ച കുട്ടികളാണ് ഈ കിടക്കകളിൽ. 1932ൽ സ്പ്രിങ്ഫീൽഡ് ഹൗസ് ഓപ്പൺ എയർ സ്കൂളിൽ നിന്നു പകർത്തിയ ചിത്രം. അന്ന് ക്ഷയരോ​ഗത്തിന് മികച്ച ചികിത്സ കിട്ടിയിരുന്ന സ്ഥലമായിരുന്നു ഇത്

ല്യൂബെക്ക്  ദുരന്തവും വിമര്‍ശനങ്ങളും

1930-ല്‍ വടക്കന്‍ ജര്‍മനിയിലെ ല്യൂബെക്ക് നഗരത്തില്‍ നവജാതശിശുക്കള്‍ക്ക് ക്ഷയരോഗ പ്രതിരോധ കുത്തിവെയ്പായി ബി.സി.ജി വാക്‌സിന്‍ നല്‍കാനുള്ള ഒരു പദ്ധതി നടപ്പിലാക്കുകയുണ്ടായി. ല്യൂബെക്കിലെ ജനറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പ്രൊഫസര്‍ ഡീക്കും ല്യൂബെക്ക് നഗരാരോഗ്യ വകുപ്പിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആല്‍സ്റ്റോഡുമായിരുന്നു സൂത്രധാരര്‍. പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാണ് ബി.സി.ജി വാക്‌സിന്‍ എത്തിച്ചത്. തുടര്‍ന്നു തുള്ളിമരുന്നായി ശിശുക്കള്‍ക്കു നല്‍കി. നാലാഴ്ചകള്‍ക്കുശേഷം വാക്‌സിനെടുത്ത അനവധി ശിശുക്കള്‍ക്കു ക്ഷയരോഗം സ്ഥിരീകരിച്ചു. വാക്‌സിനേഷന്‍ ലഭിച്ച 250 ശിശുക്കളില്‍ ആദ്യവര്‍ഷത്തില്‍ 73 മരണങ്ങള്‍ ഉണ്ടായി. 135 ശിശുക്കള്‍ക്കു ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ജര്‍മന്‍ സര്‍ക്കാര്‍ അന്വേഷണക്കമ്മിഷനെ നിയമിച്ചു. ബെര്‍ലിനിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ബ്രൂണോ ലാംഗെ, ജര്‍മന്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്രൊഫസര്‍ ലുഡ്വിഗ് ലങ്കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 20 മാസത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ബി.സി.ജി വാക്‌സിനു ക്ലീന്‍ചിറ്റ് നല്‍കപ്പെട്ടു. പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും എത്തിക്കപ്പെട്ട ബി.സി.ജി വാക്‌സിനെ ല്യൂബെക്കിലെ ക്ഷയരോഗ ലബോറട്ടറിയില്‍ വെച്ച് വീണ്ടും ചില തയ്യാറാക്കലുകള്‍ക്ക് വിധേയമാക്കിയിരുന്നു. അതിലൂടെ ലബോറട്ടറിയില്‍ നേരത്തേ ഉണ്ടായിരുന്ന ട്യൂബര്‍ക്കിള്‍ ബാസി ലസ് എന്ന ക്ഷയരോഗ ബാക്ടീരിയ മൂലം വാക്‌സിന്‍ മലിനീകരിക്കപ്പെട്ടു. ബി.സി.ജി വാക്‌സിന്‍ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന കുറ്റമാരോപിക്കപ്പെട്ട രണ്ട് ഡോക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു.

ല്യൂബെക്ക് ദുരന്തത്തിന്റെ വാര്‍ത്ത ലോകമെമ്പാടും പ്രചരിച്ചു. കാല്‍മെറ്റും ഗുറിനും കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയരായി. രണ്ടുപേരും കടുത്ത സമ്മര്‍ദ്ദത്തിലായി. എങ്കിലും 1930 ഓഗസ്റ്റില്‍ നടന്ന, ക്ഷയരോഗത്തിനെതിരായുള്ള സംഘടനയുടെ ഓസ്ലോ യോഗത്തില്‍, കാല്‍മെറ്റ് സ്വയം പ്രതിരോധിക്കുകയും കയ്യടി നേടുകയും ചെയ്തു. ല്യൂബെക്ക് ദുരന്തം വാക്‌സിന്റെ കുഴപ്പംകൊണ്ടല്ലെന്ന വാദം എല്ലാവര്‍ക്കും ബോധ്യമായി. 1940-കളുടെ അവസാനത്തോടെ, ക്ഷയരോഗത്തിനെതിരായി ബി.സി.ജി നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചുള്ള അനവധി പഠനങ്ങള്‍ ഉണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ഷയരോഗം ഒരു വലിയ ആരോഗ്യ പ്രതിസന്ധിയായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ബി.സി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. അന്നു ചിറകുവിരിച്ചു തുടങ്ങുക മാത്രമായിരുന്ന ലോകാരോഗ്യ സംഘടന കണ്ണുമടച്ച് ബി.സി.ജി വാക്‌സിനെ പിന്താങ്ങി. യൂണിസെഫ്, സ്‌കാന്‍ഡിനേവിയന്‍ റെഡ്ക്രോസ് സൊസൈറ്റികള്‍ തുടങ്ങിയവ പ്രത്യേകിച്ചും. അടുത്ത ദശകത്തില്‍ ഇത്തരം പ്രചാരണവേലകള്‍ യൂറോപ്പിനെ വിട്ട് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 1930-കളില്‍ ബ്രിട്ടണിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ അമേരിക്കയിലെ പൊതുജനാരോഗ്യവകുപ്പും വാക്‌സിന്റെ പരിശോധനയിലധിഷ്ഠിതമായ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളിലായിരുന്നു പരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍, രണ്ടിടത്തുനിന്നും രണ്ടുതരം ഫലങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ബ്രിട്ടണില്‍ ബി.സി.ജി വാക്‌സിന്റെ തന്നെ 'കോപ്പന്‍ ഹേഗന്‍ വകഭേദം' ആണുപയോഗിച്ചത്. 13 വയസ്സുള്ള കുട്ടികളില്‍ അതു വളരെ ഫലപ്രദമാവുന്നതായി പെട്ടെന്നുതന്നെ വ്യക്തമായി. എന്നാല്‍, വാക്‌സിന്റെ ടൈസ് വകഭേദം ഉപയോഗിച്ച്, വിവിധ പ്രായത്തിലുള്ള കുട്ടികളില്‍, അമേരിക്കയില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍, ബ്രിട്ടണിലെ കൗമാര പ്രായക്കാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ ബി.സി.ജി വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. അതേസമയം ബി.സി.ജിയെ അമേരിക്കയില്‍ ബി.സി.ജി വാക്‌സിന്റെ സാര്‍വ്വത്രികോപയോഗം ശുപാര്‍ശ ചെയ്യപ്പെട്ടില്ല. ക്ഷയരോഗ സാധ്യത വളരെയധികം ഉയര്‍ന്നുനില്‍ക്കുന്ന ചില ജനസമൂഹങ്ങളിലേക്കു മാത്രമായി അതു പരിമിതപ്പെടുത്തപ്പെട്ടു. എന്നാല്‍, ലോകത്തിലെ മിക്ക രാജ്യങ്ങളും യൂറോപ്പിന്റെ മാതൃകയും ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശവും പിന്‍തുടര്‍ന്ന് ബി.സി.ജി വാക്‌സിനേഷനെ ഒരു ജനകീയ ആരോഗ്യരക്ഷാ പദ്ധതിയായി അവതരിപ്പിച്ചു.

ഇന്ത്യന്‍ അനുഭവം: ചെങ്കല്‍പ്പേട്ടിലെ പരീക്ഷണങ്ങള്‍

ബി.സി.ജി വാക്‌സിന്‍ രണ്ട് ഭൗമമേഖലകളില്‍പ്പെട്ട ജനസമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള വിശദീകരണമെന്ന തരത്തില്‍ പ്രധാനമായും രണ്ട് വിശദീകരണങ്ങളാണ് ഉയര്‍ന്നുവന്നത്. ഇവയില്‍ സത്യമേത് എന്നു തീരുമാനിക്കാനുള്ള ശ്രമത്തിനിടയില്‍, 1968 മുതല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ലോകാരോഗ്യസംഘടന, അമേരിക്കന്‍ ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയില്‍ വളരെയധികം പ്രചാരണത്തോടെ ഒരു വലിയ ബി.സി.ജി വാക്‌സിനേഷന്‍ കാംപെയിന്‍ സംഘടിപ്പിച്ചു. അലബാമ, ജോര്‍ജിയ, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ ജനങ്ങളെപ്പോലെ ചെങ്കല്‍പ്പേട്ട് മേഖലയിലെ ജനങ്ങളിലും മൈക്കോബാക്ടീരിയം ജനുസ്സില്‍പ്പെട്ട ബാക്ടീരിയങ്ങളോട് സ്വതസിദ്ധമായ രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചിട്ടുണ്ടാവാം എന്ന അനുമാനത്തിലാണ് അവിടം വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. പാരീസില്‍ നിന്നുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാക്‌സിനും അതിന്റെ ഡെന്‍മാര്‍ക്കില്‍നിന്നുള്ള വകഭേദവുമാണ് പരീക്ഷണത്തിനായി ഒരുക്കിയിരുന്നത്. ഇതോടൊപ്പം ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലും സമാനമായ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. അവിടെയുള്ള ജനങ്ങളില്‍ ചെങ്കല്‍പ്പേട്ടിലെ ജനങ്ങളിലെപ്പോലെ മൈക്കോബാക്ടീരിയം ജനുസ്സില്‍പ്പെട്ട രോഗാണുക്കള്‍ക്കെതിരെ പ്രതിരോധശേഷി ഇല്ല എന്നു കണ്ടതിനെത്തുടര്‍ന്നു താരതമ്യപഠനമായിരുന്നു ലക്ഷ്യം. എന്നാല്‍, രാഷ്ട്രീയമായ അസ്വസ്ഥതകള്‍ കാരണം ഉത്തരേന്ത്യന്‍ പരീക്ഷണം നടന്നില്ല. തമിഴ്നാട്ടിലേത് നടന്നു.

1979-ല്‍ 'ചെങ്കല്‍പ്പേട്ട് വാക്‌സിന്‍ പരീക്ഷണ'ത്തിന്റെ ഫലങ്ങള്‍ പരസ്യപ്പെടുത്തി. പ്രയോഗിക്കപ്പെട്ട രണ്ടുതരം വാക്‌സിനുകളും ക്ഷയരോഗത്തിനെതിരെ പ്രതിരോധമൊരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു വെളിപ്പെടുത്തല്‍. മാത്രമല്ല, വാക്‌സിനേഷനു മുന്‍പ് ക്ഷയരോഗം ഇല്ലാതിരുന്നവരില്‍ വാക്‌സിനേഷനുശേഷം ക്ഷയരോഗം പ്രത്യക്ഷമായി. എന്നാല്‍, ഇത് സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസില്‍ വന്ന പിഴവാണെന്നും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്ന്, ലോകാരോഗ്യസംഘടന രണ്ട് സാഹചര്യ നിര്‍ണ്ണയക്ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും വാക്‌സിന്‍ പരീക്ഷണപരിപാടികള്‍ ആദ്യാവസാനം പുനരവലോകനത്തിനു വിധേയമാക്കുയും ചെയ്തു. അതില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ നിരീക്ഷണത്തില്‍ എന്തെങ്കിലും പിഴവു സംഭവിച്ചതായി കണ്ടുപിടിക്കാനായില്ല. അതായത് വാക്‌സിനേഷനാണ് പ്രദേശവാസികളില്‍ ക്ഷയരോഗമുണ്ടാവാന്‍ കാരണമായത് എന്ന പ്രാഥമിക നിഗമനം ശരിയാണ്. എന്നാല്‍, അതിവിപുലമായ ക്രമീകരണങ്ങളോടെ ലോകാരോഗ്യസംഘടന നടത്തിയ ഈ പരിശോധനാ ക്യാമ്പുകളുടെ പൂര്‍ണ്ണറിപ്പോര്‍ട്ട് ഒരിക്കലും വെളിച്ചം കണ്ടില്ല. എങ്കിലും ചെങ്കല്‍പ്പേട്ട് ദുരന്തം ബി.സി.ജി വാക്‌സിനേഷന്‍ വിജയകരമായി നടത്തി എന്ന് അവകാശപ്പെട്ടിരുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരവലോകന പഠനങ്ങള്‍ സംഘടിപ്പിക്കപ്പെടാന്‍ കാരണമായി. ക്ഷയരോഗത്തിനെതിരെ ഒരു പരിധിവരെയുള്ള സംരക്ഷണമൊരുക്കാം എന്ന് അവ്യക്തമായി പറഞ്ഞെങ്കിലും കൃത്യമായ ഒരു മറുപടി പറയാന്‍ ഒരുതരത്തിലുള്ള തുടര്‍ ഗവേഷണങ്ങള്‍ക്കുമായില്ല. അല്ലെങ്കില്‍ അവയുടെ ഫലങ്ങള്‍ മൂടിവെയ്ക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വീണ്ടും കൊറോണ രോഗബാധയ്ക്കുള്ള വാക്‌സിനെന്ന തരത്തില്‍ ബി.സി.ജി വാക്‌സിന്റെ ഒരു വകഭേദം വിപണിയിലെത്താനൊരുങ്ങുന്നത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനി നിര്‍മ്മിക്കുന്ന കൊറോണാ വാക്‌സിന്‍ 2020 സെപ്റ്റംബറോടെ കമ്പോളത്തിലെത്തുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ബി.സി.ജി വാക്‌സിന്റെ പുതിയൊരു വകഭേദം (ഢജങ1002), മഹാരാഷ്ട്രയിലെ കോവിഡ് തീവ്രമേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്ന് കമ്പനി സി.ഇ.ഒ അഡാര്‍ പൂനാവല്ലാ അറിയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരിക്കുന്നു. അതേസമയം കൊറോണക്കെതിരായുള്ള മരുന്നായി ബി.സി.ജി വാക്‌സിന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നു ലോകാരോഗ്യസംഘടന പ്രസ്താവിച്ചിട്ടുണ്ടന്നതാണ് അതിലേറെ വിചിത്രം. ഉപയോഗിക്കേണ്ടത് ഏത് ബി.സി.ജി വാക്‌സിന്‍?

കോര്‍പ്പറേറ്റ് വാക്‌സിനുകള്‍

നിരവധി ബി.സി.ജി വാക്‌സിനുകള്‍ ഇന്ന് അന്താരാഷ്ട്ര വിപണിയിലുണ്ട്. അവ പ്രധാനമായും നാല് ബഹുരാഷ്ട്ര കുത്തകകളാണ് നിര്‍മ്മിക്കുന്നത്: പാസ്ചര്‍മെരിയക്സ് കൊണാട്ട്, ഡെന്‍മാര്‍ക്കിലെ സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്, പഴയ ഗ്ലാക്സോ വാക്‌സിന്‍ ഏറ്റെടുത്ത ഇവാന്‍സ് മെഡേവ, ജപ്പാന്‍ ബി.സി.ജി ലബോറട്ടറി എന്നിവയാണവ. ഈ ബി.സി.ജി വാക്‌സിനുകളോരോന്നും വ്യത്യസ്ത രീതിയിലാണ് ഉല്പാദിപ്പിക്കുന്നത്. കൂടാതെ ഓരോ ഡോസിന്റേയും അളവിലും അവയില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയല്‍ കോശങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും അവ വ്യത്യസ്തമാണ്. 1925-നു ശേഷമുള്ള യഥാര്‍ത്ഥ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വകഭേദത്തില്‍നിന്നു നിര്‍മ്മിക്കപ്പെട്ട ബി.സി.ജി വാക്‌സിനാണ് ഗ്ലാക്സോഇവാന്‍സ് ഉല്പാദിപ്പിക്കുന്നത്. ഇതിലും പാസ്ചര്‍, കോപ്പന്‍ ഹേഗന്‍ വകഭേദങ്ങളെ ഉപയോഗിക്കുന്ന മറ്റു വാക്‌സിനുകളിലേയും ബാക്ടീരിയല്‍ വകഭേദങ്ങളില്‍ പക്ഷേ, ആര്‍ഡി2 (ഞഉ2) എന്നറിയപ്പെടുന്ന ജീനോം ഭാഗം കാണപ്പെടുന്നില്ല അഥവാ എടുത്തുകളഞ്ഞിരിക്കുന്നു എന്നൊരു പ്രത്യേകതയുണ്ട്. എന്നാല്‍, 1925നു മുന്‍പുള്ള ബാക്ടീരിയല്‍ വകഭേദങ്ങളെ ഉപയോഗിക്കുന്ന ബി.സി.ജി വാക്‌സിനുകളില്‍ അതു കാണപ്പെടുന്നു അഥവാ നീക്കം ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ വിപണിയിലുള്ള ബ്രസീലിയന്‍ ബി.സി.ജി മൊറീയു വാക്‌സിന്‍, ജാപ്പനീസ് ബി.സി.ജി വാക്സിന്‍, റഷ്യന്‍ ബി.സി.ജി വാക്‌സിന്‍ എന്നിവ ആര്‍ഡി2വിനെ ഉള്‍ക്കൊള്ളുന്നതാണ്. ബി.സി.ജി വാക്‌സിനുകള്‍ തമ്മില്‍ പ്രവര്‍ത്തനപരമായ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നതായി 1920-കളില്‍ത്തന്നെ തിരിച്ചറിയപ്പെട്ടിരുന്നു. അടുത്തകാലത്തായി തന്മാത്രാതലത്തില്‍ നടന്ന ചില പഠനങ്ങള്‍ ഈ പ്രതികരണ വ്യത്യസ്തതകളെ ജനിതകതലത്തില്‍ നിര്‍വ്വചിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. മനുഷ്യരിലും പരീക്ഷണമൃഗങ്ങളിലും നടന്ന പഠനങ്ങള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധമായി ഏകാഭിപ്രായത്തിലെത്തുന്നതായി സൂചനകളേതുമില്ല. അതുപോലെതന്നെ ഏതുതരം ബി.സി.ജി വാക്‌സിനാണ് കൂടുതല്‍ സുരക്ഷിതമെന്നോ ഏതാണ് കൂടുതല്‍ കാര്യക്ഷമമെന്നോ ഇപ്പോഴും ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയാണ്. മതിയായ വിവരങ്ങളുടെ അഭാവമോ മനഃപ്പൂര്‍വ്വമായ മറച്ചുവെയ്ക്കലോ ആണ് ഇതിനു കാരണം.

പാരിസിലെ ലൂയി പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്
പാരിസിലെ ലൂയി പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്

'ഗവി' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്റ് ഇമ്മ്യൂണൈസേഷനു വേണ്ടി യൂണിസെഫ് ആണ് ലോകരാജ്യങ്ങളിലെ വിതരണത്തിനായി ബി.സി.ജി വാക്‌സിന്‍ വാങ്ങുന്നത്. മൂന്ന് വ്യത്യസ്ത ബി.സി.ജി വാക്‌സിനുകള്‍ മാത്രമാണ് യൂണിസെഫിന് സ്വീകാര്യമായിരിക്കുന്നത്. നാല് വാക്‌സിന്‍ വിതരണക്കാരെ മാത്രമാണ് നിര്‍മ്മാതാക്കളെയാണ് യൂണിസെഫ് ഇതിനായി ആശ്രയിക്കുന്നത്: ഡെന്‍മാര്‍ക്കിലെ സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്, ബള്‍ഗേറിയയിലെ ബള്‍ബിയോ (ബി.സി.ജി റഷ്യ), ടോക്കിയോവിലെ ജപ്പാന്‍ ബി.സി.ജി ലബോറട്ടറി, ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്. മനുഷ്യരില്‍ ഈ വ്യത്യസ്ത ബി.സി.ജി വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ഫലപ്രാപ്തിയെക്കുറിച്ച് മൂന്നു പഠനങ്ങള്‍ നടന്നിട്ടുണ്ട്.

നാല് വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന രണ്ട് പഠനങ്ങളില്‍, ബി.സി.ജി വാക്‌സിന്റെ പാസ്ചര്‍ വകഭേദം ബി.സി.ജി ഫിപ്സ്, ബി.സി.ജി ഗ്ലാക്‌സോ എന്നിവയേക്കാള്‍ മികച്ച രോഗപ്രതിരോധ സംരക്ഷണവും ഫലപ്രാപ്തിയും പകരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, 15 വയസ്സുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മൂന്നാമതൊരു പഠനത്തില്‍, ഡെന്‍മാര്‍ക്കിലെ സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്പാദിപ്പിക്കുന്ന വാക്‌സിന് പാസ്ചര്‍ വകഭേദത്തെക്കാള്‍ രോഗപ്രതിരോധശേഷിയും ഫലപ്രാപ്തിയും ഉണ്ടായിരുന്നു. എന്നാല്‍, ഈ പഠനങ്ങളുടെ സത്യാവസ്ഥ വീണ്ടും പരീക്ഷിക്കുക ഇനിയും സാധ്യമാക്കാനാവാത്ത സ്ഥിതിയാണ്. കാരണം, ബി.സി.ജി ഫിപ്സ്, ബി.സി.ജി ഗ്ലാക്‌സോ എന്നിവ ഇപ്പോള്‍ നിലവിലില്ല. ബി.സി.ജി പാസ്ചര്‍ വകഭേദം മാത്രം ചില രാജ്യങ്ങള്‍ അതീവ ജാഗ്രതയോടേയും നിയന്ത്രണങ്ങളോടേയും ഉപയോഗിക്കുന്നു. എങ്കിലും ഓരോ വര്‍ഷവും ബി.സി.ജി വാക്‌സിന്‍ നവജാതശിശുക്കളില്‍ ഇപ്പോഴും പ്രയോഗിക്കപ്പെടുന്നു. അവരില്‍ ഒരു നിശ്ചിത ബി.സി.ജി വാക്‌സിന്‍ സൃഷ്ടിക്കുന്ന നേരിയ രോഗപ്രതിരോധശേഷിപോലും വലിയ തോതിലുള്ളതായി പെരുപ്പിച്ചു കാണിക്കുന്ന സ്ഥിതിവിശേഷമുണ്ട്. മറ്റൊരു പരിമിതിയെന്നത് ബി.സി.ജിക്ക് പകരംവെയ്ക്കാനായി ക്ഷയരോഗ പ്രതിരോധത്തിനായി മറ്റൊരു വാക്‌സിന്‍ ഇല്ല എന്നതാണ്.

പുതിയ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തില്‍ മാത്രമാണ്. ഒരു പ്രാഥമിക പ്രൈമിങ് വാക്‌സിന്‍ നല്‍കിയശേഷം ബൂസ്റ്റര്‍ വാക്‌സിന്‍ എന്ന നിലയില്‍ പുതുതായി രൂപകല്പന ചെയ്ത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്ന രീതിയാണ് ഇപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നത്. എങ്കിലും  ഏതുതരം ബാക്ടീരിയല്‍ വകഭേദം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ബി.സി.ജി വാക്‌സിനായിരിക്കണം ബൂസ്റ്റര്‍ ഡോസ് ആയി നല്‍കേണ്ടത് എന്ന കാര്യത്തില്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ ശിശുരോഗവിഭാഗത്തിലെ നിക്കൊളെ റിറ്റ്സും സഹഗവേഷകരും ചേര്‍ന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡെന്മാര്‍ക്കിലെ സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്, ജപ്പാന്‍ ബി.സി.ജി ലബോറട്ടറി എന്നിവ നിര്‍മ്മിക്കുന്ന ബി.സി.ജി വാക്‌സിനുകള്‍ റഷ്യന്‍ വാക്‌സിനെക്കാള്‍ കാര്യക്ഷമമാണെന്ന സൂചനയെ അടിവരയിട്ട് പ്രസ്താവിക്കുന്നു. 2012-ല്‍ പുറത്തുവന്ന ഈ പഠനം പക്ഷേ, ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അത് അവരുടെ പഠനത്തിനു വിഷയമായില്ല എന്നത് ഒരു കാരണമാവാം. എങ്കിലും ലോകാരോഗ്യ സംഘടനപോലും ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ക്ഷയരോഗത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയും ഇക്കാര്യത്തില്‍ ഇനിയും മൗനം പാലിക്കുന്നത് മനുഷ്യര്‍ തന്നെ കൊറോണാ വാക്‌സിനുള്ള പരീക്ഷണ ബലിമൃഗങ്ങളാവുന്ന ഇക്കാലത്ത് അക്ഷന്തവ്യമായ അപരാധമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com