''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു, ഇനി അതാവില്ല''

വര്‍ണ്ണവെറിയില്‍നിന്ന് മോചനം നേടുന്ന ഒരുകാലം അമേരിക്കയ്ക്ക് എന്നുണ്ടാകും?
''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു, ഇനി അതാവില്ല''

ഴച്ചാറ്റലുള്ള രാത്രിയില്‍ നനഞ്ഞുണര്‍ന്ന മണ്ണിലൂടെ അലസമായി സാന്‍ഫോര്‍ഡിലെ വീട്ടിലേക്ക് നടക്കുകയായിരുന്നു ആ പതിനേഴുകാരന്‍. ബാസ്‌കറ്റ് ബോള്‍ കളികഴിഞ്ഞ് അനിയനു വേണ്ടി വാങ്ങിയ മിഠായിയും ഐസ് ടീയും നെഞ്ചോട് ചേര്‍ത്ത്, മൊബൈലില്‍ തന്റെ കൂട്ടുകാരിയോട് സംസാരിച്ചാണ് ട്രെയ്വന്‍ മാര്‍ട്ടിന്‍ നടന്നത്. ആ നിശ്ശബ്ദതയില്‍ തന്റെ ചുവടുകളെ ആരോ പിന്തുടരുന്നതായി അവനു തോന്നി. വരണ്ടുപോകാന്‍ തുടങ്ങുന്ന ശബ്ദത്തില്‍  ഒരു തോക്കുധാരി തന്നെ പിന്തുടരുന്ന കാര്യം അവന്‍ കാമുകിയോട് പറഞ്ഞു.! കറുത്തവനായ നിനക്കെന്താണ് ഇവിടെ കാര്യം?

ട്രെയ്വന്‍ മാര്‍ട്ടിന്‍
ട്രെയ്വന്‍ മാര്‍ട്ടിന്‍

മാര്‍ട്ടിന്റെ ഹെഡ്‌സെറ്റിലൂടെ മറ്റൊരു ശബ്ദം കാമുകി കേട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വെടിയൊച്ച മുഴങ്ങി. ഹെഡ്‌സെറ്റ് വീഴുന്ന ശബ്ദമാണ് പിന്നെ കാമുകി കേട്ടത്. തിരിച്ചുവിളിക്കുമ്പോള്‍ ഫോണ്‍ നിശ്ചലമായിരുന്നു. ട്രെയ്വാന്‍ വെടിയേറ്റ് വീണിരുന്നു. വംശവെറി പൂണ്ട ജോര്‍ജ് സിമ്മര്‍മാന്‍ എന്ന വെളുത്ത വംശജനായിരുന്നു പ്രതി. അവര്‍ താമസിക്കുന്ന കോളനിക്കു മുന്നില്‍ ആയുധവുമായി റോന്തുചുറ്റുകയായിരുന്നു ജോര്‍ജ്. കറുത്തവനെ വെടിവച്ച് കൊല്ലുന്നതില്‍ മനസ്താപം തോന്നാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു അയാള്‍. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതുകൊണ്ടാണ് നിറയൊഴിച്ചതെന്നായിരുന്നു സിമ്മര്‍മാന്റെ മറുപടി. വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ അന്നുണ്ടായത്. സ്‌കിറ്റില്‍സ് മിഠായി കവറും ഐസ് ടീ ബാഗുകളും സമരപ്രതീകങ്ങളായി മാറി. എനിക്കൊരു മകനുണ്ടെങ്കില്‍ ട്രെയ്വാനെപ്പോലെയായേനെ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. പതിവുപോലെ ഈ സമരങ്ങളൊക്കെ അടിച്ചമര്‍ത്തപ്പെട്ടു. മാറ്റത്തിനായുള്ള മുറവിളി നേര്‍ത്ത് ഇല്ലാതായി. ഈ അരുംകൊലയ്ക്കു ശേഷം എട്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. മാര്‍ട്ടിനു പിന്നാലെ പുതിയ പേരുകള്‍ പ്രത്യക്ഷപ്പെട്ടു. ഏറ്റവുമൊടുവില്‍ ജോര്‍ജ് ഫ്‌ളോയിഡും. വെള്ളക്കാരായ പൊലീസുകാര്‍ കറുത്ത വര്‍ഗ്ഗക്കാരോടു കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയായായിരുന്നു ആ നാല്‍പ്പത്താറുകാരന്‍.

ഒരു കറുത്തവന്റെ കൊലപാതകത്തിന്റെ പേരില്‍ മൂന്നാഴ്ചയിലധികം നീളുന്ന പ്രക്ഷോഭങ്ങള്‍ അമേരിക്കയില്‍ വിരളമാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ (ബരാക് ഒബാമ) പ്രസിഡന്റായിരുന്നപ്പോഴും അതു സംഭവിച്ചിരുന്നു. ഇത്തവണ അസാധാരണമായൊന്ന് സംഭവിച്ചു. പ്രക്ഷോഭം കലാപമായി മാറി. അതിവേഗം അത് ആളിപ്പടര്‍ന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്‌ളോയിഡിന്റെ നിലവിളിയിലെ ദൈന്യതയും നിസ്സഹായതയും പ്രതിഷേധങ്ങള്‍ക്കു കരുത്തായി. ''നാനൂറു കൊല്ലമായി ഞങ്ങളിത് സമാധാനപരമായി സഹിക്കുന്നു. ഇനി അതാവില്ല''- ഇതായിരുന്നു തെരുവിലിറങ്ങിയവര്‍ വിളിച്ചു പറഞ്ഞത്.  മുദ്രാവാക്യങ്ങളുടെ രോഷാഗ്‌നിയില്‍ അമേരിക്ക വിറച്ചു. തലസ്ഥാനമായ വാഷിങ്ടണ്ണും ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കും സംഭവം നടന്ന മിനിയപൊളിസും കത്തിയെരിഞ്ഞു. കൂട്ടത്തോടെ തെരുവിലിറങ്ങിയ ജനത്തെ നിയന്ത്രിക്കാന്‍ 140 നഗരങ്ങളിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്. ഇരുപതു സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ റിസര്‍വ്വ് മിലിട്ടറി വിഭാഗമായ നാഷണല്‍ ഗാര്‍ഡിനെ ഇറക്കേണ്ടിവന്നു.  ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന വൈറ്റ്ഹൗസിന്റെ ബങ്കറില്‍ പ്രസിഡന്റ് ട്രംപിന് ഒളിക്കേണ്ടിവന്നു. കൊവിഡ് മഹാമാരി ദുരന്തം വിതച്ച രാജ്യത്ത്  ആ അപകടങ്ങളൊക്കെ അവഗണിച്ചായിരുന്നു ഈ പ്രതിഷേധങ്ങളെന്നതായിരുന്നു  ശ്രദ്ധേയം.

ട്രെയ്വനെക്കുറിച്ചുള്ള പുസ്കവുമായി മാതാപിതാക്കൾ
ട്രെയ്വനെക്കുറിച്ചുള്ള പുസ്കവുമായി മാതാപിതാക്കൾ

വംശവെറിയുടെ പേരില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഏകദേശം നാനൂറ് കൊല്ലത്തെ ചരിത്രമുണ്ട്. ആഫ്രിക്കയില്‍ നിന്നെത്തിച്ച അടിമകളാക്കപ്പെട്ടവരുടെ സന്താനപരമ്പരയില്‍പ്പെട്ടവരണ് അവരില്‍ മിക്കവരും. പതിനാറാം നൂറ്റാണ്ടില്‍ തുടങ്ങിയ വ്യവസ്ഥാപിതമായ അടിമത്വത്തിന്റെ ആരംഭം തന്നെയായിരുന്നു അമേരിക്കയിലെ വംശവെറിയുടെ തുടക്കവും. കരിമ്പിന്‍ തോട്ടങ്ങളിലും പുകയില തോട്ടങ്ങളിലും പണിയെടുക്കാനെത്തിച്ച അടിമകളേയും അവരുടെ തലമുറയേയും വേട്ടയാടിയ, നിഷ്‌കരുണം കൊന്നുതള്ളിയവരുടെ പിന്മുറക്കാര്‍ പിന്നീട് ജനാധിപത്യത്തിന്റെ  കാവല്‍ക്കാരായി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അടിമസമ്പ്രാദയം ഇല്ലാതായെങ്കിലും വര്‍ണ്ണവര്‍ഗ്ഗ ചിന്തകളില്‍നിന്ന് അമേരിക്ക മോചനം നേടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അരനൂറ്റാണ്ടു മുന്‍പു വരെ ചില സംസ്ഥാനങ്ങളില്‍ ബസുകളില്‍ വെള്ളക്കാരോടൊപ്പം യാത്ര ചെയ്യാന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അനുവാദമുണ്ടായിന്നില്ല. വെള്ളക്കാരുടേയും കറുത്തവരുടേയും കുട്ടികള്‍ വെവ്വേറെ സ്‌കൂളുകളിലായിരുന്നു പഠിച്ചിരുന്നത്.

അസമത്വവും അവിശ്വാസവും

ഇത്തവണ കലാപാഹ്വാനവുമായി രംഗത്തിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിനു പിന്നില്‍ നൂറ്റാണ്ടുകളായി തുടരുന്ന ഈ വര്‍ണ്ണവിവേചനം മാത്രമായിരുന്നില്ല. രാഷ്ട്രീയവ്യവസ്ഥകളിലെ അവിശ്വാസവും ഹതാശയും  കാരണമായിരുന്നു. സാമ്പത്തികമായ അസമത്വവും  വിവേചനവും അത്രമേല്‍  അസഹനീയമായിരുന്നു.  കൊവിഡ് രോഗബാധ സൃഷ്ടിച്ച അസ്ഥിരത ഏറ്റവുമധികം ബാധിച്ചത് കറുത്തവര്‍ഗ്ഗക്കാരെയായിരുന്നു. കൂടുതല്‍ തൊഴില്‍നഷ്ടമുണ്ടായതും ആ വിഭാഗത്തിനായിരുന്നു. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത, ദാരിദ്ര്യത്തില്‍ കഴിയുന്ന ജനതയെയാണ് ആ മഹാമാരിയും ബാധിച്ചത്.

സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ഹിസ്പാനിക്ക് അല്ലാത്ത വെള്ളക്കാരെ അപേക്ഷിച്ച് അഞ്ചില്‍ മൂന്നു വരുമാനം മാത്രമാണ് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് കിട്ടുന്നത്. 2018-ല്‍, ഒരു കറുത്ത വര്‍ഗ്ഗക്കാരന്റെ ശരാശരി കുടുംബ വരുമാനം 41,400 ഡോളറാണ്. വെള്ളക്കാരന്റേത് 70,600 ഡോളറും.  1970-കളില്‍ സ്ഥിതി ഇതിലും മോശമായിരുന്നു. വെള്ളക്കാര്‍ സമ്പാദിക്കുന്നതിന്റെ പകുതി മാത്രമായിരുന്നു ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരുടെ വരുമാനം. എന്നാല്‍, 1970-കള്‍ക്കു ശേഷമുള്ള മൂന്ന് ദശാബ്ദത്തിനിടയില്‍ അവരുടെ സാമ്പത്തികസ്ഥിതിയില്‍ നേരിയ തോതിലെങ്കിലും മുന്നേറ്റമുണ്ടായി. ഒപ്പം വിവേചനവും വംശീയതയും കൂടി. എന്നാല്‍, കൊറോണാനന്തരം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് കറുത്തവര്‍ഗ്ഗക്കാരെയാണ്. അവിദഗ്ദ്ധ തൊഴിലുകള്‍ വഴി ദിവസവരുമാനം കണ്ടെത്തുന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. തൊഴില്‍നഷ്ടവും കടുത്ത സാമ്പത്തിക ബാധ്യതകളുമായിരുന്നു തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പച്ചത്. രോഗവ്യാപനം കൂടിയതോടെ കറുത്തവര്‍ഗ്ഗക്കാരില്‍ 35 ശതമാനം യുവാക്കളും തൊഴില്‍രഹിതരായി. ജോലി നഷ്ടപ്പെട്ട വെള്ളക്കാരുടെ എണ്ണത്തേക്കാള്‍ ഇരട്ടി വരും ഇത്. ഇതിനു പുറമേയാണ് നിയമ-ഭരണ വ്യവസ്ഥകളില്‍നിന്നുണ്ടായ അനീതി. ചെറിയ കുറ്റങ്ങള്‍ക്കു പോലും അവര്‍ തടവിലാക്കപ്പെട്ടു. ജുഡീഷ്യറിയും പൊലീസും സര്‍ക്കാരും അവരെ അടിച്ചമര്‍ത്തുന്നതിനു കൂട്ടുനിന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയവര്‍ക്ക് തൊഴിലും ജീവിതവും നഷ്ടമായി. ക്രമേണ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീണ ഇവരെ കുറ്റക്കാരാക്കിയത് സമൂഹത്തിലെ അസ്വാരസ്യങ്ങളും അസമത്വങ്ങളുമായിരുന്നു.

ജീവിതസമ്പാദ്യത്തിന്റെ കാര്യത്തിലും വലിയ അന്തരമാണ് കറുത്തവര്‍ഗ്ഗക്കാരുടെയും വെള്ളക്കാരുടെയും ഇടയിലുണ്ടായത്. 2017-ലെ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റെ ഒരു സര്‍വേയില്‍ പറയുന്നത് വെള്ളക്കാരുടെ സമ്പാദ്യത്തിന്റെ പത്തിലൊന്ന് മാത്രമാണ് ഒരു കറുത്തവര്‍ഗ്ഗക്കാരായ കുടുംബത്തിന്റെ സമ്പാദ്യം. 171,000 ഡോളറാണ് വെള്ളക്കാരായ ഒരു കുടുംബത്തിന്റെ ശരാശരി ആസ്തി. അതേ സമയം, ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബത്തിന്റെ സമ്പാദ്യം 17,600 ഡോളര്‍ മാത്രമാണ്. ഭൂരിഭാഗം കുടുംബങ്ങള്‍ക്കും കടം മാത്രമാണ് സമ്പാദ്യം.   നിത്യജീവിതച്ചെലവുകള്‍ക്കുപോലും നിരന്തരം കടം വാങ്ങേണ്ടിവരുന്ന ഇവര്‍ക്ക് ജീവിതത്തെക്കുറിച്ച് ശുഭപ്രതീക്ഷ പോലും ഇല്ലാതായി. പരിമിതവും വൃത്തിഹീനവും സാഹചര്യത്തില്‍ ജീവിക്കേണ്ടിവന്ന ഇവര്‍ സമ്മര്‍ദം താങ്ങാനാവാതെ രോഗത്തിനടിമകളായി.  കൊവിഡ് ബാധിച്ച കറുത്തവര്‍ഗ്ഗക്കാരുടെയും ഹിസ്പാനിക്കുകളുടെയും മരണസംഖ്യ ഉയരാന്‍ കാരണം ഇതായിരുന്നു. ഷിക്കാഗോയിലാണെങ്കില്‍ വെള്ളക്കാരേക്കാള്‍ അഞ്ചുമടങ്ങാണ് കറുത്തവര്‍ഗ്ഗക്കാരുടെ മരണസംഖ്യ. ഇവരില്‍ ഭൂരിഭാഗത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോലുമുണ്ടായിരുന്നില്ല. സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്ക് അനുസരിച്ച് 18-നും 49-നും വയസ്സിനിടയില്‍ ഹൃദയസ്തംഭനം വന്ന് മരിക്കുന്ന കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം വെള്ളക്കാരുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ്. രക്തസമ്മര്‍ദ്ദവും പ്രമേഹവും തുടങ്ങി ഏതെങ്കിലുമൊരു രോഗത്തിന് അടിമകളാണ് കറുത്തവര്‍ഗ്ഗക്കാരില്‍ അന്‍പതു ശതമാനത്തിലധികവും. നല്ല ആഹാരവും താമസസൗകര്യവും ചികിത്സയും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

കഴിഞ്ഞ ദശാബ്ദങ്ങളില്‍, 1968-ലെ വംശീയ കലാപം അന്വേഷിച്ച കെര്‍ണല്‍ കമ്മിഷന്‍ കണ്ടെത്തിയതു പോലെ രാജ്യം രണ്ട് സമൂഹങ്ങളായി മാറുകയായിരുന്നു. വൈജാത്യം നിറഞ്ഞ, തുല്യതയില്ലാത്ത രണ്ട് സമൂഹങ്ങളായി അമേരിക്കന്‍ ജനത മാറിക്കഴിഞ്ഞിരുന്നു. നാലു ദശാബ്ദത്തിനുശേഷം അന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെന്നു മാത്രമല്ല, വര്‍ണ്ണവര്‍ഗ്ഗ-സാമ്പത്തിക അന്തരം വര്‍ദ്ധിക്കുകയും ചെയ്തു. 'മാറ്റം' എന്നത് സ്വപ്നമായി ഇന്നും നിലനില്‍ക്കുന്നു. ഈ വിവേചനത്തെ, വര്‍ണ്ണവെറി സൃഷ്ടിച്ച ഘടനാപരമായ സാമൂഹികാന്തരത്തെ ഒബാമയുടെ നടപടികള്‍ ഇല്ലാതാക്കുമെന്ന് ഒരു ഘട്ടത്തില്‍ അവര്‍ വിശ്വസിച്ചിരുന്നു.

മാറ്റത്തിന്റെ മുദ്രാവാക്യവുമായെത്തിയ ഒബാമ ജനകീയനായിരുന്നു. എന്നാല്‍, എട്ടുകൊല്ലം ഭരിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ ഒബാമയ്ക്കും കഴിഞ്ഞില്ല. പ്രസിഡന്റ് പദവിയിലേക്കുള്ള ഒബാമയുടെ ആരോഹണംപോലും രാജ്യത്തെ മുഴുവന്‍ കറുത്തവര്‍ഗ്ഗക്കാരുടേയും ന്യൂനപക്ഷത്തിന്റേയും പ്രതീകാത്മക വിജയമായിട്ടാണ് കണക്കാക്കപ്പെട്ടത്. ഒബാമ കെയര്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോഴും രക്തത്തിലലിഞ്ഞുചേര്‍ന്ന വംശവെറിക്കു ശാശ്വത പോംവഴി കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊത്തുയരാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടായിരുന്നു. ശക്തമായ നിയമനിര്‍മ്മാണത്തിനു മുന്‍പേ ഘടനാപരമായ സാമൂഹിക മാറ്റമാണ് വേണ്ടതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിനുദാഹരണമാണ്. കറുത്തവരുടെ മാത്രം പ്രതിനിധിയായി അറിയപ്പെടാനോ അവരുടെ വക്താവാകാനോ ആഗ്രഹിക്കാത്ത ഒബാമ വംശീയവിഷയങ്ങളില്‍ മധ്യസ്ഥന്റെ റോളിലായിരുന്നു. ഇത്തവണയും അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ടെലിവിഷന്‍ ക്യാമറകളെ ആദ്യമായി അഭിമുഖീകരിച്ച ഒബാമ സമാധാനപരമായി സമരം നയിക്കുന്നവരെ പിന്തുണച്ചെങ്കിലും പൊലീസ് സേനയുടെ പരിഷ്‌കരണമാണ് ആദ്യം ആവശ്യപ്പെട്ടത്.

ജോർജ് ഫ്ലോയിഡിന്റെ മകളായ ​ഗിയന
ജോർജ് ഫ്ലോയിഡിന്റെ മകളായ ​ഗിയന

ക്രിമിനല്‍വല്‍ക്കരണം അപരനിര്‍മ്മിതിയും

കഴിഞ്ഞ അരദശാബ്ദത്തിനിടയില്‍ കറുത്തവര്‍ഗ്ഗക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായെന്നതിനു തെളിവായി മൂന്ന് സാമൂഹിക സൂചകങ്ങളാണ് കണക്കാക്കപ്പെടുന്നത്. അതിലൊന്ന് തൊഴില്‍ ലഭ്യതയാണ്. 1972-ല്‍ ഇരുപതു വയസ്സിനു മുകളിലുള്ള എണ്‍പതു ശതമാനം കറുത്തവര്‍ഗ്ഗക്കാര്‍ക്കും തൊഴില്‍ ലഭ്യമായിരുന്നു. എന്നാല്‍, പിന്നീടുള്ള ദശാബ്ദങ്ങളില്‍ ഈ നിരക്കുകള്‍ താഴ്ന്നു. കൊവിഡിനു മുന്‍പ് 67 ശതമാനമാണെങ്കില്‍ കൊറോണാനന്തരം അത് 63 ശതമാനത്തിലെത്തി. രണ്ടാമത്തെ സൂചകം, കുട്ടികളുടെ ജനനനിരക്കാണ്. വിവാഹബന്ധത്തിലേര്‍പ്പെടാത്ത പങ്കാളികള്‍ക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണം നാല്‍പ്പതു ശതമാനത്തില്‍നിന്ന് എഴുപതു ശതമാനമായി ഉയര്‍ന്നെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നു. കുടുംബബന്ധങ്ങള്‍ അസ്ഥിരമാണെന്നതിനു തെളിവായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. അതായത്, കുട്ടിയുണ്ടായാല്‍ അഞ്ചുവര്‍ഷത്തിനപ്പുറം ദാമ്പത്യബന്ധം പിരിയുന്നു. മൂന്നാമത്തെ സൂചിക, തടവിലാക്കപ്പെടുന്ന കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ്. 1960-നും 2020-നും ഇടയിലുള്ള നാലു ദശാബ്ദം കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് ജയിലിലാകുന്നവരുടെ എണ്ണം മൂന്ന് മടങ്ങ് കൂടി. ബ്യൂറോ ഓഫ് ജസ്റ്റിസിന്റെ 2016-ലെ കണക്കുകള്‍ അനുസരിച്ച് കുറ്റകൃത്യം ചുമത്തപ്പെടുന്ന വെള്ളക്കാരേക്കാള്‍ ആറിരട്ടിയാണ് കറുത്തവര്‍ഗ്ഗക്കാരുടെ എണ്ണം. കറുത്തവര്‍ഗ്ഗക്കാരില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും കാരണം സാമ്പത്തിക-സാമൂഹിക അസന്തുലിതാവസ്ഥയാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ ഒരേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന വെള്ളക്കാരനും കറുത്തവര്‍ഗ്ഗക്കാരും ലഭിക്കുന്ന ശിക്ഷയിലും നീതിനിര്‍വ്വഹണത്തിലും അന്തരമുണ്ട്. മിഷിഗണ്‍, കൊളംബിയ സര്‍വ്വകലാശാലകളുടെ പഠനം അനുസരിച്ച് ഹിസ്പാനിക്ക് - കറുത്ത വംശജര്‍ക്കാണ് വെള്ളക്കാരേക്കാള്‍ കൂടുതല്‍ കഠിനമായ ശിക്ഷകള്‍ ലഭിക്കുന്നത്. ജയില്‍ മോചിതരായാലും ഇവര്‍ക്ക് തൊഴിലോ വരുമാനമോ കണ്ടെത്താനാകില്ല. സ്വാഭാവികമായും കുറ്റകൃത്യങ്ങളിലേക്ക് തന്നെ ഇവര്‍ മടങ്ങും.

എബ്രഹാം ലിങ്കണിനു ശേഷം കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി  കാര്യങ്ങള്‍ ചെയ്ത പ്രസിഡന്റ് താനാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതും ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം നടന്ന് എട്ടാം ദിവസമായിരുന്നു ആ ട്വീറ്റ്. എന്നാല്‍, ട്രംപ് അധികാരത്തില്‍ വന്നതോടെ വംശീയ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. വര്‍ണ്ണവിവേചനവും കടുത്ത ദേശീയതയും ഉയര്‍ത്തുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരേ അമര്‍ഷമുയരുന്നത് സ്വാഭാവികമാണ്. എന്നാല്‍, എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ട്രംപ്. പ്രക്ഷോഭകരെ കൊള്ളക്കാരെന്നാണ് അദ്ദേഹം വിളിച്ചത്. തോക്കുകൊണ്ട് മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രസിഡന്റ് സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി. ആന്റിഫയെ നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം അമേരിക്കന്‍ ജനാധിപത്യത്തിന്റെ കരുത്തുതന്നെ ചോര്‍ത്തുന്നതായിരുന്നു. സ്വാര്‍ത്ഥതയും അവസരവാദവും പിന്നീടുള്ള ദിവസപ്രകടനങ്ങളില്‍ തെളിഞ്ഞുനിന്നു.

രാജ്യം കലാപഭൂമിയായി മാറിയതിന്റെ ആറാം ദിവസം സമാധാനമായി സമരം ചെയ്തവര്‍ക്ക് നേരേ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടയില്‍, പ്രക്ഷോഭത്തിനിടെ തീ പടര്‍ന്ന സെന്റ് ജോണ്‍സ് ദേവാലയത്തിലേക്ക് ട്രംപ് നടന്നു ചെന്നു. ബൈബിളും ഉയര്‍ത്തിപ്പിടിച്ച് പള്ളിക്കു മുന്നില്‍നിന്ന് ഫോട്ടോഷൂട്ട്. കലാപം നേരിടുന്നതിനപ്പുറം ജനതയെ വിഭജിക്കാനായിരുന്നു  അദ്ദേഹത്തിന്റെ ശ്രമം. വെളുത്തവര്‍ഗ്ഗക്കാരുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഈ നീക്കം. 2016-ല്‍ ഇവാഞ്ചലിക്കല്‍ വിശ്വാസികളായ വെള്ളക്കാരുടെ 81 ശതമാനം വോട്ടുകളും ലഭിച്ചത് ട്രംപിനായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 1968-ലേതിനു സമാനമായി ഒരു രാഷ്ട്രീയ ധ്രുവീകരണത്തിനും നിരീക്ഷകര്‍ സാധ്യത കാണുന്നു. 1968-ല്‍ പൊട്ടിപ്പുറപ്പെട്ട കറുത്തവര്‍ഗ്ഗക്കാരുടെ കലാപത്തെ അമര്‍ച്ച ചെയ്യുമെന്നായിരുന്നു ആ വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ നിക്സണിന്റേയും സ്പൈറോ ആഗ്‌ന്യുവിന്റേയും വാഗ്ദാനം. കറുത്തവര്‍ഗ്ഗക്കാരുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് വെള്ളക്കാര്‍ക്കുണ്ടായ ആശങ്കയേയും അമര്‍ഷത്തേയും ഇത് സ്വാധീനിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ ധ്രുവീകരണമുണ്ടായി. ഈ വര്‍ഷവും സമാന സാഹചര്യമാണ്. അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന ട്രംപിനു കലാപം പിടിവള്ളിയാണ്. വിശ്വാസത്തിന്റെ പേരില്‍ക്കൂടി വിഭജിക്കപ്പെട്ടാല്‍ ട്രംപിന് അനുകൂലമായി വെള്ളക്കാരുടെ വോട്ടുകള്‍ വീഴുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. ഒന്നര മുതല്‍ എട്ടു ശതമാനം വരെ വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു കൂടുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പ്രക്ഷോഭത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയില്‍ പ്രശസ്തമായിരുന്നു 'അമേരിക്ക ആദ്യം' എന്ന ട്രംപിന്റെ മുദ്രാവാക്യം. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടിന് ഏറ്റവും ശക്തിപകര്‍ന്നത് ഈ വാചകമായിരുന്നു. അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കുടിയേറ്റക്കാര്‍ കവര്‍ന്നെടുക്കുന്നതായും ഇതിലൂടെ രാജ്യത്തിനു ദശലക്ഷക്കണക്കിനു ഡോളര്‍ നഷ്ടമാകുന്നുവെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റക്കാര്‍ അമേരിക്ക പിടിച്ചടക്കാന്‍ നോക്കുകയാണെന്നാണ് മെക്സിന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് ട്രംപ് കണ്ടെത്തിയ ന്യായം. പൊതുയോഗങ്ങളില്‍ വംശീയ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ട്രംപ് യു.എസ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായ വനിതകളെപ്പോലും അപമാനിച്ചു. വെള്ളക്കാരല്ലാത്തവര്‍ അമേരിക്കക്കാരല്ലെന്ന മട്ടിലായിരുന്നു പ്രസ്താവന. പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന മുദ്രാവാക്യം സ്വീകരിക്കപ്പെട്ടു. 1968-ല്‍ ലോകം മുഴുവന്‍ നിങ്ങളുടെ വോട്ടിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ്  നിക്‌സണ്‍ പറഞ്ഞത്.

വിയറ്റ്‌നാം യുദ്ധത്തിലേറ്റ തിരിച്ചടിയും കറുത്ത  വര്‍ഗ്ഗക്കാരുടെ കലാപവും ചൂണ്ടിക്കാട്ടി അമേരിക്കയുടെ അപ്രമാദിത്യം നഷ്ടമാകുന്നതിന്റെ വേവലാതികള്‍കൂടി മുതലെടുക്കുകയായിരുന്നു ലക്ഷ്യം. ട്രംപാകട്ടെ, തീവ്ര ദേശീയവാദത്തിന്റെ മറവില്‍ ആ മുദ്രാവാക്യം ഒരിക്കല്‍ക്കൂടി പരിഷ്‌കരിച്ചു. അമേരിക്കയെ വീണ്ടും ശക്തമാക്കാമെന്നായിരുന്നു ട്രംപിന്റെ വാചകം. പ്യൂ റിസെര്‍ച്ചിന്റെ കണക്കുപ്രകാരം 81 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരും വെളുത്ത വര്‍ഗ്ഗക്കാരാണ്. 59 ശതമാനം വെളുത്ത വര്‍ഗ്ഗക്കാര്‍ മാത്രമാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെളുത്ത വര്‍ഗ്ഗക്കാര്‍ അനുകൂലമായ നയങ്ങളും നടപടികളുമാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. പൊലീസ് നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും അതേത്തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരുടെ കലാപങ്ങളില്‍ അമര്‍ഷം രേഖപ്പെടുത്തുകയുമാണ് ശരാശരി ഒരു റിപ്പബ്ലിക്കന്‍ വോട്ടറായ വെള്ളക്കാരന്‍ ചെയ്യുക. ഫ്‌ളോയിഡിന്റെ കൊലപാതകത്തെ കലാപത്തിനു കാരണമായ നിമിത്തമായേ ഇവര്‍ കാണുന്നുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വെളുത്ത വംശജരാകട്ടെ, രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമാണ് വംശീയപ്രശ്‌നങ്ങള്‍ എന്ന് കണക്കുകൂട്ടുന്നവരാണ്. ആഫ്രിക്കന്‍-അമേരിക്കന്‍ ആക്റ്റിവിസ്റ്റുകളുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റുകള്‍ ആ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. അതുകൊണ്ടുതന്നെ പ്രക്ഷോഭത്തില്‍ അവരും പങ്കുചേര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍ വംശീയതയ്‌ക്കെതിരേയുള്ള പ്രക്ഷോഭം മാത്രമല്ല ഇത്.

രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരുടെ നിലനില്‍പ്പിന്റെ സമരം കൂടിയാണ് അത്. ചരിത്രം നീതിയുടെ പക്ഷത്തേക്ക് ഒരിക്കല്‍ വളയുമെന്ന മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിന്റെ വാക്കുകളില്‍ വിശ്വസിച്ചാണ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ കാലം തള്ളിനീക്കിയത്. എന്നാല്‍, തുല്യതയ്ക്കും സാമൂഹ്യനീതിക്കുമായി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍  ദുര്‍ഘടം പിടിച്ച വഴികളിലൂടെ ഇനിയുമേറെ ആ ജനതയ്ക്ക് സഞ്ചരിക്കേണ്ടിവരും. വര്‍ണ്ണവെറിയില്‍നിന്നു മോചനം നേടുന്ന ഒരുകാലം അമേരിക്കയ്ക്ക് എന്നുണ്ടാകുമെന്നത് രാഷ്ട്രീയനേതൃത്വം സ്വയം ചോദിക്കേണ്ട ചോദ്യമായി നിലനില്‍ക്കുന്നു.  

പ്രതിഷേധത്തിന്റെ നാള്‍വഴികള്‍

1
മേയ് 25

എനിക്ക് ശ്വാസം മുട്ടുന്നു...  കാല്‍മുട്ടുകൊണ്ട് തന്റെ കഴുത്തു ഞെരിക്കുന്ന വെളുത്ത പൊലീസുകാരനോട് ജോര്‍ജ് ഫ്ളോയിഡെന്ന കറുത്ത മനുഷ്യന്‍ കരഞ്ഞു പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍, കറുത്തവരെ മനുഷ്യരായിപ്പോലും കണ്ടിട്ടില്ലാത്ത ഡെറക് ഷോവന്‍ ആ കരച്ചില്‍ ആസ്വദിച്ചു. എട്ടുമിനിറ്റും 46 സെക്കന്‍ഡ് ജോര്‍ജ് ഫ്ളോയിഡ് ശ്വാസത്തിനായി പിടഞ്ഞു. ചലനമറ്റെന്നുറപ്പാക്കിയ ശേഷമാണ് പൊലീസുകാരന്‍ കാല്‍മുട്ട് മാറ്റിയത്. 20 ഡോളറിന്റെ കള്ളനോട്ട് ഫ്ളോയിഡ് കൈവശം വച്ചു എന്ന ആരോപണമായിരുന്നു തുടക്കം.

2
മേയ് 26

ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്ക ഇളകിമറിഞ്ഞു. രോഗഭീതി മറന്ന് ജനം തെരുവിലിറങ്ങി. ആദ്യം ഫ്ളോയിഡ് കൊല്ലപ്പെട്ട നഗരത്തില്‍. പിന്നീട് അത് പടര്‍ന്ന് ഇരുപതോളം നഗരങ്ങളിലേക്ക്. നാലു പൊലീസുകാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിട്ടും ജനരോഷം അടങ്ങിയില്ല. ആന്റിഫ ഏറ്റെടുത്തതോടെ പ്രക്ഷോഭം കൂടുതല്‍ തീവ്രമായി.

3
മേയ് 27

വിവേചനത്തിന്റെ ഏറെക്കാലമായി അടക്കിവച്ചിരുന്ന രോഷത്തിന്റെ തീപ്പൊരി തകര്‍ത്തെറിഞ്ഞു. വന്‍നഗരങ്ങള്‍ അരാജകത്വത്തിന്റെ പിടിയില്‍. തെരുവുകള്‍ കലാപഭൂമിയായി. പ്രക്ഷോഭം നിയന്ത്രണാതീതമായി. അമ്പരന്നുപോയ സംസ്ഥാന ഭരണകൂടങ്ങള്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇരുപതോളം സംസ്ഥാനങ്ങള്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി.

4
മേയ് 28

മിനിയപൊളീസ് ഭരണകൂടത്തിന്റെ പിടിപ്പുകേടെന്ന് ട്രംപിന്റെ ട്വീറ്റ്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ നിയോഗിക്കുമെന്ന് ഭീഷണി. കൊള്ള തുടര്‍ന്നാല്‍ വെടിവെയ്ക്കുമെന്ന ട്വീറ്റിന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാമത്തെ ട്വീറ്റ് ട്വിറ്റര്‍ വിലക്കുകയും ചെയ്തു.

5
മേയ് 29

സി.എന്‍.എന്‍. റിപ്പോര്‍ട്ടര്‍ ഒമര്‍ ജിംനസ് അറസ്റ്റില്‍. വിലങ്ങണിയിച്ച അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും അറസ്റ്റില്‍. ഷോവന് എതിരെ കൊലക്കുറ്റം ചുമത്തി.

6
മേയ് 31

പ്രക്ഷോഭത്തിന് ആറു ദിവസം. 75 നഗരങ്ങളില്‍ കലാപം. 4,400 പേര്‍ അറസ്റ്റില്‍, അഞ്ച് മരണം.

7
ജൂണ്‍ ഒന്ന്

ബൈബിളും കൈയിലേന്തി ട്രംപിന്റെ ഭീഷണി. സമാധാനമായി സമരം ചെയ്ത പ്രക്ഷോഭകര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗം.

8
ജൂണ്‍ രണ്ട്

ജോര്‍ജ് ഫ്ളോയിഡിന്റെ കുടുംബം പ്രക്ഷോഭത്തിനൊപ്പം.

9
ജൂണ്‍ നാല്

ഫ്ളോയിഡിന്റെ സംസ്‌കാരച്ചടങ്ങ്. എട്ട് മിനിട്ട്, 46 സെക്കന്‍ഡ് മൗനം ആചരിച്ചശേഷമായിരുന്നു ചടങ്ങുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com