'വിശ്വാസം കൊണ്ട് ഒരിക്കലും അവര്‍ വര്‍ഗ്ഗീയതയുടെ ക്യാമ്പിലെത്തരുത്'- സുനില്‍ പി. ഇളയിടം

പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം സംസാരിക്കുന്നു
സുനിൽ പി ഇളയിടം
സുനിൽ പി ഇളയിടം

പ്രഭാഷണം മനുഷ്യമനസ്സുകളെ ഭരിക്കുന്ന കലയാണെന്നു പറഞ്ഞത് പ്ലേറ്റോയാണ്. മാനവികതയുടെ മണ്ണില്‍ മനുഷ്യമനസ്സുകളെ വേരുറപ്പിച്ചു നിര്‍ത്തുന്നതാണ് സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങള്‍. കേരളത്തിന്റെ പൊതുഇടങ്ങളുടെ വീണ്ടെടുപ്പ് സാധ്യമാക്കിയ ചാലകശക്തി കൂടിയാണ് മാഷിന്റെ പ്രഭാഷണങ്ങള്‍. 

കേരളത്തിന്റെ ഗ്രാമാന്തരങ്ങളെ സര്‍വ്വകലാശാലകളാക്കി എന്നതാണ് സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ച സാംസ്‌കാരിക ദൗത്യം. അക്കാദമികളുടെ അകത്തളങ്ങളില്‍ വിസ്മൃതമായി പോകുന്ന അറിവുകളെ, ചരിത്രത്തിന്റെ അഗാധതകളില്‍നിന്നും ഖനനം ചെയ്തെടുത്ത വാക്കുകളില്‍ നെയ്ത്, അയത്‌നലളിതമായി അദ്ദേഹം സദസ്സിന്റെ ബോധത്തില്‍ വാരിവിതറുന്നു. ഒരോ വാക്കിലും പൂക്കുന്ന നവീനാശയങ്ങളുടെ, വെളിപാടുകളുടെ സിദ്ധാര്‍ത്ഥത. നിരക്ഷരനും ചുമട്ടുതൊഴിലാളിയും അക്കാദമിക് പണ്ഡിതനും വീട്ടമ്മയും കുട്ടികളും അടങ്ങുന്ന സദസ്സ് ഒരേ താളലയത്തില്‍ ആ വാക്കുകളെ ഹൃദയത്തില്‍ പകര്‍ത്തുന്നു. 

ഒരു നദിയുടെ കാവ്യാത്മകമായ, സ്വച്ഛന്ദശാന്തമായ ഒഴുക്കുപോലെയാണ് മാഷിന്റെ പ്രഭാഷണങ്ങള്‍. ആക്രോശങ്ങളുടേയോ വെല്ലുവിളികളുടേയോ ഗര്‍ജ്ജനങ്ങള്‍ ഇതിലില്ല. ആക്ഷേപഹാസ്യത്തിന്റെ വിശുദ്ധമായ നര്‍മ്മങ്ങള്‍ അപൂര്‍വ്വമായെങ്കിലും ആ ഭാഷണത്തില്‍ വിടരാറുണ്ട്. കാവ്യാത്മകമായ ഒരു ഭാവതലം പ്രസംഗത്തിലുണ്ടെങ്കിലും ധൈഷണിക ചിന്തയുടേയും നവ ആശയങ്ങളുടേയും വിസ്‌ഫോടന ശേഷി ഉള്ളടക്കത്തില്‍ മിഴിതുറന്നിരിപ്പുണ്ട്. 

മാര്‍ക്‌സിസ്റ്റ് ചിന്താസരണിയുടേയും വിമര്‍ശനത്തിന്റേയും ഏറ്റവും സര്‍ഗ്ഗാത്മകമായ മുഖമാണ് സുനില്‍ പി. ഇളയിടം. മാര്‍ക്‌സിസത്തിലൂടെയുള്ള വിചാരയാനത്തില്‍ ഗാന്ധിജിയേയും അംബേദ്കറേയും ശ്രീനാരായണഗുരുവിനേയും വീണ്ടെടുത്ത് കൂട്ടിയിണക്കുന്ന ഒന്ന്. അപരനെക്കുറിച്ചുള്ള കരുതല്‍ നിറഞ്ഞ, സഹജസ്‌നേഹത്തിന്റേയും വിമോചനത്തിന്റേയുമായ പ്രത്യയശാസ്ത്ര ഭൂമികയാണ് സുനില്‍ പി. ഇളയിടം സൃഷ്ടിക്കുന്നത്. 

സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെ ചരിത്രപരമായ പ്രസക്തി കേരളീയ സമൂഹത്തെ ജാഗ്രവത്താക്കിയ അഴീക്കോടും എം.എന്‍. വിജയനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പുനരവതരിക്കുന്നുവെന്നുള്ളതാണ്. ഇന്ത്യ എന്ന ആശയം തന്നെ തകര്‍ച്ച നേരിടുന്ന ഈ ഇരുണ്ടകാലത്തില്‍ പ്രതിരോധത്തിന്റെ വചനവെളിച്ചമാണ് സുനില്‍ പി. ഇളയിടം കൊളുത്തിവയ്ക്കുന്നത്. ജനതയുടെ ഹൃദയങ്ങളെ ദ്രവീകരിക്കുന്ന അഴീക്കോടിന്റെ വശ്യമായ ശൈലിയും ചിന്തകളുടെ കൊടുങ്കാറ്റുകള്‍ ഒഴിയാത്ത എം.എന്‍. വിജയന്റെ വാക്കിന്റെ കൂടുകളും സുനില്‍ പി. ഇളയിടത്തിലുണ്ട്. എങ്കിലും ഇപ്പോള്‍ ഇവരില്‍നിന്നെല്ലാം വേറിട്ട് ഹൃദയത്തെ അനുനയിപ്പിക്കുന്നതും അതേസമയം ക്ഷോഭത്തിന്റെ കനലുകളെ ആളിക്കത്തിക്കുന്നതുമായ വാക്കിന്റെ നടനവും സ്വകീയതാളവും സുനില്‍ പി. ഇളയിടം കണ്ടെത്തിക്കഴിഞ്ഞു. 
ഭാരതീയ സംസ്‌കൃതിയേയും മിത്തുകളേയും ചരിത്രപരമായി പുനര്‍നിര്‍മ്മിച്ചുകൊണ്ടുള്ള ആശയ പ്രതിരോധത്തിന്റെ പോര്‍നിലങ്ങള്‍ സുനില്‍ പി. ഇളയിടത്തെ സംഘപരിവാരത്തിന്റെ പ്രഖ്യാപിത ശത്രുവാക്കി. അദ്ദേഹത്തിന്റെ മഹാഭാരത ഭാഷണങ്ങള്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര മൂലധനത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തുന്നു. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരിലൂടെ ഇന്ത്യയുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ മഹാഭാരതത്തിലേക്ക് ചേര്‍ത്തുവയ്ക്കുകയാണ് സുനില്‍ പി. ഇളയിടം ചെയ്തത്. ജനതയുടെ അബോധത്തിലുറങ്ങിക്കിടന്ന മഹാഭാരതത്തിന്റെ വംശ സംഘര്‍ഷങ്ങള്‍ക്കു മാനവികമായ ഒരു പുനര്‍ജനി സുനില്‍ പി. ഇളയിടം നല്‍കുകയുണ്ടായി. 

സുനില്‍ പി. ഇളയിടത്തിന്റെ ജീവിതവും ഭാഷണവും എഴുത്തും അധ്യാപനവും തമ്മില്‍ അതിര്‍വരമ്പുകളൊന്നുമില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ക്ക് ഭംഗംവരാതെ സുനില്‍ പി. ഇളയിടം വേദികളില്‍നിന്നും വേദികളിലേക്ക് യാത്ര ചെയ്യുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധജാഥയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് അന്തരീക്ഷത്തിലേക്ക് മുഷ്ടി ഉയര്‍ത്തി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന സുനില്‍ പി. ഇളയിടം പുതിയകാലത്തിന്റെ ജ്വലിക്കുന്ന ഒരു സമരരൂപം കൂടിയാണ്. 
പൂര്‍വ്വസൂരികള്‍ തുറന്നിട്ടുതന്ന വാക്കിന്റെ തണലുകളും ഭാഷണകല രൂപപ്പെടുന്ന വാക്കിന്റെ വളവുതിരിവുകളും സുനില്‍ പി. ഇളയിടം വെളിപ്പെടുത്തുന്നു. ഉള്ളിലൊതുക്കപ്പെട്ട വാക്കിന്റെ യജമാനനും ഉച്ചരിക്കപ്പെട്ട വാക്കിന്റെ അടിമയുമാണ് പ്രഭാഷകന്‍ എന്ന ഇംഗര്‍ സോളിന്റെ വാക്കുകള്‍ സ്മരിച്ചുകൊണ്ട് പ്രഭാഷണ വഴിയിലൂടെ സുനില്‍ പി. ഇളയിടവുമൊത്തൊരു യാത്ര. 

സുനിൽ പി ഇളയിടം
സുനിൽ പി ഇളയിടം

------
കലയുടെ മൗലികതത്ത്വങ്ങളിലൊന്ന് ആസ്വാദകന് ലാവണ്യാനുഭവം പകരുകയെന്നുള്ളതാണ്. ഈ അര്‍ത്ഥതലത്തില്‍ നോക്കുമ്പോള്‍ പ്രഭാഷണം ഒരു കലയാണോ? 

കലയുടെ സാധ്യത പ്രഭാഷണത്തിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, എല്ലാ പ്രഭാഷണങ്ങള്‍ക്കും പ്രാഥമികമായി ഒരു കലാരൂപമാകാനും പ്രയാസമാണ്. പ്രഭാഷണം മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് ആശയനിവേദനമാണല്ലൊ. പൊതുസമൂഹത്തിനു മുന്നില്‍ ഒരു വസ്തുത വിശദീകരിക്കുകയോ പ്രതിപാദിക്കുകയോ ആണ് മിക്കവാറും പ്രഭാഷണങ്ങളുടെ അടിസ്ഥാന ധര്‍മ്മം. അതിനപ്പുറം കാവ്യാത്മകമായ ഒരനുഭവത്തെ ധ്യാനാത്മകമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതുപോലെയോ ചിന്തയെ അതിന്റെ സൂക്ഷ്മാംശങ്ങളില്‍ പ്രകാശിപ്പിക്കുന്നതുപോലെയോ ഉള്ള ധര്‍മ്മമല്ല മിക്കവാറും പ്രഭാഷണങ്ങള്‍ക്കുള്ളത്. അത് മുഖ്യമായും പൊതുസമൂഹത്തോട് ഒരു ആശയത്തെ മുന്‍നിര്‍ത്തി, ഒരു വീക്ഷണഗതിയെ വിശദീകരിച്ചുകൊണ്ടു നടത്തുന്ന വിനിമയമാണ്. 

കലയുടെ പ്രാഥമിക തത്ത്വമായി ഞാന്‍ കരുതുന്നത് യാഥാര്‍ത്ഥ്യത്തിന്റെ അതിസൂക്ഷ്മതയെ, അതിന്റെ അനന്യതയെ പുറത്തുകൊണ്ടുവരികയെന്നതാണ്. കലയുടെ ലോകം സാമാന്യത്തിന്റേതല്ല. സവിശേഷതയുടേതാണ്. അനന്യമായ അനുഭവലോകങ്ങളുടേതാണ്. അനുഭവത്തിന്റെ അനന്യത എന്ന ഈ അംശത്തെ അതിസൂക്ഷ്മമായി പിന്തുടര്‍ന്നു ചെന്ന് അതിനെ പ്രകാശിപ്പിക്കുക എന്നത് കലയില്‍ സാധ്യമാകുന്ന അതേ അളവില്‍ പ്രഭാഷണത്തില്‍ സാധ്യമാവണമെന്നില്ല. പ്രഭാഷണം ഊന്നുന്നത് ഏറിയ പങ്കും സാമാന്യത്തിലാണ്. കല എത്തുന്നത് സവിശേഷത്തിലും അനന്യതയിലുമാണ്. അഴീക്കോട്, എം.എന്‍. വിജയന്‍, എം.കെ. സാനു തുടങ്ങിയ മുതിര്‍ന്ന പ്രഭാഷകരെ ശ്രദ്ധിച്ചാല്‍ ഈ സാമാന്യത്തെ വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ അവര്‍ ഭാഷയുടേയും അനുഭവത്തിന്റേയും അതിസൂക്ഷ്മതയിലേക്ക് അഥവാ ജീവിതത്തിന്റെ അനന്യതയിലേക്ക് എത്തുന്നത് കാണാം. അതുകൊണ്ടുതന്നെ കലയുടെ ലോകം തീര്‍ത്തും പ്രഭാഷണത്തിനു പുറത്താണെന്നു പറയാന്‍ കഴിയില്ല. പക്ഷേ, അതിന്റെ പ്രാഥമിക ലക്ഷ്യം ഒരു ലാവണ്യാനുഭവത്തെ സൃഷ്ടിക്കലാണെന്നും പറഞ്ഞുകൂട. എനിക്കു തോന്നുന്നത് ലാവണ്യാനുഭവത്തിനും ആശയനിവേദനത്തിനും ഇടയില്‍ പ്രഭാഷണം ഊയലാടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. 

പ്രഭാഷണം ജനാധിപത്യപരമായ ഒരു സംവേദന രൂപമല്ലെന്ന വാദത്തോട് എങ്ങനെ പ്രതികരിക്കുന്നു? 

എഴുതപ്പെട്ട വാക്കിനേക്കാള്‍ പറയപ്പെട്ട വാക്കില്‍ പറയുന്ന ആള്‍ സന്നിഹിതനായിരിക്കും എന്നൊരു നിരീക്ഷണമുണ്ട്. മെറ്റാഫിസിക്‌സ് ഓഫ് പ്രസന്‍സ് എന്ന ആശയത്തിന്റെ വഴി. അതിനെ മുന്‍നിര്‍ത്തി എഴുത്ത് പറച്ചിലിനേക്കാള്‍ ജനാധിപത്യപരമായ രൂപമാണെന്നു പറയാം. ഇതിലൊരു വസ്തുതയുണ്ട്. കാരണം എഴുതപ്പെട്ട വാക്കിനോട് നിങ്ങള്‍ക്കു പലതും കൂട്ടിച്ചേര്‍ക്കാം. പുനര്‍വ്യാഖ്യാനങ്ങള്‍ നടത്താം. പുനഃസന്ദര്‍ശനം നടത്തി അതിനെ തിരിച്ചിടാം. എന്നാല്‍, കേള്‍വിയുടെ സന്ദര്‍ഭത്തില്‍ കേള്‍ക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. പ്രഭാഷണ സന്ദര്‍ഭത്തില്‍ ഒരു സ്വീകരണസ്ഥാനമായി നിലകൊള്ളുക എന്നല്ലാതെ ആ വാക്കിനോട്, ആശയത്തോട് ഒരു കൗണ്ടര്‍ എന്‍ഗേജ്‌മെന്റ് കാര്യമായി സാധ്യമല്ല. ഈ നിലയില്‍ അതിലൊരു അധികാരകേന്ദ്രമുണ്ട് എന്ന് ഒരാള്‍ക്ക് വിലയിരുത്താം. അത് തെറ്റല്ല. അതേസമയം ചരിത്രപരമായി നോക്കിയാല്‍ പ്രഭാഷണങ്ങള്‍ക്ക് പിന്നില്‍ ആധുനികവും ജനാധിപത്യപരവുമായ ഒരു സന്ദര്‍ഭമുണ്ട്. നാടുവാഴിത്ത/രാജവാഴ്ച കാലത്തൊന്നും പ്രഭാഷണം അടിസ്ഥാനപരമായ ഒരു വിനിമയരീതിയല്ലെന്നു കാണാം. അക്കാലത്ത് രാജാധികാരത്തിന്റെ ഒറ്റ ശാസനമേയുള്ളൂ. പൊതുസമൂഹം രൂപപ്പെടുകയും ഭിന്നാഭിപ്രായങ്ങളുണ്ടാകുകയും അവയെല്ലാം പൊതുവായി ഉന്നയിക്കപ്പെടുകയും ചെയ്യുമ്പോഴാണ്, അവ തമ്മിലുണ്ടായ തര്‍ക്കങ്ങളും കൊടുക്കല്‍ വാങ്ങലുകളുമൊക്കെയാണ് പ്രഭാഷണത്തെ സാധ്യമാക്കിയത്. പ്രഭാഷണപ്രക്രിയയ്ക്കു പിന്നില്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമുണ്ട്. ഭിന്നവീക്ഷണങ്ങള്‍ക്കു നിലനില്‍ക്കാനും അവ തമ്മില്‍ സംവദിക്കാനുമുള്ള ഇടമില്ലെങ്കില്‍ പ്രഭാഷണത്തിനു നിലനില്‍പ്പില്ല. പക്ഷേ, ഒരു ഫോം എന്ന നിലയില്‍ പ്രഭാഷണത്തിന്റെ ആന്തരികഘടനയില്‍ സംവാദാത്മകത കുറവാണ്. ഘടനാപരമായി അത് ഏകമുഖമാണ്. 

വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനമാണ് പ്രഭാഷണവഴിയിലേക്കുള്ള യാത്രയില്‍ ഇന്ധനമായതെന്ന് മുന്‍പ് മാഷ് പറഞ്ഞിട്ടുണ്ട്. കലാലയജീവിതകാലത്തെ പ്രസംഗാനുഭവങ്ങള്‍ ഓര്‍മ്മിക്കാമോ? 

മാല്യങ്കര കോളേജിലെ പ്രീഡിഗ്രി-ഡിഗ്രി പഠനകാലത്ത് ഞാന്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി ക്യാമ്പയിനുകള്‍ നടത്തേണ്ടിവന്നിരുന്നു. അപ്പോള്‍ ഒരു കാര്യം തന്നെ എല്ലാ ക്ലാസ്സുകളിലും ആവര്‍ത്തിച്ചു പറയേണ്ടിവരും. അങ്ങിനെ അതില്‍ ചില വഴക്കങ്ങളൊക്കെ തെളിഞ്ഞുകിട്ടി. യൂണിയന്‍ തെരഞ്ഞെടുപ്പ് വേളയില്‍ ക്ലാസ്സുകളില്‍ നിരന്തരമായ പ്രചാരണം നടത്തേണ്ടിവരും. ഞാന്‍ അന്നു ചെയ്തിരുന്ന ഒരു കാര്യം ക്ലാസ്സുകളില്‍ കടമ്മനിട്ടയുടേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേയുമൊക്കെ കവിതകള്‍ ചൊല്ലുക എന്നതായിരുന്നു. കടമ്മനിട്ടയുടെ 'ശാന്ത'യും 'കോഴി'യും 'ദേവിസ്തവ'വും ബാലചന്ദ്രന്റെ 'യാത്രാമൊഴി'യും 'മാപ്പുസാക്ഷി'യുമൊക്കെ നിരന്തരം ചൊല്ലിയിട്ടുണ്ട്. കവിതകള്‍ക്ക് ആമുഖമായി പത്തുപതിനഞ്ച് മിനിട്ട് നീളുന്ന പ്രഭാഷണവും നടത്തും. അതും ഒരു പരിശീലനമായിരുന്നു. ചുരുക്കത്തില്‍ കലാലയ ജീവിതകാലത്ത് ക്ലാസ്സ് മുറികളില്‍ നടത്തിയ പ്രസംഗങ്ങളാണ് എന്നെ പ്രഭാഷകത്വത്തിലേക്ക് കൊണ്ടുവന്ന അടിസ്ഥാന ഘടകം. സ്റ്റേജിനെ നേരിടാന്‍ പ്രാപ്തി നല്‍കിയത് കലാലയ ജീവിതമാണ്. 

കലാലയ ജീവിതകാലത്ത് പ്രസംഗമത്സരവേദികളില്‍ മാഷിനു സമ്മാനങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് കേട്ടിട്ടുള്ളത്. എന്നാലിന്ന് എണ്ണമറ്റ പ്രഭാഷണവേദികളാണ് മാഷിനെ കാത്തിരിക്കുന്നത്. സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ കവിതാരചനയ്ക്ക് തുടര്‍ച്ചയായി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാലിപ്പോള്‍ കവിത എഴുതുന്നുമില്ല. ഈ വൈരുധ്യത്തെ എങ്ങനെ വിലയിരുത്തുന്നു? 

യഥാര്‍ത്ഥത്തില്‍ സര്‍വ്വകലാശാല മത്സരങ്ങളിലെ വിജയത്തെ ഒരു വലിയ മാനദണ്ഡമായി അധികമൊന്നും കാണേണ്ട കാര്യമില്ല. അവിടെ പ്രസംഗമത്സരങ്ങളുടെ സമയം കേവലം അഞ്ചുമിനിട്ട് മാത്രമാണ്. എന്റെയൊരു രീതി ഒരു വിഷയം പറഞ്ഞുതുടങ്ങി പതിയെപ്പതിയെ ഉള്ളിലേക്ക് കടന്ന് അതിന്റെ സൂക്ഷ്മാംശങ്ങളിലേക്കു പോകുന്നതാണ്. അഞ്ച് മിനിട്ട്‌കൊണ്ട് ഒരു പടക്കംപോലെ പൊട്ടിത്തീരാന്‍ എനിക്കു കഴിയില്ല. പെട്ടെന്നൊരു ശബ്ദവും വെളിച്ചവുമായി സ്വയം ആവിഷ്‌കരിക്കാന്‍ കഴിയില്ല. പ്രസംഗ മത്സരങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഹ്രസ്വസമയവും എന്റെ ശൈലിയും തമ്മില്‍ പൊരുത്തമുണ്ടായിരുന്നില്ല.

എം.ജി. സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മൂന്നു വര്‍ഷവും എനിക്ക് കവിതാരചനയില്‍ സമ്മാനമുണ്ടായിരുന്നു. രണ്ടുവര്‍ഷം ഒന്നാം സ്ഥാനവും ഒരു തവണ രണ്ടാം സ്ഥാനവും. പിന്നീട് പി.ജിക്കു പഠിക്കുമ്പോള്‍ ഒരിക്കല്‍ അന്തര്‍സര്‍വ്വകലാശാല യുവജനോത്സവത്തിലും കവിതാരചനയ്ക്ക് മൂന്നാം സമ്മാനം കിട്ടിയിരുന്നു. രണ്ടാംവര്‍ഷം എം.എയ്ക്ക് പഠിക്കുമ്പോഴാണ് എനിക്ക് എന്റെ കവിതയുടെ പരിമിതിയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നത്. കെ.ജി. ശങ്കരപ്പിള്ളയുടേയും സച്ചിദാനന്ദന്റേയുമൊക്കെ സ്വാധീനത്തില്‍പ്പെട്ട് അവരുടെ ശൈലികളെ പിന്‍പറ്റി കവിതകളെഴുതുകയാണ് ഞാന്‍ ചെയ്തിരുന്നത്. പിന്നീട് നോക്കിയപ്പോള്‍ അങ്ങനെ എഴുതിയ കവിതകളിലൊന്നും വലിയ കാവ്യമികവ് കാണാനെനിക്കു കഴിഞ്ഞില്ല. അക്കാലത്ത് വലിയ കവികളെ വായിച്ചുതുടങ്ങിയിരുന്നു. അവരെ നന്നായി വായിച്ചപ്പോഴാണ് ഈ തിരിച്ചറിവ് എനിക്കുണ്ടായത്. ഈ സമയമായപ്പോഴേക്കും ആശാനേയും വൈലോപ്പിള്ളിയേയുമൊക്കെ ഞാന്‍ വായിച്ചിരുന്നു. എന്റെ കവിത മികച്ച കവിതയല്ലെന്നു മനസ്സിലാക്കാനുള്ള വിവേകം ഉണ്ടായതങ്ങനെയാണ്.

കവിത എഴുതാന്‍ നല്ല അദ്ധ്വാനമുണ്ട്. മനസ്സില്‍ കൊണ്ടുനടന്നു വളര്‍ത്തിയെടുത്ത് എഴുതണം, തിരുത്തണം ഇങ്ങനെയെല്ലാം ചെയ്തിട്ട് നമ്മളുണ്ടാക്കുന്നത് ശരാശരി രൂപമാണെങ്കില്‍ അതിനിത്ര ഊര്‍ജ്ജം കളയേണ്ടതുണ്ടോ എന്ന ആലോചനയില്‍ ഞാന്‍ വൈകാതെ എത്തി. അങ്ങനെയാണ് കവിതയെഴുത്തിനു വിരാമമിട്ടത്. 

സച്ചിദാനന്ദൻ
സച്ചിദാനന്ദൻ

കവിതകളോടുള്ള തീവ്രമായ ഹൃദയബന്ധം കൊണ്ടായിരിക്കാം മാഷിന്റെ പ്രഭാഷണങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാവ്യാത്മകമായ ഒരു തലമുണ്ട്? 

കവിതകളുമായുള്ള സഹവാസം പില്‍ക്കാലത്ത് എനിക്ക് വളരെയേറെ ഗുണം ചെയ്തു. അടിസ്ഥാനപരമായി കാവ്യാസ്വാദനത്തിന്റേയും കാവ്യാഭിരുചിയുടേയും ലോകം എന്നിലുണ്ട് എന്നാണെന്റെ വിശ്വാസം. ഒരു നല്ല കവിത വായിച്ചാല്‍ അതിലെ പല വരികളും എന്റെ ഉള്ളില്‍ കിടക്കും. പിന്നീട് പ്രസംഗങ്ങളിലേക്ക് സന്ദര്‍ഭാനുസരണം ആ വരികള്‍ കടന്നുവരും. നമ്മള്‍ അരമണിക്കൂറെടുത്ത് വിശദീകരിച്ച് ആളുകളില്‍ എത്തിക്കുന്ന ഒരാശയം ഒരു നല്ല കാവ്യഖണ്ഡംകൊണ്ട് പെട്ടെന്നു ഫലിപ്പിച്ചെടുക്കാന്‍ കഴിയും. 

ബാലചന്ദ്രൻ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട്

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ദ്വന്ദാത്മകവിഭജനം തെറ്റായിരുന്നുവെന്നു വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പം അതിനെക്കുറിച്ച് ആമുഖം പറഞ്ഞിട്ട് 'പള്ളിക്കൂടത്തിലേക്ക് വീണ്ടും' എന്ന ഇടശ്ശേരിക്കവിത ഉദ്ധരിക്കുകയാണ്. കവിത എല്ലാവരേയും സ്പര്‍ശിക്കും. ആളുകളെ അത്രയും സ്പര്‍ശിക്കാന്‍ ചിലപ്പോള്‍ അരമണിക്കൂര്‍ നീണ്ട ഭാഷണത്തിനു കഴിഞ്ഞെന്നുവരില്ല. എന്റെ പ്രഭാഷണത്തിനുണ്ടെന്നു താങ്കള്‍ പറയുന്ന മികവ് കാവ്യാത്മകതയുടെ അനുഭൂതിതലം കൊണ്ടുണ്ടായതാണ്. ആശയവിവരണം മാത്രമായിട്ട് എന്റെ പ്രസംഗം കടന്നുപോകാറില്ല. അതിനെന്നെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് കവിത ആണ്. ആദ്യം മുതലേ കവിതകള്‍ ചൊല്ലി പഠിച്ചതുകൊണ്ട് എഴുത്തച്ഛന്‍ മുതലുള്ള കവികളുടെ കവിതയിലെ കുറെയേറെ ഭാഗങ്ങള്‍ എനിക്ക് ഹൃദിസ്ഥമാണ്. പ്രഭാഷണങ്ങളില്‍ സന്ദര്‍ഭാനുസരണം എനിക്കത് കൂട്ടിയിണക്കാന്‍ പറ്റാറുണ്ട്.

കെജിഎസ്
കെജിഎസ്

പ്രൊഫ. എം.എന്‍. വിജയന്റെ സ്വാധീനം താങ്കളുടെ പ്രഭാഷണത്തിന്റെ അബോധത്തിലുണ്ട്. മാഷിനെ സ്വാധീനിച്ച പ്രഭാഷകര്‍? 

പ്രഭാഷണത്തില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് വിജയന്‍ മാഷാണ്. വിജയന്‍ മാഷിന്റെ ശൈലിയും വിചാരരീതിയും രണ്ട് പതിറ്റാണ്ട് മുന്‍പ് ഒട്ടൊക്കെ അങ്ങനെതന്നെ എന്റെ പ്രഭാഷണങ്ങളില്‍ തെളിഞ്ഞുകാണാമായിരുന്നു. വിജയന്‍ മാഷുടെ ശൈലിയില്‍ തന്നെയായിരുന്നു അന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നത്. ഞാനതു മറച്ചുവെച്ചിട്ടില്ല. ഇക്കാര്യം എന്റെ 'ആത്മം, അപരം, അധിനിവേശം' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാനെഴുതിയിട്ടുമുണ്ട്. 

ഇപ്പോള്‍ പ്രകടമായ ആ സ്വാധീനം കുറേ മാറിയിട്ടുണ്ട്. എന്നാല്‍, എന്റെ വിചാരരീതിയുടെ ഉള്ളില്‍ ഇപ്പോഴും വിജയന്‍ മാഷുണ്ട്. വിജയന്‍ മാഷുടെ പ്രസംഗം പലര്‍ക്കുമിപ്പോള്‍ അപരിചിതമായതുകൊണ്ട്  അതു മനസ്സിലാകുന്നില്ല എന്നേയുള്ളൂ. വിജയന്‍ മാഷ് വിടവാങ്ങിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞല്ലോ. വിജയന്‍ മാഷിനെ നന്നായി കേട്ടൊരാള്‍ക്ക് എന്റെ വിചാരരീതിയില്‍ മാഷിന്റെ സ്വാധീനമുള്ളതു കൃത്യമായി മനസ്സിലാക്കാനാവും. പക്ഷേ, ശൈലീപരമായി ഏറെയൊന്നും ഞാന്‍ ഇപ്പോള്‍ വിജയന്‍ മാഷില്‍നിന്നും എടുത്തിട്ടില്ല. സ്വകീയമായ ഒരു ശൈലി പതിയെപ്പതിയെ രൂപപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം. പലരും അഴീക്കോടിനു ശേഷം എന്നൊക്കെ പറയാറുണ്ട്. അഴീക്കോടിന്റെ ശൈലി എനിക്കിഷ്ടമാണ്. എന്നെയത് സ്വാധീനിച്ചിട്ടുമുണ്ടാവും. എങ്കിലും ആഴമേറിയ സ്വാധീനം വിജയന്‍ മാഷിന്റേതാണ്. സാധാരണനിലയില്‍ പ്രഭാഷകനായി അറിയപ്പെടാത്തൊരാള്‍ എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ അധ്യാപകന്‍ കൂടിയായ കെ.ജി. ശങ്കരപ്പിള്ള സാറാണത്. കെ.ജി.എസ്. ക്ലാസ്സെടുക്കുമ്പോള്‍ സൂക്ഷ്മമായ ഒരു കാവ്യബോധം ഭാഷയില്‍ കൊണ്ടുവരുന്ന ആളാണ്. ഭാഷയുടെ മുനയും ധ്വനിയും സൗന്ദര്യവുമൊക്കെ കെ.ജി.എസ്സിന്റെ ഭാഷയില്‍ നന്നായി കാണാം. അതെന്റെയുള്ളില്‍ നന്നായി കടന്നുകയറിയിട്ടുണ്ട്. 

എംഎൻ വിജയൻ
എംഎൻ വിജയൻ

ആധുനിക മലയാളിയുടെ ജീവിതത്തില്‍ പ്രഭാഷണം ഇടപെട്ട് തുടങ്ങിയത് ഒരുപക്ഷേ, വാഗ്ഭടാനന്ദനിലൂടെയാകാം. പില്‍ക്കാലത്ത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിറസാന്നിദ്ധ്യങ്ങളായി അഴീക്കോടും എം.എന്‍. വിജയനും മാറുകയുണ്ടായി. ഇവരുടെ ശൈലികളെ ഒന്നു താരതമ്യപ്പെടുത്താമോ? 

അഴീക്കോടിന്റേയും വിജയന്‍ മാഷിന്റേയുമൊക്കെ ശൈലിക്ക് ധാരാളം പരിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. ആദ്യകാലത്തെ അഴീക്കോട് മാഷും അവസാന കാലഘട്ടത്തിലെ അഴീക്കോട് മാഷും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ആദ്യഘട്ടത്തില്‍ അഴീക്കോട് മാഷ് പ്രസംഗത്തില്‍ ധാരാളം സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കുമായിരുന്നു. ഒടുവില്‍ അഴീക്കോട് മാഷ് സംസാരിച്ചത് വഴിയോരത്തെ കപ്പലണ്ടി കച്ചവടക്കാരനും ഒരു സര്‍വ്വകലാശാലാ പ്രൊഫസര്‍ക്കും ഒരുപോലെ എന്‍ഗേജ്‌ചെയ്യാന്‍ ഇടമിട്ടുകൊണ്ടാണ്. ഈ രണ്ടറ്റങ്ങളിലേക്കും അദ്ദേഹത്തിന്റെ ഭാഷണത്തിനു കടന്നുചെല്ലാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വിഷയപരിചരണരീതി പൊതുവെ താര്‍ക്കികമാണ്. ഒരു ശത്രുസ്ഥാനത്തെ കണ്ടുകൊണ്ട് അതിനോട് നടത്തുന്ന പ്രത്യക്ഷയുദ്ധം തന്നെയാണ് അഴീക്കോടിനു പ്രഭാഷണം. അതിനു കാലാകാലങ്ങളില്‍ അദ്ദേഹത്തിന് ഒരു എതിരാളിയെ കിട്ടും. അത് അന്നത്തെ മുഖ്യമന്ത്രിയോ മോഹന്‍ലാലോ ആരെങ്കിലുമൊക്കെ ആവും. 

എന്നും കണിശമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരെ അദ്ദേഹത്തിനു വിട്ടുവീഴ്ചകളില്ലായിരുന്നു. അനീതി എന്നു തനിക്കു തോന്നുന്ന ആശയത്തോട് അഴീക്കോട് ധീരമായി കലഹിച്ചു നിന്നു. നടന്‍ തിലകനെ സംബന്ധിച്ച് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ എല്ലാവരും മൗനം പാലിച്ച സമയത്ത് അഴീക്കോട് മാഷ് ആ യുദ്ധത്തില്‍ ഉണ്ടായിരുന്നു. അന്ന് ഒരു അഭിമുഖകാരന്‍ അഴീക്കോടിനോട് ചോദിച്ചു. ഇമ്മാതിരി കാര്യങ്ങളില്‍ ഇടപെട്ട് മാഷ് യുദ്ധം ചെയ്യേണ്ടതുണ്ടോ? അതിന് അഴീക്കോട് മാഷ് പറഞ്ഞ മറുപടി എനിക്ക് വളരെ ഇഷ്ടമായ ഒന്നാണ്. അഴീക്കോട് ചോദിച്ചത് നമ്മള്‍ പോകുന്ന വഴിയില്‍ ചെളി കിടക്കുന്നത് കണ്ടാല്‍ എന്തു ചെയ്യുമെന്നാണ്. ഒന്നുകില്‍ ചെളി ചവിട്ടാതെ മാറിപ്പോകാം. അല്ലെങ്കില്‍ ആ ചെളി വാരിക്കളഞ്ഞിട്ട് പോകാം. ചെളി ചവിട്ടാതെ മാറിപ്പോയാല്‍ ബാക്കിയുള്ളവര്‍ ചെളിയില്‍ ചവിട്ടും. നിങ്ങള്‍ ചെളി വാരിക്കളഞ്ഞാല്‍ ബാക്കിയുള്ളവര്‍ ആ ചെളിയില്‍ ചവിട്ടില്ല. പക്ഷേ, നിങ്ങളുടെ ദേഹത്ത് ചെളി പറ്റും. അഴീക്കോട് മാഷ് ഏറ്റുമുട്ടിയ കാര്യങ്ങളെല്ലാം മാഷ് ഏറ്റുമുട്ടേണ്ടത് തന്നെയായിരുന്നോ എന്ന സംശയം ഒരാള്‍ക്കു തോന്നാം. പക്ഷേ, അതെല്ലാം വിമര്‍ശിക്കപ്പെടേണ്ടതുതന്നെയായിരുന്നു. 

വൈലോപ്പിള്ളി 
വൈലോപ്പിള്ളി 

വിജയന്‍ മാഷില്‍ താര്‍ക്കികതകളില്ല. മാഷ് പ്രത്യക്ഷമായ തര്‍ക്കയുദ്ധങ്ങളില്‍ അധികം പങ്കാളിയായില്ല. മാഷ് എപ്പോഴും സംസാരിച്ചത് ചിന്തയുടെ പ്രതലത്തില്‍ നിന്നായിരുന്നു. ആ ചിന്തയുടെ പ്രതലം പലര്‍ക്കും പരസ്പരവിരുദ്ധമെന്നു തോന്നിയിട്ടുണ്ട്. ഒരേസമയം അനവധി മേഖലകളില്‍നിന്നാണ് മാഷ് ആശയങ്ങളിലേക്ക് വരുന്നത്. അത് അതുല്യമായ ഒരു രീതിയാണ്.

പാര്‍ട്ടിയുടെ വേദികളിലും പാര്‍ട്ടിയുടെ ശത്രുപക്ഷത്തും മാഷ് നിന്നിട്ടുണ്ട്. വിജയന്‍ മാഷെ വിലയിരുത്തുന്നതില്‍ പില്‍ക്കാലത്തുണ്ടായ വലിയൊരു പരിമിതിയായി എനിക്ക് തോന്നിയിട്ടുള്ളത് ഈ അഫിലയേഷനോ എതിര്‍പ്പോ മുന്‍നിര്‍ത്തിയാണ് പലപ്പോഴും മാഷ് മനസ്സിലാക്കപ്പെട്ടത്. മാഷ് നമ്മുടെ ചിന്താരീതിയില്‍ ഒരു വിച്ഛേദം കൊണ്ടുവന്ന ആളാണ്. കേരളത്തിലെ ചിന്താജീവിതത്തിലെ സമുന്നത സ്ഥാനങ്ങളിലൊന്നാണ് വിജയന്‍മാഷ്. 

സാധാരണ നമ്മള്‍ സംസാരിക്കുമ്പോള്‍ ഒരു ആശയത്തെ പടിപടിയായി വികസിപ്പിച്ചാണ് കൊണ്ടുവരുന്നത്. ദെല്യൂസിനെ പിന്‍പറ്റിക്കൊണ്ട്, വൃക്ഷരൂപത്തിലുള്ള ഭാഷണം എന്നു വേണമെങ്കില്‍ പറയാം. ശാഖകളായി പടര്‍ന്നുപോകുമെങ്കിലും പ്രധാനം തായ്ത്തടി തന്നെയാണ്. എന്നാല്‍, വിജയന്‍ മാഷുടെ പ്രഭാഷണരീതി തീര്‍ത്തും വ്യത്യസ്തമാണ്. ഒരു വാചകത്തില്‍നിന്നും മാഷ് തിരശ്ചീനമായി മറ്റൊരു വാചകത്തിലേക്കു പോകുന്നു. മാഷുടെ പ്രഭാഷണം ഒരിക്കലും ലീനിയറല്ല. മറിച്ചു തെന്നിത്തെന്നി നീങ്ങുന്ന ആശയങ്ങളുടേതാണ്. ഒരു പായലിന്റെ പടര്‍ച്ചപോലെയാണ് വിജയന്‍ മാഷുടെ പ്രസംഗമെന്നു മുന്‍പ് എന്‍. പ്രഭാകരന്‍ പറഞ്ഞതു ശ്രദ്ധേയമാണ്. 

കടമ്മനിട്ട
കടമ്മനിട്ട

അതുകൊണ്ടുതന്നെ മാഷിനെ പിന്‍തുടരുക എളുപ്പമല്ല. ഒരു ആശയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാഷ് കണ്ടെത്തുന്ന ബന്ധം രേഖീയമല്ല. അത് ഉള്‍ക്കൊള്ളണമെങ്കില്‍ ആ വിഷയത്തെക്കുറിച്ചും അതിലെ വൈരുധ്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നമുക്കുമുണ്ടാകണം. ഒപ്പംതന്നെ ആ ചിന്താരീതിയിലെ വ്യത്യാസത്തെ ഉള്‍ക്കൊള്ളാനും കഴിയണം. വിജയന്‍ മാഷുടെ പ്രസംഗം വെറുതെ കേട്ട് രസിക്കാന്‍ പറ്റില്ല. കേട്ടുരസിക്കാന്‍ പറ്റണമെങ്കില്‍ മാഷോടൊപ്പം സഞ്ചരിക്കാനുള്ള ബൗദ്ധിക സജ്ജീകരണമുണ്ടാകണം. ചിന്തയുടെ ഫ്‌ലാഷുകള്‍ നിരന്തരം മാഷിന്റെ പ്രഭാഷണത്തില്‍ ഉണ്ടാകും. അതു പിന്തുടരാന്‍ പറ്റുന്ന ഒരാള്‍ക്ക് വലിയതോതില്‍ ആന്തരികമായി ഉണര്‍വ്വുണ്ടാകും. ഒരു പോയിന്റിനെ മുന്‍നിര്‍ത്തിയുള്ള താര്‍ക്കികമായ ഏറ്റുമുട്ടലല്ല മാഷ് നടത്തുന്നത്. 

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളടക്കം സി.പി.എം പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടപ്പോഴൊക്കെ അതിനു സൈദ്ധാന്തികമായ പ്രതിരോധം തീര്‍ത്തത് വിജയന്‍ മാഷാണ്. എം.എന്‍. വിജയന്‍ കൂട്ടിലടയ്ക്കപ്പെട്ട സിംഹമാണെന്ന ലീലാവതി ടീച്ചറുടെ നിരീക്ഷണത്തെ പുതിയ കാലത്തില്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? 

ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ കൂട്ടിലടയ്ക്കപ്പെട്ട സിംഹമല്ലെന്ന് ലീലാവതി ടീച്ചറുടെ വിമര്‍ശത്തിന് അക്കാലത്ത് വിജയന്‍ മാഷ് മറുപടി പറഞ്ഞിട്ടുണ്ട്. പിന്നീട് മാഷ് സ്വയം അതു തെളിയിക്കുകയും ചെയ്തല്ലോ. ഇവിടെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍ നിങ്ങളുടെ എഴുത്തിന്റേയും പ്രഭാഷണത്തിന്റേയും താല്പര്യം സ്വന്തം ആശയങ്ങള്‍ ലോകത്തെ ധരിപ്പിക്കലാണോ എന്നതാണ്. ലോകത്ത് നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളെ തിരുത്തുന്നതും സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുന്നതും രണ്ട് കാര്യങ്ങളാണ്. ആദ്യത്തേതിന്റെ കേന്ദ്രം വിഷയമാണ്; വ്യക്തിയല്ല.

വര്‍ഗ്ഗീയതയോടോ മുതലാളിത്ത-മൂലധന ശക്തിയോടോ ഏറ്റുമുട്ടാന്‍ ഒരാള്‍ ഇറങ്ങി പുറപ്പെടുകയും പ്രഭാഷണമുള്‍പ്പെടെയുള്ള സാംസ്‌കാരിക ഇടപെടലുകളെ ആയുധമാക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് ആദ്യം വേണ്ടത് അതിനുള്ള സ്‌പെയ്സാണ്. കാരണം സ്വന്തം സ്വത്വം പ്രകാശനം ചെയ്യാനോ, തന്റെ പ്രതിഭയെ പ്രകാശിപ്പിക്കാനോ അല്ല അയാള്‍ ശ്രമിക്കുന്നത്. അയാള്‍ ശ്രമിക്കുന്നത് വര്‍ഗ്ഗീയതയോടും മൂലധനാധിപത്യത്തോടും ഏറ്റുമുട്ടാനാണ്. അയാളുടെ യുദ്ധം അയാളുടെ സ്വത്വത്തിന്റെ ആവിഷ്‌കാരമല്ല. ഒരു സോഷ്യല്‍ ഇഷ്യുവുമായി മുന്നിട്ടിറങ്ങുമ്പോള്‍ അയാള്‍ക്ക് ഒരു പ്രസ്ഥാനം ആവശ്യമായി വരും. പാര്‍ട്ടിയെക്കുറിച്ചുള്ള ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ലൂക്കാച്ച് അക്കാര്യം പറയുന്നുണ്ട്. അതേ സമയം തന്നെത്തന്നെ പ്രകാശിപ്പിക്കുന്ന ഒരു വ്യക്തിക്ക്, അഥവാ വ്യക്തിവാദത്തിലൂടെ ലോകത്തെ കാണുന്ന ഒരു മനുഷ്യനു പ്രസ്ഥാനത്തിന്റെ പിന്‍ബലം ആവശ്യമില്ല. വ്യക്തിവാദത്തിന്റെ നിലപാടില്‍നിന്നും നോക്കുമ്പോള്‍ അയാള്‍ക്ക് മറ്റെയാള്‍ ഒരു തടവിലാണെന്നു തോന്നുകയും ചെയ്യാം. ലോകത്തിന്റെ പ്രശ്‌നങ്ങളോട് യുദ്ധം ചെയ്യാനിറങ്ങുന്ന ഒരാള്‍ക്ക് അങ്ങനെ താന്‍ തടവിലാണോ അല്ലയോ എന്നത് വലിയൊരു കണ്‍സേണല്ല. ലീലാവതി ടീച്ചറുടെ അഭിപ്രായം വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. സ്വതന്ത്ര വ്യക്തിയുടെ ആത്മാവിഷ്‌കാരമാണ് കലയെന്നുള്ള ദര്‍ശനമാണ് ടീച്ചറെ നയിക്കുന്നത്. അത് തെറ്റല്ല. ആധുനികതയുണ്ടാക്കിയ വ്യക്തി സങ്കല്പത്തില്‍നിന്നുകൊണ്ടുള്ള നിരീക്ഷണമാണ്. അതു തിരിച്ചറിയുന്ന ഒരാള്‍ക്ക് വിജയന്‍ മാഷിന്റെ മറുപടി പെട്ടെന്നു വ്യക്തമാകും. 

പ്രസംഗം പൊതുവെ മൂന്നു തരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. വേദിയിലേക്കു കയറുന്നതിനു മുന്‍പ് മനസ്സില്‍ തയ്യാറാക്കപ്പെടുന്ന പ്രസംഗം, യഥാര്‍ത്ഥമായി വേദിയില്‍ അവതരിപ്പിക്കുന്ന പ്രസംഗം, വേദി വിട്ടിറങ്ങുമ്പോള്‍ ഈ രീതിയില്‍ പ്രസംഗിക്കാമായിരുന്നുവെന്നു തോന്നുന്ന പ്രസംഗം. പ്രഭാഷണത്തിനുവേണ്ടിയുള്ള മാഷിന്റെ മുന്നൊരുക്കങ്ങള്‍? 

രണ്ടു തരത്തില്‍ വേദികളെ സമീപിക്കാറുണ്ട്. അക്കാദമിക് സദസ്സുകളില്‍ അക്കാദമിക വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന് ഒരു ക്രമമുണ്ടാക്കി, നോട്ടെല്ലാം തയ്യാറാക്കി പ്രസംഗിക്കാറുണ്ട്. മറ്റൊരു രീതി വലിയ മുന്നൊരുക്കങ്ങളുമില്ലാതെ, നോട്ടുകളൊന്നും തയ്യാറാക്കാതെ പൊതു ഇടങ്ങളില്‍ പ്രസംഗിക്കുന്നതാണ്. എങ്കില്‍പ്പോലും മാനസികമായ ഒരു ക്രമീകരണം നടത്തും. പക്ഷേ, രണ്ടു രീതിയിലായാലും നടത്തിയ മുന്നൊരുക്കങ്ങളിലൂടെ ആയിരിക്കില്ല പ്രസംഗം പലപ്പോഴും വികസിക്കുന്നത്. 

പ്രഭാഷണത്തിനായി വേദിയില്‍ ഇരിക്കുമ്പോഴോ പ്രഭാഷണം ആരംഭിക്കുമ്പോഴോ ചിലപ്പോള്‍ ആദ്യവാചകം കഴിയുമ്പോഴോ അതിന് ഒരു ചട്ടക്കൂട് തെളിഞ്ഞുവരും. ചിലപ്പോഴത് ആദ്യം പറഞ്ഞ വാചകത്തില്‍നിന്നും വിടര്‍ന്നുവരുന്നതായിരിക്കും. പ്രസംഗത്തിനായി നടത്തിയ മുന്നൊരുക്കങ്ങളൊക്കെ അതുമായി കൂട്ടിയിണക്കാന്‍ പറ്റും. പ്രസംഗത്തിന്റെ അന്തിമമായ ചട്ടക്കൂടെന്നൊക്കെ പറയുന്നത് വേദിയില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. പക്ഷേ, അതിലേക്കു വരേണ്ട ഘടകങ്ങളും ചേര്‍ക്കേണ്ട ആശയങ്ങളുമൊക്കെ വലിയൊരളവില്‍ മുന്‍പൊരുക്കിയിട്ടുണ്ടാകും. പ്രസംഗം സര്‍ഗ്ഗാത്മകമാവുന്ന ചില സന്ദര്‍ഭങ്ങളില്‍ നമ്മളൊരിക്കലും ആലോചിച്ചിട്ടില്ലാത്ത ചില തുറസുകള്‍ മുന്നില്‍ തെളിയാറുണ്ട്. പ്രസംഗം തുടങ്ങിയേടത്തുള്ള ഒരു ആശയത്തിനുള്ളില്‍നിന്നും സ്വാഭാവികമായി വിടര്‍ന്നു വരുന്നതാണിത്. അത്തരം തുറസ്സുകള്‍ കൂടുതല്‍ കിട്ടുന്നത് ക്ലാസ്സ്‌റൂമുകളില്‍നിന്നാണ്. 

ദെല്യൂസ് 
ദെല്യൂസ് 

പ്രഭാഷണവേദികളില്‍ ഒരു നിശ്ചിത സമയംകൊണ്ട് കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കണമല്ലോ. ക്ലാസ്സ് റൂമുകളില്‍ ഈ ഒരു പരിമിതിയില്ല. അവിടെ ഒരു വാക്കിനെ പിന്തുടര്‍ന്ന് ഒരുപാട് ആശയങ്ങളിലേക്കു സഞ്ചരിക്കാന്‍ കഴിയും. സമ്മര്‍ദ്ദങ്ങളൊന്നുമില്ലാത്തതുകൊണ്ട് ക്ലാസ്സ് മുറികളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ കിട്ടും. പലപ്പോഴും ക്ലാസ്സ് റൂമില്‍ പറഞ്ഞ ആശയങ്ങളുടെ കൂടുതല്‍ ചിട്ടപ്പെടുത്തിയ രൂപമാണ് എഴുത്തിലും പ്രസംഗത്തിലും ഞാന്‍ കൊണ്ടുവരുന്നത്. അതിനപ്പുറം ഒന്നുമുതല്‍ പത്തു വരെ പോയിന്റുകള്‍ ഉണ്ടാക്കി ക്രമമായി എനിക്കു പ്രസംഗിക്കാന്‍ കഴിയില്ല. അങ്ങനെ പ്രസംഗിക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലൊക്കെ എന്റെ പ്രസംഗം പരാജയപ്പെട്ടിട്ടുണ്ട്. ഒരു പോയിന്റില്‍നിന്നും മറ്റൊന്നിലേക്കു ക്രമമായി പോകാന്‍ തീരുമാനിച്ചാല്‍ പ്രസംഗത്തിന്റെ ഓര്‍ഗാനിക് ക്യാരക്ടര്‍ നഷ്ടപ്പെടും. ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ആ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത പല ആശയങ്ങളും കടന്നുവരാറുണ്ട്. വിഷയത്തില്‍നിന്നും പുറത്തേയ്ക്കു പോവുകയും തിരിച്ചുവരികയും ചെയ്യും. ഇങ്ങനെ വിടര്‍ന്നു വിടര്‍ന്നു പോകുന്ന ഒരു രീതിയാണത്. അതില്‍ ഏതു കൂട്ടിയിണക്കണം, ഏതു കളയണം എന്നൊക്കെ അപ്പപ്പോള്‍ തോന്നുന്നതാണ്. 

എഴുത്തിലും പ്രഭാഷണത്തിലും ചരിത്രവും ദാര്‍ശനികതയും ലാളിത്യവും സമ്മേളിപ്പിച്ച മാഷിന് ഇതിലേത് മാധ്യമമാണ് ആത്മാവിഷ്‌കാരം കൂടുതല്‍ സാധ്യമാക്കുന്നത്? 

രണ്ടും രണ്ട് തലമാണ്. എഴുത്തില്‍ ചരിത്രപരമായ അംശങ്ങളിലേക്ക് കൂടുതല്‍ പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത്രയും അളവില്‍ എനിക്കു പ്രസംഗത്തില്‍ പറ്റാറില്ല. പ്രസംഗത്തില്‍ ചരിത്രമൊക്കെ പറയാറുണ്ടെങ്കിലും അക്കാര്യം കൂടുതല്‍ അഡ്രസ്സ് ചെയ്യാന്‍ എഴുത്തിലേ പറ്റൂ. എഴുതുമ്പോള്‍ നമുക്കു തൊട്ടുമുന്‍പില്‍ ഒരാളില്ല. പറയുമ്പോള്‍ അതുണ്ട്. ഒരു സാധാരണക്കാരനും സര്‍വ്വകലാശാല പ്രൊഫസറും ഉണ്ടാകും. ഈ രണ്ടാളുകളേയും മുന്നില്‍ കണ്ടിട്ടാണ് പറയുന്നത്. അങ്ങേയറ്റത്തോടും ഇങ്ങേയറ്റത്തോടും എന്‍ഗേജ് ചെയ്യാനാണ് പ്രഭാഷണത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അതു ഫലിക്കണമെന്നില്ല. പക്ഷേ, സങ്കീര്‍ണ്ണങ്ങളായ ആശയങ്ങളെ അതിലെ സങ്കീര്‍ണ്ണതകളൊന്നും തോന്നിപ്പിക്കാതെ ഇപ്പോള്‍ പറയാന്‍ കഴിയുന്നുണ്ട്. പറച്ചില്‍കൊണ്ട് ഉണ്ടാക്കിയെടുത്ത വലിയ കാര്യമായി ഞാന്‍ കരുതുന്നത് ഇതാണ്.

ദാര്‍ശനിക ഗരിമ ഉള്‍ക്കൊള്ളുമ്പോഴും സാധാരണക്കാരനായ ഒരു മനുഷ്യനുപോലും ഹൃദയസംവേദനം സാധ്യമാക്കുന്ന ലളിതവും കാവ്യാത്മകവുമായ, ഒപ്പം നര്‍മ്മത്തിന്റെ തിരയിളക്കവുമുള്ള ശൈലിയാണ് മാഷിന്റെ പ്രഭാഷണത്തിനുള്ളത്. എന്നാല്‍, എഴുത്തില്‍ ഈ ലാളിത്യമല്ല. മാഷിന്റെ എഴുത്ത് ധൈഷണികമായ ഒരു വായനയാണ് ആവശ്യപ്പെടുന്നത്. എഴുത്തിന്റേയും വായനയുടേയും അനുഭവതലം എന്താണ്? 

എഴുത്തില്‍ എനിക്കു പ്രസംഗത്തിലെ ലാളിത്യം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എഴുത്തിലെ ലാളിത്യം തെറ്റാണെന്ന അഭിപ്രായമെനിക്കില്ല. എന്നെ സംബന്ധിച്ച് എഴുത്തിന്റേയും പ്രസംഗത്തിന്റേയും ആവശ്യങ്ങള്‍ രണ്ടു തരത്തിലാണ്. സര്‍വ്വകലാശാലകളിലെ സെമിനാറുകളിലും പലതരം പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയുമുള്ള പഠനത്തിന്റേയും ഭാഗമായാണ് എഴുത്ത് സംഭവിക്കുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങളും അതിന്റെ വായനാസമൂഹവും വേറൊരു തരത്തിലാണ്. അതുകൊണ്ട് വിഷയത്തിന് അനുരൂപമായ പദങ്ങളും ടെര്‍മിനോളജിയുമൊക്കെ എഴുത്തില്‍ വരും. പറച്ചില്‍ പക്ഷേ, അങ്ങനെയല്ല. വേറൊരു സദസ്സിനെയാണ് പറച്ചിലില്‍ അഭിമുഖീകരിക്കുന്നത്. 

സര്‍വ്വകലാശാലകളില്‍ കെട്ടിക്കിടന്ന അറിവുകളെ പൊതുസമൂഹത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് പ്രഭാഷണവേദിയില്‍ ഞാന്‍ ചെയ്തത്. അതിനു പര്യാപ്തമായ ഒരു ഭാഷ കണ്ടെത്താന്‍ കുറച്ചൊക്കെ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പ്രസംഗത്തില്‍ കൊണ്ടുവന്ന ഒരു കാര്യം അതാണെന്നു തോന്നുന്നു. അക്കാദമിക് സമൂഹത്തിന്റെ അറിവുകളെ പൊതുസമൂഹത്തിലേക്കു കൊണ്ടുവരാനുള്ള ഒരു രീതിയുണ്ടാക്കാന്‍ ശ്രമിച്ചു. പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പൊതുസമൂഹത്തില്‍ എത്തിയോ എന്നതില്‍ തര്‍ക്കമുണ്ടാവാം. മുഴുവന്‍ എത്തിയിട്ടുണ്ടാവണം എന്നില്ല. എത്തിയ കാര്യങ്ങള്‍ തന്നെ അവിടെ കമ്യൂണിക്കേറ്റ് ചെയ്‌തോ എന്നതും പ്രശ്‌നമാണ്. 

പൊതുസമൂഹത്തില്‍ ഞാന്‍ വ്യാപകമായി സംസാരിക്കാന്‍ തുടങ്ങിയിട്ട് പത്തുപതിനഞ്ച് വര്‍ഷമേ ആകുന്നുള്ളൂ. അതിനു മുന്‍പും പ്രസംഗവേദിയില്‍ ഉണ്ടായിരുന്നു. ഏകദേശം 30 വര്‍ഷമായി ഞാന്‍ പ്രഭാഷണവേദിയിലുണ്ട്. ആദ്യകാലത്ത് പ്രസംഗങ്ങളെല്ലാം എഴുത്തിന്റെ ഭാഷയോട് കൂടുതല്‍ ചേര്‍ച്ചയുള്ളതായിരുന്നു. മനസ്സിലാവുന്നില്ലെന്ന വിമര്‍ശനം അന്ന് എന്റെ പ്രസംഗങ്ങള്‍ക്കെതിരെയും ഉയര്‍ന്നിരുന്നു. 

മഹാഭാരത പ്രഭാഷണപരമ്പരയ്ക്കു ശേഷമാണ് മഹാഭാരതം സാംസ്‌കാരിക ചരിത്രം പുസ്തകരൂപത്തിലേക്കു കടക്കുന്നത്. പ്രഭാഷണവേദികളില്‍ ഉയിര്‍ക്കുന്ന ആശയങ്ങളെ സ്വാംശീകരിച്ചാണോ എഴുത്തിലേക്കു കടക്കുന്നത് അതോ എഴുത്തിന്റെ ആശയലോകത്തെ പ്രഭാഷണത്തിലേക്കു സംക്രമിപ്പിക്കുകയാണോ? 

അടിസ്ഥാനപരമായി, മഹാഭാരതപ്രഭാഷണത്തിന്റെ ലിഖിതരൂപമാണ് ആ പുസ്തകം. എന്നാല്‍ പ്രഭാഷണത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ മഹാഭാരതം പുസ്തകമാക്കിയപ്പോള്‍ ഞാന്‍ വേണ്ടെന്നു വെച്ചു. പ്രസംഗത്തില്‍ പറഞ്ഞ 90 ശതമാനം അനുബന്ധ കഥകളും പുസ്തകത്തിലില്ല. പ്രഭാഷണത്തില്‍ പറഞ്ഞിട്ടില്ലാത്ത കുറേ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പ്രഭാഷണത്തിന്റെ ഒരു വെറും പകര്‍പ്പല്ല പുസ്തകം. പ്രഭാഷണവും വെറും പറച്ചിലായിരുന്നില്ല. നിലവിലുള്ള മഹാഭാരതവിജ്ഞാനത്തിന്റെ വലിയൊരു ഭൂമികയില്‍നിന്നുകൊണ്ടാണ് അത് നടത്തിയത്.

മഹാഭാരതം തരുന്ന ഒരു വലിയ സ്‌പെയ്‌സ് ഉണ്ട്. നമ്മള്‍ പറയുന്ന ഒട്ടനവധി കാര്യങ്ങള്‍ മഹാഭാരതത്തിലുണ്ട്. നമുക്ക് എന്തും പറയാനുള്ള സ്‌പെയ്‌സ് മഹാഭാരതത്തിലുണ്ട്. ഞാന്‍ പല കാലങ്ങളിലായി വായിച്ചതും ശേഖരിച്ചതും വിശകലനം ചെയ്തതുമായ കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോമായി മഹാഭാരത പ്രഭാഷണങ്ങള്‍ മാറിയെന്നത് എനിക്കു കിട്ടിയ വലിയ ഗുണമാണ്. ഹിസ്റ്ററിയും ആര്‍ക്കിയോളജിയും ഫിലോസഫിയുമൊക്കെ നമുക്ക് മഹാഭാരതത്തില്‍ കൊണ്ടുവരാം. മഹാഭാരത പ്രഭാഷണം വിജയിച്ചത് പ്രഭാഷണത്തിന്റെ മേന്മകൊണ്ടു മാത്രമല്ല. രണ്ടു ഘടകങ്ങള്‍ അതിലുണ്ട്. ഒന്നാമതായി ഇന്ത്യയുടെ സാംസ്‌കാരിക അബോധത്തില്‍ മഹാഭാരതമുണ്ട്. രണ്ടാമതായി മഹാഭാരതത്തിനു വലിയൊരു മള്‍ട്ടിപ്പിള്‍ ക്യാരക്ടറുണ്ട്. ഇതു രണ്ടിനോടും എന്‍ഗേജ് ചെയ്താല്‍ പുതിയൊരു തുറസ്സിലേക്കും പോകാം. 

നവസാമൂഹിക മാധ്യമങ്ങളില്‍ മാഷിന്റെ പ്രഭാഷണത്തിനാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്. 18 ലക്ഷം പേര്‍വരെ പിന്‍തുടര്‍ന്ന പ്രസംഗം സുനില്‍ പി. ഇളയിടത്തിന്റേതായി യുട്യൂബിലുണ്ട്. അഴീക്കോടിന്റേയും എം.എന്‍. വിജയന്റേയും കാലത്തില്‍നിന്നും വ്യത്യസ്തമായി നവസാമൂഹ്യ മാധ്യമകാലം മാഷിന്റെ പ്രഭാഷണത്തെ കൂടുതല്‍ ജനകീയമാക്കുന്നില്ലേ? 

തീര്‍ച്ചയായും. അല്പകാലം മുന്‍പുവരെ പ്രസംഗിച്ചുകഴിഞ്ഞാല്‍ മാഞ്ഞുപോവുമായിരുന്ന പ്രഭാഷണം പുതു സാങ്കേതികവിദ്യയിലൂടെ വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞ സന്ദര്‍ഭമാണിപ്പോള്‍. ശരാശരി കണക്കെടുത്താല്‍ മുന്നൂറോ നാനൂറോ മുതല്‍ ചുരുക്കം സന്ദര്‍ങ്ങളില്‍ ആയിരം പേര്‍ വരെയുള്ള സദസായിരിക്കും പ്രസംഗം കേള്‍ക്കാനുണ്ടാകുന്നത്. ഇപ്പോള്‍ ഒരു പ്രഭാഷണം കഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തില്‍പ്പരം പേര്‍ ആ പ്രഭാഷണം യു ട്യൂബ് വഴി കേള്‍ക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യ നിങ്ങളുടെ കയ്യിലേക്കും ചെവിയിലേക്കും പ്രഭാഷണം എത്തിക്കുകയാണ്. പ്രഭാഷണം കേള്‍ക്കാന്‍ നിങ്ങളെവിടേക്കും പോകേണ്ട. യാത്ര ചെയ്യുമ്പോഴും വീട്ടിലിരിക്കുമ്പോഴും നിങ്ങള്‍ക്കിത് കേള്‍ക്കാം. ഇതാണ് സൈബര്‍കാലത്ത് പ്രഭാഷണത്തിന് കൈവന്ന മേന്മ. ഇതിനു പക്ഷേ, ഒരു മറുപുറവുമുണ്ട്. നാം ഒരു വിഷയത്തില്‍ത്തന്നെ പലയിടങ്ങളില്‍ സംസാരിക്കുമ്പോള്‍ ആവര്‍ത്തനം അനുഭവപ്പെടും എന്നതാണത്. ഒരേ വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ പലതും ആവര്‍ത്തിക്കേണ്ടിവരും. അടിസ്ഥാന ആശയങ്ങള്‍, ഉദ്ധരണികള്‍, ഉദാഹരണങ്ങള്‍ അങ്ങനെ പലതും. അവിടെയിരിക്കുന്ന പലരും യു ട്യൂബില്‍ ആ പ്രസംഗം തന്നെ മുന്‍പേ കേട്ടുകാണും. അപ്പോള്‍ അവര്‍ക്ക് വലിയ മടുപ്പ് തോന്നാം. അത് സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ പുതിയ പ്രശ്നമാണ്. ഓരോ പ്രസംഗത്തിലും നൂറു ശതമാനം പുതിയ കാര്യങ്ങള്‍ പറയാനാവില്ലല്ലോ. അതുകൊണ്ട് ഈ ആവര്‍ത്തനം ഒഴിവാക്കാനാവില്ല. ഞാനത് വലിയ കാര്യമാക്കാറില്ല. ചെറിയ ചെറിയ വ്യത്യാസങ്ങളോടെ അടിസ്ഥാന ആശയങ്ങള്‍ വീണ്ടും പറയും. പക്ഷേ കേള്‍ക്കുന്നവര്‍ക്ക് ആവര്‍ത്തനം അനുഭവപ്പെടാം.

എൻ പ്രഭാകരൻ
എൻ പ്രഭാകരൻ

പ്രഭാഷകന്‍ കാറ്റും സദസ്സ് കടലുമാണെന്ന് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞിട്ടുണ്ട്. സദസാകുന്ന കടലിനെ വിശ്രാന്തമാക്കാനും പ്രക്ഷുബ്ധമാക്കാനും പ്രഭാഷകനു കഴിയുന്നു. പ്രഭാഷണത്തില്‍ സദസിനെ എങ്ങനെ കാണുന്നു? 

ഞാന്‍ പ്രസംഗം തുടങ്ങിയാല്‍ ആദ്യവാചകങ്ങളില്‍ത്തന്നെ, അല്ലെങ്കില്‍ പരമാവധി 10-15 മിനിട്ടിനുള്ളില്‍ സദസ്സുമായി ഒരു ഹൃദയഐക്യം സ്ഥാപിക്കും. ആദ്യവാചകത്തില്‍ത്തന്നെ സദസ്സുമായി ഹൃദയബന്ധമുണ്ടാക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സദസ്സുമായി ഹൃദയബന്ധം, ഏകതാളം ഉണ്ടാക്കുക എന്നതുതന്നെയാണ് പ്രധാനം. 

10-15 മിനിട്ടിനുള്ളില്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ പ്രസംഗം 20-30 മിനിട്ടിനുള്ളില്‍ അവസാനിപ്പിക്കും. കാരണം സദസുമായി ഇമോഷണല്‍ റിലേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ പ്രസംഗിച്ചിട്ട് കാര്യമില്ല. എന്നാല്‍, ഇത്തരമൊരു ഇമോഷണല്‍ റിലേഷന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രസംഗം മണിക്കൂറുകള്‍ നീളാം. സദസ്സും നമ്മളും അലസോരങ്ങളൊന്നുമില്ലാതെ ഒരേ തരംഗദൈര്‍ഘ്യത്തില്‍ ഒഴുകും.

സദസ്സ് മള്‍ട്ടിലെയേഡാണ്. നേരത്തെ പറഞ്ഞപോലെ സാധാരണ ജോലിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പല നിലവാരങ്ങളുള്ള പണ്ഡിതര്‍ ഇവരെ മുഴുവന്‍ പ്രഭാഷണത്തോടൊപ്പം കൊണ്ടുപോകുന്നതിനുവേണ്ടിയാണ് അനുബന്ധങ്ങള്‍ പറയുന്നത്. ഒരു അനുബന്ധ കഥ അവിടെയുള്ള ഒരു പെട്ടിക്കടക്കാരനോടും മറ്റൊന്ന് ഒരു സ്‌കോളറോടുമായിരിക്കും സംവദിക്കുക. അതിനിടയിലൂടെ ഒരു ആശയത്തെ വികസിപ്പിച്ചു കൊണ്ടുപോവുക എന്നതാണ് എന്റെ രീതി. പ്രഭാഷണം ജനാധിപത്യ പരമാകുന്നത് സദസ്സിനെ മാനിക്കുമ്പോള്‍ മാത്രമാണ്. ആളുകള്‍ക്കു മനസ്സിലാകുന്ന രൂപത്തില്‍ അടിസ്ഥാന വസ്തുതകള്‍ ക്രോഡീകരിച്ച്, വസ്തുതാപരമായി പറഞ്ഞാല്‍ പ്രഭാഷണം സ്വീകരിക്കപ്പെടും. സദസ്സിനെ മാനിക്കണം എന്നത് പ്രഭാഷകര്‍ എപ്പോഴും ഓര്‍ത്തിരിക്കണം. സദസ്സിനു മുന്നില്‍ സര്‍വ്വജ്ഞനായ അധികാരിയുടെ മട്ടില്‍ നിലകൊണ്ടാല്‍ പത്തുമിനിട്ടിനുള്ളില്‍ കേള്‍വിക്കാര്‍ നിങ്ങളെ ഉപേക്ഷിക്കും. ആളുകള്‍ ഉപേക്ഷിച്ചാല്‍ എത്ര വലിയ പ്രഭാഷണം നടത്തിയിട്ടും കാര്യമില്ല. കേള്‍വിക്കാരെ ബഹുമാനിക്കുക എന്നത് പ്രഭാഷകരെ സംബന്ധിച്ച് പ്രധാന കാര്യമാണ്. പ്രഭാഷണത്തില്‍ മാത്രമല്ല, ജീവിതത്തിലുടനീളം നാമതു ചെയ്യണം. മറ്റുള്ളവരെ മാനിക്കണം.

മഹത്തായ പ്രഭാഷണങ്ങള്‍ ചരിത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഫാസിസവും വര്‍ഗ്ഗീയതയും ഇന്ത്യയുടെ ജീവിതഭൂപടത്തില്‍ ഇരുള്‍ വീഴ്ത്തുമ്പോള്‍ അതിനു നേരെയുള്ള സാംസ്‌കാരിക പ്രതിരോധമാകാന്‍ പ്രഭാഷണങ്ങള്‍ക്കു കഴിയുന്നുണ്ടോ? 

പണ്ട് വിജയന്‍ മാഷിനോട് ഒരാള്‍ ചോദിച്ചിട്ടുണ്ട്. മാഷ് പ്രസംഗിക്കുന്നതേയുള്ളല്ലോ. എഴുതുന്നില്ലല്ലോ. ഗംഭീരമായ മറുപടിയാണ് അതിന് വിജയന്‍ മാഷ് കൊടുത്തത്. ബുദ്ധനും ക്രിസ്തുവും പ്രസംഗിച്ചിട്ടേയുള്ളൂ എഴുതിയിട്ടില്ല എന്ന്. വാക്കിന്റെ ജീവിതത്തെക്കുറിച്ചുള്ള വലിയ ഉത്തരമാണത്. എന്നാല്‍, ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ സാമൂഹിക പ്രതിരോധത്തിലെ ഒരു ഘടകമായി നില്‍ക്കാന്‍ മാത്രമേ വാക്കിന്റെ പ്രതിരോധത്തിനു കഴിയുകയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. വാക്കിന്റെ പ്രതിരോധംകൊണ്ടുമാത്രം ഇന്നത്തെ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയില്ല. ആളുകളില്‍ വൈകാരികമായ ഉണര്‍വ്വും വൈചാരികമായ അടിത്തറയും സൃഷ്ടിക്കാന്‍ പ്രസംഗങ്ങള്‍കൊണ്ട് കഴിയും. ഫാസിസത്തിന് എതിരായ സമരത്തില്‍ സമൂഹത്തിന് ആവശ്യമുള്ള രൂപത്തില്‍ വിനിയോഗിക്കാന്‍ കഴിയും എന്ന നിലയിലാണ് ഞാന്‍ പ്രസംഗത്തില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ആ സമരത്തില്‍ പ്രസംഗം മാത്രം മതിയാവില്ല. ഫാസിസം ഒരു രാജ്യത്ത് അധികാരത്തിലെത്തിയതിനു ശേഷം പിന്നെ അതിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ആഭ്യന്തരമായ ചെറുത്തുനില്‍പ്പുകള്‍കൊണ്ട് മാത്രമല്ല. വിദേശസൈനിക പ്രയോഗത്തിലൂടെയുമാണ്. ഫാസിസത്തിനെതിരെ ജനകീയ സമരങ്ങള്‍ വളരണം. അതിന്റെ കൂട്ടത്തില്‍ പ്രസംഗത്തേയും ചേര്‍ക്കാം. 

പ്രഭാഷകന്‍ പറയുന്നതൊക്കെ 100 ശതമാനം നടപ്പിലാക്കാന്‍ കഴിയുമോ? പറയുന്നവര്‍ നടപ്പിലാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരാം. അതു രണ്ടാമത്തെ കാര്യമാണ്. ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ചരിത്രത്തിന്റെ ഇക്കാലംവരെയുള്ള പ്രയാണത്തില്‍ നീതി 100 ശതമാനം വിജയിച്ചിട്ടില്ല. പക്ഷേ, അതൊന്നും നീതിക്കുവേണ്ടി നിലകൊള്ളുന്നതില്‍നിന്നും നമ്മളെ തടഞ്ഞുകൂടാ. സാധാരണക്കാരനായാലും പ്രഭാഷകനായാലും നില്‍ക്കേണ്ടത് നീതിയുടെ പക്ഷത്താണ്. 

പ്രഭാഷണവേദികളില്‍ ഞാന്‍ ആവര്‍ത്തിക്കുന്ന ഒരു വാക്ക്, അപരബോധം എന്നതാണ്. അപരബോധം എനിക്കു കിട്ടിയത് വലിയ സിദ്ധാന്തങ്ങളില്‍നിന്നല്ല. ശ്രീനാരായണഗുരുവില്‍ നിന്നാണ്. അങ്ങനെയൊരു എത്തിക്കലായ പൊസിഷനാണ് ഒരു പ്രഭാഷണത്തിനു വേണ്ടത്. ഈ അടിസ്ഥാന നിലപാടില്‍നിന്നുകൊണ്ട് നമ്മളെ വലയം ചെയ്യുന്ന കമ്യൂണലിസത്തോടും മൂലധനാര്‍ത്തിയോടും നമുക്കു പ്രതിരോധം തീര്‍ക്കാം. 

ഹിന്ദുത്വശക്തികള്‍ ഉപയോഗിക്കുന്ന അതേ ആയുധം വിന്യസിച്ചുകൊണ്ട് അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനാലാണോ സംഘപരിവാറിന് മാഷിനോട് ഇത്രയും അസഹിഷ്ണുത? മാഷിനെതിരെ ഉയരുന്ന ആക്രോശങ്ങളേയും ഭീഷണികളേയും എങ്ങനെ കാണുന്നു? 

ഹിന്ദുത്വത്തെ അവരുടെ ആശയലോകത്തെ അഴിച്ചുകാണിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. സ്വാഭാവികമായും ഇതു കൂടുതല്‍ ശത്രുത ഉണ്ടാക്കും. അവരുടെ കളത്തില്‍ കയറിയുള്ള കളിയായി അവര്‍ക്കു തോന്നുമല്ലോ. എന്നെ സംബന്ധിച്ചിടത്തോളം നിലപാട് എന്നു പറയുന്നത് എല്ലാത്തിനോടുമുള്ള നിഷ്പക്ഷതയും നിര്‍മ്മമതയും അല്ല. പ്രസംഗത്തിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് കേവലം നിഷ്പക്ഷതയോ വിജ്ഞാനവിതരണമോ അല്ല. എന്റെ പ്രഭാഷണം എന്റെ സാമൂഹ്യധാരണകളുടെ അവതരണം കൂടിയാണ്. ഈ നിലപാടിനെ എതിര്‍ക്കുന്ന പലരും സമൂഹത്തിലും ഉണ്ടാവുമല്ലൊ. അതിന്റെ എതിര്‍പ്പും ഉണ്ടാവും.

ശ്രീനാരായണഗുരുവിനെ ഹിന്ദുത്വത്തിലേക്കു കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെ ഞാന്‍ പ്രസംഗത്തില്‍ എതിര്‍ത്തത് ഗുരു സെക്യുലറാണെന്നു കേവലമായി പറഞ്ഞുകൊണ്ടല്ല. മറിച്ച് ഗുരുവിന്റെ ടെക്സ്റ്റിനുള്ളില്‍നിന്നാണ്. ദൈവദശകത്തിലും ആത്മോപദേശ ശതകത്തിലും അനുകമ്പാദശകത്തിലും നിന്നുകൊണ്ട് ഗുരുവിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിനെ ഉപേക്ഷിക്കാന്‍ ഗുരുവിനെ അറിയുന്ന ഒരാള്‍ക്കും കഴിയില്ല. ഗുരുവിന്റെ ആശയലോകത്തിനകത്ത് നിന്നുകൊണ്ട് ഒരിക്കലും നിങ്ങള്‍ക്ക് ഗുരുവിനെ ഹിന്ദുത്വത്തില്‍ എത്തിക്കാന്‍ കഴിയില്ല. 

സെക്യുലറാണ് ഗുരുവെന്നു ഞാന്‍ പറഞ്ഞാല്‍ പല ന്യായങ്ങളും എനിക്കെതിരെ കൊണ്ടുവരാം. അതൊരു തര്‍ക്കത്തിലാണ് ചെന്നുമുട്ടുന്നത്. ഞാന്‍, പൊതുവേ ഈ പൊളീമിക്‌സിനു നിന്നു കൊടുക്കാറില്ല. അവരുടെ ഫ്രെയിമിലേക്കു നമ്മളെ കൊണ്ടുവരാനുള്ള ശ്രമമാണത്. 

സമീപകാലത്ത് ഒരാള്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ ദൈവവിശ്വാസിയും മതവിശ്വാസിയും അല്ല എങ്കില്‍ എന്തിനാണ് ഇത്രയധികം ഗീതയെക്കുറിച്ചു പറയുന്നത്? ദൈവത്തേയും മതത്തേയും കുറിച്ച് ഇത്രയധികം പറയുന്നതെന്തിന്? ഇതിന്റെ ഉത്തരം എന്താണെന്നു പറഞ്ഞാല്‍ ഈ നാട്ടില്‍ 100-ല്‍ 90 പേരും ദൈവവിശ്വാസം ഉള്ളവരാണ്. വിശ്വാസം കൊണ്ട് ഒരിക്കലും അവര്‍ വര്‍ഗ്ഗീയതയുടെ ക്യാമ്പിലെത്തരുത്. അത് എന്റെ പേഴ്‌സണല്‍ ഇഷ്യു എന്നതിലുപരി ഈ രാജ്യത്തിന്റെ പൊതു ആവശ്യമാണ്. അതിനാല്‍ ഞാന്‍ പ്രഭാഷണത്തില്‍ ഇതിനെക്കുറിച്ചെല്ലാം പറയുന്നു. എന്റെ വ്യക്തിപരമായ ബോധ്യങ്ങളേക്കാള്‍ പ്രധാനമാണ് അതെന്നു ഞാന്‍ കരുതുന്നു. എന്റെ ധാരണകള്‍ ലോകത്തെ ധരിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമായി ഞാന്‍ കാണുന്നത് വര്‍ഗ്ഗീയതയുടേയും ഫാസിസത്തിന്റേയും ആശയാവലികള്‍ മനുഷ്യര്‍ക്കുമേല്‍ പിടിമുറുക്കാതിരിക്കുക എന്നതാണ്. അപ്പോള്‍ ഞാന്‍ എന്റെ വ്യക്തിപരമായ ബോധ്യങ്ങള്‍ക്ക് അപ്പുറം കടന്ന് ഒരു വിശ്വാസിയോട് അയാളുടെ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കും. അത് ഒരു സംഭാഷണത്തിനുള്ള ശ്രമമാണ്. അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കലല്ല. ആ ആശയങ്ങളെല്ലാം ഞാന്‍ ഏറ്റെടുക്കുന്നു എന്നുമല്ല.

ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ വധഭീഷണി, ആക്രമണങ്ങള്‍, അപവാദം പ്രചരിപ്പിക്കല്‍ തുടങ്ങിയ തരംതാണ നിലയിലാണ് ആരോടും പ്രതികരിക്കുന്നത്. അവര്‍ക്ക് സംവാദസ്വഭാവം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. യു ട്യൂബിലും മറ്റും എന്റെ പ്രസംഗങ്ങള്‍ക്കു കീഴില്‍ നിരനിരയായി തെറിയെഴുതി നിറയ്ക്കുന്ന ഹൈന്ദവ വര്‍ഗ്ഗീയവാദികളെ കാണാം. അവര്‍ക്ക് അതേ അറിയൂ. അവരോട് സംവാദത്തിന് തുനിഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണ്. എന്നാല്‍, ന്യൂനപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ അപകടകരമാണ് ഭൂരിപക്ഷ വര്‍ഗ്ഗീയത. എന്തുകൊണ്ടെന്നാല്‍ അതിന് ഇന്ത്യന്‍ ദേശീയതയുടെ പ്രച്ഛന്നവേഷം കൈവരിക്കാന്‍ കഴിയുമെന്ന് ജയപ്രകാശ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. ഈ നിലപാട് കൊണ്ടാണോ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള തീവ്രപ്രതിരോധം ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്കെതിരെ ഇല്ലാത്തത്? ഇതേക്കുറിച്ചുള്ള വിമര്‍ശനത്തെ എങ്ങനെ കാണുന്നു? 

അടിസ്ഥാനപരമായ ഒരു താത്ത്വിക/ആദര്‍ശാത്മക സമീപനത്തില്‍ എല്ലാ വര്‍ഗ്ഗീയവാദവും ഒരുപോലെയാണ്. അതില്‍ സംശയമൊന്നും ഉണ്ടാവേണ്ട കാര്യമില്ല. അഭിമന്യു വധത്തിലുള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദത്തിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍ അവരും അസഹിഷ്ണുക്കളായി ഭീഷണികള്‍ മുഴക്കിയിട്ടുണ്ട്. മതവര്‍ഗ്ഗീയവാദികളോട് ഒരിക്കലും നിങ്ങള്‍ക്ക് സംവാദത്തിലേര്‍പ്പെടാനോ അവരെ ബോധ്യപ്പെടുത്താനോ പറ്റില്ല. അന്ധമായ ബോധ്യങ്ങളാണ് അവര്‍ക്കുള്ളത്. പോസ്റ്റ് മോഡേണിസത്തിന്റെ ആശയങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ മതവര്‍ഗ്ഗീയതയെ ന്യായീകരിക്കാന്‍ വരെ ഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നുണ്ട്. ശാസ്ത്രം ഹിസ്റ്റോറിക്കലാണെന്ന് അവര്‍ പറയും. എന്നാല്‍, ദൈവം ഹിസ്റ്റോറിക്കലാണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല! ഇന്ത്യന്‍ അന്തരീക്ഷത്തില്‍ പല വര്‍ഗ്ഗീയകക്ഷികളും സെക്യുലറിസത്തെ ഒരു മറയായി ഉപയോഗിക്കുന്നുണ്ട്. സെക്യുലറിസത്തില്‍ അവര്‍ സ്വയം കമ്മിറ്റഡല്ല. അവര്‍ക്ക് അതൊരു സ്ട്രാറ്റജിയാണ്. എന്നെ സംബന്ധിച്ച് മതനിരപേക്ഷത ഒരു സ്ട്രാറ്റജി അല്ല, അടിസ്ഥാന ബോധ്യമാണ്. 

താര്‍ക്കികമായി നോക്കുകയാണെങ്കില്‍ രണ്ട് വര്‍ഗ്ഗീയതയും ഒരുപോലെയാണ്. എന്നാല്‍, പ്രായോഗിക പരിഗണനയില്‍ നമ്മുടെ മുന്നിലുള്ള വലിയ പ്രശ്‌നം ഈ രാജ്യത്തെ വിഴുങ്ങുന്ന ഹൈന്ദവവര്‍ഗ്ഗീയതയാണ്. നെഹ്റുവും ഗാന്ധിജിയും മുതല്‍ ജയപ്രകാശ് നാരായണന്‍ വരെയുള്ളവര്‍ക്ക് ഇതറിയാമായിരുന്നു. അവരത് പലതവണ പറഞ്ഞിട്ടുമുണ്ട്. അല്ലാതെ ഇത് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രീണനം ഒന്നുമല്ല. ആധുനിക ഇന്ത്യയിലെ ചരിത്രയാഥാര്‍ത്ഥ്യമാണത്. ഗാന്ധിജിയെ ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ വേട്ടയാടിയത് മുസ്ലിം പ്രീണനം എന്ന വാദം ഉയര്‍ത്തിയാണ് എന്നോര്‍ക്കണം. ന്യൂനപക്ഷപ്രീണനം എന്ന വിമര്‍ശനത്തിന്റെ കൂടി മറയാണ് ഗാന്ധിവധത്തിലേക്കു നയിച്ച ഘടകങ്ങളിലൊന്ന്. അതു നാം മറന്നുപോവരുത്. ചരിത്രം എപ്പോഴും സമാസമക്കണക്കില്‍ ഒതുങ്ങില്ല.

എന്താണ് മാര്‍ക്‌സിസം എന്നതിന് ലെനിന്‍ പറഞ്ഞ ഒരു മറുപടിയുണ്ട്- ''സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനം.'' ഈ സമൂര്‍ത്തതയെ കൈവിട്ട് അബ്‌സ്ട്രാക്ഷനിലേക്ക് പോകുമ്പോഴാണ് എല്ലാം ഒരുപോലെയാണെന്നു തോന്നുന്നത്. താത്ത്വികമായി ഒരു പോലെയുള്ള കാര്യങ്ങള്‍തന്നെ ചരിത്രത്തില്‍ ഫംഗ്ഷന്‍ ചെയ്യുന്നത് ഒരുപോലെയല്ല. ചരിത്രത്തിലെ ഫംഗ്ഷനില്‍നിന്നും അതിനെ അടര്‍ത്തിയെടുത്ത് കേവലാശയമായി കാണുക എന്നുള്ളതു ശരിയല്ല. ഞാനതിനെ ഒരു ഹിസ്റ്റോറിക്കല്‍ അപ്രോച്ചിലാണ് കാണുന്നത്. 

ഇന്ത്യയെ ഒരു ഫാസിസ്റ്റ് സ്റ്റേറ്റാക്കാന്‍ കഴിവുള്ളത് ഹൈന്ദവവര്‍ഗ്ഗീയതയ്ക്കാണ്. അതിന്റെ വക്കിലാണ് നമ്മളിപ്പോള്‍. അതേസമയം ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നിസ്സാരമായും കാണുന്നില്ല. പൗരത്വപ്രശ്‌നത്തെ ഒരു മതപ്രശ്‌നമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ഞാന്‍ പ്രഭാഷണങ്ങളില്‍ നിരന്തരം പറഞ്ഞിരുന്നു.
ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെയാണ്. പക്ഷേ, ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വിഴുങ്ങുന്നത് ഹിന്ദുത്വവും ഹൈന്ദവ ഫാസിസവുമാണ്. ഹിന്ദുത്വത്തെപ്പോലെ ഇന്ത്യയെ വിഴുങ്ങാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനു കഴിയില്ല. അതിന്റെ അര്‍ത്ഥം അതു ശരിയാണെന്നല്ല. മറയില്ലാത്ത മതരാഷ്ട്രവാദമാണത്. മൗദൂദിയെക്കുറിച്ചു പറയുമ്പോള്‍ അവരും വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിക്കും. വര്‍ഗ്ഗീയവാദികളുടെ എതിര്‍പ്പുകളേയും ഭീഷണികളേയും സമ്പൂര്‍ണ്ണമായി അവഗണിക്കുകയാണ് പതിവ്. അതിനു നമ്മള്‍ ശ്രദ്ധ കൊടുക്കുകയോ മനസ്സ് അര്‍പ്പിക്കുകയോ ചെയ്യാതിരിക്കുക. അവരോട് സംസാരിച്ച് അവരെ ബോധ്യപ്പെടുത്താനാവില്ല. മതവര്‍ഗ്ഗീയത സംവാദപരമായ ഒന്നല്ല; ഏതു രൂപത്തിലും.

പ്രഭാഷകന്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? 

പ്രഭാഷകനെന്നല്ല ഏതൊരാളും നീതി, സമത്വം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ശരീരഭാഷയിലും പറച്ചിലിലുമൊക്കെ അത്തരമൊരു വിനിമയം രൂപപ്പെടണം. പറച്ചിലില്‍ അലങ്കാരത്തേയും കാവ്യഭംഗിയേക്കാളും വേണ്ടത് വസ്തുതകളുടെ ബലമാണ്. അലങ്കാരമില്ലാത്ത ഗാന്ധിജിയുടെ പ്രസംഗത്തെപ്പറ്റി അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ ബലമായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. സദസ്സിനെ പ്രസംഗം സ്പര്‍ശിക്കുന്നത് സത്യത്തിലൂടെയാണ്. അലങ്കാരഭാഷയൊക്കെ രസിപ്പിക്കുകയേ ഉള്ളൂ. പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ അതു കാപട്യമാണെന്ന് ആളുകള്‍ക്കു തോന്നിയാല്‍ പിന്നെ എത്ര പറഞ്ഞിട്ടും കാര്യമില്ല. അലങ്കാരവും കവിതയുമൊക്കെയുള്ള ആവിഷ്‌കാരം സത്യമൂല്യത്തിനു പിന്നാലെയേ വരൂ. പറയുന്നതിന്റെ അടിസ്ഥാനമൂല്യം ശ്രോതാവിനു ബോധ്യപ്പെടണം. അതില്ലെങ്കില്‍ പ്രസംഗത്തിനു വലിയ അര്‍ത്ഥമൊന്നുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com