കുച്ചിപ്പുടിയിലെ പുതുകാല രേഖ

കുച്ചിപ്പുടിയുടെ ആധുനിക വക്താക്കളില്‍ ശ്രദ്ധേയയായ രേഖ സതീശിന്റെ നൃത്തജീവിതം
കുച്ചിപ്പുടിയിലെ പുതുകാല രേഖ

ന്ത്യയില്‍ പ്രചാരത്തിലുള്ള ഏതൊരു ശാസ്ത്രീയ നൃത്തരൂപത്തിന്റേയും ആവിര്‍ഭാവത്തിലോ അവതരണത്തിലോ അതാതു പ്രദേശത്തിന്റെ സംസ്‌കാരവും ഭാഷയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിച്ചിട്ടുണ്ട്. അവതരണത്തില്‍ ഇവയോരോന്നും ഓരോ രീതിയില്‍ വ്യത്യസ്തമാണെങ്കിലും എല്ലാറ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പൊതു രീതിയുണ്ട്. അത് മനുഷ്യന് അറിവും ആനന്ദവും പ്രദാനം ചെയ്യുക എന്നതുതന്നെയാണ്.

കലാവതരണങ്ങള്‍ (നൃത്തം) പലപ്പോഴും പ്രേക്ഷകന് താല്‍ക്കാലികമായ ആനന്ദം നല്‍കാന്‍ വേണ്ടി മാത്രം നിര്‍മ്മിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍, കേവലമായ ഈ ആനന്ദത്തിനപ്പുറം കലാകാരന്റേയും പ്രേക്ഷകന്റേയും മനസ്സില്‍ ആത്മീയമായ ഒരു 'അറിവ്' സൃഷ്ടിക്കാനും അതിലൂടെ നല്ല ഒരു സമൂഹജീവിയായി മാറാനും കലാകാരന്‍/കലാകാരി പ്രവര്‍ത്തിക്കണമെന്ന് വിശ്വസിക്കുന്ന നര്‍ത്തകിയാണ് രേഖ സതീശ്. ആന്ധ്രാപ്രദേശിന്റെ തനതു നൃത്തരൂപമായ 'കുച്ചിപ്പുടി'യുടെ ആധുനിക വക്താക്കളില്‍ ശ്രദ്ധേയയായ രേഖ, ഇപ്പോള്‍ താമസിക്കുന്നത് ബംഗളൂരുവിലാണ്. ജന്മംകൊണ്ട് തെലുങ്കത്തിയാണ് എങ്കിലും, തന്റെ അഞ്ചാമത്തെ വയസ്സു മുതല്‍ രേഖ താമസിക്കുന്നത് ബംഗളൂരുവിലാണ്.

തന്റെ അഞ്ചാമത്തെ വയസ്സു വരെ മുംബൈയില്‍ ജീവിച്ച രേഖ, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ബംഗളൂരുവിലേക്ക് താമസം മാറ്റിയത്. തുടര്‍ന്ന്, ബാംഗ്ലൂരില്‍ പത്മിനി റാവുവിന്റെ കീഴില്‍ 4 വര്‍ഷത്തെ നൃത്തപഠനം. ഭരതനാട്യമായിരുന്നു അന്ന് അഭ്യസിച്ചത്. അല്പകാലത്തെ പഠനത്തിനു ശേഷം അരങ്ങേറ്റവും നടത്തി. തുടര്‍ന്ന് വഴവൂര്‍ ബാണിയുടെ വക്താവും അന്തരിച്ച വഴവൂര്‍ രാജരത്‌നം പിള്ളയുടെ പുത്രിയുമായ ജയകമല പാണ്ഡ്യന്റെ ശിഷ്യത്വം സ്വീകരിച്ചു. അങ്ങനെ പതിമൂന്നാമത്തെ വയസ്സിനുള്ളില്‍ ഭരതനാട്യത്തിലെ പ്രശസ്തമായ രണ്ട് ബാണികളായ 'തഞ്ചാവൂര്‍', 'വഴവൂര്‍' എന്നിവ പഠിച്ചു.

ആ കാലഘട്ടത്തിലാണ് ബംഗളൂരുവില്‍വെച്ച് ഒരിക്കല്‍ 'കുച്ചിപ്പുടി' കാണാനുള്ള സാഹചര്യം ഉണ്ടായത്. 'ശ്രീനിവാസ കല്യാണം' ആയിരുന്നു അത്. യക്ഷഗാന സമ്പ്രദായത്തിലുള്ള ആ രംഗാവതരണം കണ്ടിട്ടാണ് രേഖ, കുച്ചിപ്പുടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഉടന്‍ തന്നെ, അഭ്യാസവും ആരംഭിച്ചു. ബംഗളൂരുവില്‍ത്തന്നെയുള്ള ലക്ഷ്മി രാജാമണിയില്‍നിന്നാണ് പ്രാഥമിക പഠനം. പാരമ്പര്യരീതിയില്‍ ശാസ്ത്രീയമായ സമ്പ്രദായത്തിലായിരുന്നു രേഖയുടെ പഠനം. അരങ്ങേറ്റത്തിനു ശേഷം, ചെന്നൈയിലെ പ്രസിദ്ധമായ 'കുച്ചിപ്പുടി ആര്‍ട്ട് അക്കാദമി'യില്‍ച്ചേര്‍ന്ന് ഉപരിപഠനവും നടത്തി.

പഠനകാലം

'കുച്ചിപ്പുടിയക്ഷഗാന'മെന്ന പരമ്പരാഗത നൃത്ത-നാടക സമ്പ്രദായത്തെ പരിഷ്‌കരിച്ച്, ഒരു ഗ്രാമാതിര്‍ത്തിക്കു പുറത്തേക്ക് കൊണ്ടുവന്ന പ്രശസ്ത നര്‍ത്തകന്‍ വെമ്പട്ടി ചിന്ന സത്യം സ്ഥാപിച്ച അക്കാദമിയില്‍ പഠനത്തിനായി എത്തിയതോടെയാണ് രേഖയില്‍ നൃത്തത്തിനോടുള്ള സമീപനം മാറാന്‍ തുടങ്ങിയത്. ചിന്നസത്യം മാസ്റ്റര്‍, 'രവിയണ്ണന്‍' എന്നു എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിക്കുന്ന അകാലത്തില്‍ അന്തരിച്ച വെമ്പട്ടി രവി എന്നിവരുടെ കീഴിലായിരുന്നു അവര്‍ പ്രധാനമായി അഭ്യസിച്ചത്.

അക്കാദമിയിലെ നാലു വര്‍ഷത്തെ പഠനത്തിനിടയില്‍ കുച്ചിപ്പുടി മാത്രമല്ല, പല ദക്ഷിണേന്ത്യന്‍ നൃത്തരൂപങ്ങളുമായി പരിചയപ്പെടാനും അവയിലെ കലാമൂല്യങ്ങളെ അടുത്തറിയാനുമുള്ള സാഹചര്യമുണ്ടായി. ഇത് പിന്നീടുള്ള അവരുടെ കലാജീവിതത്തിന് മുതല്‍കൂട്ടായി മാറി. നൃത്തപഠനത്തിന്റെ ഭാഗമായി ശീലമാക്കിയ വ്യായാമമുറകളും രേഖ എന്ന നര്‍ത്തകിയുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. സിലബസ്സിന്റെ ഭാഗമായി പഠിപ്പിച്ചു പോന്നിരുന്ന സ്ഥിരം ചില വ്യായാമങ്ങള്‍ക്കു പുറമേ, ആധുനികമായ ചില രീതികളും യോഗ ഉള്‍പ്പെടെയുള്ളവയും ദിനചര്യയുടെ ഭാഗമാക്കി. കുട്ടിക്കാലം മുതല്‍ ശീലമാക്കിയ ഇത്തരം വ്യായാമ രീതികള്‍ അവര്‍ ഇന്നും യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നു. ''ഒരു നര്‍ത്തകനേയോ/നര്‍ത്തകിയേയോ സംബന്ധിച്ചിടത്തോളം സ്വന്തം ശരീരം വളരെ പ്രധാനമാണ്. അതാണ് അയാളുടെ/അവളുടെ മാധ്യമം. ശരീരം കൃത്യമായ രീതിയില്‍ പ്രയോഗിക്കാന്‍ പാകത്തില്‍ അതിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്''- രേഖ പറയുന്നു.

കുച്ചിപ്പുടി അക്കാദമിയിലെ പഠനത്തിനു ശേഷം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയ രേഖ പിന്നീട് നര്‍ത്തകിയും അഭിനേത്രിയുമായ മഞ്ജുഭാര്‍ഗ്ഗവിയുടെ കീഴില്‍ ഉപരിപഠനം നടത്തി. പത്ത് വര്‍ഷത്തെ അഭ്യാസകാലത്ത് മഞ്ജുവിനോടൊപ്പം നിരവധി നൃത്തപരിപാടികളില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും അവര്‍ക്കു ലഭിച്ചു. തുടര്‍ന്ന്, കുച്ചിപ്പുടി നൃത്തത്തിന്റെ വ്യാപനവും വളര്‍ച്ചയും മുന്നില്‍ക്കണ്ട്, ബംഗളൂരു ആസ്ഥാനമായി 'നൃത്താങ്കര ഫൗണ്ടേഷന്‍' എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ കലാസ്ഥാപനത്തില്‍ വിവിധ വര്‍ഷങ്ങളിലായി ധാരാളം പേര്‍ നൃത്തപഠനം നടത്തിയിട്ടുണ്ട്. നൃത്തം പഠിക്കാനായി പെണ്‍കുട്ടികളെ സ്വീകരിക്കുന്ന കാര്യത്തിലും രേഖ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാണ്. ''നിരവധി കുട്ടികള്‍ എന്റെ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട് എന്നു പറയാനല്ല എനിക്ക് ആഗ്രഹം, പകരം പത്തുപേര്‍ മാത്രമേ പഠിക്കുന്നുള്ളൂ എങ്കിലും അവര്‍ വൃത്തിയായും വെടിപ്പായും പഠിച്ചവരാണെന്നും പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും ഉറപ്പായാല്‍ മതി''- രേഖ പറയുന്നു.

കലയും സംഗീതവുമൊക്കെയായി ഏറെ ബന്ധമുള്ള കുടുംബത്തിലാണ് രേഖ സതീഷ് ജനിച്ചതും വളര്‍ന്നതും. ആന്ധ്രപ്രദേശില്‍നിന്ന് ബാംഗ്ലൂരിലേക്ക് കുടിയേറിയ രേഖയുടെ മുത്തച്ഛന്‍ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. വെങ്കിട രാമശാസ്ത്രി എന്ന കര്‍ണാട്ടിക് സംഗീതകാരന്റെ പിതാവ് ഹെബ്ബാനി കൃഷ്ണശാസ്ത്രിയും പ്രസിദ്ധനായ 'ഹരികഥാകാരന്‍' ആയിരുന്നു. അന്നൊക്കെ മദ്രാസ്സ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന കേരളത്തിന്റെ പല ഭാഗങ്ങളിലും രാമശാസ്ത്രി കച്ചേരികള്‍ നടത്തിയിരുന്നു. അമ്മ സുശീലയും സംഗീതജ്ഞയാണ്.

സ്‌കൂള്‍ പഠനകാലത്തുതന്നെ രേഖ ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കര്‍ണാടക സംസ്ഥാന യുവജനോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മറുഭാഗത്ത് ഭരതനാട്യത്തില്‍ വിജയിച്ചത് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ആയിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഗീതനാടക അക്കാദമിയുടെ നൃത്തപരിപാടികളുടെ ഭാഗമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ കാലഘട്ടം മുതല്‍ കേരളവുമായി രേഖ നിരന്തരമായ സുഹൃത്ത്ബന്ധവും സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കേരളത്തില്‍ നടന്നുവരുന്ന പല നൃത്തോത്സവങ്ങളിലും രേഖ പങ്കെടുത്തിട്ടുണ്ട്. 'സൂര്യ', 'സ്വരലയ' തുടങ്ങിയ ഒന്നാംകിട ഡാന്‍സ് ഫെസ്റ്റിവലുകളിലും കൂടാതെ, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട നൃത്ത പരിപാടികളിലും ഇവരുടെ നൂപുരധ്വനികള്‍ മുഴങ്ങി കേട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പല നൃത്തോല്‍സവങ്ങളിലും പങ്കെടുത്ത് തന്റെ മികച്ച കലാപ്രകടനം കാഴ്ചവെയ്ക്കാന്‍ രേഖയ്ക്ക് കഴിഞ്ഞുവെന്നത്, ഒരു നര്‍ത്തകി എന്ന നിലയില്‍ അവര്‍ക്ക് ലഭിച്ച പൊതു അംഗീകാരത്തിന്റെ ഉദാഹരണങ്ങളാണ്. ഖജുരാഹോ, ഉദയശങ്കര്‍ ഫെസ്റ്റിവല്‍, മൈസൂര്‍ ഭസറ, ഹംപി ഫെസ്റ്റിവല്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക.

ഒരു കുച്ചിപ്പുടി നര്‍ത്തകി എന്നതിലപ്പുറം, ഏറ്റവും ഉത്തരവാദിത്വമുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകയും കൂടിയാണവര്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ത്തന്നെ രേഖയുണ്ട്. അഗതിമന്ദിരത്തിലെ അന്തേവാസികളുടെ ജീവിതം, അനാഥക്കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, വൃദ്ധമന്ദിരങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി കലയ്ക്ക് അപ്പുറമുള്ള ധാരാളം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്നു.
കുച്ചിപ്പുടിയിലെ 'വെമ്പട്ടിബാണി'യുടെ പിന്തുടര്‍ച്ചക്കാരിയായ രേഖ, നൃത്താവതരണത്തില്‍ നൂതനമായ പല രംഗാവിഷ്‌ക്കാരങ്ങളും നടത്തിയിട്ടുണ്ട്. തെലുങ്ക് വീഡിയോ ആല്‍ബമായ 'ടെനി' ഈ അടുത്തകാലത്താണ് റിലീസ് ചെയ്തത്. 2017-ലെ 'സൂര്യ നൃത്തോത്സവ'ത്തില്‍ അവതരിപ്പിച്ച 'ആദിത്യം' എന്ന നൃത്തശില്പം, കഴിഞ്ഞ വര്‍ഷം  നവംബറില്‍ ബംഗളൂരുവില്‍ പുതിയതായി ചിട്ടപ്പെടുത്തിയെടുത്ത 'സിംഹനന്ദിനി' എന്നിവയും ഇതില്‍പ്പെടുന്നു. പ്രശസ്ത ഭരതനാട്യ നര്‍ത്തകിയും സഹപാഠിയുമായ ദീപ ശശീന്ദ്രനുമൊത്ത്  വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച 'ഏകാത്മ' എന്ന ഫ്യൂഷനും ഏറെ ആസ്വാദക ശ്രദ്ധ നേടിയിരുന്നു.

രേഖയുടെ കലാ-സാംസ്‌കാരിക-സാമൂഹ്യരംഗത്തെ ഈ വിജയഗാഥയുടെയെല്ലാം പിന്നില്‍ സ്ഥിരമായ ഉല്‍സാഹവും കഠിനമായ അധ്വാനവും ഉണ്ട്. പണ്ട്, നൃത്തമത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ഒപ്പം ഒരു സംരക്ഷകന്റെ ദൗത്യം ഏറ്റെടുത്ത സഹോദരന്‍, ഗംഗാധരശാസ്ത്രി, പിന്നീട് വിവാഹശേഷം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നണിയില്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിപ്പോരുന്ന ഭര്‍ത്താവ് സതീശ്, മകള്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സ്നേഹ എന്നിവര്‍ രേഖയുടെ കലാജീവിതത്തെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകള്‍ ആണ്. ഭര്‍ത്താവ് സതീശ്, ബംഗളൂരുവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജരും സംസ്ഥാനതലത്തില്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യനുമാണ്. ജനനം മലയാളിയായിട്ടല്ലെങ്കിലും തന്റെ കര്‍മ്മപന്ഥാവിലൂടെ മലയാളി കലാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ നര്‍ത്തകിയാണ് രേഖാ സതീശ്. കുച്ചിപ്പുടിയെന്ന നൃത്തരൂപത്തെ, ഒരു പ്രാര്‍ത്ഥനപോലെ പരിപാലിക്കുന്ന  ഈ കലാകാരിയുടെ വരുംകാല ചുവടുക്കള്‍ക്കായ് നമുക്ക് കാത്തിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com