പി.എം. കെയേഴ്സ് ഫണ്ട്; കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംശയം ജനിപ്പിക്കുന്നത്

1948 മുതലേ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ടും പി.എം. കെയേഴ്സ് ഫണ്ടും തമ്മില്‍ ഘടനാപരമായ വലിയ വ്യത്യാസങ്ങളുണ്ട്
നരേന്ദ്ര മോദിയും മുകേഷ് അംബാനിയും
നരേന്ദ്ര മോദിയും മുകേഷ് അംബാനിയും

കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ ഗുരുതരമായ സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര രാജ്യരക്ഷാമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ ട്രസ്റ്റിമാരുമായി 2020 മാര്‍ച്ച് 28-ാം തീയതി രൂപീകൃതമായ ഒരു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട് അഥവാ 'പി.എം. കെയേഴ്സ് ഫണ്ട്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ട്രസ്റ്റ്. ഈ ഫണ്ടിലെ പണം കൊവിഡ്-19ന് സമാനമായ ദുരന്തത്തെ നേരിടാനും പ്രതിരോധിക്കാനും അതുമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ഭാവിയില്‍ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനുമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ സമാനമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ട്രസ്റ്റിനുള്ളതായി വിവരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ട്രസ്റ്റിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാനും കേന്ദ്ര കാബിനറ്റിലെ രാജ്യരക്ഷ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍ ട്രസ്റ്റിന്റെ എക്സ് ഒഫീഷ്യോ ട്രസ്റ്റിമാരുമാണ്. എക്സ് ഒഫീഷ്യോ ചെയര്‍മാനെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് 3 പേരെ ട്രസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ അധികാരമുണ്ട്. 1948 മുതലേ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ടും പി.എം. കെയേഴ്സ് ഫണ്ടും തമ്മില്‍ ഘടനാപരമായ വലിയ വ്യത്യാസങ്ങളുണ്ട്. പി.എം.എന്‍.ആര്‍.എഫില്‍ പ്രതിപക്ഷ പ്രതിനിധിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്സ്, ടാറ്റാ ട്രസ്റ്റ് ചേമ്പേഴ്സ് എന്നിവരുടെ പ്രതിനിധികളുടെ സാന്നിധ്യവും പേരെടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍, പി.എം. കെയേഴ്സ് ഫണ്ടില്‍ പ്രതിപക്ഷ സാന്നിദ്ധ്യമില്ല. കൂടാതെ പ്രധാനമന്ത്രിക്ക് 3 പ്രതിനിധികളെ തന്റെ വിവേചനാധികാരം ഉപയോഗിച്ച് നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം ഉണ്ട്. പി.എം.എന്‍.ആര്‍.എഫിന്റേയും പി.എം. കെയേഴ്സ് ഫണ്ടിന്റേയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമാനമായിരിക്കെ പി.എം. കെയേഴ്സ് ഫണ്ടിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പി.എം. കെയേഴ്സ് ഫണ്ടില്‍ ഇതുവരെ സമാഹരിച്ച മുഴുവന്‍ തുകയും പി.എം.എന്‍.ആര്‍.എഫിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

ഇന്ത്യാവിഭജനത്തെതുടര്‍ന്ന് ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ ലക്ഷ്യംവെച്ച് 1948-ല്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചതായിരുന്നു പി.എം.എന്‍.ആര്‍.എഫ്. പിന്നീട് പ്രകൃതിദുരന്തം, ലഹള, യുദ്ധം തുടങ്ങിയ ദുരന്തങ്ങള്‍ക്കിരയായവര്‍ക്ക് ആവശ്യമായ വൈദ്യസഹായം, മരുന്ന് തുടങ്ങിയ സഹായങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയും പി.എം.എന്‍.ആര്‍.എഫ് പ്രവൃത്തിച്ചിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പി.എം.എന്‍.ആര്‍.എഫിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഇന്നേവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ കൊവിഡ്-19 പോലുള്ള ഒരു ആഗോള മഹാമാരിയെ പ്രതിരോധിക്കാന്‍ പി.എം.എന്‍.ആര്‍.എഫിനെ മാറ്റിനിര്‍ത്തി ധൃതിപ്പെട്ട് പി.എം. കെയേഴ്സ് ഫണ്ട് രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നത് സ്വാഭാവികമെന്നേ പറയാനൊക്കൂ.

പി.എം. കെയേഴ്സ് ഫണ്ടിലേക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ് പ്രത്യക്ഷമായും പരോക്ഷമായുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ തന്നെയാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ കീഴിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം 2021 മാര്‍ച്ച് മാസം വരെ നിര്‍ബന്ധമായും സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി പി.എം. കെയേഴ്സ് ഫണ്ട് രൂപീകരണം പ്രഖ്യാപിച്ച് 25 മിനിറ്റുകള്‍ക്കകം ബോളിവുഡ് താരം അക്ഷയ്കുമാര്‍ 25 കോടി രൂപ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന വാഗ്ദാനം ചെയ്യുകയുണ്ടായി. പിന്നീടുള്ള ദിവസങ്ങളില്‍ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് കോടികളുടെ സംഭാവന പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് 2020 മെയ് 20 വരെ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് 9,677.90 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിവ്. കൂടാതെ ഫണ്ടിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ട 2,098.2 കോടി രൂപയ്ക്ക് പുറമെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമടക്കം 7,855 കോടിയും ഫണ്ടിന്റെ സമാഹരണത്തിന് ലഭിച്ചതായാണ് വാര്‍ത്ത. കമ്പനി നിയമത്തില്‍ 2019-ലെ പുതിയ ഭേദഗതിയനുസരിച്ചുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സി.എസ്.ആര്‍)യനുസരിച്ച് വന്‍കിട കമ്പനികളുടെ 5369.6 കോടിരൂപയും ഫണ്ടിലേക്ക് സംഭാവന ലഭിച്ചതായാണ് അറിവ്.

പി.എം. കെയേഴ്സ് ഫണ്ടിലേക്ക് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്നോ കണ്ടിജന്‍സി ഫണ്ടില്‍നിന്നോ യാതൊരു പണവും നീക്കിയിരിപ്പില്ലാത്തതുകൊണ്ട് ട്രസ്റ്റ് രൂപീകരണം സംബന്ധിച്ച് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും ആ കാരണംകൊണ്ടുതന്നെ പി.എം. കെയേഴ്സ് ഫണ്ടിന്റെ കണക്കുകള്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പി.എം. കെയേഴ്സ് ഫണ്ടിന്റെ കണക്കുകള്‍ കംപ്ട്രോളര്‍ ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയില്‍നിന്നും ഒഴിവാക്കാന്‍ വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് ഭരണഘടനാപരമായി നിലനില്‍ക്കില്ല. ഭരണഘടന അനുച്ഛേദം 283 (1) അനുസരിച്ച് കേന്ദ്രസര്‍ക്കാരിലേക്ക് വരുന്ന പണത്തിന്റെ വിനിയോഗം പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമമനുസരിച്ചായിരിക്കണമെന്നും ഇനി പ്രത്യേക നിയമം ഇല്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ചട്ടമനുസരിച്ചായിരിക്കണം ഇന്ത്യാ ഗവണ്‍മെന്റില്‍ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും കണ്ടിജന്‍സ് ഫണ്ടിലേക്കുമല്ലാത്ത മറ്റിനത്തില്‍ വന്നെത്തുന്ന പണത്തിന്റെ വിനിയോഗം നടത്തേണ്ടതെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി.എം. കെയേഴ്സ് ഫണ്ടിലെത്തുന്ന പണം ചെയര്‍മാനായ പ്രധാനമന്ത്രിയുടേയും ട്രസ്റ്റി അംഗങ്ങളായ 3 കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടേയും വ്യക്തിഗത പണമല്ല. മറിച്ച് കേന്ദ്രസര്‍ക്കാരിനു വിനിയോഗം നടത്താവുന്ന പണമാണ്. അതുകൊണ്ടുതന്നെ പി.എം. കെയേഴ്സ് ഫണ്ടിലെത്തുന്ന പണത്തിന്റെ വിനിയോഗം സംബന്ധിച്ച് പാര്‍ലമെന്റ് പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്നതുവരെ ഭരണഘടന അനുച്ഛേദം 283 (1) അനുശാസിക്കും വിധം രാഷ്ട്രപതി ഉണ്ടാക്കുന്ന ചട്ടങ്ങള്‍ വഴി ക്രമപ്പെടുത്തേണ്ടതും അപ്രകാരം ക്രമീകരിക്കപ്പെടുന്ന പണത്തിന്റെ ധനവിനിയോഗം ഒരിക്കലും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയില്‍നിന്ന് ഒഴിവാക്കാന്‍ സാദ്ധ്യമല്ല.

പി.എം. കെയേഴ്സ് ഫണ്ടിന് സര്‍ക്കാരിന്റെ പരോക്ഷമായ സാമ്പത്തിക സഹായമുണ്ടെന്നതിനുള്ള തെളിവാണ്, പി.എം. കെയേഴ്സ് ഫണ്ടിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന സംഭാവനകള്‍. 1961-ലെ ആദായനികുതി നിയമം 80 ജി വകുപ്പനുസരിച്ച് 100 ശതമാനം ഇളവുനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഈ നികുതിയിളവ് ഫലത്തില്‍ പി.എം. കെയേഴ്സ് ഫണ്ടിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരോക്ഷമായ സാമ്പത്തിക സഹായം തന്നെയാണ്, 1961-ലെ 13 എ വകുപ്പനുസരിച്ച് അംഗീകൃത ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിനെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ 6 ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളെ പൊതു അധികാര സ്ഥാനമെന്ന ഗണത്തില്‍പ്പെടുത്തി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നത്. കൂടാതെ പി.എം. കെയേഴ്സ് ഫണ്ടിനു നല്‍കുന്ന വിദേശ സംഭാവന, വിദേശ സംഭാവന നിയന്ത്രണ നിയമമനുസരിച്ചുള്ള അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ഫണ്ടും വിവരാവകാശ നിയമവും

പി.എം. കെയേഴ്സ് ഫണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ അസീം തക്യാര്‍ ബോധിപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിവരം നല്‍കാതിരിക്കാനുള്ള കാരണം പറഞ്ഞിരിക്കുന്നത് പി.എം. കെയേഴ്സ് ഫണ്ട് ഒരു പൊതു അധികാരസ്ഥാനമല്ലെന്നും ആയതിനാല്‍ വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സാധ്യമല്ലെന്നുമാണ്. പ്രധാനമന്ത്രി എക്സ് ഒഫീഷ്യോ ചെയര്‍മാനും 3 മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എക്സ് ഒഫീഷ്യോ മെമ്പര്‍മാരുമായതും കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എങ്ങനെ ഒരു പൊതു അധികാരസ്ഥാനമല്ലാതാവുന്നു എന്നതാണ് നിയമവൃത്തങ്ങളില്‍ വിസ്മയം ജനിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മറുപടി. കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കേന്ദ്ര ജീവനക്കാരില്‍നിന്നും നിര്‍ബന്ധമായി ഫണ്ട് സമാഹരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ട്രസ്റ്റ് എങ്ങനെ സ്വകാര്യ ട്രസ്റ്റാവും. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സുപ്രീംകോടതി ജഡ്ജിമാരും രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളും കേരള വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. അപ്രകാരം സംഭാവന നല്‍കിയ ദാതാക്കളുടെ പേരുവിവരങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? ആ അവകാശം എങ്ങനെ കേന്ദ്രസര്‍ക്കാരിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിഷേധിച്ചുകൊണ്ട് പി.എം. കെയേഴ്സിന്റെ ധനാഗമ സ്രോതസ്സും വിനിയോഗവും എത്രകാലം മൂടിവെക്കാന്‍ സാധിക്കും.

ലോക്ക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളി കുടുംബം. ഡൽഹിയിലെ വിവേക് വിഹാറിൽ നിന്ന്
ലോക്ക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളി കുടുംബം. ഡൽഹിയിലെ വിവേക് വിഹാറിൽ നിന്ന്

വിവരാവകാശ നിയമം 2 (എച്ച്) വകുപ്പനുസരിച്ച് 'പൊതു അധികാരസ്ഥാനം' എന്നാല്‍ ഭരണഘടനയാലോ പാര്‍ലമെന്റ്/സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ നിയമങ്ങളാലോ, സമുചിത സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റേയോ, ഉത്തരവിന്റേയോ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടതോ രൂപീകരിക്കപ്പെട്ടതോ ആയ ഏതെങ്കിലും അധികാരസ്ഥാനം അല്ലെങ്കില്‍ നികായം, അല്ലെങ്കില്‍ സ്വയംഭരണസ്ഥാപനം, അല്ലെങ്കില്‍ സമുചിത സര്‍ക്കാരിനാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ നല്‍കപ്പെടുന്ന ഗണ്യമായ സാമ്പത്തിക സഹായത്താലോ സമുചിത സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും നികായവും കൂടാതെ ഗണ്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുള്ള ഏതെങ്കിലും സര്‍ക്കാരിതര സംഘടനയും ഉള്‍പ്പെട്ടിട്ടുള്ളതാണ്. മേല്‍ നിര്‍വ്വചനത്തിന്റെ ഒന്നാം ഭാഗത്തില്‍ വിവരിച്ച പ്രകാരം ഭരണഘടനയനുസരിച്ചോ പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ അനുസരിച്ചുള്ള ഒരു ട്രസ്റ്റല്ല പി.എം. കെയേഴ്സ് എന്നത് ശരിയാണ്. പക്ഷേ, മേല്‍വിവരിച്ച വകുപ്പിന്റെ രണ്ടാം ഭാഗത്തിന്റെ നിര്‍വ്വചനമനുസരിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ പരോക്ഷമായ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണവുമുള്ള ഒരു ട്രസ്റ്റാണ് പി.എം. കെയേഴ്സ് എന്ന യാഥാര്‍ത്ഥ്യം പ്രധാനമന്ത്രിക്കോ ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരിനുപോലും നിഷേധിക്കാനാവില്ല. ഒന്നുകില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തുറന്നുപറഞ്ഞാല്‍, പിന്നെ ആര്‍ക്കാണ് പി.എം. കെയേഴ്സ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളുടെമേല്‍ നിയന്ത്രണമെന്ന് ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷമിക്കേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും 3 കേന്ദ്ര കാബിനറ്റ് മന്ത്രിമാരും എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ ട്രസ്റ്റില്‍ തുടരുന്നതുതന്നെ ട്രസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ ട്രസ്റ്റാണെന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. മാത്രമല്ല, പി.എം. കെയേഴ്സ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്. വിവരാവകാശനിയമം 8 (1) ഉപവകുപ്പനുസരിച്ച് പാര്‍ലമെന്റിനോ നിയമസഭകള്‍ക്കോ നിഷേധിക്കാനാവാത്ത എല്ലാ വിവരങ്ങളും രാജ്യത്തെ ഏതൊരു പൗരനും ലഭിക്കാന്‍ അവകാശമുണ്ട്.

പി.എം. കെയേഴ്സ് ഫണ്ടിലേക്ക് കോടികള്‍ സംഭാവന നല്‍കുന്ന ദാതാക്കളുടെ പേരു വിവരങ്ങളും ഫണ്ടിന്റെ വിനിയോഗവും രഹസ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇരുട്ടിന്റെ മറവിലെ വന്‍ അഴിമതിയാണ്. ലോകരാഷ്ട്രങ്ങളെയാകെ വിറപ്പിച്ച ഈ മഹാമാരിയുടെ മറവിലെ കേന്ദ്രസര്‍ക്കാരിന്റെ ഈ രഹസ്യനീക്കങ്ങള്‍ വന്‍ അഴിമതികളുടെ വാതായനങ്ങളാണ് തുറന്നിടാന്‍ അവസരമൊരുക്കിയിട്ടുള്ളത്.

പി.എം. കെയേഴ്സ് ഫണ്ട് പൊതു അധികാരസ്ഥാനമല്ലെന്നും കേന്ദ്രസര്‍ക്കാരിന് ട്രസ്റ്റിന്മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും ട്രസ്റ്റ്  വെറും ഒരു സ്വകാര്യ സംഘമാണെന്ന് പ്രഖ്യാപിച്ചാല്‍ അപകടങ്ങള്‍ വേറെയുമുണ്ട്. പി.എം. കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടംവെച്ച പരസ്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക മുദ്രയായ അശോകസ്തംഭം കൂടി വളരെ പ്രാധാന്യത്തില്‍ത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അപ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗികമുദ്ര ആലേഖനം ചെയ്ത പരസ്യമാണ് ആഗോളാടിസ്ഥാനത്തില്‍ അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ക്കൂടി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.എം. കെയേഴ്സ് ഫണ്ട് ഒരു സ്വകാര്യ സംഘമാണെന്നും ഇന്ത്യാ ഗവണ്‍മെന്റിന് ഫണ്ടിന്മേല്‍ യാതൊരു നിയന്ത്രണവുമില്ലായെങ്കില്‍ അത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക മുദ്രയായ അശോകസ്തംഭം ഉപയോഗിക്കുന്നത് സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രൊഹിബിഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട് 2005 7-ാം വകുപ്പനുസരിച്ച് രണ്ട് വര്‍ഷം വരെ തടവോ പിഴയോ തടവും പിഴയും കൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. മേല്‍ വിവരിച്ച കാരണങ്ങളാല്‍ പി.എം. കെയേഴ്സ് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുംനാളുകളില്‍ പരസ്യപ്പെടുത്തിയേ തീരൂ.

പി.എം. കെയേഴ്സ് ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, 1948 തൊട്ട് രാജ്യത്തുണ്ടായ പ്രകൃതിക്ഷോഭം, മഹാമാരി, യുദ്ധം, കലാപം തുടങ്ങിയ വിപത്തുകളിലെല്ലാം ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിപ്പോന്ന പി.എം.എന്‍.ആര്‍.എഫിനെ മാറ്റി ധൃതിപിടിച്ച് പ്രധാനമന്ത്രിക്കും മന്ത്രിസഭയിലെ 3 കാബിനറ്റ് മന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന തന്റെ ഇഷ്ടക്കാരായ 3 വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നും പ്രതിപക്ഷത്തേയോ പൊതുസമൂഹത്തിന്റെ പ്രതിനിധികളേയോ പാടെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ട്രസ്റ്റിലേക്ക് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അതീവ താല്പര്യമെടുത്ത് സമാഹരിക്കുന്ന കോടികളുടെ വിനിയോഗവും ദാതാക്കളുടെ പേരുവിവരങ്ങളും മറച്ചുവെച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊതുഫണ്ട് കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പുവരുത്തേണ്ടത് ഏതൊരു ജനാധിപത്യ ഭരണകൂടത്തിന്റേയും കടമയും ഉത്തരവാദിത്വവുമാണ്. ആ കടമയില്‍നിന്നും കേന്ദ്രസര്‍ക്കാരിന് അധികകാലം ഒഴിഞ്ഞുമാറാനാവില്ല. പി.എം. കെയേഴ്സ് ഫണ്ടിന്റെ രൂപീകരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിയത് ധൃതിപിടിച്ചുള്ള വ്യവഹാരമെന്ന നിലയിലായിരിക്കാം. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിക്കുള്ള പച്ചക്കൊടിയായി സുപ്രീംകോടതി വിധി കണക്കാക്കാനൊക്കില്ല. സുപ്രീംകോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നിട്ടുണ്ടായിരുന്നില്ല. പി.എം. കെയേഴ്സ് ഫണ്ടിന്റെ സുതാര്യത ഉറപ്പുവരുത്താത്തപക്ഷം പൊതുസമൂഹം കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങേണ്ടിവരുമെന്നത് ഉറപ്പാണ്.

(മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com