'രാഷ്ട്രീയക്കാരുടെ വികലമായ വികസന സങ്കല്പം പിന്തിരിപ്പനും പഴകിയതാണെന്നും ഇനിയും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല'

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പന്മാരെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന രാഷ്ട്രീയ നേതാക്കളുടേത് മൂലധനതാല്പര്യങ്ങള്‍ക്ക് അനുസൃതമായ വികസനസങ്കല്പം
അതിരപ്പിള്ളി ജലപാതം
അതിരപ്പിള്ളി ജലപാതം

''സ്പീഡ് കൂടുന്തോറും ചെലവു കൂടും. എത്ര വേഗത വേണമെന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം''
 
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന പഠന കോണ്‍ഗ്രസ്സിലാണ് അതിവേഗ റെയില്‍പ്പാതാ പദ്ധതിയെക്കുറിച്ച് പിണറായി വിജയന്‍ ഇങ്ങനെ വാചാലനായത്. ഭാവികേരളത്തിന്റെ രൂപരേഖയെന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ട നയങ്ങളും നിര്‍ദ്ദേശങ്ങളുമായിരുന്നു ഈ പരിപാടിയുടെ ഹൈലൈറ്റ്സ്. അന്ന്, ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിരുന്ന അദ്ദേഹത്തില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു വികസന നയമാണ് കേട്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടര്‍ന്നുവന്ന സാമ്പത്തിക-വികസന നയങ്ങളില്‍നിന്നുള്ള വ്യതിചലനം നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുന്ന ഒന്നായിരുന്നു അത്. ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന ഇടതുപക്ഷം ആ വികസന സങ്കല്പത്തില്‍ ഒട്ടും ഭിന്നരല്ലെന്നു വ്യക്തമാക്കുന്ന സംഭവം കൂടിയായിരുന്നു അത്. 

1994 മുതല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പഠന കോണ്‍ഗ്രസ്സുകള്‍ നടക്കുന്നുണ്ടെങ്കിലും അതിന്റെ നയം കുറേക്കൂടി വ്യക്തമായത് അന്നാണ്. അവതരിപ്പിക്കപ്പെട്ട വിഷയങ്ങള്‍ പല വൈവിദ്ധ്യങ്ങളേയും ഉള്‍ക്കൊള്ളുന്നതിന് ശ്രമമുണ്ടായെങ്കിലും പിണറായി വിജയന്‍ നടത്തിയ അധ്യക്ഷ പ്രസംഗമായിരുന്നു സി.പി.എമ്മിന്റെ വികസന നയത്തിന്റെ ചുരുക്കം.  കേരളത്തില്‍ വിദേശ-സ്വകാര്യ നിക്ഷേപം വേണ്ടത്ര വരാത്തതില്‍ പരിഭവിക്കുന്നതായിരുന്നു ആ പ്രസംഗം. മധ്യവര്‍ഗ്ഗ വികസന സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ നയപരിപാടികള്‍ ആവിഷ്‌കരിക്കുന്ന ഒരു സര്‍ക്കാരാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ വരാന്‍ പോകുന്നത് എന്നതിന്റെ സൂചനകൂടിയായിരുന്നു അത്. ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയ വിഴിഞ്ഞം പദ്ധതിയെ ന്യായീകരിച്ച് സംസാരിക്കുന്നതിലൂടെ പഠന കോണ്‍ഗ്രസ്സിനു മുന്‍പും അദ്ദേഹം സ്വന്തം വികസന നയം വ്യക്തമാക്കിയിരുന്നു.

മൂലധനതാല്പര്യങ്ങളെ ഏറ്റവും പ്രധാനമായി പരിഗണിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ കീഴില്‍ ആ വികസന സങ്കല്പം മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടാണ് അധികാരത്തിലെത്തുമ്പോള്‍ സി.പി.എമ്മിന് അത്തരമൊരു സമീപനം സ്വീകരിക്കേണ്ടിവരുന്നതും. വികസനത്തെ സംബന്ധിച്ച് മുതലാളിത്ത കാഴ്ചപ്പാടാണ് എക്കാലവും സി.പി.എമ്മിനുണ്ടായിരുന്നത്. ഉല്പാദന ഉപാധികളുടെ ഉടമസ്ഥാവകാശത്തില്‍ മാത്രമാണ് പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നത്. കൊക്കകോളയെ ക്ഷണിച്ചുകൊണ്ടുവന്നതും സിംഗൂരും നന്ദിഗ്രാമും മൂലമ്പിള്ളിയുമൊക്കെ സംഭവിച്ചതു ഇതേ പാര്‍ട്ടിയുടെ ഭരണകാലത്താണെന്നതിനാല്‍ വലിയ അത്ഭുതമില്ല. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി ആശങ്കകള്‍ വ്യാപകമായി പങ്കുവയ്ക്കുന്ന ഒരുകാലത്ത്, കോര്‍പ്പറേറ്റ് വിഭവക്കൊള്ളയുടെ പ്രത്യാഘാതങ്ങള്‍ നേരിട്ട് ജനജീവിതത്തെ ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കോളജിക്കല്‍ ഗവേണ്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്തള്ളപ്പെടുകയായിരുന്നു.

അതേസമയം, ആഗോളതലത്തില്‍ ഇന്ന് മാര്‍ക്സിസവുമായി ബന്ധപ്പെട്ട് ഏറ്റവും വികസിക്കുന്ന വിജ്ഞാനമേഖല പരിസ്ഥിതിയാണെന്നിരിക്കെ, അതേക്കുറിച്ച് സി.പി.എമ്മിന് ആശങ്കകളോ ആലോചനകളോ ഇല്ല. പ്രളയത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുമൊക്കെ പിന്നില്‍ പരിസ്ഥിതിനാശത്തിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടും അത്തരം വികസന സങ്കല്പങ്ങളെ പുനഃപരിശോധിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല. അണക്കെട്ടുകള്‍ എന്ന നിര്‍മ്മിതിതന്നെ പലവിധ അനന്തരഫലങ്ങളാല്‍ ആഗോളതലത്തില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പുതിയൊരു അണക്കെട്ട് കൂടി വരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചനപോലുമില്ല. ചെറുതും വലുതുമായി എണ്‍പതിലധികം ഡാമുകളുള്ള കേരളത്തില്‍ സംഭരണശേഷിയും പരമാവധി ഊര്‍ജ്ജോല്പാദനവും പരമാവധി ലാഭവും പരമാവധി വളര്‍ച്ചയുമാണ് അവരുടെയും വികസന മാനദണ്ഡങ്ങള്‍. ദശകങ്ങള്‍ നീണ്ട ജനകീയ സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ശേഷം ഉപേക്ഷിച്ചെന്നു നിയമസഭയില്‍ത്തന്നെ പ്രഖ്യാപിച്ച പദ്ധതിക്കായുള്ള നീക്കങ്ങള്‍ അത്തരം വികസന മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. 

അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ പ്രസിദ്ധീകരിച്ച വാരികയുടെ കവർ ചിത്രങ്ങൾ
അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ പ്രസിദ്ധീകരിച്ച വാരികയുടെ കവർ ചിത്രങ്ങൾ

അതിരപ്പിള്ളി ചെറുത്തുനില്‍പ്പിന്റെ ചരിത്രം

പദ്ധതിക്കെതിരേ മൂന്നു പതിറ്റാണ്ടുകളായി സമരങ്ങളും ചെറുത്തുനില്‍പ്പുകളും തുടരുന്നുണ്ട്. 1979-ലാണ് ചോലയാറിനു കുറുകേ അണകെട്ടി 163 മെഗാവാട്ട് ഉല്പാദനശേഷിയുള്ള പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയില്‍ വരുന്നത്. 1,500 കോടി മുതല്‍മുടക്കില്‍ 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ കണ്ടെത്തല്‍. പെരിങ്ങല്‍ക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ഇരട്ടപദ്ധതിയായി 1982-ല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടു. 1989-ല്‍ അനുമതിയും ലഭിച്ചു. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടപടികളില്‍നിന്നു പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വലതുകര പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അതിരപ്പിള്ളിക്കു മാത്രമായി നിര്‍ദ്ദേശം വരികയും ചെയ്തു. 1996-ല്‍ കേന്ദ്രവൈദ്യുതി അതോറിറ്റിയില്‍നിന്ന് സാങ്കേതിക-സാമ്പത്തിക അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു.

ഒരു ദശാബ്ദത്തിനുശേഷം ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വീണ്ടും പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. പിണറായി വിജയനായിരുന്നു അന്ന് വൈദ്യുതിമന്ത്രി. പദ്ധതിയുടെ സാധ്യത സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സി ടി.ബി.ജി.ആര്‍.എ അണക്കെട്ട് നിര്‍മ്മിക്കാമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 1999-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍, 2001-ല്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ അനുമതി നിഷേധിക്കപ്പെട്ടു. 2005-ല്‍ കേന്ദ്ര ഏജന്‍സിയായ വാപ്കോസ് (വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സി) അണക്കെട്ടിനായി ശുപാര്‍ശ ചെയ്തു. എന്നാല്‍, ഈ റിപ്പോര്‍ട്ടും ഹൈക്കോടതി തള്ളി. തുടര്‍ന്ന്, 2007-ല്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പാരിസ്ഥിതിക അനുമതി നല്‍കി. 2010-ല്‍ ഈ അനുമതി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയെങ്കിലും അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2015 ഡിസംബര്‍ ഒന്‍പതിന് വീണ്ടും അനുമതി നല്‍കി. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തിരസ്‌കരിക്കപ്പെട്ടതോടെയാണ് പദ്ധതി നടപ്പാക്കാന്‍ വീണ്ടും ഊര്‍ജ്ജിതനീക്കം പുനരാരംഭിച്ചത്. 

ഷോളയാർ റിസർവോയർ/ ചിത്രം: ഷഫീഖ് താമരശേരി
ഷോളയാർ റിസർവോയർ/ ചിത്രം: ഷഫീഖ് താമരശേരി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപ്പരിശോധിക്കാന്‍ നിയോഗിച്ച കസ്തൂരിരംഗന്‍ സമിതി അണക്കെട്ട് പാടില്ലെന്ന നിര്‍ദ്ദേശം തിരുത്തിയെഴുതി. 230 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുതി പദ്ധതികളാകാം എന്നായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍ത്ഥിച്ചത്. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ചാലക്കുടിപ്പുഴയിലെ ജലലഭ്യതയ്ക്ക് അനുസരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശ നല്‍കി. ഈ ശുപാര്‍ശ പരിഗണിച്ച് മന്ത്രാലയം 2012-ല്‍ അവസാനിച്ച അനുമതിയുടെ കാലാവധി 2017 വരെ നീട്ടിനല്‍കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പുനരാലോചന സംബന്ധിച്ച് കെ.എസ്.ഇ.ബിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 2014 ജനുവരി ഒന്‍പതിന് ലഭിച്ച ആ കത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ഓഗസ്റ്റ് ഒന്നിന് പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ചത്. പദ്ധതിക്ക് ആവശ്യമായ ജലലഭ്യത ചാലക്കുടി പുഴയിലുണ്ടെന്ന് കേന്ദ്ര ജലകമ്മിഷനും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് 2015-ല്‍ പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ്ധസമിതി അനുമതി നല്‍കിയത്. പദ്ധതി നടപ്പായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി 2010-ല്‍ കെ.എസ്.ഇ.ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഒടുവില്‍, ഇതു പിന്‍വലിക്കുകയും ചെയ്തു. പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017-ല്‍ കഴിഞ്ഞു. എന്നാല്‍, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് 2017-ല്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതോടെ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് 2018-ല്‍ എം.എം. മണി നിയമസഭയില്‍ പ്രഖ്യാപിച്ചു.

എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പറയുന്നതുപോലെ പദ്ധതിയുടെ നടപടിക്രമങ്ങളെല്ലാം സര്‍ക്കാര്‍ നടത്തുന്നുണ്ടായിരുന്നു. ആദ്യം വനമേഖലയിലെ മരങ്ങളുടെ കണക്കെടുപ്പ് നടത്തി. 2001-ല്‍ കണക്കെടുപ്പ് നടന്നതാണ്. എന്നാല്‍, കൃത്യമായ കണക്ക് ലഭിക്കാന്‍ വനംവകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് വീണ്ടും കണക്കെടുപ്പ് നടത്തി. വാഴച്ചാല്‍ വനമേഖലയില്‍നിന്ന് 140 ഹെക്ടര്‍ വനത്തിലാണ് ഈ കണക്കെടുപ്പ് നടന്നത്. 1999-ല്‍ നടന്ന സര്‍വ്വേ പ്രകാരം വനംവകുപ്പില്‍നിന്ന് കെ.എസ്.ഇ.ബി ഏറ്റെടുക്കുന്ന ഭൂമിയാണ് ഇത്. സംസ്ഥാന വനംവകുപ്പിനുവേണ്ടി ഫ്രെഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോണ്ടിച്ചേരി നടത്തിയ പഠനം അനുസരിച്ച് സംസ്ഥാനത്തെ സംരക്ഷിതമല്ലാത്ത വനമേഖലകളില്‍ സംരക്ഷണമൂല്യം ഏറ്റവുമധികമുള്ള രണ്ടാമത്തെ ഡിവിഷനായിരുന്നു വാഴച്ചാല്‍ വനമേഖല. ഒന്നാമത്തേത് മാങ്കുളവും.

അതിരപ്പിള്ളി പുഴയിൽ മത്സ്യം പിടിക്കുന്നവർ/ ഫോട്ടോ: എംഎ റമീസ്
അതിരപ്പിള്ളി പുഴയിൽ മത്സ്യം പിടിക്കുന്നവർ/ ഫോട്ടോ: എംഎ റമീസ്

പിണറായിയുടെ അനുകൂല നിലപാട്

പ്രളയാനന്തര പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദമായിരിക്കണമെന്നും പ്രകൃതിക്ക് ആഘാതമുണ്ടാകുന്ന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ എല്ലാക്കാലത്തും പദ്ധതിയോട് അനുകൂല നിലപാടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു തൊട്ടുമുന്‍പ് നടത്തിയ നവകേരള മാര്‍ച്ചിനിടെയാണ് പി.ബി. അംഗമായ അദ്ദേഹം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മാര്‍ച്ച് ചാലക്കുടിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം വികസനവാഗ്ദാനമായി അതിരപ്പിള്ളി പദ്ധതി അവതരിപ്പിക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഇല്ലാതാകും എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. അതിനു പരിഹാരമായി വെള്ളച്ചാട്ടം നിലനിര്‍ത്തി പദ്ധതി നടത്തുമെന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കെ. മുരളീധരനടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ ആ പ്രസ്താവനയ്ക്ക് പിന്തുണയും നല്‍കി. എന്നാല്‍, പദ്ധതിയുടെ രാഷ്ട്രീയ, സാമൂഹ്യ പ്രത്യാഘാതങ്ങളെ ബോധപൂര്‍വം തിരസ്‌കരിച്ച അദ്ദേഹം നടത്തിയ വെല്ലുവിളി പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്കകളെ കേവലം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തില്‍ മാത്രം ഒതുക്കുന്നതായിരുന്നു.

ചോലയാറിനെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹവും സാമൂഹ്യപ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഗവേഷകരും സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നു. വനാവകാശനിയമം ചൂണ്ടിക്കാട്ടി ചോദ്യങ്ങളുയര്‍ന്നപ്പോഴും അദ്ദേഹം തന്റെ വാദത്തില്‍ ഉറച്ചുനിന്നു. അതിരപ്പിള്ളി പദ്ധതി വെള്ളച്ചാട്ടം നിലനിര്‍ത്തുന്നതിന്റെ മാത്രം പ്രശ്നമല്ലെന്നും പുഴയേയും പുഴയുമായി ആശ്രയിച്ചു ജീവിക്കുന്നവരുടേയും പ്രശ്നമാണെന്നത്  അദ്ദേഹം തള്ളിക്കളഞ്ഞു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ആ പ്രസ്താവനയിലൂടെ തെളിഞ്ഞുവന്നത്. പദ്ധതിയെ എതിര്‍ക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നായിരുന്നു വീണ്ടും ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്താവന. എസ്.എന്‍.സി ലാവ്ലിന്‍ വിവാദത്തിനു വഴിതെളിച്ച സംഭവത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്‌പോലെതന്നെ തീര്‍ത്തും നിരുത്തരവാദിത്വപരമായിരുന്നു ഇതും. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടേയും ഇ. ബാലാനന്ദന്‍ കമ്മിറ്റിയുടേയും അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞാണ് കുറ്റിയാടി, പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ നിലയങ്ങളുടെ നവീകരണം എസ്.എന്‍.സി. ലാവ്ലിനെ ഏല്പിക്കാന്‍ അദ്ദേഹം വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന കാലയളവില്‍ തീരുമാനമെടുത്തത്. ജനറേറ്ററുകളുടെ ക്ഷമത വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നും നവീകരണം വേണ്ടെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് ശരിയാണെന്ന് ബോധ്യപ്പെട്ടു. 2005-ലെ സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അത് ശരിവയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു സി.എ.ജി കണ്ടെത്തിയത്. കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടെങ്കിലും സി.എ.ജിയുടെ കണ്ടെത്തല്‍ കെ.എസ്.ഇ.ബിയുടെ സ്ഥാപിത താല്പര്യങ്ങളിലേക്ക് വിരല്‍ചൂണ്ടി. അതിരപ്പിള്ളിയുടെ കാര്യത്തിലും ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ സജീവമാണ്.

പിണറായി വിജയന്റേത് വ്യക്തിഗത നിലപാടായിരുന്നില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന എ.കെ. ബാലന്‍ പദ്ധതി നടപ്പാക്കാന്‍ ഊര്‍ജ്ജിതമായി ശ്രമിച്ചിരുന്നു. ബിനോയ് വിശ്വത്തേക്കാളും ജയറാം രമേശിനേക്കാളും പരിസ്ഥിതിവാദിയാണെന്ന് പറഞ്ഞ അദ്ദേഹം ജൈവവൈവിദ്ധ്യം ഒഴികെയുള്ള ആറു കാര്യങ്ങളില്‍ വിദഗ്ദ്ധസമിതി പദ്ധതിക്ക് അനുകൂലമാണെന്നാണ് പ്രസ്താവിച്ചത്. പദ്ധതി തടയാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ എ.കെ. ബാലന്‍ പദ്ധതി ഗാഡ്ഗില്‍ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. 2016 ഒക്ടോബര്‍ അവസാനം നടന്ന നിയമസഭാസമ്മേളനത്തില്‍ രാജു എബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കലില്‍ മുഖ്യമന്ത്രിക്കുവേണ്ടി എ.കെ. ബാലന്‍ നല്‍കിയ മറുപടി ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതികള്‍ അതിരപ്പിള്ളി പദ്ധതിയെ തുരങ്കം വയ്ക്കാനാണെന്നായിരുന്നു. 1970-കളുടെ അവസാനം തുടക്കം കുറിച്ച കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തെ പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞ അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസനവിരുദ്ധരും വിദേശപണം പറ്റുന്ന ഒറ്റുകാരുമായി ചിത്രീകരിച്ചതിനെ പിന്തുണയ്ക്കുകയായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംഘടനകളില്‍ 90 ശതമാനവും വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്നവയാണെന്ന് രാജു എബ്രഹാം വിമര്‍ശിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കുകയായിരുന്നു സി.പി.എം.

മുക്കംപുഴ കോളനിയിലെ കാടർ ​ഗോത്രവാസികൾ. 2006ലെ വനാവകാശ നിയം അനുസരിച്ച് വനത്തിനുള്ളിൽ ആദിവാസികൾക്ക് കമ്മ്യൂണിറ്റി റൈറ്റ്സ് അനുവദിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കിയ ഒൻപത് ഊരുകൾ വാഴച്ചാൽ വന മേഖലയിലാണ്. ഈ മേഖലയുടെ സംരക്ഷണാധികാരം ഊരുകൂട്ടത്തിനാണ്/ ചിത്രം: ഷഫീഖ് താമരശേരി
മുക്കംപുഴ കോളനിയിലെ കാടർ ​ഗോത്രവാസികൾ. 2006ലെ വനാവകാശ നിയം അനുസരിച്ച് വനത്തിനുള്ളിൽ ആദിവാസികൾക്ക് കമ്മ്യൂണിറ്റി റൈറ്റ്സ് അനുവദിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കിയ ഒൻപത് ഊരുകൾ വാഴച്ചാൽ വന മേഖലയിലാണ്. ഈ മേഖലയുടെ സംരക്ഷണാധികാരം ഊരുകൂട്ടത്തിനാണ്/ ചിത്രം: ഷഫീഖ് താമരശേരി

പരിസ്ഥിതിവിരുദ്ധ നയങ്ങളും പദ്ധതികളും

പരിസ്ഥിതിയും വികസനവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും എത്രമാത്രം അത് ഗൗരവത്തോടെ ഇടതുപക്ഷം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നത് സംശയകരമാണ്. പശ്ചിമഘട്ട പരിസ്ഥിതിയുടെ ദുര്‍ബ്ബലാവസ്ഥ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍, പശ്ചിമഘട്ട സംരക്ഷണത്തോടും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനോടുമുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതികരണം നിരാശാജനകമായിരുന്നു. കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പഠിച്ച് അതിനോടുള്ള വിമര്‍ശനാത്മകമായ ഇടപെടലായിരുന്നില്ല അന്നുണ്ടായത്. മറിച്ച് ക്രൈസ്തവസഭകളും സി.പി.എമ്മും നിശിതമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. പലപ്പോഴും കള്ളപ്രചാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. ആക്രമോത്സുക സമരമാണ് അന്നുണ്ടായത്. സഭയുടെ വോട്ട് കിട്ടുമെന്നു കരുതി സി.പി.എമ്മും കൂടെ കൂടി. അതോടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വികസന കാര്യത്തിലും പ്രത്യേകിച്ച് നിലപാടുകളില്ലാത്ത കോണ്‍ഗ്രസ്, ക്രൈസ്തവ സഭാ നേതൃത്വത്തിനു പിന്നില്‍ അണിനിരക്കുകയായിരുന്നു ഇടതുപക്ഷം. ആരാണ് കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്നത് എന്ന കാര്യത്തിലായി അന്ന് സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം.

കൊളോണിയല്‍ കാലഘട്ടത്തെ വനംകൊള്ളയെ ഇന്നും അപലപിക്കുന്ന സി.പി.എം അധികാരത്തിലെത്തിയ അവസരങ്ങളില്‍ കാടും കുന്നുകളും പാറമടകളും തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കാനുള്ള എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തി. സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസത്തിനകം പരിസ്ഥിതിയുടെ അവസ്ഥയെക്കുറിച്ച് ധവളപത്രമിറക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം. മുന്‍ സര്‍ക്കാരിന്റെ പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കുമെന്നും ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഡേറ്റാ ബാങ്കുകള്‍ രൂപീകരിക്കുമെന്നും നിയമം ശക്തിപ്പെടുത്തുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍,  അധികാരത്തിലെത്തിയതോടെ പിണറായി വിജയന്‍ ഈ നിയമം ഉദാരീകരിച്ച് അതിനെ തീര്‍ത്തും നിഷ്ഫലമാക്കി. 2008-ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ അന്തസ്സുയര്‍ത്തിയ നിയമനിര്‍മാണത്തെ 2018-ലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതാക്കി. എങ്ങനെ വയല്‍ നികത്താതെ നോക്കാം എന്നതിനു പകരം എങ്ങനെയെല്ലാം വയല്‍ നികത്താം എന്നു നിര്‍ദ്ദേശിക്കുന്ന നിയമമായി അത് മാറുകയും ചെയ്തു. ഉള്ളതുകൂടി ഇല്ലായ്മ ചെയ്യുന്നതിനുതകുന്ന ഭേദഗതികളായിരുന്നു ഇടതുപക്ഷത്തിന്റെ സംഭാവന. ഭൂപരിഷ്‌കരണത്തിലൂടെ സമ്പന്നരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത്  ദരിദ്രര്‍ക്കു  നല്‍കി എന്ന് അഭിമാനിക്കുന്നവരുടെ പിന്‍മുറക്കാര്‍ സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുത്ത് കുത്തകകള്‍ക്ക് നല്‍കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു.

മാധവ് ​ഗാഡ്​ഗിൽ
മാധവ് ​ഗാഡ്​ഗിൽ

ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധിയില്‍ ഇളവു വരുത്തിക്കൊണ്ടായിരുന്നു മറ്റൊരു 'വികസന' നീക്കം സര്‍ക്കാര്‍ നടത്തിയത്. കേരളത്തില്‍ ചെറുതും വലുതുമായി 5,600-ലധികം ക്വാറികളാണുള്ളത്. അവ മലകള്‍ തുരന്നുകൊണ്ടേയിരിക്കുന്നു. അതിനേര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ ആയിരുന്നു.  2018-ലെ മഹാപ്രളയവും ഉരുള്‍പൊട്ടലുകളും കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. പരിസ്ഥിതിലോല മേഖലകളില്‍ ക്വാറികള്‍ അനുവദിക്കുന്നതു വിലക്കിക്കൊണ്ടുള്ള 2013-ലെ ഉത്തരവില്‍നിന്നു കേരളത്തിലെ 4000 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലകളെ ഒഴിവാക്കി. പ്രളയത്തിനു മുന്‍പ് 2018 മേയ് 4-നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം. ഇതോടെ പ്രളയത്തിനുശേഷം ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ആരംഭിച്ചത് 119 ക്വാറികളായിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്നു. എന്നിട്ടും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പശ്ചിമഘട്ടത്തിനും തീരദേശത്തിനും വരും നാളുകളില്‍ പ്രത്യേക സംരക്ഷണം നല്‍കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിലവിലുണ്ടായിരുന്ന പല സംരക്ഷണവും എടുത്തുകളയാനാണ് ശ്രമിച്ചത്. മരടിലേതുപോലെ തന്നെ 12,000 അനധികൃത നിര്‍മ്മാണങ്ങള്‍ തീരദേശങ്ങളിലുണ്ടെന്ന് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മറ്റും  അറിഞ്ഞത് സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു. 

പ്രളയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തത്തെ മറികടക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കി സ്വകാര്യ സംരംഭകരെ സഹായിക്കാനാണ് അധികാരവര്‍ഗ്ഗം തീരുമാനിച്ചത്. അവശേഷിക്കുന്ന പുഴകള്‍ കയ്യേറാന്‍, നെല്‍പ്പാടം നികത്താന്‍, മലകള്‍ തുരക്കാന്‍, പാറ പൊട്ടിച്ചു കടത്താന്‍  സര്‍ക്കാര്‍ വേണ്ടതെല്ലാം ഉറപ്പാക്കുകയാണ് വീണ്ടും. ഇത്തരത്തിലെ മറ്റൊരു പ്രഖ്യാപനമാണ് സില്‍വര്‍ ലൈന്‍ എന്ന പേരില്‍ തിരുവനന്തപുരം കാസര്‍ഗോഡ് വരെ നീളുന്ന അര്‍ദ്ധ അതിവേഗ തീവണ്ടിപ്പാത. 531 കിലോമീറ്റര്‍ വരുന്ന ഈ ഇരട്ടപ്പാതയ്ക്ക് 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ രണ്ടുവരി റെയില്‍പ്പാത കൂടി ആവശ്യമുണ്ടെന്നിരിക്കെ ഇപ്പോഴുള്ള റെയിലിനോട് സമാന്തരമായി ഇത് നിര്‍മ്മിക്കാം. കൊച്ചുവേളി മുതല്‍ തിരൂര്‍ വരെ പുതിയ പ്രദേശങ്ങളിലൂടെയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള ഇരട്ടിപ്പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. അതിനായി 1300 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടിവരും. ജനവാസസ്ഥലങ്ങളെ ഒഴിവാക്കി, കെട്ടിടങ്ങളും വീടുകളും പരമാവധി ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, നെല്‍വയലുകളിലൂടെയും തണ്ണീര്‍ത്തടങ്ങളിലൂടെയും പാത കടന്നുപോകുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം വളരെ വലുതായിരിക്കും.

കാടിനു വേണ്ടിയുള്ള സമരം. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ 413 ചതുരശ്ര കിലോമീറ്ററിൽ എട്ട് കാട കുടികളാണ് ഇനി അവശേഷിക്കുന്നത്
കാടിനു വേണ്ടിയുള്ള സമരം. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ 413 ചതുരശ്ര കിലോമീറ്ററിൽ എട്ട് കാട കുടികളാണ് ഇനി അവശേഷിക്കുന്നത്

സ്വപ്നപദ്ധതിയെന്ന് മുന്‍പു വിശേഷിപ്പിക്കപ്പെട്ടിരുന്ന വിഴിഞ്ഞം പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് തീരത്തുണ്ടാക്കിയത്. 1460 ദിവസങ്ങള്‍കൊണ്ട് പണി പൂര്‍ത്തിയാക്കും എന്ന ഉറപ്പില്‍ 2015 ഡിസംബര്‍ 5-ന് നിലവില്‍ വന്ന അദാനിയുമായുള്ള വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ 1600 ദിവസം കഴിഞ്ഞിട്ടും എങ്ങും എത്താതെ തുടരുകയാണ്.  20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കുന്നതിന് ഇളവ് നല്‍കാനാണ് മറ്റൊരു പരിസ്ഥിതിവിരുദ്ധ തീരുമാനം. കെട്ടിട നിര്‍മ്മാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് നിഷ്‌കര്‍ഷിച്ചിരുന്നു. ഇപ്രകാരം പെര്‍മിറ്റ് സമ്പാദിക്കാന്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമസ്ഥരില്‍നിന്നും സമ്മതപത്രം, റവന്യൂ രേഖകള്‍, സര്‍വ്വേ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു. ഈ മുന്നൂറാണ് ഒറ്റയടിക്ക് 20,000 ആക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിതിക അനുമതി നല്‍കുന്നതില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ ഈ രംഗത്തെ സാഹചര്യം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്രയോ ഭിന്നമാണ്. ഈ നിയമം നടപ്പിലാകുന്നതോടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളായിരിക്കും നേരിടേണ്ടിവരിക.

വാഴച്ചാലിലെ കോളനി/ ചിത്രം: ഷഫീഖ് താമരശേരി
വാഴച്ചാലിലെ കോളനി/ ചിത്രം: ഷഫീഖ് താമരശേരി

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പന്മാരെന്നു വിശേഷിപ്പിക്കുന്ന രാഷ്ട്രീയനേതാക്കള്‍ മറ്റൊരു കാലത്തെ സമീപനങ്ങള്‍ യാന്ത്രികമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ വികലമായ വികസന സങ്കല്പം പിന്തിരിപ്പനും പഴകിയതാണെന്നും ഇനിയും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. പ്രളയത്തിനുശേഷമുള്ള നവകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ പണക്കണക്കുകളില്‍ മാത്രമായി പുതിയൊരു കേരളത്തെ ഉണ്ടാക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയം അവര്‍ക്ക് എന്നാകും ഉള്‍ക്കൊള്ളാനാവുക.

കസ്തൂരിരം​ഗൻ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുട നേതൃത്വത്തിൽ നടന്ന സമരം. ​ഗാഡ്​ഗിലിന്റെ നിർദ്ദേശങ്ങളെ വെള്ളം ചേർത്ത കസ്തൂരിരം​ഗൻ റിപ്പോർട്ട് പോലും അം​ഗീകരിക്കാൻ ഇവർ തയ്യാറായില്ല
കസ്തൂരിരം​ഗൻ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുട നേതൃത്വത്തിൽ നടന്ന സമരം. ​ഗാഡ്​ഗിലിന്റെ നിർദ്ദേശങ്ങളെ വെള്ളം ചേർത്ത കസ്തൂരിരം​ഗൻ റിപ്പോർട്ട് പോലും അം​ഗീകരിക്കാൻ ഇവർ തയ്യാറായില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com