'ഇപ്പോള്‍ മറ്റൊന്നും ആലോചിക്കുന്നില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാം ബിജെപിയുടെ സ്ട്രാറ്റജി'- കെ സുരേന്ദ്രൻ
By കെ. സുരേന്ദ്രന്‍/പി.എസ്. റംഷാദ് | Published: 04th March 2020 05:42 PM |
Last Updated: 04th March 2020 05:42 PM | A+A A- |

കെ സുരേന്ദ്രൻ- ഫോട്ടോ/ ബിപി ദീപു/ എക്സ്പ്രസ്
കേരളത്തിലെ രണ്ടു പ്രധാന ന്യൂനപക്ഷ സമുദായങ്ങളും ഒറ്റക്കെട്ടായി ബി.ജെ.പിയെ എതിര്‍ക്കുന്ന കാലം അവസാനിക്കുകയാണ് എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ''രണ്ട് ന്യൂനപക്ഷ സമുദായങ്ങളും ഒറ്റക്കെട്ടായിനിന്നു ചിന്തിക്കാനുള്ള സാധ്യത ഇനിയില്ല. ക്രിസ്ത്യന്‍ സമുദായം ഇതിനേക്കാള്‍ ന്യൂനപക്ഷമായ പല സംസ്ഥാനങ്ങളിലും അവരില്‍നിന്ന് ബി.ജെ.പിക്ക് അനുകൂലമായി ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റം, ആഗോളതലത്തില്‍ ക്രിസ്ത്യന്‍ സമുദായം നേരിടുന്ന വെല്ലുവിളികള്‍ ഇതൊക്കെ കാരണങ്ങളാണ്. മുസ്ലിം ഭീകരവാദത്തിന്റെ ഭീഷണി അവരും നേരിടുന്നുണ്ട്. അതിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഇനിയും വര്‍ദ്ധിച്ചുവരാനാണ് സാധ്യത. അത് ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നുണ്ട്; ആ മാറ്റം ബി.ജെ.പിക്ക് ഗുണകരമാകും'' - സുരേന്ദ്രന്‍ പറയുന്നു.
------
പ്രധാന ന്യൂനപക്ഷ സമുദായങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിലേക്കാണ് ബി.ജെ.പി കൂടുതല്‍ ഫോക്കസ് ചെയ്യുന്നത് എന്നാണോ?
അതല്ല. പക്ഷേ, സാഹചര്യം അങ്ങനെയായിരിക്കുന്നു. അതിനര്‍ത്ഥം മുസ്ലിം സമുദായത്തില്‍ റീച്ച് വേണ്ട എന്നല്ല. എങ്കിലും യാഥാര്‍ത്ഥ്യവും ആഗ്രഹവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മുസ്ലിം സമുദായത്തിന്റെയാകെ പിന്തുണ കിട്ടണം എന്ന് ആഗ്രഹിച്ചതുകൊണ്ടു കാര്യമില്ല. യാഥാര്‍ത്ഥ്യം അത്ര സുഖകരമല്ല. ഒറ്റയടിക്ക് മുസ്ലിം സമുദായത്തില്‍ ചെന്ന് റീച്ചുണ്ടാക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ നടക്കുന്ന കാര്യമല്ല. അപ്പോള്‍ സ്വാഭാവികമായ മറ്റൊരു ഓപ്ഷന്‍ എന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യങ്ങളും കൂടി കണക്കിലെടുക്കുമ്പോള്‍ മറ്റൊന്നാണ്. അതു പ്രയോജനപ്പെടുത്താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ശ്രമിക്കുന്നത് തെറ്റല്ല.
കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ടു നേടുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിക്കഴിഞ്ഞു. പക്ഷേ, അതു തെരഞ്ഞെടുപ്പുകളിലെ വിജയമാക്കി മാറ്റാന്‍ കേരളത്തിലെ ശക്തമായ മുന്നണി സംവിധാനത്തിനിടയില്‍ കഴിയുന്നില്ല. എന്‍.ഡി.എ ഇവിടെ ദുര്‍ബ്ബലവുമാണ്. ഈ സ്ഥിതി മറികടക്കാന്‍ താങ്കളെന്താണ് ചെയ്യാന്‍ പോകുന്നത്?
ഞങ്ങളുടെ സ്വന്തം ശക്തി കുറച്ചുകൂടി ദൃഢമാക്കുകയാണ് ആദ്യം ചെയ്യാന്‍ പോകുന്നത്. അതിനുള്ള കഠിനപരിശ്രമം നടത്തും. എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ബി.ഡി.ജെ.എസ് ആണ് പ്രധാനമായുമുള്ളത്. ബി.ഡി.ജെ.എസ്സിന്റെ വരവിനെ വോട്ടിന്റെ മാത്രം അടിസ്ഥാനത്തിലല്ല ബി.ജെ.പി കാണുന്നത്. പരമ്പരാഗതമായി അധികം ഞങ്ങളുടെ കൂടെയില്ലാത്ത ഒരു ജനവിഭാഗത്തിനിടയില്‍ എത്താന്‍വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് അത്. അതില്‍ കുറേയൊക്കെ ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇനി മറ്റു ജനവിഭാഗങ്ങളിലേക്ക്, അതായത് അടിസ്ഥാന, പിന്നാക്ക പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളിലേയ്ക്ക് പ്രവര്‍ത്തനം കൂടുതല്‍ എത്തിക്കാനുള്ള ശ്രമം വേണം. ഞങ്ങളുടെ നിലവിലുള്ള വോട്ട് അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ പുതിയ സ്ഥലങ്ങളിലേക്ക്, പുതിയ ജനവിഭാഗങ്ങളിലേയ്ക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം എത്തിക്കണം.
എങ്ങനെയുള്ള മാര്‍ഗ്ഗങ്ങളാണ് ഉദ്ദേശിക്കുന്നത്?
ജനങ്ങളിലേക്കു പോകുമ്പോള്‍ അതു വ്യക്തമാകും. ജനങ്ങള്‍ ഞങ്ങളെ പകരക്കാരായി കാണാന്‍ തയ്യാറാണ്. പക്ഷേ, ഞങ്ങള്‍ക്കു വോട്ടു ചെയ്താല്‍ വിജയിച്ചുവരുമോ എന്ന സംശയത്തിന്റെ പേരിലാണ് ചെയ്യണമെന്നു വിചാരിക്കുന്ന പലരും പലയിടത്തും വോട്ടു ചെയ്യാത്തത്. ഫലപ്രദമായ ബദല്‍ ശക്തിയായി ഞങ്ങള്‍ മാറുന്നുവെന്ന് കണ്ടാല്‍പ്പിന്നെ ഞങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ മടിക്കില്ല. മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ അടുത്തകാലത്തെ തെരഞ്ഞെടുപ്പുകളില്‍ രണ്ടും മൂന്നും ഇരട്ടി വോട്ട് പല മണ്ഡലങ്ങളിലും ഞങ്ങള്‍ നേടി. ജയിക്കാനുള്ള സാധ്യത പ്രകടമായപ്പോഴാണ് ആളുകള്‍ അങ്ങനെ വോട്ടു ചെയ്തത്. പക്ഷേ, ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു ത്രികോണ മത്സരം ഇല്ലെന്നും വളരെക്കുറച്ച് മണ്ഡലങ്ങളില്‍ മാത്രമേ ഞങ്ങളുടെ കാര്യമായ പ്രവര്‍ത്തനംപോലും നടക്കുന്നുള്ളു എന്നും തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ത്തന്നെ മറ്റു രണ്ട് മുന്നണികളും കൂടി വരുത്തിത്തീര്‍ക്കും. ഞങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെപ്പോലും ചെറുതാക്കിക്കാണിക്കും. കാര്യമായ തയ്യാറെടുപ്പുകളോടെയും സന്നാഹങ്ങളോടെയും എപ്പോഴൊക്കെ ഞങ്ങള്‍ മത്സരിച്ചിട്ടുണ്ടോ, നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. അരുവിക്കര, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകള്‍ അതിന്റെ നല്ല ഉദാഹരണമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ആറ്റിങ്ങലും തൃശൂരും പാലക്കാടും ഉണ്ടായതുപോലുള്ള മാറ്റം ഉദാഹരണമാണ്. അങ്ങനെയുള്ള മാറ്റം പൊതുവായി എല്ലായിടത്തും ഉണ്ടാകുന്നില്ലെങ്കിലും ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്നുണ്ട്. ആ ഒരു രീതിയിലേയ്ക്ക് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള പരിശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നത് ഇതൊരു വര്‍ഗ്ഗീയ സ്വഭാവമുള്ള പാര്‍ട്ടിയായതുകൊണ്ടാണ് എന്നാണ് പൊതുവേ പറയാറ്. ആ പ്രതിച്ഛായ മാറ്റാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?
സത്യത്തില്‍ കേരളത്തില്‍ ബി.ജെ.പിക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട ഒരു ആരോപണമാണ് അത്. ബി.ജെ.പി അങ്ങനെ വര്‍ഗ്ഗീയമായി വിഷയങ്ങള്‍ എടുക്കുകയോ വര്‍ഗ്ഗീയ അജന്‍ഡയോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാനാകില്ല. പക്ഷേ, ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന ആരോപണം ദശാബ്ദങ്ങളായി ഞങ്ങളുടെമേല്‍ അടിച്ചേല്പിച്ചിരിക്കുകയാണ്. അതു ബോധപൂര്‍വ്വമാണ്. കാരണം, രണ്ട് ന്യൂനപക്ഷ സമുദായങ്ങളും ചേര്‍ന്നുള്ള വോട്ടുബാങ്ക് അടിത്തറ കേരളത്തില്‍ അമ്പത് ശതമാനത്താളമായിരിക്കുന്നു. ആ ഒരു സാമൂഹിക പശ്ചാത്തലമാണ് ഇങ്ങനെയൊരു പ്രചാരണത്തിനു രണ്ടു മുന്നണികളേയും പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ അതിനു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ വ്യാപകമായ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. അത് ബി.ജെ.പിയായി ഉണ്ടാക്കിയെടുത്തതൊന്നുമല്ല; ഞങ്ങള്‍ ബോധപൂര്‍വ്വം ശ്രമിച്ചതുകൊണ്ട് ഉണ്ടായ മാറ്റവുമല്ല. മുസ്ലിം തീവ്രവാദത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതും ആ തീവ്രവാദം സാമൂഹിക ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്നതുമൊക്കെ കണ്ടിട്ട് ആ സമുദായത്തില്‍ മാനസികമായ ഒരു മാറ്റം വന്നിട്ടുണ്ട്. സാഹചര്യങ്ങളാണ് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നടങ്കം ഒരിടത്തേക്കു പോയി. അതുകൊണ്ടാണ് യു.ഡി.എഫിന് 19 സീറ്റുകള്‍ കിട്ടിയത്. പക്ഷേ, തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ രണ്ടു ന്യൂനപക്ഷ സമുദായത്തിന്റേയും വോട്ടുകള്‍ ഒരേ പെട്ടിയിലേയ്ക്കു പോകുന്നതല്ല കണ്ടത്. അതു പ്രധാനമാണ്. ഇപ്പോള്‍ ബി.ജെ.പിക്കു ജയിക്കാന്‍ 50 ശതമാനം വോട്ടു വേണ്ട, 35 ശതമാനം മതി. കേരളത്തില്‍ ഇന്ന് ആറുപേരില്‍ ഒരാള്‍ ബി.ജെ.പിക്കാരനാണ്; അതു മൂന്നു പേരിലൊരാള്‍ ആക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മൂന്നുപേര്‍ നടന്നുപോകുമ്പോള്‍ ഒരാള്‍ ബി.ജെ.പിക്കാരന്‍ അല്ലെങ്കില്‍ ബി.ജെ.പിക്കാരി ആകണം. കഠിനമായ പരിശ്രമം ആവശ്യമാണെങ്കിലും അത് അസാധ്യമായ ഒരു കാര്യമല്ല. പ്രസിഡന്റ് എന്ന നിലയില്‍ എന്റെ മുന്നിലുള്ള ആദ്യ കടമ അതാണ്. വോട്ട് അടിത്തറ ഇരട്ടിയാക്കാനുള്ള പരിശ്രമം നടത്തുക.
ആ കടമ നിറവേറ്റാന്‍ പാര്‍ട്ടിയും മുന്നണിയും ശക്തമായിരിക്കേണ്ടേ?
തീര്‍ച്ചയായും. അതിനുള്ള വലിയ ശ്രമങ്ങള്‍ ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ അടിത്തറ വര്‍ധിപ്പിച്ചുകൊണ്ടാണ് മുന്നണി വിപുലപ്പെടുത്തിയിട്ടുള്ളത്. സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കുമ്പോള്‍ മുന്നണിയെന്ന നിലയില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടിവരും. സ്വന്തം ശക്തി വര്‍ദ്ധിച്ചില്ലെങ്കില്‍ മുന്നണി ഉണ്ടായിട്ടും കാര്യമില്ല. സാമുദായിക സംഘടനകള്‍ സഹായിക്കുന്നില്ല എന്നു ഞങ്ങള്‍ പലപ്പോഴും പറയാറുള്ള കാര്യമാണ്. പക്ഷേ, സ്വന്തം അടിത്തറ വിപുലമല്ലെങ്കില്‍ സാമുദായിക സംഘടനകള്‍ പിന്തുണച്ചാലും ചിലപ്പോള്‍ ജയിക്കണമെന്നില്ല. ഒരു 20-25 ശതമാനം വോട്ട് പങ്കാളിത്തത്തിലേക്കു ഞങ്ങള്‍ എത്തുമ്പോള്‍ സ്വാഭാവികമായും സഖ്യകക്ഷികളും ജനവിഭാഗങ്ങളും വരും. വിജയസാധ്യതയാണ് എല്ലാത്തിനും പ്രധാനം. ആ വിജയസാധ്യത ഉണ്ടാക്കുക എന്നതാണ് പരമപ്രധാനമായ കാര്യം.
ക്രിസ്ത്യന്‍ സമുദായം രണ്ടു മുന്നണികളില്‍നിന്നും അകലുന്നുവെന്നും അതിന്റെ ഗുണം ബി.ജെ.പിക്കു കിട്ടുമെന്നും പറഞ്ഞു. മുസ്ലീങ്ങളെ വിശ്വാസത്തിലെടുക്കാതെയും അവരുടെ വിശ്വാസം നേടാതെയും ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്വന്തം അടിത്തറ വിപുലപ്പെടുത്താന്‍ കഴിയുമോ?
വിശ്വാസത്തിലെടുക്കുക എന്നു പറഞ്ഞാല്‍ തൊലിപ്പുറമേയുള്ള എന്തെങ്കിലും ചികില്‍സകൊണ്ട് കാര്യമില്ല. ഇപ്പോള്‍ നടക്കുന്നത് അന്ധമായ പ്രചരണമാണ്; മുസ്ലിങ്ങള്‍ക്ക് എതിരായ നീക്കം നടത്തുന്നു, മുസ്ലിങ്ങളെ ഒരു പ്രത്യേക കമ്പാര്‍ട്ടുമെന്റിലാക്കാന്‍ ശ്രമിക്കുന്നു, മുസ്ലിങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു തുടങ്ങി പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലുള്ള പ്രചരണം വളരെ രൂക്ഷമാണ്. ആ പ്രചരണം പക്ഷേ, അധികകാലം നില്‍ക്കില്ല. കാരണം, മുസ്ലിം സമുദായത്തിനു പ്രത്യേകിച്ച് എന്തെങ്കിലും ദോഷം വരില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ അവര്‍ ഇപ്പോഴത്തെപ്പോലെതന്നെ ചിന്തിക്കണം എന്നില്ല. സ്ട്രാറ്റജിക്കല്‍ വോട്ടിംഗ് മുന്‍പും ഉണ്ടായിട്ടുണ്ട്. പൗരത്വ നിയമഭേദഗതി വന്നതുകൊണ്ടൊന്നുമല്ല. 1992-ല്‍ ആണല്ലോ ഡിസംബര്‍ ആറിനുണ്ടായത്; പക്ഷേ, 1991-ല്‍ ആണ് കെ.ജി. മാരാര്‍ക്കതിരായി ഏറ്റവും നീചമായ സ്ട്രാറ്റജിക്കല്‍ വോട്ടിംഗ് ഉണ്ടായത്. ആയിരം വോട്ടിനു മാരാര്‍ജി പരാജയപ്പെട്ടത് ബാബറി മസ്ജിദ് സംഭവത്തിനു മുന്‍പാണ്. അതിനര്‍ത്ഥം സ്ട്രാറ്റജിക് വോട്ടിംഗ് മുന്‍പും ഉണ്ടായിരുന്നു എന്നാണ്. ഇപ്പോഴത് കുറച്ചുകൂടി ശക്തമായി എന്നത് ശരിയാണ്. എന്നാല്‍, അന്നത്തേതില്‍നിന്നും ഉണ്ടായ ഒരു വ്യത്യാസം എന്താണെന്നു വച്ചാല്‍ രണ്ട് ന്യൂനപക്ഷ സമുദായങ്ങളും ഒറ്റക്കെട്ടായിനിന്നു ചിന്തിക്കാനുള്ള സാധ്യത ഇനിയില്ല. ഇതിനേക്കാള്‍ ന്യൂനപക്ഷമായ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ സമുദായത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റം, ആഗോളതലത്തില്‍ ക്രിസ്ത്യന്‍ സമുദായം നേരിടുന്ന വെല്ലുവിളികള്‍ ഇതൊക്കെ കാരണങ്ങളാണ്. ഐ.എസ് ഭീഷണി കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മാത്രവുമല്ല. ആഗോളതലത്തില്‍ നോക്കുമ്പോള്‍ അവരുടെ ആരാധനാലയങ്ങള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍, പാകിസ്താനിലേയും ശ്രീലങ്കയിലേയും ആക്രമണങ്ങള്‍, അവരുടെ ജനസംഖ്യ പല രാജ്യങ്ങളിലും കുറയുന്നത് ഇതിലൊക്കെ അവര്‍ക്ക് വലിയ ഉല്‍ക്കണ്ഠയുണ്ട്. മുസ്ലിം ഭീകരവാദത്തിന്റെ ഭീഷണി അവരും നേരിടുന്നുണ്ട്. അതിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഇനിയും വര്‍ദ്ധിച്ചുവരാനാണ് സാധ്യത. അത് ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നുണ്ട്; ആ മാറ്റം ബി.ജെ.പിക്ക് ഗുണകരമായി മാറും.
ഞങ്ങള്‍ മുസ്ലിം വിരുദ്ധരല്ല എന്നു ബോധ്യപ്പെടുത്താനും സ്ഥാപിച്ചെടുക്കാനും ബോധപൂര്‍വ്വമായ പ്രചാരണം നടത്തുക ബി.ജെ.പിയുടെ കാര്യപരിപാടിയിലുണ്ടോ?
അങ്ങനെ പ്രചരണം നടത്തി സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല. പെട്ടെന്നൊരു ദിവസം രാവിലെ എഴുന്നേറ്റ്, മുസ്ലിങ്ങളെല്ലാം ഞങ്ങളുടെ കൂടെ പോരണം എന്നു പറയുന്നത് പ്രായോഗികമായി കാര്യമുള്ള ഒന്നല്ല. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കു മാറ്റമുണ്ടാകണം. ആ മാറ്റം സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. പൗരത്വ നിയമ ഭേദഗതിതന്നെ നടപ്പായിക്കഴിയുമ്പോള്‍ അതില്‍ മറ്റു പ്രത്യാഘാതങ്ങളൊന്നുമില്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടുമല്ലോ. എന്‍.ആര്‍.സിയുടെ കാര്യത്തില്‍ വലിയ ആശങ്ക പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആ ആശങ്ക അസ്ഥാനത്താണെന്ന് അവര്‍ക്ക് പ്രായോഗികമായി മനസ്സിലാകും. കുറച്ചുകഴിയുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുകതന്നെ ചെയ്യും.
പൗരത്വ നിയമ ഭേദഗതിപോലുള്ള കാര്യങ്ങളോടും ദേശീയ തലത്തില്‍ മുസ്ലിങ്ങള്‍ക്കുള്ള ആശങ്ക കേരളത്തില്‍ മാത്രമായി മാറ്റാന്‍ ശ്രമിച്ചിട്ട് കാര്യമുണ്ടോ?
കേന്ദ്രസര്‍ക്കാരും പാര്‍ട്ടിയും ദേശീയതലത്തില്‍ത്തന്നെ ഇതിനു മാറ്റം വരുത്താന്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. മുസ്ലിം വിദ്യാഭ്യാസം, മുസ്ലിം സ്ത്രീകളുടെ സാമൂഹികനീതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍, മുസ്ലിം ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ തുടങ്ങിയ ഭാവനാത്മകമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതു കുറച്ചെങ്കിലും പ്രതിഫലിച്ചിട്ടുമുണ്ട്. പക്ഷേ, കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും നടത്തുന്ന ഹേറ്റ് ക്യാംപെയിന്‍ മുസ്ലിങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്നു ഞാന്‍ സമ്മതിക്കുന്നു. കാലം അതിനെ മായ്ച്ചുകളയും എന്നു വിശ്വസിക്കുകയും ചെയ്യുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാന്‍ കെ. സുരേന്ദ്രന്‍ എന്ത് ഒത്തുതീര്‍പ്പുകളാണ് ചെയ്യേണ്ടിവന്നത്?
അങ്ങനെ ആരെങ്കിലുമൊരു വ്യക്തി ശ്രമിച്ചാല്‍ അയാള്‍ക്ക് ബി.ജെ.പിയുടെ പ്രസിഡന്റാകാന്‍ കഴിയില്ല. ആരെങ്കിലും ഞങ്ങളുടെ പാര്‍ട്ടിയില്‍ അതിനുവേണ്ടി ലോബിയിംഗ് നടത്തിയാല്‍ അതിനു ഫലമുണ്ടാവുകയുമില്ല. മാത്രമല്ല, ബി.ജെ.പിയുടെ ഹൈക്കമാന്റ് ഇപ്പോള്‍ വളരെ ശക്തമാണ്, ദുര്‍ബ്ബലമായ ഹൈക്കമാന്റല്ല. അവര്‍ എല്ലാ കാര്യങ്ങളും വിലയിരുത്തും. ഓരോ പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍, ഇടപെടലുകള്‍, പെരുമാറ്റം, ജീവിതശൈലി ഇതൊക്കെ വിശദമായി വിലയിരുത്തിയാണ് തീരുമാനമെടുക്കുക. അതല്ലാതെ ആരുടെയെങ്കിലും ലോബിയിങോ സമ്മര്‍ദ്ദമോ ആളുകളെ തെരഞ്ഞെടുക്കുന്നതില്‍ ഒരു കാരണവശാലും ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ നടക്കില്ല. പ്രസിഡന്റു സ്ഥാനത്തേയ്ക്കു പറഞ്ഞുകൊണ്ടിരുന്ന പേരുകാരില്‍ ആരും തന്നെ ഡല്‍ഹിയില്‍ പോയി പ്രത്യേകിച്ച് ലോബിയിങ് നടത്തുകയോ നേതാക്കളെ കാണുകയോ ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും കഴമ്പില്ല. പല പേരുകളും പരിഗണിച്ചു എന്നതു ശരിയാണ്. ധാരാളം ചെറുപ്പക്കാര്‍ ബി.ജെ.പിയുടെ നേതൃനിരയിലുണ്ട്. ജില്ലാ പ്രസിഡന്റുമാര്‍ക്ക് 50 വയസ്സും മണ്ഡലം പ്രസിഡന്റുമാര്‍ക്ക് 45 വയസ്സുമായി പ്രായപരിധി നിശ്ചയിച്ചു. അങ്ങനെ പരിമിതപ്പെടുത്തുമ്പോള്‍ കുറച്ചൊരു വിഷമമുണ്ടാകും എന്നതു ശരിയാണ്. പക്ഷേ, ഒരു തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പിയില്‍. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 35 വയസ്സു കഴിഞ്ഞവര്‍ ഒരു കാരണവശാലും വേണ്ട എന്ന തീരുമാനം നടപ്പാക്കാനാണ് തീരുമാനം. ഇതു മറ്റു പാര്‍ട്ടികള്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. അര്‍ഹതയുള്ള ധാരാളം പേര്‍ നേതൃനിരയില്‍ ഉണ്ടാകുമ്പോള്‍ പല പേരുകളും വരും. പണ്ടെന്നുവച്ചാല്‍, രാമന്‍പിള്ള സാര്‍ മാറി മാരാര്‍ജി വരുന്നു, മാരാര്‍ജി മാറി രാമന്‍പിള്ള സാര്‍ വരുന്നു, അല്ലെങ്കില്‍ രാജേട്ടന്‍ മാറി രാമന്‍പിള്ള സാര്‍ വരുന്നു അങ്ങനെയായിരുന്നു. പക്ഷേ, ഇപ്പോള്‍ അതിനും താഴെ ധാരാളം പേരുകളുണ്ട്. ഞാന്‍ അതിനെ ഒരു ദൗര്‍ബ്ബല്യമായല്ല ശക്തിയായാണ് കാണുന്നത്. ഒരു ജനാധിപത്യ കക്ഷിയില്‍ അങ്ങനെ ഒരു സ്ഥാനത്തേക്കു പല പേരുകള്‍ വരുന്നതു തെറ്റായ കാര്യമല്ല.
മുന്‍പ് രണ്ട് വട്ടം താങ്കള്‍ക്ക് പ്രസിഡന്റാകാന്‍ അവസരം വന്നെങ്കിലും നടക്കാതിരുന്നത് കേരളത്തിലെ ആര്‍.എസ്.എസ്സിന് അഭിമതനല്ലാത്തതുകൊണ്ടാണ് എന്ന് പരക്കെ കേട്ടിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയതുകൊണ്ടുകൂടിയാണോ പ്രസിഡന്റാകാന്‍ കഴിഞ്ഞത്?
ഒരു വ്യക്തിയെ മാറ്റിനിര്‍ത്തുന്നതല്ല ആര്‍.എസ്.എസ്സിന്റെ രീതി. ഓരോ സാഹചര്യങ്ങളില്‍ ആരാണ് കൂടുതല്‍ പരിഗണിക്കപ്പെടേണ്ട ആള്‍ എന്നാണ് നോക്കുക. ഒരു ടീമിനെ ആര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നാണ് സംഘം ആഗ്രഹിക്കുന്നത്. സുരേന്ദ്രന് പ്രസിഡന്റു പദവി കൊടുത്താല്‍ എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയുമോ എന്നു സംശയമുണ്ടായിരുന്ന കാലത്ത് ചിലപ്പോള്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ, ഇപ്പോള്‍ വിഭാഗീയതയുടെ ഒരുകാലമല്ല എന്നും എല്ലാവരും ഒന്നിച്ചുപോകണം എന്നാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും മനസ്സിലാക്കുമ്പോള്‍ ഇന്നയാള്‍ക്ക് അങ്ങനെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്നായിരിക്കും നോക്കിയിട്ടുണ്ടാവുക. അല്ലാതെ നിയതമായ, ലിഖിതമായ എന്തിന്റെയെങ്കിലും അടിസ്ഥാനത്തിലല്ല, ഫ്‌ലെക്‌സിബിളാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറുകയും മറിയുകയും ചെയ്യാം.
എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ശേഷിയിലേയ്ക്ക് കെ. സുരേന്ദ്രന്‍ വളര്‍ന്നു എന്നാണോ?
എന്റെ അനുഭവപരിചയം കണക്കിലെടുത്തിട്ടുണ്ടാകാം. ഞാന്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എനിക്കാണ്. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ അതു വിലയിരുത്തപ്പെടും; എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ വിജയിച്ചാല്‍ അതും വിലയിരുത്തപ്പെടും. എന്നും ഒരാള്‍ക്കുതന്നെ പദവിയിലിരിക്കാന്‍ പറ്റില്ല. അതുകൊണ്ട്, സുരേന്ദ്രന്‍ എന്ന വ്യക്തി പ്രസിഡന്റായാല്‍ അയാളുടെ ജാതകം അയാള്‍ തന്നെയാണ് തീരുമാനിക്കുക. ഞാന്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നെ വിലയിരുത്തുക. അതിനു സമയമായിട്ടില്ല. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടിക്കും സംഘത്തിനും മാധ്യമങ്ങള്‍ക്കുമെല്ലാം വിലയിരുത്താന്‍ അവസരമുണ്ടാകും. അതിനെക്കുറിച്ചു ഞാന്‍ തികഞ്ഞ ബോധവാനാണ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നു. അതു പുതിയ പ്രസിഡന്റിന്റെ മാറ്റുരയ്ക്കലാകില്ലേ?
ഉറപ്പായും. രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്റ്റോക്കെടുപ്പു നടത്തുന്നത് എത്ര സമ്മേളനം നടത്തിയെന്നോ എത്ര സമരം നടത്തിയെന്നോ നോക്കിയിട്ടല്ല, എത്ര വോട്ടുകിട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ രണ്ട് തെരഞ്ഞെടുപ്പുകള്‍ വളരെ പ്രധാനമാണ്.
താങ്കള്‍ ചുമതലയേറ്റ ചടങ്ങില്‍നിന്നു പ്രധാന നേതാക്കളായ കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും വിട്ടുനിന്നു. എം.ടി. രമേശ് റെയില്‍വേ സ്റ്റേഷനില്‍ വന്നെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല. എ.എന്‍. രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഒടുവില്‍ വന്നു തല കാണിച്ചിട്ടുപോയി. താങ്കള്‍ക്കു കാര്യങ്ങള്‍ അത്ര സുഗമമായിരിക്കില്ല എന്ന സന്ദേശമല്ലേ ഇത്?
കുമ്മനം രാജേട്ടന് തിരുവനന്തപുരത്തിനു പുറത്തു മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നതുകൊണ്ടുമാത്രമാണ് വരാതിരുന്നത്. തലേന്നുവരെ അദ്ദേഹം കേരളത്തില്‍ ഉണ്ടായിരുന്നില്ല. അവിടെനിന്നു നേരെ കൊച്ചിയില്‍ വന്നു നേരത്തെ നിശ്ചയിച്ച പരിപാടിക്കു പോവുകയാണുണ്ടായത്. എം.ടി. രമേശ് റെയില്‍വേ സ്റ്റേഷനിലും ഇവിടെയും വന്നു, പ്രസംഗിച്ചില്ല എന്നേയുള്ളു. എ.എന്‍. രാധാകൃഷ്ണന്‍ ഒരു മലയാളം ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാം എന്നു നേരത്തെ ഏറ്റിരുന്നതുകൊണ്ട് രാവിലെ വരാന്‍ പറ്റില്ലെന്നു തലേന്നുതന്നെ എന്നോടു പറഞ്ഞിരുന്നു. പിന്നീടു വന്നു. ശോഭാ സുരേന്ദ്രന്‍ എന്തെങ്കിലും വിഭാഗീയതയുടെ ഭാഗമായി വരാതിരുന്നതല്ല.
സംഘപരിവാറിന്റെ ഭാഗമായ ബി.ജെ.പിയില്‍ ആര്‍.എസ്.എസ്സിന്റെ ഇടപെടല്‍ അസ്വാഭാവികമല്ല എന്നു രാഷ്ട്രീയം മനസ്സിലാക്കുന്നവര്‍ക്കെല്ലാം അറിയാം. പക്ഷേ, കേരളത്തിലെ ബി.ജെ.പിയെ സംഘടനാപരമായി ചലിപ്പിക്കുന്നതില്‍ ആര്‍എസ്എസ്സിന്റെ പരിധിവിട്ട ഇടപെടല്‍ ഉണ്ടാകുന്നുണ്ടോ. അത് ബി.ജെ.പിക്ക് എത്രത്തോളം ഗുണകരമാകും?
ആര്‍.എസ്.എസ്സിനു മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതിനേക്കാള്‍ ശക്തമായ കേഡര്‍ അടിത്തറ കേരളത്തിലുണ്ട്. ആ കേഡര്‍ അടിത്തറ ചലിക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ ഗുണവും ബി.ജെ.പിക്കു ലഭിക്കുന്നുണ്ട്. സംഘവും ബി.ജെ.പിയും തമ്മില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ഉള്ളതിനേക്കാള്‍ പ്രവര്‍ത്തകരുടെ പരസ്പരമുള്ള ഇന്‍വോള്‍വ്മെന്റ് കേരളത്തില്‍ കൂടുതലാണ്. അതുകൊണ്ട് സംഘത്തിന്റെ സ്വയംസേവകന്‍മാര്‍ എവിടെയെങ്കിലും സജീവമായില്ലെങ്കില്‍ ആ മേഖലയില്‍ ബി.ജെ.പിക്കു തിരിച്ചടി ഉണ്ടാകാറുണ്ട്. പക്ഷേ, രാഷ്ട്രീയമായ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍, സംഘത്തിന്റെ ആശയങ്ങള്‍ കേരളത്തില്‍ വേരുപിടിക്കണമെങ്കില്‍ ഒരുപാധി ബി.ജെ.പിയും വളരണം എന്നതാണ് എന്ന അടിസ്ഥാനത്തില്‍ 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സംഘവും ചില കാര്യങ്ങള്‍ ചെയ്തു. അതിനെ ഒരു പോസിറ്റീവായ സംഭവവികാസമായാണ് ഞാന്‍ കാണുന്നത്. ബി.ജെ.പിയുടെ തലപ്പത്ത് ആരിരിക്കണം, ഭാരവാഹികള്‍ ആരാകണം എന്ന കാര്യത്തിലൊന്നും ഒരിക്കലും വ്യക്തിനിഷ്ഠമായ അഭിപ്രായം പറയാന്‍ അവര്‍ തയ്യാറായിട്ടില്ല. സംഘം എപ്പോഴും പറയുന്നത് ടീം ഉണ്ടാകണം എന്നാണ്. ചിലപ്പോള്‍ ഒരാള്‍ പ്രസിഡന്റാകും, പിന്നെ മറ്റൊരാളാകും. ആരായാലും ആ ടീം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്.
സ്വാഭാവികമായും 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്നു തെരഞ്ഞെടുപ്പുകളിലെപ്പോലെ ബി.ജെ.പിക്കുവേണ്ടി ആര്‍.എസ്.എസ്സിന്റെ ഇടപെടല്‍ ഉണ്ടാകും, അല്ലേ?
തീര്‍ച്ചയായും. അതുണ്ടാകും എന്നാണ് സംഘത്തിന്റെ ഒരു സാധാരണ സ്വയംസേവകന്‍ എന്ന നിലയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു രാഷ്ട്രീയമായ വിജയം ലഭിക്കുന്നതിനുവേണ്ടി വലിയതോതില്‍ സംഘം ഇടപെട്ടതുപോലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടപെടും; അതിന്റെ ഗുണം ബി.ജെ.പിക്കു ലഭിക്കുകയും ചെയ്യും.
പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായ പ്രചരണപരിപാടികള്‍ കേരളത്തില്‍ പൊതുവേ പരാജയമായി എന്നാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കണ്ടത്. യഥാര്‍ത്ഥത്തില്‍ ആ ക്യാംപെയിന്‍ എത്രത്തോളം വിജയകരമാണ്?
അതില്‍ എടുത്തുപറയേണ്ട ഒരു കാര്യം, സി.എ.എ വിരുദ്ധ പ്രചാരണത്തിനു സ്വാഭാവികമായ ഒരു എതിര്‍ ചലനം ഉണ്ടായി എന്നതാണ്. മുസ്ലിം സംഘടനകളും അതില്‍ നുഴഞ്ഞു കയറിയിട്ടുള്ള തീവ്രവാദികളും അവരെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ രാഷ്ട്രീയവുമെല്ലാം ചേര്‍ന്ന്, നിശ്ശബ്ദരായിരിക്കുന്ന മറുവിഭാഗത്തിനിടയില്‍ ഒരു ആശങ്ക രൂപപ്പെടാന്‍ ഇടയാക്കി. ഈ വിഷയത്തിന്റെ പേരില്‍ നടക്കുന്ന അതിഭയാനകമായ പ്രചരണം ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ തിരിച്ചറിവാണ് തങ്ങളെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന പല വിഭാഗങ്ങളും മനുഷ്യശൃംഖലയില്‍ പങ്കെടുത്തില്ല എന്ന് സി.പി.ഐ പറയാന്‍ ഇടയാക്കിയത്. സി.എ.എ വിരുദ്ധ സമരങ്ങളില്‍ നുഴഞ്ഞുകയറ്റം ഉണ്ടായി എന്ന് സി.പി.എം പറഞ്ഞതും മറ്റൊരു തരത്തിലുള്ള തിരിച്ചറിവാണ്. അങ്ങനെയൊരു എതിര്‍ തരംഗം, നിശ്ശബ്ദ തരംഗം ഭൂരിപക്ഷ സമുദായങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതു ഞങ്ങള്‍ക്ക് അനുകൂലമായി വരും എന്ന കാര്യത്തില്‍ സംശയമില്ല.
മറുവശത്ത് പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയുള്ള ആളുകളെ കണ്ട് ആ ആശങ്ക മാറ്റാന്‍ കൂടി പുതിയ നേതൃത്വം ശ്രമിക്കുമോ?
ഞങ്ങള്‍ അതിനൊരു ശ്രമം തുടങ്ങിയതാണ്. അപ്പോഴാണ് ''ഈ വീട്ടില്‍ സി.എ.എ അനുകൂലികള്‍ക്കു പ്രവേശനമില്ല' എന്നു ചില വിഭാഗങ്ങള്‍ എഴുതിവയ്ക്കാന്‍ തുടങ്ങുകയും കടകള്‍ അടച്ചു പ്രതിഷേധിക്കുകയുമൊക്കെ ചെയ്തത്. അതില്‍നിന്നെന്താണ് മനസ്സിലാക്കേണ്ടത്? ഞങ്ങളുടെ ക്യാംപെയിന്‍ ഫലപ്രദമായി നടന്നാല്‍ ആളുകള്‍ക്ക് വസ്തുതകള്‍ ബോധ്യപ്പെടും. അതുണ്ടാകാതിരിക്കാനാണ് തടഞ്ഞത്. അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമില്ലേ. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞത് എസ്.ഡി.പി.ഐക്കാരാണ് തടയുന്നത് എന്നാണ്. അങ്ങനെ തടയാനും ആളുകളെ ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാനുമൊക്കെ അവര്‍ക്ക് കഴിയുന്നുവെന്നതു വളരെ ആപല്‍ക്കരമാണ്. എല്ലാ മതേതര പാര്‍ട്ടികളും ചിന്തിക്കേണ്ട കാര്യമാണത്.
വോട്ടുകച്ചവടം എന്നത് ബി.ജെ.പിക്കെതിരെ വളരെ മുന്‍പേ ഉയര്‍ന്ന ആരോപണമാണ്. പക്ഷേ, പാര്‍ട്ടി ആ കാലത്തേക്കാള്‍ വളര്‍ന്നിട്ടും എല്‍.ഡി.എഫിനേയോ യു.ഡി.എഫിനേയോ ജയിപ്പിക്കുന്നതിലും തോല്‍പ്പിക്കുന്നതിലും പങ്കുവഹിക്കുന്നതിനപ്പുറം സ്വയം ജയിക്കാന്‍ കഴിയുന്നില്ല. ഇതിനു പിന്നിലും ചില അടിയൊഴുക്കുകളില്ലേ? അത് എത്രത്തോളം ദോഷകരമാണ് എന്നു മനസ്സിലാക്കുന്നുണ്ടോ?
മറ്റു സംസ്ഥാനങ്ങളിലൊക്കെ ഒരു മൂന്നാം കക്ഷിയുടെ സാന്നിധ്യം കാര്യമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങള്‍ ഇവിടെ ഒരു സീറ്റിലെങ്കിലും മത്സരിക്കാതിരുന്നാല്‍ ഉടനെ ആരോപണം വരുന്നത് ഒത്തുതീര്‍പ്പാണെന്നും വോട്ടുമറിക്കലാണ് എന്നുമൊക്കെയാണ്. പിന്നെ മൊത്തത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണം അതിനെ അടിസ്ഥാനമാക്കി ആയിരിക്കും. അതുകൊണ്ട് ഞങ്ങള്‍ ദുര്‍ബ്ബലമായ സ്ഥലങ്ങളില്‍പ്പോലും മത്സരിക്കേണ്ടി വരുന്നു. ശക്തിയും വിജയസാധ്യതയുമുള്ള സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കുകയും അല്ലാത്ത സ്ഥലങ്ങളില്‍ വിട്ടുനില്‍ക്കുകയും ചെയ്യുകയാണ് മറ്റു സംസ്ഥാനങ്ങളിലെ മൂന്നാം കക്ഷികള്‍ ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുമ്പോള്‍ വോട്ട് കൂടുമായിരിക്കും. പക്ഷേ, ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ട സ്ഥലങ്ങളില്‍ അതു ചെയ്യാന്‍ പറ്റുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതാണു സ്ഥിതി. എല്ലായിടത്തും ഞങ്ങളുടെ അടിത്തറ വിപുലമാകും എന്നത് ഒരു നല്ല വശമാണ്. പക്ഷേ, തെരഞ്ഞെടുപ്പുതന്ത്രം മറ്റൊന്നായിരിക്കണം. ഒരു സീറ്റില്‍ പത്രിക സാങ്കേതിക കാരണം കൊണ്ട് തള്ളിപ്പോയാല്‍ പോലും അതു മറ്റാര്‍ക്കോ വേണ്ടി തള്ളിച്ചതാണ് എന്ന തരത്തില്‍ മാധ്യമങ്ങളും വ്യാഖ്യാനിക്കുന്ന സ്ഥിതിയാണ്.
പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ സ്വീകരിക്കുന്ന സ്ട്രാറ്റജി എല്ലായിടത്തും മല്‍സരിക്കുമെങ്കിലും ശക്തി കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഉടനേ വരുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പായതുകൊണ്ട് പരമാവധി സ്ഥലങ്ങളില്‍ ഭരണം പിടിക്കാന്‍ ആവശ്യമായ സ്ട്രാറ്റജി സ്വീകരിക്കും.
ഗ്രൂപ്പില്ലാത്ത പ്രധാന നേതാക്കളുണ്ടെങ്കിലും കേരളത്തിലെ ബി.ജെ.പിയില്‍ ഗ്രൂപ്പിസം ഒരു യാഥാര്‍ത്ഥ്യമാണല്ലോ. ഇതു മറികടക്കാന്‍ പുതിയ പ്രസിഡന്റ് എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?
ആശയവിനിമയം നന്നായി നടന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കമ്യൂണിക്കേഷന്‍ ഗ്യാപ് ആണ് ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്‌നം. മാധ്യമങ്ങള്‍ പലതും പറയുന്നു, അതനുസരിച്ചു കുറേ ആളുകള്‍ ചിന്തിക്കുന്നു. അതിനു പകരം ശരിയായ ആശയവിനിമയം എല്ലാ തലങ്ങളിലും നടക്കണം. വ്യക്തികള്‍ തമ്മിലുള്ള ഈഗോ മാറ്റിവയ്ക്കണം. ഞാന്‍ എല്ലാവരുമായും സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത്. പല മുതിര്‍ന്ന നേതാക്കളുടേയും ഉപദേശം തേടിയിട്ടുണ്ട്. അവരുടെയൊക്കെ അനുഭവപരിചയം പ്രധാനപ്പെട്ട കാര്യമാണ്. പി.പി. മുകുന്ദേട്ടനെ വിളിച്ചതും രാമന്‍ പിള്ള സാറിനെ വിളിച്ചതുമൊക്കെ അതിന്റെ ഭാഗമാണ്. അവര്‍ക്കൊക്കെ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, അവരുടെ അനുഭവസമ്പത്തും യുവജനങ്ങളുടെ ഊര്‍ജ്ജവും സമ്മേളിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കും.
പുതിയ സംസ്ഥാനസമിതിയും ഭാരവാഹികളെ നിശ്ചയിക്കലും പ്രതിസന്ധി സൃഷ്ടിക്കുമെന്നു കരുതുന്നുണ്ടോ?
എല്ലാവരുമായും ആശയവിനിമയം നടത്തിത്തന്നെ ആ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല ടീം രൂപീകരിക്കും. പ്രസിഡന്റ് എന്ന നിലയില്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ മാത്രം മുന്നില്‍വച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിജയിക്കുക എന്നതാണ് പ്രധാനം. അല്ലാതെ എന്റെ അപ്രമാദിത്വം പ്രകടിപ്പിക്കുക എന്നതല്ല. അപ്രമാദിത്വം നിലനിര്‍ത്താനാണെങ്കില്‍ മൂന്നുകൊല്ലം നിലനിര്‍ത്താന്‍ പറ്റും. വിജയിച്ചാല്‍ എല്ലാവരും വിജയിക്കും. ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ വിജയം ഉണ്ടാകണം എന്നാണ്. വിജയത്തിന്റെ രഹസ്യം ഒന്നുമാത്രമേയുള്ളു, അതു കൂട്ടായ്മയാണ്. എല്ലാവരേയും പ്രവര്‍ത്തിക്കുന്നവരാക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കുക, ഏതെങ്കിലുമൊരു ഘടകത്തിന്റെ സമ്പൂര്‍ണ്ണ ചുമതല എല്ലാവര്‍ക്കും ഉണ്ടായിരിക്കുക എന്ന രീതിയാണ് സ്വീകരിക്കുക. നേതാക്കന്മാരുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും സമയവുമുണ്ടാകും. എല്ലാവര്‍ക്കും അവസരം നല്‍കാനും അപ്പോള്‍ കഴിയും. തസ്തികയല്ല പ്രധാനം. അതിനേക്കാള്‍ പ്രധാനം ഉത്തരവാദിത്വമാണ്. ഈ പ്രവര്‍ത്തനം തന്റെ ഉത്തരവാദിത്വമാണ് എന്ന് ഓരോ പ്രവര്‍ത്തകര്‍ക്കും ബോധ്യമാകും.
ഹിന്ദുത്വത്തില്‍ ഊന്നിയ ദേശീയതയുടെ രാഷ്ട്രീയം പറയുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തില്‍ വളരെ സജീവമായ പരിസ്ഥിതി, സ്ത്രീ വിഷയങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്താതിരിക്കുകയും ചെയ്യുന്ന രീതി മാറ്റുക താങ്കളുടെ കര്‍മ്മപരിപാടിയിലുണ്ടോ?
കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന എല്ലാത്തരത്തിലുള്ള നിയമവിരുദ്ധ സംഘങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ അതിശക്തമായി പൊരുതാന്‍ ബി.ജെ.പി മുന്നിലുണ്ടാകും. പശ്ചിമഘട്ടം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായിക്കഴിഞ്ഞു എന്ന ഭീകര യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. കടല്‍ത്തീരങ്ങളില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ ഇപ്പോഴും നടക്കുന്നു. കൃഷി നശിച്ചു. വലിയ തോതില്‍ ജലദൗര്‍ലഭ്യം നേരിടുന്നു. അശാസ്ത്രീയ മണ്ണെടുപ്പും മറ്റും മൂലം കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. ഇങ്ങനെ പോയാല്‍ അധികകാലം മുന്നോട്ടു പോകാന്‍ പറ്റില്ല. അതുകൊണ്ട് ആ തരത്തിലുള്ള ഒരു ക്യാംപെയിന്‍ കൂടുതല്‍ ഫലപ്രദമായി തുടരും. പാരിസ്ഥിതിക പ്രശ്‌നം കേരളത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അതില്‍ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടെടുക്കണം എന്നാണ് വിചാരിക്കുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിലും അതുതന്നെയാണ് നിലപാട്. വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടക്കത്തില്‍ത്തന്നെ പുറത്തുകൊണ്ടുവന്നത് ഞങ്ങളാണ്. അത്തരം വിഷയങ്ങളിലെ ഇടപെടലിനു കാലതാമസം ഉണ്ടാകില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിഷയങ്ങളിലാണ് ഞങ്ങള്‍ ഇടപെടുക; പാര്‍ട്ടി അടിച്ചേല്പിക്കുന്ന വിഷയങ്ങളിലേയ്ക്ക് ജനങ്ങളെ കൊണ്ടുവരികയല്ല. ഞങ്ങളെ സംരക്ഷിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നാണ് ജനങ്ങള്‍ നോക്കുന്നത്.
മൂന്നു വട്ടം വീതം ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മത്സരിച്ചല്ലോ. പ്രസിഡന്റായിരുന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ?
ഇപ്പോള്‍ എന്റെ മുന്നിലുള്ളത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ്. പരമപ്രധാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍ മാത്രമാണ്. മറ്റൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല.