സെന്‍കുമാര്‍ സാറേ, ''ഗുസ്സാ ക്യോം ആത്താ ഹേ?''*- റ്റിജെഎസ് ജോര്‍ജ് എഴുതുന്നു
By റ്റി.ജെ.എസ്. ജോര്‍ജ് | Published: 05th March 2020 04:04 PM |
Last Updated: 05th March 2020 04:04 PM | A+A A- |

ബഹുമാന്യനായ, ആദരണീയനും ശക്തിമാനുമായ നമ്മുടെ ടി.പി. സെന്‍കുമാര്‍ സാറിനു ''ഗുസ്സാ ക്യോം ആത്താ ഹേ?'' ആലോചിച്ചുനോക്കിയാല്‍ അതീവ ഗൗരവമുള്ള സംഗതിയാണ്. സാധാരണക്കാരനെന്നു പറഞ്ഞ് മാറ്റിനിര്‍ത്താവുന്ന വ്യക്തിത്വമല്ല സെന്‍കുമാര്‍ സാര്‍. പെന്‍ഷന്‍ പറ്റിയെങ്കിലും പെന്‍ഷന്‍ പറ്റിയ യാതൊരു ലക്ഷണവുമില്ലാത്ത പഴയ പൊലീസ് മേധാവി. ആരോടും ഏറ്റുമുട്ടാന്‍ തയ്യാര്‍. വേഗം ദേഷ്യം വരും. തന്റെ അഭിപ്രായത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അയാളോടു തട്ടിക്കയറും. പൊതുവെ ചൂടുള്ള സ്വഭാവം. പിണറായി വിജയനെപ്പോലും പാഠം പഠിപ്പിച്ച ആളാണ്. തന്നെ സ്ഥാനഭ്രഷ്ടനാക്കിയ മുഖ്യമന്ത്രിയെ തളച്ചിടാന്‍ സുപ്രീംകോര്‍ട്ടില്‍ പോയി തീട്ടൂരം നേടിയ വീരന്‍.
പുള്ളി ഒരു പത്രസമ്മേളനം വിളിച്ചപ്പോള്‍, സാധാരണഗതിയിലുള്ള പത്രസമ്മേളനം എന്നാണ് പത്രക്കാര്‍ കരുതിയത്. ഒരു പത്രക്കാരന്‍ സാധാരണഗതിയാലുള്ള ഒരു ചോദ്യവും ചോദിച്ചു. ബഹുമാന്യനായ സെന്‍കുമാര്‍ സാറിനു ചോദ്യം ഇഷ്ടമായില്ല. ചോദ്യക്കാരനെ ഒരു കൃമിയായി കണ്ടു. സെന്‍കുമാര്‍ സാറിനു ദേഷ്യം വന്നു. അതുകണ്ട് സെന്‍കുമാര്‍ സാറിന്റെ സില്‍ബന്ധികളായ ചില ഗുസ്തിക്കാര്‍ പത്രക്കാരനെ നേരിട്ടു. സര്‍വ്വത്ര ഗുലുമാലായി. പക്ഷേ, കേസു വന്നപ്പോള്‍ വാദി സെന്‍കുമാര്‍ സാറും പ്രതി പത്രക്കാരും. പൊലീസ് പത്രക്കാര്‍ക്കെതിരെ കേസെടുത്തു. അങ്ങനെയാണ് സെന്‍കുമാര്‍ സാര്‍ ന്യായത്തെ ന്യായത്തിന്റെ വഴിക്കു തിരിച്ചുവിട്ടത്. കേസ് അലസിപ്പോയി എന്നതു വേറെ കാര്യം.
കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ് റിട്ടയര്‍ ചെയ്ത ഒരു പൊലീസ് മേധാവി റിട്ടയര്‍ ചെയ്ത കാര്യം മറന്ന് മുന്നേറിക്കൊണ്ടിരിക്കുന്നത്. പഴയ മേധാവികള്‍ അവരുടെ ജോലി നിര്‍വ്വഹിച്ചശേഷം തിരശ്ശീലയ്ക്കു പുറകില്‍ ഒതുങ്ങിക്കഴിയുന്ന പാരമ്പര്യമാണ് നാം കണ്ടിട്ടുള്ളത്. കെ.എസ്. ബാലസുബ്രഹ്മണ്യനില്‍നിന്നാണല്ലോ സെന്‍കുമാര്‍ സാര്‍ അധികാരം ഏറ്റുവാങ്ങിയത്. മൂന്ന് കൊല്ലം പൊലീസ് മേധാവി ആയിരുന്ന ബാലസുബ്രഹ്മണ്യനെ ഇന്ന് ആരും ഓര്‍ക്കുന്നുപോലും ഇല്ല. അതിനുമുന്‍പുണ്ടായിരുന്ന ജേക്കബ് പുന്നൂസ് അന്തസ്സോടെ സ്വകാര്യ ജീവിതം നയിക്കുന്നു. രമണ്‍ ശ്രീവാസ്തവ ചില വേണ്ടാതീനങ്ങളില്‍ അകപ്പെട്ടെങ്കിലും അതെല്ലാം മുഖ്യമന്ത്രി കെ. കരുണാകരന്റെ അനാവശ്യ ലീലാവിലാസങ്ങളായിരുന്നുവെന്ന് ജനം മനസ്സിലാക്കി. അതിനുമുന്‍പുണ്ടായിരുന്ന ഹോര്‍മിസ് തരകന്‍ മാന്യമായി റിട്ടയര്‍ ചെയ്യേണ്ടത് എങ്ങനെ എന്നു കാണിച്ചുകൊടുത്തതോടൊപ്പം സൃഷ്ടിപരമായ കലാപരിപാടികളില്‍ പങ്കെടുത്ത് സ്വന്തം അനുഭവസമ്പത്ത് പൊതുനന്മയ്ക്കുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നും നമ്മെ ബോദ്ധ്യപ്പെടുത്തി. ഇങ്ങനെയുള്ള മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ബഹുമാന്യനായ സെന്‍കുമാര്‍ സാറിന്റെ വ്യത്യസ്തമായ വ്യക്തിത്വം മനസ്സുകളെ അമ്പരപ്പെടുത്തുന്നത്.
മഹേഷ്‌കുമാര്‍ സിംഗ്ലയുടെ അപേക്ഷ തള്ളി, ഒരു കൊല്ലം ജൂനിയറായിരുന്ന സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണ്. സന്ദര്‍ഭം കിട്ടിയപ്പോള്‍ ചെന്നിത്തലയെ തള്ളിപ്പറയാന്‍ സെന്‍കുമാര്‍ മടിച്ചില്ല. നല്ല ആഭ്യന്തരമന്ത്രി ആയിരുന്നില്ല ചെന്നിത്തല എന്ന അഭിപ്രായം സെന്‍കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചു. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയതാണ് എന്ന് ചെന്നിത്തലയും. എല്ലാവരുടേയും തെറ്റുകള്‍ സഹിക്കാന്‍ ജനമുണ്ടല്ലൊ.
അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ചന്തഭാഷ ഉപയോഗിക്കാന്‍ സെന്‍കുമാര്‍ സാറിനുള്ള വൈദഗ്ദ്ധ്യമാണ്. അടുത്തകാലത്ത് ഫേസ് ബുക്കില്‍ ടി.വി. അവതാരകന്‍ ഹര്‍ഷനു കൊടുത്ത കുറിപ്പ് ഉദാഹരണം. 'നീ' എന്ന എടാ പോടാ ഭാഷ തന്നെ അസാധാരണമായിരുന്നു. ''നിന്നെപ്പോലെ രാഷ്ട്രീയത്തെ വില്‍ക്കാന്‍ നടക്കുന്നവനല്ല ഞാന്‍'' എന്നായിരുന്നു പ്രഖ്യാപനം. ''എച്ചില്‍ നക്കുക,'' എന്നും ''എല്ലിന്‍കഷണം വാങ്ങി വാലാട്ടുന്ന നായ്ക്കള്‍'' എന്നും മറ്റും പുറകെ. ഹര്‍ഷന്‍ എന്ന 'എച്ചില്‍ നക്കി' ബര്‍ണാഡ് ഷായുടെ ഒരു പ്രസ്താവനയില്‍ മറുപടി ചുരുക്കി: ''പന്നികളുമായി ഗുസ്തിപിടിക്കരുത്.''
എന്തോ എവിടെയോ ഒരു പ്രശ്‌നമുണ്ട്. ഒരു പാര്‍ട്ടിയും സെന്‍കുമാര്‍ സാറിനെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കാത്തതാണോ? നരേന്ദ്ര മോദി കേന്ദ്രത്തില്‍ ഒരു മന്ത്രിക്കസേര നല്‍കാത്തതാണോ? ഏതായാലും ഇനിയും പുള്ളിക്കാരന്‍ പത്രസമ്മേളനം വിളിക്കുമ്പോള്‍ പത്രക്കാര്‍ ജാഗ്രതൈ. ചോദ്യങ്ങളൊന്നും ചോദിക്കാതെ, പറയുന്നതു കേട്ട് ഭവ്യതയോടെ പെരുമാറുന്നതാണ് ആരോഗ്യപ്രദം.
ബഹുമാന്യനും ആദരണീയനും ശക്തിമാനുമായ ടി.പി. സെന്‍കുമാര്‍ സാറിന്, വിനീതനും ബലഹീനനും പൊതുവെ കൊള്ളരുതാത്തവനുമായ എന്റെ താഴ്മനിറഞ്ഞ സല്യൂട്ട്.
*നിങ്ങള്‍ക്ക് എന്തിനാണ് ദേഷ്യം വരുന്നത്?