യേശുദാസിനും മുന്‍പ് കേരളത്തിൽ നിന്ന് കേട്ട ആദ്യ പുരുഷ ശബ്ദം ഈ മനുഷ്യന്റേത്; മലയാളിയെ സ്വാധീനിച്ച സ്വരമാധുരി
By നദീം നൗഷാദ് | Published: 09th March 2020 03:40 PM |
Last Updated: 09th March 2020 03:40 PM | A+A A- |

കോഴിക്കോട് അബ്ദുൽ ഖാദർ- ഒരു കുടുംബ ചിത്രം
''യേശുദാസിനു മുന്‍പ് കേരളത്തില്‍നിന്നും കേട്ട ആദ്യ പുരുഷശബ്ദം മലബാറില്‍ നിന്നായിരുന്നു.'' കോഴിക്കോട് അബ്ദുള്‍ഖാദറിനെപ്പറ്റി സംഗീത സംവിധായകന്‍ എം.ബി. ശ്രീനിവാസന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. അന്‍പതുകളില്‍ മലയാളിയെ സ്വാധീനിച്ച സ്വരമാധുരിയായിരുന്നു കോഴിക്കോട് അബ്ദുള്‍ ഖാദര്‍. വേണ്ടത്ര രേഖപ്പെടുത്താതെ പോയതാണ് അദ്ദേഹത്തിന്റെ ജീവിതം. അബ്ദുള്‍ഖാദറിന്റെ ജീവിതത്തിലെ മറഞ്ഞിരിക്കുന്ന ഏടുകളിലേക്ക് വെളിച്ചം വീശാനുള്ള ശ്രമങ്ങള്‍ കാര്യമായിട്ടൊന്നും നടന്നിട്ടില്ല. അദ്ദേഹം ജീവിച്ച കാലം ആ പ്രതിഭയെ എങ്ങനെ പരിമിതപ്പെടുത്തി എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.
ജസ്റ്റിന്‍ ആന്‍ഡ്രൂസ് മാനിനി ആന്‍ഡ്രൂസ് ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമത്തെ പുത്രനായി 1915 ജൂലൈ 19-നാണ് അബ്ദുള്‍ഖാദര്‍ എന്ന ലെസ്ലി ആന്‍ഡ്രൂസിന്റെ ജനനം. പിതാവ് ജസ്റ്റിന്‍ ആന്‍ഡ്രൂസ് ജനിച്ചത് മംഗലാപുരത്താണ്. അമ്മ മാനിനി നീലഗിരിയിലെ കൂര്‍ഗിലും. ആനി, ക്രിസ്റ്റി, ജോര്‍ജ്, ജെനീറ്റ ബിയാട്രീസ്, വില്ലി, ഈവി എന്നിവരായിരുന്നു ലെസ്ലിയുടെ സഹോദരങ്ങള്‍. ആനി ചെറുപ്പത്തില്‍ മരിച്ചുപോയി. ലെസ്ലിയുടെ മുത്തച്ഛന്‍ റെവറണ്ട് സാമുവല്‍ ഒരു പാതിരിയായിരുന്നു. മുത്തശ്ശിയുടെ പേര് ഹെത്ഷെബ.
ലെസ്ലിയുടെ ചെറുപ്പത്തില്‍ അമ്മ മാനിനി മരിച്ചു. പിന്നീട് പപ്പയായിരുന്നു അവനെ നോക്കിയിരുന്നത്. കുട്ടികളെ കുളിപ്പിക്കുന്നതും സ്‌കൂളില്‍ പറഞ്ഞയക്കുന്നതുമെല്ലാം അദ്ദേഹം തനിച്ചു ചെയ്തു. ഭാര്യയുടെ മരണത്തിനുശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. മിഠായി തെരുവില്‍ ആന്‍ഡ്രൂസ് വാച്ച് കമ്പനി നടത്തിയിരുന്ന ജസ്റ്റിന്‍ ആന്‍ഡ്രൂസിനെ നഗരത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂളിലായിരുന്നു ലെസ്ലി പഠിച്ചിരുന്നത്. പഠനകാലത്തുതന്നെ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. സഹോദരന്‍ വില്ലി ആന്‍ഡ്രൂസിന്റെ കൂടെ മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. ലെസ്ലി പള്ളിയിലെ ക്വയറുകളില്‍ പാടാറുണ്ടായിരുന്നു. അച്ഛന്‍ ജസ്റ്റിന്‍ ആന്‍ഡ്രൂസ് നല്ലൊരു വയലിനിസ്റ്റ് ആയിരുന്നു. കൂടാതെ ഗായകനും. നല്ല ശബ്ദത്തിന് ഉടമയും. അതായിരുന്നു ലെസ്ലിക്കും സഹോദരങ്ങള്‍ക്കും പാരമ്പര്യമായി കിട്ടിയത്. എല്ലാവരും വീട്ടില്‍ ഒത്തുചേരുമ്പോള്‍ വിവിധ ശബ്ദങ്ങളില്‍ പാടും. അതിലൊരാള്‍ വയലിന്‍ വായിക്കും.
ഞായറാഴ്ചകളില്‍ പള്ളിപ്പാട്ടുകള്‍ കഴിഞ്ഞാല്‍ ലെസ്ലി മാനാഞ്ചിറ മൈതാനം ലക്ഷ്യമാക്കി നടക്കും. അവിടെ കോംട്രസ്റ്റിലെ സായിപ്പുമാര്‍ ക്രിക്കറ്റ് കളിക്കുന്നത് നോക്കിനില്‍ക്കും. ചില ദിവസങ്ങളില്‍ അവര്‍ അവനേയും കളിക്കാന്‍ കൂടെ കൂട്ടും. അതു കഴിഞ്ഞാല്‍ സംഗീത ക്ലബ്ബുകളില്‍ പോവും. അക്കാലത്ത് കോഴിക്കോട് ഒട്ടേറെ സംഗീത ക്ലബ്ബുകള്‍ സജീവമായിരുന്നു. അവിടെ പാതിരാവരെ മെഹഫിലുകള്‍ ഉണ്ടാവും. മുംബൈയില്‍നിന്നും മംഗലാപുരത്തു നിന്നുമൊക്കെ എത്തുന്ന ഉസ്താദ്മാര്‍ കോഴിക്കോടന്‍ രാവുകളെ സംഗീതമുഖരിതമാക്കും. അവിടുത്തെ പതിവ് സന്ദര്‍ശനങ്ങള്‍ ലെസ്ലിയുടെ താല്പര്യം പള്ളിപ്പാട്ടില്‍നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിലേക്കു തിരിച്ചു.

പ്രാവ് വളര്‍ത്തലില്‍ ലെസ്ലിക്ക് നല്ല താല്പര്യമായിരുന്നു. എന്നാല്‍, കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല. ലെസ്ലി അച്ഛന്റെ കടയില്‍ പോവാറുണ്ടായിരുന്നില്ല. സഹോദരന്മാരായ ക്രിസ്റ്റിയും ജോര്‍ജുമാണ് കടയില്‍ അച്ഛനെ സഹായിച്ചിരുന്നത്. പാട്ടും ക്രിക്കറ്റ് കളിയും പ്രാവിനെ പറപ്പിക്കലുമായി കൗമാരം ആസ്വദിക്കുന്ന ലെസ്ലിയെ തന്റെ വഴിക്കു കൊണ്ടുവരണമെന്ന ചിന്ത ആന്‍ഡ്രൂസിന് ഉണ്ടായി.
ഒരു ദിവസം ആന്‍ഡ്രൂസ് തന്റെ തീരുമാനം പ്രഖ്യാപിച്ചു. ലെസ്ലിയെ ബര്‍മ്മയില്‍ തന്റെ മകള്‍ ജനീറ്റ ബിയാട്രീസിന്റെ (ബേബി) അടുത്തേക്ക് അയയ്ക്കുകയാണ്. ലെസ്ലി അതുകേട്ട് നിരാശനായി. പാട്ടും ക്രിക്കറ്റും തന്റെ സുഹൃത്തുക്കളേയും ഉപേക്ഷിച്ചു പോവുക അവനു ചിന്തിക്കാന്‍പോലും കഴിയില്ലായിരുന്നു. ഒടുവില്‍ അവന്‍ അച്ഛന്റെ തീരുമാനത്തിനു വഴങ്ങി.
ബര്‍മ്മയില്‍ എത്തിയ ലെസ്ലിക്കു ജോലിക്കു പോവാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയും സംഗീത ക്ലബ്ബുകളില്‍ സമയം ചെലവഴിച്ചു. മരമില്ലിലെ മാനേജര്‍ ആയിരുന്ന അളിയന്‍ വില്ല്യംസ് ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ ശ്രമിച്ചങ്കിലും ലെസ്ലി താല്പര്യം കാണിച്ചില്ല. രണ്ടു വര്‍ഷം അങ്ങനെ കടന്നുപോയി. അവര്‍ ഉദ്ദേശിച്ച വഴിയില്‍ ലെസ്ലി വരാതെ ആയപ്പോള്‍ അവനെ നാട്ടിലേക്ക് കപ്പല്‍ കയറ്റി അയച്ചു. താമസിയാതെ രണ്ടാം ലോക മഹായുദ്ധം വന്നു. ജനീറ്റയും വില്ല്യംസും കുടുംബസമേതം നാട്ടിലേക്കു തിരിച്ചു.
ഒരു ദിവസം ആരോടും പറയാതെ ലെസ്ലി പൊന്നാനി പോയി മതം മാറി അബ്ദുള്‍ഖാദര്‍ എന്ന പേര് സ്വീകരിച്ച് തിരിച്ചുവന്നു. താമസിയാതെ കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്റെ സഹോദരി ആച്ചുമ്മയെ വിവാഹം കഴിച്ചു. വിവരം അറിഞ്ഞപ്പോള്‍ അച്ഛന് ദുഃഖം തോന്നി എങ്കിലും അദ്ദേഹം മകനെ വെറുത്തില്ല. തന്റെ വീട്ടില്‍ അവന് എപ്പോഴും കയറിവരാം എന്ന് സുഹൃത്തുക്കളോട് പറഞ്ഞു. വിവാഹം കഴിക്കുമ്പോള്‍ അബ്ദുള്‍ഖാദറിന് 22-ഉം ആച്ചുമ്മക്ക് 18-ഉം വയസ്സായിരുന്നു. വിവാഹശേഷം അബ്ദുള്‍ഖാദറും ആച്ചുമ്മയും പൊലീസ് ക്വാര്‍ട്ടേഴ്സില്‍നിന്ന് ക്രൗണ്‍ തിയേറ്ററിനടുത്തുള്ള കൂരിയാല്‍ ഇടവഴിയിലെ ലൈന്‍മുറിയിലേക്ക് താമസം മാറി. വിവാഹ ശേഷം മകനെ കാണാന്‍ ആഗ്രഹിച്ച അച്ഛന്‍ ആച്ചുമ്മ പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ കാണാന്‍ വന്നു.
അബ്ദുള്‍ഖാദര്‍ - ആച്ചുമ്മ ദമ്പതികള്‍ക്ക് പത്തു മക്കള്‍ പിറന്നു. അതില്‍ നാല് പേര്‍ വളരെ ചെറുപ്പത്തില്‍ മരിച്ചു. നജ്മല്‍ ബാബു, സുരയ്യ, മോളി, നാസര്‍, സീനത്ത്, നസീമ എന്നിവരായിരുന്നു മറ്റ് ആറുപേര്‍. വിവാഹത്തിനുശേഷം അബ്ദുള്‍ഖാദര്‍ അവസരങ്ങള്‍ തേടി മുംബൈയില്‍ എത്തി. ഹിന്ദി സിനിമയില്‍ പാടാനും അഭിനയിക്കാനുമുള്ള അവസരമാണ് അദ്ദേഹം അന്വേഷിച്ചത്. ഗായകര്‍ പാടി അഭിനയിക്കുന്ന കാലമായിരുന്നു. സൈഗാള്‍ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന സമയം. മുംബൈയില്‍വെച്ച് അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തു. പ്രശസ്തമായ ഷന്‍മുഖാനന്ദ ഹാളില്‍വെച്ച് സൈഗാളിന്റെ പാട്ടുകള്‍ പാടി സദസ്സിനെ കയ്യിലെടുത്തു. പിറ്റേ ദിവസം മുംബൈ ക്രോണിക്കിള്‍ പത്രത്തില്‍ അബ്ദുള്‍ ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചുകൊണ്ട് വാര്‍ത്ത വന്നു. സംഗീത സംവിധായകന്‍ നൗഷാദ് നടത്തിയ ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തു വരുന്ന സ്റ്റേഷന്‍മാസ്റ്റര്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം തരാം എന്ന് അറിയിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ മകന്‍ മരിച്ച വിവരം കിട്ടി. എല്ലാം വിട്ട് അദ്ദേഹം കോഴിക്കോട്ടേക്ക് മടങ്ങി. പിന്നീട് തിരിച്ചുപോയില്ല. ഖാദര്‍ തിരിച്ചു വന്നില്ലായിരുന്നെങ്കില്‍ നൗഷാദ്, എസ്.ഡി. ബര്‍മന്‍, അനില്‍ ബിശ്വാസ് എന്നിവരുടെ പാട്ടുകള്‍ പാടി അറിയപ്പെടുന്ന ഒരു ഹിന്ദി സിനിമാ പിന്നണി ഗായകനാവുമായിരുന്നു. പക്ഷേ, ദൈവം അദ്ദേഹത്തിനു കരുതിവെച്ചത് മറ്റൊരു ജീവിതമായിരുന്നു.
മുംബൈയില്‍നിന്നു മടങ്ങിവന്നതിനുശേഷം അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പാടാന്‍ തുടങ്ങി. അതു രാഷ്ട്രീയപ്രക്ഷുബ്ധമായ കാലം കൂടിയായിരുന്നു. പാര്‍ട്ടി സമ്മേളങ്ങളില്‍ അബ്ദുള്‍ഖാദറിന്റെ പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി. ബാബുരാജ് സംഗീതംകൊടുത്ത് അബ്ദുള്‍ഖാദര്‍ പാടിയ വിപ്ലവഗാനങ്ങള്‍ മലബാറിലെ കമ്യൂണിസ്റ്റ് വേദികളിലെ പ്രധാന ആകര്‍ഷണമായിരുന്നു. സമ്മേളനവേദികളില്‍ നേതാക്കളുടെ പ്രസംഗത്തിനു മുന്‍പോ പിന്‍പോ അബ്ദുള്‍ഖാദറിന്റെ പാട്ടുകളുണ്ടാവും. വേദിയുടെ പിറകിലിരുന്ന് സിഗരറ്റ് പാക്കറ്റില്‍ നിമിഷനേരം കൊണ്ട് കവി പി.എം. കാസിം വിപ്ലവഗാനങ്ങള്‍ എഴുതിക്കൊടുക്കും. ഐക്യകേരള രൂപീകരണത്തോട് അനുബന്ധിച്ച് 1956-ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാനം ചിട്ടപ്പെടുത്തിയത് ബാബുരാജായിരുന്നു. ''നമ്മുടെ ജനാധിപത്യ കേരളം വന്നാലെ പിന്നെ ഞങ്ങള്‍ നടക്കും ആണുങ്ങളെപ്പോലെ'' അബ്ദുള്‍ഖാദറും ബാബുരാജും ചേര്‍ന്നാണ് പാടിയത് മാനാഞ്ചിറ മൈതാനിയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങളെ ആവേശം കൊള്ളിച്ചു.
സിനിമയിലെ അബ്ദുല്‍ഖാദര്‍
പി. ഭാസ്‌കരന്‍ വഴി സിനിമയില്‍ പാടാന്‍ അവസരം കിട്ടി. അദ്ദേഹം പാട്ടെഴുതിയ നവലോകത്തില്‍ (1951) തങ്കക്കിനാക്കള്‍ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ പാടി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം. ഭൂവില്‍ ബാഷ്പധാര, മാഞ്ഞിടാതെ മധുരനിലാവേ, പരിതാപമിതെ ഹാ ജീവിതമേ എന്നിവയായിരുന്നു നവലോകത്തിലെ മറ്റു പാട്ടുകള്‍. തുടര്‍ന്നു വന്ന അച്ഛന്‍ (1952)ല്‍ ദൈവമേ കരുണാ സാഗരമേ പാടി. തിരമാലയിലെ (1953) താരകം ഇരുളില്‍ മായുകയോ വലിയ ശ്രദ്ധനേടി. ശാന്താ പി. നായരുടെ കൂടെ പാടിയ ഹേ കളിയോടമേ, പ്രണയത്തിന്‍ കോവില്‍ എന്നിവയും വളരെ വേഗത്തില്‍ സ്വീകരിക്കപ്പെട്ടു.
1954 അബ്ദുള്‍ഖാദറിന്റെ ജീവിതത്തിലെ പ്രധാന വര്‍ഷമായിരുന്നു. അദ്ദേഹത്തെ പ്രശസ്തിയില്‍ എത്തിച്ച പാട്ടു പാടാന്‍ അവസരം ലഭിച്ചതും വാസുപ്രദീപുമായുള്ള സൗഹൃദത്തിന്റെ തുടക്കവും. രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയിലി'ല്‍ 'എങ്ങനെ നീ മറക്കും കുയിലേ' എന്ന ഗാനത്തോടെ അബ്ദുള്‍ഖാദറിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു. നഗരത്തിലൂടെ കോട്ടും സൂട്ടും അണിഞ്ഞു സായിപ്പുമാരെപ്പോലെ നടന്ന ആ ഗായകനെ തൊട്ടുനോക്കാന്‍ ആരാധകര്‍ ശ്രമിച്ചു. പോവുന്നിടത്തെല്ലാം ആരാധകര്‍ ഖാദറിനു ചുറ്റും കൂടി. മലയാള സിനിമാ പിന്നണി ഗാനരംഗത്തെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് ചിലര്‍ വിളിച്ചു.
കോഴിക്കോട് നഗരത്തിലെ കലാകാരന്‍മാരുടെ കേന്ദ്രമായിരുന്നു വാസുപ്രദീപിന്റെ പ്രദീപ് ആര്‍ട്ട്‌സ്. 1954 മെയ് 1-ന് പ്രദീപ് ആര്‍ട്ട്‌സ് പാട്ടുപാടി ഉദ്ഘാടനം ചെയ്തത് അബ്ദുള്‍ഖാദറായിരുന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പ്രദീപ് ആര്‍ട്ട്‌സിലെ പതിവ് സന്ദര്‍ശകനായി അബ്ദുള്‍ഖാദര്‍. പല ഭാഗത്തുനിന്നും ധാരാളം കത്തുകള്‍ ഖാദറിന് ദിനംപ്രതി വന്നുകൊണ്ടിരുന്നു. അതിന് മറുപടി എഴുതിക്കൊടുത്തിരുന്നത് വാസുപ്രദീപ് ആയിരുന്നു. പരസ്പരം സ്‌നേഹവും ആദരവുമുള്ള ആ ബന്ധം ഖാദറിന്റെ മരണം വരെ നീണ്ടുനിന്നു.
മൂന്നു വര്‍ഷം കഴിഞ്ഞാണ് അബ്ദുള്‍ഖാദറിനു വീണ്ടും പാടാന്‍ അവസരം കിട്ടുന്നത്. എം.എസ്. ബാബുരാജ് ആദ്യമായി സംഗീത സംവിധായകനായ മിന്നാമിനുങ്ങില്‍ (1957). ഇത്രനാള്‍ ഇത്ര നാള്‍ ഈ വസന്തം, നീയെന്തറിയുന്നു നീലത്താരകമേ, എന്തിനു കവിളില്‍ ബാഷ്പധാര എന്നീ പാട്ടുകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ വലിയ ഹിറ്റായി. പക്ഷേ, പടം സാമ്പത്തികമായി പരാജയപ്പെട്ടു. അതിനുശേഷം കുറച്ചു കാലത്തേക്കു ഖാദറിനു സിനിമയില്‍ പാട്ടുകളൊന്നും കിട്ടിയില്ല.
നാടകഗാനങ്ങള്‍ വളരെ ജനകീയമായ കാലം. ഖാദര്‍ പാടിയ മൊത്തം ഗാനങ്ങളുടെ പകുതിയില്‍ അധികവും നാടകത്തിലാണ്. ഇങ്ക്വിലാബിന്റെ മക്കള്‍, നമ്മളൊന്ന്, നീലക്കുരുവി, ഹൈഡ്രജന്‍ ബോംബ്, ഈ ദുനിയാവില്‍ ഞാന്‍ ഒറ്റയ്ക്ക്, മനുഷ്യന്‍ നല്ലവന്‍ എന്നിവയാണ് അബ്ദുള്‍ഖാദര്‍ പാടിയ പ്രധാന നാടകങ്ങള്‍. ഈ ദുനിയാവില്‍ ഞാന്‍ ഒറ്റയ്ക്ക് എന്ന നാടകത്തിലെ പൂച്ചെടി പൂവിന്റെ മൊട്ട് പറിച്ചു കാതില് കമ്മലിട്ട്. ചെറുകാടിന്റെ നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനംതത്തേ പുന്നാര പൂമുത്തെ എന്ന ഗാനം. (രചന: പൊന്‍കുന്നം ദാമോദരന്‍, സംഗീതം: ബാബുരാജ്). അതിലെ മറ്റൊരു ഗാനമാണ് ഇരുനാഴി മണ്ണിനായി ഉരുകുന്ന കര്‍ഷകര്‍ ഇരുകാലി മാടുകളായിരുന്നു. പക്ഷേ, വേണ്ടരീതിയല്‍ സംരക്ഷിച്ചുവെക്കാത്തതുകൊണ്ട് ഖാദര്‍ നാടകത്തില്‍ പാടിയ നിരവധി പാട്ടുകള്‍ വിസ്മൃതിയിലായി.
നാടകത്തില്‍ ഗായകന്‍ എന്നപോലെ നടനായും അദ്ദേഹം തിളങ്ങി. അബ്ദുള്‍ഖാദര്‍ ഒരു നല്ല നടനാണെന്ന് വാസുപ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. പി.ജെ. ആന്റണിയുടെ മനുഷ്യന്‍, ടി. മമ്മത് കോയയുടെ കുടുക്കുകള്‍, ആഹ്വാന്‍ സെബാസ്റ്റ്യന്റെ ഉപാസന എന്നിവ അഭിനയിച്ച നാടകങ്ങളില്‍ ചിലതാണ്. ഉപാസനയില്‍ അദ്ദേഹം അവഗണിക്കപ്പെട്ട ഒരു ഗായകന്റെ റോളാണ് അഭിനയിച്ചത്. അതും അബ്ദുള്‍ഖാദര്‍ എന്ന പേരില്‍ത്തന്നെ. അതില്‍ ഒരു പെണ്‍കുട്ടി ഖാദറിനോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ''വയ്യ മോളെ, എന്റെ പാട്ട് ഇന്ന് ആരും ഇഷ്ടപ്പെടുന്നില്ല.''
''അല്ല, ഖാദര്‍ക്ക എനിക്ക് നിങ്ങളുടെ പാട്ട് ജീവനാണ് എനിക്കുവേണ്ടി ഒന്ന് പാടൂ.'' അപ്പോള്‍ അദ്ദേഹം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പ്രശസ്ത ഗാനം പാടാന്‍ തുടങ്ങി. ചില വേദികളില്‍ പൂര്‍ണ്ണമായും ചിലതില്‍ ഭാഗികമായും പാടി. ചില വേദികളില്‍ കാണികള്‍ അപസ്വരങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പാട്ട് പാതിവെച്ച് നിര്‍ത്തിവെക്കേണ്ടതായും വന്നിട്ടുണ്ട്.

1965-ല്‍ വാസുപ്രദീപ് അബ്ദുള്‍ഖാദറിന്റെ ജീവിതത്തെ ആസ്പദമാക്കി മത്സരം എന്ന പേരില്‍ ഒരു നാടകം എഴുതി. പരീക്ഷണ നാടകങ്ങള്‍ കാണികള്‍ക്കു പരിചയമില്ലാത്ത ഒരുകാലം. നാടകം തുടങ്ങുമ്പോള്‍ ഒരാള്‍ സ്റ്റേജില്‍ വന്നിരിക്കുന്നു. ആള്‍ ആകെ ക്ഷീണിതനാണ് സ്റ്റേജിലേക്ക് വന്ന നടി അപരിചിതനെ കണ്ട് ഞെട്ടി. നടി ഉറക്കെ വിളിച്ചു പറഞ്ഞു. ''വാസുവേട്ടാ ഇതാ ആരോ ഇവിടെ കേറി ഇരിക്കുന്നു.'' അപ്പോള്‍ സംവിധായകന്‍ വാസുപ്രദീപ് രംഗത്ത് വന്നു.
''നിങ്ങള്‍ ആരാണ്?''
''എനിക്ക് ചിലത് പറയാനുണ്ട്.'' അപരിചിതന്‍ പറഞ്ഞു.
''ഇവിടെ നാടകം തുടങ്ങാന്‍ പോവാണ്...വേഗം ഇറങ്ങി പൊയ്ക്കോ.''
''എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാന്‍ പോവൂ.''
''എന്നാ വേഗം പറഞ്ഞു തുലയ്ക്ക്.'' സംവിധായകന്‍ നീരസത്തോടെ പറഞ്ഞു.
''ഞാനൊരു പാട്ടുകാരനായിരുന്നു. സിനിമയില്‍ പാടിയിട്ടുണ്ട്. നാടകത്തില്‍ പാടിയിട്ടുണ്ട്. രാഷ്ട്രീയ വേദികളില്‍ പാടിയിട്ടുണ്ട്. ഇപ്പൊ പാട്ടൊന്നുമില്ല. ജീവിക്കണ്ടേ?''
ഒരു സോഡാ കുടിച്ച് അദ്ദേഹം തന്റെ കഥ തുടര്‍ന്നു.
''ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചു. മതം മാറി മുസ്ലിമായി. ഒരു ഹിന്ദുസ്ത്രീയുടെ കൂടെ ജീവിച്ചു.''
''ഇപ്പൊ പണിയൊന്നുമില്ല, ഞാനൊരു പാട്ട് പാടാം രണ്ടുറുപ്പിക തരോ...പഴയ പാട്ടാണ്...ഇന്ന് നിങ്ങള്‍ക്ക് അതൊരു ശോകഗാനമായി തോന്നാം.''
അദ്ദേഹം പാടി: ''പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാന്‍.'' സദസ്സ് മുഴുവന്‍ അയാളുടെ പാട്ട് ആസ്വദിച്ചു.
തുടര്‍ന്ന് പാടി: ''കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ...വെറുതെ കാലം പോയല്ലോ...''
തുടര്‍ന്നു പാടാന്‍ ശ്രമിച്ചപ്പോള്‍ ചുമക്കുന്നു. ചുമ നില്‍ക്കാതെ ചോര ഛര്‍ദ്ദിച്ചു. അയാള്‍ സ്റ്റേജില്‍ കുഴഞ്ഞുവീണു. ആകെ ബഹളമായി.
''നിങ്ങളില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ സ്റ്റേജിലേക്ക് വരണം.'' സദസ്സിനെ നോക്കി സംവിധായകന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. രണ്ടു പേര്‍ സ്റ്റേജില്‍ എത്തി. അയാളെ പരിശോധിച്ച് മരണം ഉറപ്പുവരുത്തി.
അപ്പോള്‍ മൂന്നു മതത്തിന്റെ പ്രതിനിധികള്‍ സ്റ്റേജിലേക്ക് വന്നു.
''ഈ മൃതദേഹം ഞങ്ങളുടേതാണ്.'' ആദ്യത്തെ ആള്‍ പറഞ്ഞു.
''അല്ല. ഇയാള്‍ ഞങ്ങളുടെ ആളാണ്.'' രണ്ടാമത്തെ ആള്‍ എതിര്‍ത്തു.
''അല്ല. ഇയാള്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.'' മൂന്നാമത്തെ ആളും വിട്ടുകൊടുത്തില്ല.
അവര്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ മൃതദേഹം പെട്ടെന്ന് എഴുന്നേറ്റു നിന്നു. എല്ലാവരും ഞെട്ടി.
''നിങ്ങള്‍ വഴക്കടിക്കുന്നത് നിര്‍ത്തൂ. കാശ് എന്തെങ്കിലും ഉണ്ടെങ്കില്‍ എനിക്ക് തരൂ...ഞാനും എന്റെ കുടുംബവും ജീവിക്കട്ടെ.'' അദ്ദേഹം ക്ഷീണിതമായ സ്വരത്തില്‍ പറഞ്ഞു.
അയാള്‍ സ്റ്റേജില്‍ നിന്നിറങ്ങി സദസ്സിലേക്ക് നടന്നു. പ്രേക്ഷകര്‍ അന്തംവിട്ടു നോക്കിനിന്നു. സ്റ്റേജില്‍നിന്നും അനൗണ്‍സ്മെന്റ്: മത്സരം നാടകം ഇവിടെ പൂര്‍ണ്ണമാവുന്നു.
വാസുപ്രദീപിന്റെ മത്സരവും ആഹ്വാന്‍ സെബാസ്റ്റ്യന്റെ ഉപാസനയും അബ്ദുള്‍ഖാദറിന്റെ ജീവിതം രണ്ട് രീതിയിലാണ് അവതരിപ്പിച്ചത്. ഉപാസന അബ്ദുള്‍ഖാദറിനെപ്പറ്റി ആണെങ്കിലും അദ്ദേഹത്തിന്റെ പേര് എവിടെയും പരാമര്‍ശിക്കുന്നില്ല. എ.കെ. കോഴിക്കോട് എന്നാണ് കഥാപാത്രത്തിന്റെ പേര്. കേരളത്തില്‍ മറ്റേതെങ്കിലും ഗായകന്റെ ജീവിതം ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ രണ്ടു നാടകകൃത്തുക്കള്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
ആകാശവാണിയുമായുള്ള ബന്ധം അബ്ദുള്‍ഖാദറിന് ഒട്ടേറെ ലളിതഗാനങ്ങള്‍ക്കു പാടാന്‍ അവസരമൊരുക്കി. അന്ന് ലൈവ് പരിപാടിയായിരുന്നു. അതുകൊണ്ട് പല പാട്ടുകളും നഷ്ടമായി. 'പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ഞാന്‍' എന്ന ഗാനം ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ടാഗോറിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ആകാശവാണി ഇത് അവതരിപ്പിച്ചത്. ഗീതാഞ്ജലിയെ അവലംബമാക്കി പി. ഭാസ്‌കരന്‍ എഴുതിയ വരികള്‍ക്ക് കെ. രാഘവന്‍ ആയിരുന്നു സംഗീതം. വാസുപ്രദീപ് എഴുതിയ 'മായരുതെ വനരാധേ' ആണ് മറ്റൊരു പ്രശസ്ത റേഡിയോ ഗാനം. പാടൂ പുല്ലാങ്കുഴലേ, സംപൂതമെന്‍ പ്രേമസായൂജ്യവല്ലരി, മാമകാത്മാവിലെ മാകന്തതോപ്പിലെ, മാനസമുരളി കേഴുകയായി എന്നീ ലളിതഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ചു നില്‍ക്കുന്നു.
സത്യജിത്തിന്റെ ജനനം
ഒരു ദിവസം നഗരത്തിലൂടെ നടക്കുകയായിരുന്നു അബ്ദുള്‍ഖാദര്‍. ലെസ്ലി എന്ന വിളികേട്ട് തിരിഞ്ഞുനോക്കി. തന്നെ ഇപ്പോള്‍ ആരും ലെസ്ലി എന്നു വിളിക്കാറില്ല, അദ്ദേഹം ചിന്തിച്ചു. പിന്നില്‍ ഒരു യുവതി. വെളുപ്പില്‍ കറുത്ത പുള്ളികളുള്ള സാരി. കൈയില്‍ ചുവന്ന കുപ്പിവളകള്‍. കഴുത്തില്‍ കല്ലുമാല. നെറ്റിയില്‍ വലിയ പൊട്ട്. കൈയില്‍ ഒരു ബാഗ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഖാദറിന് ആളെ മനസ്സിലായി. തന്റെ അയല്‍ക്കാരിയായിരുന്ന പഴയ കളിക്കൂട്ടുകാരി ദമയന്തി. കൂടെ നാലു വയസ്സുകാരനായ കുട്ടിയും. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അവള്‍ സ്വന്തം വീട്ടിലേക്കു പോവുകയായിരുന്നു. ലെസ്ലി മതം മാറുകയും അബ്ദുള്‍ഖാദര്‍ ആയി മാറുകയും ചെയ്തിട്ട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. പക്ഷേ, ദമയന്തിക്കു തന്റെ പഴയ ചങ്ങാതിയെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച വലിയ സന്തോഷമുണ്ടാക്കി. അവള്‍ തന്റെ കഥകള്‍ വിശദമായി പറഞ്ഞു. പറ്റുമെങ്കില്‍ സഹായിക്കണം എന്നും പറഞ്ഞു.
വാസുപ്രദീപ് തന്റെ ആദ്യ നാടകം എഴുതിക്കഴിഞ്ഞു. അതിനു സ്മാരകം എന്നു പേരിട്ടു. നാടകത്തില്‍ അഭിനയിക്കാന്‍ ഒരു നടിയെ അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ് ഖാദര്‍ ദമയന്തിയുടെ കാര്യം പറയുന്നത്. അവള്‍ വിവാഹമോചനം കഴിഞ്ഞു നില്‍ക്കുന്ന സമയമായതു കൊണ്ട് മുന്നോട്ടുള്ള ജീവിതം വളരെ പ്രയാസകരമായിരുന്നു. കാര്യം പറഞ്ഞപ്പോള്‍ ദമയന്തി അഭിനയിക്കാന്‍ തയ്യാറായി. അങ്ങനെ ദമയന്തി സ്മാരകത്തില്‍ ആമിനയായി. ഖാദര്‍ ദമയന്തിക്കു ശാന്താദേവി എന്ന പേര്‍ നല്‍കി.
അഭിനയിച്ച നാടകങ്ങള്‍ വിജയമായപ്പോള്‍ ശാന്താദേവിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. മദ്രാസിലേക്ക് തനിച്ചു പോവാന്‍ പറ്റുമായിരുന്നില്ല. അവസാനം ഖാദര്‍ കൂടെ പോവാന്‍ തയ്യാറായി. ഇത് കുടുംബവഴക്കില്‍ കലാശിച്ചു. ഖാദര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. ശാന്താദേവിയുടെ കൂടെ താമസം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ശാന്താദേവിയുടെ ഉദരത്തില്‍ ഒരു കുഞ്ഞു വളരാന്‍ തുടങ്ങി. അതോടെ അവര്‍ പരിഭ്രാന്തരായി. രണ്ടു വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചാല്‍ എന്ത് സംഭവിക്കും എന്ന ഭയം അവരെ കീഴടക്കി. അപ്പോള്‍ സുഹൃത്തായ നാടകകൃത്ത് കെ.ടി. മുഹമ്മദ് അവര്‍ക്ക് ധൈര്യം കൊടുത്തു. ''പേടിക്കേണ്ട, കുഞ്ഞു ജനിക്കട്ടെ. ആ കുഞ്ഞ് ഈ സമൂഹത്തില്‍ വളരട്ടെ.'' അവര്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിന് സത്യജിത് എന്ന് പേര്‍ നല്‍കി.
സിനിമാ പിന്നണിഗാനരംഗത്ത് കാര്യമായ അവസരങ്ങള്‍ അബ്ദുള്‍ഖാദറിനു ലഭിച്ചിരുന്നില്ല. റിലീസ് ആവാതെ പോയ 'പുള്ളിമാനി'ലെ 'ചന്ദ്രനുറങ്ങി താരമുറങ്ങി' എന്ന ഗാനമടക്കം ഏഴു സിനിമകളിലായി വളരെ കുറച്ചു പാട്ടുകള്‍ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ. ലളിതഗാനങ്ങളും നാടകഗാനങ്ങളുമാണ് കൂടുതലായി പാടിയത്. മിന്നാമിനുങ്ങിലെ പാട്ടുകള്‍ക്കുശേഷം ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് മാണിക്യക്കൊട്ടാരത്തില്‍ (1966) നക്ഷത്രപ്പുണ്ണുകളായി എന്നില്‍ പൊട്ടിയൊലിക്കുന്ന മാനം പാടുന്നത്. സിനിമയില്‍ അത് ഖാദറിന്റെ ഹംസഗാനമായിരുന്നു.
എഴുപതുകള്‍ക്കുശേഷം വേദികളില്‍ അബ്ദുള്‍ഖാദറിന്റെ സാന്നിധ്യം വിരളമായി. കാലം മാറിയിരുന്നു. പതിഞ്ഞ സ്വരത്തിലുള്ള പാട്ടുകള്‍ക്ക് ആസ്വാദകര്‍ കുറഞ്ഞിരുന്നു. ഇതിനിടെ ഖാദറിനു ക്ഷയരോഗമാണ് എന്നൊരു പ്രചരണം കൂടി ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ചിലര്‍ പണപ്പിരിവും നടത്തി. അസുഖവും ശാരീരിക അവശതകളും ബാധിച്ചുതുടങ്ങിയിരുന്നു. പ്രാവുകള്‍ക്ക് തീറ്റകൊടുത്തും ഏകാന്തതകളില്‍ പാട്ടുകള്‍ പാടിയും അദ്ദേഹം ജീവിതം തള്ളിനീക്കി. 1977 ഫെബ്രുവരി 11-ന് ഖാദറിന് ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഫെബ്രുവരി 13-ന് അദ്ദേഹം വിടവാങ്ങി.
അബ്ദുള്‍ഖാദറിന്റെ ജീവിതത്തെപ്പറ്റിയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. മതംമാറ്റവുമായി ബന്ധപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനം. ബര്‍മ്മയില്‍ പോയി മതം മാറി നാട്ടില്‍ വന്നു എന്ന കഥ ഒരു മിത്തുപോലെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഖാദറിന്റെ ഉറ്റസുഹൃത്തായ വാസുപ്രദീപ് പറഞ്ഞത് ഒരു പ്രണയത്തിന്റെ കഥയാണ്. ലെസ്ലിയുടെ വീടിനടുത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിലെ ഒരു വീട്ടില്‍ പ്രാവ് വളര്‍ത്തല്‍ ഉണ്ടായിരുന്നു. ആ വീട്ടിലെ മുസ്ലിം പെണ്‍കുട്ടിയുമായി ലെസ്ലി പ്രണയത്തിലായി. അവള്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസിലെ സുബൈദാറിന്റെ മകളായിരുന്നു. പല ദിവസങ്ങളിലും അവന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കും. ആ സമയത്താണ് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് അയയ്ക്കുന്നത്. ബര്‍മ്മയില്‍നിന്ന് തിരിച്ചെത്തിയ ലെസ്ലി നേരെ പൊന്നാനിയില്‍ പോയി മതം മാറി നാട്ടില്‍ എത്തി. അപ്പോഴേക്കും അവളുടെ കല്യാണം കഴിഞ്ഞിരുന്നു. ബര്‍മ്മയില്‍ വെച്ചല്ല നാട്ടില്‍ വന്നപ്പോഴാണ് മതപരിവര്‍ത്തനം നടത്തിയത് എന്ന് പറയുന്നവരാണ് ഭൂരിഭാഗവും. അതില്‍ അദ്ദേഹത്തിന്റെ ഉറ്റബന്ധുക്കള്‍ തന്നെയുണ്ട്. മകള്‍ സുരയ്യ, സഹോദരീപുത്രന്‍ മെറിവില്ല്യംസ് സഹോദരപുത്രന്‍ റോണ്‍ ആന്‍ഡ്രൂസ് എന്നിവര്‍. കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിന്റെ പെങ്ങള്‍ ആച്ചുമ്മയെ അബ്ദുള്‍ഖാദര്‍ പ്രണയിച്ചിരുന്നു എന്നും ആച്ചുമ്മയെ വിവാഹം കഴിക്കാനാണ് മതം മാറിയത് എന്നും ഒരു വാദം ഉണ്ട്. ആച്ചുമ്മയുമായി പ്രണയമൊന്നും ഇല്ലായിരുന്നുവെന്നും സുഹൃത്തായ കുഞ്ഞുമുഹമ്മദിന്റെ സഹോദരിയുടെ കല്യാണം സ്ത്രീധനപ്രശ്നംകൊണ്ട് മുടങ്ങിപ്പോവുന്നത് കണ്ടിട്ടാണ് മതം മാറി അവളെ വിവാഹം ചെയ്യാന്‍ തയ്യാറായത് എന്നും അഭിപ്രായമുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ കുഞ്ഞുമുഹമ്മദ് അബ്ദുള്‍ഖാദറിനെ കഠിനമായി ശാസിച്ചുവത്രെ. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള കമ്പംകൊണ്ടാണ് അദ്ദേഹം മതപരിവര്‍ത്തനം നടത്തിയതെന്ന് ദുര്‍ബ്ബലമായ വാദങ്ങളും ഉയര്‍ന്നിരുന്നു. ഏതായാലും ഖാദറിന്റെ മതംമാറ്റത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന ഏടായിത്തന്നെ നില്‍ക്കുന്നു.

മറ്റൊന്ന് അദ്ദേഹം മുംബൈയില്‍നിന്നു തിരിച്ചുവന്ന കാരണമാണ്. മൂത്തമകന്റെ മരണവിവരം അറിഞ്ഞാണ് തിരിച്ചെത്തിയത് എന്നും അതല്ല, അച്ഛന്റെ മരണവിവരം അറിഞ്ഞാണ് തിരിച്ചു വന്നതെന്നും രണ്ടഭിപ്രായമുണ്ട്. അച്ഛന്‍ മരിക്കുന്നത് 1945 ഡിസംബര്‍ 25-നാണ്. മൂത്തമകന്‍ മരിക്കുന്നത് ഏതാണ്ട് 1939-41 കാലത്തും. മെഹബൂബ്ഖാന്റെ ഔരത് (1940), നൗഷാദ് അലി സംഗീത സംവിധാനം നിര്‍വ്വഹിച്ച സ്റ്റേഷന്‍മാസ്റ്റര്‍ (1942) എന്നീ സിനിമകളില്‍ പാടാനായിരുന്നു അവസരം കിട്ടിയത്. അങ്ങനെ നോക്കുമ്പോള്‍ മകന്റെ മരണമറിഞ്ഞു തിരിച്ചു വന്നു എന്ന വാദത്തിനാണ് പിന്‍ബലം കൂടുതല്‍. ഫിലിം ഇന്ത്യയുടെ എഡിറ്റര്‍ ബാബുറാവു പട്ടേല്‍ സംവിധായകന്‍ കിദാര്‍ ശര്‍മ്മയ്ക്ക് പരിചയപ്പെടുത്തി എന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഓഡിഷനില്‍ പങ്കെടുത്തെന്നും അതില്‍ വിജയിച്ച ഖാദറിന് അടുത്തുവരുന്ന രണ്ടു സിനിമകളില്‍ പാട്ടുകള്‍ വാഗ്ദാനം ചെയ്തു എന്നും കഥയുണ്ട്.
മൂന്നു മതത്തിലും കയറിഇറങ്ങിയ ഒരപൂര്‍വ്വ ജീവിതമായിരുന്നു അബ്ദുള്‍ഖാദറിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ ആച്ചുമ്മയും മക്കളും മുസ്ലിങ്ങള്‍ ആയിരുന്നപ്പോള്‍ത്തന്നെ മാറ്റൊരു ജീവിതസഖിയായ ശാന്താദേവിയും മകന്‍ സത്യജിത്തും ഹിന്ദുക്കളായിരുന്നു. (ഖാദര്‍ ശാന്താദേവിയെ ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല). മതം മാറിയിട്ടും സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാ ക്രിസ്മസിനും മക്കളേയും കൂട്ടി തറവാട്ടിലും സഹോദരിയുടെ വീട്ടിലും ക്രിസ്മസ് ആഘോഷങ്ങളിലും പങ്കുകൊണ്ടു. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ മൂന്ന് മതത്തില്‍പ്പെട്ട ബന്ധുക്കളും പങ്കെടുത്തു. വിടവാങ്ങി നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അബ്ദുള്‍ഖാദറിന്റെ ജീവിതം ഇപ്പോഴും ഒരു വിസ്മയമാണ്.