'കൂറ്റൻ തിരമാലയിൽപ്പെട്ട് തെറിച്ചുവീണത് വലിയ പാറക്കല്ലിനടിയില്‍; ആ സംഭവം ഞാനിന്നും ഓര്‍ക്കുന്നത് പേടിയോടെ'
By ടി.കെ. റഫീക്ക് | Published: 18th March 2020 06:15 PM |
Last Updated: 18th March 2020 07:05 PM | A+A A- |

2019 മേയ് 25-നാണ് അവസാനമായി ടി.കെ. റഫീക്ക് കടലാഴങ്ങളിലേക്കു പോകുന്നത്. ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. ഒരു സാധാരണ മത്സ്യത്തൊഴിലാളിയായിരുന്നു റഫീക്ക്. പക്ഷേ ലളിതവും സുതാര്യവുമായ ഭാഷയിലൂടെയാണ് തന്റെ ചെറുകുറിപ്പുകള്‍ വഴി അയാള്‍ നമ്മളിലേക്കു കടലാഴങ്ങളിലെ വിസ്മയലോകങ്ങളും അതുവരെ അറിയാത്ത കടല്‍നിഗൂഢതകളുടെ ഒരു ലോകം തുറന്നിട്ടുതരുന്നത്. ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്കില്‍ (1951) തിമിംഗലത്തിനു നേരെ കുന്തം ചാട്ടുന്നതിന്റെ വിവരണത്തെ അനുസ്മരിപ്പിക്കുംവിധം, റഫീക്ക് ജീവിതത്തെ മുറുകെപ്പിടിച്ചുകൊണ്ട് കുന്തമുനകളുമായി വിഷത്തിരണ്ടികളെ തിരക്കി കടലാഴങ്ങളിലേക്ക് ഊളിയിടുന്നതും മുതിര്‍ന്നവരുടെ വിലക്കു വകവയ്ക്കാതെ തിരണ്ടികളുമായി പൊങ്ങിവരുന്നതും ഈ കുറിപ്പുകളില്‍ കാണാം.
റഫീക്ക് ജീവിക്കുവാനായിട്ടാണ് കടലിലേക്കു പോയത്. പിന്നീട് കടലിനോടുള്ള സ്‌നേഹവും സാഹസികതയുമെല്ലാം അയാളുടെ കടല്‍യാത്രകളില്‍ സഹയാത്രികരായി. ഒപ്പം തിരകള്‍ക്കടിയിലെ അത്ഭുതലോകം കണ്ട് ആ മനുഷ്യന്‍ ആനന്ദാവസ്ഥയിലാണ്ടുപോകുന്നതും നമുക്ക് കാണാം. അടക്കത്തില്‍ കിന്നാരം പറയുവാനും തൊട്ടുരുമ്മുവാനും എത്തുന്ന ചില മത്സ്യങ്ങളേയും അന്തര്‍ഭാഗത്തെ സ്വപ്നവര്‍ണ്ണാങ്കിതമായ ലോകം കണ്‍മുന്നില്‍ തെളിയുമ്പോഴൊക്കെ ഒരു ശ്വാസത്തിന്റെ ഇടവേളകളില്‍ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും തിരികെ പോരാന്‍ താല്പര്യമില്ലാതെ റഫീക്ക്...
ശക്തമായ കാറ്റിലും മഴയിലും ആടിയുലയുന്ന തോണിയില്‍ പിടയുന്ന മനസ്സുകളുമായി ദിനരാത്രങ്ങള്‍ റഫീക്കിന്റെ കടല്‍ജീവിതത്തില്‍ മാറിമാറി വരുന്നതു കാണാം. മഴയുടെ രൗദ്രഭാവങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിട്ടനുഭവിക്കേണ്ടുന്ന സ്ഥലം ആഴക്കടലിലാണെന്ന് അയാള്‍ എഴുതുന്നു. അതും പാതിരാത്രിയില്‍!
കടല്‍ക്കരയിലെ വറുതിയുടെ നാളുകളെക്കുറിച്ചും താന്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളെക്കുറിച്ചും എഴുതുമ്പോഴും അയാളുടെ ജീവിതമുഹൂര്‍ത്തങ്ങളെല്ലാം കടലായിരുന്നു തീരുമാനിച്ചിരുന്നത് എന്ന് നമ്മള്‍ക്കു കാണുവാനാകും.
ആഴങ്ങളിലേക്ക് അധികവും പോയത് കല്ലുമ്മക്കായ പറിക്കുവാനായിരുന്നു. അതിനിടയില്‍ അരികില്‍ വരുന്ന വലിയ ചെമ്പല്ലിമീനുകള്‍ക്ക് കല്ലുമ്മക്കായ പൊളിച്ച് ഇറച്ചി കൊടുക്കുന്നതും തിമിംഗലങ്ങളുടെ ജലോപരിതലത്തിലെ കേളികളെക്കുറിച്ചും കടലില്‍ ഉപേക്ഷിക്കപ്പെട്ട വലക്കണ്ണികളില്‍ കുടുങ്ങി ജീവിതം നഷ്ടപ്പെടാന്‍ പോകുന്ന കടലാമകളെ രക്ഷിക്കുന്നതും കപ്പലിന്റെ രൗദ്രതയുമൊക്കെ ഇതിലെ ചെറുകുറിപ്പുകളോടെ നമ്മെ കടലിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ചില വലിയ പാറയിടുക്കുകളുണ്ട് കടലിനടിയില്‍. അവിടം കല്ലുമ്മക്കായ ധാരാളമായി കാണും. റഫീക്ക് ഇങ്ങനെ എഴുതുന്നുണ്ട്:
''അപകടംപിടിച്ച ചില പാറക്കല്ലുകളുണ്ട് കടലിനടിയില്‍. ഗുഹകള്‍പോലെ തോന്നിക്കുന്നത്. കലങ്ങിയ ജലാശയത്തില്‍ ഇത്തരം പാറക്കല്ലുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത് ഏറ്റവും വലിയ അപകടമാണ്. ഓരോ മുങ്ങലിലും ശ്വാസം കിട്ടുന്നതുവരെ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കും...''
ഒരിക്കല്‍ റഫീക്ക് അത്തരം ആഴത്തില്‍ ചെന്നെത്തിയപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ ഒരു കടലൊഴുക്ക് പാറകളിലെ ഗുഹകളിലേക്ക് അയാളെ തള്ളിക്കയറ്റി. ''തലയും ശരീരവും കല്ലിലടിക്കാത്തതു ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍നിന്നും പുറത്തുകടക്കാനാവാതെ ഞാന്‍ കുറച്ചു സമയം കുടുങ്ങിക്കിടന്നു...''
ഒരു ഓക്സിജന്‍ സിലിണ്ടര്‍ ധരിച്ച മുങ്ങല്‍വിദഗ്ദ്ധനല്ല റഫീക്ക് എന്നോര്‍ക്കണം. ഒരു മനുഷ്യനു യാതൊരു ഉപകരണങ്ങളുടേയും സഹായം കൂടാതെ എത്രനേരം ശ്വാസംപിടിച്ചു നില്‍ക്കുവാനാകും? അതും കടലാഴങ്ങളില്‍! ജീവിക്കാനായി കടലിനെ തിരഞ്ഞെടുത്ത ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു റഫീക്ക്. പക്ഷേ, അസാധാരണമായ ഒരു കടല്‍ജീവിതമായിരുന്നു അയാളുടേത്. കടല്‍ കരയെക്കാളേറേ അമ്പരപ്പിക്കുന്നതാണ്. അതിന്റെ ആഴങ്ങള്‍ ഇന്നും നമ്മള്‍ക്കതീതവും വിസ്മയങ്ങളുടെ അവസാനമില്ലാത്ത ലോകവുമാണ്.

കടലിനടിയിലെ അത്ഭുതങ്ങള്‍
ഞാനാദ്യമായി കടലിനടിയിലേക്കു പോയത് കടലിനടിയിലെ പാറക്കല്ലുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന കടുക്ക പറിക്കാനായിരുന്നു. കടുക്കയ്ക്ക് കല്ലുമ്മക്കായ എന്നും പേരുണ്ട്. ചെറിയൊരു തോണിയിലാണ് പോകുന്നത്.
അന്ന് മുഖത്തു ഫിറ്റ് ചെയ്യുന്ന മാസ്‌ക്കുകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് കടലിനടിയില്‍ പോയി പാറക്കല്ലില്‍ തപ്പിപ്പിടിച്ചായിരുന്നു കടുക്ക പറിച്ചെടുത്തിരുന്നത്. അതുപോലെ കടലില്‍ നല്ല തണുപ്പുള്ള ചില ദിവസങ്ങളില്‍ കടലിനടിയില്‍ പാറക്കല്ലിനോടു ചേര്‍ന്നുള്ള മണലിലും പാറക്കല്ലിനിടയിലും പതുങ്ങിയിരിക്കുന്ന ഞണ്ടുകളേയും പിടികൂടാറുണ്ട്.
ഞണ്ടുകള്‍ കടലില്‍ തണുപ്പുണ്ടാവുമ്പോഴാണ് അധികവും കാണപ്പെടുന്നത്. ഞണ്ടിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പലപ്പോഴും കടിയേല്‍ക്കാറുണ്ട്. ചില സമയത്ത് ഞണ്ടിന്റെ കടിയേറ്റാല്‍ കൈ മുറിഞ്ഞ് രക്തം വരും. ജീവിതമാര്‍ഗ്ഗമായതുകൊണ്ട് അതൊന്നും വകവെക്കാതെ പിന്നെയും ഞണ്ടിനെ പിടിക്കും. ഞണ്ടിനെ കിട്ടിയാല്‍ അതിനെ കനലില്‍ ചുട്ടെടുത്തു തിന്നാനുള്ള ധൃതിയാവും കുട്ടികള്‍ക്കും വീട്ടിലെല്ലാവര്‍ക്കും. വളരെ ഇഷ്ടമായിരുന്നു ഞണ്ടുകൊണ്ടുള്ള വിഭവങ്ങള്‍.
മുഖത്ത് ഫിറ്റ് ചെയ്യുന്ന മാസ്‌ക്കുകള്‍ വന്നതിനുശേഷമാണ് കടലിനടിയിലെ ലോകം ഞാന്‍ ശരിക്കും വ്യക്തമായി കണ്ടത്. മാസ്‌ക് ഉപയോഗിച്ച് കടലിനടിയിലേക്കു പോയപ്പോള്‍ കണ്ടതൊക്കെ അത്ഭുതങ്ങളായിരുന്നു. പലതരം മീനുകളേയും ജീവികളേയും പാമ്പുകളേയും ജീവനോടെ നേരില്‍ കണ്ടപ്പോള്‍, ചിലതിനെയൊക്കെ കൈകൊണ്ടു തൊട്ടപ്പോള്‍ അതെനിക്കൊരത്ഭുതമായിരുന്നു.
കടലിനടിയില്‍ പോയി കടുക്ക പറിച്ചുകൊണ്ടിരിക്കുമ്പോള്‍ പലതരം ചെറുമീനുകള്‍ ശരീരത്തിനു ചുറ്റും നീന്തിക്കളിക്കുന്നത് കാണേണ്ട കാഴ്ചയാണ്. വലിയ മീനുകള്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നീന്തിക്കളിക്കുന്നു. ചില മീനുകളെ കൈകൊണ്ടു പിടിക്കാന്‍ നോക്കുമ്പോള്‍ അവയൊക്കെ വഴുതിമാറുന്നു.
അതുപോലെ കടലിനടിയില്‍ പാറക്കല്ലുകള്‍ക്കിടയില്‍ തല മാത്രം പുറത്തേക്കിട്ട് അപകടകാരികളല്ലാത്ത പാമ്പുകളുമുണ്ട്. കടുക്ക പറിച്ചുകൊണ്ടിരിക്കെ പാമ്പുകള്‍ ശല്യമായാല്‍ കടുക്ക പറിക്കാന്‍ ഉപയോഗിക്കുന്ന ഉളികൊണ്ട് അവയെ കുത്തി ഓടിക്കും. പാറക്കല്ലിനിടയിലും പുറത്തും ചില സ്ഥലങ്ങളില്‍ വലിയ ചെമ്മീനുകളേയും ഞണ്ടിനേയും മാന്തള്‍മീനിനേയും ഉടുമ്പന്‍സ്രാവിനേയുമൊക്കെ കണ്ടാല്‍ അതിനെയൊക്കെ കൈകൊണ്ടു പിടിക്കാന്‍ ധൃതിയാണെനിക്ക്; പ്രത്യേകിച്ചും വലിയ ചെമ്മീനുകളെയൊക്കെ കാണുമ്പോള്‍. എത്രയോ തവണ അതിനെയൊക്കെ ഞാന്‍ പിടിച്ചിട്ടുണ്ട്.
പാറക്കല്ലുകള്‍ക്കിടയിലുള്ള വലിയ മീനുകള്‍ക്ക് ചൂണ്ടയില്‍ ഇര കോര്‍ത്ത് ഇട്ടുകൊടുത്താല്‍ അത് അപ്പോള്‍ത്തന്നെ ചൂണ്ടയില്‍ കുരുങ്ങും.
ചൂണ്ടക്കയറിന്റെ അറ്റം തോണിയില്‍ കെട്ടിയിട്ടാണ് അതിനെ പിടിക്കുന്നത്. അതുപോലെ കടലിനടിയില്‍ പാറക്കല്ലില്‍ വളരുന്ന കടുക്ക എല്ലായിടത്തും നിറഞ്ഞിരിക്കുന്നു; മുന്തിരിക്കുലകള്‍പോലെ. അതും കാണേണ്ട കാഴ്ചയായിരുന്നു. പാറക്കല്ലുകളില്‍ പലയിടത്തും കടുക്ക കല്ലു നിറയെ പൊതിഞ്ഞുകിടക്കുന്നു. ചില കടുക്കകള്‍ കല്ലില്‍ ഉറച്ചതുകാരണം കൈകൊണ്ട് പറിച്ചാല്‍ കിട്ടില്ല.
ഉളികൊണ്ടു കുത്തിയാണ് അതൊക്കെ പറിച്ചെടുക്കുന്നത്. ചില കടുക്കയുടെ തോടിനകത്ത് മുത്തുകളുണ്ട്. കടുക്ക ഇന്ന് ഏറ്റവും നല്ല ഫേവറിറ്റ് വിഭവങ്ങളില്‍ ഒന്നായി തീന്‍മേശയില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. കടുക്കകൊണ്ടുള്ള വിഭവങ്ങള്‍ പലരുടേയും ഫേവറിറ്റ് ഐറ്റമാണിന്ന്. കുട്ടികളുടേയും ഇഷ്ടവിഭവമാണത്.
പുഴയിലും വളര്‍ത്തുന്നുണ്ട് കടുക്ക. പക്ഷേ, ഒറിജിനല്‍ കടുക്ക കടലിലുള്ളതാണ്. കാരണം, കടലിലെ കടുക്കയുടെ ഗുണവും ടേസ്റ്റും പുഴയിലെ കടുക്കയ്ക്കുണ്ടാവില്ല. എന്റെ പ്രധാന ജീവിതമാര്‍ഗ്ഗമാണ് കടലിനടിയില്‍ പോയി പാറക്കല്ലുകളില്‍നിന്ന് കടുക്ക പറിക്കുന്നത്. അതു കഴിഞ്ഞാല്‍ പുറംകടലില്‍ മീന്‍പിടുത്തവുമാണ്.
കടുക്കയുടെ സീസണ്‍ തുടങ്ങിയ സമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മാസ്‌ക് ഉപയോഗിച്ച് കടലിനടിയിലെ പാറക്കല്ലുകളില്‍ പോയാല്‍ കാഴ്ചകളൊക്കെ കാണാം. കലങ്ങിയ വെള്ളത്തില്‍ ഒന്നും കാണാന്‍ പറ്റില്ല.
21 സെപ്റ്റംബര്‍, 2015

തിമിംഗിലം
അന്ന് ഒരു ചാകരക്കാലമായിരുന്നു. കടല്‍ ശാന്തമായതിനാല്‍ പതിവുപോലെ അന്നുച്ചയ്ക്ക് ഞാനും കൂട്ടുകാരനുംകൂടി എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ത്തോണിയില്‍ പുറംകടലിലേക്കു പുറപ്പെട്ടു. പുറംകടലിലെത്താറായപ്പോഴാണ് ആ കാഴ്ച കണ്ടത്, ചെറുതും വലുതുമായ പലതരം മീനുകള്‍ കൂട്ടംകൂട്ടമായി വെള്ളത്തിനു മുകളിലൂടെ ഒഴുകിവരുന്നു. അതില്‍ മത്തിയും അയലയും അയക്കൂറയും സൂദയും ആവോലിയും കൂന്തളും തളയന്‍മീനും തുടങ്ങി പലതരം മീനുകളുമുണ്ട്. അതൊക്കെ ഒന്നു കാണേണ്ട കാഴ്ചയായിരുന്നു.
എവിടെ നോക്കിയാലും മീനുകളുടെ ചാകരയായിരുന്നു. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. ചെറുമീനുകളെയൊക്കെ പിടിച്ച് കൊത്തിത്തിന്നാന്‍വേണ്ടി കടല്‍ക്കാക്കകള്‍ കൂട്ടമായി വന്ന് പറന്നും വെള്ളത്തില്‍ മുങ്ങിയും കളിക്കുന്നു. മീനുകള്‍ കൂട്ടത്തോടെ വരുമ്പോഴാണ് കറുപ്പും വെളുപ്പും നിറമുള്ള കടല്‍ക്കാക്കകള്‍ വരുന്നത്. അതിനിടയില്‍ത്തന്നെ ചെറുമീനുകളെ പിടിച്ചു തിന്നുവാന്‍വേണ്ടി ഡോള്‍ഫിനുകള്‍ മുങ്ങിപ്പൊങ്ങുന്നു. അപ്പോഴാണ് വെള്ളത്തില്‍ എന്തോ വീഴുന്ന വലിയൊരു ശബ്ദം കേട്ടത്. ഞങ്ങള്‍ നോക്കുമ്പോള്‍ കുറച്ചകലെയായി അതാ കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗിലം രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളത്തിനു മുകളിലേക്ക് ഉയര്‍ന്നുചാടി വെള്ളത്തിലേക്കുതന്നെ വീഴുന്നു. ആ ശബ്ദമായിരുന്നു ഞങ്ങള്‍ കേട്ടത്. തിമിംഗിലം അതിന്റെ ശരീരഭാരവും വഹിച്ച് വെള്ളത്തിനു മുകളിലേക്ക് ഉയര്‍ന്നുചാടുന്നത് ഒരത്ഭൂതംതന്നെയാണ്. തിമിംഗിലത്തിനെ ഞങ്ങള്‍ ആനയെന്നാണ് വിളിക്കുന്നത്. കരയിലെ ഏറ്റവും വലിയ ജീവി ആനയായതുകൊണ്ടാവാം കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗിലത്തേയും ഞങ്ങള്‍ ആനയെന്നു വിളിക്കുന്നത്.
തിമിംഗിലത്തെ എപ്പോഴും കാണാന്‍ കഴിയാറില്ല. അതുപോലെ ചാകരയും എപ്പോഴുമുണ്ടാവില്ല. പിന്നെ ഞങ്ങള്‍ കണ്ടത് ഒരു വലിയ കടലാമയെയാണ്. തൊട്ടടുത്ത് എത്തിയപ്പോഴാണ് ആമയുടെ കാലില്‍ വലയുടെ കഷണം കുടുങ്ങി നീന്താനാവാതെ അത് ഒഴുകിനടക്കുകയാണെന്ന് മനസ്സിലായത്.
അതു കണ്ടപ്പോള്‍ ആമയെ രക്ഷപ്പെടുത്താന്‍വേണ്ടി ഞാനതിനെ പിടിച്ചു തോണിയില്‍ കയറ്റാന്‍ നോക്കി. അതിന്റെ ഭാരം കാരണം എനിക്കതിനെ പൊക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരനുംകൂടി സഹായിച്ചപ്പോള്‍ ഞങ്ങളതിനെ തോണിയില്‍ പിടിച്ചുകയറ്റി, എന്നിട്ടതിന്റെ കാലില്‍ കുടുങ്ങിയ വലയുടെ കഷണം കത്തികൊണ്ട് മുറിച്ച് ഒഴിവാക്കി. ഭാഗ്യത്തിന് ആമയ്ക്ക് ഒന്നും പറ്റിയില്ലായിരുന്നു. കാലില്‍ വലക്കഷണം കുടുങ്ങിയതിന്റെ ഒരു ചെറിയ മുറിവു മാത്രം. ഞങ്ങളതിനെ ഉടന്‍തന്നെ വെള്ളത്തിലേക്കു വിട്ടു. കുറച്ചു സമയം വെള്ളത്തിനു മുകളില്‍ കിടന്ന ആമ കടലിനടിയിലേക്ക് ഊളിയിട്ടപ്പോഴാണ് ഞങ്ങള്‍ക്കു സമാധാനമായത്.
അതിനുശേഷം ഞങ്ങള്‍ വലയിട്ടു. എന്നിട്ടു ഭക്ഷണം കഴിച്ചു. സമയം അസ്തമയത്തോടടുത്തിരുന്നു. കുറച്ചു സമയം വിശ്രമിച്ചതിനുശേഷം ഞങ്ങള്‍ ചൂണ്ടയിട്ടു കൂന്തളിനേയും തളയന്‍ മീനിനേയും പിടിച്ചുകൊണ്ടിരുന്നു.
കൂന്തളിനെ ചൂണ്ടയില്‍ പിടിക്കാന്‍ എളുപ്പമാണെങ്കിലും തളയന്‍ മീനിനെ ശ്രദ്ധയോടെ പിടിച്ചില്ലെങ്കില്‍ അതിന്റെ കടിയേല്‍ക്കും. മൂര്‍ച്ചയേറിയ വലിയ നീളന്‍പല്ലുകളാണ് അതിന്റെ വായിലുള്ളത്. ചൂണ്ടയില്‍ പിടിക്കുമ്പോഴും വലയില്‍നിന്നു ജീവനോടെ അഴിച്ചെടുക്കുമ്പോഴും പലപ്പോഴും അതിന്റെ കടിയേല്‍ക്കാറുണ്ട്.
ചൂണ്ടയിടല്‍ കഴിഞ്ഞ് രാത്രി ഒന്‍പതുമണിയായപ്പോള്‍ ഞങ്ങള്‍ വല പിടിച്ചുനോക്കി. വല നിറയെ പലതരം മീനുകള്‍ നിറഞ്ഞിരിക്കുന്നു. അതൊക്കെ അഴിച്ചെടുത്ത് തോണി നിറയെ മീനുമായി ഞങ്ങള്‍ സന്തോഷത്തോടെ കരയിലേക്കു തിരിച്ചു.
7 ജനുവരി, 2016
കടല്‍ ദൈവം
അഞ്ചു വര്‍ഷം മുന്‍പ് ഒരു മഴക്കാലം. അന്ന് പുറംകടലിലെ മത്സ്യബന്ധനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. സമയം രാവിലെ ഏഴുമണിയായിട്ടുണ്ടാവും. ഞാന്‍ വീട്ടിലെത്തിയശേഷം പല്ല് തേച്ചുകൊണ്ട് പതിവുപോലെ വീടിനടുത്തുതന്നെയുള്ള കടപ്പുറത്തേക്കൊന്നു പോയിനോക്കി.
ഞാന്‍ കടപ്പുറത്ത് എത്തിയതും ഉമ്മയുടെ വീടിനടുത്തുള്ള ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് അടുത്തേക്ക് ഓടിവരുന്നു. മഴക്കാലമായാല്‍ പുഴയിലൂടെയും മറ്റും വിറകുകള്‍ കടല്‍ത്തീരത്തേക്ക് ഒഴുകിവരാറുണ്ട്. ശക്തമായ മഴയും കാറ്റും ഉണ്ടാവുമ്പോള്‍ പുഴയുടെ തീരങ്ങളിലുള്ള മരങ്ങളും കൊമ്പുകളും വീഴുന്നത് പുഴയിലായിരിക്കും.
ഡാമിലൊക്കെ മഴവെള്ളം നിറയുമ്പോള്‍ ഡാം തുറന്നുവിടും. അപ്പോഴുള്ള ശക്തമായ ഒഴുക്കില്‍ മരങ്ങളുടെ കൊമ്പുകളും മറ്റും പുഴയിലൂടെ ഒഴുകി കടല്‍ത്തീരത്ത് അടിഞ്ഞുകൂടും.
കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ അതൊക്കെ വിറകിനുവേണ്ടി പെറുക്കിക്കൂട്ടിവെയ്ക്കും. ഞാനും തനിച്ച് വിറകുകള്‍ പെറുക്കിക്കൂട്ടിവെയ്ക്കാറുണ്ട്. അന്നും വിറകുകള്‍ ശേഖരിച്ചുകൊണ്ടിരുന്ന സ്ത്രീകളില്‍ ഒരാളാണ് എന്റെയടുത്തേക്ക് നിലവിളിച്ചുകൊണ്ട് ഓടിവന്നത്. ഞാനവരോട് കാര്യം തിരക്കി. വിറക് പെറുക്കിക്കൂട്ടുന്നതിനിടയില്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പത്തു വയസ്സുകാരനായ കുട്ടി കടലിലിറങ്ങി വിറക് പെറുക്കാനുള്ള ശ്രമത്തില്‍ ഒഴുകിപ്പോയി. അതു കണ്ടാണ് ആ സ്ത്രീ നിലവിളിച്ചുകൊണ്ട് ഓടിവന്നത്. പുരുഷന്മാരാരും ഇല്ലായിരുന്നു. ആ സമയം കടലില്‍ നല്ല തിരയിളക്കവും ഒഴുക്കും ഉള്ളതുകൊണ്ട് സ്ത്രീകള്‍ക്കാര്‍ക്കും അവനെ രക്ഷിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. മത്സ്യബന്ധനം കഴിഞ്ഞു വന്നതിന്റെ ക്ഷീണം വകവെയ്ക്കാതെ ഞാന്‍ ഉടന്‍തന്നെ കുതിച്ചോടി.
ആ കുട്ടി അതാ കടലില്‍ മുങ്ങിപ്പൊങ്ങുന്നു. നല്ല തിരയിളക്കവും ഒഴുക്കും കാരണം അവന്‍ ഒഴുകിപ്പോവുകയാണ്. അത് കണ്ടതും ഞാന്‍ വേഗംതന്നെ ധരിച്ച വസ്ത്രങ്ങളോടുകൂടി കടലിലേക്ക് എടുത്തുചാടി. ഒഴുക്കിനേയും തിരമാലകളേയും വകഞ്ഞുമാറ്റി ഞാനാഞ്ഞു നീന്തി. ആ കുട്ടി കടല്‍വെള്ളം കുടിച്ച് അവശനായിരുന്നു. അവന്‍ മുങ്ങാന്‍ പോകുന്നതു കണ്ട ഞാന്‍ വേഗം സര്‍വ്വശക്തിയുമെടുത്ത് കുതിച്ചുനീന്തി അവന്റെയടുത്തെത്തി. അവനെ കൈയില്‍ കിട്ടിയതും അതേ വേഗത്തില്‍ത്തന്നെ ഞാനവനെ പൊക്കിയെടുത്ത് പിറകില്‍ കയറ്റിയിരുത്തി. അവന്റെ കൈ രണ്ടും മുറുക്കിപ്പിടിച്ച് ഒഴുക്കിനെ വകവെക്കാതെ അവനുമായി കരയിലേക്ക് ആഞ്ഞു നീന്തി.
കരയിലപ്പോഴും കൂട്ടനിലവിളിയായിരുന്നു. കരയിലെ നിലവിളി കേട്ട് നാട്ടുകാരോടൊപ്പം അവന്റെ ഉമ്മയും വീട്ടിലുള്ളവരും നിലവിളിച്ചുകൊണ്ട് വന്നിട്ടുണ്ടായിരുന്നു. ഉപ്പ ഗള്‍ഫിലായിരുന്നു. അവരൊക്കെ ഓടിയെത്തി കടലിലേക്ക് ചാടാന്‍ തുടങ്ങുമ്പോഴേക്കും ഞാനവനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു. കരയിലെത്തിയതും നാട്ടുകാര്‍ ഉടന്‍ തന്നെ അവനെ പൊക്കിയെടുത്ത് വീട്ടിലേക്കും പിന്നെ ആശുപത്രിയിലേക്കും കൊണ്ടുപോയി. കുറച്ചു വൈകിയിരുന്നെങ്കില്‍, ആ സ്ത്രീ എന്നെ കണ്ടില്ലായിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെടുമായിരുന്നോ...?
ദൈവമാണ് എന്നെ അവിടെയെത്തിച്ചതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ആ ദൈവമാണല്ലോ എന്നെ കടലിലെ നല്ലൊരു നീന്തല്‍വിദഗ്ദ്ധനും മുങ്ങല്‍വിദഗ്ദ്ധനുമാക്കിയത്.
25 മാര്‍ച്ച്, 2016

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍
നല്ലൊരു മുങ്ങല്‍വിദഗ്ദ്ധനാണെങ്കിലും കടലിനടിയില്‍ മുങ്ങിക്കളിക്കുമ്പോഴും കടലിനടിയിലെ പാറക്കല്ലുകളില്‍നിന്ന് കല്ലുമ്മക്കായ പറിച്ചെടുക്കുമ്പോഴും ഒരിക്കല്‍പ്പോലും അപകടത്തില്‍ പെടാത്ത ഞാന്‍ അന്ന് മരണത്തെ മുഖാമുഖം കണ്ടു.
പല കടല്‍ത്തീരങ്ങളിലും ചെറുതും വലുതുമായ പാറക്കല്ലുകള്‍ കാണാം. കടലിനടിയിലെ ചെറുതും വലുതുമായ പാറക്കല്ലുകളിലാണ് കല്ലുമ്മക്കായ വളരുന്നത്. മുഖത്ത് മാസ്‌ക് ഫിറ്റ് ചെയ്ത് കടലിനടിയില്‍ തെളിഞ്ഞ ജലാശയത്തില്‍ മുങ്ങിനോക്കിയാല്‍ ചെറുതും വലുതുമായ പാറക്കല്ലുകളും അതില്‍ ഒറ്റയായും കൂട്ടമായും വളരുന്ന കല്ലുമ്മക്കായകളും കാണാം. പലതരം മീനുകള്‍, മറ്റു കടല്‍ജീവികള്‍ എന്നിവയേയും കാണാം. അതൊക്കെ നേരില്‍ കാണേണ്ട മനോഹര കാഴ്ചകളാണ്.
അപകടംപിടിച്ച ചില പാറക്കല്ലുകളുണ്ട് കടലിനടിയില്‍; ഗുഹകള്‍പോലെ തോന്നിക്കുന്നത്. അവിടെയൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചാണ് മുങ്ങുന്നത്. കലങ്ങിയ ജലാശയത്തില്‍ ഇത്തരം പാറക്കല്ലുകളില്‍ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കുന്നത് ഏറ്റവും വലിയ അപകടമാണെന്ന് എനിക്ക് നന്നായിട്ടറിയാം.
അന്നൊരു ദിവസം കലങ്ങിയ ജലാശയമായതുകൊണ്ട് മടിയോടെയാണ് ഞാനെന്റെ ചെറിയ തോണിയില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോയത്.
വലിയ പാറക്കല്ലുകള്‍ ഒഴിവാക്കി അപകടമല്ലാത്ത ചെറിയ പാറക്കല്ലുകളുള്ളയിടത്ത് ഞാനെന്റെ തോണി നിര്‍ത്തിയിട്ടു.
കലങ്ങിയ ജലാശയമാണെങ്കിലും കൈയില്‍ ഗ്ലൗസും മുഖത്ത് മാസ്‌കും ഫിറ്റ് ചെയ്താണ് കടലിനടിയിലേക്ക് ഊളിയിട്ടത്.
പാറക്കല്ലിനടുത്തെത്തിയതും പാറക്കല്ലില്‍ കൈകൊണ്ട് തപ്പിപ്പിടിച്ച് കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി.
അരയില്‍ വലക്കയര്‍ക്കൊണ്ടുണ്ടാക്കിയ കൂടില്‍ (ഞങ്ങളതിനെ മാല്‍ എന്നു പറയും) കല്ലുമ്മക്കായകള്‍ നിറയ്ക്കാന്‍ തുടങ്ങി. ഓരോ മുങ്ങലിനും ശ്വാസം കിട്ടുന്നതിനനുസരിച്ചുള്ള സമയംവരെ കടലിനടിയിലെ പാറക്കല്ലുകളില്‍ മുങ്ങിനിന്ന് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കും. മാല്‍ നിറഞ്ഞാല്‍ അത് തോണിയിലേക്ക് പിടിച്ചു കയറ്റും. എന്നിട്ട് വീണ്ടും മാല്‍ അരയില്‍ കെട്ടി കല്ലുമ്മക്കായ പറിക്കല്‍ തുടരും. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കല്ലുമ്മക്കായ കുറഞ്ഞപ്പോള്‍ തൊട്ടടുത്തുതന്നെ വേറൊരു പാറക്കല്ലുള്ളയിടത്തേക്ക് ഞാനെന്റെ തോണി മാറ്റിവെച്ചു. എന്നിട്ടവിടെ മുങ്ങി കല്ലുമ്മക്കായ പറിച്ചെടുക്കാന്‍ തുടങ്ങി.
അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു വലിയ തിരമാല അടുത്തുകൂടെ കടന്നുപോയത്. അപ്രതീക്ഷിതമായ ആ തിരത്തള്ളലില്‍ കടലിനടിയില്‍ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരുന്ന ഞാന്‍ തെറിച്ചുവീണത് കുറച്ചപ്പുറത്തുള്ള ഒരു വലിയ പാറക്കല്ലിനടിയിലേക്കായിരുന്നു.
തലയും ശരീരവും കല്ലിലിടിക്കാത്തത് ഭാഗ്യമായെങ്കിലും ആ പാറക്കല്ലിനടിയില്‍നിന്നും പുറത്തു കടക്കാനാവാതെ ഞാന്‍ കുറച്ചു സമയം കുടുങ്ങിക്കിടന്നു.
കലങ്ങിയ ജലാശയമായതുകാരണം ഒന്നും കാണാന്‍ കഴിയാതെ അതിനുള്ളില്‍നിന്ന് പുറത്തു കടക്കാനാവാതെ ഞാനേറെ വിഷമിച്ചു. ഞാന്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനകള്‍ കൈവിടാതെ പാറക്കല്ലിനടിയില്‍നിന്നും അതിന്റെ മുകള്‍ഭാഗം തപ്പിപ്പിടിച്ച് ശ്രദ്ധിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. ആ സമയം ഞാന്‍ പോയത് പുറത്തേക്കുള്ള വഴിയല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പേടിച്ചുപോയിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്.
പ്രാര്‍ത്ഥനകള്‍ കൈവിടാതെ വീണ്ടും പാറക്കല്ലിന്റെ വേറൊരു ഭാഗത്തുകൂടെ തപ്പിപ്പിടിച്ച് പുറത്തു കടക്കാന്‍ ശ്രമിച്ചു. കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ അതാ സൂര്യന്റെ ഇത്തിരിവെട്ടം തെളിഞ്ഞു കാണുന്നു. അത് കണ്ടതും ആ ഭാഗം നോക്കി ഞാന്‍ വേഗം പാറക്കല്ലിനടിയില്‍നിന്നും പുറത്തു കടന്നു. എന്നിട്ട് കടലിനു മുകളിലേക്കു പൊങ്ങി. രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ മുകളിലേക്കു നോക്കി പ്രാര്‍ത്ഥിച്ചു: 'അല്‍ഹം ദുലില്ലാഹ്.'
വേഗം തോണിയില്‍ കയറി. കിതപ്പടക്കാന്‍ ഏറെ പാടുപെട്ടു. തോണിയിലുണ്ടായിരുന്ന വെള്ളമെടുത്ത് മതിവരുവോളം കുടിച്ച് കുറച്ചുസമയം വിശ്രമിച്ചശേഷം ഞാന്‍ കരയിലേക്ക് തുഴഞ്ഞു.
പിന്നീടൊരിക്കലും ഞാന്‍ കലങ്ങിയ ജലാശയത്തില്‍ വലിയ പാറക്കല്ലുകളുള്ളയിടത്ത് മുങ്ങാറില്ല. വലിയ പാറക്കല്ലുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് പിന്നീട് ഞാനവിടെ മുങ്ങുന്നത്.
ആ സംഭവം ഞാനിന്നും ഓര്‍ക്കുന്നത് പേടിയോടെയാണ്. പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് രക്ഷപ്പെട്ടതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്; എന്നെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍...
25 മേയ്, 2017
(മാതൃഭൂമി ബുക്സ് വൈകാതെ പ്രസിദ്ധീകരിക്കുന്ന ടി.കെ. റഫീക്കിന്റെ കടലില്‍ എന്റെ ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)