'ഇമ്മാതിരി ഇരട്ടത്താപ്പുമായി നടക്കുന്നവര്‍ക്ക് മോദി ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ധാര്‍മ്മികാവകാശമില്ല'

By ഹമീദ് ചേന്നമംഗലൂര്‍   |   Published: 24th March 2020 05:37 PM  |  

Last Updated: 24th March 2020 05:38 PM  |   A+A-   |  

AFGAN

 

ഫെബ്രുവരി 29-ന് ദോഹയില്‍നിന്നു പുറത്തുവന്ന വാര്‍ത്ത ഒരേസമയം ശുഭകരവും അശുഭകരവുമാണ്. അമേരിക്കയും താലിബാനും ഒപ്പിട്ട ഉടമ്പടിയുടെ വാര്‍ത്തയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 2001 സെപ്റ്റംബര്‍ 11-ന് അല്‍ ഖ്വയ്ദ എന്ന ഭീകരസംഘടന യു.എസ്സിലെ ലോകവ്യാപാരകേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്  അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ശക്തമായ സൈനിക ഇടപെടല്‍ നടത്തി. 18 വര്‍ഷം നീണ്ടുനിന്ന അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിനു വിരാമമിടുന്ന ഉടമ്പടിയില്‍ ആ രാജ്യവും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒപ്പുവെച്ച വാര്‍ത്തയാണ് ദോഹയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരുവിഭാഗവും സംഘട്ടനപാതയില്‍നിന്നു പിന്‍മാറുന്നു എന്ന നിലയില്‍ തീര്‍ച്ചയായും ആ വാര്‍ത്ത ശുഭകരവും സന്തോഷദായകവുമാണ്.

താലിബാനും അമേരിക്കയും ഒപ്പുവെച്ച കരാര്‍ എന്തുകൊണ്ട് അശുഭകരവും കൂടിയാണെന്ന വിഷയത്തിലേയ്ക്ക് ചെല്ലുന്നതിനു മുന്‍പ് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ: യു.എസ്. സൈനികര്‍ 14 മാസങ്ങള്‍ക്കുള്ളില്‍ പടിപടിയായി അഫ്ഗാനില്‍നിന്നു പിന്‍വാങ്ങുകയും താലിബാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യുമെന്നതാണ് കരാറിലെ മുഖ്യ വ്യവസ്ഥകള്‍. അമേരിക്കയുടെ പ്രതിനിധി സല്‍മായ് ഖലീല്‍സാദും താലിബാന്റെ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഘനി ബറാദുറും ഒപ്പിട്ട ഉടമ്പടിയുടെ പ്രയോഗവല്‍ക്കരണം അത്ര എളുപ്പമല്ല. യു.എസ്. രാജ്യരക്ഷ സെക്രട്ടറി മാര്‍ക് എസ്പര്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ കക്ഷികളും ക്ഷമയും അനുരഞ്ജന മനഃസ്ഥിതിയും പ്രകടിപ്പിച്ചാലേ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകൂ. അഫ്ഗാനിസ്ഥാനില്‍ നിലവിലുള്ള സര്‍ക്കാരും താലിബാനും തമ്മില്‍ സാര്‍ത്ഥകമായ ചര്‍ച്ചകള്‍ നടക്കുകയും സമവായത്തിലെത്തുകയും ചെയ്യുക എന്നത് മര്‍മ്മപ്രധാനമാണ്. അതിനുപുറമെ മറ്റൊരു വിഘ്‌നം കൂടി വഴിയിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് പ്രസിഡന്റ് അശ്‌റഫ് ഘനി നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹത്തിന്റെ പ്രതിയോഗി അബ്ദുല്ല അബ്ദുല്ല അംഗീകരിക്കുന്നില്ല. യഥാര്‍ത്ഥ വിജയി താനാണെന്നാണ് അബ്ദുല്ലയുടെ വാദം. ഈ കാലുഷ്യത്തില്‍നിന്നുകൂടി രാജ്യം മുക്തമായാലേ യു.എസ്-താലിബാന്‍ കരാറിന്റെ സഞ്ചാരപഥം സുഗമമാവൂ.

മേല്‍പ്പറഞ്ഞ കരാര്‍ അശുഭകരം കൂടിയാണെന്ന് എന്തുകൊണ്ട് പറയുന്നു എന്നതിലേയ്ക്ക് ഇനി കടക്കാം. ദോഹയില്‍ ഉടമ്പടി ഒപ്പിട്ടശേഷം താലിബാന്റെ രാഷ്ട്രീയ മേധാവി മുല്ല ബറാദറിന്റെ ഒരു പ്രസ്താവന പുറപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരുമെന്നത്രേ ബറാദര്‍ വ്യക്തമാക്കിയത്. നിലവിലെ ജനാധിപത്യാധിഷ്ഠിത ഭരണത്തിന്റെ സ്ഥാനത്ത് മതാധിഷ്ഠിത ഭരണം സ്ഥാപിക്കുമെന്നര്‍ത്ഥം. 1996-ല്‍ താലിബാന്‍ എന്ന മതതീവ്രവാദ സംഘത്തിന്റെ സ്ഥാപക മേധാവിയായിരുന്ന മുല്ല മുഹമ്മദ് ഉമര്‍ അഞ്ചുവര്‍ഷത്തോളം കാലം 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനി'ല്‍ കാഴ്ചവെച്ച മധ്യകാലമുദ്രയുള്ള ഇസ്ലാമിക മതവാഴ്ചയുടെ പുനഃസ്ഥാപനത്തിലാണ് മുല്ല ബറാദറിനു താല്പര്യം. താലിബാന്റെ പരമോന്നത നേതാവായ മൗലവി ഹിബത്തുല്ല അഖുന്‍ സാദയാകട്ടെ, മറിച്ചൊന്നും പറഞ്ഞിട്ടുമില്ല. ആ നിലയ്ക്ക് നോക്കുമ്പോള്‍ യു.എസ്-താലിബാന്‍ ഉടമ്പടിയുടെ ആത്യന്തിക ഫലം ഒരളവിലും ശുഭകരമാവില്ല എന്നു കരുതാനാണ് ന്യായം.

മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ വാഴ്ചക്കാലത്ത് ബാമിയാനിലെ ബുദ്ധപ്രതിമകള്‍, ഇസ്ലാം ആവശ്യപ്പെടുന്ന വിഗ്രഹവിരോധത്തിന്റെ പേരില്‍, 2001 മാര്‍ച്ചില്‍ തകര്‍ക്കപ്പെട്ടത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, അല്ലാത്തവര്‍ക്കും അറിയാവുന്നതാണ്. പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതില്ലെന്ന നിയമവും താലിബാന്‍ ഭരണ നാളുകളില്‍ നിലവില്‍ വന്നു. സ്ത്രീകളുടെ സാമൂഹിക ചലനങ്ങള്‍ അതികര്‍ശനമായി നിയന്ത്രിക്കപ്പെട്ട കാലസന്ധി കൂടിയായിരുന്നു അത്. നിഖാബ് ധരിക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമാക്കപ്പെട്ടു. ശരീഅത്ത് (ഇസ്ലാമിക നിയമവ്യസ്ഥ) നടപ്പാക്കുന്നതിന്റെ പേരില്‍ അതിപ്രാകൃത ശിക്ഷാമുറകള്‍ ക്രിമിനല്‍ നിയമസംഹിതയുടെ ഭാഗമാക്കപ്പെടുകയും ചെയ്തു. വിമത ശബ്ദങ്ങള്‍ നിഷ്‌കരുണം അടിച്ചമര്‍ത്തപ്പെട്ടു. അഫ്ഗാനിസ്ഥനില്‍നിന്നു ജനാധിപത്യവും ബഹുസ്വരതയും സമസ്താര്‍ത്ഥത്തില്‍ കുടിയിറക്കപ്പെട്ട കാലമായിരുന്നു താലിബാന്‍ വാഴ്ചയുടെ പഞ്ചവര്‍ഷങ്ങള്‍.

ഹിന്ദുത്വവാദികളുടെ പ്രതിരൂപങ്ങള്‍

ഇസ്ലാമിക തീവ്രവാദികള്‍ ഒഴികെ മത, ലിംഗഭേദമെന്യേ മറ്റുള്ള എല്ലാവരേയും സംബന്ധിച്ചിടത്തോളം തികച്ചും ഇരുണ്ടതും ദുരിതപൂര്‍ണ്ണവുമായിരുന്ന ആ കറുത്ത കാലം പുനരാനയിക്കുമെന്നാണ് മുല്ല അബ്ദുല്‍ ഘനി ബറാദര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിന്റെ മേല്‍വിലാസത്തിലുള്ള ഭരണവ്യവസ്ഥയിലേയ്ക്ക് അഫ്ഗാനിസ്ഥാനെ തിരിച്ചുകൊണ്ടുപോകുമെന്നു താലിബാന്‍ നേതാവ് പറയുന്നതില്‍ എന്തിനു ജനാധിപത്യവിരുദ്ധത ദര്‍ശിക്കണമെന്നു ചോദിക്കുന്നവരുണ്ടാകും. 1996-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കയ്യടക്കിയതില്‍ അകമേ ആഹ്ലാദിച്ച ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന വസ്തുതയുടെ വെളിച്ചത്തിലാണിങ്ങനെ പറയുന്നത്. ലോകത്തിലെവിടെയെങ്കിലും ഇസ്ലാമിസ്റ്റുകള്‍ അധികാരം പിടിച്ചുപറ്റുമ്പോള്‍ നമ്മുടെ നാട്ടില്‍ ജമാഅത്തെ ഇസ്ലാമിക്കാരും സമാന ചിന്താഗതിക്കാരും ആഹ്ലാദിക്കുക പതിവാണ്. തുര്‍ക്കിയില്‍ ഇസ്ലാമിസ്റ്റ് കക്ഷിയായ എ.കെ. പാര്‍ട്ടിയുടെ അമരക്കാരന്‍ റസിപ് തയ്യിബ് ഉര്‍ദുഗാന്‍ സിംഹാസനത്തിലേറിയതില്‍ രോമാഞ്ചമണിഞ്ഞവരാണ് ഇന്ത്യയിലെ മൗദൂദിസ്റ്റുകള്‍.

ഉര്‍ദുഗാനും അദ്ദേഹത്തിന്റെ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയും ഭരണത്തില്‍ വന്നശേഷം തുര്‍ക്കി എങ്ങനെ സ്വേച്ഛാധിപത്യത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന് ആ നാട്ടിലെ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എസി ടെമല്‍ക്കുറന്‍ തന്റെ ഗ്രന്ഥത്തില്‍ വെളിപ്പെടുത്തിയത് ശ്രദ്ധാര്‍ഹമാണ്. 2019-ല്‍ പുറത്തുവന്ന എസിയുടെ 'How to Lose a Coutnry' എന്ന പുസ്തകത്തിലാണ് ഉര്‍ദുഗാന്റെ ഭരണത്തിന്‍ കീഴില്‍ മതേതര തുര്‍ക്കി മതാധിഷ്ഠിത സ്വേച്ഛാധിപത്യത്തിന്റെ പടുകുഴിയില്‍ പതിച്ചതിന്റെ വിശദാംശങ്ങള്‍ അനാവൃതമാക്കപ്പെടുന്നത്. തുര്‍ക്കിയുടെ യഥാര്‍ത്ഥ അവകാശികള്‍ ആ രാജ്യത്തിലെ ലിബറല്‍ മതേതര സമൂഹമല്ലെന്നും മറിച്ച് ഇസ്ലാമിസ്റ്റുകളാണെന്നും പ്രചണ്ഡപ്രചാരണം നടത്തിക്കൊണ്ടായിരുന്നു എ.കെ. പാര്‍ട്ടി മുന്നേറിയത്. സ്വതന്ത്ര ചിന്തയേയും യുക്തിവിചാരത്തേയും തല്ലിയൊതുക്കുക എന്നതായിരുന്നു രണ്ടാമത്തെ നടപടി. ആക്രാമക മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളെ കീഴ്പെടുത്തുക എന്ന തന്ത്രവും പ്രയോജനപ്പെടുത്തപ്പെട്ടു. ഭരണനിര്‍വ്വാഹകര്‍ക്കുമേല്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയുള്ള ജുഡീഷ്യറിയേയും  മാധ്യമങ്ങളേയും ഭരണഘടനയേയും നിര്‍വീര്യമാക്കുക എന്നതായിരുന്നു അടുത്ത പടി. രാജ്യത്തിന്റെ പൂര്‍വ്വചരിത്രം തമസ്‌കരിക്കുകയോ വക്രീകരിക്കുകയോ ചെയ്യുകയും ഇസ്ലാമിസ്റ്റ് വീക്ഷണങ്ങളോടൊപ്പം നില്‍ക്കുന്ന പൗരന്മാരെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന കുടിലവിദ്യയും പ്രയോഗിക്കപ്പെട്ടു. മതേതര ലിബറല്‍ മനഃസ്ഥിതിയുള്ളവരെ അടിച്ചൊതുക്കുകയും അപ്രസക്തരാക്കുകയും ചെയ്യുകയെന്ന നികൃഷ്ടരീതിയും അവലംബിക്കപ്പെട്ടു. തങ്ങളുടെ മതമൗലിക അജന്‍ഡയ്ക്ക് വഴങ്ങാത്ത വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രാന്തീകരിച്ചും നിശ്ശാക്തീകരിച്ചുമാണ് ഉര്‍ദുഗാന്‍ ഇസ്ലാമിസ്റ്റ് സ്വേച്ഛാധിപത്യം തുര്‍ക്കിയില്‍ നടപ്പിലാക്കിയതെന്ന് എസി ടെമല്‍ക്കുറന്‍ വിശദീകരിക്കുന്നു.

തുര്‍ക്കിയില്‍ ഇസ്ലാമിസ്റ്റുകളാണെങ്കില്‍ സമകാലിക ഇന്ത്യയില്‍ ഹിന്ദുത്വവാദികളാണ് എതാണ്ട് സമാനരീതികളിലൂടെ തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്നത്. ഇന്ത്യയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്നും ഇന്ത്യന്‍ പൗരത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്താവണമെന്നും ഹിന്ദുത്വവാദികള്‍ തീരുമാനിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജുഡീഷ്യറിക്കുപോലും അതിന്റെ പ്രാണവായുവായ കക്ഷിരാഷ്ട്രീയാതീത സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവോ എന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇത്തരമൊരവസ്ഥയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടിയുള്ള ഏതു മുറവിളിയും സ്വാഗതാര്‍ഹമായിരിക്കും. പക്ഷേ, അങ്ങനെ മുറവിളികൂട്ടുന്നവര്‍ തങ്ങളുടെ പ്രത്യയശാസ്ത്ര സഹോദരന്മാര്‍ അന്യദേശങ്ങളില്‍ ജനാധിപത്യത്തിനു പകരം മതാധിപത്യവും ബഹുസ്വരതയ്ക്കു പകരം ഏകസ്വരതയും നടപ്പില്‍ വരുത്തുമ്പോള്‍ അതിനെതിരെ നിര്‍വ്വിശങ്കം നിലപാടെടുക്കേണ്ടതുണ്ട്.

തെളിച്ചു പറയാം. തുര്‍ക്കിക്കുശേഷം ഇപ്പോഴിതാ മുല്ല ബറാദര്‍ അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക ഭരണം (മതേതര ബഹുസ്വര ജനാധിപത്യത്തിനു ഒട്ടും സ്ഥാനമില്ലാത്ത ഭരണം) സ്ഥാപിക്കുമെന്നു പറയുന്നു. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയോ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള അതിന്റെ പോഷകസംഘടനകളോ പോപ്പുലര്‍ ഫ്രന്റോ അതിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐയോ ഒന്നും ബറാദറിന്റെ പ്രഖ്യാപനത്തിനെതിരെ  ഇതെഴുതുന്നതുവരെ (13- 2020) പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്നു പറയുന്നവരെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയല്ലാതെ അവരെ തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാവില്ല എന്നതാണ് സത്യം. ഇന്ത്യയിലെ ഹിന്ദുത്വവാദികളെ കഠിനമായി വിമര്‍ശിക്കുന്ന ഇക്കൂട്ടര്‍ ഹിന്ദുത്വവാദികളുടെ അപരദേശങ്ങളിലെ പ്രതിരൂപങ്ങളായ ഇസ്ലാമിസ്റ്റുകളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. അത്യന്തം അപഹാസ്യമായ ഇമ്മാതിരി ഇരട്ടത്താപ്പുമായി നടക്കുന്ന തങ്ങള്‍ക്ക് ഇന്ത്യയിലെ മോദി ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ധാര്‍മ്മികാവകാശമാണ് നഷ്ടപ്പെടുന്നതെന്ന വസ്തുത മൗദൂദിസ്റ്റ് പരിവാര്‍ വിസ്മരിച്ചു കളയുകയാണ്.