'മുഷ്ടി ചുരുട്ടിയാല്‍ മുറിവേല്‍ക്കേണ്ടതല്ല മതവിശ്വാസം'

By സഹീറാ തങ്ങള്‍/ഖദീജാ മുംതാസ്   |   Published: 26th March 2020 05:39 PM  |  

Last Updated: 26th March 2020 05:39 PM  |   A+A-   |  

SAHEERA

വിയായി മലയാള സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയവളാണ് സഹീറാ തങ്ങള്‍. 'പ്രാചീനമായ ഒരു താക്കോല്‍' കഥാസമാഹാരമെങ്കിലും കാല്പനികതയും ഭ്രമാത്മകതയും അവയ്ക്കു കവിതകളോട് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നു. 'റാബിയ' എന്ന ഒരു ചെറുനോവല്‍ ഒരു ദശകം മുന്‍പുതന്നെ സഹീറ എഴുതിയിട്ടുണ്ട്. രണ്ടാം നോവലായ 'വിശുദ്ധ സഖിമാര്‍' ഏറെ വ്യത്യസ്തവും നോവലിസ്റ്റ് എന്ന നിലയില്‍ സഹീറയുടെ വലിയ വളര്‍ച്ചയെ സൂചിപ്പിക്കുന്നതുമാണ്. കലാപരമായി മികച്ചുനില്‍ക്കുന്നതോടൊപ്പം നോവലില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും ഈ എഴുത്തുകാരിയുടെ കൃതിയുടെ വിശദമായ വായന ആവശ്യപ്പെടുന്നുണ്ട്.
മതവും സമൂഹവും അടിച്ചേല്‍പ്പിച്ച പാപപുണ്യ സങ്കല്പങ്ങള്‍ പേറി വ്യവസ്ഥയെ കഴുതയെപ്പോലെ അനുസരിച്ചു മെഴുകുതിരിപോലെ ഉരുകിത്തീര്‍ന്നുപോവുമായിരുന്ന ഒരു സ്ത്രീ ജന്മത്തില്‍നിന്ന് ആദ്യം ഭ്രാന്ത് എന്ന അവസ്ഥയിലൂടെ, പിന്നീട് പ്രണയത്തിലൂടെ വിമോചിതയാകുന്ന ഒരുവള്‍ സ്വന്തം ശരീരത്തെ അറിഞ്ഞ്, അവനവനെ അറിഞ്ഞ് അവള്‍ വൈകാതെ ചേക്കേറുന്നത് തന്റെ ആരുമല്ലാത്തവരുടെ ദുഃഖങ്ങളിലേക്കാണ്. ഒരു ചുംബനത്തിന് ഒരു രാത്രി മുഴുവന്‍ ഗാഢനിദ്ര നല്‍കാനാവുമെന്ന് കണ്ടെത്തുന്നവളില്‍നിന്ന്, പിറ്റേന്ന് പാപഭാരത്താല്‍ ഉടല്‍ വിറച്ചവളില്‍നിന്ന്, ഇനിയൊരിക്കലും താന്‍ കരയില്ലെന്നും ഇനിയെന്നും സുഖമായി ഉറങ്ങുമെന്നുമുള്ള ആത്മവിശ്വാസത്തിലേക്ക് അവളെത്തുന്നത് ഉടല്‍ കൂടി ഉള്‍ച്ചേര്‍ന്ന വ്യക്തിതല പ്രണയത്തില്‍നിന്നു കൂടുതല്‍ വലിയ പ്രണയത്തിലേയ്ക്ക്, പ്രപഞ്ച പ്രണയത്തിലേയ്ക്കു തന്നെ അവളുണരുമ്പോഴാണ്. പ്രണയത്തിന്റെ വിമോചന സാധ്യതയെ അതിമനോഹരമായി ആവിഷ്‌കരിക്കുന്നു. വിശുദ്ധ സഖിമാരിലൂടെ സഹീറാ തങ്ങള്‍.
------
 

സഹീറയുടെ ഒരു കവിതാ പുസ്തകത്തിന്റെ പ്രകാശനവേളയില്‍ പ്രസിദ്ധനായ ഒരു കവി, കവിതകളോടുള്ള താല്പര്യത്തോടുകൂടിത്തന്നെ ചോദിച്ച ഒരു ചോദ്യമോര്‍ക്കുന്നു. എന്താണ് സ്ത്രീകള്‍ കവിത എഴുതുമ്പോള്‍ എപ്പോഴും അതു സ്ത്രീ ശരീരത്തിലും അവളുടെ പ്രണയത്തിലും മാത്രം കുരുങ്ങിക്കിടക്കുന്നത് എന്ന്. സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് അങ്ങനെ മാത്രമേ ലോകത്തെ കാണാനാകൂ എന്നും വ്യക്തിപരമായവയെല്ലാം രാഷ്ട്രീയം കൂടിയാണെന്നും നാം ഒഴുക്കന്‍മട്ടില്‍ പറഞ്ഞുവെയ്ക്കാറുമുണ്ട്. വാസ്തവത്തില്‍ ആ യാഥാര്‍ത്ഥ്യത്തിന്റെ തെളിമയുള്ള പ്രഖ്യാപനം തന്നെയാകുന്നില്ലേ സഹീറയുടെ ഈ നോവല്‍? 

പ്രണയം പ്രകൃതിയിലെ ഏറ്റവും മനോഹരമായ ധര്‍മ്മസങ്കടമാണ്. ഉടലും മനസ്സും ഒരുപോലെ വേദനിച്ചു വിറയ്ക്കുമ്പോഴും തന്റെ പ്രണയേതാവിനെ മാറ്റിനിര്‍ത്താനാവാത്ത ഉലച്ചിലാണത്. സത്യത്തില്‍ അത് ഒരൊറ്റ സമയം അതിയായ ആഹ്ലാദവും അനുഭൂതിയും വിങ്ങലും വിരഹവും കലഹവും കാമവും എല്ലാം ആണത്. ഇതില്‍നിന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുമ്പോഴും അതിലേയ്ക്കുതന്നെ തല്ലിയലച്ചു നമ്മള്‍ തിരിച്ചെത്തുകയാണ്. ഞാന്‍ പ്രണയം എഴുതുന്നുണ്ടെങ്കില്‍, എനിക്കതിനൊരു നിര്‍വ്വചനം കണ്ടെത്താനാവാത്തതുകൊണ്ടാണ്. പ്രണയിക്കാതിരിക്കാനുമാവുന്നില്ല. ഒരുപക്ഷേ, സ്ത്രീകള്‍ ആയിരിക്കും ഇത്ര നിസ്സഹായതയോടെ ഇതിന്റെ അര്‍ത്ഥം അന്വേഷിക്കുന്നത്. അല്ലെങ്കില്‍ പറ്റിക്കപ്പെടുന്നത്.

വിശുദ്ധ സഖിമാരില്‍ പ്രണയത്തെക്കുറിച്ച് എഴുതുകയല്ല, യഥാര്‍ത്ഥത്തില്‍ അതിനായുള്ള ഒരു അന്വേഷണമാണ്. ഇതിലെ നായിക സ്വശരീരം പോലും ഒന്നു നേരാംവണ്ണം കാണാത്തവളായിരുന്നു. ഏറ്റവും മനോഹരമായ ഒന്നാണ് സ്ത്രീ ഉടല്‍ എന്നു നായകനായ ചിത്രകാരന്‍ പറയുന്നതിലൂടെയാണ് 34-ാംവയസ്സില്‍ അവള്‍ തന്നെത്തന്നെ കാണുന്നത്. താന്‍ ഇത്ര സുന്ദരിയായിരുന്നുവോ എന്ന് അതിശയിക്കുന്നത്. തന്റെ ഭര്‍ത്താവ് ഇതുവരെ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നു വേദനയോടെ പരിതപിക്കുന്നത്. സ്ത്രീകള്‍ എങ്ങോട്ടാണ് ഇത്ര വേവലാതിപ്പെട്ട് ഓടുന്നത്? സ്വശരീരത്തേയോ മനസ്സിനേയോ പ്രണയത്തേയോ ഒക്കെ കണ്ടില്ലെന്നു വെയ്ക്കുന്നത്? അതിന് ഇനിയെങ്കിലും ഒരു ഉത്തരം ഉണ്ടായേ പറ്റൂ എന്ന ചിന്തയാണ് ഈ നോവല്‍ മുന്നോട്ടു വെയ്ക്കാന്‍ ശ്രമിക്കുന്നത്.

ഇതിലെ നായിക, വിവാഹം കഴിഞ്ഞു 10 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കൂട്ടുകാരിയോട് അന്വേഷിക്കുന്നുണ്ട്; എന്താണ് ഈ സെക്ഷ്വല്‍ ഓര്‍ഗസം എന്ന്. വ്യക്തിപരമായി ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും അജ്ഞരായവര്‍ക്ക് പിന്നെ എന്ത് രാഷ്ട്രീയം എന്ന് ആലോചിക്കേണ്ടിവരും. സ്വാര്‍ത്ഥമല്ലാത്ത പ്രണയത്തിലൂടെ അവളെത്തന്നെ അറിഞ്ഞ്, അവള്‍ പോവുന്നത് ഒരു പ്രപഞ്ച പ്രണയത്തിലേയ്ക്കാണെന്നുള്ളത് ശരിതന്നെ.

എനിക്ക് ഫെമിനിസ്റ്റുകളെ വെറുപ്പാണ്. അവരാണ് സ്ത്രീകളുടെ ജീവിതം ഇത്രമേല്‍ പീഡനപരമാക്കുന്നത് എന്നൊരു ആത്മഗതം തന്റെ സ്വയം കണ്ടെത്തലിന്റെ പ്രയാണത്തിനിടയില്‍ ഇതിലെ നായിക നടത്തുന്നുണ്ട്. പുരുഷനിലെ സുഹൃത്തിനെ, പ്രണയിയെ, രക്ഷകനെ, അവനും അവളും തമ്മിലുടലെടുക്കാവുന്ന നിരുപാധികമായ സ്‌നേഹത്തെ കണ്ടെത്തുന്ന ഈ സമീപനം എഴുത്തുകാരിയുടേതുകൂടിയാണ് എന്നും ആ അര്‍ത്ഥത്തില്‍ സഹീറയ്ക്ക് മാധവിക്കുട്ടിയുമായാണ് താദാത്മ്യം എന്നും പറഞ്ഞാല്‍? 

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മുറിവുകള്‍ ഏറ്റവും കൂടുതല്‍ എഴുതിയ കവി, മാധവിക്കുട്ടി പ്രണയത്തിന്റെ രാജകുമാരി കൂടിയാണ്. പരസ്പരം പൂരകമായ ഒന്നാണ് സ്ത്രീയും പുരുഷനും എന്ന് അതിന്റെ രണ്ടിന്റേയും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കണ്ടവരാണ്.

ഫെമിനിസം, ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. രണ്ടോ മൂന്നോ പുരുഷന്മാര്‍ ഒരുവളെ വേദനയുടെ ഇരയാക്കിയിട്ടുണ്ടെങ്കില്‍ നാലോ അഞ്ചോ പേര്‍ അവളോടൊപ്പം അച്ഛനോ സഹോദരനോ ഭര്‍ത്താവോ മകനോ കാമുകനോ സുഹൃത്തോ അയല്‍ക്കാരനോ നാട്ടുകാരനോ ഒക്കെ ആയി ഉറച്ചുനില്‍ക്കുന്നുണ്ട്. പുരുഷവര്‍ഗ്ഗമൊന്നടങ്കം എതിര്‍ക്കപ്പെടേണ്ട ഒന്നാണെന്ന ഒരു മെസ്സേജ് ഫെമിനിസത്തിലൂടെ പുതിയ തലമുറയ്ക്ക് നല്‍കരുത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഈ നോവലില്‍ത്തന്നെ നായിക, അവളെ സ്വയം തിരിച്ചറിയുന്നത് മറ്റു പുരുഷന്മാരിലൂടെയാണ്. ഒരു സ്ത്രീ പഠിച്ചു വളര്‍ന്നു വിവാഹിതയായിക്കഴിഞ്ഞാല്‍ തന്റേതായ എല്ലാം അവള്‍ പുറകിലുപേക്ഷിക്കുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്യുന്നുണ്ട്. പലതും മനപ്പൂര്‍വ്വം തന്നെ പ്രയോരറ്റൈസ് ചെയ്യുന്നതാണ്. അത്തരമൊരു അവസ്ഥ പുരുഷനു താരതമ്യേന കുറവാണ്. ഇതൊരു ശരാശരി സ്ത്രീയുടെ ജീവിതമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് വിശദമാക്കിയാല്‍ ഇതു സര്‍വ്വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു എന്നു കാണാം. ഈ നോവലിലെ സ്ത്രീയിലൂടെ അത്തരമൊരു പരകായപ്രവേശം സ്ത്രീകള്‍ ചെയ്യേണ്ടതില്ല എന്നു വ്യത്യസ്ത സാഹചര്യങ്ങളിലൂടെ അവളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് മൂന്നു പുരുഷന്മാരാണ്. ഒരാള്‍ പ്രണയത്തിലൂടെയാണെങ്കില്‍, മറ്റൊരാള്‍ അവള്‍ അകപ്പെട്ട മാനസിക കേന്ദ്രത്തിലെ ഡോക്ടറാണ്; അവളുടെ മത-രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ എല്ലാം മാറ്റുന്ന ഒരാളാണത്. മറ്റൊരാള്‍ ഫിക്ഷന്‍ ആണോ റിയല്‍ ആണോ എന്ന് അവള്‍ക്കുതന്നെ വ്യക്തതയില്ലാത്ത ഏകമാര്‍ഗ്! ഒരു പ്രവാചകന്‍ എന്നു വേണമെങ്കിലും പറയാം.

സ്ത്രീ-പുരുഷന്‍ എന്നു പരസ്പരം മാറ്റിനിര്‍ത്തിക്കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തിനാണ് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതു പരസ്പരപൂരകങ്ങളാണെന്നും ഒന്നിനു മറ്റൊന്നില്ലാതെ ജീവിതമോ മോചനമോ സാധ്യമല്ലെന്നും നമുക്കെല്ലാവര്‍ക്കുമറിയാം. എന്നിട്ടും രണ്ടു ശത്രുരാജ്യങ്ങളെപ്പോലെ പടവെട്ടുകയാണ് നമ്മള്‍. ഡിവോഴ്‌സ് റേറ്റ് വളരെയേറെ കൂടിയിരിക്കുന്നു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ ആധികാരികമായി എനിക്കതു പറയാന്‍ സാധിക്കും. പുതിയ ജനറേഷന്‍ വിവാഹത്തെ ഭയങ്കരമായി വെറുക്കുന്ന ഒരവസ്ഥയിലാണ് ഉള്ളത്. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ആയിപ്പോവുന്നത് എന്നു നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

അവനവന് മനസ്സമാധാനം ഇല്ലാതാക്കാത്ത എല്ലാം പുണ്യം. മറ്റുള്ളവര്‍ക്കു സന്തോഷവുമുണ്ടാക്കുമെങ്കിലും അവനവന്‍ മനസ്സമാധാനമില്ലാതെ ഉരുകാന്‍ കാരണമാകുന്നെങ്കില്‍ അതു പാപം. ഇങ്ങനെ സ്ത്രീ സൗഹൃദപരമായി പുണ്യപാപങ്ങളെ പുനര്‍നിര്‍വ്വചിക്കുന്നുണ്ട് നോവലില്‍. വേദഗ്രന്ഥാധിഷ്ഠിത പാപപുണ്യ സങ്കല്പങ്ങളും കുടുംബാംഗങ്ങളുടേയും സമൂഹത്തിന്റേയും ഇടപെടലുകളും സ്ത്രീ-പുരുഷ ബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രതിലോമപരതകളും വിശദീകരിക്കാമോ? കുഞ്ഞുങ്ങളുടെ മനോവികാസത്തില്‍, കൗമാര ബന്ധങ്ങളില്‍, ദാമ്പത്യത്തില്‍, പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയില്‍ ഒക്കെ അവയെങ്ങനെ പരോക്ഷമായി സ്വാധീനം ചെലുത്തുന്നു എന്ന്? 

കുഞ്ഞുങ്ങളില്‍നിന്നു തുടങ്ങാം. പാപപുണ്യങ്ങള്‍ ഏല്പിച്ചു വളരുന്ന നമ്മുടെ കുഞ്ഞുങ്ങള്, നരകത്തീയിലിട്ട് ചുട്ടുകരിച്ചു കൊല്ലുന്ന ദൈവത്തെ ഭയപ്പാടോടെയാണ് കാണുന്നത്. മത, വേദ ഗ്രന്ഥാടിസ്ഥാനത്തില്‍ പാപപുണ്യങ്ങള്‍ അടിച്ചേല്പിക്കുന്നതിലല്ല, മറിച്ച് ശാസ്ത്രീയമായിക്കൂടി അല്പം കൂടി വിശാലാര്‍ത്ഥത്തില്‍ കാണാനുള്ള മാനസികാവസ്ഥ കുട്ടികളില്‍ രൂപപ്പെടും. ദൈവബോധവും നന്മതിന്മയുമെല്ലാം മാനുഷിക ഉന്നമനത്തിനുവേണ്ടിയാണെന്ന ആത്മീയമായ ഒരു ഔന്നത്യമാണ് നമുക്കുണ്ടാവേണ്ടത്. പാപപുണ്യങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് ഏങ്ങിവലിച്ച് തീര്‍ക്കാനുള്ള ഒരു ഭാരമാവരുത് നമുക്ക് ജീവിതം. സ്ത്രീസുരക്ഷയിലും ദാമ്പത്യത്തിലും സ്ത്രീപുരുഷ ബന്ധങ്ങളിലും സമൂഹത്തിലുമെല്ലാം പടരുന്ന ഒരു കറുത്ത കറയാവരുത് മതനിയമങ്ങള്‍.

പ്രണയബന്ധങ്ങളില്‍, വിവാഹേതര ബന്ധങ്ങളില്‍ ഒക്കെ സമൂഹം വിരല്‍ചൂണ്ടുന്നത് സ്ത്രീക്കു നേരെയാണ്. പ്രൊസ്റ്റിറ്റിയൂട്ട് ആയിട്ടുള്ള ഒരു സ്ത്രീക്ക് പറയാനുള്ള ന്യായം തന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ എന്നതാവും. കാമപൂര്‍ത്തീകരണത്തിനായി പണം കൊടുത്ത് അവളെ സമീപിക്കുന്നവനോ? ഇവിടത്തെ പാപപുണ്യത്തിന്റെ കണക്ക് ഏതടിസ്ഥാനത്തിലാണ് നമ്മള്‍ അളക്കേണ്ടത്? ഇവിടെയും ഡോക്ടര്‍ ചോദിച്ചതുപോലെ പരിഹസിക്കപ്പെടുന്നവളും പാപിനിയായി സമൂഹം കണക്കാക്കുന്നതും സ്ത്രീകളെത്തന്നെ, ബലാല്‍ക്കാരം ചെയ്യപ്പെടുന്നതിനു സ്ത്രീയുടെ വസ്ത്രത്തെ കുറ്റം പറയുന്നപോലെ... കൗമാരപ്രായക്കാര്‍ക്കിടയിലാണ് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത്. പുതിയ തലമുറ ഒന്നുകില്‍ ഇതിനെയെല്ലാം പാടേ തള്ളിക്കളയുന്നു, അതുമല്ലെങ്കില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ, കുറ്റബോധവും ഭയവും വെറുപ്പും എല്ലാം ഉള്ളിലടക്കി വിഷാദരോഗികളോ മദ്യപാനത്തിനും മയക്കുമരുന്നിനുമെല്ലാമടിപ്പെട്ട  അല്പായുസ്സുക്കളോ ആവുന്നു. എന്റെ ക്ലിനിക്കില്‍ അത്തരമൊരു മാനസികാഘാത്തതിനടിപ്പെട്ട  ഒരു 17-കാരന്‍ വന്നു. അവന്‍ മാസ്റ്റര്‍ബേറ്റ് ചെയ്യുന്നത് അച്ഛന്‍ കാണുകയും ഡോക്ടറായ അച്ഛന്റെ ക്രൂരമായ പരിഹാസവും അതില്‍നിന്നുടലെടുക്കുന്ന പാപബോധവും ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് ആ പയ്യനെ എത്തിച്ചിരുന്നു. ഈ നോവലില്‍ സ്വയം കണ്ടെത്തലിനെക്കുറിച്ച് (മാസ്റ്റര്‍ബേഷന്‍) പറയുന്ന ഒരു ഭാഗമുണ്ട്. സ്വന്തം ശരീരം കണ്ടെത്തുന്നതിലൂടെ കൗമാരപ്രായക്കാര്‍ക്കിടയില്‍ അറിയാതെ അകപ്പെടുന്ന ശാരീരിക വേഴ്ചകളെ ഒരു പരിധി എല്ലാറ്റിലും വന്നുചേരും. പക്വത എന്നു പറയുന്നത് എല്ലാ കാമനകള്‍ക്കും ബാധകമാകാവുന്നപോലെ. മാസ്റ്റര്‍ബേഷനുപോലും പക്ഷേ, സ്ത്രീ-പുരുഷ വ്യത്യാസമുണ്ട്. സ്ത്രീ അതും പാപബോധത്തോടെ ഭയന്നു ചെയ്യുന്നു. പുരുഷന്‍ അത് ഒരു ദൈനംദിന കാര്യമായി കണക്കാക്കി ആസ്വദിക്കുന്നു.

വൈവാഹിക ജീവിതത്തിന്റെ സ്ത്രീ വിരുദ്ധതകളെപ്പറ്റി 'ഹാര്‍മണി'യില്‍ പരിചയപ്പെടുന്ന മൂന്നു പുരുഷന്മാരുമായി (ഡോ. റോയ്, തെറാപ്പിസ്റ്റ് എകാര്‍ഗ്, ഡി-അഡിക്ഷന്‍ സെന്ററിലെ അന്തേവാസിയും ചിത്രകലാപ്രതിഭയുമായ മസീഹ് മാലിബ്) കഥാനായിക പതുക്കെപ്പതുക്കെ തുറന്നു സംവദിക്കുന്നുണ്ട്. തന്റെ തന്നെ ദുരനുഭവങ്ങളുടെ മടുപ്പിക്കുന്ന ഓര്‍മ്മകള്‍ നായികയിലുമുണ്ട്. 10-15 വര്‍ഷം കഴിഞ്ഞാല്‍ വിവാഹമെന്ന പ്രസ്ഥാനം തന്നെ ഉണ്ടാവില്ല എന്നു ചിത്രകാരനായ മസീഹ് മാലിബ് അവളോടു പറയുന്നത് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നുമുണ്ട്. എങ്കിലും രണ്ടോ മൂന്നോ വട്ടം വിവാഹത്തെപ്പറ്റിയുള്ള ശക്തമായ അഭിവാഞ്ഛ ഇവരോടിടപെടുമ്പോള്‍ നായികയില്‍ ഉണ്ടാകുന്നുണ്ട്. മസീഹ് പോലും ഒരു പരസ്പര ലയനത്തിന്റെ വക്കിലെത്തിയപ്പോള്‍ അവളോട് വിവാഹം കഴിക്കാമോ എന്നു ചോദിച്ചുപോകുന്നുമുണ്ട്. എത്രയൊക്കെ വിമര്‍ശനങ്ങളുയര്‍ത്തിയാലും വിവാഹമെന്ന സങ്കല്പത്തെ നമുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ല എന്നതിന്റെ സൂചനകളല്ലേ ഇവ? 

വിവാഹത്തെ മാറ്റിനിര്‍ത്തണമെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, അത് ഒരു സോഷ്യല്‍ സെറ്റപ്പിന്റെ ഭാഗമായി നിര്‍ബന്ധിതമായി ചെയ്യുന്നതിലെ ന്യൂനതകളെ എടുത്തുകാണിക്കാനാണ് നോവലിലൂടെ ശ്രമിക്കുന്നത്. പ്രണയത്തിന്റെ ഒരു പൂര്‍ണ്ണതപോലെയൊക്കെ നടക്കേണ്ട ഒന്നല്ലേ വിവാഹം എന്ന ഉത്ക്കണ്ഠ പങ്കുവെയ്ക്കുകയാണത്. ഇനി ഇങ്ങനെയൊക്കെ വിവാഹിതരായാലും കുറച്ചുനാള്‍ കഴിയുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍നിന്നും സ്‌നേഹം എങ്ങനെയാണ് അപ്രത്യക്ഷമായിപ്പോവുന്നത്? പരസ്പരം പോരടിക്കുന്ന രണ്ടു വ്യത്യസ്ത ധ്രുവങ്ങള്‍ മാത്രമാകുന്നു അത്. അധികാരവും മേല്‍ക്കോയ്മയും ഈഗോയുമൊക്കെ സ്‌നേഹത്തിന്റെ സ്ഥാനം കയ്യേറുകയാണ്. മിക്ക ഭാര്യഭര്‍ത്തൃ ബന്ധങ്ങളും വെറുമൊരു ഇന്‍സ്റ്റിറ്റിയൂഷന്‍ മാത്രമാണ്. ആളുകള്‍ അത് അംഗീകരിക്കുന്നില്ല എന്നുമാത്രം. കപടമായ ചിരിയുമായി അവരങ്ങനെ സ്വയം പറ്റിച്ചു മുന്നേറുന്നു. സ്‌നേഹരാഹിത്യം ഒരു മാറാരോഗമായി പിടിമുറുക്കിയിട്ടുണ്ട്. വിവാഹം ഇങ്ങനെപോയാല്‍ എത്രകാലം നീണ്ടുനില്‍ക്കും എന്നു നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്.

സഹജീവനം-ലിവിങ് ടുഗദര്‍ ഒരു സുന്ദരമായ ആശയമായി ലോലിബയെന്ന കോളേജ് കുമാരിയുമായുള്ള സംവാദത്തിലൂടെ നായികയ്ക്ക് അനുഭവപ്പെടുന്നുണ്ട്. അതിനെപ്പറ്റി? 

ശരിയാണ്, സത്യത്തില്‍ ആലോചിക്കുമ്പോള്‍ അതില്‍ ഒരു സുഖം തോന്നുന്നുണ്ട്. സ്വയം പര്യാപ്തരായ മിക്ക സ്ത്രീകളും അധികം വൈകാതെ സഹജീവനത്തിനു പ്രാമുഖ്യം നല്‍കുമെന്നുതന്നെ എനിക്കു തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം ആണ്‍മക്കളെ, ഒരു സ്ത്രീയെ എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്, ബഹുമാനിക്കേണ്ടത് എന്നു മനസ്സിലാക്കി വളര്‍ത്തേണ്ടിയിരിക്കുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായുമെല്ലാം തുല്യരായി വളര്‍ന്നുവരുന്ന ആണും പെണ്ണും വിവാഹജീവിതത്തിലേയ്ക്കു  കടന്നാല്‍ പുരുഷനു ഒരുപടി താഴെ സ്ത്രീ എന്ന ലേബലിലേയ്ക്ക് കണ്ടീഷന്‍ഡ് ചെയ്യപ്പെടുന്നു. മതങ്ങളെ അതിനു പരോക്ഷമായി കൂട്ടുപിടിക്കുകയും ചെയ്യുന്നു. ആ സാമൂഹ്യ വ്യവസ്ഥിതിയും ചിന്താഗതിയും മാറാത്തിടത്തോളം ഡിവോഴ്‌സ് റേറ്റ് കൂടുകയും പുതിയ തലമുറ വിവാഹത്തില്‍നിന്ന് അകലുകയും ചെയ്യും.

ഇസ്ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ, ഏറ്റവും കൂടുതല്‍ അള്ളാഹു വെറുക്കുന്ന ഒന്നാണ് വിവാഹമോചനം. എന്നാല്‍, തലാക്ക് റേറ്റ് ഓരോ വര്‍ഷവും അഞ്ചു ശതമാനം വെച്ചു മുസ്ലിങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നുമുണ്ട്. അപ്പോള്‍ മതം വെറുക്കപ്പെടുന്ന ഒരു കാര്യം ചെയ്യാന്‍ പറ്റുമോ? ഇവിടെ മതനിയമമോ ബോധമില്ലായ്മയോ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുറവോ ഒന്നുമല്ലല്ലോ. അതിനുമപ്പുറം ഒരു സ്ത്രീക്കും പുരുഷനും ജീവിച്ചു മുന്നോട്ടു പോവാനുള്ള സ്‌നേഹത്തിന്റെ നനവ് എന്നൊന്നുണ്ട്. എത്ര കലഹിച്ചാലും ആ നനവ് മറ്റെല്ലാ ചൂടിനേയും ഉരുക്കിക്കളയും. അതാണ് ബന്ധങ്ങളില്‍ ഉണ്ടാവേണ്ടത്. ഇണയും തുണയുമാവുക; ഇണ, ഇമോഷനലി ശക്തമായ സ്ത്രീയും തുണ ഫിസിക്കലി ശക്തനായ പുരുഷനും എന്നാണ്. ഒന്നിനു മറ്റൊന്നില്ലാതെ പൂര്‍ണ്ണതയില്ലെന്നു പറയുന്നതിന്റെ ഒരു പ്രാപഞ്ചിക സത്യവും വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍ അതാണ്. വരുംതലമുറയെങ്കിലും ഈ മതസമൂഹങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മേല്‍ക്കോയ്മകൊണ്ടുണ്ടാവുന്ന ഭവിഷ്യത്ത് മനസ്സിലാക്കിത്തന്നെ വളരട്ടെ. മരണാനന്തരം സ്വര്‍ഗ്ഗവും ഇവിടെ നരകജീവിതവും; അതു മതിയോ എന്നു പുരുഷന്മാര്‍ മാറ്റി ചിന്തിച്ചു തുടങ്ങട്ടെ.

നോവലവസാനം പുതുക്കിപ്പണിയുന്ന തകര്‍ന്ന കപ്പലിനെപ്പറ്റിയുള്ള പ്രതീകാത്മക വിവരണമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും ആത്മീയതയിലും തുടങ്ങി സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ള അഴിച്ചു പണികളും പുനര്‍നിര്‍മ്മാണവും ആണത് സൂചിപ്പിക്കുന്നത്. പ്രണയത്തെ നിരാകരിച്ച് അധികാരഭാവത്തെ സാമാന്യനിയമമാക്കുന്ന വ്യവസ്ഥയുടെ തിരുത്തല്‍ എങ്ങനെയാണ് സഹീറയുടെ മനസ്സില്‍? 

അധികാരഭാവത്തെ സാമാന്യ നിയമമാക്കുന്നത് ഒരു സാധാരണ സംഭവം തന്നെയാണ് കുടുംബ വ്യവസ്ഥകളില്‍. എന്നാല്‍, ഇപ്പോള്‍ അത് രാഷ്ട്രവ്യവസ്ഥകളിലേയ്ക്കുകൂടി കടന്നുകയറ്റം നടത്തിക്കഴിഞ്ഞു. സ്‌നേഹം, കരുണ, സഹജീവി എന്ന പരിഗണന ഒക്കെ ഇല്ലാതായി. ജാതി വ്യവസ്ഥകളെ മനുഷ്യബോധമുള്ളവര്‍ വെറുത്തുപോവുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. പുതുക്കിപ്പണിയുകതന്നെ വേണം. കപ്പല്‍ എത്ര ഭീമനാണെങ്കിലും അതിന്റെ ഒരു പലക ഇളകിയാല്‍ വെള്ളം കയറുമല്ലോ. CAA, NRC ഒക്കെ സാഹോദര്യത്തിലും നന്മയിലും വിശ്വസിക്കുന്ന നമ്മെ മുക്കാന്‍ വരുന്നതുതന്നെ.

ഏറ്റവും ഖേദകരം ഇത്തരമൊരു അവസ്ഥയിലും മത-വിഭാഗീയതകളിലൂടെ പരസ്പരം പഴിചാരുകയാണല്ലോ മുസ്ലിം സമുദായത്തിനകത്ത് എന്നതാണ്. ഇസ്ലാം മതത്തെ ഇങ്ങനെ വിഭജിക്കണമെന്ന് ഖുര്‍ആനില്‍ എവിടെയാണാവോ പറഞ്ഞിട്ടുള്ളത്? സ്ത്രീകള്‍ സ്വന്തം രാഷ്ട്രത്തിനും കുടുംബത്തിനും നിലനില്‍പ്പിനും വേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍പ്പോലും, അവളുടെ മുഷ്ടിയിലും പാപം കാണുന്നതിനെ എങ്ങനെയാണ് അപലപിക്കേണ്ടത്? അഴിച്ചുപണിയാന്‍ ഇനിയും വൈകിയാല്‍ മതവിശ്വാസപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ ചേരിതിരിയലിനെ പ്രവാചകന്‍പോലും വേദനയോടെയേ കാണൂ. ഈ നോവലിലെ 'പുരാതന കപ്പല്‍ഛേദം' എന്ന അധ്യായത്തിലെഴുതിയ പുതുക്കിപ്പണിയല്‍, എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച്, വേദനിച്ചുതന്നെ എഴുതിയതാണ്.

സ്ത്രീകള്‍ ഭര്‍ത്താവ് എന്ന വാക്കിനെ ഭയക്കുന്നുണ്ടെങ്കില്‍, വിവാഹതിരാവാന്‍ മടിക്കുന്നുണ്ടെങ്കില്‍ സ്‌നേഹം, കരുതല്‍ ഇവയെല്ലാം ആ പേരോടുകൂടെ കൂടുമാറ്റം നടത്തുന്നുവെന്ന് കണ്ട് മടുത്തിട്ടാണ്. അധികാരം സ്‌നേഹത്തെ  നിശ്ശേഷം ഇല്ലാതാക്കുകയും അവിടെ ഭയമോ അതില്‍നിന്നുളവാകുന്ന വിരക്തിയോ പിന്നീട് വെറുപ്പോ ആയി അത് രൂപാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ട്. വിധേയത്വം സ്‌നേഹമായി പുരുഷന്മാര്‍ ധരിക്കുകയും അതില്‍ അഹന്തയോടെ മുന്നോട്ട് നീങ്ങുകയും ചെയ്യരുത്. പുതിയ തലമുറയിലെ കുട്ടികള്‍, ഉദാഹരണത്തിന് നമ്മള്‍ നമ്മുടെ സ്വന്തം പെണ്‍മക്കളുടെ ജീവിതത്തില്‍പ്പോലും അങ്ങനെ തള്ളിനീക്കുന്നവളായി ജീവിച്ചുതീര്‍ക്കൂ എന്നു പറയുമോ? അതാണ് കാലം വരുത്തിയ മാറ്റം. ഗവണ്‍മെന്റ് തലത്തില്‍ മൈനോറിറ്റി പ്രീ മാരിറ്റല്‍ ഫാക്കല്‍റ്റി എന്ന നിലയ്ക്ക് അത്തരം ക്ലാസ്സുകളില്‍ ഈയൊരു പോയിന്റിനു ഞാന്‍ പ്രത്യേകം പ്രാധാന്യം നല്‍കാറുണ്ട്. കാരണം, നാളത്തെ മാതാപിതാക്കള്‍ ആണ് അവര്‍. വ്യവസ്ഥ മാറിയതറിയാതെ തന്റെ ആണ്‍മക്കളെ വളര്‍ത്തിയാല്‍ നാളെ അവര്‍ക്കും വിവാഹം കഴിച്ചതിനേക്കാള്‍ വേഗത്തില്‍ വിവാഹമോചനവും നേരിടേണ്ടിവരുമല്ലോ.

നായിക എത്തിച്ചേരുന്ന ഈശ്വരസങ്കല്പത്തിലും ആത്മീയതയിലും സൂഫിസത്തിന്റെ ടച്ച് ഉണ്ട്. ഖലീല്‍ ജിബ്രാന്റെ വരികള്‍ ഓര്‍മ്മിപ്പിക്കുന്ന ധാരാളം മനോഹര വാചകങ്ങള്‍ നോവലിലുണ്ട്. അതിനെപ്പറ്റി? 

എനിക്ക് ജിബ്രാന്റെ വരികളോട് പ്രണയമാണ്. അതുപോലെ ചരിത്രവനിത റാബിഅ ബസ്രിയുടെ പ്രണയസങ്കല്പത്തോടും. ദൈവത്തെ, എപ്പോഴും കൂടെ ചേര്‍ന്നുനില്‍ക്കുന്ന, ഏറ്റവും പ്രിയപ്പെട്ട ഒന്നായിക്കാണാനാണ് എനിക്കിഷ്ടം. പ്രാര്‍ത്ഥിച്ചു കാതു പൊട്ടിക്കുന്നതിനു പകരം എന്റെ മനസ്സുവായിക്കുന്ന ഒരാള്‍! ഭയമല്ല, പ്രണയമാണ് ദൈവത്തിനോട്, പ്രപഞ്ചത്തോട് എല്ലാം.

സ്വയം ഒരു കവിയായിരിക്കുമ്പോഴും (ധാരാളം കാല്പനിക കവിതകള്‍ എഴുതിയ ആള്‍) നല്ല യാഥാര്‍ത്ഥ്യബോധമുള്ളവളുമാണ്  സഹീറ എന്നാണ് എന്റെ നിരീക്ഷണം. സഹീറയുടെ പ്രവര്‍ത്തന മേഖലകളായ കൗണ്‍സലിംഗ്. ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ  പുനരധിവാസ സംവിധാനമായ സര്‍ക്കാരിന്റെ നിര്‍ഭയ, സമാന പ്രവര്‍ത്തനങ്ങള്‍, ഏറെ മുന്‍പേ തുടങ്ങിയ സുനിതാ കൃഷ്ണനുമായുള്ള പരിചയപ്പെടല്‍ മുതലായവ ഈ നോവലിനു വേണ്ട അനുഭവങ്ങളും പശ്ചാത്തലവും ഒരുക്കിയിട്ടുണ്ട് എന്നു ന്യായമായും ഊഹിക്കാം. സാധാരണയായി ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മടുപ്പും വികര്‍ഷണവും പുരുഷവിരോധത്തിന്റെ കയ്പും ഒട്ടും അനുഭവപ്പെടാത്തവിധം ഇവ അവതരിപ്പിക്കാനായതില്‍ സഹീറയിലെ കാല്പനികയായ കവി വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു തോന്നി. ശരിയാണോ? 

ഞാന്‍ പറഞ്ഞല്ലോ, എനിക്കു പുരുഷന്മാരോട് വിരോധമില്ല. മറിച്ച് വലിയ സ്‌നേഹവുമാണ്. അവരെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്ത മത-സാമൂഹിക-സാമ്പ്രദായിക കുടുംബ ചട്ടക്കൂടുകളെയാണ്, അനാചാരങ്ങളെയാണ് ഇനിയെങ്കിലും പൊളിച്ചുവാര്‍ക്കേണ്ടത്. വരുംതലമുറയെങ്കിലും യഥാര്‍ത്ഥത്തിലുള്ള പ്രണയമുള്‍ക്കൊണ്ടു വളരണം. മകളേയും മകനേയും ഒരുപോലെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു സാധിക്കണം. ഉദാഹരണത്തിന് അടുക്കളയില്‍ പാത്രം കഴുകാന്‍ ഉമ്മയെ സഹായിച്ചു വളരുന്ന മകന്‍, നാളെ തന്റെ ഭാര്യ അടുക്കളയില്‍ ഒറ്റയ്ക്കു കഷ്ടപ്പെടുന്നതു കണ്ടുനില്‍ക്കില്ല. അപ്പോള്‍ പുരുഷനല്ല, വ്യവസ്ഥാപിത രീതികളാണ് മാറേണ്ടത്.

ഡോ. സുനിതാ കൃഷ്ണന്റെ പ്രോജ്ജ്വല സന്ദര്‍ശിക്കാന്‍ ഗവണ്‍മെന്റ് അയച്ച ഗ്രൂപ്പില്‍, നിര്‍ഭയ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗവും സൈക്കോളജിസ്റ്റുമെന്ന നിലയില്‍ എനിക്കും അവസരം ലഭിച്ചത് സെക്‌സ് ട്രാഫിക്കിങ്ങില്‍ അകപ്പെടുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഭീകരത നോവലില്‍ കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെതന്നെ ഗവണ്‍മെന്റ് ഹോമുകളില്‍ കഴിയുന്ന പീഡനത്തിനിരയായവരുടെ മുന്‍പില്‍ ഒരു സൈക്കോളജിസ്റ്റ് എന്നതിലുപരി, അമ്മ എന്ന നിലയ്ക്കാണ് ഇരുന്നത്. കൊച്ചുകുട്ടികള്‍ ഒക്കെ അവര്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ വിവരിക്കുമ്പോള്‍ ഞാന്‍ ഇരുന്നു വിറച്ചുപോയിട്ടുണ്ട്. ദിവസങ്ങളോളം ഉറങ്ങാതെ കിടന്നിട്ടുണ്ട്. ഇത്തരം പീഡകര്‍ക്ക് തൂക്കുകയറിനേക്കാള്‍ വലിയ ശിക്ഷ ബോധത്തോടെ തന്നെയുള്ള ലിംഗഛേദമാണ്.

ചെന്നായയെ കടിച്ചുപിടിച്ചു ഉള്‍ക്കാട്ടിലേയ്‌ക്കോടുന്ന പുള്ളിമാനെ സ്വപ്നത്തില്‍ കാണുന്നത്- ഫാക്ടറിയില്‍ ഉലയില്‍ പഴുപ്പിച്ച ഇരുമ്പ് അടിച്ചു ഗോവണി പണിയുന്ന പുനരധിവസിപ്പിക്കപ്പെട്ട സ്ത്രീകളെ നേരില്‍ കാണുന്നത്-ഇവയൊക്കെ ഒരു സ്ത്രീ വിചാരിച്ചാല്‍ സാധ്യമാകാത്തതായി ഒന്നുമില്ല എന്നതിന്റെ സൂചനകളായി വരുന്നവയല്ലേ? വിശദമാക്കാമോ? 

അതേ, ഒരു സ്ത്രീയുടെ സ്‌നേഹത്തില്‍ കാരിരുമ്പിന്റെ കാഠിന്യവും പുള്ളിമാനിന്റെ ഭംഗിയുമുണ്ട്. കരുത്ത് മാത്രമായിക്കൊണ്ട് ഈ ലോകത്ത് ഒന്നും നേടാനാവില്ല. അഹിംസകൊണ്ട് സ്വാതന്ത്ര്യം നേടിയെടുത്ത മഹാത്മജിയുടെ മക്കളല്ലേ നമ്മള്‍.

അഹംഭാവംകൊണ്ടോ കൈക്കരുത്തുകൊണ്ടോ സൃഷ്ടിപ്പിന്റെ ശക്തികൊണ്ടോ ഒരു പെണ്ണിനെ കീഴ്പെടുത്തുന്നവന്‍ തൂക്കുമരത്തില്‍ കിടന്നാടുന്ന ഒരു വിറകുകൊള്ളി മാത്രം. അവളെ ബലാത്സംഗം ചെയ്യുന്നത് അവന്റെ കായബലമാണ്. ആന്തരികബലമുള്ളവന്‍ പെണ്ണിനെ ശരീരം കൊണ്ടല്ല, മനസ്സുകൊണ്ടാണ്  അറിയുക. അങ്ങനെ അറിഞ്ഞവനേ പെണ്ണിന്റെ പ്രണയത്തിന്റെ യഥാര്‍ത്ഥ ശക്തിയും അനുഭൂതിയും അറിയുകയുള്ളൂ. പ്രണയമില്ലാത്ത പുരുഷനും ഇരുമ്പും സിംഹവുമെല്ലാം അവളുടെ മുന്‍പില്‍ ഒരുപോലെ മാത്രം.

സ്ത്രീ ആഗ്രഹിക്കുന്ന താലോലം കലര്‍ന്ന രതി മറ്റൊരു സ്ത്രീക്കു മാത്രമേ നല്‍കാനാവൂ എന്ന രീതിയില്‍ നോവലിലൊരിടത്ത് ഒരു സംഭാഷണ ശകലമുണ്ട്. ജന്മനാ ലെസ്ബിയന്‍ ആയവരെ മാറ്റി നിര്‍ത്തിയാല്‍ അവഗണിക്കാനാകാത്ത ഒരു വിഭാഗം സ്ത്രീകള്‍ സ്വന്തം പുരുഷനു നല്‍കാനാകാതെ പോയ ചിലതിനെ തേടുക തന്നെയാണ്. അല്ലെങ്കില്‍ അതൊരു പരസ്പര സാന്ത്വനമെങ്കിലുമാണ്. പക്ഷേ, പുരുഷ സ്വവര്‍ഗ്ഗലൈംഗികതയെപ്പറ്റി അങ്ങനെ ചിന്തിക്കുക വയ്യ. ജന്മനാ അങ്ങനെമാത്രം ആഭിമുഖ്യമുള്ളവര്‍ നിസ്സഹായരാണ്. അവരെ അംഗീകരിക്കുകയും വേണം. അതിനപ്പുറം ലൈംഗിക ചൂഷണത്തിന്റെ വലിയൊരു സാമൂഹ്യപ്രശ്‌നം കൂടി അവിടെയില്ലേ? എന്താണ് അഭിപ്രായം? 

ഒരു സ്ത്രീയെ അറിയാന്‍ മറ്റൊരു സ്ത്രീക്കു മാത്രമേ കഴിയൂ എന്ന് ഒരു പെണ്ണ് പറയുമ്പോള്‍ അവള്‍ അത് ആഗ്രഹിക്കുന്നു എന്നതല്ല, അത്രമേല്‍ അവള്‍ നിസ്സഹായയാകുന്നു എന്നാണ്. തന്റെ പെണ്ണിനു വേണ്ടത് എന്താണ് എന്നറിയാന്‍ പുരുഷനില്‍ പൗരുഷത്വത്തോടൊപ്പം  സ്‌ത്രൈണതയുള്ള ഒരു മനസ്സുകൂടി വേണം. അവളെ കേള്‍ക്കാനും കാണാനും പുണരാനും തിരിച്ചു പുരുഷനും അത് ആഗ്രഹിക്കുന്നുണ്ട്. എപ്പോഴും കൊച്ചുവര്‍ത്തമാനം പറയുന്നതിലുപരി തന്നോടൊപ്പം തോളോടൊട്ടി, രാഷ്ട്രീയവും സ്‌പോര്‍ട്‌സും സാമ്പത്തിക ഭദ്രതയും സെക്‌സിന്റെ വ്യത്യസ്ത ഭാവങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിവുള്ള ആണൊപ്പം നില്‍ക്കുന്ന മനസ്സുള്ളവള്‍. ഇതു രണ്ടു കൂട്ടര്‍ക്കും സാധ്യമാകുന്നിടത്ത് സ്ത്രീ-പുരുഷ ബന്ധം സുന്ദരം തന്നെയായിരിക്കും. അവിടെ മടുപ്പില്‍ നിന്നുളവാകുന്ന അവഗണനയോ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രയോ കാണില്ല.

ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്യുന്നതിലും താരതമ്യേന സംശയമില്ലാത്തത്, ഒരു ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നതാണെന്നു കരുതുന്ന ക്രിമിനല്‍സ് സമൂഹത്തില്‍ എക്കാലത്തും വിലസുന്നുണ്ട്. മതപാഠശാലകള്‍, അനാഥാലയങ്ങളില്‍ ഒക്കെ ഇത്തരം ചൂഷണങ്ങള്‍ക്കു വിധേയരായ കുഞ്ഞുങ്ങളുടെ ധാരാളം വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ടല്ലോ. ഭയവും ആശ്രയമനോഭാവവും ഇതു പുറത്തുവരാതെ ചൂഷകര്‍ രക്ഷപ്പെടുന്നതിനും വഴിവെക്കുന്നു.

താന്‍ അന്ധമായി വിശ്വാസമര്‍പ്പിച്ച ഭര്‍ത്താവിനു വീട്ടുവേലക്കാരിയിലുണ്ടായ ബന്ധത്തിലൂടെ, അതിനുമപ്പുറം അവിശ്വസനീയമായ അയാളുടെ തന്നെ മറ്റൊരു ബീഭത്സമുഖം അനാവരണം ചെയ്യപ്പെട്ടതിന്റെ പരിണതിയായിരുന്നു കഥാനായികയുടെ മാനസികരോഗാശുപത്രിയിലെ സാന്നിധ്യം. അതേ ആള്‍, മാര്‍ക്‌സും വീട്ടുവേലക്കാരി ഹെലനുമായുണ്ടായിരുന്ന ബന്ധത്തെപ്പറ്റി വിലയിരുത്തുന്നത്, ഒരേ സമയം രണ്ടു സ്ത്രീകളെ നിസ്വാര്‍ത്ഥമായി, ഉപാധികളില്ലാതെ സ്‌നേഹിക്കാനാവുന്നത് എത്ര വലിയ ഭാഗ്യമാണ് എന്നാണ്. രണ്ടിടത്തും സെക്‌സിന്റെ സാന്നിധ്യമുള്ളതിനാല്‍ ഒന്നിനെ മാത്രം സാമ്പ്രദായിക വിശ്വാസമനുസരിച്ച് ഉപാധികളില്ലാത്ത നിസ്വാര്‍ത്ഥ സ്‌നേഹമെന്നു വിളിക്കാനാവില്ല. അപ്പോള്‍ സെക്‌സല്ല, പരസ്പര പ്രണയമില്ലാത്ത സെക്‌സാണ് പ്രശ്‌നമെന്നൂഹിക്കാം. വിശദമാക്കാമോ? 

പരസ്പര സ്‌നേഹമില്ലാതെയുള്ള സെക്‌സ് ദമ്പതികളില്‍പ്പോലും പാപമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇണകളില്‍ ഒരാളുടെ പ്രണയമെങ്കിലും സത്യമായിരിക്കണം. അപ്പോള്‍ മറ്റൊരാളുടെ ബയോളജിക്കല്‍ നീഡിനുവേണ്ടി കോംപ്രമൈസ് എങ്കിലും ചെയ്യാം. ഈ നോവലില്‍ത്തന്നെ പറയുന്നുണ്ടല്ലോ. ഒരിക്കല്‍ പ്രണയത്തോടെ പരസ്പരം ഒന്നായവര്‍ പിന്നീടൊരിക്കലും പ്രണയമില്ലാത്ത മേളനം ആഗ്രഹിക്കില്ല എന്ന്. പ്രണയപൂര്‍വ്വമുള്ള മേളനത്തില്‍ ഉപാധികള്‍ വഴിമാറിപ്പോവും. സത്യമാണ്.

ദൈവം അവനാഗ്രഹിക്കുന്നവരെ സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ത്തുന്നു എന്ന ഖുര്‍ആന്‍ വചനത്തിനു സ്വയം തിരിച്ചറിഞ്ഞു യഥാര്‍ത്ഥ ജീവിതനിയോഗത്തിലേയ്ക്ക് എത്തുന്നവള്‍, പ്രണയത്തിലൂടെ ദൈവവുമായി പോലും സംവദിക്കാനാവുന്നവള്‍ എന്നൊക്കെയുള്ള നവീനമായ സ്ത്രീയനുകൂല വ്യാഖ്യാനം നോവലില്‍ വരുന്നുണ്ട്. ഈ രീതിയില്‍ ഇസ്ലാമിലെ പെണ്ണിടങ്ങളെ കൂടുതല്‍ വിപുലമാക്കാനുള്ള സാധ്യതകളുണ്ടോ? 

മുസ്ലിം സ്ത്രീകള്‍, ആമിന വദൂദിന്റെ 'ഖുര്‍ആന്‍ ആന്റ് വിമണ്‍' എന്ന പുസ്തകമെങ്കിലും ചുരുങ്ങിയ പക്ഷം വായിച്ചിരിക്കണം. സ്ത്രീപക്ഷത്തുനിന്നുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ കൂടി മനസ്സിലാക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവും ലോകപരിചയവും എല്ലാം ഉള്ള മുസ്ലിം സ്ത്രീകളും പത്താം ക്ലാസ്സുപോലും കാണാത്ത മൗലവിമാരുടെ വ്യാഖ്യാനങ്ങളും സമയാസമയങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന അടിസ്ഥാനരഹിത, സ്ത്രീ വിരുദ്ധ ഫത്വകളും കണ്ണും പൂട്ടി സ്വീകരിക്കുന്നു. അതില്‍ ശരികേടുണ്ടെന്നു മനസ്സിലായാലും തുറന്നുപറയാന്‍ മടിക്കുന്നു. തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍നിന്നു പുറത്തുവരേണ്ടെന്നു സ്വയം തീരുമാനിക്കയാണത്. 'ഡെസ്പറേറ്റ്‌ലി സീക്കിങ്ങ് പാരഡൈസ്' എന്ന സിയാവുദ്ദീന്‍ സര്‍ദാറിന്റെ ആത്മകഥാംശമുള്ള പുസ്തകത്തില്‍; സ്വര്‍ഗ്ഗം സ്വന്തമാക്കാനുള്ള സംഘടനകളുടെ മത്സരയോട്ടം അദ്ദേഹത്തിനു തോന്നിയ ഏറ്റവും വലിയ കോമാളിക്കാഴ്ചയായിരുന്നു എന്നു പറയുന്നുണ്ട്.

ഖുര്‍ആനില്‍ എന്നെ ആകര്‍ഷിച്ച പല സൂക്തങ്ങളില്‍ ഒന്നാണ്, ദൈവം അവന്‍ ഉദ്ദേശിക്കുന്നവരെ ഉയര്‍ത്തുന്നു. സ്വര്‍ല്ലോകത്ത് പരിലസിക്കാന്‍ അനുവദിക്കുന്നു എന്ന്. ഇതില്‍ ദൈവം ഉദ്ദേശിക്കുന്നവരെ എന്നു മാത്രമേ പറയുന്നുള്ളൂ. ഹിന്ദുവിനെ, ക്രിസ്ത്യാനിയെ, മുസ്ലിമിനെ, സ്ത്രീയെ, പുരുഷനെ എന്നൊന്നും പറയുന്നില്ല. ഓരോ മതസ്ഥരും പക്ഷേ, തീരുമാനിച്ചുകഴിഞ്ഞു. താന്താങ്ങളുടെ മതം വലുത്. അതില്‍പ്പെട്ടവരല്ലാത്തവര്‍ നരകാവകാശികള്‍ തന്നെയെന്ന്.

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിത്തുടങ്ങിയ കാലത്ത് മുസ്ലിം ജീവിതം കഥകളില്‍ വന്നത് അസ്വസ്ഥരയായവരുണ്ടായിരുന്നത്രെ. ഒരു മുസ്ലിം സ്ത്രീയുടെ അനുഭവലോക ചിത്രീകരണം പൊതു വായനാലോകത്ത് ഇപ്പോഴും സ്വീകാര്യത കുറഞ്ഞതാണെന്നു തോന്നിയിട്ടുണ്ടോ? അത് മുസ്ലിം സ്ത്രീയെഴുത്തിനെ പരിമിതപ്പെടുത്തുന്നുണ്ടോ? 

അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. സത്യത്തില്‍ എഴുത്ത്, സര്‍ഗ്ഗസൃഷ്ടി, ദൈവികമാണല്ലോ. അതിലും ജാതി-ലിംഗ ഭേദമില്ലാതിരിക്കട്ടെ അല്ലേ?

പിന്നെ ഒരു മുസ്ലിം എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് സ്വസമുദായത്തിലെ അപചയങ്ങളെക്കുറിച്ചു പറയാന്‍ ഏറ്റവും അനുയോജ്യരായത് ആ സമുദായത്തിനകത്തുതന്നെ നില്‍ക്കുന്നവരാണ് എന്നാണ്. കാലം അത്രമേല്‍ അധഃപതിച്ചു കഴിഞ്ഞു. മുന്‍പോട്ടല്ല, പുറകോട്ടാണ് അത് നീങ്ങുന്നത്. എന്റെ ആദ്യ നോവല്‍ റാബിയ, ഇസ്ലാമിലെ ബഹുഭാര്യത്വം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയായിരുന്നു. മതമേലാളന്മാര്‍ തന്നെ അത്തരം പുരുഷ കേന്ദ്രീകൃത ദുരുപയോഗങ്ങള്‍ക്കു നേരെ സൗകര്യപൂര്‍വ്വം കണ്ണടയ്ക്കുമ്പോള്‍, ഇസ്ലാം മതം എന്നാല്‍ തോന്നിയപോലെ പെണ്ണുകെട്ടാനാവുന്ന ഒന്നാണ് എന്ന തെറ്റായ ധാരണ ആ നോവല്‍ വായിച്ചപ്പോള്‍ തിരുത്തപ്പെട്ടു എന്നാണ് അമുസ്ലിം വായനക്കാരില്‍നിന്നും എനിക്ക് പ്രതികരണം ലഭിച്ചത്. എന്തു തരം വളച്ചുകെട്ടലിനെ, മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന മാനുഷിക-സൗഹൃദമല്ലാത്ത കാര്യങ്ങളെയൊക്കെ തുറന്നുകാണിക്കുകതന്നെ വേണം എന്നതിലുള്ള ആത്മവിശ്വാസമാണ്. നല്ലത് അല്പം വൈകിയാലും അംഗീകരിക്കപ്പെടുകതന്നെ ചെയ്യും. അത് ആരെഴുതുന്നു എന്നത് ഇമ്മെറ്റീരിയല്‍ ആവും അപ്പോള്‍.

വിശുദ്ധ സഖിമാരിലെ നായികയ്ക്ക് പേരില്ല. ഒരു ക്രിസ്ത്യന്‍ യുവതിയാണോ നായിക എന്നു ധ്വനിപ്പിക്കുന്ന ചില സാമ്യങ്ങള്‍ കാണുന്നുണ്ടോ എന്ന് ആഴത്തില്‍ പരിശോധിക്കുമ്പോള്‍ തോന്നാം. ഖുര്‍ആന്‍ വചനങ്ങളും നിസ്‌കാരപ്പായയും ഭയം കലര്‍ന്ന ദൈവ സങ്കല്പവും സ്വര്‍ഗ്ഗനരകങ്ങളുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നുമുണ്ട്. ഇത്തരം ഒരു ക്രാഫ്റ്റ് നോവലിനു തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് കാരണം ഉണ്ടോ? തൊട്ടാല്‍ പൊള്ളുന്ന ജാതി-മതത്തെ മാറ്റിനിര്‍ത്തണമെന്നു മനപ്പൂര്‍വ്വം തീരുമാനിച്ചു തന്നെയാണോ? 

ഇതിലെ നായികയ്ക്ക് പേരോ ജാതിയോ നല്‍കാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു. അവള്‍ പ്രപഞ്ചമൊന്നടങ്കമുള്ള സ്ത്രീകളുടെ ഒരു പ്രതീകം മാത്രമാണ്. ഇതില്‍ പറയുന്ന വിഷയങ്ങള്‍ ലോകത്താകമാനമുള്ള സ്ത്രീകളെ ബാധിക്കുന്നവയും. അത്തരത്തില്‍ വിശാലാര്‍ത്ഥത്തില്‍ ഈ നോവല്‍ വായിക്കപ്പെടട്ടെ എന്നാണ് ആഗ്രഹിക്കുന്നതും. ലോക്ക്ഡൗണ്‍