കോവിഡ് 19; ആദ്യം ആരോഗ്യ ദുരിതം, പിന്നെ സാമ്പത്തിക ദുരന്തം

By അരവിന്ദ് ഗോപിനാഥ്  |   Published: 29th March 2020 03:21 PM  |  

Last Updated: 29th March 2020 03:21 PM  |   A+A-   |  

 

കോവിഡ് 19 ആദ്യമൊരു ആരോഗ്യദുരിതവും പിന്നെയതൊരു സാമ്പത്തിക ദുരന്തവുമാകുമെന്ന് പറഞ്ഞത് ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ഗ്രെഗ് ജെറീച്ചോയാണ്. അദ്ദേഹത്തിനു മാത്രമല്ല, സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്കിനുമുണ്ട് സമാന ചിന്ത. വ്യാപാരം കുറയും, അതോടെ നികുതി വരുമാനവും കുറയും- അതാണ് ഐസക്കിന്റെ ആശങ്ക. മദ്യത്തിന്റെ വില്‍പ്പനയിലടക്കം കുറവു വരുമ്പോള്‍, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരിഹാരമാര്‍ഗ്ഗം എന്താണെന്നതിന് അദ്ദേഹത്തിന് സ്ഥിരം പല്ലവിയുണ്ട് - വായ്പകള്‍. 

പുതിയ സാമ്പത്തിക വര്‍ഷം വായ്പാ പരിധി പുനഃസ്ഥാപിക്കപ്പെടുന്നതോടെ പുതിയ കടമെടുക്കാം. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അതാണെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ദാരിദ്ര്യത്തിന്റെ അര്‍ത്ഥശാസ്ത്രത്തെക്കുറിച്ച് പുസ്തകമെഴുതിയ ധനമന്ത്രിക്ക് കടം ഒരു ധനമല്ലെന്നറിയാം. കടത്തില്‍ കളിച്ചാല് കുളിക്കേണ്ടി വരുമെന്നാണ് ചൊല്ലുപോലും. എന്നാല്‍, ഡോമര്‍ സിദ്ധാന്തത്തെ പ്രശ്നവല്‍ക്കരിച്ച് അദ്ദേഹം തത്ത്വത്തില്‍ വിമര്‍ശനങ്ങളെ മറികടക്കും. 

അതിജീവനത്തിന്റെ പേരില്‍ വീണ്ടും വായ്പകളെടുക്കുമ്പോള്‍ രോഗാതുരമായ സംസ്ഥാനത്തെ സാമ്പത്തികനില വീണ്ടും ഗുരുതരമാകുകയാണ്. നിലവിലെ സാമ്പത്തികസ്ഥിതിയില്‍ വീണ്ടും കടമെടുക്കലിനു ശ്രമിച്ചാല്‍ സമീപഭാവിയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ക്കു നേരിടേണ്ടിവരും. എന്നാല്‍, വായ്പയല്ലാതെ മറിച്ചൊരു വഴിയും മന്ത്രിക്കു മുന്നിലില്ല. അങ്ങനെയൊരു പുതിയ വഴിത്തിരിവിലാണ് നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തികമാന്ദ്യവും കടന്ന് കൊറോണയിലെത്തിനില്‍ക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥ. 

പ്രളയമോ കോവിഡോ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ശേഷിയില്ലാത്തവിധം ഗുരുതരമാണോ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തികനില? വായ്പകള്‍ വാങ്ങുന്നതിനു മുന്‍പ് നിലവിലെ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയൊന്ന് പരിശോധിക്കണം. താല്‍ക്കാലികമായ പ്രശ്‌നപരിഹാരത്തിലൂന്നിയുള്ള സിദ്ധാന്തങ്ങളും പ്രവര്‍ത്തനങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിനുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അതുവഴി അറിയാനാകും. 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഐസക്ക് തന്നെ പറഞ്ഞ ചില കണക്കുകള്‍ നോക്കാം.

2020-2021 സാമ്പത്തികവര്‍ഷത്തെ ചെലവ് നടപ്പ് വര്‍ഷത്തേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 24,491.91 കോടിയാകും. അതായത് സംസ്ഥാനത്ത് ഓരോ വ്യക്തിയുടേയും കടബാധ്യത 50,000 രൂപയില്‍ കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ ആളോഹരി കടം 72,000 രൂപയിലധികം. അക്കൗണ്ട് ജനറലിന്റെ കണക്ക് പ്രകാരം 31-03-2016 വരെ, അതായത് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ ആകെ പൊതുകടം 1,09,730 കോടിയായിരുന്നു. ആകെ, കടബാധ്യത 1,57,370 കോടിയും. 2019 ഡിസംബര്‍ വരെ ലഭ്യമായ കണക്ക് പ്രകാരം പൊതുകടം 1,71, 748 കോടിയും ബാധ്യത 2,55,520 കോടിയുമാണെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുത്തരമായി ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 64,718 കോടി രൂപ 2019-2025 കാലയളവില്‍ കൊടുത്തു തീര്‍ക്കണം. കിഫ്ബി നടത്തിയ 5005.40 കോടിയുടെ വായ്പകളും തിരിച്ചടവും വേറെ. സംസ്ഥാനത്തിന്റെ മൊത്തം കടത്തില്‍ കിഫ്ബി വഴി സമാഹരിക്കുന്ന തുക ഉള്‍പ്പെടുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, തിരിച്ചടവ് സംസ്ഥാനത്തിന്റെ വരുമാനത്തില്‍നിന്നുമാണ്. അതായത് വാഹനനികുതിയുടെ വിഹിതവും പെട്രോള്‍ സെസും നല്‍കുന്ന തുക മാത്രമാണ് കിഫ്ബിയുടെ വരുമാനം. 

വായ്പാ പരിധിയും മന്ത്രിയുടെ  ആവശ്യവും 

ഫിസ്‌കല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്റ് നിയമപ്രകാരം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള അനുവദനീയമായ കടമെടുപ്പ് പരിധിക്കുള്ളില്‍നിന്നുകൊണ്ട് മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാനാകൂ. ഈ പരിധി ഉയര്‍ത്തണമെന്നാണ് ഐസക്കിന്റെ വാദം. ഈ പരിധി ഉയര്‍ത്തിയാല്‍ മാത്രമാണ് കൂടുതല്‍ വായ്പകള്‍ വാങ്ങാനാകുക. 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ കൂടുതല്‍ കടമെടുക്കുന്ന തുക വരുംവര്‍ഷങ്ങളിലെ വായ്പാപരിധിയില്‍നിന്നു കുറയ്ക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം വരുത്തിയിരുന്നു. 

വായ്പാപരിധിയിലെ നിയന്ത്രണം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നീങ്ങിയാലും വായ്പകളെടുക്കുന്നത് താല്‍ക്കാലിക പ്രശ്‌നപരിഹാരം മാത്രമേ ആകുന്നുള്ളൂ. ഈ സര്‍ക്കാര്‍ വരുത്തിവയ്ക്കുന്ന ബാധ്യതകള്‍ അടുത്ത സര്‍ക്കാരിന്റെ തലയിലാകുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളില്‍ വീണ്ടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കാകും ഇത് വഴിതെളിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, വായ്പ എന്ന താല്‍ക്കാലിക പ്രശ്‌നപരിഹാരത്തില്‍ കേന്ദ്രീകരിക്കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരമാണ് വേണ്ടത്.

1956-ല്‍ നിലവില്‍വന്ന സംസ്ഥാനത്ത് റവന്യൂപ്രതിസന്ധി ആദ്യം  ഉടലെടുത്തത് 1980-1981-ലാണ്. 668 കോടി റവന്യൂ ചെലവുണ്ടായ ആ സാമ്പത്തിക വര്‍ഷം 26 കോടി കമ്മിയുണ്ടായി.  1981-1982-ലും 1982-1983-ലും ധനസ്ഥിതി വീണ്ടും മെച്ചപ്പെട്ടു. യഥാക്രമം 96-ഉം 27-ഉം കോടിവീതം മിച്ചമുണ്ടായി. അതിനുശേഷം കഴിഞ്ഞ 37 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ബജറ്റില്‍ മിച്ചമുണ്ടായിട്ടില്ല. മറിച്ച് കമ്മിയുടെ അളവില്‍ വന്‍വര്‍ധന ഉണ്ടാകുകയും ചെയ്തു. 1983-1984-ല്‍ 57 കോടിയായിരുന്നു കമ്മിയെങ്കില്‍ 2017-2018-ല്‍ 12,860 കോടിയാണ്. 2020-ല്‍ എത്തുമ്പോഴേക്കും ധനക്കമ്മി 15,201 കോടിയായി ഇനി വരുമാനം നോക്കാം. ഇന്‍കംടാക്‌സ്, സി.ജി.എസ്.ടി, ഐ.ജി.എസ്.ടി, കസ്റ്റംസ് എക്സൈസ് നികുതി എന്നിവയിലെല്ലാം ഇടിവുണ്ടായിട്ടുണ്ടെന്ന് ഐസക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് ജനറലിന്റെ ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 2019-2020 കാലയളവില്‍ 70,224.46 കോടിയാണ് റവന്യൂ വരുമാനം. മുന്‍വര്‍ഷം 92,854 കോടിയായിരുന്നു. 2017-2018 കാലയളവില്‍ 83,020.14 കോടിയായിരുന്നു വരുമാനം. 2016-2017ല്‍ 75,611 കോടിയും.  നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ നികുതി നികുതിയേതര സമാഹരണത്തില്‍ കാര്യമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറയുന്നു.

ജി.എസ്.ടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് ഇടതു സാമ്പത്തിക വിദഗ്ദ്ധരെല്ലാം പറഞ്ഞപ്പോഴും അതിനെ സ്വാഗതം ചെയ്തയാളാണ് ഐസക്. ജി.എസ്.ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ പാര്‍ട്ടികളുടെ സൂക്ഷ്മ രാഷ്ട്രീയ വിമര്‍ശനത്തെ ഐസക് എതിര്‍ത്തത് ചില കണക്കുകൂട്ടലുകള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ജി.എസ്.ടി ലാഭമാകുമെന്നും സാമ്പത്തിക പ്രയാസങ്ങള്‍ക്കു മാറ്റമുണ്ടാകുമെന്നുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, ഐസക്കിന്റെ കണക്കുകൂട്ടലുകള്‍ക്കു കടകവിരുദ്ധമായാണ് കാര്യങ്ങള്‍ നീങ്ങിയത്. 

ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിനു കിട്ടിയിരുന്ന നികുതിവരുമാനം കൂടിയതുമില്ല കേന്ദ്രസര്‍ക്കാര്‍ വിഹിതം സമയത്ത് നല്‍കിയതുമില്ല. ഇതോടെ സംസ്ഥാനം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 16,790 കോടി രൂപയാണ് ജി.എസ്.ടിയില്‍നിന്നും സംസ്ഥാനത്തിന് പിരിഞ്ഞുകിട്ടിയത്. 2020-2021 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 32,388 കോടിയും. നികുതിവരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 25 ശതമാനവും ഈ വര്‍ഷം 30 ശതമാനം വര്‍ധനയുമാണ് ധനവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. നികുതിച്ചോര്‍ച്ച ഒഴിവാക്കി ഇത് സാധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ജി.എസ്.ടിക്കു കീഴില്‍ മാത്രം 13,305 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. ജി.എസ്.ടി നടപ്പിലായശേഷം കേരളത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ തോമസ് ഐസക് തന്നെ വ്യക്തമാക്കിയിരുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍, പുതിയ വരുമാന സ്രോതസുകളൊന്നും കണ്ടെത്താതെ, വായ്പകളില്‍ മാത്രം ഊന്നി നീങ്ങുന്ന ഒരു ഞാണിന്‍മേല്‍ക്കളിയാണ് നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ. രോഗലക്ഷണങ്ങളറിഞ്ഞ് ചികിത്സിക്കാന്‍ ഐസക്കിനായില്ല എന്നതാണ് പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നത്. 2017 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും ഏതെങ്കിലുമൊരു ദുരന്തത്തെ നമുക്ക് അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. 2017-ല്‍ ഓഖിയും 2018-ലും 2019-ലും പ്രളയവും കേരളത്തിലെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടികളാണുണ്ടാക്കിയത്. പ്രവാസി വരുമാനത്തിലുണ്ടായ കുറവാണ് മറ്റൊരു തിരിച്ചടി.

പ്രവാസിചിട്ടിയും കിഫ്ബിയും 

വരുമാനം മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. അടിസ്ഥാന സൗകര്യവികസന നിധിയിലേക്ക് വന്‍തുക ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസിചിട്ടി തുടങ്ങിയത്. ഇതുവരെ 481 ചിട്ടികള്‍ തുടങ്ങി. അതില്‍ ചേര്‍ന്നത് 14,808 പേര്‍. എന്നാല്‍, 70 രാജ്യങ്ങളില്‍ നിന്ന് 50,533 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തെന്ന കാര്യമാണ് സര്‍ക്കാര്‍ നേട്ടമായി പറയുന്നത്.  676 കോടി രൂപയാണ് വിറ്റുവരവായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ധനമന്ത്രി സഭയില്‍ പറഞ്ഞതനുസരിച്ച് 2018 നവംബറില്‍ തുടങ്ങിയ ചിട്ടിക്ക് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത് 154.29 കോടിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യവികസനത്തിനായി ചിട്ടി വഴി കിഫ്ബിക്ക് കിട്ടിയത് 107.208 കോടി മാത്രം. 

കിഫ്ബിയാണ് മറ്റൊരു ഒറ്റമൂലി. 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ലക്ഷ്യമിട്ടിരുന്ന  കിഫ്ബി ഇപ്പോള്‍ത്തന്നെ 46,000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ തുടങ്ങിയാലും ഇല്ലെങ്കിലും പലിശ സമയത്ത് നല്‍കേണ്ടി വരും.  2021 മേയിലാണ് തിരിച്ചടവ് തുടങ്ങുക. കിഫ്ബി അടച്ചില്ലെങ്കില്‍ അത് സര്‍ക്കാര്‍ നല്‍കേണ്ടിവരും. അതായത് ഗ്രാന്റോ വായ്പാ സഹായമോ സര്‍ക്കാര്‍ നല്‍കേണ്ടി വരും. അതല്ല, വരുമാനം കണ്ടെത്താനാണ് നീക്കമെങ്കില്‍ യൂസേഴ്സ് ഫീ അടക്കമുള്ളവ ജനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ടി വരും. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ വാഹന നികുതിയുടെ വിഹിതമായും പെട്രോള്‍ സെസ് ആയും നല്‍കുന്ന തുക മാത്രമാണ് കിഫ്ബിയുടെ വരുമാനം. 

നിലവിലെ വരുമാനത്തിന്റെ മൂന്നിലൊന്നും സംസ്ഥാനം ചെലവിടുന്നത് മുന്‍പത്തെ വായ്പകളുടെ പലിശയടയ്ക്കാനാണ്. വര്‍ഷംതോറും വായ്പ കൂടുമ്പോള്‍ ഈ പലിശയും കൂടും. റവന്യൂകമ്മിയും ധനക്കമ്മിയും അടുത്തകാലത്തെങ്ങും കുറയില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തരോല്പാദനത്തിന്റെ മുപ്പതു ശതമാനമാണ് വരവുചെലവുകളുടെ അന്തരം. ഇനി, കിഫ്ബി വഴി അഞ്ചുവര്‍ഷംകൊണ്ട് 50000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് ഇതുവരെ ചെലവിടാനായത് 4.6 ശതമാനം തുക മാത്രമാണ്, ഇനി ശേഷിക്കുന്ന കാലയളവില്‍ 10,000 കോടി ചെലവിടുമെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗികമായി നടപ്പാകാന്‍ സാധ്യതയില്ല.

പ്രളയവും പുനര്‍നിര്‍മ്മാണവും

എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ടാണ് രണ്ടുവര്‍ഷം മുന്‍പ് പ്രളയം വന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ ആറിലൊന്നു പേരേയും  പ്രളയം ബാധിച്ചു. എത്ര കോടിയുടെ നഷ്ടമുണ്ടായെന്നും പുനര്‍നിര്‍മ്മാണത്തിന് എത്ര കോടികള്‍ വേണ്ടിവരുമെന്നും കൃത്യമായ ധാരണ സര്‍ക്കാരിന് ആദ്യമുണ്ടായിരുന്നില്ല. 25,000 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു ലോകബാങ്കിന്റെ കണ്ടെത്തല്‍.  ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ നടത്തിയ അന്വേഷണത്തില്‍ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി വേണമെന്നാണ് വ്യക്തമാക്കിയത്. പ്രളയത്തില്‍ തകര്‍ന്നുപോയ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം പുനര്‍നിര്‍മ്മിക്കാന്‍ 27,000 കോടി വേണമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. കേന്ദ്രസഹായം, വിദേശവായ്പ, സാലറിചലഞ്ച്, ക്രൗഡ്ഫണ്ടിങ് എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഒടുവില്‍ ലോകബാങ്കില്‍നിന്ന് 5137.34 കോടി രൂപയുടെ വികസന വായ്പയെടുക്കാന്‍ തീരുമാനിച്ചു. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യുവില്‍നിന്ന് 1458 കോടി വാങ്ങാനും ധാരണയായി. ഇതില്‍ ആദ്യ ഗഡുവായി 1779.58 കോടി ലഭ്യമായി. പുനര്‍നിര്‍മ്മാണത്തിനായി കേരളം ലോകബാങ്കില്‍നിന്ന് ഇതുവരെ വാങ്ങിയ വായ്പകളും തിരിച്ചടവ് കാലയളവും ചുവടെ. രണ്ടു ദശാബ്ദം കേരളം ഈ വായ്പകള്‍ തിരിച്ചടയ്ക്കണം.  

മാന്ദ്യം പ്രതീക്ഷിച്ച് ആഗോള വിപണിയും 

2019-ല്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 3.6 ശതമാനത്തില്‍നിന്ന് 2.9 ശതമാനമായി കുറഞ്ഞിരുന്നു. അന്നുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറി വരുന്നതിനിടെയാണ് കൊവിഡ് 19 അപ്രതീക്ഷിതമായി നാശം വിതച്ചത്. ലോകവ്യാപാരം നിയന്ത്രിച്ചുകൊണ്ടിരുന്ന ചൈനയെ അടിമുടി പ്രതിരോധത്തിലാക്കിയതായിരുന്നു ഈ രോഗബാധ. മരുന്നുകള്‍ മുതല്‍ ഐഫോണ്‍ വരെയുള്ള നിര്‍മ്മാണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. വന്‍കരകളിലേക്കുള്ള കയറ്റുമതി നിലച്ചു. വിപണിയിലെ നിയന്ത്രണാധികാരവും വിശ്വാസവും ഇതോടെ നഷ്ടമായി. ഓസ്ട്രേലിയ, ആഫ്രിക്ക, ലാറ്റിനമേരിക്ക, മിഡില്‍ഈസ്റ്റ് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഉല്പന്നദാതാക്കള്‍ ചൈനയാണ്. അതുകൊണ്ടുതന്നെ ചൈനയുടെ വീഴ്ച വ്യാപാര പങ്കാളികളായ മറ്റു രാജ്യങ്ങളുടെയെല്ലാം ആഭ്യന്തര ഉല്പാദനത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം ജപ്പാന്റെ ആഭ്യന്തര ഉല്പാദനം 6.3 ശതമാനം കുറയുന്നതിന് ഒരു കാരണം ചൈനയുടെ വളര്‍ച്ചയിലെ ഇടിവാണ്. 2003-ല്‍, മൊത്തം ലോക ആഭ്യന്തര ഉല്പാദനത്തില്‍ ചൈനയുടെ പങ്ക് നാലു ശതമാനമായിരുന്നു. ഇന്നത് 17 ശതമാനമാണ്. കുറച്ചുകൂടി സ്വതന്ത്രമാണെങ്കിലും യു.എസ്. ഉല്പാദനമേഖലയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. യൂറോപ്പില്‍ കഴിഞ്ഞവര്‍ഷം മാന്ദ്യത്തില്‍നിന്ന് ജര്‍മനി രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ബ്രെക്സിറ്റ് കഴിഞ്ഞ ബ്രിട്ടന്റേയും അവസ്ഥ അത്ര ശുഭകരമല്ല. 2003-ലെ സാര്‍സിനേക്കാള്‍ ഭീകരമായിരിക്കും കൊവിഡ് സൃഷ്ടിക്കാന്‍ പോകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെന്ന് ഈ വാദത്തെ തള്ളി വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറവാണ്. ഈ വര്‍ഷം ഐ.എം.എഫ് പറയുന്നത് അനുസരിച്ച് ചൈനയുടെ വളര്‍ച്ച 5.6 ശതമാനം മാത്രമാകും. 1990-കള്‍ക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ഇത്. എന്നാല്‍, 2003-ലെ സാര്‍സ് ബാധയ്ക്കു ശേഷം ചൈനീസ് സമ്പദ്വ്യവസ്ഥ തിരിച്ചുവന്നതുപോലെ കൊവിഡിനേയും അതിജീവിക്കുമെന്നു കരുതുന്ന വിദഗ്ദ്ധരുമുണ്ട്.

ലോകബാങ്കില്‍നിന്നു ലഭിച്ച വായ്പ 

(കണ്‍സഷണല്‍)
വായ്പ 1133 കോടി
പലിശ 1.25 ശതമാനം
തിരിച്ചടയ്ക്കേണ്ടത് 2024 നവംബര്‍ മുതല്‍ 2049 ജൂണ്‍ വരെ

(നോണ്‍ കണ്‍സഷണല്‍)
വായ്പ 647 കോടി
പലിശ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പലിശ
തിരിച്ചടയ്ക്കേണ്ടത് 2024 നവംബര്‍ മുതല്‍ 2043 നവംബര്‍ വരെ.