രാജകലാലയത്തിലെ രോഹിണി നക്ഷത്രം : ബിപിന്‍ ചന്ദ്രന്‍ 

അത്യാവശ്യത്തിനു ചോദിച്ചാല്‍ പത്തുരൂപയെടുത്തു തരാന്‍ തക്ക ബുദ്ധിശൂന്യത രോഹിണിച്ചേച്ചിക്ക് ആവശ്യത്തിലേറെയുണ്ടായിരുന്നതുകൊണ്ട് അടുപ്പത്തിനു ബലം കൂടി വന്നു
രാജകലാലയത്തിലെ രോഹിണി നക്ഷത്രം : ബിപിന്‍ ചന്ദ്രന്‍ 

രാജകീയ കലാലയമായ എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപിക രോഹിണി കലാലയത്തില്‍ നിന്നും പടിയിറങ്ങുന്നു. വിദ്യാര്‍ത്ഥിയായും അധ്യാപികയായും ജീവിതത്തിന്റെ ബഹുഭൂരിപക്ഷം സമയവും മഹാരാജാസില്‍ ചെലവഴിച്ച രോഹിണി, കലാലയത്തിലെ വിദ്യാര്‍ത്ഥികളുമായി എക്കാലവും അഭേദ്യബന്ധം പുലര്‍ത്തിയിരുന്നു. പഠിച്ച കലാലയത്തിലേക്ക് അധ്യാപികയായി കടന്നുചെല്ലുമ്പോഴും, വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും രോഹിണി ചേച്ചിയായി തുടര്‍ന്നു. ടീച്ചറെപ്പറ്റി തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു. 

അഷ്ടമി രോഹിണി കലണ്ടറില്‍ ചുവന്നു കിടക്കുന്നതുകണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. തൈപ്പറമ്പില്‍ അശോകന്റെ ജന്മനക്ഷത്രം രോഹിണിയാണെന്നറിയാന്‍ പത്താംക്ലാസ്സില്‍ എത്തേണ്ടി വന്നു. (ആരാണ് അശോകന്‍ എന്ന ചോദ്യവും പൊക്കിക്കൊണ്ടുവരുന്നവര്‍ അതിനു മുന്‍പ് 'യോദ്ധ' സിനിമ കാണേണ്ടതാണ്). 'ഗാന്ധി' സിനിമയില്‍ കസ്തൂര്‍ബയായി  അഭിനയിച്ച രോഹിണി ഹത്തങ്ങടിയെ 'അഗ്‌നിദേവനി'ലെ കവിതയെഴുതുന്ന അമ്മച്ചിയായി കണ്ടത് ഒന്നാംവര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. രോഹിണി എന്ന നടി മലയാളത്തിലും മറ്റു ഭാഷകളിലും അഭിനയിച്ച പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ആ പേരിലുള്ള ഒരാളെ ജീവിതത്തില്‍ ആദ്യമായി പരിചയപ്പെടുന്നത് മൂന്നാംവര്‍ഷ ഡിഗ്രിക്കാലത്തായിരുന്നു. അതും മറ്റൊരു കോളേജ് ക്യാമ്പസ്സില്‍ വെച്ച്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പഠിച്ചിരുന്ന ഞാന്‍ മഹാരാജാസ് കോളേജില്‍ അന്നു ചെന്നത് അവിടുത്തെ കോളേജ് മാഗസിനില്‍ ഒരു ഫീച്ചര്‍ ചെയ്യാനായിരുന്നു. 'ഓര്‍മ്മ' എന്നു പേരുള്ള ആ മാഗസിന്റെ എഡിറ്റര്‍ ഒരു ആഷിഖ് പി.എ. ആയിരുന്നു. ഇന്ന് ആഷിഖ് അബു എന്ന തൂലികാനാമത്തില്‍ സിനിമയൊക്കെ സംവിധാനം ചെയ്യുന്ന അതേ കക്ഷി. മഹാരാജാസ് കോളേജുമായി നിരന്തരം ബന്ധപ്പെട്ടു നില്‍ക്കുന്ന ചിലരെക്കുറിച്ചായിരുന്നു ഞാന്‍ എഴുതേണ്ടിയിരുന്നത്. മഹാരാജാസുകാര്‍ സ്ഥിരം കടംപറഞ്ഞ് ഭക്ഷണം കഴിച്ചിരുന്ന മോഡേണ്‍ ഹോട്ടലിലെ മാനേജര്‍ സ്വാമി, കോളേജ് ഗേറ്റിനു മുന്നില്‍ ഉന്തുവണ്ടിയില്‍ നാരങ്ങാവെള്ളം വിറ്റിരുന്ന അപ്പുച്ചേട്ടന്‍, സൈക്കിളില്‍ വന്നു ക്യാമ്പസില്‍ കാപ്പിക്കച്ചവടം നടത്തിയിരുന്ന കണ്ണന്‍, പിന്നെ, പണ്ടെങ്ങോ, പഠിച്ചിരുന്നതിന്റെ നൊസ്റ്റാള്‍ജിയ നുകരാന്‍ നിത്യവും കോളേജില്‍ വന്നിരുന്ന ഒരു രോഹിണിച്ചേച്ചി. ഇവരായിരുന്നു ആഷിഖ് മുന്നിലിട്ടു തന്ന സ്റ്റഡി മെറ്റീരിയലുകള്‍. വി.കെ. ശ്രീരാമന്‍ വേറിട്ട കാഴ്ചകളില്‍ എഴുതുന്നപോലെ ഒരു വെറൈറ്റി സാധനം പടയ്ക്കണം എന്നതിനപ്പുറം അവരോട് അന്നത്തെ മഹാരാജാസുകാര്‍ക്കുള്ള ആത്മബന്ധമൊന്നും എനിക്കില്ലായിരുന്നു. അങ്ങനെ ഒരു ദിവസം രോഹിണി എന്ന സ്ത്രീയേയും ആഷിഖ് എനിക്കു മുന്നിലിരുത്തി. മഹാരാജാസിലെ സമരമരത്തിന്റെ ചുവട്ടിലെ കെട്ടില്‍ ഇരുന്നു ഞാന്‍ അവരോട് എന്തൊക്കെയോ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഫീച്ചറിന്റെ ആവശ്യത്തിനുവേണ്ടി ചിലതൊക്കെ കിള്ളിക്കിള്ളി ചോദിച്ചു. ചോദിച്ചതിനൊക്കെ കൃത്യമായി മറുപടി പറഞ്ഞിട്ട് അവര്‍ അവരുടെ പാട്ടിനും ഞാന്‍ എന്റെ പാട്ടിനും പോയി. അങ്ങനെ പാട്ടുംപാടിപ്പോയാലൊന്നും ചിലരെ കൂട്ടിമുട്ടാതിരിക്കാനാവില്ലെന്നു മനസ്സിലാക്കാന്‍ കാലം കുറച്ചുകഴിയേണ്ടി വന്നു. കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതു മാത്രമല്ല, കാണില്ലെന്നു കരുതും ജനത്തിനെ കണ്ടു കണ്ടങ്ങിരുത്തുന്നതും കാലത്തിന്റെ കയ്യിലിരിപ്പാണ്.

സർവകലാശാല കലോൽസവത്തിൽ ജേതാക്കളായ മഹാരാജാസ് കോളജ് ടീമിനൊപ്പം രോഹിണി ടീച്ചർ
സർവകലാശാല കലോൽസവത്തിൽ ജേതാക്കളായ മഹാരാജാസ് കോളജ് ടീമിനൊപ്പം രോഹിണി ടീച്ചർ

മഹാരാജാസില്‍ ഞാന്‍ എം.എയ്ക്ക് പഠിക്കാന്‍ വന്ന കാലത്താണ് രോഹിണിച്ചേച്ചിയുമായി കമ്പനി ആകുന്നത്. സന്തോഷ് ബാബു, മുട്ടന്‍ സന്തോഷ്, ഷെമിന്‍ ജോയ് തുടങ്ങിയ ചില കൊടൂര ബുജികള്‍ക്കിടയില്‍ തോള്‍സഞ്ചിയും തൂക്കിയിരിക്കുന്ന ചേച്ചിയില്‍നിന്ന് ആദ്യമൊക്കെ ഞാനൊരു സുരക്ഷിതമായ അകലം പാലിച്ചിരുന്നു. എത്ര ഓമനത്തമുണ്ടെങ്കിലും ഇങ്ങോട്ട് ആക്രമിക്കില്ലെന്ന് ഉറപ്പാകും വരെ മറ്റു ജീവികളില്‍നിന്നു വിട്ടുനില്‍ക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു നല്ലത്. ബുദ്ധിജീവികളുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് ബെസ്റ്റ്. അമിതബുദ്ധി പോയിട്ട് സാമാന്യബുദ്ധിപോലും ഇല്ലാത്തവരാണെന്നും അവരില്‍ യാതൊരുവിധ ഔഷധഗുണങ്ങളും അടങ്ങിയിട്ടില്ലെന്നും അറിഞ്ഞപ്പോഴാണ് ആ സംഘത്തോട് അടുത്തത്. അത്യാവശ്യത്തിനു ചോദിച്ചാല്‍ പത്തുരൂപയെടുത്തു തരാന്‍ തക്ക ബുദ്ധിശൂന്യത രോഹിണിച്ചേച്ചിക്ക് ആവശ്യത്തിലേറെയുണ്ടായിരുന്നതുകൊണ്ട് അടുപ്പത്തിനു ബലം കൂടി വന്നു. ഇന്ന് പുംഗവന്മാരായിത്തീര്‍ന്ന പഴയ മഹാരാജാസുകാരില്‍ പലരും ക്യാന്റീനിലെ പറ്റു തീര്‍ക്കാന്‍ ചേച്ചിയുടെ പേഴ്‌സില്‍ കുഴല്‍ക്കിണറടിച്ചവരാണ്. നനഞ്ഞിടത്താണല്ലോ കുഴിക്കാന്‍ എളുപ്പം.

മഹാരാജാസുകാര്‍ക്ക് രോഹിണിച്ചേച്ചിയെക്കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയിരുന്നത് യൂത്ത്‌ഫെസ്റ്റിവല്‍ സമയത്തായിരുന്നു. തെണ്ടിപ്പിരിച്ചെടുത്ത തുകകൊണ്ട് ദൂരദേശങ്ങളില്‍ നടക്കുന്ന എം.ജി. സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ക്കു പോകുമ്പോള്‍ രക്ഷകര്‍ത്താക്കളെ കൂടെക്കൂട്ടാന്‍ പാങ്ങില്ലാത്ത മഹാരാജാസ് പെണ്‍കുട്ടികള്‍ക്ക് ചേച്ചിയും അമ്മയുമൊക്കൊയി രോഹിണിച്ചേച്ചി തുണയാകുമായിരുന്നു. യു.ജി.സി സ്‌കെയില്‍ ചെലുമ്പാതെ വാങ്ങിയിരുന്ന അധ്യാപികമാരൊക്കെ മക്കളുടെ പരീക്ഷയ്ക്കു കൂട്ടിരിക്കുമ്പോഴും കുടുംബത്ത് സ്വസ്ഥമായി കിടന്നുറങ്ങുമ്പോഴും കൊച്ചുവെളുപ്പാന്‍ കാലംവരെ മഞ്ഞും കൊണ്ട് കോളേജ് പിള്ളേര്‍ക്കൊപ്പം ചേച്ചി കരിംപട്ടിണിക്കിരുന്നു. ഇടയ്ക്കിടെ കോളേജിലെ ചില അധ്യാപകന്മാര്‍ക്ക് (പികമാര്‍ക്കും) ചെറിയൊരു ചൊറിച്ചിലിളകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിച്ചിറങ്ങിയ ഈ പെണ്ണുമ്പിള്ള എന്തിനാണ് മഹാരാജാസിന്റെ നടപ്പടിയില്‍ വന്നിങ്ങനെ നത്തിനെപ്പോലെ കുത്തിയിരിക്കുന്നത്? കടക്ക് പുറത്ത്. ക്വിറ്റ് മഹാരാജാസ്. അപ്പോള്‍ കോളേജ് യൂണിയനിലെ പിള്ളേര്‍ രംഗത്തിറങ്ങും. വാദ്ധ്യാര്‍ വര്‍ഗ്ഗത്തോട് വാക്കുകൊണ്ട് വടംവലിയാകും. മയിലിനോടും കുയിലിനോടും അരയന്നത്തിനോടും തോറ്റ കാക്ക ജനകീയതയില്‍ ജയിക്കുന്നപോലെ ഒടുവില്‍ രോഹിണിപക്ഷം വിജയിക്കും. എങ്കിലും 'രാജമാണിക്യ'ത്തിലെ നായകനെപ്പോലെ നമ്മളില്ലേ എന്നു പറഞ്ഞ് രോഹിണിച്ചേച്ചി കുറച്ചു കാലത്തേയ്ക്ക് കോളേജില്‍ വരാതാകും. പക്ഷേ, ഒരുദിവസം കൊച്ചിയില്‍ ബിലാല്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞപോലെ ചേച്ചി മഴ കഴിഞ്ഞു കൂണ് പൊട്ടിമുളയ്ക്കും മാതിരി ഏതെങ്കിലും സിമന്റ് ബെഞ്ചില്‍ പത്രം വായിക്കുന്ന പോസില്‍ പ്രത്യക്ഷപ്പെടും. അന്‍വര്‍ റഷീദും അമല്‍ നീരദും രാജീവ് രവിയുമൊക്കെ അവര്‍ക്ക് അനിയന്മാരായിത്തീര്‍ന്നത് നിരന്തരമുള്ള വരവുകളിലൂടെയാണ്. രോഹിണിച്ചേച്ചിക്ക് മഹാരാജാസില്‍ വരാതിരിക്കാനാവില്ലായിരുന്നു. അവിടെ വരാത്തപ്പോള്‍ വെള്ളമില്ലാത്ത മീനും വനമില്ലാത്ത മാനും വാനമില്ലാത്ത മൈനയുമായി അവര്‍. മഹാരാജാസ് അവര്‍ക്ക് ഓക്‌സിജനായിരുന്നു. ഇടയ്ക്കിടെ അവരുടെ ശ്വാസംമുട്ടിക്കുന്നത് അധികാരി വാദ്ധ്യാര്‍മാര്‍ക്കൊരു ഹരവും.

ആ ഹരത്തിനൊരറുതി വന്നത് ചേച്ചി മഹാരാജാസില്‍ത്തന്നെ ടീച്ചറായെത്തിയപ്പോഴാണ്. ഇരിപ്പ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിനു താഴെയുള്ള നടക്കെട്ടില്‍നിന്ന് അകത്തെ കസേരയിലേക്കായെന്നതൊഴിച്ചാല്‍  ടീച്ചറായപ്പോള്‍ രോഹിണിച്ചേച്ചിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നില്ല. മനുഷ്യബന്ധങ്ങളിലെ ജനാധിപത്യം എന്തെന്നറിയാവുന്നവര്‍ക്ക് മജിസ്‌ട്രേട്ടായാലും  മാറ്റമൊന്നുമുണ്ടാകില്ല. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ചേച്ചി ടീച്ചറായപ്പോഴാണ് സംഭവിച്ചത്. ഇക്കൊല്ലം മഹാരാജാസ് കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിന് വിദ്യാര്‍ത്ഥികള്‍ വിളിച്ചത് എന്നെയായിരുന്നു. യൂണിയന്‍ മെംബറായിരുന്ന കോളേജിലെ യൂണിയന്‍ ഉദ്ഘാടനത്തിന് അന്തസ്സോടെ ചെന്നപ്പോള്‍ വേദിയില്‍ എതിരേല്‍ക്കാന്‍ രോഹിണിച്ചേച്ചി നില്‍ക്കുന്നു. വെറും ടീച്ചറായല്ല, ആക്ടിങ്ങ് പ്രിന്‍സിപ്പലായിട്ട്. 'ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ' എന്ന പരുവത്തിലായി. അന്നത്തെ ദിവസം പ്രിന്‍സിപ്പലും അതിനുശേഷം സീനിയോറിറ്റിയുള്ളയാളും അവധിയിലായിരുന്നതിനാല്‍ ചേച്ചിയുടെ തലയില്‍ അപ്രതീക്ഷിതമായി എത്തിയതാണ് ആ തലേല്‍ക്കെട്ട്.  അത് എനിക്കൊരു ലോട്ടറിയായി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം രോഹിണിച്ചേച്ചി പ്രിന്‍സിപ്പലായിരിക്കുന്ന മഹാരാജാസില്‍ മുഖ്യാതിഥിയായിരിക്കാന്‍ അവിടുത്തെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിക്കും കഴിഞ്ഞിട്ടില്ല എന്ന കാര്യം എന്റെ ഒരു സ്വകാര്യ അഹങ്കാരമായി ഇരിക്കും. ഇനിയൊട്ടാര്‍ക്കും അതിനു കഴിയില്ല. കാരണം രോഹിണിടീച്ചര്‍ സര്‍വ്വീസില്‍നിന്നു പിരിയുകയാണ് എന്നതുതന്നെ.

കാലം ചുമ്മാ പൂക്കെന്നങ്ങ് ഉരുളുകയാണ്. എത്രയെത്ര കലോത്സവങ്ങളും എത്രയെത്ര കലാപങ്ങളും എത്രയോ സമരങ്ങളും സരസസല്ലാപങ്ങളുടെ സായന്തനങ്ങളും കടന്നുപോയി. ക്യാമ്പസ് തന്നെ എങ്ങനെയെല്ലാം മാറി. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമെന്ന് മാര്‍ക്‌സ് പറഞ്ഞത് എത്ര സത്യം. പ്രീഡിഗ്രി ഉള്ള കാലം ആയിരുന്നെങ്കില്‍ അടുത്ത കൊല്ലം എന്റെ മൂത്ത മകന് മഹാരാജാസില്‍ പഠിക്കാനുള്ള പ്രായമാകുമായിരുന്നു. പക്ഷേ, അപ്പോള്‍ രോഹിണിച്ചേച്ചിയവിടെ രോഹിണി ടീച്ചറായുണ്ടാകില്ല. പിരിഞ്ഞശേഷവും ചേച്ചി പഴയതുപോലെ മഹാരാജാസില്‍ വന്നിരിക്കുമോ? പുതിയ അധികാരികള്‍ അവരെ അവിടെനിന്നു പറപ്പിക്കുമോ? അതിനു വെള്ളം അനത്തുന്നവരുടെ അടുപ്പില്‍ പുതുകാലത്തിന്റെ കലാപയൗവ്വനം വെള്ളം കോരി ഒഴിക്കുമോ? ഉള്ളില്‍ കനലെരിയുന്ന മഹാരാജാസ് കുമാരന്മാരും കുമാരിമാരും അങ്ങനെ ചെയ്യുമെന്നാണെന്റെ പ്രതീക്ഷ. കാരണം മഹാരാജാസ് എന്നത് ഒരു കോളേജിന്റെ പേര് മാത്രമല്ല, ഒരു സംസ്‌കാരത്തിന്റെ പേരു കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com