കോവിഡ് 19; അമേരിക്കയ്ക്ക് അടിപതറുമ്പോള്‍

അമേരിക്കയുടെ ആരോഗ്യസംരക്ഷണ രംഗം എത്രമാത്രം പരാജയമായിരുന്നു എന്നാണ് ഈ മഹാമാരിയിലൂടെ വ്യക്തമാകുന്നത്
കോവിഡ് 19; അമേരിക്കയ്ക്ക് അടിപതറുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക കൊറോണ വൈറസിനു മുന്നില്‍ തോറ്റുപോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അമേരിക്കയുടെ ആരോഗ്യസംരക്ഷണ രംഗം എത്രമാത്രം പരാജയമായിരുന്നു എന്നാണ് ഈ മഹാമാരിയിലൂടെ വ്യക്തമാകുന്നത്. ഏപ്രില്‍ 20 വരെയുള്ള കണക്കുപ്രകാരം 42,517 പേരാണ് കൊവിഡ് 19 ബാധിച്ച് യു.എസില്‍ മരിച്ചത്. 792,913 രോഗബാധിതരുമുണ്ട്. 

ഇത്രയും ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ജീവന്‍രക്ഷാ ചികിത്സയ്ക്കുള്ള പണത്തെക്കുറിച്ചാണ് ഇവിടെ ഓരോരുത്തരുടേയും ആധി. അതിഭീമമാണ് രാജ്യത്തെ ചികിത്സാ ചെലവ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു മാത്രം ചികിത്സ ഉറപ്പാക്കുന്ന രാജ്യത്ത് 2018-ലെ കണക്ക് പ്രകാരം 27.9 മില്ല്യണ്‍ ജനങ്ങള്‍ ഈ ഇന്‍ഷുറന്‍സ് പരിധിക്കു പുറത്തുള്ളവരാണ്. 

യു.എസില്‍ ആരോഗ്യമേഖല കോടികള്‍ ലാഭമുണ്ടാക്കുന്ന ഒരു വ്യവസായമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയോ നിയന്ത്രണത്തിലോ ചികിത്സ ലഭ്യമാവുന്ന രാജ്യങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാകുന്നതുകൂടി കൂട്ടി വായിക്കുമ്പോഴാണ് അമേരിക്കയുടെ ആരോഗ്യ സംരക്ഷണത്തിന്റെ പാളിച്ചകള്‍ പുറത്താകുന്നത്. ചികിത്സാചെലവുകളോര്‍ത്ത് പരിശോധനയ്ക്ക് ആളുകള്‍ മടിക്കുന്നതിനാല്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ എത്രയോ കൂടുതലായിരിക്കും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണമെന്നു പല ഏജന്‍സികളും വ്യക്തമാക്കുന്നു.

മരണം തൊട്ടടുത്തെത്തിയ രോഗികളില്‍നിന്നും ഗുരുതരമായി ഐസിയുവില്‍ കഴിയുന്നവരില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേള്‍ക്കേണ്ടിവരുന്നത് ചികിത്സയ്ക്കുള്ള പണം ആരു നല്‍കും എന്ന ഹൃദയഭേദകമായ ചോദ്യങ്ങളാണ്. തന്റെ 12 വര്‍ഷത്തെ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വീസിനിടയില്‍ ആദ്യമായാണ് അതിദാരുണമായ ഈ അവസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലിലെ അനതെറ്റീസ്റ്റ് ഡെറിക് സ്മിത്ത് പറയുന്നു. '194 രാജ്യങ്ങളിലും കൊവിഡ് ബാധയുണ്ടെങ്കിലും സര്‍ക്കാറിന്റെ സഹകരണത്തോടെയുള്ള പൊതു ആരോഗ്യ സംരക്ഷണമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വത്തോടെ ഈ മഹാമാരിയെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. വൈറസ് വ്യാപനത്തെ വരുതിയിലാക്കാന്‍ അത്തരം രാജ്യങ്ങള്‍ക്കു കഴിയുന്നു ഓരോ രാജ്യങ്ങളിലേയും സ്ഥിതി ശ്രദ്ധിച്ചാല്‍ നമുക്കിതു മനസ്സിലാകും. അമേരിക്ക ഇക്കാര്യത്തില്‍ പരാജയപ്പെട്ട ഒരു രാഷ്ട്രമാണ്'' - ഡെറിക് സ്മിത്ത് പറയുന്നു,

വാഷിങ്ടണിലെ ക്യാപിറ്റോളിന് മുന്നിൽ ലോക്ഡൗണിനെതിരെ നടന്ന പ്രതിഷേധം
വാഷിങ്ടണിലെ ക്യാപിറ്റോളിന് മുന്നിൽ ലോക്ഡൗണിനെതിരെ നടന്ന പ്രതിഷേധം

ആരോഗ്യമേഖലയിലെ അപര്യാപ്തതകള്‍ 

മഹാമാരികളെ നേരിടുന്നതില്‍ അമേരിക്കയുടെ ആരോഗ്യ സംരക്ഷണമേഖല എത്രത്തോളം കഴിവില്ലാത്തതാണെന്നു വെളിപ്പെടുത്തുക കൂടിയാണ് കോവിഡ് 19 വൈറസ്. കാലങ്ങളായി പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തേക്കാള്‍ ലാഭത്തിനു പ്രാധാന്യം കൊടുത്ത ഒരു വ്യവസ്ഥിതി മാറ്റാന്‍ അട്ടിമറികള്‍ തന്നെ വേണ്ടിവരും. കൊവിഡിന്റെ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരും ഇന്‍ഷുറന്‍സുകാരും തൊഴില്‍ ദാതാക്കളും ജനങ്ങളെ സഹായിക്കുമെന്നു പറയുന്നുണ്ടെങ്കിലും പലതരത്തിലുള്ള അവ്യക്തതകള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. ചെലവായേക്കാവുന്ന പണത്തിനനുസരിച്ചു ചികിത്സാ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന ജനങ്ങളാണിവിടെയെന്ന് ഫിസിഷ്യന്‍ ഫോര്‍ നാഷണല്‍ ഹെല്‍ത്ത് പ്ലാന്‍ ഗ്രൂപ്പിന്റെ പ്രസിഡന്റ് ആദം ജഫ്നി പറയുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരുപാടുപേര്‍ ചികിത്സാച്ചെലവ് പേടിച്ച് വര്‍ഷങ്ങളോളം പ്രാഥമിക ചികിത്സപോലും നടത്താറില്ലെന്ന് ജഫ്നി വെളിപ്പെടുത്തുന്നു. ഗുരുതരമായ രോഗമുള്ളവര്‍പോലും അവരുടെ പല ചികിത്സകളും വേണ്ടെന്നു വെക്കുന്ന അവസ്ഥയുമുണ്ട്. 2006 മുതലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 30 ശതമാനം അമേരിക്കക്കാരും പണച്ചെലവിനെയോര്‍ത്തു ചികിത്സ വൈകിപ്പിക്കുന്നവരാണ് എന്നാണ്. 19 ശതമാനം ആളുകള്‍ ഗുരുതരമായ അസുഖങ്ങള്‍ക്കുപോലും ചികിത്സ തേടാത്തവരാണ്. ചെലവ് താങ്ങാന്‍ പറ്റാതെ ആശുപത്രികളില്‍ പോകാനും ഡോക്ടറെ കാണാനും കൃത്യമായ സമയത്ത് ചികിത്സ നടത്താനും പേടിക്കുന്ന ജനങ്ങളുള്ള ഒരു നാട്ടില്‍ ലക്ഷകണക്കിന് ആളുകള്‍ ഒരേ സമയം രോഗബാധിതരാകുക കൂടി ചെയ്യുമ്പോള്‍ ചിന്തിക്കുന്നതിനപ്പുറത്താണ് കാര്യങ്ങള്‍. അതുകൊണ്ടുതന്നെയാണ് ഏറ്റവും വലിയ സമ്പന്നരാജ്യമായിട്ടും ഏറ്റവും കൂടുതല്‍ മരണവും രോഗികളും രാജ്യത്തുണ്ടായത്.

സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന രീതിയാണിവിടെ. അതില്‍ത്തന്നെ ഇന്‍ഷൂറന്‍സ് തുകയ്ക്കനുസരിച്ച് ചികിത്സാച്ചെലവിലും വ്യത്യാസം വരും. 2018-ലെ കണക്ക് പ്രകാരം 27.9 മില്ല്യണ്‍ ആളുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്താണ്. അതിഭീകരമായി വര്‍ദ്ധിച്ചുവന്ന തൊഴിലില്ലായ്മ കൂടി കണക്കിലെടുത്താല്‍ ഇതിന്റെ എത്രയോ മുകളിലായിരിക്കും ഇപ്പോഴത്തെ കണക്ക്. കൊറോണ വ്യാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ തൊഴിലില്ലായ്മ രാജ്യത്ത് അതിരൂക്ഷമായി. പല കമ്പനികളും അടച്ചുപൂട്ടി. ചികിത്സയുടെ ചെലവുകളെയോര്‍ത്ത് കൊവിഡ് പരിശോധനയ്ക്ക് ആളുകള്‍ മടിക്കുന്നു എന്നാണ് പല സംഘടനകളുടേയും കണ്ടെത്തല്‍. അതുകൊണ്ടാണ് എട്ടു ലക്ഷത്തോളം രോഗബാധിതര്‍ എന്ന ഔദ്യോഗിക കണക്ക് തെറ്റാണെന്നു പലരും വാദിക്കുന്നത്. പരിശോധന വൈകിപ്പിക്കുന്നതും രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനും രോഗിയുടെ നില ഗുരുതരമാകാനും കാരണമാകുന്നുണ്ട്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റാകുന്ന കൊറോണ ബാധിതനായ ഒരാളുടെ ശരാശരി ചികിത്സാച്ചെലവ് 30,000 ഡോളറാണെന്ന് അമേരിക്കന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. അഡ്മിറ്റാകുന്ന ഒരു രോഗി കുറഞ്ഞത് 20 ദിവസമെങ്കിലും അവിടെ ചികിത്സയിലുണ്ടാകും. മെഡിക്കല്‍ ഇന്‍ഷൂര്‍ ഉള്ളവരാണെങ്കിലും ഓരോ കമ്പനിയുടെതനുസരിച്ചു ചികിത്സാച്ചെലവില്‍ മാറ്റമുണ്ടാകും. പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ സര്‍ക്കാറിന്റെ മെഡികെയര്‍ പദ്ധതിയുണ്ട്. എന്നാല്‍, ഇന്‍ഷൂറന്‍സ് ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കാണ് ഇതില്‍ മുന്‍ഗണന. ചെലവുകള്‍ തരംതിരിക്കുന്നതിലും അവ്യക്തതകള്‍ ഉള്ളതിനാല്‍ രോഗികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ പടര്‍ന്നുപിടിക്കുന്ന മഹാമാരിക്കിടയിലും ഓരോരുത്തരുടെയും ചികിത്സാചെലവ് തന്നെയാണ് ജനങ്ങളും കമ്പനികളും ആശങ്കയോടെ ആലോചിക്കുന്ന കാര്യം.

തൊഴിൽ നഷ്ടപ്പെടുന്നവരുടെ വിലാപം
തൊഴിൽ നഷ്ടപ്പെടുന്നവരുടെ വിലാപം

ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അസാധാരണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ അവിടെയും രൂക്ഷമാണ്. തൊഴിലില്ലായ്മ ആരോഗ്യമേഖലയിലും പിടിമുറുക്കികഴിഞ്ഞു. പല കമ്പനികളും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമെന്നു നമുക്കു തോന്നുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ നിലനില്‍പ്പുപോലും അപകടത്തിലാകുന്ന അവസ്ഥയിലാണിപ്പോള്‍. 17,00 ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന ആള്‍ട്ടണ്‍ ഹെല്‍ത്ത് കമ്പനി ആഴ്ച അവധിപോലും ശമ്പളമില്ലാത്ത ദിവസമാക്കി മാറ്റിയിരിക്കുകയാണ്. മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു വ്യവസായം മാത്രമാണ് രാജ്യത്ത് നഷ്ടം വരുമ്പോള്‍ ജീവനക്കാരെ പിരിച്ചുവിട്ടും ആനുകൂല്യങ്ങള്‍ കുറച്ചും കമ്പനികളുടെ ലാഭം ഉറപ്പാക്കുന്ന മറ്റേതു വ്യവസായ സംരംഭവും പോലെയാണ് അമേരിക്കയില്‍ ആരോഗ്യസംരക്ഷണ മേഖല. കൊവിഡ് കാലമായതിനാല്‍ മറ്റു ചികിതസകള്‍ക്കെത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ശസ്ത്രക്രിയകളും ചെലവേറിയ മറ്റു ചികിത്സകളോ പേരിനു മാത്രമായി ചുരുങ്ങി. ഫിസിക്കല്‍ തെറാപ്പി, കോസ്മെറ്റിക് സര്‍ജറി തുടങ്ങിയവയാണ് ഏറെ ലാഭകരമായി ആശുപത്രികള്‍ കണ്ടിരുന്ന ചികിത്സകള്‍. ഇത്തരം ചികിത്സകളെല്ലാം മുടങ്ങിപ്പോയതോടെ മെഡിക്കല്‍ രംഗവും നഷ്ടത്തിലായി. അമേരിക്കന്‍ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് പറയുന്നത് ജൂണ്‍ മാസത്തോടെ രാജ്യത്ത് 60,000 ക്ലിനിക്കുകള്‍ അടച്ചുപൂട്ടേണ്ടി വരും എന്നാണ്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന 8,00,000 പേര്‍ തൊഴില്‍രഹിതരാകും. രോഗനിയന്ത്രണത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്യുമ്പോഴും ജോലിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചുമുള്ള ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരാണെങ്കിലും ഇവരുടെ ചികിത്സയും മറ്റുള്ളവരെപ്പോലെ തന്നെയാണ്. ചികിത്സാച്ചെലവുകള്‍ ഇവരില്‍ പലര്‍ക്കും താങ്ങാവുന്നതല്ല. അതുകൊണ്ടുതന്നെ വൈറസ്ബാധയേറ്റവരെ ചികിത്സിക്കുമ്പോള്‍ തങ്ങള്‍ക്കു രോഗം ബാധിച്ചാല്‍ എന്തുചെയ്യും എന്നതും ഇവരുടെ ചോദ്യമാണ്. പൗരന്മാരുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കൃത്യമായ ഒരുത്തരം നല്‍കാനുള്ള ഉത്തരവാദിത്വം ട്രംപ് ഭരണകൂടം കാണിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. രൂക്ഷമാകുന്ന തൊഴിലില്ലായ്മ കൂടി കൂടുതല്‍ രോഗികളെ സൃഷ്ടിച്ചേക്കാം എന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്ന. പോഷകാഹാരക്കുറവ് വരെ ഉണ്ടായേക്കാമെന്ന് ഇവര്‍ വിലയിരുത്തുന്നു.

കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടു പോകുന്നു
കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടു പോകുന്നു

കൊവിഡ് പ്രതിസന്ധി വന്ന ശേഷമുള്ള മൂന്നാഴ്ചയ്ക്കിടെ മാത്രം 16 മില്ല്യണ്‍ ആളുകള്‍ക്കു ജോലി നഷ്ടമായി എന്നാണ് പറയപ്പെടുന്നത്. അത്രയും ആളുകള്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരായി മാറി എന്നും അനുമാനിക്കാം. തിരുത്തപ്പെടേണ്ട ഒരു സാഹചര്യത്തിലൂടെയാണ് യു.എസിന്റെ ആരോഗ്യരംഗം കടന്നുപോകുന്നത്. ആരോഗ്യരംഗം കോടികള്‍ മറിയുന്ന ബിസിനസും രോഗികള്‍ കമ്പനികളുടെ വരുമാന മാര്‍ഗ്ഗവും എന്ന നിലയില്‍നിന്നു മാറേണ്ട സാഹചര്യമാണിപ്പോള്‍. സര്‍ക്കാര്‍ സഹായത്തോടേയും നിയന്ത്രണത്തോടേയും നടത്തുന്ന ആരോഗ്യമേഖലകള്‍ തന്നെയാണ് രാജ്യങ്ങള്‍ക്കു വേണ്ടെന്ന് അമേരിക്കയുടെ പരാജയം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
.....................................
(കടപ്പാട്- ദ ഗാര്‍ഡിയന്‍)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com