ഒളീവിയയുടെ 'ഹണ്‍ടിംഗ്ടണ്‍ കാസില്‍'

ക്രൊംവെലിയന്‍ ആക്രമണങ്ങള്‍ക്കോ നിരവധി പ്രതിസന്ധികളില്‍ പലപ്പോഴായി ഹണ്‍ടിംഗ്ടണ്‍ കൊട്ടാരം, എസ്മേണ്ട് കുടുംബത്തിനു കൈവിട്ടുപോയിരുന്നുവെങ്കിലും, ഇരുന്നൂറോളം വര്‍ഷങ്ങളായി ഈ കുടുംബം തന്നെയാണ്
ഹൺടിം​ഗ്ടൺ കാസിൽ
ഹൺടിം​ഗ്ടൺ കാസിൽ

''The valley of the slavery near our home is enclosed by gently curved hills with fatch work of green, orange and brown; the pale blue of Mount Leinster falling against the sky behind them. Our part of bank is enlivened by gorse, smooth grass and wild flowers.'
                                                                                                                                       -Olivia Robertson
                                                                                                       (from the book 'The field of Stranger')

യര്‍ലണ്ടിന്റെ തെക്കുകിഴക്കുവശത്തുള്ള കൗണ്ടി കാര്‍ലോയില്‍, ഡെറി പുഴയോരത്തുള്ള ഒരു പുരാതനഗ്രാമമാണ് ക്ലോണിഗാള്‍. 'വിദേശികളുടെ തുരുത്ത്' എന്ന് ഗേലിക് ഭാഷയില്‍ അര്‍ത്ഥം വരുന്ന സ്ഥലമാണ് ക്ലോണിഗാള്‍. നിരവധി തവണ യൂറോപ്പിലെയും അയര്‍ലണ്ടിലെയും ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന (Tidiest Village) വിശേഷപുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുള്ള മനോഹരമായ പ്രദേശമാണിത്. യഥാര്‍ത്ഥത്തില്‍ എല്ലാ ഗ്രാമവാസികളുടെ കൂട്ടുത്തരവാദിത്വത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഗ്രാമത്തിന്റെ സുന്ദരവും വൃത്തിയുള്ളതുമായ പ്രകൃതി. 

പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കരിങ്കല്ല് പാലത്തിന്റെ ഈര്‍പ്പവും പച്ചയും ഇഴുകിച്ചേര്‍ന്ന കൈവരിയില്‍ അല്പനേരമിരുന്നു. പാലത്തിന്നടിയിലൂടെ ഐറിഷ് സ്വാതന്ത്ര്യസമര ഗാനമായ 'ബൂലവോഗി' (Boolavogue)ന്റെ ചടുലതയോടെ ഡെറി നദി  ഒഴുകുന്നു. അല്പമകലെയായി നാരകമരക്കൂട്ടങ്ങള്‍ക്കപ്പുറം മഞ്ഞപരവതാനി വിരിച്ചത് പോലെ റെപ്സീഡ് വയലുകള്‍. കാതോര്‍ത്താല്‍, എന്നെ തലോടുന്ന തണുത്ത കാറ്റുപോലും സംസാരിക്കുന്നത് നിറയെ കഥകളാണ്. 

ക്ലോണിഗാളില്‍ കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും പറയുവാനായി ധാരാളം കഥകളുണ്ട്. ഐറിഷ് പോരാളികളുടെ രക്തമലിഞ്ഞുചേര്‍ന്ന റിവര്‍ ഡെറിയെക്കുറിച്ച് ഉറക്കെ പാട്ട് പാടി, സ്വര്‍ണ്ണനാണയങ്ങള്‍ കിലുക്കി കുതിരപ്പുറത്ത് പായുന്ന ലെപ്പര്‍ക്കാനു (1) കളെക്കുറിച്ച് രാത്രികളില്‍ മരണമറിയിച്ച് അലമുറയിടുന്ന ബാന്‍ഷി (2) കളെക്കുറിച്ച് അങ്ങനെ പലതും. എന്നാല്‍ ജൊനാഥന്‍ ഡണ്‍ എന്ന എന്റെ ഐറിഷ് സുഹൃത്ത് പറഞ്ഞുതന്ന 'ക്ലോണിഗാളിലെ യക്ഷി' എന്നറിയപ്പെട്ടിരുന്ന ഒളീവിയ റോബര്‍ട്ട്സനെക്കുറിച്ചുള്ള കഥകള്‍ കേട്ടപ്പോള്‍ കൗതുകം തോന്നി. അവര്‍ താമസിച്ചിരുന്ന 'ഹണ്‍ടിംഗ്ടണ്‍ കാസില്‍' തൊട്ടടുത്ത് തന്നെയാണെന്നുള്ള അറിവ്, എന്നിലേറെ ആകാംക്ഷയുളവാക്കി. ഏകദേശം നാനൂറോളം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഹണ്‍ടിംഗ്ടണ്‍ കാസിലിന്. പുരാതന എസ്മേണ്ട് (Esmonde) കുടുംബാംഗങ്ങള്‍ 1625-ല്‍ ജേക്കോബിയന്‍ വാസ്തുവിദ്യാശൈലിയില്‍ പണികഴിപ്പിച്ചതാണ് ഈ മനോഹരസൗധം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഹണ്‍ടിംഗ്ടണ്‍ കാസില്‍  അതിന്റെ എല്ലാ പ്രൗഢിയോടുംകൂടി ഇന്നും നിലകൊള്ളുന്നു. ഈ കൊട്ടാരത്തിന്റെ പുരാവൃത്തത്തിന് ഭയപ്പെടുത്തുന്ന നിരവധി കഥകളുണ്ട്. ക്ലോണിഗാള്‍ ഗ്രാമവാസികള്‍ പ്രേതാലയമെന്ന് വിളിക്കുന്ന ഈ കാസിലില്‍ ഡ്രൂഡു (3) കളുടെ പ്രേതസാന്നിധ്യമുണ്ടെന്നാണ് ഒരു വിശ്വാസം. പല രാത്രികളിലും കുതിരപ്പുറത്ത് വരുന്ന പട്ടാളക്കാരന്‍ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ നിരന്തരം മുട്ടിവിളിക്കാറുണ്ടത്രേ. വളരെ പണ്ട് ശത്രുഭടനെന്ന് തെറ്റിദ്ധരിച്ചു വധിക്കപ്പെട്ട സ്വന്തം ആര്‍മിയിലെ തന്നെ പട്ടാളക്കാരനാണ് അയാളെന്നാണ് കരുതിവരുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മരിച്ചുപോയ ലേഡി എസ്മേണ്ടിനെ കൊട്ടാരമുറ്റത്ത്, അഴിച്ചിട്ട സ്വര്‍ണ്ണത്തലമുടി കൈകള്‍കൊണ്ട് കോതിമിനുക്കി ആരെയോ പ്രതീക്ഷിച്ച് ഉലാത്തുന്നതായി കണ്ടവരുണ്ടത്രേ. ഒരുകാലത്ത് കെല്‍ട്ടിക് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ദൈവപ്രീതിയ്ക്കായുള്ള നരബലി ഈ കൊട്ടാരത്തിനുള്ളില്‍ നടന്നിരുന്നു. മന്ത്രതന്ത്രങ്ങളില്‍ നിപുണരായിരുന്ന ഡ്രൂഡ് പുരോഹിതന്മാര്‍ ആകാശത്തുനിന്നും രക്തം വര്‍ഷിക്കുക, അഗ്‌നിഗോളങ്ങളെ സൃഷ്ടിക്കുക തുടങ്ങിയ കര്‍മ്മങ്ങളിലേര്‍പ്പെടാറുണ്ടായിരുന്നെന്നാണ് ഐതിഹ്യം. 

ക്ലോണി​ഗാൾ ​ഗ്രാമം
ക്ലോണി​ഗാൾ ​ഗ്രാമം

ക്രോംവെലിയന്‍ ആക്രമണങ്ങള്‍ക്കോ നിരവധി പ്രതിസന്ധികളില്‍ പലപ്പോഴായി ഹണ്‍ടിംഗ്ടണ്‍ കൊട്ടാരം, എസ്മേണ്ട് കുടുംബത്തിന് കൈവിട്ടുപോയിരുന്നുവെങ്കിലും, ഇരുന്നൂറോളം വര്‍ഷങ്ങളായി ഈ കുടുംബം തന്നെയാണ് കൊട്ടാരത്തിന്റെ അവകാശികളായി നിലനില്‍ക്കുന്നത്. അയര്‍ലന്റിന്റെ 'പൈറ്റേറ്റ് ക്യൂന്‍' എന്നറിയപ്പെട്ടിരുന്ന ഗ്രേസ് ഒമാലി മുതല്‍ വിച്ച് ഓഫ് ക്ലോണിഗാളി എന്നറിയപ്പെടുന്ന ഒളീവിയ റോബര്‍ട്ട്സണ്‍ വരെ ഈ കുടുംബത്തിലെ അംഗങ്ങളാണ്. കാസിലിന്റെ ഇപ്പോഴത്തെ അവകാശികള്‍ അലക്സാണ്ടറും ഡര്‍ഡിന്‍ - റോബര്‍ട്ട്സണും അദ്ദേഹത്തിന്റെ ഭാര്യ ക്ലെയറും മൂന്ന് കുട്ടികളുമാണ്. 

എസ്മേണ്ട് കുടുംബപരമ്പരയിലെ ഇളയ തലമുറക്കാരനായ അലക്സാണ്ടര്‍ ഡര്‍ഡിന്‍-റോബര്‍ട്ട്സണ്‍, ലണ്ടന്‍ ടവര്‍ സെക്യൂരിറ്റി യൂണിറ്റിലെ ഐറിഷ് ഗാര്‍ഡും മേജറായിരുന്നു. ഒരു മികച്ച പരിസ്ഥിതി കണ്‍സള്‍ട്ടന്റും കൂടിയായിരുന്ന അലക്സാണ്ടര്‍ തന്റെ പിതാവ് ഡേവിഡ് റോബര്‍ട്ട്സന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ഹണ്‍ടിംഗ്ടണ്‍ കാസിലിന്റെ ചുമതല ഏറ്റെടുക്കേണ്ടതായി വന്നു. 

ഒരു ഉച്ചകഴിഞ്ഞ സമയത്താണ് ഞാനും ജൊനാഥനും ഹണ്‍ടിംഗ്ടണ്‍ കാസിലെത്തുന്നത്. നൂറ്റിയെഴുപതോളം ഏക്കര്‍ വിസ്തൃതിയുള്ള പരിസരത്തില്‍ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന ഓക് മരങ്ങള്‍ ഒരു കാടിന്റെ പ്രതീതിയുളവാക്കിയിരുന്നു. ഫ്രഞ്ച് നാരകമരങ്ങളുടെ തണല്‍പറ്റികിടന്നിരുന്ന കൊട്ടാര പൂന്തോട്ടത്തിന്റെ തുരുമ്പുപിടിച്ച ഇരുമ്പ് ഗേറ്റ് തള്ളിതുറന്ന് കാസിലിന്റെ മുറ്റത്തേക്ക് കടന്നു. നടപ്പാതയ്ക്ക് ഇരുവശങ്ങളിലുമായി വൃത്തിയായി ഒരുക്കിവച്ച പുല്‍ത്തകിടി. അതിന്നിടയില്‍ ചെറുതും വലുതുമായ മത്സ്യക്കുളങ്ങള്‍. ഇറ്റാലിയന്‍ ശൈലിയായ 'പാര്‍ട്ടേര്‍' (Parterre) മാതൃകയിലാണ് പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ മനോഹാരികതയ്ക്ക് മാറ്റുകൂട്ടുന്നതുപോലെ ശാഖകള്‍ വളഞ്ഞ് കമാനം പോലെയുള്ള യ്യ്യൂ മരങ്ങള്‍ (Yew trees) നിരയായി നില്‍ക്കുന്നു. അഞ്ഞൂറോളം വര്‍ഷങ്ങളുടെ പ്രായമുണ്ട് ഈ മരങ്ങള്‍ക്ക്. ഈ മരങ്ങള്‍ക്കിടയിലൂടെയുള്ള 'യ്യ്യൂ വാക്ക്', യൂറോപ്പിലെ തന്നെ ഏറ്റവും പുരാതനമായ 'യ്യ്യൂ' നടപ്പാതയാണ്. 

ഡാർഡിൻ റോബർട്സണും ഭാര്യ ക്ലെയറും കുട്ടികളും
ഡാർഡിൻ റോബർട്സണും ഭാര്യ ക്ലെയറും കുട്ടികളും

പ്രധാന പ്രവേശനകവാടത്തിന്നരികിലെ മണിയടിച്ചു. ഒരു വലിയ ശബ്ദത്തോടെ പഴക്കം ചെന്ന കാസിലിന്റെ മരവാതില്‍ തുറക്കപ്പെട്ടു. ജൊനാഥനുമായി അലക്സാണ്ടറിന് മുന്‍പരിചയം ഉണ്ടായിരുന്നുവെങ്കിലും അയാള്‍ ഒരു ചെറിയ പുഞ്ചിരിയിലൊതുക്കി. ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു. വലിയ കല്ലുകള്‍ പാകിയ ഇടുങ്ങിയതല്ലാത്ത ഇടനാഴി കടന്ന് ഞങ്ങള്‍ അകത്തെ മുറിയിലേക്ക് പ്രവേശിച്ചു. വിശാലമായ മുറിയുടെ ചുമരുകളില്‍ എസ്മേണ്ട് കുടുംബാഗങ്ങളുടെ വര്‍ണ്ണച്ഛായാചിത്രങ്ങള്‍ തൂങ്ങികിടന്നു. ഉപയോഗിക്കാറില്ലെന്ന് തോന്നിപ്പിക്കുംവിധം അലസമായി മുറിയുടെ ഒരറ്റത്ത് ചുമരിനോട് ചേര്‍ത്തിട്ടിരുന്ന നിറംമങ്ങിയ പിയാനോയും അതിന്റെ മുകളില്‍ വെള്ളികൊണ്ടുള്ള മെഴുകുതിരി സ്റ്റാന്റുകളും. തീ കായാനുള്ള ഫയര്‍ പ്ലേസില്‍ കരിഞ്ഞ മരകഷണങ്ങള്‍ ചിതറിക്കിടന്നു. ഇളംചുവപ്പ് നിറത്തില്‍ അലങ്കാരപണികളോടെ കട്ടിയുള്ള പരവതാനി മുറിയുടെ ഒത്ത നടുവില്‍ വിരിച്ചിരുന്നു. രണ്ടോ മൂന്നോ പഴക്കം ചെന്ന സോഫാസെറ്റുകള്‍ കൃത്യതയോടെ ക്രമീകരിച്ചും വച്ചിട്ടുണ്ട്. അലക്സാണ്ടര്‍ ഞങ്ങളെ ഇളംനീല നിറമുള്ള ഗ്ലാസ് കൊണ്ട് മറച്ച വരാന്തയിലൂടെ നടക്കാന്‍ ക്ഷണിച്ചു. കുറച്ച് അകലെയായി കാസിലിന്റെ പുറകുവശത്തിനോട് ചേര്‍ന്ന് മുന്തിരിത്തോട്ടം കാണുന്നുണ്ടായിരുന്നു. ലണ്ടനിലെ ഹാംപ്ടണ്‍ കൊട്ടാരത്തിലെ മുന്തിരിചെടികളില്‍നിന്നും, പ്രത്യേക സമ്മാനമായി,  ഇംഗ്ലീഷ് പ്രഭ്വിണിയും അന്നത്തെ കൊട്ടാരം അന്തേവാസിയുമായിരുന്ന ആന്‍ ബോയ്ലിക്ക്, കര്‍ദ്ദിനാള്‍ വോസ്ലി കൊടുത്തയച്ച സമ്മാനമാണ് ഈ മുന്തിരിത്തോട്ടം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും  ഇന്നും നിറയെ മുന്തിരിക്കുലകള്‍ നിറഞ്ഞ് സമൃദ്ധിയോടെ നിലനില്‍ക്കുന്നുണ്ട്. 

അടുത്ത മുറിയുടെ ചുമരുകള്‍ നിറയെ വിവിധതരം മൃഗങ്ങളുടെ ഉണങ്ങിയ ശിരസ്സുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 'ട്രോഫി റൂം' എന്ന് വിളിക്കപ്പെടുന്ന ഈ മുറിയിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു മുതലയുടെ ശിരസ്സാണ്. അലക്സാണ്ടറുടെ മുത്തശ്ശി, നോറ റോബര്‍ട്ട്സണ്‍ (അവരുടെ അച്ഛന്‍ അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ പട്ടാള ജനറലായിരുന്നു) നായാട്ടില്‍ തല്പരയും ഒരു ഷാര്‍പ്പ് ഷൂട്ടറുമായിരുന്നു. അവര്‍ക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ വെടിവച്ചിട്ട മുതലയുടെ ശിരസ്സാണ് ചുമരില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. 

ട്രോഫി റൂം
ട്രോഫി റൂം

അലക്സാണ്ടറിനൊപ്പം ഭാര്യ ക്ലെയറും മൂത്തമകന്‍ എസ്മണ്ടും ഞങ്ങളുടെ കൂടെ നരച്ചു തുടങ്ങിയ ചുവപ്പ് പരവതാനി വിരിച്ചിട്ട ഗോവണിയിറങ്ങി താഴെ അകത്തളത്തിലേക്ക് വന്നു. പഴകിയ ഗന്ധത്തിനോടൊപ്പം കുന്തിരിക്കമണം കലര്‍ന്ന മിശ്രിത ഗന്ധവും ഞങ്ങളിലേക്ക് പടര്‍ന്നു. ഇടുങ്ങിയ അകമുറിയില്‍ ചുമരുകളില്‍ കത്തിച്ചുവച്ച ഏതാനും മെഴുകുതിരികളുടെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രങ്ങളുടെ പാതകളിലേക്ക് ആദ്യം നടന്നു നീങ്ങിയത് ഞങ്ങളുടെ നീളമുള്ള ചരിഞ്ഞ നിഴലുകളായിരുന്നു. നീണ്ടുനിന്ന മൗനത്തിന് ശേഷം അകത്തെ മുറികളിലെ വിശേഷങ്ങളിലേക്ക് കടന്നു. നിറയെ വര്‍ണ്ണ തുണികള്‍ വിരിച്ചിട്ട ഒരു പീഠത്തിന്നരികില്‍ ഞങ്ങള്‍ നിന്നു. സ്വര്‍ണ്ണനിറത്തിലുള്ള ഒരു സ്ത്രീയുടെ പ്രതിമ ഒത്തനടുവില്‍ കാണാം. പശ്ചാത്തലത്തില്‍ പ്രാകൃതലിപികളില്‍ കുറിച്ചുവച്ചിട്ടുള്ളതും, വരച്ചിട്ടുള്ളതുമായ ചുമര്‍ തുണികള്‍ തൂങ്ങിക്കിടന്നു. കഷ്ടിച്ച് നാലോ അഞ്ചോ പേര്‍ക്ക് നില്‍ക്കാന്‍ തരത്തിലുള്ള പ്രാര്‍ത്ഥനാമുറി. 'മദര്‍ ഗോഡസ്സി'ന്റെ അള്‍ത്താരയാണെന്ന് അലക്സാണ്ടര്‍ വിശദീകരിച്ചു. 

'മദര്‍ ഗോഡസ്സ്?' എന്റെ സംശയത്തിന് ഉടനടി ഉത്തരം വന്നു. അലക്സാണ്ടറുടെ ഗ്രേറ്റ് ആന്റിയും എഴുത്തുകാരിയുമായിരുന്ന ഒളീവിയ റോബര്‍ട്ട്സണ്‍ 1976-ല്‍ തന്റെ സഹോദരനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുരോഹിതനുമായിരുന്ന ലോറന്‍സ് റോബര്‍ട്ട്സണുമായി ചേര്‍ന്ന് രൂപംകൊടുത്തതാണ് 'ഐസിഡ്' എന്ന ഫെലോഷിപ്പ്. അവരുടെ ദൈവസങ്കല്പം സ്ത്രീയാണ്. എല്ലാ സൃഷ്ടികളും സംഭവിക്കുന്നത് സ്ത്രീകളിലൂടെയാണെന്നും നിരന്തരമായ ധ്യാനങ്ങളിലൂടെ ദൈവീകാവസ്ഥയില്‍ ചെല്ലുവാനും സ്ത്രീത്വത്തെ ഉള്‍ക്കൊള്ളാനും സാധിക്കുമെന്നാണ് ഒളീവിയയുടെ സന്ദേശം. ഐസിഡ് ഫെലോഷിപ്പിന്റെ ആരാധനകള്‍, സമകാലിക പ്രാര്‍ത്ഥനാ സമ്പ്രദായങ്ങളില്‍നിന്നും വിഭിന്നമാണ്. ഏകദേശം മുപ്പതിനായിരത്തോളം ഫെലോഷിപ്പ് അംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മദര്‍ ഗോഡസ്സിനെ ആരാധിക്കുന്നുണ്ട്. 2008-ല്‍ ഹണ്‍ടിംഗ്ടണ്‍ കാസിലില്‍ വച്ച് ഫെലോഷിപ്പിന്റെ ഭാഗമായി നടന്ന ലോക സോളേസ്5 സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 

അകത്തെ മുറികളില്‍ നാല് വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വിഭാഗങ്ങളിലും ലോകത്തിലെ സ്ത്രീ ദൈവ പ്രതിഷ്ഠകളാണ്. ഈജിപ്ഷ്യന്‍ ദേവതമാരും, ഗ്രീക്ക് -റോമന്‍ പുരാതന സ്ത്രീ രൂപങ്ങളും ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ സ്ത്രീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനിടയില്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട്, അലക്സാണ്ടര്‍ ഒരു ചെറിയ മുറിയിലേക്ക് ക്ഷണിച്ചു. ആ മുറിയുടെ പ്രധാന സ്ഥാനത്ത് ചാരിവച്ചിരുന്ന ഒരു ചിത്രം അയാള്‍ എന്നെ കാണിച്ചു. ശിവ-പാര്‍വ്വതിമാരുടെ ഇളം നീലനിറത്തിലുള്ള മനോഹരമായ ചിത്രം. അല്പം പുഞ്ചിരിയോടെ അലക്സാണ്ടര്‍ പറഞ്ഞു, ദിസ് ഈസ് ശിവ ആന്റ് പാര്‍വ്വതി. അത്ഭുതം മാറാതെ നിന്നിരുന്ന എന്നെ കൂടുതല്‍ വിസ്മയിപ്പിച്ചുകൊണ്ട് അലക്സാണ്ടര്‍, ശിവപാര്‍വ്വതിമാരുടെ കഥകള്‍ പറയാന്‍ തുടങ്ങി. 

കാസിലിനുള്ളിലെ വിരുന്നു മുറി
കാസിലിനുള്ളിലെ വിരുന്നു മുറി

മുകളിലേക്ക് കയറുന്ന ഗോവണിക്കടുത്ത് തന്നെയാണ് സെന്റ് ബ്രിജീത്തായുടെ കിണര്‍, ഞങ്ങള്‍ക്ക് അലക്സാണ്ടറും ക്ലെയറും കാണിച്ചുതന്നത്. ഒരിക്കലും ഉറവ വറ്റാത്ത കിണറ്റിലെ ജലം പുരാതന ഷേഗന്‍ വിശ്വാസമനുസരിച്ച് പരലോകത്ത് നിന്നും ഭൂമിയെ ഫലഭൂയിഷ്ഠമാക്കാനായി അയയ്ക്കപ്പെട്ടിട്ടുള്ള ജീവന്റെ ജലമാണെന്ന് വിശ്വസിക്കപ്പെടുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധ കിണറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ രോഗശാന്തിക്കായും കുടംബസമാധാനത്തിനുമായി ഇത്തരം കിണറുകളിലെ ജലം ഉപയോഗിക്കുന്നു. കൗണ്ടി കെറിയിലെ 'ഉന്മാദിയുടെ കിണര്‍' എന്നറിയപ്പെടുന്ന (4) 'ടോബര്‍ ന ഗെയ്ല്‍റ്റ്' എന്ന വിശുദ്ധ കിണറില്‍നിന്നും ജലം പാനം ചെയ്താല്‍ മാനസികരോഗങ്ങളെല്ലാം ശമിക്കപ്പെടും എന്ന് ശക്തമായ ഐതിഹ്യം ഇന്നും നിലവിലുണ്ട്. സെയ്ന്റ് ബ്രിജീത്തായുടെ കുരിശുമായി, കിണറ്റിനരികില്‍ കുറെനേരം ധ്യാനപൂര്‍വ്വം ഞങ്ങള്‍ നിന്നു. ആഴങ്ങളിലേക്ക് വേരുകള്‍ പോലെ ഇറങ്ങിപോയിരുന്ന എന്റെ ചരിത്രത്തിലേക്കുള്ള ചിന്തകളുടെ, ഉത്തരമെന്നോണം വിശുദ്ധ കിണറിന്റെ ഉപരിതലത്തില്‍ ജലമിളകിനിന്നു.
 
കാസിലിന്റെ പുറത്തേക്ക് കടക്കുമ്പോള്‍ ഇടതുവശത്തായി വലിയ ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. ചുമരില്‍ ഒളീവിയ റോബര്‍ട്ട്സന്റെ മനോഹരമായ ഒരു വര്‍ണ്ണച്ഛായാചിത്രം തൂക്കിയിട്ടിരിക്കുന്നു. ഹണ്‍ടിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഒളീവിയയെക്കുറിച്ച് ധാരാളം കേട്ടിരുന്നു. അവരെ വെക്സ് ഫോര്‍ഡ് (Wexford) ആശുപത്രിയില്‍ അവസാനനാളുകളില്‍ പരിചരിച്ചിരുന്ന എന്റെ സുഹൃത്തും നടനുമായിരുന്ന എലനോര്‍ വാല്‍ഷ് എന്ന ഐറിഷുകാരി, അവരുടെ ജീവിതം വിശദമായി തന്നെ എനിക്ക് പരിചയപ്പെടുത്തിതന്നിരുന്നു. 

ഒളീവിയ-ഡര്‍ഡിന്‍-റോബര്‍ട്ട്സണ്‍ ബാല്യകാലം ചിലവഴിച്ചത് ധനികരായ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലെ റീഗേറ്റിലായിരുന്നു. ചെറുപ്പത്തില്‍തന്നെ അച്ഛന്റെ സുഹൃത്തുക്കളായിരുന്ന ഡബ്ലിയു യേറ്റ്സ്, ജോര്‍ജ് റസ്സല്‍ എന്നിവരുമായി ഇടപഴകുവാന്‍ ഒളീവിയയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു. 1925-ല്‍ തന്റെ എട്ടാമത്തെ വയസ്സിലാണ് ഒളീവിയ, ഹണ്‍ടിംഗ്ടണ്‍ കാസിലിലേക്ക് വരുന്നത്. ആംഗ്ലോ-ഐറിഷ് കുടുംബാംഗമായിരുന്നതിനാല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ഭീഷണിയുണ്ടായിരുന്നു. ഓരോ വൈകുന്നേരങ്ങളിലും വെടിവച്ച് കൊല്ലാന്‍ വരുന്ന ഐ.ആര്‍.എ (IRA) പോരാളികളെ പ്രതീക്ഷിച്ച് തന്റെ മാതാപിതാക്കള്‍ ഉമ്മറത്ത് കാത്തുനില്‍ക്കാറുണ്ടായിരുന്നുവെന്ന് ഒളീവിയയുടെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒളീവിയ, റെഡ്ക്രോസ് വളന്റീയര്‍ നഴ്സായി ജോലി അനുഷ്ഠിച്ചു. 

ഒരുദിവസം, 1946-ലാണ് ഹണ്‍ടിംഗ്ടണ്‍ കാസിലില്‍ ഏകയായി ഇരിക്കുമ്പോഴാണ് ഒളീവിയയ്ക്ക് ആദ്യത്തെ ദര്‍ശനം ലഭിച്ചത്. തിളങ്ങുന്ന വെള്ളിക്കൊമ്പുകളുള്ള ഒരു സ്ത്രീ രൂപം അവള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് എവിടെ നിന്നോ 'ഐസിഡ്' എന്ന ശബ്ദവും കേട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷവും പല പ്രാവശ്യം ഒളീവിയയ്ക്ക് ഇത്തരം അനുഭവങ്ങള്‍ സംഭവിച്ചു. പിന്നീട് മനസ്സിലായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഗൃഹത്തിന്റെ പരമാധികാരി ഒരു സ്ത്രീയാണെന്നും സ്ത്രീയുടെ ഗുണങ്ങളായ ദയ, മാതൃത്വം, അനുകമ്പ എന്നീ ഗുണങ്ങളാണ് പ്രാര്‍ത്ഥനകളാകേണ്ടതെന്നും. അതിന് ഇപ്പോള്‍ നിലനില്‍ക്കുന്ന മതസമ്പ്രദായങ്ങള്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ ഒളീവിയ, തന്റെ സഹോദരനുമായി. മാതൃത്വത്തെയും ധ്യാനത്തെയും അടിസ്ഥാനമാക്കി 'ഐസിഡ് ഫെലോഷിപ്പ്' രൂപീകരിച്ചു. 

ഒളീവിയ റോബര്‍ട്സണ്‍ പ്രശസ്തയായ ഒരു എഴുത്തുകാരിയും കൂടിയാണ്. 'ഫീല്‍ഡ് ഓഫ് സ്ട്രെയ്ഞ്ചര്‍' എന്ന പുസ്തകം പുറത്തിറങ്ങിയ അന്നേ ദിവസം തന്നെ മുഴുവനായി വിറ്റഴിക്കപ്പെട്ടത് ഐറിഷ് സാഹിത്യത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ്. 'ഡബ്ലിന്‍ ഫീനിക്സ്', 'ഗോള്‍ഡന്‍ ഐ', 'മിറന്‍ഡ സ്പീക്ക്സ്' 'സെയ്ന്റ് മലാക്കീസ് കോര്‍ട്ട്' തുടങ്ങിയ ഒളീവിയയുടെ നോവലുകള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. 

ക്ലോണി​ഗാൾ ​ഗ്രാമം
ക്ലോണി​ഗാൾ ​ഗ്രാമം

കുറച്ചുകാലം മുന്‍പ് വരെ ക്ലോണിഗാളിലെ ഗ്രാമവാസികള്‍ ഒളീവിയയെയും ഹണ്‍ടിംഗ്ടണ്‍ കാസിലിനെയും കുറിച്ച് ഭയത്തോടെ മാത്രമെ കണ്ടിരുന്നുള്ളൂ. പകല്‍സമയങ്ങളില്‍പ്പോലും കാസിലിന്റെ പരിസരങ്ങളില്‍ ആളുകള്‍ എത്തിനോക്കാറുപോലുമില്ലായിരുന്നു. ഐസിഡ് ഫെലോഷിപ്പിന്റെ പ്രാര്‍ത്ഥനാരീതികളുടെ ഭാഗമായുള്ള പ്രത്യേക ശബ്ദങ്ങളും ഒളീവിയ റോബര്‍ട്ട്സന്റെ വിചിത്ര വസ്ത്രധാരണങ്ങളുമായിരിക്കാം അവരെ പേടിപ്പെടുത്തിയിരുന്നത്. കൂടാതെ കാലങ്ങളായി നിലനിന്നുവന്നിരുന്ന ഭയപ്പെടുത്തുന്ന കഥകളും ജനങ്ങളെ കൊട്ടാരപരിസരങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്നു.

ഐസിഡ് ഫെലോഷിപ്പിന്റെ മുഖ്യപുരോഹിതയായി ജീവിച്ചിരുന്ന ഒളീവിയ റോബര്‍ട്ട്സണ്‍ എന്ന ഹണ്‍ടിംഗ്ടണ്‍ കാസിലിന്റെ അവകാശി, തന്റെ തൊണ്ണൂറ്റിയാറാമത്തെ വയസ്സില്‍ നവംബര്‍ 14, 2015-ല്‍ അന്തരിച്ചു.

അലക്സാണ്ടറും കുടുംബവും ഞങ്ങളെ യാത്രയാക്കുമ്പോള്‍ സന്ധ്യയായിരുന്നു. ഓക്മരക്കൂട്ടങ്ങളില്‍ ഡാനോക് പക്ഷികള്‍ ധൃതിയില്‍ ചേക്കേറുന്ന തിരക്കിലായിരുന്നു. 

റഫറൻസ്

1. ലെപ്പര്‍ക്കാന്‍ (Leprechaun) ഐറിഷ് നാടോടിക്കഥകളിലെ കഥാപാത്രം
2. ബാന്‍ഷി (Banshee) ഐറിഷ് മിത്തോളജിയിലെ മരണമറിയിക്കുന്ന യക്ഷികള്‍
3. ഡ്രൂഡ് (Druids)
4. ടോബര്‍ ന ഗെയ്ല്‍റ്റ് (Tobar na Gealt)  കൗണ്ടി കെറിയിലെ 'well of mad' എന്നറിയപ്പെടുന്ന വിശുദ്ധകിണര്‍  
5. World Solace Conference - 2008

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com