വില്ലാളി വീരന്മാരായി ഭാവിച്ചിരുന്ന ലോക നേതാക്കള്‍ പൊള്ളയായിരുന്നുവെന്ന് ലോകമറിഞ്ഞു

നമ്മെ രോഗികളാക്കുന്നതിലും പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതിലും വികസന മാതൃകകള്‍ക്ക് വലിയ പങ്കുണ്ട്
ചൈനയിലെ ആരോ​ഗ്യ പ്രവർത്തക
ചൈനയിലെ ആരോ​ഗ്യ പ്രവർത്തക

മാനവരാശി ഒന്നാകെ  മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ സങ്കുചിതമായ രാഷ്ട്രീയ മത്സരങ്ങള്‍ തീര്‍ച്ചയായും അനുചിതമാണ്; അരോചകമാണ്. എന്നാല്‍, കൊവിഡ് പ്രതിരോധത്തില്‍  നിര്‍ണ്ണായകങ്ങളാകുന്ന ഭരണവര്‍ഗ്ഗ നയങ്ങളും രാഷ്ട്രീയ സാമ്പത്തിക നിലയുടെ രീതിഭേദങ്ങളും കൂടി സംവാദത്തില്‍നിന്ന് ഒഴിവാക്കി  നിര്‍ത്തണമെന്ന് ഇതേ യുക്തിയില്‍ ആഗ്രഹിക്കുന്നത്-ബോധപൂര്‍വ്വമോ നിഷ്‌കളങ്കമോ ആകട്ടെ- ഉചിതമല്ല; ഗുണകരമല്ല.

പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ  തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം വെളിച്ചത്തു കൊണ്ടുവന്ന എംഗല്‍സിന്റെ  അനശ്വര കൃതിയായ 'ദ കണ്ടീഷന്‍ ഓഫ് വര്‍ക്കിങ് ക്ലാസ്സ് ഇന്‍ ഇംഗ്ലണ്ട്' (ഇംഗ്ലണ്ടിലെ  തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്ഥിതി) പ്രസിദ്ധീകരിക്കുന്നത് 1845-ല്‍ അദ്ദേഹത്തിന്റെ ഇരുപത്തിനാലാം വയസ്സിലാണ്. കുറ്റകരവും ബോധപൂര്‍വ്വവുമായ നിഷ്‌ക്രിയത്വത്തിലൂടെ ജനങ്ങളുടെ, തൊഴിലാളികളുടെ  അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉറപ്പുവരുത്താതെ ആയുസ്സെത്തുന്നതിനു മുന്‍പ് അവരെ ഒരു തരം സാമൂഹ്യമായ വധത്തിനു (social  murder) വിധേയരാക്കുന്ന  മുതലാളിത്തത്തിന്റെ മനുഷ്യത്വ വിരുദ്ധ മുഖം അദ്ദേഹം വിവരിക്കുന്നു. നാല് പതിറ്റാണ്ടിനു ശേഷം ഇറങ്ങിയ അമേരിക്കന്‍ പതിപ്പിനെഴുതിയ അനുബന്ധത്തില്‍ സാമൂഹ്യ ജീവിതത്തിലുണ്ടായ  മാറ്റം - മൂലധനത്തിന് മാറ്റം ആവശ്യവുമായിരുന്നു - അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണത്തിന് കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ രോഗങ്ങളുടെ നിവാരണം  അടിയന്തരമായി  ഉറപ്പുവരുത്തേണ്ടത് തന്റെയും കുടുംബത്തിന്റെയും തന്നെ രക്ഷയ്ക്ക് ആവശ്യമാണെന്ന് ബൂര്‍ഷ്വാസിക്ക് നല്ല  ധാരണ ഉണ്ടായിരുന്നു. എന്നാല്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ കഷ്ടതകള്‍ കൗശലപൂര്‍വ്വം മൂടിവെയ്ക്കുന്ന കല യഥേഷ്ടം പ്രയോഗിച്ചു തന്നെയാണ് മുതലാളിത്തം 'പുരോഗതി' കൊണ്ടുവരുന്നതെന്ന് എംഗല്‍സ് അടിവരയിടുന്നു. നവലിബറലിസത്തിന്റെ കോട്ടകൊത്തളങ്ങള്‍  കൊവിഡ്-19 നു മുന്‍പില്‍ പകച്ചു നില്‍ക്കുമ്പോള്‍, മുതലാളിത്തം ഒന്നര നൂറ്റാണ്ടില്‍ കൊയ്തെടുത്ത പളപളപ്പുള്ള നേട്ടങ്ങളുടെ പിന്നാംപുറങ്ങളില്‍ കൗശലപൂര്‍വ്വം ഒളിപ്പിച്ചുവെച്ച പരാജയങ്ങളുടെ നേര്‍ച്ചിത്രമാണ് അനാവൃതമാകുന്നത്. സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രത്തില്‍ അഭിമാനകരമായി കണക്കാക്കുന്ന പല  മാനദണ്ഡങ്ങളും സൂചികകളും നിരര്‍ത്ഥകങ്ങളായി. പതിറ്റാണ്ടുകളായി, സാര്‍വ്വദേശീയ അക്കാദമിക് വേദികളില്‍ 'സൈദ്ധാന്തിക വരട്ടു തത്ത്വവാദി'കളെന്നും മറ്റും മുദ്ര കുത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന  ഇടതു ചിന്തകരുടെ വാക്കുകള്‍ വിലപ്പെട്ടതായി മാറുന്നു.

വര്‍ദ്ധിത വീര്യത്തില്‍ വലതുപക്ഷവല്‍ക്കരണം നടത്തി ഫാസിസ്റ്റ് പടച്ചട്ടയണിഞ്ഞ് സാര്‍വ്വദേശീയ രംഗത്ത് വില്ലാളിവീരന്മാരായി ഭാവിച്ചിരുന്ന ലോകനേതാക്കള്‍ പൊള്ളയായിരുന്നുവെന്ന് ലോകമറിഞ്ഞു. അവര്‍ക്ക് അപസര്‍പ്പക കഥകളും മിത്തുകളും ശാസ്ത്ര വിരുദ്ധതയും ഊന്നുവടികളായിരുന്നുവല്ലോ. കാലാവസ്ഥ വ്യതിയാനം ഇല്ല എന്നും മറ്റും പറഞ്ഞ അതേ നാവുകള്‍കൊണ്ട്, 'കൊവിഡ് ഭീഷണിയേയില്ല', 'മുന്‍ കരുതലൊന്നും വേണ്ട', 'നേരിയ ചുമ മാത്രം' എന്നൊക്കെയുള്ള ഉദ്‌ബോധനങ്ങളിലൂടെ  കോടിക്കണക്കിനു ജനങ്ങളെ അകാരണമായി മഹാമാരിയുടെ പിടിയിലാക്കിക്കളഞ്ഞ നേതാക്കള്‍ ലോകത്തിനു മുന്‍പില്‍ നഗ്‌നരായി നില്‍ക്കുകയാണ്. കൊവിഡ്- അനന്തരം നിലവിലുള്ള വികസന മാതൃകകള്‍  കര്‍ശനമായ മൂല്യ പരിശോധനയ്ക്ക് വിധേയമാകും. ചിലത്  ഒഴിവാക്കേണ്ടി വരാം; ചിലതില്‍ മാറ്റങ്ങള്‍ വേണ്ടി വരാം. അതിനൊത്ത്, സാമൂഹ്യ ക്രമങ്ങളുടെയും രാജ്യങ്ങളുടെയും വര്‍ഗ്ഗീകരണത്തില്‍ തിരുത്തലുകളും  വേണ്ടിവരും. അത്തരം ചര്‍ച്ചകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ അവിടവിടെ ദൃശ്യമാണ്. എന്നാല്‍, പതിവ് ശീലങ്ങളില്‍നിന്ന് മാറാനുള്ള മുഖ്യധാരയുടെ വൈമുഖ്യം ഒരു ദൗര്‍ബല്യമായി തുടരുന്നുമുണ്ട്.  ഉരുത്തിരിയുന്ന മികച്ച സാദ്ധ്യതകളെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താന്‍ ചിന്താപരമായ ജഡത്വവും ഉപരിപ്ലവ വിശകലനങ്ങളും സഹായിക്കുകയില്ലെന്നു പറയാതെ വയ്യ.

ഡൽഹിയിൽ നിന്ന് മാതൃ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തവർ
ഡൽഹിയിൽ നിന്ന് മാതൃ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തവർ

വിലക്ഷണമായ വര്‍ഗ്ഗീകരണം

ഉദാഹരണത്തിന്, കൊവിഡ്-19 മഹാമാരിയെ സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സമഗ്രമായി സമീപിക്കുന്ന വിശകലനങ്ങള്‍ മുഖ്യധാരയില്‍ വേണ്ടത്ര കാണാത്തതില്‍ നിരാശരായവരെ ഏറെ സന്തോഷിപ്പിക്കുന്ന തലക്കെട്ടായിരുന്നു ഏപ്രില്‍ 6 തിങ്കളാഴ്ച മാതൃഭൂമി പത്രത്തിലെ എഡിറ്റ് പേജിലെ മുഖ്യ ലേഖനത്തിനു നല്‍കിയത് (രാഷ്ട്രീയ വ്യവസ്ഥകളും മഹാമാരികളും). കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നാളുകളായി താമസിക്കുന്ന, പ്രസക്തങ്ങളായ രാഷ്ട്രീയ  നിരീക്ഷണങ്ങളോടെ  പത്രലോകത്ത് ശ്രദ്ധേയ വ്യക്തിമുദ്ര പതിപ്പിച്ച,  പല്ലവി നായരാണ് ലേഖികയെന്നത്  വായനയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഈ കാലഘട്ടത്തിലെ വ്യത്യസ്ത സാമൂഹ്യ ക്രമങ്ങള്‍ മഹാമാരിയെ അഭിസംബോധന ചെയ്ത രീതികളും അവയുടെ ഗുണദോഷങ്ങളും വിശകലന വിധേയമാകുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍, മറ്റു പല പണ്ഡിതരേയുമെന്നപോലെ,  പല്ലവിയുടെ വിശകലനവും, സാമൂഹ്യവ്യവസ്ഥകളുടെയും രാജ്യങ്ങളുടെയും വര്‍ഗ്ഗീകരണത്തില്‍ സാമ്രാജ്യത്വ രാജ്യങ്ങളുടെയും അവരുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും രീതിശാസ്ത്രത്തെ തന്നെ അവലംബിക്കുന്ന, മുഖ്യധാരയെ വിടാതെ പിന്തുടരുന്ന, വീക്ഷണ വൈകല്യത്തിന് മറ്റൊരു ദൃഷ്ടാന്തമായി. പ്രതിസന്ധികളുടെ ആഴങ്ങളിലേക്ക് പോകുന്ന മുതലാളിത്തത്തില്‍  അതിരില്ലാത്ത പ്രകൃതി-മനുഷ്യ ചൂഷണങ്ങള്‍ രോഗാതുരത കൂട്ടുകയാണ്. മഹാമാരികളുടെ കുടങ്ങള്‍  തുറക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ അവിടെ ഏറിവരുമ്പോള്‍  അതേ  വ്യവസ്ഥയില്‍തന്നെ ബദല്‍ തേടുന്നത്  വ്യര്‍ത്ഥമാണെന്ന കൊവിഡ്-വിരുദ്ധ സമരകാലത്തെ  ബോധ്യപ്പെടല്‍, ഇത്തരം വിശകലനങ്ങളില്‍  പൂര്‍ണ്ണമായി തമസ്‌കരിക്കപ്പെടുകയാണ്. 

പല്ലവിയുടെ നിലപാടിനെ ഇങ്ങനെ സംഗ്രഹിക്കാം: ''പ്രതിസന്ധിയെ നേരിടാനും തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയടങ്ങുന്ന  സുതാര്യതയുള്ള, സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് പ്രാപ്തിയേറുമെന്നും  ചൈനയെപ്പോലുള്ള സ്വേച്ഛാധിപത്യ ഭരണക്രമങ്ങള്‍ പിന്നിലാകുമെന്ന സാമ്പ്രദായിക ധാരണ കൊവിഡ്  പ്രതിരോധ കാര്യത്തില്‍ തിരുത്തപ്പെട്ടു. നേരെമറിച്ച്, ചൈന  ഫലപ്രദമായി പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍, തായ്വാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ അത്ര സുതാര്യമല്ലാത്ത രാജ്യങ്ങള്‍ സമയോചിതമായ നിയന്ത്രണം, സാങ്കേതിക സംവിധാനങ്ങളുടെയും ആരോഗ്യരക്ഷ ഉപകരണങ്ങളുടെയും പ്രയോഗം  എന്നിവയിലൂടെ  മെച്ചപ്പെട്ട നിലയില്‍ പ്രതികരിച്ചു. രോഗപ്രതിരോധത്തില്‍ ഭരണകൂടത്തിന്റെ സ്വഭാവം നിര്‍ണ്ണായക ഘടകമല്ല. ഓരോ രാജ്യത്തിന്റെയും സ്വഭാവവും സാഹചര്യവുമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള നേതാക്കളുടെ മെയ്വഴക്കമാണ് പ്രസക്തം.'' 

മാനദണ്ഡങ്ങള്‍ വിശദമാക്കാതെ, അമേരിക്കയെയും മറ്റും ജനാധിപത്യ-സുതാര്യ-സ്വതന്ത്ര രാജ്യങ്ങളെന്നും ചൈന സ്വേച്ഛാധിപത്യ രാജ്യമെന്നും  സാന്ദര്‍ഭികമായി പ്രതിഷ്ഠിക്കുക വഴി, വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍ ആസൂത്രിതമായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി പരിപാലിക്കുന്ന 'മുതലാളിത്തം സമം ജാനാധിപത്യം, സോഷ്യലിസം സമം സ്വേച്ഛാധിപത്യം' എന്ന ദ്വന്ദ കല്‍പ്പന, അപ്പാടെ അറിഞ്ഞോ അല്ലാതെയോ വിഴുങ്ങുന്ന മുഖ്യധാര വിശകലനക്കാരുടെ പതിവ് ദോഷം ഇവിടെയും ആവര്‍ത്തിക്കുകയാണ്. മറ്റൊരു ദൃഷ്ടാന്തമെടുക്കാം. കുറഞ്ഞ കാലംകൊണ്ട് തന്നെ അതീവ ശ്രദ്ധ നേടിയ മലയാളത്തിലെ ഓണ്‍ ലൈന്‍ സയന്‍സസ് പോര്‍ട്ടലായ ലൂക്ക (LUKA)  കൊവിഡ് സംബന്ധിച്ച് മികച്ച ലേഖനങ്ങളും കുറിപ്പുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. രോഗ നിയന്ത്രണത്തിനായി നിലവില്‍ അവലംബിക്കുന്ന നിരീക്ഷണ (Surveillance) സങ്കേതങ്ങള്‍ പിന്നീട് പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ദുരുപയോഗിക്കാമെന്ന് കൃത്യമായി മുന്നറിയിപ്പ് നല്‍കുന്ന പ്രശസ്ത ചരിത്രകാരനായ യുവാല്‍ നോഹ ഹരാരിയുടെ മികച്ച ലേഖനം കഴിഞ്ഞ ദിവസം ലൂക്കയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഭരണകൂടത്തിന്റെ ഇത്തരം അതിരുകടക്കലിന് ദൃഷ്ടാന്തങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഉത്തര കൊറിയയെയും KGB (സോവിയറ്റ് യൂണിയന്‍)യെയുമാണ്. നിലവില്‍ ഏറ്റവും ഭീകര-ചാരസംഘടനയായ മൊസാദിന്റെ നാട്ടിലെ പൗരനായ അദ്ദേഹം ലോക സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വലിയ ഭീഷണികളായ അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെയും പൗരാവകാശ ധ്വംസനത്തിന് കുപ്രസിദ്ധി നേടിയ അവരുടെ പാവ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ മുഴുവനായി വെറുതെവിടുന്നത് അത്ര യാദൃച്ഛികമല്ല. സാന്ദര്‍ഭികമായ പ്രയോഗങ്ങളിലൂടെ പ്രതിലോമ രാഷ്ട്രീയം സമൂഹത്തിലേക്ക് പകര്‍ത്തപ്പെടുന്നതിന് കൊവിഡ് കാല അടിയന്തരാവസ്ഥ ഒരു തടസ്സമല്ലെന്ന് സൂചിപ്പിക്കട്ടെ.  

ലക്ഷക്കണക്കിനുപേരെ അകാരണമായി ബോംബിട്ട് കൊല്ലുകയും, എണ്ണമറ്റ രാജ്യങ്ങളെ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി ആക്രമിക്കുകയും ജനാധിപത്യ ഭരണക്രമങ്ങള്‍ അട്ടിമറിക്കുകയും അവിടങ്ങളില്‍ നിഷ്ഠൂര സ്വേച്ഛാധിപതികളെ കിരീടമണിയിക്കുകയും സാമ്പത്തിക ചൂഷണത്തിന് ലോകമാകെ മേച്ചില്‍പ്പുറമാക്കുകയും ചെയ്യുന്ന  സാമ്രാജ്യത്വ രാജ്യങ്ങള്‍ ജനാധിപത്യ ചേരിയില്‍. ബഡ്ജറ്റിന്റെ ഗണ്യമായൊരു ഭാഗം സൈന്യത്തിനും  വെടിക്കോപ്പു നിര്‍മ്മാണത്തിനും നീക്കിവെക്കുന്ന, അത്തരമൊരു സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിനായി യുദ്ധങ്ങളിലേക്ക് ലോകരാജ്യങ്ങളെ വലിച്ചിഴക്കുന്ന അമേരിക്കയും മറ്റും ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രനേതാക്കളെ കൊന്ന് മുക്കാലിയില്‍ കെട്ടി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതില്‍ കാര്‍മികത്വം വഹിക്കുന്നവര്‍  ഇന്നും മാതൃക ജനാധിപത്യ രാജ്യങ്ങള്‍! സോഷ്യലിസ്റ്റ് സാമൂഹ്യ നിര്‍മ്മാണത്തില്‍ പലയിടങ്ങളിലും ദൃശ്യമാകുന്ന പാളിച്ചകളും സുതാര്യതക്കുറവും ശരിയായ ഇടതു വിശകലനങ്ങളില്‍ ഇടം പിടിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും, അവ ഗൗരവമായ ചര്‍ച്ച തുടര്‍ന്നും അര്‍ഹിക്കുന്നുമുണ്ട്.

ആര്‍ക്കെതിരെയും  ആദ്യം  ആയുധമെടുക്കില്ലെന്ന നിലപ്പാടില്‍ ഉറച്ചു നില്‍ക്കുന്ന, പ്രതിരോധത്തിനായി മാത്രം സൈന്യത്തെ ആശ്രയിക്കുന്ന, സാമ്പത്തിക പുരോഗതിക്ക് പടക്കോപ്പ് നിര്‍മ്മാണവും യൂദ്ധവും മാര്‍ഗ്ഗമായി കാണാത്ത, ലോകസമാധാനത്തിനു കലവറയില്ലാതെ പങ്കു വഹിക്കുന്ന/വഹിച്ചിരുന്ന സോഷ്യലിസ്റ്റ് ഭരണക്രമങ്ങള്‍ മുഖ്യധാര രാഷ്ട്രീയ നിരീക്ഷകര്‍ക്കു അന്നും ഇന്നും 'ജനാധിപത്യ വിരുദ്ധ സാമൂഹ്യ വ്യവസ്ഥകളാണ്.' കുറവുകള്‍ ഉള്ളപ്പോള്‍ തന്നെ, വിഭവങ്ങളുടെ വിനിയോഗം, സമ്പത്ത് ഉല്പാദനം, വിതരണം എന്നിവയില്‍ നീതിയും  തുല്യതയും അടിസ്ഥാന പ്രമാണങ്ങളാകുന്ന, വളര്‍ച്ചയ്ക്കായി ഇതര രാജ്യങ്ങളെ ചൂഷണം ചെയ്യാത്ത, അറിവും സാങ്കേതിക മികവും മാനവരാശിയുമായി പങ്കുവെയ്ക്കുന്നത് കടമയായി കരുതുന്ന സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തോട് പലര്‍ക്കുമുള്ള അരുതായ്മ ശീലദോഷമായി തുടരുകയാണ്. മുതലാളിത്തം പ്രദാനം ചെയ്യുന്ന ഉദാരതയും സ്വാതന്ത്ര്യവും അതിന്റെ സുവര്‍ണ്ണ കാലത്തെ അലങ്കാരങ്ങളും സൗകര്യങ്ങളുമായിരുന്നു. പ്രതിസന്ധിയില്‍  ഈ ആടയാഭരണങ്ങള്‍ പോലും ഒന്നൊന്നായി വലിച്ചെറിഞ്ഞ് അവസാനത്തെ അങ്കത്തിന് മാനവരാശിയുടെ തലയ്ക്കുമുകളില്‍ ഫാസിസ്റ്റ് കഴുകനായി വട്ടമിടുമ്പോഴും പലര്‍ക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നു വേണം കരുതാന്‍.

തീര്‍ച്ചയായും, കൊവിഡിനെ പ്രതിരോധിക്കുന്ന രീതികളെ ഒന്നോ രണ്ടോ മാതൃകകളില്‍ ഒതുക്കാന്‍ കഴിയില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങള്‍, ചൈന ഉള്‍പ്പെടെയുള്ള  സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളുടെ മാതൃകകള്‍ വ്യത്യസ്തമായി തന്നെ പരിശോധിക്കണം. പക്ഷേ, രാജ്യങ്ങളുടെ ഘടനാപരമായ സാഹചര്യങ്ങളെ വിട്ടുകളഞ്ഞുള്ള മുഖ്യധാരാ വിശകലനങ്ങള്‍ക്ക് കൃത്യമായ കണ്ടെത്തലുകളില്‍ എത്താന്‍ കഴിയുന്നില്ല. 'ജനാധിപത്യവും സുതാര്യതയും' സമ്പത്തും സാര്‍വ്വദേശീയ രാഷ്ട്രീയ മേധാവിത്വവും 'ആവശ്യത്തുനുണ്ടായിട്ടു പോലും' അമേരിക്കയുള്‍പ്പെടെയുള്ള  വന്‍കിട മുതലാളിത്ത രാജ്യങ്ങള്‍  മഹാമാരിയെ ചെറുക്കുന്നതില്‍ പിന്നിലായത് എങ്ങനെയെന്ന്  തൃപ്തികരമായ  വിശദീകരിക്കരണവുമില്ല. അതിനെ ഒരു പ്രഹേളികയും വിരോധാഭാസവുമൊക്കെയായി അവതരിപ്പിച്ച് ആശ്വസിക്കാനാണ് പലരും ശ്രമിക്കുന്നത്. 

മികച്ച നിലയില്‍ പ്രവര്‍ത്തിച്ച രാഷ്ട്രങ്ങളില്‍ തന്നെ സോഷ്യലിസ്റ്റ് സമൂഹങ്ങള്‍  സര്‍വ്വാദരണീയവും സമാനവുമായ രീതികളിലൂടെ അന്താരാഷ്ട്ര രംഗത്ത് പൊതുസമ്മതി നേടുകയുണ്ടായി. അനുഭവപരവും ഉപരിപ്ലവവുമായ വിശകലനങ്ങള്‍ക്കപ്പുറം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തന സവിശേഷതകളെ നവലിബറല്‍ രാജ്യങ്ങളിലെ അനുഭവങ്ങളുമായി ചേര്‍ത്തു വായിക്കുന്നത് ചിന്തോത്ദീപകമായിരിക്കുമെന്നു  കരുതുന്നു.

എന്തുകൊണ്ട് സോഷ്യലിസ്റ്റ് മാതൃകകള്‍?

ഒന്നാമത്, പ്രതിരോധ പ്രവര്‍ത്തനത്തിലെന്നപോലെ അതിന്റെ പൊട്ടിപ്പുറപ്പെടലിലും വ്യവസ്ഥാപരമായ വിശകലനം പ്രസക്തമാണ്. എപ്പോഴൊക്കെയോ ജീവികളില്‍നിന്ന് ജീവികളിലേക്ക് കൈമാറപ്പെടുന്ന രോഗാണുക്കള്‍ വിതയ്ക്കുന്ന യാദൃച്ഛിക ദുരന്തങ്ങളെന്ന കേവല വ്യാഖ്യാനത്തില്‍ മഹാമാരികളെ  ഒതുക്കേണ്ടതില്ല. വനനശീകരണം വഴി ഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കൊപ്പം ഭക്ഷ്യോല്പാദന വിപണന രംഗത്തെ, വിശേഷിച്ച് മൃഗപരിപാലനത്തിലെ കോര്‍പ്പറേറ്റ് മേധാവിത്വവും നിശിതമായി  പരിശോധിക്കപ്പെടണം. കാര്‍ഷികമേഖല അനിയന്ത്രിതമായ നിലയില്‍ ലോകത്തെല്ലായിടത്തും അഗ്രി ബിസിനസ്സിനു കീഴടങ്ങുന്നുണ്ട്. കുത്തകകള്‍ ചെറുകിട കൃഷിയിടങ്ങളും വനങ്ങള്‍ തന്നെയും വലിയ വിസ്തൃതിയില്‍ കവരുന്നു. ജൈവവൈവിധ്യം അങ്ങനെ  തകര്‍ക്കപ്പെടുന്നതു വഴി വന്യജീവികളില്‍ സുരക്ഷിതമായിരുന്ന രോഗാണുക്കള്‍ നാട്ടിലെ ജീവികളിലേക്കും, മനുഷ്യരിലേക്കും എത്തിപ്പെടാന്‍ ഇടയാകുന്നു. വന്‍ ഫാമുകളില്‍ ഒന്നിച്ച് വളര്‍ത്തുന്ന ജനിതക വൈവിധ്യമില്ലാത്ത ഒരേ തരത്തിലുള്ള മൃഗങ്ങള്‍ക്കു പ്രതിരോധശേഷി കുറവായതിനാല്‍ രോഗവ്യാപനം അധികരിക്കുക സ്വാഭാവികം. അതുകൊണ്ട്, ഒരു ഉല്പാദന വ്യവസ്ഥയെന്ന നിലയില്‍ അഗ്രി ബിസിനസ്സ് പല നിലയ്ക്കും സുസ്ഥിരമല്ലെന്നു വരുന്നു. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പരിസ്ഥിതിക ആഘാതം, മഹാമാരി-ഭീഷണി എന്നിവ കൂടി പരിഗണിക്കുന്ന വൈവിധ്യ വിളകളുടെ ഉല്പാദന-വിപണന കൂട്ടായ്മകളും അവയുടെ ഏകോപനവുമാണ് കരണീയമെന്ന നിര്‍ദ്ദേശങ്ങളുടെ സാദ്ധ്യത ഗൗരവമായ തുടര്‍പഠനത്തിന് വിധേയമാകും. 

രണ്ടാമത്, ലെയ്സസ്സ് ഫെയര്‍ (laissez-faire) അഥവാ സമ്പദ്വ്യവസ്ഥയില്‍ ഭരണകൂടം കാര്യമായി ഇടപെടാതിരിക്കുക എന്നതാണല്ലോ മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണം. ഭരണകൂടം ഒരു സഹായി (facilitator) മാത്രമായാല്‍ മതിയാകും. കാര്യമായി ഒന്നും ചെയ്യേണ്ടതില്ല, എല്ലാം കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കണം. എല്ലാം നേരെയാക്കി കൊണ്ടുനടക്കാന്‍ പ്രാപ്തിയുള്ള കമ്പോളത്തിന്റെ അദൃശ്യ കാര്യങ്ങള്‍ സ്വയമേവ പ്രവര്‍ത്തിച്ചുകൊള്ളും. പക്ഷേ, ദുരന്തമുഖത്ത് കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ നിശ്ചലം. അവിടെ സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുന്നവരുടെ ശക്തിയിലും ചലനവേഗതയിലുമാണ്  സമൂഹം നിവര്‍ന്നു നില്‍ക്കുന്നത്.  മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണം പൊള്ളയാണെന്ന് മുന്‍പും നിര്‍ണ്ണായക ഘട്ടങ്ങളില്‍ പകല്‍ പോലെ ബോധ്യമായിട്ടുണ്ട്. 1930-കളിലെ, ലോകത്തെയാകെ സ്തബ്ധമാക്കിയ സാമ്പത്തിക കുഴപ്പത്തില്‍ തല ഉയര്‍ത്തി നിന്നത് ഏക സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയന്‍ മാത്രമാണ്. മുതലാളിത്തത്തില്‍ പ്രതിസന്ധിക്കു കാരണം കൊട്ടിഘോഷിക്കപ്പെടുന്ന കമ്പോള നിയമങ്ങളിലെ പൊരുത്തക്കേടുകള്‍ തന്നെയാണെന്നും, അവിടെ സ്വയം പ്രവര്‍ത്തിക്കുന്ന അദൃശ്യകരങ്ങള്‍ രക്ഷയ്‌ക്കെത്തില്ലെന്നും ലോകത്തിനു ബോധ്യപ്പെട്ടു. അന്ന് മുതലാളിത്തത്തിന്റെ രക്ഷയ്‌ക്കെത്തിയതാകട്ടെ നിരന്തരം അവര്‍ അവഗണിച്ചിരുന്ന ഇടതുപക്ഷ കുറിപ്പടി- ഭരണകൂട ഇടപെടലിലൂടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുക-തന്നെയായിരുന്നു. തുടര്‍ന്ന് പരിമിതമായ തോതിലാണെങ്കിലും ഭരണകൂട  ഇടപെടലിലൂടെ യുദ്ധാനന്തരം മുതലാളിത്തം അതിന്റെ സുവര്‍ണ്ണ കാലത്തിലേക്ക് കുതിച്ചതും, പിന്നീട്,  ആന്തരികവും അനിവാര്യവുമായ വൈരുദ്ധ്യത്താല്‍ 1970  ആയപ്പോഴേക്കും പ്രതിസന്ധിയെ നേരിടേണ്ടി വരുന്നതും ചരിത്രം. ഒരിക്കല്‍ ഫലപ്രഥമല്ലെന്നു കണ്ട് തള്ളിക്കളഞ്ഞ സര്‍വ്വ സ്വതന്ത്ര കമ്പോളത്തെ തന്നെ വീണ്ടും രക്ഷാമാര്‍ഗ്ഗമായി സ്വീകരിക്കുക വഴി പിന്നോട്ടടിയുടെ മൂലകാരണമെന്തോ അതിനെ മൂര്‍ച്ഛിപ്പിക്കുകയാണുണ്ടായത്.

ക്യൂബയിൽ നിന്ന് ഇറ്റലിയിലേക്ക് പോകുന്ന ഡോക്ടർ സംഘത്തിൽപ്പെട്ടയാൾ
ക്യൂബയിൽ നിന്ന് ഇറ്റലിയിലേക്ക് പോകുന്ന ഡോക്ടർ സംഘത്തിൽപ്പെട്ടയാൾ

നിയോ ലിബറലിസത്തിന്റെ പളപളപ്പും വളര്‍ച്ചയുടെ സോപ്പ് കുമിളകളും, ഇടതുപക്ഷം മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ, നൈമിഷികങ്ങളായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഘടനാപരമായ പ്രതിസന്ധി അതിഗുരുതരമാകുകയും ഫാസിസ്റ്റ് പ്രവണത ചുവടുറപ്പിക്കുകയും ചെയ്ത കാലത്തതാണ് കൂനിന്മേല്‍ കുരുപോലെ മഹാമാരിയുടെ വരവ്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ  സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതു ചെലവ് കുത്തനെ വെട്ടിക്കുറച്ചതും പൊതുജനാരോഗ്യമേഖല ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിയതും കൊവിഡ്-പ്രതിരോധ പ്രവര്‍ത്തങ്ങളെ പ്രതികൂലമായി ബാധിച്ചു.  രോഗനിര്‍ണ്ണയത്തിനുള്ള പ്രാഥമിക പരിശോധനയ്ക്ക് തന്നെ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്ന ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഇടത്തരക്കാര്‍ പോലും നിരാശ്രയരാകുന്നത് കാണാം. ധനമൂലധനത്തിന്റെ കുത്തൊഴുക്കിലും ആരോഗ്യരംഗത്ത് ഭേദപ്പെട്ട പൊതുമേഖല നിലനിര്‍ത്തിയ ബ്രിട്ടനില്‍ ആ സംവിധാനങ്ങളും വേണ്ടവണ്ണം പ്രയോജനപ്പെടുന്നില്ല. ബ്രിട്ടനില്‍  മുഴുവന്‍ ജനങ്ങളും നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (NHS) എന്ന  പൊതു സംവിധാനത്തില്‍ ചികിത്സയ്ക്ക് അര്‍ഹരാണ്. വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കുള്ള ഫണ്ട് പത്ത് ശതമാനത്തോളം വെട്ടിക്കുറക്കുന്നത് പൊതുജനാരോഗ്യ മേഖലയെ പൊതുവിലും കൊവിഡ് പ്രതിരോധത്തെ വിശേഷിച്ചും ഗുരുതരമായി ബാധിച്ചു. ബോറിസ് ജോണ്‍സനെ പോലുള്ള ഒരു നേതാവിന്റെ ഉത്തരവാദിത്വ കുറവ് സ്ഥിതി വഷളാക്കിയതായി വടക്കു-പടിഞ്ഞാറ് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം മുന്‍ പ്രാദേശിക ഡയറക്ടറായ പ്രൊഫസര്‍ ജോണ്‍ ആഷ്ടണ്‍ പറയുന്നു (ഗാര്‍ഡിയന്‍). സാമൂഹ്യ സംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തുന്നതില്‍ ബ്രിട്ടന്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. സാമൂഹ്യമായ സംതൃപ്തിയും വ്യക്തിത്വ വികാസവും ഒരുമിച്ച് പോകില്ലെന്നും മത്സരങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ലോകമെന്ന വ്യാമോഹത്തിന്  വേരോട്ടം ഉണ്ടാക്കിയ, അങ്ങനെ പൊതു ഇടങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ബലഹീനമാക്കിയ നവലിബറല്‍ നയങ്ങള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ ജനകീയ പ്രസ്ഥാനമാക്കുന്നതില്‍ തടസ്സമാകുന്നതായി വിലയിരുത്താവുന്നതാണ്.

സ്വകാര്യ ഇന്‍ഷുറന്‍സ് ഭീമന്മാര്‍ക്ക് ആരോഗ്യ മേഖലയെ അടിയറവെച്ചതാണ് അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. മരുന്നിന്റെയും  വെന്റിലേറ്ററുള്‍പ്പെടെയുള്ള സാമഗ്രികളുടെയും നിര്‍മ്മാണ രംഗത്തെ  കുത്തകകമ്പനികള്‍ ഈ അടിയന്തര ഘട്ടത്തില്‍ പോലും  ലാഭ നഷ്ട കണക്കനുസരിച്ച്  ഉല്പാദനം നിയന്ത്രിക്കുന്നത്  ഭരണകൂടത്തെ നിസ്സഹായമാക്കുന്നു. വലിയ തോതില്‍ മരുന്നിനും മറ്റു സാമഗ്രികള്‍ക്കും യു.എസ്സില്‍ ക്ഷാമം നേരിടുന്നുണ്ട്. ഉദാരവല്‍ക്കരണത്തിന്റെ ദയനീയ പരാജയമാണ് വെളിവാകുന്നതെന്ന് ലോക പ്രശസ്ത ചിന്തകനും അമേരിക്കന്‍ പൗരനുമായ നോം ചോംസ്‌കി പ്രസ്താവിക്കുകയുണ്ടായി.

ട്രംപ്, ബോറിസ് ജോണ്‍സണ്‍, ബ്രസീലിലെ ബോണ്‍സനാരോ തുടങ്ങിയ  നേതാക്കളുടെ കുറ്റകരമായ അനാസ്ഥയും പ്രസ്താവനകളും ധാര്‍ഷ്ട്യവും അതാതു രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധത്തെ ഗുരുതരമായി ബാധിച്ചല്ലോ.  അസാധാരണരായും  ചിലപ്പോഴെല്ലാം കോമാളികളെ പോലെയും പെരുമാറുന്ന ഇവരെയൊക്കെ ഒഴിവാക്കാന്‍ കഴിയാത്ത ബാധ്യതയായി തള്ളി ഗൗരവമേറിയ വിശകലനം അവഗണിക്കുന്ന പതിവുണ്ട്. എന്നാല്‍, അവരുടെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ യാദൃച്ഛികമല്ലെന്നും വര്‍ദ്ധിതമായ വലതുപക്ഷവല്‍ക്കരണത്തിലൂടെയും ഫാസിസ്റ്റ് ഭരണക്രമങ്ങളിലൂടെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തത്തിന് ഇത്തരം വേഷങ്ങള്‍ വേണ്ടിവരുമെന്നും വിലയിരുത്തപ്പെടണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തീവ്ര വലതുപക്ഷവല്‍ക്കരണവും ഫാസിസ്റ്റ് പ്രവണതയും കൊവിഡ്  പ്രതിരോധത്തിലും വിനയായി.   

സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഉല്പാദന വിതരണ മേഖലകളെ  ആവശ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രിതമായി ക്രമപ്പെടുത്താന്‍ ഭരണകൂടത്തിനും സമൂഹത്തിനും കഴിയുന്നതിന്റെ മേന്മ മഹാമാരിയെ പ്രതിരോധിക്കുന്നതിലും പ്രകടമാണ്. ചൈനയിലെ സോഷ്യലിസ്റ്റ് നിര്‍മ്മിതിയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസമുള്ളവര്‍ പോലും അവിടുത്തെ പൊതുജനാരോഗ്യമുള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍ പൊതുമേഖലയുടെ അചഞ്ചലമായ മേധാവിത്വം അംഗീകരിക്കുന്നവരാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ആശുപത്രികള്‍  നിര്‍മ്മിക്കുന്നതിനും ആവശ്യമായ അളവില്‍ വെന്റിലേറ്ററുകളും മരുന്നും മറ്റു സാമഗ്രികളും ഉറപ്പുവരുത്താനും അവര്‍ക്കു കഴിഞ്ഞു.  ക്യൂബയും വിയറ്റ്‌നാമും കൊവിഡ്  പ്രതിരോധത്തില്‍ ഇതേ മേന്‍മയില്‍ മുന്‍കൈ നേടുന്നവരാണ്. ചടുലവും സമയോചിതവുമായി പ്രതികരിക്കുന്നതിന് അവര്‍ക്കു കഴിഞ്ഞതിന്റെ കാരണവും മാറ്റൊന്നുമല്ല. ആനുപാതികമായുള്ള ഡോക്ടര്‍മാരുടെ എണ്ണമടക്കം പ്രധാന പൊതുജനാരോഗ്യ-വളര്‍ച്ച സൂചകങ്ങളിലെല്ലാം ക്യൂബ, അമേരിക്കയുടെ പല മടങ്ങു മുകളിലാകുന്നത് യാദൃച്ഛികമല്ല. അതിവേഗം ധനമൂലധനത്തിനു കീഴടങ്ങുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പരിമിതിക്കുള്ളില്‍ ശ്രമകരമായി കേരളം ബലപ്പെടുത്തിയ പൊതുജനാരോഗ്യരംഗം തന്നെയാണ് അതിന്റെ കൊവിഡ് പ്രതിരോധത്തിന്റെ നെടുംതൂണുകളിലൊന്ന്. ഉദാഹരണത്തിന്, സര്‍ക്കാര്‍-പൊതുസ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായി വന്ന ലക്ഷക്കണക്കിന് ലിറ്റര്‍ സാനിട്ടയിസ്സര്‍ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സി(KSDP)ലും ഹോംകോ(HOMCO)യിലുമായി പൊടുന്നനവെ നിര്‍മ്മാണം ആരംഭിക്കാനും സമയത്ത് ലഭ്യമാക്കാനും കഴിഞ്ഞു. അങ്ങനെ എണ്ണമറ്റതും ചെറുതും വലുതുമായ പൊതു സംവിധാനങ്ങളുടെ കാര്‍മ്മികത്വത്തിലും  ലഭ്യമായ സ്വകാര്യ സ്ഥാപനങ്ങളെ കൂട്ടിച്ചേര്‍ത്തുമാണ് കേരളം മഹാമാരിയെ നേരിടുന്നത്. 

മൂന്നാമത്, കൊവിഡ്  പ്രതിരോധത്തില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ഭരണനേതൃത്വം പ്രകടിപ്പിച്ച മെച്ചപ്പെട്ട  നേതൃ-സംഘടനാ പാടവം എടുത്തുപറയേണ്ടതാണ്. തികഞ്ഞ ഉത്തരവാദിത്ത ബോധം, ഏകോപനശേഷി, സഹജമായ ശാസ്ത്രബോധം, സമഗ്ര വീക്ഷണം എന്നിവയിലൂടെ ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരില്‍ ആവേശവും ആത്മവിശ്വാസ്വവും നിലനിര്‍ത്താനും പൗരന്മാരില്‍ സുരക്ഷിത ബോധം ഉണ്ടാക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. തീവ്ര വലതുപക്ഷവല്‍ക്കരണം നടക്കുന്ന അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാന്‍  ഉതകുന്നവര്‍  രാഷ്ട്ര നേതാക്കളായി  പൊടുന്നനവേ രക്ഷകവേഷങ്ങളില്‍ അവതരിപ്പിക്കപ്പെടുകയാണ്. രാഷ്ട്രരൂപീകരണത്തിന്റെയോ  ആവശ്യമായ നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തന്നെയോ പാരമ്പര്യം ഇവര്‍ക്ക് ആവശ്യമില്ല. നിരുത്തരവാദപരമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ധാര്‍ഷ്ട്യ പ്രകടനങ്ങളും വഴി പൊതുരംഗം ഇവര്‍ മലിനമാക്കുകയായിരുന്നു. കോര്‍പ്പറേറ്റുകള്‍ ഊതിവീര്‍പ്പിച്ച ഇത്തരം ബലൂണുകളുടെ നിരര്‍ത്ഥകത കൊറോണ കാലത്ത് ഒരു ദുരന്തമായി ജനം ഏറ്റുവാങ്ങുന്നു.

നാലാമത്, കൊവിഡ് പോലെയൊരു മഹാമാരിയെ ഭരണകൂട നടപടിയിലൂടെയോ ബ്യൂറോക്രസി വഴി മാത്രമോ അതിജീവിക്കാന്‍ കഴിയില്ല; രാജ്യമൊന്നാകെ ഉണരണം. സാമൂഹ്യമായി/ജനകീയമായി മാത്രമേ അതിനെ ചെറുക്കന്‍ കഴിയൂ. വ്യക്തിപരമായ രക്ഷയില്ല; സാമൂഹ്യമായ അതിജീവനമാണ് സാദ്ധ്യവും സുസ്ഥിരവും കരണീയവും. സോഷ്യലിസ്റ്റ് ഭരണക്രമങ്ങള്‍ ബഹുകാതം മുന്നിലെത്തുന്നത് ഇവിടെയാണ്. ഭരണപരമായ വികേന്ദ്രീകരണവും അടിത്തട്ടുവരെ എത്തുന്ന ജനകീയമായ ഇടപെടല്‍ സംവിധാനങ്ങളും അവിടെ പ്രകടമാണ്. ചൈനയും ക്യൂബയും വിയറ്റ്‌നാമും കേരളവുമൊക്കെ മുന്നിലെത്തുന്നത് ഇതുകൊണ്ടുകൂടിയാണ്. രണ്ടാം ലോകമഹായുദ്ധത്തെ പടയാളികളുടെ പോരാട്ടത്തിനപ്പുറം ജനകീയ യുദ്ധമാക്കി  മാറ്റി, കോടിക്കണക്കിനു പൗരന്മാരുടെ ജീവാര്‍പ്പണത്തിലൂടെ  ഫാസിസത്തിന്റെ സര്‍വ്വ സംഹാരത്തില്‍നിന്ന് ലോകത്തെ മോചിപ്പിച്ച സോവിയറ്റ് യൂണിയന്റെ അന്നത്തെ നേതൃത്വവും വിശ്വാസമര്‍പ്പിച്ചത് ജനകീയമായ അതിജീവനത്തിലായിരുന്നു എന്നത് സ്മരണീയമാണ്.  വിയറ്റ്നാമിലെ മണ്ണില്‍ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക മുട്ടുമടക്കിയതും അതേ സോഷ്യലിസ്റ്റ് നിശ്ചയദാര്‍ഢ്യത്തിനും കൂട്ടായ്മയ്ക്കും മുന്‍പിലാണ്. ഇന്ത്യയിലെമ്പാടും വയോജന വിദ്യാഭ്യാസവും സാക്ഷരതാ പ്രവര്‍ത്തനവും ഗ്രാമസഭ അടക്കമുള്ള പഞ്ചായത്ത്-പ്രവര്‍ത്തനങ്ങളും പതിവ് സര്‍ക്കാര്‍ സംരംഭങ്ങളായി കലാശിച്ചപ്പോള്‍ കേരളത്തില്‍ അവയൊക്കെ വന്‍ ബഹുജന മുന്നേറ്റമായി മാറിയത്തിന്റെ പിന്‍ബലത്തിലും പാരമ്പര്യത്തിലും കൂടിയാണ് കൊവിഡ്- പ്രതിരോധം സവിശേഷമായ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നത്. ഭരണനേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ ബ്യൂറോക്രസി  മാത്രമല്ല ചലിക്കുന്നത്, താഴെ തട്ട് വരെയുള്ള ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും കൂടിയാണ്. ഈ കൂട്ടായ്മയില്‍  ബ്യൂറോക്രസി  കൂടുതല്‍ ജനകീയമാകുന്നു; നവീകരിക്കപ്പെടുന്നു. പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത രോഗികള്‍ക്കും നിരീക്ഷണ വിധേയര്‍ക്കും തലച്ചുമടായി ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു കൊടുക്കുന്ന കേരളത്തിലെ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും മറ്റു സംസ്ഥാനങ്ങളില്‍  ഇതേ നിലയില്‍ കാണില്ല.

ലോകത്താകെയുള്ള ജനങ്ങളില്‍ കൊറോണ വൈറസ്സിനെതിരെ സ്വാഭാവികമായി ഉണ്ടാകാവുന്ന 'അമര്‍ഷ'വും 'ദേഷ്യ'വും ചൈനക്കെതിരെ തിരിക്കാനും അങ്ങനെ തങ്ങളുടെ കെടുകാര്യസ്ഥതക്കെതിരെയുള്ള പൊതു ചര്‍ച്ചയെ വഴിതിരിക്കാനും 'കൊറോണ വൈറസ്' എന്ന് പരാമര്‍ശിക്കേണ്ടിടങ്ങളിലെല്ലാം ബോധപൂര്‍വ്വം 'ചൈനീസ് വൈറസ്' എന്നും 'വുഹാന്‍ വൈറസ്' എന്നും പറഞ്ഞ അമേരിക്കന്‍ ഭരണാധികാരിയെ അനുഗമിക്കാന്‍ എണ്ണപ്പെട്ട മാധ്യമങ്ങള്‍ ഉണ്ടായിരുന്നു.  ചൈനയില്‍ നടന്ന ഒരു മോക്ക് ഡ്രില്ലിന്റെ വീഡിയോ ദൃശ്യം കാണിച്ച് 'രോഗികളോട് പൊലീസ് മനുഷ്യത്വ രഹിതമായി പെരുമാറുന്നതായും', അതുപോലെ റോഡില്‍ കിടക്കുന്ന ഒരു ശരീരം കാണിച്ച് 'കൊവിഡ് ശവശരീരം മറവു ചെയ്യുന്നുപോലുമില്ല' എന്നിങ്ങനെ ആഗോള തലത്തില്‍ നടന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളും യാദൃച്ഛികമല്ലെന്നു പിന്നീട് പൊതുവെ ബോധ്യപ്പെട്ടു. രോഗം കണ്ടെത്തിയിട്ടും ആ വിവരം ദീര്‍ഘനാള്‍ മറച്ചു വെച്ച്  സ്ഥിതി വഷളാക്കി എന്നായി അടുത്ത ആരോപണം.  രോഗത്തിന്റെ കണ്ടെത്തല്‍, ലോകാരോഗ്യ സംഘടനയ്ക്ക് ഇത് റിപ്പോര്‍ട്ട് ചെയ്തത്, വൈറസിന്റെ ജനിതക സ്വഭാവം തുടര്‍ ഗവേഷണത്തിനായി ലോകരാജ്യങ്ങളുമായി പങ്കുവെച്ചതടക്കമുള്ള  വിവരങ്ങളും നാള്‍ വഴിയും ചൈന പ്രസിദ്ധപ്പെടുത്തിയതും പാശ്ചാത്യ രാജ്യങ്ങള്‍ക്കു മേധാവിത്വമുള്ള  ലോകാരോഗ്യ സംഘടനതന്നെ അത് ശരിവെച്ചതും ട്രംപിനെയും മറ്റു നിരാശയിലാക്കി. സമ്പര്‍ക്കത്തിലൂടെ അതിവേഗം പകരുന്ന രോഗത്തിനെതിരെ ചൈനയെടുത്ത- പിന്നീട്, ലോകമൊന്നാകെ അനുവര്‍ത്തിച്ച- ശക്തവും ഫലപ്രദവുമായ കരുതല്‍  നടപടികളെ പൗരാവകാശ ലംഘനങ്ങളും സ്വേച്ഛാധിപത്യ നീക്കങ്ങളുമായി ചിത്രീകരിക്കപ്പെട്ടു.

'വുഹാന്‍ വൈറസ്' പ്രയോഗത്തിനെതിരെ 'അമേരിക്കന്‍ ജൈവായുധമാണ് കൊവിഡ്' എന്ന് ചൈന ആദ്യം തിരിച്ചടിച്ചെങ്കിലും തുടര്‍ന്നുള്ള ആരോപണങ്ങളില്‍ ഒരു പരിധിവരെ പക്വമായ നിശ്ശബ്ദത പാലിക്കുകയും രാജ്യത്തെയും ലോകത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും വ്യാപൃതരാകുകയും ചെയ്തു. (എന്നാല്‍, സ്ലവോജ് സിസെക്കിനെപ്പോലുള്ള ഇടതു ചിന്തകര്‍ തന്നെ ചൂണ്ടികാട്ടിയ പോലെ ചില  കാര്യങ്ങളിലെ സുതാര്യതക്കുറവ് സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്ന ചൈനയെപ്പോലെ ഒരു രാജ്യത്തിന് ഭൂഷണമല്ലെന്നു സാന്ദര്‍ഭികമായി സൂചിപ്പിക്കാതെ നിവൃത്തിയില്ല. 'ചൊള്ളു കൊടുത്തു ചുള മേടിക്കുന്ന' ഇത്തരം പ്രവണതകള്‍ സോഷ്യലിസ്റ്റ്  പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍ക്ക് വേരോട്ടമുണ്ടാകാന്‍ വലിയ തോതില്‍ സഹായകമാകുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണപ്രക്രിയയുടെ വിജയത്തിന് അതിരില്ലാത്ത ജനപങ്കാളിത്തവും ഭരണകര്‍ത്താക്കളില്‍ വിശ്വാസവും അനിവാര്യമാണ്. കൊവിഡ് പ്രതിരോധകാലം ഇടതുപക്ഷത്തിന് നല്‍കുന്ന ഒരു പാഠം കൂടിയാണിത്. ജനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ച കേരള മോഡല്‍ പ്രതിരോധ പ്രവര്‍ത്തനം ഏറെ ഫലപ്രദമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും). വിവിധ  രാജ്യങ്ങളിലേക്ക് മരുന്നും രക്ഷാഉപകരണങ്ങളും സേവനത്തിനായി ആരോഗ്യപ്രവര്‍ത്തകരെയും  അയച്ച ചൈന ആഗോളപ്രതിരോധ പ്രവര്‍ത്തത്തനത്തിന്റെ നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു. അത്യന്തം വിഷമകരമായ ഘട്ടത്തിലൂടെ  കടന്നുപോകുന്ന ലോകാരോഗ്യ സംഘടനയ്ക്കും മറ്റും ഇത് വര്‍ദ്ധിച്ച ആശ്വാസവും ആത്മവിശ്വാസവും  പകരുന്നുണ്ട്. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഇതംഗീകരിക്കാതെ പോകാന്‍ അന്താരാഷ്ട്ര സംഘടനകള്‍ക്കും കഴിയാതെ വരുന്നു. ചൈനയുടെ ജാഗ്രതയും ലോകത്തെക്കുറിച്ചുള്ള കരുതലും അഭിന്ദനാര്‍ഹമാണെന്ന ലോകാരോഗ്യ സംഘടനാ സെക്രട്ടറിയുടെ പ്രസ്താവന  കൂടി വന്നതോടെ ഹാലിളകിയ ട്രംപ്,  പ്രൈമറി ക്ലാസ്സിലെ വാശിക്കാരനായ കുട്ടിയുടെ നിലവാരത്തില്‍, ചൈനയെ ഇങ്ങനെ അഭിനന്ദിക്കുന്നതില്‍ പ്രതിഷേധിച്ച്, WHO-യുടെ പ്രവര്‍ത്തന ഫണ്ടിലേക്കുള്ള യു.എസ് വിഹിതം മരവിപ്പിച്ചു. ഇതിനിടയിലും സ്വന്തം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ചൈനീസ് സഹായം തേടാനും, ആ സമയത്തേക്കെങ്കിലും അവരെ അഭിനന്ദിക്കാനും ട്രംപ് മറക്കുന്നില്ലെന്നതും മറ്റൊരു കൗതുകം.

തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയത സമം വിശ്വമാനവികത 

തീര്‍ച്ചയായും, കൊവിഡ് പ്രതിരോധത്തില്‍  മുന്‍നിര നവലിബറല്‍  രാജ്യങ്ങളുടെ പരാജയവും സോഷ്യലിസ്റ്റ് മാതൃകകളുടെ മേന്മയും മാത്രമല്ല, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ പോലുള്ളവയുടെ മെച്ചപ്പെട്ട പ്രകടനവുമുണ്ട്. എന്നാല്‍, മഹാമാരികള്‍ക്കു വ്യക്തിപരമായി പരിഹാരമില്ലെന്നപോലെ, ദേശീയ അതിര്‍ത്തിക്കുള്ളില്‍ പോലും ശാശ്വത പരിഹാരമില്ല. ഇവിടെയാണ് തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയത എന്ന സോഷ്യലിസ്റ്റ് പരികല്പനയുടെ സാദ്ധ്യതയും ഗരിമയും തൊട്ടറിയുന്നത്. അതിന്റെ പിന്‍ബലത്തിലാണ് ആഭ്യന്തരമായി കൊവിഡിനെതിരെ കഠിനമായി പൊരുതുന്നതിനൊപ്പം ദുരിതത്തിലായ ലോകജനതയെയാകെ ചേര്‍ത്തുപിടിക്കാനും ഭരണകൂടങ്ങളുടെ രാഷ്ട്രീയ നിലപാടൊന്നും പരിഗണിക്കാതെ, മെഡിക്കല്‍ സംഘങ്ങളെ രക്ഷാസാമഗ്രികളോടൊപ്പം  ലോകമെങ്ങും എത്തിക്കാനും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കു കഴിയുന്നത്.  ജര്‍മ്മന്‍ കമ്പനിയില്‍നിന്ന്  അവര്‍ നിര്‍മ്മിക്കുന്ന മരുന്നിന്റെ കുത്തക മുന്‍കൂര്‍ തരപ്പെടുത്താന്‍  ശ്രമിക്കുന്ന അമേരിക്കന്‍ ലിബറലിസത്തിന്റെ 'സുതാര്യത'യും, വൈറസിന്റെ ജനിതകഘടന ലഭ്യമായപ്പോള്‍ തന്നെ ലോകരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും  കൂട്ടായ ഗവേഷണത്തിന് ആക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചൈനീസ് 'ഇരുമ്പു മറ'യും പ്രകടമായി. 1960-കളില്‍ നടന്ന യുദ്ധത്തില്‍ അമേരിക്കയുടെ പൈശാചികമായ ആയുധപ്രയോഗങ്ങളിലൂടെ നരകയാതന അനുഭവിച്ച വിയറ്റ്നാം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൊവിഡ് പ്രതിരോധത്തില്‍ ഗണ്യമായി സഹായിക്കുന്നത് കാണാം. പല കൂട്ടു രാജ്യങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ടും കൊവിഡ്- ദുരിതത്തില്‍ കഷ്ടപ്പെടുന്ന ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള അകാരണമായ സാമ്പത്തിക ഉപരോധവും സ്പര്‍ദ്ധയും  ഈ അടിയന്തര ഘട്ടത്തില്‍ പോലും പുനഃപരിശോധിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ലെന്നു കൂട്ടിവായിക്കേണ്ടതുണ്ട്. 

അറുപതോളം രാജ്യങ്ങളിലേക്ക് മരുന്നും സാമഗ്രികളുമായി സേവനത്തിനെത്തിയ ക്യൂബന്‍ മെഡിക്കല്‍ സംഘങ്ങള്‍ ലോക ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. രാജ്യങ്ങള്‍ സ്വരക്ഷയ്ക്കായി പായുമ്പോള്‍ മറ്റു രാജ്യങ്ങളിലെ ദുരന്ത മുഖങ്ങളിലേക്ക് അടുപ്പിക്കുന്നതെന്തെന്ന ചോദ്യത്തിന് ഇത്തരം സംഘങ്ങള്‍ സംശയലേശമില്ലാതെ മറുപടി പറയുന്നു- 'സോഷ്യലിസ്റ്റ് മൂല്യബോധം.' കൊവിഡ്-19  ബാധിച്ച യാത്രക്കാരുള്ളതിനാല്‍ കരക്കടുപ്പിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറാകാത്തതിനാല്‍ ആയിരത്തോളം പേരുമായി കരീബിയന്‍ കടലില്‍ അലയേണ്ടി വന്ന എം.എസ്. ബ്രെയ്മര്‍ എന്ന ബ്രിട്ടീഷ് കപ്പലിനെ തീരത്തടുപ്പിക്കുകയും, രോഗികളെ ചികിത്സിക്കുകയും മറ്റുള്ളവരെ അതാതു രാജ്യങ്ങളിലെത്തിക്കുകയും ചെയ്ത ക്യൂബ ഒരിക്കല്‍ കൂടി മാനവികതയുടെ പര്യായമായി. ആ കൊച്ചു രാജ്യത്തിനെതിരെ അമേരിക്ക പതിറ്റാണ്ടുകളായി നടത്തുന്ന മനുഷ്യത്വരഹിത ആക്രമണങ്ങളിലെ കൂട്ടുകക്ഷിയാണ് ബ്രിട്ടനെന്നത് കാലത്തിന്റെ കാവ്യനീതി. കൊവിഡ് പ്രതിരോധത്തില്‍ വൃദ്ധരും ബലഹീനരുമായ പലരെയും ഉപേക്ഷക്കേണ്ടി വരുമെന്നും  തുടക്കത്തില്‍ തന്നെ പരസ്യമായി പ്രഖ്യാപിക്കുന്ന  നവലിബറല്‍ രാജ്യങ്ങളും സുരക്ഷാകരങ്ങള്‍ ബലഹീനര്‍ക്കു നേരെ ആദ്യം നീട്ടുന്ന കേരളത്തിന്റെയും ഇടതു രാജ്യങ്ങളുടെയും മാതൃകയും സുവ്യക്തമായി വേര്‍തിരിഞ്ഞു.

കോവിഡ് ബാധിതരുള്ള ബ്രിട്ടീഷ് കപ്പൽ ക്യൂബൻ തീരത്ത് അണഞ്ഞപ്പോൾ
കോവിഡ് ബാധിതരുള്ള ബ്രിട്ടീഷ് കപ്പൽ ക്യൂബൻ തീരത്ത് അണഞ്ഞപ്പോൾ

കൊവിഡ്-അനന്തരം  മനുഷ്യസമൂഹത്തിന്റെ  ഭാവി ഭൂതത്തിന്റെ കേവല തുടര്‍ച്ചയായിരിക്കില്ല.  മേല്‍ ചര്‍ച്ച ചെയ്ത വേര്‍തിരിവുകള്‍  പുനര്‍നിര്‍മ്മാണത്തിലും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിലും സാര്‍വ്വദേശീയ ബന്ധങ്ങളിലും ധ്രുവീകരണമുണ്ടാക്കും. നവലിബറലിസത്തിന്റെ തേരോട്ടത്തില്‍ മങ്ങിയെങ്കിലും ഇപ്പോള്‍ അതിജീവനത്തിനു താങ്ങാകുന്ന കൂട്ടായ്മ, തുല്യത, മാനവികത, സാഹോദര്യം, നീതിബോധം, ശാസ്ത്രബോധം, സാര്‍വ്വദേശീയത, പങ്കുവെയ്ക്കല്‍ എന്നിവ അത്ര വേഗം ലോകം കൈവിടില്ലെന്നു കരുതാം. പക്ഷേ, കമ്പോളം മനുഷ്യവ്യവഹാരങ്ങളെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യക്രമത്തില്‍ അവയ്ക്ക് സുസ്ഥിരതയില്ല; വളര്‍ച്ചയില്ല. കഴിഞ്ഞ പ്രളയ കാലത്തും സമാനമായ സാമൂഹ്യ ഉണര്‍വ്വും ഉന്മേഷവും കേരളം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍,     പുനര്‍നിര്‍മ്മാണ കാലത്ത് തിരിച്ചുപോക്കിനായുള്ള ജുഗുപ്സാവഹമായ വെമ്പലും ദൃശ്യമായി. ഇത്തവണ നല്ല സമരിയാക്കാരനെ ദുരിത ബാധിതര്‍ തൊട്ടറിയുന്നതും സാമൂഹ്യ മാതൃകകളിലെ നെല്ലും പതിരും തിരിയുന്നതും കേര നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടുമാണ്. ആ തിരിച്ചറിവുകള്‍ ഇനിയങ്ങോട്ട് മുന്‍ വെളിച്ചമാകുമെന്നു പ്രതീക്ഷിക്കാം. 

ഗ്രന്ഥ / ലേഖന സൂചിക 
1. പല്ലവി നായര്‍, രാഷ്ട്രീയ വ്യവസ്ഥകളും മഹാമാരിയും, മാതൃഭൂമി ദിനപ്പത്രം, 08.04.2020 
2. യുവാല്‍ നോഹ ഹരാരി, കൊവിഡ് അനന്തര ലോകം, ലൂക്ക സയന്‍സസ് പോര്‍ട്ടല്‍, luka.co.in, 09.04.2020 
3. Frieedrich Engels (1886), The Condition of Working Class in England
(American edition) Marxists Internet Archives, www.marxists.org
4. John Bellami Foster; Farooque Chowdary, Catastrophe Capitalism:Climate
Change, COVID19, and Economic Crisis, Monthly Review, 01.04.2020
5. the guardian.com/world/2020/mar/2/uks-health
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com