ഈ മഹാവ്യാധി നല്‍കിയ പാഠങ്ങള്‍ നാം മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്

ഈ മഹാവ്യാധി നല്‍കിയ പാഠങ്ങള്‍ നാം മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്

കാലം കരുതിവെച്ച മഹാമാരികള്‍ നാളെകളിലും ലോകത്തിന്റെ ഉറക്കം കെടുത്തിയേക്കാം 

ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ ഒരു യുദ്ധമുഖത്താണ്. കേവലം ഒരു നിസ്സാര യുദ്ധമല്ല. ഒരു ലോക മഹായുദ്ധം. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്നതില്‍ ഇരുപക്ഷമില്ല. നാം തന്നെ. പക്ഷേ, അപ്പോഴേക്കും ലക്ഷക്കണക്കിന് മനുഷ്യരെ ലോകത്തിനു നഷ്ടപ്പെട്ടിരിക്കും. മനുഷ്യവംശവുമായി പോരാടുന്ന ഈ അദൃശ്യ ശത്രുക്കളുടെ സ്വരൂപവും ചരിത്രവും നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ മാഹാമാരി നല്‍കുന്ന ദുരിതാനുഭവങ്ങളില്‍നിന്ന് എന്തു പാഠങ്ങളാണ് നാം പഠിക്കേണ്ടത്?  

വൈറസ് എന്നാണ് ഈ കൊടും ശത്രുവിന്റെ പേരെന്ന് നമുക്ക് ആരും പറഞ്ഞുതരേണ്ടതില്ല. ലത്തീന്‍ ഭാഷയില്‍ വിഷം എന്നാണ് വൈറസ് എന്ന പേരിന്റെ അര്‍ത്ഥം. വൈറസുകള്‍ക്ക് ജീവന്‍ ഉണ്ടെന്നും ഇല്ലെന്നും ഇരുപക്ഷമുണ്ട്. വൈറസുകളെ നമുക്ക് പഞ്ചസാര പോലെ തരികളാക്കി വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. ഇതൊരു അജീവ കണത്തിന്റെ സവിശേഷതയാണ്. എന്നാല്‍, ഈ തരികള്‍ അനുയോജ്യമായ ഒരു ജീവകോശത്തില്‍ എത്തിപ്പെട്ടാല്‍ അവ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. കോശത്തിനു അകത്തുവെച്ച് ഒന്ന് പത്തായും നൂറായും ആയിരമായും പെരുകും. അതുകൊണ്ടാണ് വൈറസുകളെ ജീവാജീവ ലോകങ്ങളില്‍ നിലനില്‍ക്കുന്ന അപൂര്‍വ വസ്തുക്കള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഇവാനോസ്കി, ബീജെറിങ്ക്
ഇവാനോസ്കി, ബീജെറിങ്ക്

1892-ല്‍ ഇവാനോസ്‌കി (Ivanoski) എന്ന റഷ്യന്‍ ജീവശാസ്ത്രജ്ഞനാണ് ആദ്യമായി   ബാക്ടീരിയകളേക്കാള്‍ സൂക്ഷ്മമായ ഏതോ ജീവികള്‍ പുകയിലച്ചെടിയില്‍ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയത്. 1898-ല്‍ ഈ രോഗാണുവിനെ ബീജെറിങ്ക് (Beijerinck) എന്ന ശാസ്ത്രജ്ഞന്‍ വൈറസ് എന്ന് പേരുവിളിച്ചു. അതോടെ വൈറസുകളുടെ ഒരു പുതിയ ലോകത്തിന്റെ വാതില്‍ ശാസ്ത്രത്തിന്റെ മുന്‍പില്‍ തുറക്കപ്പെട്ടു. ഒരിനം ആര്‍.എന്‍.എ (RNA) വൈറസ് ആയിരുന്നു പുകയിലച്ചെടിയിലെ രോഗഹേതു. ജനിതക ഘടകം ആര്‍.എന്‍.എ ആണെങ്കില്‍ ആ വൈറസുകളെയാണ് ആര്‍.എന്‍.എ വൈറസുകള്‍ എന്ന് വിളിക്കുന്നത്. മനുഷ്യരില്‍ എയ്ഡ്സ്, നിപ, സാര്‍സ്, കൊവിഡ് മുതലായ രോഗങ്ങളുണ്ടാക്കുന്നത് ആര്‍.എന്‍.എ വൈറസുകളാണ്. ഇനി ജനിതകഘടകം ഡി.എന്‍.എ (DNA) ആണെങ്കില്‍ ആ വൈറസിനെ ഡി.എന്‍.എ വൈറസ് എന്നാണ് വിളിക്കുക. ചില അര്‍ബുദങ്ങള്‍ക്കും കരള്‍രോഗങ്ങള്‍ക്കും കാരണക്കാര്‍ ഡി.എന്‍.എ വൈറസുകളാണ്. മനുഷ്യരിലും പക്ഷിമൃഗാദികളിലും സസ്യങ്ങളിലും മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടേറെ വൈറസുകളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വൈറസുകള്‍ എല്ലാം മനുഷ്യരുടെ ശത്രുക്കള്‍ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യരുടെ മിത്രങ്ങളായ ചില വൈറസുകള്‍ നമ്മുടെ ശരീരത്തില്‍ ജീവിക്കുന്നുണ്ട്. ചില ഇനം  ബാക്ടീരിയകളുടെയും വൈറസുകളുടെയും ആക്രമണത്തില്‍നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നത്  ഈ വൈറസുകളാണ്. ചില അര്‍ബുദങ്ങളില്‍നിന്നുപോലും മനുഷ്യരെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന വൈറസുകള്‍ നമ്മുടെ ശരീരത്തില്‍ അധിവസിക്കുന്നുണ്ട്. ചിലയിനം മിത്ര വൈറസുകളെ ഉപയോഗിച്ച് രോഗഹേതുക്കളായ ശത്രു വൈറസുകളെ എങ്ങനെ നശിപ്പിക്കാന്‍ പറ്റുമെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ ഗൗരവമായി ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

1901-ലാണ് മനുഷ്യര്‍ക്കു രോഗമുണ്ടാക്കുന്ന ഒരു വൈറസിനെ ആദ്യമായി  ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യരില്‍ മഞ്ഞപ്പനി ഉണ്ടാക്കുന്ന ഒരു വൈറസ് ആയിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് 2020-ല്‍ ഏറെ വൈറസുകള്‍ മനുഷ്യര്‍ക്ക് രോഗം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ബാധിക്കുന്ന  മൊത്തം വൈറസുകളില്‍ അറുപത് ശതമാനത്തിലേറെയും ആദ്യമായി കണ്ടെത്തിയത്  വടക്കേ അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നുമാണത്രെ. മറ്റു വന്‍കരകളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. വടക്കേ അമേരിക്കയിലെ ഈ ഉയര്‍ന്ന തോതിനുകാരണം വ്യാപകമായി നടത്തിയ പരിശോധനയുടെ ഫലമാകാം എന്ന് സംശയിക്കുന്ന ഗവേഷകരുമുണ്ട്. വര്‍ഷം തോറും ശരാശരി മൂന്നോ നാലോ ജാതി പുതിയ ഇനം വൈറസുകളെ മനുഷ്യരില്‍ കണ്ടെത്താറുണ്ട്. 

ഇവയില്‍ മിക്കവയും മറ്റു മൃഗങ്ങള്‍ക്കും രോഗം വരുത്തുന്നവയാണ്. അമേരിക്കയില്‍ കൊവിഡ് വൈറസ് കടുവയെ ബാധിച്ചതായി കണ്ടെത്തിയിരുന്നു. പന്നികള്‍, വവ്വാലുകള്‍, കുരങ്ങുകള്‍ എന്നിങ്ങനെ വ്യത്യസ്ത ഇനം മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന വൈറസുകള്‍ ഉണ്ട്. റാബീസ് വൈറസ്  മനുഷ്യരേയും നായ്ക്കളെയും കുറിനരികളെയും വവ്വാലുകളെയും ബാധിക്കാറുണ്ട്. ഈ മൃഗങ്ങളില്‍നിന്ന് എല്ലാം വൈറസ് മനുഷ്യരില്‍ എത്തിപ്പെടാം. പക്ഷിപ്പനിക്ക് കാരണമായ വൈറസുകള്‍ പോലെ ചിലയിനം വൈറസുകള്‍ പക്ഷികളേയും മനുഷ്യരേയും ബാധിക്കാറുണ്ട്. എന്നാല്‍  വിരളമായി ചിലയിനം വൈറസുകള്‍ മനുഷ്യരെ മാത്രമേ ബാധിക്കാറുള്ളു. മുണ്ടി (Mumps) വീക്കത്തിനു കാരണമായ വൈറസ് മനുഷ്യനെ അല്ലാതെ  മറ്റൊരു ജന്തുവിനെയും ബാധിക്കാറില്ല.

മനുഷ്യനിലെത്തുന്ന സൂക്ഷ്മജീവി

മനുഷ്യരില്‍  വൈറസുകള്‍ കടന്നുവന്ന വഴികള്‍ കണ്ടെത്താന്‍ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യജീവന്‍ അപഹരിച്ച എയ്ഡ്സ് വൈറസ് (HIV-1) ചിമ്പാന്‍സിയില്‍നിന്ന്  മനുഷ്യരില്‍ എത്തിപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. അതേപോലെ സാര്‍സ് വൈറസും നിപ വൈറസും വവ്വാലില്‍നിന്നാണ് മനുഷ്യരില്‍ എത്തിയതെന്നാണ് ഗവേഷക മതം. മധ്യ ഏഷ്യയില്‍ മരണം വിതച്ച മെര്‍സ് (MERS) വൈറസ് ഒട്ടകത്തില്‍ നിന്നാണത്രെ മനുഷ്യരിലേക്ക് പടര്‍ന്നത്. കൊവിഡ് വൈറസ് വവ്വാലില്‍നിന്നോ ഈനാംപേച്ചയില്‍നിന്നോ ആകാം മനുഷ്യരില്‍ എത്തിപ്പെട്ടത് എന്നാണ് ശാസ്ത്രമതം. എന്നാല്‍ മനുഷ്യരില്‍ കരള്‍ രോഗമുണ്ടാക്കുന്ന ഹെപ്പറ്റെറ്റിസ് ബി (Hepatitis B) വൈറസ് മനുഷ്യരില്‍ തന്നെ രൂപം കൊണ്ടതാണെന്ന യാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂട. 

എങ്ങനെയാണ് വൈറസുകള്‍  മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും മനുഷ്യരില്‍ എത്തുന്നത്? വൈറസുകള്‍ക്ക് പലവഴികളിലൂടെയും  മനുഷ്യരില്‍ പ്രവേശിക്കാന്‍ കഴിയും. വിസര്‍ജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും നേരിട്ട് മനുഷ്യരില്‍ എത്താം. നേരിട്ടല്ലാതെ ചിലയിനം വൈറസുകള്‍ വളര്‍ത്തു മൃഗങ്ങളിലൂടെയും കൊതുകുകളിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും മനുഷ്യരിലേക്ക് കടന്നേക്കാം. എലിപ്പനിയുടെ വൈറസ് എലിയുടെ വിസര്‍ജ്യങ്ങളിലൂടെയും ഡെങ്കിപ്പനി ഉണ്ടാക്കുന്ന വൈറസ് കൊതുകിലൂടെയും പോളിയോ വൈറസ് മലിനമായ അന്നപാനീയങ്ങളിലൂടെയും മനുഷ്യരില്‍ എത്താറുണ്ടല്ലോ. പന്നികളിലൂടെയും ഈത്തപ്പനചാറിലൂടെയും ആയിരുന്നു മലേഷ്യയിലും ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും നിപ വൈറസ് വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നത്. കേരളത്തില്‍ നിപ വൈറസ് വവ്വാലില്‍നിന്നു പഴങ്ങളിലൂടെയാകാം ആദ്യ രോഗിയില്‍ എത്തിയത് എന്നാണ് ശാസ്ത്ര നിഗമനം. പക്ഷേ, വൈറസ് വന്ന വഴി കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊവിഡ് വൈറസും മനുഷ്യരില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

നഗ്‌നനേത്രങ്ങള്‍ക്കു അദൃശ്യരായ ഈ ജൈവകണങ്ങള്‍ക്ക് സ്വന്തമായി നിലനില്‍പ്പില്ല. മറ്റു ജീവജാലങ്ങളുടെ ശരീരത്തില്‍ മാത്രമേ അവയ്ക്കു ജീവിക്കാന്‍ കഴിയൂ. ചില വൈറസുകള്‍ക്ക് ജീവിക്കാന്‍ സസ്യങ്ങള്‍ വേണം. മറ്റു ചിലര്‍ക്ക് ജീവിക്കാന്‍ മൃഗങ്ങള്‍ ഇല്ലാതെ പറ്റില്ല. ബാക്ടീരിയകള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത വൈറസുകള്‍ ഉണ്ട്. മനുഷ്യരില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന വൈറസുകളാണ് വസൂരി വൈറസുകള്‍. വസൂരി വൈറസുകളും മനുഷ്യരും തമ്മില്‍ മൂവായിരം വര്‍ഷമായി  നടന്ന യുദ്ധത്തിന്റെ ഒടുവില്‍ നാം വിജയിച്ചു. ലോകത്തുനിന്ന് വസൂരി വൈറസകളെ നാം നിര്‍മാര്‍ജനം ചെയ്തതായി 1980-ല്‍ ലോകാരോഗ്യ സംഘടന   പ്രഖ്യാപിച്ചു. കുത്തിവെപ്പ് മരുന്നായിരുന്നു (Vaccine) വൈറസുകളെ സംഹരിക്കാന്‍ നാം പ്രയോഗിച്ച ആയുധം. 1977-ല്‍ സോമാലിയയിലെ ഒരു ആശുപത്രിയിലെ പാചകക്കാരനായിരുന്ന മാലിനെയാണ് ലോകത്ത് അവസാനമായി വസൂരി ബാധിച്ചത്. പക്ഷേ, 1978-ല്‍ പരീക്ഷണ ശാലയില്‍നിന്ന് രോഗംപടര്‍ന്നു പാര്‍ക്കര്‍ എന്ന ഫോട്ടോഗ്രാഫര്‍  മരിച്ചിരുന്നു. പിന്നീട് ഇതുവരെ ലോകത്ത് ഒരാളെയും വസൂരി രോഗം ബാധിച്ചിട്ടില്ല. എന്നാല്‍, അമേരിക്കയിലേയും റഷ്യയിലേയും പരീക്ഷണശാലകളില്‍   പരീക്ഷണങ്ങള്‍ക്കായി  ഏതാനും  വസൂരി വൈറസുകളെ സുരക്ഷിതമായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കേ വസൂരി വൈറസ് മനുഷ്യരെ കൊന്നൊടുക്കിയിരുന്നു. ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍  ഈജിപ്തില്‍ അടക്കം ചെയ്ത മൃതദേഹങ്ങള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങളില്‍ വസൂരിക്കലകള്‍ കണ്ടിരുന്നു.

വൈറസുകള്‍ സസുഖം കഴിയുന്ന ജന്തുക്കളെയാണ് സംഭരണജന്തുക്കള്‍ (Reseviors) എന്ന് പറയുന്നത്. ഉദാഹരണത്തിന് നിപ, കൊറോണ മുതലായ മാരകരോഗങ്ങള്‍ പടര്‍ത്തുന്ന വൈറസുകളുടെ സംഭരണ ജന്തുവാണ് വവ്വാല്‍. ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ടെങ്കിലും സംഭരണജന്തുക്കള്‍ക്ക് പലപ്പോഴും രോഗം വരാറില്ല. സംഭരണജന്തുക്കള്‍ വൈറസുകള്‍ക്ക് എതിരെ ആര്‍ജ്ജിച്ച പ്രതിരോധ ശക്തിയാണ് ഇതിനു കാരണം. സംഭരണ ജന്തുക്കളില്‍വെച്ച് വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന പുതിയ ഇനം വൈറസുകള്‍ പൂര്‍വരൂപത്തെ അപേക്ഷിച്ച് മനുഷ്യരില്‍ രോഗം ഉണ്ടാക്കാന്‍ പ്രാപ്തി കൈവരി ക്കാറുണ്ട്. കൊവിഡ് വൈറസുകളോട് സാദൃശ്യമുള്ള വൈറസുകളെ ഈനാംപേച്ചിയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഈ വൈറസുകള്‍ക്ക് മനുഷ്യരെ ആക്രമിക്കാന്‍ ശേഷി വേണമെന്നില്ല. ഇവ ജനിതകമാറ്റം വന്ന്  മനുഷ്യരെ കൊന്നൊടുക്കാന്‍ ശേഷിയുള്ള രുദ്രരൂപികളായ വൈറസുകളായി മാറിയേക്കാം. ഇതു പലപ്പോഴും സംഭവിക്കുന്നത് സംഭരണ ജന്തുക്കളുടെ ദേഹത്തുവെച്ചാകാം. മനുഷ്യരില്‍ എത്തിപ്പെട്ടതിനു ശേഷവും ഈ വൈറസുകള്‍ക്കു രൂപമാറ്റം വരാം. പക്ഷേ, ഇങ്ങനെ രൂപപ്പെടുന്ന പുതിയ ഇനങ്ങള്‍ പൂര്‍വരൂപത്തേക്കാള്‍ ശക്തരോ ദുര്‍ബ്ബലരോ ആകാം. ശക്തരാണെങ്കില്‍ അവ കൂടുതല്‍ കൂടുതല്‍ മനുഷ്യരിലേക്ക് സംക്രമിച്ചു പൂര്‍വ്വാധികം മനുഷ്യരെ കൊന്നൊടുക്കാം. ദുര്‍ബ്ബലരാണെങ്കില്‍ രോഗവ്യാപനവും മരണനിരക്കും പൂര്‍വാധികം കുറയുകയും ചെയ്യും.

കൊവിഡ് മരണനിരക്ക് ശരാശരി 2 മുതല്‍ 7 ശതമാനം വരെയാണ്. ഇതു മനുഷ്യരെ ബാധിക്കുന്ന മറ്റു വൈറസ് രോഗങ്ങളെ അപേക്ഷിച്ചു തുലോം കുറവാണ്. അതും പ്രായമുള്ളവരെയും ഇതര രോഗങ്ങള്‍ ബാധിച്ചവരെയുമാണ് കൊവിഡ് രോഗം മുഖ്യമായും കൊന്നൊടുക്കുന്നത്. പക്ഷേ, കാട്ടുതീ കണക്കേ പടരുന്നതാണ് ഈ മഹാമാരി പിടിപെട്ടു ലക്ഷക്കണക്കിന് മനുഷ്യര്‍ക്കു ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയത്. 1967-ല്‍ ജര്‍മനിയിലെ ഏതാനും ഗവേഷകര്‍ക്ക് ഉഗാണ്ടയില്‍നിന്ന് കൊണ്ടുവന്ന ചില കുരങ്ങുകളില്‍നിന്ന് മര്‍ബര്‍ഗ് (Marburg virus) എന്ന വൈറസ് രോഗം ബാധിച്ചിരുന്നു. പിന്നീട് 1998-2000 ലും 2005-ലും  കോംഗോയില്‍ ഈ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തുടക്കത്തില്‍ 25 ശതമാനം ആയിരുന്ന മരണനിരക്ക്  80 ശതമാനമായി ഉയര്‍ന്നു. 1976-ല്‍ ആണ് ആദ്യമായി സുഡാനിലും കോംഗോയിലും എബോള പൊട്ടിപ്പുറപ്പെട്ടത്. മരണനിരക്ക് 50 മുതല്‍ 81 ശതമാനം വരെ ആയിരുന്നു. 2014-16 കാലത്ത് പടിഞ്ഞാറേ ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് രോഗം ബാധിച്ച 90 ശതമാനം പേരുടെയും മരണത്തിനു കാരണമായി. 1980-കളുടെ തുടക്കത്തില്‍ മനുഷ്യരില്‍ കണ്ടെത്തിയ എച്ച്.ഐ.വി വൈറസ് 32 ദശലക്ഷം മനുഷ്യരുടെ ജീവനാണ് ഇതുവരെ അപഹരിച്ചത്.

വസൂരി മരണനിരക്ക് ഏതാണ്ട് 30 ശതമാനം ആയിരുന്നു. പക്ഷേ, രോഗമുക്തരായവരില്‍ പലരുടേയും ശരീരത്തില്‍ ആഴത്തിലുള്ള വസൂരിക്കലകള്‍ അവശേഷിച്ചിരുന്നു. മാത്രമല്ല ചിലരുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍, യൂറോപ്പിലും അമേരിക്കയിലും വസൂരി മരണനിരക്ക് വളരെ കൂടുതലായിരുന്നു. കാരണം അവരുടെ  പ്രതിരോധശക്തി താരതമ്യേനെ കുറവായിരുന്നു. 80 ശതമാനം അമേരിക്കയിലെ തനതു വര്‍ഗ്ഗക്കാര്‍ (Native Americans) വസൂരി ബാധിച്ചു മരിച്ചു പോയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1978ൽ ലണ്ടനിലെ റിസർച്ച് ലബോറട്ടറിയിൽ നിന്ന് വസൂരി പിടിപ്പെട്ട് മരിച്ച ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ ഫോട്ടോ​ഗ്രാഫറുടെ മരണ വാർത്തയുമായി പ്രത്യക്ഷപ്പെട്ട ഈവനിങ് മെയിൽ എന്ന ദിനപ്പത്രം
1978ൽ ലണ്ടനിലെ റിസർച്ച് ലബോറട്ടറിയിൽ നിന്ന് വസൂരി പിടിപ്പെട്ട് മരിച്ച ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ ഫോട്ടോ​ഗ്രാഫറുടെ മരണ വാർത്തയുമായി പ്രത്യക്ഷപ്പെട്ട ഈവനിങ് മെയിൽ എന്ന ദിനപ്പത്രം

മാരകമായ വൈറസ് രോഗങ്ങള്‍

റാബീസ് വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും ഇപ്പോഴും ഒട്ടേറെപ്പേരുടെ ജീവന്‍ അപഹരിക്കുന്നുണ്ട്. 1920-കളില്‍ ലഭ്യമായ വാക്സിന്‍  വളര്‍ത്തു നായ്ക്കള്‍ക്കു വ്യാപകമായി കുത്തിവെച്ചതിനാല്‍ വികസിത രാജ്യങ്ങളില്‍ റാബീസ് ഏറെക്കുറെ ഇല്ലാതായമട്ടാണ്. 1885-ല്‍ ലൂയിസ് പാസ്ചര്‍ ആണ് റാബീസിനെതിരെ മനുഷ്യരില്‍ കുത്തിവെക്കുന്ന വാക്സിന്‍ കണ്ടുപിടിച്ചത്. റാബീസിനെ പ്രതിരോധിക്കാന്‍ വാക്സിനും കടിയേറ്റാല്‍ ചികിത്സിക്കാന്‍ ഔഷധവും (Antibodies) ലഭ്യമാണല്ലോ. പക്ഷേ. രണ്ടും ചെയ്തില്ലെങ്കില്‍ മരണം മിക്കവാറും സുനിശ്ചിതമാണ്. 

എലികളില്‍നിന്ന് മനുഷ്യരില്‍ പ്രവേശിക്കുന്ന ഹന്താവൈറസ് (Hanta virus) ഉണ്ടാക്കുന്ന ശ്വാസകോശ രോഗം മാരകമാണ്. 1993-ല്‍ അമേരിക്കയില്‍ ഈ രോഗം ബാധിച്ച് ഒരു യുവാവ് മരിച്ചതോടെയാണ് രോഗം ചര്‍ച്ചാവിഷയമായത്. എന്നാല്‍, 1950-കളില്‍ കൊറിയന്‍ യുദ്ധകാലത്ത് ഇതിനു സമാനമായ ഒരു ഹന്താവൈറസ് രോഗം പടര്‍ന്നു പിടിച്ച് 3000-ത്തോളം പട്ടാളക്കാര്‍ മരണമടഞ്ഞിരുന്നു. 1918-ല്‍ പടര്‍ന്നു പിടിച്ച മഹാരിയായ സ്പാനിഷ് ഫ്‌ലൂ ലോകത്തെമ്പാടുമായി 50 ദശലക്ഷം മനുഷ്യരെയാണ് കൊന്നൊടുക്കിയത്. 1950-കളില്‍ ഫിലിപ്പൈന്‍സിലും തായ്ലന്റിലും പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി വര്‍ഷംതോറും ലോകത്തെമ്പാടുമായി 10 കോടി മനുഷ്യരെ ബാധിക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. 2002-ല്‍ തെക്കന്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട ശ്വാസകോശ രോഗമാണ് സാര്‍സ് (SAARS). വവ്വാലുകളില്‍ ഉത്ഭവിച്ച ഈ വൈറസ് വെരുകിലൂടെ മനുഷ്യരില്‍ എത്തിപ്പെട്ടതാകാം എന്നാണ് ശാസ്ത്രമതം. രണ്ടു വര്‍ഷംകൊണ്ട് ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളിലേക്കു വ്യാപിച്ച സാര്‍സ് മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സാര്‍സിന് അംഗീകൃത ചികിത്സയോ ഔഷധമോ ലഭ്യമല്ലെങ്കിലും 2000-ത്തിന്റെ ആരംഭവര്‍ഷങ്ങള്‍ മുതല്‍ ഈ രോഗം മനുഷ്യരില്‍നിന്നു പിന്‍വാങ്ങിയ മട്ടാണ്.

2012-ല്‍ സൗദി അറേബ്യയിലും 2015-ല്‍ തെക്കന്‍ കൊറിയയിലും പൊട്ടിപ്പുറപ്പെട്ട മെര്‍സ് (MERS) രോഗം മൂലമുള്ള മരണനിരക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ആയിരുന്നു. 2018-ല്‍ കേരളത്തെ  ഭീതിയില്‍ ആഴ്ത്തിയ നിപ രോഗത്തിന്റെ മരണനിരക്ക് 90 ശതമാനം ഏറെ ആയിരുന്നെന്ന സത്യം നാം ഓര്‍ക്കേണ്ടതുണ്ട്. നിപയ്ക്കും മെര്‍സിനും കൊവിഡിനും ഇതുവരെ അംഗീകൃത ചികിത്സയോ വാക്സിനോ കണ്ടെത്തിയിട്ടില്ല.

ഒറ്റ നോട്ടത്തില്‍ കൊവിഡ് വൈറസിന് (സാര്‍സ് കോവ്-2) ഒരു റമ്പുട്ടാന്‍ പഴത്തിന്റെ ആകൃതിയാണ്. അകത്ത് ഒരു ചുരുണ്ട ആര്‍.എന്‍.എ (RNA) തന്തു. ഈ ആര്‍.എന്‍.എ ആണ് വൈറസിന് അസാമാന്യ ശക്തി നല്‍കുന്ന ജനിതക വസ്തു. വൈറസുകളില്‍ കാണുന്ന ഏറ്റവും വലിയ ആര്‍.എന്‍.എകളില്‍ ഒന്നാണിത്. ഇതിനെ പൊതിഞ്ഞുകൊണ്ട് ഗോളാകൃതിയില്‍ കൊഴുപ്പിന്റെ രണ്ട് പാളികള്‍കൊണ്ട് ഉണ്ടാക്കിയ ഒരു കവചം കാണാം. കവചത്തിന് പുറത്തു നിറയെ മാംസ്യമുള്ളുകള്‍ ഉണ്ട്. ആര്‍.എന്‍.എ വൈറസുകള്‍ ഡി.എന്‍.എ (DNA) വൈറസുകളേക്കാള്‍ അപകടകാരികളാണ്. കാരണം, ഇവയ്ക്കു പെട്ടെന്ന് രൂപം മാറ്റാന്‍ കഴിയും. ഈ രൂപമാറ്റം വാക്സിന്‍ കണ്ടെത്തുന്നതിന് പ്രയാസമുണ്ടാക്കുന്നു. പ്രഹരശേഷിയും കൂടുതലാണ്. പെട്ടെന്ന് പെരുകാനും പടരാനും RNAവൈറസുകള്‍ക്ക്  അസാധാരണ ശേഷിയുണ്ട്.

കൊവിഡ് വൈറസ് ചൈനയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന വൈറസ് ഗവേഷണ സ്ഥാപനത്തില്‍നിന്ന് പുറത്തുവന്നതാണെന്ന് രോഗം കണ്ടെത്തി ഏറെ താമസിയാതെ ഒരു ഇസ്രയേല്‍ ശാസ്ത്രജ്ഞനും തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് പരസ്യമായും പ്രസ്താവിച്ചിരുന്നു. അദ്ദേഹം ചൈനീസ് വൈറസ് എന്ന് ഈ വൈറസിനെ ഇടയ്ക്കിടെ വിശേഷിപ്പിക്കുന്നതും ലോകം പലതവണ കേട്ടതാണ്. കൊവിഡ് വൈറസ് ചൈന സൃഷ്ടിച്ച ജൈവായുധമാണെന്നും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, വൈറസിനെ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞന്മാര്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു. ഈ വൈറസ് മനുഷ്യസൃഷ്ടിയല്ല എന്ന നിഗമനത്തില്‍ എങ്ങനെയാണ് ശാസ്ത്രജ്ഞന്മാര്‍ എത്തിയത് എന്ന് പരിശോധിക്കാം. ആദ്യമായി ഈ വൈറസിനെ നിലവിലുള്ള ഏഴ് കൊറോണ വൈറസുകളുടെ ജനിതകഘടനയുമായി താരതമ്യം ചെയ്തു നോക്കി. കൊവിഡ് വൈറസിന് ഇവയില്‍ ചിലതുമായുള്ള സാദൃശ്യം വൈറസ് മനുഷ്യസൃഷ്ടിയാണെന്ന ആരോപണം തള്ളാനുള്ള തെളിവായി ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസുകള്‍ മനുഷ്യകോശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ അതിന്റെ പുറത്തെ മാംസ്യ മുള്ളുകളാണ് ഉപയോഗിക്കുന്നത്. ഈ മുള്ളുകള്‍ കോശങ്ങളുടെ പുറത്ത്  ഉണ്ടാക്കുന്ന ദ്വാരത്തിലൂടെയാണ് വൈറസ് കോശങ്ങളുടെ അകത്തു കടക്കുന്നത്. മനുഷ്യകോശങ്ങളില്‍ ഇത്രയും ഫലപ്രദമായി പറ്റിപ്പിടിക്കാന്‍ കഴിവുള്ള മാംസ്യമുള്ളുകള്‍ നിര്‍മ്മിച്ച ജീനുകള്‍ മനുഷ്യന് സൃഷ്ടിക്കാന്‍ കഴിയില്ലെന്നും പ്രകൃതിയുടെ സൃഷ്ടിയാണെന്നും അവര്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യരെ ബാധിച്ച സാര്‍സ് വൈറസിന് ജനിതകമാറ്റം വന്നിട്ടാണ് കൊവിഡ് വൈറസ് ഉണ്ടായത്. സാര്‍സ് വൈറസില്‍ ജനിതകമാറ്റം കംപ്യൂട്ടറിന്റെ സഹായത്തോടെ ഉണ്ടാക്കിയതല്ല. കാരണം കംപ്യൂട്ടര്‍ നല്‍കുന്ന നിര്‍ദ്ദേശാനുസരണം ഈ വൈറസില്‍ ജനിതകമാറ്റം വരുത്തിയിരുന്നെങ്കില്‍  ഇത്രയും ഫലപ്രദമായി മനുഷ്യകോശങ്ങളില്‍ പറ്റിപ്പിടിക്കാന്‍ കഴിവുള്ള ഒരു കൊവിഡ് വൈറസിനെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല.

മാത്രമല്ല, കൊവിഡ് വൈറസിനോട് സാദൃശ്യമുള്ള വൈറസുകളെ വവ്വാലിലും ഈനാംപേച്ചിയിലും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തുകയും ചെയ്തു. സ്വാഭാവികമായും നിലവിലുള്ള സാര്‍സ് വൈറസില്‍ ജനിതകമാറ്റം വരുത്തിയേ പുതിയ വൈറസിനെ ഏതു ശാസ്ത്രജ്ഞനും സൃഷ്ടിക്കുകയുള്ളു.  കൊവിഡ് വൈറസിനെ സസൂക്ഷ്മം പഠിച്ച ഗവേഷകര്‍ അതിന്റെ വിദൂര സാധ്യതകള്‍ പോലും തള്ളിക്കളയുകയാണ് ചെയ്തത്.

പിന്നെ എവിടെ നിന്നാണ് ഈ വൈറസ് മനുഷ്യരില്‍ എത്തിപ്പെട്ടത്? രണ്ടു സാധ്യതകളാണ് ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഒന്നാമതായി സാര്‍സ് വൈറസ് വെരുകിലൂടെയും മെര്‍സ് വൈറസ് ഒട്ടകത്തിലൂടെയും മനുഷ്യരില്‍ എത്തിപ്പെട്ടതുപോലെ വവ്വാലില്‍നിന്ന് ഈനാംപേച്ചിയിലൂടെ ആകാം കൊവിഡ് വൈറസ് മനുഷ്യരില്‍ പ്രവേശിച്ചത്. വുഹാനിലെ തെരുവുകളില്‍ മനുഷ്യരും ഈനാംപേച്ചിയും അടുത്ത് ഇടപഴകുന്ന കാഴ്ച അസാധാരണമല്ല. മറ്റൊരു സാധ്യത മനുഷ്യരില്‍ എത്തിപ്പെട്ടതിനു ശേഷം സംഭവിച്ച ജനിതകമാറ്റമാകാം വൈറസിനെ ഇത്രയും അപകടകാരിയാക്കിയത് എന്നാണ്.

വൈറസ് ശ്വാസകോശത്തിലെ കോശങ്ങളെയാണ് ആക്രമിക്കുന്നത്. വൈറസിന്റെ പുറത്തെ മാംസ്യമുള്ളുകള്‍ കോശങ്ങളുടെ പുറത്ത് പറ്റിപ്പിടിച്ച് കോശഭിത്തിയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു. ഈ ദ്വാരത്തിലൂടെ കോശത്തിന്റെ അകത്തു കടക്കുന്ന വൈറസ്-RNA മനുഷ്യകോശത്തിന്റെ സഹായത്താല്‍ പുതിയ വൈറസുകളെ സൃഷ്ടിക്കുന്നു. ഇവ കോശങ്ങളുടെ പുറത്തുവന്ന് മറ്റ് കോശങ്ങളെ ആക്രമിക്കുന്നു. അങ്ങനെ വൈറസുകള്‍ ആയിരമായിരമായി പെരുകുകയും കോശങ്ങള്‍ ഓരോന്നോരോന്നായി നശിക്കുകയും ചെയ്യുന്നു. 

മാരകമായ വൈറസുകള്‍ നിതാന്തമായി ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് നമുക്ക് തീര്‍ത്തു പറയാന്‍ കഴിയില്ല. എങ്കിലും കൊവിഡ് വൈറസിനെപോലെ അത്യന്തം അപകടകാരികളായ വൈറസുകള്‍ നാളെകളിലും നമ്മുടെ ജീവന്‍ അപഹരിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും എടുക്കുന്നതാണ് അഭികാമ്യം. ആദ്യമായി മനുഷ്യരുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്ന മൃഗങ്ങളെയും പക്ഷികളെയും വ്യാപകമായ പരിശോധന നടത്തി പുതിയ ഇനം വൈറസ്സുകള്‍ ഉരുത്തിരിഞ്ഞിട്ടുണ്ടോ എന്ന് കണ്ടെത്തണം. ഈ രോഗാണുക്കളുടെ സ്വഭാവങ്ങളും ജനിതകഘടനയും പഠിച്ച് കുത്തിവെപ്പ് മരുന്ന് വികസിപ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കണം. സാര്‍സ് രോഗം പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് മരുന്ന് കണ്ടെത്താനുള്ള ശ്രമം പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഉപേക്ഷിച്ചിരുന്നില്ലെങ്കില്‍ കൊവിഡിന് എതിരെ വാക്സിന്‍ കണ്ടെത്താന്‍ എളുപ്പമായേനെ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പക്ഷിമൃഗാദികളിലെ പഠനം നിരന്തരവും ലോകവ്യാപകവുമായിരിക്കണം. പകര്‍ച്ചവ്യാധികളുടെ പഠനവും മുന്‍കരുതലുകളും പ്രാദേശികതലത്തില്‍ ഒതുക്കാതെ സാര്‍വലൗകികമായി നടത്തേണ്ടതാണെന്ന് കൊവിഡിന്റെ വ്യാപനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ലോകത്ത് വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളിലെ ഏതാനും ഇടങ്ങളില്‍ മാത്രം പടര്‍ന്നു പിടിച്ചതു കൊണ്ടാകാം നിപയ്ക്കും സാര്‍സിനും മെര്‍സിനും വാക്സിന്‍ കണ്ടെത്താതെ പോയത്. മനുഷ്യജീവനേക്കാള്‍ വാക്സിനുകളുടെ വിപണനത്തില്‍നിന്ന് ലഭിക്കുന്ന ലാഭം മാത്രം  ലക്ഷ്യംവെച്ചാല്‍ ഭാവിയില്‍ നാം അനേകലക്ഷം പേരുടെ ജീവന്‍ വിലയായി നല്‍കേണ്ടിവരും.

കോവിഡ് 19 ബാധിച്ച രോ​ഗിയെ ശുശ്രൂഷിക്കുന്ന ഡോക്ടർ/ ഫോട്ടോ: എപി
കോവിഡ് 19 ബാധിച്ച രോ​ഗിയെ ശുശ്രൂഷിക്കുന്ന ഡോക്ടർ/ ഫോട്ടോ: എപി

പക്ഷികളേയും മൃഗങ്ങളേയും അവയുടെ തനതു ആവാസങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം. ഇതിനി ആവാസങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. വവ്വാലുകള്‍ പോലെയുള്ള ജന്തുക്കള്‍ വിവിധയിനം മാരക വൈറസുകളുടെ നിസംഭരണികളാണ്. സംഭരണ ജന്തുക്കളുടെ പ്രതിരോധശക്തി കുറയുന്നത് വഴി വൈറസുകള്‍ അവയുടെ ശരീരത്തില്‍ പെരുകാന്‍ ഇടയാകും. ഇങ്ങനെ പെരുകുന്ന വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്. ആവാസം നഷ്ടപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും വവ്വാലുകളെപോലുള്ള വൈറസ് വാഹകരുടെ പ്രതിരോധശക്തി ശോഷിപ്പിക്കും. മാത്രമല്ല, ആവാസശോഷണം വന്യജന്തുക്കള്‍ മനുഷ്യആവാസങ്ങളിലേക്ക് യഥേഷ്ടം കടന്നുവരാന്‍ വഴിതുറക്കും. അതുവഴി മാരകമായ വൈറസുകള്‍ മനുഷ്യശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കും. വന്യജീവികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനായി ലോകത്തെമ്പാടുമുള്ള വന്യജീവി വിപണന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. വന്യമൃഗങ്ങളെയും പക്ഷികളേയും ഓമനിച്ചു വളര്‍ത്തുന്ന സംസ്‌കാരം ഉപേക്ഷിച്ചേ മതിയാകൂ. നായകളിലും പൂച്ചകളിലുമൊക്കെ ധാരാളം വൈറസുകള്‍ അധിവസിക്കുന്നുണ്ട്. എപ്പോഴാണ് അവ ജനിതക മാറ്റത്തിലൂടെ മാരകരൂപം കൈവരിക്കുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ലോകത്തെമ്പാടുമുള്ള മൃഗശാലകളും സഫാരി പാര്‍ക്കുകളും നല്‍കുന്ന സേവനങ്ങളും വരുമാനവും മനുഷ്യജീവനേക്കാള്‍ വലുതാണോ എന്ന് നാം പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിത്. മനുഷ്യരെപ്പോലെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അവയുടെ സ്വാഭാവിക ആവാസങ്ങളില്‍ ജീവിക്കാനുള്ള അവകാശത്തെ നാം അംഗീകരിക്കണം.

കാലം കരുതിവെച്ച മഹാമാരികള്‍ നാളെകളിലും ലോകത്തിന്റെ ഉറക്കം കെടുത്തിയേക്കാം. ആ ദുരിത കാലത്തെ അതിജീവിക്കാന്‍ ഈ മഹാവ്യാധി നമുക്ക് നല്‍കിയ പാഠങ്ങള്‍ നാം മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. സമ്പത്തും അധികാരവും ആയുധ മേധാവിത്വവും ഒരു സൂക്ഷ്മ കണത്തിനു മുന്‍പില്‍ നിഷ്പ്രഭമായതിന് ലോകം സാക്ഷിയായി. വികസനത്തിന്റെ അംഗീകൃത സൂചകങ്ങള്‍ അപ്പാടെ മാറ്റിയെഴുതണമെന്നാണ് ഈ അനുഭവം നല്‍കുന്ന ആദ്യ പാഠം. സംരക്ഷിത പ്രകൃതിയും മലിനമുക്തമായ ചുറ്റുപാടുകളും സമൂഹത്തിന്റെ താഴേതട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കുപോലും പ്രാപ്യമായ ചികിത്സാസൗകര്യങ്ങളുമായിരിക്കണം കൊവിഡ് അനന്തര ലോകത്തിന്റെ മുഖ്യവികസന സൂചികകള്‍. സമ്പത്തും ആയുധശക്തിയുടെ സുരക്ഷ നല്‍കിയ അമിതമായ ആത്മവിശ്വാസവും ആസൂത്രണത്തിലെ പിഴവുമാണ് അമേരിക്കയില്‍ അരലക്ഷത്തിലേറെ മനുഷ്യജീവന്‍ പൊലിഞ്ഞുപോയതിന്റെ മുഖ്യകാരണങ്ങള്‍. ആളോഹരി വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇറ്റലിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച പലരും കോടീശ്വരന്മാരാണത്രെ. ശൂന്യാകാശത്തിലേക്കും അന്യഗ്രഹങ്ങളിലേക്കും പര്യവേഷണ യാത്രയ്ക്കായി കോടികള്‍ ചെലവിടുമ്പോള്‍ ഓരോ രാജ്യത്തും പര്യാപ്തമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിനും  രോഗാണു ഗവേഷണങ്ങള്‍ക്കും നാം എത്ര ചെലവഴിച്ചു എന്നു ചിന്തിക്കേണ്ട സമയമാണിത്.

പൂര്‍ണ്ണമായ സ്വയംപര്യാപ്തത ഒരു ഉട്ടോപിയന്‍ ആശയമാണെങ്കിലും പരമാവധി സ്വയംപര്യാപ്തമാകേണ്ടത്തിന്റെ അനിവാര്യത ഈ കൊവിഡ് അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. രാജ്യാന്തര യാത്രകളാണ് ഈ മഹാമാരിയെ ലോകമാകെ വ്യാപിപ്പിച്ചത് എന്നതില്‍ തര്‍ക്കമില്ല. രാജ്യങ്ങള്‍ പരമാവധി സ്വയം പര്യാപ്തത കൈവരിച്ചാല്‍ ഈ യാത്രകള്‍ നമുക്ക് കുറക്കാന്‍ കഴിയും. സമീപസംസ്ഥാനങ്ങളിലേക്കുള്ള പാതകള്‍ അടച്ചപ്പോള്‍ നാം അനുഭവിച്ച ദുരിതങ്ങള്‍ നമുക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുണ്ട്. അടിയന്തര ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങിയവരെ നാം കണ്ടു. എന്തുകൊണ്ടാണ് ഈ മനുഷ്യര്‍ക്ക് ചികിത്സയ്ക്കായി സമീപസംസ്ഥാനത്തെ ആശ്രയിക്കേണ്ടിവന്നത് എന്ന ചോദ്യത്തിന് നാം എങ്ങനെയാണ് ഉത്തരം നല്‍കുക. സമീപസംസ്ഥാനങ്ങളില്‍നിന്ന് അരിയും പച്ചക്കറികളും പഴങ്ങളും ലഭ്യമല്ലാതായാല്‍ നാം പട്ടിണിയാകുമെന്ന തിക്ത സത്യവും കൊവിഡ് കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. സമീപസംസ്ഥാനം നമ്മുടെ മിച്ചംവരുന്ന പാല്‍ വേണ്ടെന്നു വെച്ചാല്‍ പാല്‍ നമുക്ക് ഓടയിലേക്കു ഒഴുക്കിക്കളയേണ്ടിവരുമെന്ന ദുരവസ്ഥയും നാം തിരിച്ചറിഞ്ഞു. രാജ്യവും സംസ്ഥാനവും മാത്രമല്ല ഓരോ കുടുംബവും പരമാവധി സ്വയം പര്യാപ്തമായില്ലെങ്കില്‍ നാളെകളില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ നാം അമ്പേ പരാജയപ്പെട്ട് പോകും. കൊവിഡ് കാലം നമുക്ക് നല്‍കിയ അനുഭവങ്ങളും പാഠങ്ങളും കൊവിഡ് അനന്തര കാലത്ത് ഒരു പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയായി പരിണമിക്കാത്ത പക്ഷം മനുഷ്യവംശത്തിന്റെ ഭാവിയിലെ നിലനില്‍പ്പുപോലും അവതാളത്തിലായേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com