കൊറോണ; ഭരണകൂടങ്ങള്‍ പഠിക്കേണ്ട പാഠങ്ങള്‍

ഈ കൊവിഡ് പോരാട്ടത്തില്‍നിന്നു ഭരണകൂടങ്ങള്‍ ഭാവിയിലേക്ക് പഠിക്കേണ്ട ഏറെ കാര്യങ്ങളുണ്ട്. ഇതുപോലെയുള്ള മഹാമാരികളെ നേരിടാന്‍ പാകത്തില്‍ രാജ്യങ്ങളും സമൂഹവും അനിവാര്യമായി മാറേണ്ടിയിരിക്കുന്നു
കൊറോണ; ഭരണകൂടങ്ങള്‍ പഠിക്കേണ്ട പാഠങ്ങള്‍

രു മഹാമാരിയുടെ ഭീഷണിയില്‍ ലോകജനതയൊന്നാകെ അതിജാഗ്രതയില്‍ കഴിയേണ്ടി വന്ന ആദ്യത്തെ സംഭവമായിരിക്കും ഈ കൊറോണകാലം. ഇതിന്റെ ഭവിഷത്തുകളെക്കുറിച്ച് ഇനിയും പൂര്‍ണ്ണമായി പറയാറായിട്ടില്ല. ഞെട്ടലിന്റേയും ഊഹങ്ങളുടേയും പുതിയ സാധ്യതകളുടേയും വാര്‍ത്തകള്‍ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ അഞ്ചുമാസങ്ങള്‍ ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളോളം പഠനവിധേയമാക്കേണ്ടിവരും. അതിനേക്കാള്‍ കൂടുതല്‍ ചരിത്രകാരന്മാര്‍ ഈ കാലം പഠിക്കേണ്ടിവരും. കൊവിഡിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാം എന്നു നമ്മള്‍ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. അനിവാര്യമായ ചില മാറ്റങ്ങള്‍ ഇവിടെ വേണം എന്നുകൂടി തെളിയിക്കുന്നതാണ് ഈ ദുരന്തകാലം.

2019 ഡിസംബര്‍ 31-നാണ് അജ്ഞാതമായ ഒരു രോഗത്തെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചത്. പുതുവര്‍ഷ പിറവിയുടെ ആലസ്യത്തിലായിരുന്ന രാജ്യങ്ങളൊന്നും ഇത് അത്ര കാര്യമാക്കിയതുമില്ല - ചൈനയടക്കം. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാന്‍ ആദ്യ നാളുകളില്‍ രാജ്യങ്ങള്‍ക്കു കഴിഞ്ഞില്ല.

എന്നാല്‍, തായ്വാന്‍ അന്നുതന്നെ ജാഗ്രതയിലായി. വുഹാനില്‍നിന്ന് തായ്വാനിലെത്തുന്ന വിമാനങ്ങള്‍ നിരീക്ഷിക്കാനും ആളുകളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും തായ്വാന്‍ സര്‍ക്കാര്‍ അന്നുതന്നെ നിര്‍ദ്ദേശമിറക്കി. പനിയും ചുമയുമായെത്തുന്ന രോഗികളെ ക്വാറന്റൈന്‍ ചെയ്യാനും തുടങ്ങി. അതോടൊപ്പം വുഹാന്‍ ഉള്‍പ്പെടുന്ന ഹുബേ പ്രവിശ്യയിലേക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.

ചൈനയില്‍ രാജ്യവ്യാപകമായ ആരോഗ്യ പരിശോധന നടത്താന്‍ ആദ്യദിവസങ്ങളില്‍ അവര്‍ തയ്യാറായില്ല. ശ്വാസം കിട്ടാതെ പിടയുന്ന രോഗികളുടെ അനുഭവങ്ങളും ഒരു മഹാമാരിയുടെ സൂചനയും ഡോക്ടര്‍മാരടക്കം നല്‍കിയിട്ടും വുഹാന്‍ പ്രവിശ്യയില്‍പ്പോലും വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങളെ കാണാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല. അതിനു കഴിഞ്ഞിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ഇത്. ഏറ്റവും വേഗത്തില്‍ നടപടികളെടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പഠനം മാര്‍ച്ച് മാസത്തില്‍ പുറത്ത് വന്നിട്ടുണ്ട്. സൗത്താംപ്റ്റണ്‍ യൂണിവേഴ്സിറ്റിയുടേതാണ് പഠനം. ഒരാഴ്ച മുന്‍പെങ്കിലും വ്യാപകമായ പരിശോധന നടത്താന്‍ ചൈന തയ്യാറായിരുന്നെങ്കില്‍ 66 ശതമാനം കേസുകള്‍ കുറയുമായിരുന്നു എന്നാണ് ഈ പഠനത്തില്‍ പറയുന്നത്. മൂന്നാഴ്ച മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ 95 ശതമാനം കേസുകളും ഒഴിവാക്കാമായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പഠനത്തില്‍. ഇതേ സമയം തായ്വാന്റെ കാര്യമെടുത്താല്‍ ഇതുവരെ 438 പോസിറ്റീവ് കേസും ആറ് മരണങ്ങളും മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. സാര്‍സ് രോഗത്തിന്റെ ഓര്‍മ്മകളും വൈറസിന്റെ വ്യാപനത്തെക്കുറിച്ച് ജാഗ്രതയിലാകാന്‍ അവരെ സഹായിച്ചിരിക്കണം. ഇതു നല്‍കുന്നത് ഒരു വലിയ പാഠമാണ്. ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രാഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഷേല്‍ റയാന്റെ വാക്കുകള്‍ ഇങ്ങനെയാണ്- ''ആശങ്കകളില്ലാതെ വളരെ പെട്ടെന്നു പ്രവര്‍ത്തിക്കണം. നടപടികളെടുക്കുന്നതില്‍ നിങ്ങളായിരിക്കണം ഒന്നാമത്. നിങ്ങള്‍ വേഗത്തിലല്ലെങ്കില്‍ വൈറസ് നിങ്ങളെ പിടിമുറുക്കും. വരുംവരായ്കകളെക്കുറിച്ച് കൂടുതല്‍ ആലോചിച്ചിരുന്നാല്‍ നിങ്ങളൊരിക്കലും വിജയിക്കില്ല'' ഭരണകൂടങ്ങള്‍ക്കുള്ള താക്കീത് കൂടിയാണ് ഈ വാക്കുകള്‍.

തടയാന്‍ ഇനി നമുക്കറിയാം 

കൊവിഡ് 19 വൈറസ് എത്തി മാസങ്ങളായിട്ടും ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമുക്കിപ്പോഴും അജ്ഞമാണ്. എങ്ങനെയാണ് ഇതു പടരുന്നത്, എങ്ങനെ മരണകാരണമാകുന്നു എന്നിങ്ങനെയുള്ള അടിസ്ഥാനകാര്യങ്ങള്‍പോലും ഇനിയും കൂടുതല്‍ വ്യക്തമാകാനുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള പല സുപ്രധാന തീരുമാനങ്ങളും നേതാക്കള്‍ എടുക്കുന്നത് ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ്. എങ്കിലും മുന്‍പുണ്ടായിട്ടുള്ള പകര്‍ച്ച വ്യാധികളുടെ അനുഭവവും അതിന്റെ അടിസ്ഥാന വിവരങ്ങളും കൊവിഡിനെ പ്രതിരോധിക്കുന്നതിലും സഹായിച്ചു. വിജയിച്ച മാതൃകകളും പരാജയപ്പെട്ട മാതൃകകളും നമുക്കു മുന്നില്‍ തന്നെയുണ്ട്. നേരത്തേയും വ്യാപകവുമായ പരിശോധനയിലൂടെ ദക്ഷിണകൊറിയയും ഐസ്ലാന്റും അവരുടെ രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കാതെ രക്ഷപ്പെടുത്തി. കൃത്യമായി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്യാനും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷ നടപ്പാക്കിയുമാണ് സിംഗപൂര്‍ ഇതിനെ നേരിട്ടത്. 2002-2003 കാലത്ത് സാര്‍സ് രോഗത്തിനെ നേരിട്ടതാണ് ഈ രാജ്യങ്ങള്‍ക്കും ഗുണമായത്.

സാമൂഹികമായ അകലം പാലിക്കാനുള്ള നടപടികള്‍ കൃത്യമായി ചെയ്ത രാജ്യങ്ങളില്‍ രോഗവ്യാപനം വലിയ തോതില്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതുതരം സമൂഹമാണെങ്കിലും- വികസിതമാണെങ്കിലും അല്ലെങ്കിലും- ആരോഗ്യനടപടികള്‍ കൃത്യമായി പാലിക്കുകയും നേരത്തെയുള്ള ലോക്ഡൗണുകളും ഈ മഹാമാരിയെ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. വൈകിയുള്ള ലോക്ഡൗണുകള്‍ രോഗവ്യാപനം കൂട്ടാനാണ് സഹായിച്ചത്. തായ്വാന്‍, സിംഗപൂര്‍ (18 മരണം), ഹോങ്കോങ് (4 മരണം) എന്നീ രാജ്യങ്ങളുടെ മാതൃകകള്‍ ഭാവിയില്‍ നമുക്കു മുന്നിലുണ്ടാകും.

കൊറോണ വൈറസിന്റെ വ്യാപനം ഒരു ആഗോളപ്രശ്‌നമാണ്. വന്‍തോതിലുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉണ്ടായാലും പൂര്‍ണ്ണമായും രക്ഷപ്പെടുക എളുപ്പമല്ല. പല രാജ്യങ്ങള്‍ക്കും ഈ പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ വലിയ ബുദ്ധിമുട്ടുകളുമുണ്ടായി. ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും അടച്ചുപൂട്ടലുകളുണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും പല രാജ്യങ്ങളേയും തുടക്കത്തില്‍ ബുദ്ധിമുട്ടിലാക്കി. മനുഷ്യാവകാശത്തിനു വലിയ വിലകല്‍പ്പിക്കുന്ന ബ്രിട്ടന്‍പോലുള്ള ലിബറല്‍ രാജ്യങ്ങള്‍ക്ക് ആളുകള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതുപോലെ ഇറ്റലിയുടെ വ്യവസായശാലകള്‍ പൂട്ടിയിടുന്നതില്‍ ആ രാജ്യവും തുടക്കത്തില്‍ മുന്‍കൈ എടുത്തില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടംമറിയുന്നതിനെക്കുറിച്ചുള്ള ആലോചനകളാണ് ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചത്. രാജ്യത്തെ സാധാരണക്കാര്‍ പണിയെടുക്കുന്ന ഫാമുകളും നിര്‍മ്മാണ മേഖലകളും അടച്ചിടാന്‍ പാകിസ്താനെ പോലുള്ള വികസ്വരരാജ്യങ്ങള്‍ക്കും അത്ര എളുപ്പത്തില്‍ കഴിഞ്ഞിരുന്നില്ല. 

സാമൂഹിക അകലം പാലിക്കുക, ലോക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നിവ പറയാന്‍ എളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കുക പല രാജ്യങ്ങള്‍ക്കും പല കാരണങ്ങള്‍ കൊണ്ടും ദുഷ്‌കരമാണ്. അതുണ്ടാക്കുന്ന സാമൂഹ്യപ്രത്യാഘാതകങ്ങള്‍ പല രാജ്യങ്ങളേയും ഇതില്‍നിന്നും പിന്തിരിപ്പിക്കും. എന്നാല്‍, വൈറസുകള്‍ അപ്പോഴേക്കും പിടിമുറുക്കി കഴിയും. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ് രോഗംപടരാതിരിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗമെന്ന് കൊറോണകാലം പഠിപ്പിക്കുന്നു. മഹാമാരിയെ നേരിടാന്‍ ലോകത്തില്‍ ഏറ്റവും സജ്ജമായ രാജ്യം അമേരിക്കയാണ് എന്നാണ് ഒക്ടോബറില്‍ പുറത്തിറങ്ങിയ ആഗോളസൂചികയില്‍ പറയുന്നത്. പക്ഷേ, ഏറ്റവുമധികം ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് അമേരിക്കയ്ക്ക് തന്നെയാണ്. സാങ്കേതികമായി മികവുണ്ടെങ്കിലും സര്‍ക്കാര്‍തല നടപടികളില്‍ അമേരിക്ക പരാജയപ്പെട്ടതും നമുക്കു മുന്നിലുണ്ട്.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ നാല്പതിലധികം രാജ്യങ്ങള്‍ പൗരന്മാരെ പല തരത്തില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇതുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ പ്രവചനാതീതമാണ്. ഹോംകോംങിലും ബെഹ്റൈനിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇലക്ട്രാണിക് ബാഡ്ജ് കയ്യിലണിയണം. ഓരോ നീക്കങ്ങളും ഇതിലൂടെ അറിയാന്‍ കഴിയും. ഇന്ത്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് പൗരനിരീക്ഷണം. ഫോണ്‍ ഡാറ്റ ചോര്‍ത്തലും പലയിടത്തും നടക്കുന്നു. രോഗബാധിതരുടെ ക്ലസ്റ്റര്‍ നിര്‍ണ്ണയിക്കാന്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ ദക്ഷിണകൊറിയയും ഉപയോഗിക്കുന്നുണ്ട്. മനുഷ്യാവകാശവാദികള്‍ ഇതില്‍ പലതരത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഭാവിയിലും ഒരു പകര്‍ച്ചവ്യാധിയുടെ ഭീഷണിയില്‍ പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാരുകള്‍ക്ക് എളുപ്പത്തില്‍ ശേഖരിക്കാനാവും- ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. ഒരുതരം അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ ലോകത്ത് നിലനില്‍ക്കുന്നത്. പ്രത്യേക സാഹചര്യത്തിന്റെ പേരില്‍ ഈ നടപടികളും സ്വാഭാവികവല്‍ക്കരിക്കപ്പെടും. ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള വലിയ സാധ്യതകളെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. പൗരസ്വാതന്ത്രവും ആരോഗ്യ അടിയന്തരാവസ്ഥയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിവരും.

സര്‍ക്കാരുകളില്‍ പൊതുജനവിശ്വാസം 

ലോകത്തെ ഭൂരിഭാഗം ജനങ്ങളും ലോക്ഡൗണിലാണ്. മാനുഷികപരമായി ജനങ്ങളുടെ കൂട്ടായ ഒരു നടപടിയായി ഇതിനെ കാണണം. ലോക്ഡൗണ്‍ വിജയകരമായി നടപ്പാക്കണമെങ്കില്‍ അതത് സര്‍ക്കാറുകള്‍ക്കുമേല്‍ ജനത്തിന് അത്രയധികം വിശ്വാസം വേണം. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നത് എന്ന ബോധ്യം അവരിലുണ്ടാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയണം. എങ്കില്‍ മാത്രമേ കൂട്ടായ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കുകയുള്ളൂ. പല രാജ്യങ്ങള്‍ക്കും ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. വിശ്വാസം നഷ്ടമാകുന്നയിടങ്ങളില്‍ അത് തെരുവുകളില്‍ കാണാം. സര്‍ക്കാരുകളില്‍ വിശ്വാസം നഷ്ടപ്പെടുന്നതോടെ ആളുകള്‍ ഭയത്തിനും ആശങ്കയ്ക്കും വഴി മാറും. ദക്ഷിണാഫ്രിക്കയില്‍ കര്‍ഫ്യൂ നടപ്പാക്കിയത് ജനങ്ങളെ അടിച്ചോടിച്ചാണ്. കിലോമീറ്ററുകളോളം നടന്നാണെങ്കിലും സ്വന്തം നാട്ടിലേയ്ക്ക് പോകാന്‍ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയത് നമ്മുടെ രാജ്യത്താണ്. രോഗവ്യാപനത്തിനത്തിന്റേയും സാമൂഹിക അകലത്തിന്റേയും ആശങ്കകള്‍ക്കപ്പുറം ഭരണകൂടത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയെയാണ് നമുക്കതില്‍ കാണാന്‍ കഴിയുന്നത്. സര്‍ക്കാറുകള്‍ നമുക്കുവേണ്ടി ചെയ്യും എന്ന തോന്നലുകള്‍ ജനങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. കര്‍ശന നടപടികള്‍ സ്വീകരിച്ച ജോര്‍ദാനില്‍ ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ 1,600 പേരാണ് ജയിലിലായത്. വിശ്വാസം കുറഞ്ഞ സമൂഹത്തിന്മേല്‍ നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അനുസരിക്കാതിരിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. യൂറോപ്പിലും യ.എസിലുമടക്കം നമുക്കതു കാണാം. വരുംനാളുകളില്‍ വൈറസ് വ്യാപനമുണ്ടായാല്‍ സര്‍ക്കാറുകള്‍ ജനങ്ങളോട് വീട്ടിലിരിക്കാന്‍ പറയേണ്ടിവരും. വിശ്വാസക്കുറവും ഭയവുമില്ലാത്ത ഒരു ജനതയെ സൃഷ്ടിക്കാന്‍ ഭരണകൂടങ്ങള്‍ക്കു കഴിയണം.

ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ച ആളുടെ മൃതദേഹം അന്ത്യ ശുശ്രൂഷയ്ക്കായി സെമിത്തേരിയിൽ വച്ചപ്പോൾ. വിരലില്ലെണ്ണാവുന്നവരുടെ സാന്നിധ്യം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു/ ഫോട്ടോ: എപി
ഇറ്റലിയിൽ കൊറോണ ബാധിച്ചു മരിച്ച ആളുടെ മൃതദേഹം അന്ത്യ ശുശ്രൂഷയ്ക്കായി സെമിത്തേരിയിൽ വച്ചപ്പോൾ. വിരലില്ലെണ്ണാവുന്നവരുടെ സാന്നിധ്യം മാത്രമേ അവിടെയുണ്ടായിരുന്നുള്ളു/ ഫോട്ടോ: എപി

കൊറോണപോലുള്ള മഹാമാരികളില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രനേതാക്കന്മാര്‍ ജനപ്രിയത നേടും എന്നത് യാഥാര്‍ത്ഥ്യമാണ്. കൂടുതല്‍ അവര്‍ക്കായി പ്രവര്‍ത്തിക്കാനും അവരോട് സംസാരിക്കാനും കഴിയുകയും അരക്ഷിതരായ ആളുകള്‍ അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്യും. ലോകരാജ്യങ്ങളുടെ സ്ഥിതി എടുത്താല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സോനരോയും ഇതിനു നേരെ വിപരീതമായിരുന്നു. അവരുടെ ജനപ്രീതി ഇക്കാലത്ത് ഇടിഞ്ഞതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളോടും പ്രവര്‍ത്തകരോടും വലിയ മതിപ്പില്ലാത്തവരാണ് ഇരുവരും. മീഡിയയിലൂടെ ഉണ്ടാക്കിയെടുത്ത പബ്ലിസിറ്റി പക്ഷേ, വൈറസിന്റെ മുന്നില്‍ തോറ്റുപോയി. ശാസ്ത്രവിദഗ്ദ്ധരെ കൂടെ നിര്‍ത്തേണ്ടതിന്റെ അനിവാര്യതയാണ് ഇതു കാണിച്ചത്. നമ്മളും അവരും പുറത്തുള്ളവരും അകത്തുള്ളവരും തുടങ്ങിയ ആളുകളെ വിഭജിക്കുന്ന പ്രയോഗങ്ങളാണ് ട്രംപില്‍നിന്നും കൂടുതലായി വരിക. എന്നാല്‍, വൈറസിനു മുന്നില്‍ നമ്മളും അവരുമില്ല, നമ്മള്‍ മാത്രമേയുള്ളൂ. പരിമിതികളോട് സത്യസന്ധരാകാത്ത നേതാക്കളുടെയെല്ലാം വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട കാലം കൂടിയാണിത്. സഹാനുഭൂതിയോടേയും ലളിതമായും കാര്യങ്ങള്‍ വിശദീകരിക്കേണ്ട ഘട്ടം കൂടിയാണിത്. ന്യൂസിലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. എന്തൊക്കെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാവുക എന്ന ചോദ്യത്തിന് ജര്‍മ്മനിയുടെ ഏയ്ഞ്ചല മെര്‍ക്കേല്‍ പറഞ്ഞ മറുപടി, വൈറസിന്റെ കൂടുതല്‍ ഉല്‍പ്പാദനം ഇല്ലാതാക്കേണ്ടതിന്റേയും അതിന്റെ വ്യാപനം ഒഴിവാക്കാന്‍ ആരോഗ്യമേഖലയ്ക്ക് കഴിയേണ്ടതിനേയും കുറിച്ചാണ്. ഇതേ ചോദ്യം ട്രംപിനോട് ചോദിച്ചപ്പോഴുണ്ടായ പ്രതികരണം, സ്വന്തം തലയില്‍ ചൂണ്ടി, ഇവിടെയാണ് ആ കണക്കുകള്‍, അതാണ് എന്റെ കണക്കുകൂട്ടല്‍ എന്ന മറുപടിയായിരുന്നു. വൈറസ് വ്യാപന സമയത്ത് കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ പങ്കുവെക്കാനാണ് നേതാക്കന്മാര്‍ക്കു കഴിയേണ്ടത്.

സ്വയം പര്യാപ്തത 

ഈ ദുരിതകാലത്ത് ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നുകളും സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരുകള്‍ക്കു അത്രപെട്ടെന്നു മറക്കാന്‍ കഴിയില്ല. പലയിടങ്ങളിലും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സുരക്ഷാ ഉപകരണങ്ങളായി മറ്റു പല വസ്തുക്കളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. മരുന്നുകളുടേയും പലതരത്തിലുള്ള ഭക്ഷണസാധനങ്ങളുടേയും കയറ്റുമതി പലരാജ്യങ്ങളും മുന്‍പുതന്നെ നിരോധിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ തുടരുകയാണെങ്കില്‍ പലയിടങ്ങളിലും ഭക്ഷണവിതരണം മുടങ്ങുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യങ്ങള്‍ സ്വയംപര്യാപതരാവേണ്ടതിന്റെ ആവശ്യകത പല രാജ്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി. മെഡിക്കല്‍ ഉപകരണത്തിന്റെ കാര്യത്തിലും ഭക്ഷണസാധനങ്ങളുടെ കാര്യത്തിലും അതു വേണം. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റു രാജ്യങ്ങളിലേക്കു നോക്കിയിരിക്കേണ്ട അവസ്ഥയില്‍നിന്നു മാറണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തതും ഇതിന്റെ അടിസ്ഥാനത്തിലാണ്. 

രാജ്യങ്ങളുടെ പരസ്പര സഹകരണമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നു വ്യക്തമാക്കുന്നത് കൂടിയാണ് കൊറോണക്കാലം. രാജ്യങ്ങള്‍ തമ്മില്‍ വിവരകൈമാറ്റവും മരുന്നുകളും പരിശോധനാ കിറ്റുമടക്കമുള്ളവയുടെ കൊടുക്കല്‍ വാങ്ങലുകളും നാം കാണുന്നുണ്ട്. ഇതുവരെയുണ്ടായിരുന്ന പല നിയന്ത്രണങ്ങളും എടുത്തു മാറ്റപ്പെട്ടു. സഹകരണമില്ലായ്മയുണ്ടായാല്‍ നമ്മള്‍ പരാജയപ്പെട്ടേക്കാം. ആഗോളവിപണിയില്‍ മരുന്നിനും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കും വേണ്ടി ചില രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ ഒഴിവാക്കപ്പെടണ്ടതാണ്. കൊറോണക്കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ പലരാജ്യങ്ങളും ചെയ്ത കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കണം. ചൈനയില്‍നിന്ന് ഫ്രാന്‍സിലേക്ക് കയറ്റിയച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടുതല്‍ പണം കൊടുത്ത് അമേരിക്ക സ്വന്തമാക്കിയതുപോലുള്ള കാര്യങ്ങള്‍ ലോകം ചര്‍ച്ച ചെയ്തതാണ്. ഷാങ്ഹായ് വിമാനത്താവളത്തില്‍നിന്ന് ഫ്രാന്‍സിലേക്കു പറക്കാന്‍ തയ്യാറായി നിന്ന സമയത്താണ് ഫ്രാന്‍സ് ഉറപ്പിച്ച വിലയേക്കാള്‍ മൂന്നിരട്ടി തുക നല്‍കി യു.എസ് സ്വന്തമാക്കിയത്. ദേശീയതാവാദം കൂടുതല്‍ ശക്തിപ്പെട്ടതോടെ ആഗോള സഹകരണം രാജ്യങ്ങള്‍ തമ്മില്‍ കുറയുന്നുണ്ട്. പക്ഷേ, രാജ്യങ്ങള്‍ പലതരത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ തെളിയിക്കുകയാണ്. വൈറസ് വ്യാപനംപോലുള്ള ആഗോളതലത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വ്യഥകള്‍ക്കും ആഗോളതലത്തില്‍ത്തന്നെ പരിഹാരം കാണേണ്ടിവരും.

ചെലവുചുരുക്കലും അസമത്വവും 

ഒരു വലിയ വിഭാഗം തൊഴിലാളികള്‍ വീട്ടിലിരിക്കേണ്ടി വന്നതിന്റെ നഷ്ടം സാമ്പത്തിക മേഖലയ്ക്ക് താങ്ങാന്‍ പറ്റാത്തതാണ്. വരുംനാളുകളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ അതിരൂക്ഷമാകും. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കൂടി രാജ്യത്തിന്റെ ബാധ്യതയായി മാറും.

ആരോഗ്യ ഇന്‍ഷുറന്‍സും തൊഴിലും ബന്ധിപ്പിച്ചിട്ടുള്ള അമേരിക്കപോലുള്ള രാജ്യത്ത് ഒരു മാസത്തിനിടെ 26 മില്ല്യണ്‍ ജനങ്ങളാണ് സര്‍ക്കാറിന്റെ മെഡിക്കല്‍ സ്‌കീമിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ജോലിയും ഇന്‍ഷുറന്‍സ് കവറേജും നഷ്ടമായ ആളുകള്‍ പെരുകികൊണ്ടിരിക്കുന്നു എന്നാണ്. ആരോഗ്യമേഖലയില്‍ ചെലവ് ചുരുക്കല്‍ നടത്തിയ ബ്രിട്ടന്‍ ഈ വൈറസ് ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു. അസംഘടിത തൊഴിലാളികള്‍ കൂടികൊണ്ടിരിക്കുന്നത് രാജ്യങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. അരക്ഷിതമായ തൊഴിലും ആരോഗ്യമേഖലയിലേക്കുള്ള പ്രവേശനത്തിന്റെ ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു വലിയവിഭാഗം ജനങ്ങളുണ്ട്. യു.എസിലേയും ബ്രിട്ടനിലേയും മരണനിരക്കില്‍ ഇത്തരക്കാരാണ് കൂടുതലായി ഉള്‍പ്പെട്ടത്. ഈ വിഭാഗത്തെ പരിഗണിക്കാതെ രാജ്യങ്ങള്‍ക്കിനി ആരോഗ്യമേഖലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. രാജ്യത്തെ സംരക്ഷിത തൊഴില്‍ മേഖലയിലോ സര്‍ക്കാര്‍ സംരക്ഷിക്കുന്ന പാവപ്പെട്ടവരുടെ ലിസ്റ്റിലോ പെടാത്തവരാണ് ഇക്കൂട്ടര്‍. രാജ്യത്ത് നിലവിലുള്ള സാമൂഹ്യ സുരക്ഷാപദ്ധതിയുടെ വിള്ളലുകള്‍ക്കിടയില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഉണ്ട് എന്ന് ഈ മഹാമാരിയിലാണ് പലരാജ്യങ്ങളും തിരിച്ചറിയുന്നതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി ലൂക്ക പെല്ലരാനോ പറയുന്നു. ആരോഗ്യമേഖലയിലെ ചെലവുചുരുക്കലുകള്‍ക്കും ഇനി പ്രസക്തിയില്ല.

കുടിയേറ്റത്തൊഴിലാളികളും ദരിദ്രരും 

വളരെവേഗത്തില്‍ നടപടികളെടുത്തും സാങ്കേതികവിദ്യ ഉപയോഗിച്ചും കൊറോണയെ നിയന്ത്രിച്ച സിംഗപൂര്‍ മാതൃക എടുത്തു കാട്ടപ്പെട്ടതാണ്. ആദ്യഘട്ടത്തില്‍ 200 കേസുകള്‍ മാത്രമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഏപ്രില്‍ പകുതിയോടെ ആയിരക്കണക്കിനു പുതിയരോഗികള്‍ ഉള്ളതായി രാജ്യം അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും ചേരികളിലും വ്യവസായ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്ന കുടിയേറ്റതൊഴിലാളികളായിരുന്നു. പൊതുസമൂഹത്തിന്റേയും രാജ്യത്തിന്റെ നയരൂപീകരണക്കാരുടേയും കണ്ണില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ലെങ്കിലും വൈറസിന് ആ വേര്‍തിരിവില്ല. അവരുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടത് ഓരോ രാജ്യത്തിന്റേയും അനിവാര്യതയായി മാറുകയാണ്. മുംബൈയിലെ ധാരാവിയിലും നമ്മള്‍ കണ്ടത് ഇതേ ഉദാഹരണമാണ്. ഇവര്‍ക്കിടയില്‍ വൈറസ് ബാധിച്ചാല്‍ പിടിച്ചു നിര്‍ത്തുക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അസാധ്യമായിരിക്കും. പത്തും പതിനഞ്ചും പേര്‍ ഒരു മുറിയില്‍ താമസിക്കുന്ന, അത്രയും ജനസാന്ദ്രതയുള്ള ഒരു പ്രദേശത്തെ ജനങ്ങളോട് എങ്ങനെയാണ് സാമൂഹിക അകലം പാലിക്കാന്‍ പറയുക. ഇവരെകൂടി മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഭാവിയിലെ ആരോഗ്യനയങ്ങള്‍ രൂപീകരിക്കേണ്ടത്.
----
കടപ്പാട്: ദ ഗാര്‍ഡിയന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com