കൈയില്‍ മൊബൈല്‍ ഫോണും കാലില്‍ ചെരുപ്പും; 1947ല്‍ നിന്ന് 2020ലെത്തുമ്പോള്‍ അവര്‍ക്കുണ്ടായ മാറ്റം അത്രമാത്രം

കോവിഡ് രോഗപ്രതിസന്ധിയുടെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ തൊഴിലടിമത്തത്തിന്റെ തിരിച്ചുവരവിനാണ് വഴിയൊരുക്കുക
കൈയില്‍ മൊബൈല്‍ ഫോണും കാലില്‍ ചെരുപ്പും; 1947ല്‍ നിന്ന് 2020ലെത്തുമ്പോള്‍ അവര്‍ക്കുണ്ടായ മാറ്റം അത്രമാത്രം

ലോക്ക്ഡൗണ്‍ സൃഷ്ടിച്ച അനിശ്ചിതത്ത്വങ്ങള്‍ക്കിടെ മേയ് ആറിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ 38 തൊഴില്‍ നിയമങ്ങളില്‍ 35 എണ്ണവും മൂന്നുവര്‍ഷത്തേക്ക് റദ്ദാക്കി. കൊറോണ രോഗബാധ തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടി എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി ആദിത്യനാഥ് നല്‍കിയ ആദ്യ വിശദീകരണം. യു.പിക്ക് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശും ഗുജറാത്തും തൊഴില്‍നിയമങ്ങള്‍ റദ്ദാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ഈ പട്ടികയില്‍ പിന്നാലെയെത്തി. പരിഷ്‌കരണമെന്നാണ് മിക്ക് മാധ്യമങ്ങളും ഈ നടപടികളെ വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ആഘോഷിക്കപ്പെടുന്ന ലോക തൊഴിലാളി ദിനം പിന്നിടുമ്പോഴായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി. ദീര്‍ഘമായ സമരങ്ങളിലൂടെ തൊഴിലാളി വര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതായത്. സംഘടിക്കാനും കൂലി ആവശ്യപ്പെട്ട് സമരം നടത്താനുമുള്ള അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പണിമുടക്കാനുള്ള ഔചിത്യം ചോദ്യം ചെയ്യപ്പെട്ടു. ക്വാറന്റൈനും വിശ്രമമുറിയും കുടിവെള്ളവും പോലും തൊഴിലാളികള്‍ക്ക് നഷ്ടമാകും.

തൊഴില്‍ നിയമങ്ങളുടെ എണ്ണം കുറയ്ക്കുക, നിയമങ്ങള്‍ ലളിതവും യുക്തിസഹവുമാക്കുക എന്നിങ്ങനെയുള്ള കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളില്‍ അനിവാര്യമായിരുന്നു. എന്നാല്‍, പുനരുജ്ജീവനത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഈ അവകാശലംഘനങ്ങളും ചൂഷണവും പരിഷ്‌കാരങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ല. പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെങ്കില്‍ സ്ഥിതി മെച്ചപ്പെടണം. അടിസ്ഥാന അവകാശങ്ങള്‍ പാലിക്കപ്പെടണം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അത്തരമൊരു തൊഴില്‍പരിഷ്‌കരണം രാജ്യത്ത് സാധ്യമായില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൊറോണകാലത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം. അനിശ്ചിതത്വം നിറഞ്ഞ ജീവിതങ്ങളില്‍നിന്നാണ് അവര്‍ നഗരങ്ങളിലെ വിജനമായ തെരുവുകളിലൂടെ നടന്നുനീങ്ങിയത്. ചലനമറ്റ ജീവിതത്തില്‍ അവര്‍ക്ക് വലിയ തൊഴില്‍ സ്വപ്നങ്ങളുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലും പരിതാപകരമായ ഈ ജീവിത സാഹചര്യവും തൊഴില്‍ സാഹചര്യവുമാണ് ഇതോടെ വെളിവാക്കപ്പെട്ടത്. 1947ല്‍നിന്ന് 2020ലെത്തുമ്പോള്‍ കൈയില്‍ മൊബൈല്‍ഫോണും കാലില്‍ ചെരുപ്പും മാത്രമാണ് ഇവര്‍ക്കുണ്ടായ മാറ്റം. എന്നാല്‍, കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ ജി.ഡി.പിയില്‍ 32.2 മടങ്ങാണ് വര്‍ദ്ധനയുണ്ടായത്. ആളോഹരി വരുമാനം 8.2 മടങ്ങ് വര്‍ദ്ധിച്ചു. ഇതൊന്നും ഇവരുടെ ജീവിതങ്ങളില്‍ പ്രതിഫലിക്കപ്പെട്ടില്ല.

ഇനി ജോലി 12 മണിക്കൂര്‍

നിലവില്‍ നാലു തൊഴില്‍ നിയമങ്ങള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ ബാധകമാകുക. 1996ലെ ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്റ്റ്, 1923ലെ വര്‍ക്ക്‌മെന്‍ കോംപന്‍സേഷന്‍ ആക്റ്റ്, 1976ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം, 1936ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ അഞ്ച് എന്നീ നിയമങ്ങള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ ഇനിയുണ്ടാകുക. 1948ലെ ഫാക്ടറീസ് ആക്റ്റ്, 1970ലെ കരാര്‍ ലേബര്‍ ആക്റ്റ്, 1948ലെ മിനിമം വേജസ് ആക്റ്റ്, 1965ലെ ബോണസ് പേയ്‌മെന്റ് ആക്റ്റ് എന്നിവയെല്ലാം റദ്ദാക്കപ്പെട്ടു. മിനിമം കൂലി നിശ്ചയിക്കല്‍ നിയമം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച നിയമം എന്നിവയെല്ലാം ഇല്ലാതാക്കി. ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമവും റദ്ദാക്കിയവയില്‍ വരും. കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ്.

മധ്യപ്രദേശില്‍ 50 തൊഴിലാളികള്‍ വരെയുള്ള കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ല. 100 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനും നിയമനം നടത്താനുമുള്ള വ്യവസ്ഥയായി. മൂന്നുമാസത്തേക്ക് പരിശോധനകള്‍ ഒഴിവാക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നേരിട്ടുള്ള പരിശോധനയില്‍നിന്ന് പിന്‍മാറും. 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇനി യാതൊരു സര്‍ക്കാര്‍ ഇടപെടലുമുണ്ടാകില്ലെന്നര്‍ത്ഥം. നിക്ഷേപസൗഹാര്‍ദ്ദത്തിന്റെ പേരില്‍ ഏകജാലക സംവിധാനത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു ദിവസംകൊണ്ട് രജിസ്‌ട്രേഷനും ലൈസന്‍സും കിട്ടും. പത്തുവര്‍ഷത്തിലൊരിക്കല്‍ ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കിയാല്‍ മതി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒറ്റത്തവണ ലൈസന്‍സ് മതി. ജോലി സമയം എട്ട് മണിക്കൂര്‍ എന്നത് 12 മണിക്കൂറായി ഉയര്‍ത്തും. ഓവര്‍ ടൈം 72 മണിക്കൂര്‍ വരെ ചെയ്യാന്‍ അനുവാദമുണ്ട്. ഷിഫ്റ്റുകളില്‍ മാറ്റം വരുത്താനും തൊഴിലുടമകള്‍ക്ക് അനുവാദം ലഭിക്കും. കടകള്‍ക്കും മറ്റ് ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്കും രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കും.

ഗുജറാത്തില്‍ മൂന്ന് നിയമങ്ങളൊഴികെയുള്ള തൊഴില്‍ നിയമങ്ങളെല്ലാം ഇല്ലാതാക്കി. മിനിമം വേജസ് ആക്റ്റ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി റൂള്‍സ്, എംപ്ലോയിസ് കോംപന്‍സേഷന്‍ ആക്റ്റ് എന്നിവ മാത്രമാണ് ഇനി സംസ്ഥാനത്ത് ബാധകമാകുക. 1200 ദിവസത്തേക്കാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്. 15 ദിവസത്തിനകം ഓണ്‍ലൈനിലൂടെ വ്യവസായങ്ങള്‍ക്ക് അനുമതി കൊടുക്കാനും 33,000 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെ എതിര്‍പ്പുകളെ അവഗണിച്ച് ഏഴു ദിവസത്തിനകം ഭൂമി വ്യവസായികള്‍ക്ക് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ പിരിച്ചുവിടാനും നിയമനം നല്‍കാനും ഇതുവഴി സ്ഥാപങ്ങള്‍ക്ക് കഴിയും. സര്‍ക്കാരിന്റെ പരിശോധനയോ ഇടപെടലോ ഉണ്ടാകില്ല. യൂണിയന്‍ ഇടപെടലും ഇതോടെ ഒഴിവാകും. ആസാമില്‍ തൊഴില്‍സമയം 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും തൊഴില്‍ സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍നിന്ന് 72 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിന്ന് യുപിയിലെ പ്രയാ​ഗ് രാജിലെത്തിയ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനാതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈൻ സെന്ററിലേക്ക് മാറുന്നതിന് ഊഴം കാത്തിരിക്കുന്ന ദൃശ്യം
മഹാരാഷ്ട്രയിൽ നിന്ന് യുപിയിലെ പ്രയാ​ഗ് രാജിലെത്തിയ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനാതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈൻ സെന്ററിലേക്ക് മാറുന്നതിന് ഊഴം കാത്തിരിക്കുന്ന ദൃശ്യം

ഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചത് 1948ലെ ഫാക്ടറീസ് ആക്റ്റിലാണ്. തുടര്‍ച്ചയായ ആറു ദിവസത്തിനു ശേഷം ഒരു ദിവസം അവധി നല്‍കണമെന്നും ഈ വ്യവസ്ഥയിലുണ്ട്. ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്നുമൊക്കെയുള്ള വ്യവസ്ഥകളെല്ലാം ഇതോടെ റദ്ദാക്കപ്പെടും. ആറു മണിക്കൂര്‍ ഷിഫ്റ്റില്‍ ഇടവേളകളുള്‍പ്പെടെ 13 മണിക്കൂര്‍ വരെ ഇനി ഫാക്ടറികളില്‍ തൊഴിലെടുക്കേണ്ടി വരും. അധികസമയത്തിന് വേതനം നല്‍കാന്‍ പഞ്ചാബും മധ്യപ്രദേശും ഹരിയാനയും നിയമവ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുജറാത്തും ഹിമാചല്‍ പ്രദേശുമടക്കമുള്ള സംസ്ഥാനങ്ങള്‍ അധികശമ്പളം നല്‍കില്ലെന്ന് വ്യക്തമാക്കി. രാജസ്ഥാനാകട്ടെ ഓവര്‍ടൈം ശമ്പളത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല.   

അധ്വാനത്തിന്റെ വിലപേശല്‍ശേഷി

1991ന് ശേഷമുള്ള ഏറ്റവും കരുത്തുറ്റതും ധീരവുമായ തീരുമാനമായിട്ടാണ് കോര്‍പ്പറേറ്റ് ലോകം സംസ്ഥാനങ്ങളുടെ ഈ നീക്കത്തെ കണ്ടത്. എന്നാല്‍, ജനാധിപത്യ രാജ്യത്തിലെ ഓരോ പൗരന്റെയും മൗലികാവകാശമായ അന്തസുറ്റ ജീവിതം കാലങ്ങളായി തൊഴിലാളികള്‍ക്ക് നിഷേധിച്ചുവന്നിരുന്നു. സ്വാതന്ത്ര്യം നേടിയിട്ടും മുതലാളിത്തത്തിന്റെ എല്ലാ തന്ത്രങ്ങളെയും അതിജീവിച്ച് തൊഴിലാളികള്‍ക്ക് ഇന്നും വിലപേശല്‍ ശേഷി നേടാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 1922ലാണ് ഫാക്ടറീസ് ആക്ട് വരുന്നത്. തൊഴില്‍ സമയം 10 മണിക്കൂറായി നിജപ്പെടുത്തിയ നിയമം ഒരു മണിക്കൂര്‍ വിശ്രമം അനുവദിച്ചിരുന്നു. ആഴ്ചയിലെ ജോലി സമയം 48 മണിക്കൂറാക്കി നിജപ്പെടുത്തിയ പുതിയ നിയമം 1934ല്‍ വന്നു. എന്നാല്‍, യുദ്ധവും സാധനങ്ങളുടെ ആവശ്യവും ഉയര്‍ന്നപ്പോള്‍ തരാതരം ഈ നിയമങ്ങളൊക്കെ ലംഘിക്കപ്പെട്ടു. സ്വതന്ത്ര്യം തൊഴില്‍മേഖലയില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊളോണിയല്‍ കാലത്തെ ശേഷിപ്പുകള്‍ 1948ലെ ഫാക്ടറീസ് ആക്റ്റിലും തുടര്‍ന്നു. ഏഴു ദശാബ്ദത്തിനു ശേഷവും തുടരുകയാണുണ്ടായത്.

ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ ഈ വിലപേശല്‍ ശേഷി കൂട്ടിയിട്ടുണ്ടോ എന്നതും സംശയകരമാണ്. 1980കള്‍ മുതല്‍ തന്നെ ഇന്ത്യയിലെ തൊഴിലാളികളുടെ വിലപേശല്‍ ശക്തി ക്ഷയിച്ചു തുടങ്ങിയതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നാലു ദശാബ്ദമായി ശ്രദ്ധിക്കപ്പെടുന്ന ലോക്കൗട്ടുകളും വലിയ സമരങ്ങളും വ്യവസായിക മേഖലയില്‍ കുറഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ആദിത്യ ഭട്ടാചാര്യ നിരീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു. വളര്‍ച്ചയ്ക്ക് ആനുപാതികമായി പൊരുത്തപ്പെടുന്നതായിരുന്നില്ല ഈ നിയമങ്ങള്‍. പലതും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും തൊഴിലാളികള്‍ക്ക് ഒരു സംരക്ഷണവും നല്‍കാത്തതുമായിരുന്നു. അതിനൊപ്പം നിക്ഷേപസൗഹാര്‍ദ്ദ അന്തരീക്ഷവും നിയമങ്ങള്‍ കല്ലുകടിയായി.

കാർ നിർമാണ് പ്ലാന്റ്
കാർ നിർമാണ് പ്ലാന്റ്

നിലവിലുള്ള നിയമങ്ങളുടെ പരിഷ്‌കരണം കോര്‍പ്പറേറ്റുകള്‍ വളരെ കാലങ്ങളായി ഉന്നയിച്ച് വരുന്ന ആവശ്യങ്ങളിലൊന്നായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് സര്‍ക്കാരുകള്‍ ഈ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. 2019 നവംബറിലാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വച്ചത്. 1926ലെ ട്രേഡ് യൂണിയന്‍സ് ആക്റ്റ്, 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയിമെന്റ് ആക്റ്റ്, 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് എന്നിവ യോജിപ്പിച്ചാണ് ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ ബില്ലിലാണ് കൂട്ടത്തോടെ കാഷ്വല്‍ ലീവെടുക്കുന്നത് സമരമായി കണക്കാക്കുമെന്ന വ്യവസ്ഥയുള്ളത്. ലോക്കൗട്ടിനോ സമരത്തിനോ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന നിര്‍ദ്ദേശവും ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറഞ്ഞ ചെലവിലുള്ള തൊഴിലാളികളുടെ ലഭ്യതയും 'മേക്ക് ഇന്‍ ഇന്ത്യ' പോലുള്ള പദ്ധതികളുടെ വന്‍തോതിലുള്ള പ്രോത്സാഹനവും ഉണ്ടായിരുന്നിട്ടും ഉല്പാദന മേഖലയിലെ നിക്ഷേപകരുടെ വികാരം വളര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു പരിധി വരെ അതിനു കാരണം ഇന്ത്യയിലെ ഇരുന്നൂറോളം വരുന്ന തൊഴില്‍ നിയമങ്ങളായിരുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ ചൈനമോഡല്‍

തൊഴില്‍മേഖലയില്‍ പൊടുന്നനെ ഒരു നയപരിഷ്‌കരണത്തിന്റെ ആവശ്യകതയെന്ത്. നേരത്തെ തന്നെ സ്ഥിതി മോശമായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പിടിവള്ളിയാണ് കൊവിഡ്19. രോഗപ്രതിസന്ധിയോടെ ചൈനയില്‍നിന്ന് പിന്‍മാറുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് വരുമെന്നാണ് വ്യാവസായിക ലോകത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതീക്ഷ. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മോദി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ചൈന വിടാന്‍ ഒരുങ്ങി നില്‍ക്കുന്ന നിക്ഷേപകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനവും ചെയ്തു. ചൈനയ്ക്കു പകരമായി മറ്റു സാധ്യതകള്‍ തേടാനൊരുങ്ങുന്ന വ്യവസായ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള സമഗ്രപദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിയതെന്ന വാദം ശക്തമാണ്. അതിലുപരി, കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരതയെ നേരിടുകയും ചെയ്യാം. മനുഷ്യരാശി കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാനാകാതെ, സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പോലും നല്‍കാനാവാതെ തീര്‍ത്തും പരാജയപ്പെട്ട അവസ്ഥയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. തൊഴിലില്ലായ്മ നിരക്ക് 24.6 ശതമാനമായി ഉയര്‍ന്നതോടെ ഭാവിവെല്ലുവിളികള്‍ നേരിടാന്‍ ഇത്തരം നടപടികള്‍ വഴി കഴിയുമെന്ന കണക്കുക്കൂട്ടലിലാണ് സര്‍ക്കാര്‍.

വികസ്വര രാജ്യങ്ങളിലെ ഉല്പാദനമേഖലയിലെ തൊഴില്‍ പരിഷ്‌കാരങ്ങളാണ് മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകളുടെ ആദ്യ ആവശ്യം. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം എന്ന രീതിശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത കമ്പനികള്‍ ലാഭക്കണക്കുകിലെ വര്‍ദ്ധനയൊഴിച്ച് തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാറുമില്ല. 1980കളില്‍ ഡെങ് സിയോപിങ് എങ്ങനെയാണോ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിയത് അതേ അച്ചില്‍ സമ്പദ്‌വ്യവസ്ഥയെ വാര്‍ത്തെടുക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. എണ്‍പതുകളില്‍ തുടങ്ങിയ പരിഷ്‌കരണ നടപടികളുടെ ഭാഗമായി ചൈന അടുത്ത നാലു ദശാബ്ദം വിദേശനിക്ഷേപത്തിനായി വിപണി തുറന്നുകൊടുക്കുയയായിരുന്നു. പതിനായിരക്കണക്കിന് വ്യവസായങ്ങളാണ് ഇക്കാലയളവില്‍ സ്വകാര്യവല്‍ക്കരിച്ചത്. അപ്പോഴും തൊഴിലാളികളുടെ സ്ഥിതി പരിതാപകരമായിരുന്നു. ചെലവ് കുറഞ്ഞ മാനവശേഷിയെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലേക്ക് വിദേശമൂലധനത്തിന്റെ വന്‍ഒഴുക്കുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ചൈനയ്ക്ക് പുറമേ വിയറ്റ്‌നാമും ബംഗ്ലാദേശുമാണ് റോള്‍ മോഡലുകള്‍. 1990കളില്‍ പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിക്കുന്നത് വഴി ചൈന തൊഴില്‍നിയമങ്ങള്‍ മുതലാളിത്തത്തിന് അനുകൂലമാക്കി.  1985 മുതല്‍ 1995 വരെ ചൈനയിലെ കരാര്‍ തൊഴിലാളികളുടെ എണ്ണം നാലു ശതമാനത്തില്‍നിന്ന് 39 ശതമാനമായി. 1997ല്‍ പത്തു കോടി തൊഴിലാളികളാണ് തൊഴില്‍ കരാറുകളിലേര്‍പ്പെട്ടത്. സ്ഥിരം തൊഴില്‍ എന്നത് തന്നെ അട്ടിമറിക്കപ്പെട്ടു.

ലോക്ക്ഡൗൺ നീട്ടിയതോടെ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം ​ഗ്രാമങ്ങളിലേക്ക് കണ്ടെയ്നർ ലോറിയിൽ മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ
ലോക്ക്ഡൗൺ നീട്ടിയതോടെ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം ​ഗ്രാമങ്ങളിലേക്ക് കണ്ടെയ്നർ ലോറിയിൽ മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ

ചൈനയില്‍നിന്ന് വിട്ടുനിന്ന കമ്പനികള്‍ മാനവശേഷിക്കായി സമീപിച്ചത് ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെയാണ്. ബംഗ്ലാദേശില്‍ ഇന്ത്യയിലേതിന് ഏറെക്കുറെ സമാനമായ തൊഴില്‍ നിയമങ്ങളാണ്. ട്രേഡ് യൂണിയന്‍ തുടങ്ങണമെങ്കില്‍ 30 ശതമാനം തൊഴിലാളികളുടെ സമ്മതം വേണം. എക്‌സ്‌പോര്‍ട്ട് പ്രോസസിങ് സോണുകളില്‍ യൂണിയനുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുമില്ല. വിദേശ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ആദ്യ മൂന്നു വര്‍ഷത്തേക്ക് സമരങ്ങളൊന്നും പാടില്ല. വിയറ്റ്‌നാമില്‍, 2021 മുതല്‍ പുതിയ തൊഴില്‍ നിയമം നടപ്പാക്കാനൊരുങ്ങുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ശമ്പളഘടന തീരുമാനിക്കാനും മാറ്റം വരുത്താനുമുള്ള അനുമതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കാനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആവശ്യം നിരസിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവരുടെ വരുമാനം ഉറപ്പുവരുത്തിയില്ല. പത്തില്‍ എട്ടു തൊഴിലാളികള്‍ക്കും ഇക്കാലയളവില്‍ ശമ്പളം ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ 63 ശതമാനം പേര്‍ക്കും ശമ്പളം കിട്ടില്ല. ലോക്ക്ഡൗണിനു മുന്‍പേ ഇവര്‍ക്ക് ശമ്പളം കുടിശികയുമായിരുന്നു. ഗുജറാത്തിലെ വജ്രവ്യവസായരംഗത്തെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അത് നടപ്പായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com