അമേരിക്ക ആര് ഭരിക്കും? അരങ്ങൊരുങ്ങുന്നത് അന്തർനാടകങ്ങൾക്ക് 

തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് ട്രംപിന് അനിവാര്യമാണ്. ട്രംപിന്റെ പരാജയമാകട്ടെ എതിരാളികള്‍ക്ക്  ഒഴിവാക്കാനാവാത്തതും
ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

വിഡ്ഢിയില്‍നിന്ന് അതിമാനുഷികതയിലേക്ക്... സ്വയരക്ഷയ്ക്ക് ട്രംപ് നടത്തുന്ന നാടകങ്ങള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു. രാജ്യത്തൊട്ടാകെ കൊവിഡ് ബാധിതരുടേയും മരണങ്ങളുടേയും എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ മഹാമാരിയെ തോല്‍പ്പിച്ചെന്ന പ്രതീതിയാണ് ട്രംപ് തെരഞ്ഞെടുപ്പ് റാലികളില്‍ നല്‍കുന്നത്. ചുണയും ചുറുചുറുക്കും തുടങ്ങി പ്രായം വരെ വിഷയമായ പ്രചരണ കോലാഹലങ്ങള്‍ക്കിടയില്‍ കൊവിഡ് ബാധിതനായ ട്രംപ് മൂന്നു രാത്രികള്‍ മാത്രമാണ് ആശുപത്രിയില്‍ ചെലവഴിച്ചത്. രോഗമുക്തനായെന്നു സ്വയം പ്രഖ്യാപിച്ച് വാശിയോടെ വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ അദ്ദേഹം മാസ്‌ക് ഊരിമാറ്റിയാണ് അനുയായികളെ കണ്ടത്. ക്യാമറയ്ക്കു മുന്നില്‍ വീണ്ടുമൊരു നാടകം. ''ഇനി എനിക്കത് വരില്ല, ആര്‍ക്കും നല്‍കാനാകില്ല'' എന്ന് ട്വീറ്റും ചെയ്തു. തെരഞ്ഞെടുപ്പിനു നാലാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ഈ പ്രഖ്യാപനം. എതിരാളിയായ ജോ ബൈഡന്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിലെത്തിയതോടെയാണ് കൊവിഡിനെ അവഗണിച്ച് പ്രചരണരംഗത്ത് സജീവമാകാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 

ജോ ബൈഡൻ
ജോ ബൈഡൻ

രണ്ടു ലക്ഷം അമേരിക്കക്കാര്‍ മരിച്ചില്ലേ, ഇനി പേടിക്കേണ്ടതില്ല എന്നായിരുന്നു ട്രംപിന്റെ തുടര്‍പ്രഖ്യാപനം. ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും കൂറ്റന്‍ റാലികള്‍ ഇതിനു തുടര്‍ച്ചയായി നടന്നു. മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയാണ് ട്രംപിന്റെ അനുയായികള്‍ ഒത്തുചേര്‍ന്നത്. നിയന്ത്രിത ജീവിതത്തോട് താല്പര്യമില്ലാത്ത അമേരിക്കക്കാര്‍ക്ക് അതൊരു ആവേശവുമായി. ഹസ്തദാനം നല്‍കി പരസ്പരം ആശ്ലേഷിച്ചു നീങ്ങുന്ന അനുയായികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ കൊവിഡിനെ നിസാരമാക്കുകയും നിര്‍ദ്ദേശിക്കപ്പെട്ട മുന്‍കരുതലുകളെല്ലാം കാറ്റില്‍പ്പറത്തിയും നീങ്ങിയ ട്രംപിനു യുക്തിയും വിവേകവുമില്ലെന്നു വിമര്‍ശനമുയര്‍ന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള സംസ്ഥാനങ്ങളില്‍പ്പോലും രോഗതീവ്രത കൂടുതലാണ്. സര്‍ക്കാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് നാല്‍പ്പതിലധികം സംസ്ഥാനങ്ങളില്‍ ദിനംപ്രതി ഇപ്പോഴും 55000-ത്തിലധികം പേര്‍ രോഗബാധിതരാകുന്നു. ജൂലൈക്കു ശേഷമുള്ള ഏറ്റവും വലിയ നിരക്കാണ് ഇത്. സ്വന്തം അനുഭവത്തില്‍നിന്നും പാഠം പഠിക്കാന്‍ പ്രസിഡന്റ് അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നു. 

​ഗ്രെച്ചൺ വിറ്റ്മർ
​ഗ്രെച്ചൺ വിറ്റ്മർ

ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വിദഗ്ദ്ധമായ ചികിത്സയാണ് ട്രംപിനു വൈറ്റ്ഹൗസ് നല്‍കിയത്. ഇതിനിടയില്‍, രണ്ടുതവണ ഓക്സിജന്‍ ലെവല്‍ താഴുകയും ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു നല്‍കുന്ന ഡെക്സാമെത്താസോണ്‍ നല്‍കിയതായി വൈറ്റ്ഹൗസിലെ ഡോക്ടറായ സീന്‍ പി കൊണറി തന്നെ വെളിപ്പെടുത്തി. എന്നാല്‍, ചൈനീസ് വൈറസിനേയും ഡെമോക്രാറ്റുകളുടെ കുതന്ത്രങ്ങളേയും ധീരമായി പോരാടി പരാജയപ്പെടുത്തിയെന്ന മട്ടിലാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നാല്‍, ട്രംപിനു കിട്ടിയ പരിഗണന  സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കില്ലെന്നും അമേരിക്കയില്‍ മാത്രം രണ്ടേകാല്‍ ലക്ഷം പേര്‍ മരിച്ചെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്നും വിമര്‍ശകര്‍ പറയുന്നു. ക്യാമറയ്ക്കു മുന്നില്‍ മാസ്‌ക് ഊരി കോട്ടിന്റെ പോക്കറ്റില്‍ തിരുകിയ ട്രംപിനോട് ദയവായി മാസ്‌ക് ധരിക്കൂവെന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. റിപ്പബ്ലിക്കന്‍ കോട്ടകളായി അറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍പോലും തിരിച്ചടി നേരിട്ട ട്രംപ് ഇതൊന്നും കേട്ടതായിപ്പോലും നടിക്കുന്നില്ല. എട്ടു വര്‍ഷം വൈറ്റ്ഹൗസില്‍ ഇരിക്കാനുള്ള ആഗ്രഹത്താല്‍ ഏതുവിധേനയും ജയിക്കുക എന്നതു മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. 

കൊവിഡ് ഭീതി മാത്രമല്ല അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ വിവാദമായ വിഷയങ്ങള്‍. മിഷിഗണിലെ ഡെമോക്രാറ്റ് ഗവര്‍ണറായ ഗ്രെച്ചണ്‍ വിറ്റ്മര്‍ ട്രംപിനെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. ലോക്ഡൗണ്‍ നടപടികളുടെ ഭാഗമെന്നവണ്ണം തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും അവരുടെ ആരോപണം ഉന്നംവയ്ക്കുന്നത് ട്രംപിനെയാണ്. ''എനിക്കും എന്റെ കുടുംബത്തിനും മാത്രമുള്ള ഭീഷണി അല്ല. ഓരോ അമേരിക്കക്കാരനേയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പൊതുസേവകര്‍ക്കാണ് ഇത്തരം നടപടികള്‍ അപകടകരം''- ഗ്രെച്ചണ്‍ പറയുന്നു. വലതുപക്ഷക്കാരിയായ ആമി കോണി ബാരറ്റിനെ സുപ്രീംകോടതിയില്‍ തിരുകിക്കയറ്റാനുള്ള ശ്രമവും വിവാദത്തിലായിട്ടുണ്ട്. പുരോഗമനവാദിയായ ജഡ്ജി റുത്ത് ബാഡര്‍ ഗിന്‍സ് ബര്‍ഗ് അന്തരിച്ചതോടെയാണ് നിയമനവിവാദം പൊട്ടിപ്പുറപ്പെടുന്നത്.

ആമി കോണി ബാരറ്റ്
ആമി കോണി ബാരറ്റ്

അമേരിക്കയില്‍ ജഡ്ജിയെ പ്രസിഡന്റാണ് തെരഞ്ഞെടുക്കുന്നത്. ഒന്‍പത് ജഡ്ജിമാരുള്ള യു.എസ് സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരും പുരോഗമനവാദികളും തമ്മിലുള്ള അനുപാതം 5 : 4 ആയിരുന്നു. ഇവര്‍ യഥാക്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും ഡമോക്രാറ്റിക് പാര്‍ട്ടിയേയും അനുകൂലിക്കുന്നവരുമാണ്. സുപ്രീംകോടതിയെ സ്വാധീനിക്കാനായി തനിക്കും പാര്‍ട്ടിക്കും സ്വീകാര്യയായ ആമി കോണിയെ തിടുക്കപ്പെട്ട് നിയമിക്കുകയാണ് ട്രംപ് ചെയ്തത്. കാലാവധി തീരാന്‍ പോകുന്ന പ്രസിഡന്റ് അത്തരമൊരു നടപടിക്ക് മുതിരുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. 2015-ല്‍ ഒബാമയുടെ രണ്ടാം ഭരണം അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ജഡ്ജി ആന്റോണിന്‍ സ്‌കാലിയ മരിച്ചത്. അന്ന് മെറിക് ഗാര്‍ലന്‍ഡിനെ നിയമിച്ച ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്ത് വന്നു. ഇതോടെ, ഗാര്‍ലന്‍ഡിന് അംഗീകാരം നല്‍കാന്‍ സെനറ്റ് തയ്യാറായില്ല. സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒബാമയുടെ കാലാവധി തീരുന്നതുവരെ നിയമനത്തിനുള്ള അംഗീകാരം നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ട്രംപ് പുതിയ ആളെ നോമിനേറ്റ് ചെയ്തപ്പോള്‍ അത് സെനറ്റ് അംഗീകരിക്കുകയായിരുന്നു.

തപാല്‍വോട്ട് വിവാദമാണ് മറ്റൊന്ന്. പോളിങ് ദിവസം ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് മുന്‍കൂട്ടി സമയം നിശ്ചയിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഈ സൗകര്യം നേരത്തേ തന്നെയുണ്ട്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അങ്ങനെ ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. മുന്‍കൂര്‍ പോളിങ്ങില്‍ കൃത്രിമം നടക്കാനിടയുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. പോളിങ് ശതമാനം കൂടുന്നതു ഗുണകരമാകുമെന്ന നിലപാടാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക്. അതേസമയം തപാല്‍ വോട്ടിലൂടെ വ്യാപകമായ കള്ളവോട്ടിന് ഡെമോക്രാറ്റുകള്‍ കോപ്പുകൂട്ടുകയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും കരുതുന്നു. 2016-ല്‍ ഹിലരി ക്ലിന്റണിന് 50 ലക്ഷം വരെ കള്ളവോട്ടുകള്‍ കിട്ടിയെന്നും അങ്ങനെയെങ്കില്‍ കൂടുതല്‍ ഭൂരിപക്ഷം തനിക്ക് കിട്ടിയേനെയെന്നും ട്രംപ് വാദിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ വോട്ടുകള്‍ ട്രംപിനേക്കാള്‍ 29 ലക്ഷം കൂടുതല്‍ കിട്ടിയത് ഹിലരിക്കായിരുന്നു. എന്നിട്ടും ഇലക്ടറല്‍ കോളേജിന്റെ വോട്ടുകള്‍ കൂടുതല്‍ കിട്ടിയതിന്റെ  അടിസ്ഥാനത്തിലാണ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ട്രംപ് സുപ്രീംകോടതിയിലെത്തും. ഫലം ചോദ്യം ചെയ്യും. അങ്ങനെ വന്നാല്‍ കോടതിവിധി തനിക്ക് അനുകൂലമാക്കാനുള്ള വഴികളെല്ലാം ട്രംപ് പയറ്റുന്നുണ്ട്. ഇങ്ങനെ, ഒട്ടനവധി അന്തര്‍നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ് അമേരിക്കയില്‍. ഇംപീച്ച്മെന്റ് വരെയെത്തിയ ട്രംപിന് ഇനി ഒരു ഭരണകാലയളവ് തികയ്ക്കാനാവില്ലെന്ന വിശ്വാസം അടിയുറച്ചിരിക്കുന്നു. എന്നാല്‍, കഴിഞ്ഞ തവണത്തെപ്പോലെ അസാധാരണതകള്‍ സംഭവിച്ചാല്‍ ജോ ബൈഡന്റെ ജയപരാജയങ്ങള്‍ നിര്‍ണായകമാകും. രണ്ടു നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് ആദ്യമായി ഒരു കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റായത്. ആദ്യമായി ഒരു സ്ത്രീ ആ സ്ഥാനത്തേയ്ക്ക് മത്സരിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍, അവര്‍ക്ക് ആ സ്ഥാനത്തെത്താന്‍ ഭാഗ്യവുമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com