വയലാറിന്റെ കാമഗായത്രികള്‍

മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വന്‍ വയലാര്‍ രാമവര്‍മ്മയുടെ വേര്‍പാട് 45 വര്‍ഷം പിന്നിടുകയാണ് ഈ ഒക്ടോബര്‍ 27-ന് 
വയലാർ രാമവർമ്മ
വയലാർ രാമവർമ്മ

പ്രണയത്തിന്റേയും കാമത്തിന്റേയും പ്രതീകപുരുഷനായ കാമദേവനു പര്യായങ്ങള്‍ അനവധിയുണ്ട്. മനസ്സിനെ മഥിക്കുന്നവന്‍ മന്മഥന്‍. മദമുണര്‍ത്തുന്നവന്‍ മദനന്‍. കാമം ഉണര്‍ത്തുന്നവന്‍ കാമന്‍, മാരന്‍, കന്ദര്‍പ്പന്‍, അനംഗന്‍, മല്ലീ സായകന്‍ അഥവാ മല്ലികാബാണന്‍. തേന്‍വണ്ടുകള്‍ മുരളുന്ന ഞാണോടുകൂടിയ കരിമ്പിന്‍ വില്ല് ആയുധമായവന്‍. അരവിന്ദം, അശോകം, മാമ്പൂവ്, നവമാലിക, നീലോല്‍പ്പലം. പഞ്ചശരന്റെ അഞ്ച് പൂവമ്പുകള്‍. മകരമത്സ്യം കൊടിയടയാളമായുള്ളവന്‍. മകരകേതു. അനംഗമന്ത്രമാണ് കാമഗായത്രി. ''ഓം... കാമദേവായ വിദ് മഹേ, പുഷ്പബാണായ ധീമഹീ! തന്‍ നൂ അനംഗ പ്രചോദയാത്!'' എന്നാരംഭിക്കുന്ന കാമനെ സ്തുതിക്കുന്ന മന്ത്രം. അനുരാഗവിവശരുടെ ഹൃദയത്തുടിപ്പുകളും കാമമന്ത്രങ്ങളാണ്. കാമുകന്മാരുടെ ഹൃദയത്തെ മധുരമായ മന്ദസ്മിതത്തോടെയും വിഷാദവും രതിയും കൂടിക്കുഴഞ്ഞ മാനസിക വിതാനങ്ങളോടെയും കര്‍പ്പൂരം പുരട്ടിയ കരിംകുറി മൂച്ചിയെപ്പോലെ നീ കമ്പിച്ചു കൊള്‍കണമെന്ന് ഗണികയാവാന്‍ ഒരുമ്പെടുന്ന ബാലയോട് 'വൈശികതന്ത്ര'ത്തില്‍ ഉപദേശിക്കുന്നുണ്ട്. പ്രണയ കാമനകളില്‍ ഭാവങ്ങള്‍ക്കാണ് പ്രാധാന്യം. സംഘകാല പ്രണയകാവ്യമായ 'അകനാനൂറി'ല്‍ പ്രണയത്തിന്റെ വൈവിധ്യതകള്‍ക്കനുസരിച്ച് പൂക്കളേയും ഇടങ്ങളേയും ഋതുക്കളേയും ഉള്‍ച്ചേര്‍ത്തിരിക്കുന്നതായി കാണാം. മുല്ലയും കുറിഞ്ചിയും മരുതവും നെയ്തലാമ്പലും പാലയും ഓരോ പ്രണയഭാവങ്ങളുടെ പ്രതീകങ്ങളാണ്. മുല്ല കാത്തിരിപ്പിന്റെ പ്രതീകം. കുറിഞ്ചി കാമുകീ കാമുകന്മാരുടെ സമാഗമത്തിന്റെ പ്രതീകം. നെയ്തലാമ്പല്‍ ഉല്‍ക്കണ്ഠയുടെ പ്രതീകം... മേഘാവൃതമായ സായാഹ്നവും മഴയും പാതിരാവും പുലരിയും അപരാഹ്നവും നിലാവും അവ ഓരോന്നിനോടും ചേര്‍ന്നുനില്‍ക്കുന്ന പൂക്കളും പക്ഷികളും ശലഭങ്ങളും വാദ്യങ്ങളും ഒരുക്കുന്ന പ്രതീകാത്മക സങ്കേതം. അകനാനൂറിലെ പ്രണയകാവ്യങ്ങളുടെ പശ്ചാത്തലമതാണ്. പ്രണയ കാവ്യങ്ങളെ ഭാസുരമാക്കുന്നത് അതിന്റെ രൂപഭാവങ്ങളും വൈകാരികതലങ്ങളും അന്തരീക്ഷവും ഉള്‍ച്ചേരുന്ന പദങ്ങളുടെ കോര്‍ത്തിണക്കലാണ്. മലയാളത്തിന്റെ അഭ്രപാളികളെ ഒരു കാലത്ത് രോമാഞ്ചമണിയിച്ചിരുന്ന, 50 പിന്നിട്ട ഏതൊരു മലയാളിയുടേയും ഗൃഹാതുരതകളില്‍ ഇന്നും ത്രസിക്കുന്ന, വയലാറിന്റെ ഇന്ദ്രജാലങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളില്‍ ഇപ്പോഴും ദലമര്‍മ്മരംപോലെ അലയടിക്കുന്നത് അതുകൊണ്ടാവണം.

മീനത്തിലെ ഭരണിനാളിലാണ് വയലാര്‍ രാമവര്‍മ്മ ജനിച്ചത്. അന്നാണല്ലോ കൊടുങ്ങല്ലൂര്‍ ഭരണി. ഭരണിപ്പാട്ടിനു പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണിനാളില്‍ പൂരപ്പാട്ടിനു ഖ്യാതികേട്ട ചേര്‍ത്തലയില്‍ ജനിച്ചതിനാലാവാം വയലാറിന്റെ ഗാനങ്ങളില്‍ വെണ്മണി കൃതികളെ കടത്തിവെട്ടുന്ന കറതീര്‍ന്ന ശൃംഗാര രസം കലരാന്‍ ഇടയായതെന്നു കണ്ടെത്തിയ പ്രാദേശിക വിമര്‍ശകരുണ്ടായിരുന്നു, പണ്ട് ഞങ്ങളുടെ നാട്ടില്‍. അവരുടെ നിഗമനങ്ങള്‍ക്കു പ്രചോദനം നല്‍കുന്നതായിരുന്നു വയലാറിന്റെ പാട്ടുകളിലെ പ്രണയരസവും പ്രണയത്തിനു മേമ്പൊടിയെന്നോണം ഒളിഞ്ഞും തെളിഞ്ഞും ഊടുംപാവുമിടുന്ന രതിയും. പ്രണയവും രതിയും ഇഴ ചേര്‍ന്നു സൂക്ഷ്മതലത്തില്‍ വയലാര്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഗോപ്യമായ ചില സൂചനകള്‍ കണ്ടെത്താന്‍ ആഴക്കാഴ്ചയുള്ള കണ്ണുകള്‍ വേണം. വയലാര്‍ എന്ന കവിയുടെ ധിഷണ തെളിയുന്നത് ഇത്തരം മാന്ത്രിക സ്പര്‍ശങ്ങളിലാണ്. സ്ത്രീ സൗന്ദര്യത്തിന്റെ സാമുദ്രികശാസ്ത്രം ഇത്ര മനോഹരമായി അടയാളപ്പെടുത്തിയ മറ്റൊരു കവിയും ഗാനരചയിതാവും മലയാളത്തിലുണ്ടോ? സൗന്ദര്യ ലഹരിയില്‍ ശങ്കരാചാര്യര്‍ ത്രിപുര സുന്ദരി വര്‍ണ്ണനയില്‍ ''കാമദേവന്‍ ദേവിയുടെ നാഭിയാകുന്ന സരസ്സില്‍ മുങ്ങിയതായും അന്നേരം അതില്‍നിന്നുയര്‍ന്ന ധൂമലതിക നാഭിക്കു മീതേ ശ്യാമരേഖ പോലെ നീളുന്ന നേര്‍ത്ത രോമാവലിയായി കാണപ്പെട്ട''തായും പറയുന്നുണ്ട്. ദേവിയുടെ കൃശമായ ഇടുപ്പും ആഴമേറിയ നാഭിയും സൂര്യനെപ്പോലും മറയ്ക്കുന്ന നിതംബവും വലിത്രയങ്ങള്‍ വിജൃംഭിച്ച് പൊട്ടുംവിധം സദാ വിയര്‍പ്പ് പൊടിഞ്ഞുനില്‍ക്കുന്ന കുചങ്ങളുമെല്ലാം ഈ സാമുദ്രിക ലക്ഷണങ്ങളുടെ ഭാഗമാണ്. സ്ത്രീ സൗന്ദര്യം വാക്കുകളില്‍ വര്‍ണ്ണിക്കുമ്പോള്‍ നിത്യ ബ്രഹ്മചാരിയും തപസ്വിയുമായ ശങ്കരാചാര്യര്‍ക്കു പോലും വാക്കുകള്‍ വഴിവിട്ടു പോകുന്നുവെങ്കില്‍ ചങ്ങമ്പുഴക്കവിതകളിലൂടെ കാല്പനികതയുടെ കാവ്യസൗഭഗം ഏറ്റുവാങ്ങി വന്ന വയലാര്‍ രാമവര്‍മ്മയുടെ രചനകളില്‍ അതിനു തിളക്കമേറിയതില്‍ അതിശയിക്കാനുണ്ടോ?

ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്ത് 1956-ല്‍ വെളിച്ചം കണ്ട 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിനു വേണ്ടി രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ പാട്ടുകളോടെയായിരുന്നു വയലാറിന്റെ സിനിമാ രംഗത്തേക്കുള്ള രംഗപ്രവേശം എങ്കിലും ഏഴു വര്‍ഷത്തേക്ക് പിന്നീടാരും പാട്ടെഴുതാന്‍ വിളിച്ചില്ല. പിന്നീട് 'പാലാട്ടു കോമനി'ല്‍ എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന് അക്കാലത്തെ ഹിറ്റ് ആയ, ''ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന ഗന്ധര്‍വ്വ രാജകുമാരാ'' എന്ന ഗാനത്തിലൂടെയാണ് വയലാറിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ''കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളികളും'' ''ഓമനക്കയ്യില്‍ ഒലിവിലക്കൊമ്പുമായ് വന്ന ഓശാനപ്പെരുന്നാളും'' ''പര്‍വ്വതനിരയുടെ പനിനീരായ പെരിയാറു''മൊക്കെയായി ഒഴുകിത്തുടങ്ങിയ അറുപതുകളിലെ വയലാറിന്റെ ആദ്യകാല ഗാനങ്ങള്‍ 'സ്‌കൂള്‍ മാസ്റ്ററില്‍' എത്തിയതോടെയാണ് പ്രണയത്തിന്റേയും ശൃംഗാരത്തിന്റേയും അലയടികള്‍ ആരംഭിച്ചത്. ''ഇനിയെന്റെ ഇണക്കിളിക്കെന്ത് വേണം, ഇനിയെന്ത് വേണം?'' എന്ന കാമുകന്റെ ചോദ്യത്തിനു ''ഈ രാത്രി വെളുക്കാതിരിക്കേണം'' എന്നു മറുപടി പറഞ്ഞ കാമുകി, കൈവളകള്‍ കിലുങ്ങാതെ, കാല്‍ത്തളകള്‍ കിലുങ്ങാതെ കതക് തുറന്നു വന്ന മിടുക്കിയായിരുന്നു. അതുവരെ മീട്ടാത്ത തംബുരു മീട്ടിയവന്‍, ആരോരും അറിയാതെ ആരോടും പറയാതെ ഹൃദയം തുറന്ന മിടുക്കനും. അതുവരെ ചൂടാത്ത രോമാഞ്ചം നല്‍കിയവനു അവള്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറവികൊണ്ട മനോഹരമായ ഈ ഗാനത്തിലൂടെയാണ് വയലാറിന്റെ വരികളില്‍ ദീപ്തമായ രതിഭാവം കടന്നു വരുന്നത്. പ്രേംനസീറും രാഗിണിയുമാണ് ഈ ചിത്രത്തിലെ നായികാനായകന്മാരെങ്കിലും ഈ പാട്ടുസീനിലെ നായകന്‍ ബഹദൂര്‍ ആണെന്നതാണ് രസകരം. തുടര്‍ന്നുവന്ന 'മണവാട്ടി'യിലെ (1964) 'ദേവദാരു പൂത്തനാള്‍' കണ്ടുമുട്ടിയ ദേവകുമാരി വേദനയില്‍ അമൃത് തൂകിയവള്‍ ആയിരുന്നു. നായകന്റെ മണിയറയില്‍ ഏകയായ് അവള്‍ കടന്നുവന്നിട്ടും ഉദാത്തമായ പ്രണയത്തിലെന്നോണം, നായകന്റെ ഹൃദയം തളിരിട്ടതല്ലാതെ രതിഭാവങ്ങള്‍ ഉണര്‍ന്നില്ല. അതേ ചിത്രത്തിലെ ''അഷ്ടമുടിക്കായലിലെ അന്നനട തോണിയില്‍'' തുഴഞ്ഞുവരുന്ന കമിതാക്കള്‍, മോഹങ്ങള്‍ തേടിവരും നേരം ദാഹിച്ചു നില്‍ക്കുന്ന മാനസം തിരിച്ചറിയുന്നവരാണ്. സത്യന്‍-രാഗിണി, മധു-കെ.ആര്‍. വിജയ ജോടികള്‍ നിറഞ്ഞാടിയ 'മണവാട്ടി' അക്കാലത്തെ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ''പ്രേമത്തിന്‍ ഹിമവാഹിനിയുടെ കടവില്‍, ഹേമന്ത നിശീഥിനി തീര്‍ത്തൊരു പടവില്‍ , നീ വിരിക്കും പട്ടു വിരിപ്പില്‍ ഇടം തേടുന്ന കാമുകീകാമുകന്മാരുടെ ദാഹം ആവിഷ്‌കരിക്കുന്നതായിരുന്നു 'ദാഹം' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് ഒരുക്കിയ ഗാനം.

വയലാർ രാമവർമ്മ യേശുദാസിനും ദേവരാജൻ മാഷിനുമൊപ്പം
വയലാർ രാമവർമ്മ യേശുദാസിനും ദേവരാജൻ മാഷിനുമൊപ്പം

പ്രണയത്തിന്റേയും ശൃംഗാരത്തിന്റേയും അലയടികള്‍ 

പിന്നീട് വയലാര്‍ ഗാനങ്ങളിലെ പ്രണയ-ശൃംഗാര ഭാവരസങ്ങളുടെ ഗ്രാഫ് ഉയര്‍ന്നു. 'കുടുംബം' എന്ന ചിത്രത്തിനു വേണ്ടിയെഴുതിയ ''ചിത്രാപൗര്‍ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ...'' രതിബിംബങ്ങള്‍ നിറഞ്ഞ ദൃശ്യങ്ങളാലും കല്പനകളാലും സമ്പന്നമാണ്. നായകന്‍ നായികയോട് ചോദിക്കുന്നു: ''കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയി?'' അതിനവള്‍ നല്‍കുന്ന മറുപടി: ''കവര്‍ന്നെടുത്തൂ കള്ളനൊരാള്‍ കവര്‍ന്നെടുത്തു.'' മേലാസകലം കിങ്ങിണി കെട്ടിയ മാലതീ ലതപോലെ മാറില്‍ പടര്‍ന്നു കിടന്നപ്പോള്‍ നിന്റെ മോഹങ്ങളെല്ലാം എവിടെപ്പോയി? ''മാരനൊരാള്‍ പകര്‍ന്നെടുത്തു'' എന്ന് മറുപടി. ''വിടര്‍ന്ന കരളിലെ മുന്തിരിയിതളിലെ വീഞ്ഞ് പകര്‍ന്ന് കുടിക്കുമ്പോള്‍ മധുവിധു രാത്രികള്‍ പുല്‍കി വിടര്‍ത്തിയ മധുര സ്വപ്നങ്ങള്‍ എവിടെപ്പോയി?'' ''ദേവനൊരാള്‍ പകുത്തെടുത്തൂ'' എന്നുത്തരം. ആദ്യരാത്രിയിലെ രതി അനുഭവങ്ങളെ എത്ര മനോജ്ഞമായാണ് ഈ വരികളില്‍ വയലാര്‍ കോര്‍ത്തിണക്കിയത്. ക്രൈസ്തവ പശ്ചാത്തലത്തിലെ പ്രണയഗാനത്തില്‍ നീലക്കടമ്പിനേയും ശോശന്നപ്പൂക്കളേയും സമഞ്ജസിപ്പിക്കുന്ന കാവ്യസൗഭഗമാണ് 'നാടന്‍ പെണ്ണ്' എന്ന ചിത്രത്തിലെ ''ഹിമവാഹിനീ... ഹൃദയഹാരിണീ'' എന്ന ഗാനം. നസീറിനൊപ്പം ചട്ടയും ഞൊറിയിട്ട മുണ്ടുമുടുത്ത ഷീലയാണ് പ്രണയരംഗത്ത്. ഹിമവാഹിനിയായ പുഴയ്‌ക്കോ പ്രിയമുള്ളവള്‍ക്കോ മാദകസൗന്ദര്യം? നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി നിലാവുപോലെ അവള്‍ അരികില്‍ വന്നപ്പോള്‍ ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകുന്നു. പ്രിയസഖിയുടെ മാറില്‍ ചേര്‍ന്നു മയങ്ങുന്ന കിനാക്കളുമായി അവളെ വട്ടമിടുന്ന നായകനില്‍നിന്ന് ''മൃണാളിനീ, നിന്‍ മിഴിയിതളില്‍ മധുര സ്വപ്നമോ മൗനപരാഗമോ അതോ ബാഷ്പ ഹിമബിന്ദുവോ?'' എന്ന് മറ്റൊരു പ്രണയരംഗത്ത് ചോദിക്കുന്ന നായകനിലേക്ക് ഏറെ ദൂരമില്ല. (ചിത്രം: 'അവള്‍') ''നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായി വന്നൂ. വിടര്‍ന്ന നിന്‍മുഖ കമലപ്പൂവില്‍ വീണു മയങ്ങീ മോഹം.'' കമലപ്പൂവും കരിവണ്ടും വികാരസരസ്സും നെയ്തലാമ്പലും നീലക്കടമ്പും ഇന്ദ്രനീലവും നിശാഗന്ധിയും സങ്കല്പവീണയും പല്ലവപുടങ്ങളും പവിഴച്ചുണ്ടും മന്മഥശരവും വാര്‍മഴവില്ലും മുന്തിരിവള്ളിയും ചിത്രപതംഗവുമെല്ലാം വയലാറിന്റെ ഗാനങ്ങളില്‍ മിന്നിമറയുന്ന 'ഒബ്സെഷ'നാണ്. പ്രേമമെന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങളായാണവ കടന്നുവരിക, പ്രണയത്തിന്റെ വിവിധ ഭാവതലങ്ങളിലൂടെ.

വയലാറിന്റെ ഗാനങ്ങളില്‍, വിശേഷിച്ച് പ്രണയഗാനങ്ങളില്‍ ശൃംഗാരഭാവത്തിനു കേളികേട്ട ഭാരതീയ സാഹിത്യത്തിലെ ആഖ്യാനഭാഗങ്ങള്‍ ദൃശ്യമികവോടെ കടന്നുവരാറുണ്ട്. കാളിദാസന്റേയും ബാണഭട്ടന്റേയും കൃതികള്‍ മുതല്‍ നളചരിതം ആട്ടക്കഥ വരെ അതിനു പ്രമേയമാകാറുണ്ട്. നളചരിതത്തില്‍ പൂന്തേന്‍ തൊഴും മൊഴിയായ ദമയന്തി, രാവ് ചന്ദ്രനോടെന്ന പോലെ, നളനുമൊത്ത് ഉദ്യാനത്തില്‍ ഇരിക്കുന്ന രംഗം. ''സാമ്യമകന്നോരുദ്യാനം എത്രയുമാഭിരാമ്യമിതിനുണ്ടത് ന്യൂനം'' എന്ന് ഉണ്ണായി വാര്യര്‍ വിശേഷിപ്പിക്കുന്ന, ഇന്ദ്രോദ്യാനത്തിനുപോലും സമാനതകള്‍ അവകാശപ്പെടാനാവാത്ത കല്പകോദ്യാനമാണ് 'ദേവി' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ എഴുതിയ 'സാമ്യമകന്നോരുദ്യാനമേ' എന്ന ഗാനത്തിലെ പ്രമേയവേദി. രോമഹര്‍ഷങ്ങള്‍ പൂവിടര്‍ത്തിയ സരോവരത്തില്‍ നായികയെ അന്വേഷിക്കുന്ന നായകന്‍. മനോരഥത്തില്‍ ദൂത് പോകുന്ന, ലാവണ്യവതികളുടെ ലാളനയേറ്റ് വളര്‍ന്ന ദേവഹംസങ്ങള്‍. ഇതെല്ലാം നളചരിതത്തിലേക്ക് വേരോടുന്ന ബിംബങ്ങളാണ്. നാല്‍പ്പാമരക്കാട്ടില്‍ നൃത്തം ചെയ്യുന്ന നീയാം മേനകയും ചിത്രശിലാപാളികളാല്‍ തീര്‍ത്ത ശ്രീകോവിലകത്ത് നിത്യം ആരാധിക്കാനായി കണ്ടെടുത്ത നിന്റെ വിഗ്രഹവും നീയാം ഗായിക മീട്ടുന്ന തംബുരുവില്‍ ഉതിരുന്ന രതിസുഖ സാരേയും ഇതിഹാസ ആഖ്യാനതലങ്ങളില്‍ നിന്നിറങ്ങി വരുന്നവയാണ്. പുരാണേതിഹാസങ്ങളുടെ വായനയില്‍ മനസ്സിന്റെ അകം പാളികളെന്നോ ഒപ്പിയെടുത്ത പദങ്ങളും ബിംബങ്ങളും രൂപകങ്ങളും കല്പനകളും വയലാറിന്റെ ഗാനങ്ങളില്‍ സന്ദര്‍ഭോചിതമായി ഒഴുകിയെത്താറുണ്ട്.

പ്രണയത്തിന്റെ ശ്രുതിഭേദങ്ങള്‍

കവിഭാവനയിലെ പ്രണയബിംബങ്ങളും പ്രതീകങ്ങളും വാങ്മയ ചിത്രങ്ങളും പ്രണയകാവ്യ തലത്തിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു ഉദയായുടെ 'ശകുന്തള.' തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ സംഭാഷണങ്ങള്‍. പ്രണയ, ശൃംഗാര, രതി ഭാവങ്ങള്‍ വരികളില്‍ ഉടനീളം അലയടിക്കുന്നതായിരുന്നു ഇതിലെ ഓരോ ഗാനവും. കറുപ്പും വെളുപ്പും ഇഴചേര്‍ന്ന, നസീര്‍-കെ.ആര്‍. വിജയ ജോടികളുടെ പ്രണയരംഗങ്ങളുടെ ചിത്രീകരണവും അത്രത്തോളം ഹൃദ്യമായിരുന്നു. താമരയിലകളില്‍ അരയന്നപ്പെണ്‍കൊടി കാമലേഖനമെഴുതുമ്പോഴും നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോഴും കണ്വ തപോവന കന്യകയെ ഓര്‍ക്കുന്ന ദുഷ്യന്തനും ആദ്യ ദര്‍ശനത്തില്‍ ചുംബനമറിയാത്ത പൂപോലെ, നുള്ളാത്ത തളിര്‍പോലെ, മീട്ടാത്ത ശ്രുതിപോലെ, നുകരാത്ത മധുപോലെ, അല്ലിപ്പൂം തണലില്‍ നാണിച്ചു നില്‍ക്കുന്ന അരയന്നപ്പിടപോലെ, ആ കണ്വ തപോവന കന്യകയും... പ്രണയലേഖനം എങ്ങനെ എഴുതണമെന്നോ ചമത മുറിക്കും കൈവിരലുകളാല്‍ ഹൃദയ തംബുരു എങ്ങനെ മീട്ടുമെന്നോ പ്രണവം ചൊല്ലും ചുണ്ടുകളാല്‍ പ്രേമ കാകളിയെങ്ങനെ പാടുമെന്നോ അറിയാതെ ''മരവുരി മൂടും മാറിടമാകെ മദനനമ്പുകളെന്തിനു തൂകി''യെന്ന് ആശങ്കപ്പെടുന്ന മുനികുമാരിയുടേയും ''പുളകം ചൂടും പൂവുടലോടെ പ്രേമലോലുപനിങ്ങിനി വരുമോയെന്ന്'' കാത്തിരിക്കുന്ന പ്രണയിനിയുടേയും കരിമ്പിന്റെ വില്ലും കൈതപ്പൂവമ്പുമായ് വരുന്ന കാമുകനോട് ''നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ'' എന്നു പാടുന്ന പ്രണയപരവശയുടേയും ഭാവഭേദങ്ങള്‍ വിസ്മയമുളവാക്കും വിധം വയലാര്‍ ഈ വരികളിലൂടെ കോറിയിടുന്നതുകാണാം.

ഉപമകളുടേയും ഉപമാനങ്ങളുടേയും പെരുമഴ തന്നെ വയലാറിന്റെ രചനകളിലുണ്ട്. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയോടോ ചന്ദനപ്പൂമരത്തണലിനോടോ, ഏഴഴകുള്ള ലജ്ജയോടോ... ഏതിനോടാണ് കാമുകിയെ ഉപമിക്കേണ്ടതെന്നു സന്ദേഹിച്ചു നില്‍ക്കുന്ന കാമുകചിത്രം. മന്മദ ഗൃഹത്തില്‍ മണിയറ തുറക്കുന്ന വെണ്മണി ശ്ലോകത്തിനോടോ, രഹസ്യാഭിലാഷങ്ങള്‍ മിഴികളാല്‍ അറിയിക്കും രവിവര്‍മ്മച്ചിത്രത്തിനോടോ, മധുവിധു ദാഹത്തിന്‍ മലരുകള്‍ നേദിക്കും മധുരാനുരാഗത്തിനോടോ... നീലാംബുജ മിഴിയെ ഏതിനോട് ഉപമിക്കുമെന്ന ആശയക്കുഴപ്പത്തില്‍ അകപ്പെട്ട നായകന്മാര്‍ ഒട്ടേറെ പാട്ടുകളില്‍ കടന്നുവരുന്നുണ്ട്. ''മന്ദസമീരനില്‍ ഒഴുകിയെത്തുന്ന ഇന്ദ്ര ചാപമാണവള്‍. മന്ദസ്മിതങ്ങള്‍ മാടിവിളിക്കുന്ന ഇന്ദുഗോപമാണ്. ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗമാണ്. ശിലകള്‍ താനേ ശില്പമാകും സൗകുമാര്യമാണവള്‍.'' ഈ വരികളില്‍ തെളിയുന്നത് ''പ്രണയത്തിന്റെ ഉല്ലേഖ ഭംഗി''യാണെന്നാണ് കവി ഒ.എന്‍.വി. കുറുപ്പ് വിശേഷിപ്പിക്കുന്നത്. ''അഗ്‌നിപോലെ പടര്‍ന്നുകയറുന്നവയും മഞ്ഞുതുള്ളികള്‍പോലെ കുളിരു പകരുന്നവയും കടല്‍പോലെ ഇരമ്പിമറിയുന്നവയും ദലമര്‍മ്മരംപോലെ ഹൃദയത്തിലെവിടെയോ ആമന്ത്രണം ചെയ്യുന്നതുമാണ് വയലാറിന്റെ വരികള്‍. ''സീമന്തിനീ നിന്‍ ചൊടികളിലാരുടെ പ്രേമ മൃദുസ്മേരത്തിന്‍ സിന്ദൂരം, ആരുടെ കൈ നഖേന്ദു മരീചികകളില്‍ കുളിച്ചാകെത്തളിര്‍ത്തു നിന്‍ കൗമാരം'' എന്നതിശയിച്ച് ''എന്നെ നിന്നനുരാഗ പല്ലവിയാക്കൂ'' എന്നാലപിക്കുന്ന കാമുക ചിത്രം. പുഷ്യരാഗ മോതിരമിട്ട പുലരിക്കതിരും സ്വര്‍ഗ്ഗവാതില്‍ തുറന്നുവരുന്ന സ്വപ്നകലയും മനസ്സില്‍ മായാനിര്‍വൃതി പാകിയ മയൂരസന്ദേശവും വീണിഴ പൊട്ടിയൊരനുരാഗത്തിന്‍ വീണാതന്ത്രികളുമെല്ലാം ചേര്‍ന്നൊരുക്കുന്ന പ്രണയത്തിന്റെ മായികത. ഏകാന്തതയുടെ അഴികള്‍ക്കുള്ളില്‍ കഴിയുന്ന നായകനെ വന്നു തഴുകുന്ന ഏതോ നിശ്വാസം. ''എന്റെ വികാരത്തളിരില്‍ വിരല്‍ തൊടുമേതോ നിശ്വാസം, വിതിര്‍ത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിന്‍ ഗാനം...'' ഉദാത്തമായ പ്രണയഭാവം തുളുമ്പുന്നതാണ് ''നിത്യ കാമുകീ ഞാന്‍ നിന്‍ മടിയിലെ ചിത്ര വിപഞ്ചികയാകാന്‍ കൊതിച്ചൂ... ആ മൃണാള മൃദുലാംഗുലിയിലെ പ്രേമ പല്ലവിയാകാന്‍ കൊതിച്ചൂ...'' എന്ന ശോകാര്‍ദ്രമായ പ്രണയഗാനം. 

കാമുക ഭാഷണങ്ങളിലൂടെ പ്രണയിനിയുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന പ്രണയ ഗാനങ്ങള്‍ അനവധിയുണ്ട്. ''നീലക്കൂവളപ്പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ മന്മദന്‍ കുലയ്ക്കും വില്ലുകളോ മദനപ്പൊയ്കയോ നുണക്കുഴിയോ? പകുതി തുറന്ന നിന്‍ പവിഴ ചിപ്പിയില്‍ പ്രണയപരാഗമോ പുഞ്ചിരിയോ? അധരത്തളിരോ ആതിരക്കുളിരോ അമൃതോ മുത്തോ പൂന്തേനോ?'' പ്രണയമെന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങള്‍ നല്‍കുന്ന വൈവിധ്യതയാണ് വയലാറിന്റെ ഓരോ പ്രണയഗാനത്തിനും പുതുമ പകരുന്നത്. ''നാളീകലോചനയുടെ മിഴികള്‍ക്ക് നീലിമ കൂടാനുള്ള കാരണം'' തിരയുന്ന കവിയുടെ കണ്ടെത്തലുകളാണ് 'ഇന്റര്‍വ്യു' എന്ന ചിത്രത്തിനുവേണ്ടി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഗാനത്തില്‍. കൗമാരം കഴിയുമ്പോള്‍ കിളിര്‍ത്തു കിളിര്‍ത്തു വരും രോമാഞ്ച കഞ്ചുകത്താലോ? അതോ നിന്റെ താരുണ്യ വനത്തില്‍ കാമുകന്‍ കടന്നതിനാലോ? ഏകാന്ത നിശകളില്‍ വിതിര്‍ന്നു വിതിര്‍ന്നു വരും മൂക വികാരങ്ങളാലോ? അതോ ചുറ്റോടു ചുറ്റുമൊരാലിംഗനത്തിന്‍ ചൂടില്‍ കിടന്നതിനാലോ?... പൂക്കള്‍ മൂടിക്കിടന്നതിനാലോ? പൂക്കുലക്കതിരുകള്‍ക്കിടയിലൂടെ നോക്കി കൊതിപ്പിച്ച കാമുകിയോട് അവള്‍ നേദിച്ചു കൊണ്ടുവന്ന ഇളനീര്‍ക്കുടമിന്നുടയ്ക്കുമെന്നും തിങ്കളാഴ്ച നൊയമ്പ് മുടക്കുമെന്നും (ചിത്രം: കൂട്ടുകുടുംബം) കാമുകന്‍ പാടിയതിലെ ദ്വയാര്‍ത്ഥം വയലാര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ ചര്‍ച്ച ചെയ്തവരാണ് മലയാളികള്‍. തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണിനോട് അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍ ആരേയും മയക്കുന്ന മന്ത്രമുണ്ടോ, അനംഗമന്ത്രമുണ്ടോ എന്നു ചോദിക്കാന്‍ ഒരു കാല്പനിക കവിയുടെ ഭാവനയ്‌ക്കേ കഴിയൂ. രൂപ രഹിതനായവന്‍ (അനംഗന്‍) കാമദേവനാണല്ലോ? കാമ ഗായത്രിയാണ് അനംഗ മന്ത്രം. രവി വര്‍മ്മ ചിത്രങ്ങളിലേതുപോലെ രൂപലാവണ്യ മിഴിവേറുന്ന നായികയുടെ ചിത്രങ്ങളാണ് ഈ വരികളിലൂടെ വയലാര്‍ വരച്ചുകാട്ടുന്നത്. ''മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി മുടിയുലമ്പിക്കൊണ്ട് അവള്‍ മുഖമുയര്‍ത്താതെ നിന്നത്... കാലത്ത് പുലരിപ്പൂമുഖ മുറ്റത്തു പുറംതിരിഞ്ഞുനിന്ന് അരിപ്പൊടിക്കോലങ്ങള്‍ എഴുതിയത്... അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോരഴകിന്‍ വിഗ്രഹമായും പത്മതീര്‍ത്ഥത്തിലെ പാതിവിടര്‍ന്ന താമരയായും നിന്നത്. തുളുമ്പും പാല്‍ക്കുടം അരയില്‍ വെച്ച് തൊടിയിലേകാകിയായ് വന്നു നിന്നത്... ആ നില്‍പ്പില്‍ അവളുടെ ചൊടികളില്‍ കുങ്കുമം ഉതിരുന്നുണ്ടായിരുന്നു. അവളുടെ ''നിത്യ രോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍'' നിറയെ ദാഹങ്ങളായിരുന്നു... ആ കുമ്പിളുകളോട് ചേര്‍ന്ന് അവളുടെ മാറിലൊരു പൂണൂലായ് പറ്റിക്കിടക്കാന്‍ കൊതിച്ചു നില്‍ക്കുകയാണ് നായകന്‍. ചന്ദ്രിക കയ്യില്‍ കളഭം നല്‍കിയ ചാരുലതയോട്... ''ഇന്നെല്ലാമെല്ലാമെനിക്ക് തരൂ'' എന്ന് പ്രണയാര്‍ദ്രനായി പറയുന്ന കാമുകന്റെ കണ്‍മുന്നിലും തെളിയുന്നതും ''ഈറന്‍ ചുരുള്‍മുടി തുമ്പുകള്‍ കെട്ടി ഇലഞ്ഞിപ്പൂ ചൂടി വ്രീളാവതിയായ് നില്‍ക്കുന്നതും'' ''കാറ്റത്തുലയും മാര്‍ മുണ്ടൊതുക്കി കടക്കണ്ണാല്‍ നോക്കി, ആലസ്യത്തില്‍ മുഴുകി നില്‍ക്കുന്നതുമായ അവളുടെ രതിഭാവ ദൃശ്യങ്ങളാണ്.

വയലാറിന്റെ ഗാനങ്ങളില്‍ എന്നെ അതിശയപ്പെടുത്താറുള്ളത് അതില്‍ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മാര്‍ത്ഥങ്ങളാണ്. പ്രത്യക്ഷത്തില്‍ കാണുന്ന മെലഡീ ഭാവത്തിനപ്പുറത്ത് ആഴങ്ങളില്‍ വിരിയുന്ന അര്‍ത്ഥതലങ്ങള്‍. നേരത്തെ സൂചിപ്പിച്ചതുപോലെ പെണ്ണുടലിന്റെ ഗുപ്തമായ സാമുദ്രിക ശാസ്ത്രങ്ങള്‍ അടയാളപ്പെടുത്തുന്ന പദാവലികള്‍ കോര്‍ത്തിണക്കി, രതിയുടെ നേര്‍ബിംബങ്ങളെ ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ആവിഷ്‌കരിക്കുന്ന അതുല്യമായ രചനാതന്ത്രം. ഈ ഗണത്തില്‍പ്പെടുന്ന, മലയാള സിനിമാഗാനങ്ങളില്‍ എക്കാലത്തേയും മനോഹരമായ ഗാനം എന്നു വിശേഷിപ്പിക്കാവുന്ന ''പാരിജാതം തിരുമിഴി തുറന്നൂ.'' (ഈ ഗാനം എഴുതാനുണ്ടായ സാഹചര്യം വയലാറിന്റെ ആത്മമിത്രങ്ങളിലൊരാളായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍ ചെറുപ്പകാലത്ത് എന്നോട് പങ്കുവയ്ക്കുകയുണ്ടായി.) രതിബിംബങ്ങളാല്‍ നെയ്‌തെടുത്ത ഗാനമാണിത്. പാരിജാതം തിരുമിഴി തുറന്നതും പവിഴ മുന്തിരി പൂത്തുവിടര്‍ന്നതും രതിജന്യ സൂചനകളാണ്. മൂടല്‍മഞ്ഞ് മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിന്റെ താഴ്വരയും നിശാ നികുഞ്ജവും ഏകാന്ത ജാലകവും പെണ്ണുടലിന്റെ രതി ചിഹ്നങ്ങളാണ്. നീലോല്‍പ്പല മിഴി മാത്രം ഉറക്കത്തിലാണ്ട് വികാര സരസ്സിന്‍ കരയില്‍ നില്‍ക്കുന്ന കാമുകന്‍ നിത്യകാമുകിയോട് ആവശ്യപ്പെടുന്നതെന്താണ്? സ്വപ്ന മദാലസ നിദ്രയില്‍നിന്നുണര്‍ന്ന് ആ ഏകാന്തജാലകം തുറക്കാന്‍! 'സ്വപ്നഭൂമി' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഗാനമാണ് ''പ്രേമ സര്‍വ്വസ്വമേ, നിന്റെ പ്രമദവനം ഞാന്‍ കണ്ടൂ.'' ആ ഗാനത്തിന്റെ അനുപല്ലവിയായ ''അതില്‍ മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ... മദിരോത്സവം കണ്ടൂ'' എന്നീ വരികള്‍ ആസ്വദിക്കുന്ന അനുവാചകന്റെ കണ്മുന്നിലൂടെ കടന്നുപോകുന്നത് പ്രമദവനത്തിലിരിക്കുന്ന കാമുകിയുടേയും അവള്‍ക്കരികെ നില്‍ക്കുന്ന മാനിന്റേയും ദൃശ്യമായിരിക്കും. ഇനി ആ കല്പനകളുടെ ഗുപ്തമായ ആന്താരാര്‍ത്ഥത്തിലേക്കൊന്നു കണ്ണോടിക്കൂ. പ്രേമ സര്‍വ്വസ്വമായ കാമുകിയുടെ പ്രമദവനം. അതില്‍ കാമദേവന്‍ വളര്‍ത്തുന്ന മാന്‍. അതിനുള്ളില്‍ നടക്കുന്ന മദിരോത്സവം. (അന്തപ്പുരത്തോട് ചേര്‍ന്ന് സ്ത്രീകള്‍ മാത്രം വിഹരിക്കുന്ന ഉദ്യാനമാണല്ലോ പ്രമദവനം?) ഇനി പാട്ടിന്റെ ചരണങ്ങളിലേക്ക് വരാം. ''കവിളത്തു കരിവണ്ടിന്‍ ചുംബനപ്പാടുമായ് ഇലവര്‍ങപ്പൂക്കള്‍ വിടര്‍ന്നൂ.'' (ഹാ! മനോഹരം!) കവിളത്തെ ചുംബനപ്പാടിനെ ഇലവര്‍ങപ്പൂക്കളായി ഭാവന ചെയ്യുന്നതോടൊപ്പം കരിവണ്ടുമായും കവി സാദൃശം കല്പിക്കുന്നു! പ്രേമ സര്‍വ്വസ്വത്തിനു മുന്നില്‍ സ്വര്‍ഗ്ഗവാതില്‍ കിളിയായി സ്വയം മറന്നുനില്‍ക്കുകയാണ് കാമുകന്‍.'' മദനന്‍ വളര്‍ത്തുന്ന മാടപ്രാവായും മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍ കിടാവായും ഇതേ ബിംബം മറ്റൊരു ഗാനത്തിലും കടന്നു വരുന്നുണ്ട്- ''മാനത്തെ കായലിന്‍ മണപ്പുറത്ത്.'' കാമുകിയുടെ കിളിവാതിലില്‍ പതുങ്ങി നില്‍ക്കുന്ന സംക്രമപ്പൂനിലാവിനൊപ്പം. മെരുക്കിയാല്‍ മെരുങ്ങാത്ത മാന്‍കിടാവിനോട് ''മയക്കമെന്തേ, മയക്കമെന്തേ... മദനന്‍ വളര്‍ത്തുന്ന മണിപ്പിറാവേ'' എന്നാണ് ചോദ്യം. ''പാരിജാതം തിരുമിഴി തുറന്നൂ'' എന്ന പാട്ടിലെ വരികളുമായി ഇതിനെ കൂട്ടിവായിക്കാം. ''മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍ മുങ്ങി മാറുമറയ്ക്കാതെ, എന്നനുരാഗമാം അഞ്ചിതള്‍ പൂവിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങിയ ഇന്ദുമുഖിയോട്, നിന്റെ മദാലസ യൗവ്വനവും നിന്റെ ദാഹവും എനിക്കല്ലേ,'' എന്നും ''നിന്നിലെ മോഹമാം 'ഓരിലക്കുമ്പിളില്‍' എന്റെ കിനാവിലെ മധുവല്ലേ, ഹൃദ്യമാം മധുവല്ലേ?'' എന്നും ചോദിക്കുന്ന വരികളിലും ഈ സൂക്ഷ്മാര്‍ത്ഥ സൂചനയില്ലേ? ഓരിലക്കുമ്പിളിലെ മധുവും പാരിജാതം തിരുമിഴി തുറന്നപ്പോള്‍ പൂത്തുവിടര്‍ന്ന പവിഴമുന്തിരിയും ഉറക്കത്തില്‍ കൂമ്പിപ്പോയ നീലോല്‍പ്പല മിഴിയും ''പകുതി വിടര്‍ന്ന നിന്‍ യൗവനപ്പൂവും'' പാതി വിടര്‍ന്ന നിന്‍ ലജ്ജയ്ക്ക് ചായുവാന്‍ ഒരുക്കിയ പവിഴ മന്ദാരക്കിടക്കയും തമ്മില്‍ സമാനതകളില്ലേ? ''ഇഷ്ട പ്രാണേശ്വരിയുടെ ഏദന്‍ തോട്ടമായും ഏഴാം സ്വര്‍ഗ്ഗമായും പ്രമദവനം'' പിന്നീടും കടന്നു വരുന്നുണ്ട്. ''സ്വര്‍ണ്ണമേഘത്തുകില്‍കൊണ്ട് നാണം മറയ്ക്കുന്ന ആ സുധാംഗദയോട് നിയന്ത്രിക്കാനാവാത്ത പ്രണയദാഹം ആരിലാണ്, ആണിലോ പെണ്ണിലോ'' എന്നാണ് കവിയുടെ ചോദ്യം. ഇതേ ചിത്രത്തിലെ ''ആ കയ്യിലോ ഈ കയ്യിലോ അമ്മാനക്കല്ല്'' എന്ന പി. സുശീല ആലപിക്കുന്ന പാട്ടില്‍ പ്രിയതമനെ കാത്തിരിക്കുന്ന പ്രേയസിയുടെ ചിത്രം വരച്ചു കാട്ടുന്നുണ്ട്. വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ, വെളുത്ത വാവിന്‍ നടയിലൂടെ പുഷ്പകവിമാനത്തില്‍ വരുന്ന നായകന്‍ ''ഓരിതളീരിതള്‍ വിരിയും ചുണ്ടുകളില്‍ ഒരുപാട് ചുംബനങ്ങള്‍ പകരുന്നതും മാറോട് ചേര്‍ത്ത് വാരിപ്പുണരുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് നായിക. 

തോപ്പിൽ ഭാസിയും വയലാർ രാമവർമ്മയും
തോപ്പിൽ ഭാസിയും വയലാർ രാമവർമ്മയും

ജയദേവകവിയുടെ പാരമ്പര്യം

''മാമക വിജന ലതാ സദനത്തില്‍, താമര മിഴിയമ്പുകളോടെ തപസ്സിളക്കാന്‍ വന്നതെന്തിനെന്ന് അജ്ഞാത സഖിയോട് ആരായുന്ന നായകനും സ്വപ്നങ്ങളുറങ്ങാത്ത, ശരല്‍ക്കാല സുന്ദരരാത്രിയില്‍ സ്വര്‍ഗ്ഗീയ രോമാഞ്ചമണിയുന്ന കാമുകിമാരും കാമുകന്മാരും അവരുടെ തീരാത്ത, തീരാത്ത മോഹങ്ങളും സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന കാഴ്ചകളാണ് വയലാര്‍ പ്രണയഗാനങ്ങളിലൂടെ പകരുന്നത്.'' ''താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കില്‍ ഞാന്‍... താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍, കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക'' എന്നീ വരികളിലെത്തുമ്പോള്‍ സിനിമാപ്പാട്ടിന്റെ തലങ്ങള്‍ വിട്ടത് കാവ്യാത്മകമാകുന്നു. ഏകാന്തതയുടെ അഴികള്‍ക്കുള്ളിലെ ഏതോ നിശ്വാസം പോലെ, ഉറങ്ങുമെന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി, ''വിതിര്‍ത്തോരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞ്, ഉറക്കൊഴിക്കും മോഹശതങ്ങളെ ഉണര്‍ത്തി നിന്‍ ഗാനം'' വീണിജ പൊട്ടിയൊരനുരാഗത്തിന്‍ വീണാതന്ത്രികളില്‍, ''എത്തുമ്പോഴും കാവ്യാനുഭൂതി പകരുന്നു. വിരഹം നിത്യ തപസ്സിനിരുത്തിയ വീണാതന്ത്രികളില്‍ തുടുത്ത നഖമുനകൊണ്ട് തലോടി തുടിച്ചുനില്‍ക്കുകയാണാ വരികള്‍. അതേ സമയം മഞ്ജുഭാഷിണിയുടെ മണിയറവീണയില്‍ മയങ്ങിയുണരുന്ന രാഗം വേറൊന്നാണ്. നാദസിരകളില്‍ പ്രിയദര്‍ശിനിയുടെ മോതിരക്കൈവിരല്‍ ഒഴുകുമ്പോള്‍ തന്ത്രികള്‍ താനേ പാടുകയാണ്. ഹൃദയങ്ങള്‍ താളംപിടിക്കുകയാണ്. രാഗലയങ്ങളും താളവും ശ്രുതിയും നിര്‍ലീനമായ ഈ വരികള്‍ വയലാറിന്റെ സംഗീതബോധത്തില്‍നിന്ന് ഉറവയെടുത്തവയാണ്. ജയദേവ കവിയുടെ പാരമ്പര്യത്തില്‍ പിറവികൊണ്ട ഗീതിസാഹിത്യം വെള്ളിത്തിരയില്‍ വിരിയിച്ച നവവസന്തമെന്ന് വയലാറിന്റെ ഗാനങ്ങള്‍ വിശേഷിപ്പിക്കപ്പെടാന്‍ കാരണമതാണ്. ഒന്നര പതിറ്റാണ്ടിലൊതുങ്ങുന്ന വയലാര്‍ രാമവര്‍മ്മയെന്ന കാവ്യ ഗന്ധര്‍വ്വന്റെ ചലച്ചിത്രഗാന സപര്യ മലയാളത്തിനു സമ്മാനിച്ചത് ആയിരത്തി ഇരുനൂറോളം പാട്ടുകള്‍. അതിലേറെയും പ്രണയത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഉതിരുന്നവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com