ഡോറ മാര്‍- വിലാപങ്ങള്‍ക്കപ്പുറം

പാബ്ലോ പിക്കാസോയുടെ വീപ്പിങ് വുമണ്‍ എന്ന ചിത്ര പരമ്പരയിലെ നായികയെന്ന ഫ്രെയിമില്‍ മാത്രം ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ഡോറ മാര്‍ എന്ന പ്രമുഖ സറീലിസ്റ്റ് ഫോട്ടോഗ്രാഫറുടേത്
അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റ് മാൻ റേ എടുത്ത ഡോറ മാറിന്റെ ചിത്രം
അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റ് മാൻ റേ എടുത്ത ഡോറ മാറിന്റെ ചിത്രം

ണ്ണാടിയില്‍ പ്രതിഫലിക്കുന്ന പ്രതിബിംബത്തിന്റെ ഇടത്തും വലത്തും പരസ്പരം മാറുന്നതു പോലെയാണ് നമ്മുടെ ഭൂമിയുടെ ഉത്തരാര്‍ദ്ധത്തിലേയും ദക്ഷിണാര്‍ദ്ധത്തിലേയും കാലാവസ്ഥ. ഉത്തരപകുതിയില്‍, വേനല്‍ച്ചൂടില്‍ നാം വിയര്‍ത്തൊലിക്കുമ്പോള്‍, അകന്നുപോയ സൂര്യന്‍ അവശേഷിപ്പിക്കുന്ന തണുപ്പു കാലമാണ് തെക്കു പകുതിയില്‍. ഭൂപടത്തില്‍ അങ്ങു താഴെ കിടക്കുന്ന ഓസ്ട്രേലിയയില്‍, ഗ്രീഷ്മം ഹേമന്തത്തിലേക്ക് നീങ്ങുന്ന സുഖകരമായ ഇടനാഴിയാണ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍. 2016-ലെ മാര്‍ച്ച് മദ്ധ്യത്തില്‍ MCG എന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടും അവിടുത്തെ ബൃഹത്തായ ക്രിക്കറ്റ് മ്യൂസിയവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് നടക്കുന്ന മെല്‍ബണ്‍ പാര്‍ക്കും കണ്ട്, യാരാ നദി താണ്ടി വിക്ടോറിയ നാഷണല്‍ ഗാലറി(NGV)യിലേക്ക് നടക്കുമ്പോള്‍ വിശാലമായ റോഡുകള്‍ക്ക് ഇരുവശവുമുള്ള നടപ്പാതകളില്‍ ശരത്കാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇലകള്‍ കൊഴിഞ്ഞുകിടന്നിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും പുരാതനവും ബൃഹത്തുമായ ഗാലറിയില്‍ സന്ദര്‍ശകര്‍ നന്നേ കുറവ്. ജീവനക്കാരാവട്ടെ, ഒരാഴ്ചയ്ക്കുശേഷം മാര്‍ച്ച് 25 മുതല്‍ ഗാലറിയില്‍ മൂന്നു മാസകാലത്തേക്ക് സന്ദര്‍ശനത്തിനെത്തുന്ന പ്രഖ്യാതമായ 'ജെയിംസ് വിസ്ലറുടെ അമ്മ' എന്ന ചിത്രത്തെ വരവേല്‍ക്കാനുള്ള തിരക്കിലും. രണ്ട് ദിവസം മുന്‍പ് ട്യുല്ലാമറിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അവിടെയും കണ്ടു വിസ്ലറുടെ അമ്മയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ പരസ്യചിത്രങ്ങള്‍. അടുത്ത ദിവസം മെല്‍ബണ്‍ വിടുന്ന ഒരാള്‍ക്ക് ഈ ആവേശവും ഉത്സാഹവും നല്‍കുന്ന നിരാശയുടെ പടികള്‍ പിന്നിട്ടാണ് മുക്കാല്‍ ലക്ഷത്തോളം പ്രദര്‍ശനവസ്തുക്കളുണ്ടെന്ന് അവകാശപ്പെടുന്ന ഗാലറിയിലെ, ആ ചിത്രത്തിനു മുന്നില്‍ എത്തിയത്. പാബ്ലോ പിക്കാസോയുടെ 'വീപ്പിങ് വുമണ്‍' - കണ്ണീരണിഞ്ഞ സ്ത്രീ - മഞ്ഞകലര്‍ന്ന പച്ചനിറവും നരച്ച നീലനിറവുമാണ് വിലപിക്കുന്ന സ്ത്രീയുടെ മുഖത്തിന്, കണ്‍കുഴികളില്‍ തെറിച്ചുനില്‍ക്കുന്ന മിഴികളില്‍നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീര്‍, കറുത്തു തടിച്ച കണ്‍പീലികള്‍, കണ്ണീര്‍ തുടയ്ക്കാന്‍ മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന തൂവാല. ക്യാന്‍വാസില്‍ ഏതാണ്ട് പൂര്‍ണ്ണമായും നിറഞ്ഞുനില്‍ക്കുന്ന, ആശ്വസിപ്പിക്കാന്‍ ആവാത്തവിധം തളര്‍ന്നു കരയുന്ന, സ്ത്രീയുടെ ഒരു പോര്‍ട്രേറ്റ്. 'സ്ത്രീ എക്കാലത്തും കഷ്ടപ്പെടാനുള്ള ഉപകരണം' ആണെന്നു പറഞ്ഞ ചിത്രകര്‍ത്താവിന്റെ മനോഗതം ക്യാന്‍വാസിലേക്ക് ഒഴുകിപ്പരന്നതുപോലെ. ചിത്രത്തിന്റെ ദ്വിമാന സ്വഭാവം ഉറപ്പിക്കുന്നതിനായി വരകള്‍ക്ക് ആഴം നല്‍കാനുള്ള ശ്രമമൊന്നും അനലിറ്റിക്കല്‍ ക്യൂബിസം സമ്പ്രദായത്തില്‍ വരച്ചിരിക്കുന്ന ഇതില്‍ കാണുന്നില്ല. ആദ്യനോട്ടത്തില്‍ത്തന്നെ ഒരു തേങ്ങല്‍ കാഴ്ചക്കാരനിലേക്ക് പകര്‍ന്ന്, നോക്കിനില്‍ക്കേ ക്രമേണ ആ കരച്ചിലിന്റെ ശബ്ദത്തിനും ദുഃഖത്തിന്റെ തീവ്രതയ്ക്കും വൈയക്തിക തലത്തിന് ഉപരിയായി സാര്‍വ്വത്രികമായ രാഷ്ട്രീയമാനം കൈവരുന്നു.

1937-ല്‍ ഈ പ്രമേയം കേന്ദ്രമാക്കി പിക്കാസോ വരച്ച 25-ഓളം രചനകള്‍ ഇന്ന് ലോകത്തിലെ വിവിധ ഗാലറികളിലും സ്വകാര്യ ശേഖരങ്ങളിലുമായിട്ടുണ്ട്. അതില്‍ ഒന്നുമാത്രമാണ് 1937 ഒക്ടോബര്‍ 18-നു വരച്ച ഇത്. അതേ ദിവസം തന്നെ മറ്റൊരു 'വീപ്പിംഗ് വുമണ്‍' ചിത്രം കൂടി വരച്ചത് പാരീസിലെ പിക്കാസോ മ്യൂസിയത്തിലുണ്ട്. ജന്മദേശമായ സ്പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ ജനറല്‍ ഫ്രാങ്കോയുടെ സൈന്യം ഗൂര്‍ണിക്ക എന്ന പട്ടണം ബോംബിട്ട് തകര്‍ത്തതിന്റെ പ്രതിഷേധത്തിലും രോഷത്തിലും പിക്കാസോ വരച്ച പ്രഖ്യാതമായ അതേ പേരിലുള്ള ചിത്രത്തിന്റെ അനുബന്ധമാണ് വിലപിക്കുന്ന സ്ത്രീ പരമ്പര. യുദ്ധത്തിന്റെ ഭീകരതയ്‌ക്കെതിരെയുള്ള ഈ പടുകൂറ്റന്‍ ചിത്രത്തിലെ ഇടതു മൂലയില്‍ തന്റെ കുഞ്ഞിന്റെ ശവശരീരം മടിയിലിരുത്തി ആകാശത്തിലേക്ക്, വാളുപോലുള്ള നാക്ക് നീട്ടി, വാവിട്ടു കരയുന്ന ഒരു സ്ത്രീരൂപം ഉണ്ട്. ഈ രൂപം അല്ലെങ്കില്‍ പ്രമേയം ഗൂര്‍ണിക്കയുടെ രചനയ്ക്കുശേഷവും പിക്കാസോയുടെ മനസ്സിനെ ഒഴിഞ്ഞുപോകാത്ത ഒരു ബാധപോലെ, അലട്ടിക്കൊണ്ടിരുന്നു. പുരുഷന്മാര്‍ യുദ്ധത്തിലെ പോരാളികളും വിജയികളും ആകുമ്പോള്‍, അതില്‍ നേരിട്ട് പങ്കുചേരാത്ത, ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ, കുടുംബം നഷ്ടപ്പെട്ട കുടുംബിനിയുടെ, മക്കള്‍ നഷ്ടപ്പെട്ട മാതാവിന്റെ അണപൊട്ടുന്ന രോദനം ഗൂര്‍ണിക്കയുടെ സാമൂഹിക രാഷ്ട്രീയ ഭൂമികയില്‍നിന്ന് 'വീപ്പിംഗ് വുമണ്‍' പരമ്പരയിലേക്ക് മാറ്റി വരച്ചപ്പോള്‍ വൈയക്തികവും സ്വകാര്യവുമായ ഒരു തലത്തില്‍ തളച്ചിടുക അല്ല, മറിച്ച് അതിനെ സാര്‍വ്വലൗകികമായ ഒരു ഭാവമാക്കി വ്യാപിപ്പിക്കുകയാണ് പിക്കാസോ ചെയ്തിരിക്കുന്നത്.

1937 ജൂണ്‍ മുതല്‍ ഏതാണ്ട് വര്‍ഷാവസാനം വരെ ഒരു ഉന്മാദംപോലെ, വിലപിക്കുന്ന സ്ത്രീരൂപം അദ്ദേഹം എണ്ണച്ചായയിലും വാട്ടര്‍കളറിലും പെന്‍സില്‍ ഡ്രോയിങ്ങിലും ഇന്ത്യന്‍ ഇങ്കിലും ഒക്കെയായി സ്റ്റഡികളും സ്‌കെച്ചുകളും ഉള്‍പ്പെടെ അറുപതോളം തവണ വരച്ചു എന്നാണ് കണക്ക്. യുദ്ധത്തില്‍ കത്തുന്ന നഗരത്തില്‍നിന്നും ഉയരുന്ന പുക തന്റെ കണ്ണുകളെ നനയിച്ചു എന്ന് 1937 മെയ് മാസത്തില്‍ ബാഴ്സലോണയില്‍നിന്ന്, പാരീസില്‍ താമസിച്ചിരുന്ന പിക്കാസോക്ക് അദ്ദേഹത്തിന്റെ അമ്മ എഴുതി. യൂറോപ്പിലെ ക്രിസ്ത്യന്‍ കലകളില്‍ പ്രത്യേകിച്ച് സ്പാനിഷ് കലകളില്‍ ഒരു പ്രധാന പ്രമേയമാണ് 'മാദര്‍ ഡോളറോസ' എന്ന വിലപിക്കുന്ന മാതൃ രൂപം. ക്രിസ്തുവിന്റെ മൃതശരീരം മടിയില്‍ കിടത്തി വിലപിക്കുന്ന കന്യാമറിയത്തെ അനേകം ചിത്രകാരന്മാരും പ്രമേയമാക്കിയിട്ടുണ്ട്. മൈക്കല്‍ ആഞ്ചലോയുടെ 'പിയാത്ത' അതിലൊന്നു മാത്രം. ഗൂര്‍ണിക്കയിലെ മകന്റെ മൃതദേഹം പേറിയ സ്ത്രീയും നിലവിളിക്കുന്നത് പീഡനത്തിനും അടിച്ചമര്‍ത്തലിനും അധികാരത്തിന്റെ അഹങ്കാരത്തിനും എതിരെയാണ്. യൂറോപ്യന്‍ മനസ്സുകളില്‍ പ്രതിഷ്ഠനേടിയ മതപരമായ ഒരു സംജ്ഞയെ തികച്ചും സമകാലിക സംഭവത്തിനുള്ള രാഷ്ട്രീയ-സാമൂഹിക മറുപടിയായി ഉപയോഗിച്ചിരിക്കുന്ന പിക്കാസോയുടെ പ്രതിഭാകൗശലം അത്ഭുതകരമാണ്.

പിക്കാസോയും ഡോറ മാറും
പിക്കാസോയും ഡോറ മാറും

മോഷ്ടിക്കപ്പെട്ട ചിത്രം

ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഒരു ചിത്രത്തിനു നല്‍കുന്ന ഏറ്റവും വലിയ തുക, കൃത്യമായി പറഞ്ഞാല്‍ 16 ലക്ഷം ഡോളര്‍ നല്‍കിയാണ്, 1985-ല്‍ കഷ്ടിച്ച് അരമീറ്റര്‍ നീളവും വീതിയുമുള്ള ഈ ചിത്രം എന്‍.ജി.വി. സ്വന്തമാക്കിയത്. ഇന്ന് ഇതിന്റെ മൂല്യം ഏകദേശം 100 ദശലക്ഷം ഡോളര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. വിക്ടോറിയ നാഷണല്‍ ഗാലറിയിലെ ഈ പിക്കാസോ ചിത്രം ഒരുപക്ഷേ, കൂടുതല്‍ പ്രശസ്തി നേടിയത് മറ്റൊരു സംഭവത്തിലൂടെ ആണ്. ഗാലറിയില്‍ എത്തി തൊട്ടടുത്ത കൊല്ലം ചിത്രം മോഷണം പോയി. 1985 ഓഗസ്റ്റ് നാലാം തീയതി രാവിലെ ഗാലറി തുറന്ന ജീവനക്കാര്‍ കണ്ടത്, ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലത്ത് ACT എന്നെഴുതിയ ഒരു കാര്‍ഡ് മാത്രമാണ്. ഓസ്ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി അഥവാ ACT എന്നറിയപ്പെടുന്ന രാജ്യതലസ്ഥാനമായ കാന്‍ബറയിലെ ഗാലറിയിലേക്ക് താല്‍ക്കാലികമായി ചിത്രം മാറ്റിയെന്നാണ് ആദ്യം അവര്‍ കരുതിയത്. ആക്ട് എന്നത് ഓസ്ട്രേലിയന്‍ കള്‍ച്ചറല്‍ ടെററിസ്റ്റ് എന്നതിന്റെ ചുരുക്കം ആണെന്നും ചിത്രം മോഷ്ടിക്കപ്പെട്ടു എന്നും മനസ്സിലാക്കാന്‍ അധികം താമസമുണ്ടായില്ല. രാത്രിയില്‍ ഗാലറിയില്‍ ഒളിച്ചിരുന്ന മോഷ്ടാക്കള്‍ ചിത്രത്തിനെ ഫ്രെയിമില്‍നിന്ന് അഴിച്ചു ബാഗിലാക്കി, അടുത്തദിവസം രാവിലെ ഗാലറി തുറന്നപ്പോള്‍ പുറത്തേയ്ക്ക് കടത്തുകയാണുണ്ടായത്. ഗാലറിക്ക് മുന്നിലുള്ള തടാകം വറ്റിച്ചു വരെ ചിത്രത്തിനായുള്ള അന്വേഷണം നടത്തി. അടുത്ത ദിവസം വിക്ടോറിയ സംസ്ഥാനത്തിന്റെ സാംസ്‌കാരിക മന്ത്രിക്ക് വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മോഷ്ടാക്കളുടെ ഒരു കത്ത് കിട്ടി. കലാവികസനത്തിനായി സംസ്ഥാനത്തിന്റെ ബജറ്റില്‍ മാറ്റിവയ്ക്കുന്ന തുക അടുത്ത മൂന്നു വര്‍ഷം 10 ശതമാനം വീതം വര്‍ദ്ധിപ്പിക്കണമെന്നും 30 വയസ്സിനു താഴെയുള്ള അഞ്ച് കലാകാരന്മാര്‍ക്ക് പ്രതിവര്‍ഷം 5000 ഡോളര്‍ വീതം 'പിക്കാസോ റാന്‍സം' അവാര്‍ഡ് എന്ന പേരില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ചിത്രം വിട്ടുകിട്ടാനുള്ള നിബന്ധനകള്‍ ആയി പറഞ്ഞിരുന്നത്. ഏറ്റവും രസകരമായ കാര്യം ഇതിനൊന്നും വഴങ്ങാത്ത സര്‍ക്കാര്‍, ചിത്രം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചുകൊണ്ടാണ് മറുപടി നല്‍കിയത് എന്നതാണ്. അന്വേഷണം പല രീതികളിലേക്കും ദിശകളിലേക്കും നീണ്ടെങ്കിലും മോഷ്ടാക്കളെ മാത്രം കണ്ടെത്താനായില്ല. ഉയര്‍ന്ന പ്രീമിയം തുക കാരണം ചിത്രം ഇന്‍ഷുര്‍ ചെയ്തിരുന്നുമില്ല. രാജ്യത്തിനു പുറത്തു പോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഒക്കെയുള്ള പരിശോധന കര്‍ശനമാക്കി. തദ്ദേശീയ കലാകാരന്മാരെ അവഗണിച്ചുകൊണ്ട് വിദേശ ചിത്രങ്ങള്‍ക്ക് കോടികള്‍ മുടക്കുന്നതിന്റെ പ്രതിഷേധമായി തീര്‍ന്ന സംഭവത്തെ ചിലരെങ്കിലും അപലപിച്ചില്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം മെല്‍ബണിലെ സ്പെന്‍സര്‍ സ്റ്റേഷനിലെ (ഇപ്പോഴത്തെ സതേന്‍ ക്രോസ് സ്റ്റേഷന്‍) 227 നമ്പര്‍ ലോക്കറില്‍ ഉണ്ടെന്ന സന്ദേശം പൊലീസിനു ലഭിച്ചു. കലയുടെ പരിപോഷണത്തിനായി അമൂല്യമായ ചിത്രം മോഷ്ടിക്കപ്പെട്ട സംഭവം അതോടെ ശുഭപര്യവസായിയായി കലാശിച്ചു. മോഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാവാതെ പൊലീസ് പിന്നീട് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ ആസ്പദമാക്കി പ്രശസ്ത ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ ആന്‍സന്‍ കാമറൂണ്‍ 'സ്റ്റീലിങ് പിക്കാസോ' എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. 1911-ല്‍ പാരീസിലെ ലൂവ്‌റില്‍നിന്ന് മൊണാലിസ ചിത്രം മോഷണം പോയപ്പോള്‍ പിക്കാസോയേയും സുഹൃത്തായ കവി അപ്പോളിനിയറിനേയും സംശയത്തിന്റെ പേരില്‍ കോടതിയില്‍ ചോദ്യം ചെയ്ത സംഭവം പലരും ഓര്‍ത്തുപോയി. 10 കോടി ഡോളര്‍ വിലമതിക്കുന്ന, ഒരിക്കല്‍ മോഷ്ടിക്കപ്പെട്ട ആ ചിത്രം പലതവണ ക്യാമറയില്‍ പകര്‍ത്തിയ ശേഷം, സന്ദര്‍ശകര്‍ ഒട്ടും ഇല്ലാതിരുന്ന ഗാലറിയിലേക്ക് നോക്കി. അല്പം അകലെ തൊഴിലിലെ മടുപ്പിനെ കോട്ടുവായിട്ടു മറയ്ക്കുന്ന ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രം.

ഡോറ എന്ന കരയുന്ന സ്ത്രീ

വാന്‍ഗോഗിന്റെ 'സൂര്യകാന്തിപ്പൂക്കള്‍' പോലെ ലോകത്തിലെ വിവിധ ഗാലറികളിലായി പിക്കാസോയുടെ 'വിലപിക്കുന്ന സ്ത്രീ'യുടെ പല രൂപങ്ങള്‍ ചിതറിക്കിടക്കുന്നു. പലതിനും പ്രമേയത്തിലെ സമാനതയ്ക്കപ്പുറം യോജിപ്പിലെത്താവുന്ന മറ്റു തലങ്ങള്‍ തുലോം കുറവാണ്. ഒന്നുപോലെയല്ല മറ്റൊന്ന്. എന്നിരിക്കലും ഇവയില്‍ ഏറ്റവും പൂര്‍ണ്ണവും വിപുലാംശങ്ങളോട് കൂടിയതും ലണ്ടനിലെ റ്റേറ്റ് മോഡേണ്‍ (TATE MODERN) ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, ശിരോകവചവും അതില്‍ പൂവുംചൂടി നില്‍ക്കുന്ന കൂടുതല്‍ വര്‍ണ്ണാഭമായ വ്യാഖ്യാനമാണ്. ദുഃഖവും നിരാശയുമൊക്കെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കാത്ത, കടുത്ത ചുവപ്പും പച്ചയും ഓറഞ്ചും നീലയും മഞ്ഞയും ചേര്‍ത്ത്, നേര്‍-പാര്‍ശ്വ വീക്ഷണങ്ങള്‍ സമ്മേളിപ്പിച്ച് റിയലിസത്തിനോട് അടുത്തുനില്‍ക്കുന്ന അനലറ്റിക്കല്‍ ക്യൂബിസ്റ്റ് രീതിയിലാണ് 1937 ഒക്ടോബര്‍ 27-നു പൂര്‍ത്തീകരിച്ച ഇതിന്റെ രചന. ബ്രിട്ടീഷ് സര്‍റിയലിസ്റ്റ് ചിത്രകാരനും പിക്കാസോയുടെ ജീവചരിത്രകാരനുമായ റോളണ്ട് പെന്റോസ്, പിക്കാസോയുടെ സ്റ്റുഡിയോയില്‍ ചിത്രം കണ്ട മാത്രയില്‍ത്തന്നെ ഉണങ്ങുന്നതിനു മുന്‍പേ അത് സ്വന്തമാക്കി. 1939-ല്‍ ഗൂര്‍ണിക്കയോടൊപ്പം ഈ ചിത്രവും ലണ്ടനിലും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നു. പെന്റോസ് തന്റെ മകനു നല്‍കിയ ചിത്രം 1969-ല്‍ മോഷണം പോയെങ്കിലും വീണ്ടെടുക്കാനായി. പിന്നീട് ദീര്‍ഘകാല വായ്പയായി അത് റ്റേറ്റ് ഗാലറിക്ക് പ്രദര്‍ശനത്തിനു നല്‍കി. അദ്ദേഹത്തിന്റെ മരണശേഷം നാഷണല്‍ ഹെറിറ്റേജ് ലോട്ടറി വഴിയും മറ്റു സംഭാവനകള്‍ വഴിയും പണം സ്വരൂപിച്ച് റ്റേറ്റ് ആ ചിത്രം 1988-ല്‍ സ്വന്തമാക്കി. വിലപിക്കുന്ന സ്ത്രീ പരമ്പരയിലെ അവസാന ചിത്രമായ ഇതില്‍ പക്ഷേ, ദുഃഖത്തിന് ഉപരിയായി പ്രതീക്ഷയുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും സൂചനകള്‍ ഉണ്ടെന്നാണ് റോളണ്ട് പെന്റോസ് വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഇടതുവശത്ത് ചെവിപോലെ വരച്ചിരിക്കുന്നത് അവളുടെ സങ്കടക്കണ്ണീര്‍ കുടിച്ചുവറ്റിക്കുന്ന ചെറുപക്ഷിയുടെ പ്രതീകമാണെന്നും നദിപോലെ ഒഴുകുന്ന തലമുടി പ്രത്യാശയെ കുറിക്കുന്നതാണെന്നുമാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
 

വീപ്പിങ് വുമൺ എന്ന ചിത്രത്തിനരികെ പിക്കാസോ
വീപ്പിങ് വുമൺ എന്ന ചിത്രത്തിനരികെ പിക്കാസോ

തന്റെ കാമുകിമാരില്‍ ഒരാളായ ഡോറാ മാറിനെ മാതൃകയാക്കിയാണ് പിക്കാസോ ഈ ചിത്രങ്ങള്‍ വരച്ചത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ഒരിക്കലും ഈ ചിത്രങ്ങള്‍ക്ക് മോഡലായി ഇരുന്നുകൊടുത്തിട്ടില്ലെന്ന് ഡോറ പറയുമ്പോഴും കരയുന്ന സ്ത്രീയായി മാത്രമേ തനിക്ക് ഡോറയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പിക്കാസോ സൂചിപ്പിക്കുന്നു. ഈ ചിത്രങ്ങളുടെ പേരില്‍ത്തന്നെയാണ് അവര്‍ അറിയപ്പെടുന്നതും. 1997-ല്‍ ഡോറ പാരീസില്‍ അന്തരിച്ചപ്പോള്‍ പ്രശസ്തമായ ഫ്രെഞ്ച് പത്രം 'ലെ മോന്തേ'യും 'ന്യൂയോര്‍ക് ടൈംസു'മൊക്കെ എഴുതിയത് 'പിക്കാസോയുടെ വീപ്പിങ് വുമണ്‍' നിര്യാതയായി എന്നാണ്. പിക്കാസോ എന്ന മഹാമേരുവില്‍ തട്ടി ഒഴുക്ക് തടയപ്പെട്ട് ഗതിമാറി ഒഴുകേണ്ടിവന്ന നദിപോലെയായിരുന്നു ഡോറയുടെ വിചിത്രമായ ജീവിതം. ഒന്‍പത് വര്‍ഷക്കാലത്തോളം പ്രണയവും രതിയും മാത്രമായിരുന്നില്ല ആ സൗഹൃദം പിക്കാസോക്ക്. അത് അദ്ദേഹത്തിന്റെ കലയേയും ചിന്തയേയും രാഷ്ട്രീയ ബോധത്തേയും മാറ്റിമറിച്ചു.

അഭിജാതമായ സൗന്ദര്യവും അസാധാരണമായ സര്‍ഗ്ഗശേഷിയും ഭ്രാന്തോളം എത്തുന്ന അസംബന്ധവും ആത്മീയതയും പ്രവചനാതീതമായ ഉന്മാദവുമൊക്കെ ചേര്‍ന്ന ഒരു സര്‍റിയലിസ്റ്റിക് ചിത്രംപോലെയാണ് ഡോറയുടെ ജീവിതം. ക്രൊയേഷന്‍ വാസ്തുശില്പിയായ ജോസഫ് മാര്‍കോവിച്ചായിരുന്നു പിതാവ്. മാതാവ് ഫ്രെഞ്ചുകാരിയും. 1907 നവംബര്‍ 22-ന് പാരീസിലാണ് ഒന്റീറ്റ തിയഡോറ മാര്‍കോവിച് എന്ന ഡോറ മാര്‍ ജനിക്കുന്നത്. അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ കുടുംബം അര്‍ജന്റീനയിലെ ബ്യൂണസ് ഐയേഴ്‌സിലേക്ക് പോയി. അവിടെ ഓസ്ട്രിയന്‍ എംബസി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ രൂപകല്പന ചെയ്‌തെങ്കിലും വലിയ പണമൊന്നും ഉണ്ടാക്കാന്‍ തന്റെ പിതാവിനു കഴിഞ്ഞില്ലെന്ന് ഡോറ പറഞ്ഞിട്ടുണ്ട്. അര്‍ജന്റീനയില്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സ്പാനിഷും ഫ്രെഞ്ചും ഒരുപോലെ കൈകാര്യം ചെയ്ത ഡോറ ഇംഗ്ലീഷും പഠിച്ചു. 1926-ല്‍ 19-ാമത്തെ വയസ്സില്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഡോറ കുറച്ചുനാള്‍ ചിത്രകല അഭ്യസിച്ചെങ്കിലും പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. ലോകപ്രശസ്ത ഫോട്ടോഗ്രാഫറായിത്തീര്‍ന്ന ഒന്റി കാര്‍ട്ടിയെര്‍ ബ്രെസ്സന്‍, സര്‍റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായ ആന്ദ്രേ ബ്രെറ്റോണ്‍, ജാകിലിന്‍ ലാമ്പ തുടങ്ങിയവര്‍ കൂട്ടുകാരാകുന്നത് ഈ ഘട്ടത്തിലാണ്. ഇതിഹാസ ഫോട്ടോഗ്രാഫര്‍ ബ്രസ്സയിയുടെ മോഡലായും പിന്നീട് ഒപ്പവും പ്രവര്‍ത്തിച്ചു. ഈ കാലത്താണ് ഡോറ മാര്‍ എന്നാക്കി പേര് ചുരുക്കിയത്. 1931-ല്‍ ചലച്ചിത്രങ്ങളുടെ സെറ്റ് ഡിസൈനറായിരുന്ന പെയറി കേഫറുമായി പാരീസില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ ആരംഭിച്ചു. പ്രധാനമായും വനിതാ, ഫാഷന്‍ ആനുകാലികങ്ങള്‍ക്കുവേണ്ടിയും പരസ്യങ്ങള്‍ക്കുവേണ്ടിയുമായിരുന്നു ഫോട്ടോകള്‍ നല്‍കിയിരുന്നത്. ഭാവുകത്വവും ഭാവനയും കൊണ്ട് അതിശയിപ്പിക്കുന്ന പല പരസ്യങ്ങളും ഡോറയുടെ പ്രതിഭയുടെ വരവ് അറിയിക്കുന്നതായിരുന്നു. ഒന്നിലധികം നെഗറ്റീവുകള്‍കൊണ്ട് ഫോട്ടോമൊണ്ടാഷുകള്‍ ഉണ്ടാക്കിയും പ്രകാശത്തിന്റെ അത്ഭുതകരമായ വിന്യാസത്തിലൂടെയും ഉപബോധമനസ്സില്‍നിന്ന് സ്വതന്ത്രമാക്കപ്പെടുന്ന, സ്വപ്നതുല്യമായ, വിഭ്രമാത്മകമായ, കാലത്തിനു മുന്‍പേ നിന്ന കാഴ്ചകള്‍ ഡോറ നിര്‍മ്മിച്ചു. ശംഖിനകത്തുനിന്നും വളര്‍ന്നുവരുന്ന സ്ത്രീയുടെ കൈപ്പടവും ചിലന്തിവലയില്‍ കുടുങ്ങിയ സുന്ദരിയുടെ മുഖവുമൊക്കെ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ എന്നതിനേക്കാള്‍ സര്‍റിയലിസ്റ്റ് ഭാവങ്ങള്‍ ദ്യോതിപ്പിക്കുന്ന ചിത്രണങ്ങളായി മാറി. വസ്തുക്കളുടെ ക്ലോസപ്പ് ചിത്രങ്ങള്‍ പ്രകോപനപരമായും പ്രതീകാത്മകമായും ചേര്‍ത്തുവെച്ചും (juxtaposition), മറയില്ലാതെ ലൈംഗികതയും നഗ്‌നതയുമൊക്കെ വിഷയങ്ങളാക്കിയും ഉപബോധമനസ്സിലെ കാമനകളേയും വിഹ്വലതകളേയും ഉന്മാദങ്ങളേയും ചിത്രീകരിച്ചു ഡോറയുടെ ഫോട്ടോകള്‍. കാണുന്നത് എന്തിനേയും വെറുതെ ദ്വിമാന ചിത്രങ്ങള്‍പോലെ ക്യാമറയില്‍ പകര്‍ത്തുകയല്ല, മറിച്ച് അതിനെ തന്റെ മനസ്സില്‍ പതിഞ്ഞ രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു അവര്‍. മുപ്പതുകളുടെ ആദ്യ വര്‍ഷങ്ങളില്‍ അമേരിക്കയിലും വിവിധ യൂറോപ്യന്‍ നഗരങ്ങളിലും നടന്ന സര്‍റിയലിസ്റ്റ് പ്രദര്‍ശനങ്ങളില്‍ ഡോറയുടെ ചിത്രങ്ങള്‍ അനേകം പേരെ ആകര്‍ഷിച്ചു. നിലവിലുള്ള രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിലുള്ള അതൃപ്തിയും പ്രതിഷേധവും ഒക്കെ ആയിട്ടാണ് ഈ ഫോട്ടോ മൊണ്ടാഷുകള്‍ സ്വീകരിക്കപ്പെട്ടത്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ദാദായിസ്റ്റുകളും റഷ്യന്‍ വിപ്ലവത്തിനു മുന്‍പ് സാര്‍ ചക്രവര്‍ത്തിയുടെ ഭരണകൂടത്തിനെതിരെ കണ്‍സ്ട്രക്ടിവിസ്റ്റ് അലക്‌സാണ്ടര്‍ റോഡ്‌ചെങ്കോവും സ്വീകരിച്ച പ്രതിഷേധരീതിയാണ് ഈ പ്രകോപനപരവും അലോസരപരവുമായ ഫോട്ടോമൊണ്ടാഷുകള്‍ വഴി സര്‍റിയലിസ്റ്റുകള്‍ ഏറ്റെടുത്തത്. 1936-ല്‍ ലണ്ടനിലെ സര്‍റിയലിസ്റ്റ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച ഡോറയുടെ പോര്‍ട്രേറ്റ് ഓഫ് ഉബു (Potrrait of ubu) എന്ന ഒരു വിചിത്ര സത്വത്തിന്റെ ചിത്രം, പ്രസ്ഥാനത്തിന്റെ കാതല്‍ മുഴുവന്‍ ഉള്‍ക്കൊണ്ട പ്രതീകമായി ഘോഷിക്കപ്പെട്ടു. സര്‍റിയലിസ്റ്റുകള്‍ ആരാധിച്ചിരുന്ന ഫ്രെഞ്ച് സിംബലിസ്റ്റ് നാടകകൃത്ത് ആന്ദ്രേ യറയുടെ നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ഉബു. പരിഹാസ്യമായ, വസ്തുനിഷ്ഠമല്ലാത്ത, അസംബന്ധമായ പ്രതീകത്തിലൂടെ അനുവാചകരില്‍ അലോസരവും അസ്വസ്ഥതയും ഉളവാക്കാന്‍ സര്‍റിയലിസത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ ചിത്രത്തിനു കഴിഞ്ഞു. ചെതുമ്പലുകള്‍ നിറഞ്ഞ ശരീരവും വലിയ തലയും പാതിയടഞ്ഞ കണ്ണുകളും മുന്നോട്ട് ഉന്തിയ മോന്തയുമുള്ള രൂപം എന്താണെന്ന് ഡോറ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തിള്‍ പന്നിയുടെ ഭ്രൂണത്തിന്റേതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാല്പനിക ലോകത്തുമാത്രം ഒതുങ്ങിയില്ല ഡോറയുടെ ക്യാമറ. 1929-ല്‍ അമേരിക്കയിലെ വോള്‍ സ്ട്രീറ്റ് തകര്‍ച്ചയെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സാമ്പത്തികമാന്ദ്യത്തിന്റെ ദുരിതം, പാരീസിലേയും ലണ്ടനിലേയും ബാഴ്സലോണയിലേയും തൊഴിലാളികളുടേയും തൊഴില്‍രഹിതരുടേയും ഇറച്ചി വില്‍പ്പനക്കാരികളുടേയും ഭിക്ഷാടകരുടേയും ചിത്രങ്ങളിലൂടെ ഡോറ രേഖപ്പെടുത്തി. ലളിതമെന്നും സാധാരണമെന്നും ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങളില്‍ കാലഘട്ടത്തിന്റെ തീവ്രവും സൂക്ഷ്മവുമായ മുഖപ്പാടുകള്‍ കുടിയിരിക്കുന്നു. 'സ്ട്രീറ്റ് സര്‍റിയലിസം' എന്നു വര്‍ഗ്ഗീകരിക്കാവുന്ന നിത്യജീവിതത്തിലെ പരിഹാസവും യുക്തിരഹിതവും അസംബന്ധമായ നിശ്ചല മുഹൂര്‍ത്തങ്ങളും ഡോറയുടെ ക്യാമറ വിചാരങ്ങള്‍ക്കും വിചാരണയ്ക്കും വിഷയങ്ങളായിരുന്നു. പുരോഗമനചിന്തയും സ്വാതന്ത്ര്യ ശീലവുമുള്ള ഡോറ, രണ്ടാം ലോകമഹായുദ്ധത്തിനു മുന്നൊരുക്കം പോലെ യൂറോപ്പില്‍ കനത്തുവന്ന ഫാസിസ്റ്റ് അന്തരീക്ഷത്തിനെതിരെ അണിചേര്‍ന്നത് സ്വാഭാവികം. തീവ്ര ഇടതുപക്ഷ ചിന്തകള്‍ വെച്ചുപുലര്‍ത്തിയ അവര്‍ ആന്ദ്രേ ബ്രെടോ, ജോര്‍ജസ് ബാറ്റെയ്, പോള്‍ യൂലാഡ് തുടങ്ങിയ സര്‍റിയലിസ്റ്റുകള്‍ക്കൊപ്പം ഫാസിസത്തിനെതിരെയുള്ള സമ്മേളനങ്ങളിലും കൂടിയാലോചനകളിലും ഒക്കെ സജീവമായി. കൗണ്ടര്‍ അറ്റാക്ക് എന്ന ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇതേ ആവേശത്തോടെ ഒക്ടോബര്‍ ഗ്രൂപ്പ് എന്ന ഇടതു നാടകപ്രവര്‍ത്തകരുടെ നാടക പരിശീലനത്തിലും അവതരണത്തിലും ഒക്കെ പങ്കുചേര്‍ന്നു.

ഷോന്‍ റെന്വാരിന്റെ 'ക്രിം ദേ മോന്‍ഷ്യു ലാഷേ' എന്ന സിനിമയുടെ നിര്‍മ്മാണവേളയിലാണ് ചിത്രത്തിന്റെ സെറ്റ് ഫോട്ടോഗ്രാഫറായിരുന്ന ഡോറ മാര്‍ ആദ്യമായി പിക്കാസോയെ കാണുന്നത്. അന്നേ പ്രസിദ്ധനായിരുന്ന പിക്കാസോയുടെ ഓര്‍മ്മകളില്‍ രേഖപ്പെടുത്താത്ത ആ കൂടിക്കാഴ്ച, പക്ഷേ, ഡോറ മറന്നിരുന്നില്ല. അടുത്തവര്‍ഷം, അതായത് 1936 ആദ്യം ഇരുവരും തമ്മില്‍ കണ്ടുമുട്ടിയ സന്ദര്‍ഭം ഒരു സര്‍റിയലിസ്റ്റ് നാടകമാണ്. പാരീസിലെ 'അവാങ് ഗാദ്' ചിന്തകരും കലാകാരന്മാരും സല്ലാപത്തിനും വഴക്കിനും വാഗ്വാദത്തിനും ഒക്കെ ഒത്തുകൂടുന്ന 'കെഫെ ദേ ദ്യൂ മാഗു'വായിരുന്നു അരങ്ങ്. അയല്‍ മേശയില്‍ കറുത്ത കയ്യുറയിട്ട വിരലുകള്‍ വിടര്‍ത്തിവെച്ച് അവയ്ക്കിടയില്‍ ചെറിയ കത്തികൊണ്ട് അലസമായി തെരുതെരെ കുത്തിക്കൊണ്ടിരിക്കുന്ന ഒരു സുന്ദരി പിക്കാസോയുടെ ശ്രദ്ധയില്‍പ്പെട്ടു. രോമസമൃദ്ധമായ പുരികങ്ങള്‍ക്കു താഴെ ഗൗരവവും വിഷമവും ചാലിച്ച നീലക്കണ്ണുകള്‍, എഴുന്നുനില്‍ക്കുന്ന മൂക്ക്, തവിട്ടുനിറത്തിലുള്ള തലമുടി. കത്തി പലപ്പോഴും ലക്ഷ്യംതെറ്റി വിരലുകളില്‍ തറഞ്ഞ് ചോര പൊടിഞ്ഞ് കറുത്ത കയ്യുറയില്‍ ചുവന്ന പൂക്കള്‍പോലെ പടര്‍ന്നു. കാളപ്പോരിന്റെ നാട്ടുകാരനായ പിക്കാസോയ്ക്ക് ഈ ആത്മപീഡനത്വര കൗതുകം ഉയര്‍ത്തിയതില്‍ അത്ഭുതമില്ല. മനുഷ്യന്റെ വിരല്‍, രക്തം കുതിര്‍ത്ത കയ്യുറ, കത്തി എല്ലാം ഒരു സര്‍റിയലിസ്റ്റ് സ്റ്റില്‍ ലൈഫ് ചിത്രം പോലെ; ആ ദൃശ്യം അദ്ദേഹം ആസ്വദിച്ചു. ഫ്രെഞ്ച് സംസാരിച്ചു തുടങ്ങിയ പിക്കാസോയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോറ അദ്ദേഹത്തിന്റെ മാതൃഭാഷയായ സ്പാനിഷില്‍ സംസാരിച്ചു തുടങ്ങി. ഡോറയുടെ രക്തംപുരണ്ട ആ കയ്യുറകള്‍ ചോദിച്ചുവാങ്ങി ഒരു അമൂല്യവസ്തുവെന്നപോലെ അദ്ദേഹം ദീര്‍ഘനാള്‍ സൂക്ഷിച്ചുവെച്ചിരുന്നു. പ്രശസ്തിയിലേക്ക് വളരുന്ന പിക്കാസോയുടെ ശ്രദ്ധയും അംഗീകാരവും നേടാനുള്ള ഈ നാടകം ഡോറ ബോധപൂര്‍വ്വം ആസൂത്രണം ചെയ്തതാണോ? അതിരുകളില്ലാത്ത ലൈംഗികതയുടെ വക്താവായ സര്‍റിയലിസ്റ്റ് എഴുത്തുകാരന്‍ ജോര്‍ജ്‌സ് ബാറ്റെയുടെ കാമുകിയാണ് എന്ന അറിവായിരുന്നോ ഡോറയോടുള്ള അദ്ദേഹത്തിന്റെ കൗതുകത്തിനു പിന്നില്‍? ഇതിനൊക്കെ ആണെന്നും അല്ലെന്നുമാകാം ഉത്തരങ്ങള്‍.

അക്കൊല്ലം വേനലില്‍ തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ സെന്‍ത്രോപേയില്‍ വെച്ചാണ് പിക്കാസോ ഡോറയെ വീണ്ടും കാണുന്നത്. കൂട്ടുകാരുമായി വേനല്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. വെയില്‍ കൊള്ളലും സമുദ്രസ്‌നാനവുമൊക്കെയായി അവര്‍ കൂടുതല്‍ അടുത്തു. 1936 ഓഗസ്റ്റ് ഒന്നിനു വരച്ച ഒരു ചിത്രം ആ ബന്ധത്തിന്റെ പ്രതീകമായിരിക്കണം. മടിയില്‍ പട്ടിയെ വെച്ച് നഗ്‌നനായിരിക്കുന്ന, പുരുഷ ലൈംഗികശക്തിയുടെ ഗ്രീക്ക് ദേവനായ പ്രിയപ്സിനെപ്പോലെ തോന്നിക്കുന്ന ഒരു വന്ദ്യവയോധികന്റെ സമീപത്തേക്ക് കവാടം തുറന്ന് ഒരു ബാഗുമായി എത്തുന്ന ഡോറയുടെ രൂപമായിരുന്നു അത്. പിന്നീട് പക്ഷിയായും സമുദ്ര ദേവതയായും പൂക്കളായുമൊക്കെ ആ വേനല്‍ക്കാലത്ത് ഡോറ പിക്കാസോ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്തിരുന്ന, ചിത്രകല അഭ്യസിച്ചിട്ടുള്ള ഡോറയെ തന്റെ പൂര്‍വ്വ പ്രണയിനികളെപ്പോലെ, പ്രേമത്തിന്റേയും ആസക്തിയുടേയും വേലിക്കകത്തു മാത്രം നിര്‍ത്തിയല്ല അദ്ദേഹം വീക്ഷിച്ചത്. തന്റെ കലയേയും ചിന്തയേയും പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാന്‍ കെല്‍പ്പുള്ള ബൗദ്ധിക ലാവണ്യ സാന്നിധ്യമാണ് ഡോറ എന്ന് അദ്ദേഹം അനുഭവിച്ചു തുടങ്ങിയിരുന്നു.

പാരീസില്‍ തിരിച്ചെത്തിയ ഡോറ താന്‍ താമസിച്ചിരുന്ന സവോയ് റോഡിനടുത്ത് ഏഴ് റു ദേ ഗ്രാന്‍ഡ് അഗാസ്തന്‍സ് എന്ന കെട്ടിടത്തിന്റെ വിശാലമായ മച്ചിന്‍പ്പുറത്ത് പിക്കാസോക്കായി സ്റ്റുഡിയോ കണ്ടെത്തി. പിന്നീട് ഏകദേശം രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ പണിപ്പുര ആയിത്തീര്‍ന്നു ഇവിടം. ''പിക്കാസോയുടെ പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ട ഭൂതങ്ങളുടെ ബാധയേറ്റ് രാജകീയമായ രീതിയില്‍ അലങ്കോലപ്പെട്ട് കിടക്കുന്ന ഇട''മെന്ന് ഷോണ്‍ കോക്റ്റു വിശേഷിപ്പിച്ചത് ഈ തട്ടിന്‍പ്പുറത്തെയാണ്. ഗൂര്‍ണിക്ക ഉള്‍പ്പെടെയുള്ള, ലോക ചിത്രകലയുടെ തലവര നിര്‍ണ്ണയിച്ച അനേകം രചനകള്‍ പിറവിയെടുത്തത്, 1955 വരെ പിക്കാസോയുടെ പണിപ്പുരയായിരുന്ന ''വെളിച്ചത്തിനുപോലും പൂര്‍ണ്ണമായും എത്തിപ്പറ്റാനാവാത്തവിധം വിശാലമായ'' ഇവിടെയായിരുന്നു.

1936-ലാണ് സ്പെയിനിലെ ജനാധിപത്യ സര്‍ക്കാറിനെതിരെ ജനറല്‍ ഫ്രാങ്കോ കലാപം അഴിച്ചുവിടുന്നതും ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതും. അടുത്തകൊല്ലം വലതുപക്ഷ പട്ടാളം, പിക്കാസോയുടെ ജന്മനഗരമായ മലാഗ പിടിച്ചെടുത്തു. 1937 ഏപ്രില്‍ 26-ന് ഫ്രാങ്കോയുടെ സഹായികളായ നാസി ജര്‍മനിയുടെ യുദ്ധവിമാനങ്ങള്‍ ബാസ്‌ക്ക് പട്ടണമായ ഗൂര്‍ണിക്ക ബോംബിട്ട് നിലംപരിശാക്കി. വിധവകളായ സ്ത്രീകള്‍, മാരകമായ മുറിവേറ്റ പുരുഷന്മാര്‍, കുഞ്ഞുങ്ങളുടെ മൃതശരീരം മടിയില്‍വെച്ച് നിലവിളിക്കുന്ന അമ്മമാര്‍; ദുരന്ത ചിത്രങ്ങളുടെ ഗാലറി ആയി മാറി ഗൂര്‍ണിക്ക പട്ടണം. 1937 മെയ് മാസത്തില്‍ പാരീസില്‍ ആരംഭിക്കുന്ന ലോക എക്‌സ്പോയിലെ സ്പാനിഷ് പവിലിയനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു ചിത്രം നല്‍കണമെന്ന് സ്പെയിനിലെ റിപ്പബ്ലിക്ക് ഗവണ്‍മെന്റ് പിക്കാസോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം അദ്ദേഹം അത്ര ഗൗരവമായി കണ്ടിരുന്നില്ല. ഗൂര്‍ണിക്കയില്‍നിന്നുള്ള ദുരന്ത വാര്‍ത്തകളും പത്രങ്ങളില്‍ കണ്ട അവയുടെ ചിത്രങ്ങളും അദ്ദേഹത്തെ ദുഃഖിതനും രോഷാകുലനുമാക്കി. റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണക്കാരന്‍ ആയിരുന്നെങ്കിലും ആ നിലപാട് കൂടുതല്‍ മൂര്‍ത്തമാക്കി, ഫാസിസ്റ്റ്വിരുദ്ധ ചിന്തയ്ക്ക് മൂര്‍ച്ച നല്‍കിയത് ഈ ദുരന്തവും കടുത്ത സാമ്രാജ്യ വിരോധിയായ ഡോറയുടെ സ്വാധീനവുമാണ്.

ധൈഷണിക വിളംബരങ്ങള്‍

പിക്കാസോയുടെ രചനകള്‍ മുഖ്യമായും നിലവിലുള്ള ചിത്രരചനാ, ആഖ്യാന സങ്കേതങ്ങളെ മാറ്റിവരച്ച, നവ സൗന്ദര്യദര്‍ശനത്തിന്റെ അത്ഭുതപ്പെടുത്തുന്ന ധൈഷണിക വിളംബരങ്ങള്‍ ആയിരുന്നു. അവയിലെ സാമൂഹിക-രാഷ്ട്രീയ വായനകള്‍ പരിമിതമായിരുന്നു എന്നു പറയണം. പക്ഷേ, അദ്ദേഹത്തില്‍ പരുവപ്പെട്ടു വരുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള കൃത്യമായ രാഷ്ട്രീയ വീക്ഷണത്തിന്റെ ഒരു വലിയ സൂചനയായിരുന്നു യഥാര്‍ത്ഥത്തില്‍ ഗൂര്‍ണിക്ക. ആ അര്‍ത്ഥത്തില്‍ ഗൂര്‍ണിക്കയ്ക്ക് മുന്‍പും അതിനുശേഷവും എന്ന രീതിയില്‍ത്തന്നെ അദ്ദേഹത്തിന്റെ കലാജീവിതത്തെ അടയാളപ്പെടുത്തുന്നവരുണ്ട് ''വീടുകള്‍ അലങ്കരിക്കാനല്ല, അധികാരത്തിന്റെ പൈശാചികതയെ പ്രതിരോധിക്കാനുള്ള ആയുധം കൂടിയാണ് പെയിന്റിംഗ്'' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തികച്ചും നിറരഹിതമായി കറുപ്പിലും ചാരനിരത്തിലും വെളുപ്പിലുമുള്ള ഒരു ഫോട്ടോഗ്രാഫ് പോലെയാണ് പതിനൊന്നര അടി ഉയരവും ഇരുപത്തിയഞ്ചര അടി വീതിയുമുള്ള ഈ ചിത്രം വരച്ചിരിക്കുന്നത്. 36 ദിവസം നീണ്ട ചിത്രരചന 1937 മെയ് ഒന്നിനാണ് ആരംഭിച്ചത്. 'കഹെ ദു ആര്‍ട്ട്' എന്ന പ്രമുഖ ഫ്രെഞ്ച് കലാനിരൂപണ പ്രസിദ്ധീകരണത്തിനുവേണ്ടി ഡോറ തന്റെ റോളിഫ്‌ലക്‌സ് ക്യാമറയില്‍ ഓരോ ഘട്ടവും പകര്‍ത്തി. ഓരോ ഫോട്ടോയിലും ഒരു ചിത്രകാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പിക്കാസോ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഡോക്യുമെന്ററി, പ്രചാരസ്വഭാവം തീക്ഷ്ണമാക്കാന്‍ എന്നതിലുപരി, അത് കറുപ്പിലും വെളുപ്പിലും രചിക്കാന്‍ പ്രചോദനമായത് ഡോറ എന്ന ഫോട്ടോഗ്രാഫര്‍ കൂടി ആവാമെന്ന് പിക്കാസോയുടെ ജീവചരിത്ര രചയിതാവായ സര്‍ ജോണ്‍ റിച്ചാര്‍ഡ്സണ്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ റാന്തല്‍വിളക്ക് നീട്ടിപ്പിടിക്കുന്ന സ്ത്രീ മുഖത്തിന് ഡോറയുമായി സാമ്യമുള്ളത് യാദൃച്ഛികം ആവണമെന്നില്ല. 1995-ല്‍ ലണ്ടനിലെ റ്റേറ്റ് മോഡേണ്‍ മ്യൂസിയം പിക്കാസോ ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് നടത്തിയ വേളയില്‍ പ്രദര്‍ശനത്തിന്റെ ക്യൂറേറ്ററും ഇപ്പോഴത്തെ മ്യൂസിയം ഡയറക്ടറുമായ ഫ്രാന്‍സിസ് മോറിസ്, അന്ന് 87 വയസ്സുണ്ടായിരുന്ന ഡോറയെ കണ്ട് സംസാരിച്ചിരുന്നു. ചിത്രത്തിലെ കുതിരയുടെ കാലുകള്‍ വരച്ച് പൂര്‍ത്തീകരിച്ചത് താനാണെന്നും അതിന്റെ കൂരയില്‍ ഒരു മനുഷ്യ ചക്ഷുസ്സ് പോലെ വരച്ചുചേര്‍ത്തിരിക്കുന്ന വൈദ്യുതി ബള്‍ബ് 'കോണ്‍വെര്‍സേഷന്‍' എന്ന തന്റെ ചിത്രത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും അന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ''വളരെ   ചെറുതെങ്കിലും പ്രതീകാത്മകമായ സംഭാവന'' എന്നാണ് 'ഡോറ മാര്‍ വിത്ത് ആന്‍ഡ് വിത്തൗട്ട് പിക്കാസോ' എന്ന ജീവചരിത്രത്തില്‍ മേരി കൗസ് നിരീക്ഷിക്കുന്നത്.

ഡോറ മാർ തന്റെ ആലിസ് ടോക്ലാസ് എന്ന പെയിന്റിങ്ങുമായി
ഡോറ മാർ തന്റെ ആലിസ് ടോക്ലാസ് എന്ന പെയിന്റിങ്ങുമായി

ഫോട്ടോഗ്രാഫിയുടെ പ്രചാരത്തോടെ, ചിത്രകലയുടെ ഭാവിയെക്കുറിച്ച് ആകുലനായി 1905-ല്‍ അന്ന് വരച്ചുകൊണ്ടിരുന്ന ഗെര്‍ട്രൂഡ് സ്റ്റീനിന്റെ പോര്‍ട്രേറ്റ് രചന നിര്‍ത്തിവെച്ച് ഗോസോല്‍ എന്ന കറ്റാലന്‍ ഗ്രാമപ്രദേശത്ത് അലഞ്ഞ് അവിടുത്തെ പുരാതന പള്ളികളിലെ ശില്പങ്ങളിലും ഐബീരിയന്‍ കലാരൂപങ്ങളിലും ആകൃഷ്ടനായതാണ് ക്യൂബിസത്തിനു തുടക്കമായത് ഗൂര്‍ണിക്കയുടെ രചനാവേളയില്‍ മാത്രമല്ല, ഇന്നു നാം കാണുന്ന അക്കാലത്തെ പിക്കാസോയുടെ പല പ്രശസ്ത ഫോട്ടോകളും ഡോറയുടെ ക്യാമറയില്‍ പതിഞ്ഞവയാണ്. ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങള്‍ ഡോറ അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുക്കുകയും ഇരുവരും ചേര്‍ന്നു ഫോട്ടോഗ്രാഫി പേപ്പറില്‍ വസ്തുക്കള്‍ വെച്ച് നിഴല്‍ വീഴ്ത്തി ക്യാമറ ഇല്ലാത്ത ഫോട്ടോഗ്രാഫി എന്നറിയപ്പെടുന്ന ഫോട്ടോഗ്രാം പരീക്ഷണങ്ങള്‍ ഏറെ നടത്തുകയും ചെയ്തു. ഇന്നും ഫോട്ടോഗ്രാം എന്ന കലയുടെ ആദ്യകാല പ്രയോക്താക്കളില്‍ പ്രമുഖനായി പരിഗണിക്കപ്പെടുന്ന ഒരു പേര് പിക്കാസോയുടേതാണ്. ഡോറയുടെ പ്രതിഭയെ അവിടെയും പിക്കാസോയുടെ പ്രശസ്തി അപഹരിച്ചു. കാമുകന്റെ പ്രേരണയ്ക്കും സ്വാധീനത്തിനും വഴങ്ങി തന്നെ പ്രശസ്തയാക്കിയ ഫോട്ടോഗ്രാഫി അവര്‍ ഉപേക്ഷിച്ച് ചിത്രരചനയിലേയ്ക്ക് തിരിഞ്ഞു. പിക്കാസോ എന്ന ജീനിയസ്സിന്റെ സ്വാധീനവും സാമീപ്യവും ഉണ്ടായിട്ടും ഡോറയുടെ ചിത്രങ്ങള്‍ പലതും അതില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലുള്ളവയായിരുന്നു.

ഡോറ തന്റെ ജീവിതത്തിലും കലയിലും പങ്കാളിയായപ്പോഴും പൂര്‍വ്വകാമുകിയായ മേരി തെരേസ് വാട്ടറുമായുള്ള ബന്ധം പിക്കാസോ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നില്ല. മായ എന്ന പെണ്‍കുഞ്ഞ് ആ ബന്ധത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മേരി തന്റെ സ്റ്റുഡിയോയില്‍ വന്ന് വഴക്കുണ്ടാക്കിയ സംഭവം പിക്കാസോ പ്രിയപ്പെട്ട ഓര്‍മ്മയായി അവതരിപ്പിച്ചത് ഡോറയ്ക്കുശേഷം അദ്ദേഹത്തിന്റെ ജീവിതസഖിയായ ഫ്രാന്‍സ്വാ ഷെലെ 'ലൈഫ് വിത്ത് പിക്കാസോ' എന്ന വിവാദമായ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പിക്കാസോയുടെ കുഞ്ഞിന്റെ അമ്മ എന്ന അവകാശവാദവുമായി എത്തിയ മേരി തെരേസിനോട് അത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് ഡോറ മറുപടി പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കില്‍ അത് ആസ്വദിച്ചുകൊണ്ട് പിക്കാസോ ചിത്രരചന തുടര്‍ന്നുവത്രേ. അത് അവര്‍ തമ്മില്‍ വഴക്കുകൂടി തീരുമാനിക്കട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എല്ലാം അനുസരിക്കുന്ന, സൗന്ദര്യവും ആകാരപുഷ്ടിയുമുള്ള, സാധാരണക്കാരിയായ മേരി തെരേസും ബുദ്ധിമതിയും പുരോഗമന സ്വഭാവിയുമായ ഡോറയും പിക്കാസോയുടെ സര്‍ഗ്ഗശക്തിക്ക് ഒരേപോലെ ഇന്ധനം പകരുന്ന, സ്ത്രീത്വത്തിന്റെ രണ്ടു വശങ്ങള്‍ ആയിരുന്നു. പിക്കാസോയോടുള്ള അഭിനിവേശം മാത്രമായിരുന്നു ഇരുവര്‍ക്കും പൊതുവായി ഉണ്ടായിരുന്ന ഏക ഘടകം. ഇത് കോണ്‍വര്‍സേഷന്‍ എന്ന പ്രതീകസുന്ദരമായ ചിത്രത്തില്‍ ഡോറ അവതരിപ്പിക്കുന്നുണ്ട്. മുകളില്‍ മുനിഞ്ഞുകത്തുന്ന ഇലക്ട്രിക് ബള്‍ബിനു താഴെ പരസ്പരം മുഖം നോക്കാതെ എതിര്‍ദിശയില്‍ നോക്കി ചേര്‍ന്നിരിക്കുന്ന രണ്ടു പെണ്‍രൂപങ്ങള്‍. അഭിമുഖമായി ഇരിക്കുന്നവള്‍ക്ക് സ്വര്‍ണ്ണമുടിയുള്ള മേരി തെരേസിന്റെ മുഖച്ഛായയാണ്. പുറം തിരിഞ്ഞിരിക്കുന്നവള്‍ക്ക് ഡോറയെപ്പോലെ കറുത്ത മുടിയും. 'സംഭാഷണം' എന്നാണ് തലക്കെട്ട് എങ്കിലും അത് അസാധ്യമാണെന്ന തോന്നലാണ് ചിത്രം കാണുന്നവര്‍ക്ക് അനുഭവപ്പെടുന്നത്. ഇരുവരേയും ചിത്രീകരിച്ച രീതിയിലും പിക്കാസോ സമീപനം സ്വീകരിച്ചിട്ടുണ്ട്. വര്‍ത്തുളമായ വരകളിലൂടെ മേരി തെരേസിന്റെ സ്‌ത്രൈണസൗന്ദര്യം ലളിതമോഹനമാക്കി അവതരിപ്പിച്ചപ്പോള്‍ കോണുകളിലൂടെ പ്രതീകാത്മകമായും അമൂര്‍ത്തമായുമാണ് ഡോറയെ കൂടുതലും ആവിഷ്‌കരിച്ചിട്ടുള്ളത്. ഇരുവരുടേയും വസ്ത്രങ്ങളും തൊപ്പികളും ഒക്കെ പരസ്പരം മാറ്റി ചിത്രീകരിച്ച് അവരെ പ്രകോപിപ്പിക്കുന്നതിലും ഒരുതരം പരോക്ഷലബ്ധമായ ആനന്ദം അദ്ദേഹം അനുഭവിച്ചിരിക്കണം.

ഗ്യാലറികളിലെ ഡോറ മാര്‍

1930-കളുടെ അവസാനത്തിലും നാല്‍പ്പതുകളുടെ ആരംഭ വര്‍ഷങ്ങളിലുമായി വരച്ച കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള ഏകദേശം അറുപതില്‍പ്പരം ഡോറ മാര്‍ ചിത്രങ്ങളില്‍ പലതും ഇന്ന് ലോകത്തിലെ വിവിധ ഗാലറികളിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 1941-ല്‍ വരച്ച 'ഡോറ മാര്‍ വിത്ത് ക്യാറ്റ്' എന്ന ചിത്രം 95 ദശലക്ഷം ഡോളറിനാണ് ഒരു സ്വകാര്യ ശേഖരത്തിലേക്ക് ലേലത്തില്‍ പോയത്. 2017-ല്‍ കസേരയിലിരിക്കുന്ന ഡോറ എന്ന ചിത്രം 45 ദശലക്ഷം ഡോളറിനാണ് കൈമറിഞ്ഞത്. 1999-ല്‍ ഒരു അറേബ്യന്‍ കോടീശ്വരന്റെ ഉല്ലാസ നൗകയില്‍നിന്നു മോഷ്ടിക്കപ്പെട്ട ഡോറാ മാറിന്റെ അര്‍ദ്ധകായ ചിത്രത്തിന് അന്ന് കണക്കാക്കപ്പെട്ടിരുന്ന മൂല്യം 23 ദശലക്ഷം ഡോളറായിരുന്നു. ഇതൊക്കെയാണെങ്കിലും 'വീപ്പിങ് വുമണ്‍' തന്നെയാണ് ഏറ്റവും പ്രസിദ്ധം എന്നു പറയേണ്ടിവരും.

ഡോറയെ വിലപിക്കുന്ന, ദുരന്തം വേട്ടയാടുന്ന, സ്ത്രീത്വത്തിന്റെ മുഖമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കാരണങ്ങളുണ്ടായിരുന്നു. ''മറ്റാരെക്കാളും ഞാന്‍ ചിരിച്ചിട്ടുള്ളതും സന്തോഷിച്ചിട്ടുള്ളതും ഡോറയുമായിട്ടായിരിക്കും. എന്നിട്ടും അവള്‍ ചിരിക്കുന്ന ഒരു ചിത്രം വരയ്ക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ അവളെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീരൂപം ആയിട്ടാണ് വരയ്ക്കുന്നത്. സാഡിസം കൊണ്ടല്ല. അതില്‍ ഞാന്‍ ആഹ്ലാദം അനുഭവിക്കുന്നുമില്ല, എന്നിലേക്ക് അടിച്ചേല്പിക്കപ്പെടുന്ന ഒരു വെളിപാടിനെ അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.'' ആദ്യമായി പരിചയപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ മനസ്സിലേറിയ, സ്വയം മുറിവേല്പിക്കുന്ന ഡോറയുടെ ചിത്രത്തിന്റെ വിവിധ അനുരണനങ്ങളാണോ പിന്നീട് വീപ്പിങ് വുമണില്‍ പ്രതിഫലിച്ചത്. ഒരു കാഫ്ക്കിയെന്‍ കഥാപാത്രത്തെപ്പോലെയാണ് താന്‍ ഡോറയെ പരിഗണിച്ചിരുന്നത് എന്നു മറ്റൊരിക്കല്‍ പിക്കാസോ അനുസ്മരിക്കുകയുണ്ടായി. ഡോറയുടെ ഊര്‍ജ്ജസ്വലമായ മുഖത്തെ യുദ്ധത്തിന്റെ ക്രൂരതകള്‍ക്കെതിരെയുള്ള, അത്രതന്നെ ശക്തമായ വിലാപമാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ചിത്രത്തെക്കുറിച്ച് മേരി കൗസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡോറയുടെ പ്രക്ഷുബ്ധമായ, വൈകാരിക വ്യതിത്വത്തിന്റെ തീക്ഷ്ണത, പിക്കാസോ വരച്ചിട്ട ചിത്രങ്ങളിലെ മുഖാവയവങ്ങളിലൂടെ അനുവാചകരെ വേട്ടയാടുന്നു. പക്ഷേ, ഡോറയെ കേന്ദ്രമാക്കി വരച്ച എല്ലാ ചിത്രങ്ങളിലും ദുഃഖം സ്ഥായിയായ ഭാവമായി പിക്കാസോ അവതരിപ്പിച്ചിട്ടില്ല. ഉദാഹരണത്തിന് ഉപവിഷ്ടനായി ഡോറാ (Dora seated) എന്ന ചിത്രം യുവത്വത്തിന്റെ മാസ്മരികത തുളുമ്പുന്നതാണ്. 1941-ല്‍ വരച്ച, സ്ത്രീയുടെ വശീകരണ ശേഷിയുടേയും കൗശലത്തിന്റേയും ആക്രമണോത്സുകമായ ലൈംഗികതയുടേയും പ്രതീകമായ പൂച്ചയുമായുള്ള 'ഡോറ വിത്ത് ക്യാറ്റ്' എന്ന ചിത്രത്തില്‍ ഡോറയുടെ മനോഹരമായ നീണ്ട നഖങ്ങള്‍ ഇരകളെ അല്ലെങ്കില്‍ പുരുഷന്മാരെ ഉപദ്രവിക്കാനുള്ള ആയുധങ്ങള്‍പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

1940-ല്‍ പാരീസ് നാസികളുടെ അധീനതയില്‍ ആയതോടെ ഇരുവരുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും അവിശ്വാസവും ആത്മന്യായീകരണങ്ങളും ഒക്കെയായി പാരീസിലെ അന്തരീക്ഷം കലുഷിതമായി. ഗൂര്‍ണിക്കയുടെ സ്രഷ്ടാവ് വലിയ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതെ പ്രതീകാത്മകമായി തലയോട്ടികളുടേയും അസ്ഥികൂടങ്ങളുടേയും രചനയുമായി സ്റ്റുഡിയോയില്‍ ഒതുങ്ങിക്കൂടി. സെന്‍ നദീതീരത്ത് സൈക്കിള്‍ ചവിട്ടി എത്തി ചിത്രരചനയിലും കവിതാരചനയിലും വ്യാപൃതയായി ഡോറ. 1942-ല്‍ തന്നെ ഇരുവരുടേയും ബന്ധത്തില്‍ ഉലച്ചില്‍ വന്നുതുടങ്ങിയിരുന്നു. തൊട്ടടുത്ത വര്‍ഷം പാരീസിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് തന്നെക്കാള്‍ 40 വര്‍ഷം പ്രായം കുറഞ്ഞ ഫ്രാന്‍സ്വാ ജിലേ എന്ന ചിത്രകലാവിദ്യാര്‍ത്ഥിയെ പിക്കാസോ പരിചയപ്പെട്ടത് അതിന്റെ ആരംഭവും കാരണവുമായി. 'ദേവത പിന്നെ വാതിലിനു മുന്നിലെ ചവിട്ടു പായ' എന്നിങ്ങനെ രണ്ടുതരത്തിലുള്ള സ്ത്രീകളേ ഉള്ളൂ എന്ന പിക്കാസോയുടെ വിശ്വാസപ്രമാണം തന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് ഡോറ വേദനയോടെ കണ്ടു. താന്‍ അദ്ദേഹത്തിന്റെ പ്രണയിനി അല്ല, പിക്കാസോ എന്റെ യജമാനന്‍ ആണെന്നു പറഞ്ഞ ഡോറ തന്നെ പിന്നീട് എന്നില്‍ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം ആ മനുഷ്യന്‍ ഊറ്റിയെടുത്തെന്നും സങ്കടപ്പെട്ടിട്ടുണ്ട്. പിന്നീട് വരച്ച ഡോറയുടെ ചിത്രങ്ങളിലും ഇത്തരം സൂചനകളും അവരിലുള്ള തന്റെ അനിഷ്ടവും മടുപ്പുമൊക്കെ പിക്കാസോ മറയില്ലാതെ തന്നെ വ്യക്തമാക്കുന്നുണ്ട്. 1946 ആകുമ്പോള്‍ ഇരുവരും പൂര്‍ണ്ണമായും അകന്നിരുന്നു. യജമാനന്‍ ഉപേക്ഷിച്ചുപോയ വളര്‍ത്തുപൂച്ചയെപ്പോലെ ഏകാന്തതയും നിരാശയും വിഴുങ്ങിയ ജീവിതത്തിനു മുന്നില്‍, ഡോറ പരിഭ്രാന്തയായി. അത് മറവിയും വിഭ്രാന്തിയുമായി, മനോനിലയുടെ താളത്തെ അസ്ഥിരപ്പെടുത്തി. ബഹളംവെച്ചതിനു സിനിമാതിയേറ്ററില്‍നിന്നും പുറത്താക്കപ്പെട്ടു, ആരൊക്കെയോ ഉപദ്രവിക്കുന്നുവെന്നും സൈക്കിള്‍ മോഷണം പോയി എന്നുമൊക്കെയുള്ള തോന്നലുകള്‍ പരാതികളായി ഉന്നയിച്ചു. മറ്റൊരു ഘട്ടത്തില്‍ വസ്ത്രം ഉടുക്കാന്‍ മറന്നു. അമ്മയുടെ മരണവും ജൂതപാരമ്പര്യം ആരോപിക്കപ്പെട്ട അച്ഛന്‍ നാസികളെ ഭയന്ന് അര്‍ജന്റീനയിലേക്ക് മടങ്ങിയതുമൊക്കെ വലിയ ആഘാതമായി. സുഹൃത്തായ കവി പോള്‍ യുല്‍വാദ് പോസ്റ്റ് സ്‌ട്രെച്ചറലിസ്റ്റ് മനഃശാസ്ത്രജ്ഞനായ ഴാക് ലാക്കന്റെ ചികിത്സയില്‍ ആക്കിയ ഡോറ നിരന്തരം വൈദ്യുതി ഷോക്കുകള്‍ക്കു വിധേയയായി. താന്‍ ഉപേക്ഷിച്ചതു കൊണ്ടല്ല, മറിച്ച് യുക്തിരഹിതരും കിറുക്കന്മാരുമായ സര്‍റിയലിസ്റ്റുകളുമായുള്ള കൂട്ടുകെട്ടാണ് ഡോറയുടെ അവസ്ഥയ്ക്ക് കാരണമായി പിക്കാസോ കണ്ടത്. ലക്കന്റെ ചികിത്സയില്‍ ക്രമേണ സമചിത്തത വീണ്ടെടുത്ത ഡോറ, സുഹൃത്തുക്കളില്‍നിന്നും പാരീസിലെ കലാസമൂഹത്തില്‍നിന്നും ക്രമേണ അകന്ന്, ആദ്യം ബുദ്ധിസത്തിലും പിന്നീട് തീവ്രമായ കത്തോലിക്കാ വിശ്വാസത്തിലും അഭയം കണ്ടു. 'പിക്കാസോ കഴിഞ്ഞാല്‍ ദൈവം മാത്രം' (After Picaoss only God) എന്നാണ് ബാഴ്‌സലോണ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വിക്ടോറിയ കോമ്പ്‌ലിയ എഴുതിയ ഡോറയുടെ ജീവചരിത്രത്തിന്റെ തലക്കെട്ട്. 1993-ല്‍ പ്രസിദ്ധീകരിച്ച 'പിക്കാസോ ആന്‍ഡ് ഡോറ' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ജെയിംസ് ലോഡിനോട് ഡോറ പറയുന്നത് ''പിക്കാസോ വരച്ച എന്റെ ചിത്രങ്ങളെല്ലാം കള്ളമാണ്. അതില്‍ ഒന്നുപോലും ഡോറ മാറല്ല'' എന്നാണ്. സ്വയം വരിച്ച ഏകാന്തതയുമായി പൊരുത്തപ്പെട്ട് പാരീസിലും 1944-ല്‍ പിക്കാസോ വാങ്ങി നല്‍കിയ തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ മീനേബസ് എന്ന കടല്‍ത്തീര പട്ടണത്തിലെ വസതിയിലുമായിരുന്നു 1997-ല്‍ മരിക്കുന്നതുവരെ ഡോറയുടെ ജീവിതം. ഒരിക്കല്‍ സവോയ് റോഡിലൂടെ നടക്കുമ്പോള്‍ ഒരു വീട് ചൂണ്ടി ഡോറ ''മരണതുല്യമായ ഏകാന്തത അനുഭവിക്കുന്ന സ്ഥലം'' എന്നു നിര്‍വ്വികാരനായി പിക്കാസോ പറഞ്ഞത് കോക്റ്റിയു എഴുതിയിട്ടുണ്ട്. കത്തോലിക്കാ മതത്തിന്റെ ധര്‍മ്മനിഷ്ഠയിലും സാന്മാര്‍ഗ്ഗികതയിലും ആശ്വാസം കണ്ടെത്തിയ ഡോറ പിക്കാസോ ചിത്രങ്ങളുടെ കമ്പോളവില നിരീക്ഷിച്ച്, തന്റെ പക്കലുള്ള അവയില്‍ ചിലത് വിറ്റാണ് ജീവിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ഡോറ തന്നെ പറഞ്ഞതുപോലെ ''ഗാലറികളില്‍ ചുമരുകളില്‍ തൂങ്ങുന്ന പിക്കാസോ ചിത്രങ്ങളെക്കാള്‍ ലക്ഷങ്ങള്‍ അധികമാണ് അവ അദ്ദേഹത്തിന്റെ കാമുകിയുടെ ശേഖരത്തില്‍നിന്ന് വാങ്ങുമ്പോള്‍.'' പരസ്പരം അകന്ന ശേഷവും ഡോറയെ അവഹേളിക്കാനും പ്രകോപിപ്പിക്കാനും പല വിചിത്രമായ സമ്മാനങ്ങളും പിക്കാസോ അയച്ചിരുന്നുവെന്ന് അക്കാലത്ത് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയിംസ് ലോഡ് എഴുതുന്നു. ഒരിക്കല്‍ മുള്ളുകള്‍പോലെ കൂര്‍ത്ത കമ്പികള്‍ ഇരിപ്പിടത്തില്‍ പതിപ്പിച്ച, പരുത്ത കയര്‍ വരിഞ്ഞ, ഒരു വലിയ ഇരുമ്പ് കസേരയാണ് ഡോറയെ തേടിയെത്തിയ പിക്കാസോ ഉപഹാരം. ഒരു തുരുമ്പിച്ച മണ്‍വെട്ടിയാണ് ഡോറ പകരം അയച്ചത്. പിക്കാസോയുടെ മരണശേഷം അദ്ദേഹത്തിന്റെ ശേഖരത്തില്‍നിന്ന് ഡോറയുടെ മേല്‍വിലാസം എഴുതിയ ഒരു സമ്മാനപ്പൊതി കണ്ടെത്തിയിരുന്നു. അതിനകത്ത് ഒരു വെള്ളിമോതിരമായിരുന്നു. പക്ഷേ, വിരല്‍ മുറിയാതെ അത് അണിയാന്‍ സാധിക്കാത്ത രീതിയില്‍ ഒരു കൂര്‍ത്ത മുള്ള് ഉള്‍വശത്തു പതിപ്പിച്ചിരുന്നു. ഇതിന് ഒരു മറുവശം ഉണ്ട്. മരണശേഷം ഡോറയുടെ ശേഖരത്തില്‍നിന്നും കണ്ടെത്തിയ അനേകം പിക്കാസോ സ്മരണികകളില്‍ ഒന്ന് 'പിക്കാസോയുടേത്' എന്നു രേഖപ്പെടുത്തിയ രക്തംപുരണ്ട ഒരു കടലാസ് കഷണമായിരുന്നു. പിക്കാസോ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വാര്‍ത്തയുള്ള, 1944 ഒക്ടോബര്‍ അഞ്ചിന് ഫ്രെഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദ ഹ്യൂമാനിറ്റി'യുടെ ദ്രവിച്ച ഒരു കോപ്പിയും ഉണ്ടായിരുന്നു ഡോറയുടെ ശേഖരത്തില്‍. പിക്കാസോ പ്രണയിച്ച് ബാക്കിവെച്ച ഡോറയുടെ ജീവിതം 'വിലപിക്കുന്ന സ്ത്രീയുടെ' ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ അവരുടെ പല ജീവചരിത്രകാരന്മാരും പറയുന്നത്. എണ്‍പതുകളുടെ അവസാനത്തോടെ ഡോറ ചിത്രകലയിലും ഫോട്ടോഗ്രാഫിയിലുമുള്ള താല്പര്യം പുനരുജ്ജീവിപ്പിച്ച് വടക്കുകിഴക്കന്‍ സ്റ്റില്‍ ലൈഫുകളും ലാന്‍ഡ്സ്‌കേപ്പുകളും വരച്ചു. ചിത്രങ്ങള്‍പോലെ ഫോട്ടോകള്‍ എടുത്തു. 1990-ല്‍ അവരുടെ ചിത്രങ്ങളുടേയും ഫോട്ടോകളുടേയും ഒരു പ്രദര്‍ശനം പാരീസില്‍ സംഘടിപ്പിക്കപ്പെട്ടെങ്കിലും അവര്‍ നേരിട്ട് പങ്കെടുത്തില്ല 'തന്റെ യജമാനന്‍' അന്തരിച്ചിട്ട് 24 വര്‍ഷങ്ങള്‍ കൂടി ഡോറ ജീവിച്ചു. 1997 ജൂലൈ 16-ന് പാരീസിലെ വസതിയില്‍ വച്ച്, 81-ാം വയസ്സില്‍ പിക്കാസോയുടെ 'വീപ്പിങ് വുമണ്‍' കഥാവശേഷയായി.

ഡോറ മാർ വരച്ച പിക്കാസോ പോർട്രെയ്റ്റ്
ഡോറ മാർ വരച്ച പിക്കാസോ പോർട്രെയ്റ്റ്

കൊള്ളിമീനായി എരിഞ്ഞ ജീവിതം

ഗ്രേറ്റ് എക്‌സ്പെക്റ്റേഷന്‍സില്‍ പഴകി പിഞ്ചിയ വിവാഹവസ്ത്രം മാറ്റാന്‍ വിസമ്മതിച്ച് തന്നെ ഉപേക്ഷിച്ചുപോയ കാമുകനെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന മിസ്സ് ഹവിഷം എന്ന ഡിക്കിന്‍സിന്‍ കഥാപാത്രത്തിനു സമാനമായിരുന്നു ഡോറയുടെ ജീവിതം എന്നു കരുതിയവര്‍ ധാരാളമുണ്ട്. പക്ഷേ, ഏകാന്തതയുടേയും ആത്മീയതയുടേയും ഏകാഗ്രതയില്‍ ജീവിതം തിരിച്ചുപിടിച്ച ധൈര്യശാലിയായ സ്ത്രീയായിട്ടാണ് ഡോറ മാറിനെ മേരി കൗസ് അവതരിപ്പിക്കുന്നത്. 1930-കളുടെ അവസാനത്തോടെ പ്രഗല്‍ഭയായ സര്‍റിയലിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ യൂറോപ്പില്‍ മാത്രമല്ല, അമേരിക്കയിലും അറിയപ്പെട്ടു തുടങ്ങിയിരുന്ന ഡോറ തന്റെ ഇഷ്ടദൈവത്തിന്റെ അള്‍ത്താരയില്‍ പ്രതിഭയും സര്‍ഗ്ഗശേഷിയും ഹോമിച്ചു എന്നാണ് സര്‍ ജോണ്‍ റിച്ചാര്‍ഡ്സണ്‍ നിരീക്ഷിക്കുന്നത്. ഒരു ചിത്രമെഴുതാനോ ഒരു ശില്പം നിര്‍മ്മിക്കാനോ പ്രചോദനം ലഭിക്കാതെ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായത് എന്ന് പിക്കാസോ തന്നെ വിശേഷിപ്പിച്ചിട്ടുള്ള ഘട്ടത്തിലാണ് ഡോറയുടെ സൗഹൃദം അദ്ദേഹത്തിന് ആശ്വാസവും ആവേശവും ആകുന്നത്. അടുത്തിടെ പ്രസിദ്ധ ഫ്രെഞ്ച് പത്രപ്രവര്‍ത്തകയായ ബ്രിജിത് ബെങ്കമൗന്‍ എഴുതിയ 'ഫൈന്‍ഡിങ് ഡോറ മാര്‍; ആന്‍ അഡ്രസ് ബുക്ക്, ആന്‍ ആര്‍ട്ടിസ്റ്റ്, എ ലൈഫ് (Finding Dora Maar; An Address Book, An Artist, A Life  ഇംഗ്ലീഷ് പരിഭാഷ- ജോഡി ഗ്ലാഡിങ്) പിക്കാസോ ത്യജിച്ച ശേഷമുള്ള ഡോറയുടെ ജീവിതത്തിന്റെ ചരിത്രമാണ്. തന്റെ ഭര്‍ത്താവിന് ആകസ്മികമായി ലഭിക്കുന്ന, 1951-ലെ ഒരു പഴയ ഡയറിയില്‍നിന്നാണ് കൃതി ആരംഭിക്കുന്നത്. രണ്ട് ലോകയുദ്ധങ്ങളുടെ ഇടക്കാലത്ത് ഫ്രെഞ്ച് ബൗദ്ധികമണ്ഡലത്തെ ഉദ്ദീപിപ്പിച്ച പല പേരുകളും ഉള്‍ക്കൊണ്ടിരുന്ന ഡയറി ആരുടേതാണെന്ന അന്വേഷണമാണ് ബ്രിജിറ്റിനെ ഡോറയില്‍ എത്തിക്കുന്നത്. ആ ഡയറിയിലെ മേല്‍വിലാസങ്ങളിലൂടെയും ഫോണ്‍നമ്പറുകളിലൂടെയുമുള്ള പര്യവേക്ഷണമാണ് പാരീസിലെ പൊതുമണ്ഡലത്തില്‍നിന്ന് പിന്‍വാങ്ങിയ ഡോറയുടെ ശിഷ്ടജീവിതം പുറത്തെടുത്തിടുന്നത്. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന കൃതി പല യൂറോപ്യന്‍ ഭാഷകളിലേക്കും ഇതിനകം വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു.

അമേരിക്കയിലെ ഹ്യുസ്റ്റണ്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ മെനെബസിലെ ഡോറയുടെ വസതി ഇന്ന് ഒരു ലൈബ്രറിയായും സാഹിത്യകാര്‍ക്കുള്ള എഴുത്തിടമായും പ്രവര്‍ത്തിക്കുന്നു. ഡോറയുടെ മരണശേഷം ലഭിച്ച ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും മൊണ്ടാഷുകളും ഫോട്ടോഗ്രാമുകളും പിക്കാസോ ഡോറയ്ക്കുവേണ്ടി രൂപകല്പന ചെയ്ത ആഭരണങ്ങളും ഉള്‍പ്പെടുത്തി കഴിഞ്ഞ കൊല്ലം പാരീസിലെ പോംപിഡോ സെന്ററിലും ലണ്ടനിലെ റ്റേറ്റ് മോഡേണ്‍ ഗാലറിയിലും ലോസ് ഏഞ്ചല്‍സിലെ ഗെറ്റി മ്യൂസിയത്തിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പിക്കാസോ എന്ന സൂര്യനടുത്ത് എത്തി കൊള്ളിമീന്‍പോലെ എരിഞ്ഞുതീര്‍ന്ന സര്‍ഗ്ഗജീവിതത്തിലെ അറിയപ്പെടാത്ത, അത്ഭുതപ്പെടുത്തുന്ന ഏടുകളാണ് ഈ പ്രദര്‍ശനവേദികളില്‍ ദൃശ്യമായത്. ഡോറ ജെയിംസ് ലോഡിനോട് പറഞ്ഞു: ''പിക്കാസോയുടെ കാമുകി എന്ന പ്രശസ്തിയാണ് ചിത്രകാരി എന്ന അംഗീകാരത്തെക്കാള്‍ എനിക്ക് ലഭിക്കുന്നത്. പിക്കാസോയെ ഒരിക്കല്‍ പരിചയമുണ്ടായിരുന്നു എന്നത് മാത്രമല്ല, ഈ ലോകവുമായി എനിക്കുള്ള ബന്ധം. ഈ മരുഭൂമിയില്‍ ഒരിടത്ത് എനിക്കും ജീവിക്കണം.'' പാബ്ലോ പിക്കാസോയുടെ 'വീപ്പിങ് വുമണ്‍' എന്ന ചിത്ര പരമ്പരയിലെ നായികയെന്ന ഫ്രെയിമില്‍ മാത്രം ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ഡോറ മാര്‍ എന്ന പ്രമുഖ സര്‍റിയലിസ്റ്റ് ഫോട്ടോഗ്രാഫറുടേതെന്നു തിരിച്ചറിയുന്ന കലാചരിത്രകാരന്മാര്‍, ലോകം കൊണ്ടാടുന്ന കലാകാരന്റെ പ്രേമവും കാമവും ആരാധനയും തിരസ്‌കാരവും അവഹേളനവും ഒരു അസംബന്ധ ചിത്രംപോലെ വരഞ്ഞിട്ട ഡോറയുടെ ബഹുമുഖമായ സര്‍ഗ്ഗജീവിതത്തെ വീണ്ടെടുക്കുകയാണ് ഇന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com