കോടീശ്വരന്‍മാരുടെ പലായനങ്ങള്‍

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണത്തിലായിരുന്നു വിജയ് മല്യ തന്റെ വ്യവസായ സാമ്രാജ്യവും ആഡംബര ജീവിതവും കെട്ടിപ്പടുത്തത്
കോടീശ്വരന്‍മാരുടെ പലായനങ്ങള്‍

നിയമക്കുരുക്കുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന നിമിഷം വരെ വിജയ് മല്യയും അദ്ദേഹത്തിന്റെ ആഡംബര ജീവിതവും നമുക്ക് ആഘോഷമായിരുന്നു. നികുതി കുടിശികയുടെ കണക്കുകള്‍ക്കു പകരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് മല്യയുടെ 400 കോടിയുടെ സ്വകാര്യ ജെറ്റ് വിമാനവും കോടിക്കണക്കിനു രൂപയുടെ ആഡംബര കാറുകളുടെ ശേഖരത്തേയും കുറിച്ചുള്ള വിശേഷങ്ങളായിരുന്നു. ഗ്ലാമര്‍ ലോകത്തെ അയാളുടെ പ്രണയങ്ങളും വിവാഹങ്ങളും വരെ സിനിമാക്കഥപോലെ വിവരിക്കപ്പെട്ടു. രാജ്യസഭാംഗമായി എത്തിയപ്പോള്‍ സുന്ദരമായ വേഷത്തെക്കുറിച്ചായിരുന്നു 'വാര്‍ത്തകള്‍'. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മിനക്കെട്ടില്ലെങ്കിലും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും വാര്‍ത്തയായില്ല. കടക്കെണിയിലേക്ക് വീണപ്പോഴും മല്യ ആഡംബരജീവിതത്തില്‍ വിട്ടുവീഴ്ച കാണിച്ചില്ല. 2005 മുതല്‍ ലാഭമുണ്ടാക്കാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എട്ട് വര്‍ഷത്തിനു ശേഷം പൂട്ടുമ്പോഴും മല്യയ്ക്ക് നഷ്ടമൊന്നുമുണ്ടായില്ല. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണത്തിലായിരുന്നു മല്യ തന്റെ വ്യവസായ സാമ്രാജ്യവും ആഡംബര ജീവിതവും കെട്ടിപ്പടുത്തത്. ധനികരെ അന്ധമായി ആരാധിക്കുന്ന പ്രതിഭാസം അല്പമെങ്കിലും ശമിച്ചത് അദ്ദേഹം രാജ്യം വിട്ടപ്പോഴാണ്. എന്നിട്ടും 40 വര്‍ഷം കൃത്യമായി വായ്പ തിരിച്ചടച്ച മല്യയെ കള്ളനെന്നു വിളിക്കുന്നതിലായിരുന്നു ഗഡ്കരിയെപ്പോലെയുള്ള കേന്ദ്രമന്ത്രിമാരുടെ പരാതി.

സഹാറാശ്രീയെന്നാണ് സുബ്രതോ റോയ് അറിയപ്പെട്ടിരുന്നത്. ജയിലിനുള്ളില്‍ വി.ഐ.പി പരിഗണനയില്‍ കഴിയുമ്പോള്‍പോലും അദ്ദേഹമെഴുതിയ ജീവിതമന്ത്രങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഇന്ത്യയിലെ ജയിലുകളില്‍ വേണ്ടത്ര സൗകര്യമില്ലെന്നായിരുന്നു മടങ്ങാത്തതിനെക്കുറിച്ച് ലണ്ടനിലെ കോടതിയില്‍ മല്യ പറഞ്ഞത്. എന്നിട്ടും മല്യയെ തിരിച്ചെത്തിക്കണമെന്ന പൊതു ആവശ്യം ഉയര്‍ന്നില്ലെന്നതാണ് രസകരം. മല്യയിലൊതുങ്ങുന്നില്ല സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ശതകോടീശ്വരന്‍മാരുടെ പട്ടിക. നീരവ് മോദി, മെഹുല്‍ ചോക്സി, ജതിന്‍ മേത്ത, സന്ദേശരാസ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇവരില്‍ മൂന്നു പേരെ (വിജയ് മല്യ, സഹാറ സുബ്രതോ റോയ്, നീരവ് മോദി) ഉള്‍പ്പെടുത്തിയാണ് നെറ്റ് ഫ്‌ലിക്സിന്റെ 'ബാഡ് ബോയ് ബില്ല്യനേഴ്സ് ഇന്ത്യ' എന്ന പേരില്‍ ഡോക്യുസീരിസ് അടുത്തിടെ എത്തിയത്. പേരിനോട് നീതി പുലര്‍ത്തിയല്ല ഈ സീരിസുകളുടെ ഉള്ളടക്കമെന്ന പരാതി ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്. അതായത്, മുന്‍പ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളുടെ സ്വഭാവമാണ് അതിനെന്നാണ് ആരോപണം. ധനികരുടെ രഹസ്യജീവിതം അനാവരണം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതിക്കപ്പുറം പ്രേക്ഷകരെ അത് യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുപോകുന്നുമില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക തിരിമറി നടത്തി രാജ്യം വിട്ടത് 38 പേരാണ്. പാര്‍ലമെന്റില്‍, ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി  അറിയിച്ചതാണ് ഇക്കാര്യം. 2019 ജനുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് തട്ടിപ്പില്‍ പ്രതികളായ 27 പേര്‍ രാജ്യം വിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത് 27-ല്‍നിന്ന് 38 ആയി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 10 കോടി തട്ടിയ സണ്ണി കല്റയെ മസ്‌കറ്റില്‍നിന്നെത്തിച്ചിരുന്നു. 40 കോടി തട്ടിയ വിനയ് മിത്തലിനെ ഇന്തോനേഷ്യയില്‍നിന്നും പിടികൂടി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചുവരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. 9000 കോടിയുടെ ക്രമക്കേടാണ് വിജയ് മല്യ നടത്തിയത്. നീരവ് മോദിയും മെഹുല്‍ ചോക്സിയും നടത്തിയത് 12000 കോടിയുടേതും. സന്ദേശരാസ 15000 കോടിയുടെ ക്രമക്കേടാണ് നടത്തിയത്. ഇവരില്‍ പലര്‍ക്കും ഉന്നത രാഷ്ട്രീയബന്ധങ്ങളായിരുന്നു രാജ്യം വിടാന്‍ സഹായിച്ചത്.

ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പ് അന്നത്തെ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് മല്യ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നീരവ് മോദിയുണ്ടായിരുന്നു.

ജ്വല്ലറി വ്യാപാരിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി, വിദേശത്തേയ്ക്ക് കടക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കും അറിവുണ്ടായിരുന്നു. യു.എസ് ഇന്റലിജന്‍സ് ചോക്സി ആ രാജ്യത്തുെണ്ടന്ന് വ്യക്തമായ വിവരം നല്‍കിയിട്ടും ഇന്ത്യ നടപടിയില്‍നിന്ന് വിട്ടുനിന്നു. കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേയ്ക്ക് കടക്കാനും പൗരത്വം നേടാനും ചോക്സി ശ്രമിക്കുന്ന കാര്യവും ഇന്ത്യയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ചോക്സി ആന്റിഗ്വയിലേയ്ക്കു കടന്ന ശേഷമാണ് ഇന്ത്യ എക്സ്സ്ട്രേഡിഷന്‍ അപേക്ഷ നല്‍കിയത്.
 
2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് വായ്പാ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച കൃത്യമായ കണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയിരുന്നതായി റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ മെഹുല്‍ ചോക്സിയുടെ പേരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബി.ജെ.പി എം.പി മുരളിമനോഹര്‍ ജോഷി അധ്യക്ഷനായ, പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് 17 പേജുള്ള കുറിപ്പാണ് രഘുറാം രാജന്‍ നല്‍കിയത്. ഈ വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് (പി.എം.ഒ) താന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഇതിന്റെ എന്തെങ്കിലും തുടര്‍നടപടി ഉനണ്ടായോ എന്ന് അറിയില്ലെന്നും രഘുറാം രാജന്‍ അന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നിഷ്‌ക്രിയ ആസ്തിയായി മാറിയ ഈ വായ്പകള്‍ നല്‍കിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണ്. ആഗോള സാമ്പത്തികമാന്ദ്യം നിഴലിച്ച 2006-'08ലാണ് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയത്.

കഴിഞ്ഞവര്‍ഷം കാര്‍ഷിക കടങ്ങള്‍ സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ ഇത് ബാങ്കിങ് സംവിധാനത്തിനും പൊതുമേഖലാ ബാങ്കുകള്‍ക്കും ഭീഷണിയാണെന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍, 2017-'18 കാലയളവില്‍ പത്തു സംസ്ഥാനങ്ങള്‍ എഴുതിത്തള്ളിയത് 184,800 കോടിയുടെ വായ്പകളാണ്. അതേസമയം, 2015 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പത്തു കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രം നല്‍കാനുള്ളത് 731,000 കോടി രൂപയായിരുന്നു. അതായത് കാര്‍ഷിക വായ്പകളുടെ മൂന്നിരട്ടിയിലധികം തുക. ഇതിനൊക്കെ പുറമേ, 2016-ല്‍ കാര്‍ഷിക വായ്പയായി അനുവദിച്ച 58,561 കോടി രൂപ 615 അക്കൗണ്ടുകളിലേക്കാണ് പോയത്. ഈ 615 അക്കൗണ്ടുകളും വന്‍കിട കമ്പനികളുടേതായിരുന്നു. അഗ്രി-ബിസിനസ് മേഖലയില്‍ ഒരു കമ്പനി രൂപീകരിക്കുക, അത് കാണിച്ച് വായ്പകള്‍ നേടുക എന്നതായിരുന്നു കോര്‍പ്പറേറ്റുകള്‍ ഇതിനായി പിന്തുടര്‍ന്ന രീതി. ചുരുക്കിപ്പറഞ്ഞാല്‍ നാലു ശതമാനം പലിശനിരക്കില്‍ കര്‍ഷകര്‍ക്കു കിട്ടേണ്ട വായ്പകള്‍ ഇളവോടെ ലഭിച്ചത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായിരുന്നു.

ജീവിക്കാന്‍ വഴിയില്ലാതായതോടെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്ത മറാത്താവാഡയിലും വിദര്‍ഭയിലും ഇന്നും അവരാശ്രയിക്കുന്നത് കൊള്ളപ്പലിശ ഈടാക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയുമാണ്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്ക് അനുസരിച്ച് മഹാരാഷ്ട്രയില്‍ ഖാരിഫ് സീസണില്‍ 45,785 കോടിയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഓഗസ്റ്റില്‍ പോലും 29,511 കോടിയുടെ വായ്പകള്‍ മാത്രമാണ് വിതരണം ചെയ്തത്. അതായത് പ്രഖ്യാപിത ലക്ഷ്യത്തിന്റെ 64 ശതമാനം മാത്രം. ഒരു വശത്ത് അനുവദിക്കേണ്ട വായ്പകള്‍ കൊടുക്കാതിരിക്കുകയും മറുവശത്ത് അത് വകമാറ്റി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും. മെഹുല്‍ ചോക്സിയുള്‍പ്പെടെയുള്ള 50 പേരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയിരുന്നു. ഏകദേശം 68,607 കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ ഇങ്ങനെ സാങ്കേതികമായി എഴുതിത്തള്ളിയത്. സാകേത് ഗോഖലെ ഫെബ്രുവരി 16-ന് നല്‍കിയ അപേക്ഷയിലാണ് ആര്‍.ബി.ഐ ഇത് വെളിപ്പെടുത്തിയത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല.

വായ്പയെടുത്ത് മുങ്ങിയ ധനികരാരേയും പിടികൂടി ഇവിടെയെത്തിക്കുമെന്ന് പ്രതീക്ഷ ഇനിയും പുലര്‍ത്തേണ്ടതില്ല. ബ്രിട്ടനില്‍ കഴിയുന്ന വിജയ് മല്യയെ ഇവിടെയെത്തിക്കാന്‍ രഹസ്യനടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുടെ മുന്നില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. രഹസ്യനടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ മല്യയുടെ അഭിഭാഷകനു പോലും കഴിഞ്ഞില്ല. എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ അങ്കൂര്‍ സൈഗാള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് കടന്നവരെ തിരിച്ചെത്തിച്ചത് വിരളമാണ്. 2002 മുതല്‍ 2016 വരെ 110 പേരാണ് വിദേശത്തേക്ക് കടന്നുകളഞ്ഞത്. ഇതില്‍ 62 പേരെ മാത്രമാണ് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്. ബ്രിട്ടനില്‍ നിയമക്കുരുക്കുകളില്‍പ്പെട്ടതോടെ മല്യയെ തിരിച്ചെത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിനു ദുഷ്‌കരമാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com