ഇതിഹാസ വായനയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍

മഹാഭാരതത്തെക്കുറിച്ചുള്ള ചരിത്രപരവും ഭൗതികവാദപരവുമായ സമീപനത്തില്‍ ഊന്നിയുള്ള സുനിലിന്റെ അന്വേഷണം ഈ സമകാലിക പശ്ചാത്തലത്തില്‍ അതീവ പ്രാധാന്യമുള്ളതാകുന്നു
ഇതിഹാസ വായനയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍

ലോകമാകെ സ്വത്വ രാഷ്ട്രീയത്തിന്റെ ആയുധപ്പുരയാണിന്ന് സംസ്‌കാരം. അതിനാല്‍ത്തന്നെ അതൊരു വലിയ സംഘര്‍ഷസ്ഥലിയുമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സാമൂഹികാസ്തിത്വത്തിന്റെ നിദാനം സംസ്‌കാരമാണ് എന്ന വീക്ഷണമാണ് സ്വത്വവാദത്തിന്റെ അടിത്തറ. സംസ്‌കാരമെന്നാല്‍ മതം എന്നു നിര്‍വ്വചിക്കുകയും മതവല്‍ക്കരിക്കപ്പെട്ട സംസ്‌കാരത്തെ രാഷ്ട്രീയ അണിനിരത്തലിന്റെ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ സംസ്‌കാരത്തിന്റെ മതവല്‍ക്കരണത്തോടൊപ്പം അതിനെ ദേശീയതയുമായി ഗാഢമായി വിളക്കിച്ചേര്‍ക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ പ്രയോഗം വിജയകരമായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്. സംസ്‌കാരം പ്രധാന സംഘര്‍ഷമേഖലയാക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡോ. സുനില്‍ പി. ഇളയിടം മഹാഭാരതത്തെ മുന്‍നിര്‍ത്തി പ്രഭാഷണ പരമ്പരകള്‍ നടത്തിയത്. ഗൗരവമായ രാഷ്ട്രീയ മാനങ്ങളുള്ള, സാംസ്‌കാരികവും ധൈഷണികവുമായ ശ്രദ്ധേയമായ ഒരു ഇടപെടലും ബഹുജന വിദ്യാഭ്യാസ പരിപാടിയുമായി അതു മാറി. കേരളീയ സംവാദമണ്ഡലത്തില്‍ വലിയ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ആ പ്രഭാഷണ പരമ്പരയെ ആസ്പദമാക്കിയും അതിലെ ആശയങ്ങള്‍ വിപുലീകരിച്ചും ക്രോഡീകരിച്ചുമുള്ള സുനിലിന്റെ രചനയാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'മഹാഭാരതം സാംസ്‌കാരിക ചരിത്രം.' ഹിന്ദുത്വ രാഷ്ട്രീയം സംസ്‌കാരത്തെ മുന്‍നിര്‍ത്തി നടത്തുന്ന അക്രമോത്സുകമായ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ ആഴമുള്ള ആശയ സ്രോതസ്സായി ഉപയോഗിക്കാവുന്ന ഗ്രന്ഥമാണിത്.

സംസ്‌കാരത്തിന്റെ പ്രച്ഛഛന്നവേഷമണിയിച്ച് മതാത്മക ദേശീയതയെ അവതരിപ്പിച്ചു കൊണ്ടുള്ള ഹിന്ദുത്വ ശക്തികളുടെ പദ്ധതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ചതാണ്. ഒരു നൂറ്റാണ്ടുകൊണ്ട് ആ രാഷ്ട്രീയ പദ്ധതി രാജ്യത്ത് ആഴത്തില്‍ വേരോട്ടമുണ്ടാക്കിയിരിക്കുന്നു. ഹിന്ദുത്വ സിദ്ധാന്തം ആവിഷ്‌കരിച്ച സവര്‍ക്കറും പിന്നീട് ഹിന്ദു രാഷ്ട്രത്തിന്റെ വിചാരധാര വികസിപ്പിക്കുകയും ഹിന്ദുരാഷ്ട്ര സങ്കല്പത്തെ നിര്‍വ്വചിക്കുകയും ചെയ്ത ഗോള്‍വാള്‍ക്കറും 'പൊതുവായ ഏക സംസ്‌കാര'ത്തിന്റെ അടിത്തറയിലാണ് മതാത്മക ദേശീയതയെ ഉറപ്പിച്ചത്. മതാതീതമായ ഘടകങ്ങളെയെല്ലാം ആസൂത്രിതമായി പുറന്തള്ളുകയോ പിടിച്ചെടുത്ത് വരുതിയിലാക്കുകയോ ചെയ്തുകൊണ്ടാണ് സംസ്‌കാരത്തിന്റേയും ദേശീയതയുടേയും മതവല്‍ക്കരണം നിര്‍വ്വഹിക്കപ്പെടുന്നത്. ഈ പ്രക്രിയയില്‍ മതത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടിനു പാകമാകുംവിധമുള്ള വെട്ടിയൊതുക്കലിനും അതിനകത്തുള്ള തളച്ചിടലിനും ഏറ്റവുമധികം ഇരയാക്കപ്പെട്ട, ഒരു ജനതയുടെ മുഴുവന്‍ സംസ്‌കാരത്തിന്റെ വിലമതിക്കാനാവാത്ത ഈടുവെയ്പുകളാണ്  ഇതിഹാസ കൃതികള്‍. ഒരു ജനതയ്ക്കാകെ അവകാശപ്പെട്ട സഞ്ചിത സംസ്‌കാരത്തിന്റെ മൂലധനത്തെ പിടിച്ചെടുത്ത് അവയുടെ പൊതു ഉടമസ്ഥതയ്ക്കുമേല്‍ സ്വന്തം കുത്തക സ്ഥാപിക്കുകയും അതിനെ ചൂഷണത്തിന്റേയും അധീശത്വം നിലനിര്‍ത്തുന്നതിന്റേയും ഉപകരണമായി ഉപയോഗിച്ചു വരികയുമാണ് ഹിന്ദുത്വം ചെയ്യുന്നത്. ഈ പിടിച്ചെടുക്കല്‍ പ്രക്രിയയില്‍ ഇതിഹാസങ്ങളുടെ ബഹുസ്വര സ്വഭാവത്തേയും ഉള്ളടക്കത്തേയും തുടച്ചു നീക്കാനുള്ള ശ്രമം പ്രധാനമാണ്. മതപരമായി നിര്‍വ്വചിക്കപ്പെട്ട ഏക സംസ്‌കാരം സ്ഥാപിച്ചെടുക്കാന്‍ വൈവിദ്ധ്യങ്ങളെയെല്ലാം കീഴ്പ്പെടുത്തി കൃത്രിമമായ ഒരു സാംസ്‌കാരിക ഏകതാനത (cultural homogenity) അടിച്ചേല്പിക്കുന്നതിന്റെ ഭാഗമാണിത്. ഈ അടിച്ചേല്പിക്കപ്പെടുന്ന സാംസ്‌കാരിക ഏകതാനതയിലാണ് ഒരു ജനത, ഒരു മതം, ഒരു സംസ്‌കാരം, ഒരു ഭാഷ എന്നതിലധിഷ്ഠിതമായ മത രാഷ്ട്ര സങ്കല്പത്തെ പ്രതിഷ്ഠിക്കുന്നത്. ആ രാഷ്ട്രസങ്കല്പവും ധനമൂലധന താല്പര്യങ്ങളും തമ്മിലുള്ള താദാത്മ്യപ്പെടലുകളാണ് പിന്നീട് ഒരു രാഷ്ട്രം, ഒരു വിപണി, ഒരു നികുതി (ജി.എസ്.ടി.), ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സമകാലിക മുദ്രാവാക്യങ്ങളായി വികസിപ്പിച്ചിട്ടുള്ളത്.

ഏകശിലാനിര്‍മ്മിതമായ ഈ മതരാഷ്ട്ര സങ്കല്പം കൊളോണിയല്‍ വിരുദ്ധമായ ദേശീയ പ്രസ്ഥാനത്തിന്റെ സൃഷ്ടിയായ ഉള്‍ക്കൊള്ളലിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയത്തേയും മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രവീക്ഷണത്തേയും നിരാകരിക്കുന്നതാണ്. നമ്മുടെ ഇതിഹാസങ്ങള്‍, മിത്തുകള്‍, പാരമ്പര്യം, ചരിത്രം എന്നിവയിലെല്ലാമുള്ള വൈവിദ്ധ്യങ്ങളേയും ബഹുസ്വരതയേയും കണ്ടെടുക്കുകയും തേച്ചുമിനുക്കിയെടുക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ഇന്ത്യ എന്ന ആധുനിക ആശയത്തെ സംരക്ഷിക്കാനുള്ള സമരത്തില്‍ പ്രധാന പങ്കുണ്ട്. മഹാഭാരതത്തെക്കുറിച്ചുള്ള ചരിത്രപരവും ഭൗതികവാദപരവുമായ സമീപനത്തില്‍ ഊന്നിയുള്ള സുനിലിന്റെ അന്വേഷണം ഈ സമകാലിക പശ്ചാത്തലത്തില്‍ അതീവ പ്രാധാന്യമുള്ളതാകുന്നു. മഹാഭാരതത്തെക്കുറിച്ച് ഇന്നോളം ഇന്ത്യയിലേയും വിദേശത്തേയും പണ്ഡിതര്‍ നടത്തിയ ഗൗരവമേറിയ പഠനങ്ങളുടെയെല്ലാം വിപുലമായ മേഖലകളിലൂടെ സഞ്ചരിക്കുന്ന ഈ പഠനം, ഇതിഹാസത്തെക്കുറിച്ചും അതിന്റെ സമകാല ധ്വനികളെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളും പുതു ചിന്തകളുടെ തെളിച്ചവും വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.

ചരിത്രവുമായി വിനിമയം നടത്തിയ മഹാഭാരതം

ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ ശ്രദ്ധേയമായി തോന്നിയ മൂന്ന് പ്രധാന വശങ്ങളെക്കുറിച്ചു മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒന്നാമത്തേത്, മഹാഭാരതത്തിന്റെ അപാരമായ ചലനാത്മകതയെ അത് അനാവരണം ചെയ്യുന്നു എന്നതാണ്. സുനിശ്ചിതമായ ഒരു സംസ്‌കൃത ഏകപാഠം എന്ന പലരിലും രൂഢമൂലമായ ധാരണ തീര്‍ത്തും തെറ്റാണെന്ന് സുനില്‍ ഈ പുസ്തകത്തിലുടനീളം തികഞ്ഞ യുക്തിഭദ്രതയോടെ സ്ഥാപിക്കുന്നുണ്ട്. മഹാഭാരതം ഒരു പ്രത്യേക കാലത്ത് രചിക്കപ്പെട്ടതും പിന്നീട് മാറ്റങ്ങളൊന്നുമില്ലാതെ അതുപോലെ നിലനിന്നതുമായ പാഠമെന്നല്ല, ആയിരത്താണ്ടുകളിലൂടെ ഒരു ജനതയുടെ സാമൂഹിക-സാംസ്‌കാരിക വികാസ ചരിത്രത്തോടൊപ്പം നിരന്തരം സഞ്ചരിക്കുകയും അതിനൊപ്പം വികാസപരിണാമങ്ങള്‍ക്ക് വിധേയമാവുകയും ജനതയുടെ സംസ്‌കാരത്തെ അഗാധമായി സ്വാധീനിക്കുന്നതോടൊപ്പം കാലത്തിന്റെ സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുകയും ചെയ്ത അണമുറിയാത്ത മഹാപ്രവാഹമായിട്ടാണ് മഹാഭാരതം നിലനിന്നത്. ഏതെങ്കിലും സവിശേഷ കാലത്തിന്റേയോ സാംസ്‌കാരിക സന്ദര്‍ഭത്തിന്റേയോ കൊട്ടിയടച്ച മതില്‍ക്കെട്ടുകള്‍ക്കകത്ത് ഭദ്രവും നിശ്ചലവുമായി സൂക്ഷിച്ചതല്ല മഹാഭാരതത്തിന്റെ ലോകമെന്നും ഒരിക്കലും അടയ്ക്കാതെ തുറന്നിട്ടതും ചരിത്രവുമായി നിരന്തര വിനിമയത്തിലേര്‍പ്പെട്ടതുമായ ആദാനപ്രദാനങ്ങളുടെ വിശാല ലോകമാണതെന്നും സുനില്‍ സ്ഥാപിക്കുന്നുണ്ട്. കാലത്തെ എന്നതുപോലെ കര്‍ത്താവിനേയും അതിജീവിച്ച കൃതിയായി മഹാഭാരതം മാറുന്നതും അതിന്റെ കര്‍ത്തൃത്വം തന്നെ 'കൃതിയുടെ സൃഷ്ടിയായ കര്‍ത്താവ്' എന്ന നിലയില്‍ പരിണമിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മഹാഭാരതത്തിന്റെ അനന്ത വൈവിദ്ധ്യങ്ങളിലേക്കും അമ്പരപ്പിക്കുന്ന വൈരുദ്ധ്യങ്ങളിലേക്കും വായനക്കാരെ നയിക്കുന്നതിലൂടെയാണ് ഇതിഹാസത്തിന്റെ ബഹുസ്വരവും ബഹുശാഖിയും ബഹുരൂപിയുമായ ജീവിതചിത്രം വായനക്കാര്‍ക്കു മുന്നില്‍ അദ്ദേഹം നിവര്‍ത്തിയിടുന്നത്. ദ്രൗപദിയുടെ ബഹുഭര്‍ത്തൃത്വം മുതല്‍ ഇരവാന്റെ ഇതര ലൈംഗിക സ്വത്വം വരെ പ്രമേയത്തിലെ വൈവിദ്ധ്യത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രമേയത്തിലെന്നതു പോലെ തന്നെയാണ് ഇതിഹാസത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനത്തില്‍ ദര്‍ശിക്കാനാവുന്ന വൈവിദ്ധ്യവും. ഗംഗാതടങ്ങളില്‍നിന്ന് നാലുപാടും ഒഴുകിപ്പടര്‍ന്ന മഹാഭാരതം ഈ പ്രക്രിയയില്‍ ദേശാതിര്‍ത്തികളുടേയും ഭാഷാതിര്‍ത്തികളുടേയും നിരന്തര ലംഘനങ്ങള്‍ നടത്തിയതായി കാണാം. സംസ്‌കൃതം, കമ്പോഡിയന്‍, ഇന്തോനേഷ്യന്‍, അഫ്ഗാന്‍, അറബി, പേര്‍ഷ്യന്‍ മഹാഭാരതങ്ങള്‍ മുതല്‍ മിയോ മുസ്ലിങ്ങളായ സാദുല്ലാ ഖാന്‍, നബി ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പിംഗല ഭാഷയിലെഴുതിയ മേവതി മഹാഭാരതം വരെയുള്ളവ വ്യാപനത്തിന്റെ ദൂരവും വിസ്തൃതിയും വ്യക്തമാക്കുന്നു. ഈ ഭൂമിശാസ്ത്രപരമായ വ്യാപനത്തിന്റെ ഫലമാണ് പ്രാദേശിക പാഠങ്ങളും പാഠഭേദങ്ങളും ആവിഷ്‌കാരത്തിന്റെ ഭിന്നരൂപങ്ങളുമെല്ലാമായുള്ള പെരുക്കം. നൂറ്റാണ്ടുകള്‍ വാമൊഴിയായി അലഞ്ഞും പിന്നീട് പാഠത്തിന്റെ രൂപഘടനയ്ക്കുള്ളില്‍ പാര്‍പ്പുറപ്പിച്ചും അതിനുശേഷവും കാലവും ചരിത്രവുമായുള്ള അവസാനിക്കാത്ത വിനിമയങ്ങളിലൂടെ വളര്‍ന്നു പന്തലിച്ചും പടര്‍ന്നൊഴുകിയും ജീവിച്ച മഹാഭാരതത്തിന് അനേകം പ്രദേശിക പാഠഭേദങ്ങളുണ്ടാവുന്നതും വിഭിന്നമായ  രൂപങ്ങളാല്‍ ആവിഷ്‌കരിക്കപ്പെടുന്നതും സ്വാഭാവികം. തുള്ളലായും നിഴല്‍ക്കുത്തായും യക്ഷഗാനമായും ഹരികഥാ കലക്ഷേപമായും തെരുക്കുത്തായും ചൗനൃത്തമായും യാത്രാ നാടകമായും പാണ്ഡവലീലയായുമെല്ലാമുള്ള ആവിഷ്‌കാര സമൃദ്ധി മഹാഭാരതത്തിന്റെ ബഹുസ്വര അസ്തിത്വത്തിന്റെ ഉദാഹരണങ്ങളിലൊന്നാണെന്ന്. പ്രമേയപരവും ഭൂമിശാസ്ത്രപരവും ആവിഷ്‌കാര സംബന്ധിയുമായ വൈവിദ്ധ്യങ്ങളെല്ലാം പ്രാചീനവും നിശ്ചലവുമായ  ഒരു ഏകപാഠമായി ചരിത്രത്തില്‍ സ്തംഭിച്ചു പോയ ഒരു കൃതിക്ക് സാദ്ധ്യമാവുന്ന കാര്യമല്ല. അതിനാല്‍ കാലപ്രവാഹത്തിനൊപ്പം സഞ്ചരിക്കുകയും സമൂഹവികാസത്തിനൊപ്പം വളരുകയും ചരിത്രത്തിലുടനീളം ജനസംസ്‌കാരത്തിന്റെ തടങ്ങളെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്ത ബഹുശാഖിയും ബഹുരൂപിയുമായ കൃതിയത്രേ മഹാഭാരതം.

ഈ വൈവിദ്ധ്യത്തിനൊപ്പം മഹാഭാരതത്തിലുടനീളം പ്രകടമായ വൈരുദ്ധ്യങ്ങളും സുനിശ്ചിതമായ ഏകപാഠം എന്ന ധാരണകളെ ചോദ്യം ചെയ്യുന്നതാണെന്ന് പുസ്തകം ചുണ്ടിക്കാട്ടുന്നു. ഇത് മഹാഭാരതത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഒരുപോലെ കാണാവുന്നതാണ്. ശത സഹസ്രീ സംഹിത എന്ന വിശേഷണപ്രകാരം ലക്ഷം ശ്ലോകങ്ങളുള്ളതായി സങ്കല്പിക്കപ്പെടുമ്പോഴും വിഭിന്ന പാഠങ്ങളില്‍ ശ്ലോകങ്ങളുടെ എണ്ണത്തിലുള്ള ഗണ്യമായ വ്യത്യാസങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. പര്‍വ്വങ്ങള്‍, ഉപപര്‍വ്വങ്ങള്‍, അദ്ധ്യായങ്ങള്‍ എന്നിവയിലും പൊരുത്തക്കേടുകള്‍ കാണാം.

വിഭിന്ന പാഠങ്ങളുടേയും പാഠഭേദങ്ങളുടേയും ഉള്ളടക്കത്തിലേക്ക് വന്നാലാവട്ടെ, വൈരുദ്ധ്യങ്ങളുടെ ഒരു സങ്കീര്‍ണ്ണലോകം തന്നെ ദര്‍ശിക്കാനാവും. ഹിന്ദുക്കളുടെ ഇതിഹാസ ഗ്രന്ഥമായി കണക്കാക്കപ്പെടുമ്പോഴും മിയോ മുസ്ലിങ്ങളുടെ സ്വത്വ പ്രതിസന്ധിക്കുള്ള ഉത്തരമായും അത് നിലകൊള്ളുന്നത് കാണാം. ദില്ലി സുല്‍ത്താനേറ്റ് മുതല്‍ മുഗളര്‍ വരെയുള്ള മുസ്ലിം ഭരണാധികാരികളോടും തുടര്‍ന്ന് രജപുത്ര, ബ്രിട്ടീഷ് വാഴ്ചകളോടും നിരന്തര സംഘര്‍ഷത്തിലേര്‍പ്പെട്ട മിയോ മുസ്ലിങ്ങള്‍ തങ്ങളുടെ പ്രതിസന്ധികളെ അതിജീവിച്ചത് മഹാഭാരതാഖ്യാനത്തിലെ രാജവാഴ്ചയില്ലാത്ത രാജ്യം എന്ന  സങ്കല്പത്തിന്റെ ബലത്തിലായിരുന്നു. ഇങ്ങനെ ഒരേസമയം മിയോ മുസ്ലിങ്ങളുടെ സ്വത്വ പ്രതിരോധ ഭാവനയുടെ ഊര്‍ജ്ജമായും ഹിന്ദു സമൂഹത്തിലെ ബ്രാഹ്മണാധിപത്യത്തിലധിഷ്ഠിതമായ വര്‍ണ്ണ ധര്‍മ്മ സംസ്ഥാപനത്തിന്റേയും ഉപകരണമായും പ്രവര്‍ത്തിച്ച വൈരുദ്ധ്യം മഹാഭാരതം പല കാലങ്ങളിലൂടെ വളര്‍ന്നു വികസിച്ചതിന്റെ സാക്ഷ്യമാണ്. ബ്രാഹ്മണാധികാരത്തിനും പൗരോഹിത്യത്തിനും എതിരായ മതാതീത ജനകീയതയില്‍ പിറവികൊണ്ടതും കീഴാളനേതൃത്വത്തില്‍ ഉയര്‍ന്നുവന്നതുമായ ഭക്തി പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക വിളനിലവും ധാര്‍മ്മികാടിത്തറയും മഹാഭാരതമായിരുന്നു. മുഗള്‍ ഭരണകാലത്ത്, മതപൗരോഹിത്യവുമായുള്ള അധികാര സംഘര്‍ഷങ്ങളില്‍ രാജാവിന്റെ രാഷ്ട്രീയാധികാരത്തിന്റെ സാധൂകരണത്തിനായി അക്ബര്‍ ചക്രവര്‍ത്തിയെപ്പോലുള്ളവര്‍ മഹാഭാരതത്തെ ആശ്രയിച്ചു. ഇതേ മഹാഭാരതമാണ് പഞ്ചമവേദമെന്ന പദവി കൈവരിച്ച് ഹൈന്ദവ പൗരോഹിത്യത്തിന്റ സാമൂഹിക-രാഷ്ട്രീയാധീശത്വ താല്പര്യങ്ങള്‍ക്കായും ഉപയോഗിക്കപ്പെട്ടത്. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് അധികാരത്തെ ധര്‍മ്മനിഷ്ഠരായ പാണ്ഡവപക്ഷമായി അവതരിപ്പിക്കാനും ഇരുപതാം നൂറ്റാണ്ടില്‍ ദേശീയ പ്രസ്ഥാനം കരുത്താര്‍ജ്ജിച്ച കാലത്ത് ഇതേ ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരായ ദേശാഭിമാനപ്രചോദിതമായ സ്വാതന്ത്ര്യസമരത്തിന്റെ ധാര്‍മ്മിക ബലമായും പരസ്പര വിരുദ്ധമായി മഹാഭാരതം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആന്തരികമായി, അത് ധര്‍മ്മസങ്കല്പവും വര്‍ണ്ണധര്‍മ്മവും തമ്മിലും ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുമെല്ലാമുള്ള വൈരുദ്ധ്യങ്ങളാലും സമൃദ്ധമാണ്. ഏകലവ്യനും അര്‍ജുനനും അത്തരമൊരു വൈരുദ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നു. കൗരവ സഭയിലേക്ക് വരാന്‍ ദ്രൗപദിയോട് ധര്‍മ്മത്തിന്റെ പേരില്‍  ആവശ്യപ്പെടുകയും പിന്നീട് യുദ്ധത്തില്‍  ധര്‍മ്മശങ്കകളില്ലാതെ പാതി നുണ പറഞ്ഞ് ദ്രോണരുടെ വധം സാദ്ധ്യമാക്കുകയും ചെയ്ത യുധിഷ്ഠിരനും ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യത്തെ ആവിഷ്‌കരിക്കുന്നു.  പ്രാചീന പാഠങ്ങളില്‍ ആദ്യകാലത്ത് അപ്രധാന സ്ഥാനം മാത്രമുണ്ടായിരുന്ന കൃഷ്ണന്‍ പിന്നീട് കേന്ദ്ര കഥാപാത്രമായതും വൈഷ്ണവ വീക്ഷണം പ്രബലമായതും മുതല്‍ ഗാന്ധാരിയും ദ്രൗപദിയും ദുര്യോധനനും അടക്കമുള്ള മഹാഭാരത കഥാപാത്രങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ആരാധനമൂര്‍ത്തികളായിത്തീര്‍ന്നതുമെല്ലാം ആയിരത്താണ്ടുകളിലൂടെ മഹാഭാരതം കടന്നുവന്ന ദീര്‍ഘജീവിതത്തിനിടയില്‍ ഉരുണ്ടുകൂടിയ വൈരുദ്ധ്യങ്ങളുടേയും പരിണാമങ്ങളുടേയും അടയാളങ്ങളായി നില്‍ക്കുന്നു. 

ഈ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളുമാവട്ടെ, സുനിശ്ചിതമായ ഏകപാഠം എന്നും മതപാഠം എന്നുമുള്ള പ്രകൃതത്തെ തീര്‍ത്തും നിരാകരിക്കുകയും ചെയ്യുന്നു. അവ യഥാര്‍ത്ഥത്തില്‍, മഹാഭാരതത്തിന്റെ മതാതീതവും മതനിരപേക്ഷവും ജനസംസ്‌കാരത്തെ സര്‍വ്വതലത്തിലും ആശ്ലേഷിച്ചതും അതോടൊപ്പം സവിശേഷ ചരിത്രസന്ദര്‍ഭങ്ങളില്‍ അധീശത്വത്തിന്റെ ഉപകരണമായിക്കൂടി പ്രവര്‍ത്തിച്ചതുമായ  ബഹുസ്വരവും അതിസങ്കീര്‍ണ്ണവുമായ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്.

രണ്ടാമതായി, ഈ വൈവിദ്ധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും കീഴ്പ്പെടുത്തുന്ന ഒരു ഏകപാഠ നിര്‍മ്മിതിയിലൂടെ മഹാഭാരതത്തെ അധീശത്വ ഉപകരണമാക്കി മാറ്റാനുള്ള ചരിത്രപരമായ പരിശ്രമങ്ങളെ പുസ്തകം ആഴത്തില്‍ വിശകലനം ചെയ്യുന്നു. അനേകം കൂട്ടിച്ചേര്‍ക്കലുകളിലൂടെയും വിട്ടുകളയലുകളിലൂടെയും തിരുത്തലുകളിലൂടെയുമാണ് ഈ പ്രക്രിയ നിറവേറ്റപ്പെട്ടത്. പ്രാചീന കാലത്തു മാത്രമല്ല, ആധുനിക കാലത്തും അതുണ്ടായിട്ടുണ്ട്. ബ്രാഹ്മണീകരണത്തിന്റെ കേന്ദ്രമായി നിലകൊണ്ട ഭൃഗുക്കളുടെ ചരിത്രം ആദിപര്‍വ്വത്തിന്റെ ഭാഗമായതു മുതല്‍ കലിയുഗ സങ്കല്പവും ചാക്രിക കാല സൂചനയും കൂട്ടിച്ചേര്‍ക്കപ്പെട്ടതും മഹാഭാരതത്തെ 'മാംസ മുക്ത'മാക്കി ശുദ്ധീകരിക്കാനുള്ള ഗോരഖ്പൂര്‍ പതിപ്പിലെ ശ്രമം വരെയുള്ള ഉദാഹരണങ്ങള്‍ ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാഭാരതത്തിന്റെ പ്രാദേശിക - നാടോടി ആഖ്യാനങ്ങളിലൊന്നും കാണാത്ത പ്രബോധനാത്മകമായ ഭാഗങ്ങള്‍ സാമൂഹിക വികാസത്തിന്റെ പല ഘട്ടങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന നിഗമനം ഗ്രന്ഥകാരന്‍ ആധികാരിക പഠനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. പതിനൊന്ന് പര്‍വ്വം പിന്നിടുന്നതോടെ കഥാഗതി പൂര്‍ണ്ണത കൈവരിക്കുമ്പോള്‍ ശേഷിക്കുന്ന ഏഴ് പര്‍വ്വങ്ങളിലായി, ഭഗവദ്ഗീതയുള്‍പ്പെടെ പ്രബോധനാത്മക ഭാഗങ്ങള്‍ പിന്നീട് സന്നിവേശിക്കപ്പെട്ടതാകാമെന്ന നിഗമനം വളരെ പ്രസക്തമാണ്.

മഹാഭാരതത്തെ ഒരു മതപാഠമെന്ന നിലയില്‍ പരുവപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച പ്രബോധനാത്മക ഭാഗങ്ങളില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ളത് ഭഗവദ്ഗീതയ്ക്കു തന്നെയാണ്. ഭഗവദ്ഗീതയുടെ ഈ പ്രാധാന്യം മുന്‍നിര്‍ത്തി നാല് അദ്ധ്യായങ്ങളിലായി വിശദമായ ആലോചനകളില്‍ ഗ്രന്ഥകാരന്‍ ഏര്‍പ്പെടുന്നുണ്ട്. ഗീത ആവിര്‍ഭവിച്ച ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചുള്ള വിശകലനം, മദ്ധ്യകാല ജീവിതത്തിലും ആധുനിക ഇന്ത്യയിലെ മതാത്മക ദേശീയതയുടെ വളര്‍ച്ചയിലുമുള്ള അതിന്റെ പ്രഭാവം, ഗീതയുടെ പാശ്ചാത്യ ലോകവുമായുള്ള വിനിമയങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവയെല്ലാം കൊസാംബിയുടെ ഭൗതികവാദപരമായ ഉള്‍ക്കാഴ്ചകളുടേയും അംബേദ്കറിന്റെ  ദളിത് വായനകളുടേയും കൂടി അടിത്തറയില്‍ വികസിപ്പിക്കുമ്പോള്‍ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകളിലേക്കുള്ള ജാലകങ്ങള്‍ തുറന്നിടുന്നു. മഹാഭാരതത്തിന്റേയും ഗീതയുടേയും കാലങ്ങള്‍ തമ്മിലുള്ള അന്തരം ചരിത്രപരവും ഭാഷാപരവും ആശയപരവുമായ അടിത്തറയില്‍ വിശദീകരിക്കുന്നുമുണ്ട്. ഗീതയുടെ തത്ത്വവിചാരങ്ങളിലും വൈരുദ്ധ്യങ്ങള്‍ ധാരാളമാണ്. ഭക്തി/ജ്ഞാനം, ജ്ഞാനം/ധ്യാനം, അഹിംസ/യുദ്ധ പ്രേരണ തുടങ്ങി ഗീതയിലെ പല പൊരുത്തക്കേടുകളും ഗീത രൂപപ്പെട്ട കാലം സൃഷ്ടിച്ച ചിന്താക്കുഴപ്പങ്ങളുടേതായിരിക്കണം. 

ഗീതയുടെ രാഷ്ട്രീയ ധ്വനികള്‍

കുല-ഗോത്ര വ്യവസ്ഥയില്‍നിന്ന് നാടുവാഴിത്തത്തിലേക്കുള്ള സംക്രമണത്തിലെ സംഘര്‍ഷഭരിതമായ അന്തരാള ഘട്ടത്തിന്റെ സൃഷ്ടിയായിട്ടാണ് ഗീതയെ സ്ഥാനപ്പെടുത്തുന്നത്. ചരിത്രത്തില്‍, സാമൂഹിക പരിവര്‍ത്തന പ്രക്രിയ എപ്പോഴും വേദനാജനകവും ഹിംസാത്മകവും സംഘര്‍ഷനിര്‍ഭരവുമായ അന്തരാള ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പുതിയ സമൂഹങ്ങളുടെയെല്ലാം പിറവികള്‍ ചോരയും കണ്ണീരും നിറഞ്ഞ കഠിനകാലത്തിനൊടുവില്‍ മാത്രമാണുണ്ടായിട്ടുള്ളത്. പാണ്ഡവ-കൗരവ പോരാട്ടത്തിലും കുരുക്ഷേത്രയുദ്ധത്തിലും കേവല അധികാരത്തര്‍ക്കത്തിനപ്പുറം നിഴലിക്കുന്നത് സാമൂഹിക പരിവര്‍ത്തനത്തിന്റെ സവിശേഷ ചരിത്രസന്ദര്‍ഭത്തിന്റെ ഭാവനാത്മക ആവിഷ്‌കാരമാണ്. വ്യവസ്ഥാ സംക്രമണത്തിന്റെ അന്തരാള ഘട്ടം സൃഷ്ടിക്കുന്ന പരിഭ്രാന്തിയും വിഹ്വലതകളും സന്ദിഗ്ദ്ധതകളുമൊക്കെയാണ് യുദ്ധമുഖത്തെ തേര്‍ത്തട്ടില്‍ തളര്‍ന്നിരിക്കുന്ന അര്‍ജുനന്റെ ചോദ്യങ്ങളായി ഉയരുന്നത്. അതിന് കൃഷ്ണന്‍ നല്‍കുന്ന ഉത്തരങ്ങള്‍ വര്‍ണ്ണധര്‍മ്മത്തിന്റെ ദൈവികതയേയും പ്രാമാണികതയേയും മുന്‍നിര്‍ത്തിയുള്ളതും വര്‍ണ്ണധര്‍മ്മം നിറവേറ്റാന്‍ പ്രചോദിപ്പിക്കുന്നതുമാണ്. ഗുരു കാരണവന്‍മാരും സഹോദരരും ഉറ്റവരുമായവരെയെല്ലാം വധിച്ചും വര്‍ണ്ണധര്‍മ്മം നിറവേറ്റാനുള്ള കൃഷ്ണന്റെ ഉപദേശം ഗീതയുടെ വര്‍ഗ്ഗപരവും രാഷ്ട്രീയവുമായ ഉള്ളടക്കം ബോദ്ധ്യപ്പെടുത്തുന്നതാണ്. ബ്രാഹ്മണാധിപത്യത്തിലേക്കുളള പരിവര്‍ത്തനത്തിന് ദാര്‍ശനിക സാധൂകരണം ചമച്ച പ്രതിവിപ്ലവമെന്ന് അംബേദ്കറും നാടുവാഴിത്തത്തിന് ഏറ്റവും അനുഗുണമായ ഭക്തി സങ്കല്പത്തെ കര്‍മ്മ മാര്‍ഗ്ഗവുമായി കൂട്ടിയിണക്കിയ വിവിധ ദര്‍ശനങ്ങളുടെ സമര്‍ത്ഥമായ സംയോജനമെന്ന് കൊസാംബിയും ഗീതയെ വിശേഷിപ്പിക്കുമ്പോള്‍ അവര്‍ ഇരുവരും ഊന്നുന്നത് മേല്‍പ്പറഞ്ഞ വര്‍ഗ്ഗപരമായ ഉള്ളടക്കത്തില്‍ത്തന്നെയാണ്. ഇന്ത്യാ ചരിത്ര പഠനത്തിന് ഒരാമുഖം എന്ന പുസ്തകത്തില്‍ കൊസാംബി നടത്തുന്ന പ്രധാനപ്പെട്ട ഒരു നിരീക്ഷണം ഇതോടു ചേര്‍ത്തു വായിക്കാം.  ''ഹിന്ദു  ഉപരിവര്‍ഗ്ഗത്തിന്റെ പ്രമാണങ്ങള്‍ക്ക് വിപരീതമായി കീഴാള ഹിന്ദുവിന്റെ സാമൂഹിക അവബോധ രൂപീകരണത്തില്‍ ഭഗവദ്ഗീത ഒരു പങ്കും വഹിച്ചിട്ടില്ല; അതിന്റെ യഥാര്‍ത്ഥ പ്രാധാന്യം ഉയര്‍ന്നുവന്നത് വ്യക്തിഗത ഭക്തിയില്‍ ഊന്നിയ നാടുവാഴിത്തത്തിന്റെ ഉദയത്തോടെയാണ്.'' ഈ നിരീക്ഷണത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന കാതലായ ഒരു ചോദ്യം ഗ്രന്ഥകാരന്‍ തന്റെ പുസ്തകത്തില്‍ ഉയര്‍ത്തുന്നുണ്ട്. തത്ത്വവിചാരത്തില്‍ അതീവ തല്‍പ്പരനായിരുന്നിട്ടും എന്തുകൊണ്ടാണ് എഴുത്തച്ഛന്‍ ഗീതയെ കൈവിട്ടത്? എഴുത്തച്ഛനെപ്പോലെ ശ്രീനാരായണഗുരുവിനും ഗീത  വിഷയമായില്ലെന്ന സുപ്രധാനമായ ഓര്‍മ്മപ്പെടുത്തലിനും ധ്വനികള്‍ ഏറെയാണ്. വര്‍ണ്ണധര്‍മ്മ സംസ്ഥാപനത്തിനുള്ള ഗീതയിലെ ആഹ്വാനം ഭക്തിപ്രസ്ഥാനപാരമ്പര്യത്തിനും കീഴാളഭാവനയ്ക്കും തീര്‍ത്തും അസ്വീകാര്യമായതിന്റെ കാരണവും എഴുത്തച്ഛനും നാരായണഗുരുവും ഗീതയെ പരിഗണിക്കാതെ വിട്ടതിന്റെ കാരണവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാചരിത്രത്തില്‍ ഗീത ഒരു വലിയ മൗനം കൂടിയാവുന്നതിനെക്കുറിച്ചുള്ള  ഗ്രന്ഥകാരന്റെ നിരീക്ഷണത്തെ മുന്‍നിര്‍ത്തി കൂടുതല്‍ വിപുലമായ ഒരു സംവാദമുഖം തുറക്കേണ്ടത് അനിവാര്യമാണ്. ഗീത സൃഷ്ടിച്ച മൗനത്തിന്റെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രീയ ധ്വനികളേയും അതില്‍ അന്തര്‍ലീനമായ സമസ്യകളേയും നിശിതമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഈ പുസ്തകം ആ ദിശയിലുള്ള ചര്‍ച്ചകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

മൂന്നാമതായി, ആധുനിക കാലത്ത് കൊളോണിയല്‍വിരുദ്ധ ദേശീയതയുടേയും തുടര്‍ന്ന് മത ദേശീയതയുടേയും അന്തര്‍ധാരയായി മഹാഭാരതം, വിശേഷിച്ച് ഭഗവദ്ഗീത പ്രവര്‍ത്തിച്ചത് എങ്ങനെയെന്ന ആലോചനകള്‍  പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്നത്തെ ഇന്ത്യയില്‍ ഹിന്ദുത്വ പദ്ധതി ഉയര്‍ത്തുന്ന രാഷ്ട്രീയ-സാംസ്‌കാരിക സമസ്യകളെ ശരിയായി മനസ്സിലാക്കാന്‍ ഉതകുന്ന വിധം ചരിത്രപരമായ പരിപ്രേക്ഷ്യത്തില്‍  ഗീതയെ അവതരിപ്പിച്ചിട്ടുണ്ട്.  മഹത്തായ സംസ്‌കാരത്തേയും സുവര്‍ണ്ണ ഭൂതകാലത്തേയും കുറിച്ചുള്ള ദേശീയ ഭാവനയെ നിര്‍മ്മിക്കുന്നതിനാണ് മതാത്മക ദേശീയതയുടെ ശക്തികള്‍ മഹാഭാരതത്തെ  പ്രയോജനപ്പെടുത്തിയത്. ഇതിനായി മഹാഭാരതത്തെ ഭാവനാത്മകമായ സാഹിത്യഗ്രന്ഥം എന്നതിനു പകരം ചരിത്രമായി അവതരിപ്പിച്ചു. മിത്തും ചരിത്രവും കൂട്ടിക്കുഴച്ചുകൊണ്ടുള്ള സുവര്‍ണ്ണ ഭൂതകാല നിര്‍മ്മിതി ഇന്നും ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തന പദ്ധതിയുടെ അഭേദ്യ ഭാഗമാണല്ലോ. നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍, ഹിന്ദു സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രം ആയിരത്താണ്ടുകളായി നിലനിന്നുവെന്ന വാദത്തിന്റെ ചരിത്രപരമായ പിന്‍ബലമായി മഹാഭാരതത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിഹാസങ്ങളെ മത ദേശീയതയുടേയും മതരാഷ്ട്ര സങ്കല്പത്തിന്റേയും സാംസ്‌കാരിക മൂലധനമായി തുടക്കം മുതല്‍ ഹിന്ദുത്വം എങ്ങനെ ഉപയോഗിച്ചു എന്നാണിത് വ്യക്തമാക്കുന്നത്. പുറത്തുനിന്നു വന്ന ശക്തികളുടെ ആക്രമണത്തില്‍ തകര്‍ന്ന മഹത്തായ സുവര്‍ണ്ണ ഭൂതകാലത്തെ വീണ്ടെടുക്കുക എന്നത് ദേശീയ ദൗത്യമായി മുന്നോട്ടുവെച്ചുകൊണ്ടാണ് മതാത്മക ദേശീയത അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത്. മഹാഭാരത സങ്കല്പങ്ങളും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമെല്ലാം ഈ വീണ്ടെടുക്കലിന്റെ ദേശീയ ഭാവനയെ ഉത്തേജിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

നഷ്ടപ്പെട്ട പിതൃഭൂമി, വസ്ത്രാക്ഷേപം ചെയ്യപ്പെട്ട ദ്രൗപദിയെ മുന്‍നിര്‍ത്തിയുള്ള അപമാനിതയായ ഭാരതമാതാവ്, ഭാരതമാതാവിന്റെ അപമാനത്തിനെതിരായ പ്രതികാരം എന്നീ സങ്കല്പങ്ങളും സ്വാതന്ത്ര്യസമരത്തെ കുരുക്ഷേത്ര യുദ്ധവുമായും രാഷ്ട്രത്തിനായുള്ള യുവാക്കളുടെ രക്തസാക്ഷിത്വങ്ങളെ പത്മവ്യൂഹം ഭേദിച്ചകത്തു കയറി പൊരുതിമരിച്ച അഭിമന്യുവുമായും താരതമ്യപ്പെടുത്തുന്ന വ്യാഖ്യാനങ്ങളുമൊക്കെ കൊളോണിയല്‍വിരുദ്ധ സമരകാലത്ത് സര്‍വ്വസാധാരണമായിരുന്നു. മഹാഭാരത പ്രതീകങ്ങളുടെ ഉപയോഗം മത/മതനിരപേക്ഷ ദേശീയതയുടെ വക്താക്കള്‍ ഒരുപോലെ നടത്തിയിട്ടുണ്ട്. മഹാഭാരതവും ദേശീയ പ്രസ്ഥാനവും തമ്മിലുള്ള വിനിമയങ്ങളുടെ രണ്ടറ്റങ്ങളായി സുബ്രഹ്മണ്യ ഭാരതിയുടെ പാഞ്ചാലി ശപഥവും  ഗീതാ പ്രസ്സിന്റെ മഹാഭാരത ജേര്‍ണലും  നിലകൊള്ളുന്നത് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ആദ്യത്തേത് ബ്രിട്ടീഷ്വിരുദ്ധ ദേശീയതാബോധത്തെ പ്രത്യക്ഷത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ രണ്ടാമത്തേത് മതാത്മക ദേശീയതയുടെ പരിമിത വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. ദേശീയ ഭാവനകളെ ഉദ്ദീപിപ്പിക്കുന്നതില്‍ ഭഗവദ്ഗീതയും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തിലകന്‍ മുതല്‍ ഗാന്ധിജി വരെ ദേശീയ പ്രസ്ഥാനത്തിന്റെ വിഭിന്ന ധാരകളില്‍ പ്രവര്‍ത്തിച്ചവര്‍ ഗീതയാല്‍ സ്വാധീനിക്കപ്പെട്ടവരാണ്. 

ഗാന്ധിജി ഗീതയില്‍ അഹിംസ ദര്‍ശിച്ചപ്പോള്‍ സവര്‍ക്കര്‍ അതേ ഗീതയില്‍നിന്ന് കണ്ടെടുത്തത് രാഷ്ട്രനിര്‍മ്മാണത്തില്‍ ഹിംസയുമാവാം എന്ന പാഠമാണ്. ഈ വൈരുദ്ധ്യം ദേശീയ പ്രസ്ഥാനത്തെ ചൂഴ്ന്നുനിന്ന ആന്തരിക വൈരുദ്ധ്യങ്ങളുടെ പ്രതിഫലനമായി  ഗ്രന്ഥകാരന്‍ കാണുന്നു. ''ദേശീയ പ്രസ്ഥാനം രാഷ്ട്രീയമായ ഉള്‍ക്കൊള്ളലിന്റെ പ്രകൃതം നിലനിര്‍ത്തിയപ്പോഴും സാംസ്‌കാരികമായ പ്രവര്‍ജ്ജക സ്വഭാവം അതിനുണ്ടായിരുന്നു'' എന്ന മൂര്‍ച്ചയുള്ള വിമര്‍ശനത്തിന് ഇന്ന് ഏറെ സാംഗത്യമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം, മത-മത നിരപേക്ഷ ദേശീയതകള്‍ തമ്മിലുള്ള സുദീര്‍ഘ സംഘര്‍ഷങ്ങളുടേതായിരിക്കുമ്പോള്‍ത്തന്നെ മതനിരപേക്ഷ ദേശീയതയ്ക്കകത്തും ആന്തരികമായ അനേകം വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്നത് തിരിച്ചറിയുന്നതിനും ഇന്നത്തെ ദേശീയ പരിതസ്ഥിതിയില്‍ അതിയായ പ്രാധാന്യമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഇങ്ങനെയുള്ള പരിമിതികളേയും അതില്‍നിന്നുളവായ എല്ലാ വൈരുദ്ധ്യങ്ങളേയും നിശിതമായ വിമര്‍ശനബുദ്ധിയോടെ ഇടതുപക്ഷം നിരന്തരം വിലയിരുത്തിയിട്ടുണ്ടെന്ന വസ്തുത സാന്ദര്‍ഭികമായി പറഞ്ഞുവെക്കട്ടെ. യഥാര്‍ത്ഥത്തില്‍, മതനിരപേക്ഷ ദേശീയതയുടെ ചരിത്രപരമായ പരിമിതികളും ദൗര്‍ബ്ബല്യങ്ങളും കൂടിയാണ് ഇന്ത്യയില്‍ മതാത്മക ദേശീയത രാഷ്ട്രീയ അധികാരം കയ്യടക്കുന്നതിലേക്ക് വളരാന്‍ ഇടയാക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പൊതുവിലും തൊണ്ണൂറുകള്‍ മുതല്‍ വിശേഷിച്ചും മഹാഭാരതമുള്‍പ്പെടെയുള്ള ഇതിഹാസങ്ങളേയും പാരമ്പര്യത്തേയുമെല്ലാം മതവല്‍ക്കരിച്ചും സാംസ്‌കാരിക മൂലധനമാക്കി പരിവര്‍ത്തിപ്പിച്ചും സൂക്ഷ്മവും ആസൂത്രിതവുമായി നടത്തിയ രാഷ്ട്രീയ പ്രയോഗത്തിന്റെ വിജയം കൂടിയാണത്. 

ഇന്ന് ഇന്ത്യയില്‍ കാണുന്നത് സാംസ്‌കാരിക മൂലധനത്തെ നിയന്ത്രിക്കുന്ന ഹിന്ദുത്വ ശക്തികളും  അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നേതൃത്വത്തിലുള്ള വന്‍കിട മൂലധനശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് ഭരണകൂടാധികാരം കയ്യാളുന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍, ധനമൂലധനശക്തികള്‍ ഇന്ത്യയിലെ മറ്റെല്ലാ ദേശീയ ആസ്തികളും കയ്യടക്കുന്നതുപോലെ ഹിന്ദുത്വവുമായുള്ള സഖ്യത്തിലൂടെ ജനതയുടെ സഞ്ചിത സംസ്‌കാരത്തിന്റെ മൂലധനവും കയ്യടക്കിയിരിക്കുന്നു. പൊതുസ്വത്തായ സാംസ്‌കാരിക മൂലധനം ചൂഷകവര്‍ഗ്ഗങ്ങളുടെ സ്വകാര്യ സ്വത്താവുക വഴി ചൂഷിതരെ ഭിന്നിപ്പിക്കാനുള്ള ആയുധമെന്ന നിലയില്‍ പ്രതിലോമകരമായി ഉപയോഗിക്കപ്പെടുന്നു. ഹിന്ദുത്വത്തിന്റേയും അതുവഴി ധനമൂലധനത്തിന്റേയും നിയന്ത്രണത്തില്‍നിന്ന് ജനതയുടെ സഞ്ചിത സംസ്‌കാരത്തിന്റെ മൂലധനം വിമോചിപ്പിക്കാനുള്ള സമരം സാംസ്‌കാരികരംഗത്തെ മുഖ്യ ഉത്തരവാദിത്വമാണ് ഇന്ന്. ഭൗതിക ഉല്പാദനത്തിന്റെ ഉപാധികളുടേയും സാംസ്‌കാരിക മൂലധനത്തിന്റേയും മേലുള്ള സ്വകാര്യ (ഹിന്ദുത്വ) കുത്തകയ്ക്ക് എതിരായ സുദീര്‍ഘ സമരങ്ങള്‍ പരസ്പരബന്ധിതമാണ്.

മഹാഭാരതത്തിന്റെ വൈവിദ്ധ്യമാര്‍ന്നതും ബഹുസ്വരവും ജനകീയവുമായ പ്രകൃതം വീണ്ടെടുത്ത് നവീകരിക്കാനുള്ള ധൈഷണിക അന്വേഷണങ്ങള്‍ ഹിന്ദുത്വ - മൂലധന സഖ്യത്തിന്റെ ആധിപത്യത്തിനെതിരായ ദീര്‍ഘ പോരാട്ടങ്ങളിലെ അനേകം സമരമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ആ സമരമുഖത്ത് ആശയ സ്രോതസ്സാവാന്‍ സുനില്‍ പി. ഇളയിടത്തിന്റെ 'മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന പുസ്തകത്തിനു കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com