എഴുത്തുകാരനിലെ സാമൂഹ്യ വിമര്‍ശകൻ

പ്രൊഫഷണല്‍ പ്രഭാഷകരുടേയും ആസ്ഥാന സാംസ്‌കാരിക നായകരുടേടേയും ഉദാസീന സമീപനങ്ങളില്‍നിന്നും മാറിയ ആശയങ്ങളും ആവിഷ്‌കാരങ്ങളുമാണ് സക്കറിയ നടത്തിയത്
സക്കറിയ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
സക്കറിയ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ര്‍ഷങ്ങള്‍ക്കു മുന്‍പ് സക്കറിയ ചോദിച്ചു, ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? ആ ചോദ്യത്തിന്റെ അനുരണനങ്ങള്‍ ദീര്‍ഘകാലം നീണ്ടുനിന്നു. മലയാളി എഴുത്തുകാരന്റെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് അന്ന് സക്കറിയ ഉന്നയിച്ചത്. അത്തരം ഒരു ചോദ്യം അന്നുവരെ കേരളീയ സമൂഹത്തില്‍ അപരിചിതമായിരുന്നു. അദ്ദേഹം ആ ലേഖനത്തില്‍ (പ്രഭാഷണത്തിന്റെ ലേഖനരൂപം) എഴുതി: ''കഴിഞ്ഞ അന്‍പതു കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യാനുഭവ ജീവിതത്തില്‍ നമ്മുടെ സാംസ്‌കാരികവും പ്രത്യേകിച്ച് സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് ബുദ്ധിജീവികളായ ഞങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ? അതിലേക്ക് ഏതെങ്കിലുമൊരു ശാശ്വതമോ നൈമിഷികമോ ആയ സംഭാവന നല്‍കിയിട്ടുണ്ടോ? അങ്ങനെ ഞങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും അവരുടെ ഭാവിക്കും ഗുണമുണ്ടാകുന്ന എന്തെങ്കിലും ഞങ്ങളുടെ ബുദ്ധിജീവിതംകൊണ്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു പ്രയോജനമായി കണക്കുകൂട്ടാം. അതല്ല, ഞങ്ങളുടെ പുസ്തകങ്ങള്‍ പണം കൊടുത്തു വാങ്ങുകയും ഞങ്ങളുടെ പ്രസംഗങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ഞങ്ങളുടെ അധികാരവും സ്വാധീനവും അംഗീകരിക്കുകയും ചെയ്ത് ഞങ്ങള്‍ക്ക് സൂര്യനു കീഴിലൊരു നല്ല സ്ഥലം കൊടുത്ത സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാതെ, ശമ്പളവും കീര്‍ത്തിയും അവാര്‍ഡുകളും മാത്രം കൈപ്പറ്റി ഞങ്ങള്‍ വൃദ്ധസദനങ്ങളിലേക്ക് പിന്‍വാങ്ങിയാല്‍ അത് നന്ദികേടാണ്. ഇങ്ങനെ പറയുന്നത് ബൗദ്ധിക ജീവിതത്തെപ്പറ്റിയുള്ള വളരെ ഭൗതികവും പ്രായോഗപരവുമായ ഒരു കാഴ്ചപ്പാടാണ്.'' സാമൂഹിക പ്രതിബദ്ധത എന്ന പഴയ പുരോഗമന യാന്ത്രിക വാദത്തിന്റെ ആവര്‍ത്തനങ്ങളല്ല, സക്കറിയ നടത്തിയത്. മറിച്ച്, എഴുത്തുകാരന്‍ ജീവിക്കുന്ന കാലത്ത് അഭിമുഖീകരിക്കുന്ന ഭൗതികവും ആത്മീയവുമായ പ്രതിസന്ധികളെ നേരിടാനുള്ള സൗരഭങ്ങള്‍ ഒരുക്കാന്‍ ബുദ്ധിജീവിക്ക്/എഴുത്തുകാരന് കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. പ്രത്യേകിച്ച് അറുപതുകള്‍ മുതല്‍ എഴുതിത്തുടങ്ങിയ ആധുനിക എഴുത്തുകാര്‍ അവരുടെ വരേണ്യ ജീവിതസ്ഥലികള്‍ വിട്ട് കാലത്തിന്റെ രണഭൂപടത്തിലേക്ക് എത്തുന്നുണ്ടോ എന്നതായിരുന്നു സ്വയം വിമര്‍ശനപരമായ ആ അന്വേഷണം.

അപ്പോഴാണ് സക്കറിയയെക്കൊണ്ട് കേരളീയ സമൂഹത്തിന് എന്തു പ്രയോജനം എന്ന് നാം ചിന്തിക്കുന്നത്. അദ്ദേഹം പറയുംപോലെ, നിരവധി പുസ്തകങ്ങള്‍ പണം കൊടുത്തു വാങ്ങിയ, പ്രസംഗങ്ങള്‍ കേട്ട് കയ്യടിച്ച കേരളീയ സമൂഹത്തിന് എന്ത് സംഭാവന നല്‍കി എന്ന് ആലോചിക്കുന്നത്. അറുപതുകളില്‍ കഥയെഴുതിത്തുടങ്ങിയ സക്കറിയ സാഹിത്യത്തിന്റെ കേവല പരിധിക്ക് അകത്തുനിന്നു പുറത്തേക്ക് സജീവമായി വരുന്നത് തൊണ്ണൂറുകളിലാണ്. കേരളീയ സാമൂഹിക സാംസ്‌കാരിക ലോകത്ത് ഇടപെട്ട് തുടങ്ങുന്നത് അക്കാലത്താണ്. നമ്മുടെ സമൂഹം വിഷലിപ്തമായ നിരവധി ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. നവോത്ഥാന സമൂഹം എന്ന സങ്കല്പം തന്നെ തകര്‍ന്നുകൊണ്ടിരുന്നു. മതത്തിന്റേയും ജാതിയുടേയും ശക്തമായ കടന്നുവരവ് സംഭവിച്ചത് അക്കാലത്താണ്. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ദളിത്/ആദിവാസി സമരങ്ങള്‍,  സ്ത്രീവാദ ആശയങ്ങള്‍ എല്ലാം നേരിട്ടു തുടങ്ങിയിരുന്നു. ഈ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു സക്കറിയയുടെ വാക്കുകളുടെ സാന്നിധ്യം ശ്രദ്ധിച്ചു തുടങ്ങിയത്.

ആധുനികതയുടെ കാലത്ത് ജന്മംകൊണ്ട ഒരു എഴുത്തുകാരന്റെ വാക്കുകളെ ആഘാതത്തോടെയാണ് സമൂഹം സ്വീകരിച്ചത്. പ്രൊഫഷണല്‍ പ്രഭാഷകരുടേയും ആസ്ഥാന സാംസ്‌കാരിക നായകരുടേയും ഉദാസീന സമീപനങ്ങളില്‍നിന്നും മാറിയ ആശയങ്ങളും ആവിഷ്‌കാരങ്ങളുമാണ് സക്കറിയ നടത്തിയത്. വികാരനിര്‍ഭരമായ പ്രഭാഷണങ്ങളെ തിരസ്‌കരിക്കുകയും വിമര്‍ശനത്തിന്റെ സൂക്ഷ്മ സംവേദനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രഭാഷണങ്ങള്‍ പ്രകാശനങ്ങളാകാന്‍ തുടക്കം മുതല്‍ത്തന്നെ ശ്രമിച്ചു. പുതിയ ആശയങ്ങളുടെ അവതരണവും വിമര്‍ശനവുമാണ് എഴുത്തുകാരന്റെ കടമ എന്ന് നിരന്തരം പ്രഖ്യാപിച്ചു. കാലത്തിനു പുറത്തുനിന്നുകൊണ്ടല്ല, അകത്തുനിന്നുകൊണ്ടാണ് ഓരോ വിമര്‍ശനങ്ങളും ഉന്നയിച്ചത്. വിമര്‍ശനങ്ങളില്‍ ഒന്നും ഒളിച്ചുവെച്ചില്ല. ആദരണീയ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രതിഭകളുടേയും പേര് എടുത്തു പറഞ്ഞാണ് സക്കറിയ ആദ്യകാലം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നടത്തിയത്. അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, കുഞ്ഞുണ്ണി, സുഗതകുമാരി തുടങ്ങിയവരെ നേരിട്ട് വിമര്‍ശിച്ചപ്പോള്‍ 'നിഷ്‌കളങ്കരെ' വിമര്‍ശിച്ചതിന് ഏറെ പരാതി കേള്‍ക്കേണ്ടിവന്നു. ആധുനിക മതേതര സമൂഹത്തിന് മാതൃകയാവേണ്ട ഈ എഴുത്തുകാര്‍ 'മതോന്മാദ'ത്തിന്റെ പ്രചാരകരോടൊപ്പം കൂടിയതിനാണ് വിമര്‍ശിച്ചതെന്നോര്‍ക്കണം. എഴുത്തുകാര്‍ എന്ന നിലയിലുള്ള അവരുടെ സംഭാവനകളെ തിരസ്‌കരിച്ചില്ല. എഴുത്തും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റേയും വിച്ഛേദത്തിന്റേയും ആശങ്കകളാണ് സക്കറിയ ഇതിലൂടെ അവതരിപ്പിച്ചത്. പക്ഷേ, അത്തരത്തിലുള്ള സാമൂഹിക സാംസ്‌കാരിക ചിന്തകള്‍ക്കുള്ള സാദ്ധ്യത നമ്മുടെ ബുദ്ധിജീവികള്‍ സൃഷ്ടിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം കിട്ടിയപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു എന്നും മനസ്സിലാക്കണം.

സക്കറിയ
സക്കറിയ

സക്കറിയ നടത്തിയ സാമൂഹിക സാംസ്‌കാരിക വിമര്‍ശനങ്ങള്‍ നടത്തിയത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ തടവറയില്‍നിന്നല്ല. ഒരു ആന്തരിക വിമര്‍ശകന്റെ (critical Insider) വിശാല ജാഗ്രതയില്‍നിന്നാണ് ആശയങ്ങള്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തിന്റെ  പാതകള്‍ സ്വീകരിച്ചില്ല. കേസരി ബാലകൃഷ്ണപിള്ള, എം. ഗോവിന്ദന്‍, സി.ജെ. തോമസ് എന്നിവരില്‍നിന്നു തുടരുന്ന സ്വതന്ത്ര ചിന്തയുടെ ആധുനിക പ്രകാശനമാണ് സക്കറിയ സമൂഹത്തില്‍ നിര്‍വ്വഹിച്ചത്. അതുകൊണ്ട് ഇടതു/വലതു പക്ഷങ്ങളെ നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടി എന്ന സംഘടനാ സംവിധാനത്തിനുള്ളിലെ ജീര്‍ണ്ണതകളേയും യാഥാസ്ഥിതികത്വത്തേയും ഭാവനാശൂന്യതയേയും നിരന്തരം വിമര്‍ശിച്ചു. പാര്‍ട്ടികള്‍ ജനവിരുദ്ധമായി മാറുന്ന സന്ദര്‍ഭങ്ങളെ തുറന്നുകാട്ടി. ജനങ്ങളും പാര്‍ട്ടികളും തമ്മിലുണ്ടാവേണ്ട പാരസ്പര്യത്തിലെ വിള്ളലുകള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സാധ്യതകളേയും സാന്നിദ്ധ്യത്തേയും പരിഗണിച്ചുകൊണ്ടുതന്നെയാണ് സക്കറിയ വിമര്‍ശനങ്ങള്‍ നടത്തിയത്.

നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ചകളിലൂടെയാണ് സക്കറിയ എപ്പോഴും ലക്ഷ്യം വെച്ചിരുന്നത്. ശ്രീനാരായണഗുരു തുടങ്ങിവെച്ച മതാതീത ആത്മീയതയും മതേതര ജീവിതമൂല്യങ്ങളുമാണ് എപ്പോഴും ചിന്തകളുടെ അടിസ്ഥാനമായി മാറിയിരുന്നത്. ആ ആശയങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും വിവിധ സാമൂഹിക സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. സാമൂഹിക ജീര്‍ണ്ണതകളുടെ വിമോചകനായ ഗുരു, ആധുനിക സാമൂഹ്യജീവിതത്തിലും എങ്ങനെ പ്രസക്തനാവുന്നു എന്ന് വിശദമായി എഴുതിയിട്ടുണ്ട്. മാത്രമല്ല, ശ്രീനാരായണനെ ഹിന്ദുവര്‍ഗ്ഗീയതയുടെ ഇരയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. സംഘപരിവാരത്തിന്റെ ഗുരുസ്‌നേഹത്തിന്റെ കാപട്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരന്‍ എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലുമുള്ള കൃത്യമായ സമീപനമാണ് ഈ കാര്യത്തില്‍ നിര്‍വ്വഹിച്ചത്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യവിമര്‍ശകന്റെ ആശയ പരിപ്രേക്ഷ്യങ്ങളാണ് സക്കറിയ എന്നും അവതരിപ്പിച്ചത്.

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന വിമര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ സക്കറിയയും ശ്രമിച്ചിരുന്നു എന്നത് തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴിതുറക്കുന്ന ധാരാളം അവസരങ്ങള്‍ ഉണ്ടായി. അതൊന്നും അധികാരത്തിനോ അംഗീകാരത്തിനോ വേണ്ടിയുള്ള സമരങ്ങളായിരുന്നുവെന്ന് കരുതാനാവില്ല. കാലത്തെ ഉള്‍ക്കൊള്ളുന്ന ഒരു മലയാളിയുടെ പ്രതികരണങ്ങളായി മാത്രം പരിഗണിച്ചാല്‍ മതിയാവും. എഴുത്തച്ഛന്‍ പുരസ്‌കാരം ആദരവിന്റെ അടയാളമാവുമ്പോഴും പുതിയ അന്വേഷണത്തിനും വിമര്‍ശനത്തിനും വേണ്ടിയുള്ള ക്ഷണം കൂടിയാണിതെന്ന് കരുതാം. നിരവധി കാരണങ്ങള്‍കൊണ്ട് കലുഷിതമാകുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും കഴിയാത്ത മലയാളി ബുദ്ധിജീവികള്‍ ഇവിടെയുണ്ടെന്ന തിരിച്ചറിവിലേക്കെത്താന്‍ നാം വൈകുന്നുണ്ടോയെന്നും ആലോചിക്കേണ്ടിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com