'സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് പുരുഷ കേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടും'

തനിക്കും കുടുംബത്തിനും വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്യുന്ന ഭാര്യയെ ഭർത്താവ് കൊറോണ വൈറസിനും അപ്പുറത്തുള്ള വിപത്തായാണ് കണക്കാക്കുന്നത്
'സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് പുരുഷ കേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടും'

നുഷ്യവര്‍ഗ്ഗം  കൊവിഡ്-19 മഹാമാരിയുടെ മുന്‍പില്‍ പകച്ചുനില്‍ക്കുന്ന ഒരു സമയത്താണ്  ഈ ലേഖനം എഴുതപ്പെടുന്നത്. സ്ഥലഭേദമില്ലാതെ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ഈ ഭൂമിയില്‍ ആളുകള്‍ തീരെ ചെറിയ ഒരു സൂക്ഷ്മാണുവിനു മുന്‍പില്‍ പേടിച്ച്, ഇനിയെന്ത് ചെയ്യണമെന്നറിയാതെ അമ്പരക്കുന്നു. മരണത്തിന്റെ നിഴലില്‍നിന്നുകൊണ്ട് മുഖം മറച്ചും അകന്നും വീട്ടകങ്ങളിലേക്ക് ഒതുങ്ങിയും  ഇതുവരെ ജീവിക്കാത്ത ജീവിതങ്ങള്‍ ജീവിക്കുന്നു.

മാധ്യമപ്രവര്‍ത്തകയായിരുന്ന കാലത്ത് ഒരിക്കല്‍ തടവുപുള്ളികളായ ചില സ്ത്രീകളോട് സംസാരിക്കാന്‍ ഇടയായി. അന്ന് അവര്‍ പറഞ്ഞത് പുറംജീവിതവും ജയില്‍ജീവിതവും തമ്മില്‍ വലിയ വ്യത്യാസം ഇല്ല എന്നും ഇവിടെ ഭര്‍ത്താവിന്റെ തല്ല് കൊള്ളേണ്ട എന്ന മെച്ചം ഉണ്ട് എന്നുമാണ്. ചില വശങ്ങള്‍ നോക്കുമ്പോള്‍ ഇത് ഭേദം കൂടിയാണ്, വിശ്രമം കൂടുതല്‍ ലഭിക്കും.

ഇതാണ് നമ്മുടെ സാക്ഷരസുന്ദര കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ (അപവാദങ്ങള്‍ ധാരാളമുണ്ട് എന്നാലും) ജെ. ദേവിക നിരീക്ഷിച്ചതുപോലെ അര്‍ദ്ധപൗരത്വമുള്ള ഒരു വിഭാഗമാണ് കേരളീയ സ്ത്രീകള്‍ (2016). ദിവസത്തിന്റെ പകുതി ഭാഗവും മനുഷ്യാവകാശങ്ങളുടെ പകുതിയും അലിഖിതമായ നിയമസംഹിതയാല്‍  കവര്‍ന്നെടുക്കപ്പെട്ടവരാണ്  ഇവര്‍.

വീട് സ്ത്രീയുടെ  തൊഴിലിടമാണ്, ആണിന്റെ വിശ്രമസ്ഥലവും. പുറത്തുപോയി തൊഴില്‍ ചെയ്യുന്ന സ്ത്രീ ഒരു തൊഴില്‍സ്ഥലത്തുനിന്ന് മറ്റൊരു തൊഴില്‍സ്ഥലത്തേക്ക് വരികയാണ് വീട്ടിലേക്ക് വരുമ്പോള്‍ ചെയ്യുന്നത്. എവിടെയാണ് അവളുടെ വിശ്രമസ്ഥലം? തീരാത്ത വീട്ടുപണിയുടെ നേരങ്ങള്‍ വിരസതയുടെ പെരുംകടലുകളാണ്. ആവര്‍ത്തനസ്വഭാവമുള്ള ഒരേതരം മടുപ്പിക്കുന്ന പണികള്‍ മരണം വരെ ഒരു ബാധ്യതയായി സ്ത്രീയെ പിന്തുടരുന്നു.

പുറംലോകം ആണിനും അകം ലോകം പെണ്ണിനുമാണ് എന്നതാണ് പുരുഷാധിപത്യത്തിന്റെ വിധി. പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ പോലും എത്രയും വേഗം അകത്തെത്തുന്നു. വീട്ടമ്മമാര്‍ ഏതാണ്ട് സദാസമയവും അകത്തമ്മമാര്‍ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ ജീവിതം മുഴുവനും, പുറത്തുപോയി ജോലി ചെയ്യുന്നവര്‍ അത് കഴിഞ്ഞ് തിരിച്ചെത്തിയാലും സാമാന്യമായി അകജീവിതങ്ങളാണ് ജീവിക്കുന്നത്; ഒരു തരത്തിലുള്ള ലോക്ക്ഡൗണ്‍ ജീവിതംതന്നെയാണിത്.

ആണ്‍കോയ്മ പൂട്ടിട്ട ഈ ലോക്ക്ഡൗണ്‍ അകജീവിതങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ ചില സ്വകാര്യമായ സ്വാതന്ത്ര്യങ്ങളും ആഹ്ലാദങ്ങളും അനുഭവിക്കുന്നുണ്ട്. തന്റേതായ ചില സ്വകാര്യതകള്‍, സര്‍ഗ്ഗാത്മകതകള്‍, ആനന്ദങ്ങള്‍, വിശ്രമനേരങ്ങള്‍ ഒക്കെ... ഇതിലേക്ക് കൂടിയാണ് പുറംലോകത്ത് വിരാജിക്കുന്ന ആണുങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത്  കടന്നുകയറി നിറഞ്ഞത്.

''ഇങ്ങനെ ഒരു സുഖം പരിപാടി ആണുങ്ങള്‍ക്ക് വേറില്ലാട്ടാ...''

''എന്തോ    റിസോര്‍ട്ടിലേക്ക് ടൂര്‍ പോയ പോലത്തെ അവസ്ഥയാണ് അവര്‍ക്ക്, അതായത് ഹസ്ബന്‍ഡ്സിന്. 24 മണിക്കൂറില്‍ 15 മണിക്കൂര്‍ പണിയുണ്ടായിരുന്നത്  ഇപ്പോ 24 മണിക്കൂറിലേക്ക് ഷിഫ്റ്റ് ആയി മാറിയിരിക്കുന്നു. പിള്ളേരെക്കാളും കഷ്ടം. ഇടയ്ക്കിടക്ക്  തിന്നണം... അത് അവിടേം ഇവിടേം ണ്ടാക്കണം. നാല് പ്രാവശ്യം അടിച്ചുവാരണം, രണ്ടുപ്രാവശ്യം തുടയ്ക്കണം. എന്റെ മോനേ... ഒന്ന് ബെഡ് വിരിക്കുമ്പോ അവിടെ വന്നിട്ട് ഒറങ്ങും. ഇങ്ങനെ ഒരു സുഖം പരിപാടി ആണുങ്ങക്ക് വേറില്ലാട്ടാ... രാവിലെ എണീക്കാ... ടിവി നോക്കാ... പിന്നെ വീണ്ടും തിന്നാ... ടിവി നോക്കാ... ഉച്ചയ്ക്ക് ഉറങ്ങ്വ.... വൈന്നേരം ചായ... ടിവി... ചായ... എന്ത്ന്നിത്...''

ഇത് ലോക്ക്ഡൗണ്‍ കാലത്ത് അയച്ചുകിട്ടിയ ഒരു ഓഡിയോ ക്ലിപ്പ് ആണ്. വീട്ടകത്തിന്റെ അവസ്ഥ സ്വാഭാവികമായ രീതിയില്‍ വീട്ടമ്മ അവതരിപ്പിക്കുകയാണ് ഇവിടെ. ആണുങ്ങള്‍ ഹോട്ടലില്‍ എന്നപോലെ ഭക്ഷണസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയും ടിവിയും മൊബൈലും ഉപയോഗിച്ചും സമയം കഴിക്കുമ്പോള്‍ അവിടുത്തെ സ്ത്രീകള്‍ പണിയെടുത്ത് മരിക്കുകയാണ്. അല്ലെങ്കിലും നമ്മുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ കുടുംബചിത്രം എന്താണ്? നിര്‍ത്താതെ പണിയെടുക്കുന്ന സ്ത്രീ. ചാരുകസേരയില്‍ ഇരുന്നു പത്രം വായിക്കുന്ന പുരുഷന്‍. കുറച്ചുകാലം മുന്‍പുവരെ നാം പാഠപുസ്തകങ്ങളില്‍ പഠിച്ച, നമ്മള്‍ എല്ലാവരും ഇപ്പോഴും സിനിമയിലും സീരിയലിലും കാണുന്ന, നമ്മുടെ വീടുകളില്‍ ആവര്‍ത്തിക്കുന്ന അതേ ചിത്രം! ആ ചിത്രത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആ ഇടത്തില്‍ ഇരുന്നാണ് ലോക്ഡൗണ്‍ കാലത്ത് പുരുഷന്‍ സദാസമയവും ആജ്ഞകള്‍ പുറപ്പെടുവിക്കുന്നത്. അവന് ഇത് വിശ്രമകാലം. അവള്‍ക്കോ... തീരാത്ത ജോലികളുടെ കാലം. ഈ കാലത്ത് അവള്‍ വിയര്‍ത്ത് അടുക്കളയില്‍ പണിയെടുത്തുകൊണ്ടിരുന്നപ്പോള്‍ ആണുങ്ങള്‍ എന്ത് ചെയ്തു? ടിവി കണ്ടു. സ്മാര്‍ട്ട്ഫോണില്‍ സമയം കൊന്നു. ഇതൊന്നും പോരാഞ്ഞ് അവളെ പരിഹസിക്കുന്ന, പലപ്പോഴും അപമാനിക്കുന്ന മീമുകള്‍ (പോപ്പുലര്‍ ഭാഷയില്‍ ട്രോളുകള്‍) ഉണ്ടാക്കി  പങ്കിട്ട് രസിച്ചു. പുരുഷാധിപത്യബോധം ഉള്ളില്‍ പേറുന്ന സ്ത്രീകളും അവ പങ്കിട്ടു കൂടെ ചിരിച്ചു, കയ്യടിച്ചു.
 
കൊറോണയും ഭാര്യയും

ദാമ്പത്യ ജീവിതത്തിലെ വിരസതയെപ്പറ്റി ആണുങ്ങള്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്; പറയാറുണ്ട്. ഇതേ വിരസത സ്ത്രീകളും അനുഭവിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് അതിനൊപ്പം  ആണുങ്ങളുടെ അധികാര പ്രയോഗങ്ങളും സെന്‍സില്ലായ്മയും വീട്ടുജോലികളുടെ ആധിക്യവും അതുണ്ടാക്കുന്ന വിരസതയും മടുപ്പും ഭാരവും ഒക്കെ  അധികമായുണ്ട്. ഒരിക്കലും പെന്‍ഷന്‍ ആവാത്ത, റിട്ടയര്‍മെന്റ് ആസ്വദിക്കാന്‍ ആവാത്ത ഈ 'കാണാപ്പണിയുടെ തീക്കുണ്ഡ'ത്തിലും ഗാര്‍ഹികതയുടെ  അസഹ്യതയിലുമാണ് സ്ത്രീജീവിതങ്ങള്‍ പണിയെടുത്ത് തീരുന്നത്. എന്നാലും പല പല രൂപങ്ങളില്‍ പല ആഖ്യാനങ്ങളില്‍ പുരുഷന്റെ ദാമ്പത്യ വിരസത ആവിഷ്‌കരിക്കപ്പെടുന്നു. മറുവശം താരതമ്യേന  കേള്‍ക്കപ്പെടുകയോ പറയപ്പെടുകയോ ചെയ്യുന്നില്ല. 

ഈ അവസ്ഥയിലേക്കാണ് കൊറോണയുടെ വിശ്രമകാലത്ത് സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട്  പുരുഷകേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി  ജീവിതം ഇന്‍വെസ്റ്റ് ചെയ്യുന്ന ഭാര്യയെ അവര്‍ കൊറോണ വൈറസിനും അപ്പുറത്തുള്ള വിപത്തായാണ് കണക്കാക്കുന്നത്. അവളോടുള്ള പുച്ഛം, അനിഷ്ടം, മടുപ്പ് എന്നിവ മാത്രമല്ല ഇവിടെ പ്രകടമാകുന്നത്. അതും കടന്ന് ഒഴിവാക്കപ്പെടേണ്ട ഒരു മാരകരോഗത്തേക്കാള്‍ മോശമായാണ് അവന്‍ അവളെ കാണുന്നത്.

''24 മണിക്കൂറും ഭാര്യ തന്നെ മുന്നില്‍; ഇതിലും ഭേദം കൊറോണ വൈറസ് ആയിരുന്നു.''

സ്ത്രീ സൗന്ദര്യം ബ്യൂട്ടിപാര്‍ലറുകളുടെ ഔദാര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ് എന്ന ധാരണ പൊതുസമൂഹം പങ്കിടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ നിരവധി തമാശകള്‍ നിലനില്‍ക്കുന്നുണ്ട്. മേക്കപ്പ്  ഇട്ടും ഇടാതേയും ഉള്ള മുഖങ്ങളെ താരതമ്യം ചെയ്തുകൊണ്ട് വധു/ഭാര്യ, സിനിമാനടി വേദിയില്‍/ജീവിതത്തില്‍ എന്നിങ്ങനെ നിരവധി തമാശകളും ട്രോളുകളും ലഭ്യമാണ്. എന്നാല്‍ കൊറോണക്കാലത്ത് ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചതിനാല്‍ താടിയും മീശയും  വളര്‍ന്ന സ്ത്രീകളെപ്പറ്റിയും കണ്ടാല്‍ തിരിച്ചറിയാത്ത ഭാര്യമാരെപ്പറ്റിയും  ഇറങ്ങിയ ട്രോളുകള്‍ക്ക്  കയ്യും കണക്കുമില്ല. ഇതാ ഒരു മാതൃക:

''ഉറങ്ങാന്‍ കട്ടിലില്‍ കിടന്നപ്പോള്‍ ഏതോ ഒരുത്തി ഉണ്ട് അവിടെ കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഭാര്യയാണ്. ബ്യൂട്ടിപാര്‍ലര്‍ അടച്ചപ്പോള്‍ മേക്കപ്പ് കുറഞ്ഞതുകൊണ്ട് ആളെ മനസ്സിലായില്ല.''

കൊറോണ വൈറസിനേയും ഭാര്യയേയും താരതമ്യപ്പെടുത്തുകയാണ് മറ്റൊരു വിഭാഗം ട്രോളുകള്‍. ഭീകരജീവികളായ രണ്ടും  നിലയ്ക്കുനിര്‍ത്തപ്പെടേണ്ടവരോ അടിച്ചമര്‍ത്തപ്പെടേണ്ടവരോ ആണ്. അവരെ സ്വതന്ത്രരായി വിട്ടാല്‍ ജീവിതം അപകടത്തിലാകും. ഈ രണ്ടു വിപത്തുകളേയും നേരിടേണ്ട വിധമാണ് ചില ട്രോളുകള്‍ വിവരിക്കുന്നത്.

''പുറത്തിറങ്ങിയാല്‍ കൊറോണ അകത്തിരുന്നാല്‍  ഭാര്യ. പിന്നെ സമാധാനം എന്താണെന്നുവെച്ചാല്‍ സോപ്പിട്ടാല്‍ നിലയ്ക്കുനിര്‍ത്താവുന്നതാണ് രണ്ടിനേയും. നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും.''

''കൊറോണവൈറസ് ഭാര്യമാരെപ്പോലെയാണ് തല്ലിയും തെറിപറഞ്ഞും നിലയ്ക്കുനിര്‍ത്താനാവില്ല. സോപ്പിടണം.'' വല്ലഭന് ട്രോളും ആയുധം.

സ്ത്രീകളെ അടക്കിനിര്‍ത്താനും മെരുക്കാനും  സകല ആയുധങ്ങളും എടുത്തു പയറ്റുന്ന ആണ്‍കോയ്മയ്ക്ക് ട്രോളുകളും അങ്ങനെ ഒരു ആയുധമായി മാറി. അമിതമായ നിയന്ത്രണങ്ങള്‍, ഗാര്‍ഹികപീഡനം, പരിഹാസം, കമന്റടി, ലൈംഗികപീഡനം തുടങ്ങി നിരവധി രീതികളില്‍ പ്രത്യക്ഷമാകുന്ന ഈ മെരുക്കലിന്റെ   മറ്റൊരു  പ്രകടനസ്ഥലമാണ് സൈബര്‍ സ്പേസ്. അവിടെ  സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളേയും വ്യത്യസ്തരായ സ്ത്രീകളേയും ഒക്കെ തെറിവിളിച്ചും ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തിയും  അപമാനിച്ചും വിരാജിക്കുകയാണ് കേരളീയ പുരുഷന്മാര്‍. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടല്ല ലൈംഗികതകൊണ്ടാണ് അവര്‍ പൊതുവേ നേരിടാറ്. ആ ഇടത്തിലേക്കാണ് മീമുകള്‍ അഥവാ പോപ്പുലര്‍ ഭാഷയില്‍ ട്രോളുകള്‍ കടന്നുവന്നത്. ''ഒരു ജനതയുടെ ഉള്ളില്‍ ആവര്‍ത്തിച്ച് അനുകരിക്കപ്പെടുകയും പകര്‍ത്തപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന ആശയമോ സാംസ്‌കാരിക ഘടകമോ ആണ് മീം (Meme). ഓണ്‍ലൈനായി അതിദ്രുതം പ്രചരിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളെയാണ് ഇന്റര്‍നെറ്റ് മീം എന്നു വിശേഷിപ്പിക്കുന്നത്. അത് ഒരു ആശയമോ ചിത്രമോ വീഡിയോയോ ഹാഷ് ടാഗോ  ആവാം.(എന്‍.പി. സജീഷ് 2016:13). വാക്കുകള്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും ഒക്കെ ചേര്‍ത്ത് രൂക്ഷമായ ആക്ഷേപഹാസ്യമട്ടില്‍ ഇന്റര്‍നെറ്റില്‍ വിനിമയം ചെയ്യപ്പെടുന്ന മീമുകളെ നാം പൊതുവെ ട്രോളുകള്‍ എന്നാണ് വിളിക്കാറ്. ട്രോള്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഭീകരസത്വം എന്നോ വിരൂപനായ കുള്ളന്‍ എന്നോ അര്‍ത്ഥം പറയാം. 2011 ഓടെയാണ് മലയാളത്തില്‍ ട്രോളുകള്‍ കുറേശ്ശേ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 2012-ല്‍ ആരംഭിച്ച ട്രോള്‍ മലയാളം, തുടര്‍ന്ന് വന്ന ഐ.സി.യു (ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍), ആ.ഭാ.സം (ആര്‍ഷഭാരതസംസ്‌കാരം), ട്രോള്‍ റിപ്പബ്ലിക്, സൈബര്‍ ട്രോളേഴ്സ്, ട്രോള്‍ കേരള, മലയാളം ട്രോള്‍ എന്നിങ്ങനെ നിരവധി ട്രോള്‍ ഉല്പാദനനവിതരണ കേന്ദ്രങ്ങള്‍ മലയാളത്തിലുണ്ട്. ഈ കൂട്ടായ്മകളുടെ ഭാഗമായും അല്ലാതേയും നിര്‍മ്മിക്കപ്പെടുന്ന ട്രോളുകള്‍ സമകാലീന സംഭവങ്ങളെ രൂക്ഷപരിഹാസത്തിനു വിധേയമാക്കുന്നു. ഇവയില്‍ പലപ്പോഴും കടന്നുവരുന്ന ഇഷ്ട കഥാപാത്രങ്ങള്‍ സ്ത്രീകളാണ്. സ്ത്രീവിരുദ്ധത ഇവയുടെ ഒരു മുഖ്യസ്വഭാവവുമാണ്. പുരുഷന്‍മാര്‍ ധാരാളമായി നടത്തുന്ന മോശം പ്രവൃത്തികള്‍ ട്രോളിനു വിഷയമാവുന്നതിനേക്കാള്‍ എത്രയോ അധികമായി വല്ലപ്പോഴും വരുന്ന സ്ത്രീകളുടെ കേസുകള്‍ ട്രോള്‍ വിഷയമാകുന്നു. ജോളിയും സ്വപ്ന സുരേഷും വരുമ്പോഴേക്കും ട്രോള്‍ മഴയാണ്. ഇതുപോലെ ട്രോള്‍ മഴയില്‍ നനഞ്ഞുകുതിര്‍ന്ന പല സ്ത്രീകളും ഉണ്ട്. രഹ്ന ഫാത്തിമ, രശ്മി ആര്‍. നായര്‍, കനകദുര്‍ഗ, ബിന്ദു അമ്മിണി തുടങ്ങിയവരെല്ലാം കൂടി നില്‍ക്കുന്ന ഒരു ചിത്രത്തിനു താഴെ  ഒരു കുറിപ്പ്: ''സ്വര്‍ണ്ണം കിട്ടിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട മുക്കുപണ്ടങ്ങള്‍!'' സ്വപ്ന വന്നതോടെ ട്രോളന്‍മാരുടെ ഇവരുടെ മേലുള്ള ശ്രദ്ധ കുറഞ്ഞുപോയതിനെക്കുറിച്ചാണ് ഈ ട്രോള്‍.

ട്രോളുലകത്തിലെ ചില കാഴ്ചകള്‍ ശ്രദ്ധിക്കുക:
''സരിത എന്ന വന്‍മരം വീണു.
ഇനി ആര്?
സ്വപ്ന സുരേഷ്'' 

''സ്വപ്നയും സരിതയും തമ്മിലുള്ള സംഭാഷണം:
സരിത സ്വപ്നയോട്
നീ അങ്ങനെ ചെയ്തത് ഏതായാലും നന്നായി ഇല്ലേല്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ...''

''ജോളി  ഇത്തിരി സയനൈഡ് സൂപ്പ് എടുക്കട്ടെ എന്ന് ചോദിച്ചു പേടിപ്പെടുത്തുന്ന മട്ടില്‍ ചിരിക്കുന്നു.''

''ജോളിയുടെ കേസ് വന്നതോടെ പാചകം അറിയാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കൂടി.''

''അതോടെ ഭര്‍ത്താക്കന്മാര്‍ പാചകം ചെയ്യാന്‍ തയ്യാറായി.''

''ഭാര്യാഭര്‍ത്താക്കന്മാര്‍ ഭക്ഷണം കഴിക്കുന്നത് ഒരു പ്ലേറ്റില്‍ ആക്കി.'' 

''ജയിലിലെ ചപ്പാത്തി കഴിക്കാന്‍ വാങ്ങിയവര്‍ ജോളി ഉണ്ടാക്കിയതാണെന്ന് അറിഞ്ഞു പ്രാണഭയത്താല്‍ വിറച്ചു...'' ഇങ്ങനെ എത്രയെത്ര ട്രോളുകള്‍...

അജ്ഞാത കര്‍ത്തൃകത്വത്തിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് അവര്‍ അക്രമോത്സുകമായ ആണത്തത്തിന്റെ ആഘോഷം നടത്തി. മേല്‍പ്പറഞ്ഞതും ഇവിടെ പറയാന്‍ കൊള്ളാത്തതുമായ നിരവധി നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും വാക്കുകളുംകൊണ്ട് സ്ത്രീയെ ശരീരം ആക്കി, അതും ലൈംഗികശരീരം ആക്കി ചുരുക്കി അശ്ലീല തമാശകള്‍ക്കു വിരാജിക്കാനുള്ള ഇടം ആക്കി അര്‍മാദിച്ചു.
സ്വപ്നയുടെ മേക്കപ്പിട്ട ചിത്രത്തിനൊപ്പം 'ഫ്‌ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത്' എന്നും മേക്കപ്പില്ലാത്ത ചിത്രത്തിനൊപ്പം 'കയ്യില്‍ കിട്ടിയപ്പോള്‍' എന്നും  കമന്റ് ഇട്ട് രസിച്ചു. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്ത് മേക്കപ്പിട്ട് ആളെ വഞ്ചിച്ചതിന് വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണമെന്ന് മറ്റൊരു ട്രോള്‍. സര്‍ക്കാരിന്റെ സ്വപ്ന കേരളം പദ്ധതി സ്വപ്നയുടെ കേരളം ആക്കി മാറ്റി. ഇങ്ങനെ ഏകപക്ഷീയമായി സ്ത്രീ ശരീരത്തേയും സ്ത്രീയുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളേയും ലൈംഗികതയും  കടുത്ത പരിഹാസവുംകൊണ്ട് ആഘോഷിച്ചു.
 
സ്ത്രീവിരുദ്ധതയുടെ കേരള മോഡല്‍

വ്യത്യസ്തമായ ഒരു വികസനാനുഭവത്തിലൂടെ കടന്നുപോയ സംസ്ഥാനമാണ് കേരളം. താരതമ്യേന കുറഞ്ഞ ആളോഹരി വരുമാനവും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാര സൂചികയും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് കേരളത്തെ വികസന പഠിതാക്കളുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍കൊണ്ട് നാം പ്രശംസിക്കപ്പെടുമ്പോള്‍ മറുവശത്തുള്ള അമിതമായ ഉപഭോഗ പ്രവണത, തൊഴിലില്ലായ്മ, സ്ത്രീപീഡനം തുടങ്ങിയവയെല്ലാം ചേര്‍ന്നാണ് വൈരുദ്ധ്യങ്ങളുടെ കേരള വികസന മാതൃക രൂപപ്പെട്ടത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവും ഉയര്‍ന്നതും സ്ത്രീ അനുകൂലവുമായ സ്ത്രീ പുരുഷ അനുപാതം, ഏറ്റവും ഉയര്‍ന്ന സ്ത്രീ വിദ്യാഭ്യാസ നിരക്ക്, അതേസമയംതന്നെ ഇവയോട് ഒട്ടും ഒത്തുപോകാത്ത വളരെ കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്ക് എന്നിവ നാം സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. അതിനര്‍ത്ഥം അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ സ്ത്രീകളുടെ ആധിക്യമാണ് നമ്മുടെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഞെട്ടിപ്പിക്കുന്ന വശം എന്നതാണ്. പഠിച്ച് തൊഴില്‍ ചെയ്യാനുള്ള ശേഷി നേടിയിട്ടും ചെയ്യാതെ വരുമാനമില്ലാത്ത വീട്ടു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സ്ത്രീകളുടെ അവസ്ഥയും ഒപ്പം 'വിഷലിപ്തമായ പുരുഷാധിപത്യം' എന്ന് വിളിക്കാവുന്ന തരത്തിലുള്ള സൂക്ഷ്മ സ്ഥൂല തലങ്ങളിലെ ശക്തമായ ആണ്‍കോയ്മയും ചേര്‍ന്ന് സൃഷ്ടിച്ച സങ്കീര്‍ണ്ണതകള്‍ ഇവിടെ നിലനില്‍ക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്ത്യത്തില്‍ ആരംഭിച്ച നിരവധിയായ മുന്നേറ്റങ്ങളുടേയും സമരങ്ങളുടേയും ആത്മസമര്‍പ്പണങ്ങളുടേയും ഒക്കെ ഫലമായാണ് 'വീടാം കൂട്ടില്‍ കുരുങ്ങിയ' കേരളീയ സ്ത്രീകള്‍ കുറേശ്ശെയായി അരങ്ങത്തെത്തിയത്. നവോത്ഥാനത്തിന്റെ ഇനിയും  എഴുതാന്‍ ബാക്കിയുള്ള സ്ത്രീചരിത്രങ്ങള്‍ എത്രയെത്ര! പലതരത്തിലുള്ള സ്ത്രീ മുന്നേറ്റങ്ങളുടേയും 70-കളോടെ രൂപപ്പെട്ട സ്വതന്ത്ര സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടേയും അവകാശങ്ങള്‍ നേടിയെടുക്കാനായി   ജീവിതം  സമര്‍പ്പിച്ച നിരവധി ആളുകളുടേയും പരിശ്രമങ്ങളുടെ ഫലമാണ് കേരളീയ സ്ത്രീ നേടിയെടുത്ത സാമൂഹിക ഇടം. അത് ഉദ്ദേശിച്ച വേഗതയില്‍ അല്ലെങ്കിലും പതുക്കെ കൂടി വരിക തന്നെയാണ്. അരങ്ങില്‍ എത്തുന്ന സ്ത്രീയോട് പെട്ടെന്ന് തിരികെ വീട്ടിലെത്തി വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ കൂടി ഒറ്റയ്ക്ക് പേറണമെന്ന  പുരുഷാധിപത്യ നിലപാടിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

മാത്രവുമല്ല, സ്ത്രീകള്‍ പരിമിതമായ തോതിലെങ്കിലും നേടിയ സാംസ്‌കാരിക മൂലധനവും സാമ്പത്തികനേട്ടവും പദവിയും  അതുവഴി ഉണ്ടായ താന്‍പോരിമയും പുരുഷാധിപത്യത്തെ തെല്ലൊന്നുമല്ല വിറളിപിടിപ്പിക്കുന്നത്. സ്ത്രീകള്‍ മാറുന്നുണ്ട്. മാറാന്‍  മടിക്കുന്നത്  തന്റെ സവിശേഷാധികാരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ആണധികാരികളാണ്. ചോര്‍ന്നുപോകും എന്ന് ഭയക്കുന്ന തന്റെ അധികാരാവകാശങ്ങളെ  ആണ്‍കോയ്മ കൂടുതല്‍ ശക്തമായി സ്ഥാപിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും  സ്വത്വാവിഷ്‌കാരത്തിനും  പരിധി കല്പിക്കുകയും ചെയ്യുന്നു. ഇത് ആണ്‍പെണ്‍ ബന്ധങ്ങളേയും വീട്ടകങ്ങളേയും സംഘര്‍ഷഭരിതമാക്കുന്നു. ഇത് കൂടുതല്‍ നിയന്ത്രണങ്ങളായും മതശാസനകളായും സദാചാര പൊലീസിങ്ങായും         ദുരഭിമാനക്കൊലകളായും ശാരീരിക ലൈംഗിക പീഡനങ്ങളായും  അതോടൊപ്പം യഥാര്‍ത്ഥ ലോകത്തിന്റെ പതിപ്പായ സൈബര്‍ സ്പേസില്‍ നടക്കുന്ന തെറിവിളികളായും ഭീഷണികളായും  അപമാന ശ്രമങ്ങളായും ട്രോളുകളായും തമാശകളായും  കൂടി പ്രത്യക്ഷപ്പെടുന്നു. അങ്ങനെ കേരളം എന്നപോലെ മലയാളം സൈബര്‍ സ്പേസും സ്ത്രീവിരുദ്ധതയുടെ ഭൂമികയായി മാറി.

സ്വതേ തന്നെ ഇങ്ങനെ സ്ത്രീവിരുദ്ധമായ ആണ്‍കേരളത്തിലാണ് കെ.പി. റഷീദ് സൂചിപ്പിച്ചപോലെ ആണിനേയും പെണ്ണിനേയും നിര്‍ബന്ധിച്ച് അടച്ചിട്ട ബിഗ് ബോസ് വീടുകള്‍  കൊറോണക്കാലത്ത് ഉണ്ടായത്(2020). ഈ ബിഗ് ബോസ് വീടുകളില്‍ ഇരുന്ന് ആണുങ്ങള്‍ നടത്തുന്ന ഒഴിവുദിവസത്തെ കളികളാണ് മുകളില്‍ വിവരിച്ച ട്രോളുകള്‍. അപ്പോഴൊക്കെ  അവള്‍ക്ക് ഒഴിവുദിവസം അല്ലായിരുന്നു; ഒഴിവുസമയം പതിവിലും കുറഞ്ഞുപോയതിനാല്‍ വല്ലാതെ വിയര്‍ത്തു തളര്‍ന്നു അവള്‍ പണിയെടുക്കുകയായിരുന്നു. അടച്ചിടപ്പെട്ട വീടുകള്‍ക്കകത്ത് നിശ്ശബ്ദമായി കുടിയിരിക്കുന്ന ഹിംസയെക്കുറിച്ച് ആദ്യ സൂചന തന്നത് ഈ ട്രോളുകളായിരുന്നു. 2020 മാര്‍ച്ച് അവസാനത്തോടെ അവ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആ അപായസൂചനകള്‍ക്ക് പിന്നാലെയാണ് വീടുകളില്‍ നടക്കുന്ന യഥാര്‍ത്ഥ ഹിംസകളും ഗാര്‍ഹിക പീഡനങ്ങളും  വെളിയില്‍ വരാന്‍ തുടങ്ങിയത്. നിരവധി രാജ്യങ്ങളില്‍നിന്ന് ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കേരളത്തിലെ കഥയും വ്യത്യസ്തമല്ല. 2020 ഓഗസ്റ്റ് മാസം ആയപ്പോഴേക്കും  കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള  പീഡനങ്ങളും അക്രമങ്ങളും കടന്ന് അത് കുട്ടികളിലേക്കു വ്യാപിച്ചതിന്റേയും തല്‍ഫലമായി അറുപതോളം കുട്ടികള്‍ സ്വയം ജീവനൊടുക്കിയതിന്റേയും കഥകള്‍ കൂടി നാം ഇതിന്റെ തുടര്‍ച്ചയായി വായിക്കേണ്ടതാണ്. തനിക്കു നേരെ വരുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ക്കു നേരെ വരുന്ന ഹിംസകള്‍ക്കും തടയിടാന്‍ ആവാതെ നിസ്സഹായരായി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ  ഭീകരമായ  ജീവിതാവസ്ഥകളിലേക്ക് ഫലപ്രദമായി ഇടപെടാന്‍ നമ്മുടെ ഒരു സംവിധാനങ്ങള്‍ക്കും ആയിട്ടില്ല എന്നും അറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് കൂടി ലോക്ക്ഡൗണ്‍ കാലം നമുക്ക് തന്നു, ആ അവസ്ഥ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവും.

ആണ്‍കേരളത്തിലെ ഹാസ്യം

കേരളം ശക്തമായ, കൃത്യമായി പറഞ്ഞാല്‍ വിഷലിപ്തമായ പുരുഷാധിപത്യം പുലരുന്ന ഒരു  നാടാണ്. ഇവിടുത്തെ ഹാസ്യ പാരമ്പര്യം പരിശോധിച്ചാല്‍ അതില്‍ സ്ത്രീവിരുദ്ധതയുടെ ശക്തമായ ഒരു അന്തര്‍ധാര ഉണ്ടെന്നു കണ്ടെത്താനാവും. എത്രയെങ്കിലും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്ന് എടുത്തുകാണിക്കാന്‍ ഉണ്ട്. 'കവന മണി കവയ്ക്ക, കാണട്ടെ വൃത്തം' എന്ന് കവയിത്രിയെ പരിഹസിച്ചതൊക്കെ ഇതിലെ ചില ചെറിയ ഏടുകള്‍ മാത്രം. പാരഡി ഗാനങ്ങളും ജനപ്രിയമായ പല പ്രസംഗങ്ങളും സ്റ്റേജ് കോമഡി ഷോകളും സിനിമയിലെ ഹാസ്യരംഗങ്ങളും ടെലിവിഷനിലെ കോമഡി പരിപാടികളും സാമൂഹ്യമാധ്യമങ്ങളിലെ തമാശകളും ഒക്കെ കേരളീയ ഹാസ്യത്തിന്റെ സ്ത്രീവിരുദ്ധ മുഖം പ്രകടമാക്കുന്നു. പീഡന കഥകള്‍ പറയുന്ന സ്ത്രീയോട് ''ഇത്രയും പീഡിപ്പിച്ചിട്ടും നീ നന്നായില്ലേ?'' എന്നു ചോദിച്ചും 75 കാരിയായ മുത്തശ്ശിയെ ക്രൂരമായി പീഡിപ്പിച്ചത്  വായിച്ച്  അതിനു താഴെ ''അവര്‍ ചരക്കായിരിക്കും''  എന്ന് അതിലും ക്രൂരമായി കമന്റടിച്ചും ആ പാരമ്പര്യം അഭംഗുരം തുടരുന്നു. സ്ത്രീയെ അല്ലാതെ  പരിഹസിക്കാന്‍  ഇത്രയും  ഒരു ഭ്രമിപ്പിക്കുന്ന വിഷയം കേരളീയ പുരുഷന്മാര്‍ക്ക് വേറെ കിട്ടിയിട്ടില്ല. അവളുടെ ചെറുതും വലുതുമായ തെറ്റുകള്‍, വിഡ്ഢിത്തരങ്ങള്‍ ആഡംബര ഭ്രമങ്ങള്‍ തുടങ്ങി എല്ലാം അതിശക്തമായി  പലപ്പോഴും അപമാനിച്ചുകൊണ്ടുതന്നെ പരിഹസിക്കപ്പെടുന്നു. ഏറ്റവും വലിയ മറ്റൊരു തമാശ, സ്ത്രീവിരുദ്ധത പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആണുങ്ങളെ വീരനായകന്മാരായി വാഴ്ത്തുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ പറയുന്ന സ്ത്രീകളെ ട്രോളി കൊല്ലുകയാണ് എന്നത് വൈരുദ്ധ്യാത്മകമായ യാഥാര്‍ത്ഥ്യമാണ്. ബിഗ് ബോസില്‍ പങ്കെടുത്ത് ഇത്തരം കടുത്ത സ്ത്രീവിരുദ്ധത വിളമ്പിയ രജത്കുമാറിനെ ആരാധകസംഘങ്ങള്‍ ആര്‍പ്പുവിളിച്ചു കൊണ്ടാടിയപ്പോള്‍, ആനീസ് കിച്ചണില്‍ താരതമ്യേന ലഘുവായ സ്ത്രീവിരുദ്ധത പറഞ്ഞ ആനിയെ അതേ ആളുകള്‍ മത്സരിച്ചു പരിഹസിക്കുന്നു. അതിനര്‍ത്ഥം സ്ത്രീകളെ ഞങ്ങള്‍ കുറ്റംപറഞ്ഞോളാം, പരിഹസിച്ചോളാം, നിങ്ങള്‍ അതിനു തുനിഞ്ഞാല്‍ നിങ്ങളെ ഞങ്ങള്‍ കൈകാര്യം ചെയ്യും എന്നുള്ള ആണ്‍യുക്തിയാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നാണ്.  തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള പണി ആണുങ്ങള്‍ ഇങ്ങനെ പടച്ചുവിടുന്ന സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പങ്കിട്ടും കയ്യടിച്ചും രസിക്കുക, പ്രോത്സാഹിപ്പിക്കുക എന്നത്  മാത്രമാണ് എന്ന് ആണധികാരം വിധിക്കുന്നു. അങ്ങനെ ട്രോളുകള്‍  വിഷലിപ്തമായ ആണ്‍കോയ്മ ഉള്ളില്‍ പേറുന്ന സാമൂഹ്യവിരുദ്ധരുടേയും പെര്‍വെര്‍ട്ടുകളുടേയും സംഗമസ്ഥലം കൂടി ആകുന്നു. ഒരു പരിചയവുമില്ലാത്ത സ്ത്രീകളേയും പെണ്‍കുട്ടികളേയും അധിക്ഷേപിക്കുകയും തെറിവിളിക്കുകയും വേശ്യയാക്കി അപമാനിക്കുകയും അത്തരം കമന്റുകളെ പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കേരളം ആസ്വദിക്കുന്നു. മല്ലു അനലിസ്റ്റ് (വൃന്ദ & വിവേക്) ശരിയായി ചോദിക്കുന്നപോലെ ഇത്തരം ട്രോളുകളും അതിനു വിധേയരാവുന്ന ഇരകളും  എപ്പോഴും ഭൂരിപക്ഷ ചിന്തയ്ക്ക് അനുസൃതമാവുന്നത് എന്തുകൊണ്ടാണ്? (2020). ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ പൊതുബോധം അതിന്റെ  നിയമാവലികള്‍ അല്പമെങ്കിലും തെറ്റിച്ചു എന്ന് തോന്നുന്ന സ്ത്രീകളെ സാമൂഹ്യവിരുദ്ധര്‍ക്കു തെറിവിളിക്കാന്‍ വിട്ടുകൊടുക്കുന്ന കാഴ്ചകള്‍ സുലഭമാണ്. ഇതെല്ലാം കാണുമ്പോള്‍  മനസ്സില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്: കേരളം വിഷലിപ്തമായ ഈ പുരുഷാധിപത്യത്തില്‍നിന്ന് എന്തെങ്കിലും മോചനം നേടുമോ? സ്ത്രീകളെ പരിഹസിച്ചുകൊണ്ട് അല്ലാതെ ഹാസ്യം രചിക്കുവാന്‍ എന്നെങ്കിലും നാം പഠിക്കുമോ? കാലം ഉത്തരം തരട്ടെ.

ഒരു രാജാവ് എല്ലാ കാലത്തും എല്ലാ സന്ദര്‍ഭത്തിലും പ്രസക്തമായ ഒരു വാക്യം രചിക്കാന്‍ ആവശ്യപ്പെട്ടു 'ഇതും കടന്നുപോകും' (This too shall pass) എന്ന വാക്യം അങ്ങനെ എഴുതപ്പെട്ടതാണത്രെ. അതുപോലെ നാം ഇതും കടന്നു പോകും. ഇതുപോലെ എത്രയോ സന്ദര്‍ഭങ്ങള്‍ കടന്നുപോയ ചരിത്രം നമുക്കുണ്ടല്ലോ. ഈ കാലവും കടന്നുപോകും. എല്ലാം സാധാരണ നിലയിലെത്തും. പക്ഷേ, അങ്ങനെ നാം ചെന്നെത്തുന്ന കാലത്തിന് എന്തെല്ലാം വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും? ഉണ്ടാവണം?

ഓരോ പ്രതിസന്ധിയും നിരവധി തിരിച്ചറിവുകള്‍ കൂടി നമുക്ക് തരുന്നു. തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ നാം നമ്മെത്തന്നെ പുതുക്കിപ്പണിയുന്നു. അങ്ങനെ അതിജീവിച്ചു വരുന്ന പുതിയ ലോകവും അതിലെ പുതിയ മനുഷ്യരും എങ്ങനെ ഉള്ളവരായിരിക്കും? ആയിരിക്കണം? ആദ്യത്തെ തിരിച്ചറിവ് നാം ഉണ്ടെന്നു പറയുന്ന വലിയ സംഭവങ്ങള്‍ ഒന്നും അത്ര വലുതല്ല എന്നതാണ്. കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത അത്ര ചെറിയ ഒരു സൂക്ഷ്മാണുവിനു മുന്നില്‍ വിറക്കാന്‍ മാത്രം ഒക്കെയേ ഉള്ളൂ  നാം ഉണ്ടാക്കിയ വലിയ നേട്ടങ്ങള്‍. ജീവിതം ഇത്രയൊക്കെ ഉള്ളൂ. രണ്ടാമത്തെ തിരിച്ചറിവ് ഈ വലിയ പ്രകൃതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് നാം എന്ന ബോധത്തോടെ വിനയാന്വിതരായി ജീവിക്കണം എന്നതാണ്. മൂന്നാമത്തേത് ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണായി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇതുപോലെ ജീവിതം മുഴുവന്‍ കഴിയുന്ന ഒരു വലിയ വിഭാഗം മനുഷ്യര്‍ ഇവിടെയുണ്ട് എന്നതാണ്- സ്ത്രീകള്‍. അവരെ അടച്ചിടുന്നത് വൈറസ് അല്ല, അതിനേക്കാളും കുഴപ്പം പിടിച്ച ആണ്‍കോയ്മയാണ്. ഈ ആണ്‍കോയ്മയും കൊറോണ വൈറസും ഇവിടെനിന്ന് പോവാന്‍ വേണ്ടിയുള്ള കാരുണ്യപൂര്‍വ്വമായ ശ്രമങ്ങളില്‍ ലിംഗഭേദമെന്യേ എല്ലാ മനുഷ്യരും പങ്കാളികളാകണം. ആരും ആരെയും ഭരിക്കുകയും ഭയപ്പെടുത്തുകയും  ചെയ്യാതെ തീരെ ചെറിയ ഈ ജീവിതം ജീവിച്ചുകൂടേ നമുക്ക്? ''ചെറിയൊരീ പ്രാണനും  കയ്യില്‍വെച്ച് കനലില്‍ ചവിട്ടി'' (സച്ചിദാനന്ദന്റെ പ്രയോഗം) നാം മര്‍ത്ത്യര്‍ ഓടുന്ന ഈ ഓട്ടത്തില്‍ എല്ലാവരേയും കൈകോര്‍ത്തു പിടിച്ചുകൂടേ?

ഈയൊരു തിരിച്ചറിവ്, എല്ലാവരേയും ഉള്‍ക്കൊള്ളാനും ചേര്‍ത്തുനിര്‍ത്താനുമുള്ള തിരിച്ചറിവ് ചില ആണുങ്ങള്‍ക്കെങ്കിലും ഈ ലോക്ക്ഡൗണ്‍ ജീവിതം നല്‍കിയിരിക്കണം. അക ജീവിതങ്ങളുടെ ജോലിഭാരവും വിരസതയും അവര്‍ തിരിച്ചറിഞ്ഞിരിക്കണം. അത് അവരെ പങ്കിടലിന്റെ ആഹ്ലാദങ്ങളിലേക്ക്  നയിച്ചിരിക്കണം.

സ്ത്രീകള്‍ തന്നില്‍ത്തന്നെയും സ്വന്തം വര്‍ഗ്ഗത്തിലും സമൂഹത്തിലും കുടികൊള്ളുന്ന സ്ത്രീവിവേചനങ്ങളെ തിരിച്ചറിയുകയും സംഘടിതമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും വേണം. വിശ്രമ സമയങ്ങള്‍, സര്‍ഗാത്മകതയുടെ ഉന്മാദങ്ങള്‍, സ്വന്തമായ ആനന്ദങ്ങള്‍, ആത്മാഭിമാനം, സ്വകാര്യതകള്‍, തന്റെ ഇടം ഒക്കെ സ്ത്രീകള്‍ക്കും കൂടിയുള്ളതാണ്. ഇതുവരെ നേടിയ നേട്ടങ്ങള്‍ ഒക്കെ  കൂട്ടായി ശബ്ദമുയര്‍ത്തി  നേടിയവ തന്നെയാണ്. ഇനിയും കൂട്ടായി ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കുക... ഉറങ്ങുകയാണെന്നു വിചാരിക്കുന്നവര്‍ ഉണരും വരെ...
 
ആധാരസാമഗ്രികള്‍
1. സജീഷ് എന്‍.പി. 2016. മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍, ഡി.സി. ബുക്സ്, കോട്ടയം.
2. വാട്ട്‌സാപ്പ് ഓഡിയോ സന്ദേശം, 2020.
3. ദേവിക ജെ. 2016. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം.
4. റഷീദ് കെ.പി. 2020. 'വാതിലിനപ്പുറം: ലോക്ക്ഡൗണ്‍കാല കുറിപ്പുകള്‍,' ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം.
5. മല്ലു അനലിസ്റ്റ് ഫേസ്ബുക്ക് പേജ്.
6. സച്ചിദാനന്ദന്റെ  'എവിടേയ്ക്കു  നുര കുത്തിയൊഴുകുന്നു' എന്ന ഗസല്‍.
7. പ്രിയ ലത, അബ്ദുള്‍ സലിം ഇ.കെ, പ്രമോദ്, സുബ്രഹ്മണ്യന്‍, രേഖ എന്നിവര്‍  ശേഖരിച്ചു നല്‍കിയ  ട്രോളുകള്‍.
(കൊവിഡ് കാലത്തെ ലിംഗവിചാരങ്ങള്‍ എന്ന  ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിലെ ലേഖനം; Editor: Tissy mariam Thomas).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com