'നേഴ്സുമാരോട് എന്തു കരുതലാണ് സമൂഹത്തിനുള്ളത് എന്നു ചോദിക്കാന്‍ വൈകുന്നുവെങ്കില്‍ നാം പോവുന്നത് അപകടത്തിലേക്കാണ്'

ചൂഷണം ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോള്‍, മാറാത്തത് ജാതിയും ജെന്‍ഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രനൂറ്റാണ്ടു മുന്നേയുള്ള വ്യാവസായിക മുന്നേറ്റം പിടിച്ചുകുലുക്കിയ കൊല്‍ക്കത്തയുടെ നാഗരിക ജീവിതപശ്ചാത്തലത്തില്‍ മാറിമറിയുന്ന സ്ത്രീപുരുഷ ബന്ധങ്ങളേയും ആധുനികത അട്ടിമറിച്ച സദാചാര നിര്‍മ്മിതികളേയും അടയാളപ്പെടുത്തിയതായിരുന്നു സത്യജിത് റേയുടെ പ്രതിദ്വന്ദി. കാലം 1970. തൊഴിലില്ലായ്മയില്‍ വലയുന്ന സിദ്ധാര്‍ത്ഥനെ സുഹൃത്ത് ഒരു സാഹസിക കൃത്യത്തിനു മോഹിപ്പിച്ച് കൂടെ കൂട്ടുന്നു. അയാള്‍ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് സുഹൃത്തിനെ അനുഗമിക്കുന്നു. നേഴ്സായും പ്രോസ്റ്റിറ്റിയൂട്ടായും തൊഴിലെടുക്കുന്ന യുവതിയെ അവര്‍ നേരില്‍ കാണുന്നു. സുന്ദരിയായ ലോതിക, നേഴ്സ് കം പ്രോസ്റ്റിറ്റിയൂട്ട് അവരുടെ മുന്നില്‍ വസ്ത്രമുരിയുന്നു. വെറും ബ്രാസിയേഴ്സിലും പാവാടയിലുമായി തനിക്കു മുന്നില്‍ നില്‍ക്കുന്ന പെണ്‍മേനിയുടെ അഴകിന്റെ തീക്ഷ്ണതയില്‍ ആണ്‍മിഴികള്‍ ലജ്ജാവിവശമാവുന്നു. ആകെ പതറി നില്‍ക്കുന്ന സിദ്ധാര്‍ത്ഥനോട് പതര്‍ച്ചയില്ലാതെ ലോതിക പറയുന്നു തന്റെ സിഗരറ്റ് ഒന്ന് കൊളുത്താന്‍. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-ജെന്‍ഡര്‍ സമവാക്യങ്ങളാകെ മാറിമറിയുമ്പോള്‍ തന്റെ അതിരുകളിലേക്ക് ഞെരുങ്ങേണ്ടിവരുന്ന പുരുഷത്വത്തിലേക്കും അതിരുകള്‍ ഭേദിച്ചു വരുന്ന സ്ത്രീത്വത്തിലേക്കും അവ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളിലേക്കും കടന്നുചെന്ന റേയുടെ അന്വേഷണമായിരുന്നു അത്. കാലത്തിനു മുന്നേ നടന്ന റേയുടെ സൃഷ്ടി എന്നുവേണം പറയാന്‍, നേഴ്സിംഗ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്‌നങ്ങളുമായി ചേര്‍ത്തുനോക്കുമ്പോള്‍. 

അരനൂറ്റാണ്ടു മുന്‍പേയുള്ള പ്രതിദ്വന്ദിയില്‍നിന്നും അടുത്തകാലത്തെ നമ്മുടെ 22 ഫീമെയില്‍ കോട്ടയം വരെ എത്തിനില്‍ക്കുമ്പോഴും ചൂഷണം ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോള്‍, മാറാത്തത് ജാതിയും ജെന്‍ഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്. സിറിലിന്റെ ലൈംഗിക ചൂഷണത്തിന്റെ, ആണധികാരങ്ങളുടെയത്രയും സ്ത്രീ വിരുദ്ധതയുടേയും ഇരയായിപ്പോവുകയാണ് ടെസ്സ. കാനഡയില്‍ പ്രഫഷണല്‍ ഭാവി ജീവിതം സ്വപ്നം കാണുന്ന, അതിനു സഹായകമാവുമെന്നു കരുതിപ്പോയ പ്രണയത്തിലേക്കു വളര്‍ന്ന സൗഹൃദം സമ്മാനിച്ച ദുരന്തസ്മരണകളുടെ മണ്ണില്‍നിന്നും ഗതകാലബന്ധങ്ങളുടെ പ്രതീകമായ സെല്‍ഫോണ്‍ അഴിച്ചെറിഞ്ഞ് കാനഡയിലേക്ക് പറക്കുന്ന ടെസ്സയിലാണ് പടം അവസാനിക്കുന്നത്. ധീരയായ പെണ്‍കുട്ടി ആണധികാരത്തിന്റെ സര്‍വ്വ പ്രയോഗങ്ങളേയും അതിജീവിച്ച് പറന്നുയരുന്നുണ്ടെങ്കിലും അതു കാനഡയിലേക്കാണ്, ഇന്ത്യയില്‍ നേഴ്സിന് ഭാവിയില്ലെന്ന് ഉറപ്പായതുകൊണ്ടുമാവണം. 

പ്രതിദ്വന്ദിയില്‍ പ്രോസ്റ്റിറ്റിയൂട്ടായി നേഴ്സിനെ അവതരിപ്പിക്കുന്നതിനെതിരെ നേഴ്സുമാരുടെ പ്രതിനിധിസംഘം റേയെ കണ്ടു, പ്രതിഷേധം അറിയിച്ചു. അദ്ദേഹം എഡിറ്റു ചെയ്യാന്‍ നിര്‍ബ്ബന്ധിതനായി; മാറ്റിയത് ആകെ നേഴ്സിനുള്ള ബാഡ്ജും ലാപല്‍പിന്നും. അതായത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയിന്‍ഡ് നേഴ്സാണ് അവള്‍ എന്നതു മാറി. നേഴ്സുമാരുടെ ഡെലിഗേഷനും അത്രയേ ആവശ്യപ്പെട്ടുള്ളൂ; അവള്‍ ഞങ്ങളുടെ കൂട്ടത്തിലാണെന്ന മുദ്രകള്‍ ഒഴിവാക്കണം. ജാതിബോധം ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രിയെ ഗ്രസിച്ചതിന്റെ തെളിവാണത്, ഒപ്പം സ്ത്രീ വിരുദ്ധതയും. അതുതന്നെയാണ് നേഴ്സിംഗ് പ്രഫഷന്റെ ശാപവും. പ്രഫഷന്റെ മാന്യതയെ കാക്കണമെന്നില്ല, മറിച്ച് ഞാന്‍ ആ താണ ഗ്രൂപ്പില്‍ വരരുത് എന്ന ജാതിബോധമേയുള്ളൂ. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ നേഴ്സുമാരുടെ നിസ്സംഗതപോലെ. അകല്‍ച്ചയുടേയും വേര്‍തിരിവിന്റേയും രാഷ്ട്രീയം പ്രഫഷന്റെ വിലയില്ലാതാക്കിയ ഒരു ചരിത്രമുണ്ടവിടെ. റേയുടെ ആ സീനില്‍നിന്ന് വികസിക്കുന്ന പാഞ്ചാലി റേയുടെ ഗവേഷണമാണ് പൊളിറ്റിക്‌സ് ഓഫ് പ്രികാരിറ്റി. ആ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍നിന്നും നമ്മുടെ നേഴ്സുമാരുടെ അവസ്ഥയെ നോക്കിക്കാണുകയാണ് ഈയെഴുത്ത്. 

രാഷ്ട്രീയത്തിന്റേയും ജാതിയുടേയും ജന്‍ഡറിന്റേയും ലെന്‍സിലൂടെ നേഴ്സിംഗിനെ നോക്കിക്കാണുന്ന പൊളിറ്റിക്‌സ് ഓഫ് പ്രികാരിറ്റി നേഴ്സിങ്ങ് മേഖലയിലെ സ്ത്രീകള്‍ കാലങ്ങളായി അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തൊഴിലിലെ മാന്യതയും തൊഴിലിടത്തെ അന്തസ്സും അവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിളിച്ചുപറയുന്നു, എന്തുകൊണ്ട് അതില്ലാതെ പോവുന്നുവെന്നും. നേഴ്സിംഗിന് ജന്‍ഡര്‍ ചൊറിയില്ലാത്ത, ജാതിവെറിയില്ലാത്ത ഒരു തൊഴില്‍ മേഖലയായി മാറാന്‍, മാന്യമായ വേതനം ഉറപ്പിക്കുന്ന തൊഴിലിടമായി മാറുക സാധ്യമാണോ എന്നു പരിശോധിക്കുകയാണ് പാഞ്ചാലി റേ. നേഴ്സുമാര്‍ തെരുവിലിറങ്ങിയ സമീപകാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, മാലാഖ വിളികളില്‍ തളച്ചിടപ്പെടുന്ന നേഴ്സുമാരുടെ അവകാശങ്ങളെപ്പറ്റി ബോധമുള്ള ഒരു സമൂഹം വായിക്കേണ്ടതാണ് പാഞ്ചാലി റേയെ.

സ്വന്തമായി ഉല്പാദനമാര്‍ഗ്ഗമില്ലാത്ത കൂലിക്ക് അദ്ധ്വാനം വില്‍ക്കുന്ന അടിസ്ഥാന വര്‍ഗ്ഗമായ തൊഴിലാളിസമൂഹമാണ് പ്രോലിറ്റേറിയറ്റ്. പ്രോലിറ്റേറിയറ്റ് എന്നത് അപകടം നിറഞ്ഞ, അരക്ഷിതമായ എന്നൊക്കെ അര്‍ത്ഥം വരുന്ന പ്രികേരിയസ് എന്ന പദവുമായി ചേര്‍ന്ന് ഒരു പുതിയ പദമാണ് പ്രികാരിയെറ്റ്. പ്രോലിറ്റേറിയറ്റിന്റെ സമകാലിക അവസ്ഥയോടൊപ്പം നിയോ ലിബറലിസം കൊണ്ടുവന്ന അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്ഥയും നേരിടേണ്ടിവരുന്ന, സാമൂഹിക ക്ഷേമപദ്ധതികളുടെ ഒക്കെ പുറമ്പോക്കിലാവുന്ന പുതിയ സമൂഹമാണ് പ്രികാരിയെറ്റ്. പൊളിറ്റിക്‌സ് ഓഫ് പ്രികാരിറ്റി അഭിസംബോധന ചെയ്യുന്നത് അവരുടെ പ്രശ്‌നങ്ങളാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും പ്രൊഫഷന്‍ ആവശ്യപ്പെടുന്ന സ്‌കില്ലുമായി ഒത്തുനോക്കുമ്പോള്‍, അതു നേഴ്സുമാര്‍ക്കു തിരിച്ചു നല്‍കുന്നതെന്താണ്? മികച്ച വേതനമില്ല; ജീവിതസൗകര്യങ്ങളില്ല; തൊഴിലിടങ്ങളിലെ ചൂഷണവും അരക്ഷിതാവസ്ഥ, അസംഘടിതാവസ്ഥ, എല്ലാത്തിനുമുപരിയായ ഭാവി അനിശ്ചിതത്വം-ഇതൊക്കയുമാണ് പ്രികാരിയെറ്റുകളെ നിര്‍വ്വചിക്കുന്നതെങ്കില്‍ നേഴ്സുമാര്‍ തീര്‍ച്ചയായും അതെ. സംഘടിതശേഷി വച്ച് വിലപേശാന്‍ കഴിയാത്തവരും ഭിന്നിച്ചുനിന്ന് പരസ്പരം വഴക്കിടുന്നവരുടേതുമായ ഒരധഃസ്ഥിത ശ്രേണിയാണ് പ്രികാരിയെറ്റ് എന്ന് തീയേറിസ്റ്റുകള്‍ പറയുന്നു. ജാതിയും ജന്‍ഡറും സെക്ഷ്വാലിറ്റിയും ഒക്കെ ചേര്‍ന്നു സൃഷ്ടിച്ചെടുക്കുന്നതും അവതന്നെ. ഐക്യത്തിന്റെ സാധ്യത ഇല്ലാതാക്കുന്നതും ഒടുവില്‍ തമ്മില്‍ കലഹിക്കുന്ന ഒരു വിഭാഗമായി മാറുന്നവരുമാണ് പ്രികാരിയറ്റ് എന്ന് റേ ഇന്ത്യന്‍ സാഹചര്യത്തെ ചേര്‍ത്തുവച്ച് വിശദീകരിക്കുന്നുണ്ട്. 

നേഴ്സിങ് ഇന്നലെകളിലൂടെ 

കുടുംബത്തെ സ്റ്റേറ്റിന്റെ അടിസ്ഥാന യൂണിറ്റായി കണ്ട അരിസ്റ്റോട്ടില്‍ (384-322 ബി.സി) പൗരന്മാരായി ഗണിച്ചത് ഉല്പാദനപരമായ തൊഴിലുകളില്‍ വ്യാപരിക്കുന്നവരേയും കുടുംബത്തെ നിലനിര്‍ത്തുന്ന മറ്റു ബാധ്യതകള്‍ ഇല്ലാത്തവരേയുമാണ്. അതായത് പൗരത്വം സ്ത്രീകള്‍ക്കും അടിമകള്‍ക്കും ഇല്ലതന്നെ. ഉല്പാദനപരമായ നേട്ടങ്ങളെല്ലാം പുരുഷന്റേതും പ്രത്യുല്പാദനപരമായ ബാധ്യതകളെല്ലാം സ്ത്രീയുടേതുമായതാവണം കാരണം. അവിടുന്നിങ്ങോട്ട് കാലം മാറിയെങ്കിലും ബോധം മാറാത്ത ഒരു സ്ഥിതിയുണ്ട്. ആരോഗ്യപരിപാലന മേഖലയില്‍ ഡോക്ടര്‍ ചികിത്സകനാവുമ്പോള്‍ നേഴ്സ് ശുശ്രൂഷകയാണ്. ആരോഗ്യപരിപാലനത്തില്‍ ഡോക്ടറും നേഴ്സും വരുന്നുണ്ടെങ്കിലും എവിടെയോ വച്ച് അതിലേക്ക് ചികിത്സ കടത്തിവെച്ച്, അതു ഡോക്ടറുടെ മഹത്തായ പണിയും പരിപാലനം നേഴ്സിന്റെ തരംതാണ പണിയുമാക്കി. രോഗസൗഖ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ശുശ്രൂഷ. അങ്ങനെ ഉത്തമമെന്നും അധമമെന്നും വേര്‍തിരിക്കപ്പെട്ട സേവനങ്ങളുടെ അരികുസഞ്ചാരമാണ് നമുക്ക് നേഴ്സിംഗ്. പരിശീലനം ലഭിച്ച നേഴ്സുമാരുടെ ആവശ്യം കൊളോണിയല്‍ ഇന്ത്യയില്‍ പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെ ഉയര്‍ന്നു. മധ്യവര്‍ഗ്ഗ, ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാരും ചില സ്ത്രീകളും പാശ്ചാത്യ വൈദ്യത്തില്‍ പരിശീലനം നേടാന്‍ തയ്യാറായപ്പോള്‍ നേഴ്സിംഗിന് ആ കൂട്ടത്തില്‍നിന്ന് ആരുമുണ്ടായില്ല. ചരിത്രപരമായി, ഇന്ത്യന്‍ വൈദ്യരംഗത്തെ ഭൂരിഭാഗം സ്ത്രീകളും താഴ്ന്ന ജാതിക്കാരായ കുടുംബങ്ങളില്‍നിന്നുള്ള പാരമ്പര്യ വിദഗ്ദ്ധരാണ്; അവര്‍ പ്രത്യുല്പാദന രോഗങ്ങള്‍, അലസിപ്പിക്കല്‍, വന്ധ്യത, പ്രസവം, പ്രസവാനന്തര പരിചരണം, വെറ്റ് നേഴ്സിങ്ങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. പരിശീലനം ലഭിച്ച നേഴ്സുമാര്‍, ഇന്ത്യക്കാരായാലും യൂറോപ്യന്‍ ആയാലും ബെഡ് സൈഡ് കെയര്‍ നല്‍കാന്‍ വിസമ്മതിച്ചു. താഴ്ന്ന ജാതികളുടെ വിജ്ഞാന സമ്പ്രദായങ്ങളെ 'പ്രാകൃതം', 'ബാര്‍ബറിക്' എന്ന് മുദ്രകുത്തിയപ്പോള്‍പ്പോലും അവളെ കൊളോണിയല്‍ ആശുപത്രികളില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. അനിവാര്യമായ ഗതകാലവും കാലം മാറിയിട്ടും കളമൊഴിയാത്ത ജാതിബോധവും നേഴ്സിംഗിനെ കൊണ്ടുചെന്നെത്തിച്ചത് സാമൂഹിക സാംസ്‌കാരിക സ്വത്വ ചൂഷണങ്ങളുടേയും വിവേചനങ്ങളുടേയും ദൂഷിതവലയത്തിലേക്കാണ്. ചെറിയ കൂലി, അല്പം ഭക്ഷണം, പഴയ വസ്ത്രം. അതിനുവേണ്ടി മാത്രമായി ഹാള്‍ഡര്‍ കുടുംബത്തിലെ കുട്ടികളെ സ്ഥിരമായി മുലയൂട്ടിയ, സദാ പാല്‍ചുരത്തിയ മുലകളുമായി കഴിഞ്ഞ അവരുടെ പെണ്‍മക്കളുടേയും പുത്രവധുക്കളുടെ സ്വാതന്ത്ര്യ-സൗന്ദര്യ സംരക്ഷണത്തിനായി നിത്യഗര്‍ഭവും മുലയൂട്ടലും തൊഴിലാക്കിയെടുക്കേണ്ടിവന്ന ജസോദയുടെ കഥ പറയുകയാണ് മഹാശ്വേത ദേവിയുടെ സ്തനദായിനി. ആ കഥയുടെ പരാമര്‍ശത്തിലൂടെ റേ ചൂണ്ടുന്നത് സ്വന്തം ശരീരവും ലൈംഗികതയും വിറ്റു ജീവിക്കേണ്ടിവരുന്ന വെറ്റ് നേഴ്സുകളുടെ (wet nurse) ജീവിതാവസ്ഥയിലേക്കാണ്. ദാരിദ്ര്യവും അടിമത്തവും ജാതിയും ജെന്‍ഡറും ലൈംഗികതയും നിയന്ത്രിച്ച പഴയ കെയറിന്റെ, പരിചരണത്തിന്റെ പരിസരത്തുതന്നെയാണ് പുതിയ മനോഭാവവും എന്നു കാണിക്കുവാനാണ്. 

രാജ്യങ്ങളിലുടനീളം, മിക്ക ഡോക്ടര്‍മാരും ദന്തഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും പുരുഷന്മാരാണ്. നേഴ്സുമാരും മിഡ്വൈഫുമാരും ഏറെയും സ്ത്രീകളും. ലോകാരോഗ്യ സംഘടനയുടെ 2019-ലെ റിപ്പോര്‍ട്ട് പ്രകാരം വനിതാ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഫലം പുരുഷന്മാരേക്കാള്‍ ശരാശരി 28 ശതമാനം കുറവാണ്. വിവേചനങ്ങളിലേക്ക് നയിക്കുന്ന നിരവധി ദ്വന്ദങ്ങള്‍ ആരോഗ്യ പരിചരണമേഖലയെ ആണിടമായും പെണ്ണിടമായും വിഭജിക്കുകയാണ്. അശാസ്ത്രീയമായ ശ്രേണീബന്ധിത ആണിടമായി ചികിത്സയെ മാറ്റി. പെണ്ണിടമാക്കിയ പരിചരണത്തെ താണിടമാക്കി. കരുതലിനെ, ആര്‍ദ്രതയെ, സഹാനുഭൂതിയെ, ഒക്കെ പെണ്‍മയുടെ അടയാളമായി സദാ വാഴ്ത്തുകയാണ് നാം. അമ്മയായി, പെങ്ങളായി, ദേവിയായി പെണ്ണ് വാഴ്ത്തപ്പെടുകയാണ്, വീഴ്ത്തപ്പെടുകയും. നേഴ്സിനെ എല്ലാറ്റിനും ഒരു ഗ്രേഡ് മീതെ മാലാഖയാക്കി. ആരോഗ്യപരിപാലനത്തില്‍നിന്നും പരിപാലനത്തെ മുഴുവനായും അടര്‍ത്തി നേഴ്സിന്റെ തലയില്‍ വീടുപരിചരണത്തിന്റെ ഭാഗമായി വച്ചുകൊടുത്തപ്പോള്‍ അപ്രത്യക്ഷമായതാണ് ഡോക്ടറും നേഴ്സും തമ്മിലുള്ള ബന്ധത്തിലെ തുല്യതയും സഹപ്രവര്‍ത്തന സംസ്‌കാരവും. മേലുദ്യോഗവും കീഴുദ്യോഗവുമായി അതു മാറിപ്പോവുന്നു. ദ ഫെമിനിന്‍ മിസ്റ്റിക് എന്ന കൃതിയില്‍ ബെറ്റി ഫ്രീഡന്‍ (Betty Friedan) പറയുന്നത് റേ ഓര്‍മ്മിപ്പിക്കുന്നു: വീട്ടുജോലിയാണ് പെണ്ണിനെ മനുഷ്യനല്ലാതാക്കിയത്, അതിലെ ആവര്‍ത്തനവിരസത. ഒപ്പം തന്നെ അതപഹരിച്ചു കളഞ്ഞത് പൊതുവിടത്തിലെ പെണ്ണിന്റെ അര്‍ഹമായ സ്ഥാനവുമാണ്. പോറ്റിവളര്‍ത്തലും പരിചരിച്ചു കിടത്തലും പെണ്ണിന്റെ വേതനമില്ലാ തൊഴിലായി. നേഴ്സിങ്ങ് അഥവാ ശുശ്രൂഷ എന്നത് വീട്ടുജോലിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് ചെറിയ ദുരന്തമല്ല ഉണ്ടാക്കുന്നത്. 

അതിവിദഗ്ദ്ധരുടെ മേഖലയെ അവിദഗ്ദ്ധരുടേതാക്കിയ കോര്‍പ്പറേറ്റ് ബോധം 

പൊതുവായ ധാരണ നേഴ്സിങ്ങ് അവിദഗ്ദ്ധരുടെ മേഖലയാണെന്നാണ്. വിദ്യാഭ്യാസ രീതി സൃഷ്ടിച്ചെടുത്ത പൊതുബോധമാണത്. ഉദാഹരണത്തിന്, 3.5 വര്‍ഷത്തെ ജി.എന്‍.എം (ജനറല്‍ നേഴ്സിംഗ്, മിഡ്വൈഫറി) പരിശീലനം ഒരു ബിരുദമായിട്ടല്ല, ഡിപ്ലോമയായിട്ടാണ് അറിയപ്പെടുന്നത്. സാധാരണ ബിരുദത്തിലും ഏറെ പഠിക്കാനുള്ള ഒരു ശാഖയുടെ ഗതിയാണത്. ഇതുണ്ടാക്കിയ മൂല്യത്തകര്‍ച്ച നേഴ്സുമാരുടെ വലിയ തോതിലുള്ള കുടിയേറ്റത്തിനു കാരണമായി. നയനിര്‍മ്മാതാക്കളും ബ്യൂറോക്രാറ്റുകളും നേഴ്സിംഗ് വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനു പകരം, ബെഡ്സൈഡ് നേഴ്സിംഗ് കെയര്‍ വാഗ്ദാനം ചെയ്യുന്ന ചില്ലറ പരിശീലനം ലഭിച്ച കരാര്‍ തൊഴില്‍ പ്രോത്സാഹിപ്പിച്ച് നേഴ്സിംഗിന് മങ്ങല്‍ ഏല്പിച്ചു എന്ന് എഴുത്തുകാരി പറയുന്നു. അങ്ങനെ, നിലവിലുള്ളതുപോലുള്ള ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആവശ്യത്തിന് നേഴ്സുമാരില്ലാത്തതിന്റെ, ഉള്ളവര്‍ അമിത ജോലിഭാരത്താല്‍ വലയുന്നതിന്റെ ഫലം നാം കാണുന്നു. രോഗിയെ പുഴുവരിക്കുന്നു; പരിപാലനത്തിലെ അശ്രദ്ധയാല്‍, സാങ്കേതികമായ അറിവില്ലായ്മയാല്‍, പരിശീലനക്കുറവിനാല്‍ ഒക്കെയും രോഗികളുടെ ജീവന്‍ നഷ്ടമാവുന്ന വാര്‍ത്തകള്‍ നമ്മെ ഉലയ്ക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 1.7 നേഴ്സുമാരുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച ഏറ്റവും കുറഞ്ഞ മൂന്നിനേക്കാള്‍ വളരെ കുറവാണിത്. ആയിരക്കണക്കിനു കുടിയേറ്റ ഇന്ത്യന്‍ നേഴ്സുമാര്‍ യു.എസ്, യു.കെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ പാന്‍ഡെമിക്കിനെ നേരിടുമ്പോള്‍ ഇന്ത്യയില്‍ നേഴ്സുമാരില്ല. അമിത ജോലി, കുറഞ്ഞ കൂലി, ബോണസ്സായി അവഗണനയും എന്ന നിലയില്‍ കാര്യങ്ങളാവുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന തൊഴില്‍ നിലവാരവും അന്തസ്സും വാഗ്ദാനം ചെയ്യുന്ന വിദേശ രാഷ്ട്രങ്ങളിലേക്ക് കുടിയേറാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു.
 
പരമ്പരാഗതമായി ഏറെയും ഉയര്‍ന്ന ജാതികളിലെ സാമ്പത്തികശേഷിയുള്ളവര്‍ ഡോക്ടര്‍മാരായപ്പോള്‍ നേഴ്സുമാരായത് താഴ്ന്ന ജാതിയിലെ സ്ത്രീകളായിരുന്നു. മനുഷ്യശരീരത്തിലെ രക്തവും സ്രവങ്ങളും മറ്റു ജൈവാവശിഷ്ടവും ഒക്കെയുമായി ബന്ധപ്പെടുന്ന തൊഴില്‍ പണ്ടേ താഴ്ന്ന ജാതിയുടേതായി. മിഡ്വൈഫ് അഥവാ ആയമാര്‍ അവരായിരുന്നു. പുരുഷന്‍ മിഡ്വൈഫ് ആവുമ്പോഴും പേര് മിഡ്വൈഫ് തന്നെയാണ് എന്നതു പലരും മറക്കുന്നു. ഡോക്ടറില്‍ ആണും പെണ്ണുമില്ലാത്തതുപോലെ. ഇവിടെ പഴയത് ഇല്ലാതായില്ലെന്നു മാത്രമല്ല, പുതിയ ശ്രേണികള്‍ ഉണ്ടാവുകയും ചെയ്തു. ആരോഗ്യസംരക്ഷണത്തിന്റെ കോര്‍പ്പറേറ്റ്വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കൂടുതല്‍ ചൂഷണത്തിനു കാരണമായി. അന്താരാഷ്ട്ര കുടിയേറ്റത്തോടെ, നേഴ്സുമാരുടെ സപ്ലൈ-ഡിമാന്റ് പ്രതിസന്ധി ഉണ്ടായിട്ടുണ്ട്; പരിശീലനം ലഭിച്ച രജിസ്റ്റേര്‍ഡ് നേഴ്സുമാരുടെ ക്ഷാമം, സ്വാഭാവികമായും അവരുടെ വിലയും നിലയും ഉയര്‍ത്തേണ്ടതാണ്. പക്ഷേ, രജിസ്റ്റര്‍ ചെയ്യാത്ത നേഴ്സുമാര്‍, നേഴ്സിംഗ് സഹായികള്‍, പരിചാരകര്‍ എന്നിവരെ നിയമിച്ച് അവരുടെ വില കുറച്ചു എന്നതാണ് സത്യം. മേഖലയെ വെടക്കാക്കി തനിക്കാക്കിയെന്നതാണ് നഴ്സിംഗ് മേഖലയ്ക്ക് സ്വകാര്യ ആശുപത്രികളുടേയും സൂപ്പര്‍ സ്പെഷ്യാലിറ്റികളുടേയും സംഭാവന. ജാതിയിലെ ദളിതരാണ് പ്രൊഫഷനിലെ നേഴ്സുമാര്‍ എന്ന സമവാക്യം പ്രഫഷനിലേക്ക് കടത്തിവിട്ട് ചൂഷണം നിര്‍ബാധം തുടരുകയാണവര്‍. 

ആരോഗ്യപരിപാലനം ഒരു ഏകീകൃത മേഖലയല്ല, മറിച്ച് ചരിത്രപരമായും സാമൂഹികമായും ഉരുത്തിരിഞ്ഞ ഘടനാപരമായ അസമത്വങ്ങളെ അടിസ്ഥാനമാക്കി ആഴത്തില്‍ വിഭജിക്കപ്പെട്ട ഒന്നാണ്. അന്തസ്സുറ്റതും അന്തസ്സറ്റതുമായി കരുതപ്പെടുന്ന ജോലികള്‍ക്കിടയില്‍നിന്നും സ്വാധീനമുള്ളവര്‍, സീനിയര്‍മാര്‍ ഒക്കെയും സാങ്കേതികവിദ്യയുമായി, ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ടതും അഡ്മിനിസ്ട്രേറ്റീവ്-സൂപ്പര്‍വൈസറി-അക്കാദമിക് മേഖലകളിലേക്കും മാറുകയാണ് പതിവ്. മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ വേതനം നല്‍കാനും ആവശ്യമില്ലാത്തപ്പോള്‍ എളുപ്പത്തില്‍ പിരിച്ചുവിടാനും കഴിയുന്നവിധത്തില്‍ അവിദഗ്ദ്ധ തൊഴിലാളികളെ നിയമിച്ച് നേഴ്സിംഗ് മേഖലയെ ബോധപൂര്‍വ്വം നശിപ്പിച്ചത് കോര്‍പ്പറേറ്റ് വല്‍ക്കരണമാണ്. നേഴ്സും നേഴ്സിംഗ് അസിസ്റ്റന്റും ഒന്നാണെങ്കില്‍ ഡോക്ടറും പഴയകാല കമ്പൗണ്ടറും ഒന്നുതന്നെയാണോ? പഴയകാലത്ത് കമ്പൗണ്ടര്‍മാര്‍ വീട്ടില്‍ ചികിത്സ വരെ നടത്താറുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ അമേരിക്കയില്‍ ആതുരസേവന രംഗത്ത് ഡോക്ടര്‍ എന്നോ നേഴ്സ് എന്നോ ക്യൂര്‍ എന്നോ കെയര്‍ എന്നോ വ്യത്യാസമില്ലാതെ ഒരു ഹെല്‍ത്ത് കെയര്‍ സംവിധാനം നിലനില്‍ക്കുന്നു. 

നേഴ്സിങ്ങിലെ പുരുഷസാന്നിദ്ധ്യം ദോഷവും ഗുണവും 

പുരുഷന്മാരുടെ നേഴ്സിങ് പ്രവേശനം ഒരര്‍ത്ഥത്തില്‍ ഗുണകരമാണ്, അതിലേറെ ദോഷവും. സ്ത്രീകള്‍ക്കു മാത്രമായി പകുത്ത മേഖലയിലെ പുരുഷസാന്നിദ്ധ്യവും മറിച്ചും ഉണ്ടാവുന്നത് ജെന്‍ഡര്‍ അസമത്വത്തെ ഒരു പരിധിവരെ തടയും. സ്ത്രീപക്ഷ സമരങ്ങള്‍ മാത്രമായി വ്യാഖ്യാനിക്കപ്പെട്ട തൊഴില്‍സമരങ്ങള്‍ക്ക് ഒരു മനുഷ്യാവകാശ സമരത്തിന്റെ മുഖം അതു നല്‍കിയേക്കാം. മറുവശം നേഴ്സിങ്ങില്‍ അല്പം അന്തസ്സുറ്റതായി അടയാളപ്പെടുത്തുന്ന മേഖലകള്‍ അത്രയും പുരുഷന്റെ കുത്തകയാവുന്നതായി പഠനങ്ങള്‍ പറയുന്നു. തൊഴിലിനുള്ളിലെ ആണ്‍-പെണ്ണിടങ്ങളായുള്ള ആന്തരിക വിഭജനം ജാതിക്കുള്ളിലെ ജാതിപോലെ പ്രശ്‌നം രൂക്ഷമാക്കുന്നു. സമ്മിശ്ര തൊഴിലിടമായി മാറാന്‍ നേഴ്സിംഗിനു കഴിയുക എളുപ്പമല്ല. വിത്തിടാന്‍ ആണും പരിപാലിക്കാന്‍ പെണ്ണും എന്ന ബോധത്തിന്റെ തുടര്‍ച്ചയില്‍ മെഡിക്കല്‍-അഡ്മിനിസ്ട്രേറ്റീവ്-സൂപ്പര്‍വൈസറി റോളുകള്‍ ആണിടങ്ങളും കരുതലിന്റേയും സ്‌നേഹസാന്ത്വനങ്ങളുടേയും ലോകം പെണ്ണിടങ്ങളുമായി വിഭജിക്കപ്പെട്ടേക്കാം. നേഴ്സിംഗ് സേവനങ്ങളിലെ ഉയര്‍ന്ന തലങ്ങള്‍ സ്ത്രീകള്‍ക്ക് അപ്രാപ്യമായേക്കാം. 

സ്വതന്ത്ര ഇന്ത്യയിലെ നേഴ്സിങ് മേഖലയെപ്പറ്റി ആദ്യമായി ഒരു പഠനം നടന്നത് 1978-ലാണ്; മോളി ചതോപാധ്യായയുടെ ഗവേഷണം എന്ന് ഗ്രന്ഥകാരി പറയുന്നു. സാമൂഹികമായി താഴ്ന്ന പരിഗണന, അവമതിപ്പ്, തുച്ഛമായ വരുമാനം, അത്യധ്വാനവും സമ്മര്‍ദ്ദവും നിറഞ്ഞ തൊഴിലിടങ്ങള്‍ ഒക്കെയും മധ്യവര്‍ഗ്ഗ സ്ത്രീകളെ നേഴ്സിങ്ങിലേക്ക് വരുന്നതില്‍നിന്നും പിന്തിരിപ്പിച്ചു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ആ മേഖലയിലേക്ക് കടന്നുവന്നു. സ്വാഭാവികമായും സമൂഹത്തില്‍ രൂഢമൂലമായ ജാതീയ വിഭജനത്തോടെ ജെന്‍ഡര്‍ വിവേചനവും അവരനുഭവിച്ചു; ആ തുടര്‍ച്ച തന്നെയാണ് നമ്മുടെ നേഴ്സുമാരുടെ മോചനം അസാധ്യമാക്കുന്നത്. വീട് ആശുപത്രിമുറിയാവുമ്പോള്‍ ആ മുറിയുടെ വൃത്തിയും വെടിപ്പും കൂടി നേഴ്സിന്റെ ഉത്തരവാദിത്വമാക്കിയത് അസംഘടിതമായതും അനൗപചാരികവുമായ സകലതും പെണ്ണിനു വകയിരുത്തിയ ആണ്‍ബോധത്തിന്റെ കൃത്യമായ അജന്‍ഡയാണ്. 

പൊളിറ്റിക്സ് ഓഫ് പ്രികാരിറ്റി (പാഞ്ചാലി റേ)
പൊളിറ്റിക്സ് ഓഫ് പ്രികാരിറ്റി (പാഞ്ചാലി റേ)

നേഴ്സുമാരെ അവഗണിക്കുമ്പോള്‍ നശിക്കുന്നത് ആരോഗ്യരംഗം 

ആരോഗ്യപരിപാലനമാണ് ഡോക്ടറുടേതും നേഴ്സിന്റേതും. ഒന്നു ചികിത്സയും മറ്റേത് പരിചരണവും എന്ന തെറ്റായ ബോധത്തില്‍നിന്നും സമൂഹം കരകയറണം. രണ്ടും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളാണ്, ആരോഗ്യപരിപാലനത്തിന് ഒരുപോലെ അനിവാര്യമായവര്‍. പരിശീലനം ലഭിച്ച നേഴ്സുമാരുടെ സ്‌കില്‍ഡ് ജോലിയും പരിചാരകരുടെ അണ്‍സ്‌കില്‍ഡ് ജോലിയും കൂട്ടിക്കുഴച്ച് പരമാവധി യൂണിഫോമിലും സാമ്യം വരുത്തി ഏതാണ്ടെല്ലാം ഒന്നുതന്നെ എന്നൊരു പ്രതീതി ഉളവാക്കി നേഴ്സിങ്ങിനുവേണ്ട പ്രതിഭയും അതിന്റെ ശോഭയും കെടുത്തുന്ന ഏര്‍പ്പാടിന് അന്ത്യം വരണം. 

മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകള്‍ പാട്രിയാര്‍ക്കിയുടേയും മുതലാളിത്തത്തിന്റേയും ഇരകളാണ്. സുപ്രധാന മേഖലകളില്‍നിന്നൊക്കെയും സര്‍ക്കാന്‍ പിന്‍വാങ്ങുമ്പോള്‍ ജീവിതം താറുമാറായത് ഏറെയും സ്ത്രീകളുടേതാണ്. കമ്മ്യൂണിക്കേറ്റീവ് ലെയ്ബര്‍, ഇന്ററാക്ടീവ് ലെയ്ബര്‍, അഫെക്ടീവ് ലെയ്ബര്‍ എന്നൊക്കെ പുതിയ മേഖലകള്‍ വന്നപ്പോള്‍ കുടുംബം നിലനിര്‍ത്താനും വളര്‍ത്താനുമായി സ്ത്രീകള്‍ അഫെക്ടീവ് ലെയ്ബറിലേക്ക് മാറേണ്ടിവന്നു. പ്രത്യുല്പാദനപരമായി, പുതിയ തലമുറകളെ, സമൂഹത്തെത്തന്നെയും സൃഷ്ടിച്ചെടുക്കുന്ന ഭാരിച്ച ദൗത്യമെങ്കിലും അത് കേവല വേതനത്തില്‍ കലാശിച്ചു. ജാതിവെറിയും ജന്‍ഡര്‍ ചൊറിയും ഒരുപോലെ നേഴ്സിംഗ് മേഖലയുടെ മോചനം എളുപ്പമല്ലാതാക്കി. ഭേദമായ സര്‍ക്കാര്‍ സര്‍വ്വീസല്ലെങ്കില്‍ ഭേദം കടലുകടക്കുകയാണ് എന്ന സ്ഥിതി ഒരിക്കലും ആശാസ്യമല്ല. അതു കുഴിതോണ്ടുക നമ്മുടെ തന്നെ ആരോഗ്യജീവിതത്തിന്റേതാണ്. പാഞ്ചാലി റേയുടെ ഗവേഷണങ്ങളത്രയും കൊല്‍ക്കൊത്തയിലെ നേഴ്സുമാരെ കേന്ദ്രീകരിച്ചാണെങ്കിലും വിഷയം ദേശീയപ്രാധാന്യമുള്ളതാണ്. നമ്മുടെ സംസ്ഥാനത്തെ അവസ്ഥ ഒരു ഘട്ടത്തില്‍ നേഴ്സുമാരെ തെരുവിലിറക്കിയതാണ്. നേഴ്സിംഗ് മേഖലയോട് അനുഭാവമുള്ളവര്‍, അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടവര്‍ വായിക്കേണ്ടതാണ് പൊളിറ്റിക്‌സ് ഓഫ് പ്രികാരിറ്റി. 

കരുതലിന്റെ ലോകം ജാതി-മത-ലിംഗ ഭേദമില്ലാതെ സമൂഹത്തിനായി ഒരുക്കുന്ന നേഴ്സുമാരോട് എന്തു കരുതലാണ് സമൂഹത്തിനുള്ളത് എന്നു ചോദിക്കാന്‍ വൈകുന്നുവെങ്കില്‍ നാം പോവുന്നത് അപകടത്തിലേക്കാണ്. മതിയായ യോഗ്യതകളില്ലാത്ത പലപല യൂണിഫോമുകളില്‍ കാണുന്ന അസിസ്റ്റന്റുമാരും ആയമാരും ബെഡ്കെയര്‍ വര്‍ക്കര്‍മാരും തമ്മില്‍ തിരിച്ചറിയാന്‍ തന്നെ ഇടമില്ലാതാക്കി മൊത്തത്തില്‍ നേഴ്സാക്കിയ കോര്‍പ്പറേറ്റുവല്‍ക്കരണം പന്താടുന്നത് നമ്മുടെ ജീവനാണ്. ആരോഗ്യപരിപാലനം പൂര്‍ണ്ണമാവുന്നത് കഴിവുറ്റ ഡോക്ടര്‍മാര്‍ക്കൊപ്പം കഴിവുറ്റ നേഴ്സുമാര്‍ ഉണ്ടാവുമ്പോഴാണ്. ഒന്നു മീതെയല്ല, മറ്റേത് താഴെയുമല്ല. പരിചരണം നേഴ്സിന്റേതു മാത്രമല്ല; ചികിത്സ ഡോക്ടറുടേതു മാത്രവുമല്ല. കലയും ശാസ്ത്രവും മനസ്സും മസ്തിഷ്‌കവും ഒന്നുചേരുന്ന മാന്ത്രികസ്പര്‍ശമാണ് നേഴ്സ്, അതുകൊണ്ടുതന്നെയാവണം അവര്‍ മാലാഖയാവുന്നത്. 

Reference:
1. Politics of Precartiy by Panchali Ray, published by Oxford Universtiy Press, https://india.oup.com/product/politics-of-precartiy-9780199489763?
2. https://www.thehindu.com/socitey/though-a-high-skill-job-nursing-remains-low-paid-and-stigmatised-panchali-ray/article32181653.ece
3. https://en.wikipedia.org/wiki/Precariat

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com