'ഫെര്‍ണാണ്ടോ സൊളാനസ്'- മൂന്നാം സിനിമയുടെ രാഷ്ട്രീയമുഖം 

വിപ്ലവകാരിയായ ചലച്ചിത്രകാരന്‍ ഫെര്‍ണാണ്ടോ സൊളാനസിനെക്കുറിച്ച്
ഫെര്‍ണാണ്ടോ സൊളാനസ്
ഫെര്‍ണാണ്ടോ സൊളാനസ്

സിനിമക്കകത്തു മാത്രമല്ല, സിനിമയുടെ ലോകത്തും രാഷ്ട്രീയമായി ഇടപെട്ട സംവിധായകനെന്ന പേരിലാണ് ഫെര്‍ണാണ്ടോ സൊളാനസ് അടയാളപ്പെടുത്തപ്പെടുക. അര്‍ജന്റീനിയന്‍ പ്രസിഡന്റ് കാര്‍ലോസ് മെനമിനെ പരസ്യമായി വിമര്‍ശിച്ച് മൂന്ന് ദിവസത്തിനകം കാലില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ദുര്യോഗങ്ങളിലൊന്നും തളരാതെ സിനിമയിലും ജീവിതത്തിലും രാഷ്ട്രീയ ഇടപെടല്‍ നടത്തി. 1991 മെയ് 21-നായിരുന്നു വെടിയേറ്റത്. പിന്നീട് ബ്യൂണസ് അയേഴ്സിന്റെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ വാശിയോടെ ഇടപെട്ടു. കൊവിഡിനാല്‍ ഒരു ജീവന്‍ കൂടി മറയുമ്പോള്‍ നഷ്ടമായത് കാലത്തിന് ഊര്‍ജ്ജമേകിയ ചലച്ചിത്ര പ്രതിഭയാണ്.

ഒക്ടാവിയോ ജെറ്റിനോയുമായി ചേര്‍ന്ന് 1960-കളോടെ ആരംഭിച്ച മൂന്നാം ലോക സിനിമയെന്ന ആശയം ഏറെ പിന്തുണ നേടിയെടുത്തു. വാണിജ്യതാല്പര്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഹോളിവുഡ് പൊതുവിഷയങ്ങളില്‍നിന്നും ഒളിച്ചോടുന്ന സമീപനമാണ് സൃഷ്ടിക്കുന്നതെന്നും യൂറോപ്യന്‍ സിനിമകള്‍ ഹോളിവുഡിന്റെ രീതികളെ പിന്‍തള്ളാനുള്ള ശ്രമമുണ്ടെങ്കിലും വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങളിലേക്കും വികാരങ്ങളിലേക്കും അതിനെ കൊണ്ടുചെല്ലാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു. പ്രേക്ഷകനുമായി കൂടുതല്‍ സംവാദാത്മകമായ, ജനകീയ രാഷ്ട്രീയത്തിലൂന്നിയ മൂന്നാം ലോക സിനിമയെന്ന അവരുടെ ആശയത്തിനു വലിയ പിന്തുണയാണ് ഉണ്ടായത്. വാണിജ്യതാല്പര്യങ്ങള്‍ക്കും കലാസിനിമയുടെ അരാഷ്ട്രീയ നിര്‍മ്മിതിയിലും കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ മാനിഫെസ്റ്റോ തയ്യാറാക്കിയത്. 

അതിന്റെ തുടര്‍ച്ചകളിലാണ് 'ദ ഹവര്‍ ഒഫ് ഫര്‍ണസസ്' (1968) എന്ന നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരുക്കപ്പെടുന്നത്. മൂന്ന് ഭാഗങ്ങളിലൂടെ വിപ്ലവസിനിമയുടെ ശക്തമായ മാതൃകയായി മാറിയ ആ സിനിമ ലാറ്റിനമേരിക്കയിലെ കോളനിവാഴ്ചയ്‌ക്കെതിരായ പോരാട്ടം അടയാളപ്പെടുത്തുന്നു. അറിവിനെ സംവാദാത്മകമാക്കിക്കൊണ്ട്, ചരിത്രപരതയുടെ മൂല്യങ്ങളിലേക്ക് കടന്നുകയറുകയും ചെയ്യുകയാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരാശയത്തെ സമ്മാനിക്കുക മാത്രമല്ല, ലോകമാകെയുള്ള വിപ്ലവകാരികള്‍ക്കും അനുകൂലികള്‍ക്കും അദ്ദേഹം ആവേശമായി മാറുകയായിരുന്നു. 

ഫെര്‍ണാണ്ടോ സൊളാനസ്
ഫെര്‍ണാണ്ടോ സൊളാനസ്

തീച്ചൂളകള്‍ 

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കല്‍ നിന്നും അനധികൃതമായി സംഘടിപ്പിച്ച കൊല്ലപ്പെട്ട ചെഗുവേരയുടെ ഭൗതികശരീരത്തിന്റെ ദൃശ്യങ്ങളില്‍നിന്നുമാണ് ഡോക്യുമെന്ററിയുടെ തുടക്കം. സംവാദാത്മകമായ സിനിമയുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലായിരുന്നു അതിന്റെ നിര്‍മ്മാണവും പ്രചാരവും. സിനിമ രൂപപ്പെടുത്തുന്ന പ്രേക്ഷകനുമായുള്ള ആത്മബന്ധം വളരെ വലുതാണ്. അത് ആശയത്തിന്റെ കൂടിയാവുമ്പോള്‍ കൂടുതല്‍ വിശാലമായ സാധ്യതകള്‍ തുറക്കപ്പെടും. മുന്‍നിശ്ചയിച്ച പ്രദര്‍ശനങ്ങളിലൂടെയാണ് ആ സിനിമ പ്രേക്ഷകരെ കണ്ടെത്തിയത്. നിയമാനുസൃതമല്ലാത്ത പശ്ചാത്തലം അതിനുണ്ടായിരുന്നുവെന്നതാണ് അത്തരത്തിലുള്ള സാഹസികമായ പ്രദര്‍ശനങ്ങളിലേക്ക് നയിച്ചത്.

പുതിയ കൊളോണിയലിസത്തിന്റേയും അത് ആശ്രയിക്കുന്ന അക്രമങ്ങളുടേയും ഇടങ്ങളിലേക്കാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കാലഘട്ടത്തിലൂടെ സഞ്ചരിക്കാനാവുന്ന വിധത്തിലുള്ള രാഷ്ട്രീയത്തെ ഉള്ളില്‍ നിറച്ച്, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ധീരമായി വരച്ചിടുന്നതാണ് 'ദ ഹവര്‍ ഓഫ് ഫര്‍ണസസ്'. രണ്ടും മൂന്നും ഭാഗങ്ങള്‍ അക്രമവും വിമോചനവുമാണ്. ആശയപരമായ സത്യസന്ധതയാണ് ആ സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നതെന്നു പറയാം. അര്‍ജന്റീനയില്‍ നിരോധിക്കപ്പെട്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലേയും സിനിമാ പ്രേക്ഷകര്‍ ആ സിനിമയ്ക്ക് മുന്നിലിരുന്നു. നിരവധി അംഗീകാരങ്ങളും അതിനെ തേടിയെത്തി. രാഷ്ട്രീയമായ, സാംസ്‌കാരികമായ പുത്തന്‍ ഉണര്‍വ്വിലേക്ക് ലോകമെമ്പാടുമുള്ള വിപ്ലവകാരികള്‍ മാറുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവിധത്തിലുള്ള അടിമത്തത്തില്‍നിന്നും മോചനം നേടണമെങ്കില്‍ സമ്പൂര്‍ണ്ണമായ വിപ്ലവമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

1938 ഫെബ്രുവരി 16-ന് ബ്യൂണസ് അയേഴ്സിലെ ഒലിവൊസില്‍ ജനിച്ച സോളാനസ് നാടകം, സംഗീതം, നിയമം എന്നിവ പഠിച്ച ശേഷമാണ് സിനിമയിലേക്ക് കടക്കുന്നത്. 1962-ല്‍ സെഗുര്‍ ആന്‍ഡാന്‍ഡോ എന്ന ഹ്രസ്വചിത്രമൊരുക്കിക്കൊണ്ട് തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. 'ദ ഹവര്‍ ഓഫ് ദ ഫര്‍ണസസി'ല്‍ എത്തുന്നതിനു മുന്‍പ് ഒരു ഹ്രസ്വചിത്രം കൂടി ഒരുക്കി. റിഫ്‌ലക്ഷന്‍ സിയുഡഡാന. 1969-ല്‍ അര്‍ജന്റീന, മയോ ഡി 1969: ലോസ് കാമിനോസ് ഡി ലാ ലിബറേഷന്‍ എന്ന ഡോക്യുമെന്ററി ഫിക്ഷന്‍ സിനിമയിലൂടെ 1960-കളുടെ അവസാനത്തിലെ പട്ടാളഭരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യത്തെ വരച്ചുകാണിച്ചു. 

1970-കളില്‍ അര്‍ജന്റീനയിലെ സിനിമയെ ഇളക്കിമറിച്ച ഗ്രൂപ്പോ സിനി ലിബറേഷന്റെ മുന്നില്‍ സോളനാസും ഉണ്ടായിരുന്നു. അപ്പോഴേക്കും ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെട്ട അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക, സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. എതൊരു കാലത്തും ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ, തൊഴിലാളികളുടെ, കര്‍ഷകരുടെ ചിന്തകളാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ക്രമപ്പെടുത്തപ്പെട്ടിരുന്നു. ആ മനുഷ്യരുടെ പ്രശ്‌നങ്ങളാണ്, ജീവിതമാണ് ലോകമാകെയുള്ള മാറ്റങ്ങളില്‍ കൃത്യമായി അടയാളപ്പെടുത്തപ്പെടുന്നത്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഓരോ രാജ്യത്തേയും നയിക്കുന്നത്. ആ ആശയത്തിനു കൂടുതല്‍ സാധ്യതകളും വിശാലമായ ഇടങ്ങളും നല്‍കുന്ന വിധത്തിലാണ് സോളനാസിന്റെ സിനിമകള്‍ സംവദിച്ചത്.

പലായനം 

1971-ല്‍ പെറോണ്‍, ലാ റിവോളൂസിയന്‍ ജസ്റ്റിസിയലിസ്റ്റ് എന്ന സിനിമയിലൂടെ ജനറല്‍ ജുവാന്‍ പെറോണിന്റെ നാടുകടത്തലിന്റേയും അര്‍ജന്റീനയിലെ ജസ്റ്റിസിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റേയും വിവരണം നടത്തുന്നു. രണ്ട് ഭാഗങ്ങളിലായാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഗവണ്‍മെന്റിനു മുന്‍പും ഗവണ്‍മെന്റുമെന്നതാണ് ആദ്യഭാഗം. സമരക്കാലം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. വലതുപക്ഷ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ വേട്ടയാടപ്പെടുകയും 1976-ല്‍ അര്‍ജന്റീനയില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു. ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടതോടെ 1983-ലാണ് അദ്ദേഹം തിരികെ എത്തുന്നത്. രാഷ്ട്രീയമായ നിലപാടുകളുടേയും പ്രവര്‍ത്തനത്തിന്റേയും ഭാഗമായി ശാരീരികമായ അക്രമണങ്ങള്‍ വരെയുണ്ടായി. അപ്പോഴും വാശിയോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്തു.

തിരിച്ചെത്തിയ സൊളാനസ് 1985-ല്‍ ടാങ്കോസ് ദ എക്സെയില്‍ ഓഫ് ഗാര്‍ഡെല്‍ എന്ന സിനിമയൊരുക്കി. ഫ്രാന്‍സില്‍വെച്ചാണ് ഇതിന്റെ ഭൂരിഭാഗം കാര്യങ്ങളും ചെയ്തുതീര്‍ത്തത്. സൈനികഭരണവും അമിതാധികാരവും തീര്‍ത്ത തന്റെ ജീവിതത്തിലേക്കു തന്നെയാണ് അദ്ദേഹം ഈ സിനിമയിലൂടെ കടന്നുപോകുന്നത്. അഭയാര്‍ത്ഥിയാകേണ്ടിവരുന്ന ജീവിതാവസ്ഥയും അതിന്റെ വൈരുദ്ധ്യങ്ങളും ടാങ്കോ സംഗീതത്തിന്റേയും നൃത്തത്തിന്റേയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. 1988-ല്‍ ഇറങ്ങിയ ദ സൗത്ത് (സര്‍, 1998) എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് കാന്‍ മേളയില്‍ ലഭിച്ചു. സ്വേച്ഛാധിപത്യ ഭരണത്തിന്റെ അവസാനം ജയില്‍ മോചിതനാക്കപ്പെട്ട പോരാളി സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാനാവാത്ത വിധത്തില്‍ വിഷമത്തിലാവുന്നു. താന്‍ ജയിലിലാക്കപ്പെടുന്നതിനുള്ള ജീവിതത്തിലേയ്ക്ക് തിരിച്ചുപോകാന്‍ സധിക്കാത്തവിധം വിദൂരമായ ഇടത്താണ് തന്റെ ജീവിതമെന്ന് തിരിച്ചറിയുന്നു. കൊലചെയ്യപ്പെട്ട മനുഷ്യനാണെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയിലേക്ക് അയാള്‍ എത്തിപ്പെടുന്നു.

എല്‍വാജെ, 1992
എല്‍വാജെ, 1992

റോഡ് മൂവിയുടെ ഗണത്തില്‍പ്പെടുത്താവുന്ന ദ ജേണി (എല്‍വാജെ, 1992) തമാശകളും മെലോഡ്രാമയും ചേര്‍ത്ത് സവിശേഷമായ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു യുവാവിലൂടെയാണ് ഇതിന്റെ കഥ പറയുന്നത്. വെള്ളപ്പൊക്കത്തിലാണ്ട പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്ന അയാള്‍ സാമ്പത്തികവും സാംസ്‌കാരികവുമായി ആ പ്രദേശങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യത്തെ തുറന്നെഴുതുകയാണ്. മോട്ടോര്‍ സൈക്കിള്‍ ഡയറീസിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ ഈ മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വാതില്‍ തുറന്നിടുകയാണ്. 1998-ലാണ് അദ്ദേഹം തന്റെ അവസാനത്തെ ഫീച്ചര്‍ ഫിലിം ഒരുക്കുന്നത്. ദ ക്ലൗഡ്സ് (ല ന്യൂബെ, 1998). കലാകാരന്മാര്‍ തങ്ങളുടെ കലാപ്രവര്‍ത്തനം നടത്തിവന്നിരുന്ന ശാലയുടെ സ്ഥലം പൊളിച്ച് സര്‍ക്കാര്‍ ഒരു വ്യാപാരസമുച്ചയം പണിയാന്‍ തീരുമാനിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന സാമൂഹിക സാഹചര്യത്തെയാണ് ഇവിടെ തുറന്നിടുന്നത്. അധികാരകേന്ദ്രങ്ങളും ഇടനിലക്കാരും തുടങ്ങി അഴിമതിയുടെ വലിയ ഇടങ്ങള്‍ തുറന്നുകാട്ടപ്പെടുന്നു. നാടോടികളും അരാജകവാദികളുമായവരാണ് കൂട്ടത്തില്‍ ഏറെയെന്നതിനാല്‍ അവര്‍ക്ക് സാധാരണക്കാരുടേയും തൊഴിലാളികളുടേയും പിന്തുണ നേടിയെടുക്കാനാവുന്നില്ല. കൃത്യമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാനുള്ള വലിയ രാഷ്ട്രീയ ഉത്തരവാദിത്വം ഇവിടെ തുറന്നുകാട്ടപ്പെടുന്നു.

വിപ്ലവം 

സ്വേച്ഛാധിപത്യത്തിന്റെ വാഴ്ചയ്ക്കുശേഷം അര്‍ജന്റീനയില്‍ കടന്നുപോകുന്ന തീക്ഷ്ണമായ ജീവിതത്തെ വിചാരണ ചെയ്യുന്ന ഡോക്യുമെന്ററിയാണ് എ സോഷ്യല്‍ ജനോസൈഡ് (2004). ജനാധിപത്യക്രമത്തില്‍ രൂപപ്പെടുത്തപ്പെട്ട സര്‍ക്കാര്‍ അര്‍ജന്റീനയുടെ വികസന കാഴ്ചപ്പാടോടെ ഉദാരമായ ഒരു സാമ്പത്തികക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചു. 20 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വന്‍കമ്പനികള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് താരതമ്യേന കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെട്ടു. സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടിയപ്പോള്‍ അഴിമതിയുടെ രീതികള്‍ മാറി, അതു വ്യാപകമായി. തൊഴിലാളികളുടെ അവകാശങ്ങളെ തിരസ്‌കരിച്ചുകൊണ്ട് തൊഴില്‍നിയമങ്ങള്‍ രൂപപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യം പതിച്ചു. ഈ സ്ഥിതി പരിഹരിക്കപ്പെട്ടുകൊണ്ടു മാത്രമേ അര്‍ജന്റീനയിലെ ജീവിതം മെച്ചപ്പെട്ടതാകുവെന്ന് അദ്ദേഹം കുറിക്കുന്നു.

രാഷ്ട്രീയത്തിലേയ്ക്ക് കടന്നുകൊണ്ട് അദ്ദേഹം ഈ ചര്‍ച്ചകളെ കൂടുതല്‍ വിശാലമാക്കി. 2007-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തിലേക്ക് രാജ്യം കടന്നുകയറുന്നത് പിന്നീടാണ്. ലോകത്തിന്റെ വായ്പാക്രമത്തില്‍ സാമ്രാജ്യത്വ ശൈലിയുടെ ഭാഗമായി മാറിയ വായ്പകള്‍ തിരിച്ചടച്ചുകൊണ്ട്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്കുതകുന്ന ഒരു ബാങ്ക് രൂപീകരിക്കാനുള്ള ചര്‍ച്ചകളും അക്കാലത്ത് ശക്തമാക്കപ്പെട്ടു. സമീപകാല അര്‍ജന്റീനയില്‍ ജീവിതത്തില്‍ ശക്തമായി ഇടപ്പെട്ടുകൊണ്ടിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ലാറ്റിനമേരിക്കയുടെ ജീവിതത്തെ പകര്‍ത്തിയെന്ന നിലയിലല്ല അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നത്. സാമ്രാജ്യത്വം അതിന്റെ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹീനമായ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയും അതിനെതിരെയുള്ള ശബ്ദങ്ങളെ എകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നതിലൂടെയാണ്.

മൂന്നാഴ്ചയിലേറെയായി പാരീസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വേളയിലും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടത്, സ്ഥിതി മോശമെങ്കിലും പൊരുതുകയാണ് എന്നാണ്. തിരശ്ശീലയിലെ വെളിച്ചത്തില്‍ സമരത്തിന്റെ രൂപങ്ങളെ എങ്ങനെ കൃത്യമായി അടയാളപ്പെടുത്താമെന്ന് കാണിച്ചുതന്നതാണ് അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍. നിശ്ശബ്ദമാക്കപ്പെടാതെ അദ്ദേഹത്തിന്റെ ക്യാമറകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ബ്യൂണസ് അയേഴ്സിലെ തെരുവില്‍ വെടിയുണ്ടകള്‍ തറച്ച കാലുമായി ആംബുലന്‍സിലേക്ക് കയറുമ്പോഴും പതറാതെ, ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു: ''അര്‍ജന്റീന മുട്ടുകുത്തുകയില്ല, ഞാന്‍ നിശ്ശബ്ദനാകാനും പോകുന്നില്ല.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com