'യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്'

ഇന്നത്തെ കേരളത്തെ മുന്‍കാല കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടേയും ഗമനം താഴോട്ടാണെന്നതില്‍ എനിക്കു സംശയമില്ല
'യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്'

ഹാസാഹിത്യകാരന്‍മാര്‍ പോലും പുതിയൊരു സൃഷ്ടിക്കു മുന്നില്‍, ആദ്യ വാചകം എഴുതാന്‍ വലിയ സംഘര്‍ഷം അനുഭവിച്ചിട്ടുള്ളതായറിയാം. പക്ഷേ, നെയ്യാറ്റിന്‍കരയിലെ പരാതി എഴുത്തുകാര്‍ക്കു്  അത്തരമൊരു സംഘര്‍ഷം ഉണ്ടായിരിക്കാനിടയില്ല. മുപ്പതുവര്‍ഷം മുന്‍പ്  ജോയിന്റ് എസ്.പി എന്ന നിലയില്‍ നെയ്യാറ്റിന്‍കരയില്‍  ലഭിച്ച മൂന്നു മാസത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ നിഗമനം. അവിടെ, അക്കാലത്ത്  പരാതി തുടങ്ങുന്നത് ഇങ്ങനെയായിരുന്നു: ''ഞാന്‍ ഹിന്ദുമതവിശ്വാസിയും നായര്‍ സമുദായാംഗവുമാണ്.''  ആദ്യവാചകത്തില്‍ത്തന്നെ ജാതിയും മതവും പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങും. എന്താണ് ഇതിന്റെ പ്രസക്തി? വീട്ടിലോ അയല്‍പക്കത്തോ ഉണ്ടായ മോഷണമോ അടിപിടിയോ ആകാം വിഷയം. അവിടെ ജാതിയുടേയും മതത്തിന്റേയും പ്രസക്തി എന്താണ്? ഒന്നുമില്ല. എങ്ങനെയൊക്കെയോ അത്തരമൊരു ശീലം അന്നവിടെ ഉണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയിട്ട് അന്നേക്ക്  4 ദശകം കഴിഞ്ഞിരുന്നുവെങ്കിലും ഭരണഘടന പ്രകാരം അവകാശങ്ങളുള്ള പൗരനാണ് 'ഞാന്‍' എന്ന സ്വത്വബോധം അന്യമായിരുന്നിരിക്കണം അന്ന്. ഇന്നോ?

ആദ്യ വാചകത്തിനുശേഷം, പിന്നീട് വരുന്നത് പരാതിക്കാരന്റെ സ്വന്തം വ്യക്തിത്വ വൈശിഷ്ട്യങ്ങളുടെ വര്‍ണ്ണനയാണ്. താനെത്ര സാധുവാണെന്നും നിയമങ്ങളോടും അധികാരസ്ഥാനങ്ങളോടും എല്ലാം എത്ര ബഹുമാനത്തോടും വിധേയത്വത്തോടുമാണ് നാളിതുവരെ ജീവിച്ചിട്ടുള്ളതെന്നും അതിന്റെ സല്‍പ്പേര് സര്‍വ്വസമ്മതമാണെന്നും പ്രഖ്യാപിക്കും.  അതു കേട്ടാല്‍ ആരും സമ്മതിക്കും,  ''എനത് നല്ല മനുഷ്യന്‍.''  പരാതിയുടെ അടുത്ത ഭാഗം എതിര്‍കക്ഷിയുടെ തൂലികാചിത്രമാണ്. നീചന്‍, ദുഷ്ടന്‍, ദുര്‍വൃത്തന്‍, ധിക്കാരി തുടങ്ങിയ വിശേഷണങ്ങള്‍ നിര്‍ലോഭം പ്രയോഗിക്കും. പക്ഷേ, അവസാനം ചോദിച്ചുവരുമ്പോഴോ, പരാതിക്കാരന്റെ സ്വന്തം സഹോദരനായിരിക്കാം  ഈ 'ദുരാത്മാവ്.' സഹോദരന്മാര്‍ തമ്മില്‍ ഇത്രയ്ക്ക് അന്തരമോ സ്വഭാവത്തില്‍? മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനം ജനിതക ശാസ്ത്രത്തില്‍ തേടുന്ന ശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കേണ്ടതാണ് ഇത്. അതവര്‍ക്കു വിടാം നമുക്ക്. 

ഇപ്പോഴെന്റെ മുന്നില്‍ നില്‍ക്കുന്നത് ഇത്തരമൊരു പരാതിക്കാരനാണ്. ഇരിക്കാന്‍ പറഞ്ഞശേഷം പരാതി വാങ്ങി വായിക്കാന്‍ തുടങ്ങി. മേല്‍പ്പറഞ്ഞ രീതിയില്‍ ജാതി, മതം, പരാതിക്കാരന്റേയും എതിര്‍കക്ഷിയുടേയും തൂലികാചിത്രം. അത്രയും ഓടിച്ചുനോക്കിയശേഷം അടുത്ത വാചകം ഞാനുറക്കെ വായിച്ചു. ''കൂടാതെ എതിര്‍കക്ഷി അനവധി കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവനും'' എന്ന ഭാഗം വരെ  വായിച്ചുനിര്‍ത്തി.  ആ ഭാഗം ഒരിക്കല്‍ക്കൂടി വായിച്ചു. എന്നിട്ട് സാവധാനം ചോദിച്ചു: ''ആരെയൊക്കെയാണിയാള്‍ കൊല ചെയ്തിട്ടുള്ളത്?'' മറുപടി പറയാന്‍ ആദ്യം ഒന്നറച്ചു. പിന്നീട് പറഞ്ഞു: ''അത് ഓര്‍മ്മയില്ല'' ''ഓര്‍മ്മയില്ലേ?'' എന്ന് ഞാന്‍. അല്പം അറച്ച് ''പേരറിയില്ല, സാര്‍.'' ''പിന്നെ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയത്?'' എന്ന് വീണ്ടും ചോദിച്ചു: ''ഇതൊക്കെ ബോംബെയില്‍വെച്ച് നടന്നതാണ്'' എന്നായി പരാതിക്കാരന്‍. നിങ്ങള്‍ ഇതെങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, അത് നാട്ടുകാര്‍ പറയുന്നതാണ് എന്ന് ഉത്തരം. ഇങ്ങനെ അല്പം കൂടി മുന്നോട്ടുപോയപ്പോള്‍ എതിര്‍കക്ഷി  കൊലപാതകമൊന്നും ചെയ്തിട്ടില്ലെന്നും പക്ഷേ, ആള് മഹാ കുഴപ്പക്കാരനാണ് എന്നുമായി അയാള്‍. ഇത്രയുമായപ്പോള്‍ എനിക്ക് മനസ്സുമടുത്തു. ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ക്ക് എന്ത് കളവും പറയാന്‍ ഒരു മടിയുമില്ല. പരാതിയുടെ തുടക്കത്തില്‍ത്തന്നെ ഇത്ര ഗുരുതരമായ കള്ളമാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് ഇതിന് തഴോട്ട് വായിക്കാന്‍ എനിക്കു മനസ്സില്ല. നിങ്ങള്‍ക്കു പോകാം.'' പരാതിയില്‍ പിന്നീടുള്ള ഭാഗമെല്ലാം സത്യസന്ധമാണെന്നൊക്കെ പറഞ്ഞുവെങ്കിലും ഞാന്‍ വഴങ്ങിയില്ല. കാര്യസാദ്ധ്യത്തിനുവേണ്ടി എന്തു കള്ളവും പറയുവാന്‍ ഒരു മടിയുമില്ലാത്ത മനുഷ്യരും ചുറ്റുമുണ്ട്. ഒരുപക്ഷേ, നേരായ കാര്യം നേടാന്‍ വളഞ്ഞ വഴിയിലേ സാധിക്കൂ എന്നവര്‍ മനസ്സിലാക്കിയിരിക്കാം .

അക്കാലത്ത് മിക്ക പരാതികളുടേയും വിഷയം വസ്തുതര്‍ക്കമായിരുന്നു. പരാതിക്കാര്‍  വരുന്നത്  വലിയൊരു കെട്ട് പേപ്പറുകളുമായിട്ടായിരിക്കും. ആ ഭാണ്ഡക്കെട്ടഴിച്ചാല്‍ എന്റെ അരദിവസം പോയിക്കിട്ടും. കുടത്തില്‍നിന്നു ഭൂതത്തെ തുറന്നുവിടുന്നതുപോലെയാണത്. ഭാണ്ഡം തിരികെ കെട്ടിക്കുക അസാദ്ധ്യമാണ്. എന്നുമാത്രമല്ല, അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകുകയുമില്ല. ചില ആദ്യ അനുഭവങ്ങളില്‍നിന്ന് അത് നേരിട്ടു ബോധ്യപ്പെട്ടതാണ്. 

അതിനു മുന്‍പേ അക്കാര്യം ആദ്യം കേട്ടത് ഒരു ഗുരുമുഖത്തുനിന്നാണ്. മഹാനായ ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ നാമധേയത്തിലുള്ള സാക്ഷാല്‍  മസ്സൂറി അക്കാദമിയിലെ ട്രെയിനിംഗ് കാലത്താണത് സംഭവിച്ചത്. അവിടെ നിയമപഠനത്തിലേയ്ക്ക് ഞങ്ങളെ നയിച്ചത് മഹാനായ ഒരു അദ്ധ്യാപകനായിരുന്നു- പ്രൊഫസര്‍ ഡി. ബാനര്‍ജി. അക്കാദമിയില്‍ വരും മുന്‍പ് അദ്ദേഹം കല്‍ക്കത്ത ഹൈക്കോടതി രജിസ്ട്രാറായിരുന്നു. അറിവ്, അനുഭവം, അദ്ധ്യാപന മികവ് എല്ലാം ചേര്‍ന്നപ്പോള്‍ നിയമപഠനം അനായാസമായി. പ്രൊഫസര്‍ ബാനര്‍ജി സര്‍വ്വീസില്‍ തുടക്കക്കാരനായ ഒരു മജിസ്‌ട്രേറ്റിന്റെ കഥ പറഞ്ഞു. അദ്ദേഹത്തിന്റെ മുന്നില്‍ വന്ന ആദ്യ സിവില്‍ കേസായിരുന്നു അത്. അത്തരം കേസുകള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേട്ടിരുന്നത്. രണ്ടു കക്ഷികള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമായിരുന്നു വിഷയം. നമ്മുടെ മജിസ്‌ട്രേറ്റ് ആദ്യം ഒരു കക്ഷിയുടെ വാദം കേട്ടു, ശ്രദ്ധാപൂര്‍വ്വം. മുഴുവന്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന് അത്ഭുതം തോന്നി. എത്ര സുവ്യക്തമായ കേസ്, എത്ര ലളിതം. ഇതിലെന്തിനു തര്‍ക്കം? മജിസ്‌ട്രേറ്റിനു കാര്യങ്ങള്‍ ബോദ്ധ്യമായി. വസ്തു അയാളുടെ കക്ഷിക്കു തന്നെ. 

അടുത്ത ദിവസം മറ്റേ  കക്ഷിയുടെ വാദം കേട്ടു. കാര്യം ബോദ്ധ്യമായതാണെങ്കിലും അതും കേള്‍ക്കണമല്ലോ. കുറേശ്ശെ ശ്രദ്ധിച്ചപ്പോള്‍ അതിലും കാര്യമുണ്ടെന്നു നേരിയ സംശയം. വാദം പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ്ണബോധ്യം. സ്വത്ത് ഈ കക്ഷിക്ക് അവകാശപ്പെട്ടതുതന്നെ. ചുരുക്കത്തില്‍, ഓരോരുത്തരെ മാത്രം കേള്‍ക്കുമ്പോള്‍ മജിസ്‌ട്രേറ്റിനു പൂര്‍ണ്ണബോധ്യം. രണ്ടുപേരേയും കൂടി കേള്‍ക്കുമ്പോള്‍ ആകെ ആശയക്കുഴപ്പം. അതുകൊണ്ട് ഇത്തരം കുഴപ്പങ്ങള്‍ക്ക് ഞാനധികം ഇടം കൊടുത്തില്ല. പലരും അതിനെന്നെ നിരന്തരം പ്രേരിപ്പിച്ചെങ്കിലും കഴിയുന്നതും പിടികൊടുക്കാതെ തര്‍ക്കം, ക്രമസമാധാനപ്രശ്‌നമാകാതിരിക്കാനുള്ള ഇടപെടലായിരുന്നു മുഖ്യമായും നടത്തിയത്.

വിവേകശൂന്യ വ്യവഹാരങ്ങള്‍

അക്കാലത്ത് ഞാന്‍ കണ്ട മനുഷ്യരില്‍ ഒരു യുവാവിന്റെ ചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒരു പരാതിയുമായാണ് അയാളെന്നെ കാണാന്‍ വന്നത്. അയാളന്ന് ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാഡ്വേഷന് പോകാനുള്ള ശ്രമത്തിലായിരുന്നു. വസ്തുതര്‍ക്കം തന്നെയായിരുന്നു വിഷയം. ദീര്‍ഘ ചരിത്രമുള്ള ഒന്നായിരുന്നു ആ തര്‍ക്കം. പൊലീസ്, കോടതി, ഇടക്കാല ഉത്തരവ്, സ്റ്റേ, അപ്പീല്‍, ക്രിമിനല്‍ കേസ്, വിചാരണ തുടങ്ങിയ സംഭവപരമ്പരകളെല്ലാം ആവര്‍ത്തിച്ച് അരങ്ങേറിയ ഒരു മെഗാസീരിയലിന്റെ അവസാന എപ്പിസോഡായിരുന്നു അത്. ഏറ്റവും പുതിയ എപ്പിസോഡെന്നു പറയുന്നതാകും കുറേക്കൂടി കൃത്യം എന്നു തോന്നുന്നു. തലമുറകള്‍ നീണ്ടു മുന്നേറിയ ഈ വ്യവഹാരത്തിനാധാരമായ തര്‍ക്കവസ്തുവാകട്ടെ, കഷ്ടിച്ച് അരയേക്കര്‍. ഈ കുരുക്ഷേത്രത്തിലെ കക്ഷികള്‍, രണ്ടു സഹോദരന്മാരുടെ പിന്തുടര്‍ച്ചക്കാരും. അക്കാലത്ത് വസ്തുവിന് അത്ര വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. 'റിയല്‍ എസ്റ്റേറ്റ്', 'റിയല്‍ എസ്റ്റേറ്റ് മാഫിയ' തുടങ്ങിയ പ്രയോഗങ്ങള്‍ക്ക്  കേരളത്തില്‍ പ്രചാരം കിട്ടുന്നതിനു മുന്‍പുള്ള കാലമായിരുന്നു അത്. അതിന്മേല്‍ നടത്തിയ സിവില്‍, ക്രിമിനല്‍ കേസുകള്‍ക്കായി ഇരുകൂട്ടരും എത്രയോ പണം ചെലവഴിച്ചിരിക്കും. ഇത്തരം വ്യവഹാരംകൊണ്ട് ഇരുകൂട്ടരും പരാജയപ്പെടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ വിജയികള്‍ കുറെ വക്കീലന്‍മാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും പിന്നെ ചില ഇടനിലക്കാരും  മാത്രമായിരിക്കും. ഇത്തരമൊരു പരാതിയുമായാണ് ആ ചെറുപ്പക്കാരന്‍ വന്നത്. എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മാത്രം കുറവായിരുന്ന ആ യുവാവിനോട് എനിക്കു സഹതാപം തോന്നി.

ഞാനയാളോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഈ വ്യവഹാരത്തില്‍ ഇതുവരെ  എത്ര പണം ചെലവഴിച്ചു? എത്ര വഴക്കും അടിയും കേസും ഉണ്ടായിട്ടുണ്ട്? തര്‍ക്കവസ്തുവിന് എന്ത് വിലയുണ്ട്? ഇനി എത്ര കാലമെടുക്കും ഇത് അവസാനിക്കാന്‍? കാര്യങ്ങള്‍ സ്വയം  മനസ്സിലാക്കുന്നതിനപ്പുറം, എത്ര വ്യര്‍ത്ഥമായ ഉദ്യമമാണ് അയാളുടേത് എന്ന ബോധ്യം ആ യുവാവില്‍ സൃഷ്ടിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ജയം കൊണ്ടുള്ള നേട്ടവും പരാജയം മൂലമുള്ള നഷ്ടവും എത്ര തുച്ഛമാണെന്നു തിരിച്ചറിയാനുള്ള വിവേകം അയാള്‍ക്കുണ്ടാകുമെന്നു  കരുതി. അവസാനം ഞാന്‍ ചോദിച്ചു. ''നിങ്ങള്‍ ഈ കേസില്‍ കുരുങ്ങിക്കിടക്കാതെ, പോസ്റ്റ് ഗ്രാഡ്വേഷന് പോയി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നോക്കുന്നതല്ലേ നല്ലത്?'' എല്ലാം കേട്ടശേഷം അയാള്‍ അല്പസമയം നിശ്ശബ്ദനായി ഇരുന്നു. പിന്നീട്  പറഞ്ഞു: ''സാര്‍ പറഞ്ഞതൊക്കെ ശരിയാണ്. എനിക്കും ചിലപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ട്.'' ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ വീണ്ടും തുടര്‍ന്നു: ''എന്റെ അച്ഛനാണ് ഈ കേസ് ഇത്രയും കാലം നടത്തിയത്. അച്ഛന് ഇതൊരു അഭിമാന പ്രശ്‌നമാണ്. അച്ഛനിപ്പോള്‍ വയസ്സ് എഴുപതോളമായി, ഹാര്‍ട്ടിന്റെ അസുഖവുമുണ്ട്. ഈ കേസ് തോറ്റാല്‍ പിന്നെ അച്ഛന്‍ ജീവിച്ചിരിക്കില്ല.'' ഇങ്ങനെ പോയി അയാളുടെ മറുപടി. വിവേകശൂന്യമായ വ്യവഹാരം, ജീവിതകാലം മുഴുവന്‍ നടത്തിയശേഷം അതൊരു 'അഭിമാനപ്രശ്‌നം' ആയി പരിണമിച്ച്, ശത്രുത അടുത്ത തലമുറയിലേയ്ക്ക് പകര്‍ന്നുവെന്ന് എനിക്ക് മനസ്സിലായി. ദുരഭിമാനവും വൈകാരികതയും ഒരുമിക്കുന്നിടത്ത് വിവേകത്തിനു സ്ഥാനമില്ലല്ലോ. 
പിന്നെ ഞാനൊന്നും പറഞ്ഞില്ല. 

കുട്ടിക്കാലത്തൊരു മുദ്രാവാക്യം കേട്ടിട്ടുണ്ട്. കേള്‍ക്കാന്‍ നല്ല ഇമ്പമാണ്. അതിന്റെ 'പല്ലവി' ചില തത്ത്വശാസ്ത്രങ്ങളായിരിക്കും. അത്  രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലേബല്‍ അനുസരിച്ചു മാറാം. 'അനുപല്ലവി' ഇങ്ങനെ പോകും, '...തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.'' അതൊക്കെ സംഭവിച്ചിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, നമ്മുടെ നാട്ടില്‍ ഒന്ന് സംഭവിക്കുന്നുണ്ട്. വൈരാഗ്യം, ശത്രുത തുടങ്ങിയ വികാരങ്ങള്‍ ''തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്'' പലരും പലേടത്തും.    

പക്ഷപാതപരമായ പൊലീസ് ഇടപെടല്‍  വലിയ ദുരന്തത്തിനു  ഇടയാക്കും എന്ന് ഞാന്‍ കണ്‍മുന്‍പില്‍ കണ്ടതും നെയ്യാറ്റിന്‍കരവെച്ചാണ്. വസ്തുസംബന്ധമായ കേസുകളില്‍ കോടതികള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്. അതിന്റെ മറവില്‍ പൊലീസ് കൂടി ആ ഭാഗം ചേര്‍ന്ന് ഏകപക്ഷീയമായി ഇടപെടുന്ന അവസരങ്ങള്‍ ഉണ്ടാകാം. രാഷ്ട്രീയ പിന്‍ബലവും പ്രധാന ഘടകം തന്നെയാണ്.  പണം, രാഷ്ട്രീയം, പൊലീസ്, ഗുണ്ട ഇതെല്ലാം കൂടി ചേര്‍ന്നാല്‍ അത് അപകടകരമായ ഒരു മിശ്രിതമാണ്. പുകമറ സൃഷ്ടിക്കാന്‍ കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ടല്ലോ. 

പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത് പൊലീസിന്റെ അധികാര ശ്രേണിയാണ്, ചിലപ്പോഴെങ്കിലും. ഉയര്‍ന്ന ഉദ്യോഗസ്ഥന് ഉയര്‍ന്ന മൂല്യബോധം വേണം. എന്നാല്‍ മേലുദ്യോഗസ്ഥന്‍തന്നെ കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് അധികാര ദുര്‍വിനിയോഗത്തിനു നേതൃത്വം നല്‍കിയാല്‍ അതിനെ ചെറുക്കാന്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കു ബുദ്ധിമുട്ടാണ്. ''കോടതി ഉത്തരവുണ്ടല്ലോ. പിന്നെ നിങ്ങളെന്താണ് പേടിച്ചുനില്‍ക്കുന്നത്? നിങ്ങള്‍ എതിര്‍കക്ഷിയുടെ സ്വാധീനത്തിലാണോ'' എന്നിങ്ങനെ ചില ചോദ്യങ്ങള്‍കൂടി  വരുമ്പോള്‍, അതിനെ ചെറുത്ത് എതിര്‍വാദമുന്നയിക്കാന്‍ പലരും മടിക്കും. എല്ലാം കൂടി ചേരുമ്പോള്‍  അതൊരു  മാനുഷിക ദുരന്തമായി പരിണമിക്കാം. അത്തരം ഒരു സംഭവം ഞാന്‍ നെയ്യാറ്റിന്‍കര സബ്ബ് ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴുണ്ടായത് ഓര്‍ക്കുന്നു, ഇന്നലെ കഴിഞ്ഞപോലെ. 

ഒരു ദിവസം ഉച്ചയോടടുത്ത സമയത്ത്  ഓഫീസിലിരിക്കുമ്പോള്‍ രണ്ടു മൂന്നു സ്ത്രീകള്‍ വലിയ കരച്ചിലും ബഹളവുമായി അവിടെയെത്തി. എന്തെങ്കിലും ചോദിക്കും മുന്‍പേ അവര്‍ അലമുറയിടാന്‍ തുടങ്ങി. ''സാറെ, ഞങ്ങളുടെ വീടെല്ലാം തകര്‍ത്തുകൊണ്ടിരിക്കുന്നു. കുറെ ഗുണ്ടകളും വണ്ടികളും എല്ലാം ഉണ്ട്. പെട്ടെന്നെന്തെങ്കിലും ചെയ്യണം സാര്‍.'' അവരെ  അല്പം ശാന്തരാക്കി, പ്രശ്‌നം മനസ്സിലാക്കാന്‍ ശ്രമിച്ചു. പാറശ്ശാല പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അവരും ബന്ധുക്കളുമെല്ലാമായി എട്ടുപത്താളുകള്‍ വര്‍ഷങ്ങളായി താമസിക്കുന്ന സാമാന്യം വലിയ വീടായിരുന്നു വിഷയം. ''അത് സംബന്ധിച്ച ഒരു സിവില്‍  കേസ് കോടതിയില്‍ കുറേക്കാലമായി നടന്നുവരുന്നുണ്ടായിരുന്നു. അതില്‍  കോടതിയില്‍നിന്നും എന്തോ ഇടക്കാല ഉത്തരവുണ്ടായി. അങ്ങനെ ഉത്തരവുണ്ടെന്നു പറഞ്ഞ് ഞങ്ങളെയെല്ലാപേരേയും സര്‍ക്കിള്‍ ഓഫീസില്‍ കൊണ്ടു പോയി. ഞങ്ങളവിടെ നിന്ന നേരത്താണ് വീടെല്ലാം അവര്‍ ഗുണ്ടകളേയും കൊണ്ടുവന്ന് തകര്‍ക്കുന്നത്.'' അവരുടെ വെപ്രാളം കണ്ടപ്പോള്‍ സംഭവം ഗുരുതരവും അടിയന്തരവും ആണെന്ന് എനിക്കു തോന്നി. കൂടുതല്‍ സമയം കളയാതെ  പാറശ്ശാല എസ്.ഐയെ ഫോണ്‍ ചെയ്ത് ഉടന്‍ സ്ഥലത്തുപോയി, വീട് പൊളിക്കുകയാണെങ്കില്‍ അത് നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞു. പൊലീസ് വേണ്ടത് ചെയ്യുമെന്നും നിങ്ങളും തിരികെ വീട്ടിലേയ്ക്ക് പൊയ്ക്കൊള്ളു എന്നും പറഞ്ഞവരെ മടക്കി.

ഒരു മണിക്കൂര്‍ കഴിഞ്ഞ് എസ്.ഐ സ്ഥലത്തുപോയി തിരികെ വന്നിട്ട് എനിക്ക് ഫോണ്‍ ചെയ്തു. ''സാര്‍, ഏതാണ്ട് അതെല്ലാം പൊളിച്ചുകഴിഞ്ഞിരുന്നു, ഞങ്ങളെത്തുമ്പോള്‍. വലിയൊരു സന്നാഹം പൊളിക്കാനവിടെ ഉണ്ടായിരുന്നു. വളരെ കുറച്ചേ ഇനി ബാക്കിയുള്ളു. അവിടെവച്ച് നിര്‍ത്തിയിട്ടുണ്ട് സാര്‍.'' എന്നാണയാള്‍ പറഞ്ഞത്. നിസ്സംഗതയാണോ നിസ്സഹായതയാണോ ചെറുപ്പക്കാരനായ എസ്.ഐയുടെ വാക്കുകളില്‍ നിഴലിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ''കോടതി ഉത്തരവുണ്ട് എന്നൊക്കെയാണ് പറയുന്നത്'' എന്നയാള്‍ പറഞ്ഞതില്‍ അയാള്‍ പോലും വിശ്വസിക്കുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു. എന്തോ, വലിയൊരു അനീതി നടന്നു എന്നൊരു തോന്നല്‍ എന്റെ മനസ്സിലുണ്ടായി .  

കിട്ടാച്ചരക്കാകുന്ന നീതി

പിന്നീട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്നാണ് ഞാന്‍ മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കിയത്. അദ്ദേഹം നേരിട്ട് സര്‍ക്കിളായി നിയമനം ലഭിച്ച  ഉദ്യോഗസ്ഥനായിരുന്നു. എന്റെ നോട്ടത്തില്‍ അദ്ദേഹം സത്യസന്ധനും ശുദ്ധഗതിക്കാരനുമായിരുന്നു; മനുഷ്യരേയും സാഹചര്യങ്ങളേയും വിലയിരുത്തുന്നതില്‍ ചില പരിമിതികളുണ്ടായിരുന്നുവെന്നു മാത്രം. ജില്ലാ എസ്.പിയുടെ നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ക്കു വിധേയനായിരുന്നു അദ്ദേഹം എന്ന് എനിക്കു തോന്നിയിട്ടുണ്ട്. പലപ്പോഴും നിസ്സാര വീഴ്ചയുടെ പേരില്‍ കടുത്ത ആക്ഷേപവും വിമര്‍ശനവും ഏല്‍ക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഏതാണ്ട് പൂച്ചയുടെ മുന്നില്‍പ്പെട്ട എലിയുടെ അവസ്ഥയായിരുന്നു സര്‍ക്കിളിന്റേത് എന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ഇരിക്കെയാണ് സിവില്‍ കേസുണ്ടായിരുന്ന  വസ്തുതര്‍ക്കത്തില്‍ അനുകൂല കോടതി വിധിയുണ്ടെന്നു പറഞ്ഞ് ഒരു കക്ഷി മേലുദ്യോഗസ്ഥനെ സമീപിച്ചത്. വീട് കൈവശംവെച്ച് താമസിക്കുന്നവരെ പുറത്താക്കാനുള്ള ഉത്തരവ് എന്ന നിലയിലാണ് എസ്.പി ഈ വിഷയത്തെ കണ്ടത്. ആ സമീപനത്തിനു പിന്നില്‍ മറ്റ് ശക്തികളുമുണ്ടാകുമെന്നതില്‍ എനിക്കു സംശയമില്ല, കാരണം അദ്ദേഹത്തിന് കോടതി ഉത്തരവ് കൃത്യമായി വിലയിരുത്താനുള്ള പ്രാപ്തിയുണ്ട്. ഇക്കാര്യത്തിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അദ്ദേഹം അതിന്മേല്‍ നടപടിയൊന്നും എടുത്തിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പൊലീസിന് ഇക്കാര്യത്തില്‍ കാര്യമായ ഒരു റോളുമുണ്ടായിരുന്നില്ല. അതൊരു ഏകപക്ഷീയ ഉത്തരവായിരുന്നു എന്നുമാത്രമല്ല, പൊലീസ് സംരക്ഷണമൊന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുമില്ലായിരുന്നു. 

എന്നാല്‍ പരാതിയുമായി മേലുദ്യോഗസ്ഥന്റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ചു. പരാതിക്കാരന്റെ സാന്നിദ്ധ്യത്തിലാണ് വിളിച്ചത്. കോടതി ഉത്തരവ് ഗൗരവമായിട്ടെടുക്കണമെന്നും താല്‍ക്കാലികമായിട്ടെങ്കിലും താമസക്കാരെ വീട്ടില്‍നിന്നു മാറ്റണമെന്നും സി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. അവര്‍ തമ്മില്‍ നിലനിന്നിരുന്ന പൂച്ച-എലി ബന്ധംവെച്ച് സി.ഐയ്ക്ക്  'സാര്‍', 'സാര്‍', 'സാര്‍' എന്ന് പറയാന്‍ മാത്രമേ കഴിഞ്ഞിരിക്കൂവെന്ന് എനിക്ക് ഊഹിക്കാം. ഈ നിര്‍ദ്ദേശത്തിന്റെ പിന്‍ബലത്തില്‍ അവര്‍ സി.ഐയെ കണ്ട് തല്‍ക്കാലത്തേയ്‌ക്കെങ്കിലും അവരെ മുഴുവന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സി.ഐ എല്ലാപേരേയും വിളിച്ചുവരുത്തി സംസാരിക്കാമെന്ന് ഉറപ്പ് നല്‍കി.

അതിന്‍പ്രകാരം തൊട്ടടുത്തൊരു ദിവസം രാവിലെ സര്‍ക്കിളാഫീസില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് അവരെല്ലാം പൊലീസ് സ്റ്റേഷനിലെത്തി. പക്ഷേ, അതൊരു കെണിയായിരുന്നു. കോടതിയുടെ ഇടക്കാല  ഉത്തരവ് ലഭിച്ച കക്ഷി പ്രബലരായിരുന്നു. വീട്ടുകാര്‍ സ്റ്റേഷനിലെത്തേണ്ട താമസം, അവര്‍ സര്‍വ്വസന്നാഹവുമായി അതു കയ്യേറി, വീടെല്ലാം നിലംപരിശാക്കി. അതിനുള്ള ആള്‍ബലവും ഉപകരണങ്ങളുമെല്ലാം അവര്‍ മുന്‍കൂട്ടി  സമാഹരിച്ചിരുന്നു. ആ ഘട്ടത്തിലാണ് അതില്‍പ്പെട്ട ഏതാനും  സ്ത്രീകള്‍ ഓടി എന്റെ ഓഫീസിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്. അതില്‍ പൊലീസുദ്യോഗസ്ഥനും മറ്റു പല ശക്തികളും കൂടി പിന്നണിയിലുണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കാര്യമായ പ്രവൃത്തി പരിചയമില്ലാതിരുന്ന  സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അതില്‍ കരുവാക്കുകയാണുണ്ടായത് എന്നതില്‍ എനിക്കു സംശയമില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ എന്റെ പേരും ഉപയോഗപ്പെടുത്തിയെന്നും ഞാന്‍ മനസ്സിലാക്കി. സ്വാധീനം  ഉപയോഗിച്ച കക്ഷി ഉയര്‍ന്ന ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ അദ്ദേഹം എന്നെയും ഫോണ്‍ ചെയ്തിരുന്നു, അയാളുടെ സാന്നിധ്യത്തില്‍. എന്നോട് ഈ വിഷയം പറഞ്ഞപ്പോള്‍ സിവില്‍ കേസില്‍ പൊലീസിന്റെ റോളെന്താണ് എന്ന ധാരണയില്‍ത്തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞത്. പക്ഷേ, അയാള്‍  സര്‍ക്കിളിനെ ധരിപ്പിച്ചതാകട്ടെ, ആദ്യം ജോയിന്റ് എസ്.പി വിയോജിച്ചെങ്കിലും പിന്നീട് സമ്മതിച്ചു എന്ന നിലയിലായിരുന്നു. അതും മറ്റൊരു കുതന്ത്രം. ഇത്തരം 'അഭ്യാസങ്ങള്‍' പിന്നെയും കണ്ടിട്ടുണ്ട്, ധാരാളം.
 
പൊലീസുദ്യോഗസ്ഥനെന്ന നിലയില്‍ ഈ  സംഭവം എനിക്ക് ഒരു ഷോക്ക് തന്നെയായിരുന്നു. കുറെ മനുഷ്യര്‍ സ്വസ്ഥമായി താമസിച്ചിരുന്ന വലിയൊരു വീട് സിവില്‍ കേസ് തീരുമാനമാകും മുന്‍പേ വളഞ്ഞവഴിയില്‍ തകര്‍ക്കുക, ആ അനീതിയില്‍ പൊലീസ് മുഖ്യ പങ്കാളിയാകുക- അതാണ് അവിടെ നടന്നത്. വലിയൊരു നീതിനിഷേധത്തില്‍ അറിയാതെയാണെങ്കിലും ഞാനും ഉപയോഗിക്കപ്പെട്ടുവോ എന്നൊരു തോന്നല്‍, കുറ്റബോധമെന്നതിനെ വിളിക്കാം, എനിക്കുണ്ടായി. അതിനു മുന്‍പും പിന്‍പും അങ്ങനെ ഉണ്ടായിട്ടില്ല. പിന്നീട് ഇക്കാര്യത്തില്‍ ചില നല്ല നിയമ നടപടികളും ഇരകള്‍ക്കു ഗുണകരമായ ഇടപെടലുകളും നടത്തിയെങ്കിലും അതൊന്നും തന്നെ അവര്‍ക്കുണ്ടായ നഷ്ടത്തിനും വേദനയ്ക്കും പരിഹാരമായില്ല.  
ഇതെനിക്കു വളരെ നല്ലൊരു പാഠമായിരുന്നു. 

നിയമപ്രക്രിയ  വളച്ചൊടിച്ച് നീതി നിഷേധിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതായാണ് ചുറ്റും കാണുന്നത്. ഇന്നത്തെ കേരളത്തെ മുന്‍കാല കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടേയും ഗമനം താഴോട്ടാണെന്നതില്‍ എനിക്കു സംശയമില്ല. 

അടുത്തകാലത്ത്  കണ്ട ഒരു ഹിന്ദി സിനിമയില്‍ രണ്ടു നിയമജ്ഞര്‍ തമ്മിലുള്ള  ശ്രദ്ധേയമായൊരു സംഭാഷണമുണ്ട്: 'We are in the business of justice' (നമ്മള്‍ നീതിയുടെ വ്യവഹാരത്തിലാണ്) എന്ന് ജൂനിയര്‍ പറയുമ്പോള്‍ 'No, We are in the business of law', (അല്ല, നമ്മള്‍ നിയമത്തിന്റെ വ്യവഹാരത്തിലാണ്) എന്ന് സീനിയര്‍ തിരുത്തുന്നു. ലോകം ഇന്നൊരു കമ്പോളമാണല്ലോ. നിയമത്തിന്റെ കമ്പോളത്തില്‍ നീതി കൂടുതല്‍ കൂടുതല്‍ കിട്ടാച്ചരക്കായി മാറുകയാണോ? 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com