രമണമഹര്‍ഷി; പര്‍വ്വതവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരേയൊരു യോഗിവര്യന്‍

രമണമഹര്‍ഷി ആവാസം തേടിയത് അരുണാചലത്തിലായിരുന്നു. എല്ലാ സമ്പര്‍ക്കങ്ങളും വെടിഞ്ഞ്
രമണമഹര്‍ഷി; പര്‍വ്വതവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരേയൊരു യോഗിവര്യന്‍

രിവ്രാജകന്‍ എന്ന വാക്ക് ജീവിക്കാന്‍ കഴിഞ്ഞ ഒരേയൊരു മനുഷ്യന്‍ രമണമഹര്‍ഷിയായിരിക്കണം, ആധുനിക ഭാരതത്തില്‍. പരമഹംസന്‍ പോലും അത്രയും പിന്‍വലിഞ്ഞ് RECLUSE ഒരാളല്ലായിരുന്നു. കാളിയുടെ മുന്‍പില്‍ ഉന്മത്തനൃത്തം ചെയ്യുന്ന പരമഹംസന്‍ അക്കാലങ്ങളില്‍ ഒരു പതിവ് കാഴ്ചയായിരിക്കണം. അദ്ദേഹം ഒരു ജനപദത്തിന് ഇടയ്ക്കാണ് ജീവിച്ചതും; അവരുമായി വലിയ ചാര്‍ച്ചയൊന്നും ഇല്ലെങ്കില്‍ക്കൂടി. രമണമഹര്‍ഷി ആവാസം തേടിയത് അരുണാചലത്തിലായിരുന്നു. എല്ലാ സമ്പര്‍ക്കങ്ങളും വെടിഞ്ഞ്. പര്‍വ്വതവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരേയൊരു യോഗിവര്യന്‍ അദ്ദേഹമായിരിക്കണം. മാണിക്കവാസഗര്‍, ജ്ഞാനസംബന്ധര്‍, അരുണാഗിരിനാഥന്‍, വിരുപാക്ഷദേവര്‍, ജ്ഞാനദേശികര്‍ എന്നിവരെപ്പോലെയോ അവരെക്കാള്‍ ഏറെയോ. അവരുടെ കാലം പഴയതായിരുന്നല്ലോ. പത്തൊന്‍പതാം നൂറ്റാണ്ടിനും എത്രയോ മുന്‍പ്. രമണമഹര്‍ഷിയുടെ ആവാസസ്ഥാനമായതിനാലാണ് അരുണാചലശിവം പ്രസിദ്ധമായതെന്ന് അടുത്തകാലംവരെ, അല്ലെങ്കില്‍ തിരുവണ്ണാമലയില്‍ കഴിഞ്ഞ ഒരു വര്‍ഷം ചെല്ലുന്നതുവരെ ഞാന്‍ ധരിച്ചുവെച്ചത്. അരുണാചലം എന്നതിന്റെ സര്‍വ്വജ്ഞത മനസ്സിലായത് അപ്പോഴാണല്ലോ. അരുണാചലശിവമെന്നത്, വാസ്തവത്തില്‍ ശിവശക്തിസംയോഗത്തിന്റെ പുനിതമായ ഭൂമികയാണ്. പുരുഷ പ്രകൃതി സംയോഗത്തിന്റേയും. സൃഷ്ടിയുടെ ആദിമമായ കാരകങ്ങള്‍, ജലവും അഗ്‌നിയും ഇവിടെ സംയോജിക്കപ്പെടുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ - ശിവപാര്‍വ്വതീസംയോഗം ചരിത്രാതീത ഗണനയല്ലോ - ചോളരാജാക്കന്മാര്‍, ഹൊയ്'സാലാ' രാജാക്കന്മാര്‍, വിജയനഗര നൃപന്‍ എന്നീ രാജവംശജന്മാരാണ് തിരുവണ്ണാമല ഭരിച്ചത്. ഈ പര്‍വ്വതത്തിന്റെ ഗാംഭീര്യം മുഴുവനായി മനസ്സിലാക്കിക്കൊണ്ട്. പൗരാണിക കാലത്ത് ജൈമിനിയുടേയും ഭൃഗുവിന്റേയും പതഞ്ജലിയുടേയുമൊക്കെ ആവാസസ്ഥാനമായിരുന്നു അരുണാചലം. രുദ്രന്‍ അഗ്‌നിയുമായി അന്വയിക്കപ്പെടുന്നത് ഋഗ്വേദത്തിലാണ്. സസ്‌കന്ദപുരാണവും ലിംഗപുരാണവും അരുണാചലത്തെ സദാശിവമായിത്തന്നെ സങ്കല്പനം ചെയ്യുന്നു. സുമേരു പര്‍വ്വതത്തെക്കാളേറെ, കൈലാസപര്‍വ്വതത്തെക്കാളേറെ, ഒരുപക്ഷേ, ഈ സ്ഥലം അത്രയ്ക്ക് പവിത്രമാണെന്ന് അവര്‍ പറയുന്നു, ലേശം വൈമനസ്യത്തോടെ നാമത് ശ്രവിക്കുന്നു. അരുണാചലഗിരിയുടെ ദര്‍ശനത്തില്‍ത്തന്നെ നിങ്ങളുടെ അവിദ്യ അകന്നുപോവുമെന്ന് പറയുവാന്‍ വിസമ്മതമില്ല. പക്ഷേ, മൂവ്വായിരം അടിയേക്കാളേറെ എത്രയോ ഔന്നത്യമുണ്ട്, സുമേരുശൃംഗത്തിനും കൈലാസശൃംഗത്തിനും എന്ന യാഥാര്‍ത്ഥ്യം അവിടങ്ങളില്‍ ഒരിക്കലെങ്കിലും പോയ ഒരാള്‍ക്ക് വിസ്മരിക്കാവതല്ല. ആ ഉയരക്കൂടുതല്‍ അനുസരിച്ച് സസ്യസത്തകള്‍ ദുര്‍ല്ലഭങ്ങളായി, കൂടുതല്‍ അമൂല്യങ്ങളായി മാറുമെന്നത് തര്‍ക്കാതീതമാണ്. പുറമെ, മഞ്ഞും കുളിരും അവ്വിധം പരിക്രമികളെ വിസ്മയചിത്തരാക്കുകയും ചെയ്തേക്കാം. എല്ലാ ശൃംഗങ്ങളും പുണ്യഗിരികളാണെങ്കിലും ചിലത് കൂടുതല്‍ ശ്രേയസ്സ് വഹിക്കുന്നു. അത്ര എളുപ്പം ഗമ്യമല്ലാത്തതിനാല്‍ ഒരുപക്ഷേ, അരുണാചലത്തിലെ സസ്യമേഖല എന്ത് ഊഷരമായി ഭവിച്ചിരിക്കുന്നുവെന്ന് എന്റെ പ്രദക്ഷിണത്തില്‍ ഗ്രഹിച്ചതാണ്. രമണമഹര്‍ഷിയും അരുണാചലവും ഒരു അവിഭക്തസത്തയാണെന്ന് സ്ഥിരീകരിക്കയാണ് നമുക്ക് അഭികാമ്യം. 1896 സെപ്തംബറിലാണ് നൂറ്റിയിരുപത്തിനാല് വര്‍ഷങ്ങള്‍ മുന്‍പ് വെങ്കടരമണന്‍, ഈ ഗിരിയുടെ പ്രദക്ഷിണത്തിനായി എത്തുന്നത്. അദ്ദേഹത്തോടൊപ്പം, പരിക്രമണത്തില്‍ എത്തിയവരൊക്കെയും അത് പൂര്‍ത്തിയാക്കി, അവരവരുടെ ലൗകികങ്ങളിലേയ്ക്ക് തിരിച്ചുപോയി. പക്ഷേ, വെങ്കടരമണന് അങ്ങനെ തിരിച്ചുപോകാവതല്ലല്ലോ. പൂര്‍വ്വനിയുക്തമെന്നതുപോല്‍ അരുണാചലവുമായി ഒരു യോഗാത്മക ഐക്യത്തിന് ആ യുവാവ് അവിടെ ആസ്പദം തേടി. അങ്ങനെയല്ലാതെ, ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നിക്കാണും രമണന്. അരുണാചലത്തില്‍ സൂര്യരശ്മികള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന് അഭിമുഖമായി വര്‍ത്തിക്കുകയായിരിക്കും ഈ യുവാവ്. ആ പ്രഭാജ്യോതിസ്സില്‍ത്തന്നെയാവണം ഈ പരിവ്രാജകന്റെ സാധകം രൂപപ്പെട്ടിരിക്കുക. പ്രാചീനരായ ഋഷിമാരുടെ മാര്‍ഗ്ഗം തന്നെ അദ്ദേഹം സ്വീകരിച്ചു. വനരാശിയുമായുള്ള വിഹാരങ്ങളില്‍, അദ്ദേഹം പുതിയൊരു അസ്തിത്വത്തിന്റെ 'കരുത്തുകള്‍' തേടി. അന്‍പത്തിനാലുവര്‍ഷത്തെ, അരുണാചലജീവിതത്തില്‍ അദ്ദേഹത്തിന്റെ ലഭ്യമായ രചനകളില്‍ പ്രമുഖം 'ഉള്ളത് നാര്‍പ്പത്' ആണ്. ഇതിന്റെ മലയാഭാഷ്യം 'സ്വാത്മസുഖി' എന്ന പേരില്‍, നൊച്ചൂര്‍ ശ്രീ വെങ്കടരാമര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. അരുണാചലനെ അഭിസംബോധന ചെയ്തെഴുതിയ ഈ കുറളുകള്‍ വലിയൊരു ദര്‍ശനത്തിന്റെ സാന്നിധ്യം അനുഭവപ്പെടുത്തുന്നു. തന്നെ ചൂഴ്ന്നുവന്ന വനരാശിയില്‍ അദ്ദേഹം നിഷ്‌കളങ്കമായ ഒരു സാത്മ്യം തേടല്‍ നിര്‍വ്വഹിച്ചിരിക്കണം. രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ മൃഗജാതിയും ഉരഗജാതിയും നിര്‍ബാധം പെരുമാറിയെന്നത്, ഈ നൂറ്റാണ്ടിന്റെ മാത്രം അത്ഭുതമല്ല. പക്ഷിയും പാമ്പും വാനരനും കരടിയും അദ്ദേഹവുമായി ആശയസംവേദനം ചെയ്തിരുന്നു. ആഹാരം തേടി ആശ്രമത്തില്‍ വരിക മാത്രമല്ല, അവ അവിടുത്തെ അന്തേവാസികള്‍ കൂടിയായിരുന്നു, താല്‍ക്കാലികമായെങ്കിലും. രമണമഹര്‍ഷിയുടെ മടിയില്‍, ധ്യാനനിഷ്ഠനാവുമ്പോള്‍, അല്ലാതിരിക്കുമ്പോഴും മൂര്‍ഖന്‍ ഇഴഞ്ഞു ചെല്ലുന്നത് പെരുമയ്ക്ക് പറയുന്നതല്ല. ജഗത്‌ചൈതന്യത്തിന്റെ അംശമാണ്, അതും എന്ന പുനിതമായ തിരിച്ചറിവ് കൈവന്ന ഒരാളോട് അവ അങ്ങനെയേ സംവദിക്കയുള്ളൂ. WILD എന്നത് ആപല്‍ക്കരമായ ഒരു അവസ്ഥയല്ല. അവയെ പരിപാലിച്ചു രമണമഹര്‍ഷി എന്നതെക്കാളേറെ പ്രസക്തം അവയുമായി ഒത്തുവാഴ്വ് അനായാസമാണെന്നാണ് അദ്ദേഹം കാണിച്ചുതന്നത്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ നാം WILDNESS എന്ന വാക്കിനെ വീണ്ടും കണ്ടെത്തുകയാണ്, അതിന്റെ എല്ലാ ജൈവ സ്നിഗ്ധതയിലും. സ്നിഗ്ധം എന്ന പദംകൊണ്ട് എന്തെങ്കിലും മൃദുഭാവം ഉദ്ദേശിക്കപ്പെടുന്നെങ്കില്‍ അത് പിശകാണ്, രമണമഹര്‍ഷി ഇവയോടൊക്കെയും തികഞ്ഞ പാശരാഹിത്യത്തിലാണ് ഇടപെട്ടുപോന്നത്. അദ്ദേഹം എന്തെങ്കിലും വിധത്തിലുള്ള പരിലാളനകള്‍ക്ക് മുതിര്‍ന്നോ എന്നതുകൂടി സന്ദേഹമാണ്. ഭാഗവതത്തില്‍നിന്നും ഒരു സന്ദര്‍ഭം എടുക്കുകയാണെങ്കില്‍ ഈ പാശരാഹിത്യം സ്പഷ്ടമാവും. ഭരതന്‍ രാജൈശ്വര്യങ്ങളത്രയും ത്യജിച്ചുകൊണ്ട് വാനപ്രസ്ഥം നിര്‍വ്വഹിക്കാന്‍ കാട്ടിലേക്ക് പോവുന്നു, ഒരുവിധത്തിലുള്ള സംഗത്തിനും കളമൊരുക്കാതെ. പക്ഷേ, അവിടെവെച്ച് ഒരു മാന്‍കുഞ്ഞ് ഭരതന്റെ സത്തയിലേക്ക് ഇഴുകിച്ചേരുന്നു. കര്‍മ്മപാശത്തിന്റെ അവിഭാജ്യമായ ഒരു ചരട് അവരെ ഇണക്കുന്നു. ഭരതന്, ഇനിയുമൊരു മാന്‍കുഞ്ഞിന്റെ ജന്മം സ്വീകരിക്കേണ്ടിവരുന്നു. രമണമഹര്‍ഷിക്ക്, അരുണാചലത്തില്‍ അപ്രകാരം രണ്ടാമതൊരു ജന്മം എടുക്കേണ്ട കര്‍മ്മപാശം ഉണ്ടായതേയില്ല. ആ നിര്‍മ്മമത്വത്തോടെയാണ് അദ്ദേഹം അവിടെ വാണത്, ശരീരത്തിനും അപ്പുറമെന്തോ സാക്ഷാല്‍ക്കരിച്ചുകൊണ്ട്. പുലിത്തോലില്‍ ഇരിക്കുന്ന രമണമഹര്‍ഷിയെ കണ്ടപ്പോള്‍ ഞാന്‍ തെല്ലൊന്ന് അസ്വസ്ഥനായി - ഏതോ വേട്ടയാടലിന്റെ ബാക്കിയാണല്ലോ ആ പുലിത്തോല്‍ - അങ്ങനെ സ്റ്റഫ് ചെയ്തു സൂക്ഷിക്കുന്നത് പാരിസ്ഥിതിക നീതിക്ക് യോജിച്ചതല്ലെന്ന ധാരണയില്‍. ഒരു ഞൊടിയെടുത്തുകാണും ആ ഭേദബുദ്ധി രമണമഹര്‍ഷിക്കു ബാധകമല്ലെന്ന് ഉണരാന്‍. തീര്‍ച്ചയായും അദ്ദേഹം ആവശ്യപ്പെട്ടതായിരിക്കില്ല, ആ പുലിത്തോല്‍. അവിടം സന്ദര്‍ശിച്ച ഏതെങ്കിലും അരചന്റെ സമ്മാനമായിരിക്കണം അത്. അതില്‍ ഇരിക്കുന്നതും ഏതെങ്കിലും പാറമേല്‍ - അരുണാചലത്തില്‍ അവ നിരവധിയുണ്ട്, പുല്ല് കിളിര്‍ക്കാത്ത - ഒരു വ്യത്യാസവും അനുഭവപ്പെട്ടിരിക്കില്ല അദ്ദേഹത്തിന്. മാര്‍ദ്ദവങ്ങളേതുമില്ലാത്ത ജീവിതത്തില്‍ ഈ പുലിത്തോലിന് എന്ത് സ്ഥാനമാണുണ്ടാവുക? നിര്‍മ്മമം, നിസ്‌തോഭം, നിരാകുലം, അങ്ങനെയായിരിക്കണം രമണമഹര്‍ഷി ആ പര്‍വ്വതപ്രാന്തങ്ങളില്‍ ജീവിച്ചിരിക്കുക. അദ്ദേഹം എഴുതാന്‍ എന്തെങ്കിലും ഉപാധികള്‍ ആരാഞ്ഞിരുന്നു, തിട്ടമില്ല. നല്ല തെളിഞ്ഞ തമിഴില്‍ അതിന്റെ അമുദക്കിലുക്കത്തിലാണ്, അദ്ദേഹത്തിന്റെ ഉള്ളത് നാര്‍പ്പത് എന്ന കവിതാഗ്രന്ഥം - സ്വാത്മസുഖിയയെക്കുറിച്ച് സൂചിപ്പിച്ചല്ലോ - വര്‍ത്തമാനം PRESENT എന്നതിന് രമണമഹര്‍ഷി അവലംബിക്കുക നികഴ്വ് എന്നാണ്. നികഴ്വ് ഓന്റ. വര്‍ത്തമാനം മാത്രം സത്യമാണ്. അതിനെ വിസ്മരിച്ച്


''ഇന്റ് ഉണ്‍മൈ തേരാത്
ഇരപ്പ് എതിര്‍വ് തേര് ഊനല്‍
ഒരിറ്റ് ഇത് രി എണ്ണ ഊനല്‍''
ഇന്നിനെ വിസ്മരിച്ചുകൊണ്ട് ഇന്നലെയേയും നാളേയും ആരായുന്നത് ഒന്നിനെ വിട്ട് എണ്ണാന്‍ ശ്രമിക്കുന്നതുപോലെയാണ്. ഗണിതത്തില്‍ പൂജ്യത്തിന് അടിസ്ഥാനമുണ്ടെങ്കിലും അക്കങ്ങളുടെ അക്ഷൗഹിണിയത്രയും ആരംഭിക്കുക ഒന്നില്‍നിന്നാണ്. അതിന്റെ വലതുവശത്ത് വീഴുന്ന പൂജ്യങ്ങള്‍ ചേരുമ്പോഴാണ് മഹാസംഖ്യകള്‍. അതത് പൊഴുതില്‍മാത്രം വാണുകൊണ്ടിരുന്ന രമണമഹര്‍ഷിയോട് അനുയായി അന്നത്തെ തിഥിയെക്കുറിച്ച് എന്തോ സംശയനിവൃത്തിക്ക് തുനിഞ്ഞു. രമണമഹര്‍ഷി മറുപടി പറഞ്ഞപ്പോള്‍ ചിരിച്ചോ എന്നു നിശ്ചയമില്ല. ചിലപ്പോള്‍ കണ്ണുതുറന്നാല്‍ രാത്രി; ചിലപ്പോള്‍ കണ്ണുതുറന്നാല്‍ പകല്‍; ഇതിനിടയ്ക്ക് തിഥിയും അമാവാസിയും പൗര്‍ണ്ണമിയും ഒക്കെ കടന്നുപോയെന്നിരിക്കും. ഞാന്‍ ഇവയെ ശ്രദ്ധിച്ചിരുന്നില്ലല്ലോ. ഇത് ഒരേസമയം സ്മൃതിയാണ്, വിസ്മൃതിയുമാണ്. സനാതനമായ എന്തോ ഒന്നിനെക്കുറിച്ചുള്ള സ്മൃതി. സനാതനമല്ലാത്ത TRANSIENT എന്തോ ഒന്നിനെ - ഇത് ഒന്നല്ല, എല്ലാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നതാണ് - ക്കുറിച്ചുള്ള വിസ്മൃതി. അങ്ങനെയാണ് രമണമഹര്‍ഷി തന്റെ ജീവപദാര്‍ത്ഥത്തെ സാത്വികതയുടെ മൂശയില്‍ വാര്‍ത്തെടുത്തുകൊണ്ടിരുന്നത്. ആ വാര്‍ത്തെടുക്കലില്‍ അദ്ദേഹം ഒരുപക്ഷേ, തനിച്ചായിരിക്കണം. വിദൂരമായ ഒരു സാദൃശ്യം ജ്ഞാനേശ്വരനുമായിട്ടാവണം. പരമഹംസനെക്കാളും നാരായണഗുരുവെക്കാളും രമണമഹര്‍ഷി ഏകാകിയായിരുന്നു. നിരാബദ്ധനായിരുന്നു.

ആശ്രമത്തിൽ
ആശ്രമത്തിൽ

''നാന്‍ ഉറിയത് എന്ന നിലൈ
നാന്‍ അരുവായ് ഉള്ളതിനാലെ''
ഞാനെന്ന അവബോധം ഉദിക്കാതിരിക്കുമ്പോഴാണ് ഞാന്‍ അതാണ് എന്ന സ്വയം ജ്ഞാനം സിദ്ധിക്കുക. 'തന്നിഴപ്പിനെ' ആത്മഭാവനാശം ലഭിക്കണമെങ്കില്‍ ആ അഹംബോധം നീങ്ങിപ്പോവണം, പൂര്‍ണ്ണമായി. അപ്പോള്‍, അരുണാചലത്തില്‍ നിഹിതമായ ജ്യോതിസ്സ് കണ്ടെത്താന്‍ കഴിയുന്നു. അല്ലാത്തവര്‍ക്ക് അരുണാചലം ഭൂമിയുടെ ശിലാഭരിതമായ മറ്റൊരു പ്രദേശം മാത്രം. സുമേരുപര്‍വ്വതത്തേയും കൈലാസാദ്രിയേയും കുറിച്ചു സ്ഥിതികൊള്ളുന്ന യോഗാത്മകവിഭൂഷകള്‍ ഈ പരമാത്മഭാവം തന്നെയാണ് അര്‍ത്ഥമാക്കുക. അവിടെ അത് മഞ്ഞിന്റെ പവിത്രസാന്നിധ്യത്തിലാണെന്ന ചെറുതല്ലാത്ത വ്യത്യാസമുണ്ട്.

പ്രാചീനമായ ഈ ഗിരിപാര്‍ശ്വങ്ങളില്‍ നാഗരികമായ എല്ലാറ്റിനേയും നിരാകരിച്ചുകൊണ്ട് തികച്ചും സമാഹിതചിത്തനായി വാണുകൊണ്ടിരിക്കുമ്പോഴാവണം രമണമഹര്‍ഷി സോമര്‍സെറ്റ് മോമിന്റെ അനുഭവപഥത്തിലേയ്ക്ക് എത്തുന്നത്. തിരുവണ്ണാമലയില്‍ ഒരു ഇന്ദ്രിയപ്രത്യക്ഷം ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് മോം അവിടെയെത്തിയത്. മോമിന് നേരിട്ട നടുക്കം, പിന്നീട് എത്രയോ പാശ്ചാത്യര്‍ക്ക് നേരിട്ട നടുക്കത്തില്‍ ഒരു പ്രാരംഭം മാത്രമായിരിക്കണം. രമണമഹര്‍ഷിയുടെ COMPLETE WORKS എഡിറ്റ് ചെയ്ത ആര്‍തര്‍ ഓസ്ബോണ്‍ അവരില്‍ പ്രമുഖനാണ്. ഉപനിഷത്തുക്കള്‍ പരിചയമില്ലാത്ത സോമര്‍സെറ്റ് മോം 'ക്ഷുരസ്യ ധാരാ' എന്ന പ്രതിബിംബം ഉള്‍ക്കൊണ്ടുകൊണ്ടത് രമണമഹര്‍ഷിയുടെ സാമീപ്യംകൊണ്ടാണ്. സാക്ഷാല്‍ക്കാരത്തിലേക്കുള്ള മാര്‍ഗ്ഗം കത്തിയുടെ വായ്ത്തലപോലെ കഠിനതപസ്സ് ആവശ്യപ്പെടുന്ന ഒന്നാണ്. കയറ്റുപാലത്തില്‍ കൂടിയുള്ള നടത്തം പലപ്പോഴും സംഭവ്യമാണ്. മനസ്സില്‍ ആന്തലുളവാക്കുന്ന ആ സപര്യ താഴെ കുതിച്ചൊഴുകുന്ന നദീവേഗം കണ്ടതിനാലാണ്. ഇവിടെ കത്തിയുടെ അറ്റം, അങ്ങനെ ഒരു പഥമാവുന്നേയില്ല. ഏത് സന്ദര്‍ഭത്തിലും പ്രതീകാര്‍ത്ഥത്തില്‍ മാത്രമേ അത് സ്വീകരിക്കാനാവൂ. സോമര്‍സെറ്റ് മോം അതിനെ ഞഅദഛഞട EDGE എന്നാണ് ഭാഷാന്തരീകരിച്ചത്. ലാരി എന്ന വൈമാനികന്റെ കഥ പറയാന്‍ അദ്ദേഹം ഈ പ്രതിബിംബം കൈക്കൊള്ളുകയായിരുന്നു. ലാരിയുടെ അതീതാനുഭവം TRANSCENDENTAL EXPERIENCE, ഒരുപാട് ഉയരത്തില്‍, വ്യോമപഥങ്ങളില്‍ വെച്ചായിരുന്നു. അനന്തത ഇതിലും വ്യാപ്തമായി, ഇതിലും ദീപ്തമായി അനുഭവവേദ്യമാവുകയില്ലല്ലോ - ഒരു കടലിന്റെ നീലവിസ്തൃതിയില്‍പ്പോലും ആ പുസ്തകത്തിന്റെ ആമുഖത്തിലാണ് മോം, തിരുവണ്ണാമലയിലെ ഈ പരിവ്രാജകനെക്കുറിച്ചും അദ്ദേഹം പൂകിയ യോഗാത്മകമായ അനുഭവത്തെക്കുറിച്ചും ആഹ്ലാദത്തോടെ സ്മരിക്കുന്നത്. സരളമനസ്‌കനായ ഈ മനുഷ്യന്റെ സാമീപ്യം, ഏത് ഉപനിഷദ് ദര്‍ശനത്തേക്കാള്‍ മോമിനും അതുപോലുള്ള ജിജ്ഞാസുക്കള്‍ക്കും സുഗ്രഹമായിരിക്കണം. കാരണം, രമണമഹര്‍ഷി സാക്ഷാല്‍ക്കരിച്ചത് ആ അദ്വൈതാവസ്ഥയായിരുന്നല്ലോ. ഒരു ശിഷ്യനേയും അവശേഷിപ്പിക്കാത്ത പരിവ്രാജകനായിരുന്നു രമണമഹര്‍ഷി എന്നുകൂടി ഓര്‍ക്കാം - ശ്രീനാരായണഗുരുവെപ്പോലെയോ പരമഹംസനെപ്പോലെയോ - ഇവര്‍ മൂന്നുപേരും അര്‍ബ്ബുദത്തിന്റെ കോശവളര്‍ച്ചയ്ക്ക് വിധേയരായി എന്നത് മറ്റൊരു അഹിതകരമായ യാഥാര്‍ത്ഥ്യം. ലൈംഗികതയുടെ ഉദ്ഭാവനം, വിമലീകരണം പൂര്‍ണ്ണമാവാതിരിക്കുമ്പോഴാണ് അത്തരം കോശഭ്രംശങ്ങള്‍ ഉരുവാകുക. ഇനിയും കണ്ടെത്തേണ്ടുന്ന കോശസംബന്ധിയായ സങ്കീര്‍ണ്ണതകളാണവ. അതിനെ മറച്ചുവെച്ചുകൊണ്ടല്ല നാം ഈ മഹാരഥരെ പഠിക്കേണ്ടത്. ആ വേദനയുടെ പര്‍വ്വം അവരെ മാനുഷികമായി നിര്‍വ്വചിക്കാന്‍ നമ്മെ സജ്ജരാക്കുകയാണ്. ഭഗവാനും അര്‍ബ്ബുദമോ എന്ന സ്തോഭമല്ല കാമ്യം. ശ്രീകൃഷ്ണന്റെ ചെമന്ന പാദത്തിലാണ് മരണകാരകമായ അമ്പ് പാഞ്ഞുകയറിയത്. അത് അവരുടെ മനുഷ്യജന്മത്തെ പൂര്‍ണ്ണമാക്കുകയാണ് വാസ്തവത്തില്‍. ഒരു അത്ഭുതവും രമണമഹര്‍ഷി നിറവേറ്റിയില്ല, അദ്ദേഹത്തിന്റെ ജീവിതമാകെ ഒരു പ്രതിഭാസമായിരുന്നു. ഈ ലൗകികത്തെ പാടേ വെടിഞ്ഞുകൊണ്ട്, എങ്കിലോ ഈ ലോകത്തിന്റെ ഓരോ സ്പന്ദത്തേയും ഗ്രഹിച്ചുകൊണ്ട്. അരുണാചലത്തിനുമേല്‍ ആദ്യത്തെ സൂര്യരശ്മി വീഴുമ്പോള്‍ ഉണര്‍ന്നുവരുന്ന മഹര്‍ഷി കുറേ നേരം അങ്ങനെ വര്‍ത്തിക്കുമായിരിക്കും ആ പ്രതകാലദീപ്തിയില്‍. പിന്നീട് എന്തെങ്കിലും ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നു, കാട്ടുചോലയില്‍ തന്റെ കൗപീനം, മേല്‍വസ്ത്രം, ഉടുവസ്ത്രം കഴുകി എടുക്കുന്നു. വീണ്ടും അരുണാചലത്തില്‍ ജ്യോതിസ്സിന് വിട്ടുകൊടുക്കുന്നു. നിശ്ചിതമായ ആഹാരക്രമം അതുപോലെയൊരു മനുഷ്യന്‍ പാലിച്ചിരുന്നു എന്ന് രേഖകളില്ല. അവധൂതരുടെ ഭക്ഷണക്രമം നാമെങ്ങനെ ഉള്‍ക്കൊള്ളാന്‍? വീണ്ടും സായംസന്ധ്യയാവുന്നു, ചേക്കേറുന്ന കിളികള്‍ എവിടുന്നോ തിരികെ വരുന്നു; മൃഗജാതി, പാമ്പും കുരങ്ങും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ആശ്രമം എന്തിനെയൊക്കെയാണ് ആവസിപ്പിച്ചിരുന്നത്? നാണ്യവ്യവസ്ഥ എന്നതിനെ പാടേ റദ്ദ്‌ചെയ്തുകൊണ്ട്, ഈ കൗപീനധാരി ഒരു ജലപാത്രവും മുളന്തണ്ടും വഹിച്ച് അരുണാചലത്തിന്റെ കാടകങ്ങളില്‍ നിര്‍ബാധം പുലരുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങളല്ല, അഞ്ച് ദശാബ്ദങ്ങളോളം. സ്പൃശ്യമല്ലാത്ത തന്റെ ഈട് ആര്‍ക്കും പകര്‍ന്നുകൊടുക്കേണ്ടതില്ലാതെ, എല്ലാ സ്ഥാപനവല്‍ക്കരണങ്ങളേയും അതിജീവിച്ചുകൊണ്ട്, എല്ലാ ആരാധനവ്യവസ്ഥകളേയും അതിക്രമിച്ചുകൊണ്ട്, ചിറ്റിന്‍പത്തിന്റെ പരമമായ സ്ഥായിയില്‍.

പ്രക‌ൃത്യുപാസകൻ
പ്രക‌ൃത്യുപാസകൻ

തിരുവണ്ണാമലയില്‍ നാലഞ്ചു വര്‍ഷം മുന്‍പാണ്, എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് വൈകിപ്പോയ യാത്ര. സേലത്തുനിന്ന് അതിരാവിലെയാണ് തിരുവണ്ണാമലയിലേയ്ക്കുള്ള ജീവാ ബസ്, മൂന്നുമൂന്നരമണിക്കുള്ളത്. തമിഴ്നാടിന്റെ ഊഷരമായ നിരത്തുകളിലൂടെ ജമന്തിഗന്ധം പ്രസരിപ്പിച്ച തമിഴത്തികളിലൂടെ, ആര്‍ഭാടരഹിതമായ ഒരു ബസ് യാത്ര. രമണമഹര്‍ഷിയുടെ നേരിയ ഒരു സാന്നിധ്യമെങ്കിലും അവിടെ ഉണ്ടെങ്കില്‍ എന്നാഗ്രഹിച്ചുകൊണ്ട്. രമണാശ്രമത്തിലെ കൊച്ചു വീടുകളൊന്നില്‍ പാര്‍പ്പിടം തികഞ്ഞ നിശ്ശബ്ദതയാണ് എങ്ങും. രമണമഹര്‍ഷിയുടെ ആസ്ഥാനം തിരഞ്ഞുവരുന്ന മനുഷ്യര്‍ കുറവാണ്. മഹര്‍ഷി വാണരുളിയ അതേ വിജനതയിലാണ് അന്തരീക്ഷം ഇപ്പോഴും. അത് അങ്ങനെതന്നെ തുടരട്ടെ. ആരവങ്ങളെയത്രയും അകറ്റുന്ന പ്രകൃതമാണല്ലോ അരുണാചലത്തിന്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അരുണാചലത്തിന്റെ ഉള്‍പ്രദക്ഷിണത്തിനു മുതിര്‍ന്നപ്പോഴാണ്, ആ പഥമൊക്കെയും എത്ര ജനരഹിതമെന്ന് ബോധ്യമായത്. പുറത്തുകൂടിയുള്ള പരിക്രമണം തീരെ ആസ്വാദ്യമല്ലായിരുന്നു, നിരത്തിന്റെ ബഹളങ്ങളൊക്കെ കലരുന്നതിനാല്‍. ആശ്രമത്തിന്റെ ഉള്ളിലൂടെയാണ് ഞാനും എന്റെ സുഹൃത്തും അരുണാചലത്തിന്റെ പാര്‍ശ്വങ്ങളിലേക്ക് കടന്നത്. കയറ്റിറക്കങ്ങളില്ലാത്ത കാട്ടുപാത, അനുഗാമികള്‍ ആരുംതന്നെ ഇല്ല. ശബ്ദവിഹീനമായ ഉച്ച. പാറക്കല്ലുകള്‍ക്കിടയ്ക്ക് വഴി വീതികുറഞ്ഞുവരുന്നു. അങ്ങനെ കുറേ ചെല്ലുമ്പോഴാണ്, ഗുഹപോലൊന്ന് കണ്‍വെട്ടത്ത് വരിക. വിരൂപാക്ഷ ഗുഹ - ഞങ്ങള്‍ തനിച്ചായതിനാല്‍, ആ സ്ഥലത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ആരോടും ചോദിക്കാനില്ല. രമണമഹര്‍ഷി പലപ്പോഴും വാണ ഒരു ഗുഹയുണ്ട് ഈ പ്രദക്ഷിണപഥത്തില്‍ എന്നുമാത്രം ആശ്രമത്തിലെ വഴികാട്ടികള്‍ സൂചിപ്പിച്ചിരുന്നു. ആ ഗുഹയുടെ അകമേ, അല്പനേരമെങ്കിലും മരുവണമെന്നും - എന്താണ് എന്നെ ചൂഴ്ന്നുവരുന്നതെന്ന് മനസ്സിലായില്ല. പക്ഷേ, അകമേ ഒരു വെളിവ് - സുമേരുശൃംഗവും കൈലാസശൃംഗവും കണ്ടുകൊണ്ടാണ് അരുണാചലത്തിലേയ്ക്ക് വരുന്നതെന്ന ഒരു ഗര്‍വ്വ് എനിക്കകമേ ഉണ്ടായിരുന്നോ? ആ ഗര്‍വ്വിലേക്കാണ് ഉച്ചയുടേതല്ലാത്ത ഒരു പ്രകാശം വന്നുവീണത്, എന്നെ ഏറെ വിനയവാനാക്കിക്കൊണ്ട്. തപോവനസ്വാമികള്‍ ഹിമാലയത്തിലും പ്രാണവാനന്ദസ്വാമികള്‍ മാനസസരസ്സിലും ഒരുപാട് വിഹരിച്ചിട്ടുണ്ട്, വാസ്തവം. പക്ഷേ, അവര്‍ക്ക് ആ ശൃംഗങ്ങള്‍ സ്ഥിരമായ ഒരു ആവാസമായിരുന്നില്ല, അരുണാചലം രമണമഹര്‍ഷിക്കെന്നപോല്‍. മഞ്ഞും തണുപ്പും ഒക്കെ ഇതിനൊരു വിഘാതമായിരിക്കാം. രമണമഹര്‍ഷിക്കുതന്നെ സുമേരുശൃംഗത്തില്‍, ഈ പരിമിതമായ വസ്ത്രവുമായി ഋതുഭേദങ്ങളിലൂടെ കടന്നുപോവാനാവുമായിരുന്നോ എന്നൊക്കെ ആലോചിക്കാം. ഉയരക്കൂടുതലിന്റെ വിജനത, ഇനിയും കാമ്യമായിരുന്നിരിക്കാം. തപോവനത്തിലെ മായിയെ അനുസരിച്ച് അവര്‍ക്ക് അവസാനകാലത്ത് ഗംഗോത്രിയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ, ഡക്കാന്‍ പീഠഭൂമിയോട് ചേര്‍ന്നു വര്‍ത്തിക്കുന്ന അരുണാചലം ഏറെ പ്രാചീനമാണ്, ആര്‍ക്കിയന്‍ (ARCHEAN) കാലഘട്ടമെന്നതൊക്കെ നമ്മുടെ ഗണനകള്‍ക്ക് എത്രയോ അപ്പുറമാണ്. അതുമായി ഉള്‍ച്ചേര്‍ന്നു വാണത് ഒരു രമണമഹര്‍ഷി മാത്രം, സ്ഥലപുരുഷസത്ത എന്ന പരമാര്‍ത്ഥത്തില്‍. അരുണാചലം രമണമഹര്‍ഷിയിലേക്കും രമണമഹര്‍ഷി അരുണാചലത്തിലേക്കും പൂര്‍വ്വനിര്‍ദ്ദിഷ്ടം ചെയ്യപ്പെട്ടവരായിരുന്നു. വിരൂപാക്ഷഗുഹയില്‍നിന്നു പുറത്തുകടന്നപ്പോള്‍, ഞാന്‍ പരിമേയമല്ലാത്ത ഒരു ലാഘവം പകുത്തിരുന്നു.

സഹജീവനദർശനം
സഹജീവനദർശനം

ആസന്നമരണനായി കിടക്കുന്ന രമണമഹര്‍ഷിയെ ഒരു മയില്‍ സന്ദര്‍ശിച്ച കഥ ആ ഗുഹാതല്പത്തില്‍ ദുഃഖിതരായി വര്‍ത്തിച്ച ശിഷ്യന്മാര്‍ ഓര്‍ത്തെടുക്കുന്നു. എവിടുന്നോ തത്തിക്കളിച്ചുവന്ന മയില്‍ പെട്ടെന്ന് രമണമഹര്‍ഷിയുടെ ശയ്യയുടെ സമീപം ചെല്ലുന്നു, ശിരസ്സിന്റെ ഭാഗത്തുനിന്നുകൊണ്ട് അതിന്റേതായ മാധുര്യം തീണ്ടാത്ത സ്വരത്തില്‍ ശബ്ദിക്കുന്നു. എന്തോ ഒരു മുന്നോടിയെന്നപോലെ, അല്ലാതെ അവിടെ ആ മയിലിന് ശബ്ദിക്കേണ്ട ഒരു ചുറ്റുപാടും ഇല്ലായിരുന്നു. ഈ ശബ്ദം കേട്ടുണര്‍ന്ന രമണമഹര്‍ഷി, അദ്ദേഹം അപ്പോള്‍ തന്റെ അര്‍ബ്ബുദത്തിന്റ വേദന അതിജീവിച്ചുകാണും. അവിടെ നിന്നവരോട് ആരായുന്നു - ഏന്‍ മയിലിക്ക് ആരും ശാതം പോടലയാ? ആ ഉല്‍ക്കണ്ഠ അവരെ പെട്ടെന്ന് ദ്രവീഭവിപ്പിച്ചു. മരണാസന്നനായ ആ രോഗിവര്യന്‍ ആ അവസാന നിമിഷങ്ങളിലും തനിക്കു ചുറ്റുമുള്ള ജീവജാതിയെ ഓര്‍ത്തിരുന്നു എന്നതിന്റെ ഉദാരത. അവസാനത്തെ പത്തുവര്‍ഷം മഹര്‍ഷിയുടെ സന്തതസഹചാരിയായിരുന്ന സൂരിനാഗമ്മ (മഹര്‍ഷിയുടെ 'കുറളുകള്‍' എല്ലാം ഇവരാണ് പകര്‍ത്തിയെഴുതിയിരുന്നത്.) മയിലിന് എന്തോ തീറ്റ ഇട്ടുകൊടുത്തപ്പോള്‍ അത് കൊറിച്ചുവോ എന്നു തിട്ടമില്ല. പക്ഷേ, വന്നതുപോലെ അത്രയും പെട്ടെന്ന് ആ മയില്‍ തിരോധാനം ചെയ്യുകയാണ്. തന്റെ വിട ആ മഹായോഗിക്ക് ഏകിക്കൊണ്ട് ഒരു പക്ഷിജാതി അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ഏക ജീവമുക്തന്‍ രമണമഹര്‍ഷി ആയിരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com