കാര്‍ഷിക ബില്ലുകള്‍- നിയമനിര്‍മ്മാണത്തിന്റെ കുറുക്കുവഴികള്‍

ചട്ടങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും പതിവുകള്‍ വിട്ടെറിഞ്ഞ് ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ, സഭാംഗങ്ങളുടെ അഭാവത്തില്‍ ചര്‍ച്ചപോലുമില്ലാതെയാണ് കൊവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം നടന്നത്
കാര്‍ഷിക ബില്ലുകള്‍- നിയമനിര്‍മ്മാണത്തിന്റെ കുറുക്കുവഴികള്‍

ട്ടങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും പതിവുകള്‍ വിട്ടെറിഞ്ഞ് ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ, സഭാംഗങ്ങളുടെ അഭാവത്തില്‍ ചര്‍ച്ചപോലുമില്ലാതെയാണ് കൊവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം നടന്നത്. ഉത്തരം പറയേണ്ടിവരുന്ന ബാധ്യതകളൊഴിവാക്കാന്‍ ചോദ്യോത്തരവേള റദ്ദാക്കപ്പെട്ടു. പൊതു പ്രധാനകാര്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള ശൂന്യവേള  ഒരു മണിക്കൂറില്‍നിന്ന് അരമണിക്കൂറാക്കി. 18 ദിവസത്തേയ്ക്ക് ചേര്‍ന്ന സഭകള്‍ പരിഗണിച്ചത് ലോക്ക്ഡൗണിനുശേഷം കൊണ്ടുവന്ന പതിനൊന്ന് നിര്‍ണ്ണായക ഓര്‍ഡിനന്‍സുകള്‍. വിവാദമായ കാര്‍ഷികമേഖലയിലെ പരിഷ്‌കാരങ്ങളും ബാങ്കിങ് റെഗുലേഷന്‍ ഭേദഗതിയും തൊഴില്‍നിയമങ്ങളുടെ പരിഷ്‌കാരവുമൊക്കെ ഇതില്‍പ്പെടും. അഭിപ്രായങ്ങളേയും ചര്‍ച്ചകളേയും തമസ്‌കരിച്ച് ഈ ബില്ലുകളെല്ലാം നിയമമാക്കാന്‍ ബി.ജെ.പി ഒരുങ്ങിയപ്പോള്‍ അഭേദ്യവും അവസാനവുമായ ജനാധിപത്യത്തിന്റെ ഒരു ഘടകം കൂടി ഇല്ലാതായി. 'അഭിപ്രായ സമന്വയം' എന്ന രീതി കൂടി നഷ്ടമായതോടെ ഒരു ജനാധിപത്യ രാഷ്ട്രസംസ്‌കൃതിയുടെ മൂല്യത്തകര്‍ച്ച പൂര്‍ണ്ണ അര്‍ത്ഥത്തിലായി.

പ്രതിപക്ഷാഭിപ്രായത്തെ ഒന്നാകെ അവഗണിച്ച്, ഹാജരായ എം.പിമാരുടെ കണക്കുകള്‍ മാത്രം നോക്കി ശബ്ദവോട്ടോടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസ്സാക്കിയ സമ്മേളനത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കായിരുന്നു 'അഭിപ്രായസമന്വയം'. ഈ വാക്കിന്റെ പേരിലാണ് നാടകീയമായ വഴിത്തിരിവുകള്‍ സഭയിലുണ്ടായത്. ചര്‍ച്ച പൂര്‍ത്തിയാക്കി ബില്ല് പാസ്സാക്കാന്‍ ഉപാധ്യക്ഷന്‍ കാണിച്ച അതിരു കടന്ന താത്പര്യമാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. ഈ നിര്‍ദ്ദേശം പാലിക്കാന്‍ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി സമയം ദീര്‍ഘിപ്പിക്കുന്നതിന്റെ നിര്‍ദ്ദേശം വച്ചു. എന്നാല്‍, ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും അത് അംഗീകരിച്ചില്ല. 

കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമായിരുന്നു അവരുടെ ആവശ്യം. പാര്‍ലമെന്റില്‍ ഒരു ബില്ലിന്റെ വിശദമായ ചര്‍ച്ചകള്‍ക്കു പരിമിതി ഉണ്ടാകുമ്പോള്‍ വിശദ പരിശോധന നടത്തുതിനുള്ള ഉപസംവിധാനമാണ് സെലക്ട് കമ്മിറ്റി. ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പെടുന്നതാണ് സെലക്ട് കമ്മിറ്റി. സെലക്ട് കമ്മിറ്റിക്കു ബില്‍ വിടുന്നതുകൊണ്ട് അതിന്റെ അന്തസ്സത്ത ചോരുകയല്ല, പകരം അര്‍ത്ഥപൂര്‍ണ്ണമാവുകയാണ് ചെയ്യുക. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യവും നിരാകരിക്കപ്പെട്ടു. പാര്‍ലമെന്റില്‍ വ്യവസ്ഥചെയ്ത ആ അവകാശം നിഷേധിക്കപ്പെട്ടതിലൂടെ ചര്‍ച്ചകൂടാതെ ബില്‍ പാസ്സാക്കണം എന്ന സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം സംശയാതീതമായി തെളിയുകയും ചെയ്തു. പ്രധാന ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ കൂടെനിന്ന ബി.ജെ.പിയുടെ സഖ്യകക്ഷികളായ ബി.ജെ.ഡിയും ടി.ആര്‍.എസും വരെ ബില്ലിനെതിരെ രംഗത്തു വന്നിട്ടും ഫലമുണ്ടായില്ല. പതിവുപോലെ ഇത്തവണയും അഭിപ്രായ ഐക്യത്തിനായി ശ്രമം പോലും ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 

അഭിപ്രായ സമന്വയമെന്നത് ദൗര്‍ബ്ബല്യമല്ല, മറിച്ച് ജനാധിപത്യസ്വഭാവത്തോടെ നയതീരുമാനമെടുക്കാനുള്ള ശേഷി കൂടിയാണ്. കയ്യാങ്കളിയോളം എത്തിയ പ്രതിപക്ഷ പ്രതിഷേധത്തെ മാത്രമല്ല സര്‍ക്കാര്‍ അവഗണിച്ചത്; മറിച്ച് പാര്‍ലമെന്റിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരോഷത്തേയും കൂടിയായിരുന്നു. ബില്ല് പാസ്സാക്കിയ അന്ന് രാത്രിയാണ് മോദി മന്ത്രിസഭയില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചത്. ബില്‍ കര്‍ഷകദ്രോഹവും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണെന്ന വിമര്‍ശനത്തെ ഘടകകക്ഷി കൂടി പരസ്യമായി പിന്തുണച്ചു എന്നത് എന്‍.ഡി.എയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കനത്ത തിരിച്ചടിയാണ്. വിമര്‍ശനങ്ങളെ മോദി സര്‍ക്കാരിലെ മന്ത്രി തന്നെ സാധൂകരിക്കുന്നു എന്നതാണ് രാജിയുടെ രാഷ്ട്രീയം. രാഷ്ട്രീയമുന്നണിയില്‍പ്പോലും അഭിപ്രായ സമന്വയത്തിന് ബി.ജെ.പി ശ്രമിച്ചില്ല. ജനാധിപത്യത്തിന്റെ പരിമിതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കേവല ഭൂരിപക്ഷം ഉപയോഗപ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍.
 
എന്നാല്‍, ഇന്ത്യന്‍ ഭരണഘടന റിപ്പബ്ലിക്കന്‍ ഭരണഘടനകൂടിയാണ്. അടിസ്ഥാനമൂല്യങ്ങള്‍ ജനാധിപത്യത്തിന് കേവല ഭൂരിപക്ഷംകൊണ്ട് അട്ടിമറിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു അടിത്തറ നമ്മുടെ രാഷ്ട്രീയസംവിധാനത്തിലുണ്ടായിരിക്കണമെന്നൊരു നിഷ്‌കര്‍ഷത കൂടി നമ്മുടെ ഭരണഘടനയ്ക്കുണ്ട്. അതുകൊണ്ടാണ് കേവല ഭൂരിപക്ഷത്തിലുപരി കൂടുതല്‍ സങ്കീര്‍ണ്ണമായ ഭൂരിപക്ഷ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, അതുപോലും മാറ്റിമറിക്കുന്ന സാഹചര്യത്തിലേയ്ക്ക് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം എത്തിച്ചേര്‍ന്നു. ജനാധിപത്യമെന്നത് ഭൂരിപക്ഷമോ ഭരണകൂടമോ അല്ല, മറിച്ച് ജനപക്ഷത്ത് നില്‍ക്കുന്ന, അതിനെ മുന്നോട്ട് നയിക്കുന്ന കുറേ മൂല്യങ്ങളാണ്. ഭൂരിപക്ഷമെന്നത് പ്രായോഗികമായ ഒരു തെരഞ്ഞെടുപ്പ് ഉപാധി മാത്രമാണ്. ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്ന ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഭൂരിപക്ഷം എന്ന നിലയില്‍ സമൂഹത്തിലെ അന്‍പത് ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നില്ല. അത്തരം സാധ്യതകള്‍ സാങ്കേതികമായി നിലനില്‍ക്കുന്നിടത്തോളം വിയോജിക്കുന്നവരുടെ പ്രാതിനിധ്യം പ്രതിപക്ഷത്തിലൂടെയാണ് വരിക. ആ അര്‍ത്ഥത്തില്‍ അഭിപ്രായ സമന്വയമെന്നത് ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന നടപടിയാണ്. 

കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം

ഓര്‍ഡിനന്‍സ് വഴിയുള്ള നിയമനിര്‍മ്മാണം കുറുക്കുവഴിയാണെന്നു തിരിച്ചറിഞ്ഞ ബി.ജെ.പി അത് തന്ത്രപരമായി സ്വാര്‍ത്ഥരാഷ്ട്രീയത്തിനായി നടപ്പാക്കുകയായിരുന്നു. ആദ്യ മുപ്പതു വര്‍ഷം പത്തു ബില്ലുകള്‍ക്ക് ഒരു ഓര്‍ഡിനന്‍സ് എന്ന രീതിയിലായിരുന്നു നമ്മുടെ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയിരുന്നത്. പിന്നീടുള്ള 30 കൊല്ലം അത് പത്തിന് രണ്ട് എന്ന നിലയിലായി. 2014-ല്‍ മോദി അധികാരത്തിലേറിയപ്പോള്‍ പതിനാറാം ലോക്സഭയില്‍ 10 ബില്ലുകള്‍ക്ക് 3.5 ഓര്‍ഡിനന്‍സുകള്‍ എന്നതായി കണക്ക്. ഇപ്പോഴത്തെ ലോക്സഭയില്‍ 10 ബില്ലുകള്‍ക്ക് 3.3 ഓര്‍ഡിനന്‍സുകള്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു.  എന്‍.ഡി.എ അധികാരത്തിലിരുന്ന 1998 മുതല്‍ 2004 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷം 9.6 ഓര്‍ഡിനന്‍സുകളാണ് ഇറങ്ങിക്കൊണ്ടിരുന്നത്. ഒന്നാം യു.പി.എ കാലത്ത് 7.2 ഓര്‍ഡിനന്‍സുകളും രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഞ്ചുമായിരുന്നു. 2014-നും 2019-നും ഇടയില്‍ ഒരു വര്‍ഷം ഇറങ്ങുന്ന ഓര്‍ഡിനന്‍സുകളുടെ എണ്ണം പത്തായി.  മോദിയുടെ ഭരണകാലയളവില്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ഓര്‍ഡിനന്‍സ് വഴി നടത്തുന്ന നിയമനിര്‍മ്മാണം നല്ല കീഴ്വഴക്കമല്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടാണ് സ്ഥാനമൊഴിഞ്ഞത്.
 
നിയമനിര്‍മ്മാണസഭകളുടെ അടുത്ത സമ്മേളനം തുടങ്ങി ആറ് ആഴ്ചകള്‍ക്കുള്ളിലാണ് ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. അല്ലാത്തപക്ഷം അത് അസാധുവാകും. സഭാസമ്മേളനം നടക്കുമ്പോള്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനും പാടില്ല. നിയമനിര്‍മ്മാണത്തിന്റെ ഘട്ടങ്ങളില്‍ ചര്‍ച്ചയും സൂക്ഷ്മപരിശോധനയും വിലയിരുത്തലും ആവശ്യമാണ്. എന്നാല്‍, നിലവില്‍ ഓര്‍ഡിനന്‍സിനുശേഷം തന്ത്രപൂര്‍വം ബില്‍ അവതരിപ്പിക്കുകയും ഉള്ള ഭൂരിപക്ഷം വച്ച് പാസ്സാക്കുകയുമാണ് പതിവ്. എന്നാല്‍, ചില ബില്ലുകള്‍ക്ക് ഇത്ര തിടുക്കം കാട്ടാറുമില്ല. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ് ബാങ്ക് കുംഭകോണത്തിനുശേഷമാണ് ബാങ്കിങ് റെഗുലേഷന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിനുശേഷം രണ്ട് പാര്‍ലമെന്റ് സെഷനുകള്‍ കഴിഞ്ഞു. എന്നിട്ടും കരട്ബില്‍ അവതരിപ്പിക്കപ്പെട്ടില്ല. ലോക്ക്ഡൗണ്‍ കാലത്ത് ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തും തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിച്ച് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നിരുന്നു. തൊഴിലാളികളോടോ സംഘടനകളോടോ പൗരാവകാശ സംഘങ്ങളോടോ അഭിപ്രായം തേടാതെയായിരുന്നു ഈ പരിഷ്‌കാരം. 

സമവായമില്ല തീരുമാനം ഏകപക്ഷീയം

നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെ, ജമ്മുകശ്മീരിന്റെ ഭരണഘടനാപദവി ഇല്ലാതാക്കിയതു മുതല്‍ നീറ്റ് പരീക്ഷ നീട്ടിവച്ചതു വരെ എല്ലാം ഏകപക്ഷീയമായി തീരുമാനിക്കപ്പെടുകയായിരുന്നു. പൗരത്വബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നിട്ടും അഭിപ്രായ സമന്വയത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പൗരത്വഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ പട്ടികയുടെ ബാക്കിപത്രമായിരുന്നു കശ്മീരില്‍ സംഭവിച്ചത്. ഒരുവര്‍ഷം മുന്‍പ് ഓഗസ്റ്റ് അഞ്ചിനു കശ്മീരില്‍ തടവിലാക്കപ്പെട്ട എഴുപതു ലക്ഷത്തോളം ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ മോദി തയ്യാറായിരുന്നില്ല. അസമില്‍ ദശലക്ഷക്കണക്കിനു മനുഷ്യരാണ് ഈ നിയമത്തെത്തുടര്‍ന്ന് പൗരത്വ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്. എന്നിട്ടും അഭിപ്രായ സമന്വയത്തിനായിരുന്നില്ല മുന്‍തൂക്കം. 

മോദിയുടെ കാലത്ത് അസംഭവ്യമായി ഒന്നുമില്ല. 2019-ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫെബ്രുവരി 28-നാണ് അഞ്ച് ഓര്‍ഡിനന്‍സുകള്‍ക്ക് മോദിയുടെ ക്യാബിനറ്റ് അനുമതി നല്‍കിയത്. സ്പെഷല്‍ ഇക്കണോമിക് സോണ്‍സ് ആക്റ്റ്, 2005-ലെ വ്യക്തിനിര്‍വ്വചനം ഭേഗഗതി ചെയ്തതും ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ബോര്‍ഡിനു ഭരണകാലയളവ് നീട്ടിക്കൊടുത്തതുമെല്ലാം ഇത്തരം ഓര്‍ഡിനന്‍സുകളിലൂടെയാണ്. അത് പതിവെന്ന് ആശ്വസിക്കാം. എന്നാല്‍, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായേക്കാവുന്ന നയതീരുമാനങ്ങള്‍ ഇഴകീറിമുറിച്ചുള്ള ചര്‍ച്ചയിലൂടെ വിലയിരുത്തിയ ശേഷം വേണം എടുക്കാന്‍. അതൊന്നും പാലിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തവണ പാസ്സാക്കിയ കാര്‍ഷിക ഭേദഗതി ബില്ലുകള്‍. സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളില്‍ സംശയദൂരീകരണം നടത്തേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, അതിനുപകരം പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നെന്ന വാക്കുകളാണ് മോദിയില്‍നിന്നുണ്ടായത്. കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങളില്‍ നീറുന്ന കര്‍ഷകരുടെ ആവലാതികളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. ഈ മൂന്ന് ബില്ലുകളും കര്‍ഷക താല്പര്യങ്ങളെ ഹനിക്കുന്നതും കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതുമാണെന്നു പ്രത്യക്ഷത്തില്‍ത്തന്നെ ബോധ്യപ്പെടും. ഇതിനു പുറമേയാണ് ബില്ലുകള്‍ പാസ്സാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച കുറുക്കുവഴികള്‍.  ജനാധിപത്യത്തിലെ അടിസ്ഥാന സങ്കല്പങ്ങളെപ്പോലും നിരാകരിക്കുന്നതാണ് ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ചത്. 

രാജ്യസഭയിലുണ്ടായ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർലമെന്റ് പരിസരത്ത് നിന്ന് പുറത്ത് പോകാൻ കൂട്ടാക്കാതിരുന്ന എംപിമാർ രാത്രിയിലും കുത്തിയിരിപ്പ് തുടർന്നു
രാജ്യസഭയിലുണ്ടായ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർലമെന്റ് പരിസരത്ത് നിന്ന് പുറത്ത് പോകാൻ കൂട്ടാക്കാതിരുന്ന എംപിമാർ രാത്രിയിലും കുത്തിയിരിപ്പ് തുടർന്നു

ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന ജൂണിലാണ് ഈ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. രാജ്യം നിശ്ചലമായതിന്റെ ആഘാതത്തില്‍നിന്നു അപ്പോഴും മോചിതമായിരുന്നില്ല. കര്‍ഷകരും കര്‍ഷക സംഘടനകളും പ്രതിപക്ഷവും എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും പ്രത്യക്ഷ സമരപരിപാടികള്‍ക്കു പ്രായോഗിക സാധ്യതകളില്ലായിരുന്നു. ചര്‍ച്ചകള്‍ക്കും സമവായത്തിനും സമയവും മാര്‍ഗ്ഗവുമുണ്ടായിട്ടും ഏകപക്ഷീയമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ഷകസംഘടനകളുടേയും സംസ്ഥാനങ്ങളുടേയും അഭിപ്രായം തേടാമായിരുന്നു. കൃഷി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനിവാര്യവുമായിരുന്നു. എന്നാല്‍, ഫെഡറല്‍ ഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍പോലും ലംഘിക്കപ്പെടുന്നതാണ് കണ്ടത്. 

എന്നാല്‍, കൊവിഡിന്റെ പേരില്‍ ചര്‍ച്ച കൂടാതെ ലോക്സഭയില്‍ ബില്‍  പാസ്സാക്കിയെടുത്തു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ആ ബില്ല് പാസ്സായതായി ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യസഭയില്‍ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശത്തെയാണ് ഇല്ലാതാക്കിയത്. അത് പാര്‍ലമെന്ററി ചട്ടങ്ങളുടെ ലംഘനമായിരുന്നു. ബില്ലിന്റെ ജയപരാജയം നിര്‍ണ്ണയിക്കുന്നത് സഭയിലെ ഭൂരിപക്ഷമാണ്. ചിലപ്പോള്‍ ശബ്ദവോട്ടാകാം. അല്ലെങ്കില്‍ യഥാര്‍ത്ഥ വോട്ട് തന്നെയാകാം. എന്നാല്‍    , കൊവിഡ് കാലത്ത് അസാധാരണമായി ഞായറാഴ്ച ചേര്‍ന്ന സഭാസമ്മേളനം ഡെപ്യൂട്ടി ചെയര്‍മാന്‍ ചട്ടലംഘനത്തിലൂടെ നടപടിക്രമങ്ങളെ അട്ടിമറിക്കുകയായിരുന്നു.

കാർഷിക മേഖലയിൽ പരിഷ്‌കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ നിയമഭേദഗതിക്കെതിരെ ദക്ഷിണേന്ത്യയിലും ശക്തമായപ്പോൾ. തമിഴ്‌നാട്ടിൽ നിന്നുള്ള ദൃശ്യം
കാർഷിക മേഖലയിൽ പരിഷ്‌കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ നിയമഭേദഗതിക്കെതിരെ ദക്ഷിണേന്ത്യയിലും ശക്തമായപ്പോൾ. തമിഴ്‌നാട്ടിൽ നിന്നുള്ള ദൃശ്യം

അംഗത്തിന്റെ അവകാശം ലംഘിക്കപ്പെടുന്നത് നിയമനിര്‍മ്മാണസഭകളുടെ നടപടിക്രമങ്ങളുടെ ലംഘനമാണ്. അത് ഒരംഗത്തിനുള്ള നീതിനിഷേധം മാത്രമല്ല, ജനപ്രതിനിധിയുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തില്‍ പൗരാവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. ഒരു ബില്‍ പാസ്സാക്കും മുന്‍പ് ഭേദഗതി നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കണം എന്നാണ് ചട്ടം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടോ അല്ലെങ്കില്‍ സഭയില്‍ ആ സമയത്ത് ഹാജരായ അംഗങ്ങളുടെ എണ്ണമോ നിശ്ചയിക്കുന്നതാണ് വോട്ടെടുപ്പ് എന്ന ചട്ടം പറയുന്നു. സ്വന്തം സീറ്റില്‍ ഇരുന്ന് ഒരു അംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കണം എന്നാണ് വ്യവസ്ഥ. സഭ നിയന്ത്രിച്ച ഉപാധ്യക്ഷന്‍ ആ ചട്ടം ലംഘിച്ച് ശബ്ദവോട്ട് പ്രകാരം ബില്‍ പാസ്സായി എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബില്‍ പാസ്സാക്കിയെടുത്തതിന് ന്യായീകരണം ചമച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ന്യായീകരണം ഇതായിരുന്നു: ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 110 പേര്‍ ബില്ലിനെ അനുകൂലിക്കുന്നു. 72 പേര്‍ മാത്രമാണ് എതിര്‍ക്കുന്നത്. അവരുടെ എതിര്‍പ്പുകളെക്കൂടി ഉള്‍ക്കൊള്ളുകയെന്നതാണ് ജനാധിപത്യരീതിയും ചട്ടവും. ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍  അതിന്റെ നീതിശാസ്ത്രം മുതല്‍  രാഷ്ട്രീയവും ഭരണഘടനാപരവുമായ സംശയങ്ങള്‍ വരെ ദൂരീകരിക്കപ്പെടേണ്ടതുണ്ട്. 

മണ്‍സൂണ്‍ സഭാസമ്മേളനത്തിനു സമയദൈര്‍ഘ്യം കുറവായിരുന്നു. ഒക്ടോബര്‍ ഒന്നിന് അവസാനിക്കേണ്ട സമ്മേളനത്തില്‍ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ഹരിവംശിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചെയര്‍മാന്‍ വെങ്കയ്യനായിഡു തള്ളിയത്. 46 പ്രതിപക്ഷ എം. പിമാര്‍ ഒപ്പിട്ട് ഗുലാംനബി ആസാദ് നല്‍കിയ കത്ത് തള്ളാന്‍ പറഞ്ഞ ന്യായം അത് ശരിയായ ഫോര്‍മാറ്റില്‍ ആയിരുന്നില്ല എന്നുള്ളതായിരുന്നു. 14 ദിവസത്തെ സമയം വേണമെന്ന ചട്ടമുള്ളതുകൊണ്ട് പ്രമേയം പരിഗണിക്കാനാവില്ലെന്ന് ചെയര്‍മാന്‍ തീരുമാനിക്കുകയായിരുന്നു. പാലിക്കപ്പെടാത്ത ചട്ടങ്ങള്‍ എഴുതിയ റൂള്‍ബുക്ക് കീറിയെറിഞ്ഞതില്‍ പ്രതിപക്ഷത്തിനു കുറ്റബോധം ഇനി തോന്നേണ്ടതില്ല. ചട്ടങ്ങള്‍ ആവശ്യത്തിന് അനുസരിച്ച വളച്ചൊടിക്കുമ്പോള്‍, സഭാദ്ധ്യക്ഷന്‍മാര്‍ സര്‍ക്കാരിനു കീഴ്പെടുമ്പോള്‍ കീഴ്വഴക്കങ്ങള്‍ക്ക് എന്ത് പ്രസക്തി? 

പരിശുദ്ധിയുടെ ക്ഷേത്രസങ്കല്പമല്ല ജനാധിപത്യ സഭകള്‍ക്ക്. അവിടെ പ്രതിഷേധങ്ങള്‍ പതിവാണ്. അതിനുള്ള അവകാശം നിയമനിര്‍മ്മാണസഭകള്‍ അനുവദിക്കുന്നു. എതിര്‍സ്വരങ്ങള്‍ ഇല്ലാതെ പ്രശംസകള്‍ മാത്രം ചൊരിയാനുള്ള നടുത്തളങ്ങളാവും ഏതു സര്‍ക്കാരും ആഗ്രഹിക്കുക. എന്നാല്‍, ജനാധിപത്യത്തില്‍ അത്തരം ആഗ്രഹങ്ങള്‍ക്കു പരിമിതിയുണ്ട്. വൈവിധ്യപൂര്‍ണ്ണമായ ചര്‍ച്ചകളും വാദങ്ങളുമാണ് സഭകളെ ജനാധിപത്യമുഖരിതമാക്കുന്നത്. അതിന് ചര്‍ച്ചകളും നടപടിക്രമങ്ങള്‍ പാലിക്കലും അനിവാര്യമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com