'അയാളുടെ അന്നത്തെ സ്വാതന്ത്ര്യം വെറും ഗതികേടായിരുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു'

തെരഞ്ഞെടുക്കാന്‍ പലതുമുണ്ടെ ങ്കിലും അതിനുള്ള പ്രാപ്തി ഇല്ലെങ്കില്‍ പിന്നെന്ത് വികസനവും സൗകര്യങ്ങളും
'അയാളുടെ അന്നത്തെ സ്വാതന്ത്ര്യം വെറും ഗതികേടായിരുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു'

കാലം കുറേ കഴിഞ്ഞിട്ടാണ്, ഞാന്‍ അയ്യപ്പനെ ഓര്‍ക്കാനും കൂടുതല്‍ അറിയാനും ശ്രമിക്കുന്നത്. അയ്യപ്പനെ ഞാന്‍ മറന്നിരുന്നില്ല. കാലം കഴിഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ ചിലപ്പോളങ്ങ് ശക്തമാവുമെന്നുമാത്രം. പഴയതു പലതും പൊന്തിവരും, പ്രസക്തമാവും. തെറ്റിദ്ധരിക്കരുത്, ഇത് സാക്ഷാല്‍ അയ്യപ്പനല്ല. അതൊക്കെ കലഹവും വിവാദങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ഇതൊരു പാവം, നാട്ടിന്‍പുറത്തെ, കൂലിപ്പണിക്കാരനായ അയ്യപ്പന്‍. എന്റെ കുട്ടിക്കാലത്തെ സന്തതസഹചാരി, കാരിക്കുട്ടി മകന്‍ അയ്യപ്പന്‍. വീട്ടിലെ ദാരിദ്ര്യം കാരണം, ഞങ്ങളുടെ വീട്ടില്‍ പുറംപണിക്കാരനായി കൂട്ടി. സ്‌കൂളില്‍ ചേര്‍ന്ന് സമയം കളയാതെ, അവന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''വല്ല പണിയും ചെയ്ത് നാലു മുക്കാല്‍ ഉണ്ടാക്കാന്‍ നോക്കണം'' എന്നു തീരുമാനിച്ചവന്‍. 

അങ്ങനത്തെ ഒരാള്‍ക്ക് കാലം കഴിഞ്ഞിട്ടും ഇപ്പോഴെന്താ പ്രസക്തി? അയ്യപ്പന്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ, എന്റെ ഗ്രാമത്തിന്റെ ഒരു കോണില്‍ ഇപ്പോഴും കഴിഞ്ഞുകൂടുന്നു. ജന്മനാട്ടില്‍ അപൂര്‍വ്വം പോവുമ്പോള്‍, ഞാനവനെ കാണും. ചെറിയ ചെറിയ കാര്യങ്ങള്‍ പറയും. പഴയ സ്‌നേഹം അവന്റെ കണ്ണുകളില്‍ ഞാനിന്നും കാണുന്നു. പഠിക്കാനായി ഗ്രാമം വിട്ട, എന്റെ മനസ്സില്‍ പഴയ അയ്യപ്പന്‍ ഇല്ലായിരുന്നു. എന്റെ പഠിത്തം എനിക്കു തന്ന സ്വാര്‍ത്ഥതയായിരുന്നു അതിനു കാരണം. എന്നാലും പഴയതോര്‍ക്കുമ്പോള്‍ ഒരുതരം അസ്വാസ്ഥ്യവും. അങ്ങനെ ഓര്‍ത്ത് ഓര്‍ത്ത് ഞാനൊരു പഴയ ജീവിതസന്ദര്‍ഭത്തിലെത്തി. ഒരു ദിവസം, കോളേജദ്ധ്യാപകരായ എന്റെ സുഹൃത്തുക്കള്‍ എന്റെ നാട്ടില്‍ വന്നു. പതിവുപോലെ ശ്രദ്ധയാകര്‍ഷിക്കാനായി ഇളനീര്‍ വെട്ടി, ചുറ്റിപ്പറ്റി അവന്‍ നിന്നു. ഗ്രാമത്തിന്റെ ലാളിത്യം 'ചൂഷണം' ചെയ്ത്, ഞങ്ങള്‍ ചില 'വലിയ' കാര്യങ്ങളാണ് സംസാരിച്ചത്. ഗമയ്ക്കുവേണ്ടി മേമ്പൊടിക്ക് ഇംഗ്ലീഷും. ദുഃഖവും കൗതുകവും കലര്‍ന്ന മുഖവുമായി അയ്യപ്പന്‍ മാറിനിന്നു. അന്നവനോട് തോന്നാതിരുന്ന സാത്മ്യബോധത്തിലും അലിവിലും ഞാനിന്നും ആത്മനിന്ദയറിയുന്നു. അവന്റെ അടുത്ത് വലിയവനാവാന്‍ ഞാനെന്തിനു ശ്രമിച്ചു.

നവമി ക്ലീൻ
നവമി ക്ലീൻ

'കഥകള്‍ നിറഞ്ഞ മാസ'ങ്ങള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും വീട്ടിലെത്തിയപ്പോള്‍ അവന്‍ ചോദിച്ചു: ''നിങ്ങളൊക്കെ പറയുന്നത് എനിക്കെപ്പഴാ മനസ്സിലാവാ.'' അയ്യപ്പന്റെ ചോദ്യം എന്നെ തരിപ്പണമാക്കി. എത്ര അകം ചുട്ടിട്ടാണ് അവനാ ചോദ്യം ചോദിച്ചത്. അയ്യപ്പനിലേക്ക് വീണ്ടും എന്നെ എത്തിച്ചത് ആ ചോദ്യമായിരുന്നു. അതിന്റെ ഊക്ക് മറ്റെവിടെയൊക്കെയോ ചെന്നു തറയ്ക്കുന്നത് ഞാനറിയുന്നു. ലോകത്ത് പലരും ഉത്തരം അന്വേഷിച്ച് ഒരുപാട് പഠനപ്രാരബ്ധങ്ങളിലെത്തിയ ഈ ഗ്രാമ്യമായ ചോദ്യം എന്റെയും ഭാവി അന്വേഷണ വ്യസനങ്ങളായി മാറി. വാസ്തവത്തില്‍, ആ പഠനങ്ങളില്‍ ഞാന്‍ അയ്യപ്പന്റെ ചോദ്യം കണ്ടെ ത്തുകയായിരുന്നു. ഞാനൊരുപാട് സൈദ്ധാന്തിക, ദാര്‍ശനിക പ്രാരബ്ധങ്ങളിലെത്തി. ഗാന്ധിജിയും റൗള്‍സും ഹേബര്‍മാഡും അമര്‍ത്ത്യസെന്നും ഒക്കെ കടന്നുവന്ന് അന്വേഷണം കലുഷമാക്കി. ഓരോ ഘട്ടത്തിലും അയ്യപ്പന്‍ കടന്നുവന്നുകൊണ്ടേയിരുന്നു. സൈദ്ധാന്തികമായി, ഒരു സമാധാന ഉടമ്പടി അനുവദിക്കുന്നതുമായിരുന്നില്ല അവന്റെ ജന്മത്തിന്റെ ദയനീയതയില്‍നിന്നുയര്‍ന്ന ചോദ്യം. 

പ്രശ്‌നതലങ്ങള്‍ പലതാണ് ചോദ്യങ്ങളും. അവനുകൂടി അറിയുന്നത് പറയാന്‍ പറ്റാത്തതെന്തുകൊണ്ടാണ്? നവമി ക്ലീനിന്റെ ഭാഷയില്‍ അവനറിയരുതെന്ന വാശിപിടിക്കുന്നതും, അവനെ 'വേലിക്കുപുറത്ത്' നിര്‍ത്തുന്നതുമാണോ? കുറേ പേരെ അജ്ഞതയില്‍ നിര്‍ത്തുന്നതാണോ അറിവിന്റെ ശക്തി? അയ്യപ്പനോളമെത്താന്‍ എന്നാണ് പഠിച്ചവര്‍ക്കാവുക. അങ്ങനെ ആവലാണല്ലോ പറയലിന്റെ സത്യം. ജനങ്ങളെ അജ്ഞതയില്‍ തളച്ചിടുന്ന നേതാക്കള്‍, കുട്ടികള്‍ക്കറിയാത്തതു പറഞ്ഞ് മേനി നടിക്കുന്ന അദ്ധ്യാപകര്‍, ഇവരൊക്കെ വിജ്ഞാനത്തിന്റെ കരിഞ്ചന്തക്കാരാണ്. അയ്യപ്പനെ ഒരു സാമാന്യ മനുഷ്യന്റെ ചിഹ്നമായെടുത്താല്‍, അവന്റെ അറിയാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. അതുകൊണ്ടാണ് പഠനങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും കുമിഞ്ഞുകൂടുമ്പോഴും ഇതിലേയ്‌ക്കൊന്നും പകര്‍പ്പു ലഭിക്കാത്തവരുടെ എണ്ണം പെരുകിവരുന്നത്. മറ്റൊരുത്തന്റെ ജീവിതം സാര്‍ത്ഥകമാക്കാനാവണം നമ്മുടെ അറിവെന്ന് അമര്‍ത്ത്യസെന്‍ പറയുന്നു. 

അയ്യപ്പന്‍ ഇതൊന്നുമറിയാതെ ചോദിച്ച ഒരു ചോദ്യമായിരുന്നു അത്. പക്ഷേ, അതില്‍നിന്ന് അപാരമായൊരു 'ടെയ്ക് ഓഫി'ലെത്താന്‍ അല്പം മനുഷ്യപക്ഷ മനസ്സുണ്ടായാല്‍ മതി. ഗ്രാമ്യമായ ആ ചോദ്യം നമ്മെ പല പല സിദ്ധാന്തങ്ങളിലെത്തിക്കുന്നത് ഒഴിവാക്കാനാവാത്ത ധാര്‍മ്മിക പ്രാരബ്ധമായി സ്വീകരിക്കാം. ഈ ചോദ്യത്തിന്റെ ആദ്യ ആഘാതങ്ങള്‍ കുറേയൊക്കെ മറന്നശേഷം എന്റെ പഠനങ്ങള്‍ ധനശാസ്ത്രത്തിന്റേയും ദര്‍ശനങ്ങളുടേയും പ്രതലങ്ങളിലൂടെ മുന്നേറിയപ്പോള്‍ അതേ ചോദ്യം വീണ്ടും ഉയര്‍ന്നുവന്നു. നിശിത ധനശാസ്ത്ര-സാമൂഹിക വിശകലനങ്ങളില്‍ ഗാന്ധിജിയും സെന്നും മാര്‍ക്സുമൊക്കെ പഠനവിധേയമായപ്പോള്‍ അയ്യപ്പന്റെ ചോദ്യത്തിന്റെ വ്യാകരണം കൂടുതല്‍ ലളിതമാവാന്‍ തുടങ്ങി. അയാളെ അറിയാത്ത ഇവരില്‍ പലരും, ഇങ്ങനെയൊരു ചോദ്യം എന്നോ പ്രതീക്ഷിച്ചിരുന്നതായും അതിനൊരു സാധ്യമായ ഉത്തരത്തിനായി വ്യാഖ്യാനങ്ങള്‍ തീര്‍ക്കുന്നതായും തോന്നി. അവയൊക്കെ ഇവിടെ പരാമര്‍ശിക്കുക അസാധ്യമാണ്. പക്ഷേ, കുറേ പേരുടെ 'പുറംതള്ളല്‍' എന്തുകൊണ്ട് എന്നതിലേയ്ക്കാണ് ഇതൊക്കെ നീണ്ടുനില്‍ക്കുന്നത്. 

അമർത്യസെൻ
അമർത്യസെൻ

അറിവും ജനാധിപത്യത്തിന്റെ ആഴക്കുറവും

കുറേ പേരുടെ 'പിന്തള്ളല്‍' സംഭവിക്കുന്നത് ദാരിദ്ര്യംകൊണ്ടു മാത്രമല്ല. ധനശാസ്ത്രത്തിന്റെ കണിശസൂചികകളില്‍, ചില അത്യാവശ്യങ്ങള്‍ നിറവേറ്റാനോ കുറച്ച് കലോറികള്‍ ചെലുത്താനോ പറ്റുന്നവന്‍ ദരിദ്രനല്ല. എന്നാല്‍, സമൂഹത്തിന്റെ മൊത്തം പ്രഗതിയില്‍ അവരുണ്ടാവാത്തത് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതുകൊണ്ടാണ്. ഇതേക്കുറിച്ച് അമര്‍ത്ത്യസെന്‍ വിശദമായി പറയുന്നുണ്ട്. സ്ഥാപനങ്ങളും വിഭവങ്ങളും നിയമങ്ങളും ചുറ്റും ഉണ്ടായാലും വലിയൊരു ഭൂരിപക്ഷത്തിന് അതിലെത്താനുള്ള പ്രാപ്തി നേടാനാവുന്നില്ല. വിഭവങ്ങളും അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവണം. അതിനുള്ള അവസരങ്ങള്‍ നിലവിലുള്ള സംവിധാനം നിഷേധിക്കുന്നു. അതേക്കുറിച്ച് ബോധമുണ്ടാവണമെങ്കില്‍ അതിനുതകുന്ന വിദ്യാഭ്യാസം വേണം. വന്‍ ഭൂരിപക്ഷത്തിന് വിദ്യാഭ്യാസം നിഷേധിക്കുമ്പോള്‍ അവരെ സമൂഹം നിസ്സഹായതയില്‍ ഒതുക്കുന്നു. സെന്നിന്റെ ഈ വ്യാഖ്യാനത്തില്‍ അയ്യപ്പനുമുണ്ട ്. ജനാധിപത്യത്തിന്റെ 'ആഴക്കുറവാണ്' ഇതിനു കാരണം.
 
പ്രാപ്തി (ക്യാപബിലിറ്റി) സ്വാതന്ത്ര്യം, അവസരം തുടങ്ങിയ സുപ്രധാന സംജ്ഞകള്‍വെച്ചുകൊണ്ട് സെന്നും മറ്റു പലരും നടത്തിയ വിശകലനങ്ങള്‍, വികസനത്തിന്റെ പ്രശ്‌നങ്ങളെ നീതിയുടെ പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്നവയാണ്. സാമാന്യ മനുഷ്യന്റെ നിസ്സഹായതയുടെ വേരുകള്‍, ഇവിടെയൊക്കെയാണ് എത്തുന്നത്. റൗള്‍സ് ഈ ദിശയില്‍ വിശദമായൊരു പഠനം നടത്തിയിട്ടുണ്ട്: അയ്യപ്പന്റെ ജീവിതകാലത്തുതന്നെ അവനു ചുറ്റും ഒരുപാട് 'വികസന'മെന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊന്നും അവന്റെ പ്രാപ്തി വര്‍ദ്ധിപ്പിച്ചിട്ടില്ല. അതായത് അവന്‍ തിരസ്‌കൃതനാവുകയായിരുന്നു. ഈ തിരസ്‌കാരത്തിന്റെ ബഹുതലങ്ങളാണ് റൗള്‍സ് തന്റെ, 'തിയറി ഓഫ് ജസ്റ്റിസ്' എന്ന കൃതിയില്‍ വിപുലീകരിക്കുന്നത്. അസമത്വത്തിന്റെ പ്രശ്‌നങ്ങള്‍, നീതിയുടെ പ്രശ്‌നമായി കാണണമെന്ന് റൗള്‍സും ഹേബര്‍മാസും ജോഷ്വാകോഹനും സെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. ജന്മത്തിന്റെ അപര്യാപ്തതകൊണ്ടും വിതരണത്തിന്റെ അസമത്വംകൊണ്ടും പ്രകൃത്യാതന്നെ 'പ്രാപ്തി' നിഷേധിക്കപ്പെട്ടവരാണ് അയ്യപ്പന്മാര്‍. അവസരങ്ങള്‍ അവരിലേയ്‌ക്കോ, അവര്‍ അവസരങ്ങളിലേയ്‌ക്കോ എത്തിപ്പെടുന്നുമില്ല. 

ഒരു ജീവിതം എങ്ങനെ പോവുന്നു എന്നതാണ് നീതിയുടെ തെളിവ് എന്ന് സെന്‍ 'ഐഡിയ ഓഫ് ജസ്റ്റിസി'ല്‍ പറയുന്നുണ്ട്. ഇത് വളരെ പ്രധാനമായൊരു നിരീക്ഷണമാണ്. ജീവിതം എങ്ങനെയും നന്നായി പോവുന്നില്ലെന്നു തോന്നുന്ന അയ്യപ്പന്‍. തനിക്കൊപ്പമുള്ളവര്‍ക്കൊപ്പം പഠിച്ചെത്താന്‍ ആവശ്യമായ സാഹചര്യങ്ങളില്‍ എത്തില്ലെന്ന നൈരാശ്യത്തില്‍ ജീവനൊടുക്കിയ ദേവിക എന്ന പെണ്‍കുട്ടിയുണ്ട്. നീതിയുടെ രാഷ്ട്രീയ സങ്കല്പത്തിന്റെ വ്യാപനക്കുറവാണ് ഇതിനു കാരണം. ഒരു ചെറിയ കാര്യത്തില്‍നിന്ന്, റൗള്‍സിനേയും സെന്നിനേയുമൊക്കെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതില്‍ ക്ഷമിക്കണം. മേനിനടിക്കാനല്ല. അടിസ്ഥാന പ്രശ്‌നത്തിന്റെ സ്വരൂപമറിഞ്ഞാലല്ലേ, ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനാവൂ. ഏതൊരു സാധാരണക്കാരന്റേയും ഉള്ളറിഞ്ഞ ചോദ്യത്തിലും അന്വേഷണത്തിന്റെ നൂലാമാലകളുണ്ടാവും. അതിന്റെ പ്രഗതിയില്‍ എത്തിച്ചേരേണ്ടത് ഒരു വ്യവസ്ഥയുടെ സമത്വാധിഷ്ഠിത സംവിധാനത്തിലുമാണ്. എല്ലാവരേയും അവസരങ്ങളിലേയ്‌ക്കെത്തിക്കണം. ഇതാണ് പൊരുള്‍. സെന്നും ജോണ്‍ റൗള്‍സും ഈ സിദ്ധാന്ത വ്യാകരണം തരുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഗാന്ധിജി അതു പറഞ്ഞിരുന്നു. അവസാനത്തെ വ്യക്തിക്ക് എന്തു ഗുണം ചെയ്യുമെന്നു നോക്കിവേണം ഭരണനിര്‍വ്വഹണമെന്ന് നെഹ്‌റുവിനോട് പറഞ്ഞതിന്റെ ബാക്കി ഭാഗമാണ് ഇവരുടേതൊക്കെ. 

മ​ഹാത്മാ​ഗാന്ധി
മ​ഹാത്മാ​ഗാന്ധി

മനുഷ്യന്റെ സ്വാതന്ത്ര്യമാണ് വികസനം എന്ന വിശകലനത്തിലാണ് സെന്‍ എത്തുന്നത്. വികസനമുണ്ടാവുമ്പോള്‍ സ്വാതന്ത്ര്യവും സാകല്യമായ ഉള്‍ച്ചേരലുമുണ്ടാവുമോ? ഉണ്ടാവില്ല. ഒരു ചെറിയ ഉദാഹരണമാണ്, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ പഠനം. മുപ്പത് ശതമാനത്തിലധികം പേര്‍ക്കും അതില്‍ പങ്കാളിത്തം കിട്ടാതെ പോകുന്നു എന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. അവരുടെ പ്രശ്‌നം പഠനമുടക്കം മാത്രമല്ല, മറ്റുള്ളവരുടെ സൗകര്യങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവല്ലോ എന്ന ദുഃഖവും കൂടിയാണ്. ദാരിദ്ര്യമെന്നാല്‍ മൂല്യവത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലായ്മയാണ്. വിശപ്പ് മാത്രമല്ല പ്രശ്‌നം. ഏറ്റവും രൂക്ഷമായ അസ്വാതന്ത്ര്യമാണ് വിശപ്പെങ്കിലും ചുറ്റുമുള്ള അവസരങ്ങള്‍ ഉപയോഗിച്ച് ജീവിതം നന്നാക്കാനുള്ള 'പ്രാപ്തി' നിരാസമാണ് അസ്വാതന്ത്ര്യത്തിന്റെ സ്വഭാവം. തെരഞ്ഞെടുക്കാന്‍ ചുറ്റും പലതുമുണ്ടെങ്കിലും അതിനുള്ള പ്രാപ്തി ഇല്ലെങ്കില്‍ പിന്നെന്ത് വികസനവും സൗകര്യങ്ങളും. 

ഒരു സ്‌കൂളിന്റെ തൊട്ടടുത്തായിരുന്നു അയ്യപ്പന്‍ താമസിച്ചിരുന്നത്. പക്ഷേ, സ്‌കൂള്‍ അയാളുടെ പരിധിയിലേ ഇല്ലായിരുന്നു. മറ്റൊരു നഗരത്തില്‍ ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് കുറേ കുടുംബങ്ങളുണ്ടായിരുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കാനാവുന്ന സ്ഥാപനങ്ങള്‍ നടത്തദൂരത്തിനകത്തുണ്ടായിരുന്നു. എന്നിട്ടും തൊണ്ണൂറ് ശതമാനം മുതിര്‍ന്നവരും കുട്ടികളും പഠിക്കാന്‍ ശ്രമിച്ചില്ല. അവസരമുണ്ടായിട്ടും പ്രാപ്തിക്കുറവായിരുന്നു കാരണം. സ്വാതന്ത്ര്യത്തിന്റേയും വികസനത്തിന്റേയും പ്രധാന 'ഇന്‍പുട്ട്' വിദ്യാഭ്യാസമാണെന്ന സെന്‍ കാഴ്ചപ്പാട് ശ്രദ്ധേയമാണ്.
 
സമൂഹത്തിലെ സ്വന്തം അസ്തിത്വം ഗുണപരമായി പുനര്‍സംരചിക്കാനാണ് പഠിത്തം. അവസരങ്ങളിലെത്താനുള്ള വഴിയാണ് അറിവ്. അവസരങ്ങളിലെത്താനുള്ള അറിവില്ലാത്തവന് എന്തു സ്വാതന്ത്ര്യം? നാലുപാടും വികസനമെന്ന പേരില്‍ ഒരുപാട് സംഭവിക്കുമെങ്കിലും അതില്‍ ഉള്‍ച്ചേരാനുള്ള പ്രാപ്തിയില്ലാത്തവന് വികസനം സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നില്ല. 

അയ്യപ്പനില്‍നിന്ന് നാം ഒരുപാട് ദൂരമെത്തിക്കഴിഞ്ഞു. അയ്യപ്പനില്‍നിന്നു മാത്രമല്ല, അതുപോലുള്ള എല്ലാവരില്‍നിന്നും നമ്മള്‍ ദൂരെയാണ്. നവമി ക്ലീന്‍ തന്റെ 'Fences and Windows' എന്ന പുസ്തകത്തില്‍ എഴുതിയപോലെ, 'വേലി'ക്കപ്പുറത്തുള്ളവരുടെ എണ്ണം പെരുകുകയാണ്. അവര്‍ക്ക് ഒന്നിനും സ്വാതന്ത്ര്യമില്ല. നാം ചെയ്യുന്ന കാര്യത്തില്‍, നമുക്കുള്ള അധികാരമാണ് സ്വാതന്ത്ര്യം. അവസരം നിഷേധിക്കപ്പെടുന്നവന്‍ ഒരു പ്രത്യേക തരത്തില്‍ കഴിഞ്ഞുകൂടുന്നത്? അവനത് ഇഷ്ടമായതുകൊണ്ടല്ല; പക്ഷേ, നിവൃത്തികേട് കൊണ്ടാണ്. പണമില്ലാത്തതുകൊണ്ട്പട്ടിണിയായി വിശക്കുന്നവനും ഉപവാസംകൊണ്ട് ഭക്ഷണം കഴിക്കാത്ത വ്യക്തിയും ജീവിതത്തിന്റെ രണ്ട് തലങ്ങളിലാണ്. രണ്ടാമത്തെ വ്യക്തിയുടെ വിശപ്പ് സ്വയം നിര്‍ണ്ണയത്തിന്റേതാണ്. അതയാളുടെ സ്വാതന്ത്ര്യമാണ്. 

ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റു

ഞങ്ങള്‍ക്കൊന്നും ക്ലാസ്സുമുറികളുടെ തടവിലിരിക്കുന്നത് സുഖകരമായിരുന്നില്ല. അപ്പോഴൊക്കെ പാടത്തും പറമ്പിലും കൂട്ടംകൂടി കളിച്ചുനടക്കുന്ന അയ്യപ്പന്‍ എന്റെ അസൂയയായിരുന്നു. അയാളുടെ അന്നത്തെ സ്വാതന്ത്ര്യം വെറും ഗതികേടായിരുന്നു എന്ന് ഞാനിപ്പോള്‍ അറിയുന്നു. ആഗ്രഹത്തിന് പ്രാപ്തിയുടെ പിന്‍ബലം വേണം.

അയ്യപ്പനെ നിമിത്തമാക്കി എഴുതിയ ഇതൊന്നും അവനോളമെത്തില്ല. പക്ഷേ, അവന്റെ നിര്‍മ്മമമായ അജ്ഞതയുടെ നൈര്‍മല്യത്തില്‍ അവന് സ്വാസ്ഥ്യമുണ്ട്. പ്രാപ്തി, എത്തിപ്പിടിക്കല്‍, സ്വാധികാരം തുടങ്ങിയവയുടെ സൈദ്ധാന്തിക ഭാരം അവനെ അസ്വസ്ഥനാക്കുന്നില്ല. നിര്‍ബാധമായ ദിനസരിയാണ് അവന്റെ സ്വാതന്ത്ര്യം. ഏറ്റവും താഴ്ത്തലക്കാരനെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ അറിവിന്റെ പ്രയോഗത്തിലെത്താന്‍, സാധിക്കാത്തതുകൊണ്ടാണ് നേരത്തെ പറഞ്ഞ സംഭവത്തില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റിയത്. അടിത്തട്ടിലെ ആള്‍വരെ എത്തലാണ് അറിവിന്റെ ആഴം. 

എനിക്കറിയാം, അയാളെ നിമിത്തമാക്കിയ എന്റെ ചിന്തകളും എഴുത്തും അയാള്‍ക്ക് അപ്രസക്തമാണ്. എന്നിട്ടും ഞാന്‍ എവിടെയെല്ലാം എത്തി. എന്നിട്ടോ? എന്നിട്ടും അയാളുടെ ചോദ്യത്തിന്റെ ഉത്തരമെവിടെ? അവന്റെ അവസ്ഥയ്ക്കു പരിഹാരമെവിടെ? എന്റെ ഗ്രാമത്തിലെ കുന്നിന്‍മുകളിലുള്ള ഒരു ചെറിയ പുരയുടെ സ്വാസ്ഥ്യത്തില്‍ അവന്‍ കഴിയുന്നു. അവന്‍ അന്നത്തെ ചോദ്യമേ മറന്നുകഴിഞ്ഞു. അതിന്റെ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും മതി അവന്. തോറ്റത് ഞാനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com